Thursday, April 29, 2021

വൺ


നമ്മൾ വോട്ടർമാർ രാജാവായി നിൽക്കുന്ന ഒരു ദിവസം മാത്രം ഉണ്ട്..അത് വല്ലപ്പോഴും മാത്രമേ വരൂ എന്ന് മാത്രം..അതാണ് നമ്മൾ നമ്മുടെ വോട്ടവകാശം വിനിയോഗിക്കുന്ന ദിവസം.പിന്നെ നമ്മൾ വെറും പ്രജയായി പോകുന്നു.നമ്മൾ തിരഞ്ഞെടുത്ത ആൾ രാജാവും.



അങ്ങിനെ നമ്മൾ  അഞ്ച് കൊല്ലത്തേക്ക് നമ്മെ ഭരിക്കുവാൻ വേണ്ടി തിരഞ്ഞെടുക്കുന്നത് വേറെ രാജാവിനെയും..അവൻ അഞ്ച് കൊല്ലം "രാജാവിനെ" പോലെ നമ്മളെ ഭരിക്കും.നമ്മുടെ നികുതി പണം കൊണ്ട് വീട്, കാർ ,ഭക്ഷണം, വസ്ത്രങ്ങൾ ,ഒക്കെ വാങ്ങി ശരിക്കും നമ്മളെ അങ്ങ് "സേവിക്കും"..കാലകാലങ്ങൾ ആയി ഇങ്ങിനെയാണ് നമ്മുടെ നാടിന്റെ സ്ഥിതി.


അഞ്ച് കൊല്ലം എന്ത് ചെയ്താലും ഒന്നും സംഭവിക്കില്ല എന്ന് രാജാവിന് അറിയാം.അത് കൊണ്ട് തന്നെ മാക്സിമം മുതലെടുപ്പ് നടത്തി കിട്ടാനുള്ളത് ഒക്കെയും കുടുംബത്തിലേക്ക് വാരി ഇഷ്ട്ടക്കാരെ സർവീസുകളിൽ തിരുകി കയറ്റി അഴിമതിയിൽ മുങ്ങി കുളിച്ച് അങ്ങ് ഭരിച്ചു മുടിക്കും.


ഇങ്ങിനെ ഭരിച്ചും സുഖിച്ചും തിരഞ്ഞെടുത്ത ജനങ്ങളെ വേണ്ടാ എന്ന് തീരുമാനിക്കുന്ന ജനപ്രതിനിധികളെ  ആ സ്ഥാനത്ത് നിന്നും തിരിച്ചു വിളിക്കുവാൻ  ആവശ്യപ്പെടുവാൻ ഇതേ ജനങ്ങൾക്ക് അവകാശം ഉണ്ടു എന്ന് നമുക്ക് ഇത്ര പേർക്ക് അറിയാം.അതാണ് "വൺ" പറയുന്നത്.


പക്ഷെ ജനസേവനം എന്നത് എന്താണെന്ന് മനസ്സിലാക്കി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളുകളും ഉണ്ട്..അത് വിരലിൽ എണ്ണാവുന്ന വര് മാത്രം. അങ്ങിനെ ഉള്ള ഒരു ജനപ്രതിനിധി ഇൗ നിയമം പ്രാബല്യത്തിൽ വരുത്തുവാൻ ഇടപെടുമ്പോൾ എന്തായിരിക്കും മറ്റുള്ളവരുടെ പ്രതികരണങ്ങൾ? അത് സ്വന്തം മുന്നണി ആയാലും എതിർ പക്ഷം ആയാലും...?



ബോബി സഞ്ജയ് എന്ന തിരക്കഥാ ക്കാർ സാമൂഹിക വിഷയങ്ങൾ അനവധി നമുക്ക് മുന്നിൽ അവതിപ്പിച്ചിട്ടുണ്ട്..കൂടുതലും പ്രേക്ഷക ശ്രദ്ധ പിടിച്ചിട്ടും ഉണ്ടു...ഇതും നല്ലൊരു സാമൂഹിക വിഷയം ആണെങ്കിലും ഇന്നിന്റെ കഥ ആണെങ്കിലും സിനിമ ആയി വരുമ്പോൾ വല്ലാത്ത ഒരു കല്ലുകടി അനുഭവപ്പെടുന്നുണ്ട്..ഇഴഞ്ഞു നീങ്ങുന്ന കുറെയേറെ രംഗങ്ങൾ തിരകഥയുടെ പോരായ്മ തന്നെയാണ്.എന്തിനോ വേണ്ടി എഴുതി കൊടുത്തത് പോലെ....


