Wednesday, September 25, 2013

എനിക്ക് കിട്ടിയ വലിയ അംഗീകാരം

സൌഹൃദ തണലിലെ സുകൃതങ്ങള്‍ -
പ്രമോദ് കുമാര്‍ കൃഷ്ണപുരം
===============
ഈ ആളിനെ ഞാനറിയില്ല.

എനിക്ക്
പ്രിയപ്പെട്ടു പോകുന്നുണ്ട്
ഇയാളുടെ പ്രകാരങ്ങളെ.

ഒരു രീതിക്ക്
ഇന്നയിന്ന തലങ്ങളിലേ
മാനം തോന്നൂ എന്നില്ല
എന്ന്‍
ഈ അനിയന്റെ രചനകള്‍
നമ്മെ ബോധിപ്പിക്കുന്നു.

സമകാലിക സമസ്യകളെ
ഇങ്ങനെ വട്ടം ചുഴറ്റി
പ്രിയവും പ്രീതവും
ആക്കി വായനക്ക്
സാധ്യമാക്കുക
അത്ര എളുപ്പമല്ല.

ശ്രേഷ്ടങ്ങളാണ്‌
മിക്ക കുറിപ്പുകളും.

അവയിലെ കാലികമായ
വെന്തുരുക്കങ്ങളും
ഊഷ്മള കാലങ്ങളും
ഊഷര സന്ധികളും
സമാസമം ചേര്‍ത്തു
പിടിച്ചു കുലുക്കുന്നു
നമ്മുടെ മനസ്സിനെ.

നഷ്ടം ദുരിതത്തിന്റെ
ശയ്യ വിരിച്ചിട്ട
ഒരു
കുട്ടിക്കാല സ്മരണയിലേ
ഇമ്മാതിരി
ആശയങ്ങള്‍ വിടരൂ.

നനുത്ത പ്രഭാതങ്ങളില്‍
നനഞ്ഞ കണ്ണുകളുമായി
തന്റെ നേരം തുടങ്ങുന്ന
ഔചിത്യബോധം
മറന്ന ഒരു ബാല്യം
ഇയാളുടെ ആന്തരിക
തലങ്ങളില്‍
എവിടെയോ
പറ്റിപിടിച്ചിട്ടുണ്ട് .

എനിക്ക്
എന്നെ മനസ്സിലാക്കുന്ന
ചില സമയങ്ങള്‍
പ്രമോദ് തരാറുണ്ട് .

മനസ്സിന് ചില നേരത്ത്
അപഭ്രംശം
വരാറുണ്ട്
ആപേക്ഷികമായി.

ഇത്തരം സന്ദര്‍ഭങ്ങളില്‍
ഈ കൃഷ്ണപുരത്തുകാരന്‍
സാക്ഷാല്‍ കൃഷ്ണന്‍
ആയി തന്നെ നമ്മെ തഴുകുന്നു.

നല്ല ആരോഗ്യത്തോടെ
ഒരുപാട് കാലം ഈ
സുകൃതം നമ്മുടെ തണലില്‍
നമുക്കു തണലായി
അങ്ങനെ കാക്കട്ടെ.

പ്രാര്‍ത്ഥനയോടെ
ഇഷ്ടത്തോടെ .....

-ശിവശങ്കരന്‍ കരവില്‍
 

Monday, September 23, 2013

കേരളം -സുകുവേട്ടന്‍ പറഞ്ഞ ചില സത്യങ്ങള്‍

പൂജ അവധി അടുത്തു വരുന്നു.ബംഗ്ലൂർ കൂട്ടുകാര്‍ ഒക്കെ ചേര്‍ന്ന് ഒരു യാത്ര പ്ലാന്‍ ചെയ്തതുമാണ്.ഈ പ്രാവശ്യം കേരളത്തിലേക്ക് ആക്കാം എന്ന് പലരും നിര്‍ദേശം വെച്ചിരുന്നു.കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത മറുനാടന്‍ കൂട്ടുകാര്‍ക്ക് നമ്മുടെ നാടിനെ കുറിച്ച് പലതും അറിയാം."ഗോഡ്സ്‌ ഓണ്‍ കണ്ട്രി "എന്നാ വിളിപേര്  വന്നത് മുതല്‍ അവര്‍ കേരളത്തെ വീക്ഷിക്കുന്നുണ്ട്.ബേക്കല്‍ കോട്ടയും ,ഡ്രൈവിംഗ് ബീച്ചും ,കാപ്പാടും ,വയനാടും ,മുന്നാരും ,ആലപുഴയും ,കൊച്ചിയും ,കോവളവും ഒക്കെ അവരുടെ മനസ്സില്‍ പതിഞ്ഞിരിക്കുന്നു.നാല് ദിവസത്തെ  പ്രോഗ്രാം ആണ് സാധാരണ.അത് കൊണ്ട് തന്നെ അടുത്തു കിടക്കുന്ന വയനാടില്‍ തുടങ്ങി കാസര്‍ഗോഡ്‌ അവസാനിപ്പിക്കാം എന്നാണ് കരുതിയിരുന്നത്.മലബാർ  മാത്രം ഇത്തവണ ..അടുത്ത അവസരത്തിൽ മറു ഭാഗവും .കേരളം മുഴുവന്‍ ചുറ്റി അടിക്കണം എങ്കില്‍ ഇത്ര ദിവസം പോര എന്ന് അവരെ ധരിപ്പിക്കുകയും ചെയ്തു.പകുതി മലയാളി ആണെങ്കിലും കേരളവുമായി കുറെ കാലമായി അത്ര നല്ല കുടുംബ ബന്ധം ഇല്ലാത്ത  സുകുചേട്ടനോട് ചർച്ച ആരംഭിച്ചു .സുകു ചേട്ടനാണെങ്കിൽ കേരളത്തെ കുറിച്ച് മുഴുവനും അറിയാം.നാട്ടിൽ ഇപ്പോൾ ആരും ഇല്ലെങ്കിലും സുകുചേട്ടൻ കേരളത്തിന്റെ ഓരോ മുക്കും മൂലയിലും പോയിട്ടുണ്ട്.മുൻപ് ജോലി  ചെയ്ത കമ്പനി കൊണ്ട് കിട്ടിയ ഗുണം."ചേട്ടാ നമ്മുടെ പ്ലാൻ അറിയിചിരുന്നല്ല്ലോ ..അല്ലെ ?"

"കേരളത്തിലെക്കല്ലേ ..."

"അതെ ..ചേട്ടൻ നമ്മുടെ റൂട്ട് ഒന്ന് പ്ലാൻ ചെയ്യണം ..മലബാർ മാത്രം മതി ഈ തവണ .."

"അതെന്താ അങ്ങിനെ ?നീ മലബാറി ആയതു കൊണ്ടാണോ ?"

"അതാവുമ്പോൾ വയനാട് വഴി ഇറങ്ങി കൊഴികോട് ,കണ്ണൂര് ,കാസറഗോഡ്  ഒക്കെ പോകുമ്പോഴേക്കും സമയം കഴിയും ...."

"നിനക്ക്  തമിൾനാട് വഴി തിരുവനതപുരത്ത് എത്തി അവിടുന്ന് കണ്ണൂരിലേക്ക് പ്ലാൻ ചെയ്തു കൂടെ ..?അതാവുമ്പോൾ ഒരുവിധം കേരളം മുഴുവൻ കാണാം ."

"അത്ര സമയം ഉണ്ടോ ..?"

"സമയം തീരുമ്പോൾ മടങ്ങാം.അതിനു  പാലകാട്ട് ,കൊഴികോട് ,തലശ്ശേരി ,കണ്ണൂർ ഒക്കെ ഉപയോഗപെടുത്താം .കൂടാതെ കണ്ണൂരും ,കാസർഗോടും ഉള്ളതിൽ കൂടുതൽ കാഴ്ചകൾ മറു ഭാഗത്തല്ലേ ?"

"എങ്ങിനെ വേണമെങ്കിലും ആകാം.മലബാർ ഭാഗം ആകുമ്പോൾ  കുറച്ചുകൂടി കേരളീയത അനുഭവപ്പെടും ....കുറെ നാട്ടിൻ പുറങ്ങൾ അല്ലെ ?"

"എടാ ..ഇവന്മാര്  ബംഗ്ലൂരിൽ വന്നു താണു  എന്നെ ഉള്ളൂ ..പലരും നാട്ടിൻപുറത്തുകാര് തന്നെയാ..കൃഷിയും കന്നുകാലി വളർത്തലും കുലതൊഴിലായിട്ടുള്ള കുടുംബങ്ങളിൽ നിന്നും വരുന്നവർ ...നിന്റെ നാടിനെകാളും ശുദ്ധവായുവും ജലവും കിട്ടുന്ന നാട്ടിൽ  നിന്നും വരുന്നവർ "

പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല.നമ്മുടെ നാട് മാത്രമാണ്  നല്ലതെന്ന് വിശ്വസിച്ച എനിക്ക് കിട്ടിയ ചെറിയ ഒരു പ്രഹരം.നമ്മൾ കേരളീയർ അങ്ങിനെയാണ് നാടിനെ പറ്റി വേറെ നാട്ടുകാരോട് പറയുമ്പോൾ പറയുമ്പോൾ സ്വന്തം നാടും ,മറു ജില്ലകാരോട് പറയുന്നത് ജില്ലയെ കുറിച്ചാണെങ്കിൽ സ്വന്തം ജില്ലയും  ആയിരിക്കും ഓരോരുത്തർക്കും വലുത്.നാട് വിട്ടാൽ പിന്നെ കേരളമായി നല്ലത്.

