Thursday, September 27, 2012

പ്രണയം

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്
------------------------------


"ബസ്സ്‌ വരാന്‍ എന്താണ് ഇത്ര വൈകുന്നത് ? ഇന്ന് എതായാലും ഹെഡ് മാഷെ കാണാതെ ക്ലാസ്സില്‍ കയറുവാന്‍ പറ്റുമെന്ന് തോന്നുനില്ല "

ഞാൻ  മനസ്സില്‍ ഓര്‍ത്തു .വൈകിയാല്‍ ഹെഡ് മാസ്റ്റര്‍ ഡയറിയില്‍ സൈന്‍ ചെയ്യണം ,എന്നാല്‍ മാത്രമേ ക്ലാസ്സിലെ ടീച്ചര്‍ ഉള്ളിലേക്ക് കടത്തി വിടുകയുള്ളൂ.സ്റ്റോപ്പില്‍ വേറെ ഒരു വിദ്യാര്‍ത്ഥിനി കൂടി ഉണ്ട്.പിന്നെ കുറച്ചു പേരും.അവള്‍ സ്ഥിരം ഈ ബസ്സില്‍ എന്നോടൊപ്പം ഉള്ളതാണ് .നേരിട്ട് പരിചയപെട്ടിലെങ്കിലും അവളുടെ വീടും വീട്ടു കാരെയും ഒക്കെ അറിയാം.എന്റെ സ്കൂളിന്റെ എതിര്‍ വശത്തു ഉള്ള ഗേള്‍സ്‌ സ്കൂളില്‍ ആണ് അവള്‍ പഠിക്കുന്നതെന്നും .പക്ഷെ ബസ്‌ വൈകുന്നതിന്റെ യാതൊരു പരിഭ്രമവും അവളില്‍ കണ്ടില്ല.ഞാന്‍ ആകെ അസ്വസ്ഥനായി നില്‍കുകയാണ്‌ .ഏതായാലും നടക്കുവാന്‍ തീരുമാനിച്ചു ,ഒന്നൊന്നര കിലോമീറ്റര്‍ നടന്നാല്‍ ജംഗ്ഷന്‍ എത്തും ,അവിടുന്ന് വേറെ ബസ്‌ കിട്ടും.ഞാന്‍ പുറപെട്ടു അത് കണ്ടിട്ടാവണം അവളും എന്നോടൊപ്പം നടന്നു തുടങ്ങി .ഞാന്‍ വളരെ വേഗത്തിലാണ് നടന്നു കൊണ്ടിരുന്നത് അവളും അതെ സ്പീഡില്‍ വന്നു എന്നോടൊപ്പം കൂടി.

"ഒന്ന് മെല്ലെ നടക്കൂന്നെ ...ഞാനും ഉണ്ട്.."

"ആദ്യം കിട്ടുന്ന ബസ്സില്‍ തന്നെ പോണം ,അല്ലെങ്കില്‍ വഴക്ക് കിട്ടും "

"ഇനി പത്തു മണിക്കേ അവിടുന്നും ബസ്‌ ഉള്ളൂ ..അപ്പോഴേക്കും എത്തിയാല്‍ മതി "

"നിനക്ക് വേവലാതി ഒന്നും കാണുനില്ല ,ലേറ്റ് ആയാല്‍ പ്രശ്നം ഇല്ലേ ?'

"ഞാന്‍ ലേറ്റ് ആകാനാണ് പ്രാര്‍ത്ഥിച്ചത്‌ ..ഇന്ന് ഫസ്റ്റ് അവര്‍ മാക്സ് പരീക്ഷയാണ് ..ഇന്ന് എന്തായാലും അതില്‍ നിന്നും രക്ഷപെടാം."

ഞാന്‍ ഒച്ചത്തില്‍ ചിരിച്ചു ,അവളും ..അത് ഒരു സൌഹൃദത്തിന്റെ തുടക്കം ആയിരുന്നു .പിന്നീട് അത് പ്രണയം ആയി മാറിയോ  എന്നൊന്നും അറിയില്ല.അവളെ കാണാത്ത ദിവസങ്ങളില്‍ എന്തോ ഒരു നീറ്റല്‍ മനസ്സില്‍ അനുഭവപെട്ടു.അവളെ തേടി അവളുടെ വീട്ടിനരുകില്‍ ചുറ്റി കറങ്ങി.പക്ഷെ സ്കൂള്‍ അവധികാലം എല്ലാം തകിടം മറിച്ചു .മാമന്റെ വീട്ടില്‍ അവധികാലം ആഘോഷിക്കാന്‍ പോയ അവളെ ഒരുപാട് മിസ്സ്‌ ചെയ്തു. അടുത്ത വര്‍ഷത്തെ (എസ് .എസ് .എല്‍ .സി )പഠനത്തിന്റെ കോച്ചിംഗ് ഒക്കെ നേരത്തെ ആരംഭിച്ചു ..അതില്‍ മുഴുകുംപോഴും മനസ്സ് പലപ്പോഴും അവളെ കാണുവാന്‍ ആഗ്രഹിച്ചു.ചിലപ്പോള്‍ ഒക്കെ അവളുടെ വീട്ടിനരുകില്‍ കറങ്ങി ..പക്ഷെ ഫലം ഉണ്ടായില്ല.അവൾ തിരിച്ചു വന്നിട്ടില്ലായിരുന്നു.

