Wednesday, February 26, 2014

വ്യഭിചരിച്ചു മുന്നിലെത്തുന്നവര്‍

മാധ്യമങ്ങള്‍ ഇന്ന് ശരിക്കും പക്ഷപാതം കാണിക്കുകയാണ് .അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടോ മതത്തോടോ അല്ല അവരെ ശരിക്കും പ്രോത്സാഹിപ്പിക്കുന്ന പൊതുജനത്തോടാണ് അവര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നത്.സമൂഹത്തിലെ അഴിമതിയെ കുറിച്ച്  രാത്രി പത്തുമണിക്ക് ആഴ്ച്ചക്ക് രണ്ടു തവണ നമ്മുടെ മുന്നില്‍ പ്രത്യക്ഷപെട്ട്  വായിട്ടലക്കുന്ന മഹതി  ജെര്‍ണലിസ്റ്റ്കള്‍ക്ക് ഗവര്‍മെന്റ് അനുവദിച്ച ഫ്ലാറ്റുകളില്‍ കൃത്രിമം നടത്തിയത് ആരും വലിയ വാര്‍ത്തയാക്കിയില്ല.അവര്‍ ഇന്നും അഴിമതിയെകുറിച്ച് വാ തോരാതെ സംസാരിച്ചു ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നു.

           മാധ്യമങ്ങള്‍ക്ക് പരസ്യഇനത്തില്‍ വലിയ വരുമാനം നേടി കൊടുക്കുന്ന കമ്പനിയുടെ മോശമായ ഉത്പന്നങ്ങള്‍ റയിഡ് നടത്തിപിടിച്ചാലോ കമ്പനി നികുതി വെട്ടിച്ചാലോ വലിയ വാർത്തയാക്കില്ല.അതൊക്കെ എല്ലാവരും ഒത്തു ചേർന്ന് കുഴിച്ചുമൂടും.അതൊക്കെ കൊണ്ട് തന്നെയാണ് സഹിക്കെട്ട ഒരു നേതാവിന് "മന്ത്രിമാരുടെ പി എ യുടെ പിന്നാലെ പോകാതെ മനുഷ്യ ദൈവങ്ങളുടെ പിന്നാലെ പോയി അവിടുത്തെ കാര്യങ്ങൾ  ജനങ്ങളെ അറിയിക്കൂ " എന്ന് പറയേണ്ടിവന്നത്.

  കിണറിൽ ഒരു തവളയെ കണ്ടാൽ എക്സ്ക്ലുസിവ് ആക്കുന്ന പല മാധ്യമങ്ങളും  "വിശുദ്ധനരകം "എന്ന പുസ്തകമേ  കണ്ടില്ല.അതിലെ കാര്യങ്ങൾ ശരിയാണോ തെറ്റാണോ എന്നറിയുവാൻ ജനങ്ങൾക്ക്‌  അവകാശമുണ്ട്‌ .കേരളകരയിൽ എങ്കിലും അത് ചർച്ചകൾ ചെയ്യപെടെണ്ടത് തന്നെയാണ്.കാരണം അമൃതപുരിയെയും അവിടുത്തെ കാര്യങ്ങളെയും  വിശ്വസിക്കുന്ന ലക്ഷകണക്കിന് ഭക്തർ   ഉണ്ട് ...അവിശ്വസിക്കുന്ന കോടികണക്കിന് മറ്റുള്ളവർ ഉണ്ട് ..അവരുടെ വിശ്വാസം കാക്കണം ...കിംവദന്തികൾ ആണെകിൽ അത് മുളയിലെ നുള്ളി കളയണം.ഈ സംഭവം മതപരമായി മുതലെടുക്കുവാനും കുറേപേർ ശ്രമിച്ചു കൊണ്ടിരുന്നു.മറ്റുള്ളവരുടെ അമ്മക്ക് ഭ്രാന്തു പിടിക്കുമ്പോൾ കാണിക്കുന്ന രസം തന്നെ അവയ്കൊക്കെ പിന്നിൽ ...

പല മനുഷ്യ ദൈവങ്ങൾക്കും പിന്നിൽ ചില ഗൂഡപ്രവർത്തികൾ ഉണ്ടെന്നു കാലം തെളിയിച്ചതാണ്.അതിൽ പെട്ടവർ എല്ലാ ജാതിയിലും മതത്തിലും ഉണ്ട്.എന്നിട്ടും ജനങ്ങൾ ഇപ്പോഴും അങ്ങിനെ ഉള്ളവരിൽ തന്നെ അഭയം പ്രാപിക്കുന്നു.അങ്ങിനെ എന്തെങ്കിലും  നിഗൂഡതകൾ അവർക്ക്  പിന്നിൽ  ഉണ്ടെങ്കിൽ പുറത്തു കൊണ്ട് വരേണ്ടത് മാധ്യമങ്ങളാണ് ,ഭരിക്കുന്നവരാണ് ..പക്ഷെ രണ്ടു വിഭാഗവും മൌനം പാലിക്കുന്നു.ഒന്നുകിൽ അവരെ പേടിക്കുന്നത് കൊണ്ട് അല്ലെങ്കിൽ നല്ലൊരു തുക അവരിൽ നിന്നും "കാണിക്ക" കിട്ടിയത് കൊണ്ട്.

ഒരു വിമർശനം അല്ലെങ്കിൽ ഒരു ആരോപണം ഉണ്ടായാൽ അത് തെറ്റാണെന്ന് തെളിയിക്കുകയാണ് അതുമായി ബന്ധപെട്ടവർ ചെയ്യേണ്ടത് അല്ലാതെ അവർ മുൻപ് ചെയ്ത പുണ്യപ്രവർത്തികൾ അക്കമിട്ടുപറഞ്ഞു ന്യായീകരിക്കുകയല്ല .നമ്മൾ ഒക്കെ ഒരു നിയമവ്യവസ്ഥയുടെ കീഴിലുള്ളവർ ആണ് .നിയമം എല്ലാവർക്കും ബാധകമാണ് നൂറുകോടി ദാനം കൊടുത്തെന്നുകരുതി ആർക്കും കൊലനടത്തുവാനോ നിയമം അനുസരിക്കാതിരിക്കുവാനോ കഴിയില്ല.വിമർശിക്കുന്നവർ ഒക്കെ പോഴന്മാർ ആണെന്നും അവരെയൊക്കെ ജയിലിലടക്കും എന്ന് ഭീഷണി പെടുത്തുന്നതും  ഈ രാജ്യത്തിന് യോജിച്ചതല്ല..

