Tuesday, July 8, 2014

ഇറാഖിലേക്ക് ഒരു കത്ത്

പ്രിയമുള്ള  ഇറാഖി "ഭീകരന്മാരെ",

 സോറി  അങ്ങിനെ പറഞ്ഞു ശീലിച്ചു പോയതാ ..കാരണം മുസ്ലിമുകൾ  ആരെങ്കിലും ആയുധമെടുത്താൽ  അപ്പോൾ തന്നെ അവരെ പിടിച്ചു നമ്മുടെ  സമൂഹം തീവ്രവാദികൾ ആക്കും.തോക്ക് തന്നെ വേണമെന്നില്ല ലാദനെ പോലെ താടിയും വസ്ത്രവും മാത്രം ധരിച്ച മുസ്ലിം പേര്കാരാൻ ആയാലും മതി...ഇസ്രായേലിലും ചൈനയിലും റഷ്യ, ഉക്രൈൻ എന്നിവിടങ്ങളിൽ നിങ്ങളെ പോലെ നിലനിൽപ്പിനും  സർക്കാർ കൊള്ളരുതായ്മക്കും തോക്കെടുക്കുന്നവരെ നമ്മൾ "ഭീകരർ " എന്ന് വിളിക്കില്ല "വിമതർ " എന്ന് മാത്രമേ വിളിക്കൂ .അതൊന്നും മുസ്ലിം രാജ്യമല്ല അത് കൊണ്ടാ..ഇതൊക്കെ  നമ്മളായി ശീലിച്ചതൊന്നുമല്ല ഇവിടുത്തെ മാധ്യമങ്ങൾ നമ്മളെ ശീലിപ്പിച്ചതാ ..പറഞ്ഞു പറഞ്ഞു പറയേണ്ട കാര്യം വിട്ടു പോയി ..

നിങ്ങൾ പറഞ്ഞയച്ചതിന്റെ  അടുത്തദിവസം തന്നെ നമ്മുടെ നേഴ്സ് മാർ  സുഖമായി ഇവിടെയെത്തി .വന്നിറങ്ങിയത് മുതൽ നിങ്ങളെ കുറിച്ച് അവർക്ക്  നല്ലതേ പറയുവാനുള്ളൂ ..നിങ്ങളുടെ സ്നേഹവും കെയറും ഒക്കെ അവർ വലിയവായിൽ വിളമ്പിയപ്പോൾ കുറെ ദിവസം "കൊടും ഭീകരർ " ആയി നമ്മുടെ മനസ്സിൽ കിടന്നിരുന്ന നിങ്ങൾ പൊടുന്നനെ പലർക്കും ദൈവ പുത്രന്മാരായി.രാവും പകലും ഉറക്കമിളച്ചു ഡൽഹിയിൽ പോയി നമ്മുടെ കുട്ടികളുടെ മോചനത്തിന് ശ്രമിച്ച നമ്മുടെ മുഖ്യമന്ത്രിയും ,അദ്ദേഹത്തെ "സഹായിച്ച "വിദേശകാര്യ മന്ത്രിയുമൊക്കെ പൊടുന്നനെ അങ്ങ് ചെറുതായത് പോലെ ...അല്ലെങ്കിലും ഇവരെ രണ്ടുപേരെയും "ജയ് "വിളിക്കുവാൻ വേണ്ടി മാത്രം അന്നേദിവസം കുറേപേർ പണിക്കൊന്നും പോകാതെ എയർപോർട്ടിൽ തമ്പടിച്ചിരുന്നു ..അവന്മാരുടെയൊക്കെ സഹോദരിമാർ വരുമ്പോൾ പോലും അവിടെപോകാത്തവരാ ..അതുകൊണ്ടാ നമ്മുടെ ഇടയിൽ ഇങ്ങിനെ ഒരു ചെറിയ സംശയം ഉണ്ടായത്. എല്ലാവരെയും "പച്ചക്ക് "കൊന്നു തിന്നുന്ന മാധ്യമപടയും അവിടെ ഉണ്ടായിരുന്നു.