കാത്തു കാത്തു ജൂണ്‍ ഒന്നാം തിയതി വന്നു .പക്ഷെ അന്ന് അവള്‍ ബസ്‌ സ്റ്റോപ്പില്‍ ഉണ്ടായിരുനില്ല.മനസ്സ് വേദനിച്ചു ..പിന്നെയും ദിവസങ്ങള്‍ ....അവള്‍ മാത്രം വന്നില്ല.പിന്നെ എപ്പോഴോ അറിഞ്ഞു അവളുടെ അച്ഛന്‍ ട്രാന്‍സ്ഫെര്‍ ആയി പോയപ്പോള്‍ അവളുടെ പഠിത്തവും അങ്ങോട്ടേക്ക് നീങ്ങിയെന്ന്  ..പിന്നെ അവളെ കണ്ടതേയില്ല .പത്താം ക്ലാസ്സിലെ പ്രധാനപെട്ട പരീക്ഷക്കുവേണ്ടി ഒരുങ്ങുമ്പോള്‍ വല്ലപ്പോഴും അവള്‍ മനസ്സിലെക്കൊടിവന്നു ...പിന്നെ പിന്നെ അവളുടെ മുഖം മനസ്സില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരുന്നു .

നാല്  വര്‍ഷങ്ങള്‍ക്കു ശേഷം 
-------------------------------
 രണ്ടാം വര്‍ഷമാണ്  ഈ എഞ്ചിനീയറിംഗ് കോളേജില്‍ .ഈ കൊല്ലം മുതല്‍ അടിച്ചു പൊളിക്കണം .കഴിഞ്ഞ വര്‍ഷം മിണ്ടാപ്രാണിയായി ഒതുങ്ങികൂടാനെ കഴിഞ്ഞുളൂ.കാരണം തുടക്കം തന്നെ സീനിയര്‍മാരുടെ റാഗിംഗ് ..ഒന്നാം വര്‍ഷകാരന്‍ ഒന്നുകില്‍ രാഷ്ട്രീയക്കാരന്‍ ആയിരിക്കണം അല്ലെങ്കില്‍ കലാകാരന്‍ ആയിരിക്കണം ,അല്ലെങ്കില്‍ പത്തി നിവര്‍ത്താന്‍ സീനിയര്‍മാര്‍ വിടില്ല ,എന്തെങ്കിലും പണി തരും .അത് കൊണ്ട് ഒതുങ്ങികൂടുകയായിരുന്നു.പത്താം ക്ലാസ്സ്‌ കഴിഞ്ഞു പഠിച്ച കോളേജില്‍ നമ്മളെ വലിയ കാര്യം ആയിരുന്നു .ഈ എഞ്ചിനീയറിംഗ് കോളേജ് എന്തോ ,തുടക്കകാരനെ അംഗീകരിക്കില്ല .മിനിമം ഒരു കൊല്ലം സീനിയരുടെ  നിഴലില്‍ മാത്രം .എങ്ങിനെയോ ഒരു കൊല്ലം കഴിഞ്ഞുപോയി

 ഈ കൊല്ലം അത് കൊണ്ട് തന്നെ നല്ല ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കി അതിന്റെ മറവില്‍ ആയി പ്രവര്‍ത്തനങ്ങള്‍ .വീണ്ടും അവിടെ വെച്ച് അവളെ കണ്ടുമുട്ടി .അവള്‍ ഒന്നാം വര്‍ഷം ജോയിന്‍ ചെയ്തിരിക്കുന്നു.മനസ്സ് വീണ്ടും പാടിത്തുടങ്ങി ,അസ്സല്‍ ഒരു പ്രണയഗാനം .അവളും എന്നെ തിരിച്ചറിഞ്ഞു .സൌഹൃദം പുതുക്കി.

