Tuesday, September 16, 2014

ഗൃഹപ്രവേശം

ഇന്നായിരുന്നു  സാജുവിന്റെ ഗൃഹപ്രവേശം .ഒന്നവിടെ മുഖം കാണിക്കണം..അല്ലെങ്കില്‍ അവന്‍  എന്ത് വിചാരിക്കും.ഇന്ന് നൂറുകൂട്ടം പണികള്‍ ഉള്ള ദിവസമായിരുന്നു ..അത് കൊണ്ട് തന്നെ കാലത്ത് ചടങ്ങിനു  പോകുവാന്‍ പറ്റിയില്ല .. കുറച്ചു ജോലി കൂടിയുണ്ട് തീര്‍ക്കുവാന്‍  ..അത് തീര്‍ക്കാന്‍ നിന്നാല്‍  ചിലപ്പോള്‍  ഇന്ന് പോകാന്‍ പറ്റില്ല  .അത് മോശമാണ് ..എന്തിനും ഏതിനും  സഹായത്തിനുണ്ടാവുന്ന ആളാണ്‌ .അത് കൊണ്ട്  ഇന്നുതന്നെ അവിടെ പോകുവാന്‍ സമയം കണ്ടെത്തിയെ  തീരൂ.അയാള്‍ ജോലി മതിയാക്കി എഴുനേറ്റു.

പാവം സാജു ..വീട് പണി തുടങ്ങിയിട്ട് കുറെ നാളായി.വിചാരിച്ചതുപോലെ  കാര്യങ്ങള്‍ നടക്കാത്തതുകൊണ്ട്  അവന്‍റെ" ബജറ്റ് "താളം തെറ്റി.അത് കൊണ്ട് തന്നെ കുറെ ദിവസം പണി നടന്നില്ല ..പിന്നെ പണി തുടങ്ങുമ്പോള്‍  കമ്പി സിമണ്ട് ,കൂലി തുടങ്ങി എല്ലാറ്റിനും വില കൂടിയിരുന്നു.കൂനിന്മേല്‍ കുരു വന്ന അവസ്ഥ.ഇനിയും കാത്തിരുന്നാല്‍  ഈ ജന്മത്തില്‍ പണി മുഴുമിക്കാന്‍  ആകില്ലെന്ന തോന്നലാവാം കിട്ടാവുന്ന സ്ഥലത്ത് നിന്നൊക്കെ കടം വാങ്ങി  വീട് പൂര്‍ത്തികരിക്കുവാന്‍  അവനെ പ്രേരിപ്പിച്ചത്.അതോടെ അവനാകെ ഒന്ന് ഉടഞ്ഞു..

താനും വീട് വെച്ചിരുന്നു.ഒരു ആവശ്യവും ഇല്ലായിരുന്നു.താമസിക്കുവാന്‍ നല്ല തറവാട് ഉള്ളപ്പോള്‍   ഭാര്യയുടെ നിര്‍ബന്ധത്തിനു  വഴങ്ങി ഒരു വീട് വെക്കേണ്ടി വന്നു..എല്ലാവരും പുതിയ വീട് വെക്കുമ്പോള്‍  പഴയ തറവാട് വീട് അവള്‍ക്കു ഒരു കുറച്ചിലായി തോന്നിയിരിക്കണം.കുറേകാലം ഒഴിഞ്ഞു മാറി നിന്നതാണ് .പക്ഷെ അവളുടെ നിര്‍ബന്ധം അസഹ്യമായപ്പോള്‍  പുതിയ വീടുവെച്ചു.ഇപ്പോള്‍  അപ്പുറത്ത് പഴയ തറവാട്  ആളനക്കമില്ലാതെ നശിക്കുന്നു.