മുഖ്യമന്ത്രി ഇടപെട്ട് തീർക്കുന്ന വിഷയങ്ങൾ ഒക്കെ സോപ്പ് കുമിളകൾ പോലെ ഉള്ളതായി പോയി.അത് കൊണ്ട് തന്നെ ശക്തനായ ഒരു മുഖ്യനാകുവാൻ പലപ്പോഴും  മമ്മൂട്ടിക്ക് പറ്റുന്നില്ല.അതിലും ശക്തമായത് പ്രതിപക്ഷ നേതാവായ മുരളി ഗോപി തന്നെ...


തണ്ണീർ മത്തൻ മുതൽ കിട്ടുന്ന സിനിമയിൽ ഒരിക്കൽ പോലും ചിരിക്കാൻ സാധിക്കാത്ത അതോ അതിനു  പറ്റാത്ത മുഖമുള്ള ആൾ ആയത് കൊണ്ടാണോ , ചിരിച്ചാൽ പോലും ചിരിയാണോ എന്ന് സംശയം തോന്നുന്ന (എപ്പോഴും ഒരു തൂറാൻ മുട്ടുന്ന മുഖഭാവം) യുവ നായകൻ അതിനു പറ്റിയ യുവ നായികയും തരക്കേടില്ലാതെ ബോറടി തന്നു.രണ്ടു പേർക്കും ഒരു അഭിനയ കളരി നിർബന്ധം.


ജഗദീഷ്,സിദ്ധിഖ്,നിഷാന്ത് സാഗർ, രിസഭാവ,മധു,സലിം കുമാർ,ബാലചന്ദ്ര മേനോൻ,പി.ബാലചന്ദ്രൻ അങ്ങിനെ കുറെപേർ അഭിനയിച്ചിട്ടുണ്ട്..ഒരു കാര്യവും ഇല്ല. ഇവർ തന്നെ വേണം എന്നില്ല എന്ന് സാരം.പിന്നെ മഹാമാരി ഒക്കെ കഴിഞ്ഞു തിയേറ്റർ ഉത്സവ പറമ്പ് ആക്കാം എന്നൊരു തന്ത്രം.പക്ഷേ പറ്റിയില്ല എന്ന് മാത്രം...കൊറോണ പേടി കൊണ്ട് ജനങ്ങൾ പോകാൻ ഇടയില്ല...


ഇത്തരം ഒരു കഥ പറയുമ്പോൾ മുഖ്യമന്ത്രി ശക്തൻ ആയിരിക്കണം.നമ്മളെ പിണറായിവിജയനെ പോലെ..പറഞ്ഞാല് പറഞ പോലെ ചെയ്യണം..വഴിയിൽ തടസ്സം 

 ഉള്ളവനെ  അവിടെ  തന്നെ ഇരുത്തണം.


ഇത് വെറും പറച്ചിൽ മാത്രം..അത്രയ്ക്കൊന്നും ഇല്ല എന്ന് സിനിമ കാണുമ്പോൾ മനസിലാകും...വെറും തള്ളു മാത്രേ ഉള്ളൂ എന്ന്...ഭയങ്കര ബിൽഡ് അപ്പ്‌ ഒക്കെ കൊടുത്തു വെച്ച് മുഖ്യമന്ത്രി വരുമ്പോൾ ഒന്നിച്ചുള്ളവർ പോലും അങ്ങോട്ട് പറയുകയാ കടക്ക് പുറത്ത് എന്ന്....


ശക്തനായ മുഖ്യമന്ത്രിയെ കാണാൻ നമ്മുടെ ഹരീഷേട്ടന്റെ

Hareesh Peradi  സിനിമ കണ്ടാൽ മതി..


നമുക്ക് അറിയാത്ത ഒരു നിയമം നമ്മുടെ ഭരണഘടനയിൽ ഉണ്ടു എന്നു മനസ്സിലാക്കാൻ കൊള്ളാം.