റാഗിംഗ് ,രാഷ്ട്രീയം തുടങ്ങി കോളേജില്‍ ശ്രദ്ധിക്കപെടുന്ന എല്ലാ വേഷത്തിലും പയറ്റി. അതിനിടയില്‍ എങ്ങിനെയോ നമ്മള്‍ തമ്മില്‍ പ്രണയം വന്നുചേര്‍ന്നു. ...പലപ്പോഴും പല സന്ദര്‍ഭങ്ങളിലായി  അവളെ സംരക്ഷിച്ചു .റാഗിങ്ങില്‍ നിന്നും ....കാമ്പസിലും ബസ്സിലും നഗരത്തിലും ഒക്കെയായി ..അതായിരുന്നുവോ പ്രണയം ..അറിയില്ല ..ഏകദേശം ഒന്നര വര്‍ഷം വീണ്ടും  പ്രണയിച്ചിരിക്കാം ..ഒഴിഞ്ഞ ക്ലാസ്സ്‌ മുറികളില്‍,കാമ്പസില്‍ തണല്‍ നല്‍കിയ വൃക്ഷത്തിന്‍ കീഴെ ...ബസ്‌ സ്റ്റോപ്പില്‍ ...പക്ഷെ പറഞ്ഞതൊന്നും പ്രണയത്തെ കുറിച്ചായിരുനില്ല .പലതരം വിഷയങ്ങള്‍ ..പക്ഷെ രണ്ടു പേരും പരസ്പരം ഇഷ് ട്ടപെട്ടിരുന്നു.

      ഒരിക്കല്‍ അത്യാവശ്യം പറയാന്‍  ഉണ്ടെന്നു പറഞ്ഞു  ഒരു കൂള്‍ ബാറില്‍  അവള്‍ എന്നെ വിളിച്ചു കയറ്റി.

"പ്രേം എന്റെ കല്യാണം ഉറപ്പിക്കാന്‍ പോകുന്നു ..നിങ്ങള്‍ ഉറപ്പു പറയുവാണെങ്കില്‍ ഞാന്‍ വെയിറ്റ് ചെയ്യാം ..അച്ഛന്‍ ഞാന്‍ പറഞ്ഞാല്‍ അനുസരിക്കും "

ചെറിയൊരു സൂചന അവളുടെ കൂട്ടുകാരികളില്‍ നിന്നും കിട്ടിയതിനാല്‍ ഞെട്ടിയില്ല.ചിരിച്ചു കൊണ്ട് പറഞ്ഞു

"ഈ എഞ്ചിനീയറിംഗ് കഴിയുന്ന ആണ്‍കുട്ടികളും പുര നിറഞ്ഞുനില്‍ക്കുന്ന പെണ്‍കുട്ടികളും ഒരുപോലെയാണ് ..എപ്പോഴും അവസരത്തിന് വേണ്ടി കാത്തു നില്‍ക്കണം.അത് കൊണ്ട് എനിക്ക് ഒരു ഉറപ്പു തരാന്‍ വയ്യ.ഞാന്‍ ജയിച്ചാല്‍ തന്നെ പെട്ടെന്ന്  ജോലി കിട്ടുമോ എന്നൊന്നും ഉറപ്പില്ല .അത് കൊണ്ട് നിനക്ക് വന്നത് നല്ല ആലോചന ആണെങ്കില്‍ അത് മുന്നോട്ടു പോകട്ടെ ."ഞാന്‍ വേദനയോടെയെങ്കിലും ചിരിച്ചുകൊണ്ട് പറഞ്ഞു .

അവള്‍ ദയനീയമായി എന്നെ നോക്കി ..ഞാന്‍ മുഖം തിരിച്ചു .പിന്നെ പറഞ്ഞു

"നമ്മള്‍ യുവാക്കള്‍ ഒരിക്കലും നന്നായി ചിന്തിക്കുന്നില്ല.എല്ലാവരും പ്രേമിക്കുന്നത് ഒരേ പ്രായക്കാരെ അല്ലെങ്കില്‍ ഒരു വയസ്സിനു അല്ലെങ്കില്‍ രണ്ടു വയസ്സിനു ഇളപ്പം ഉള്ളവരെ മാത്രം.പെണ്ണിന്റെ വയസ്സ് എപ്പോഴും പ്രശ്നം തന്നെ ആണ് .കൃത്യ സമയത്ത് കെട്ടിച്ചു വിട്ടിലെങ്കില്‍ പ്രശ്നം ആകും .അത് കൊണ്ടാണ് അധിക പ്രേമവും തകരുന്നത് .മിനിമം അഞ്ചോ ആറൊ വയസ്സ്  ഇളയതായ പെണ്‍പിള്ളേരെ  സ്നേഹിക്കണം .എന്നാല്‍ നമ്മള്‍ ഒന്ന് കരക്കണയുംപോള്‍ അവള്‍ പാകപെട്ടിരിക്കും .പിന്നെ ഈസിയായി  പ്രേമം കല്യാണത്തില്‍ എത്തിക്കാം."

അവള്‍ ഒന്നും മിണ്ടിയില്ല .തല കുനിച്ചിരുന്നു .കുറച്ചു സമയം ആരും സംസാരിച്ചില്ല .പിന്നെ ഞാന്‍ തന്നെ പറഞ്ഞു

"എനിക്ക് വിഷമം ഒന്നും ഇല്ല ..ഞാന്‍ നാളെ  സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റിലെ ഏതെങ്കിലും ഒന്‍പതാം ക്ലാസ്സ്‌കാരിയെ  വലവീശി പിടിച്ചോളാം. അതാവുമ്പോള്‍ ജോലികിട്ടുമ്പോള്‍ കറക്റ്റ് സമയം ആയിരിക്കും."

