Tuesday, May 30, 2023

ലൈവ്

 



നൂറു പ്രാവശ്യം  എങ്കിലും പലരും പല സമയത്ത്  പറഞ്ഞതാണ് ഇപ്പോഴത്തെ മാധ്യമ പ്രവർത്തകരുടെ 

അധർമ്മത്തിൻ്റെ കഥകൾ..ഒരാളെ ഹീറോ ആക്കുവാനും അയാളുടെ ജീവിതം തകർത്തു എറിയാൻ അവരുടെ വായയും പേനയും മാത്രം മതി.



അധർമ്മത്തിൻ്റെ വിഴുപ്പ് ഭാണ്ടങ്ങൾ ശരിയല്ല എന്നറിഞ്ഞിട്ടും ചുമന്നു വിശപ്പ് അടക്കുന്ന മാധ്യമ ശിഖണ്ഡികളുടെ  കഥ തന്നെയാണ് വികെ പ്രകാശ് പറയുന്നത്.



അപകടം നടന്നാലും മരണം സംഭവിച്ചാലും ദുഃഖിതരായി ഇരിക്കുന്ന ഉടയോരുടെ അണ്ണാക്കിൽ മൈക്ക് തള്ളി കയറ്റി വാർത്ത ഉണ്ടാക്കാൻ നോക്കുന്ന നപുംസക വർഗ്ഗങ്ങൾ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്.



പോലീസ്കാരുടെ പിഴവ് കൊണ്ട് ഒരു മെഡിക്കൽ വിദ്യാർത്ഥിക്ക് സംഭവിക്കുന്ന കാര്യം അവളുടെ ജീവിതം തന്നെ തകർത്തു കളയുന്നു. അതിനു നിമിത്തമായത്  അസത്യമായ മാധ്യമ വാർത്തയായിരുന്നു  .




പോലീസ് ,മാധ്യമം ഒരു ഖേദ പ്രകടനത്തിൽ അല്ലെങ്കിൽ പരസ്യ മാപ്പ് പറച്ചിലിൽ തീരുമായിരുന്ന കാര്യം സർക്കുലേഷൻ വർധിപ്പിക്കാൻ ഓരോരോ കഥകൾ മിനഞ്ഞെടുക്കുമ്പോൾ തകർന്നു പോകുന്നത് കുറെ ജീവിതങ്ങൾ ആയിരുന്നു.


കഥയിലും അവതരണത്തിലും പുതുമ ഒന്നും ഇല്ലെങ്കിലും ക്ലൈമാക്സിൽ പ്രതീക്ഷയിൽ കവിഞ്ഞ  ട്വിസ്റ്റ് ഒന്നും ഇല്ലെങ്കിൽ കൂടി മാധ്യമ പ്രവർത്തകരുടെ നാറിയ കളികൾ ഇടക്കിടക്ക് പൊതുജനങ്ങൾക്ക് ഓർമ്മിക്കുവാൻ ഉപകാരപ്പെടും.


പ്ര.മോ.ദി.സം

Monday, May 29, 2023

സൗഹാർദ്ദം

 



മുൻപ് ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു ..അമുസ്ലിം ആളുകളെ പള്ളിയിൽ പ്രവേശിപ്പിക്കാൻ പാടില്ല എന്നത്...


ചില ഹിന്ദു ക്ഷേത്രങ്ങൾ ഒഴിച്ച് അങ്ങിനെയാണ് പതിവ്...നമുക്ക് ചുറ്റും ഉള്ള അറിവ് വെച്ചാണ് നമ്മൾ ചിന്തിക്കുക..മുൻപ് നമ്മുടെ കൂട്ടായ്മ തലശ്ശേരി  സ്റ്റേഡിയത്തിൽ വെച്ച് നടന്നപ്പോൾ നേരത്തെ എത്തിയ ഞാൻ അടക്കം ഉള്ള കൂട്ടുകാരോട് പള്ളിയിൽ കയറി ഇരിക്കാൻ സാധിക് എന്ന സുഹൃത്ത് പറഞ്ഞപ്പോൾ ഈ ഒരു ചിന്ത മനസ്സിൽ ഉള്ളത് കൊണ്ടു വേണ്ട കുഴപ്പം ഇല്ല  എന്ന് പറഞ്ഞു ..





ഇന്ന് റിയാസ് സീനാസ് എന്ന തലശ്ശേരിയിലെ പ്രമുഖ ടെക്സ്റ്റൈൽ വ്യാപാരി എന്നെയും കൂട്ടി നമ്മുടെ നാട്ടിൻ്റെ അഭിമാനമായ ഓ ടത്തിൽ പള്ളിയിൽ പ്രവേശിച്ചപ്പോൾ ഉള്ളിലെ മുഴുവൻ ധാരണക്കും തിരുത്ത് വരികയായിരുന്നു.  