"എടാ നിങ്ങളുടെ മഹോത്സവം കഴിഞ്ഞോ ?" സുകുവേട്ടന്റെ ചോദ്യം ചിന്തകളിൽ നിന്നുമുണർത്തി .

"ഓണമോ ...അതൊക്കെ കഴിഞ്ഞു ..വാരഘോഷവും ഇന്നലെ കൊണ്ട് തീർന്നു "

"അതല്ല ..എല്ലാ മഴകാലത്തും നിങ്ങളുടെ നാട്ടിൽ പടർന്നു പിടിക്കുന്ന "പനി മഹോത്സവം "ഉണ്ടോ എന്നാണ് ചോദിച്ചത്..ഇപ്പോഴും മഴയല്ലേ അവിടെ ....." അതാ മറ്റൊരു പ്രഹരം .

"അതൊക്കെ ആഗസ്റ്റ്‌ വരെയേ ഉള്ളൂ ..." വാടിയ മുഖത്തോടെ ഞാൻ പറഞ്ഞു.

"നീ വിഷമിക്കണ്ട....ഈ പനി എല്ലാ സ്ഥലത്തുമുണ്ട് ...കുറെ ആളുകൾ ചാവാരുമുണ്ട് ..പക്ഷെ വൃത്തിയും വെടിപ്പുമുള്ള നിങ്ങളുടെ നാട്ടിൽ അത് കുറവായിരുന്നു .നിങ്ങളും വൃത്തിഹീനർ ആയി മാറിയപ്പോൾ മരണം നിങ്ങളെയും പിടി കൂടി.ഇവിടെ ഒക്കെ ഗവർമെന്റ് ഇത് പുറംലോകത്തു ആരും അറിയാതിരിക്കുവാൻ ശ്രമിക്കുന്നു.കണക്കുകൾ മൂടി വെക്കുന്നു.വേണ്ടത് ചെയ്തു കൊണ്ട് പല വായും അടപ്പിക്കുന്നു.നിങ്ങൾ ആകട്ടെ അത് രാഷ്ട്രീയവല്കരിച്ചു എല്ലാവരെയും അറിയിക്കുന്നു.ചാനലുകളിൽ എക്സ് ക്ലുസിവ് ആയി കാര്യങ്ങൾ വിസ്തരിക്കുന്നു.എന്നാലോ മരണം അതില്ലാതാക്കുവാൻ ,അതിന്റെ തോത് കുറയ്ക്കുവാൻ രാഷ്ട്രീയഭെദ്യമെന്നെ പ്രവർത്തിക്കാതെ മുന്നണികൾ പരസ്പരം ചെളി വാരിയെറിയുന്നു.അവിടെ ആര് മന്ത്രിയായാലും മഴ രോഗങ്ങൾ വരും അതിനു ഇടതെന്നോ വലതെന്നോ ഇല്ല...അതിന്റെ കാഠിന്യം കുറയ്ക്കുവാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണം ..നമ്മൾ വൃത്തി ഉള്ളവർ  ആകണം നമ്മുടെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷികണം നമ്മുടെ നാടും ശുദ്ധം ആയിരിക്കണം..അപ്പോൾ രോഗങ്ങൾ അതുവഴി വരില്ല.പക്ഷെ നിങ്ങൾ ഇതൊക്കെ ചെയ്യും സ്വന്തം നിലയിൽ  മാത്രം.അഴുക്കുകൾ മുഴുവൻ അന്യന്റെ സ്ഥലത്ത് തള്ളി കൊണ്ട് ....നിങ്ങളുടെ ഗവർമെന്റ് എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ അത് രാഷ്ട്രീയമുപയോഗിച്ചുകൊണ്ടു  തടസ്സപെടുത്തും.മാറി മാറി വരുന്നവരൊക്കെ കാലാകാലമായി ഇത് തന്നെ ചെയ്യുന്നു.എത്ര അനുഭവിച്ചാലും പഠിക്കാത്ത ജനം അത് കണ്ടതായി ഭാവിക്കുകയുമില്ല.ഇത്ര വിദ്യാസമ്പന്നരായ നിങ്ങളുടെ നാട് മാത്രമാ രാഷ്ട്രീയ ചെളികുണ്ടിൽ കിടന്നു സ്വയം ചിന്തിക്കാതെ രാഷ്ട്രീയകാർക്ക് വേണ്ടി മാത്രം  കളിക്കുന്നത് "

"മുഷിഞ്ഞ മുണ്ടിൽ ചെളി പറ്റിയാൽ ആരുമറിയില്ല ശ്രദ്ധയിൽ പെടുകയുമില്ല ..പക്ഷെ അലക്കി തേച്ച വെള്ള മുണ്ടിൽ ചെറിയ ഒരു അഴുക്കു വീണാൽ മതി അത്  എല്ലാവരും കാണും കുറ്റവും പറയും ..അതാണ്‌ ഇപ്പോൾ കേരളത്തിന്റെ അവസ്ഥ ..വൃത്തിയുടെ രാജാക്കന്മാരുടെ വലിയ ഒരു വീഴ്ച ..അതും സ്വയം വരുത്തിവെച്ചത് ..."

ഞാൻ ഒന്നും മിണ്ടിയില്ല ..പറയുന്നത് മുഴുവൻ ശരിയാണ്.നമ്മുടെ കേരളത്തെ നാശത്തിലേക്ക് കൊണ്ട് പോകുന്നത് രാഷ്ട്രീയകാർ തന്നെയാണ്.സ്വന്തം നിലനിൽപ്പിനുവേണ്ടി അവർ എന്തൊക്കെയോ ചെയ്യുന്നു .നല്ലത് ചെയ്താലും രാഷ്ട്രീയത്തിന്റെ പേരിൽ പരസ്പരം എതിർക്കുന്ന മുന്നണികൾ..അവർ ചെയ്യുന്നതോ വലിയ  വലിയ തെറ്റുകൾ ..സമൂഹത്തോട്  കൊഞ്ഞനം കുത്തികൊണ്ട് നേതാക്കൾ പാർട്ടികളെ  നയിക്കുന്നു.എന്തിനും ഏതിനും അനുസരിച്ചു കൊണ്ട് മാത്രം പിന്നാലെ നടക്കുന്ന അണികൾ അവർക്ക്  വളമാകുന്നു.അത് ഇല്ലാതാക്കുന്നത് വികൃതമാക്കുന്നതു കേരളത്തിന്റെ സുന്ദര മുഖമാണ്.

എന്തുകൊണ്ട് സുകുവേട്ടൻ കേരളത്തിന്റെ ദേശീയഉത്സവമായ ഹർത്താലിനെ കുറിച്ച് പരാമർശിച്ചില്ല എന്ന് ചിന്തിക്കുപോഴെക്കും ചോദ്യം വന്നു ...

"എടാ പെട്ടെന്ന് മുളച്ചു പൊന്തുന്ന  ഈ ഹർത്താൽ കൂടി നമ്മൾ പരിഗണിക്കണം ....അത് കൊണ്ട്  നല്ല ഹോട്ടലും ലോഡ്ജ്‌  ഒക്കെ ഉള്ള ഭാഗത്ത്‌  മാത്രം പോയാൽ മതി...."

തിരിഞ്ഞു നടക്കുമ്പോൾ ഞാൻ ചിന്തിച്ചത്  "ദൈവത്തിന്റെ സ്വന്തം നാടാണോ" കേരളം അതോ അസുരന്മാരുടെ കേളിഗൃഹം മാത്രമാണോ  കേരളം  എന്ന് മാത്രമാണ്.

-പ്രമോദ് കുമാർ .കെ.പി

ഫോട്ടോ കടപ്പാട് :കേരള വാട്ടർ കളർ സോസേറ്റി
                              (ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ )


Friday, September 20, 2013

ആരാണ് മണ്ടന്‍ -6

ഷംസു എന്ന കഥാപാത്രം നാട്ടുകാരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന സമയം.അവന്റെ മാമന് കമ്പനിയില്‍ തിരക്കായതിനാല്‍ പണിതുകൊണ്ടിരിക്കുന്ന ബില്‍ഡിംഗ് പണി നോക്കുവാന്‍ ഷംസു വിനെ ഏല്പിച്ചു .കാര്യമായി ഒരു പണിയും ഉണ്ടായിരുനില്ല .പണികാർ വരുമ്പോള്‍ ഷെഡ്‌ തുറന്നു അവർക്ക് സാധനം എടുത്തു കൊടുക്കണം.വൈകുന്നേരം ബാക്കി ഉള്ളത് വാങ്ങി തിരിച്ചും സൂക്ഷിക്കണം.ഷെഡ്‌ താല്കാലികമായി ഉണ്ടാക്കിയതാണ്.അതിനുള്ളിലാണ് സിമെന്റ് ,പെയിന്റ് ,വിറകുകൾ  ,പലകകൾ തുടങ്ങിയ  സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. ഒരിക്കൽ ഷംസു മാത്രം ഉള്ള സമയത്ത് ഷെഡ്‌ തീ പിടിച്ചു.ചെറിയ ഒരു തീ പിടുത്തം.പണിക്കാർ ആരോ അലസമായി വലിച്ചെറിഞ്ഞ ബീഡി തുണ്ട് പെയിന്റ് ബോട്ടിലിൽ കയറി പിടിച്ചതാണ്...അല്ലെങ്കിൽ അവിടെ കൂട്ടിയിട്ടിരുന്ന വിറകുകളിൽ ...ഷംസു ഒന്നും ചിന്തിച്ചില്ല അവൻ അവിടുള്ള പൈപ്പ്  തുറന്നു വെള്ളം കോരി ഒഴിച്ച് തീ കെടുത്തി.പിന്നെ തന്റെ വീര്യ കൃത്യം മാമനെ വിളിച്ചു പറഞ്ഞു.
മാമൻ വന്നു നോക്കുമ്പോൾ പത്തിരുപതു സിമെന്റ് ചാക്ക് ഷംസു വെള്ളമടിച്ചു നശിപ്പിച്ചിരുന്നു.

