Saturday, August 24, 2013

കടല്‍

കടല്‍ എന്നും വിസ്മയമാണ് ...പലരും കടലിനെ കുറിച്ച് അതിന്റെ മനോഹാരിതയെ കുറിച്ച് വര്‍ണ്ണിച്ചിട്ടുണ്ട്  ,ആകര്‍ഷണത്തെ കുറിച്ച്  പലതും എഴുതിയിട്ടുണ്ട് ...കടലിനെ അതിന്റെ സൌന്ദര്യത്തെ വാനോളം പുകഴ്ത്തി കവികള്‍ പാടിയിട്ടുണ്ട്.കഥകള്‍ എഴുതിയിട്ടുണ്ട്.

ഒരിക്കല്‍ കടല്‍ സംഹാര താണ്ടവമാടി സുനാമി എന്ന ദുരന്തം കൊണ്ടുവന്നപ്പോള്‍ ,കുറെ മനുഷ്യരെ വിഴുങ്ങിയപ്പോള്‍, കുറെ കരകള്‍ തട്ടിയെടുത്തപ്പോള്‍ ,അത് സര്‍വനാശം വരുത്തിയപ്പോള്‍ പലരും കടലിനെ പഴിച്ചു.പലരും  കടലിനെ ഭയന്നു .അവര്‍ കടലമ്മയെ വെറുത്തു.പലരും കടലിനെ ഉപേക്ഷിച്ചു കടപ്പുറം വിട്ടുപോയി .എന്നിട്ടും കടല്‍ ശാന്തമായില്ല .അതിന്റെ സ്വഭാവം മാറ്റിയുമില്ല ഇതൊക്കെ എത്ര കണ്ടതാ എന്നമട്ടില്‍ തിരയോട് കിന്നാരം പറഞ്ഞു ..പക്ഷെ അവര്‍ക്ക്  തിരിച്ചുവരണമായിരുന്നു . കാരണം  കടലിനെ കൊണ്ട് മാത്രം നിലനിന്നു പോകുന്ന കുറെ ആള്‍കാര്‍ ഉണ്ട് ,കുടുംബങ്ങള്‍ ഉണ്ട് ,നാടുകള്‍ ഉണ്ട് ,രാജ്യങ്ങള്‍ ഉണ്ട്.പിന്നെ പിന്നെ പഴിച്ചവരൊക്കെ വീണ്ടും കടലിനെ സ്നേഹിച്ചു തുടങ്ങി.അവർ മടങ്ങിവന്നു.


കടല്‍ പലര്‍ക്കും അമ്മയാണ് . പോറ്റി വളര്‍ത്തുന്ന അമ്മ..ആ അമ്മ അവര്‍ക്ക് എന്നും ആഹാരം നല്‍കുന്നു.ചിലപ്പോഴൊക്കെ പലരെയും വെറും കയ്യോടെ മടക്കി അയക്കുന്നു. .ചിലപ്പോള്‍ പിന്നീട് ഒരിക്കലും  കര കാണിക്കാതെ കൂട്ടി കൊണ്ട് പോകുന്നു.എന്നിട്ടും അവർ ആ അമ്മയെ സ്നേഹിക്കുന്നു.വീണ്ടും വീണ്ടും അമ്മയുടെ അടുത്തേക്ക് ഓടിചെല്ലുന്നു....അമ്മയുടെ മാറിലൂടെ സഞ്ചരിക്കുന്നു.അമ്മ കൊടുക്കുന്ന സമ്പത്തുകള്‍ കൊണ്ട് അനുഭവിക്കുന്നു.

രണ്ടാം ക്ലാസ് മുതൽ ആണ് കടലിനെ അടുത്തു കാണുവാന്‍ തുടങ്ങിയത്.അതിനു മുന്‍പ് കണ്ടിരിക്കാം ..പക്ഷെ ഓർമയിൽ കടല്‍ എന്ന വിസ്മയം വരുന്നത് ഈ കാലത്താണ്. .തലശ്ശേരി കടല്‍പാലത്തിനടുത്തുള്ള എൽ .പി  സ്കൂളില്‍ ആയിരുന്നു രണ്ടാം ക്ലാസ്സ്‌ മുതല്‍.ജനലിലൂടെ നോക്കിയാല്‍ കുറച്ചകലെ കടല്‍ കാണാം.ഒരു റോഡിനപ്പുറം . അങ്ങ് അനന്തതയിലേക്ക് നീണ്ടു കിടക്കുന്ന കടല്‍ .അത് അത്ര അടുത്തായിട്ടു കൂടി ക്ലാസ്സിൽ നിന്നും  നോക്കുകയല്ലാതെ അതിനടുത്തെക്ക് ആരെയും ടീച്ചര്‍മാര്‍ കൊണ്ടുപോയില്ല..ആരെയും പോകാന്‍ അനുവദിച്ചുമില്ല.ആരെങ്കിലും കാണാതെ പോയാല്‍ അവിടുത്തെ ചുറ്റുവട്ടത്തെ  ആള്‍കാര്‍ വന്നു ടീച്ചറോട്  പറഞ്ഞു കൊടുക്കും.പോയ കുട്ടികളെ  എല്ലാവരുടെയും മുന്നില്‍ വെച്ച്   വഴക്ക് പറയും.ചിലപ്പോള്‍ ശിക്ഷിക്കും , മുതിർന്നവരുടെ കൂട്ടത്തിലെ കടലിനടുത്തു  പോകാവൂ എന്ന് ഉപദേശിക്കും .വീട്ടിൽ നിന്നും ഇത്തരം ഉപദേശങ്ങള്‍ കിട്ടുന്നതിനാല്‍ അത് കൂടുതല്‍ തവണ അവര്‍ക്ക് ചെയ്യേണ്ടി വരാറില്ല.എല്ലാവരും അനുസരിക്കും .

കാണുവാന്‍ ഒക്കെ ചന്തം തോന്നുമെങ്കിലും ആ പ്രായത്തില്‍ കടലിനെ   പലര്‍ക്കും പേടിയായിരുന്നു ..ദൂരെ നിന്നും നോക്കി കാണുവാന്‍ എല്ലാവർക്കും ഇഷ്ടവും.മൂന്നും നാലും കടല്‍ കാണാത്ത ക്ലാസ്സ്‌ മുറികളില്‍ ആയിരുന്നിട്ടും സ്കൂളിലേക്ക് വരുമ്പോള്‍ ദൂരെ നിന്നും  കടല്‍ കാണും.ചിലപ്പോഴൊക്കെ കൂട്ടുകാര്ക്കൊപ്പം അടുത്തു നിന്നും കടല്‍ കാണുവാന്‍ രണ്ടാം ക്ലാസ്സില്‍ പോകും.ബോട്ടുകളും തോണികളും ഒക്കെ പോകുന്നത് നോക്കിയിരിക്കും..അറ്റമില്ലാതെ നീടുകിടക്കുന്ന കടല്‍ അങ്ങിനെ നമ്മളുടെ മനസ്സില്‍ സ്ഥാനം പിടിച്ചു.എന്തെങ്കിലും അസാധാരണമായിട്ടുള്ളതു കാണുമ്പോൾ ടീച്ചർമാർ അടക്കം എല്ലാവരും  രണ്ടാം ക്ലാസ്സിലെ ജനലിനരുകിലായി സ്ഥാനം പിടിക്കും.അങ്ങിനെ അവധി ദിവസങ്ങൾ  ഒഴിച്ച് ബാക്കി ദിവസങ്ങളിലൊക്കെ കടൽ കാണും.

                                             

 (സെന്റ്‌ ജോസഫ്‌ സ്കൂൾ -തലശ്ശേരി )
ഏതാണ്ട്  മൂന്നുവശവും കടലുള്ള സെന്റ്‌ ജോസഫ്‌ ഹൈസ്കൂളിൽ ആയിരുന്നു അഞ്ചു മുതൽ.കടൽ നിരപ്പിൽ നിന്നും കുറച്ചു  ഉയരത്തിലാണ് സ്കൂൾ.അവിടുന്ന് നോക്കിയാൽ താഴെ കടല്‍ കാണാം.സ്കൂളിന് ചുറ്റും സുരക്ഷക്കായി വലിയ മതില്‍ കെട്ടിയിട്ടുമുണ്ട്.സ്കൂളിന് ഒരു ഭാഗത്ത് വലിയ ഒരു സെമിത്തേരി ഉണ്ട്.പലരും കളിയായി പറയാറുണ്ട്‌ "ഈ പിള്ളേരൊക്കെ ചെകുത്താനും കടലിനും ഇടയിലാണെന്ന് ".അവിടുത്തെ പല ക്ലാസ്സുകളും കടലിനു തൊട്ടടുത്താണ്.അങ്ങിനെ കണ്ടു കണ്ടു കടൽ മൊത്തം കുട്ടികളുടെ സുഹൃത്തായി.കടലമ്മയെ എപ്പോഴും കാണുവാൻ ,ജനലിനരുകിലെ ബെഞ്ചിൽ സ്ഥാനം പിടിക്കുവാൻ നമ്മൾ കൂട്ടുകാർ തമ്മിൽ തമ്മിൽ മത്സരിച്ചു