 ഇപ്പോൾ  ഒരു മാധ്യമം പുറത്തു വിട്ടിരിക്കുന്നത്  കേരളത്തിലെ ഒരു  ആശ്രമവും അവരുടെ കെട്ടിടങ്ങളും മറ്റും പഞ്ചായത്ത് നിയമം കാറ്റിൽ പറത്തിയാണ് പോലും ഉണ്ടാക്കിയിരിക്കുന്നത് കൂടാതെ ലക്ഷകണക്കിന് നികുതി കുടിശ്ശികയും വരുത്തിയിട്ടുണ്ടെന്ന് ...ഇത് പരമാർതമാണെങ്കിൽ  മുഖം നോക്കാതെ അന്വേഷിക്കണം ..നടപടിയെടുക്കണം..കിട്ടാനുള്ള പണം ഗവര്‍മെന്റില്‍ എത്തിക്കണം .


ചാനലുകളും പത്രങ്ങളും കുറേകാലം ചർച്ചകൾ ചെയ്ത ഐ പി എൽ  കോഴ വിവാദം നമ്മുടെ നാട്ടുകാരനായ ശ്രീ അടക്കം കുറെ പേരെ ജയിലിൽ എത്തിച്ചു ,അവരുടെ ഭാവി നശിപ്പിച്ചു.ഇന്ത്യൻ ക്യാപ്ടൻ ധോണിയും കൂട്ടാളി റൈനയും  ഒത്തുകളിച്ചവരിൽ  ഉണ്ടെന്നു  ന്യൂസ്‌ വന്നിട്ടും അത് പല മാധ്യമങ്ങളും ഒളിച്ചു വെച്ച് മുക്കി. അതെ കുറിച്ച്  അന്വേഷണവും ഉണ്ടായില്ല.ഇപ്പോള്‍ ആ കേസിലെ മുഖ്യ പ്രതികളിലോരാൾ  പറയുന്നു ശ്രീശാന്ത്‌ നിരപരാധിയാണെന്ന് ..ശ്രീനിവാസനും ശരത് പവാറും തമ്മിലുള്ള കളികളാണ് ഇതിനു പിന്നില്‍ എന്ന്.വിജയ്‌ മല്യ എന്ന ടീം ഉടമക്കും ഇതൊക്കെ അറിയാമെന്നു...ഈ വാർത്തക്ക് പ്രാധാന്യം കൊടുക്കുവാനോ ചർച്ച ചെയ്യുവാനോ മാധ്യമങ്ങൾ ഇനിയും തയ്യാറായിട്ടില്ല.ഭാവി നഷ്ട്ടപെട്ടവർക്കും മാനഹാനി സംഭവിച്ചവർക്കും ഇനി അതൊന്നും തിരിച്ചുകിട്ടില്ല കാരണം അതൊക്കെ വിറ്റു ഉളുപ്പുകെട്ട മാധ്യമ വർഗം തടിച്ചു ചീർത്തില്ലേ .


മത്സരങ്ങൾ മുറുകിയതോടെ ഇപ്പോൾ ന്യൂസ്‌ ഉണ്ടാക്കുവാൻ ശ്രമിക്കുകയാണ്  ചാനലുകളും പത്രങ്ങളും  .അത് കൊണ്ട് എന്ത് നെറികെട്ട പണികളും അവർ  ചെയ്യും.അത് ഒരു കുടുംബത്തെ നശിപ്പിക്കുമെന്നൊ സമൂഹത്തിൽ പ്രശ്നം ഉണ്ടാക്കുമെന്നോ എന്നൊന്നും അവർക്ക് കാര്യമല്ല.എങ്ങിനെയെങ്കിലും എല്ലാവരുടെയും മുന്നിൽ എത്തണം ...ആ ഒരു ചിന്ത മാത്രം .അത് സ്വന്തം അപ്പനെയോ അമ്മയെയോ കൊന്നിട്ടാണ്  വരുന്നതെങ്കിൽ അതിനും തയ്യാറായി കുറെയെണ്ണം .....നാണമില്ലാത്ത  ന്യൂ ജനറേഷൻ  മാധ്യമപടകൾ ..

വാല്‍കഷണം  : ഇവരെ സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണ്  പത്രവായന നിര്‍ത്തിയത്  ഇങ്ങിനെയാണെങ്കിൽ  ന്യൂസ്‌ ചാനലുകളും  ഉപേക്ഷിക്കേണ്ടി വരും

