Sunday, April 28, 2024

പവി കെയർടേക്കർ

 



**രണ്ടര മണിക്കൂർ അധികം ബോറടി ഒന്നുമില്ലാത്ത തരത്തിൽ വർഷങ്ങൾക്ക് ശേഷം ഒരുക്കിയ  ഒരു ദിലീപ് ചിത്രം.മുൻപ് ദിലീപിൻ്റെ തന്നെ ചില ചിത്രങ്ങൾ ഓർമിപ്പിക്കുന്നു എങ്കിൽ കൂടി നന്നായി അതൊക്കെ മറികടന്നിട്ടുണ്ട്.



**ദിലീപിന് മാത്രം കഴിയുന്ന ചില മാനറിസങ്ങൾ ഉണ്ട്..പഴയ ദിലീപ് ആകുവാൻ ശ്രമിക്കുന്നുണ്ട് എങ്കിലും പ്രായവും കാലവും അത് അനുവദിക്കുന്നില്ല എങ്കിൽ കൂടി ചില അവസരങ്ങളിൽ നമ്മെ അത്തരം കാലത്തേക്ക് ദിലീപ് കൊണ്ട് പോകുന്നുണ്ട്.



***അവസാന രംഗത്തിലെ കല്യാണ പന്തലിൽ ഉള്ള ചെറിയ കല്ലുകടി ഒഴിച്ച് മൊത്തമായും നമുക്ക് ആസ്വദിക്കുവാൻ പറ്റിയ വിധത്തിൽ വിനീത് കുമാർ അണിയിച്ചൊരുക്കിയ ചിത്രം. ദിലീപിൻ്റെ വൺ മാൻ ഷോ എന്ന് തോന്നുമെങ്കിലും അഭിനയിച്ചവർക്ക് ഒക്കെ നല്ല സ്പേസ് കൊടുത്തിട്ടുണ്ട്..കിട്ടുന്ന അവസരത്തിൽ ദിലീപ് പതിവ് പോലെ സ്കോർ ചെയ്യുന്നു എന്ന് മാത്രം.



***വ്യത്യസ്തമായ രീതിയിൽ പ്രണയം അവതരിപ്പിക്കാൻ വിനീത് കുമാർ എന്ന സംവിധായകന് നല്ല രീതിയിൽ കഴിഞ്ഞിട്ടുണ്ട്..നായകൻ്റെ ചില സെൻ്റി സീനുകൾ ശരിക്കും നമ്മുടെ മനസ്സിൽ കൊള്ളുന്നുണ്ട്. ഇതൊക്കെയാണ് ദിലീപ് എന്ന നടനെ ജനപ്രിയം ആക്കുന്നതും.



***മ്യൂസിക് തന്നെയാണ് ചിത്രത്തിൻ്റെ മറ്റൊരു പ്ലസ് പോയിൻ്റ്..ഗാനങ്ങൾ ഒക്കെ മികച്ചു നിൽക്കുന്നുണ്ട്.മനസ്സിൽ പതിയും. അത് ചിത്രീകരിച്ച രീതിയും ഗാനത്തെ മനസ്സിലേക്ക് കയറ്റി വിടുന്നുണ്ട്.



***നായിക എല്ലാവരും പുതുമുഖം ആയതിനാൽ തന്നെ നമ്മളിൽ ചെറിയൊരു കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്..അവസാനം നായികക്ക് കൂടുതൽ പ്രാധാന്യം വരുന്ന അവസരത്തിൽ പേർകൊണ്ട് മാത്രം നമുക്ക് മനസ്സിലാക്കുവാൻ കഴിയാതെ പോകുന്നുണ്ട്..





**മൊത്തത്തിൽ പറഞാൽ രസകരമായി കണ്ടിരിക്കാൻ പറ്റിയ ഫീൽ ഗുഡ് ചിത്രമാണ് പവി കെയർ ടേക്കർ.കുടുംബ പ്രേക്ഷകർ എങ്ങിനെ ഈ ചിത്രം സ്വീകരിക്കും എന്നത് ചിത്രത്തിൻ്റെ ഭാവി നിർണയിക്കും.