( ധർമ്മടം തുരുത്തു)


.ഉച്ചയൂണ് പോലും കടലിനെ നോക്കി മതിലില്‍ ഇരുന്നു കൊണ്ടായി.ഉച്ചക്ക് വിട്ടാൽ ലഞ്ച് ,ക്ലാസ്സിൽ നിന്നും കഴിക്കാതെ കടലിനടുത്തുള്ള മതിലില്‍ എല്ലാവരും സ്ഥാനം പിടിക്കും.പരുന്തും കാക്കയും മറ്റും ഭക്ഷണം അടിച്ചു മാറ്റുവാന്‍ വരൂമെങ്കിലും എല്ലാവര്ക്കും ഇഷ്ടം കടലിനോട് കിന്നാരം പറഞ്ഞു കൊണ്ട് കടല്‍ കാറ്റ് കൊണ്ട് വയർ നിറക്കുന്നതിലായിരുന്നു.ചിലപ്പോള്‍ അനുസരണയുള്ള കുട്ടിയെ പോലെ ശാന്തമായിരിക്കും ..ചിലപ്പോള്‍ കലിതുള്ളി ആഞ്ഞടിക്കുണ്ടാവും ...അപ്പോള്‍ കൊച്ചു കുട്ടികളായ നമ്മള്‍ കടലുമായി അകലം പാലിക്കും. അവിടെ  നിന്നും നോക്കിയാൽ ദൂരെ  ധർമ്മടം തുരുത്തും കാണാം .കടലിന്റെ നടുവിലായി ഒരു തുരുത്ത്. ചില ക്ലാസ്സ്കാര്‍ക്കും ഈ ദര്‍ശനം കിട്ടും.അത്  നയനമാനോഹരമാണ് .നമ്മുടെ സ്കൂളിന്റെ മൂത്രപുര പോലും താഴെ ഉള്ളിലേക്ക് ഇറങ്ങി ചെന്ന് കടലിനടുത്തായിരുന്നു.അവിടെ നിന്നും മൂത്രം ഒഴിക്കുമ്പോൾ കടലിന്റെ ഇരമ്പം അടുത്തു കേൾക്കാം .നമ്മള്‍ ഒരു ഗുഹയില്‍ പെട്ടതുപോലെ തോന്നും.ചിലപ്പോള്‍ ഭയപെടുത്തുമെങ്കിലും അതൊരു രസമായിരുന്നു.

ഉച്ചക്ക് ശേഷമുള്ള പല ക്ലാസ്സിലും എനിക്ക് അടക്കം പലർക്കും  ഉറക്കം വരും.വയറു നിറഞ്ഞു കടൽകാറ്റു  കൊണ്ടിരിക്കുമ്പോൾ കണ്ണുകള്‍ താനേ അടഞ്ഞു പോകും.അധികവും ഉണര്‍ത്തുന്നത് ടീച്ചറുടെ ചോക്കിന്റെ കഷ്ണങ്ങള്‍ കൊണ്ടുള്ള ഏറുകൾ ആയിരിക്കും.കമല ടീച്ചറുടെ (സ: പിണറായിയുടെ ഭാര്യ )എഴാം ക്ലാസ്സിലാണ് എനിക്ക് കടലിനടുത്തുള്ള സീറ്റ്‌ കിട്ടിയത്.ടീച്ചറുടെ ക്ലാസ് ആണെങ്കിൽ ചില ദിവസങ്ങളിൽ രാവിലെയും ചിലപ്പോൾ ഉച്ച കഴിഞ്ഞും കാണും.രാവിലത്തെ  ക്ലാസ്സിൽ മാന്യന്മാർ ആയ പലർക്കും  ഉച്ച കഴിഞ്ഞ ക്ലാസ്സിൽ ടീച്ചറുടെ ചോക്കുകൊണ്ടുള്ള ഏറു കിട്ടാതെ പോകാറില്ല.ഒന്നുകിൽ ഉറങ്ങി പോകും അല്ലെങ്കിൽ കടലിനെ നോക്കി ഇരിക്കും.അപ്പോൾ എന്നെ അടക്കം പലരെയും അവിടുന്ന്  ടീച്ചർ  മാറ്റി ഇരുത്തും..ഇതിനൊക്കെ കാരണം കടലിന്റെ സംഗീതം തന്നെ ...അത് നമ്മളെ ലയിപ്പിച്ചു കളയും.,ചിലപ്പോൾ കടൽ കാറ്റ് നമ്മെ  ഉറക്കത്തിലേക്കു കൂട്ടി കൊണ്ടുപോകും..പിന്നെ പിന്നെ ഞാൻ ഉച്ച കഴിഞ്ഞാൽ  അവിടുന്ന് സ്വമേധയാ മാറി ഇരിക്കും..നമ്മളുടെ പല മാഷന്മാരും കടല്‍ പോലെതന്നെ ആയിരുന്നു.ചിലപ്പോള്‍ ശാന്തമായും ചിലപ്പോള്‍ കോപിച്ചുകൊണ്ടും  ...പക്ഷെ എപ്പോഴും ശാന്തമായി ഉള്ള കടല്‍ ആയിരുന്നു ജയന്‍ മാഷ്‌...മറ്റു പലരുടേയും  സ്വഭാവം കടല്‍ പോലെ  മാറി മാറി വന്നെങ്കിലും ജയന്മാഷ്‌  എല്ലായ്പോഴും ശാന്തസമുദ്രമായിരുന്നു.
                                                               (തലശ്ശേരി കടൽ പാലം )

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ കടലും ഞാനും തമ്മിൽ അകന്നു.കാണുന്നത് തന്നെ വല്ലപ്പോഴുമായി.എങ്കിലും ഇടയ്ക്കു കടല്പാലവും കടലും കാണും.മാർകറ്റിൽ പോകുമ്പോഴോ ജനറൽ ആശുപത്രിയിൽ പോകുമ്പോഴോ മറ്റോ ..അങ്ങിനെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രം.ദിവസേന കണ്ടു കണ്ടു അതിൽ വലിയ ത്രിൽ ഇല്ലാതെ പോയതോ എന്തോ ...കടലിനെ മടുത്തു തുടങ്ങിയിരുന്നു.അല്ലെങ്കിൽ പഠിക്കുക എന്തെങ്കിലും ജോലി നേടുക എന്ന നെട്ടോട്ടത്തിനിടയിൽ സൗകര്യ പൂർവ്വം അവഗണിച്ചു.
                                                     

പിന്നെ ജോലിക്കുവേണ്ടി നാട് വിട്ടപ്പോൾ ആണ്  കടല്‍ പൂര്‍ണമായും എന്നില്‍ നിന്നും അകന്നത്.ബംഗ്ലൂര്‍ എത്തിയപ്പോള്‍ കടലിന്റെ വില ശരിക്കും അറിഞ്ഞു.മീന്‍ ഇല്ലാതെ(നവമി  പൂജ സമയത്തു ഒഴിച്ചു )ഊണ് കഴിക്കാതിരുന്ന നമ്മള്‍ തലശ്ശേരികാര്‍ വെറും പച്ചകറി മാത്രം കൂട്ടി മനസ്സില്ലാമനസ്സോടെ കുറേകാലം ഭക്ഷണം കഴിച്ചു.അപ്പോൾ ഞാൻ കടലിന്റെ വില അറിഞ്ഞു വരികയായിരുന്നു.കടലിനെ കുറിച്ച് കേട്ടതല്ലാതെ ബംഗ്ലൂരിലെ പല കൂട്ടുകാരും അത് നേരിട്ട് കണ്ടിരുന്നില്ല.അവർ കടലിനെ കുറിച്ച് പലതും അറിഞ്ഞു വെച്ചിട്ടുണ്ടായിരുന്നു .ജീവിതത്തിലെ അവരുടെ പലരുടെയും  വലിയ ഒരാഗ്രഹമായിരുന്നു അടുത്തു നിന്നും കടൽ കാണുക എന്നത്.ഇവർകൊക്കെ  എന്തിന്റെ വട്ട്  എന്നാണ് അവരുടെ ആഗ്രഹം കേട്ടപ്പോൾ ആ സമയത്ത് തോന്നിയത്.അവര്‍ക്ക് അടുത്തുള്ള കടൽപ്പുറം എന്ന് പറയാന്‍ ചെന്നൈ ആണ് .അത് ആണെങ്കില്‍ അവിടുന്ന് ഭയങ്കര ദൂരവും.(ഈ കാലത്ത്  അഞ്ചു അഞ്ചര മണിക്കൂര്‍ മതി )

ഒരിക്കല്‍ ഒരു കല്യാണത്തിനു പങ്കെടുക്കുവാന്‍ നാട്ടില്‍ വന്ന ബംഗ്ലൂര്‍ കൂട്ടുകാരെ  കടല്‍ കാണിക്കുവാന്‍ കൊണ്ടുപോയപ്പോഴാണ്  അവർക്കൊക്കെ  കടല്‍ എന്താണെന്ന്  എനിക്ക് മനസ്സിലാക്കുവാനായത്. അവരില്‍ പലര്‍ക്കും അത് അതിശയമായിരുന്നു .വിസ്മയമായിരുന്നു.."ഈ കടല്‍ കാണിച്ചു തന്ന നിന്നെ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല "എന്ന് അവര്‍ പറഞ്ഞപ്പോള്‍ എനിക്ക് എന്റെ മനസ്സില്‍ ചെറുതായികിടന്ന കടലിന്റെ വലിപ്പം മനസ്സിലായി.പിന്നെ ഞാന്‍ കടലിനെ സ്നേഹിച്ചു കൊണ്ടിരുന്നു.അവസരം കിട്ടുമ്പോള്‍ ഒക്കെ കടലിന്റെ സൌന്ദര്യം ആസ്വദിച്ചു..മൂന്ന് കടല്‍ കൂടിച്ചേരുന്ന കന്യാകുമാരി അത് കൊണ്ട് തന്നെ പ്രിയപ്പെട്ടതായി .

