Tuesday, February 26, 2013

സ്വാര്‍ത്ഥത

"ഹലോ കുറച്ചു നീങ്ങി ഇരിക്കുമോ ?"
ട്രെയിനില്‍ ഉറങ്ങി കൊണ്ടിരുന്ന എന്നെ തട്ടിവിളിച്ചു കൊണ്ടവന്‍ ചോദിച്ചു . ഉറക്കം നഷ്ട്ടപെട്ട ദേഷ്യത്തോടെ അവനെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു .
"ഇത് നാല് ആള്‍ക്കാരുടെ സീറ്റ്‌ ആണ് ഇപ്പോള്‍ തന്നെ അഞ്ചു പേര്‍ ഉണ്ട് "
"അവിടെ ഒക്കെ ആറു പേര്‍ ഇരിക്കുന്നുണ്ട്‌ ,അത് കൊണ്ടാണ് പറഞ്ഞത് "
"എന്നാല്‍ ആരെങ്കിലും എഴുനേല്‍ക്കുമ്പോള്‍ അവിടെ പോയി ഇരുന്നോളൂ "
ഇവന്‍ എന്ത് മനുഷ്യന്‍ എന്നനിലയില്‍ അവന്‍ നോക്കി ,ഞാന്‍ മൈന്‍ഡ് ചെയ്തില്ല .അയാള്‍ എന്തോ പിറുപിറുത്തു മുന്നോട്ടേക്ക് നടന്നു . ട്രെയിനില്‍ അത്ര തിരക്കൊന്നും ഇല്ല പക്ഷെ സീറ്റും ഒഴിവില്ല. ഞാന്‍ കുറച്ചു അഡ്ജസ്റ്റ്‌ ചെയ്‌താല്‍ ഒരാള്‍ക്ക്‌ കൂടി ഇരിക്കാം .പക്ഷെ മനസ്സു അനുവദിക്കുനില്ല. കുറച്ചു വര്‍ഷങ്ങള്‍ ആയി അങ്ങിനെ ആണ് .നമ്മള്‍ എന്നതില്‍ നിന്നും ഞാന്‍ എന്നതിലേക്ക് ഒതുങ്ങുന്നു.എന്താണ് പറ്റിയത് ?സ്ഥലം ഏതെന്ന് നോക്കി തിരൂര്‍ കഴിഞ്ഞതേയുള്ളൂ ..ഇനിയും ഒന്ന് രണ്ടു മണിക്കൂര്‍ യാത്ര .വീണ്ടും കണ്ണടച്ച് സീറ്റിലേക്ക് ചാഞ്ഞു. ഉറക്കം ആയിരുന്നു ലക്‌ഷ്യം .പക്ഷെ ഉറങ്ങാന്‍ കഴിയുനില്ല. വെറുതെ ഓരോരോ കാര്യങ്ങള്‍ ആലൊചിച്ചു .

നിറയെ കുട്ടികള്‍ ഉള്ള ഒരു തറവാട്ടില്‍ ആയിരുന്നു ജനനം. അതുകൊണ്ട് തന്നെ കളികൂട്ടുകാര്‍ ധാരാളം . ആണെന്നോ പെണ്‍എന്നോ വ്യത്യാസം ഇല്ലതെ. വേനലവധിക്ക് സ്കൂള്‍ അടച്ചാല്‍ കളികളുടെ പൊടിപൂരം. എന്ത് സാധനം കിട്ടിയാലും പങ്കുവെച്ച് കൊണ്ട് നല്ല സൌഹൃദം ഉറപ്പിക്കും . തീറ്റയും ഉറക്കവും പഠിത്തവും കളിയും ഒക്കെ ഒന്നിച്ച് . തറവാട്ടില്‍ നിന്നും അങ്ങിനെയാണ് പഠിപ്പിച്ചതും. പത്തു പന്ത്രണ്ടു കുട്ടികള്‍ക്ക് വേണ്ടി ഒന്നോ രണ്ടോ ബോള്‍ ,രണ്ടു സൈക്കിള്‍ അങ്ങിനെ എല്ലാം പങ്കു വെച്ച് കൊണ്ടാണ് വളര്‍ന്നത്‌ .
വല്യമ്മയുടെ കാലശേഷം തറവാട് ഭാഗം വെച്ചപ്പോള്‍  ഓരോരോ  കുടുംബങ്ങള്‍ ആയി അവിടുന്നു മാറി .കൂട്ട് കുടുംബങ്ങള്‍ അണുകുടുംബങ്ങള്‍ ആയി . എന്റെ പുതിയ വീട്ടില്‍ ഞാനും ചേച്ചിയും മാത്രം കുട്ടികള്‍ ആയി. ജീവിതത്തില്‍ ആദ്യമായി  അനുഭവപ്പെട്ട വേര്‍പാടിന്റെ  നൊമ്പരം നമ്മളെ വല്ലാതെ ഉലച്ചു ..പിന്നെ പിന്നെ നമ്മളില്‍ അത് സ്വഭാവത്തില്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാക്കി . നമ്മളുടെ റൂം എന്നതില്‍ നിന്നും എന്റെ റൂം ,എന്റെ സോപ്പ് ,എന്റെ സൈക്കിള്‍ ,എന്റെ പെട്ടി എന്നതിലേക്ക് ഒതുങ്ങി. ഒരുതരം സ്വാര്ത്തവിചാരം മനസ്സില്‍ കുടിയേറി . എല്ലാം എന്റെ അല്ലെങ്കില്‍ എനിക്ക് എന്ന ചിന്ത മാത്രം ആയി. അതങ്ങിനെ വളര്‍ന്നു കൊണ്ടിരുന്നു.

നല്ല ജോലി കിട്ടി നാട് വിട്ടപ്പോഴും അതിനു മാറ്റം ഉണ്ടായില്ല ,ജോലി ചെയ്യുന്ന കമ്പനിയിലും ഓരോരുത്തര്‍ സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ മത്സരം ആയിരുന്നു. ആ മത്സരത്തില്‍ ഞാനും പങ്കെടുത്തു അങ്ങിനെയുള്ള മത്സരത്തില്‍ തളര്‍ന്നു  പോകുന്നവനെ കണ്ടില്ലെന്നു നടിച്ചു . കണ്ണീരും ശാപങ്ങളും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കേണ്ടി വന്നു.  . എന്റെ ഉയര്‍ച്ചക്ക് വേണ്ടി തിമിരം ബാധിച്ച കണ്ണുകളോടും ബധിരത ബാധിച്ച കര്‍ണങ്ങള്‍ കൊണ്ടും എന്നപോലെ ജീവിച്ചു ... ആര്‍ക്കും ഉപകാരം ചെയ്യാതെ. ആരുടേയും വേദന കാണാതെ കരച്ചില്‍ കേള്‍ക്കാതെ ... വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. കുടുംബം ഉണ്ടായപ്പോള്‍ അത് തുടര്‍ന്ന്  കൊണ്ടിരുന്നു .എന്റെ കുടുംബം ,എന്റെ കുട്ടികള്‍ .അവര്‍ക്ക്  വേണ്ടി മാത്രം ജീവിച്ചു . അന്യരുടെ എന്തിനു മറ്റു ബന്ധുക്കളുടെ ആവശ്യങ്ങള്‍ക്ക്  മുന്‍പില്‍ പോലും മനസ്സ്  അടച്ചിട്ടു .ഇന്നിന്റെ പ്രതീകമായി ഞാനും മാറി.

പലപ്പോഴും നന്മയിലേക്ക് ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നു.. പക്ഷെ കഴിയുനില്ല. . പലതും ചിന്തിച്ചു ഉറപ്പിക്കും .പക്ഷെ കാര്യത്തിനു അടുത്തു വരുമ്പോള്‍ സ്വാര്‍ത്ഥവിചാരം പിടികൂടും .അത് ഇങ്ങിനെ തുടരുന്നു . എത്ര നാള്‍ ..എനിക്ക് ഉറപ്പാണ് ..ഇത്  മരണം വരെ കൂടെയുണ്ടാകും .... ഈ സ്വാര്‍ത്ഥത ...അത്  ഒരിക്കലും വേര്പെടുത്തുവാന്‍  ആകാതെ എന്നില്‍ ചുറ്റി പിടിച്ചിരിക്കുന്നു ,അത് എന്നെ വരിഞ്ഞു മുറുക്കി ഇരിക്കുന്നു.അത് ഞാന്‍ ഉള്ള കാലത്തോളം എന്നില്‍ തന്നെ ഉണ്ടാകും .അല്ലെ ?

അത് എന്നില്‍ നിന്നും പിഴുതു  മാറ്റപെടണം ,നമ്മളില്‍ ഓരോരുത്തരില്‍ നിന്നും അടര്ത്തിയെടുക്കണം ..അതിനു നമ്മള്‍ തന്നെ മുന്‍കൈ എടുക്കണം .നമ്മള്‍ എല്ലാവരും ഒരമ്മയുടെ മക്കള്‍ എന്ന ബോധം ഉണ്ടായി നമ്മള്‍ പരസ്പരം സഹായിച്ചു ജീവിക്കുകയും ,ഈ സമൂഹത്തില്‍ സ്വാര്‍ത്ഥത  ശാപമാണ് എന്ന് നമ്മളില്‍ ഓരോരുത്തരും മനസ്സിലാക്കും വരെ എങ്കിലും എന്നിലും ഇത് തുടരുമായിരിക്കും.

ആലോചിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു.എന്റെ സ്റ്റോപ്പ്‌ എത്തിയപ്പോള്‍ തിക്കിത്തിരക്കി മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കി ഞാന്‍ വണ്ടിയില്‍ നിന്നുമിറങ്ങി ...
സ്വാര്‍ത്ഥനായി തന്നെ ...

കഥ :പ്രമോദ് കുമാര്‍ .കെ .പി


Monday, February 25, 2013

സംശയം

മകന്റെ സംശയങ്ങള്‍ പലപ്പോഴും എന്നെ ഉത്തരം നല്‍കുന്നതില്‍ നിന്നും വിഷമിപ്പിക്കാറുണ്ട്.ഇപ്പോഴത്തെ കുട്ടികള്‍ക്ക്  ഒക്കെ വിരല്‍ തുമ്പില്‍ വിവര സാങ്കേതിക വിദ്യ ഉള്ളത് കൊണ്ട്  എല്ലാറ്റിനെ പറ്റിയും നല്ല ബോധം ഉണ്ട്.നമ്മള്‍ അവരെ കളിപ്പിക്കാന്‍ പറഞ്ഞാല്‍ അന്നേരം തന്നെ പിടിക്കപ്പെടും.അത് കൊണ്ട് തന്നെ പൂര്‍ണ ബോധ്യം ഉണ്ടെങ്കില്‍ മാത്രമേ ഉത്തരം കൊടുക്കാറുള്ളൂ .പലപ്പോഴും ഒഴിവുകഴിവുകള്‍ പറയുകയാണ്‌ പതിവ്.അല്ലെങ്കില്‍ അവരെപോലെ നെറ്റില്‍ തപ്പും .എങ്കിലും അവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്  സൂപ്പര്‍ മാന്‍,ജെയിംസ്‌ ബോണ്ട്‌ തുടങ്ങി അമാനുഷികരുടെ വിവരങ്ങള്‍ തിരക്കുവാന്‍ ആണെന്നും തോന്നിയിട്ടുണ്ട്.ടി.വി തുറന്നാല്‍ കാര്‍ടൂണ്‍ ചാനലും കമ്പ്യുറ്റര്‍ തുറന്നാല്‍ ഗെയിംലേക്കും പോകുന്നതില്‍ അവനെ പല തവണ വഴക്ക് പറഞ്ഞിട്ടുണ്ട്.