പ്ര. മോ. ദി. സം


Sunday, April 25, 2021

വൂൾഫ്‌


"ഇർഷാദ് "എന്നൊരു  നല്ല നടൻ ഉണ്ട്  നമ്മുടെ മലയാള സിനിമയിൽ..വർഷങ്ങളായി വിസ്മയിക്കുന്ന അഭിനയം തുടരുന്ന നടനുമാണ്.അഞ്ചാറു വർഷങ്ങൾക്കു മുൻപ് കാവ്യാമാധവന്റെ ജോഡി ആയിട്ടും അഭിനയിച്ചിട്ടുണ്ട്..ആർക്കെങ്കിലും ഓർമയുണ്ടോ? 



ഓർക്കാൻ ബുദ്ധിമുട്ടും കാരണം അഭിനയത്തിന്റെ ഏഴ് അയലത്ത് പോലും എത്തിയിട്ടില്ലാത്ത കുറെയെണ്ണം സൗഹൃദത്തിന്റെയും പണത്തിന്റെയും മറ്റു അസന്മാർകിക കൂട്ട് കൊണ്ടും മലയാള സിനിമ ഭരിക്കുമ്പോൾ അഭിനയം രക്തത്തിൽ അലിഞ്ഞു പോയ് കുറെ ആൾകാർ ഇതുപോലെ വിസ്മരിക്കപെട്ടു പോകും.


കിട്ടുന്ന റോളുകൾ ഒക്കെ നല്ല രീതിയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന നടൻ ആണെങ്കിലും മലയാള സിനിമ പാർശ്വവൽകരിച്ച അനേകം നടന്മാരിൽ ഒരാളായി ഇന്നും ചെറിയ ചെറിയ വേഷങ്ങൾ കൊണ്ട് ഇർഷാദ് നമുക്കിടയിൽ സംതൃപ്തി അടയുന്നു. 


വൂൾഫ് എന്ന ചിത്രം കണ്ടാൽ മതി ഇർഷാദ് ആരെന്നു മനസ്സിലാക്കുവാൻ..ഓരോ നോട്ടത്തിലും ഭാവത്തിലും അദ്ദേഹം നമ്മളെ ഞെട്ടിക്കുകയാണ്..അത്ര സൂക്ഷ്മമായ അഭിനയമാണ് അദ്ദേഹം പുറത്തെടുത്തത്.


ഷാജി അസീസ് എന്ന പുതിയ സംവിധായകൻ ദാമർ ഫിലിംസ് എന്ന മലയാളത്തിലെ വൻകിട ബാനറിൽ കീഴിൽ  ചെയ്ത നല്ലൊരു എന്റർടൈനർ ആണ് വൂൾഫ്.


പറയാനുള്ളത് കുറച്ചു സമയം കൊണ്ട് പറഞ്ഞു തീർത്തു എന്നതാണ് വലിയ പ്രത്യേകത..ഒരു ലോക് ഡൗൺ ദിവസം വുഡ്ബീ യുടെ വീട്ടിൽ കുടുങ്ങി പോകുന്ന പ്രതിശ്രുത വരൻ ..അവിടെ മറ്റൊരാൾ കൂടി എത്തുമ്പോൾ അവർക്കിടയിൽ  ഉണ്ടാകുന്ന സംഭവ വികാസങ്ങൾ ആണ്  ചിത്രം പറയുന്നത്.


ഒരു പെണ്ണ് കരഞ്ഞു പറയുമ്പോൾ എത്ര "വന്യനായ "ആണുങ്ങളും എന്തും സഹിച്ചും എവിടെ ആണെങ്കിലും  അവളുടെ സഹായത്തിനുണ്ടാകും. അതാണ് ആണുങ്ങളുടെ ഒരു രീതി..അതിനു വായനോക്കി, കോഴി ,അങ്ങിനെ പലതും സമൂഹം കൽപ്പിച്ചു നൽകിയിട്ടുണ്ട് എങ്കിലും അന്നേരം അവനിൽ അവളെ രക്ഷിക്കണം എന്ന ഒരു നന്മ മാത്രമേ ഉണ്ടാകൂ.