പിന്നെ ജീവിതത്തിന്റെ  പല വഴികളില്‍  പലപ്പോഴായി ബോട്ടിലും കപ്പലിലും ഒക്കെ പല സ്ഥലത്തെ കടലിനുള്ളിലേക്കും  ചെന്നു കടലിനെ  ആസ്വദിക്കുവാന്‍ ഭാഗ്യം ഉണ്ടായി.പല സ്ഥലത്തും പല പേരിലാണെങ്കിലും കടല്‍ അതൊന്നു മാത്രം....ചിലപ്പോള്‍ ശാന്തമായും ചിലപ്പോള്‍ കോപിച്ചും നമ്മെ വിസ്മയിപ്പിക്കുന്ന  കടല്‍ .നമ്മെ വിനോദിപ്പിക്കുന്ന കടല്‍.

ഇന്നും നാട്ടില്‍ പോയാല്‍ മോന് കടൽ പാലം കാണണം അല്ലെങ്കിൽ കടപ്പുറത്ത് പോയി തിരമാലകൾകൊപ്പം കളിക്കണം.എത്ര നിർബന്ധിച്ചാലും തിരിച്ചു വരില്ല. ദെഷ്യപെട്ടു ഒച്ചയെടുത്തു കൂട്ടി കൊണ്ടുവരണം. ഇപ്പോൾ നാട്ടില്‍ കടല്‍ കൂടുതല്‍ ആകര്‍ഷണീയമാണ് ..ഡ്രൈവ് ഇന്‍ ബീച്ചും ഒവര്‍ബരീസ്‌ ഫോളിയുമൊക്കെ ഉള്ള തലശ്ശേരിയിൽ ഇന്ന്  കാഴ്ചകൾക്ക് ഒരു പഞ്ഞവുമില്ല. ടൂറിസം വളര്‍ന്നു വളര്‍ന്നു ദിവസേന മാറ്റങ്ങള്‍ ഉണ്ടാകുന്നു അല്ലെങ്കില്‍ അവര്‍ ഉണ്ടാക്കുന്നു..അത് കൊണ്ട് തന്നെ ഇന്ന് കാണുന്ന കടപ്പുറം അല്ല കുറച്ചു ദിവസങ്ങൾ കഴിഞ്ഞാല്‍ ...അത് ഓരോ തവണ ചെല്ലുമ്പോഴും വലിയ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി നമ്മളെ കൊതിപ്പിക്കുകയാണ് ,ആകർഷിക്കുകയാണ് ...കടലിനെ സ്നേഹിക്കുവാന്‍ ....അടുത്തറിയാന്‍...കടലിന്റെ മഹത്വം മനസ്സിലാക്കുവാന്‍...ചിലത് അങ്ങിനെയാണ് ,മുറ്റത്തെമുല്ലപോലെ ...ദിവസേന കാണുന്ന അടുത്തറിയുന്ന അതിന്റെ സൌന്ദര്യമോ സൌരഭ്യമോ  നമുക്ക് മനസ്സിലാക്കുവാന്‍ കഴിയില്ല ..ആരെങ്കിലും അത് ചൂണ്ടി കാണിക്കും വരെ.. .അല്ലെങ്കിൽ അതിനെ ആരെങ്കിലും പ്രശംസിക്കും വരെ ...തലശ്ശേരി ഡ്രൈവ്  ഇൻ  ബീച്ചും അങ്ങിനെ മറ്റുള്ളവർ കണ്ടു പിടിച്ചതാണ്.കേരളത്തിലെ ഒരേ ഒരു ഡ്രൈവ് ഇൻ  ബീച്ച് ഇന്ന് പ്രശസ്തിയുടെ പാതയിലാണ് .
നമ്മുടെ നാട്ടില്‍ തന്നെ ഇത്തരം മനോഹരമായ അനേകം കടപ്പുറം ഉണ്ട് .അനേകം കടൽ കാഴ്ചകൾ ഉണ്ട് . ചെത്തിമിനുക്കിയ അനേകം ബീച്ചുകള്‍ ഉണ്ട് .പക്ഷെ നമ്മള്‍ അതൊന്നും ആസ്വദിക്കാതെ വേറെ സ്ഥലങ്ങളില്‍ പോയി അവിടുത്തെ കടല്‍ ആസ്വദിച്ചു അവിടുത്തെ വിശേഷങ്ങള്‍ വിളമ്പും.അവയെ പ്രകീർത്തിക്കും .നമ്മുടെ നാട്ടിലെ കടൽ കാഴ്ചകൾ ,സൌന്ദര്യങ്ങൾ  മുറ്റത്തു നട്ടു വളർത്തിയ പോലെ ആരാലും തിരിഞ്ഞു നോക്കാതെ കിടക്കും.

-പ്രമോദ്‌ കുമാര്‍.കെ.പി 

Friday, August 9, 2013

ആരാണ് മണ്ടന്‍ -4

       നമ്മള്‍ ഒക്കെ സ്കൂളില്‍ പഠിക്കുന്ന സമയം.അക്കാലത്ത് .ടി.വി ഒന്നും നമ്മുടെ നാട്ടില്‍ അത്ര പ്രചാരത്തിലായിട്ടില്ല .ക്രിക്കറ്റ്  ഒക്കെ തത്സമയം ടി.വി യിൽ വരുവാൻ തുടങ്ങി .ടി.വി ആണെങ്കിൽ നാട്ടില്‍ തന്നെ ഒന്നോ രണ്ടോ വീട്ടില്‍ മാത്രം.ഷംസുവിന്റെ വീട്ടിൽ ടി.വി ഉണ്ട് .പക്ഷെ അവന്റെ ഉപ്പാപ്പ ഉണ്ടെങ്കിൽ കളി  കാണൽ നടക്കില്ല .പോരാത്തതിന് ഷംസുവിനു ക്രിക്കറ്റിൽ താല്പര്യവും ഇല്ല .ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള വായനശാലയില്‍ ടി.വി ഉണ്ട്.അത് നമ്മുടെ ഷംസുവിന്റെ ഉപ്പ സ്പോണ്സര്‍ ചെയ്തതാണ് .ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ടി.വി ആണ് ..നമ്മള്‍ ടി.വിയിൽ   പരിപാടി കാണുവാന്‍ അവിടംവരെ പോകും.അധികവും ക്രിക്കറ്റ് മാത്രം കാണുവാനാണ് പോകാറുള്ളത് .രാവിലെ തുടങ്ങിയാല്‍ വൈകുന്നേരം വരെ ഉള്ള വന്‍ഡേ മാച്ച് ആണ് ടി.വി യില്‍ വരാറുള്ളത് .അതും ഇന്ത്യയുടെ കളി മാത്രം.ആദ്യ ടീം ബാറ്റു ചെയ്തു ശേഷമുള്ള ഗ്യാപ്പില്‍ നമ്മളും ഊണ് കഴിക്കാന്‍ ഓടും.തുടങ്ങും മുന്നേ മടങ്ങി എത്തും .

ടി.വി ഓപററ്റു  ചെയ്യുവാൻ കമ്മിറ്റി ഒരാളെ വെച്ചിട്ടുണ്ട് .അവനു ആൾകാർ കൂടുന്ന ഇത്തരം ദിവസങ്ങളിൽ ഭയങ്കര ഡിമാണ്ട്  ആണ്.അവൻ കളി തുടങ്ങുന്ന സമയം ആകുമ്പോൾ ടി.വി.വെക്കാതെ മുങ്ങും.നമ്മൾ തേടി പിടിച്ചു ചായകടയിൽ നിന്നോ മറ്റോ കൊണ്ടുവരും.ഉച്ചക്ക്  വീട്ടിലേക്കു പോയാലും വരാതെ അവൻ അവിടെ ഇരുന്നു കളയും ...നമ്മൾ ആരെങ്കിലും പോയാൽ മാത്രം വരും.അവനെ ആനയിച്ചു കൊണ്ടുവരണം.നമ്മളും അവനെ പിണക്കില്ല ..അവൻ ടി.വി വെച്ചില്ലെങ്കിലോ ..അവൻ അത് അങ്ങിനെ നല്ലവണ്ണം ആസ്വദിക്കുന്ന സമയം ....ഒരു ദിവസം ഇന്ത്യയുടെ ബാറ്റിംഗ് ആണ് ഉച്ച കഴിഞ്ഞു. കളി തുടങ്ങേണ്ട സമയം ആയിട്ടും ഇവനെ കാണുനില്ല .അവൻ ആണെങ്കിൽ ആരെങ്കിലും ചെന്ന് വിളിക്കാൻ വേണ്ടി വീട്ടിൽ കാത്തു നില്ക്കുന്നു.പക്ഷെ ആരും പോയില്ല .കുറെ കഴിഞ്ഞു അവൻ വന്നു നോക്കുമ്പോൾ എല്ലാവരും കളി കാണുന്നു.അവൻ ആകെ ചമ്മി പോയി.