അവള്‍ പൊട്ടിചിരിച്ചു.അന്ന് നമ്മള്‍ അവിടെ നിന്നും പിരിഞ്ഞു...പ്രണയത്തിൽ നിന്നും ..

ഒരു മാസത്തിനുള്ളില്‍ അവളുടെ കല്യാണം കഴിഞ്ഞു .ഞാനും പോയിരുന്നു .അവശകാമുകന്‍ ആയി മാറി നില്കരുതല്ലോ.എന്റെ പഠിത്തം കഴിയും വരെ അവള്‍ ആ കോളേജില്‍  തന്നെ ഉണ്ടായിരുന്നു.നല്ല ഒരു സുഹൃത്തായി.എന്റെ അവസാന കോളേജ് ദിവസം വിടപറയൽ ചടങ്ങൊക്കെ കഴിഞ്ഞപ്പോൾ അവൾ എന്നെ അടുത്തേക്ക്‌ വിളിച്ചു.കൂട്ടുകാരികൾക്കിടയിൽ നിന്ന
അവള്‍ ആരും കേള്‍ക്കാതെ ചോദിച്ചു

"ഒന്‍പതാം ക്ലാസ്സുകാരിയെ വളച്ചോ ?അതിനെ തന്നെ കെട്ടുമല്ലോ അല്ലെ ?എന്നെയും കല്യാണത്തിന്  വിളിക്കണം .ഞാൻ തീർച്ചയായും വരും "

ഞാന്‍ തമാശ കേട്ടതുപോലെ ചിരിച്ചു  എന്ന് വരുത്തി.പിന്നെ യാത്ര പറഞ്ഞു മുന്നോട്ടേക്ക് നടന്നു.കുറച്ചുദൂരം കഴിഞ്ഞു വെറുതെ ഒന്ന് തിരിഞ്ഞു നോക്കി ..അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നോ ?തോന്നിയതാവണം ..കാരണം എന്റെ കണ്ണുകള്‍ നിറഞ്ഞു കിടക്കുകയയിരുന്നല്ലോ  ...


കഥ :പ്രമോദ് കുമാര്‍.കെ.പി



Friday, September 14, 2012

സോറി

ഇന്നേക്ക് ഉത്സവം തീരും ..കഴിഞ്ഞ ഒരു ആഴ്ച നല്ല കോളായിരുന്നു .നാളെ മുതല്‍ ഭിക്ഷ പാത്രം  കൊണ്ട് വേറെയിടത്തെക്ക് നീങ്ങണം.ഈ സീസണ്‍ അത്രക്ക് മോശമില്ല ,എല്ലായിടത്തും നല്ല ആള്‍ കൂട്ടമായിരുന്നു.അത് കൊണ്ട് തന്നെ പൈസക്കും ബുദ്ധിമുട്ടുണ്ടായില്ല.ഇത്തവണ  എങ്കിലും  പൊളിഞ്ഞ കുടില്‍ ഒന്ന് നന്നാക്കണം .മഴയും വെയിലും കൊണ്ട് കഴിയുന്ന പോണ്ടാട്ടിയെ നല്ല ഒരു താവളത്തില്‍ ആക്കണം.ശരീരം അനങ്ങി അധികം ജോലിയൊന്നും അവള്‍ക്കു ചെയ്യാൻ പറ്റില്ല.ചേരിയിലെ ചുറ്റുമുള്ളവര്‍ സഹായിക്കുന്നതിനാല്‍ അങ്ങിനെ ജീവിച്ചു പോകുന്നു.എനിക്ക് എല്ലാ ദിവസവും അവിടെ എത്താന്‍ പറ്റാറില്ല.ഉത്സവവും പള്ളി പെരുനാളും ഒക്കെ വന്നാല്‍ ആഴ്ചയിൽ  ഒന്നോ രണ്ടോ തവണയാണ് പോകാറുള്ളത്. അടുത്താണെങ്കിൽ മാത്രം.എന്തായാലും നാളെ പോകണം.അതിനു ശേഷം വേറെ സ്ഥലം നോക്കി പോകാം.തന്റെ അരയിലുള്ള പണസഞ്ചി അവിടെ തന്നെ ഉണ്ടോയെന്നു ഒന്ന് കൂടി ഉറപ്പു വരുത്തി.

ഗാനമേള തുടങ്ങി എന്ന് തോന്നുന്നു.അധികം പേര്‍ പുറത്തേക്കു വരുന്നില്ല .അത് കൊണ്ട് തന്നെ ഇനി അധികം ഇവിടെ തങ്ങിയിട്ട് കാര്യമില്ല.റോഡിലെക്കിറങ്ങാം.അവിടെ  ആവുമ്പോൾ  റോഡിൽ നിന്ന് കറങ്ങുന്നവര്‍ വല്ലതും തരും.കുറച്ചു കഴിഞ്ഞു ഇവിടേയ്ക്ക് തന്നെ മടങ്ങി വരാം.അപ്പോഴേക്കും ഗാനമേള കഴിയും.ഞാൻ കഷ്ട്ടപെട്ടു എഴുനേറ്റു മുടന്തി മുടന്തി കൊണ്ട് റോഡിലേക്ക് നടന്നു.