-പ്രമോദ്‌ കുമാര്‍ .കെ.പി

Monday, February 10, 2014

ഇരകള്‍

മൂന്നു വർഷങ്ങൾക്കു മുൻപ് ഒരു ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടയിൽ വെച്ചാണ്  നവാസിനെ പരിചയപെട്ടത് .ആരും ആദ്യം അടുക്കുവാൻ കൊതികാത്ത രൂപമായിരുന്നു അവന്റെത്‌.മുഖം മുഴുവൻ താടിരോമങ്ങൾ കൊണ്ട് മറച്ചതുപോലെ ...മീശ ആണെങ്കിൽ ഒരു ഒതുക്കവുമില്ലാത്തത് പോലെ ..തലയില്‍ മുസ്ലിം പണ്ഡിതര്‍ ധരിക്കുന്നത്  പോലത്തെ  തൊപ്പിയും ..കണ്ടാൽ ഒരു ബിൻലാദൻ സ്റ്റൈൽ .പലതരം സിനിമകളിലും നമ്മുടെ സംവിധായകർ പരീക്ഷിച്ച ടെറരിസ്റ്റ്  രൂപം.ആ കാലത്ത് ഇങ്ങിനെ രൂപമുള്ളവരെ ഒക്കെ നമ്മുടെ സമൂഹം വേറെ വിധത്തിൽ നോക്കി കണ്ടിരുന്നു.അതിനു പ്രധാന കാരണം സിനിമാക്കാർ  തന്നെ.അവരുടെ  വില്ലന്മാർക്കു ഇതേ  രൂപമായിരുന്നു.പക്ഷെ പരിചയപെട്ടപ്പോൾ നവാസ് എന്ന മനുഷ്യസ്നേഹിയെ കുറിച്ച് പലതും  മനസ്സിലാക്കി.പിന്നെ അങ്ങോട്ട്‌ നമ്മൾ നല്ല സുഹൃത്തുക്കൾ ആയി.

മതത്തിൽ അപാര പാണ്ഡിത്യം ഉള്ളവൻ ..അത് അവന്റെ മതത്തിലെതു  മാത്രമല്ല എല്ലമതത്തെ കുറിച്ചും ...മുസ്ലിം മതത്തിന്റെ പേരിൽ ചിലർ നടത്തുന്ന കോപ്രായങ്ങൾ ആ മതത്തെ എന്തു മാത്രം ബാധിക്കുന്നു ,തെറ്റിധരിപ്പിക്കപെടുന്നു എന്നതിൽ നവാസിന് വിഷമമുണ്ടായിരുന്നു.പലരും മുസ്ലിമുകളെ തീവ്രവാദികളായി കരുതുന്നതും ആ കാലത്ത് പതിവായിരുന്നു.ബംഗ്ലൂരിലെ പ്രശസ്തമായ ഐ .ടി കമ്പനിയിലായിരുന്നു അവനു ജോലി.സോഫ്റ്റ്‌ വെയറിൽ മാത്രമല്ല ഹാർഡ് വെയറിലും നല്ല ജ്ഞാനമുണ്ടായിരുന്നു.അതുകൊണ്ട് തന്നെ കമ്പനിയിലെയും വീട്ടിലെയും  കംപ്യുട്ടറുകൾ എന്തെങ്കിലും കമ്പ്ലൈന്റ്റ്  വന്നാൽ അവൻ ശരിയാക്കി തരുമായിരുന്നു.കൂട്ടുകാർക്കുവേണ്ടിയും ഞാൻ അവനെ അയക്കുമായിരുന്നു.അങ്ങിനെയും നമ്മൾ കൂടുതൽ അടുത്തു.

"പ്രമൊദെട്ട ...ഈ കംപ്യുട്ടർ മാറ്റേണ്ട കാലം കഴിഞ്ഞു ....പുതിയതൊന്നു വാങ്ങൂ ..."എന്റെ കമ്പ്യൂട്ടർ ചൂണ്ടി അവൻ പറഞ്ഞു.

"ഞാൻ നിന്നെ പോലെ വാരി കോരി തരുന്ന ഐ റ്റി  കമ്പനിയിൽ അല്ല ജോലി ചെയ്യുന്നത്...ഇന്ത്യൻ  പൈസയുടെ വിനിമയനിരക്ക് മാറുമ്പോൾ പണിയില്ല എന്ന് പറഞ്ഞു ഫണ്ട് ക്ലിയർ ചെയ്യാത്തവർ ഉള്ള  ബിസിനെസ്സ് മേഖലയിലാണ് .....അത് കൊണ്ട് ഓടുന്നതുവരെ ഓടട്ടെ ....ചത്താൽ നമുക്ക് മാറ്റാം .ഇപ്പോള്‍ പുതിയതിനെ കുറിച്ച് ചിന്തിക്കുവാന്‍ കഴിയില്ല  '

"അങ്ങിനെ ചിന്തിക്കരുത്.ഈ കമ്പ്യൂട്ടരില്‍ പല ഫയലും ഉണ്ട് നിങ്ങള്ക്ക് അത്യാവശ്യം വേണ്ടത് ..പെട്ടെന്നൊരു ദിവസം അതൊക്കെ ഇല്ലാതായാല്‍ എന്താവുമെന്ന് ഒന്ന് ചിന്തിച്ചേ ?അത് വീണ്ടും ഉണ്ടാക്കിയെടുക്കേണ്ട  കഷ്ട്ടപാട്  ആലോചിച്ചേ ....ചിലപ്പോള്‍  ഒരിക്കലും തിരിച്ചു  ഉണ്ടാക്കാന്‍ പറ്റില്ല.അതുകൊണ്ട് നമ്മള്‍ എപ്പോഴും സേഫ്  ആയ കാര്യം ചെയ്യണം.വേണ്ടത് വേണ്ട സമയത്ത് തന്നെ ചെയ്യണം."


കൂടുതല്‍ അടുത്തപ്പോള്‍ അവൻ അവനെ കുറിച്ച്  കൂടുതൽ പറഞ്ഞു തന്നു.ബാല്യത്തിൽ മാത്രം കണ്ട ഉപ്പ .കഷ്ട്ടപെട്ടാണ് ഉമ്മ നാല് മക്കളെ വളർത്തിയത് .പക്ഷെ ഒരിക്കൽ ഉമ്മാക്ക് വയ്യാതായപ്പോൾ യത്തീംഖാനയില്‍ എത്തിപെട്ടു.നല്ല ജീനിയസ് ആയ അവൻ സ്വയപ്രയത്നത്തിൽ ഇന്ന് ഈ നിലയിൽ  എത്തി.അനാഥ മന്ദിരങ്ങളുടെ പ്രയാസങ്ങൾ നേരിട്ട് കണ്ടറിഞ്ഞ അവൻ ഇന്ന് അവരെ വളരെയധികം സഹായിക്കുന്നു..അങ്ങിനെ അവൻ സമ്പാദിക്കുന്ന കാശുമുഴുവൻ കൊടുക്കുന്നത് അനാഥമന്ദിരങ്ങൾക്ക് വേണ്ടിയായിരുന്നു.ഉമ്മ ഇന്നില്ലെങ്കിലും സഹോദരങ്ങൾ നാട്ടിൽ നല്ല നിലയിൽ  ജീവിക്കുന്നു.എല്ലാം ഇവന്‍ ഒരാള്‍ മൂലം.

