Saturday, May 17, 2014

നിമിത്തങ്ങള്‍

"റിജു ഒന്നും പറഞ്ഞില്ല ...ഞാൻ എന്ത് ചെയ്യണം ?"

"ഞാനിപ്പോൾ  എന്താണ് പറയുക ...അങ്ങിനെ ഒരു നിമിഷത്തിൽ അരുതാത്തത് സംഭവിച്ചു പോയി ..അത്  നമ്മൾ തിരുത്തണം ...എങ്ങിനെ  ..?"

"എങ്ങിനെ ?.അതാണ്‌ ഞാനും ചോദിക്കുന്നത് ..സംഭവിച്ചതല്ല ..സംഭവിപ്പിച്ചതാണ് ..ഞാൻ എത്ര പ്രാവശ്യം എതിർത്തതാ ..എന്നിട്ടും ബലമായി .... " അവളുടെ ഒച്ച ഉയർന്നു .ചുറ്റിലുമുള്ള ആളുകൾ ശ്രദ്ധിക്കുവാൻ തുടങ്ങി .അത് മനസ്സിലാക്കിയ റിജു വല്ലാതായി .

"പ്ളീസ് ...ഒച്ച വെച്ച് സീന്‍ ഉണ്ടാക്കരുത്  ..നമുക്ക് ആലോചിച്ചു വേണ്ടത് ചെയ്യാം .."

"അധികം ആലോചിക്കുവാന്‍ ഒന്നുമില്ല .സമയം പോകുംതോറും അപമാനിതനാകുന്നതു ഞാനും കുടുംബവുമാണ് .. എനിക്ക്  ഇപ്പോള്‍ തന്നെ കുറെ കല്യാണ ആലോചനകൾ  വരുന്നുണ്ട് .അവർ എനിക്ക് പറ്റുന്നത് ഏതെങ്കിലും ഒന്ന് നിശ്ചയിക്കും .നീ  ഉപേക്ഷിക്കുകയാണെങ്കില്‍ കൂടി ആരെയെങ്കിലും കല്യാണം കഴിച്ചു   വഞ്ചിക്കുവാൻ  വയ്യ.ജീവിതകാലം മുഴുവൻ  മനസ്സ്  നീറി നീറി ......ഹോ  ആലോചിക്കുവാനെ വയ്യ .സമയം ഇനി അധികം ഇല്ല .റിജു എന്നെ എത്രയും പെട്ടെന്ന്  വിവാഹം ചെയ്യുക അതെ ഉള്ളൂ ഇതിനു ഒരു ശരിയായ പ്രതിവിധി.റിജുവിനു നല്ല ജോലി ഉണ്ട് ..ഒരു പെണ്ണിനെ പോറ്റുവാനുള്ള ചുറ്റുപാടുമുണ്ട് ..നീ പറഞ്ഞത്  പോലെയാണെങ്കിൽ നിങ്ങളുടെ കുടുംബത്തിനോപ്പമോ അതിലും കൂടുതലോ പ്രൌഡിയും  മറ്റും എന്റെ  കുടുംബത്തിനുമുണ്ട് .പിന്നെ ചേട്ടന് പെണ്ണ് നോക്കുന്നുണ്ട് എന്നല്ലേ പറഞ്ഞത് ..രണ്ടും ഒന്നിച്ചു നടത്താം ..ഞാന്‍ ഗര്‍ഭിണി ആണെന്നുള്ള കാര്യം ആരെയും അറിയിക്കണ്ടാ "

"ഒക്കെ ശരി തന്നെ .പക്ഷെ ഈ കാര്യം അറിയിക്കാതെ ഇപ്പോള്‍ എനിക്ക് കല്യാണം അവര്‍ നടത്തി  തരില്ല .അങ്ങോട്ട്‌  ആവശ്യപെടാന്‍ അത്ര പ്രായവും ആയിട്ടില്ലല്ലോ ?.കല്യാണം നടക്കണമെങ്കിൽ  ഈ കാര്യം അറിയിക്കണം .അത്  വീട്ടിൽ അവതരിപ്പിക്കുകയാണ്  എന്റെ പ്രശ്നം .എങ്ങിനെ ?ഇതൊന്നും നമ്മള്‍ മാത്രം ആലോചിക്കേണ്ട കാര്യമല്ല .തന്റെ മകൻ ഇത്തരമൊരു കാര്യം ചെയ്തത് അവർ അറിഞ്ഞാൽ എന്താണ് ഉണ്ടാവുക എന്ന് എനിക്ക് ഊഹിക്കാൻ കൂടി വയ്യ .അഭിമാനിയായ അച്ഛൻ ...എപ്പോഴും പിന്തുണയ്ക്കുന്ന അമ്മ.എതിര്‍ക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല  എങ്കിലും അഭിമാനവും അപമാനവും  പറഞ്ഞു അവർ എതിർക്കും ..ചേട്ടൻ തന്നെ പലപ്പോഴും ഇതിലും ചെറിയ പല ഗുലുമാലുകലും ഒപ്പിച്ചപ്പോൾ വീട്ടിൽ  നിന്ന് പുറത്താക്കുക പോലുമുണ്ടായിട്ടുണ്ട് .അപ്പോൾ .ഇത് ?...എനിക്ക്  ഒന്ന് ആലോചിക്കണം .  ഞാൻ നാളെ ഇതിനൊരു നല്ല തീരുമാനം പറയാം "
" നല്ല  തീരുമാനം  ആയിരിക്കണം "
കലങ്ങിയ മനസ്സുമായി ശ്വേത വീട്ടിലേക്കുപോയി .ഇന്ന് ഒരു രാത്രി മാത്രം ..ഇന്ന് അവൻ ഇതിനു ശരിയായ പോംവഴി കണ്ടെത്തും.അബോർഷൻ  അനുവദിക്കില്ല എന്ന് കട്ടായം പറഞ്ഞതിനാൽ അതൊഴിവാക്കിയുള്ള ഒരേ ഒരു വഴി കല്യാണം മാത്രം. .അതെ ഉള്ളൂ ഒരേ ഒരു മാർഗം .അത് അവൻ നിരസിച്ചാൽ പിന്നെ മുന്നിൽ  ഒരു വഴി മാത്രം ...അതുണ്ടായാൽ അപമാനിക്കപെടുന്ന തന്റെ കുടുംബത്തെയോർത്തു  അവളുടെ ഉള്ളം നടുങ്ങി.


അടുത്ത ദിവസം പ്രതീക്ഷയോടെ റിജുവിനെ തിരക്കി ചെന്ന ശ്വേതയെ സ്വീകരിച്ചത് അമ്പരിപ്പിക്കുന്ന  വാർത്തയായിരുന്നു.വീട്ടിൽ  ഒരു കുറിപ്പും എഴുതി വെച്ച്  അവൻ നാട് വിട്ടു എന്ന്.. ഇനി ഒരിക്കലും തന്നെ അന്വേഷിക്കണ്ടാ എന്നും ...എന്ത് ചെയ്യണമെന്നു അറിയാതെ മുന്നിലെ പ്രതീക്ഷയുടെ  വഴികൾ കൊട്ടിയടക്കപെട്ട ശ്വേത ഉറച്ച തീരുമാനത്തോടെ വീട്ടിലേക്കു മടങ്ങി.