ആനപന്തി വഴി മുറിച്ചുകടന്നാല്‍ വേഗം റോഡിലെക്കെത്താം.ഞാൻ  അതുവഴി നടക്കുമ്പോള്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തിരിഞ്ഞു നോക്കി.ഒരു പെണ്‍കുഞ്ഞു അവിടെ നിന്ന് കരയുകയാണ്.നാലു അല്ലെങ്കില്‍ അഞ്ചു വയസ്സേ കാണൂ.അടുത്തൊന്നും ആരെയും കണ്ടില്ല .ഞാൻ ചിരിച്ചു കൊണ്ട്  അടുത്തേക്ക് ചെന്നു.അപ്പോൾ കുട്ടിയുടെ കരച്ചില്‍ ഉച്ചത്തിലായി.തന്റെ വേഷവും നടപ്പും കണ്ടിട്ടാവും.

 "കരയേണ്ട മോളെ...നീ എന്താണ് ഒറ്റയ്ക്ക് ഇവിടെ..?"

"അമ്മയെയും അച്ഛനെയും കാണുനില്ല " അവള്‍ വിതുമ്പി വിതുമ്പി കൊണ്ട് പറഞ്ഞു.
കൈ വിട്ടു പോയതാണ്..അവര്‍ അന്യേഷിക്കുന്നുണ്ടാവും.കുഞ്ഞിനെ പോലീസ് പോസ്റ്റില്‍ കൊണ്ടുചെല്ലാം .അയാള്‍ മനസ്സില്‍ ഓര്‍ത്തു.

എന്നോടുള്ള കുഞ്ഞിന്റെ ഭയം കുറച്ചു പോയിരുന്നു.ഞാൻ  അച്ഛനെ കാട്ടിതരാം എന്ന് പറഞ്ഞു കുഞ്ഞിന്റെ കയ്യും പിടിച്ചു പോലീസ്‌ പോസ്റ്റിലേക്ക് നടന്നു.നടക്കുമ്പോള്‍ കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചു  മനസ്സിലാക്കി .കുട്ടിയോടും എവിടെക്കാണ്‌ പോകുന്നതെന്ന് പറഞ്ഞു .അവിടെ നിന്ന് പോലീസ് കാര്‍ അച്ഛനെയും അമ്മയെയും  കാണിച്ചുതരും എന്നും പറഞ്ഞു.അവള്‍ക്കു സമ്മതമായി.ഉത്സവം പ്രമാണിച്ച് ഓഫീസിനരുകില്‍ പോലീസുകാര്‍ക്ക് വേണ്ടി ഒരു മുറി കൊടുത്തിട്ടുണ്ട്‌.അവിടേക്ക് പോകാം.

എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല .തലയ്ക്കു ഒരു അടി കിട്ടിയെന്നു തോന്നി.പിന്നെ ബോധം പോയി.ഉണരുമ്പോള്‍ പോലീസ് ഔട്ട്‌ പോസ്റ്റില്‍ ആയിരുന്നു.ദേഹമാകെ അസ്ഥി തറക്കുന്ന മാതിരി വേദന.എല്ലായിടത്തും മുറിഞ്ഞിട്ടുണ്ട്‌ .രക്തം അവിടവിടങ്ങളില്‍ പൊടിയുന്നു.തന്റെ അരയിലെ പണവും നഷ്ട്ടപെട്ടെന്നു തനിക്കു മനസ്സിലായി.ശരീരത്തിലെ വേദനയെക്കാൾ  കൂടുതൽ എനിക്ക് നൊന്തത്‌ പണം നഷ്ട്ടപെട്ടുപോയതിലായിരുന്നു.പുറത്തു എന്തൊക്കെയോ ബഹളം ..കുറേപേര്‍ തന്നെ കാണാന്‍ തിരക്ക് കൂട്ടുന്നു.കുട്ടികളെ മോഷ്ട്ടിക്കുന്നവനെ കാണുവാനുള്ള തിരക്കാണെന്ന് അവരുടെ സംസാരത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും മനസ്സിലായി.കാര്യങ്ങള്‍ പോയ വഴി അതിഭീകരമാണെന്ന് മനസ്സിലായി.
 
ഒരു പോലീസുകാരന്‍ വീണ്ടും എന്നെ തൂക്കിപിടിച്ചു ,രണ്ടു ഇടി കൂടി തന്നു കൊണ്ട് ചോദിച്ചു

"നീയേത്  ഗ്യാങ്ങില്‍ പെട്ടതാട ?",തമിഴോ ഹിന്ദിയോ?പറയെടാ?"