ഒരിക്കൽ എത്ര വിളിച്ചിട്ടും അവനെ കിട്ടുന്നില്ല.പലരോടും അന്വേഷിച്ചുവെങ്കിലും കാര്യമായ വിവരവും ലഭിച്ചില്ല.ഒന്ന് രണ്ടു ദിവസം കഴിഞ്ഞു അവൻ കമ്പനിയിൽ വന്നു.

"നീ എവിടായിരുന്നെടാ ..."

"ഓരോരുത്തര് ചെയ്യുന്ന അനീതിക്ക് നമ്മളെയാ പോലീസു  പൊക്കുന്നതു .."

"എന്താടാ ...സംഭവിച്ചത് ?"

"മുസ്ലിംങ്ങള്‍ക്കിടയില്‍  തീവ്രവാദികള്‍ കൂടിയിരിക്കുന്നു പോലും ..ഐ ടി ഫീൽഡിൽ കുറെ തീവ്രവാദികൾ കടന്നുകൂടിയിട്ടുണ്ടെന്ന്  ...അവർ പുതിയ ആശയങ്ങള്‍ കണ്ടുപിടിച്ചു  രാജ്യത്തെ നശിപ്പിക്കുവാന്‍  ശ്രമിക്കുന്നു എന്ന വിവരം പോലീസിനു കിട്ടി.അങ്ങിനെ മുസ്ലിം പേരുള്ള കുറേ ഐ ടി കാരെ പൊക്കി.എന്നെയും ...പലരെയും ചോദ്യം ചെയ്തു വിട്ടു.എന്നെ മാത്രം അന്ന് വിട്ടില്ല."

"എന്താ കാര്യം ?"

"എന്റെ ഈ രൂപം തന്നെ ...അവൻ ചിരിച്ചു.പിന്നെ ഓഫീസിൽ നിന്നും ആളു വന്നു  ഇന്നിറക്കി .ഞാനും പലപ്പോഴും ശ്രദ്ധിച്ചതാണ് ..ഷോപ്പിംഗ്‌ മാളിലും ,ബസ്‌ സ്റ്റൊപ്പിലും  ഒക്കെ എനിക്ക് നേരെയുള്ള തുറിച്ചു നോട്ടം."

"എന്നാൽ പിന്നെ നിനക്ക് ഈ രൂപമൊന്നു മാറ്റികൂടെ നവാസേ ..?"

"എന്തിനാ പ്രമോദേട്ടാ ..ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ..അതെനിക്കറിയാം.ഈ രൂപം ഞാൻ വർഷങ്ങളായി കൊണ്ട് നടക്കുന്നതാണ്.ഇങ്ങിനെ ഒരു പ്രശ്നത്തിന്റെ പേരിൽ ഇത് മാറ്റിയാൽ എനിക്ക് എന്ത് വ്യക്തിസ്വാതന്ത്രം ഉണ്ട് ഇവിടെ .അതിലും നല്ലത് ഞാൻ എന്ന വ്യക്തി ഇല്ലതാവുന്നതല്ലെ  ?ഇത് ഒരു മതത്തെ മാത്രം ടാര്‍ജെറ്റ്‌ ചെയ്തിട്ടുള്ളതാ .അത് കൊണ്ട് എനിക്ക് എന്തോ ഒരു വാശി ...തെളിയിക്കണം ഈ സമുദായത്തിലെ എല്ലാവരും തീവ്രവാദികൾ അല്ലെന്നു .അല്ലെങ്കിൽ ഈ രൂപം എങ്കിലും തീവ്രവാദികളുടെതല്ലെന്നു .. എന്റെ മനസമാധാനത്തിനു വേണ്ടിയെങ്കിലും....  എനിക്ക് ഈ രൂപം മതി..പടച്ചോൻ എന്റെ കൂടെയുണ്ട് ..അത് മതി  അത് തന്നെ ധാരാളം. "

പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.അവൻ പറഞ്ഞതല്ലേ ശരി .അവൻ ഒരു തെറ്റും ചെയ്തിട്ടില്ല .ഒരു മതത്തില്‍ പെട്ടത് കൊണ്ട് മാത്രം അവന്‍ വേട്ടയാടപ്പെടുന്നു.പിന്നെ എന്തിനു അവൻ അവന്റെ ആഗ്രഹം ഇല്ലാതാക്കണം.പിന്നെയും ബംഗ്ലൂരിൽ അവനു പല പ്രശ്നങ്ങളും അവന്റെ രൂപത്തിന്റെ പേരിൽ ഉണ്ടായി .പക്ഷെ അവൻ എപ്പോഴും അവന്റെ വിശ്വാസത്തിൽ ഉറച്ചു നിന്നു .