ഇന്നലെ രാത്രി ഭക്ഷണം ഒക്കെ കഴിച്ചു വിശ്രമിക്കുമ്പോള്‍ എന്നെ കൊതുക് വട്ടമിടുവാന്‍ തുടങ്ങി.ഉപദ്രവിച്ചതിനെയോക്കെ പിടിക്കുവാന്‍ ഞാനും ശ്രമിച്ചു.അന്നേരം അവന്‍ ഒരു സംശയവുമായി വന്നു

"അച്ഛാ ..എന്തിനാണ് മനുഷ്യര്‍ക്ക് ദൈവം വ്യത്യസ്ഥ രക്ത ഗ്രൂപുകള്‍കൊടുത്തിരിക്കുന്നത്‌ ?"

ഞാന്‍ ഞെട്ടി.അറിയാത്ത കാര്യമാണ്.മുന്‍പ് ചിന്തിച്ചത് പോലും ഇല്ല ഈ കാര്യം.തല കുനിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു

"അറിയില്ല "
"അയ്യേ അറിയില്ലേ ...അത് കൊതുകുകള്‍ക്ക് diffrent flavour ആസ്വദിക്കുവാന്‍ വേണ്ടിയാണ് "
അതും പറഞ്ഞവന്‍ ചിരിച്ചു .എന്നെ ആക്കിയ ഒരു ചിരി.

(ഇത് ഇന്നലെ എന്നെ തോല്പിച്ച മകന്റെ ചോദ്യം )

Thursday, February 21, 2013

ഉത്സവനാളില്‍ ഒരുദിവസം

പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഉത്സവത്തിന്‌ വരുന്നത് .പഴയ കൂട്ടുകാര്‍ എല്ലാം ഒന്നിച്ചുണ്ട് .ഞാന്‍ ഒഴിച്ച് എല്ലാവരും നാട്ടില്‍ തന്നെയാണ് ജോലി ചെയ്യുന്നതു.അത് കൊണ്ട് ഈ വര്‍ഷം ഞാന്‍ കൂടി ഒന്നിച്ചു ചേര്‍ന്നു . നമ്മള്‍ പണ്ട് ഇരിക്കാറുള്ള കല്യാണമണ്ഡപത്തിനടുത്ത് ഉള്ള സ്റ്റെപ്പില്‍ ഇരുന്നു. മനസ്സിലേക്ക് പഴയ കാലം ഓടി വന്നു.

    കുട്ടികാലത്ത് നമ്മള്‍ എല്ലാദിവസവും ഉത്സവത്തിന്‌  വരുമായിരുന്നു. അതും സന്ധ്യക്ക് അമ്പലത്തില്‍ എത്തിയാല്‍ തിരിച്ചു പോകുന്നത് ആ ദിവസത്തെ എല്ലാ പരിപാടികളും കണ്ടതിനു ശേഷം മാത്രം ആണ് . ഗാനമേളകളും സിനിമാറ്റിക് ഒക്കെ തീരുന്നത് വരെ മുന്‍ നിരയില്‍ തന്നെ ഉണ്ടാകും.നാടകം ആണെങ്കില്‍ അമ്പല പറമ്പില്‍ എവിടെയെങ്കിലും ചുറ്റി തിരിയും ... മുന്‍പേ നാടകം ഇഷ്ടം ആയിരുനില്ല.അത് കൊണ്ട് കാണില്ല ....  സ്റ്റേജിനു മുന്നിലും അമ്പലത്തിനു ചുറ്റും പൂഴിയാണ് .അവിടെ ഇരുന്നാണ് എല്ലാവരും ഷോ കാണുക. സ്ത്രീകള്‍ക്ക് സിമെന്റ് കൊണ്ട് കെട്ടിയ ഇരിപ്പിടം സൈഡില്‍ ഉണ്ട് .. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാത്രമേ അവിടെ ഇരിക്കാവൂ .നമ്മള്‍ ഒക്കെ പൂഴിയില്‍ ..അതാണ്‌ രസം .

അമ്പലത്തില്‍ പോയികൊണ്ടിരുന്നത് മിക്കവാറും ഭക്തി കൊണ്ടൊന്നും അല്ല. ഉത്സവങ്ങള്‍ കണ്ടത് വളരെ കുറവ് മാത്രം. ഇന്നലെ ഒന്‍പതു ആനയുണ്ടായിരുന്നു ,ഇന്ന്  അഞ്ചു മാത്രം എന്നൊക്കെ കൂട്ടുകാര്‍ പറയുമ്പോള്‍  തല കുലുക്കും .കാരണം അവരും പറഞ്ഞു കേട്ടതാണ് . അവനും ഉത്സവങ്ങള്‍ കണ്ടിട്ടില്ല എന്ന് എനിക്ക് ഉറപ്പാണ്‌ .കാരണം അവന്‍ എന്നോടൊപ്പം തന്നെ ഉണ്ടായിരുനല്ലോ ..  ഉത്സവത്തിന്‌ അപ്പുറം നമ്മള്‍ക്ക് ചന്തയിലൂടെ കറക്കം ,മാജിക് കാണല്‍ ,തുടങ്ങിയവയില്‍ ആയിരുന്നു താല്പര്യം. ഉത്സവം ആകുമ്പോള്‍ പല തരത്തിലുള്ള വിനോദങ്ങള്‍ വന്നിട്ടുണ്ടാവും . ബൈക്ക് ജമ്പ് ,കാര്‍ ജമ്പ് ,മരണ കിണര്‍ ,മൃഗങ്ങളുടെ അഭ്യാസങ്ങള്‍ ഒക്കെ ... അവയൊക്കെ കണ്ടു തീര്‍ക്കല്‍ ആണ് പ്രധാന വിനോദം ..പിന്നെ വായനോട്ടം പരിസരത്തുള്ള എല്ലാ പെണ്‍കുട്ടികളും ഒന്നിച്ചു പുറത്തിറങ്ങുന്ന അപൂര്‍വ വാരം.പല പ്രണയങ്ങളും ആരംഭിക്കുന്നത് ഉത്സവ പറമ്പുകളില്‍ നിന്നാണെന്നും തോന്നിയിട്ടുണ്ട്. അത് പിന്നെ വികസിപ്പിക്കല്‍ ആണ് .ഉത്സവത്തിനു കാണുകയും കണ്ണുകള്‍ കൊണ്ട് കഥപറച്ചിലും മാത്രമേ നടക്കൂ . കാരണം വീട് മുഴുവന്‍ പെണ്‍കുട്ടികള്‍ക്ക് ഒപ്പം ഉണ്ടാവും.. 

ഉത്സവം എന്നത് മറ്റൊരു വേദന കൂടി ഉണ്ട് ഓര്‍ക്കാന്‍ .കറക്കത്തിനിടയില്‍ മനസ്സില്‍ പതിഞ്ഞ ഒരു രൂപം. എല്ലാദിവസവും അവള്‍ അമ്പലത്തില്‍ ഉണ്ടാകും . ഒറ്റയ്ക്കല്ല.. യജമാനത്തികൊപ്പം. ഇതേ സ്റ്റെപ്പില്‍ ഇരുന്നാണ് അവളെ പ്രതീക്ഷിക്കുക . അമ്പല പരിസരത്തുള്ള വലിയ തറവാട്ടിലെ ജോലിക്കാരിയാണ് എന്ന് പറയാം ... കാരണം അവരുടെ അകന്ന ബന്ധത്തിലെതാണ് ....പക്ഷെ അവളുടെ കുടുംബത്തിന് കഴിവ് കുറവായതിനാല്‍ ഇവിടെ ജോലിക്കാരിയെ പോലെ കഴിയുന്നു. യജമാനത്തി ഭയങ്കര അഹങ്കാരിയാണെന്നാണ് നാട്ടിലെ സംസാരം. അവരുടെ അഹന്തകാരണം ഭര്‍ത്താവ് പിണങ്ങി പൊയെന്നും.പിന്നെ ചില കഥകള്‍ ... നമ്മള്‍ ഒക്കെ കുട്ടികള്‍ ആയതിനാല്‍ ഈ കഥ മുഴുവനായും അറിയില്ല .എന്തോ അവിഹിതമാണെന്ന് അറിയാം . പിന്നെ വീട്ടില്‍ ഉള്ളത് മകന്‍ ആണ് . ഒരു ഗജപോക്കിരി . നാട്ടുകാരെ കൊണ്ട് ഏപ്പോഴും പറയിപ്പിക്കുന്നവന്‍ . അവനും തരികിട ആണെന്നരിയാം. പലതവണ പോലീസ് പിടിച്ചിട്ടുണ്ട് .അപ്പൊഴൊക്കെ പുറത്തിറക്കിയത് ഇവരുടെ ജാരന്‍ ആണെന്നും ജനസംസാരം ഉണ്ട്. 

 യജമാനത്തി വരുമ്പോള്‍ കൂടെ ഇവളും ഉണ്ടാകും . അവരുടെ ബാഗും  സാധനങ്ങള്‍ പിടിച്ചു ഇവളും പിന്നാലെ ഉണ്ടാവും. അവര്‍ക്ക് ഷോ കാണിക്കുവാന്‍ ഉള്ള ഒരിടമാണ് ഉത്സവപറമ്പ് എന്ന് തൊന്നിയിട്ടുണ്ട് .നല്ല സംഭാവനകള്‍ കൊടുക്കുന്നതിനാല്‍ കമ്മറ്റിക്കാരും തൊഴുതു വണങ്ങി നില്‌ക്കും. ഓഫീസില്‍ കസേര ഇട്ടു കൊടുക്കും .. അപ്പോള്‍ അവരുടെ ഭാവം ഒക്കെ കാണേണ്ടതാണ് .. ഇടക്കിടെ വെറുതെ ഓരോ കാരണം ഉണ്ടാക്കി വേലക്കാരിയെ വഴക്ക് പറയും. എല്ലാം ഷോ ആണ് .ഞാന്‍ ഭയങ്കര സംഭവം എന്ന് നാട്ടുകാരെ കാണിക്കാന്‍ ഉള്ള തത്രപാട് .എല്ലാ ദിവസവും ഈ പരിപാടി ഉണ്ടാകും ... അധിക സമയം ഉണ്ടാകില്ല.. പത്തു മണിക്ക് മുന്‍പേ  മടങ്ങും. 

നമ്മള്‍ കുട്ടികള്‍ക്കിടയില്‍ ഇവരുടെ പേര് "കുളം മുതലാളി " എന്നാണ് . അമ്പലകുളത്തില്‍ ഉത്സവസമയത്ത് അന്യര്‍ക്ക്  കുളിക്കുവാന്‍ പാടില്ല.ഉത്സവത്തിന്‌ ഒരാഴ്ച മുന്‍പേ വൃത്തിയാക്കി വെക്കും. ഉത്സവത്തിന്റെ കര്‍മങ്ങള്‍ നടക്കുന്നതിനാല്‍ ആണിത് ..നമ്മുടെ പ്രധാന വിനോദം നീന്തല്‍ ആണ് ..  അപ്പോള്‍ നമ്മള്‍ പോകുക ആ വലിയ തറവാട്ടിലെ കുളത്തില്‍ ആണ് . പക്ഷെ അവര്‍ അവിടെ ഉണ്ടെങ്കില്‍ കുളിക്കാന്‍ അനുവദിക്കില്ല. എല്ലാവരെയും ഓടിക്കും. എന്നാലും അവര്‍ കാണാതെ പലരും കുളിക്കും. അവര്‍ കണ്ടു പിടിച്ചാല്‍ ഭയങ്കര വഴക്കായിരിക്കും . അങ്ങിനെ ആരോ ചാര്‍ത്തി കൊടുത്ത പേരാണ് "കുളം മുതലാളി ". 

