Saturday, July 27, 2013

ഉപദേശം



നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വലിയ ഉപദ്രവമായ എപ്പോഴും തർക്കുത്തരംമാത്രം പറയുന്ന സാബുവിനെ പള്ളിയിലച്ചൻ ഉപദേശിക്കുകയാണ്

"സാബു നീ കുടിക്കരുത് "
"എന്താ കുടിച്ചാൽ ?"

"സാബു നീ കഞ്ചാവ് വലിക്കരുത് "
"എന്താ വലിച്ചാൽ ?"

"സാബു നീ കെട്ട്യോളയെയും മക്കളെയും തല്ലരുത് "
"എന്താ തല്ലിയാൽ ?"

"സാബു നീ നാട്ടുകാരെ ഇങ്ങനെ ഉപദ്രവിക്കരുത് "
"എന്താ ഉപദ്രവിച്ചാൽ ?"

" അവർ നിന്നെ തല്ലികൊല്ലും"
"എന്താ കൊന്നാൽ ?'

"അവർക്ക് പുണ്യം കിട്ടും മറ്റുള്ളവർക്ക് സമാധാനവും .."

അതുവരെ സാബുവിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതിരുന്ന അച്ഛന്റെ ഈ മറുപടികേട്ട് സാബുവിന്റെ തല താണുപോയി.


കഥ :പ്രമോദ് കുമാർ.കെ.പി 

Friday, July 26, 2013

ആരാണ് മണ്ടന്‍ -3

മനസ്സില്‍ ഇപ്പോഴും ഒരു ചോദ്യം ഇരുന്നു വിയര്‍ക്കുന്നു .ആരാണ് മണ്ടന്‍ ?നമ്മുടെ ചങ്ങാതിയോ അതോ നാട്ടുകാരോ?അവന്റെ ചില കഥകള്‍ അറിഞ്ഞാല്‍ അവന്‍ മണ്ടനാണ് എന്ന് തോന്നും പക്ഷെ അവന്റെ ഇന്നത്തെ നിലയും  വിലയും അളന്നാല്‍ ആരാണ് മണ്ടന്‍ ?ഹോ ..വയ്യ ..

പത്താം ക്ലാസ്സ്‌ പരീക്ഷയുടെ റിസള്‍ട്ട്  വന്നപ്പോള്‍ മണ്ടന്‍ തുള്ളിച്ചാടി.അവനു നല്ല മാര്‍ക്ക്‌ ഉണ്ട് ."ഗവര്‍മെന്റിന് പോലും വേണ്ടാത്ത ഗവര്‍മെന്റ് സ്കൂളില്‍ "(അതെ .വിനീത് ശ്രീനിവാസന്‍ പറഞ്ഞ അതെ സ്കൂള്‍ )പഠിക്കുന്ന അവനു ഇത്ര മാര്‍ക്ക്‌ കിട്ടുമെന്ന് അവനോ വീട്ടുകാരോ അവന്റെ ടീച്ചര്‍മാരോ പ്രതീക്ഷിച്ചില്ല.അതുവരെയുള്ള അവന്റെ നിലവാരം വെച്ച് അവനെ തോല്‍വി പട്ടികയിലാണ് എല്ലാവരും ഉള്‍പ്പെടുത്തിയത്.അതോടെ അവനു കോളേജില്‍ പഠിക്കണം എന്ന മോഹം കലശലായി .അവന്‍ ഒന്ന് രണ്ടു കോളേജില്‍ പോയി ആപ്ലിക്കേഷന്‍ ഫോറം വാങ്ങി വന്നു .ഞാനും അത്തവണ പത്താം ക്ലാസ്സ്‌ പാസായതാണ്.നമ്മള്‍ ഫോറം പൂരിപ്പിക്കാന്‍ തുടങ്ങി.ആദ്യമായാണ് ഇംഗ്ലിഷ് മാത്രമുള്ള ഒരു ഫോറം കാണുന്നതും പൂരിപ്പിക്കുന്നതും . ഒരു സ്ഥലത്ത്  നിങ്ങളുടെ മദര്‍ ടങ്ങ്  (മാത്ര ഭാഷ )എന്താണെന്ന് പൂരിപ്പിക്കണം.എനിക്ക് ആ സമയത്ത് അത് എന്താണെന്ന് അറിയില്ല .കേട്ടിട്ടുപോലും ഇല്ല .ഞാന്‍ അവനോടു ചോദിച്ചു

"അതെന്താട ഈ മദര്‍ ടങ്ങ് ?'

"എടാ അത് നിനക്കറിയില്ലേ ...കഷ്ട്ടം...വലിയ പഠിപ്പുകാരനാണ് പോലും ... നിന്റെ മാതാവ് നിന്നെ വിളിക്കുന്ന പേര് .അത്ര തന്നെ .കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ .അമ്മയുടെ നാവു കൊണ്ട് വിളിക്കുന്നത്‌  എന്ന് .ഞാന്‍ 'ഷംസു 'എന്നാ എഴുതിയത് ."

സംശയം തോന്നിയത് കൊണ്ട് ഞാന്‍ അവന്റെ ഫോറം വാങ്ങി നോക്കി .സത്യം അവന്‍ വീട്ടില്‍ അവന്റെ ഉമ്മ വിളിക്കുന്ന പേരാണ് എഴുതിയത്."ഷംസു ".പക്ഷെ അതിനു മുകളില്‍ എഴുതിയത് കണ്ടപ്പോള്‍ ഞാന്‍ വാ പൊളിച്ചു പോയി.
സെക്സ്  എന്താണ്  എന്ന് പൂരിപ്പിക്കേണ്ട ഇടത്ത് അവന്‍ താല്പര്യം ഇല്ല (not interested )എന്ന് പൂരിപ്പിചിരിക്കുന്നു.അതോടെ ഞാന്‍ പൂരിപ്പിക്കുന്നത് നിര്‍ത്തി.ആരോടെങ്കിലും ചോദിച്ചിട്ട് ആകാം എന്ന് കരുതി.


ആയിടക്ക്  നമ്മുടെ നാട്ടിലെ അമ്മുഅമ്മ കിണറ്റില്‍  വീണു മരിച്ചു.അവന്റെ തൊട്ടു അപ്പുറത്തെ വീടാണ്.അതായത് അയല്‍വാസി  .ഷംസു  തന്റെ കൂട്ടുകാരെ ഒക്കെ അവരുടെ ജോലി സ്ഥലത്ത് വിളിച്ചു കാര്യം പറഞ്ഞു.വിവരം അറിഞ്ഞ എല്ലാവരും എത്തി.ശവം ആശുപത്രിയില്‍ നിന്ന് വന്നപ്പോള്‍ നമ്മള്‍ ഒക്കെ അവിടെ തമ്പടിച്ചു.ആരൊക്കെയോ വരാന്‍ ഉള്ളത് കൊണ്ട്  കുറച്ചു സമയം കൂടി കാത്തുനില്‍ക്കുകയാണ്.അപ്പോള്‍ ഷംസുവിന്റെ മൊബൈലില്‍ ഒരു ഫോണ്‍ വന്നു .
"ഹലോ ഷംസു ഞാന്‍ ശ്രീജിയ ....ശവം ദഹിപ്പിച്ചോ  ?"
"ഇല്ല കുറച്ചു കഴിയും ...ആരോ വരാനുണ്ട്  പോലും "
"കുളിപ്പിക്കലോക്കെ കഴിഞ്ഞോ ?"
"നീ എന്താ പൊട്ടാ പറയുന്നത് ...കിണറ്റില്‍ വീണു മുങ്ങി മരിച്ചിട്ട് ഇനി എന്തിനാ കുളിപ്പിക്കുന്നത് .അല്ലേലും അമ്മുഅമ്മക്ക്  രണ്ടു നേരം കുളിച്ചാല്‍ വലിവ് കൂടും "

അവന്റെ സംസാരം കേട്ട്  മരണവീട് എന്നുപോലും ഓര്‍ക്കാതെ നമ്മളോട് ചിരിച്ചു പോയി.