"ആരാട ടി.വി ഓണ്‍ ചെയ്തത് ?" അയാൾ കോപത്തോടെ ചോദിച്ചു.

"ഞാനാ  ..."ഷംസു എഴുനേറ്റു കൊണ്ട് പറഞ്ഞു ..

"എന്റെ അനുവാദം ഇല്ലാതെ ഓണ്‍ ചെയ്യാൻ നിന്റെ അപ്പന്റെ സ്വത്താണോട .."

"അതെ എന്റെ ഉപ്പ വായനശാലയ്ക്ക് കൊടുത്തതാണ് ..  സംശയം  ഉണ്ടോ ?."അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.അയാൾക്ക്‌ ആ കാര്യം അറിയില്ലായിരുന്നു.അകത്തുനിന്നും ആരോ വന്നു അയാളുടെ ചെവിയിൽ എന്തോ പറഞ്ഞു.അയാൾ ഇളിഭ്യനായി പോയി.വായനശാല എന്നുപോലും ആലോചിക്കാതെ ഞങ്ങൾ ഒക്കെ ഉറക്കെ കൂവി.എല്ലാവരുടെയും കൂവികേട്ട്  അയാള്  അവിടുന്ന്  മുങ്ങി. അന്നുമുതൽ ടി.വി വെക്കാൻ അയാളെ തിരഞ്ഞു പോകേണ്ടി വന്നിട്ടില്ല.ക്രിക്കറ്റിൽ താല്പര്യം ഇല്ലാത്ത ഷംസുവിനെ  ആരൊക്കെയോ ചേർന്ന് നിർബന്ധിച്ചു കൂട്ടി കൊണ്ട് വരികയായിരുന്നു.അയാൾക്ക്‌ പണി കൊടുക്കുവാൻ വേണ്ടി മാത്രം.

താല്പര്യം ഇല്ലാത്ത അവൻ കളിയിൽ  ഒന്നും ശ്രദ്ധിക്കുനില്ല ..ഇടയ്ക്കു പുറത്തുപോകും വരും...ഒരു പ്രാവശ്യം വന്നപ്പോൾ ചോദിച്ചു

"കളി എന്തായി ?"

"ഇന്ത്യ തോല്ക്കുവാൻ പോകുന്നു "

അവൻ കുറച്ചു സമയം കളി നോക്കി കണ്ടു  .പിന്നെ ഉച്ചത്തിൽ പറഞ്ഞു

"എങ്ങിനെ തോൽക്കാതിരിക്കും ..അവർ പത്തു പതിനൊന്നുപേർ കളിക്കുന്നു ..നമ്മൾ ആണെങ്കിൽ രണ്ടു പേരും ..ബാക്കി പഹയൻമാർ ഒക്കെ എവിടെ ..എല്ലാറ്റിനോടും വന്നു കളിക്കാൻ പറ ..   എന്നാൽ ചിലപ്പോൾ നമ്മൾ ജയിക്കും "

ഇന്ത്യയുടെ ബാറ്റിംഗ് ആയിരുന്നു  അപ്പോൾ. കളി അറിയാത്ത അവന്റെ കമന്റ് .

ആ  ഹാളിലുള്ളവർ ഒക്കെ അവന്റെ മണ്ടത്തരം കേട്ട് കളിയാക്കി ചിരിച്ചുവെങ്കിലും അത് എന്തിനാണെന്ന് അവനു  അപ്പോൾ മനസ്സിലായില്ല.തിരിച്ചു പോകുമ്പോൾ അവൻ അതിന്റെ കാരണം നമ്മൾ ചങ്ങാതിയോട്‌ അന്വേഷിക്കുന്നുണ്ടായിരുന്നു.

വർഷങ്ങൾ കഴിഞ്ഞു.ഷംസു  പഠിച്ചു കൊണ്ടിരിക്കുന്ന  സമയം ..അവന്റെ ഉപ്പാക്ക് എങ്ങിനെ എങ്കിലും അവനെ ഗൾഫിൽ എത്തിക്കണം.അവിടെ ബിസിനസ്സിൽ സഹായിക്കാൻ  ഒരാൾ വേണം.അവന്റെ ഉപ്പ മുൻപേ കൊണ്ട് പോയവർ ഒക്കെ പലവിധത്തിൽ അയാളെ പറ്റിച്ചു.അത് കൊണ്ടാണ് ഷംസുവിനെതന്നെ കൊണ്ട് പോകുവാൻ തീരുമാനിച്ചത്.പഠിത്തം നിറുത്തി പോകുവാൻ അവനു വലിയ താല്പര്യം ഇല്ലെങ്കിലും മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു.പോകുന്നതിന്റെ തലേ ദിവസം അവനു നമ്മൾ കൂട്ടുകാരൊക്കെ ചേർന്ന് ഒരു പാർട്ടി കൊടുത്തു.നമ്മൾ ഒക്കെ അവനെ കുറിച്ച് നല്ലത് മാത്രം പറഞ്ഞു നല്ല യാത്ര ആശംസിച്ചു .
അവസാനം പോകുമ്പോൾ എല്ലാവരോടുമായി അവൻ പറഞ്ഞു

"എന്റെ ദേഹവിയോഗത്തിൽ നിങ്ങൾക്ക്  വിഷമം ഉണ്ടാകും  എന്നറിയാം...എന്നാലും പോകാതിരിക്കാൻ കഴിയില്ല  ".

പിറ്റേന്ന് വൈകുന്നേരമാണ് ഫ്ലൈറ്റ് .അവനെ യാത്ര അയക്കാൻ നമ്മൾ രണ്ടു കൂട്ടുകാരും ഒപ്പം കൂടി.അവന്റെ മാമനും ഉപ്പാപ്പയും കൂടി കൂട്ടത്തിൽ  ഉണ്ട്. യാത്ര തുടങ്ങി വടകര കഴിഞ്ഞു കാണും.മാമൻ പെട്ടെന്ന് എന്തോ ഓർത്തത്‌ പോലെ ചോദിച്ചു

"മോനെ ഷംസു ..ടിക്കറ്റും പാസ്പോർട്ടും ഒക്കെ എടുത്തിട്ടുണ്ടല്ലോ അല്ലെ "

'ടിക്കറ്റ്  എടുത്തു ..പാസ്പോര്ട്ട്  ഫോട്ടോസ്റ്റാറ്റ്  ഉണ്ട് "

'ഫോട്ടോ സ്റ്റാറ്റോ ?"

"അതെ ..മാമനല്ലേ ഇന്നലെ പറഞ്ഞത് ..പാസ്പോർട്ട്  സൂക്ഷിച്ചു വെക്കണം .. പുറത്തു പോകുമ്പോൾ
ഫോട്ടോസ്റ്റാറ്റ് മാത്രമേ കയ്യിൽ കരുതാവൂ എന്ന് "

മാമനു  ഉത്തരം മുട്ടിപോയി.ഇവനോട് എന്ത് പറയാൻ ?കാറ് നിറുത്തിച്ചു.എന്തായാലും ഒരു വഴിക്ക് പോകുന്നത് കൊണ്ട് മടങ്ങി പോകേണ്ട എന്ന് തീരുമാനിച്ചു.മാമൻ ആരെയോ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു.അവർ അതെടുത്തു വന്നോളാം എന്നും അറിയിച്ചു.

"മാമൻ ആരെയാ വിളിച്ചത് ?"

"ബേജാരാകേണ്ട ..ഇനിയും ഇഷ്ടം പോലെ സമയം ഉണ്ട് ..ലത്തീഫ് കൊണ്ടുവരും "

'എന്തിനാ മാമ അവനെ വെറുതെ മിനക്കെടുത്തുന്നത് ....എന്റെ ഉപ്പയുടെ  അഡ്രസ്സിൽ കൊറിയർ ചെയ്യാൻ പറ "

അവന്റെ അങ്ങിനത്തെ മറുപടി ആരും പ്രതീക്ഷിച്ചില്ല ,മാമന്റെ പ്രതികരണവും ..മാമൻ ഒരൊറ്റ അടിയായിരുന്നു.ഷംസു മുഖം പൊത്തിപിടിച്ചു കരഞ്ഞു....കയ്യെടുക്കുംബോൾ  അവിടമാകെ ചുവന്നു തുടുത്തിട്ടുണ്ടായിരുന്നു.ലത്തീഫ് വരുംവരെ നമ്മൾ അവിടെ കാത്തു നിന്നു.പിന്നെ എയർപോർട്ട് വരെ ആരും സംസാരിച്ചില്ല .അവൻ തല കുനിച്ചിരുന്നു.