വീട് പണി തുടങ്ങുമ്പോള്‍ അമ്മ ഉപദേശിച്ചത്  ഇന്നും മനസ്സിലുണ്ട്
“മോനെ ..മനുഷ്യന് തലചായിക്കുവാനാണ്   ഗൃഹം .അല്ലാതെ അവന്‍റെ പത്രാസ് കാണിക്കുവാനല്ല ...നിനക്ക് ഇപ്പോള്‍ താമസിക്കുവാന്‍  നല്ല അടച്ചുറപ്പുള്ള അസ്സല്‍  തറവാടുണ്ട് .പിന്നെ എന്തിനു നീ  പുതിയ വീട് വെക്കണം.?..നീ ഇപ്പോള്‍ ചെയ്യുന്നത്  ആഡംബരമാണ് അനാവശ്യമാണ് .ഇന്ന് പലരും ചെയ്യുന്നതും അതാണ്‌ ..സബാദിച്ചതു  മുഴുവനെടുത്തും കടം വാങ്ങിയും നാട്ടുകാരെ കാണിക്കുവാന്‍ വലിയ വീടുണ്ടാക്കും ..എന്നിട്ട് ശിഷ്ട്ട ജീവിതം കടം കയറി മനസമാധനമില്ലാതെ അതിനുള്ളില്‍  ഉരുകിഉരുകി ജീവിക്കും..ലോകത്തു എത്ര പേര്‍  ഒന്ന് തലചായ്ക്കാന്‍  ഇടമില്ലാതെ കഷ്ട്ടപെടുന്നുണ്ട്  എന്നറിയാമോ ?നമ്മള്‍  ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം ഉണ്ടാക്കി വേസ്റ്റ് ആക്കുന്നതുപോലെ തന്നെയാ അനാവശ്യത്തിനു വീടുണ്ടാക്കുന്നതും .താമസിക്കാന്‍ ആളില്ലാതെ കിടന്നു  നശിപ്പിക്കുന്നതും ..വീടില്ലാത്ത പാവങ്ങളോട് നമ്മള്‍ ചെയ്യുന്ന അനീതിയാണ്  അത്.....

സാമൂഹ്യ സേവനം ചെയ്തിരുന്ന ഒരു ടീച്ചറുടെ ജല്പനമായി മാത്രം താന്‍ അതിനെ തള്ളി...വീടുപണി ആരംഭിച്ചു.പക്ഷേ പുതിയവീട്  പൂര്‍ത്തിയാകുന്നതുവരെ   അമ്മ കാത്തുനിന്നില്ല .അവരുടെ സ്വപ്നം പോലെ പഴയ തറവാടില്‍ തന്നെ അവരുടെ ജീവിതം അവസാനിച്ചു.തറവാട് നശിച്ചുപോകുന്നത്  കാണാന്‍ ഒരിക്കലും അമ്മ   ഇഷ്ട്ടപെട്ടിരുന്നില്ല...ദൈവവും അറിഞ്ഞു കൊണ്ട് കനിഞ്ഞതാവും അമ്മയെ ...

സാജുവിന്റെ വീട്ടിലെത്തിയപ്പോഴാണ്   ചിന്തകളില്‍ നിന്നും വഴുതിമാറിയത്‌.വീടിന്‍റെപണി മുഴുവന്‍ കഴിഞ്ഞിട്ടില്ല ..എങ്കിലും അത്യാവശ്യം വേണ്ടതൊക്കെ  ചെയ്തിട്ടുണ്ട്. മഴയ്ക്ക് മുന്‍പേ കയറിതാമസം തുടങ്ങിയതാവാം.കാരണം ഇപ്പോള്‍ ഉള്ളത് കൂരയാണ്.രണ്ടു പെണ്‍ മക്കളും ഭാര്യയും അമ്മയും ഒക്കെ ആ അടച്ചുറപ്പില്ലാത്ത വീട്ടില്‍  ഈ മഴകാലത്ത് കൂടി കഴിയണ്ടാ എന്ന് അവന്‍ നിശ്ചയിചിരിക്കും ...അവനു ഒരു വീട് അത്യാവശ്യമാണ് ..അടച്ചുറപ്പുള്ള  സുരക്ഷിതമായ  ഒരിടം ..വളരെ കഷ്ട്ടപെട്ടു എങ്കിലും  അതവന്‍ സാധിച്ചു.