ആയിടക്ക് നമ്മുടെ സുഹൃത്തായ സതീഷിന്റെ അച്ഛന്‍ മരിച്ചു.കുറച്ചുകാലമായി വയ്യാതെ കിടപ്പിലായിരുന്നു.സതീഷ്‌ ഗള്‍ഫില്‍ ആണ്.അത് കൊണ്ട് തന്നെ നമ്മുടെ കൂട്ടുകാര്‍ ആയിരുന്നു സഹായത്തിനൊക്കെ.അവനെ വെയിറ്റ് ചെയ്യേണ്ട എന്ന് പറഞ്ഞത് കൊണ്ട് ശവമടക്ക് ഒക്കെ കഴിഞ്ഞു രാത്രി വളരെ വൈകിയാണ് സതീഷ്‌ വന്നത്.അവനു ലീവ് കുറവായത് കൊണ്ടും  പെട്ടെന്ന് തന്നെ മടങ്ങി പോകേണ്ടത് കൊണ്ടും മരണാനന്തര ചടങ്ങുകള്‍ ഒക്കെ വേഗം നടത്തുവാന്‍ തീരുമാനമായി.പക്ഷെ ആ ദിവസം നമ്മുടെ ഷംസുവിനെ അവിടൊന്നും കണ്ടില്ല.സതീഷും അന്വേഷിച്ചു.അവന്റെ വീട്ടിലൊക്കെ പോയെങ്കിലും അവന്‍ കാലത്തുതന്നെ എവിടേക്കോ പോയി എന്നാണ് അറിഞ്ഞത്.പിറ്റേന്ന് അവനെ കണ്ടപ്പോള്‍ നമ്മള്‍ കൂട്ടുകാര്‍ അന്വേഷിച്ചു
"നീ എന്തു  പണിയാ കാണിച്ചത് ?സതീഷിന്റെ വീട്ടില്‍ അവന്റെ അച്ഛന്റെ ആവശ്യത്തിന് വരാതെ ..?

"അവന്‍ എന്നെ വിളിച്ചില്ല ...നമ്മുടെ ഉപ്പയും മരിക്കും എന്ന് അവനോടു പറഞ്ഞേക്കു "

സതീഷ്‌  അവനെ വിളിക്കത്തതുകൊണ്ട് (സതീഷ്‌ വിട്ടുപോയതായിരുന്നു )അവന്റെ പ്രതികരണം ഇങ്ങിനെ ആയിപോയി.



കാലം കുറെ കഴിഞ്ഞു അവന്റെ ഉപ്പ മരിക്കുമ്പോള്‍ ആശുപത്രിയിലും വീട്ടിലും ഒക്കെ എല്ലാ സഹായവും ചെയ്തു കൊടുത്തത് സതീഷ്‌ ആയിരുന്നു.ഗള്‍ഫില്‍ നിന്നും നമ്മുടെ മണ്ടന് വരാന്‍ പറ്റാത്ത സാഹചര്യത്തില്‍ പിന്നീടുള്ള എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ സതീഷ്‌ തന്നെ ആയിരുന്നു പ്രവർത്തിച്ചത്.


കഥ :പ്രമോദ്‌ കുമാര്‍ .കെ.പി


മണ്ടത്തരങ്ങളുമായി വീണ്ടും വരാം ....മണ്ടന്റെ പഴയ വിശേഷങ്ങള്‍ അറിയുവാന്‍ :

http://promodkp.blogspot.in/2012/12/blog-post.html
http://promodkp.blogspot.in/2013/07/2.html

Tuesday, July 23, 2013

പ്രാര്‍ഥനയും ശാപവും

ഇന്നലെ രാവിലെ ടി.വിയില്‍ വന്ന ഒരു വാര്‍ത്ത കണ്ടു നടുങ്ങി.വെള്ളകെട്ടില്‍ സ്കൂട്ടര്‍ മറിഞ്ഞു ഒരമ്മയും രണ്ടു കുട്ടികളും മരണപെട്ടു.അച്ഛന്‍ പരിക്കുകളോടെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും ... രാത്രി രണ്ടുമണിക്കോ മറ്റോ ആണ് സംഭവിച്ചത്.ബന്ധുവീട്ടില്‍ നിന്നും നോമ്പ്തുറ കഴിഞ്ഞു മടങ്ങുമ്പോള്‍ ആയിരുന്നു അപകടം പോലും (പിന്നെ ഈ കഥ മാറി).പുലര്‍ച്ചെ ആയതിനാല്‍ രക്ഷ്പെടുത്തുവാന്‍ ആരുമില്ലത്തതാവാം കാരണം എന്ന്  ഞാനും ഭാര്യയും തമ്മിൽ പറഞ്ഞു .കുഞ്ഞു മക്കളെയും കൊണ്ട് പുലര്‍ച്ചെ ഈ മഴകാലത്ത് എങ്ങിനെ അവര്‍ക്ക് പോകുവാന്‍ തോന്നി എന്നും പരസ്പരം ചോദിച്ചു. .ഞാന്‍ ആ അച്ഛനുവേണ്ടി മനമുരുകി പ്രാര്‍ഥിച്ചു.ഒരു നിമിഷം കൊണ്ട് ഭാര്യയേയും മക്കളെയും നഷ്ട്ടപെട്ട ആ അച്ഛനായ ഭര്‍ത്താവിന്റെ ജീവനുവേണ്ടിയും ആ നടുക്കത്തില്‍ നിന്നും ആ മനുഷ്യൻ മുക്തനാകാൻ വേണ്ടിയും  ഞാന്‍ ദൈവത്തോട് യാചിച്ചു.


     ഇന്നലെ കുറെയേറെ ജോലികള്‍ ഉണ്ടായതിനാല്‍ പിന്നെ അതെപറ്റിയുള്ള വാര്‍ത്തകള്‍ ഒന്നും അറിഞ്ഞില്ല.രാത്രി വീട്ടില്‍ വന്നപ്പോള്‍ ഭാര്യ പറഞ്ഞത് കേട്ടായിരുന്നു രാവിലത്തെതിലും കൂടുതല്‍ ഞെട്ടിയത്.ആ അച്ഛനു പരിക്കൊന്നും ഇല്ലെന്നും കൊലപാതകം എന്ന് സംശയം തോന്നി പോലീസ് ചോദ്യം ചെയ്യുകയാണെന്നും..അയാള്‍ കൂസലില്ലാതെ ഇരിക്കുന്ന കുറെ ക്ളിപിംഗ് കാണിച്ചെന്നും...അതൊന്നും സത്യം ആയിരിക്കരുതെ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു .അല്ലെങ്കിലും ഒരു അച്ഛന് അങ്ങിനെയൊക്കെ ചെയ്യുവാന്‍ പറ്റുമോ ? ടി.വി യില്‍ ഇതില്‍ കൂടുതല്‍ ന്യൂസ്‌ ഒന്നും ഉറങ്ങുന്നതുവരെ വന്നില്ല.ഒക്കെ മാധ്യമസൃഷ്ടികള്‍ ആയിരിക്കുമെന്ന് കരുതി ഉറങ്ങാന്‍ കിടന്നു.അവരുടെ പണി തന്നെ ഇപ്പോൾ ആടിനെ പട്ടിയാക്കൽ ആണല്ലോ .അപ്പോഴും ആലോചന അവരെ കുറിച്ചായിരുന്നു ...പാവം അച്ഛന്‍ ..സംശയം മാത്രം ആണെങ്കില്‍ ആ നിരപരാധിയായ അച്ഛനോട്  പോലീസ് എന്ത് മറുപടി പറയും ?ഇതും ഒരു പീഡനം അല്ലെ ?മാനസികപീഡനം ...അതും ഭാര്യയും കുഞ്ഞുങ്ങളും മരിച്ച ഒരാളോട് ഇങ്ങിനെ ചെയ്യാമോ ?ഇപ്പോള്‍ അയാളുടെ മാനസികനില എങ്ങിനെ ആയിരിക്കും ? ഒന്നുകൂടി അയാള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു കിടന്നു.


ഇന്ന് വെളുപ്പിന് ന്യൂസ്‌ കണ്ടപ്പോള്‍ കാര്യം പ്രതീക്ഷിച്ചത് പോലെയല്ല എന്ന് മനസ്സിലായി.വേറെ കല്യാണം കഴിച്ചു സുഖിക്കുവാന്‍ വേണ്ടി ഭാര്യയെയും മക്കളെയും കൊന്ന നീചന്‍  ആയി മാറി ആ അച്ഛന്‍ എന്റെ മനസ്സില്‍..ഇന്നലെ ആര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചുവോ  അവനെ ഇന്ന് മനസ്സുകൊണ്ട് ശപിച്ചു.അവന്‍ പുഴുത്തു മരിക്കട്ടെ എന്നുപോലും വിചാരിച്ചു.മരിക്കണം അവന്‍ പുഴുത്തുതന്നെ ...രണ്ടാം വിവാഹം കഴിക്കുവാന്‍ ഭാര്യ തടസ്സം ആയപ്പോള്‍ അവരെയും അതിലുണ്ടായ കുഞ്ഞുങ്ങളെയും കൊന്ന ഇവനെ പിന്നെ എന്ത് ശപിക്കണം.പോലീസും കോടതിയും ജയിലും ഒക്കെയായി ഇവന്‍ കുറച്ചുനാള്‍ തടവില്‍ ആകും.പിന്നെ പുറത്തിറങ്ങും.ചിലപ്പോള്‍ അവന്‍ ഇപ്പോൾ ആഗ്രഹിച്ചതുപോലെ വേറെ ജീവിതവും തുടങ്ങും.അവന്‍ ജയിലില്‍ കിടന്നാല്‍ മാത്രം നീതി കിട്ടുമോ ആ പാവം കുഞ്ഞുങ്ങള്‍ക്കും അമ്മയ്ക്കും....?

