Friday, August 9, 2024

ചില ഓർമ്മപെടുത്തലുകൾ

 



നമ്മളുടെ മനസ്സിലെ ദുരാ"ചാരങ്ങൾ" അഴുകിയ ചിന്തകള് മാറ്റുവാൻ സമയമായി.. വീണ്ടു വിചാരം ഇല്ലാത്ത പ്രസ്താവനകൾ ,രാഷ്ട്രീയ പകപോക്കൽ എന്നിവയൊക്കെയാണ് ദുരന്ത മുഖങ്ങളിൽ നിന്ന് പോലും പലരിൽ നിന്നും  ഉണ്ടാകുന്നത്. അത് കൊണ്ട് തന്നെ ചില "പ്രഷറു"കളുടെ അടിസ്ഥാനത്തിൽ വി.വി.ഐ. പി കൾക്കു "ആവശ്യമില്ല"  എങ്കിൽ പോലും അവിടെ എത്തേണ്ട അവസ്ഥ ഉണ്ടാക്കുന്നു.



ലോകത്ത് എവിടെ നോക്കിയാലും ദുരന്തമുഖത്ത് ഓടിയെത്തുന്നത് ,എത്തേണ്ടത് കർമസേനകളും ,റെസ്ക്യൂ സംഘങ്ങളും,മെഡിക്കൽ വിഭാഗങ്ങളും അതുപോലെ ഇത്തരം കാര്യങ്ങളിൽ കൃത്യമായി ഇടപെടല് നടത്തുവാൻ പറ്റുന്ന ഈ വിഷയത്തിൽ പ്രഗൽഭരായ ആൾക്കാരും  മാത്രം ആയിരിക്കണം. "വെറും" രാഷ്ട്രീയക്കാർക്ക് അവിടെ ഒരു റോളും ഇല്ല. പക്ഷേ സന്നദ്ധ സംഘടനകൾക്ക് ഉണ്ട് താനും. പല രാഷ്ട്രീയ സംഘടനകളും അവിടെ ചെയ്തത് നമ്മൾ കൈ കൂപ്പി തൊഴേണ്ട കാര്യങ്ങൾ തന്നെയാണ്.



അവിടെ എത്തേണ്ടത് പ്രധാനമന്ത്രിയോ ,പ്രതിപക്ഷ നേതാവ്,മുഖ്യമന്ത്രി, എംപി,മന്ത്രിമാർ ,എം.എൽ. എ എന്നിവരല്ല. ഇവർ വന്നത് കൊണ്ട്  ഇപ്പൊൾ വലിയ കാര്യങ്ങളൊന്നും ഇല്ല.പക്ഷേ ഇവരുടെ ഒക്കെ ആവശ്യം ഉണ്ടു കാര്യങ്ങളിൽ ഏകോപനം നടത്തുവാൻ ,ഉദ്യോഗസ്ഥരെ വിന്യസിക്കുവാൻ ,അവർക്ക് നിർദേശങ്ങൾ നൽകുവാൻ... അതൊക്കെ ഓഫീസിൽ ഇരുന്നു ചെയ്യേണ്ട പ്രവർത്തികൾ മാത്രമാണ്.ദുരന്ത മുഖങ്ങളിൽ ഇവർ നേരിട്ട് എത്തുമ്പോൾ അവിടുത്തെ കാര്യങ്ങളിൽ താളം തെറ്റുന്ന അവസ്ഥ ഉണ്ടാകും.




പക്ഷേ ദുരന്തം വന്നാൽ സ്ഥലം എം പി എവിടെ, എംഎൽഎ എവിടെ മുഖ്യമന്ത്രി എവിടെ എന്നൊക്കെയുള്ള ചോദ്യങ്ങളും വിലയിരുത്തലുകളും ഇവരെയൊക്കെ അവിടെ എത്തുവാൻ നിർബന്ധിതരാക്കുന്നൂ. അല്ലെങ്കിൽ രാഷ്ട്രീയ എതിരാളികൾ ഇത് മുതലെടുക്കുന്ന അവസ്ഥ ഉണ്ടാകും.