അർജുൻ അശോകൻ,സംയുക്ത,ഷൈൻ ടോം ചാക്കോ ,ജാഫർ ഇടുക്കി എന്നിവർ കൂട്ടിനുണ്ടെങ്കിലും ഒരു വീടും അതിൽ ഉള്ള മൂന്ന് പേരും ആണ് ചിത്രത്തിൽ ഭൂരിഭാഗവും..അത് കൊണ്ട് തന്നെ പ്രമേയം ബോറടി യിലേക്ക്   കൈവിട്ടു പോകാനുള്ള സാധ്യത കൂടുതൽ ഉണ്ടെങ്കിലും നമ്മളെ ബോറടിപ്പിക്കാതെ ഒരു കൊച്ചു ചിത്രം ഉണ്ടാക്കാൻ ഷാജി ക്കുംം കൂട്ടുകാർക്കും കഴിഞ്ഞിരിക്കുന്നു.


പ്ര .മോ. ദി .സം

Tuesday, April 20, 2021

മഹാമാരി കാലത്ത്



പൂരവും കുംഭമേളയും പെരുന്നാളും ഒക്കെ വേണ്ടത് തന്നെ...അത് മനുഷ്യർ കാലാകാലങ്ങളിൽ നിലനിർത്തി പോരുന്ന ആചാരവും അനുഷ്ഠാനങ്ങളും വിശ്വാസവും ഒക്കെ തന്നെയാണ്..


എന്നാലും ഇൗ മഹാമാരി കാലത്ത് ഇതിലൊക്കെ ചെറിയ വിട്ട് വീഴ്ചകൾ ചെയ്യുന്നത് നല്ലതാണ്...കാരണം ജീവിച്ചിരിക്കുമ്പോൾ മാത്രമേ നമുക്ക് ഇതൊക്കെ സാധ്യമാകൂ..


ജനങ്ങളെ " ഭരിക്കണം" എന്ന് മാത്രം ആഗ്രഹമുള്ള രാഷ്ട്രീയക്കാര് " ഇലക്ഷൻ മേള" നടത്തി ഇൗ നാട്  ഇപ്പൊൾ "കുട്ടിച്ചോർ" ആക്കി വെച്ചിരിക്കുകയാണ്... അത് കൊണ്ട് വിവേകമുള്ള നമ്മൾ എങ്കിലും ചിന്തിക്കണം ഇപ്പോളത്തെ സാഹചര്യത്തിൽ എന്തൊക്കെ വേണം എന്തൊക്കെ വേണ്ട എന്ന്...



കഴിഞ്ഞ ഒരു കൊല്ലമായി ദൈവത്തെ കൊണ്ട് മാത്രം ഒന്നും നടക്കില്ലെന്ന് നമുക്ക് ഒക്കെ അനുഭവം കൊണ്ട്  മനസ്സിലായി...ആരാധനാലയങ്ങൾ അടഞ്ഞു കിടന്നാലും ഒരു ചുക്കും ആർക്കും  സംഭവിക്കില്ല എന്ന് നമ്മളെ, ചിലപ്പോൾ നിങൾ വിശ്വസിക്കുന്ന

 " ദൈവങ്ങൾ " തന്നെ മനസ്സിലാക്കി തന്നില്ലേ..


പ്രാർത്ഥനകൾ വേണ്ടത് സ്വന്തം വീടുകളിൽ  ആണ് അവിടെ ജീവിക്കുന്നവരുടെ മനസ്സുകളിലാണ്..ആരാധനാലയങ്ങൾ പലതും ചിലരുടെ വരുമാന സ്രോതസ്സ് മാത്രമാണ്.


അതുകൊണ്ട്  നമ്മളിപ്പോൾ  കാണിക്കേണ്ടത് വികാരമല്ല വിവേകമാണ്


പ്ര .മോ .ദി .സം

Sunday, April 11, 2021

ജോജി മൈ@#₹

 ജോജി മൈ@#@#₹


ചിലർ സിനിമ എടുത്താൽ കൊട്ടി ഘോഷിക്കുവാൻ കുറെ പേര് ഉണ്ടാകും..കുറച്ചു കാലമായി മലയാള സിനിമയിൽ കണ്ടു വരുന്ന ഒരു സംഭവ വികാസം ആണത്. എത്ര തല്ലിപോളി ആണെങ്കിലും ഇൗ വിരുതന്മാർ അതങ്ങ് പുകഴ്ത്തി പറഞ്ഞു സൂപ്പർ ഹിറ്റ് ആക്കും.