നമ്മുടെ ഉള്ളില്‍ ദൈവവും ചെകുത്താനും ഉണ്ട് .അവരെ എങ്ങിനെ നിയന്ത്രിക്കുന്നു അതനുസരിച്ചാണ് നമ്മള്‍ ജീവിതത്തില്‍ വിജയിക്കുന്നത്..പക്ഷെ ഇപ്പോഴത്തെ കാര്യങ്ങള്‍ കാണുബോള്‍ ഇപ്പോള്‍ കൂടുതല്‍ പേരെയും നിയന്ത്രിക്കുന്നത് ചെകുത്താന്മാര്‍ ആണെന്ന് തോന്നുന്നു.അച്ഛനും അമ്മയും സഹോദരനും സഹോദരിയും ഒന്നും ഇന്നില്ല ...മനുഷ്യന്റെ ആക്രാന്തം അതൊക്കെ പേരിനു മാത്രമാക്കിയിരിക്കുന്നു.അമ്മയെയും സഹോദരിമാരെയും മകളെയും പോലും പീഡിപ്പിക്കുന്ന രാക്ഷസകുലം ആയി നമ്മുടെ മനസ്സ് മാറിയിരിക്കുന്നു.സ്വന്തം സുഖം അതിനുവേണ്ടി എന്തൊക്കെ ചെയ്യുവാന്‍ പറ്റുമോ അതൊക്കെ എത്ര വൃത്തികെട്ടതാണെങ്കിലും ചെയ്യാൻ നമുക്ക് ഒരു മടിയുമില്ല.പലരും മുഖംമൂടി അണിഞ്ഞു സമൂഹത്തിൽ നല്ലപിള്ള ചമഞ്ഞു നടക്കുകയും ചെയ്യുന്നു.

സ്വാര്‍ത്ഥമനസ്സുകള്‍ ആണ് ഇന്ന് വാഴുന്നത്,...ഞങ്ങള്‍ എന്നതില്‍ നിന്നും ഞാന്‍ എന്നതിലേക്ക് നമ്മളും സമൂഹവും മാറി ..ഇപ്പോള്‍ സ്വന്തം കാര്യം മാത്രം മതി ..അതിനുവേണ്ടി നമ്മൾ കൊള്ളരുതായ്മകൾ ചെയ്തു കൊണ്ടിരിക്കുന്നു.എല്ലാറ്റിനെയും നശിപ്പിച്ചുകൊണ്ട് നമ്മൾ പോകുന്നത് ഒരുതരം ആരാജകത്വത്തിലെക്കാണ്.....നമ്മളെ നമ്മൾ തന്നെ നശിപ്പിക്കുന്ന ഒരു വല്ലാത്ത അവസ്ഥയിലേക്ക് ....മനുഷ്യകുലം മുടിയാൻ പോകുന്നു ...രാക്ഷസകുലം പുനർജനിക്കുന്നു..

-പ്രമോദ് കുമാർ.കെ.പി 

Friday, July 19, 2013

ചൂതാട്ടം

മലേഷ്യയിലെ എന്റെ പ്രവാസകാലം.ജീവിതത്തില്‍ കിട്ടിയ നല്ല ഒരു കാലം.എല്ലാ അവധി ദിവസങ്ങളിലും കൂട്ടുകാര്‍ ഒത്തു ചേരും.അങ്ങിനെ കാര്യങ്ങള്‍ ഒക്കെ അനുകൂലമായാല്‍ ചെറിയ ഒരു ട്രിപ്പ്‌ ഒക്കെ നടത്തും.ഇരുനൂറും മുന്നൂറും കിലോമീറ്റര്‍ അകലെ കിടക്കുന്ന സുഹൃത്തുക്കളെ വല്ലപ്പോഴും സന്ദര്‍ശിക്കും.ഇല്ലെങ്കില്‍ ഗെന്റിംഗ് ഹൈലാന്‍ഡില്‍ പോകും.


മലേഷ്യയിലെ എന്നല്ല സൗത്ത്‌ ഈസ്റ്റ്‌ ഏഷ്യയിലെ വലിയ ചൂതാട്ട കേന്ദ്രമാണ് അത്.മുസ്ലിം രാഷ്ട്രമായ ഇവിടെ ഇങ്ങിനെ ഒരു ചൂതാട്ട കേന്ദ്രം വിരോധാഭാസം ആണെങ്കിലും സാമ്പത്തികമായി വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന അവിടെയുള്ള  പൌരന്മാര്‍ ആയ ചീനന്‍മാര്‍ക്ക്  ഇതില്ലാതെ വയ്യ.ഗവര്‍ണ്മെന്റിന് അവരെ വെറുപ്പിക്കാനും വയ്യ .സമ്പത്തിന്റെ കൂടുതല്‍ ഭാഗം അവരുടെ കയ്യിലാണ്. അവര്‍ക്ക് അവരുടെ ജീവിതം ആസ്വദിക്കുവാനുള്ളതാണ് .ആഴ്ചയില്‍ അഞ്ചു ദിവസം എല്ലുമുറിയെ പണിയെടുക്കും പിന്നത്തെ രണ്ടു ദിവസം ആസ്വാദനം .അത് ചിലപ്പോള്‍ കാമുകിയുമായി ഔട്ടിംഗ് ആകാം.അല്ലെങ്കില്‍ ഇതുപോലത്തെ ചൂതാട്ട കേന്ദ്രത്തിലും ആകാം. ഈ ഒരു ചൂതാട്ടകേന്ദ്രത്തില്‍ നിന്നും ദിവസേന വലിയ ഒരു വരുമാനം സര്‍ക്കാരുകള്‍ക്കും കിട്ടും.അങ്ങിനെ ചൂതാടാന്‍ ആരും എത്തിപെടരുത് എന്നത് കൊണ്ടോ എന്തോ ഇത് അനുവദിച്ചിരിക്കുന്നത്  സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയരത്തിലുള്ള ഒരു മലയുടെ മുകളില്‍ ആണ്.ചുറ്റും ഘോരവനങ്ങളും..എന്നിട്ടും ഇപ്പോള്‍ കൂടുതല്‍ പേര്‍ പോകുന്ന സ്ഥലമായി ഇത് മാറി 
.

വലിയ വാഹനങ്ങള്‍ പത്തു കിലോമീറ്ററോളം താഴെവരെയേ ചെല്ലൂ .പിന്നെ അവിടുന്ന് കേബിള്‍ കാറില്‍ മുകളില്‍ എത്തണം.അവിടേക്ക് പോകുന്നവര്‍ പലരും കേബിള്‍ കാറില്‍ കൂടി മുകളില്‍ എത്തുവാന്‍ ആണ് ഇഷ്ടപെടുക ...കാടിന് മുകളില്‍ കൂടിയുള്ള ആ യാത്ര നല്ല ഒരു അനുഭവം കൂടിയാണ്.പക്ഷെ നമ്മള്‍ക്ക് കാറില്‍ തന്നെ മുകളില്‍ എത്തണം.കാരണം ഈ പ്രകൃതിസൌന്ദര്യം ഒക്കെ കുറെ വര്‍ഷങ്ങള്‍ ആയി ആസ്വതിച്ചതാണ്..നമ്മുടെ ലക്‌ഷ്യം ചൂതാട്ടം മാത്രമാണ്. പല സ്ഥലത്തുനിന്നും  മാത്രമല്ല പല  രാജ്യക്കാരും ഇവിടെ വന്നു കളിക്കും .നേടും നഷ്ട്ടപെടുത്തും .