പ്ര.മോ.ദി.സം


Friday, April 19, 2024

ഇതുവരെ

 

ശക്തമായ സമകാലിക   പ്രമേയം കൊണ്ട് ധാരാളം സിനിമകൾ ഇറങ്ങുന്നുണ്ട് എങ്കിലും ജനത്തിന് പലപ്പോഴും അത് സിൽവർ സ്ക്രീനിൽ കാണാൻ താൽപര്യം ഇല്ല..അവർക്ക് അടിച്ചു പോളി സിനിമകളും പൈങ്കിളി കഥകളും  മറ്റുമാണ് ഇഷ്ടം.

നമ്മുടെ നാടിൻ്റെ ജീവനും സ്വത്തിനും ആവാസവ്യവസ്ഥക്കും ഭീഷണിയായ രണ്ടു സംഭവങ്ങൾ അവതരിപ്പിക്കുന്നു ഈ കൊച്ചു ചിത്രം. ഒന്ന് നഗരത്തിലും മറ്റൊന്ന് ഗ്രാമത്തിലും...മനുഷ്യൻ സ്വാർത്ഥതയുടെ പിടിയിൽ അകപ്പെടുമ്പോൾ മറക്കുന്നത് ചുറ്റും ഉള്ള ജീവനുകളെയാണ്. അടുത്ത തലമുറയെ കുറിച്ച് ചിന്തിക്കാതെ സ്വന്തം കാര്യം മാത്രം മനസ്സിലിട്ടു അവൻ പ്രകൃതിയെ കൊല്ലുകയാണ്..


ജനങ്ങളെ പറഞ്ഞിട്ട് കാര്യമില്ല..കാരണം എൻ്റർടൈന്മെൻ്റ് ആണ് സിനിമ..അത് അവരെ രസിപ്പിക്കാൻ പറ്റുന്നത് ആയിരിക്കണം.മുൻപൊക്കെ അവാർഡ് ഫിലിം എന്ന് കാറ്റഗറി സിനിമക്ക് പ്രത്യേക കാണികൾ ഉണ്ടായിരുന്നു.അവർ അത് രസിച്ചിരുന്ന് കണ്ടൂ..പക്ഷേ ഇന്ന് മനുഷ്യന് ഒന്നിനും സമയമില്ല അത്രക്ക് ടെൻഷൻ കൊണ്ട് ജീവിക്കുന്ന സമൂഹം ഓഫ് ബീറ്റ് സിനിമകൾ കാണാൻ മിനക്കെടാറില്ല.  ചൂണ്ടിക്കാട്ടുന്ന  ഇത്തരം പ്രമേയങ്ങൾ തൻ്റെ ജീവിതത്തിലെ വലിയ "ബാധ്യത" എന്നറിഞ്ഞിട്ടും അവർക്ക് ഇത്തരം ചിത്രങ്ങളോട് താൽപര്യം ഇല്ല.

ഒന്ന് രണ്ടു ആഴ്ചകൾ കൊച്ചി നഗരത്തിനെ പുക തീറ്റിയ ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൻ്റെ കാര്യകാരണങ്ങൾ വളരെ സമർത്ഥമായി അവതരിപ്പിച്ച ഈ ചിത്രത്തിൽ പ്ലാൻ്റ് കൊണ്ട് ജീവിതം കൊഞാട്ട ആയവർക്ക് നീതി കിട്ടിയില്ല എന്നത് കൃത്യമായി പറഞ്ഞിട്ടുണ്ട്..കോടതി പോലും പുറം തിരിഞ്ഞു നിന്നു എന്നതും...


അധികാരത്തിൻ്റെ കൈവഴികൾ ജനങ്ങളുടെ നെഞ്ചില് കയറുമ്പോൾ അതിനെ പ്രതിരോധിക്കുവാൻ ജനങ്ങളുടെ അവസാന പ്രതീക്ഷയായ കോടതി പോലും പുറം തിരിഞ്ഞു നിൽക്കുന്ന അവസരത്തിൽ അവനു അവിടം വിട്ടു ഓടുക അല്ലാതെ മറ്റു പ്രതിവിധിയില്ല.അല്ലെങ്കിൽ എല്ലാം സഹിച്ചു 
ദുർഗന്ധത്തിനും രോഗത്തിനും ഇടയിൽ മരിച്ചു  ജീവിക്കണം. സ്വന്തം നാടും വീടും വിട്ട് വേറെ എവിടെയെങ്കിലും പോകുന്നത് ഇപ്പോഴത്തെ തലമുറക്ക് വിഷയം അല്ലെങ്കിലും തൻ്റെ ഈറ്റില്ലം വിട്ടു പോയാൽ മരണം എന്ന് വിശ്വസിക്കുന്ന ആൾക്കാർ ധാരാളം.