“എന്താട പുതിയ വീട്ടില്‍ കയറി കൂടിയിട്ടും ഒരു സന്തോഷമില്ലത്തത്  ..?’

സാജു ഒന്നും പറഞ്ഞില്ല .അവന്‍ ചിരിച്ചു എന്ന് വരുത്തി..അവന്‍റെ മക്കളും ഭാര്യയും അമ്മയും ഒക്കെ വളരെ സന്തോഷത്തില്‍കാണപ്പെട്ടു .അവരുടെ ഒരുപാട് കാലത്തെ സ്വപ്നം സഫലമായത് കൊണ്ടാവാം.ചായയൊക്കെ കുടിച്ചു കുശലങ്ങളൊക്കെ പറഞ്ഞു അവിടുന്ന് ഇറങ്ങുമ്പോള്‍  വൈകിയിരുന്നു.ചെറിയ ഒരു പൊതി സാജുവിന്റെ  കയ്യിലേല്‍പ്പിച്ചു  

രാത്രി ...ഉറക്കം വരാതെ സാജു അങ്ങോട്ടും ഇങ്ങോട്ടും ചെരിഞ്ഞു മറിഞ്ഞു കിടന്നു.സുഖമായി കിടന്നുറങ്ങുന്ന ഭാര്യയെ നോക്കി അയാള്‍ ദീര്‍ഘമായി  നിശ്വസിച്ചു..ചിലപ്പോള്‍  പെണ്‍മക്കള്‍ വളര്‍ന്നതിന് ശേഷം ആദ്യമായിട്ടയിരിക്കും ഭാര്യ സമാധാനമായി ആശങ്കകള്‍  ഇല്ലാതെ  കിടന്നുറങ്ങുന്നത്.ഇന്നലെവരെ   ചെറിയ ഒരു അനക്കം കേട്ടാല്‍  മതി അവള്‍ ഞെട്ടി ഉണരുമായിരുന്നു..മക്കളെ ശ്രദ്ധിക്കുമായിരുന്നു .മക്കളും യാതൊരു അല്ലലുമില്ലാതെ  അപ്പുറത്ത്  സുഖമായി കിടന്നുറങ്ങുന്നു...ഉറക്കത്തില്‍ ആധിയോടെയുള്ള അമ്മയുടെ ഉറക്കെയുള്ള  സംസാരവും ഇന്ന് കേള്‍ക്കുവാനില്ല ..എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പായി.

ഈ കെട്ടുറപ്പുള്ള  വീട്ടില്‍  ഉറക്കമില്ലാത്തത്  തനിക്ക് മാത്രമാണ് ...പലരോടും കടം വാങ്ങിയ ഭാരിച്ച തുക അയാളെ  വീര്‍പ്പുമുട്ടിച്ചു. പണം തിരിച്ചു വാങ്ങുവാന്‍ വരുന്നവരെ സ്വപ്നം കണ്ടു  അയാള്‍ പലപ്പോഴും ഞെട്ടി  ഉണര്‍ന്നു....വീണ്ടും ഒന്ന് മയങ്ങുമ്പോള്‍  അവരില്‍ ചിലരുടെ മുഖം വീണ്ടും പൊന്തി വരുന്നു .......അയാള്‍ക്ക്‌  ഉറക്കം മുന്‍പേ നഷട്ടപെട്ടിരുന്നു...എങ്കിലും പുതപ്പ് തലയില്‍ കൂടി വലിച്ചു മൂടി ഉറക്കം പ്രതീക്ഷിച്ചു  കൊണ്ട്  അയാള്‍ കിടന്നു..അയാളുടെ പ്രാരാബ്ധം കണ്ടിട്ടാവണം നിദ്രാദേവി കൂടി അയാളെ കടാക്ഷിച്ചില്ല ..എന്നെങ്കിലും ഈ വീട്ടില്‍ സമാധാനമായി കിടന്നുറങ്ങാന്‍ അയാള്‍ ദൈവത്തോട് പ്രാര്‍ഥിച്ചു കൊണ്ടിരുന്നു .