ഒരു ഉത്സവ സമയത്ത് പകല്‍ ആണ് നാട് ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടത് .തറവാട്ടിലെ കുളത്തില്‍ ആ പെണ്‍കുട്ടി മരിച്ചു കിടക്കുന്നു.കഴിഞ്ഞ ദിവസം കൂടി അമ്പലത്തില്‍ വെച്ച് പലരും കണ്ടതാണ് . നമ്മളും . . കൊലപാതകം എന്ന് പലര്‍ക്കും ഉറപ്പായിരുന്നു . കാരണം ബോഡിയില്‍ മുറിവുകളും മറ്റും ഉണ്ടായിരുന്നു പോലും .പിന്നെ വസ്ത്രങ്ങള്‍ സ്ഥാനം തെറ്റിയും .. നമ്മളെ ഒന്നും പോലീസ് പരിസരത്ത് കൂടി അടുപ്പിച്ചില്ല ...എല്ലാം കേട്ടറിവുകള്‍ മാത്രം. പിന്നെ ഉത്സവങ്ങള്‍ വരുമ്പോള്‍ അവള്‍ ഒരു നൊബരം ആയി. .പിന്നെയും രണ്ടുമൂന്നു ഉത്സവങ്ങള്‍ക്ക് ഉണ്ടായെങ്കിലും "കുളം മുതലാളി "എത്തിയില്ല .മകനെ കൊലപാതകത്തിന്  അറസ്റ്റു ചെയ്തു .. ഈ പ്രശ്നങ്ങള്‍ ഒക്കെ ആകാം കാരണം . 

"എന്തെങ്കിലും തരണേ ..... "ശബ്‌ദംകേട്ട് തിരിഞ്ഞു നോക്കി .പ്രായമായ ഒരു സ്ത്രീ കൈ നീട്ടുകയാണ്. പോക്കറ്റിലുള്ള ഇരുപതു രൂപ നോട്ടു എടുത്തു കൊടുത്തു . ഒരു ചിരി പാസ്സാക്കി അവര്‍ നടന്നകന്നു .
"ഇരുപതു  രൂപ ഒക്കെ കൊടുക്കുവാന്‍ നിന്റെ കുടുംബക്കാരിയാണോ അത് ..അല്ലെങ്കില്‍ പഴയ കണക്കോ ?"കൂട്ടുകാര്‍ കളിയാക്കി 
"എടൊ ..പാവം തോന്നി .... കൊടുത്തു കയ്യില്‍ വന്നത് ഇരുപതാണ് അത് കൊണ്ട് കൊടുത്തു ."
"ഇതിനോടൊന്നും പാവം തോന്നരുത് ..."
"അതെന്താ ?"
"എടാ അത് "കുളം മുതലാളി"യാണ് .."
ഞാന്‍ ഞെട്ടി .മനസ്സില്‍ എന്തോ ഒരളാല്‍ ...  ഒരിക്കലും പ്രതീക്ഷിക്കാത്ത രൂപം. ഇവര്‍ക്ക് എന്ത് സംഭവിച്ചു ?
കൂട്ടുകാര്‍ പറഞ്ഞു തുടങ്ങി 

കൊലപാതകത്തിന്റെ പേരില്‍ അവരുടെ മകന്‍ പിടിക്കപെട്ടുവെങ്കിലും തുടര്‍അന്യെഷണത്തില്‍ അവരുടെ ജാരനാണ്‌ അത് ചെയ്തതെന്ന് പോലീസ് മനസ്സിലാക്കി. കഥ നാട്ടില്‍ പടര്‍ന്നപ്പോള്‍ അപമാനം മൂലം അവര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെയായി. കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങിയ മകന്‍ മദ്യപാനത്തിന് വേണ്ടിയും മറ്റു അനാശ്യാസ പ്രവര്‍ത്തനത്തിനും വേണ്ടി സ്വത്തുക്കള്‍ ഒന്നൊന്നായി വിറ്റു  തുലച്ചു കൊണ്ടിരുന്നു.. കേസ് നടത്തുവാന്‍ മുന്‍പേ തന്നെ കുറെയേറെ ചിലവാക്കിയിരുന്നു .. അനുദിനം അവര്‍ ക്ഷയിച്ചു കൊണ്ടിരുന്നു ... .കുറച്ചു നാള്‍ക്കു ശേഷം വീടും പറമ്പും ഒക്കെ ബാങ്കുകാര്‍ കൊണ്ട് പോയി .പിന്നെ വാടകയ്ക്ക് താമസം ആയി . ഒരു സുപ്രഭാതത്തില്‍ അവരുടെ മകനെ സ്വയം മരിച്ച നിലയില്‍ കണ്ടെത്തി . അന്നേരം തുടങ്ങിയതാണ്‌ മാനസിക രോഗത്തിന്റെ ലക്ഷണങ്ങള്‍ .. വാടക കിട്ടാതായപ്പോള്‍ ഉടമസ്ഥന്‍ വീട്ടില്‍ നിന്നും പുറതാക്കി. അതോടെ  മാനസികമായി കൂടുതല്‍  തകര്‍ന്നു ..പിന്നെ തെരുവില്‍ .... ഇപ്പോള്‍ ഇങ്ങിനെ ജീവിക്കുന്നു. ..ആ പെണ്ണിനെ കൊന്നതില്‍ ഇവളും ഉണ്ടെന്നു പറയപ്പെടുന്നു ...മകന്റെ മരണത്തിലും ...തെളിവൊന്നുമില്ല  അത് കൊണ്ട് രക്ഷപ്പെട്ടു "

രക്ഷ പെട്ടോ ? ഇതാണോ രക്ഷ ? ചോദിക്കണം എന്ന് തോന്നി .പക്ഷെ വാക്കുകള്‍ പുറത്തു വന്നില്ല.

എല്ലാം കേട്ട് ഞാന്‍ നെടുവീര്‍പ്പിട്ടു. ഓരോരോ മനുഷ്യരുടെ കാര്യങ്ങള്‍ .ഈ ഉത്സവത്തിന്‌ കിട്ടിയ വലിയ ഒരു ഷോക്ക്‌ ആയിരുന്നു അതു. നാട്ടില്‍ തന്നെ ഉണ്ടായിരുനെങ്കില്‍ ഇത്ര ഞെട്ടല്‍ വരില്ലായിരുന്നു. കാലാകാലം അറിയുമായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തത് കൊണ്ട് ഉണ്ടായതാണ് ഈ ഞെട്ടല്‍ . എന്തോ ഒരു അസ്വസ്ഥത പടരുന്നതായി തോന്നി .

"എന്നാല്‍ മടങ്ങി പോകാം ..അല്ലെ ?"ഞാന്‍ ചോദിച്ചു
"നീയല്ലേ പറഞ്ഞത് ഇന്ന് മുഴുവന്‍ ഉറക്കം കളഞ്ഞു ഇവിടെ കറങ്ങണം എന്ന് ..."
"പറ്റുനില്ല ... തലവേദന .. മറ്റൊരു ദിവസം ആകാം "

മടങ്ങി പോകുമ്പോള്‍ ഉത്സവ പറമ്പിലെ  ആള്കൂട്ടത്തിനിടയില്‍ വീണ്ടും ഞാന്‍ ആ രൂപത്തെ തിരഞ്ഞു കൊണ്ടിരുന്നു ..അത് അവര്‍ തന്നെയാണെന്ന് ഉറപ്പിക്കുവാന്‍ ....പക്ഷെ അവര്‍ അവിടെ ഒന്നും ഉണ്ടായിരുനില്ല ..വീട്ടിലേക്കു നടക്കുമ്പോള്‍ അവരുടെ മുഖം ഒന്ന് കൂടി ഊഹിച്ചെടുക്കുവാന്‍ നന്നേ പാടുപെട്ടു


കഥ :പ്രമോദ് കുമാര്‍ .കെ .പി






Tuesday, February 12, 2013

നത്തോലി ഒരു ചെറിയ മീനല്ല ..പിന്നെയല്ലേ വമ്പന്‍ സ്രാവുകള്‍

ഇന്നലെ രാത്രി ഭക്ഷണം പുറത്തുനിന്നും  എന്ന് ഭാര്യ പറഞ്ഞപ്പോള്‍ എതിര്‍ത്തില്ല .പലപ്പോഴും  കുടുംബ സമേതം പോകുന്ന അടുത്തുള്ള മലയാളി റസറ്റോരന്റില്‍  പോയി.അവിടുത്തെ കേരള വിഭവങ്ങള്‍  ഫെയിമസ് ആയതിനാല്‍ നാടന്‍ ഊണിനു തന്നെ ഓര്‍ഡര്‍ കൊടുത്തു.പുറത്തു പോയാല്‍ എപ്പോഴും ബിരിയാണി മാത്രം ഓര്‍ഡര്‍ ചെയ്യുന്ന മകനും ഇവിടെ വന്നാല്‍ നാടന്‍ ചോറ് വേണം .സ്പെഷ്യല്‍ എന്തെങ്കിലും വേണോ എന്ന ചോദ്യത്തിന് നത്തോലി ഫ്രൈ വരട്ടെ എന്ന് പറഞ്ഞു.നത്തോലി ആണെങ്കില്‍ രണ്ടുണ്ട് കാര്യം.പൈസയും കുറവാണ് എല്ലാവര്‍ക്കും പങ്കിടുകയും ചെയ്യാം .കേരള ഭക്ഷണം അതിന്റെ  രുചിയില്‍ തട്ടിവിട്ടു കൊണ്ടിരിക്കുമ്പോള്‍ ഇനി എന്തെങ്കിലും വേണോ എന്ന് സപ്ലയര്‍ ."വേണ്ട "എന്നാ കേട്ടപാടെ അയാള്‍ ഓടി പോയി ബില്‍ കൊണ്ട് വന്നു.സാധാരണ കഴിക്കുന്നതിലും അമ്പതു രൂപയോളം  കൂടുതല്‍ .വീണ്ടു നോക്കി ഊണിനു അഞ്ചു രൂപ കൂടിയിട്ടുണ്ട്.എന്നാലും ഇത്ര കൂടുതല്‍ മൂന്നുപേര്‍ക്ക്‌  എങ്ങിനെ വന്നു ?കണ്ടു പിടിച്ചു ..നത്തോലിക്ക് അറുപത്തി അഞ്ചു രൂപ ഇട്ടിരിക്കുന്നു. മുപ്പതായിരുന്നു .തെറ്റി പോയതായിരിക്കും .രണ്ടു പ്ലേറ്റ് എന്ന് വിചാരിച്ചു കാണും .വെയിറ്ററെ വിളിച്ചു .