അങ്ങിനെ ജീവിച്ചു മരണത്തിലേക്ക് പോകുമ്പോൾ രക്ഷപെടുവാൻ മല കയറി പോയവർക്ക് അവിടെ പാറമട കൊണ്ടുണ്ടാകുന്ന ഭീഷണി കൂടിയാവുമ്പോൾ ജീവിതത്തിന്  മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സം നേരിടുകയാണ് .അതോടെ അനീതിക്കെതിരെ പ്രതികരിക്കണം ജീവിക്കണം എന്ന വാശി അവനിൽ കടന്നു കൂടുകയാണ്.



തെറ്റുകൾ നാട്ടുകാർക്ക് ചൂണ്ടി കാണിക്കുന്നു ബോധ്യപ്പെടുത്തുന്നു   എങ്കിലും ജോലിയും പണവും കിട്ടുന്നത് കൊണ്ട് അവർക്കിടയിൽ  എതിർപ്പുകൾ ഉണ്ടാവുകയാണ്..ബ്രഹ്മപുരത്ത് തോറ്റ് പോയവര് ഇവിടെ വിജയിക്കാൻ വേണ്ടി പോരാടുന്നത് ആണ് പിന്നീട് കാണുന്നത്.. അതി ജീവനത്തിൻ്റെ സമരം..പ്രകൃതിക്കും മനുഷ്യനും വേണ്ടി....അനിൽ തോമസ് ആണ് സംവിധായകൻ..

പ്ര.മോ.ദി.സം

Thursday, April 18, 2024

സമകാലികം 21

 



തിരഞ്ഞെടുപ്പ് പ്രചരണ ചൂട് അതിൻ്റെ പീക് പോയിൻ്റിൽ എത്തിയിരിക്കുന്നു..കണക്ക് കൂട്ടലിലെ അപ്രതീക്ഷിത നിഗമനങ്ങൾ സ്ഥാനാർത്ഥികളിൽ 

 അസ്വസ്ഥതകൾ സൃഷ്ടിച്ചിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. 


അത് ബോമ്പായിട്ടും നുണ ബോംബായിട്ടും രാഷ്ട്രീയ പാർട്ടികൾ പരസ്പരം പഴി ചാരുംപോൾ ജനങ്ങൾക്കു രാഷ്ട്രീയ കുതന്ത്രങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്.


സൈബർ ഇടങ്ങളിൽ ഏറ്റവും കൂടുതൽ തേജോവധം ചെയ്യപെട്ട സ്ഥാനാർത്ഥി ഒരു പക്ഷെ സുരേഷ് ഗോപി ആയിരിക്കും.. ചെയ്യുന്ന പ്രവർത്തികളിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചു രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തെ വേട്ടയാടാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. അതൊന്നും അദ്ദേഹം മൈൻഡ് ചെയ്യാത്തത് കൊണ്ട് ആരോപണ മുന ഓരോന്നായി ഒടിഞ്ഞു പോയി.

വടകരയിൽ തിരിച്ചു പിടിക്കാൻ ഇറക്കിയ ഷൈലജ ടീച്ചർ ഒരു പടി മുന്നിൽ നിൽക്കുമ്പോൾ ആണ് സ്വന്തം പാർട്ടിക്ക് കളങ്കം വരുത്തി പാനൂരിൽ ബോംബ് പൊട്ടുന്നത്..അത് ടീച്ചറുടെ സാധ്യതയെ നന്നായി ബാധിച്ചിട്ടുണ്ട്.ഇപ്പൊൾ സൈബർ ഇടങ്ങളിൽ ടീച്ചർ തേജോവധം ചെയ്യപ്പെടുന്നു എന്ന് "കരഞ്ഞു" കൊണ്ട് പറയുമ്പോൾ പ്രതി സ്ഥാനത്ത് എതിരാളികൾ ആയിരിക്കും എന്ന് വ്യക്തം.