അവന്റെ കമ്പനി അവനെ വിദേശത്തേക്ക് അയക്കുമ്പോൾ യാത്ര പറയുവാനെത്തി.ഒരു വർഷത്തേക്ക് യു .എസ്സി ലേക്ക്...വേണമെങ്കിൽ നീട്ടാം.അവിടുത്തെ പെര്‍ഫോര്‍മന്‍സ് പോലെയിരിക്കും കാര്യങ്ങള്‍ .എന്നെ കാണാന്‍ വന്ന അവനെ അനുഗ്രഹിച്ചു പറഞ്ഞുവിട്ടു.അവിടുന്ന് വല്ലപോഴും ഫോണ്‍ ചെയ്യും .ഒരിക്കല്‍ അവനു ഈ രൂപത്തിന്റെ പേരിൽ അവിടെയും ഉണ്ടാകുന്ന വിഷമതകൾ പറഞ്ഞു."എന്നിട്ട് നീ  താടി വടിച്ചോ  "എന്ന് ചോദിച്ചപ്പോള്‍ അവന്‍ വീണ്ടും അവന്റെ നിലപാട് വ്യക്തമാക്കി.പക്ഷെ ഒരിക്കല്‍പോലും ഒരുമണികൂറിലധികം അവനെ അവിടുത്തെ പോലീസുകാർ പിടിച്ചുവെച്ചില്ല എന്നും പറഞ്ഞു.

ഒരുവർഷം കഴിഞ്ഞു അവൻ വന്നപ്പോഴും അതെ രൂപം തന്നെയായിരുന്നു.വീണ്ടും അവൻ ഇവിടെത്തന്നെ തുടർന്നു ...ഇനിയും അവിടെത്തന്നെ തുടരുവാൻ അവസരം ഉണ്ടായിട്ടും അവനു ജൊലിയെടുക്കുവാൻ താല്പര്യം നമ്മുടെ രാജ്യം തന്നെയായിരുന്നു.

ഒരിക്കൽ സുന്ദരനായ ഒരു അപരിചിതൻ  ഓഫീസിലേക്ക് കയറിവന്നു .ഞാൻ ഇരിക്കുവാൻ പറഞ്ഞു ...ആഗമനൊദേശ്യം ചോദിച്ചു . അയാൾ  പൊട്ടി ചിരിച്ചു ..എനിക്ക് കാര്യം മനസ്സിലായില്ല .

"പ്രമൊദെട്ട ..ഞാൻ നവാസാണ് ......"

ഞാൻ അമ്പരന്നു അവനെ സൂക്ഷിച്ചു നോക്കി...ഇവൻ ഇത്ര സുന്ദരനാണെന്നുള്ളത്  വർഷങ്ങളായി ആ താടി മറച്ചു പിടിക്കുകയായിരുന്നു.

"എന്താടാ നീ നിന്റെ വ്യക്തി സ്വാതന്ത്രം ഒക്കെ വേണ്ടെന്നു വെച്ചോ ?"

"എന്ത് ചെയ്യാനാ ...നമുക്ക് നമ്മുടെ സ്വാതന്ത്രം ഉപയോഗപെടുത്തണമെങ്കിൽ ഇവിടെ പല കടമ്പകളും കടക്കണം .അത് ഞാന്‍ മൂലം പലരെയും ബാധിക്കുന്നു.ഈ രൂപം വെച്ച് നമ്മുടെ നാട്ടിൽ  ജീവിക്കണമെങ്കിൽ വലിയ പാടാ ...അതെനിക്ക് ഇപ്പോൾ മനസ്സിലാകുന്നു...എന്റെ ആഗ്രഹം അല്ലെങ്കിൽ മനസ്സിന്റെ വാശി ..അത് ഇനി വേണ്ട  .അത് കൊണ്ട് ഞാൻ മാത്രമല്ല എനിക്ക് ചുറ്റുമുള്ളവരും അതിന്റെ ഭവിഷ്യത്തിൽ കുടുങ്ങുന്നു..ഞാൻ കാരണം മറ്റുള്ളവർക്ക് ദുരിതം ഉണ്ടാവാൻ പാടില്ല.അതുകൊണ്ട് ഞാൻ ഇനിമുതൽ  ഈ രൂപത്തിലാ ജീവിക്കുക.ദാ ..ഇപ്പോൾ  അവിടുന്ന്  ചെയ്യിച്ചതാണ് ഈ രൂപം ..ഇനി കൂട്ടുകാരെ കൂടി ഞെട്ടിക്കണം ." അവൻ ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും എന്തോ ഒരു നഷ്ടബോധം അവനിലുണ്ടായിരുന്നു.


പിറ്റേന്ന്  ഒരു അശുഭ വാർത്ത  കേട്ടാണ്  ഉണർന്നത് .രാത്രിയിൽ  നടന്ന ഒരപകടത്തിൽ പെട്ട് നവാസ് പോയി.മണികൂറുകൾ ചോരവാർന്നു  റോഡിൽ കിടന്ന അവനെ മെട്രോ സംസ്കാരത്തിന്റെ അഹന്തയിൽ ആരും തിരിഞ്ഞു നോക്കിയില്ല.അവരുടെ തിരക്കുപിടിച്ച ജീവിതത്തിൽ പതിവായി കാണുന്ന ഒരു സംഭവം പോലെ .... ആരും മൈൻഡ് ചെയ്യാതെ അതിലൂടെ കടന്നുപോയി..അതിലും ദയനീയമായി തോന്നിയത് അവന്റെ സുഹൃത്തുക്കൾ ആ അപകടം നടന്നത് കണ്ടുവെങ്കിലും  ആളെ തിരിച്ചറിയാൻ പറ്റാത്തതുകൊണ്ട് കാണികളായി മാത്രം ഒതുങ്ങി എന്നറിഞ്ഞപ്പോഴാണ്...അവൻ അന്ന് കാലത്ത് അവന്റെ രൂപം തന്നെ മാറ്റിയിരുന്നല്ലൊ ..കൂട്ടുകാരുപൊലും അറിയാതെ ..

"ഈ രൂപം ഞാൻ വർഷങ്ങളായി കൊണ്ട് നടക്കുന്നതാണ്.ഇങ്ങിനെ ഒരു പ്രശ്നത്തിന്റെ പേരിൽ ഇത് മാറ്റിയാൽ എനിക്ക് എന്ത് വ്യക്തിസ്വാതന്ത്രം ഉണ്ട് ഇവിടെ .അതിലും നല്ലത് ഞാൻ എന്ന വ്യക്തി ഇല്ലതാവുന്നതല്ലെ  ?" അവൻ എന്നോട് പറഞ്ഞത്  അറം പറ്റുകയായിരുന്നോ ?