"സര്‍ ,ഞാന്‍ ഈ പെട്ടുതറ ചേരിയിലെതാണ്...കുഞ്ഞു ഒറ്റയ്ക്ക് നിന്ന്  കരഞ്ഞപ്പോള്‍ സഹായിച്ചതാണ് "

മറുപടി പറഞ്ഞു തീരും മുന്‍പേ വീണ്ടും അടി കിട്ടി.പുളഞ്ഞുപോയി.വീണ്ടും കുറെ ചോദ്യങ്ങള്‍ ,അടികള്‍ ..നിസ്സഹായനായി ഞാനും .,കാഴ്ച കണ്ടു രസിച്ചു ജനങ്ങളും.

പെട്ടെന്ന് ഉള്ളില്‍ നിന്ന് ആരോ വന്നു പോലീസുകാരന്റെ കാതില്‍ എന്തോ പറഞ്ഞു.പോലീസുകാരന്‍ എന്നെയും  കൂട്ടി അകത്തെ മുറിയിലേക്ക് ചെന്നു .എസ് .ഐ യോ മറ്റോ ആയിരിക്കാം.എന്റെ  ചുമലില്‍ കൈവെച്ചു പറഞ്ഞു.

"സോറി..നമ്മള്‍ക്ക് തെറ്റ് പറ്റി പോയി.ആ കുഞ്ഞു കാര്യങ്ങള്‍ പറഞ്ഞപ്പോളാണ് സംഗതി പിടി കിട്ടിയത് "

ഞാൻ  എസ് .ഐ .ചൂണ്ടിയ  ദിക്കിലേക്ക് നോക്കി .ആ കുഞ്ഞു അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു

 "താങ്ക്യൂ  അങ്കിള്‍ ..ഞാന്‍ ആദ്യം പറഞ്ഞിട്ടു ഈ മാമന്‍മാര്‍ വിശ്വസിച്ചില്ല..".എന്നിൽ  ഒരു ദീര്‍ഘ നിശ്വാസം ഉയര്‍ന്നു.കണ്ണുകളില്‍ കണ്ണുനീര്‍ തളം കെട്ടി നിന്നു .

"വീണ്ടും സോറി പറയുന്നു...നിങ്ങള്‍ക്ക് പോകാം  "എസ് .ഐ  വീണ്ടും വന്നു പറഞ്ഞു.

കത്തുന്ന കണ്ണുകളോടെ എസ.ഐ യെ നോക്കി കൊണ്ട് ഞാൻ  വിളിച്ചു പറഞ്ഞു.

"നിങ്ങളുടെ ഈ സോറി എനിക്കുണ്ടായ നഷ്ടങ്ങള്‍ തിരിച്ചു തരില്ല ,വേദന അകറ്റുകയും ഇല്ല .കാര്യങ്ങള്‍ മനസ്സിലാകും മുൻപേ  നിങ്ങള്‍ ജനങ്ങളും പോലീസുകാരും വിധികള്‍ നടപ്പിലാക്കരുത്...അതുകൊണ്ട് ഈ സോറി  നിങ്ങളുടെ കൈയ്യില്‍ തന്നെ ഇരിക്കട്ടെ.ഇനിയും പലപ്പോഴും ഉപയോഗിക്കെണ്ടതല്ലേ  "


ഒരു കൊടുംകാറ്റു പോലെ ഞാൻ പുറത്തേക്കു നടന്നു ..കാഴ്ച കാണാനെത്തിയ ജനങ്ങളും ഒന്നൊന്നായി  പിരിഞ്ഞു  പോയി കൊണ്ടിരുന്നു.അവർക്കും ഈ വല്ലാത്ത ക്ലൈമാക്സ്‌ രസം നഷ്ട്ടപെടുത്തിയിരുന്നു .

കഥ; പ്രമോദ് കുമാര്‍.കെ.പി





Thursday, September 13, 2012

ഉത്തരം

ആനവണ്ടി ചുരം കയറുകയാണ് ..രണ്ടു സൈഡിലും  തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ഏതൊക്കെയോ പേരറിയാത്ത മരങ്ങള്‍ ..ഒരു വശത്തു അത് ബസ്സിനെക്കാള്‍ ഉയരത്തില്‍ ആണെങ്കില്‍ മറു വശത്തു അത് കീഴെയാണ്.ചിലയിടത്ത് കുഴികള്‍ കാണാം ..അഗാത ഗര്‍ത്തങ്ങള്‍ ...അവിടങ്ങളില്‍ നോക്കുമ്പോള്‍ പേടിയാവുന്നു ..പിന്നെ അയാള്‍ ഓര്‍ത്തു ഞാന്‍ എന്തിനു പേടിക്കണം .. മരണത്തെയോ ? അല്ലെങ്കില്‍ അപകടമോ ...രണ്ടു സംഭവിച്ചാലും എനിക്ക് ഒന്നുമില്ല .  കാരണം ഞാന്‍ ഇപ്പോള്‍ വല്ലാത്ത  ഒരു അവസ്ഥയിലാണ് .പേടിയും അപകടവും മരണവും ഒക്കെയും ഒരു പോലെ കാണേണ്ട അവസ്ഥയില്‍.