"ഇത് ബില്‍ കൂടുതല്‍ ആണല്ലോ "
"ഊണിനു അഞ്ചു രൂപ കൂടി സര്‍ "
"എന്നാലും കൂടുതല്‍ ആണല്ലോ ."
"അല്ല സര്‍ .."
"നത്തൊലി ഒരു പ്ലേറ്റ് ആണ് വാങ്ങിയത് ..രണ്ടിന്റെ വിലയിട്ടിരിക്കുന്നു .."
"അത് ഒന്നിന്റെ വിലയാണ്...മീനിനോക്കെ ഇപ്പോള്‍ വില കൂടി .."
"ബില്‍ പേ ചെയ്തു വീട്ടിലേക്കു വണ്ടി ഓടിക്കുമ്പോള്‍ മനസ്സ് പറഞ്ഞു
 " നത്തോലി ഒരു ചെറിയ മീന്‍ അല്ല "
അയാള്‍ പറഞ്ഞത്  സത്യം തന്നെ ആയിരുന്നു.ഇന്ന് വെറുതെ ബഷീര്‍ക്കാന്റെ  കടയില്‍ കയറി വില ചോദിച്ചപ്പോള്‍ നത്തോലിക്ക് മുന്‍പത്തെക്കാളും എഴുപതു രൂപ കിലോവിനു കൂടിയിരിക്കുന്നു .ബാക്കി മീനിനോക്കെ  പഴയ വില  തന്നെ .പക്ഷെ നത്തോലി  മാത്രം വില കയറിയതില്‍ മുന്‍പന്തിയില്‍.


'എന്താ മീനോന്നുംവേണ്ടേ .."

"നത്തോലി ഒരു ചെറിയ മീനല്ല ബഷീര്‍ക്ക എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു "

മമ്മൂക്കയും മോഹന്‍ലാലും ഒരു ചിത്രം ചെയ്തു വിജയിപ്പിക്കുവാന്‍ പാടുപെടുമ്പോള്‍ ഫഹദ് ഫാസില്‍ തൊട്ടതെല്ലാം പോന്നാക്കുന്നു.മലയാളത്തിലെ മിനിമം ഗ്യാരണ്ടിയുള്ള നടനായി മാറുന്നു.നിര്‍മാതാക്കള്‍  ഫഹദിനു വേണ്ടി കാത്തു കിടക്കുന്നു.അപ്പോള്‍ പലരുടെയും മനസ്സ് പറഞ്ഞു പോയിട്ടുണ്ടാവാം .

"വമ്പന്‍ തിമിംഗലങ്ങള്‍ വാഴുന്ന മലയാള സിനിമയില്‍ നത്തോലി ഒരു ചെറിയ മീന്‍ അല്ല  എന്ന് ."

                            കുറെ വര്‍ഷം മുന്‍പ് തന്നെ പീഡനസ്ഥലം എന്ന ചീത്ത പേര് കേരളത്തിന്‌ കിട്ടിയതാണ്.സൂര്യനെല്ലി ,വിതുര ,കവിയൂര്‍ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത പീഡനങ്ങള്‍ നടന്നു വെങ്കിലും ശിക്ഷ കാര്യമായി ആര്‍ക്കെങ്കിലും കിട്ടിയോ എന്ന് സംശയം ആണ്.കേസുകള്‍ ഒക്കെ ഇങ്ങിനെ നീണ്ടു നീണ്ടു പോകുന്നു.പല ഉന്നതരും ഇതില്‍ പ്രതികള്‍ ആയെങ്കിലും എല്ലാവരും ഇപ്പോഴും ജോളിയായി കഴിയുന്നു.ഈ വിഷയത്തില്‍ കുഞ്ഞാലി സാഹിബിന്റെ രാഷ്ട്രീയം തന്നെ അവസാനിച്ചു എന്ന് കരുതിയതാണ് മുസ്ലിംലീഗുകാര്‍ പോലും ..പക്ഷെ സാഹിബ് ഇപ്പോഴും താക്കോല്‍ സ്ഥാനത്തു നിന്ന് കേരള ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുകയാണ് .

ഇപ്പോള്‍ പീഡനം  വലക്കുന്നത് നമ്മുടെ രാജ്യ സഭയുടെ താക്കോല്‍ സ്ഥാനത്തുള്ള പി.ജെ .കുരിയനെ ആണ്.പതിനേഴു വര്ഷം മുന്‍പ് പറഞ്ഞത് തന്നെ ആ പെണ്‍കുട്ടി ഇന്നും ആവര്‍ത്തിക്കുമ്പോള്‍ ഇപ്പോള്‍ മൊഴി മാറ്റി മാറ്റി പറഞ്ഞവരും എത്തുന്നത്‌ ആ പെണ്‍കുട്ടി അന്ന് പറഞ്ഞത് സത്യം തന്നെ എന്ന നിലയിലേക്കാണ്.കുര്യനെ പല ആള്‍ക്കാരും സംരക്ഷിച്ചുണ്ട് എന്നാ കാര്യം ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നു .ആകെ അങ്കലാപ്പിലായി കേരളത്തിലെ കോണ്‍ഗ്രെസ്സും അങ്ങ് ഹൈകമാന്റും .കുര്യന്‍ സാബ് ആണെങ്കില്‍ അന്തോണിയുടെയും സോണിയയുടെയും സല്പുത്രന്‍ ആയതു കൊണ്ട് മാത്രം രാജ്യസഭയിലും  അതിന്റെ ഉന്നത സ്ഥാനത്തും എത്തിയ ആളാണ്‌ .അത് കൊണ്ട് തന്നെ സംരക്ഷണം ഏതുവിധേനയെങ്കിലും ഉറപ്പുമാണ്.ഇപ്പോള്‍ ചാനലുകാര്‍ക്ക് വേറെ വിഷയം ഒന്നും ഇല്ലാത്തതിനാല്‍ കുര്യന്റെ പിന്നാലെ കൂടിയിരിക്കുന്നു എന്ന് മാത്രം.അടുത്ത എന്തെങ്കിലും കിട്ടുമ്പോള്‍ അവര്‍ മൈക്കും ക്യാമറയുമായി അങ്ങോട്ട്‌ ഓടും .ജനം ഒക്കെ മറക്കും.പിന്നെ ഏതെങ്കിലും കാലത്ത് എല്ലാ വാര്‍ത്തകളും വറ്റിവരണ്ടു കിടക്കുമ്പോള്‍ പിന്നെയും ഇങ്ങിനത്തെ കുറെ പീഡനങ്ങള്‍ വീണ്ടും മുളക്കും .

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നത്തോലികള്‍  ആയ മുസ്ലിംലീഗിന്റെ നേതാവിന് ഒരു പ്രശ്നവും ഇല്ലാതെ ഇവിടെ വിലസാമെങ്കില്‍ വമ്പന്‍ സ്രാവായ കുരിയന്‍ സാറിനെ  എന്തെങ്കിലും ചെയ്യുവാന്‍ പറ്റുമോ.?കാത്തിരുന്നു കാണാം ..നത്തോലി ഒരു ചെറിയ മീനല്ല ..പിന്നെയല്ലേ വമ്പന്‍ സ്രാവുകള്‍..







Friday, February 8, 2013

ശാപം

ആശാന്‍ കിടപ്പിലായിട്ട് കുറച്ചായി.എപ്പോഴും കാണാന്‍ പോകണം എന്ന് വിചാരിക്കും.പക്ഷെ ഓരോരോ കാരണങ്ങളാല്‍ പോകുവാന്‍ പറ്റിയില്ല.ഒന്നാമത് ആശാന്റെ വീട്ടിലേക്കു ശരിയായ ഒരു വഴിയില്ല.പല ഇടവഴികളും മറ്റുള്ളവരുടെ  പറമ്പും താണ്ടി പോകണം.അല്ലെങ്കില്‍ റോഡു വഴിയാണെങ്കില്‍ വണ്ടി ആശാന്റെ വീട് വരെ പോകില്ല.വഴിയില്‍ പാര്‍ക്ക് ചെയ്തു ഒന്ന് രണ്ടു പറമ്പ് കയറി പോകണം.മറ്റൊന്ന് നടക്കുവാനുള്ള മടിയായിരുന്നു ഇത്രകാലം എന്നെ അവിടേക്ക് പോകുന്നതില്‍ നിന്നും വിലക്കിയത്.ഒന്ന് രണ്ടു ദിവസമായി ആശാന് കുറച്ചു കൂടുതലാണെന്ന് പറയപ്പെടുന്നു.ആശുപത്രിക്കാരും രക്ഷയില്ല എന്ന് പറഞ്ഞതോടെ വീട്ടില്‍ തന്നെയാണ് കുറച്ചു നാളുകള്‍ ആയിട്ട്.ആശുപത്രിയില്‍ പോയി കണ്ടിരുന്നു .അത് പോരല്ലോ ആളുകള്‍ എന്ത് വിചാരിക്കും അത് കൊണ്ട് ഒന്ന് പോയി കാണണം എന്ന് വിചാരിച്ചു ...എല്ലാവരും
"ഞാന്‍ "എന്നതില്‍ മാത്രം ഒതുങ്ങുന്ന ഈ കാലത്ത് എന്റെയും സ്ഥിതി  അങ്ങിനെ തന്നെ.എന്നിലേക്ക്‌ മാത്രം ഒതുങ്ങുന്നു.നമ്മുടെ കാര്യം മാത്രം.

       ആശാന്‍ മുന്‍പ് കുറെ ഉപകാരങ്ങള്‍ ചെയ്തിട്ടുണ്ട്.അതിനൊക്കെ പ്രതിഫലവും കൊടുത്തിട്ടുണ്ട്‌.അത് കൊണ്ട് തന്നെ ഇനിയും ആശാനേ കാണണമോ കണ്ടിട്ട് എന്ത് പ്രയോജനം എന്നൊക്കെ മനസ്സിലില്‍ അങ്ങിനെ ചുറ്റിതിരിയുന്നു.എന്തായാലും വേണ്ടില്ല ഇന്ന് പോകണം .അങ്ങിനെയാണ് ആറു വയസ്സുള്ള മോനെയും കൂട്ടി പുറപ്പെട്ടത്‌.ആശാന്റെ വീടുവരെ ഒറ്റയ്ക്ക് പോക്ക് നടക്കില്ല ,മിണ്ടാനും പറയാനും ആരെങ്കിലും വേണം ..  കൂട്ടുകാര്‍ പലരെയും വിളിച്ചെങ്കിലും ഞാന്‍ ഇന്നലെ കണ്ടു ,മിനഞാന്നു പോയി എന്നൊക്കെയാണ് മറുപടി കിട്ടിയത്.അത് കൊണ്ട് മകനെ കൂട്ടുവാന്‍ വിചാരിച്ചു.അവനാകുമ്പോള്‍ എന്തെങ്കിലും ഒക്കെ പറഞ്ഞു കൊണ്ടിരിക്കും .ചെറിയ വായിലെ വലിയ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുവാന്‍ രസമാണ്.

അവന്റെ വര്‍ത്തമാനത്തിനിടയില്‍ കുറെ സംശയങ്ങള്‍ ഉണ്ടായിരുന്നു. കുറെ അവന്റെ അമ്മയെ പറ്റിയായിരുന്നു.ഒരിക്കലും അവന്‍ കാണാത്ത അമ്മയെ കുറിച്ച്...ഉള്ളില്‍ വേദനയോടെ പലതിനും മറുപടി കൊടുത്തു.പലതും കള്ളം ആയിരുന്നുവെങ്കിലും....അവന്‍ അങ്ങിനെയാണ്.എന്നെ ഒറ്റയ്ക്ക് കിട്ടുമ്പോള്‍ മാത്രം ആണ് അമ്മയെ പറ്റി  ചോദിക്കുക.വിഷയം പലതവണ മാറ്റിയെങ്കിലും പിന്നെയും അവന്‍ അതില്‍ത്തന്നെ എത്തി.