ജോജി അങ്ങിനെ കൊട്ടിഘോഷിച്ച് ആളുകളെ കൊണ്ട് കാണിപ്പിച്ച സിനിമയാണ്.മുൻപ് ചെയ്ത രണ്ടു ചിത്രങ്ങളെ അപേക്ഷിച്ച് ദിലീഷ് പോത്തൻ ചെയ്ത ബോറൻ ചിത്രം.


സിനിമകൾ ഒക്കെ തീയേറ്ററിൽ ഓടുന്ന ഇൗ കാലത്ത് ഫഹദ് പോലത്തെ നടന്റെ ചിത്രം ഇത്ര റിസ്ക് എടുത്ത് എന്തിന് ഒ ടീ ടി റിലീസ് ചെയ്യുന്നു എന്നത് ഒരാഴ്ചമുമ്പ് ഇരുൾ എന്ന ചിത്രം തെളിയിച്ചതാണ്. ദൃശ്യം 2 പോലെ മുൻപേ  കമ്മിറ്റ് ആയി പോയതാണ് എങ്കിൽ ഇൗ പാരഗ്രാഫ് പിൻവലിക്കുന്നു.



കുടുംബസമേതം തിയേറ്ററില് പോയി കാണുവാൻ പ്രേക്ഷകർ അറക്കുന്ന ചില വാക്കുകൾ പല രംഗങ്ങളിലും അസ്ഥാനത്ത് ഉപയോഗിച്ച് ചിത്രത്തെ ഒന്ന് കൂടി അപഹാസ്യമായ രീതിയിൽ എത്തിച്ചിരിക്കുന്നു ശ്യം പുഷ്കർ.


ശ്രീനിവാസനെ പോലെയുള്ള മഹാരഥന്മാർ ചെയ്ത തിരക്കഥകൾ   ഞാൻ ചെയ്താൽ ഇതിലും നന്നാകും എന്ന് ഗീർവാണം വിടാതെ മനസ്സിരുത്തി കണ്ടിട്ട്  പഠിച്ചുവേണം റിയലസ്റ്റിക് എന്ന പേരിൽ കോപ്രായങ്ങൾ കാണിച്ചു കൂട്ടുവാൻ...കുറെ പ്രകൃതി ഭംഗിയും മരങ്ങളും പരസ്പരം പറയാൻ പറ്റാത്ത പദങ്ങളും പ്രയോഗങ്ങളും കൊണ്ട് സിനിമ റിയലസ്റ്റിക് ആകില്ല.



 നല്ല കുറെ ചിത്രങ്ങൾ  നല്ല തല കൊണ്ട്  എഴുതിയ താങ്കളുടെ "പൊട്ട "തലയിൽ നിന്നുണ്ടായ ഇൗ കഥ വിഖ്യാതമായ  മാക്‌ബ്‌ത്ത്  മായും ചേർത്ത് വെച്ചത് തന്നെ വലിയൊരു അബദ്ധമാണ്. സച്ചിദാനന്ദൻ സാർ പറഞ്ഞതിൽ വലിയ കാര്യമുണ്ട് എന്ന് ചിത്രം കാണുമ്പോൾ മനസിലാകും..രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാൻ ഒരു കുട്ടി ഉണ്ടായത് തന്നെയാണ് വലിയ കാര്യം.


സിനിമ ഉണ്ടായ കാലം മുതൽ ഉള്ള കഥ തന്നെ...അതിമോഹം കൊണ്ട് രക്തബന്ധം തിരിച്ചറിയാൻ പറ്റാത്ത എത്ര കഥകൾ മലയാളത്തിൽ തന്നെ ഉണ്ടായി.അതിൻറെ ചിത്രീകരണത്തിൽ വലിയ മാറ്റം ഒന്നും ഇന്നും സംഭവിച്ചിട്ടില്ല.



പലസ്ഥലത്തും ബോറടിച്ചു കൊല്ലുന്ന ചിത്രം ബാബുരാജും ഫഹദും ഉള്ളത് കൊണ്ട്  കാണാൻ നിർബന്ധിതരാകും.. അഞ്ചാം പാതിരയിൽ പോലിസ് വേഷം അസഹ്യ മാക്കിയ നടി ഇൗ ചിത്രത്തിൽ നന്നായി പ്രേക്ഷകരെ പരീക്ഷിക്കുന്നു..ചിലവ് കുറക്കാൻ വേണ്ടി ഇത്തരം സാഹസങ്ങൾ കാട്ടാതെ റോളുകൾ ഒക്കെ അർഹരായവർക്ക് നൽകണം.   ഇവരെയൊക്കെ ഇൗ കൊവിഡ് കാലത്ത്   സഹിച്ചു കാണുക അല്ലാതെ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങി ഓടാൻ കഴിയില്ലല്ലോ.