നവാസ് എന്ന ചെറുപ്പകാരൻ പോയതുകൊണ്ട് വിഷമിക്കുക അവനു ചുറ്റിലും ഉണ്ടായിരുന്നവർ മാത്രമാണ് ..അവന്റെ സഹായം കൊണ്ട് മാത്രം ജീവിച്ചിരുന്നവരും...നിങ്ങൾ ഒരു വർഷം മുൻപത്തെ പത്രത്തിൽ വായിച്ചിരിക്കും ...ആരും സഹായിക്കുവാൻ തയ്യറാകാത്തതുകൊണ്ട്  കൊണ്ട് മാത്രം ബംഗ്ലൂർ  നഗരത്തിൽ റോഡിൽ കിടന്നു ചോരവാർന്നു മരിച്ച മലയാളി സോഫ്റ്റ്‌വയർ എഞ്ചിനീയറെ കുറിച്ച് ...അതവനായിരുന്നു .

ഇന്നും ബംഗ്ലൂർ മാറിയിട്ടില്ല ..പലരും അപകടങ്ങൾ കണ്മുന്നിൽ കണ്ടാലും   അവഗണിക്കുന്നു.ചിലർകൊക്കെ സഹായിക്കുവാൻ ആഗ്രഹമുണ്ട് ...പക്ഷെ  നമ്മുടെ നിയമങ്ങൾ  അതവരെ അതിൽ നിന്നും അകറ്റുന്നു. കുറെയൊക്കെ നമ്മുടെ നിയമനൂലാമാലകളുടെ പ്രശ്നം തന്നെയാണ്.നിയമങ്ങൾ കുറെ ഉദാരമാക്കിയെങ്കിലും ഇന്നും ശരിയായ നിലയിൽ പ്രാബല്യത്തിൽ വരുത്തിയിട്ടില്ല ...അത് തുടരുന്ന കാലത്തോളം അനേകം പേർ ഇനിയും സഹായിക്കുവാനാളില്ലാതെ റോഡിൽ പിടഞ്ഞു മരിക്കും ....തീർച്ച ...നല്ല ഒരു ബോധവല്ക്കരണം ഈ കാര്യത്തിൽ ആവശ്യമുണ്ട് .അത് എത്രയും പെട്ടെന്നുതന്നെ ഉണ്ടാവണം .നമ്മളാണ്  അല്ലെങ്കില്‍ നമ്മളില്‍ ഒരാളാണ്  അപകടത്തില്‍പെട്ടത് എന്നൊരു  ചിന്ത  നമുക്കുണ്ടാകണം.ഒരാപത്തു വരുമ്പോൾ മാത്രം ഉണരുകയും അതിനെക്കാൾ വേഗത്തിൽ അസ്തമിക്കുകയും ചെയ്യുന്നതാണ് നമ്മുടെ അധികാരികളുടെ ഓരോ പ്രവർത്തനങ്ങളും ....അതാണ്‌ നമ്മുടെ നാടിന്റെ ശാപവും...


-പ്രമോദ് കുമാർ .കെ.പി


Friday, February 7, 2014

സമരം ചെയ്യാന്‍ ഓരോരോ കാരണങ്ങള്‍ ..

സമരങ്ങള്‍ നമ്മുടെ കൂടെത്തന്നെയുണ്ട് ..ജനിച്ച അന്നുമുതല്‍ നമ്മള്‍ കാണുവാന്‍ തുടങ്ങിയതുമാണ് .സമരങ്ങളാണ് നമ്മുടെ നാടിനെ സ്വതന്ത്രമാക്കിതന്നതും ..സമരങ്ങളാണ് നമുക്ക് ഇന്നനുഭവിക്കുന്ന പല ആനുകൂല്യങ്ങളും നേടിതന്നതും..അതൊക്കെ വേണ്ട വിധത്തില്‍ വേണ്ട തരത്തില്‍ ബുദ്ധിയുള്ളവര്‍ ചെയ്തതുകൊണ്ട്  ചരിത്രമായി.

പലവിധത്തിലുള്ള സമരങ്ങള്‍ ഉണ്ട് ശാന്തമായതും ഭീകരമായതും ..ചില ആള്‍കാരുടെ ഇടപെടല്‍ മൂലം ശാന്തമായ അനേകം സമരങ്ങള്‍ ഭീകരമാകുന്നുമുണ്ട്.സമരമാര്‍ഗം നല്ലത് തന്നെ ..നമ്മുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ വേണ്ടി ഭരണാധികാരികള്‍ക്ക് എതിരായി ആണ് മിക്ക സമരങ്ങളും ഉണ്ടാവുക ..വിലകയറ്റം ,നഷ്ട്ടപെട്ടു പോകുന്ന ഭൂമി ,വസ്തുക്കൾ ,പിടിച്ചു വെക്കപെടുന്ന ആനുകൂല്യങ്ങൾ ഇവയ്ക്കു വേണ്ടിയാണ് കൂടുതലും സമരം ഉണ്ടാകുന്നത്.ഇതിനൊക്കെ എതിരായി ഒരു വിഭാഗവും ഉണ്ടാവും .ഭരണ വർഗത്തിനു വേണ്ടപെട്ടവർ ..സമരകാരുടെ ഭാഷയിൽ പറഞ്ഞാൽ കരിങ്കാലികൾ .ഇവർ സമരത്തിനു എതിരായിരിക്കും അത് ഏതു വിധേനയും പരാജയപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്യും.എന്നാൽ സമരം വിജയിച്ചാൽ കിട്ടുന്ന ആനുകൂല്യങ്ങൾ ഒരു ഉളുപ്പിമില്ലാതെ അനുഭവിക്കുകയും ചെയ്യും.അത് ഒരിക്കലും വേണ്ട എന്ന് പറയുകയുമില്ല.സമരത്തിനു എതിരായിട്ടള്ളവർ , ഞാൻ ഈ സമരത്തിനു എതിരായിരുന്നു അതുകൊണ്ട് എനിക്ക് ഈ ആനുകൂല്യങ്ങൾ വേണ്ട എന്ന് പറയാൻ ചങ്കൂറ്റം കാണിക്കണം അത് അനുഭവിക്കുകയും അരുത്.പക്ഷെ മാറി മാറി വരുന്ന ഭരണകാർ ഇത് കാലാകാലമായി തിരിച്ചും മറിച്ചും തുടരുന്നു.അതുകൊണ്ട്  ആര്‍ക്കും ഈ കാര്യത്തില്‍ പരാതിയില്ല.രാഷ്ട്രീയ ലാഭമാണ് എല്ലാവരുടെയും ലക്‌ഷ്യം.അധികാരവും .....