ആശാന്റെ വീട്ടില്‍ എല്ലാവരും മരണം പ്രതീക്ഷിച്ചു നില്‍ക്കുകയാണേന്നത് പോലെ ..ആശാന്  ബോധം ഇല്ല ...എപ്പോഴെങ്കിലും ബോധം വന്നാല്‍ പിച്ചും പേയും പറയുന്നു .മക്കള്‍ ഒക്കെ അടുതുതന്നെ ഉണ്ട്.വെറുതെ അകത്തു കയറി ഒന്ന് നോക്കി.ആളുകള്‍ വരുന്നു പോകുന്നു.ആര്‍ക്കും സമയം ഇല്ല.ഒരു ഉപചാരം പോലെ .....മകനെ കൊണ്ട് വരേണ്ടിയിരുനില്ല  എന്ന് തോന്നി.അവന്‍ ഓരോരോ സംശയങ്ങള്‍ ചോദിച്ചു തുടങ്ങി.ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നു .അത് കൊണ്ട് തന്നെ വേഗം അവിടുന്നിറങ്ങി.

അവന്റെ സംശയങ്ങള്‍ ഒക്കെ ഒരുവിധം തീര്‍ത്തു കൊണ്ടിരുന്നു .നമ്മള്‍ നടക്കുകയാണ് .

"ഇനിയും കുറെ ദൂരം ഉണ്ടോ വീട്ടിലെത്തുവാന്‍ ?"


അവനു കാലുകള്‍ വേദനിക്കുന്നുണ്ടാവാം .കുറെ ദൂരം നടന്നതല്ലേ.മറുപടി പറയും മുന്നേ
പെട്ടെന്നാണ് വഴിയില്‍ എന്തോ കണ്ടത് .രണ്ടു പാമ്പുകള്‍ ചുറ്റിപിടിച്ചു കിടക്കുന്നു.ഇണ ചെറുക ആവാം ..ഇപ്പോള്‍ ചവിട്ടിപോയേനെ ...ഭാഗ്യം...അവനും കണ്ടു.ഞാന്‍ പുറകോട്ടു മാറി.അവന്‍ കല്ലെടുത്തു എറിയാന്‍ ഭാവിച്ചപ്പോള്‍ തടഞ്ഞു.

"വേണ്ട മോനെ ഉപദ്രവിക്കേണ്ട ..ശാപം കിട്ടും..."
"അമ്മമ്മ പറഞ്ഞിട്ടുണ്ടല്ലോ  ..അച്ഛന്‍ പാമ്പിനെ എവിടെ കണ്ടാലും തള്ളി കൊല്ലുംമെന്നു .."
"എന്നാലും വേണ്ടമോനെ ...നമുക്ക് വേറെ വഴിയില്‍ പോകാം ...."

ഇവിടുന്നു തിരിച്ചു പോകണം എങ്കില്‍ കുറെ ചുറ്റിതിരിയണം.എന്നാലും വേണ്ടില്ല ഇവറ്റകളെ ഉപദ്രവിക്കുവാന്‍ ഞാനില്ല ,കുറെ നടന്നാലും സാരമില്ല .ഇവന്‍ ഇപ്പോഴേ തളര്‍ന്നു.അവനെയും എടുത്തു ഞാന്‍ തിരിഞ്ഞു നടന്നു.

"അച്ഛനല്ലേ പറഞ്ഞിരുന്നത് ..ഞാന്‍ വലുതായി ഇനി എടുക്കില്ലെന്ന് ..."

ഞാന്‍ ചിരിച്ചു ,മറുപടി ഒന്നും പറഞ്ഞില്ല.അവനു എടുത്തത്‌ ഇഷ്ട്ടപെട്ടിരിക്കും ..കാലുകള്‍ വേദനിച്ചിട്ടും എന്റെ വഴക്ക് കേള്‍ക്കും എന്ന് വിചാരിച്ചു  പരയാതിരുന്നതാവാം.ഇരുട്ടി തുടങ്ങി .ഞാന്‍ അവനെയും എടുത്തു വേഗം നടന്നു.

അവന്‍ പറഞ്ഞത് ശരിയാണ് ..പണ്ടൊക്കെ പാമ്പ് എന്ന് പറഞ്ഞാല്‍ ഒരു കലിപ്പ് ആയിരുന്നു.എവിടെ കണ്ടാലും തല്ലി കൊല്ലുമായിരുന്നു.പാമ്പ് മാത്രം അല്ല സകല ജീവികളെയും ഉപദ്രവിക്കുമായിരുന്നു.എന്തോ ഒരു രസം.കിളികൂടും പുറ്റുകളും ഒക്കെ നശിപ്പിക്കുക .എന്തോ ഒരു ഹരം ആയിരുന്നു. അവര്‍ ജീവിക്കുന്ന വീടാണ് ഞാന്‍ നശിപ്പിക്കുന്നതെന്ന്  അറിയാഞ്ഞിട്ടല്ല ..പ്രായത്തിന്റെ ഓരോരോ വിക്രിയകള്‍ .ഇണ ചേരുന്നവയെ പോലും അടിച്ചു കൊന്നിട്ടുണ്ട് .എടാ അവറ്റകളെ കൊന്നാല്‍ പാപം കിട്ടും എന്ന് മുത്തശ്ശി പറഞ്ഞിട്ടും പിന്‍മാറിയിരുനില്ല ..ഒരിക്കല്‍ മുത്തശ്ശി തന്നെ ശപിച്ചു ...''നിനക്കും ഈ ഗതിതന്നെയാണെടാ വരിക "

അതാവുമോ പ്രസവത്തിനിടയില്‍ ഇവന്റെ അമ്മ മരിക്കുവാന്‍ കാരണം ..തുടക്കത്തില്‍ ഒരു പ്രശ്നവും ഇല്ലായിരുന്നു .. ..പിന്നേ വന്ന ഒരു പനിയാണ് കാരണം.അത് കൊണ്ട് തന്നെ പ്രസവം കുറച്ചു പ്രശ്നം ഉണ്ടാക്കുമെന്ന്  മുന്നറിയിപ്പ് തന്നിരുന്നു.പക്ഷെ.....ഇവനോടൊപ്പം അവളുടെ ശ വം ആണ്  കിട്ടിയത്....

അവളുടെ ആഗ്രഹം ആയിരുന്നു ഒരു കൊച്ചുവീട്.അതിന്റെ പണിയും തുടങ്ങിയതാണ്‌ .പക്ഷെ ഓരോരോ കാരനങ്ങള്‍ കൊണ്ട് മുടങ്ങി.അവള്‍ പോയതില്‍ പിന്നെ കുറേകാലം ഇനി എന്തിനു വീട് എന്ന് ചിന്തിച്ചു. ഒരു വര്‍ഷത്തിനു മുന്‍പ് വീണ്ടും പണി  തുടങ്ങി പക്ഷെ ഇപ്പോഴും തീര്‍നില്ല ..ഓരോരോ പ്രശ്നങ്ങള്‍.അതിപ്പോഴും തുടരുന്നു ..വഴി മുടക്കികള്‍ ആയി.

ദൈവവിശ്വാസി പോലും അല്ലാതിരുന്ന ഞാന്‍ ഇപ്പോള്‍ അന്ധ വിശ്വാസിയായിരിക്കുന്നു.ഞാന്‍ ഉപദ്രവിച്ചു വിട്ടവയുടെ ശാപം അല്ലെ എന്നെ ഈ നിലയിലാക്കിയത്. ഇണ നഷ്ട്ടപെട്ടു പോയി..... ആറേഴു വര്‍ഷമായിട്ടും ഒരു വീടു പൂര്‍ത്തിയാക്കുവാന്‍ കഴിയുനില്ല .

ഇണ നഷ്ട്ടപെട്ട പാമ്പുകള്‍ മനസ്സിലൂടെ ഇഴയുന്നത്‌പോലെ തോന്നി.ജീവിച്ചുകൊണ്ടിരുന്ന താവളം നഷ്ട്ടപെട്ട ഉറുമ്പുകള്‍ ശരീരം മുഴുവന്‍ അരിക്കുന്നതായും ....ഞാന്‍ മോനെയും മുറുക്കെ പിടിച്ചു വേഗം വീട് ലക്ഷ്യമാക്കി നടന്നു.അപ്പോള്‍ മനസ്സില്‍ ആരോ പറഞ്ഞു കൊണ്ടിരുന്നു .ഈ ഭൂമിയില്‍ ജീവിക്കുന്ന എല്ലാവര്ക്കും ഈ മണ്ണിനു അവകാശം ഉണ്ട് ..അത് മനുഷ്യര്‍ക്ക്‌ മാത്രം അല്ല ...ഭൂമിയിലുള്ള സകലചരാചരങ്ങള്‍ക്കും അവകാശ പെട്ടതാണ്.അത് കൊണ്ട് അവര്‍ക്ക് വേണ്ടത് അവര്‍ക്ക് തന്നെ കൊടുക്കണം......അല്ലെങ്കില്‍ അനുഭവിക്കും ...ഇന്നലെങ്കില്‍ നാളെയെങ്കിലും ..

കഥ ;പ്രമോദ് കുമാര്‍.കെ.പി.




Tuesday, February 5, 2013

ഒരു യാത്രക്കിടയില്‍

വാച്ചില്‍ സമയം നോക്കി  ആറുമണി  മണി കഴിഞ്ഞതെ ഉള്ളു.ഇനിയും അര മുക്കാല്‍ മണിക്കൂര്‍ ഉണ്ട്.കുറച്ചു നാളുകളായി അങ്ങിനെയാണ്.ട്രെയിന്‍ വരുന്ന സമയത്തിന് ഒരു അര മണിക്കൂര്‍ മുന്‍പെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ എത്തും .കോച്ചും പൊസിഷനും ഒക്കെ ചെക്ക്‌ ചെയ്തു ആ ഭാഗത്ത്‌ പോയിരിക്കും.എന്നിട്ട് ട്രെയിന്‍ വരുന്നതും നോക്കിയിരിക്കും.കുറച്ചു കാലം മുന്‍പ് ഒരല്പം വൈകിയതുകൊണ്ട് ചെന്നൈയിലേക്കുള്ള ഒരു ട്രെയിന്‍ മിസ്സ്‌ ആയി .അന്ന് അനുഭവിച്ച പ്രശ്നങ്ങളില്‍ നിന്നാണ് ഈ ശീലം.ഇപ്പോള്‍ അത് കൊണ്ട് തന്നെ ട്രെയിന്‍ കിട്ടുമോ ഇല്ലയോ എന്നാ ആധി ഇല്ല.മുന്‍പൊക്കെ ട്രെയിന്‍ എപ്പോഴും ലേറ്റ് ആയി ആണ് വരിക .അത് കൊണ്ട് നമ്മള്‍ ലേറ്റ് ആയാലും ട്രെയിന്‍ വരാറില്ല .പക്ഷെ ഇപ്പോള്‍ ആകെ മാറി.എല്ലാ ട്രെയിനും കൃത്യസമയത്ത് തന്നെ വരുന്നു പോകുന്നു.ദുര്‍ലഭമായി മാത്രം ലേറ്റ് ആകുന്നു.





റെയില്‍വേ സ്റ്റേഷന്‍ എത്തിയപ്പോള്‍ എന്‍ട്രന്സില്‍ ഒരാള്‍ കൂട്ടം.ടിക്കറ്റ്‌ ചെക്ക് ചെയ്യുന്നവനും ഒരു പ്രായമായ ആളും  തമ്മില്‍ എന്തോ കശപിശ.കണ്ടിട്ട് ഒരു ഹാജിയാരാനെന്നു തോന്നുന്നു.