വീടുകളിലെ റിലീസ് ആണെങ്കിൽ മൈ..@## എന്ന സംഭാഷണങ്ങൾ ഒഴിവാക്കി മറ്റു നല്ല വേഡ്സ് ചേർക്കാമായിരുന്നു.പല കുടുംബങ്ങളിലും കുട്ടികൾ ഇൗ വാക്കിന്റെ അർത്ഥം ചോദിച്ചു രക്ഷിതാക്കളെ വട്ടം കറക്കാൻ സാധ്യതയുണ്ട്.


ഒരു ശരാശരി പ്രേക്ഷകൻ എന്ന നിലയിൽ ഇൗ ചിത്രം  എനിക്ക് ഒരു മൈ@#_ പടമാണ്. മറ്റുള്ളവർ കാണാൻ ആഗ്രഹിക്കുന്നു എങ്കിൽ കണ്ടിട്ട് അഭിപ്രായം പറയുക.


പ്ര .മോ. ദി .സം

Sunday, April 4, 2021

പോളിങ് ബൂത്തിലേക്ക്

 നാളെ കഴിഞ്ഞു കേരളം പോളിങ് ബൂത്തിലേക്ക് പോകുകയാണ്. എല്ലാ സർവേകളും പ്രവചിച്ചിരിക്കുന്നത് പോലെ എൽഡിഎഫ് തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് തന്നെ കരുതുന്നു.



നാല് നാലര വർഷത്തോളം കഴിഞ്ഞപ്പോൾ പോലും  തുടർഭരണം ഉണ്ടാകുമെന്ന് കരുത്തിയപ്പോൾ ആണ് സ്വർണക്കടത്ത്,ഡോളർ കടത്ത്,അനധികൃത നിയമനം,ലൈഫ് അഴിമതി തുടങ്ങിയവ പ്രതിപക്ഷം ആരോപിച്ചത്.. അവിടെ ചെറിയൊരു ആവലാതി ഉണ്ടായിരുന്നു.എന്നാലും അതിൽ നിന്നും എന്തെങ്കിലും ഒരു ചുവടു മുന്നോട്ട് വെക്കുവാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല..


കഴിഞ്ഞ തവണ സോളാർ  എൽഡിഎഫ്  മുതലെടുത്ത് അധികാരത്തിൽ വന്നത് പോലെ ഇതിൽ ഏതെങ്കിലും ഒന്നിൽ പിടിച്ചു കയറി  ഭരണത്തെ തൂത്തെറിയാൻ പ്രതിപക്ഷത്തിന് കഴിവുണ്ട് എന്ന് തോന്നിപ്പിക്കും വിധം എന്തെങ്കിലും ചെയ്യാൻ പോലും അവർക്ക് കഴിഞ്ഞില്ല..കുറെ ഉണ്ടയില്ലാ വെടി വെച്ചു എന്നല്ലാതെ....


കേന്ദ്ര ഏജൻസികൾ തേര പാര നടന്നു പലരെയും പ്രതിരോധത്തിൽ ആക്കി എന്നത് ശരി തന്നെ..പക്ഷേ ദിവസങ്ങൾ കഴിയുംതോറും അവരും പത്തി മടക്കുന്നതാണ് കാണുന്നത്..യുഡിഎഫ് ആരോപിക്കുന്നത് പോലെ കേന്ദ്രവും എൽഡിഎഫ് തമ്മിൽ എന്തെങ്കിലും രഹസ്യ ബാന്ധവം ഉണ്ടോ എന്ന് പോലും സംശയിക്കേണ്ട സ്ഥിതി ഉണ്ടായി.