വികസനങ്ങൾ എപ്പോഴും ഒരു വിഭാഗത്തിന് ലാഭവും മറ്റു പലർക്കും നഷ്ട്ടവും ഉണ്ടാക്കുന്നു.അത് കൊണ്ട് തന്നെ ഈ സമരത്തിനു രണ്ടു വിഭാഗം ഉണ്ടാവുക സ്വാഭാവികം.അപ്പോൾ നാശവും നഷ്ട്ടവും കൂടുതൽ ഉണ്ടാവുന്നവർക്ക്  അതിന്റെ വ്യാപ്തി കുറയ്ക്കുകയാണ് വേണ്ടതും.അത് ഉണ്ടാകാത്തതുകൊണ്ടാണ്  പല വികസന പ്രവർത്തനവും കോടതി കയറുന്നത്.പലരും ലാഭം മാത്രം ലക്‌ഷ്യം വെക്കുന്നു.

പലതും  ന്യായങ്ങൾക്കു വേണ്ടിയുള്ള സമരമായാണ് നമ്മള്‍ കണ്ടത്..പക്ഷെ കഴിഞ്ഞ ആഴ്ച കുറച്ചു സമരങ്ങൾ നമ്മൾ കണ്ടു.ഇതൊക്കെ എന്തിനു വേണ്ടിയായിരുന്നു എന്ന് നമുക്ക് സംശയം തോന്നുന്നു.കാരണം ഇതിന്റെയൊക്കെ തുടക്കവും ഒടുക്കവും അത്തരത്തിലായിരുന്നു.


കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകമായിരുന്നു പോലും ആർ .എം .പി  നേതാവ് സ: ടി .പി യുടേത്.ഇവരൊക്കെ വലുതെന്നു പറയുന്നത് വെട്ടിന്റെ എണ്ണം കൂട്ടി നോക്കിയിട്ടാണോ എന്നറിയില്ല .മാസങ്ങളോളം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു ആ സംഭവം.അതിനിടയിൽ മറ്റു രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നുവെങ്കിലും ആർക്കും അതുകൊണ്ട്  ഉപകാരം കിട്ടില്ല എന്ന് പലരും മനസ്സിലാക്കിയതിനാൽ അതൊക്കെ പെട്ടെന്ന് തന്നെ വിസ്മ്രിതിയിലായി പോയി.അങ്ങിനെ തിരുവഞ്ചൂരിന്റെ പോലിസ് അന്വേഷിച്ചു അന്വേഷിച്ചു കൊലയാളി സംഘം അടക്കം കുറച്ചുപേരെ ജയിലിൽ അടച്ചു.മാർക്സിസ്റ്റ് പാർട്ടി തങ്ങൾക്കു പങ്കില്ല എന്ന് എത്ര തവണ ആവർത്തിച്ചാലും അച്ചുതാനന്ദൻ സഖാവ് പറയുന്നതുപോലെ അരിആഹാരം കഴിക്കുന്നവർക്ക് കാര്യം പണ്ടേ പിടി കിട്ടിയതാണ്.

അന്വേഷണം കഴിഞ്ഞു വിധി ഒക്കെ വന്നപ്പോൾ പലരും പ്രതീക്ഷിച്ചത് പോലെ ആയില്ല .അത് കൊണ്ട് ടി .പി യുടെ വിധവയെ നിരാഹാരം കിടത്തി  സി ബി ഐ അന്വേഷണം വേണമെന്ന് പറഞു ആർ .എം .പി  കാർ തിരുവനന്തപുരത്ത് സമരം തുടങ്ങി.പക്ഷെ പ്രതീക്ഷിച്ചതുപോലെ പലരും കൊടുത്ത വാഗ്ദാനങ്ങൾ  പാലിക്കപെട്ടില്ല എന്ന് മാത്രമല്ല തള്ളി സമരത്തിലേക്ക് നയിച്ച പലരും  സപ്പോർട്ട് പോലും കൊടുത്തില്ല.ആര്‍ എം പി  യുടെ  ചോട്ടാ നേതാക്കൾ ടിവിയിലും മറ്റും വാചകകസർത്തുകൾ  തുടങ്ങി സപ്പോര്‍ട്ട് കൊടുക്കേണ്ട ഭരണകാരേയും വെറുപ്പിച്ചു .അതോടെ അവരും പിടിമുറുക്കി.ഇപ്പോൾ പാവം രമ പട്ടിണികിടക്കുന്നു.