  വെറും ചൂതാട്ട കേന്ദ്രം മാത്രമല്ല അത് .സിറ്റി  ഓഫ്  എന്റര്‍റ്റിന്‍ന്മേന്റ്റ്‌  എന്ന് കൂടി പേര്‍ ഉണ്ട്.ആ മലക്ക് മുകളില്‍ നല്ല ഒരു ടൌണ്‍ ഉണ്ട്.നക്ഷത്ര ഹോട്ടല്‍ ഉണ്ട് ,പബ്‌ ഉണ്ട് .ബാങ്ക് ഉണ്ട് ..കൂടാതെ വാട്ടര്‍ തീം പാര്‍ക്കും കിഡ്സ്‌ വേള്‍ഡ് ഗെയിം സെന്റര്‍  ഒക്കെ ഉണ്ട്.എല്ലായ്പ്പോഴും  കുളിര്‍മാത്രം ഉള്ള അവിടെ ധാരാളംപേര്‍ സന്ദര്‍ശകര്‍ ആയി ചെല്ലുന്നു.ശരിക്ക് നമ്മുടെ ഊട്ടിയിലെ തണുപ്പ് .അത് കൊണ്ട് തന്നെ കുലാലംപൂരിനടുത്തുള്ള  (തലസ്ഥാനം )ഉള്ള ഒരു ഫാമിലി എന്ജോയ്‌ ചെയ്യാന്‍ ആദ്യം തിരഞ്ഞെടുക്കുക ഈ ഹൈലാന്‍ഡ്‌ തന്നെയാണ്.പലരും ഫാമിലിയെ തീം പാര്‍ക്കില്‍ വിട്ടു ചൂതാട്ടത്തിന് പോകും.കിട്ടിയവരെക്കാള്‍ നഷ്ട്ടപെട്ടവര്‍ ആണെങ്കിലും അവിടേക്കുള്ള തിരക്ക് മാത്രം കുറയില്ല.ശനി ,ഞായര്‍ മറ്റു അവധി ദിവസങ്ങളില്‍ അവിടെ ഭയങ്കര തിരക്ക് ആയിരിക്കും.സ്വന്തം രാജ്യത്തില്‍ മലയ്‌ പൌരന്മാര്‍ക്ക് പോകാന്‍ പറ്റാത്ത  ഒരേ ഒരു സ്ഥലം കൂടിയാണ് അത്.ചൂതാട്ടം അവര്‍ക്ക് ഹറാം ആയതുകൊണ്ട് അവിടേക്ക് പ്രവേശനം ഇല്ല.

അങ്ങിനെ ആ ആഴ്ചത്തെ ട്രിപ്പ്‌ നമ്മള്‍ അവിടേക്ക് ആക്കി.അങ്ങിനെ മൂന്നാല് കാറില്‍ നമ്മള്‍ രാവിലെ തന്നെ പുറപ്പെട്ടു.സുഹൃത്തും ഫാമിലിയും ഞാനും ആയിരുന്നു ഒരു കാറില്‍ .എന്റെ ഫാമിലി ആ സമയത്ത് നാട്ടിലായതിനാല്‍ ഞാന്‍ ഒറ്റത്തടി.നല്ല ഒരു യാത്ര ആയിരുന്നു.എത്തിയ ഉടനെ സ്ത്രീകളെയും കുട്ടികളെയും ഒക്കെ തീം പാര്‍ക്കില്‍ വിട്ടു ഞങ്ങള്‍ ചൂതാട്ടം ആരംഭിച്ചു.കുട്ടികളെ ഗാബ്ലിംഗ്  ചെയ്യുന്ന സ്ഥലത്ത് കയറ്റാത്തത് കൊണ്ട് ശ്രീമതിമാര്‍ അവിടേക്ക് വരാന്‍ വാശി പിടിക്കില്ല. അവര്‍ക്ക് തീം പാര്‍ക്കിലെ ഊഞ്ഞാലും വെള്ളവും ഒക്കെ മതി.അത് കൊണ്ട് തന്നെ നമ്മുടെ പണം പോകുന്നതും വരുന്നതും അവര്‍ അറിയില്ല. ഉപദേശിക്കാനും ഉണ്ടാവില്ല.അന്ന്  ഏതാണ്ട് അമ്പതിനായിരം രൂപക്കടുത്തു നമ്മള്‍ രണ്ടുപേര്‍ക്കും കൂടി നേടുവാന്‍ കഴിഞ്ഞു..അതിന്റെ ത്രില്ലില്‍ ആയിരുന്നു ഞങ്ങള്‍.

അത് കൊണ്ട് തന്നെ അന്ന് അവിടെ തങ്ങി പിറ്റേന്ന് വരുവാനായിരുന്നു പ്ലാന്‍ .പക്ഷെ വൈകുന്നേരം ആയതോടെ സുഹൃത്തിന്റെ മോന് പനി തുടങ്ങി.രാത്രി അവിടെ തങ്ങിയാല്‍ പനി കൂടും എന്നതിനാല്‍ നമ്മള്‍ മാത്രം മലയിറങ്ങാന്‍ തീരുമാനിച്ചു ..അങ്ങിനെ നമ്മുടെ കാര്‍ മാത്രം സന്ധ്യയോടെ മല ഇറങ്ങി.അവനു മോന്റെ  പനി ടെന്‍ഷന്‍ കൊടുത്തുവെങ്കിലും കിട്ടിയ പണം അവനെ സന്തോഷിപ്പിച്ചിരുന്നു.ആദ്യമായിട്ടാണ് ഇത്ര വലിയ തുക കിട്ടുന്നതും.കാര്‍ നല്ല സ്പീഡില്‍ ഇറക്കം ഇറങ്ങുകയാണ്.ഒരു ഭാഗത്ത്‌ കാടും മറുഭാഗത്ത്‌ മുകളിലേക്കുള്ള റോഡും ആണ്.നമ്മള്‍ തമാശയും ഗോസിപ്പും ഒക്കെ പറഞ്ഞു കുത്തനെയുള്ള  മല ഇറങ്ങുകയാണ്.മുന്നിലും പിന്നിലും വാഹനങ്ങള്‍  ഉണ്ട് .എന്നാലും റോഡില്‍ സാധാരണ പോലെ അത്ര തിരക്കില്ല .പെട്ടെന്ന് സ്വിച്ചു ഇട്ടതുപോലെ അവന്റെ സംസാരം നിന്നു...ഞാന്‍ നോക്കുമ്പോള്‍ അവന്‍ വിയര്‍ക്കുന്നു ..വെപ്രാള പെടുന്നു ..എന്തൊക്കെയോ ചെയ്യുന്നു...ചെയ്യാന്‍ ശ്രമിക്കുന്നു `



"എന്താട "

അവന്‍ ചൂണ്ടു വിരല്‍ കൊണ്ട്  മിണ്ടല്ലേ എന്ന് ആഗ്യം കാട്ടി പിന്നെ ഒന്നുമില്ല എന്നര്‍ത്ഥത്തില്‍ തലയാട്ടി.അവന്‍ പതിയെ കണ്ണാടിയിലൂടെ പിറകിലേക്ക് നോക്കി.അവന്റെ ഭാര്യയുംമോനും ഉറങ്ങുകയാണ്.അത് കണ്ട അവന്‍ എന്നെ അടുത്തേക്ക്‌ വിളിച്ചു പതിയെ എന്റെ ചെവിയില്‍ പറഞ്ഞു 

"ബ്രേക്ക്‌ കിട്ടുന്നില്ല "

ഞാന്‍ ഞെട്ടി .എന്റെ ഉള്ളൊന്നു കാളി.വായില്‍ നിന്നും വന്നേക്കാവുന്ന ശബ്ദം ഞാന്‍ കഷ്ട്ടപെട്ടു പിടിച്ചു നിര്‍ത്തി.എന്ത് ചെയ്യും ?.റോഡില്‍ വാഹനങ്ങള്‍ കൂടി വന്നു ..ഒരേ സ്പീഡില്‍ പോകാന്‍ കഴിയുന്നത് കൊണ്ട് ഇപ്പോള്‍ പ്രശ്നം ഇല്ല .സ്പീഡ്‌ കുറയ്ക്കുമ്പോള്‍ പിന്നില്‍ നിന്നും ഹോണ്‍ ശബ്ദം ഉയരും .പെട്ടെന്ന്  നിര്‍ത്തേണ്ട ആവശ്യം വന്നാല്‍..?.ഒരു ആക്സിടെന്റ്റ്‌ ഉറപ്പിച്ചു .മരണം വട്ടമിട്ടു പറക്കുന്നതായി അനുഭവപ്പെട്ടു.നാട്ടിലെ ഭാര്യയും മകനും ..അച്ഛനും അമ്മയും ഒക്കെ മനസ്സിലൂടെ  മുന്നില്‍ എത്തി.സകല ദൈവത്തെയും വിളിച്ചു രക്ഷിക്കണേ എന്ന് അപേക്ഷിച്ചു .