വാങ്ക് കൊടുക്കുന്ന സമയം അടുത്തതിനാൽ ഉള്ളിൽ കയറി കാണാൻ പറ്റിയില്ല എന്നൊരു വിഷമം മാത്രേ ഉള്ളൂ..അടുത്ത തവണ അതും സാധിച്ചു തരാമെന്ന് റിയാസ് വാക്ക് പറഞ്ഞിട്ടുണ്ട്..




പരസ്പരം മതിലുകൾ ഇല്ലാത്ത  സൗഹൃദം നമുക്കിടയിൽ ജാതിമത രാഷ്ട്രീയ ഭേദമെന്യേ ഉണ്ടാകണം.. വിദ്വേഷത്തി ൻ്റെയും മത്സരത്തിൻ്റെയും നാമ്പുകൾ നമ്മുടെ മനസ്സിൽ നിന്നും പിഴുതെറിയണം അത് നമ്മൾ ഓരോരുത്തരും മുൻകൈ എടുത്ത് പ്രവർത്തിച്ചാൽ സാധ്യമാണ് താനും...


പ്ര .മോ.ദി.സം

Sunday, May 28, 2023

പാച്ചുവും അൽഭുത വിളക്കും

 



അന്യനാട്ടിൽ ആയുർവേദ ബിസിനെസ്സ് ചെയ്യുന്ന പ്രശാന്ത് എന്ന പാച്ചു കേരളത്തിൽ നിന്നും തിരിച്ചുള്ള യാത്രയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് അൽഭുത വിളക്ക് പറയുന്നത്.





"അൽഭുത വിളക്കിൽ" നിന്ന് എന്നപോലെ  പാച്ചുവിന് കിട്ടാൻ പോകുന്ന സൗഭാഗ്യങ്ങൾ പലതുണ്ട് എങ്കിലും അതൊക്കെ കിട്ടുവാൻ പലതരം വൈതരണികൾ പല സ്ഥലങ്ങളിൽ നിന്നും പാച്ചുവിന് അഭിമുഖീകരിക്കേണ്ടത് അയാളിൽ പലതരം നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാക്കുകയാണ്.





മൂന്ന് മണിക്കൂർ അടുത്തുള്ള ചിത്രം ബോറടിപ്പിക്കാതെ പിടിച്ചിരുത്തി കാണിക്കുവാൻ സിനിമ കുടുംബത്തിൽ ഉള്ള നവാഗത സംവിധായകൻ അഖിൽ സത്യന് കഴിഞ്ഞിട്ടുണ്ട്. ഒരു വിധം എല്ലാ സീനിലും ഉള്ള ഫഹദ് അദ്ദേഹത്തിന് കട്ട സപ്പോർട്ട് നൽകിയിട്ടുമുണ്ട്.






റിയാസ് എന്ന കഥാപാത്രത്തിലൂടെ വിനീത് എന്ന നമ്മൾ മലയാളം അധികം ഉപയോഗിക്കാത്ത നടൻ്റെയും ഉമ്മ ആയി അഭിനയിച്ച നടിയുടെയും പ്രകടനങ്ങളും എടുത്ത് പറയേണ്ടതാണ്.






മൊത്തത്തിൽ നല്ലൊരു ഫീൽ ഗുഡ് സിനിമ 2018 എന്ന "വെള്ളപൊക്കം" കൊണ്ട് തിയേറ്ററിൽ മുങ്ങി പോകുകയായിരുന്നു.


പ്ര .മോ.ദി.സം

Thursday, May 25, 2023

അയൽവാശി

 



അയൽക്കാർ ഇന്നും ഗ്രാമങ്ങളിൽ ഭൂരിഭാഗവും ഒത്തൊരുമയോടെ തന്നെയാണ് ജീവിക്കുന്നത്. തിരക്ക് പിടിച്ച നഗരങ്ങളിൽ തമ്മിലുള്ള ബന്ധം വ്യത്യസ്തമാണ്.ചിലപ്പോൾ അയൽക്കാരെ അറിയുക കൂടി ഉണ്ടാവില്ല.






അങ്ങിനെ നന്മ നിറഞ്ഞ  ഒരു നാട്ടിൻ പുറത്തെ അയൽവാസികളുടെ കൂട്ട് കെട്ടിൻ്റെയും ചില നിമിഷങ്ങളിൽ തെറ്റിദ്ധാരണ കൊണ്ട് പരസ്പരം വാശി ഉണ്ടാകുന്നത് മാണ് കഥ.