"എടാ നിന്നോടാരാ പറഞ്ഞത് സിമെന്റ് ഉള്ള സ്ഥലം വെള്ളമൊഴിച്ച് തീ കെടുത്തുവാൻ ..?"

"കഴിഞ്ഞ കൊല്ലം വീട്ടിലെ വിറകുപുര തീ പിടിച്ചപ്പോൾ മാമനല്ലേ പറഞ്ഞത് ...വെള്ളം ഒഴിച്ച് തീ കെടുത്തുവാൻ ...അത് ചെയ്യാത്തതിന് എന്നെ വഴക്കും പറഞ്ഞില്ലേ ...."

"മോനെ ...ഇത് പോലുള്ള ചെറിയ തീ പിടുത്തം ഒക്കെ മണ്ണും മണലും എറിഞ്ഞു കെടുത്തണം...ഇപ്പോൾ വെള്ളം കയറി എത്ര സിമന്റ് ചാക്ക് നശിച്ചു എന്നറിയോ ...ചിന്തിക്കണം മോനെ ചിന്തിച്ചു ചെയ്യണം...."

പിന്നീടൊരിക്കൽ മാമന്റെ തന്നെ വെളിച്ചണ്ണ കമ്പനിക്കു ചെറുതായി  തീ പിടിച്ചപ്പോൾ ഷംസു കൂടുതലായി ഒന്നും ചിന്തിച്ചില്ല കുറെ മണ്ണും മണലും വാരിയിട്ട് തീ കെടുത്തി.ഉപയോഗ്യ ശൂന്യമായ ലിറ്റർ കണക്കിന് വെളിച്ചണ്ണ ഒഴുക്കികളയുമ്പോൾ ഒന്നും മനസ്സിലാവാതെ ഷംസു നോക്കി നില്ക്കുന്നണ്ടായിരുന്നു...ഒന്നും പറയുവാനാകാതെ മാമനും.

കഥ: പ്രമോദ് കുമാർ .കെ.പി

ഷംസുവിനെ കൂടുതൽ അറിയുവാൻ :
http://promodkp.blogspot.in/2012/12/blog-post.html
http://promodkp.blogspot.in/2013/07/2.html
http://promodkp.blogspot.in/2013/07/3.html
http://promodkp.blogspot.in/2013/08/4.html
http://promodkp.blogspot.in/2013/09/5.html

Friday, September 13, 2013

ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍

ഓണകാലം ആയതു കൊണ്ടാവും.വണ്ടിയിൽ സൂചികുത്തുവാൻ ഇടമില്ല.എന്നാലും പോകാതെ നിവൃത്തിയില്ല .ദേവന്റെ സ്ഥിതി അത്രക്ക് മോശമാണെന്നാണ്  സുധി വിളിച്ചു പറഞ്ഞത്.എന്നെ കാണണം എന്ന് പറഞ്ഞു പോലും.കുറച്ചായി പിണക്കത്തിൽ ആണ് .കാരണം മറ്റൊന്നുമല്ല മദ്യത്തിന് അടിമപെട്ട് ജീവിതം കൊണ്ട് കളിക്കുന്ന അവന്‍ എന്റെ ഉപദേശങ്ങൾ ഇഷ്ട്ടപെട്ടില്ല .ഭാര്യയും  കുട്ടിയും വീടുവിട്ടുപോകും എന്ന അവസ്ഥ വന്നപ്പോൾ ഞാന്‍ പിന്നെയും ഉപദേശിച്ചു നോക്കി."എന്റെ  കുടുംബ കാര്യത്തിൽ നീ ഇടപെടേണ്ട "എന്ന്  തീർത്ത്‌ പറഞ്ഞു.അത് കൊണ്ട് ഒന്നകന്നു.സുധിയുടെ പെട്ടെന്നുള്ള വിവരമായതിനാൽ റിസർവ് ചെയ്യാൻ പറ്റിയില്ല.ബസ്സിനും ടികറ്റ് ഇല്ല.എല്ലാ വിധത്തിലും അന്വേഷിച്ചു ..ഒരു രക്ഷയുമില്ല .ഇനി ഈ ജനറൽ കംപാർട്ട് മെന്റിൽ എങ്ങിനെയും കയറി പറ്റണം .തിക്കും തിരക്കും കൂടി എങ്ങിനെയോ അകത്തെത്തി.കാലുകളൊന്നും നിലത്തു തട്ടുനില്ല .ആരുടെയൊക്കെയോ ബാഗിന്മേലും കാലിൻമേലും ആണെന്ന് തോന്നുന്നു..വേദനിക്കുമ്പോൾ ചിലർ പിറുപിറുക്കുന്നുമുണ്ട്.ചിലർ ദേഷ്യ പെടുന്നുമുണ്ട് .അതൊന്നും കാര്യമാക്കിയില്ല.എങ്ങിനെയെങ്കിലും നാട്ടിൽ എത്തിപെടണം.ഈ യാത്രയിൽ  പലരുടെയും ലക്‌ഷ്യം നാട്ടിൽ ഓണം ഉണ്ണണം എന്നതാണ്.എനിക്ക്  അങ്ങിനെ ലക്‌ഷ്യം ഉണ്ടായിരുന്നെങ്കിൽ മുൻകൂട്ടി ടിക്കറ്റ് കൈവശപെടുത്തിയേനെ .....പക്ഷെ എന്റെ യാത്ര മരണകിടക്കയിൽ എന്ന് വിധിയെഴുതിയ സുഹൃത്തിനെ കാണുക എന്നതാണ്.

മോൻ പിണങ്ങി ഇരിക്കുകയാണ്.ഈ പ്രാവശ്യം ഓണത്തിനു അവനെ സ്കൂൾ അവധിയാണ്.ഈ അന്യ സംസ്ഥാനത്ത് അവനു ആദ്യമായാണ് ഓണം നാളിൽ ലീവ് കിട്ടുന്നത്. അത്  കൊണ്ട് തന്നെ ഞാൻ കൂടി ലീവ് എടുത്തു ഓണം ഗംഭീരമായി കൊണ്ടാടുവാൻ പ്ലാൻ ചെയ്തിരുന്നതാണ്.പൂക്കളവും സദ്യയുമായി നല്ല ഒരോണമായിരുന്നു അവൻ സ്വപ്നം കണ്ടിരുന്നത്‌.പക്ഷെ ഇന്ന് വന്ന സുധിയുടെ ഫോണ്‍കാൾ എല്ലാം താറുമാറാക്കി.ഞാൻ ഇറങ്ങുമ്പോൾ അവൻ മുഖം വീർപ്പിച്ചു ഇരിക്കുകയാണ്.എവിടെയെങ്കിലും പോകുമ്പോൾ പതിവായുള്ള മുത്തവും റാറ്റയും ഒന്നും അവൻ തന്നില്ല.അതിൽ നിന്ന് തന്നെ അവന്റെ മനസ്സ് എത്രമാത്രം വേദനിച്ചു എന്ന് മനസ്സിലാക്കി.അവൾ ഓരോന്നും പറഞ്ഞു അവനെ സമാധാനിപ്പിക്കുന്നുണ്ട്...അത് കണ്ടു കൊണ്ടാണ് ഇറങ്ങിയതും...


"സാർ ...കുറച്ചു ഉള്ളിലേക്ക് നടക്കോ  ...'..എന്തെങ്കിലും പറയുന്നതിനും മുൻപ് തള്ളുകിട്ടി .ഏതോ സ്റ്റേഷൻ എത്തിയിരിക്കുന്നു.അവിടെയുമുണ്ട് കുറേപേർ കയറുവാൻ.ടോയിലറ്റിന്റെ സൈഡിലേക്ക്  മാറി നിന്നു .മൂക്കുപൊത്തിയെ അവിടെ നില്ക്കുവാൻ കഴിയൂ...ആരെങ്കിലും അകത്തു പോകാൻ  വാതിൽ തുറക്കുമ്പോൾ, തിരിച്ചു വരുമ്പോൾ ദുർഗന്ധം അസഹ്യമാകുന്നു.ദൈവമേ ഈ രാത്രി മുഴുവൻ ഇതും സഹിച്ചു കഴിയേണ്ടിവരുമോ ..?മൂക്ക് ഒന്ന് കൂടി പൊത്തിപിടിച്ച്‌ അവിടുന്ന്  എങ്ങിനെ മാറാം എന്ന് നിരീക്ഷിച്ചു.അവിടെ നില്ക്കുന്ന കരുത്തു തടിച്ച മനുഷ്യന് കാര്യം മനസ്സിലായി.അയാൾ ചെറു ചിരിയോടെ ചോദിച്ചു

"എവിടെക്കാ ..?'