"ടിക്കറ്റ്‌ കാണിക്കാതെ നിങ്ങളെ പുറത്തേക്കു വിടില്ല "

"എടൊ ടിക്കറ്റ്‌ എടുത്ത ആള്‍ വണ്ടി കയറി പോയിഎന്ന് പറഞ്ഞില്ലേ  ..പിന്നെ ഞാന്‍ എങ്ങിനെ കാണിക്കും ? നിനക്കൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ലേ ?

"അതൊന്നും പറഞ്ഞാല്‍ പറ്റില്ല .ടിക്കറ്റ് കാണിക്കൂ അല്ലെങ്കില്‍ പിഴ അടക്കണം ."

'അതങ്ങ് പള്ളീല്‍ പറഞ്ഞാല്‍ മതി.ടിക്കറ്റ്‌ എടുത്ത് സംസീര്‍ എറണാകുളത്തു പോയി എന്ന് പറഞ്ഞില്ലേ .ഇനി ഞാന്‍ അവന്‍ വരുന്നത് വരെ നില്‍ക്കണോ ..അതൊന്നും നടപ്പില്ല ,പോയിട്ട് കുറെ പണി ഉണ്ട് .നിങ്ങള് വിടുന്നോ ഇല്ലയോ ?"

"ആ ടിക്കറ്റിന്റെ കാര്യമല്ല ,അത് അയാള്‍ക്ക്‌ യാത്ര ചെയ്യാനുള്ളതാണ് ,ഞാന്‍ ചോദിക്കുന്നത് പ്ലാറ്റ്ഫോറംടിക്കറ്റ്‌ .."

"അതെന്താപ്പാ അത് ?"

"അത് ഈ ഗേറ്റിന് ഇപ്പുറത്ത് കടക്കണം എങ്കില്‍ പ്ലാറ്റ്ഫോറം ടിക്കറ്റ്‌ എടുക്കണം "

"ഓ അപ്പോള്‍ അതാണ്‌ പരിപാടി അല്ലെ ?റെയില്‍വേ സ്റ്റേഷന്‍  മുന്നില്‍ വണ്ടിയിട്ടതിനു ഒരു ടിക്കറ്റ്‌ ,അത് കഴിഞ്ഞു ഇതുനുള്ളില്‍ കയറാന്‍ വേറെ ടിക്കറ്റ്‌ ,അത് കഴിഞ്ഞു വണ്ടിക്കുള്ളില്‍ വേറെ ...ഇനി കയറി  സീറ്റിനു വേറെയും കൊടുക്കണോ ...?ഈ പരിപാടി ഞമ്മളുടെ അടുക്കല്‍ നടക്കില്ല..വെറുതെയല്ല കുണ്ടന്മാര്‍ എപ്പോഴും നിങ്ങളുടെ  ട്രെയിന്‍ തടയുന്നത്.മൊത്തം അറവല്ലേ ...."

എല്ലാവരും രസത്തോടെ കേട്ട് നില്‍ക്കുകയാണ്.രണ്ടുപേരും അയയുനില്ല.ആള്‍കാര്‍ കൂടി വന്നു.പോകുന്നവര്‍ക്കും വരുന്നവര്‍ക്കും ശല്യ മായി തുടങ്ങി.ആള്‍ക്കാര്‍ ഹാജിയാരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.ഹാജിയാര്‍ വിടുനില്ല

"അത് എവിടുത്തെ നിയമം ?നമ്മള്‍ ബസ്സില്‍ കയറിയാലും ഓട്ടോവില്‍ കയറിയാലും അതിന്റെ ചാര്‍ജ് മാത്രമാണ് കൊടുക്കുന്നത് ..അല്ലാതെ കാത്തു നില്‍ക്കുവാന്‍ പൈസ കൊടുക്കുനില്ല...ഇവര്‍ മാത്രം എന്താണ് ഇങ്ങിനെ ?"

ആര്‍ .പി .എഫും വേറെ ആരൊക്കെയോ വന്നു .ഹാജിയാര്‍ പിടിച്ചപിടിയില്‍ തന്നെ .ആരെയും അനുസരിക്കുനില്ല.ആര് പറഞ്ഞിട്ടും ഹാജിയാര്‍ക്ക് മനസ്സിലാകുനില്ല. എത്ര പറഞ്ഞിട്ടും ഹാജിയാര്‍ അയയുനില്ല.പിഴ കൊടുക്കില്ല കൊന്നാലും എന്നുറച്ച്  നില്‍ക്കുന്നു .......

എന്റെ ട്രെയിന്‍ വരുന്നതിന്റെ അനൌന്‍സ്മെന്റ് വന്നു .ചൂളം വിളി കാതിലെത്തി.ദൂരത്തുനിന്നും ട്രെയിന്‍ കണ്ടു .ഇനി അധികം  ഇവിടെ നിന്നാല്‍ വേറെ കോച്ചില്‍ കയറെണ്ടിവരും .അത് കൊണ്ട് രസച്ചരട് ഉപേക്ഷിച്ചു മുന്നോട്ടേക്ക് നടന്നു.പാവം നമ്മളില്‍ പലരും ഹാജിയാരെ പോലെയാണ്..എല്ലായിടത്തും കാര്യങ്ങള്‍  ഒരേ പോലെയാണെന്ന് കരുതും.അതില്‍ തന്നെ ഉറച്ചു നില്‍ക്കും .ശാന്തമായി പറഞ്ഞു കൊടുക്കുവാന്‍ പോലും ആരും തയ്യാറല്ല.

ട്രെയിനില്‍ കയറി അനുവദിച്ച സീറ്റിലിരുന്നു.ട്രെയിന്‍ കടന്നു പോകുമ്പോഴും അവിടെ തര്‍ക്കം തുടരുകയാണ്.ആള്‍ക്കാര്‍ കുറച്ചുകൂടി  കൂടിയെന്ന് മാത്രം.ഈ ട്രെയിനില്‍ നിന്നും ഇറങ്ങിയവരും ഉണ്ടാകാം.

ഞാന്‍ ബാഗ്‌ ഒക്കെ മുകളില്‍ വെച്ച് സീറ്റില്‍ അമര്‍ന്ന് ഇരുന്നു.മുന്‍പില്‍ മൂന്നു പേരുണ്ട് .രണ്ടു  പ്രായം കൂടിയ ആളും ഒരു ചെറുപ്പകാരനും.വേറെ ആളുകള്‍ വഴിയില്‍ നിന്നും കയറുമായിരിക്കും.

"എവിടെക്കാണ്‌ ?"
"തിരുവനന്തപുരത്തേക്ക് "
"ഞങ്ങള്‍ കൊല്ലത്തേക്കാണ്...നിങ്ങളുടെ ബെര്‍ത്ത്‌ എവിടെയാ ?"
"ഇത് തന്നെ ലോവര്‍ ബെര്‍ത്ത്‌ "
"ഒരു ഉപകാരം ചെയ്യണം ,നമുക്ക് രണ്ടു പേര്‍ക്കും അപ്പര്‍ ആണ് ,ഒരാള്‍ക്ക് സൈഡ് അപ്പറും .ഇവന് വയ്യ അത് കൊണ്ട് ഒന്ന് ചേഞ്ച്‌ ചെയ്യാന്‍ സന്മനസ്സ് ഉണ്ടാവണം ."

ഞാന്‍ സമ്മതിച്ചു.അന്നേരം ആണ് ഞാന്‍ ചെരുപ്പകാരനെ കൂടുതല്‍ ശ്രദ്ധിച്ചത് .കാഴ്ചക്ക് കുഴപ്പം ഒന്നും കാണാനില്ല. എന്താണ് വയ്യ എന്ന് ചോദിച്ചുമില്ല.

കുറച്ചു കഴിഞ്ഞപ്പോള്‍ ചെറുപ്പകാരന്‍ എഴുനെല്‍ക്കുവാന്‍ ശ്രമിച്ചു.കൂടെയുള്ള ഒരാള്‍ സഹായിച്ചു.അപ്പോഴാണ്‌ മനസ്സിലായത്‌.ഒരു കയ്യും കാലും അത്ര വഴങ്ങുനില്ല.അയാള്‍ മെല്ലെ വേ ച്ചു വേച്ചു നടന്നു നടന്നു പോയി .
"ഞാന്‍ വരണോ ?"
"വേണ്ട അച്ഛാ ..ഞാന്‍ പോകാം.ടോയിലറ്റിലേക്കാണ് ..."

അയാള്‍ പോയതും ഞാന്‍ ചോദിച്ചു "എന്താ പറ്റിയത് മോന് ?"

'എന്ത് പറയാനാ മോനെ .എട്ടു കൊല്ലമായി ഇവന്‍ ഇങ്ങിനെ .എം.ബി .എ ചെയ്യുവാന്‍ ഹൈദ്രബാദില്‍ ആയിരുന്നു.ഏതോ പാര്‍ട്ടിയില്‍ പങ്കെടുത്തു വരുമ്പോള്‍ അവന്റെ ബൈക്കില്‍ വണ്ടിയിടിച്ചതാണ് .കുറെ കാലം ബോധം ഒന്നും ഇല്ലായിരുന്നു.ബോധം വന്നപ്പോള്‍ ഒരു കയ്യും കാലും തളര്‍ന്ന നിലയിലായിരുന്നു.നാലഞ്ചു കൊല്ലം ചികിത്സ  കഴിഞ്ഞപ്പോള്‍ കുറേശ്ശെ അനക്കാം  എന്നായി. പക്ഷെ കുറെ കഴിഞ്ഞിട്ടും  ഇപ്പോഴും അത് പോലെ തന്നെ ..കാണിക്കാത്ത ഡോക്ടറും വൈദ്യനും ഇല്ല.ഇതില്‍ കൂടുതല്‍ സംശയം എന്നാണ് എല്ലാവരും പറയുന്നത്.."

"കൊല്ലത്ത് ..?"
"കൊല്ലത്ത്  അല്ല ,അവിടെ ഇറങ്ങി പത്തു നാല്പതു കിലോമീറ്റര്‍  പോകണം .ഏതോ പരമന്‍ നമ്പൂതിരിയുണ്ട് പോലും.ഇത് അവന്റെ മാമന്‍ ആണ്.ഇവന്റെ കൂട്ടുകാരന്‍ പറഞ്ഞാതാണ്."ഒപ്പമുള്ള ആളെ നോക്കി പറഞ്ഞു.

പിന്നീടു പറഞ്ഞത് അയാളാണ്.