വർഷങ്ങൾ കടന്നുപോയത്  വളരെ പെട്ടന്നായിരുന്നു.സന്ധ്യാനാമം ചൊല്ലിയതിനു  ശേഷം കുഞ്ചുമോന്  കഥപറഞ്ഞു കൊടുത്ത് കൊണ്ട് വരാന്തയിലിരിക്കുകയായിരുന്നു  ആ അമ്മ .

"അച്ഛൻ ഇന്ന് വരുമോ അമ്മെ ?'

" ഇന്ന് വരും മോനെ ...ഇപ്പൊ വിളിച്ചിരുന്നു ..ഒരു സസ്പെൻസ്  കൊണ്ടാ വരുന്നത് എന്നും പറഞ്ഞു "

"അതെന്താ അമ്മെ അങ്ങിനെ പറഞ്ഞാൽ ?"

" അത് ..അത് ...നമ്മൾ വിചാരിക്കാത്ത ഒരു  കാര്യം  ഉണ്ടെന്നു ..."

 കുഞ്ചു മോന്  കാര്യം അത്ര പിടി കിട്ടിയില്ലെങ്കിലും  അവൻ പിന്നെ ഒന്നും ചോദിച്ചില്ല .കഥ തുടർന്നതിനാൽ അവൻ അതിൽ ലയിച്ചു.

ഭർത്താവിനൊപ്പം വീട്ടിലേക്കു വന്ന വ്യക്തിയെ കണ്ടു ശ്വേത ഞെട്ടി.അവൾ അത് പുറത്തു കാണിക്കാതെ ഭർത്താവിൽ നിന്നും ബാഗും മറ്റു സാധനങ്ങളും വാങ്ങി കൊണ്ട്  ആശ്ചര്യത്തോടെ അയാളെ നോക്കി.അച്ഛാ എന്ന് വിളിച്ചു ഓടിയടുത്ത  കുഞ്ചുമോൻ അപരിചിതനെ കണ്ടപ്പോൾ അകന്നു നിന്നു.

"മോനിങ്ങു വാ ..പേടിക്കേണ്ട ..ഇത് മോന്റെ  ഇളയച്ചനാ .."

അച്ഛൻ പറഞ്ഞത് കേട്ട് കുഞ്ചുമോൻ  അടുത്തേക്ക്‌ ചെന്നു...പുഞ്ചിരിച്ചു കൊണ്ട് അയാള്‍ നീട്ടിയ ചോക്ലറ്റ്‌ വാങ്ങിച്ചു.

"ശ്വേത ..ഇത് റിജു ..ഞാൻ പറഞ്ഞിട്ടില്ലേ ,ഒരു കാരണവുമില്ലാതെ  പണ്ട് വീട്ടില്‍ നിന്നും ഓടിപോയ എന്റെ അനിയനെ കുറിച്ച് ..അവനാ ഇവൻ ..ങാ  നീ  ഫോട്ടോവിൽ കണ്ടിട്ടുണ്ടല്ലോ ,അല്ലെ ? ആ സമയത്ത്  ഇവനെ എത്ര തിരഞ്ഞു ...നാടായ നാട് മുഴുവനും ..ഒരു തുമ്പും കിട്ടിയില്ല .ഇപ്പോൾ  പൊടുന്നനെ  എന്റെ മുന്നില് വന്നു പെട്ടു , ..ഈ യാത്രയിൽ കിട്ടിയതാ .അങ്ങിനെ ഈ യാത്ര കൊണ്ട്  വലിയ ഒരു ഗുണമുണ്ടായി...അവനു ആ സമയത്ത് പുറത്തറിയിക്കുവാൻ  പറ്റാത്ത എന്തൊക്കെയോ പ്രശ്നം ഉണ്ടായി പോലും ...അത് കൊണ്ട്  ആരോടും പറയാതെ സ്ഥലം വിട്ടു...അത് എന്താണ്  എന്നൊന്നും  ഞാന്‍ ചോദിച്ചില്ല .സമയമുണ്ടല്ലോ ..ഇപ്പോൾ അച്ഛനും അമ്മയും കൂടി ഉണ്ടായിരുന്നെങ്കിൽ അവർ എത്ര സന്തോഷിച്ചേനെ ...അയാളുടെ കണ്ഠം ഇടറി...ഇവനെ അത്രക്ക് സ്നേഹിച്ചതാ അവര് .....

"എനിക്കൊന്നു കുളിക്കണം ....നിങ്ങൾ സംസാരിചിരിക്കൂ ..."സജു  അകത്തേക്ക് പോയി.

"ശ്വേതാ നീ ..."

"അതെ  ഞാൻ തന്നെ ..നിങ്ങൾ ഉപേക്ഷിച്ചു മുങ്ങിയപ്പോൾ എനിക്ക് മുന്നിൽ ഒരേ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ ..ആത്മഹത്യ .അതിന്റെ തയ്യാറെടുപ്പിലാ വീട്ടിലെത്തിയത് .പക്ഷെ അച്ഛനെയും അമ്മയെയും അനിയത്തിയുടെ ഭാവി ,കുടുംബത്തിന്റെ  മാനം ഇവയൊക്കെ ഓർത്തപ്പോൾ വേണ്ടെന്നു വെച്ചു.അവരോടു എല്ലാം തുറന്നു പറയാമെന്നും ..പക്ഷെ പറയുവാൻ അവസരം കിട്ടിയില്ല .പലതവണ ശ്രമിച്ചു .പറ്റിയില്ല.. മുൻപ് ഞാൻ അവഗണിച്ച ഒരു ആലോചന വീണ്ടും വന്നു..നീ വഞ്ചിച്ചത് കൊണ്ട് പുരുഷവര്ഗത്തെ തന്നെ വെറുത്തുപോയിരുന്നു അതുകൊണ്ട് ഒരാളെ വഞ്ചിക്കുന്നത് കൊണ്ട് തെറ്റില്ല എന്നും തീരുമാനിച്ചു..