  പിന്നെ പിന്നെ കാടിന് സൌന്ദര്യം വന്നതായി  തോന്നി തുടങ്ങി .പതുക്കെ മഴ പെയ്തു തുടങി .അത് കാടിനെ കൂടുതല്‍ മനോഹരമാക്കി .പലപ്പോഴായി ഒരു അമ്പത് തവണ എങ്കിലും  ഇതിലെ പോയിട്ടുണ്ട് .അപ്പോഴൊന്നും ഇത് ഇത്ര മനോഹരമായി തോന്നിയില്ല .എങ്ങിനെ തോന്നാന്‍ ..മല കയറുന്നതുതന്നെ കൂട്ടുകാരോടൊത്തു അടിച്ചുപൊളിക്കാന്‍ ...എപ്പോഴും മദ്യപിച്ചുകൊണ്ട് ആയിരിക്കും ഈ വഴി കടന്നു പോകുന്നത്.വണ്ടിക്കുള്ളിലെ ആസ്വാദനം അല്ലാതെ മൂത്രമോഴിക്കുവാനോ ഫോട്ടോ എടുക്കുവാനോ മാത്രം ഇവിടങ്ങളില്‍ നിര്ത്തുന്നു .പകുതി ബോധത്തില്‍ എന്ത് പ്രകൃതി ..എന്ത് സൌന്ദര്യം ?  ..പിന്നെ കുറെദിവസം പല റിസോര്‍ട്ടില്‍ അവിടെയും അടിച്ചുപൊളി വെള്ളമടി .പുകച്ചു കളയുന്ന സിഗാറുകള്‍ ....പ്രകൃതിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ എന്ന പേരില്‍ മലകയരുന്നു .വെള്ളമടി മാത്രം ആസ്വദിക്കുന്നു ..കൂട്ടത്തില്‍ കാട്ടിറചിയും .മറ്റു ചിലതും .എല്ലാത്തിനും റിസോര്‍ട്ട്കാര്‍ റെഡി .നമ്മള്‍ പണം മാത്രം എറിഞ്ഞാല്‍ മതി.

ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ മുഖത്ത് പതിച്ചപ്പോള്‍  അയാള്‍ക്ക് രസം തോന്നി.ഇനിയും പതിക്കുവാന്‍ ആഗ്രഹിച്ചു ..എപ്പോഴും മഴയെ കുറ്റം പറയുന്ന ശപിക്കുന്ന അയാള്‍  മഴയെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.എല്ലാ മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ് മഴ എന്ന് ചിലര്‍ പാടിപുകഴ്ത്തിയപ്പോള്‍ പുച്ഛം ആയിരുന്നു മനസ്സില്‍ ..രോഗങ്ങള്‍ ,അപകടങ്ങള്‍ കൊണ്ടുവരുന്ന മഴയെ അയാള്‍ക്ക്‌ എപ്പോഴും വെറുപ്പായിരുന്നു..ചെറുപ്പത്തില്‍ തന്റെ പല കാര്യങ്ങളും തടസ്സപെടുത്തിയത് മഴയായിരുന്നു എന്ന് അയാള്‍ ഓര്‍ത്തു .അത് കൊണ്ട് തന്നെ മഴ വെറുപ്പായിരുന്നു തന്റെ പല സ്വതന്ദ്ര്യത്തിനും ചെറുപ്പത്തില്‍  കടിഞാനിട്ടതും ഇതേ  മഴയായിരുന്നു.

ബസ്‌ മലമുകളിലെ ടൌണില്‍ എത്തി .ഇനി കുറച്ചു സമയം ഇവിടെ ഉണ്ട് ..ഭക്ഷണം കഴിക്കാന്‍ നിറുത്തിയതാണ്.ബസില്‍ നിന്നും പലരും ഇറങ്ങി ..കൂടുതല്‍ പേരും പോയത് അടുത്തുള്ള ബാറിലെക്കായിരുന്നു.വെറുതെ ബസ്സില്‍ ഇരിന്നു എല്ലാം നോക്കി കണ്ടു ..ഒന്നും കഴിക്കുവാന്‍ തോന്നിയില്ല,അത് കൊണ്ട് ബസ്സില്‍ തന്നെ ഇരുന്നു.ചുറ്റുമൊന്നു കണ്ണോടിച്ചു..പട്ടണം ഷോപ്പിംഗ്‌ മാള്‍  കൊണ്ടും മറ്റു നൂതന കെട്ടിടങ്ങള്‍ കൊണ്ടും സുന്ദരിയായിരിക്കുന്നു.ആളുകള്‍ അവരുടെ ആവശ്യ ങ്ങള്‍ക്ക് പരക്കം പായുന്നു  എല്ലാവരുടെയും മുഖത്ത് സന്ദോഷം മാത്രം  ..എല്ലാവരും ചിരിക്കുന്നു .സംസാരിക്കുന്നു .,ആര്‍ക്കും ഒരു വിഷമവും ഇല്ല ..കടകളില്‍ കച്ചവടം നന്നായി നടക്കുന്നു.എനിക്ക് മാത്രം എന്തെ ഇങ്ങിനെ ?