അവര്‍ ഇറങ്ങിയുടനെ" ജയ് "കാര്‍ അവരുടെ നേതാക്കള്‍ക്ക് വേണ്ടിയുള്ള പണി തുടങ്ങിയിരുന്നു.ചാനലുകാര്‍ അവരുടേതും ..നിങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ സഹോദരന്‍മാരെ പോലെ മാത്രമാണ്  സംരക്ഷിച്ചത് എന്ന് പറഞ്ഞപ്പോള്‍ ചാനലുകാര്‍ക്കു കുരുപോട്ടി .കാരണം അവർ പ്രതീക്ഷിച്ചത്  കുറെ കഥകളായിരുന്നു.പിന്നെ ചോദിച്ചത് "നിങ്ങളെ അവര്‍ പീഡിപ്പിച്ചോ ? എന്നാണ് .പീഡനം എന്ന വാക്ക് നമ്മുടെ രാജ്യത്ത് മോശപെട്ടതായത് കൊണ്ട്  ആ കുട്ടികൾ നാണിച്ചു തലതാഴ്ത്തുക മാത്രമാണ് ചെയ്തത്...നിങ്ങളെകാൾ അവരെ കഷ്ട്ടപെടുത്തിയത്  ഈ മാധ്യമപടകൾ തന്നെ ആയിരിക്കണം  ..കുറച്ചു ദിവസമായി ഇവരെയും അവരുടെ കുടുംബത്തെയും പലവിധത്തിൽ അവർ "പീഡിപ്പിക്കുക " തന്നെയായിരുന്നു...അതും മാനസികമായി ...ഇവരൊക്കെ ന്യൂസ്‌ അവറിൽ ചർച്ച നടത്തി അവർ ഇനി തിരികെ വരാൻ പോകുനില്ല എന്ന് പോലും ഇറാക്കിൽ ഉള്ള ഏതോ ഒരു  "ഉണ്ണാക്കനെ " കൊണ്ട് പറയിപ്പിച്ചു കളഞ്ഞു.ആ "തെണ്ടി "പറഞ്ഞത് ഇങ്ങിനെ തടവിൽപെട്ടവരെ ഇതുവരെ ആർക്കും രക്ഷപെടുത്തുവാൻ പറ്റിയിട്ടില്ല എന്നാണ്..ഒന്നുകിൽ കൊല്ലും അല്ലെങ്കിൽ  വിൽക്കും എന്നുവരെ  ഉദാഹരണ സഹിതം  പറഞ്ഞു കളഞ്ഞു.ഇതൊക്കെ കേൾക്കുമ്പോഴും കാണുമ്പോഴും അവരുടെ ബന്ധുക്കൾ അനുഭവിക്കുന്ന മാനസികപ്രയാസങ്ങൾ എത്ര വലുതാണ്‌ എന്ന് മനസ്സിലാക്കുവാനുള്ള ബുദ്ധിപോലും ഇല്ലാത്തവരാണ് നമ്മുടെ മാധ്യമപടകൾ .അവരെ പറഞ്ഞിട്ട് കാര്യമില്ല .സ്വന്തം കുടുംബത്തിൽ ഒന്നുമല്ലല്ലോ  ഈ പ്രശ്നം.

പലരും പറയുന്നതുപോലെ സമ്പാദിക്കുവാൻ വേണ്ടി മാത്രമല്ല ഇവിടുത്തെ കുട്ടികൾ ഇറാക്കിലേക്ക് വണ്ടികയറിയത്‌..കുറെ കുടുംബങ്ങൾ സംരക്ഷിക്കുവാൻ വേണ്ടിയാണ്.ഇവിടെ ഇന്ത്യയിൽ വെള്ളരിപ്രാവുകൾ ,മാലാഖമാർ എന്നൊക്കെ പറയുമെങ്കിലും പണിയെടുക്കുന്നതിന്റെ കൂലി കൊടുക്കുവാൻ ആശുപത്രി മുതലാളിമാർക്ക്  വലിയ വിഷമമാണ്.നക്കാപിച്ചയാണ്  കൊടുക്കുന്നതെങ്കിൽ കൂടി കൃത്യമായി കൊടുക്കുകയില്ല ..കൂടാതെ വിശ്രമമില്ലാതെ രാവും പകലും ഡ്യുട്ടി .അത് അമ്മയുടെ ആശുപത്രിയായാലും, സിസ്റ്റർമാരുടെ ആശുപത്രിയായാലും, ഉപ്പമാരുടെത് ആയാലും ..അവർ ഇതൊക്കെ തന്നെ എല്ലായിടത്തും അനുഭവിക്കണം.ഈ ഫീൽഡിൽ വരുന്ന അധികംപേരും പാവപെട്ട കുടുംബത്തിൽ ഉള്ളവരാണ് അതും കിടപ്പാടം  ബാങ്കിൽ  വെച്ച് ലോണ്‍ ഒക്കെ എടുത്തു പഠിച്ചവർ ..നമ്മുടെ നാട്ടിലെ ആശുപത്രികാർ ഇങ്ങിനൊക്കെ ചെയ്യുന്നതുകൊണ്ട് അവർ വഴിയാധാരമാകും എന്നുറപ്പാണ് .അതില്ലതാക്കുവാൻ വേണ്ടിയാണ്  വരുന്നത് ആപത്തു നിറഞ്ഞ നാട്ടിലാണ് എന്നറിഞ്ഞുകൊണ്ടുതന്നെ അവർ അവിടേക്ക് വന്നത്.പക്ഷെ നിങ്ങൾ തകർത്ത് കളഞ്ഞത് അവരുടെ ജീവിതമാണ് .ഇപ്പോൾ കുറേപേർ സഹായിക്കും അതാക്കും ഇതാക്കും എന്നൊക്കെ പറഞ്ഞു വന്നിട്ടുണ്ട് ,പറഞ്ഞതൊക്കെ ആത്മാർത്ഥമാണെങ്കിൽ അവർ രക്ഷപെടും നിങ്ങൾ കാരണം.അതിൽ അവർക്ക്  നിങ്ങളോട്  നന്ദിയും കടപ്പാടും ഉണ്ടായിരിക്കും .അല്ലെങ്കിൽ ആരും തിരിഞ്ഞു നോക്കാതെ അവർ എങ്ങിനെയെങ്കിലും ജീവിക്കും നിങ്ങളെ ജീവിതകാലം മുഴുവൻ ശപിച്ചു കൊണ്ട് ...ഒന്ന് രണ്ടു ആഴ്ച കഴിഞ്ഞാൽ ചാനലുകാർ തന്നെ ചോദിക്കും "ആരാ ഈ നേഴ്സ്മാര്  എന്ന് ."....അതാണ്‌ നമ്മുടെ സമൂഹം .ഇരുട്ടി വെളുക്കും മുൻപ് എല്ലാം മറക്കാൻ അവർ പഠിച്ചിരിക്കുന്നു ..സ്വന്തം കുടുംബത്തിലെ പ്രശ്നങ്ങൾ ഒഴിച്ച് .....