അവനെ നോക്കുമ്പോള്‍ അവനും വല്ലാത്ത ഒരു സ്ഥിതിയില്‍ ആണ് .അവന്‍ ഇടക്കിടക്ക്  ബ്രേക്ക്‌ ചവിട്ടി ടെസ്റ്റ്‌ ചെയ്യുന്നുണ്ട്.ഒരു മിറക്കിള്‍ മാത്രം ആണ് നമ്മുടെ പ്രതീക്ഷ...പൊടുന്നനെ പുറത്തു നിന്നും വന്ന വെളിച്ചം എന്റെ കണ്ണില്‍ എന്തോ ഉടക്കി.പെട്ടെന്ന് തന്നെ മൊബൈലിലെ ടോര്‍ച് ഓണ്‍ ചെയ്തു ഞാന്‍ ബ്രേക്ക്‌ ഉള്ള സ്ഥലം നോക്കി.അപ്പോഴാണ്‌ ഒരു കുളിര്‍കാറ്റു മനസ്സിലൂടെ കടന്നു പോയത്.ഞാന്‍ തന്നെ കുനിഞ്ഞു കഷ്ട്ടപെട്ടു ബ്രേക്കിനടിയില്‍ നിന്നും അത് വലിച്ചെടുത്തു ...ഒരു പെപ്സിയുടെ ബോട്ടില്‍ ആയിരുന്നു അത്.പിന്നില്‍ നിന്നും ഉരുണ്ടു വന്ന അത് ബ്രേക്കിനടിയില്‍ പെട്ട്  കിടക്കുകയായിരുന്നു.അത് കൊണ്ടായിരുന്നു ബ്രേക്ക്‌  കിട്ടാതിരുന്നത് .വീതികൂടിയ സ്ഥലം എത്തിയപ്പോള്‍ അവന്‍ റോഡില്‍ നിന്നും മാറി വണ്ടി ചവുട്ടി നിര്‍ത്തി.നമ്മള്‍ അന്നെരമാണ് ശ്വാസം വിട്ടത്.പിന്നെ പൊട്ടിച്ചിരിച്ചു ...അത് കേട്ട് അവന്റെ ഭാര്യയും മോനും  എഴുനേറ്റു.കുഞ്ഞു ചിനുങ്ങാന്‍ തുടങ്ങി .ഉറക്കം നഷ്ട്ടപെട്ട ദേഷ്യത്തോടെ അവള്‍  ചോദിച്ചു 

"രണ്ടിനും വട്ടായി പോയോ "

നമ്മള്‍ ഒന്നും മിണ്ടിയില്ല .വെറുതെ ചിരിച്ചു കാണിച്ചു.അവര്‍ കുഞ്ഞിനെ ഉറക്കിയ ശേഷം വീണ്ടും ഉറക്കത്തിലേക്ക് കടന്നു.

പിന്നെ ഇതേ പറ്റി ഓരോ കാര്യങ്ങള്‍ പറഞ്ഞു നമ്മള്‍ വീട്ടിലെത്തി.അവിടുന്ന് പിരിയും മുന്നേ ഞാന്‍ ചോദിച്ചു 

"എപ്പോഴാനെടാ പണം കിട്ടിയതിന്റെ പാര്‍ട്ടി നമ്മള്‍ നടത്തുന്നത് ?"

"അത് പോയി മോനെ ..മരണം മുന്നില്‍ കണ്ടപ്പോള്‍ ഞാന്‍ അത് പുതുരായയിലെ (അവിടുത്തെ ഒരു സ്ഥലം..അവിടെ ഗണപതി കോവില്‍ ഉണ്ട് .. )ഗണപതിക്ക്  നേര്‍ന്നു.അന്നേരം മറ്റൊന്നും ആലോചിച്ചില്ല .നമ്മുടെ ജീവനുവേണ്ടി മാത്രം യാചിച്ചു.നീയും വരണം അടുത്താഴ്ച നമുക്ക് ഒന്നിച്ചുപോയി കൊടുക്കാം."

തിരിഞ്ഞു നടക്കുമ്പോള്‍ പണ്ട് എനിക്ക് എവിടുന്നോ കിട്ടിയ ഉപദേശം ആണ് മനസ്സില്‍ മിന്നി മറഞ്ഞത് 

"നല്ല വഴിയിലൂടെ മാത്രം സബാദിക്കുക.. അര്‍ഹമല്ലാത്തതോന്നും ആഗ്രഹിക്കരുത് ..കൈവശ പ്പെടുത്തരുത് .അങ്ങിനെ ലഭിച്ചാല്‍ തന്നെ അത് ദീര്‍ഘകാലം നിലനില്‍ക്കില്ല ."

സത്യമല്ലേ ...നമ്മള്‍ നേടിയെന്നു തോന്നുന്ന ആ പണം എത്രപേരുടെ കണ്ണുനീരും കഷ്ട്ടപാടുമായിരിക്കും ...എത്രപേരുടെ ശാപം ആയിരിക്കും ..ദൈവം തന്നത് ദൈവം തന്നെ തിരിച്ചെടുത്തു ...ദൈവത്തിനു ചൂതാടാനുള്ള കരുക്കള്‍ ഈ നമ്മള്‍ ...അങ്ങിനെ കരുതാം 

എന്നാലും നൂറു രൂപ പോലും വിലയില്ലാത്ത എന്റെ പെപ്സി ബോട്ടിലെ ...നീ അടിച്ചെടുത്തത് നമ്മുടെ അര ലക്ഷമാണ് ...അതോടെ ഞാന്‍ പെപ്സിയെ വെറുത്തു ...ഇപ്പോള്‍ പെപ്സി ബോട്ടില്‍ കാണുന്നത് തന്നെ കലിയാണ് ..

ജീവിതത്തില്‍ നിന്നും :  പ്രമോദ്‌ കുമാര്‍ .കെ.പി 



Saturday, July 6, 2013

അകന്നു പോയ സ്നേഹവാല്‍സല്യം


ദുഃഖം തളംകെട്ടി നില്‍ക്കുന്ന അവളുടെ മുഖത്ത് നോക്കുമ്പോള്‍ തന്നെ അയാള്‍ക്ക്‌ വിഷമം തോന്നുന്നു.അവന്‍ പോയതില്‍ പിന്നെ ശരിക്ക് അവള്‍ ഉറങ്ങിയിട്ടില്ല എന്തിനു കാര്യമായി ഭക്ഷണം കഴിച്ചിട്ട് തന്നെ രണ്ടു ദിവസങ്ങള്‍ ആയി .അന്ന് മുതല്‍ ഓരോ ബന്ധു വീടുകളില്‍ കയറിയിറങ്ങുകയാണ് രണ്ടു പേരും..അവന്‍ അവിടെ എങ്ങാനും പോയിട്ടുണ്ടോ എന്നറിയാന്‍.ഇന്നത്തെപോലെ ഫോണ്‍ വ്യാപകമായിട്ടില്ലാത്ത കാലമാണ്.ഒരു വിവരം പെട്ടെന്ന് അറിയണം എന്നുണ്ടെങ്കില്‍ പോയി തന്നെ തിരക്കണം.മലബാറിനുള്ളിലുള്ള  ബന്ധുക്കള്‍ മാത്രമേ രണ്ടു പേര്‍ക്കും ഉള്ളൂ ..ഇപ്പോള്‍ തന്നെ പലരുടെയും വീട്ടില്‍ പോയി ..അതും അവന്‍ പോകും എന്നുറപ്പുള്ള വീടുകളില്‍ ഒക്കെയും ..പിന്നെ ഒരു പ്രതീക്ഷയുടെ പുറത്തു മറ്റിടങ്ങളിലും ..പക്ഷെ അവന്‍ അവിടെ എവിടെയും ചെന്നിട്ടില്ല ...ബസ്‌ സ്റ്റാന്റ് ,റെയില്‍വേ സ്റ്റേഷന്‍ ഒക്കെയും  നോക്കി കൂടാതെ നഗരത്തിലെ പല ഹോട്ടലിലും കയറി ഇറങ്ങി.ചാടി പോകുന്ന മക്കള്‍ അധികവും ആദ്യം  നോക്കുക കുറച്ചു പണം ഉണ്ടാക്കാനാണ്.അതിനു അവര്‍ക്ക് എളുപ്പം ജോലി കിട്ടുക ഹോട്ടലില്‍ ആണ് താനും.
എല്ലാ ബന്ധു വീട്ടില്‍ നിന്നും ഒരേ ചോദ്യം കൊണ്ടാണ് സ്വാഗതം ചെയ്തത്.

 "എന്തെ മോനെ കൊണ്ടുവന്നില്ല ?"

അത് കേള്‍ക്കുമ്പോള്‍ തന്നെ അവളുടെ മുഖം മങ്ങും .പക്ഷെ പുറത്തു കാണിക്കാതെ അവള്‍ പിടിച്ചു നില്‍ക്കും.എന്തെങ്കിലും കള്ളം പറയും .അവളെ സമ്മതിക്കണം .ഇത്രയും ദുഃഖം ഉള്ളിലൊതുക്കി അവരോടു കളി തമാശ പറയുന്നതും വിശേഷങ്ങള്‍ പങ്കു വെക്കുന്നതുമൊക്കെ കാണുമ്പോള്‍ അയാളുടെ ഉള്ളില്‍ തീ ആളി കത്തുകയാണ്.നെഞ്ച് എരിയുകയാണ് .പക്ഷെ ആ വീട്ടില്‍ നിന്നുമിറങ്ങിയാല്‍ അവള്‍ പൊട്ടി പൊട്ടി കരയും .എന്ത് പറഞ്ഞാണ് അവളെ ആശ്വസിപ്പിക്കുക .
 .
.