ഗൾഫിൽ നിന്നും വരുന്ന ജോയ് തൻ്റെ സ്കൂട്ടർ വിൽകാൻ ശ്രമിക്കുമ്പോൾ അത് ആക്സിഡൻ്റ് ആയതും അത് മറക്കാൻ ടേപ്പ് ഒട്ടിച്ചതും അയൽവാസിയുടെ വീട്ടിലെ കല്യാണത്തിൻ്റെ തിരക്കിൽ ആണെന്ന് മനസ്സിലാകുന്നു.





തൻ്റെ നിരപരാധിത്വം തെളിയിക്കുവാൻ അയൽവാസി സുഹൃത്ത് ചെയ്യുന്നത് ഒക്കെയും ജോയിക്ക് തന്നെ പക വിധത്തിൽ വിനയാകുകയാണ്.പരസ്പരം കാണുമ്പോൾ  മുണ്ടാതെ ഒഴിഞ്ഞുമാറി  ചങ്കുകൾ സത്യം തെളിയിക്കുവാൻ പെടാപാട് പെടുകയാണ്.





സൗബിൻ ഒക്കെ പഴയ പണി തന്നെയാണ് നല്ലതെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന ചിത്രം രണ്ടു കുടുംബ ങ്ങൾക്കുള്ളിൽ ഉള്ള ജീവിതങ്ങളെ കുറിച്ചും കാണിക്കുന്നുണ്ട്.





മൊത്തത്തിൽ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ.,.. ,ദിക്കറിയാതെ പോകുന്ന സിനിമ എന്തൊക്കെയോ കാട്ടി കൂട്ടി ഒരു വിധത്തിൽ സംഭവത്തിലെ ക്കു മടങ്ങി എത്തുന്നുണ്ട്.


പ്ര .മോ.ദി.സം

Wednesday, May 24, 2023

ചാൾസ് എൻ്റർപ്രൈസസ്

 



സുഭാഷ് ലളിത സുബ്രമണ്യം എന്ന നവാഗത സംവിധായകൻ ഭക്തിയുടെ കൂടെ സങ്കല്പങ്ങളും യാഥാർത്ഥ്യവും കൂട്ടിയിണക്കി അണിയിച്ചൊരുക്കിയ ചിത്രമാണ് ചാൾസ് എൻ്റർ പ്രൈസസ്


നിശാഅന്ധതയുള്ള ചെറുപ്പക്കാരന് തൻ്റെ ഈ വൈകല്യം കൊണ്ട് തന്നെ ജോലിയിലും മറ്റും പലതരം പ്രശ്നങ്ങൾ ഉണ്ടാകുന്നു.ഒരു കുടുംബം ആഗ്രഹിക്കുന്നു എങ്കിലും ഈ ന്യൂനത കൊണ്ട് ഓരോരോ ആലോചനകളും മാറി പോകുന്നു.



സിനിമ ഭ്രാന്ത് കൊണ്ട് ജീവിതം തുലക്കുന്ന അച്ഛനും ഭക്തി ആണ് ജീവിതം എന്ന് കരുതി കുടുംബ സ്ഥലത്ത് നിന്നും കിട്ടിയ പിള്ളയാർ വിഗ്രഹം പൂജിച്ച് ഭർത്താവിനെ വിട്ട്  കഴിയുന്ന അമ്മയോടൊപ്പം താമസിക്കുന്ന അവൻ സ്വന്തമായി ബിസിനസ് തുടങ്ങുവാൻ ആഗ്രഹിക്കുന്നു എങ്കിലും ഫണ്ട് ഉണ്ടാക്കുവാൻ കഴിയുന്നില്ല.



കുടുംബം തിരികെ ആവശ്യപ്പെട്ട തൻ്റെ വീട്ടിലെ വിഗ്രഹത്തിന് ചിലർ  വല്യ വില പറയുമ്പോൾ അത് അമ്മയറിയാതെ മോഷ്ട്ടിച്ച് വിൽക്കുവാൻ കൊച്ചിയില് വർഷങ്ങളായി താമസിക്കുന്ന അണ്ണാച്ചിയെ കൂട്ട് ചേർത്ത് നടത്തുന്ന കളികളാണ് സിനിമ.



ഉർവശി അടക്കം പല പ്രഗൽഭ താരങ്ങൾ ഉണ്ടായിട്ടു കൂടി ആരെയും ശരിയായി ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞിട്ടില്ല..തമിഴരസൻ എന്ന ടോളിവുഡ് നടൻ വന്നപ്പോൾ മാത്രമാണ് ഇഴഞ്ഞു നീങ്ങിയ സിനിമ ട്രാക്കിലേക്ക് കയറുന്നതും നമ്മളെ രസിപ്പിക്കുന്ന സന്ദർഭം ഉണ്ടാകുന്നതും.


പ്ര .മോ. ദി .സം