"തലശ്ശേരി "

"ഞാനും അന്തപക്കം താൻ ....കാലിക്കട്ട് .."തമിഴും മലയാളവും കലർത്തി അയാൾ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു.സമയം പോകുവാൻ  ഞാനും നല്ല കേൾവികാരനായി.അതയാളെ രസം പിടിപ്പിചിരിക്കാം.അയാള് പറഞ്ഞുകൊണ്ടിരുന്നു.അയാൾ ഒരു എജന്റ്റ്  ആയിരുന്നു.പൂവും പച്ചകറികളും പല നാട്ടിലേക്കും സപ്ലൈ ചെയ്യുന്ന ആൾ.അയാൾ പറഞ്ഞത് നമ്മുടെ മലയാളികളുടെ കുറ്റവും കുറവും മാത്രമായിരുന്നു.സ്വന്തം നാട്ടിൽ പണിയെടുക്കുവാൻ മടിയന്മാരായ മലയാളികൾ വേറെ നാട്ടിൽ പോയി കഷ്ട്ടപെടുന്നതിനെ അയാൾ കളിയാക്കികൊണ്ടിരുന്നു.അത് കൊണ്ടാണ് അയാളെ പോലുള്ളവർ ജീവിക്കുന്നത് എന്ന സത്യവും അയാൾ മറച്ചുവെച്ചില്ല...ഇപ്പോൾ തിന്നുവാനും കുടിക്കുവാനും പോലും അയൽ സംസ്ഥാനത്തെ ആശ്രയിക്കുന്ന നമ്മുടെ നാടിനെ കുറിച്ച് അയാൾ പറഞ്ഞതത്രയും ശരിയായിരുന്നു.അത് കൊണ്ട് തന്നെ മറുത്തു ഒന്നും പറയുവാനും തോന്നിയില്ല ,കഴിഞ്ഞുമില്ല .ഒരു തമിഴന്റെ ലോറി മുടങ്ങിയാൽ ദുരിതമനുഭവിക്കുന്ന നാട്ടുകാരെ മനസ്സിൽ കണ്ടു.

'ഇപ്പൊ നമ്മ ആളുകൾ അങ്കെ വേലയ്ക്കു വരാത് ...ഇപ്പൊ അതൊക്കെ ബംഗാളിയും ബീഹാറിയും സേർന്ന ..."സത്യമായിരുന്നു.അവരുടെ ഗവർമെന്റ് നല്ല തൊഴിലവസരങ്ങൾ ഉണ്ടാക്കി കൊടുത്തത് കൊണ്ട് ഇപ്പോൾ നമ്മൾ "അണ്ണാച്ചി "എന്ന് വിളിച്ചു കളിയാക്കി കൊണ്ടിരുന്നവർ ഇപ്പോൾ ജോലിക്ക് കേരളത്തിൽ വരാറില്ല.അവരുടെ ഈ തലമുറയ്ക്ക് ഇപ്പോൾ അവരുടെ നാട്ടിൽ  തന്നെ ധാരാളം തൊഴിലവസങ്ങൾ ..നമ്മുടെ നാട് എന്നാണാവോ നന്നാവുക..ഈ കീശ വീർപ്പിക്കുന്ന രാഷ്ട്രീയകാർ ചത്തു തുലയണം ..ഓരോന്ന് ഓർത്ത്‌ കൊണ്ടിരുന്നു...നിന്ന നില്പിൽ അല്പം മയങ്ങിപോയോ ..?

"സാർ ഇങ്കെ വാങ്കോ .." അയാളുടെ വിളികേട്ടു ഞെട്ടി.അയാൾ എങ്ങിനെയോ ഒരു സീറ്റ് കൈവശപെടുത്തിയിരിക്കുന്നു.അവിടെ എന്നെയുംകൂടി ഇരിക്കുവാനാണ് വിളിക്കുന്നത്‌.അയാൾക്ക്‌ ഇത്തിരി  ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും വേറെ വഴിയില്ലാത്തത് കൊണ്ട് അവിടെപോയിരുന്നു.

"സാറ്  തൂന്ഗിക്കോ ..."അയാൾ  അല്പം കൂടി ഒതുങ്ങിയിരുന്നു...ഉറക്കം പലപ്പോഴും മുടങ്ങി കൊണ്ടിരുന്നു.ഒരുവേള ഞെട്ടിയപ്പോൾ അയാൾ അടുത്തുണ്ടായിരുന്നില്ല..ഞാൻ നോക്കുമ്പോൾ അയാൾ നിലത്തിരിക്കുകയായിരുന്നു.എനിക്കും നല്ല സൗകര്യം കിട്ടാൻ വേണ്ടി ആയിരിക്കാം.നമ്മൾ പല മലയാളികളിലും കാണാത്ത ഒരു നന്മ അയാളിൽ കൂടി അനുഭവിച്ചറിഞ്ഞു.
ഞാൻ നിലത്തിരിക്കാം എന്ന് പറഞ്ഞിട്ട് അയാൾ സമ്മതിച്ചില്ല.കൂടെ ചിരിച്ചു കൊണ്ട് പരിഹസിക്കുകയും ചെയ്തു.

"നിങ്ങള് മലയാളീസ് നിലത്തിരിക്കുമോ ..."

എനിക്ക് ഒരു വളിച്ച ചിരി ചിരിക്കുവാനെ കഴിഞ്ഞുള്ളു ഉറക്കത്തിൽ നിന്നും ഞെട്ടുമ്പോൾ വടകര പിന്നിട്ടിരുന്നു..ഞാൻ ഉറക്കത്തിലായിരിക്കാം..അയാൾ കോഴിക്കോട് ഇറങ്ങിപോയിരിക്കാം...യാത്ര പറയാൻ അയാൾ എന്നെ വിളിച്ചുമില്ല.ഉറക്കം ശല്യപെടുത്തേണ്ട എന്ന് കരുതി കാണും.ജീവിതം ഇതുപോലത്തെ യാത്രയാണ് ..പലരെയും കണ്ടുമുട്ടും ...ചിലർ പരിചിതരാവും ചിലര് അപരിചിതരായി തന്നെ തുടരും..ചിലർ കുറേകാലം അടുത്തുണ്ടാവും ചിലര് പെട്ടെന്ന് പിരിയും.

ആശുപത്രി കിടക്കയിലുള്ളത് ദേവൻ തന്നെയാണോ എന്ന് തന്നെ സംശയിച്ചു.അത്രക്ക് മാറിപോയിരിക്കുന്നു.മെലിഞ്ഞുണങ്ങി അസ്ഥി കഷ്ണം മാത്രം.താടി രോമങ്ങൾ മുഖത്തിന്റെ കൂടുതൽ ഭാഗം മറച്ചിരിക്കുന്നു.കണ്ണുകളൊക്കെ കുഴിഞ്ഞു താണിരിക്കുന്നു.

"ദേവാ ..."സുധി വിളിച്ചു

ആയാസപെട്ടു കണ്ണ് തുറന്നു അവൻ എന്നെ നോക്കി .ആളെ മനസ്സിലായപ്പോൾ അവൻ ചിരിച്ചു
.
'നീ വന്നു അല്ലേട ...പിണക്കം ഒക്കെ മാറിയോ ?പിണക്കം മാറി വേറെയും ആളുകൾ വന്നിട്ടുണ്ട് ..പക്ഷെ എനിക്ക് ഇനി സമയം ഉണ്ടാവുമോ ?.."

ഞാൻ സംശയ ഭാവത്തിൽ സുധിയെ നോക്കി .അവനു ഉത്തരം പറയേണ്ടി വന്നില്ല.വാതിൽ തുറന്നു  രമയും മോനും കടന്നു വന്നു. അവൾ എന്നെ നോക്കി വിളറിയ ഒരു ചിരി തന്നു.പിന്നെ കൊണ്ട് വന്ന ദോശയും ചായയും കഴിക്കാൻ കൊടുത്തപ്പോൾ ദേവൻ "കുറച്ചു കഴിയട്ടെ "എന്ന് പറഞ്ഞു.അവൻ എന്നോട് സംസാരം തുടങ്ങി.

"എടാ ...നിന്നെ കൊണ്ട് കഴിയില്ല എന്നറിയാം ..എന്നാലും ചോദിക്കട്ടെ ...ഇവരൊക്കെ വന്നത് കൊണ്ട് എനിക്ക് ജീവിക്കണം എന്ന് തോന്നുന്നു.വല്ല വഴിയുമുണ്ടോ ..നീ ഒന്ന് ഡോക്റ്റരോട്  ചോദിക്കുമോ ..എന്റെ മോൻ  ആൾ ഇന്ത്യ ക്വിസ് മത്സരത്തിൽ അടുത്ത മാസം പങ്കെടുക്കുവാ ...അതുവരെ എങ്കിലും ...എന്റെ ശരീരത്തിൽ മാറ്റി വെക്കെണ്ടതൊക്കെ മാറ്റി വെച്ച് ...പണം എത്ര വേണമെങ്കിലും കൊടുക്കാം.എങ്ങിനെ എങ്കിലും കൊടുക്കാം..?'