 പ്രധാനമന്ത്രി പോലും പറഞ്ഞത് "നിങൾ ആരു വേണമെങ്കിലും ക്രെഡിറ്റ് എടുത്തോളൂ പക്ഷേ കേന്ദ്രത്തിന്റെ പദ്ധതികൾ ജനങ്ങളിൽ എത്താതെ പോകരുത് എന്നാണ്. "


മോദിക്ക് വേണമെങ്കിൽ പറഞ്ഞത് യാഥാർത്ഥ്യം ആണെങ്കിൽ  തെളിവുകൾ നിരത്തി സർക്കാരിനെ പ്രതിരോധത്തിൽ ആക്കാമായിരുന്നൂ..പക്ഷേ ശരണം വിളിയോടെ  അവിടുത്തെ ജനങ്ങളെ കൂടെ നിർത്തുവാൻ മാത്രമാണ് ശ്രമിച്ചത്...ചില സീറ്റുകൾ വേണം എന്ന വാശി മാത്രമേ ബിജെപി യിലും കാണുന്നുള്ളൂ.സുരേന്ദ്രൻ മുപ്പത് സീറ്റ് കിട്ടിയാൽ ഭരിക്കും എന്നൊക്കെ പറയുന്നത് കേരളത്തിൽ വിടുവായത്തം ആണെന്ന്  ഇന്ന് എല്ലാവർക്കും അറിയാം.(ഒരു സീറ്റ് കിട്ടിയത് ഭരണം ആക്കിയത് വിസ്മരിക്കുന്നില്ല)


ഏതെങ്കിലും ഒരുത്തൻ മുകളിൽ കയറും എന്ന് തോന്നിയാൽ വലിച്ചു താഴെയിട്ടു രസിക്കുന്ന കൂട്ടമാണ് കേരള ബിജെപി..ശക്തനായ ഒരു നേതാവ് ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇവിടെ അവർ പച്ചപിടിച്ചു വളരാത്തത്‌...അത് കൊണ്ട് മുപ്പത് പോയിട്ട് മൂന്നെങ്കിലും കിട്ടിയാൽ തന്നെ ഭാഗ്യം.



കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിയും ഭരിക്കണം  എന്നൊരു ചിന്ത ഇപ്പൊൾ വലിയ പാർട്ടിക്കാർക്ക് പോലും ഉണ്ടെന്ന് തോന്നുന്നു...കാരണം മറ്റുള്ളവർക്ക് ഉയർത്തികാണിക്കുവാൻ മറ്റൊരു നേതാവ് ഇല്ല എന്ന സത്യം എല്ലാവരും തിരിച്ചറിയുന്നു. 


മോദി അവിടെ ഉള്ളതാണ് പാർട്ടിക്ക് ഗുണം എന്നും അവർക്കറിയാം.ഇവിടെ കോൺഗ്രസ്സ് അധികാരത്തിൽ വരാത്തത് തന്നെയാണ് ഗുണം എന്ന് മോദിക്കുംം നന്നായി അറിയാം. ആദ്യം കോൺഗ്രസ്സ് ഇതര ഭാരതം തന്നെയാണ് ബിജെപി ലക്ഷ്യം..ഭാവിയിൽ കേരളത്തിൽ എല്ഡിഎഫ് ബിജെപി മത്സരം നടത്തുവാനും.


കോൺഗ്രസ്സ് കാര്യവും അങ്ങിനെ തന്നെ..രാഷ്ട്രീയത്തിൽ ഇനി ഭാവി ഇല്ലാത്ത ഉമ്മൻചാണ്ടിയും ഒരു പ്രതിപക്ഷ നേതാവിന്റെ ഗുണം പോലും ഇല്ലാത്ത ചെന്നിത്തലയും ആണ് മുൻപിൽ.. പറഞ്ഞത് പലപ്പോഴും വിഴുങ്ങേണ്ടി വരുന്ന മുല്ലപള്ളിയും ....പിന്നെ അധികാരത്തിനു വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും ചാടുന്ന മുരളീധരനും...ഇവരെയൊക്കെ മുൻനിർത്തി എങ്ങിനെ തിരഞ്ഞെടുപ്പ് ജയിക്കും?


ഇത്തവണ അധികാരത്തിൽ വന്നില്ലെങ്കിൽ യുഡിഎഫ് തകർന്നു തരിപ്പണം ആയേക്കും..ലീഗ് എന്തായാലും "തലാക്ക് "ചൊല്ലി പിരിയും..കുറെ നേതാക്കന്മാർ മറുകണ്ടം ചാടി ഭാവി ശോഭനമാക്കും.ഇപ്പൊൾ തന്നെ ചാട്ടം ആരംഭിച്ചു.