"അവിടെയും ഇല്ലല്ലോ ചേട്ടാ ..നമ്മുടെ മോന്‍  പിന്നെ അവന്‍ എവിടെ പോയി ?"

"അവന്‍ വരും ...നീ സമാധാനിക്കു .." അത്രയുമേ അയാള്‍ക്ക്‌ പറയാന്‍ കഴിഞ്ഞുള്ളൂ .

ചെറിയ ഒരു വഴക്കാണ് എല്ലാറ്റിനും കാരണം .അപ്പുറത്തെ വീട്ടിലെ ആഷിക്കിന്റെതുപോലെ ഒരു സൈക്കിള്‍ അവനും വേണം .മാസാമാസം ചിലവുകള്‍ തന്നെ കഷ്ട്ടിച്ചു കൊണ്ട് പോകുന്ന അയാള്‍ക്ക്‌ അത് നിറവേറി കൊടുക്കുവാന്‍ കഴിയില്ലായിരുന്നു.ആഷിക്കിന്റെ ഉപ്പ ഗള്‍ഫില്‍ ആണെന്നും നല്ല പൈസ കൈവശം ഉണ്ടെന്നും അതുപോലെ അച്ഛന് കഴിയില്ല എന്നും പറഞ്ഞു കൊടുത്തു അവള്‍ ...പക്ഷെ അതൊന്നും അവന്‍ ചെവികൊണ്ടില്ല .അവനു ഒരേ വാശി ആയിരുന്നു സൈക്കിള്‍ വേണം ..അവസാനം സഹികെട്ട അയാള്‍ അവനെ ഒന്നടിച്ചു .അതിനു പിണങ്ങി പോയതാണ് .ഉച്ച്ക്ക് ഭക്ഷണം പോലും കഴിക്കാന്‍ വന്നില്ല....കൂട്ടുകാരുടെ വീട്ടില്‍ ഉണ്ടാവുമെന്നുകരുതി ..ചിലപ്പോള്‍ അവന്‍ അവിടുന്നൊക്കെ ഭക്ഷണം കഴിക്കാറുണ്ട്..പിണങ്ങിയത്  കൊണ്ട് അങ്ങിനെ ചെയ്തതാവും എന്ന് കരുതി...വൈകുന്നേരമായി ..സന്ധ്യയായി ...മനസ്സില്‍ ആദി കയറി തുടങ്ങി ...രാത്രിയായി .ഇരുപ്പുറക്കാതെയായി .അവന്‍ വന്നില്ല ആരെയും മിസ്സിംഗ്‌ കാര്യം അറിയിച്ചില്ല .അവള്‍ സമ്മതിച്ചില്ല അതാണ്‌  സത്യം..പലരും നമ്മളെ കുറ്റപെടുത്തും .അവനെയും..അത് വേണ്ട ...അവന്‍ വരും എന്ന് അവള്‍ അയാളെ സമാധാനിപ്പിച്ചു.എന്നിട്ടും ഇരുപ്പുറക്കാതെ .അവന്റെ കൂട്ടുകാരുടെ ഒക്കെ വീടുകളില്‍ അയാള്‍ വെറുതെ പോയി നോക്കി..നിരാശ ആയിരുന്നു ഫലം .മിസ്സിംഗ്‌ എന്ന് പറഞ്ഞാല്‍ എല്ലാവരും ഇടപെടും .നാളെ അവന്‍ ഓടിപ്പോയ കുട്ടിയായി സമൂഹം കളിയാക്കും..അത് വേണ്ട .കൂടാതെ .അവന്‍ ഇവിടെ എവിടെയെങ്കിലും ഒളിച്ചിരിക്കുന്നുവെങ്കില്‍ അവിടുന്ന് മുങ്ങും..അതും  വേണ്ട .... .മനസ്സില്‍ ഭീതി കൂടി കടന്നു കയറിയപ്പോള്‍ അയല്‍ക്കാരോടു ആലോചിച്ചു പോലീസില്‍ അറിയിക്കുവാന്‍ തീരുമാനിച്ചു.പക്ഷെ  അവള്‍ സമ്മതിച്ചില്ല .നല്ല അയല്‍ക്കാരോടു പോലും പറയാന്‍ വിട്ടില്ല..അവള്‍ക്കു ഒരു കാര്യം  ഉറപ്പായിരുന്നു .

".പട്ടണത്തിലെ മാമന്റെ വീട്ടില്‍ പോയിരിക്കും.......പിണക്കം തീര്‍ന്നാല്‍ അവന്‍ നാളെ ഇങ്ങു വരും ..അല്ലെങ്കില്‍ വേണ്ട നമുക്ക് തന്നെ രാവിലെ  പോയി വിളിച്ചു കൊണ്ട് വരാം."

അവളുടെ ധൈര്യം കണ്ടു അന്തിച്ചു..ഉറക്കം വരാതെ കട്ടിലില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിയുമ്പോള്‍ എന്തോ ഞരക്കം കേട്ട്നോക്കി.പുതപ്പിനുള്ളില്‍ മുഖമമര്‍ത്തി ഒച്ച ഇല്ലാതെ കരയുന്ന അവള്‍.അവള്‍ക്കും ഉറക്കമില്ല .പൊന്നോമന മകനെ ഓര്‍ത്ത്‌...എല്ലാം ഉള്ളിലോതുക്കുക ആയിരുന്നു ആ അമ്മ..അയാള്‍ വിഷമിക്കാതിരിക്കുവാന്‍...അയാളുടെ കണ്ണുകളും ഈറനായി.അയാള്‍ അവളെ ചേര്‍ത്തുപിടിച്ചു .

എങ്ങിനെയൊക്കെയോ നേരം വെളുപ്പിച്ചു ..രാവിലെ തന്നെ പട്ടണത്തിലേക്ക്  ഇറങ്ങി .മാമന്റെ വീട് ആയിരുന്നു ലക്ഷ്യം.അവിടെ ചെന്നപ്പോള്‍ നിരാശ തന്നെ ആയിരുന്നു ഫലം.അതോടെ അവളുടെ ധൈര്യം ചോര്‍ന്നു പോയി.ഇപ്പോള്‍ മൂന്നു ദിവസമായി അവന്‍ പോയിട്ട്.അന്വേഷണവും....ഇനി എവിടെ പോകും ?എന്റെ മോനെ നീ  ഞങ്ങളെ പരീക്ഷിക്കരുതെ...

.സന്ധ്യ  ആയതോടെ അന്നത്തെ അന്വേഷണവും പൂര്‍ത്തിയാക്കി .അവര്‍ വീട്ടിലേക്കു മടങ്ങി.ഇനി പോലീസ് മാത്രമേ രക്ഷ ഉള്ളൂ എന്ന് മനസ്സ് പറഞ്ഞു...ഏതായാലും ഇന്ന് എല്ലാവരെയും അറിയിച്ചു അടുത്ത കാര്യങ്ങള്‍ തീരുമാനിക്കണം.അവരുടെ അഭിപ്രായം പോലെ ചെയ്യാം.അന്നുതന്നെ  പോലീസിനെ അറിയിച്ചാല്‍ മതിയായിരുന്നു.പക്ഷെ വരും വരും  എന്നുള്ള പ്രതീക്ഷ അതില്‍ നിന്നും വിലക്കി .അവന്‍ കയ്യെത്താത്ത ദൂരത്തേക്ക് എത്തിപോയോ ?

ക്ഷേത്രത്തില്‍ നിന്നും മണിയടി കേള്‍ക്കുന്നുണ്ട്.ചിലര്‍ തിരക്കിട്ട് ക്ഷേത്രത്തിലേക്ക് പോകുന്നു.സന്ധ്യ വിളക്ക് കാണുവാന്‍ ആയിരിക്കും.പരിചിതര്‍ അയാളെ ചിരിച്ചു .അയാളും ...

"ചേട്ടാ ഒരു മിനുട്ട് ...ഇതുവരെ മോനെ കാണാതായത് നമ്മള്‍ ആരോടും പറഞ്ഞില്ല.ഇനി അത് ഒളിച്ചു വെയ്ക്കേണ്ട ..ഞാന്‍ പറഞ്ഞിട്ടുവരാം.അതും പറഞ്ഞു അവള്‍ ക്ഷേത്രത്തിലേക്ക് കയറി.ഒരിക്കലും അമ്പലത്തില്‍ കയറാത്ത അയാളെ അവള്‍ വിളിച്ചുമില്ല.എങ്കിലും ആദ്യമായി അയാള്‍ മനമുരുകി ദൈവത്തിനെ വിളിച്ചു.തന്റെ മകന് വേണ്ടി ..