.പയ്യന്റെ  അച്ഛൻ ഹാർട്ട് അറ്റാക്ക്‌ വന്നു ഹോസ്പിറ്റലിൽ ....അത് കൊണ്ട് എത്രയും പെട്ടെന്ന് നടക്കേണ്ടുന്ന കല്യാണത്തിന് സമ്മതം മൂളി.എന്തോ  ഒരു പകയായിരുന്നു മനസ്സ് മുഴുവൻ ..നിന്നോടുള്ള പക ..ജീവിതത്തോടുള്ള പക ..പിന്നെ കുറെപേരുടെ  ജീവിതവും  നിലനില്പ്പും  ഒക്കെ ഓർക്കേണ്ടി വന്നു ..പിഴച്ചവള്‍  എന്ന അപമാനത്തില്‍  നിന്നും രക്ഷപെടുവാന്‍  ഭാര്യയിലെക്കുള്ള ദൂരം ഒരു പെണ്ണിന്  വളരെ വലുതാണ്‌ .പക്ഷെ  എനിക്കത്  ഉടനെ തന്നെ ദൈവം തന്നു . അത്  നിരസിക്കുവാന്‍ തോന്നിയില്ല .നീ ഇല്ലാതെയും ഞാൻ ജീവിക്കും എന്ന് കാണിക്കുവാനുള്ള ത്വര വേറെയും . .എന്നാൽ അറിയാതെ വന്നു കയറിയത് നിന്റെ വീട്ടിലേക്കാണ് .നിന്റെ തിരോധാനം മൂലം ആശുപത്രി കിടക്കയിലായിപോയ നിന്റെ അച്ഛൻ ..കണ്ണീരുമായി നിന്റെ അമ്മ .നിന്നോട് നല്ല രീതിയിൽ പ്രതികാരം ചെയ്യാൻ ദൈവം തന്ന നല്ല അവസരം ....അതോടെ എന്റെ മനസ്സിലെ ഭയം മാറി,കുറ്റബോധം ഇല്ലാതായി  "

എല്ലാം കേട്ട് കൊണ്ടിരുന്ന റിജു കുഞ്ചുമൊനെ  തഴുകി കൊണ്ടിരുന്നു . ..ശ്വേതയുടെ മനസ്സിൽ ഒരു ചിരിയുണ്ടായി.അവൾ തുടർന്നു കൊണ്ടിരുന്നു

"എന്നാൽ ദൈവം അത് പൂർണമായും അനുവദിച്ചില്ല . കുളിമുറിയിൽ ഉണ്ടായ ഒരു വീഴ്ചയിൽ നീ എന്നിൽ നിക്ഷേപിച്ച പാപം ഇല്ലാതായി.  നീ എല്പ്പിച്ച കളങ്കത്തിൽ  നിന്നും ഞാൻ ശുദ്ധയായി "

ഞെട്ടിയ റിജു പെട്ടന്ന് കുഞ്ചു മോനെ തന്നിൽ നിന്നും തള്ളി മാറ്റി.ശ്വേത അത് കണ്ടു ചിരിച്ചു കൊണ്ട് കുഞ്ചുമോനെ അണച്ചു പിടിച്ചു.

"മുൻപ്  കൊള്ളരുതാത്തവാൻ  എന്ന പേര്  കേൾപ്പിചെങ്കിലും ,അങ്ങിനെ ആണെങ്കിലും കല്യാണത്തോടെ സജു  ചേട്ടൻ നന്നായി.ഞാൻ പറഞ്ഞതല്ല  നിന്റെ അച്ഛനും അമ്മയും എനിക്ക്  തന്ന സര്ട്ടിഫിക്കട്ടാണ് .ഒരു കൊലകൊമ്പനെയാണ്  ഞാൻ തളച്ചത് എന്നുപോലും പറഞ്ഞു.നമ്മള്‍  ഇതുവരെ  എന്തായിരുന്നാലും വേണ്ടില്ല ഇന്നുമുതല്‍ നിനക്ക് ഞാനും എനിക്ക് നീയും ...പാസ്റ്റ്  ഈസ്‌ പാസ്റ്റ്  .അതാണ്‌ സജുവേട്ടൻ  എന്നോട്  ആദ്യദിവസം പറഞ്ഞത് ..അത് കൊണ്ട്  ഞാനും പലതും ഒളിച്ചു .സജുവേട്ടന്റെ  ഭൂതകാലവും  ചികഞ്ഞു  നോക്കിയില്ല.സജു ചേട്ടന്റെ സ്നേഹത്തിനു മുന്നിൽ ഞാനും കീഴടങ്ങി.കുഞ്ചുമോൻ വന്നതോടെ ഞാൻ എല്ലാം മറന്നു .ആ സ്നേഹ തണലുകളിൽ ഇപ്പോൾ ഞാൻ ജീവിതം ആസ്വദിക്കുകയാണ് ,പഴയതൊക്കെ മറന്നു കൊണ്ട് ...പക്ഷെ  ഇന്ന് നീ വന്നു ഞങ്ങൾക്കിടയിൽ ...ഇനി എന്തുണ്ടാവും എന്ന് ..എനിക്കറിയില്ല ...?

"ഇതെന്താ പറയുവാനുള്ളതൊക്കെ ഇന്ന് തന്നെ പറഞ്ഞു തീർക്കുകയാണോ ?"സജുവിന്റെ ശബ്ദം കേട്ട് ശ്വേത ചിരിചെന്ന്  വരുത്തി അകത്തേക്ക് നടന്നു.

അത്താഴം കഴിക്കുമ്പോൾ സജുവും കുഞ്ചുവും പല തമാശകളും പറഞ്ഞുവെങ്കിലും റിജുവിനും ശ്വേത ക്കും അത് അത്ര ആസ്വദിക്കുവാൻ കഴിഞ്ഞില്ല .അവരുടെ ചിന്തകൾ പല വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു.അന്ന് ശ്വേതക്ക് ഉറങ്ങുവാനെ കഴിഞ്ഞില്ല .വലിയൊരു അപകടം അവൾ മുഖാമുഖം കാണുകയായിരുന്നു.ഉണ്ടാകുവാൻ പോകുന്ന ദുരന്തത്തെ ഓർത്ത്‌ അവൾ വിങ്ങി പൊട്ടി.നഷ്ട്ടപെട്ടു പോകുന്ന ജീവിതം അവൾ മനസ്സിൽ  കണ്ടു.ഒരിക്കലും നഷ്ട്ടപെട്ടു  പോകരുത് എന്ന് കരുതിയോ  എന്തോ അവൾ കുഞ്ചുമൊനെ കെട്ടിപിടിച്ചു .

പതിവിനു വിപരീതമായി വൈകി എഴുനെറ്റ അവൾ കണ്ടത്  വരാന്തയിൽ തനിച്ചിരിക്കുന്ന സജുവിനെയാണ്.കോപം കൊണ്ടോ  എന്തോ മുഖം ചുവന്നുവെങ്കിലും അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു.അടുത്തേക്ക്‌ വന്ന അവൾക്കു നേരെ അയാള് ഒരു കുറിപ്പ് നീട്ടി.വിറയലോടെ അവൾ അത് വാങ്ങി വായിച്ചു.എന്ത്  പറയണം എന്നറിയാതെ അവൾ കുഴങ്ങി .