എന്നാല് ഇതൊക്കെ പാർട്ടിയുടെ തോൽവി മുന്നിൽ കണ്ടുകൊണ്ടുള്ള അവസാന അടവ് എന്ന് എതിരാളികൾ തിരിച്ചടിക്കുംപോൾ നേര് ഏതു നെറി ഏതു എന്നറിയാതെ ജനങ്ങൾ കൺഫ്യൂഷണിൽ ആവുകയാണ്.

വ്യക്തിഹത്യ, വ്യക്തി വിരോധം ഒക്കെ ഒരിക്കലും തിരഞ്ഞെടുപ്പുകളിൽ വിഷയമാകുന്നത് നന്നല്ല.. ഇപ്പൊൾ എംഎൽഎ മാരായ കേ കേ രമ ,ഉമ തോമസ് എന്നീ  സ്തീകൾക്കു നേരെ സൈബർ ഇടങ്ങളിൽ വളരെയധികം വ്യക്തിഹത്യ നടന്നിരുന്നു.അതിൻ്റെ വേദനകൾ അറിയുന്നത് കൊണ്ട് തന്നെയാണ് അവർ എതിർ പാർട്ടികാരിയായ ശൈലജ ടീച്ചർക്കു ഈ കാര്യത്തിൽ പിന്തുണ കൊടുത്തത്. ഇതൊക്കെയാണ്  നന്മയുടെ രാഷ്ട്രീയം.

*****നാഴിക്ക് നാല്പതു വട്ടം ജനാധിപത്യത്തെ കുറിച്ച് വാചലനാകുന്ന തമിഴു നാട് മുഖ്യമന്ത്രിയുടെ മകൻ്റെ റെഡ് ജയൻ്റ് ഫിലിംസ് മറ്റു സിനിമ പ്രവർത്തകരെ പീഡിപ്പിക്കുന്നു എന്ന് പ്രശസ്ത നടൻ വിശാൽ പ്രസ്താവിച്ചിരിക്കുന്നു.തമിഴു നാട്ടിൽ ഒരു സിനിമ റിലീസ് ചെയ്യാൻ ഉദയനിധിയുടെ വിതരണ കമ്പനി തീരുമാനിക്കണം പോലും.അദ്ദേഹത്തിന് മാർക് ആൻ്റണി എന്ന ചിത്രം റിലീസ് ചെയ്യാൻ പല കടമ്പകൾ കടക്കേണ്ടി വന്നു എന്നും പുതിയ ചിത്രത്തിനും ഇതേ പ്രശ്നം ഉണ്ടായി എന്നും അദ്ദേഹം ആരോപിക്കുന്നു. സിനിമ മേഖലയിൽ അതുമായി ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മകൻ മന്ത്രിയുടെ ഇടപെടലുകൾ സിനിമ ലോകത്ത് മുറുമുറുപ്പ് ഉണ്ടാക്കിയിട്ട് കാലം കുറേയായി.വിശാൽ അത് തുറന്നു പറഞ്ഞത് കൊണ്ട് ഇനിയും ആൾക്കാർ തങ്ങളുടെ പ്രയാസങ്ങൾ തുറന്നു പറയും എന്ന് പ്രതീക്ഷിക്കാം.

മുൻപ് ഒരു നിർമാതാവ് ഇതേ ആരോപണം ഉന്നയിച്ചിരുന്നു..തൻ്റെ ചിത്രം അവർ പറയുന്ന വിലക്ക് ഒരു കമ്പനിക്ക് കൊടുക്കേണ്ടി വന്നു എന്ന്...അത് കാരണം വലിയ സാമ്പത്തിക നഷ്ടം ഉണ്ടായി എന്നും..തമിഴിൽ വരുന്ന ഭൂരിഭാഗം സിനിമകളും റെഡ് ജയൻ്റ് വഴി പുറത്തിറങ്ങുന്നത് ഇതുമായി കൂട്ടി വായിക്കാൻ പറ്റും..അവിടെ അധികാരത്തിൻ്റെ ബലത്തിൽ നടക്കുന്നത് വലിയ ഗുണ്ടായിസം തന്നെയാണ്.