ഗൾഫിൽ പോയ ഷംസുവിനു വെച്ചടി വെച്ചടി കയറ്റമായിരുന്നു.അത് ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു.പലപ്പോഴും ഷംസുവിനെ കുറിച്ചോർക്കുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്

"മാമന്റെ ആ  അടി ആയിരിക്കുമോ അവന്റെ മണ്ടൻ സ്വഭാവം മാറ്റിമറിച്ചിരിക്കുക ? "

ആവോ  ആർക്കറിയാം ?


കഥ :പ്രമോദ് കുമാർ .കെ.പി

അവന്റെ കൂടുതൽ വിശേഷങ്ങളുമായി ഇനിയും വരാം,പഴയ വിശേഷങ്ങൾ അറിയുവാൻ


http://promodkp.blogspot.in/2012/12/blog-post.html
http://promodkp.blogspot.in/2013/07/2.html
http://promodkp.blogspot.in/2013/07/3.html

Wednesday, August 7, 2013

ഒരു പെരുന്നാള്‍ ദിവസം .

"ഹോ ...ഈ അലാറം ഉറക്കം നശിപ്പിച്ചു ..സാധാരണ ലീവ് ആണെങ്കില്‍ തലേന്ന് തന്നെ അത് ഓഫ്‌ ചെയ്തു വെക്കാരുള്ളതാണ് ..ഇന്നലെ അത് മറന്നിരിക്കാം ,എന്തായാലും ഉറക്കം പോയി "

എന്നാലും കിടക്കയിൽ നിന്നും എഴുനെല്‍ക്കുവാന്‍ തോന്നിയില്ല ..ഒന്നുകൂടി പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.ഇന്ന് പെരുന്നാള്‍ ആണ് .പക്ഷെ പാവപെട്ട പ്രവാസിക്ക് എന്ത് പെരുന്നാള്‍ ?അവനു എല്ലാ ദിവസവും പോലെ തന്നെ ഈ ദിവസവും..ലീവ് ആയതുകൊണ്ട് ജോലിക്ക് പോകേണ്ടെന്നു മാത്രം.ഭൂരിഭാഗം പ്രവാസികളുടെ സന്തോഷവും  ജീവിതവും ഉത്സവവും  ഒക്കെ നാട്ടില്‍ മാത്രമേ ഉള്ളൂ .അയാള്‍ അവിടുന്ന് പുറപ്പെടുമ്പോള്‍ പലരും അതൊക്കെ അവിടെ ഉപേക്ഷിച്ചു വരികയാണ്.പിന്നെ ഇവിടെ ഒരു യന്ത്രം പോലെ .....പിന്നെ ഓരോരോ ദിവസങ്ങള്‍നാട്ടിലെ നല്ല ഓര്‍മ്മകള്‍ കിനാവ്‌ കണ്ടു തള്ളിനീക്കുന്നു .അടുത്ത അവധിക്കുവേണ്ടി കാത്തിരിക്കുന്നു.പക്ഷെ അവധി കിട്ടിയാലും സാമ്പത്തിക സ്ഥിതി പലപ്പോഴും നാട്ടിലേക്ക് വിടാറില്ല..ഇവിടെ തന്നെ പിടിച്ചു നിര്‍ത്തും. മറ്റുള്ളവര്‍ക്ക് വേണ്ടി പല ജോലിയും സ്വയം ചെയ്യേണ്ടിവരുന്ന ഒരു കൂട്ടം ഹതഭാഗ്യര്‍.അതാണ്‌ പല പ്രവാസികളും .പലപ്പോഴും വിചാരിക്കാറുണ്ട് ഒരു തിരിച്ചു പോക്കിനായി ..പക്ഷെ കഴിയുനില്ല ..ഓരോരോ പ്രശ്നങ്ങള്‍ എന്നെ ഇവിടെ തന്നെ തളച്ചിടുന്നു.

അരുതാത്ത പ്രവർത്തികൾക്ക് പോയി കടം കയറി മുങ്ങി താണ ഹംസ ഹാജി എന്ന ഉപ്പയെ രക്ഷിക്കുവാന്‍ വേണ്ടി കടല്‍ കടന്നു.ഒരു വിധം കരകയറി എന്ന് വിചാരിച്ചപ്പോള്‍ കാന്‍സറിന്റെ രൂപത്തില്‍ ഉമ്മയുടെ മേല്‍ പടച്ചോന്റെ വിളയാട്ടം.കടങ്ങള്‍ കുറെ ബാക്കിയാക്കി ഉമ്മ എല്ലാവരെയും വിട്ടുപോയി ...പിന്നെ കടം വീടുവാന്‍, വീട് പുലര്‍ത്തുവാന്‍ ഇവിടെ തുടരേണ്ടി വന്നു.രണ്ടു സഹോദരിമാരെയും നിക്കാഹ് ചെയ്തു അയച്ചപ്പോഴെക്കും നടുവ് ഒടിഞ്ഞിരുന്നു..പെട്ടെന്ന് നിവരാന്‍ പറ്റാത്തവിധം ..അതോ .ഒരിക്കലും നിവരാൻ പറ്റാത്തവിധമോ ?

സ്വന്തമായ ഒരു ജീവിതം വേണം എന്ന തോന്നലുകള്‍ പോലും ഉണ്ടായില്ല.പക്ഷെ പലരുടെയും നിര്‍ബന്ധം കൂടിയപ്പോള്‍ സുഹിന ജീവിതത്തിലേക്ക് കടന്നുവന്നു.കല്യാണം കഴിക്കേണ്ട പ്രായം ഒക്കെ കഴിഞ്ഞിരുന്നു ..എന്നിട്ടും സുന്ദരിയായ യുവതി ജീവിതത്തിലേക്ക് കടന്നു വന്നത് അവളുടെ വീട്ടിലെ പ്രാരാബ്ധങ്ങള്‍ കൊണ്ട് മാത്രം...പാവം ആയിരുന്നു അവള്‍ .എല്ലാവരെയും അനുസരിക്കാന്‍ മാത്രം അറിയുന്ന പച്ച പാവം.ഇപ്പോഴും തനിക്കുവേണ്ടി പലതും സഹിച്ചു കഴിയുന്നു.പാവപെട്ട പ്രവാസിയുടെ ഭാര്യ ആയത് കൊണ്ട് മാത്രം ജീവിതം ഹോമിക്കപെട്ട അനേകം സ്ത്രീകളില്‍ സുഹിനയും ഉള്‍പ്പെടും.പത്തു പണ്ട്രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ഒന്നിച്ചു നിന്നത് ചുരുക്കം ചില മാസങ്ങള്‍ മാത്രം.രണ്ടോ മൂന്നോ വര്ഷം കൂടുമ്പോള്‍ ഒന്നോ ഒന്നര മാസമോ ലീവ് കിട്ടും.അത് മതിയായിരുന്നു തനിക്കും ...കൂടുതല്‍ അവധിദിവസങ്ങള്‍ ഉണ്ടായാല്‍ വരുമാനം കുറയും നാട്ടില്‍ നില്‍ക്കുവാനുള്ള ചിലവ് വേറെയും...കടങ്ങള്‍ തലയ്ക്കു ചുറ്റുമുള്ള സാധാരണ പ്രവാസിക്ക് നെഞ്ചില്‍ എപ്പോഴും തീയാണ് ..അവനു സന്തോഷങ്ങള്‍ പുറമേ മാത്രമേ ഉള്ളൂ ...അവനെ സ്നേഹിക്കുന്നവരെ വിഷമിപ്പിക്കാതിരിക്കുവാന്‍ അവന്‍ എപ്പോഴും സന്തോഷം അഭിനയിക്കുകയാണ്.നാട്ടുകാരുടെ ഇടയില്‍ വലിയ പുള്ളി ആയിരിക്കും.പക്ഷെ കടം വാങ്ങിയാണ് നാട്ടില്‍ നില്‍ക്കുന്നത് എന്ന സത്യം ആര്‍ക്കും അറിയില്ല ആരെയും അറിയിക്കാറില്ല എന്നതാണ് സത്യം..ഈ അഭിനയം തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി ...നിര്‍ത്താമെന്നു വിചാരിച്ചാലും നടക്കില്ല ..അത്രയധികം ബാധ്യതകള്‍ തന്നെ മൂടിയിരിക്കുന്നു.അത് ചുറ്റും നിന്നും തന്നെ ആക്രമിക്കുന്നു.

എന്തായാലും ഒന്ന് വീട്ടിലേക്കു വിളിക്കാം .പെരുന്നാള്‍ അല്ലെ ..ജാംശീര്‍ മോനെ ഇന്നലെ വിളിച്ചപ്പോള്‍ കിട്ടിയതുമില്ല .അവന്‍ കളിയ്ക്കാന്‍ പോയിരുന്നു.മെല്ലെ പുതപ്പിനുള്ളില്‍ നിന്നും അയാള്‍ പുറത്തേക്കിറങ്ങി.ഉപ്പയാണ് ഫോണ്‍ എടുത്തത്.