കഥ : പ്രമോദ്‌ കുമാര്‍.കെ.പി  

ജന്മദിനം

"അച്ഛാ  ജിത്തുവിന്റെ ബര്‍ത്ത്  ഡേ ഇന്നാണ്  ആഘോഷിക്കുന്നത് ..പക്ഷെ  അവന്‍ ജനിച്ചത്‌ സെപ്തംബര്‍  ഇരുപത്തിഒന്നിനാ ....അതെന്താ അവര്‍ ഇന്ന്  പാര്‍ട്ടി വെച്ചത് ?"

"ചിലപ്പോള്‍  അവന്റെ ജന്മനക്ഷത്രം  ഇന്നായിരിക്കും  വരുന്നത് ..."

"അവനും അങ്ങിനെയാണ് പറഞ്ഞത് ...അപ്പൊ  അച്ഛാ ഒരു സംശയം ..ഈ ഗാന്ധിജിക്ക്  ഒന്നും ജന്മനക്ഷത്രം ഇല്ലേ ..എപ്പോഴും ബര്‍ത്ത് ഡേ ഒക്ടോബര്‍ രണ്ടിനാ
  വരുന്നത് ...."

ഇപ്പോഴത്തെ കുട്ടികളുടെ ഓരോരോ സംശയമേ ....എന്താ പറയ്യാ .....


കഥ  : പ്രമോദ്‌ കുമാര്‍ .കെ.പി


Tuesday, September 2, 2014

ഭയം

വൈകുന്നേരം .. ദേഹമാകെ  വിയര്‍ത്തൊലിച്ചു  കൊണ്ട് അയാള്‍ നടന്നു ..വെയിലിനു അത്ര കാഠിന്യമൊന്നുമില്ല  എന്തോ  ഒരു തരം  ഭയമായിരുന്നു അയാളെ പിടികൂടിയിരുന്നത്..ഹര്‍ത്താല്‍  ആയതുകൊണ്ടോ  എന്തോ റോഡിലൊന്നും  ആരെയും കണ്ടില്ല .എല്ലാവരും  വീട്ടിനുള്ളില്‍  ഈ  ഹര്‍ത്താല്‍  ആഘോഷിക്കുകയായിരിക്കും...ഇപ്പോൾ കേരളത്തിലെ  ജനങ്ങൾക്ക്‌  ഹർത്താൽ  "ഉത്സവം " ആണല്ലോ ...എന്തെങ്കിലും  ശബ്ദം കേള്‍ക്കുമ്പോള്‍  ഭയത്തോടെ  അയാള്‍    ചുറ്റിലും   നോക്കി കൊണ്ടിരുന്നു..

റോഡുവിട്ടു  വീട്ടിലേക്കുള്ള ഇടവഴിയില്‍  കയറിയപ്പോള്‍  അയാളുടെ ഭയം ഒന്നുകൂടി വര്‍ധിച്ചു..ഇനി  സൂക്ഷിക്കണം..രണ്ടു ഭാഗത്തും  കാടുപോലെ  പുല്ലുകളും  ചെടികളും  വളർന്നു നില്‍ക്കുന്നു. അതിനുമപ്പുറം തോടും..അവിടെ എവിടെയെങ്കിലും  ശത്രുക്കള്‍ ഒളിച്ചിരുന്നാല്‍  കണ്ടുപിടിക്കുവാന്‍  തന്നെ പ്രയാസം..  എവിടെ നിന്നും എപ്പോള്‍  വേണമെങ്കിലും തനിക്കുനേരെ ആക്രമണം ഉണ്ടാവാം..കരുതലോടെ അയാള്‍ മുന്നോട്ടേക്കു നടന്നു.