അവര്‍  വരുന്നതിനുമുന്‍പുള്ള പത്തിരുപതു മണികൂര്‍ അവരെ മോചിപ്പിക്കുന്നതിന്റെ ക്രെഡിറ്റ്‌ കൈക്കലാക്കുവാന്‍ ഇവിടെ മത്സരമായിരുന്നു,നേതാക്കന്മാര്‍ രാഷ്ട്രീയഭേദ്യമെന്നെ പരസ്പരം പുകഴ്തിയപ്പോള്‍ അണികള്‍ അവരുടെ പാര്‍ട്ടിക്ക് മാത്രം ചാര്‍ത്തികൊടുക്കുവാന്‍ ഒരു വിഫലശ്രമം നടത്തി.അത് കൊണ്ട് ചോദിക്കുകയാ  എന്താണ് അവിടെ സംഭവിച്ചത് ?ഇന്ത്യ യുദ്ധകപ്പൽ ഒക്കെ കാട്ടി പേടിപ്പിച്ചപ്പോൾ നിങ്ങൾ അനുസരിച്ചതാണ് എന്ന് ഒരു കൂട്ടർ ...നിങ്ങൾ ചോദിച്ച പണം കിട്ടിയപ്പോൾ വിട്ടയച്ചതാണ്‌ എന്ന്  മറ്റൊരു കൂട്ടർ ,അതൊന്നുമല്ല ഇന്ത്യൻ പട്ടാളകാർ തന്നെ നിങ്ങളുടെ വേഷത്തിൽ രക്ഷപ്പെടുത്തി എന്ന്  മറ്റു ചിലർ ..ഇന്ത്യൻ നയതന്ത്ര വിജയമെന്ന്  ഗവർമെന്റ് .അതിനിടയിൽ ഒന്നിലും ക്രെഡിട്ടു അവകാശപെടുവാൻ  ഇല്ലാത്തതുകൊണ്ട് രാഷ്ട്രീയം മാത്രം കളിക്കുന്ന ചില പരനാറികളെയും കണ്ടു ..എന്താണ് സത്യം എന്ന് ഞങ്ങൾക്ക്  അറിയണം എന്നുണ്ട് ...ഇന്ത്യയിലെ പൗരന്മാരെ സംരക്ഷിക്കുവാൻ സർകാരിനും എംബസ്സി ഉദ്യോഗസ്ഥർക്കും  താല്പര്യമില്ല എന്ന ചീത്തപേരു മുൻപേ നമുക്കുണ്ട് .ഇത് അവരുടെ നയതന്ത്രവിജയമാണെങ്കിൽ  ആ ചീത്തപേരു മാറ്റി കിട്ടുമല്ലോ ....നിങ്ങളിൽ ആരെങ്കിലുമൊക്കെ ഇപ്പോഴും ജീവിചിരിക്കുന്നുണ്ടാകുമെന്നു കരുതുന്നു ..അങ്ങിനെയെങ്കിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങളെ അറിയിക്കണം .അല്ലെങ്കിൽ ദിനംപ്രതി എട്ടുകാലി മമ്മൂഞ്ഞുമാർ കൂടികൊണ്ടിരിക്കും..ഇതൊക്കെ നമ്മൾ എത്ര ചെയ്തതാണ് എന്ന മട്ടിൽ ..

വാൽകഷ്ണം : ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ നന്മനിറഞ്ഞ മനസ്സുകൾക്കും നമോവാകം..പക്ഷെ ക്രെഡിറ്റ് അവകാശപെട്ട്  കൊണ്ടുള്ള  ചിലരുടെ പ്രവർത്തനങ്ങൾ കാണുമ്പോൾ പറയാതെ വയ്യ ....സോറി

-പ്രമോദ് കുമാർ .കെ.പി