ഇന്ന് കേരളം ഭരിക്കുവാൻ പ്രാപ്തമായ കഴിവുകൾ ഉള്ള ഒരേഒരു "ക്യാപ്ടൻ" മാത്രമേ ഉള്ളൂ എന്ന് എതിർ പക്ഷം പോലും സമ്മതിക്കും. ആ ഒരു ചിന്ത ജനങ്ങളിൽ ഉള്ള കാലത്തോളം രാഷ്ട്രീയ വിരോധം മറന്ന് പിണറായിക്ക് അനുകൂലമായി വോട്ടുകൾ വീഴും.


കേരളം  അടുപ്പിച്ചടുപ്പിച്ച് ദുരിതം അനുഭവിച്ച കാലത്ത് അദ്ദേഹം എന്തൊക്കെ ചെയ്തു എന്നതിൽ കവിഞ്ഞു അദ്ദേഹത്തിന്റെ ധാർഷ്ട്യം ,ഉണ്ടെന്ന് പറയപ്പെടുന്ന സ്വജന പക്ഷപാതവും,ഏകാധിപത്യം, അഴിമതി എന്നിവ  ഒന്നും ജനങ്ങളിൽ ചലനം ഉണ്ടാക്കുവാൻ ഇതുവരെ ആയിട്ടില്ല.ആപത്ത് കാലത്ത് സഹായിച്ചു എന്നൊരു മനസ്ഥിതിയിൽ ആണ് ഭൂരിപക്ഷവും.അത് തുടരുന്നുമുണ്ട്.


ആപത്ത് കാലം കഴിഞ്ഞും സൗജന്യം ഉണ്ടാക്കുന്നതൂ ഭരണ വീഴ്ച ആണെന്നും അവസരങ്ങൾ സൃഷിക്കുക ആണ് ഭരണവാഴ്ച എന്നൊന്നും ആരും ചിന്തിക്കാൻ മിനക്കെടാറില്ല


സീറ്റ് നൽകുന്നതിലും പിണറായി ഇൗ ഏകാധിപത്യ പ്രവണത അനുവർത്തിച്ചത് കാണാം.പല കാരണങ്ങൾ ഉണ്ടാകാം .നല്ല രീതിയിൽ ഭരിച്ച മന്ത്രിമാരെ,കഴിവ് തെളിയിച്ച എംഎൽഎ  മാരെ  എന്തിന് ഒഴിവാക്കി എന്നതിന് പാർട്ടിക്ക് പല ന്യായീകരണങ്ങൾ ഉണ്ടാകാം പക്ഷേ ജനങ്ങൾക്ക് വേണ്ടത് ഭരിക്കുന്നവർ ആണ് അല്ലാതെ പാർട്ടി തീരുമാനങ്ങൾ അല്ല.


കണ്ണൂരിൽ ജയരാജൻമാർ ആരും തന്നെ മത്സരിക്കുന്നില്ല.. പിജെ എന്നൊരു വന്മരം വർഷങ്ങളായി അനുഭാവികളുടെ ഇടയിൽ  കണ്ണൂരിൽ വലിയൊരു ഇമേജ് നിലനിർത്തുന്നു. അദ്ദേഹത്തെ തഴഞ്ഞത് അവരെ നിരാശരാക്കി എന്നത് സത്യം എങ്കിലും പാർട്ടി എന്നത്  വിട്ടു മറ്റൊരു ഓപ്ഷൻ അനുഭാവികൾക്ക് ഇല്ലാത്തത് കൊണ്ട് വോട്ട് പാർട്ടിക്ക് തന്നെ വീഴും. പല പാർട്ടികൾക്കും ഇല്ലാത്ത ഇൗ "സവിശേഷത " തന്നെയാണ് പാർട്ടിയുടെ ശക്തി.


Thiyyan Toddy Remesh M സുഹൃത്ത് പറഞ്ഞത് കൂടി പറഞ്ഞിട്ട് നിർത്താം.


അയ്യപ്പൻ ഇലക്ഷനിൽ ഇടപെടുന്നതിൽ എനിക്ക് എതിർപ്പുകൾ ഒന്നുമില്ല.  പക്ഷെ അയ്യപ്പൻ സ്വന്തം പവർ കാണിക്കണം.  

തിന്മയെ നശിപ്പിക്കണം


പ്ര .മോ. ദി. സം