വീട്ടിലെത്തുമ്പോള്‍ ഇരുട്ട് വ്യാപിച്ചിരുന്നു.അയാള്‍ വരാന്തയിലെ ലൈറ്റ്ഓണ്‍ ചെയ്തു.വീട് തുറക്കാന്‍ ശ്രമിക്കവേ ഇറയത്ത് അങ്ങേയറ്റത്ത് കസേരയില്‍ അവശനായി കിടക്കുന്ന മകനെ കണ്ടു ....അന്നേരമാണ് അവളും അത് ശ്രദ്ധിച്ചത് .ഒരു എങ്ങലോടെ അവര്‍ ഓടി അവന്റെ അടുത്തെത്തി ...മയങ്ങി കിടക്കുന്ന അവനെ വിളിച്ചുണര്‍ത്തി.

"എവിടെയാ അമ്മെ പോയത് ...ഞാന്‍ വന്നിട്ട് എത്ര സമയമായി എന്നറിയാമോ ?വിശന്നിട്ടു വയ്യ ..രണ്ടു ദിവസമായി വെള്ളമല്ലാതെ ഒന്നും കഴിച്ചുമില്ല"..

അവനെ കെട്ടിപിടിച്ചു അവള്‍ പൊട്ടി പൊട്ടി കരഞ്ഞു .സന്തോഷവും സങ്കടവും കൊണ്ട് അവള്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. .അയാള്‍ വേഗം വീട് തുറന്നു ..മോനെ എടുത്തുകൊണ്ട് അയാളും അവളും വീട്ടിലേക്കു കയറി.മോനെ കട്ടിലില്‍ കിടത്തിയിട്ടു അയാള്‍ പൊടുന്നനെ പുറത്തേക്കോടി ..വീട്ടില്‍ പെട്ടെന്ന് തിന്നുവാന്‍ പറ്റിയ ഒന്നുംകാണില്ല... ...രണ്ടു മൂന്നു ദിവസമായി യാത്രയല്ലേ .....ഇവനെ തേടി ........അവനാനെങ്കില്‍ ഭയങ്കര വിശപ്പും...അവന്‍ ഉപേക്ഷിച്ചു പോയ സ്നേഹവാത്സല്യങ്ങള്‍ വീണ്ടും അനുഭവിച്ചു കൊണ്ടിരുന്നു.


മണിയൊച്ച  കേട്ടപ്പോള്‍ ഓര്‍മകളില്‍ നിന്നും അയാള്‍ ഞെട്ടി.അമ്മ പറഞ്ഞു കൊടുത്ത കാര്യങ്ങളാണ് മനസ്സിലൂടെ ഓടിപോയത്.തന്നെ കുറിച്ചുള്ള കാര്യങ്ങള്‍.തന്റെ ചെറുപ്പത്തിലെ ഒളിച്ചോട്ടം അവരില്‍ രണ്ടുമൂന്നു ദിവസം ഉണ്ടാക്കിയ വേദനകള്‍ ...

അയാള്‍ ദേവിക്ക്  മുന്നില്‍ മനമുരുകി പ്രാര്‍ഥിച്ചു .."ദേവി ആ മകനാണ് ഞാന്‍ .. ....അമ്മ ഇന്നും വിശ്വസിക്കുന്നു ദേവിയാണ് എന്നെ തിരികെ കൊടുത്തതെന്ന് ..സത്യം മറ്റു പലതുമാണ് ..എങ്കിലും അത്  വിശ്വസിക്കുവാനാണ് അമ്മക്ക്    ഇഷ്ടം.അയാള്‍ അമ്മക്ക് വേണ്ടി പ്രാര്‍ഥിച്ചു .അമ്മ പെട്ടെന്ന് സുഖം പ്രാപിച്ചു എഴുനേറ്റു വരണമേ ദേവി ...ഞാന്‍ മാസങ്ങളായി ആവശ്യപെടുകയാണ് .

അമ്മ കിടപ്പിലായതില്‍ പിന്നെ ദൂരെ ഉള്ള നല്ല ജോലി ഒക്കെ ഉപേക്ഷിച്ചു നാട്ടില്‍ തന്നെയാണ്.സഹായത്തിനു വീട്ടില്‍ ഒരു ഹോം നേഴ്സ് ഉണ്ട്. ജീവിതവഴിയില്‍ കിട്ടിയ കയ്പ്പുള്ള അനുഭവം കല്യാണത്തില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ കാരണമായി. അതില്‍ മാത്രമായിരുന്നു അമ്മക്ക് അയാളോട്  ദേഷ്യം.പല തവണ നിര്‍ബന്ധിച്ചിട്ടും അയാള്‍ വഴങ്ങിയില്ല.ആ നഷ്ട്ട പ്രണയത്തിന്റെ വേദന തന്നെയാണ് നാട്ടില്‍ നിന്നും അകറ്റി നിര്‍ത്തിയതും..പക്ഷെ അമ്മ വീണപ്പോള്‍ നഗരത്തില്‍ നിന്നും ഓടിയെത്തിയതാണ് ..പിന്നെ പോയില്ല...കുറെ പണം ഉണ്ടാക്കി ..ആര്‍ക്കു വേണ്ടി ? ദൂരെ നഗരത്തില്‍ വന്നു നില്ക്കാന്‍ അമ്മക്ക് താല്പര്യം ഉണ്ടായിരുനില്ല ....അച്ഛന്റെ ഓര്‍മകളില്‍ കടിച്ചു തൂങ്ങി നാട്ടില്‍ കഴിയുവാനായിരുന്നു തീരുമാനം..അത് കൊണ്ട് ഇടയ്ക്കിടെ വന്നു ഒന്ന് രണ്ടാഴ്ച അമ്മയ്ക്കൊപ്പം..അങ്ങിനെ വര്‍ഷങ്ങള്‍ പോയി...സഹായത്തിനു നാണിയമ്മ ഉണ്ടായിരുന്നു.അവരും പോയപ്പോള്‍ അമ്മ തനിച്ചായി..പ്രായവും കൂടി വന്നു ..അസുഖങ്ങളും ...നാട്ടില്‍ ഒരു ജോലിക്ക് ശ്രമിക്കവേ ആണ് അമ്മ വീണത്‌.അതോടെ എല്ലാം ഉപേക്ഷിച്ചു നാട്ടില്‍ തന്നെ ...ഇപ്പോള്‍ ആറേഴു  മാസമായി ഇവിടെ തന്നെ ..അമ്മയ്കൊപ്പം ..ജോലി ഒക്കെ അമ്മയുടെ അസുഖം മാറിയതിനു ശേഷം ...


അയാള്‍ അമ്പലത്തിന്റെ ചുറ്റുമതിലിനുള്ളില്‍ നിന്നും പുറത്തിറങ്ങി തോളിലുള്ള  ഷര്‍ട്ടു ഇട്ടു.പതിയെ ആല്‍മരത്തിനടുത്തെക്ക്  നടന്നു.അവിടെ കുറച്ചു സമയമിരുന്നാല്‍ ഒരു എനര്‍ജി വരുന്നതുപോലെ തോന്നാറുണ്ട്.കൂടാതെ യാചക വൃത്തിക്കായി അവിടെ ഇരിക്കുന്ന വൃദ്ധയായ സ്ത്രീയ്ക്ക് മാസങ്ങളായി ദിവസവും എന്തെങ്കിലുമൊക്കെ കൊടുക്കും.നോട്ടു ആയും നാണയം ആയും.ചിലപ്പോള്‍ ഭക്ഷണവും ..അപ്പോള്‍ അവരുടെ ക്ഷീണിച്ചു ശോഷിച്ച മുഖത്ത് വരുന്ന ചിരി കാണുവാന്‍ തന്നെ നല്ല ഭംഗിയാണ്.മനസ്സ് കുളിര്‍ക്കും.അവരുടെ കണ്ണുകള്‍ തന്റെ അമ്മയുടെ കണ്ണുകള്‍ പോലെയാണ്.എന്നയാള്‍ക്ക് പലപ്പോഴും തോന്നി.പ്രകാശം പരത്തുന്നു എന്ന് തോന്നിക്കുന്ന വലിയ ഉണ്ട കണ്ണുകള്‍ ....അതാവും അയാളെ അവരോടു അടുപ്പിച്ചതും..അവര്‍ക്കും അയാളോട് സ്നേഹമായിരുന്നു ..വാത്സല്യവും ..പരസ്പരം വിശേഷങ്ങള്‍ പങ്കുവെക്കും .അവര്‍ പറയുന്നകാര്യങ്ങള്‍ വ്യക്തമല്ലെങ്കിലും അയാള്‍ തലയാട്ടും..കേള്‍ക്കാന്‍ ഒരാളുണ്ടല്ലോ എന്ന സന്തോഷം അവര്‍ക്കും ..