*****സ്റ്റാർ ലിങ്ക് ബ്രോഡ്ബാൻഡ് സാറ്റലൈറ്റ് ഇന്ത്യയിലേക്കും വരുന്നു.കേബിൾ വഴി അല്ലാതെ ഉപഗ്രഹങ്ങൾ വഴി നേരിട്ട് ഇൻ്റർനെറ്റ് കിട്ടുന്ന സംവിധാനം ആണിത്.അത് കൊണ്ട് തന്നെ നമ്മുടെ ഇൻ്റർനെറ്റ് സ്പീഡ് പതിന്മടങ്ങ് വർദ്ധിക്കും കൂടാതെ ഇപ്പൊൾ കണക്ഷൻ കിട്ടാത്ത സ്ഥലങ്ങളിൽ പോലും ഹൈ സ്പീഡ് ഇൻ്റർനെറ്റ് ഉപയോഗിക്കുവാൻ കഴിയും.ഇപ്പൊൾ തന്നെ എഴുപത്ൽ പരം രാജ്യങ്ങളിൽ പ്രവർത്തനം നടത്തുന്ന സ്റ്റാർ ലിങ്ക് ഇന്ത്യൻ അഭ്യന്തര വിഭാഗത്തിൻ്റെ പർമിഷന് വേണ്ടി ശ്രമിക്കുകയാണ് .അഭ്യന്തര വിഭാഗം  ഇതുകൊണ്ട് രാജ്യത്തിന് ഭീഷണി ഇല്ലെന്ന് സർട്ടിഫൈ ചെയ്താൽ അടുത്ത് തന്നെ ഇന്ത്യയിലേക്ക് സ്റ്റാർ ലിങ്ക് കടന്നു വരും.


പ്ര.മോ.ദി.സം 

പൊൻ ഒന്ദ്രു കണ്ടെൻ

 



അശോക് ശെൽവൻ എന്ന നടനെ കുറിച്ച് മുൻപ് പറഞ്ഞിട്ടുണ്ട്.. സിനിമകളുടെ കാസ്റ്റിംഗ് തന്നെയാണ് അദേഹത്തിൻ്റെ കരിയറിൽ ഏറെ ഗുണം ചെയ്യുന്നതും നന്നായി മുന്നോട്ട് കൊണ്ട് പോകുന്നതും..






ഈ ചിത്രവും ഫീൽ ഗുഡ് മൂവി ആണ്..ചിലപ്പോൾ ഒക്കെ ക്ലീഷെ വരുമെന്ന് തോന്നിപ്പിക്കും എങ്കിലും സംവിധായിക പ്രിയ അതൊക്കെ വഴി തിരിച്ചു വിട്ടു നല്ല രീതിയിൽ ആസ്വദിക്കുവാൻ വേണ്ടവിധത്തിൽ ചെയ്തു വെച്ചിട്ടുണ്ട്..






നിർമാതാവ് കൂടിയായ യുവൻ ശങ്കർ രാജയുടെ സംഗീതവും ബി ജി എം കൂടി ആകുമ്പോൾ സിനിമ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.







ചെറുപ്പത്തിൽ തന്നെ ഒരു പെണ്ണ് കാരണം എതിരാളികൾ ആയ രണ്ടു പേര് റീ യൂണിയൻ സമയത്ത് തമ്മിൽ കാണുകയും പ്രശ്നങ്ങൾ ഒക്കെ പറഞ് തീർത്തു വീണ്ടും സുഹൃത്തുക്കൾ ആയി മാറുന്നു.മാത്രമല്ല സെറ്റിൽ ആവൻ ഒരാള് മറ്റവനെ ചെന്നൈയിലേക്ക് കൊണ്ട് വരികയും ചെയ്യുന്നു..






അവർക്ക് ഇടയിലേക്ക്  സുഹൃത്തായി ഒരു പെണ്ണ് വന്നു കയറുമ്പോൾ അവരുടെ ഇടയിൽ വീണ്ടും ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് സിനിമ.പെണ്ണിൻ്റെ പിന്നിലെ സസ്പെൻസും ഇവർ എങ്ങിനെ എതിരാളികൾ ആയി എന്നതൊക്കെ വിവരിക്കുമ്പോൾ സിനിമ വേറെ തലത്തിലേക്ക് മാറുന്നു.








മൊത്തത്തിൽ രണ്ട് മണിക്കൂർ ചിലവഴിച്ചു ആസ്വദിക്കുവാൻ നേരം ഉള്ളവർക്ക് പറ്റിയ സിനിമ യാണ്.മലയാളത്തിലെ ഐശ്വര്യ ലക്ഷ്മിയെ നായികയാക്കിയിട്ടുണ്ട്.


പ്ര.മോ.ദി.സം