"പോകട്ടേ ചേട്ടാ ...നമ്മളെ വേണ്ടാത്തവർ  എവിടെ വേണമെങ്കിലും പോവട്ടെ ....അവനു ഒറ്റയ്ക്ക് ജീവിക്കുവാനാണ് താല്പര്യം ..ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ ..അവൻ  അവന്റെ ഇഷ്ടം പോലെ എവിടെയെങ്കിലും സുഖമായി ജീവിക്കട്ടെ.." വിക്കി വിക്കി അവൾ പറഞ്ഞൊപ്പിച്ചു .

"എന്നാലും എന്നെകിലും അവൻ വീണ്ടും വരുമായിരിക്കും അല്ലെ ..? നമ്മളെ ഒക്കെ കാണുവാൻ ...?അവനു നമ്മളെ അങ്ങിനെ ഉപേക്ഷിക്കുവാൻ കഴിയുമോ ?"

അതിനവൾ മറുപടി പറഞ്ഞില്ല .അവൾ അത് ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല .

അയാൾ  കരഞ്ഞുകൊണ്ട്‌ അവളെ ചേർത്ത് പിടിച്ചു ..അപ്പോൾ അവൾ നന്ദി പറയുകയായിരുന്നു റീജുവിനോട്  ..നഷ്ട്ടപെടും എന്ന് കരുതിയ  തന്റെ ജീവിതം തിരികെ തന്നതിന്...

"നീ എന്നോട് ചെയ്ത പാപം നീ തന്നെ കഴുകി കളഞ്ഞിരിക്കുന്നു .നിന്നോടുള്ള വെറുപ്പും മനസ്സിൽ നിന്നും ഒഴുകി പോയിരിക്കുന്നു .നന്ദി . റിജു  നന്ദി ...."

റിജു അപ്പോൾ യാത്ര തുടരുകയായിരുന്നു ...ഒരിക്കലും മടങ്ങിവരാത്ത ദൂരത്തെക്കുള്ള യാത്ര ..


കഥ :പ്രമോദ് കുമാർ .കെ.പി
ചിത്രങ്ങൾ ; ഇന്റർ നാഷണൽ  വാട്ടർ കളർFriday, May 9, 2014

ഒരു "ഈച്ച "പരാതി

ഈ മനുഷ്യരെ കൊണ്ട് നല്ല നിലയിൽ ജീവിക്കുവാൻ പറ്റില്ല എന്നായി..നമ്മുടെ വംശം തന്നെ ഉന്മൂലനം ചെയ്താലേ അവർക്ക്  തൃപ്തി വരൂ എന്നാണ്  തോന്നുന്നത്..കാലാകാലമായി അവർ അത് ചെയ്തു കൊണ്ടിരിക്കുകയാണ് .ഭൂമി ഏല്ലാവർക്കും  അവകാശപെട്ടതാണ് എന്ന സത്യം അവർ പലപോഴും\ മറക്കുന്നു.എന്നാൽ  അവരുടെ മടി ,വൃത്തിയിലായ്മ ഒക്കെ കൊണ്ട്  ഇപ്പോൾ ഒരുവിധം പിടിച്ചു നില്ക്കുന്നു.രോഗങ്ങളിൽ പലതും നമ്മളാണ്‌ ഉണ്ടാക്കുന്നത്‌ എന്നാണ് അവരുടെ മുഖ്യ പരാതി.കുറെയൊക്കെ ശരി തന്നെ ..എന്നാലും മാരകമായ എയിഡ്സ് ,കാൻസർ,കരൾ രോഗങ്ങൾ തുടങ്ങിയവയിൽ  നമുക്ക് എന്തെങ്കിലും പങ്കുണ്ടോ ?.അതൊക്കെ അവരുടെ ജീവിതരീതി  കൊണ്ട് അവർ തന്നെ വരുത്തി വെക്കുന്നതല്ലേ ?പണ്ട് മുതൽ തന്നെ നമ്മൾ ഇവിടെയുണ്ട് .അന്നേരം ഒന്നുമില്ലാത്ത അനേകം രോഗങ്ങൾ ഇപ്പോൾ ഉണ്ട് .പലരും ഇപ്പോൾ  അവർപൊലുമറിയാതെ മാരകരോഗികളാണ് ..അതൊക്കെ നമ്മളാണോ  ഉണ്ടാക്കി കൊടുത്തത്.ഇവരുടെ പെരുമാറ്റം കാണുമ്പോൾ അങ്ങിനെയാണ് തോന്നുന്നത്.

വലിയൊരു പാരമ്പര്യവും നമുക്കുണ്ട് .അത് മറക്കരുത്. .ജീവൻ  ഭൂമിയിൽ ഉണ്ടായപ്പോൾ മുതൽ നമ്മളും  ഇവിടുണ്ട്.ഇരുപതിനായിരത്തിൽ പരം വ്യത്യസ്ത വംശം ഞങ്ങൾക്കുണ്ട്  എന്നാണ് ഇന്നലെ ഗൂഗിൾ നോക്കിയപ്പോൾ കണ്ടത്.വെറുതെ മോണിറ്ററിൽ  ഇരിക്കുമ്പോൾ കണ്ടതാ ..പക്ഷെ "അവർ " അവിടുന്നും ഓടിച്ചു വിട്ടു...പക്ഷെ അതിൽ കൂടുതൽ പേരെയും മനുഷ്യർക്ക്‌ വെറുപ്പാണ്.ഒന്നാമത്  നമ്മൾ  തമ്മിൽ ഒരു ഐക്യം ഇല്ല ..മനുഷ്യരും  അങ്ങിനാണ്  അല്ലെ ?എത്രയാ  ജാതിയും മതവും ഒക്കെ .എന്നിട്ട് പരസ്പരം തല്ലും കൊലയും ..നമ്മൾ തമ്മിൽ ഐക്യം ഇല്ല എന്ന് മാത്രം പരസ്പരം  കൊല്ലും കൊലയും  ഒന്നുമില്ല .പക്ഷെ നമ്മളെ നശിപ്പിക്കുവാൻ അവർ ഐക്യം കാണിക്കുന്നുണ്ട് .,വല്ലപ്പോഴും ആരെയെങ്കിലും ബോധിപ്പിക്കുവാൻ വേണ്ടി  മാത്രം ...ഒന്നും അവർ വൃത്തിയായി ചെയ്യില്ല ..എല്ലാം തുടങ്ങി വെക്കും ...പൂർത്തികരിക്കില്ല..അത് കൊണ്ടാണ് രോഗം അവരെ വിടാതെ പിന്തുടരുന്നത് .