"ഇഞ്ഞി  ഇന്നലെയല്ലട ബിളിച്ചത് ബലാലെ ...പിന്നെ ഇന്ന് ബീണ്ടും ..കായി വെറുതെ പോകില്ലെട ഹമുക്കെ ...കടമകൾ മറക്കണ്ടാ ...."

"ഉപ്പ ..ഇന്നലെ മോനെ കിട്ടിയില്ല അതോണ്ട .."

ഉപ്പയുടെ കടം വീട്ടാനാണ് ഞാൻ ഇവിടേയ്ക്ക് വന്നത്.പിന്നെ പലതും ഉപ്പ തന്നെ തലയിലേക്ക് വെച്ച് തന്നു.താൻ എതിരൊന്നും പറഞ്ഞില്ല .എല്ലാം എന്റെ കടമകൾ ആയി കരുതി.എന്നിട്ട് ഉപ്പ ഇപ്പോൾ തന്നെ ഉപദേശിക്കുന്നു.പണം നശിപ്പിക്കാതിരിക്കാൻ ...കടമകൾ മറക്കാതിരിക്കാൻ ജാംശീര്‍ മോന്റെ ശബ്ദം മറുതലക്കു  വന്നപ്പോൾ കണ്ണുകൾ തുടച്ചു .

"ഉപ്പ എപ്പോഴാ വരിക ?' അവന്റെ സ്ഥിരം ചോദ്യം .

"വരാം മോനെ ..മോന്റെ  സ്കൂൾ  അടക്കുമ്പോൾ വരാം "

"എന്നിട്ട് നമുക്ക് വണ്ടർലയിൽ പോകണം ...എന്റെ കൂട്ടുകാര്  ഒക്കെ പോയി വന്നു ..."

"ങ്ഹാ ..പോകാം മോനെ ..." കളവാണ് പറയുന്നത് എന്നറിഞ്ഞിട്ടും പറയേണ്ടി വന്നു.സ്കൂൾ അടക്കുന്ന സമയത്ത് ലീവ്  കിട്ടാൻ സാധ്യതയില്ല .പക്ഷെ അവനെ വിഷമിപ്പിക്കേണ്ട എന്ന് കരുതി..

"ഉപ്പ ..ഇന്ന് പെരുന്നാൾ  അല്ലെ ..ഞാൻ പുതിയ ഉടുപ്പാണ് ഇട്ടിരിക്കുന്നത്...ഇപ്പൊ പള്ളീൽ പോയി വന്നിട്ടേ ഉള്ളൂ ...ഉപ്പ പള്ളീല്‍ പോയോ ?ഉപ്പയും പുത്തൻ ഉടുപ്പാണോ ഇട്ടിരിക്കുന്നത് .."

ഒരു കരച്ചിൽ തൊണ്ടയിൽ കുരുങ്ങി ..വീണ്ടും കള്ളം പറഞ്ഞു.

"അതെ .പുത്തന്‍ ഉടുപ്പാ ....."വെറുതെ എന്റെ പഴകിയ കുപ്പായത്തിലേക്ക് നോക്കി പോയി.

"ഉമ്മ ബിരിയാണി ഉണ്ടാക്കുകയ .....ഉപ്പക്കും ഇന്ന് ബിരിയാണി തന്നെയല്ലേ ?"

"ങ്ങും " കളവുകള്‍ പറയുന്നത് കൂടി വന്നു.

പിന്നെയും അവൻ ഓരോരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു .അവന്റെ കൂട്ടുകാരെ കുറിച്ചും സ്കൂളിലെ കാര്യങ്ങളും ഒക്കെ...കാര്യം ഒന്നുമില്ലെങ്കിലും അവനു അതൊക്കെ ഭയങ്കര സംഭവങ്ങൾ തന്നെ ആയിരുന്നു.പിന്നില്‍ നിന്നും ഉപ്പയുടെ ശബ്ദം കേട്ട് തുടങ്ങി.അതടുത്തടുത്തു വന്നു .പെട്ടെന്ന് ഫോണ്‍ കട്ട് ആയി.ഉപ്പ ചെയ്തതായിരിക്കാം.എന്റെ പണം പോകരുതല്ലോ .

പെരുന്നാൾ ദിനം ആണ്.ഒന്നിനും ഒരു താല്പര്യം തോന്നുനില്ല.രാവിലെ തന്നെ പള്ളിയിലെങ്കിലും പോകേണ്ടതായിരുന്നു.പക്ഷെ അത് കൂടി താൻ മുടക്കുന്നു.എന്ത് പറ്റി തനിക്ക് ?ഇങ്ങിനെ ഇതുവരെ ഉണ്ടായിട്ടില്ല.പെരുന്നാൾ ദിവസം ഇവിടെ എനിക്ക് ഒരിക്കലും ആഘോഷവും ഒന്നും ഉണ്ടാകാറില്ലെങ്കിലും നിസ്കാരം കൃത്യമായി ചെയ്യാറുണ്ട്.പക്ഷെ ഇന്ന് ...അതും മുടങ്ങുന്നു ....വീണ്ടും കട്ടിലിലേക്ക്  ചാഞ്ഞു ..

മനസ്സ് ചെറൂപ്പകാലത്തേക്ക്  ഓടിപോയി.സമ്പന്നതയുടെ മടിയിലെ കുട്ടികാലം.എല്ലാ പെരുനാളിനും വിലകൂടിയ ഡ്രെസ്സും കയ്യില്‍ നിറയെ സക്കാത്തു  പണവും..ചില കൂട്ടുകാര്‍ക്ക് തന്നോട് അസൂയയായിരുന്നു..അടുത്ത കൂട്ടുകാരുമായി പള്ളിയിലോക്കെ ഒന്നിച്ചു പോകും ..പക്ഷെ സുധിയെയും സുനിയെയും മാത്രം  പള്ളിയില്‍ കയറ്റില്ല ...അവരുടെ അമ്പലത്തില്‍ എന്നെയും ...പക്ഷെ നമ്മള്‍ ഒന്നിച്ചു പോകും ആ ഗേറ്റ് വരെ മാത്രം
..
 എന്തുകൊണ്ടാണ് നമ്മളെ ഉള്ളിലേക്ക്  വിടാത്തത് എന്ന് മനസ്സിലാക്കുവാന്‍ പിന്നെയും വര്‍ഷങ്ങള്‍ എടുത്തു.അവര്‍ പള്ളിക്ക് പുറത്തു കാത്തു നില്‍ക്കും.പള്ളിയില്‍ നിന്നും കിട്ടുന്ന ഭക്ഷണസാധനങ്ങള്‍  അവര്‍ക്കും പങ്കിടും .അങ്ങിനെ പലതും പങ്കിട്ടു നല്‍കിയ ബാല്യകാലം.

ഒരു നോമ്പ് കാലം.എല്ലാ നോമ്പും എടുക്കണം എന്ന വാശി .ആദ്യം ഒന്ന് രണ്ടു ദിവസം ഉച്ച ആയപ്പോഴേക്കും മുറിഞ്ഞു.ആരും കാണാതെ ജനുവേച്ചിയുടെ അടുക്കളയില്‍ നിന്നും വെള്ളം കട്ട് കുടിച്ചു.പക്ഷെ അത് ജനുവേച്ചി  കണ്ടു .മനം നൊന്ത  ചേച്ചി അപ്പോള്‍ തന്നെ ചോറും കറിയും തന്നു ഞാന്‍ വാരി വലിച്ചു തിന്നു..ആര്‍ത്തിയോടെ തിന്നുന്നത് ജനുവേച്ചി നോക്കി കണ്ടു..മക്കളായ സുനിയോടു പോലും പറയില്ല എന്ന ഉറപ്പില്‍ ആണ് ഞാന്‍ ചോറ് തിന്നത് തന്നെ....പിറ്റേന്ന് മുതല്‍ സുനിയും സുധിയും കൂടി എന്നോടൊപ്പം നോമ്പിന് കൂടി ..ആ കൊല്ലം നമ്മള്‍ രണ്ടു മൂന്നെണ്ണം ഒഴിഞ്ഞു ...അപ്പോഴും ശരണം ജനുവേച്ചിയുടെ അടുക്കള തന്നെ ആയിരുന്നു.വൈകുന്നേരം എന്റെ വീടും...ഉമ്മക്ക് എല്ലാവരും ജനുവേച്ചിയെപോലെ സ്വന്തം മക്കള്‍ തന്നെ ആയിരുന്നു.ആയിഷയും ,ശബാനയും ,അമ്മുവും ,സുധിയും,സുനിയും എല്ലാവരും ഒരുമിച്ചു കളിച്ചു വളര്‍ന്നു.പക്ഷെ ഉപ്പക്കു അവരൊക്കെ വീട്ടില്‍ വരുന്നത്  തീരെ ഇഷ്ടം അല്ലായിരുന്നു.അത് കൊണ്ട് തന്നെ ഉപ്പ ഉള്ളപ്പോള്‍ അവര്‍ കളിയ്ക്കാന്‍ വരാറില്ല.ആയിഷയും ,ശബാനയും,ഞാനും അങ്ങോട്ടും പോകില്ല.