രമയിൽ നിന്നും ഒരു തേങ്ങൽ പുറത്തേക്ക് ചാടി..അത് പൊട്ടികരച്ചിലായി ..അത് കണ്ടു നില്ക്കുവാനാകാതെ ഞാൻ പുറത്തേക്ക് നടന്നു.ആദ്യം ശരീരസ്ഥിതി അവതാളത്തിലായപ്പോൾ കുടി നിർത്തി ചികിത്സക്ക് കൊണ്ട് പോയതാണ്.അന്ന് എനിക്ക് പുറമേ ഡോക്റ്ററുടെ ഉപദേശം കൂടി മാനിക്കാതെ വീണ്ടും കുടിച്ചു..പിന്നെ പിന്നെ കൂടുതൽ  നശിച്ചു.വഴിയരുകിലും ഓടയിലും ഉറങ്ങി.ഉള്ള പണം ഒക്കെ പല വിധത്തിൽ നശിപ്പിച്ചു.ബന്ധത്തിനും കണ്ണുനീരിനും മദ്യത്തിനു മുന്നിൽ തീരെ വിലയില്ലെന്ന് കരുതിയവരൊക്കെ അവനെ വിട്ടുപോയി....പലരെയും അകറ്റി നിർത്തി എന്നെ പോലെ .

അവനോടു എന്ത് പറയും ?.സുധി വന്നു ചുമലിൽ തട്ടിയപ്പോൾ തിരിഞ്ഞു നോക്കി.

"ആവാവുന്നതൊക്കെ ചെയ്തു.ഇനി ഒരു രക്ഷയുമില്ല.അവനു കുറച്ചു നാൾ മുൻപ് ഇത് തോന്നിയിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ ചെയ്യാമായിരുന്നു...ഇപ്പോൾ അത്രക്ക് വൈകി പോയി.ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് ഡോക്റ്ററും പറഞ്ഞു .അതോണ്ട മുറിയിലേക്ക് മാറ്റിയതും .."

ഞാൻ തിരിച്ചു അവൻ കിടന്ന റൂമിലേക്ക്‌ ചെല്ലുമ്പോൾ ഡോക്ടറും നെഴ്സുമൊക്കെ അവന്റെ റൂമിലേക്ക്‌ കുതിക്കുകയായിരുന്നു.ഒരു നേഴ്സ്  ദേവന്റെ മകനെ ഞങ്ങളുടെ അടുത്താക്കി വീണ്ടും അകത്തേക്ക്  കുതിച്ചു.അടക്കി പിടിച്ച കരച്ചിൽ റൂമിന് പുറത്തേക്കൊഴുകി കൊണ്ടിരുന്നു.അനിവാര്യമായത്  സംഭവിച്ചിരിക്കാം.കേൾക്കുവാൻ ഒരിക്കലും ഇഷ്ട്ടപെടാത്ത ഒരു വാർത്തക്ക് വേണ്ടി ഞാനും സുധിയും റൂമിനു വെളിയിൽ കാത്തു നിന്നു .


കഥ :പ്രമോദ് കുമാർ .കെ.പി.

Wednesday, September 11, 2013

കാത്തിരിപ്പ്

"നൗഷാദെ ...ഇന്ന് മഴ നേരത്തെ ഉണ്ടെന്നാ തോന്നുന്നേ ...പട്ടിണി ആക്കുമോ  നീ ഭഗവാനെ ..."

പക്ഷെ നൌഷാദ് ചിന്തിച്ചത് മറ്റൊന്നായിരുന്നു.പട്ടിണി ആയാലും വേണ്ടില്ല രണ്ടു മണിവരെ എങ്കിലും മഴ പെയ്യല്ലേ എന്നാണ്.രണ്ടു മണിക്കുള്ള "മണവാട്ടി "യിലാണ് അവന്റെ ഖല്‍ബിലെ മണവാട്ടി അതിലെ പോകുക.എപ്പോഴും അവള്‍  ഡ്രൈവറുടെ സീറ്റിനു പിന്നിലത്തെ രണ്ടാമത്തെ സീറ്റിലുണ്ടാവും.കണ്ണുകളിലൂടെ അവർ സംസാരിക്കും .ചിലപ്പോൾ അവൾ ചിരിക്കും .അവന്റെ അടുക്കൽ  ആരും ഇല്ലെങ്കിൽ മാത്രം.കുറച്ചായി അവർ പരസ്പരം  അങ്ങിനെയാണ്.മഴ ആണെങ്കില്‍ ഇന്ന് അവളെ കാണാൻ പറ്റില്ല.ബസ്‌ കർട്ടൻ ഇട്ടു മൂടി മറചിരിക്കും .രാവിലത്തെയും ഈ സമയത്തെയും ദർശനത്തിനു ഒരു പ്രത്യേക സുഖമുണ്ട്.അവൾ ആരാണെന്നൊക്കെ വേറെ വഴിയിൽ തിരക്കുകയും ചെയ്തു.വീട് ഒന്ന് രണ്ടു കിലൊമീറ്റർ അപ്പുറത്താണ്.നമ്മുടെ കപ്പാസിറ്റിക്ക് പറ്റിയതുമാണ്‌.പക്ഷെ അവളുടെ പഠിത്തം കഴിയണം പോലും അവളെ കെട്ടിച്ചു വിടണമെങ്കിൽ ...മൂന്നാമൻ മുഖേന അറിഞ്ഞതാണ് .എന്തായാലും ആ സമയത്ത് തന്നെ പരിഗണിക്കണം എന്ന കാര്യം മൂന്നാമാനോട്  അറിയിക്കുകയും ചെയ്തു  .അവളുടെ ബാപ്പയോട്  അയാൾ സംസാരിക്കാമെന്നും ഏറ്റിട്ടുണ്ട് .സംസാരിച്ചോ ആവോ ?എന്തായാലും കാര്യം അവൾ അറിഞ്ഞിട്ടുണ്ട് .അത് കൊണ്ടായിരിക്കുമല്ലോ നോട്ടത്തിൽ നിന്നും ചിരിയിലേക്കുവരെ കാര്യങ്ങൾ എത്തിയത്.എന്തായാലും രണ്ടു വർഷം കൂടി കാത്തു നില്ക്കണം.സാരമില്ല ..പതുക്കെ മതി .അപ്പോഴേ ഞാനും ഒന്ന് പച്ച പിടിക്കൂ .ഈ ജൂസ് കട തുടങ്ങിയിട്ട് അധികം ആയില്ല.ഒപ്പം അല്ലറ ചില്ലറ സ്റ്റേഷനറി കച്ചവടവും ഉണ്ട് ..ഈ മഴ പലപ്പോഴും ചതിക്കുകയാണ് ..അവസരത്തിലും അനവസരത്തിലും കടന്നു വന്നു ബിസിനെസ്സ് മോശപ്പെടുത്തുന്നു.
ഉമ്മക്കും ചേച്ചിക്കും താങ്ങായി ഇപ്പോൾ ഞാൻ മാത്രം.രണ്ടു മൂന്നു കൊല്ലം ഗൾഫിൽ ആയിരുന്നു.ഉപ്പ മരിച്ചപ്പോൾ തിരികെ വരേണ്ടി വന്നു.അങ്ങിനെയാ നാട്ടിൽ തന്നെ കച്ചവടം ഇട്ടത് . വികലാംഗ ആയതു കൊണ്ട് ഇത്താക്ക് (ചേച്ചിക്ക്) കല്യാണം ഒന്നും ശരിയായില്ല.ഇനി ഒട്ടും ശരിയാകുകയുമില്ല .പ്രായം നാല്പതു കഴിഞ്ഞു.നല്ല പ്രായത്തിൽ നടക്കാത്തത് ഇനി ഇപ്പൊ നടക്കുമോ ?എന്നാലും ഒരു പ്രതീക്ഷ .സ്വത്തും വീടും മോഹിച്ചു വരുന്നവരെ ഇത്ത തന്നെ വേണ്ടെന്നു വെച്ചു . എത്ര പറഞ്ഞിട്ടും സമ്മതിച്ചില്ല.അവരൊക്കെ  എന്നെ സ്നേഹിക്കില്ല ,പണത്തെ മാത്രമേ സ്നേഹിക്കൂ എന്ന് തീർത്ത്‌ പറഞ്ഞു.അതോടെ ആരും നിർബന്ധിച്ചില്ല .അയാൾ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു.

നൌഷാദിന്റെ പ്രാർത്ഥന ദൈവം കേട്ടില്ല .മഴ വലിയ ശബ്ദത്തോടെ കോരിചെരിഞ്ഞു പെയ്തു തുടങ്ങി..കാറ്റുമടിക്കുന്നുണ്ട്.മഴത്തുള്ളികൾ ദേഹത്തേക്ക് വീണപ്പോൾ അയാൾ അകത്തേക്ക് കയറി.എന്തോ ഒരു നഷ്ട്ടബോധം അയാളെ പിടികൂടി.രാവിലെ മുതൽ കച്ചവടം കാര്യമായി ഒന്നും നടന്നില്ല.ഉച്ചക്ക് ശേഷമാണ്  ഇനി ജുസിനു ആൾകാരെ പ്രതീക്ഷിക്കേണ്ടത് ..പക്ഷെ ഇന്ന് ഇനി അതുണ്ടാവില്ല ..മഴ കോരി ചൊരിയുകയാണ്.അവളെ കാണാൻ പറ്റാത്ത നിരാശയും കൂട്ടിനുണ്ട്.