മനുഷ്യർ  അവർക്ക് എന്തെങ്കിലും ലാഭം ഉണ്ടാക്കികൊടുക്കുന്നവരെ പരിലാളിക്കും.അത് കൊണ്ടാണല്ലോ തേനീച്ചകൾ  അവർക്ക്  പ്രിയപെട്ടവർ  ആകുന്നത് . പക്ഷെ മുതലെടുപ്പാണ്...കഷ്ട്ടപെട്ടു തേനീച്ചകൾ  തേൻ ഒക്കെ സംഭരിച്ചാൽ അവർ അത് അടിച്ചു മാറ്റും.കുടിക്കും വിൽക്കും .മധുര പലഹാരങ്ങൾ ഉണ്ടാക്കും .എന്നാൽ  അതിലൊന്ന് കയറിപോയാലോ ..ഓടിച്ചിട്ട്  കൊല്ലും ...എന്നിട്ടും പാവങ്ങളായ തേനീച്ചകളുടെ വംശങ്ങൾ ഇന്നും മനുഷ്യരുടെ കയ്യിലെ പാവകൾ .പലരും അടിമകൾ .അവരെ പേടിയോടെ അനുസരിക്കുന്നു .അതും കൂട്ടായിട്ടുള്ള ഹണികളെ മാത്രമേ അവർക്ക് ആവശ്യമുള്ളൂ ..ഒറ്റയ്ക്ക് വന്നാൽ ഓടിക്കും ചിലപ്പോൾ  കൊന്നും കളയും .അവർക്ക് ഉപദ്രവം ചെയ്യുന്ന എല്ലാറ്റിനെയും അവർ നശിപ്പിക്കും.അതാണ്‌ മനുഷ്യർ .

നമുക്ക്  നാലോ അഞ്ചോ മാസം മാത്രമാ ആയുസ്സ്.പക്ഷെ അത്രയും കാലം ജീവിക്കുന്നവർ നന്നേ കുറവും.അധികവും മനുഷ്യരുടെ കൈ കൊണ്ടുള്ള ദാരുണമരണങ്ങൾ.നമ്മുടെ മുൻപത്തെ തലമുറകളെ പറ്റി പറഞ്ഞു കേട്ടിട്ടുണ്ട് .അവർക്ക് എപ്പോഴും മൃഷ്ടാനഭോജനമായിരുന്നു എന്ന് ജ്യൂസ്‌ കടകളും ,ബേക്കറികളും ,ഫ്രൂട്ട് സ്ടാളുകളും ,ഹോട്ടലുകളും ഒക്കെ അവരുടെ വിഹാര കേന്ദ്രമായിരുന്നു .ആർക്കും  പരാതി ഉണ്ടായിരുനില്ല .കൂട്ടം കൂടി ഒച്ച വെക്കുമ്പോൾ  ചിലപ്പോൾ ഓടിക്കും അല്ലെങ്കിൽ കസ്റ്റമർ വരുമ്പോൾ ..പിന്നെ പ്രശ്നം ഇല്ല   .പക്ഷെ  ഇപ്പോൾ നമ്മുടെ കാര്യമോ ?നമ്മൾക്ക് ഇപ്പോൾ വായക്കു രുചിയുള്ള വല്ലതും കിട്ടിയാൽ ആയി.പട്ടിണി കിടന്നു മരിക്കേണ്ടി വരുനില്ല അതുണ്ട് ആശ്വാസം ...അതും മനുഷ്യരെ കൊണ്ട് തന്നെ...

മുൻപൊക്കെ ഗ്രാമങ്ങളിൽ നമ്മുടെ സംഖ്യ കുറവായിരുന്നു.കാരണം അവിടെ നമുക്ക് വേണ്ടുന്ന ഭക്ഷണം കിട്ടുന്നത് കുറവായിരുന്നു എന്നത് കൊണ്ട് തന്നെ.ചിലർ  അവിടെയുള്ള ചില കച്ചവട സ്ഥാപനങ്ങളിൽ കുടിയേറി.അവിടെ ഉള്ള മറ്റുള്ളവർ കൂടുതലും ജീവിച്ചത്  ഗ്രാമവാസികളുടെ വിസർജനം കൊണ്ടാണ്. .അവരെ നമ്മൾ കൂട്ടത്തിലെ താണതരം ഗണത്തിലാണ്  കണ്ടിരുന്നത്‌.പക്ഷെ ഒരു വീട്ടിൽ ഒരു കക്കൂസ്  എന്ന പ്രചരണം മുതലെടുത്ത്‌  മനുഷ്യർ ഒരു വീട്ടിൽ തന്നെ  മൂന്നും നാലും കക്കൂസ് പണിതു.അത് കൊണ്ട് കുട്ടികൾ പോലും വളപ്പിൽ തൂറാതായി ..അങ്ങിനെ അവർക്ക്  ജീവിക്കുവാൻ മറ്റു മേഖല തേടി പോകേണ്ടി വന്നു.പട്ടിണി കൊണ്ട്  വലഞ്ഞ്   ചിലർ  വീീട്ടിനകത്തു കയറിത്തുടങ്ങി ..അതുമുതലാണ്  പ്രശ്നം ഉണ്ടാകുന്നത് ..നമ്മുടെ കഷ്ട്ട കാലത്തിനു പലർക്കും പ്രത്യേകിച്ചു  കുട്ടികൾക്ക്  അസുഖങ്ങൾ  വന്നു. ഡോക്റ്റർമാർ  കുറ്റം പാവം നമ്മുടെ തലയിലാക്കി.അന്ന് തുടങ്ങിയതാ മനുഷ്യർക്ക്‌  നമ്മളോട്  ശത്രുത ..നമ്മളെ എവിടെ കണ്ടാലും അകറ്റുക പതിവാക്കി. നമ്മളെ  കൊന്നു തള്ളുന്ന  സ്പ്രേ വന്നു നമ്മെ പച്ചയോടെ ചുട്ടരിക്കുന്ന ഉപകരണങ്ങൾ  കണ്ടു പിടിച്ചു.നമ്മൾ കടന്നു ചെല്ലാതിരിക്കുവാൻ  ചില്ല് കൂടുകൾ ഉണ്ടാക്കി ..നെറ്റുകൾ  നെയ്തു....അതോടെ നമുക്ക് കിട്ടുന്ന നല്ല ഭക്ഷണങ്ങൾ  ഇലാതായി.

നല്ല  ഭക്ഷണം  വേണം .പക്ഷെ എവിടെ പോകും ഇപ്പോൾ വരുന്ന എല്ലാ ഭക്ഷണത്തിലും അപ്പടി മായമാണ് ...ഇന്നലെ ജുസ് കടയിൽ  ഒളിച്ചു കടന്നു മുന്തിരി ജ്യൂസ്‌ കുടിച്ച ചങ്ങാതി "സ്പോട്ട് ഔട്ട്‌ "ആയി ..കഴിഞ്ഞ ആഴ്ച മാങ്ങ ജ്യൂസ്‌ കുടിച്ചു കുറച്ചുപേർ മരിച്ചത് കൊണ്ട് അവൻ അതൊഴിവാക്കി മുന്തിരി തേടി പോയതാണ് .അതിലും മായം ...