മമ്മൂട്ടി എന്ന മഹാനടൻ സിനിമയിൽ കത്തികയറി കേരളകരയിൽ തരംഗം സൃഷ്ട്ടിച്ച സി ബി ഐ പവര്‍ സിനിമയിൽ മാത്രമേ ഉള്ളൂ എന്ന്  തെളിയിക്കുന്നതായിരുന്നു അടുത്തകാലത്തെ കേരളത്തിലെ പല ഒറിജിനൽ സി ബി ഐ അന്വേഷണങ്ങളും .അത് രമക്കും ആർ .എം .പി ക്കും അറിയാത്തതല്ല .പക്ഷെ തുടക്കം മുതൽ എങ്ങിനെയെങ്കിലും പിണറായിയെയും കോടിയേരിയും ജയരാജനെയും കുടുക്കുക എന്നതായിരുന്നു അവരുടെ പ്രാഥമിക ലക്‌ഷ്യം.ആ ഒരു ചിന്ത പലരിലേക്കും പടർന്നതാണ് ഈ കേസിന്റെ ഒടുക്കം ഇങ്ങിനെയാകുവാൻ കാരണം.അതിൽ ഇനി പരിതപിച്ചിട്ട്‌ കാര്യമില്ല.സി ബി ഐ അന്വേഷണത്തിലൂടെ അവർ ലക്ഷ്യമിടുന്നതും ഈ  ഉന്നതരെ കുടുക്കുവാൻ ...അവര്‍ക്ക്  ഒരു ലക്ഷ്യമുണ്ട്  -മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി.അതുകൊണ്ട് മാത്രമാണ് ഈ കേസ് ഇപ്പോള്‍ ജനങ്ങള്‍ക്ക് താല്പര്യം ഇല്ലാതാകുന്നതും അവര്‍ അത് അവഗണിക്കുന്നതും.അഥവാ അന്വേഷണം നടന്നാൽ തന്നെ ഇതിൽകൂടുതലൊന്നും അവർക്കും കിട്ടാൻ ഇടയില്ല എന്നാണ് വിദഗ്ധമതം.ഈ നിരാഹാരത്തോടെ പലതരം പഴികള്‍ ആണ് രമ കേള്‍ക്കുന്നത് ...ഇതൊക്കെ വേണമായിരുന്നോ ?അവര്‍ പറയുന്നതു പോലെ  നാടകം  തുടരട്ടെ ...കാണികള്‍ കുറയുമ്പോള്‍ നിര്‍ത്തുമായിരിക്കും.

മണല്‍ മാഫിയക്കെതിരെ ഡല്‍ഹിവരെ പോയി സമരം ചെയ്തപ്പോള്‍ ജസീറ കേരളത്തിനു വീരപുത്രിയായിരുന്നു.അവരുടെ പോരാട്ട വീര്യം നമ്മള്‍ കണ്ടതുമാണ്.സമരം വിജയിചിട്ടാണോ  എന്നറിയില്ല ,അവിടുന്ന് മുങ്ങി കേരളത്തിലെത്തി ബിസിനെസ്സ്‌ കാരനായ ചിറ്റിലപള്ളിക്കെതിരെ വേണ്ടാത്ത കാര്യത്തിന് സമരം തുടങ്ങിയപ്പോൾ അവർ വളരെ "ചെറുതായി " പോയി.മാത്രമല്ല കുടുംബത്തിലേക്ക് വരേണ്ടിയിരുന്ന അഞ്ചു ലക്ഷവും സ്വാഹ ....പക്ഷെ അത് കൊണ്ടുണ്ടായ ഒരു ഗുണം അബ്ദുള്ളകുട്ടി എന്ന പഴയ സഖാവിന്റെ തനിനിറം കണ്ടു എന്നതാണ്.


ടി .പി യുടെ കൊലപാതകികളെ ജയിലിൽ മർദിച്ചു എന്നാരോപിച്ച് അവരുടെ ബന്ധുക്കൾ ജയിലിനു മുന്നിലും സമരം നടത്തി.ഇപ്പോൾ ആ കേസിൽ ജയിലിലുള്ള പലരും ആദ്യമായിട്ടൊന്നുമല്ല പ്രതിആകുന്നതും ജയിലിൽ കിടക്കുന്നതും.അവർക്കുവേണ്ടി സമരത്തിന്‌ വന്നവരിൽ പലരും മുൻപ് തന്നെ അവരെ വീട്ടിൽ  വെച്ച് ഉപദേശിച്ചോ ചെറിയ അടികൊടുത്തോ  നേർവഴിക്കു നയിച്ചിരുന്നുവെങ്കില്‍  വെറുതെ അന്യന്റെ കയ്യിലുള്ളത്  ഇപ്പോള്‍ വാങ്ങേണ്ടി വരില്ലായിരുന്നു,എനിക്ക് അടികൊണ്ടേ എന്ന് മോങ്ങേണ്ട ആവശ്യവുമില്ലയിരുന്നു.കൊടുത്താല്‍ വിയ്യൂരും കിട്ടും എന്ന് വേണമെങ്കിലും പറയാം.

ഇതൊക്കെ മാധ്യമങ്ങള്‍ ആഘോഷിച്ച വേണ്ടാത്ത സമരങ്ങള്‍ ..എന്നാല്‍ പ്ലാചിമടയില്‍ അനുഭവിക്കപെട്ടവര്‍ നീതിക്കുവേണ്ടി നടത്തിയ സമരവും എന്റൊസൾഫാൻ ഇരകൾ നടത്തിയ ന്യായ സമരവും അധികം ചാനലുകളും പത്രകാരും കണ്ടില്ല ..ന്യൂസ്‌ അവറിൽ അവരെ പറ്റി ചർച്ചയും വെച്ചില്ല  .അതോ കണ്ടിട്ട് സ്കൂപ്പ് ഒന്നും ഇല്ലാത്തതുകൊണ്ട് മാധ്യമങ്ങൾ മുഖം തിരിച്ച് കളഞ്ഞതോ ?വാൽകഷ്ണം : ഇതൊക്കെ വായിച്ചു ആരും എന്റെ മേലെ കുതിരകയറരുത്.ദിവസവും ടി വി ചാനലും പത്രങ്ങളും ഫേസ് ബുക്കും കാണുന്ന ഒരാളുടെ ചിന്തകൾ ആയി കണക്കാക്കുക 


-പ്രമോദ് കുമാർ .കെ.പി