വഴിയരികെ ചെടികൂട്ടങ്ങള്‍ക്കിടയില്‍  അനക്കം ശ്രദ്ധിച്ചു .. അയാള്‍ കിടുകിടാ വിറച്ചു.....മരണം മുന്നില്‍  എത്തിയിരിക്കുന്നു ..ഇനി  നിമിഷങ്ങള്‍  മാത്രം.ഇന്നലെ തന്റെ പാര്‍ട്ടികാര്‍  കൊന്നവന്റെ  അനുയായികള്‍  തന്റെ  ജീവനെടുത്തു ഇന്ന് ആഘോഷിക്കും.പകരത്തിനു പകരം ..രാഷ്ട്രീയ പ്രതിയോഗികളായ അവര്‍ ഇന്ന്   തന്റെ ചോരക്കുവേണ്ടി  അവിടെ  ഒളിച്ചിരിക്കുന്നു...പാടില്ല  ,അവരുടെ കത്തിമുനയില്‍  കുടുങ്ങരുത്...സകല ശക്തിയുമെടുത്തു അയാള്‍ മുന്നോട്ടെക്ക്ക്കോടി...തിരിഞ്ഞു പോലും നോക്കാതെ ....

കന്നി മാസത്തിലെ “ കൊയ്ത്തും  “കഴിഞ്ഞു സന്തോഷത്തോടെ ചെടിക്കള്‍ക്കിടയില്‍  നിന്നും വഴിയിലേക്കിറങ്ങിയ പട്ടികളെ അയാള്‍ കണ്ടില്ല...അയാളുടെ  ഓട്ടം കണ്ടു  അത്  കളിയാക്കിയതുപോലെ  കുരച്ചുകൊണ്ടിരുന്നു  .അതൊന്നും അയാൾ  അറിഞ്ഞില്ല .തിരിഞ്ഞു പോലും നോക്കാതെ അയാള്‍ ജീവനും  കൊണ്ട് ഓടുകയായിരുന്നു...

"വാളെടുത്തവന്‍  "എന്നെങ്കിലും" വാളാല്‍" തന്നെ തീരുമെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു...അത് എത്ര വലിയ രാഷ്ട്രീയപാർട്ടിയുടെ  പിന്തുണ ഉണ്ടെങ്കില്‍ കൂടി വിധിച്ചിരിക്കുന്നത്  ഏതെന്കിലും ശത്രുവിന്റെ കത്തിമുന ആയിരിക്കുമെന്ന്  നിശ്ചയമായിരുന്നു.....അങ്ങിനാണല്ലോ  ഇവിടെ  തുടർന്നുകൊണ്ടിരിക്കുന്നത് ...

നേതാക്കളുടെ  ആജ്ഞ കേട്ട്  മുൻപും  പിൻപും  നോക്കാതെ  എടുത്തുചാടി  പല  അവിവേകവും ചെയ്തതുകൊണ്ട് പ്രാണഭയത്തോടെ മാത്രം ശിഷ്ട്ടകാലം  ജീവിക്കാന്‍ വിധിക്കപെട്ട അനേകം ഹതഭാഗ്യരായ അണികളില്‍  പെട്ടെതായിരുന്നു  അയാളും..ശരവേഗത്തില്‍ വീട്ടിലേക്ക് ഓടി കയറിയ അയാള്‍ മുറിയില്‍ കയറി വാതിലടച്ചു..."കൊയ്ത്തു" കഴിഞ്ഞിറങ്ങിയ പട്ടികളെകാൾ   അപ്പോൾ  അയാള്‍  കിതക്കുന്നുണ്ടായിരുന്നു.


കഥ : പ്രമോദ്‌ കുമാര്‍.കെ.പി
ചിത്രങ്ങള്‍ : കേരള വാട്ടര്‍കളര്‍  സോസെറ്റി