ജീവിക്കണം  എന്ന   ആഗ്രഹം  ഉള്ളത് കൊണ്ടും ഇപ്പോൾ ഗതിയില്ലാത്തതുകൊണ്ട്‌ നമ്മളും കഴിക്കുന്നത്‌  എല്ലാവരും തള്ളുന്ന മാലിന്യങ്ങൾ ...അതെ നമ്മൾ താണവരായി കണ്ടവരുടെ അതെ ഭക്ഷണം.  മാലിന്യങ്ങൾ ...മനുഷ്യർക്ക്‌ വൃത്തി കുറവായതിനാലും മാലിന്യങ്ങൾ എങ്ങിനെ സംസ്കരിക്കണം എന്ന് അറിയാമെങ്കിലും അത് ചെയ്യാത്തതിനാലും ഇപ്പോൾ നമ്മൾക്ക് ഭക്ഷണത്തിനു ഒരു കുറവും അനുഭവപെടുനില്ല.പക്ഷെ  രുചി ഉണ്ടാവില്ല  എന്ന് മാത്രം.നാട് മുഴുവൻ  മാലിന്യങ്ങൾ കെട്ടികിടക്കുകയല്ലേ ...എങ്ങിനെയെങ്കിലും ജീവിച്ചു പോകാം...മനം മടുത്തു കൊണ്ടാണ്  കഴിക്കുന്നത്‌ ...ജീവിക്കണ്ടേ ...എന്നാലും ഒരു ആഗ്രഹമുണ്ട് മരിക്കുന്നതിനു മുൻപ് കുറെ നല്ല ഭക്ഷണം കഴിച്ചു മരിക്കണം എന്ന് ....പക്ഷെ അതുണ്ടാകുമെന്നു തോന്നുനില്ല കാരണം അങ്ങേതിലെ വല്യപ്പനും ഇതേ ആഗ്രഹം വല്യമ്മച്ചിയോടു ഇന്നലെ പറയുന്നത് കേട്ടു ..അത് കൊണ്ട്  ആശ കൈവിടാം .

.മനുഷ്യർക്ക്‌ അസാധ്യമായതാണോ  നമ്മള്‍ സാധു ജീവികൾക്ക്  സാധ്യമാകുവാൻ  പോകുന്നത് ..നെവർ ....

കഥ : പ്രമോദ് കുമാർ .കെ.പി 
( ഈ  കഥ "യുവധാര സൌഹൃധവേദി " കഥാമത്സരത്തിൽ  സമ്മാനം നേടി )

Saturday, May 3, 2014

ജോക്കര്‍

ആദ്യമായി അറിയാത്ത നഗരത്തിലേക്ക് പോകുന്ന ഒരു പേടിയുണ്ടായിരുന്നു അയാളുടെ മനസ്സിൽ ..തന്നെ കൂടുതൽ അറിയുന്ന നഗരം തന്നെയാണ് ,ഓഫീസ് സംബന്ധമായ പല ആവശ്യങ്ങൾക്ക് പലതവണ വന്നുപോയ നഗരവുമാണ് .ചില കൂട്ടുകാരെയും ഉണ്ടാക്കിയിട്ടുണ്ട് .എന്നാൽ ഈ യാത്ര ചെറിയൊരു ഭയം ഉള്ളിൽ കൊണ്ട് നടക്കുന്നു .

ഇനിയും യാത്രയുണ്ട് മണിക്കൂറുകൾ .ട്രെയിൻ ഇപ്പോൾ ആ നഗരത്തിൽ എത്തിചേരേണ്ട  സമയമായി .എന്നാലത് മുക്കിയും മൂളിയും ഓടുകയാണ് .പാത ഇരട്ടിപ്പിക്കലും സിഗ്നൽ മാറ്റവുമോക്കെയായി പലസ്ഥലത്ത് പിടിച്ചിട്ടു. അങ്ങിനെ മുഷിപ്പ് വരുത്തിയ വല്ലാത്ത ഒരു യാത്ര .ഇനി അവിടെ ചെല്ലുമ്പോൾ  വൈകിയ കാരണം പറഞ്ഞു  അവർ അനുവദിച്ച ഡേറ്റ് മാറ്റുമോ ?അയാൾ  പലതും ചിന്തിച്ചു കൊണ്ടിരുന്നു.ട്രെയിനിൽ അത്ര വലിയ  തിരക്കോന്നുമില്ല .എന്നാലും സീറ്റ്‌ കിട്ടാത്തവർ കുറച്ചുണ്ട്.എല്ലാവരും ഒന്ന് സഹകരിച്ചാൽ അവരെയും ഇരുത്താം .പക്ഷെ ആരും ശ്രമിക്കില്ല ,നന്മകൾ  ഉണ്ടാവുന്ന  മനസ്സുകൾ സമൂഹത്തിൽ കുറയുകയാണ് .

 അവധികാലമായതിനാൽ പല കുടുംബങ്ങളും യാത്രയിലാണ് ...വിനോദം തേടിയുള്ള യാത്ര .കൂട്ടത്തിലുള്ള കുട്ടികളിൽ ചിലർ തന്നെ നോക്കി തമ്മിൽ തമ്മിൽ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു.മറ്റുള്ളവരെ വിളിച്ചു കാണിക്കുന്നു.അയാൾക്ക്‌ പ്രത്യേകിച്ചു ഒന്നും തോന്നിയില്ല .അയാൾ മുഖം തിരിച്ചു പുറത്തെ കാഴ്ചകളിലേക്ക്  മിഴികളൂന്നി.ചെറിയ  ക്ളാസ്സിൽ പഠിക്കുമ്പോൾ തൊട്ടു അനുഭവിക്കുന്നതാണ് ഈ പരിഹാസം.കൂട്ടുകാർ തനിക്കൊരു പേരുമിട്ടു ."ജോക്കർ"..ആദ്യമാദ്യം ചില കുട്ടികളും കൂട്ടുകാരും മാത്രം വിളിച്ചത് പിന്നെ അത് സ്കൂളിലേക്ക്  പടർന്നു .പിന്നെ പിന്നെ നാട്ടുകാരും  വിളിച്ചു തുടങ്ങി. അത് കൊണ്ട്  തന്നെ  പഠിച്ചു കഴിഞ്ഞപ്പോൾ  നാട്ടിൽ   നിൽക്കാൻ  തോന്നിയില്ല .പക്ഷെ പോയസ്ഥലത്തും ഇതേ വിളിയാണ് ഉണ്ടായത്.അതില്പരം മറ്റൊരു പേര്  ആർക്കും  വിളിക്കാൻ തോന്നില്ല എന്നതായിരുന്നു സത്യം.ഇപ്പോൾ  ജോലിയൊക്കെ ആയിട്ടുകൂടി ആ പേര് തന്നെ പിന്തുടരുന്നു കൊണ്ടേയിരിക്കുന്നു .ആ പേര് മായ്ച്ചു കളയണം .കാത്തിരിക്കുകയായിരുന്നു അയാൾ ..കുറച്ചു പണം കയ്യിൽ വരുവാൻ...ഇപ്പോഴാണ്  അതുണ്ടായത്‌ .തൻറെ ഇതുവരെയുള്ള അധ്വാനത്തിൽ നിന്നും  മിച്ചം പിടിച്ചു വെച്ചത് .അതുകൊണ്ട് നാളെ കഴിഞ്ഞു ആ വിളി ഉണ്ടാവില്ല .എന്നിൽ നിന്നും ആ പേര് ഒഴിഞ്ഞു പോകുന്നു...ഇനി  ഇതുകാരണം മുടങ്ങിപോകുന്ന കല്യാണം ഒക്കെ നടക്കും .അയാള്‍  സന്തോഷിച്ചു ...അതിനാണ്  ആ നഗരത്തിലേക്ക് പോകുന്നത് .അയാൾ സമാധാനിച്ചു .