പത്ത് പതിനൊന്ന് ദിവസം തിരച്ചിൽ നടത്തി കൊണ്ടിരിക്കുന്ന പ്രദേശം ഇന്ന് പതിനൊന്ന് മണിക്ക് ശേഷം പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നിർത്തി വെക്കേണ്ട അവസ്ഥ ഉണ്ടായിരിക്കുക യാണ്. അതായത് ഏകദേശം രണ്ടു ദിവസം തിരച്ചിൽ നിർത്തി വെക്കുന്നു.മരിച്ചു പോയി എന്ന് ഉറപ്പു ആണെങ്കിൽ പോലും നേരിയ പ്രതീക്ഷയോടെ ഉറ്റവരെ നോക്കിയിരിക്കുന്ന ബന്ധുക്കൾക്ക് ഇത് മനപ്രയാസം ഉണ്ടാക്കും.




മുൻപ് വി ഐ പി കൾ വന്നപ്പോഴും സുരക്ഷയുടെ ,മറ്റു കാരണങ്ങൾ കൊണ്ട് ഇതേ പോലത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം..നേതാക്കളും മറ്റും വരുമ്പോൾ അവർക്ക് വേണ്ടി കുറെ വിലയേറിയ സമയങ്ങൾക്കു നഷ്ട്ടം വന്നേക്കും. "അണികൾക്ക്" ആവേശം ഉണ്ടാകും എന്നത് ശരിയാണ് എങ്കിൽ പോലും ഇതുപോലത്തെ അവസ്ഥയിൽ അവിടുത്തെ പ്രവർത്തികളിൽ തടസ്സവും ബുദ്ധിമുട്ടും ഉണ്ടാവരുത്.




ദുരിതാശ്വാസ ക്യാമ്പുകളിൽ നീറി കഴിയുന്ന ആയിരങ്ങൾ ഉണ്ടാകും..അവരെ മാത്രം കാണുവാനും ആശ്വസിപ്പിക്കാനും ഇത്തരക്കാർ ശ്രമിക്കുന്നതാണ് നല്ലത്.അതവിടെ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ ഉള്ളവർക്ക് വലിയ പ്രതീക്ഷ നൽകും..അവരോട് ഭാവിയിലേക്ക് അവർക്ക് ചെയ്യാൻ പറ്റുന്നതിനെ കുറിച്ച് സംസാരിക്കുക.ദുരന്ത മുഖങ്ങളിൽ ഉള്ള  രക്ഷാപ്രവർത്തനങ്ങൾ,തിരച്ചിലുകൾ അതിൽ എക്സ്പീരിയൻസ് ഉളളവർ മാത്രം ചെയ്യട്ടെ..



ഇനിയെങ്കിലും നമ്മൾ "രാഷ്ട്രീയ" പ്രതികരണങ്ങൾ നടത്തി  എല്ലാവരെയും വിളിച്ചു കയറ്റി ബുദ്ധിമുട്ടുകൾ സൃഷ്ട്ടിക്കാതെ ബുദ്ധിപൂർവം ഉള്ള പ്രവർത്തികളിലും  പ്രതികരണങ്ങളും  ഏർപ്പെടുക.




#യൂസഫലി അഞ്ചു കോടി,രവിപിള്ള അഞ്ചു കോടി, ലാൽ മൂന്നു കോടി,മമ്മൂട്ടി ഇരുപത്തി അഞ്ചു ലക്ഷം ,ദുൽഖർ പത്ത് ലക്ഷം എന്നൊക്കെ കണ്ട് നമ്മൾ കൊടുക്കുവാൻ നിശ്ചയിച്ച നൂറു രൂപ ചെറുതല്ലെ എന്ന് വിചാരിച്ചു ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാതിരിക്കരുത്...നിങൾ കൊടുക്കുന്ന ഒരു രൂപക്ക് പോലും ഇതേ മൂല്യമുണ്ട് എന്നു മനസ്സിലാക്കുക.


പ്ര.മോ.ദി.സം

No comments:

Post a Comment