നമ്മള്‍ വളരുന്ന മുറക്ക്  നമ്മുടെ ബന്ധവും നല്ല രീതിയില്‍ വളര്‍ന്നു.പക്ഷെ ഉപ്പ പലപ്പോഴും അത് പലവിധത്തില്‍ എതിര്‍ത്തു.ആയിടക്ക് രാമേട്ടനും  ഉപ്പയും തമ്മില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായി.അങ്ങിനെ നില്‍ക്കകളിയില്ലാതെ അവര്‍ നമ്മുടെ  നാട്ടില്‍ നിന്നും വീട് വിട്ടു പോവേണ്ടി വന്നു..ഉപ്പയുടെ എന്തോ കൊള്ളരുതായ്മകള്‍ രാമേട്ടന്‍ കണ്ടുപിടിച്ചതിനു കൊടുത്ത വലിയ ശിക്ഷ. ഉപ്പക്കു പിന്നില്‍ വലിയൊരു ശക്തിതന്നെ ഉണ്ടായിരുന്നു.പണം കൊണ്ട് നേടിയെടുത്ത ശക്തി.അത് മുന്‍കൂട്ടി മനസ്സിലാക്കിയ  രാമേട്ടന്‍ അതിനെതിരു നില്ക്കാന്‍ പറ്റാതെ പിന്‍വാങ്ങുകയായിരുന്നു.അങ്ങിനെ വലിയൊരു സൌഹൃദം മാഞ്ഞുപോകുകയായിരുന്നു.പക്ഷെ അവരുടെ പ്രാക്കോ ശാപമോ എന്തോ പിന്നീട് അങ്ങോട്ട്‌ ഉപ്പയുടെ നില വഷളാവുകയായിരുന്നു.രാമനോട് ചെയ്തതിനു പടച്ചോന്‍ കൊടുക്കുന്നതാണെന്നു നാട്ടുകാരോക്കെ പറഞ്ഞു തുടങ്ങി ...ഉമ്മയും മക്കളായ നമ്മള്‍ പോലും അങ്ങിനെ കരുതി.ഉപ്പക്ക് തൊടുന്നതെല്ലാം പിഴച്ചു ...പിന്നെ അതില്‍ നിന്നും ഒരിക്കലും കരകയറുവാന്‍ ഉപ്പക്കു കഴിഞ്ഞില്ല.

സമയം ഉച്ചയോടടുക്കുന്നു .നാസ്ത പോലും കഴിച്ചില്ല ..എന്തിനു പല്ലുപോലും തേച്ചു വൃത്തിയാക്കിയില്ല.പിന്നെയല്ലേ നാസ്ത..ഭാഗ്യം ചെയ്തവര്‍ ഒക്കെ ഇന്ന് ഇപ്പോള്‍ ബിരിയാണിയുടെയും നല്ല ശാപ്പടിന്റെയും  നടുവില്‍ ആയിരിക്കും. പുത്തന്‍ ഉടുപ്പുകള്‍ അണിഞ്ഞു നില്‍ക്കുന്ന അവര്‍ക്ക് മനസ്സിലും പുറത്തും ആഘോഷം ആയിരിക്കും.ജാംശീര്‍ മോനും ആ ഭാഗ്യം ചെയ്തവരുടെ പട്ടികയില്‍ ഉണ്ടല്ലോ അത് മാത്രമാണ്‌ ആശ്വാസം.സുഹിന ..പാവം ഞാന്‍ എന്തെങ്കിലും കഴിച്ചോ എന്ന ചിന്തയില്‍ ചോറ് ഇറക്കാന്‍ പാടുപെടുകയായിരിക്കും.കണ്ണുനീര്‍ ഒലിചിറങ്ങുന്നതു ഞാൻ അറിയുന്നുണ്ടായിരുന്നു.

എനിക്ക് എല്ലാം ഉണ്ട് പക്ഷെ ഒന്നുമില്ലാത്തതുപോലെ  ...എന്ന് തീരും എന്റെ ഈ ഗതികേട് ?എന്നെങ്കിലും തീരുമോ ?അല്ലെങ്കില്‍ മരണംവരെ ചിലരെ സന്തോഷിപ്പിച്ചു കൊണ്ടും വേണ്ടപെട്ടവരെ ദുഖത്തിലാഴ്ത്തി കൊണ്ടും എരിഞ്ഞു തീരേണ്ടി വരുമോ ഇവിടെ തന്നെ ..?കൂടുതൽ ചിന്തിക്കാൻ മിനക്കെടാതെ ഞാൻ വീണ്ടും പുതപ്പിനുള്ളിലേക്ക് മുഖം പൂഴ്ത്തി.ഈ പെരുന്നാൾ ദിനത്തിൽ കൂടി നോമ്പ് എടുത്തു കൊണ്ട് എന്നെ ഇങ്ങിനെ ആക്കിയ പടച്ചവനോടുള്ള വാശി തീര്‍ത്തുകളയാം.അപ്പോൾ അത് മാത്രമാണ് മനസ്സില് തോന്നിയത് .


കഥ :പ്രമോദ്‌ കുമാര്‍.കെ.പി
.




Tuesday, August 6, 2013

റംസാന്‍ ആശംസകള്‍





സ്നേഹത്തോടെ ;
                                                                പ്രമോദ്‌ കുമാര്‍ .കെ.പി 

Friday, August 2, 2013

അവര്‍ കരുതിവെച്ചത് ...

നാട്ടിലെ വായനശാല നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്.അത് കൊണ്ട് തന്നെ ആഘോഷം നല്ല രീതിയില്‍ വിപുലമായി നടത്തേണ്ടതുണ്ട്.ജാതി മത രാഷ്ട്രീയ ഭേദ്യമെന്യേ നാട്ടുകാരെ മുഴുവന്‍ സഹകരിപ്പിക്കണം എന്നാണ് കമ്മിറ്റികാരുടെ ആവശ്യം..അതിനാണ് ഇന്ന് ജനറല്‍ ബോഡി വിളിച്ചിരിക്കുന്നത്.ഇപ്പോള്‍ തന്നെ പത്തിരുനൂര്‍ ആളുകള്‍ വന്നിട്ടുണ്ട്.ഇനിയും വരാനുണ്ട്.ഇവരില്‍ നിന്നും ഒക്കെ കൂടി ഒരു കൂട്ടായ തീരുമാനം ആണ് ഇപ്പോഴത്തെ ഭരണസമിതി പ്രതീക്ഷിക്കുന്നത്.ഇവരില്‍ ഉള്ള കുറച്ചുപേരെ കൂടി ഉള്‍പ്പെടുത്തി ഒരു സംഘാടക സമിതിയും മറ്റു ആഘോഷ കമ്മിറ്റികളും ഉണ്ടാക്കണം.പരിപാടി ഗംഭീരം ആക്കുകയും വേണം.





ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒടുവില്‍ എല്ലാറ്റിനും ഒരു ഏകദേശ ധാരണയായി.പക്ഷെ ഉൽഘാടകന്റെ കാര്യത്തിൽ  മാത്രം തര്‍ക്കം നിലനിന്നു. നമ്മുടെ നാട്ടിലെ അറിയപെടുന്ന എഴുത്തുകാരന്‍ അബു സത്താര്‍വേണം എന്ന് ഒരു വിഭാഗം.അയാള്‍ നിഷേധിയും ദൈവഭയമില്ലാത്തവന്‍ ആണെന്നും അയാള്‍ വേണ്ടെന്നും നമ്മുടെ എം എല്‍ എ   കരീം സാഹെബ്  മതിയെന്ന്  രാഷ്ട്രീയമായി മാത്രം ചിന്തിക്കുന്ന മറുവിഭാഗം.ഈ അടുത്തകാലത്തായി അബു സത്താർ മറുപക്ഷ ചിന്തകൻ ആണെന്ന് അവർക്ക് തോന്നി തുടങ്ങിയിരുന്നു.അയാളുടെ എഴുത്തുകളില്‍ കൂടി ,പ്രസംഗങ്ങളില്‍ കൂടി ..പക്ഷെ അയാള്‍ എതിര്‍ത്തത് വര്‍ഗീയമായി ചിന്തിക്കുന്ന രാഷ്ട്രീയമായിരുന്നു.. ചര്‍ച്ചകള്‍ മുറുകി ..സമയം കുറെയായിട്ടും പക്ഷെ തീരുമാനം മാത്രം വന്നില്ല.ജയിച്ചതിനു ശേഷം മണ്ഡലത്തിൽ കാര്യമായി ഒന്നും ചെയ്യാത്ത എന്തിനു തന്റെ ആവശ്യങ്ങൾക്കല്ലാതെ വരികപോലുമില്ലാത്ത എം എൽ എ യെ എല്ലാവരും വെറുത്തു തുടങ്ങിയ സമയവുമായിരുന്നു അത്.പക്ഷെ വല്ലതും തടയുന്ന അനുയായികള്‍ മാത്രം ഒച്ചാനിച്ചു നിന്നു .