രണ്ടു  മണി കഴിഞ്ഞു...അങ്ങ് നിന്നും "മണവാട്ടിയെ "കണ്ടു .മുഴുവനായും മൂടി പുതച്ചാണ് വരുന്നത്.ബസ്‌ കട കടന്നു പോകുന്നത് വരെ വെറുതെ നോക്കി നിന്നതാണ്.അവിടെ കർട്ടൻ പതിയെ പൊങ്ങുന്നുണ്ടോ ?...വീണ്ടും തുറിച്ചു നോക്കി .ഉണ്ട് കർട്ടൻ മെല്ലെ ആരോ പോക്കുന്നുണ്ട് .കൃത്യം ഡ്രൈവറുടെ  രണ്ടു സീറ്റിനു പിറകിൽ നിന്നും തന്നെ...ആ മുഖം കണ്ടു.ചുണ്ടിൽ ചെറു ചിരിയുമായി അവൾ ....മനസ്സൊന്നു കുളിർത്തു..എവിടെ നിന്നൊക്കെയോ ഉന്മേഷം കൈവന്നതുപോലെ ..... അയാൾ ഒരു മൂളി പാട്ടോടെ അകത്തേക്ക് കയറി.

ബസ്‌ പോയി.കുറച്ചു സമയം അയാൾ അവിടെ നിന്ന് മഴ ആസ്വദിച്ചു.പതിവുപോലെ അയാൾ  കൈ ഒക്കെ കഴുകി ലഞ്ച് ബോക്സ്‌ തുറക്കാൻ ശ്രമിക്കുമ്പോൾ പുറത്തു എന്തൊക്കെയോ ശബ്ദം കേട്ട് തുടങ്ങി.ആൾകാർ മഴയെ വക വെക്കാതെ ഓടുന്നു.വാഹനങ്ങൾ ഹോണ്‍ മുഴക്കി കൊണ്ട് ലൈറ്റ് ഇട്ടു ചീറി പായുന്നു.അവനു കാര്യം മനസ്സിലായില്ല.പുറത്തിറങ്ങിയ അവനെ കണ്ടു അടുത്ത കടയിലെ സരോഷ് വിളിച്ചു പറഞ്ഞു

"എടാ മണവാട്ടി പോസ്റ്റിലിടിച്ച് മറിഞ്ഞു ...ആളപായം കൂടുതലുണ്ടെന്ന പറയപ്പെടുന്നത്‌."

"എന്റെ റബ്ബേ ..ചതിച്ചോ ...ഈ സമയത്ത് നല്ല ആല്കാരുണ്ടാവുന്നതാണ് ....പടച്ചോനെ അവളെ കാത്തോളണമേ .." അയാൾ ആ സമയത്ത് സ്വാർഥനായി പോയി.വേഗം തന്നെ ഷട്ടർ വലിച്ചടച്ചു അയാളും അങ്ങോട്ടേക്ക് ഓടി.അവരെത്തുമ്പോൾ  നാട്ടുകാർ ബസ്‌ വെട്ടിപൊളിച്ചു എല്ലാവരെയും പുറത്തെടുത്തിരുന്നു.കിട്ടാവുന്ന വാഹനത്തിൽ എല്ലാവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു കൊണ്ടിരുന്നു.അയാൾ തിരഞ്ഞത് അവളെ ആയിരുന്നു.പക്ഷെ അവളെ അവിടെ ഒന്നും കണ്ടില്ല.അപ്പോൾ അയാളുടെ മനസ്സിൽ അവൾ മാത്രമായിരുന്നു.അവളെ കാത്തോളണമേ എന്ന പ്രാർത്ഥനയും..

ഏതോ ഒരു വാഹനത്തിൽ അയാളും ഹോസ്പിറ്റലിലേക്ക് പോയി.രണ്ടു മൂന്നു ഹോസ്പിറ്റലിൽ കയറി ഇറങ്ങേണ്ടി വന്നു അവൾ എവിടെ എന്നറിയുവാൻ.പക്ഷെ പേര് അല്ലാതെ മറ്റൊരു വിവരവും കിട്ടിയതുമില്ല.അയാൾ കരച്ചിലിന്റെയും പതംപറച്ചിലിന്റെയും നടുവിൽ നെഞ്ചിടിപ്പോടെ  കാത്തുനിന്നു.

*******         ***************      ***************       *************   *****************

ഉച്ചക്ക് രണ്ടു മണി.ദൂരെ  ബസ്‌ കണ്ണില്‍ പെട്ടപ്പോള്‍ നൌഷാദ് വേഗം കടക്കുള്ളിലേക്ക് ഓടി കയറി.ഡ്രൈവറിനു പിന്നിലെ രണ്ടാമത്തെ സീറ്റ്കാരി അവന്റെ കടയിലേക്ക് നോക്കി .അവളുടെ ചിരി സ്വീകരിക്കുവാന്‍ അയാള്‍ ഉണ്ടായിരുനില്ല.അപകടത്തിനു ശേഷം രണ്ടു തവണ അയാളെ ആശുപത്രിയിൽ വെച്ച് കണ്ടിരുന്നു.പിന്നെ ഒരിക്കലും കണ്ടതുമില്ല .അയാൾ  കാത്തു നിന്നതുമില്ല.കടക്കുള്ളില്‍ അയാള്‍  മറഞ്ഞിരിക്കുകയായിരുന്നു അവൾ കാണാതിരിക്കുവാൻ ..അവളെ കാണാതിരിക്കുവാൻ ..എന്നത്തെയും പോലെ എന്തിനോ അവളുടെ കണ്ണുകൾ നിറഞ്ഞു ...ആരും കാണാതെ അവളതു തുടച്ചു മാറ്റി.

ആൾക്കാരുടെ സഹായത്തോടെ മാത്രം ബസ്സിൽ  നിന്നിറങ്ങിയ അവളെ കാത്തു ഉമ്മ അവിടെ ബസ്‌ സ്റ്റോപ്പിൽ ഉണ്ടായിരുന്നു.ഒരു കൈ ഉമ്മയുടെ തോളത്തുപിടിച്ചു മുടന്തി മുടന്തി അവൾ വീട്ടിലേക്കു നീങ്ങുമ്പോൾ ചലനശക്തി നഷ്ട്ടപെട്ട ഇടതുകൈ തൂങ്ങി ആടികൊണ്ടിരുന്നു.

കഥ :പ്രമോദ് കുമാർ .കെ.പി

Tuesday, September 10, 2013

"ഇങ്ങള് ഇതെന്തു ബെറിപ്പിക്കലാണ് ഭായ് ......"

കമ്പ്യുട്ടര്‍ തുറന്നപ്പോള്‍ ആദ്യം കയറിചെന്നത്  ഫേസ് ബുക്കിലേക്ക് തന്നെ ആയിരുന്നു.വലത്ത് വശത്ത്‌ കുറെ പച്ചകൾ കത്തി കിടക്കുന്നുണ്ട്.പക്ഷെ നമ്മളെ ആര്‍ക്കും  വേണ്ടായിരുന്നു.പുതിയ പോസ്റ്റുകൾ ഓരോന്ന് വായിച്ചു ലൈക്‌ മെഷീൻ വർക്ക്‌ ചെയ്യിച്ചു തുടങ്ങി.കൂടുതൽ മനസ്സിലായതിനും  ഇഷ്ടപെട്ടതിനും മാത്രം ചില കമന്റ്സും .അങ്ങിനെ നാറാണത്ത് ഭ്രാന്തനെ പോലെ അയാള്‍ കല്ലുരുട്ടുന്നതുപോലെ പോസ്റ്റുകൾ താഴേക്കും മുകളിലേക്കും ചലിപ്പിച്ചു കൊണ്ടിരുന്നു.അപ്പോൾ ചാറ്റ് ബോക്സിൽ ഒരു "ഹായ് " വന്നു.പേരെടുത്ത ഒരു ബ്ലോഗ്ഗർ ആണ്.ഞാൻ അധികവും അവരുടെ ബ്ലോഗുകൾ വായിച്ചു എന്റേതായ അഭിപ്രായങ്ങൾ പറയാറുണ്ട്‌.അങ്ങിനെ വിരൽ തുമ്പിലെ  മാത്രം പരിചയം തമ്മിലുണ്ട്.പക്ഷെ അദ്ദേഹം നാളിതുവരെ എന്റെ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ വായിച്ചതായി ഒരു രേഖപോലും നിലവിലില്ല.എന്നോട് അങ്ങിനെ ചാറ്റ് നടത്താരുമില്ല.എന്തെങ്കിലും ആവട്ടെ ...തിരിച്ചങ്ങോട്ടെക്കും വിട്ടു .ഒരു "ഹായ് "

"നിങ്ങൾ ഒരു ബ്ലോഗ്ഗർ കൂടിയല്ലേ ?' ചോദ്യം വന്നു .

"അതെ ..ഒന്ന് തുടങ്ങി ..ചില വട്ടുകൾ എഴുതാറുണ്ട് ."

"എഴുത്തുകൾ കാണാറുണ്ട് ...."

"സന്തോഷം "

"നമ്മൾ ബ്ലോഗ്‌ എഴുത്തുകാർ ഇങ്ങിനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഫേസ് ബുക്കിൽ ലൈക്ക്,കമാന്ഡ്  ഒന്ന് ഇടരുത്.അതൊക്കെ അവിടുത്തെ അഡ്മിന്‍കാരുടെയും വായനകാരുടെയും മാത്രം ജോലിയാണ്...അവരാണ് വിലയിരുത്തേണ്ടത് ."

"നമ്മളും വായനകാരല്ലേ ...വായിച്ചില്ലെങ്കില്‍ എഴുതുവാന്‍ പറ്റുമോ ?നല്ല വായനകാരനല്ലേ നല്ലൊരു എഴുത്ത്കാരന്‍ ആകാന്‍ പറ്റൂ .."