"അവസാനമായി അയാളെയും കൂടി ഒന്ന് കാണിക്കാം.ഇവനില്‍  ആയിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ.പക്ഷെ അവന്‍ തന്നെ അത് നശിപ്പിച്ചു.കുടിച്ചു കൂത്താടി നടന്നു അവിടെ ഹൈദ്രബാദില്‍ .അതൊക്കെ .പിന്നെ അറിഞ്ഞതാണ്.അതിനിടയില്‍ പറ്റിയതാണ് അപകടം.ഇപ്പോള്‍ എട്ടു കൊല്ലമായി.ഇവന്‍ കാരണം ഇവന്റെ ഇളയ പെണ്ണിന്റെ കല്യാണം നടക്കുനില്ല ,വയ്യാതെ കിടക്കുന്നവന്റെ പെങ്ങളെ ആര്‍ക്കു വേണം.ആലോചനകള്‍ ഒക്കെ ഒന്നൊന്നായി മുടങ്ങുന്നു.ഇവനുവേണ്ടി എത്ര ചിലവാക്കി .എത്ര എത്ര .എന്നിട്ടും ....ഇവന്‍ ഇപ്പോള്‍ ഒരു ബാധ്യതയിരിക്കുന്നു...:"

"അച്ചുവേട്ടാ ....." മറ്റെയാള്‍ പറയുന്നതില്‍ നിന്നും തടഞ്ഞു .പെട്ടെന്ന് സ്വിച്  ഇട്ടതു പോലെ അയാള്‍ നിറുത്തി.കാരണം ചെറുപ്പകാരന്‍ അവരുടെ അടുക്കല്‍ എത്തിയിരുന്നു.അയാളുടെ മുഖത്ത് നോക്കുവാന്‍ പറ്റിയില്ല ,ആര്‍ക്കും...അയാള്‍ ഇവര്‍ പറഞ്ഞത് കേട്ടിരിക്കുമോ?ചെറുപ്പകാരന്‍ സീറ്റില്‍ ഇരുന്നു.ഒന്നും അയാള്‍ കേട്ടിരിക്കില്ല ,അവര്‍ അങ്ങിനെ ആശ്വസിച്ചു.പിന്നെ സംഭാഷണങ്ങള്‍ ഒന്നും ഉണ്ടായില്ല.

വണ്ടി നീങ്ങി കൊണ്ടിരുന്നു.നിറഞ്ഞും കൊണ്ടിരുന്നു.നമ്മുടെ അടുത്ത സീറ്റില്‍ ഒക്കെ ആള്‍കാര്‍ വന്നു.എല്ലാവരും ഭക്ഷണം കഴിച്ചു കിടക്കുവാന്‍ തുടങ്ങി,ഞങ്ങളും അതുതന്നെ ചെയ്തു.ഞാന്‍ അപ്പര്‍ ബര്‍ത്തിലേക്ക് കയറി.പെട്ടെന്നാണ് ഉറക്കം പിടികൂടിയത്.

എപ്പോഴോ എന്തോ കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത്.പ്രായമായ രണ്ടുപേരും കരഞ്ഞു പരിഭ്രന്തരായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു.തിരക്കുന്നു.കംപാര്‍ട്ടുമെന്റ് മൊത്തം ഉണര്‍ന്നു.കാര്യം തിരക്കി.ചെരുപ്പകാരനെ കാണാനില്ല.പലതരം അഭിപ്രായങ്ങള്‍ വന്നു.ചെയിന്‍ വലിക്കുവാനും പരാതിപെടാനും ഒക്കെ ...യാത്ര വൈകുന്നതിനാല്‍ വണ്ടി നിര്‍ത്തുന്നതിനെ ആരും പ്രോത്സാഹിപ്പിച്ചില്ല .നമ്മുടെ സമൂഹം സ്വാര്ത്തന്മാരായി കൊണ്ടിരിക്കുകയാണല്ലോ .

ശബ്ധം കേട്ട് ടി.ടി.ഇ വന്നു.അയാള്‍ മൊബൈലില്‍ ആരെയോ വിളിച്ചു .പിന്നെ പരാതിക്കാരായവരോട് എന്തോ പറഞ്ഞു.അപ്പോഴേക്കുംവണ്ടി  ഏതോ സ്റ്റേഷന്‍ എത്തിയിരുന്നു.വണ്ടി നിന്നു.കുറച്ചു പോലീസുകാര്‍ വന്നു ടി ടി ഇ ഓടും അവരോടും സംസാരിച്ചു.അവര്‍ കണക്റ്റ് ഉള്ള കമ്പാര്‍ട്ട് മെന്റുകള്‍ ഒക്കെ നോക്കി.അയാളെ കണ്ടില്ല .പോലീസുകാര്‍ പറഞ്ഞത് അനുസരിച്ച് അവര്‍ രണ്ടുപേരുംബാഗ്ഗജ് ഒക്കെ എടുത്തു അവിടെ ഇറങ്ങി.

കുറച്ചു കഴിഞ്ഞു വണ്ടി നീങ്ങി.പിന്നെ ഉറക്കം വന്നില്ല .മനസ്സ് മുഴുവന്‍ ആ ചെറുപ്പകാരന്‍ ആയിരുന്നു.അയാള്‍ എവിടെപോയി ?ഇവര്‍ അയാളെ കുറിച്ച് പറഞ്ഞത് അയാള്‍ കേട്ടിരിക്കുമോ ?അത് കൊണ്ട് വല്ല കടുംകൈ  .......?

തിരുവനന്തപുരത്തെ  ജോലി ഒക്കെ കഴിഞ്ഞു അന്ന് വൈകിട്ടത്തെ ട്രെയിനില്‍ തന്നെ നാട്ടിലേക്ക് മടങ്ങി.അടുത്തിരുന്ന ആളില്‍ നിന്നും കിട്ടിയ സായാഹ്ന പത്രത്തില്‍ പുഴയില്‍ നിന്ന് കിട്ടിയ ഒരു ഒരു ശവത്തെ കുറിച്ചുള്ള വാര്‍ത്ത ഉണ്ടായിരുന്നു.ഇന്നലെ രാത്രി ട്രെയിനില്‍ നിന്നും മിസ്സായ വികലാംഗനായ ഇയാള്‍ ട്രെയിനില്‍ നിന്നും വീണതായിരിക്കുമെന്നു കരുതുന്നു എന്നും.

മനസ്സില്‍ ഉണ്ടായിരുന്ന ഒരു സംശയം കൂടി  അതോടെ വിട്ടു പോയി.താന്‍ കുടുംബത്തിനു ഒരു അധിക ബാധ്യതയാണെന്ന് അയാള്‍ മനസ്സിലാക്കിയിരിക്കുന്നു...തന്റെ പ്രിയപെട്ടവരില്‍ നിന്നും തന്നെ ...

കഥ :പ്രമോദ് കുമാര്‍ .കെ.പി




Saturday, February 2, 2013

വിശ്വരൂപം

ബാംഗ്ലൂര്‍ സിറ്റിക്കു പുറത്തെ തിയെറ്ററിന് മുന്‍പില്‍ ഭയങ്കര സംഘര്‍ഷം.കമലഹാസന്റെ ചിത്രം വിശ്വരൂപം കാണുവാന്‍ എത്തിയവരും ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ എത്തിയവരും.അടിപിടിക്കിടയില്‍ തീയറ്ററിനു കേടുപാടുകള്‍ സംഭവിക്കുന്നു.ആരോ അറിയിച്ചു പോലീസുകാര്‍ എത്തിയതോടെ രംഗം ഒരുവിധം ശാന്തമായി.പോലീസുകാര്‍ എല്ലാവരെയും തീയറ്ററിനു വെളിയിലാക്കി ഗേറ്റ് പൂട്ടിച്ചു.സിനിമ തടയുന്നവര്‍ വിജയിച്ചു.പരാജയപെട്ടത്‌  മതേതരത്വവും കമലഹാസനും സിനിമ പ്രേമികളും തിയേറ്റര്‍ ഉടമകളും ജീവനക്കാരും .പ്രദര്‍ശനം തടഞ്ഞതോടെ  അവര്‍ ആരവം മുഴക്കി മറ്റൊരു തീയറ്ററിലേക്ക്.സിനിമ കാണുവാന്‍ പറ്റാത്ത വിഷമത്തോടെ സിനിമ പ്രേമികള്‍ .

ആരവം മുഴക്കി ഇതുവരെ കാണാത്ത ഒരു കൊടിയും (പുതിയ പുതിയ സം ഘടനകള്‍ പിറക്കുകയല്ലേ) പിടിച്ചു പോകുന്ന ഒരുവനെ ശ്രദ്ധിച്ചു .സലിം അല്ലെ അത്.? അതെ സലിം തന്നെ .എന്റെ നാട്ടുകാരന്‍.കമല്‍ ആരാധകന്‍ എന്ന നിലയില്‍ നാട്ടില്‍ സുപരിചിതന്‍.നാട്ടില്‍ ആയിരുന്നപ്പോള്‍ നല്ല  പരിചയം ഉണ്ട്..നായകനും ഇന്ത്യനും ഒക്കെ ടാക്കീസില്‍ പോയി അഞ്ചും പത്തും തവണ കണ്ടവന്‍.കമലിന്റെ എല്ലാ പടങ്ങളും ആദ്യ ദിവസം ആദ്യ ഷോ തന്നെ കണ്ടിറങ്ങുന്നവന്‍.നല്ലതായാലും മോശം ആയാലും നല്ലതെന്ന് പറഞ്ഞു എല്ലാവരെയും കാണുവാന്‍ പ്രേരിപ്പിക്കുന്നവന്‍.മുഴുത്ത ഒരു കമല്‍ ആരാധകന്‍.

പക്ഷെ ഇവന് ഇത് എന്തുപറ്റി ?ഇവിടെ അവന്‍ കമല്‍ സിനിമക്ക് എതിരെ പ്രകടനം നടത്തുന്നു.സിനിമ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവെപ്പിക്കുന്നു.കമലിന് വേണ്ടി മരിക്കുവാന്‍ വരെ തയ്യാര്‍ ഉള്ളവനാണ്.കമല്‍ കേരളത്തില്‍ വന്നാല്‍ എവിടെയാണെങ്കിലും  പോയി കാണുന്ന ഇവന്‍ കമലിനെ വിട്ടോ?എന്തായാലും അങ്ങിനെ സംഭവിക്കാന്‍ സാധ്യതയില്ല .

അവന്‍ കൊടി  കൂട്ടത്തിലുള്ള ഒരുത്തന് കൈമാറി അടുത്തുള്ള ടീ ഷോപ്പില്‍ കയറി.ഞാനും പിന്നാലെ ചെന്നു.ചെറിയ ചായ കടയാണ്.അവന്‍ ഇരുന്ന മേശയുടെ അപ്പുറത്ത് ഞാനും ഇരുന്നു .ഞാന്‍ വിളിച്ചു.
"സലിം "
അവന്‍ മുഖം ഉയര്‍ത്തി.
"ഹലോ ..നീ  ഇവിടെ ?പുറത്തെവിടെയോ എന്നാണല്ലോ കേട്ടത് ."
"പുറത്തായിരുന്നു ..പക്ഷെ ഇപ്പോള്‍ ഇവിടെയാണ്‌ "
"ആരും പറഞ്ഞില്ല "
"അത് പോട്ടെ നീ എങ്ങിനെ കമലിന്റെ എതിരാളി ആയി "
അവന്റെ മുഖം മാറി ..പിന്നെ പതുക്കെ ചോദിച്ചു

"കണ്ടു അല്ലെ ?"

"അതെ ..അത് കൊണ്ടാണ് നിന്നെ പിന്തുടര്‍ന്ന് വന്നത്."