അടുത്ത സ്റ്റഷനിൽ വണ്ടി നിന്നു.സീറ്റുകൾ ഒഴിഞ്ഞു തുടങ്ങി .അധികം പേരൊന്നും ഉണ്ടായിരുനില്ല കയറുവാൻ ..മുന്നിലത്തെ സീറ്റിൽ ഒരു ഫാമിലി വന്നിരുന്നു.വളരെ ക്ഷീണിതനായി , കഴുത്തു തോർത്തു കൊണ്ട് മറച്ചിരുന്ന അയാളെ എന്തോ ശ്രദ്ധിച്ചു .അയാൾ ഉറക്കം  പിടിച്ചു..അയാളിൽ നിന്നും ശ്രദ്ധ തെറ്റിയപ്പോലാണ് തൊട്ടടുത്തിരുന്നിരുന്ന
സ്ത്രീയുടെ മുഖം കണ്ണിലുടക്കിയത് ..മനസ്സിൽ ഒരു തീ ആളി ..അവളും അയാളെ കണ്ടിരുന്നു .കയ്യിലിരുന്ന കൊച്ചിനെ ഒന്നുകൂടി അവൾ ചേർത്തു പിടിച്ചുകൊണ്ട് സംശയത്തോടെ വീണ്ടും വീണ്ടും അയാളെ നോക്കി.

"സുജ  അല്ലെ ?" അയാൾ  ചോദ്യമെറിഞ്ഞു

"അതെ ...നിങ്ങൾ .....അവൾ പേര് പറയുവാനാകാതെ  തപ്പി .....പിന്നെ അറച്ചു അറച്ചു ചോദിച്ചു ജോക്കർ ?"

"അതെ ....."അയാൾ  ഒരു വിളറിയ ചിരി ചിരിച്ചു.

"സൊറി ..എനിക്ക് നിങ്ങളുടെ പേര് വായിൽ വരുനില്ല ..അതോണ്ടാ ...."

"കുഴപ്പമില്ല  സുജേ ...എന്റെ പേര് ഞാൻ തന്നെ മറന്നിരിക്കുകയാ " അയാൾ പൊട്ടിചിരിച്ചു .

"എങ്ങോട്ടാണ് യാത്ര ?"

"എന്നെ പിടി കൂടിയിരിക്കുന്ന   ഈ ജോക്കർ  എന്ന പേര്  ഒന്ന് കളയണം ...അതിനു വേണ്ടിയാ "

"മനസ്സിലായില്ല ...."

"ഹെൽത്ത്‌ കെയർ സിറ്റിയിലേക്കാ .."ആ ഹോസ്പിറ്റലിന്റെ പേര് കേട്ടപ്പോൾ അവളുടെ കണ്ണുകൾ  വിടർന്നു.

"ഞങ്ങളും അവിടേക്കാണ് .."

"എന്തെ ?'

"ഹസ്സിനു കഴുത്തിൽ ഒരു മുഴ .കുറെയായി ചികിത്സ തുടങ്ങിയിട്ട് ..കുറെ പേരെ കാണിച്ചു . .കുറെ പണം ചിലവായി എന്നത്  മാത്രം മിച്ചം ..സ്വന്തമായിരുന്ന പറമ്പും നിലവും ഒക്കെ പോയി ..ഇപ്പോൾ വാടക വീട്ടിലാണ്. .ചികിത്സ തുടങ്ങിയപ്പോൾ കുറെ മാറ്റം ഉണ്ടായിരുന്നു .പക്ഷെ പെട്ടെന്ന് ഒരു നാൾ ഭയങ്കര വേദന...അപ്പോൾ ഡോക്റ്റർക്ക്‌ എന്തൊക്കെയോ സംശയം.ഇപ്പോൾ അത് വളർന്നു കൊണ്ടിരിക്കുന്നു എന്നാണ് പറഞ്ഞത് .പെട്ടെന്ന്  എടുത്തു കളയണം ... നാട്ടിലെ ഡോക്ടർ ചില സംശയം ഉള്ളത് കൊണ്ട് .ഇവിടെ  ഹെൽത്ത്‌ കെയർ സിറ്റിയിൽ കാണിക്കുവാൻ പറഞ്ഞു ..കുറച്ചായി ഇവിടെയാ ചികിത്സാ .നാളെ  കഴിഞ്ഞു ഒരു ഓപ്പറേഷൻ ഉണ്ട് .അതോടെ പഴയ നിലയിലേക്ക് വരും. എല്ലാം ശരിയാവും എന്നാണ് പറഞ്ഞത് .പക്ഷെ പണം മുഴുവൻ ശരിയായില്ല .. അവളുടെ സ്വരം ചിലബിച്ചു ."

കാറ്റത്ത്‌  സ്ഥാനം തെറ്റിയ തോർത്തു അയാൾക്ക്‌ ആ വലിയ മുഴ കാണിച്ചു കൊടുത്തു .ഒന്നുമറിയാതെ അയാൾ ഉറങ്ങുകയായിരുന്നു.

"നിന്നോട് ചെയ്ത തെറ്റിന്റെ ശാപം ആവും അല്ലെ ?"

അയാൾക്ക്‌ ഒന്നും പറയുവാനുണ്ടായിരുനില്ല .അയാൾ  പുറത്തേക്ക് നോക്കിയിരുന്നു.കോളേജിൽ ഒരിക്കൽ ഇവൾക്ക് പ്രേമലേഖനം കൊടുത്തവനാണ് .അന്ന് കൂട്ടുകാരികളുടെ മുന്നിൽ വെച്ച്  ഇവൾ തന്നെ അപമാനിച്ചു.

"മൂക്കിനെകാളും വലിയ മുഴ മൂക്കിൽ കൊണ്ട് നടക്കുന്ന നിന്നെ എങ്ങിനെ പ്രേമിക്കുമെടോ ജോക്കർ ?നീ കണ്ണാടിയിൽ  മുഖം  ഒന്നും നോക്കാറില്ലെ ?"