"ആവാം അതൊക്കെ ബ്ലോഗില്‍ മാത്രമായി പരിമിതപെടുത്തണം.ഈ ഗ്രൂപുകളുടെ  അഡ്മിന് ,പിന്നെ ബ്ലോഗറല്ലാത്ത എഴുത്തുകാര്‍ക്ക് ഒക്കെ നമ്മള്‍ ബ്ലോഗറോട് ഭയങ്കര പുച്ഛമാ ..നമ്മളൊക്കെ കൊമ്പില്‍ ഇരിക്കുന്നവരാണ് എന്ന അവരുടെ ഒക്കെ വിചാരം.ചിലര്‍ അങ്ങിനെ അവരെ വിശ്വസിപ്പിച്ചു .അവരുടെ കൃതികള്‍ നമ്മള്‍ വായിക്കില്ല എന്നും.നമ്മള്‍ക്ക് അങ്ങിനത്തെ വിചാരം ഒന്നും ഇല്ലെങ്കിലും പലരും നമ്മള്‍ അങ്ങിനെ ആണെന്ന് വായനകാരെ തെറ്റിദ്ധരിപ്പിച്ചു .അത് കൊണ്ട് നമ്മള്‍ ലിങ്കുകള്‍ ഇട്ടാല്‍ അവര്‍ തിരിഞ്ഞു നോക്കില്ല.പല ഗ്രൂപ്പ്‌ കാരും അത് അനുവദിക്കാറില്ല അനുവദിച്ചവര്‍ ചിലര്‍  അത് റിമൂവ് ചെയ്യുകയും ചെയ്യുന്നു.പിന്നെ നമ്മള്‍ക്ക് മാത്രമായി ഇപ്പോള്‍ ഗ്രൂപ്പ്‌ ഉള്ളത് കൊണ്ട് പ്രശ്നം ഇല്ല.കൂടുതല്‍ പേരും ഇപ്പോള്‍ ബ്ലോഗില്‍ കയറുന്നുമുണ്ട്."

"പക്ഷെ ഈ എഴുത്തില്‍ അങ്ങിനെ രണ്ടു വിഭാഗം ഉണ്ടോ ?'

"സത്യത്തില്‍ ഇല്ല..ഞാന്‍ മുന്‍പേ എല്ലാം വായിച്ചു നല്ല പ്രോല്‍സാഹനം കൊടുത്തുകൊണ്ടിരുന്ന ആളാണ്‌.ലിങ്കുകള്‍ വിതറുക മാത്രമല്ല ഉള്ളടക്കം എന്തോ അത് മുഴുവനായും പോസ്റ്റ്‌ ചെയ്തിരുന്നു,അതിനടിയില്‍ ബ്ലോഗ്‌ ലിങ്കും കൊടുക്കുമായിരുന്നു. പക്ഷെ ഏതോ കുബുദ്ധികള്‍ക്ക്  അതും പാടില്ല. പലരും അത് പിന്തുടര്‍ന്ന് നമ്മളെ വേറെ ഒരു വിഭാഗം ആയി കാണുവാന്‍ തുടങ്ങിയപ്പോള്‍ നമ്മള്‍ നമ്മുടെ ഗ്രൂപ്പിലും ബ്ലോഗിലും മാത്രമായി ഒതുങ്ങി.നിങ്ങളും അങ്ങിനെ ആവണം."

ഞാന്‍ ഒന്നും പറഞ്ഞില്ല .അയാള്‍ പറഞ്ഞതില്‍ കൂടുതല്‍ സത്യമുണ്ടായിരുന്നു.ഞാനും ശ്രദ്ധി  ച്ചിട്ടുണ്ട് ..ലിങ്കിനോട് പലര്‍ക്കും ചതുര്‍ഥിയാണ്.പക്ഷെ ഞാന്‍ മനസ്സിലാക്കിയതില്‍ ഈ ബ്ലോഗര്‍മാര്‍ ഒക്കെ വായിക്കുന്നവര്‍ തന്നെയാണ്.കാരണം എന്റെ പോസ്റ്റ്‌ പലതരം ഗ്രൂപ്പില്‍ വായിക്കുന്നവരെക്കാള്‍  കൂടുതല്‍ പേര്‍ ബ്ലോഗില്‍ വന്നു വായിക്കാറുണ്ട് അഭിപ്രായം പറയാറുമുണ്ട്.അവരില പലരും ബ്ലോഗർ മാരാണ് .

പല ഗ്രൂപ്പിലും അഡ്മിന്‍ കുറെ പേര്‍ ഉണ്ടാവും അവര്‍ക്ക് പുറംചൊറിയാന്‍ കുറച്ചു പേരും.കുറെ നിബന്ധനകൾ  അവർ ഉണ്ടാക്കും.ഒന്നിനും ഒരു ലക്ഷ്യമൊന്നും കാണില്ല.അവര്‍ തമ്മില്‍ തമ്മില്‍ ചൊറിഞ്ഞു കൊണ്ടേയിരിക്കും.അവരുടെ പോസ്റ്റ്‌ എപ്പോഴും മുന്നിൽ  കൊണ്ട് വെക്കും.അവർ പരസ്പരം ലൈക്‌ അടിച്ചും കമന്റ് അടിച്ചും അവിടെ പുതിയൊരു ഗ്രൂപ്പ്‌ ഉണ്ടാക്കും.ഇതോക്കെ കൂടുതലായി നടക്കുന്ന ഗ്രൂപ്പ്‌ അധികകാലം നിൽക്കുകയുമില്ല.അങ്ങിനെയുള്ള പലതും ഇപ്പോൾ വരൾച്ച  പിടിപെട്ടിരിക്കുകയാണ്.അടുത്തു തന്നെ സമാധിയുമുണ്ടാകും.നൂറായിരം ഗ്രൂപ്പ്‌ ഉള്ളപ്പോൾ ഈ കടുത്ത നിബന്ധന വെക്കുന്നവരെ ആര് തിരിഞ്ഞു നോക്കാൻ?

ബ്ലോഗർ മാത്രമല്ല വായിക്കാതെ(അങ്ങിനെ ഉണ്ടെങ്കില്‍ ) പോകുന്നവര്‍ ..ഇപ്പോള്‍ കുറെ പോസ്റ്റുകൾ അടിക്കടി എഴുതുന്ന ചിലരുടെ  ലൈക്‌ ,കമന്റ് ഒരു പോസ്റ്റിലും കാണില്ല.അവരുടെ പോസ്റ്റിനു ലൈക്‌ കൊടുത്തവർക്കും കമന്റ് ഇട്ടവര്ക്കും പേരുവെച്ചു നന്ദി രേഖപെടുത്തിയത് മാത്രം അവരുടെ പോസ്റ്റിനു കീഴിൽ കാണാം.അങ്ങിനെ ചിലരുടെ പോസ്റ്റിനു കീഴിലായി ഞാൻ "മറ്റുള്ളവരുടെ പോസ്റ്റുകൾ കൂടി വായിച്ചു അഭിപ്രായം പറയണം എന്നെഴുതി"

പക്ഷെ അതിനു എല്ലാവരും കൊടുത്ത മറുപടി ഏറെകുറെ ഒന്നായിരുന്നു.

"ഓക്കേ ..സമയം പോലെ നോക്കാം.ഇപ്പോൾ എഴുതുവാൻ തന്നെ സമയമില്ല .പിന്നെയല്ലേ വായിക്കുവാൻ "

അവരുടെ ഒക്കെ വിചാരം വായിക്കുന്ന നമ്മൾ ഒരു പണിയുമില്ലാതെ ഫേസ് ബുക്കിൽ വായിക്കുവാൻ വേണ്ടി ,ലൈക്‌ ഇടുവാനും ,കമന്റ് ഇടുവാനും മാത്രം തെണ്ടി തിരിഞ്ഞു നടക്കുന്നവർ എന്നാണ്..എല്ലാവർക്കും സമയം പ്രശ്നം തന്നെയാണ് ...ഉള്ള സമയം കൊണ്ടാണ് നമ്മൾ പലതും വായിക്കുന്നതും എഴുതുന്നതും കമന്റ് ഇടുന്നതും...പക്ഷെ ചിലരുടെ വിചാരം അവർ എഴുതുന്നത്‌ വായിക്കുവാൻ വേണ്ടി മാത്രം കുറേപേർ ഉണ്ട് എന്നാണ്...അവരൊക്കെ വലിയ എഴുത്തുകാർ ആണെന്നും...ഈ ബുക്കിൽ എഴുത്തൊക്കെ ഇപ്പോൾ കൊടുക്കൽ വാങ്ങലുകൾ ആണ്.നിങ്ങൾ എത്ര വലിയ എഴുത്തുകാരനായികൊള്ളട്ടെ മറ്റുള്ളവരുടെത് വായിക്കാതെ തള്ളിയാൽ അടുത്തു തന്നെ നിങ്ങളെ അവർ പുറംതള്ളും ...അതുകൊണ്ട് പരസ്പരം വായനകൾ പങ്കുവെച്ചു അഭിപ്രായം പങ്കുവെച്ചു മുന്നോട്ടേക്ക് പോകുക.