"എന്ത് പറയാനാണ് ഭായ് ..വേണ്ടി വന്നു..ഇങ്ങിനെ ചെയ്യേണ്ടി വന്നു  "

"ഞാന്‍ ഈ പടം നാട്ടില്‍ നിന്നും കണ്ടതാണ് ,പക്ഷെ നിങ്ങള്‍ പറയുന്ന മാതിരി മതവിരുദ്ധമായി ഒന്നും അതിലില്ല .നിങ്ങളെ അധിഷേപിക്കുന്നുമില്ല .ആരെയും കുറ്റപെടുത്തുന്നുമില്ല "

"അറിയാം ഭായ് ...പക്ഷെ കണ്ടവര്‍ ഒന്നും അല്ല ഇതിനെതിരെ പ്രതികരിക്കുന്നത് .ഇത് ചിലര്‍ക്ക് പേരും പ്രശസ്തിയും കിട്ടുവാനുള്ള ഒരു അജണ്ടയാണ്.നമ്മള്‍ക്ക് ഒരാള്‍ക്ക്‌ വൈകുന്നേരം നാന്നൂറ് രൂപ കിട്ടും .പോലീസിന്റെ അടി കിട്ടിയാന്‍ കൂടുതല്‍ പണവും പുറമേ  ശുസ്രൂഷയും...പിന്നെ കേട്ടു ജയലളിതയും കമലും തമ്മിലുള്ള ഒരു ഉരസലിന്റെ പ്രതികാരം ആണെന്നും കരുണാനിധി യുടെ കുടുംബചാനലില്‍ പടം വരുന്നതിന്റെ പാരയാനെന്നും ഒക്കെ  ....എന്തായാലും നമുക്ക് നല്ല പണം കിട്ടുനുണ്ട്."

"എന്നാലും സലിം ..കമലിന് വേണ്ടി മരിക്കുവാന്‍ നടന്ന നീ തന്നെ ?".....

"എന്ത് ചെയ്യാം ഭായ്.ജീവിക്കണ്ടേ .നില്‍ക്കുന്ന ഷോപ്പില്‍ രാത്രിവരെ നിന്നാല്‍ കിട്ടുക മുനൂര് രൂപയാണ്.ചിലവെല്ലാം നമ്മള്‍ തന്നെ വഹിക്കണം.നിന്ന് നിന്ന് മടുക്കും.ഇതാവുമ്പോള്‍ കുറച്ചു റിസ്ക്‌ ഉണ്ടെങ്കിലും ഫ്രീ ആണ്.കൂടാതെ എന്റെ ഓണര്‍ ഈ സംഘടനയുടെ പ്രവര്‍ത്തകന്‍ കൂടിയാണ് .സഹകരിച്ചില്ലെങ്കില്‍ ചിലപ്പോള്‍ പണി പോകും ."

"പക്ഷെ നീ ?"

"പറയാം .നമ്മള്‍ ന്യുനപക്ഷമാണ് മറ്റെതാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല .അര്‍ഹതപെട്ടതൊക്കെ നമ്മളുടെ നേതാക്കന്മാര്‍ തന്നെ തട്ടി എടുക്കും അല്ലെങ്കില്‍ അവരുടെ സില്‍ബന്ധികള്‍ .നാട്ടില്‍ നമ്മുടെ മതക്കാരന്റെ കോളേജില്‍ ഒരു പണി തരാം എന്ന് പറഞ്ഞു കുറെ നടത്തിച്ചതാണ് ജാഥക്കും പ്രകടനത്തിനും പിക്കറ്റിംഗിനും ഒക്കെ .പക്ഷെ അത് നേതാവിന്റെ അളിയന്‍ കൊണ്ട് പോയി.അതോടെ കുറേശ്ശേയായി  അവര്‍ക്ക് ഒപ്പമുള്ള പരിപാടി നിറുത്തി .പക്ഷെ മറ്റേ പാര്‍ട്ടിക്കാര്‍ മുന്‍പുണ്ടായ എന്തോ പ്രശ്നത്തില്‍ എന്നെ നോട്ടമിട്ടു പണികിട്ടും എന്ന് തോന്നിയപ്പോള്‍ മുങ്ങി നടന്നു .സഹായിക്കുവാന്‍ നമ്മുടെ പാര്‍ട്ടിയും തയ്യാറായില്ല .അത് കൊണ്ട് എല്ലാം നിര്‍ത്തി ഇവിടേയ്ക്ക് വന്നു .ഇവിടെ ജീവിക്കുവാന്‍ മനസ്സ് നൊന്താനെങ്കിലും  ഇങ്ങിനത്തെ തരികിട ചെയ്യുന്നു."

"പോട്ടെ സാരമില്ല ....എന്നാല്‍ സലിം .....പിന്നെ കാണാം "

"ഭായ് വിശ്വരൂപം കണ്ടു എന്നല്ലേ പറഞ്ഞത് ?നമ്മുടെ കമല്‍ എങ്ങിനെയുണ്ട് ?"

ഞാന്‍ വിശ്വാസം വരാതെ അവനെ നോക്കി

"ഞാന്‍ ഇപ്പോഴും കമലിന്റെ ഫാന്‍ തന്നെയാണ് .മരണം വരെ അങ്ങിനെ തന്നെ .നാട്ടില്‍ പോയാല്‍ എന്തായാലും കാണും .ഇവിടുന്നു പറ്റില്ല അത് കൊണ്ടാണ് "

അതും പറഞ്ഞു അവന്‍ മുന്നോട്ടു നടന്നു ..വിശ്വരൂപത്തെകുറിച്ചുള്ള എന്റെ അഭിപ്രായം പോലും കേള്‍ക്കാതെ .
മടങ്ങുമ്പോള്‍ സലിം ആയിരുന്നു മനസ്സ് മുഴുവന്‍ .ജീവിക്കുവാന്‍ വേണ്ടി ഒരിക്കലും ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നവന്‍...സ്വയം ശപിക്കുന്നവന്‍ ..
 

Friday, February 1, 2013

മുറ്റത്തെ മുല്ല

തൊണ്ണൂറുകളില്‍ നാട്ടിലെ കൂട്ടുകാരായ പ്രശാന്ത് ,ഷാജ്കുമാര്‍ ,നിഷ .ജി എന്നിവരും സി.പി സഹദേവന്‍ എന്ന നമ്മുടെ നല്ലൊരു കുടുംബസുഹൃത്തും ചേര്‍ന്ന് ഒരു കൈഎഴുത്ത് മാസിക തുടങ്ങുവാന്‍ തീരുമാനിക്കുന്നു.നാട്ടില്‍ അറിയപെടാതെ കിടക്കുന്ന എഴുത്തുകാരെ നാടുകാര്‍ക്ക് പരിച്ചയപെടുത്തുകയായിരുന്നു ലക്‌ഷ്യം.മുറ്റത്തുള്ള മുല്ലയെ പോലെ ആരും മനസ്സിലാക്കാതെ സൌരഭ്യം പരത്തുന്ന  കുറേപേര്‍ നമുക്കിടയില്‍ ഉണ്ട് എന്ന തിരിച്ചറിവായിരുന്നു ഇങ്ങിനെ ഒരു പുസ്തകം തുടങ്ങുവാന്‍ നമ്മളെ പ്രേരിപ്പിച്ചത്.

ആദ്യ ലക്കം എഴുതിതീര്‍ക്കുവാന്‍ കുറച്ചു സമയം എടുത്തു.എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉള്ള നമ്മളുടെതായിരുന്നു മുഴുവന്‍ രചനകളും..ചിത്രരചന ആയിരുന്നു ഞങ്ങള്‍ക്ക് മുന്‍പില്‍ കൂടുതല്‍ പ്രതിസന്ധി തീര്‍ത്തത്. അതൊക്കെ പുറത്തുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ കുറച്ചു സമയം കൂടുതല്‍ എടുത്തുവെങ്കിലും പരിഹരിച്ചു.നല്ല പ്രതികരണം ആണ് നാട്ടുകാരില്‍ നിന്നും ലഭിച്ചത്.അത് കൊണ്ട് തന്നെ അടുത്ത ലക്കവും പെട്ടെന്ന് പുറത്തു വന്നു.വീട് വീടാന്തിരം കൊടുത്തു കൊണ്ട് ആയിരുന്നു പ്രചാരണം .നല്ല അഭിപ്രായങ്ങള്‍ വന്നതോടെ വീടുകള്‍ തമ്മില്‍ കൈമാറാന്‍ തുടങ്ങി.അവസാനം തിരിച്ചെത്തുമ്പോള്‍ നാട്ടിലെ വായനശാലയില്‍ സൂക്ഷിക്കും.അങ്ങിനെ അവിടുന്ന് കൂടുതല്‍ പേര്‍ വായിച്ചു .മുല്ലയുടെ സുഗന്ദം പറന്നു തുടങ്ങി .

പിന്നെ പല ആള്‍ക്കാരില്‍ നിന്നും കഥകളും കവിതകളും മറ്റു ലേഖനങ്ങളും വന്നു തുടങ്ങി.മുറ്റത്തെ മുല്ല പ്രശസ്തയായി.എല്ലാവരാലും നല്ലത് കേള്‍പ്പിച്ചു.ഇരുപത്തി അഞ്ചില്‍പരം ലക്കങ്ങള്‍ പുറത്തിറങ്ങി.നാട്ടിലെ മുല്ലകളുടെ സൌരഭ്യം തിരിച്ചറിഞ്ഞു തുടങ്ങി.ആള്‍ക്കാര്‍ വെള്ളവും വളവും നല്‍കി പ്രോത്സാഹിപ്പിച്ചു .മുല്ല പടര്‍ന്നു പന്തലിച്ചു .
 കുറച്ചു കാലങ്ങള്‍ക്ക് ശേഷം  നിഷ കല്യാണം കഴിഞ്ഞു ദൂരെ ഒരു നാട്ടിലേക്ക് പോയി ...നമ്മള്‍ ഓരോരുത്തര്‍ പഠനകാലം വിട്ടു അപ്പോള്‍ തന്നെ ലഭിച്ച അവരവരുടെ ജോലികളില്‍ തിരക്കായി.ജോലി സംബന്ധമായി ഞാന്‍ ബംഗ്ലൂര്‍ക്ക് തിരിച്ചു.അവസാന ലക്കം എന്ന് പോലും അറിയിക്കാതെ മുറ്റത്തെമുല്ല നിന്ന് പോയി
.


ഇപ്പോള്‍ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം അത് വീണ്ടും ആരംഭിച്ചിരിക്കുന്നു.കൈഎഴുത്ത് മാസിക ആയിട്ടല്ല .ഓണ്‍ ലൈനില്‍ .ഫേസ് ബൂക്കില്‍ ഒരു കൂട്ടായ്മ ആയി.നിഷ ഇപ്പോഴും കൂട്ടത്തില്‍ മുല്ലയുടെ അമരത്ത്  ഉണ്ട് .പിന്നെ ഇതുവരെ തമ്മില്‍ കാണാത്ത ഫേസ് ബുക്ക്‌ ഫ്രണ്ട് ആയ ശിവശങ്കരന്‍ ചേട്ടനും ശിവപ്രസാദും.പഴയവര്‍ക്ക് ഇനിയും ഇതില്‍ പങ്കാളികള്‍ ആകുവാന്‍ സാധിച്ചിട്ടില്ല .അടുത്ത് തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

ഇപ്പോള്‍ കൂടുതല്‍ പേര്‍ മുറ്റത്തെ മുല്ലയില്‍ അംഗങ്ങളായി കൊണ്ടിരിക്കുന്നു.അതിനനുസരിച്ച് നല്ല നല്ല സൃഷ്ടികള്‍ ഉണ്ടാകുന്നു.ഇതുവരെ പ്രോല്‍സാഹിപ്പിച്ചവര്കൊക്കെ നന്ദി .ഇനിയും എല്ലാവരുടെയും പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു.ഇത് വരെ മുല്ലയെ അറിയാത്തവര്‍ ഈ വഴി ഒന്ന് കയറി നോക്കുക

https://www.facebook.com/groups/muttathemulla