വലിയൊരു അപമാനം തന്നെയായിരുന്നു അത്.കുറച്ചുകാലം കോളേജിൽ തന്നെ പോയില്ല .അത്ര ദിവസം വീട്ടിൽ കുത്തിയിരുന്നു ശപിക്കുകയായിരുന്നു ഇവളുടെ നാശത്തിനു ....പക്ഷെ ഇപ്പോൾ ,ദൈവം തൻറെ ആഗ്രഹം ..?ഹേ ...ദൈവം അങ്ങിനെയൊന്നും ചെയ്യില്ല ...വീണ്ടും  തിരിഞ്ഞു നോക്കുമ്പോൾ അവൾ കരയുകയായിരുന്നു.

അവൾ തുടർന്നു .  ."ഹോസ്പിറ്റൽ  അധികാരികളെ കണ്ടു ഇന്ന് തന്നെ പണത്തിന്റെ കാര്യം സംസാരിക്കണം .അവർ അവധി അനുവധിക്കുകയാനെങ്കിൽ സർജരി  ഉടനെ  നടക്കും .പക്ഷെ അത് നടക്കാത്ത  അവസ്ഥ എത്തിയാൽ മരിച്ചുകളയുവാൻ തന്നെയാണ് ഞങ്ങളുടെ  തീരുമാനം.വേറെ ഒരു മാർഗവും ഇപ്പോൾ മുന്നിലില്ല .

അയാൾ ഞെട്ടി .പിന്നെ അവൾ  ഒന്നും പറഞ്ഞില്ല അയാളും.

ടെസ്റ്റ്‌ ഒക്കെ കഴിഞ്ഞു അയാൾ അവിടെ അഡ്മിറ്റ്‌ ആയി.കൂട്ടിനു ആ നഗരത്തിലെ കൂട്ടുകാരാൻ ബാഹുലെയൻ വന്നിരുന്നു.അന്ന് അയാൾക്ക്‌ ഉറക്കമേ വന്നില്ല നാളത്തെ തന്റെ സർജരിയേക്കാൾ സുജയുടെ അനുഭവങ്ങൾ  അയാളുടെ മനസ്സിനെ വിഷമിപ്പിച്ചു.


"നിങ്ങൾ ഈ പണം പേ ചെയ്തു ഫോർത്ത്  ഫ്ലോറിൽ വരിക .ഞാന്‍ ഇയാളെയും കൊണ്ട്  മുകളിലേക്ക് പോകുന്നു .ചില ഫോര്മാലിടീസ് ചെയ്യുവാനുണ്ട് " നേഴ്സ്  നീട്ടിയ ബിൽ അയാള് വാങ്ങി ബാഹുലെയനെ ഏല്‍പ്പിച്ചു പണവും. മുകളിലത്തെ റൂമില്‍ സര്‍ജരിക്കുവേണ്ടി അയാളെ നേഴ്സ് സജ്ജനാക്കുബോള്‍   അടുത്ത റൂമില്‍ നിന്നും ഉയരുന്ന മയമില്ലാത്ത ശബ്ദവും ഒരു സ്ത്രീയുടെ കരച്ചിലും അയാളെ ആലോരസപെടുത്തി.നേഴ്സസിനെ തട്ടി മാറ്റി അയാള്‍ പുറത്തേക്കു കുതിച്ചു .കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുന്നില്‍ സുജയും ഭര്‍ത്താവും ..പെട്ടെന്ന് അയാള്‍ താഴേക്ക് ഓടി പിന്നാലെ നേഴ്സ് അയാളുടെ പേരും വിളിച്ചു കൊണ്ട് .....


ക്യുവില്‍ നിന്നിരുന്ന ബാഹുലെയന്റെ കയ്യില്‍ നിന്നും പണം പിടിച്ചുവാങ്ങി അയാള്‍ മുകളിലേക്ക് കുതിച്ചു.സുജയുടെ കയ്യില്‍ പണംകൊടുക്കുംവരെ അയാള്‍ഓടുകയായിരുന്നു .എന്തോ വലിയ ഒരു കാര്യം ചെയ്തതുപോലെ അയാള്‍ തിരിഞ്ഞു നടന്നു .ഒന്നും മനസ്സിലാകാതെ നേഴ്സ് ബാഹുലെയനെ നോക്കി.അയാള്‍ക്കും പൂര്‍ണമായി ഒന്നും മനസ്സിലായിലെങ്കിലും അയാളെ പിന്തുടര്‍ന്നു

"എടാ ഈ ഒരു ദിവസത്തിനു വേണ്ടി നീ കഷ്ട്ടപെട്ടു പണം കരുതി വെച്ചിട്ട് ....നിനക്ക് നിന്റെ ആ വൃത്തികെട്ട മുഴ കളയണ്ടെ ... ,നിനക്ക് ഇഷ്ട്ടപെടാത്ത വട്ടപേര് മാറ്റണ്ടേ ?നിന്റെ വിരൂപത മാറി കല്യാണം ഒക്കെ കഴിച്ചു നല്ല ഒരു ഭാവി ജീവിതം വേണ്ടെടാ ..."

"എനിക്ക്  ഇന്ന് ഓപറേഷന്‍ നടന്നാല്‍ എന്നെ മാത്രമേ രക്ഷിക്കുവാന്‍ പറ്റൂ ..ഞാന്‍ ഇപ്പോള്‍ രക്ഷിച്ചു ഭാവി ഉണ്ടാക്കികൊടുത്തത്  മൂന്നു ജന്മങ്ങല്‍ക്കാണ് .എനിക്ക് ആ പേര് മാറ്റണ്ടാ ..ഈ മൂക്കിലെ മുഴ പോയാൽ പിന്നെ ഈ ജോക്കർ ഇല്ലെടാ ...അത് ജനിച്ചപ്പോൾ എന്റെ ഒന്നിച്ചു കൂടിയതാ ..ഞാൻ വളരുന്നതിനനുസരിച്ച് അവൻ വളർനില്ല എങ്കിലും അവൻ എന്നോടൊപ്പം തന്നെ ഉണ്ട് . എന്റെ ശരീരത്തിന്റെ ഒരു ഭാഗമായി... അവൻ അവിടെ കിടക്കട്ടെ ..അവനെ പറിച്ചെറിയാൻ നേരമായിട്ടില്ല ..ജോക്കർ ജോക്കർ ആയിത്തന്നെ തുടരണം ...കുറെ കാലം കൂടി ..

അവർ ആശുപത്രി പടവുകൾ ഇറങ്ങുമ്പോൾ പിന്നിൽ കൈകൂപ്പികൊണ്ട് സുജയും ഭർത്താ വുമുണ്ടായിരുന്നു .ഒന്നും മനസ്സിലാവാതെ മറ്റുചിലരും ......

കഥ :പ്രമോദ് കുമാർ .കെ.പി 
ചിത്രങ്ങള്‍  : കേരള വാട്ടര്‍ കളര്‍ സോസെറ്റി