ബസ്‌ പിന്നെയും നീങ്ങി ..പ്രകൃതി കൂടുതല്‍ സുന്ദരിയായത്‌ പോലെ ..നമ്മുടെ നാട് ഇത്ര സുന്ദരമായിരുന്നോ ?എന്നിട്ടാണോ ഞാന്‍ അടക്കം പലരും അവധി ആഘോഷിക്കാന്‍ മറുനാട്ടില്‍ പോയികൊണ്ടിരുന്നത് ..മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ..മറു നാട്ടിലുള്ളതിനെക്കാളും പ്രകൃതി രമണീയത നമ്മളുടെ നാട്ടിന് തന്നെ ..പക്ഷെ  നമ്മള്‍ അതൊന്നും കാണാതെ പണം കൊടുത്തു കൃത്രിമം കാണുവാന്‍ പോകുന്നു.അയാള്‍ ഉള്ളില്‍ ചിരിച്ചു .

എന്തോ ശബ്ദം  കേട്ട് അയാള്‍ ഓര്‍മകളില്‍ നിന്നും ഞെട്ടി.ബസ്സിലുള്ള കൂടുതല്‍ പേരും തിരിഞ്ഞു നോക്കി.പിന്നില്‍ നിന്നും ഒരു കാര്‍ അതിവേഗത്തില്‍ ലൈറ്റ് ഇട്ടു ഹോണ്‍ മുഴക്കി കൊണ്ട്
 വരുന്നുണ്ടായിരുന്നു.ഡ്രൈവര്‍ സ്ലോ ചെയ്തു കൊടുത്തു ..പക്ഷെ കാര്‍ ബസ്സിനെ മറികടന്നു ബസ്സിനു മുന്‍പില്‍ ചവുട്ടി നിറുത്തി. കുറച്ചു പേര്‍ ഇറങ്ങി ബസ്സില്‍ കയറി.കയരിയവരെ കണ്ടു അയാള്‍ ഞെട്ടി.അളിയനും കൂട്ടുകാരും .അവര്‍ അടുത്ത് വന്നു.

"എന്താ സൂരജ് ഇത് ..ഡോക്ടര്‍ പറഞ്ഞില്ലേ റസ്റ്റ്‌ എടുക്കണം എന്ന് ?"
"ഇനിയെന്തിനു റസ്റ്റ്‌ അളിയാ ...മുറിയില്‍ കിടന്നു മരിക്കാന്‍ എനിക്ക് ആഗ്രഹമില്ല ...അത് കൊണ്ടാണ് ആരും കാണാതെ ഇറങ്ങിയത്‌ ."

 ബസ്സിലുള്ളവര്‍ക്ക്  കാര്യങ്ങള്‍ കൂടെ വന്നവര്‍ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു .അത് കൊണ്ട് തന്നെ അയാളുടെ എതിര്‍പ്പുകള്‍ ഒന്നും വിലപോയില്ല .അവര്‍ ബലം പ്രയോഗിച്ചു  പിടിച്ചു വണ്ടിയിലേക്ക് കയറ്റി.

. ...ബസ്സിലെ എല്ലാവരും ദയനീയതയോടെ അയാളെ നോക്കുന്നുണ്ടായിരുന്നു ..അടുത്ത് തന്നെ മരിക്കുവാന്‍ പോകുന്ന ഒരാളെ കണ്ട  ഞെട്ടലോടെ ..

ചുരം ഇറങ്ങുമ്പോള്‍ അയാള്‍ക്ക് പ്രകൃതിയുടെ സൌന്ദര്യം ആസ്വദിക്കുവാനായില്ല ..അളിയന്റെ ബലിഷ്ട്ടമായ കൈകല്‍ക്കുള്ളിളില്‍ ഒരറവുമാടിനെപോലെ ഒതുങ്ങിയിരിക്കുംപോള്‍ അയാള്‍ ചിന്തിച്ചതു മറ്റൊന്നായിരുന്നു .

"എന്റെ ശരീരം കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നത് വര്‍ഷങ്ങളായി  പുകച്ചുതുപ്പിയ സിഗരറ്റുകള്‍ ആണോ അതോ എപ്പൊഴും സേവിച്ചുകൊണ്ടിരുന്ന ആള്‍ക്കഹോളോ  ?".

ഉത്തരം കിട്ടാതെ അയാളുടെ മനസ്സ് പിടഞ്ഞു ..പുറത്തു അപ്പോള്‍ മഴ തിമര്‍ത്തു പെയ്യുകയായിരുന്നു


കഥ: പ്രമോദ് കുമാര്‍.കെ.പി