"ഇങ്ങള് ഇതെന്തു ബെറിപ്പിക്കലാണ് ഭായ് ......"എന്ന് ഇപ്പോൾ വായിക്കുന്ന പലർക്കും മനസ്സിൽ തോന്നുനുണ്ടാവും.ഇത് ഒരു വെറുപ്പിക്കൽ തന്നെയാണ്.ചുറ്റുമുള്ളവരെ ഒന്നും കാണാതെ ഞാൻ മാത്രമാണ് എഴുത്തുകാരനെന്നു സ്വയം വിശ്വസിക്കുന്ന ചില വിഡ്ഢികൾക്കുള്ള മുന്നറിയിപ്പ്.

വാല്‍കഷ്ണം : ഞാന്‍ വായനകാരന്‍ ആണ് എന്ന് വെച്ച് നല്ലൊരു വായനകാരന്‍ എന്നൊന്നുമില്ല .ഞാന്‍ അംഗം ആയിട്ടുള്ള  ഗ്രൂപുകളില്‍ പോയി വായിച്ചു അഭിപ്രായം പറയാറുണ്ട്‌.ചില കവിതകള്‍ എനിക്ക് ദഹിക്കാറില്ല . അതുകൊണ്ടുതന്നെ അത് തുടർന്ന് വായിക്കാറുമില്ല.ആരുടേയും പോസ്റ്റുകള്‍ വായിക്കാതെ മസ്സില് പിടിച്ചു എഴുതികൂട്ടുന്നവരെ കണ്ടില്ലെന്നു നടിക്കും.

"ഞമ്മളെ കൊണ്ട് ഇത്രയൊക്കെയേ പറ്റൂ ഭായ് "

-പ്രമോദ് കുമാർ .കെ.പി
Friday, September 6, 2013

ആരാണ് മണ്ടന്‍ -5

ഷംസു നാട് വിട്ടു ഗള്‍ഫില്‍ പോയതോടെ നാട്ടുകാര്‍ക്ക് "മണ്ടന്‍" കഥകള്‍ക്ക് ക്ഷാമം നേരിട്ട് കൊണ്ടിരുന്നു.എന്നിരുന്നാലും അവന്റെ പഴയ കഥകള്‍ ഒക്കെ വിളമ്പി അവര്‍ ഷംസു നാട്ടില്‍ ഇല്ലാത്ത ഒഴിവു നികത്തികൊണ്ടിരുന്നു.

ഷംസുവിനു മൊബൈല്‍ കിട്ടിയ തുടക്ക കാലത്ത്...അവന്റെ ബംഗ്ലൂരിലെ മാമി വിവരങ്ങള്‍ അറിയുവാന്‍ വേണ്ടി വീട്ടിലേക്കു വിളിച്ചു.ഷംസു ആയിരുന്നു ഫോണ്‍ എടുത്തത്.

"മാമി എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍ ?"

"നല്ല വിശേഷം ..നമുക്ക് വീട്ടില്‍ ഫോണ്‍ കണക്ഷന്‍ കിട്ടി ..നമ്പര്‍ 6488522   ..പിന്നെ അവിടുന്ന് വിളിക്കുമ്പോൾ 080  കൂട്ടി വിളിക്കണം."

"ഓക്കേ മാമി ഇടക്കൊക്കെ വിളിക്കാം.എനിക്കിപ്പോൾ മൊബൈൽ ഉണ്ട്...."

അങ്ങിനെ വിശേഷങ്ങളൊക്കെ പങ്കു വെച്ച് അന്നത്തെ സംഭാഷണം മുറിഞ്ഞു.....
പിന്നീട് ഒരിക്കൽ എക്സാം റിസൾട്ടുമായി ബന്ധപെട്ട എന്തോ അത്യാവശ്യത്തിനു ഷംസു മാമിയെ വിളിക്കാൻ ശ്രമിച്ചു.എത്ര ശ്രമിച്ചിട്ടും വേറെ ഏതോ നമ്പരിലേക്ക്  കോൾ പോകുന്നു.അങ്ങിനെ അവനു കുറെ പണം പോയി.ഷംസുവിന്റെ വിളി ഇല്ലാതായപ്പോൾ മാമി ഇങ്ങോട്ടേക്കു വിളിച്ചു .

"എന്താ മോനെ ഫോണ്‍ ചെയ്യാത്തത് ?റിസൾട്ട് കിട്ടിയാൽ ഉടനെ വിവരം പരയാമെന്നല്ലേ നീ പറഞ്ഞത് ?"

"ഞാൻ വിളിച്ചിട്ട് വേറെ നമ്പരിൽ പോകുന്നു....എത്ര തവണ വിളിച്ചു എന്നറിയാമോ ..?"

"ഞാനും കുറെ സമയമായി ശ്രമിക്കുന്നു.നിന്റെ നമ്പരിൽ ബിസി ട്യൂണ്‍ വരുന്നു...നീ വിളിച്ചത്  6488522 നമ്പരിലേക്ക് തന്നെ അല്ലെ ?

"അല്ല ...."

"പിന്നെ ..?"

."മാമിയല്ലേ പറഞ്ഞത് ..അതിന്റെ കൂടെ 080 ചേർക്കണം എന്ന് അത് കൊണ്ട് അതും കൂടി കൂട്ടി 6488602 എന്ന നമ്പറ ഡയൽ ചെയ്തത്."

പിന്നെ ചെവി പൊത്തി തലയ്ക്കു കൈവെച്ചാണ്  ഷംസു ഫോണ്‍ കട്ട് ചെയ്തത്.കണ്ണുകളും നിറഞ്ഞിരുന്നു.

അവിടുന്ന് അതിനു കിട്ടിയ മാമിയുടെ മറുപടി എന്താണെന്ന് ഷംസു നമ്മളോട് ഇതുവരെ പറഞ്ഞിട്ടില്ല.എന്നാലും നമ്മൾ ആ  മറുപടി മനസ്സിൽ ഊഹിച്ചിരുന്നു കാരണം മാമി നാട്ടിൽ  വരുമ്പോൾ എപ്പോഴും തുണയായി ഉണ്ടാകുമായിരുന്ന ഷംസു ആ സമയത്ത് അപ്രത്യക്ഷനാകുന്നത് പതിവാക്കി.

                 ഒരിക്കൽ ഷംസു മാത്രം വീട്ടിലുള്ള സമയത്ത് അവന്റെ വീട്ടിലെ വിറകുപുരക്കു തീപിടിച്ചു,അവൻ ഉടനെ വെള്ളം ഒഴിച്ച് തീ കെടുത്തുവാൻ ശ്രമിക്കാതെ അവന്റെ മാമനെ ഫോണിൽ വിളിച്ചു പറഞ്ഞു..അടുത്തു തന്നെ ഒരു വെളിച്ചെണ്ണ കമ്പനി നടത്തുകയായിരുന്നു മാമൻ..പിന്നെയാ നമ്മൾക്ക് വിവരം കിട്ടിയത്  നമ്മളൊക്കെ വന്നു തീ അണക്കുംപോഴെക്കും കുറെ വിറകും പുരയും കത്തി പോയിരുന്നു.നമ്മൾ വെള്ളം ഒഴിക്കുമ്പോൾ അവൻ പല തവണ തടയുകയും ചെയ്തു.അത് കൊണ്ട് തന്നെ പെട്ടെന്ന് തീ അണക്കുവാനും പറ്റിയില്ല.

"നീ ആണോട കത്തിച്ചത് ?' മാമൻ അലറി കൊണ്ട് ഷംസുവിനോട് ചോദിച്ചു 

"നിങ്ങളെന്താ മാമ പറേന്നത്‌ ...ആരെങ്കിലും സ്വന്തം വിറകുപുര കത്തിക്കുമോ ?"

"പിന്നെ നീ എന്തിനെ വെള്ളമോഴിക്കുന്നവരെ തടഞ്ഞത് ?"

"ഉമ്മ നല്ലവണ്ണം ഉണക്കി സൂക്ഷിച്ച വിറകാ ...അത് വെള്ളമോഴിച്ചാൽ പിന്നെ കത്തില്ല .ഊതി ഊതി ഉമ്മാടെ നടുവൊടിയും..കഴിഞ്ഞാഴ്ച ഉണക്കുമ്പോൾ കുറച്ചു വെള്ളം അതിന്റെ മേലാക്കിയതിനു  എന്നെ പറയാത്ത വഴക്കില്ല .."

പിന്നെ മാമനു മറുപടി പറയാൻ നാവു പൊങ്ങിയില്ല.ഷംസുവിനെ അറിയാവുന്ന മാമൻ അവനെ തുറിച്ചു നോക്കി കൊണ്ട് എന്തോ പ്രാകി സ്ഥലം വിട്ടു.മാമൻ എന്തിനാണ് അങ്ങിനെ പെരുമാറിയതെന്ന് ഷംസുവിനു അന്നേരം മനസ്സിലായില്ല .അതോ മനസ്സിലായിട്ടുണ്ടാകുമോ ?മനസ്സിലായിട്ടുണ്ടാകും .കാരണം ഷംസു മണ്ടനൊന്നുമല്ലല്ലോ?നമ്മളെ അവൻ മണ്ടന്മാർ ആക്കുകയായിരുനില്ലേ ?

കഥ :പ്രമോദ് കുമാർ .കെ.പി 

ഷംസുവിന്റെ പഴയ കഥകൾ വായിക്കുവാൻ :

http://promodkp.blogspot.in/2012/12/blog-post.html
http://promodkp.blogspot.in/2013/07/2.html
http://promodkp.blogspot.in/2013/07/3.html
http://promodkp.blogspot.in/2013/08/4.html