കഴിഞ്ഞ തവണത്തെ രാമവര്‍മ അവാര്‍ഡ്‌ കിട്ടിയ അബു സത്താറിനെ ആദരിക്കുക കൂടിയാകണമീ  പരിപാടി  അത് കൊണ്ട് അയാളെ തന്നെ ഉൽഘാടകനാക്കണം എന്ന് ഒരു വിഭാഗം വാദിച്ചു കൊണ്ടേയിരുന്നു.അത് വേണ്ട നമ്മുടെ നാട്ടുകാരന്‍ ആയ എം എല്‍ എ യെ ഉൽഘാടനത്തിൽ  കുറഞ്ഞു ഒന്നിനും സഹകരിപ്പിക്കുന്നതിനു യോജിപ്പില്ലെന്നും മതത്തിന്റെ മുഖംമൂടി അണിഞ്ഞ രാഷ്ട്രീയകാര്‍..അവസാനം ഭൂരിപക്ഷം നടപ്പാക്കണം എന്ന് തീരുമാനമായി.അതില്‍ അഥവാ അബുസത്താര്‍ വിഭാഗം വിജയി ആയാൽ മറ്റുള്ളവര്‍ സഹകരിക്കില്ല എന്ന നിലപാട് സ്വീകരിച്ചു.അവര്‍ക്ക് ഒക്കെ രാഷ്ട്രീയമായി മുന്നോട്ടു പോകണം.അവര്‍ക്ക് എന്ത് വായന ,എന്ത് വായനശാല  ...അവര്‍ നമ്മൾപിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്നാ നിലയില്‍ ഉറച്ചു നിന്നു.

വായനശാല കമ്മിറ്റി പ്രതിസന്ധിയിലായി.ഒരു വിഭാഗം സഹകരിച്ചില്ലെങ്കില്‍ പരിപാടി പൊളിയും.അതും രാഷ്ട്രീയകാരെ പിണക്കി  പരിപാടി വിജയിപ്പിക്കുവാൻ പറ്റില്ല.വായനശാല കമ്മിറ്റിക്കാർ ആലോചിച്ചു.സിക്രട്ടറി ആദ്യം രാഷ്ട്രീയകാരിൽ ചിലരെ വിളിച്ചു സംസാരിച്ചു ,പിന്നെ മറു വിഭാഗത്തെയും .അവരിൽ ചിലര്‍ രഹസ്യമായി സിക്രട്ടറിയോടു എന്തോ കാതില്‍ പറഞ്ഞു .അങ്ങിനെ അവസാനം ഉത്ഘാടനം   എം എൽ എ യും അധ്യക്ഷൻ അബുവും ആണെന്ന് തീരുമാനമായി.മതം കൊണ്ട് കളിക്കുന്ന രാഷ്ട്രീയകാര്‍ കൈ അടിച്ചു ..നാട്ടുകാരെ നോക്കാത്ത എം എല്‍ എ ക്ക് പണി കൊടുക്കണം എന്ന് വിചാരിച്ചവര്‍ നിരാശരായി.

ഉദ്ഘാടന ദിവസം വന്നു.പതിവുപോലെ തന്നെ എം എല്‍ എ വരുവാന്‍ വൈകി കൊണ്ടിരുന്നു.അബു സത്താര്‍ നേരത്തെ തന്നെ വന്നിരുന്നു.അവസാനം ഒന്ന് ഒന്നര മണിക്കൂര്‍ വൈകി എം എൽ എ  എത്തി.പരിപാടികള്‍ ആരംഭിച്ചു.അതിനിടയില്‍ ചിലര്‍ ചേര്‍ന്ന് ഒരു കൂറ്റന്‍ നിലവിളക്ക് സ്റ്റേജിലേക്ക് കൊണ്ടുവന്നു വെച്ചു .

സിക്രട്ടറി ഉദ്ഘാടനം നടത്തുവാന്‍ എം എല്‍ എ യെ ക്ഷണിച്ചു.രാഷ്ട്രീയക്കാരുടെ കയ്യടിയുടെ അകമ്പടിയോടെ അയാള്‍ എഴുനേറ്റു.നാട്ടിലെ തരുണീമണികള്‍ ദീപം കൊണ്ടുവന്നു എം എല്‍ യുടെ കയ്യില്‍ കൊടുത്തപ്പോള്‍ അനൌണ്സ് മെന്റ്  ഉണ്ടായി.

"നമ്മുടെ പ്രിയപ്പെട്ട എം എല്‍ എ ഇപ്പോള്‍ വിളക്ക് തെളിയിച്ചു കൊണ്ട് ഈ വായനശാലയുടെ നൂറാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുന്നു."

എം എല്‍ എ ..ഞെട്ടി.നിലവിളക്ക്  കൊളുത്തുന്നത് വേറെ മതങ്ങളുടെ ആചാരം ആണെന്നും നമ്മുടെ  മതത്തിനും പാർട്ടിക്കും  അത് നിഷിദ്ധം ആണെന്നും പ്രസംഗിച്ചു നടന്ന എം എല്‍  എ എങ്ങിനെ നിലവിളക്ക് കൊളുത്തും.അയാള്‍ അത് പറ്റില്ല എന്ന് തീര്‍ത്ത്‌ പറഞ്ഞു..

"വിളക്ക് പ്രകാശം ആണ് ...നിരക്ഷരതഎന്ന അന്ധകാരത്തിൽ നിന്നും സാക്ഷരതയിലേക്ക് എത്തിക്കുന്ന വെളിച്ചമാണ് ..അത് ദിവ്യമാണ് .അതിനു ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല .. .ഇത് അക്ഷരങ്ങള്‍ കൂടിചേരുന്ന വായനശാലയുടെ ആഘോഷമാണ്..അത് കൊണ്ട് വെളിച്ചത്തിൽ നിന്നും തന്നെ തുടങ്ങണം ......."

എന്തൊക്കെ പറഞ്ഞിട്ടും അയാൾ  തയ്യാറായില്ല.അയാള്‍ പറഞ്ഞ മുരട്ടുവാദങ്ങള്‍ ഒക്കെ ഓഫ്‌ ചെയ്യാത്ത മൈക്കിലൂടെ ജനം കേട്ട് കൊണ്ടിരുന്നു.അവര്‍ കൂവി തുടങ്ങി.അവര്‍ക്ക് കിട്ടിയ അവസരം അവര്‍ ശരിക്ക് വിനിയോഗിക്കുവാന്‍ തുടങ്ങി.കാര്യങ്ങള്‍ വിചാരിച്ചത് പോലെ തന്നെ എത്തി എന്ന് നിശ്ചയമായപ്പോള്‍ സിക്രട്ടറി മൈക്ക്  കയ്യിലെടുത്തു കൊണ്ട് പറഞ്ഞു.

"പ്രിയപ്പെട്ട നാടുകാരെ ,നമ്മുടെ എം എല്‍ എ നിലവിളക്ക് കത്തിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ചത് കൊണ്ട്  നമ്മുടെ നാടിന്റെ  പ്രിയപ്പെട്ട എഴുത്തുകാരന്‍ ശ്രീ അബു സത്താര്‍ ഈ വായനശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കണം എന്ന് അപേക്ഷിക്കുന്നു....."

ജനങ്ങള്‍ക്കിടയില്‍ നിന്നും ഒരു ആരവം ഉണ്ടായി.ഉദ്ഘാടനം കഴിയുംവരെ അവര്‍ കയ്യടിച്ചു കൊണ്ടിരുന്നു.അപമാനിതനായി പുറത്തേക്ക് ഇറങ്ങിയ എം എൽ  എ യെ നാട്ടുകാർ കൂവി വിളിച്ചു .ജനങ്ങളിൽ നിന്നും വോട്ടു  വാങ്ങി ജയിച്ചാൽ മാത്രം പോര അവരുടെ ക്ഷേമം കൂടി അന്വേഷിക്കണം എന്ന് അയാൾക്ക്‌ അപ്പോൾ തോന്നിയിരിക്കുമോ ?ആവോ ?

പിന്തുണയ്ക്കുന്ന ജനമാണ്  അയാളുടെ ശക്തി എന്നറിയാമെങ്കിലും  മതവും രാഷ്ട്രീയവും  തന്നെ എപ്പോഴും പിന്തുണക്കും എന്ന് കരുതിയതായിരുന്നു അയാൾക്ക് പറ്റിയ തെറ്റ്.ഇന്ന് പല നേതാക്കളുടെയും ന്യുനതയും ഇതുതന്നെ.ജനത്തിന്റെ മനസ്സ് ഒന്ന് മാറിയാൽ താഴെ വീഴുന്നതാണ് തന്റെ കസേര എന്ന് അറിയാവുന്നവർ അത് കൊണ്ട് തന്നെ നല്ലതുപോലെ അവരുടെ ക്ഷേമം കാക്കുവാൻ പ്രയത്നിക്കുന്നു.അത്തരകാർക്ക്  വിജയമായിരിക്കും പരാജയത്തെകാൾ  കൂടുതൽ രുചിക്കുവാൻ കഴിയുക.എല്ലാ ജനനേതാക്കളും അങ്ങിനെ ചിന്തിച്ചിരുന്നുവെങ്കിൽ നമ്മുടെ നാട് എന്നെ നന്നായേനെ ..അല്ലെ ?

-പ്രമോദ് കുമാർ .കെ.പി
കാര്‍ടൂണ്‍ :ഗൂഗിള്‍