..പോക്കറ്റില്‍ നിന്നും നോട്ടെടുത്ത് കയ്യില്‍ പിടിച്ചു അയാള്‍ ആല്‍മരത്തിനടുത്തെത്തി ...അവരെ അവിടെ എങ്ങും കണ്ടില്ല ..അമ്പലത്തിനു ചുറ്റും പോയി നോക്കി.ഇല്ല ...വെറുതെ അപ്പുറത്തെ ഇടവഴിയിലും   മറ്റും  നോക്കി ..ആ പരിസരത്തു എവിടെയും അവര്‍ ഉണ്ടായിരുനില്ല.നിരാശയോടെ മടങ്ങി വന്നു ആല്‍മരത്തിനു ചുവട്ടിലിരുന്നു .എന്തോ ഒരു വല്ലായ്മ...അവരെ കാണാത്തത് കൊണ്ടായിരിക്കും ..എന്തോ ഒന്ന് നഷ്ട്ടപെട്ടത്‌ പോലെ ...ആറുമാസത്തിനിടയില്‍ ആദ്യമായാണ്‌  അവരെ കാണാത്തത് ...സംസാരിക്കാത്തത്

അങ്ങ് ദൂരെ നിന്നും വെപ്രാളത്തോടെ ദേവന്‍ മാമ വരുന്നത് കണ്ടു അയാള്‍ എഴുന്നെറ്റു. പെട്ടെന്ന് തന്നെ അങ്ങോട്ടേക്ക് ചെന്ന് കാര്യം തിരക്കി.

"എന്താ  ദേവന്‍ മാമ .."

"നീ വേഗം വീട്ടിലേക്കു വാ ..ആ മുഖത്ത് അവന്റെ ചോദ്യത്തിനുള്ള ഉത്തരം എല്ലാമുണ്ടായിരുന്നു."അയാള്‍ വീട്ടിലേക്കു കുതിച്ചു .

ശവദാഹം ഒക്കെ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു..ആരോ അവിടെ ഉപേക്ഷിച്ച് പോയ സായാഹ്ന പത്രത്തില്‍ അയാളുടെ കണ്ണുകള്‍ ഉടക്കി.

ദേവി ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി  യാചക വൃത്തി ചെയ്തുകൊണ്ടിരുന്ന അജ്ഞാതയായ വൃദ്ധയുടെ മരണത്തെ കുറിച്ചുള്ള വാര്‍ത്ത വായിച്ചു കൊണ്ടിരിക്കുമ്പോള്‍ , എന്തോ ...അയാള്‍ക്ക്‌ അമ്മയെ ഓര്മ വന്നത്  കൊണ്ടാവണം കണ്ണുകള്‍ നിറഞ്ഞൊഴുകി ...ജീവിതത്തില്‍  വലിയ നഷ്ടങ്ങള്‍ ഉണ്ടായതായി അയാള്‍ മനസ്സിലാക്കി.തന്റെ ഒന്നിച്ചുണ്ടായിരുന്ന എല്ലാ സ്നേഹവും വാത്സല്യവും അകന്നു പോയതായും അയാള്‍ക്ക്‌ തോന്നി .അയാളില്‍ നിന്ന് ഒരു കരച്ചില്‍ പുറത്തേക്ക് ചാടി ..വളരെ പണിപെട്ടു അതയാള്‍ പിടിച്ചു നിര്‍ത്തി.അപ്പോള്‍ അപ്പുറത്ത് ചിത ഏതാണ്ട് കെട്ടടങ്ങിയിരുന്നു .

കഥ :പ്രമോദ്‌ കുമാര്‍ .കെ.പി
( ഇത് എന്റെ നൂറാമത്തെ ബ്ലോഗ്‌ പോസ്റ്റ്‌ ആണ് )


Friday, July 5, 2013

ആരാണ് മണ്ടന്‍? - 2

നമ്മള്‍ മണ്ടന്‍ എന്ന് കരുതിയ അവന്‍ ഇന്ന് ഗള്‍ഫില്‍ നല്ല നിലയിലും ഒരു കമ്പനിയുടെ ഉയര്‍ന്ന പോസ്റ്റിലും ആണെങ്കിലും മുന്‍പ് നാട്ടില്‍ ഉണ്ടാക്കിയ മണ്ടന്‍ പരിവേഷം അവനെ ഇപ്പോഴും കോമാളി ആക്കുന്നു.പണ്ട് നേരിട്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒളിഞ്ഞും മറഞ്ഞും അവന്റെ കഥകള്‍ നാട്ടുകാര്‍ പാടി നടക്കുന്നു.പുതിയ മണ്ടത്തരങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് അവനെ ചേര്‍ത്തു പറയുന്നു.ഇപ്പോഴത്തെ കഥകള്‍ ഒന്നും എനിക്കറിയില്ല .ഒറിജിനല്‍ ആയി അവന്‍ ചെയ്തുകൂട്ടിയ ചിലത് പറയാം.എനിക്കറിയാം അവന്‍ മണ്ടനോന്നുമല്ല എന്ന് ...നിങ്ങള്‍ക്കും മനസ്സിലാകും

ഗള്‍ഫില്‍ നിന്നും ലീവില്‍ വന്നപ്പോള്‍ ഉപ്പ അവനു മൊബൈല്‍ കൊണ്ടുവന്നു കൊടുത്തു.അന്ന് നാട്ടിലൊക്കെ മൊബൈല്‍ അത്ര പ്രചാരത്തില്‍ ആയിട്ടില്ല.നമ്മുടെ നാട്ടില്‍ തന്നെ ചുരുക്കം പേര്‍ക്ക് മാത്രം കൈവശം  ഉള്ള സാധനം.അതിന്റെ ഒരു അഹങ്കാരം അവനുണ്ടായിരുന്നു.അവനു അത് കൊണ്ട് ഒരു ആവശ്യവും ഉണ്ടായിരുനില്ല.എങ്കിലും ജാഡ കാണിക്കുവാന്‍ വേണ്ടി അവന്‍ അതുപയോഗിച്ചുള്ള എല്ലാ സഹായങ്ങളും നാട്ടുകാര്‍ക്ക് ചെയ്യുമായിരുന്നു.അത് പലരും മുതലെടുക്കുകയും ഫ്രീ ആയി കാര്യം നിറവേറ്റുകയും ചെയ്യുമായിരുന്നു.നമ്മുടെ നാട്ടിലെ സുകുവേട്ടന്‍ എന്ന ബ്രോക്കര്‍ ആയിരുന്നു ഇതില്‍ മുന്‍പന്‍.അയാള്‍ക്ക് ആവശ്യം ഉള്ള  എല്ലാവരെയും വിളിക്കുവാന്‍ ഇവന്റെ ഫോണ്‍ ഉപയോഗിച്ച് കൊണ്ടിരുന്നു.ഒരുതരം മുതലെടുപ്പ്.ഇവനെ കണ്ടാല്‍ അയാള്‍ക്ക്‌ ഫോണ്‍ വേണം .അത് നാട്ടിലായാലും പട്ടണത്തില്‍ ആയാലും കടപുറത്തായാലും കല്യാണ വീട്ടിലായാലും ഇവനെ കണ്ടാല്‍ അയാള്‍ക്ക്‌  ഫോണ്‍ വാങ്ങണം ആരെയെങ്കിലും ഓസിനു വിളിക്കുകയും വേണം .അത് കൊണ്ട് തന്നെ അവനു പലപ്പോഴും പണം നഷ്ട്ടപെട്ടു കൊണ്ടിരുന്നു.ഇത് പതിവായപ്പോള്‍ അവന്‍ ഇതെങ്ങിനെ നിര്‍ത്താം എന്നാലോചിച്ചു.പല തവണ ആലോചിച്ചിട്ടും അവന്റെ ബുദ്ധിയില്‍ ഒന്നും തെളിഞ്ഞു വന്നില്ല.അവന്‍ ഫോണ്‍ കൊടുത്തുകൊണ്ടേയിരുന്നു സുകുവേട്ടന്‍ വിളിച്ച്കൊണ്ടും ... ഒരിക്കല്‍ സുകുവേട്ടന്‍ ചോദിച്ചപ്പോള്‍ അവന്‍ ഫോണ്‍ കൊടുത്ത്  കൊണ്ട് പറഞ്ഞു 

"ഇത് സുകുവേട്ടന്‍ തന്നെ എടുത്തോളൂ ...എനിക്ക് ഇത് കൊണ്ട് വലിയ ആവശ്യം ഒന്നുമില്ല..ഇടയ്ക്കു ആരെ എങ്കിലും വിളിക്കേണ്ട ആവശ്യം വരുമ്പോള്‍ ഞാന്‍ ചോദിക്കാം ..അന്നേരം തന്നാല്‍ മതി ."

സുകുവേട്ടനു സന്തോഷമായി.അയാള്‍ ഫോണും കൊണ്ട് പോയി.തുടര്‍ന്ന് ഇവന് ആവശ്യം ഉള്ളപ്പോള്‍  മാത്രം ഫോണ്‍ വാങ്ങി വിളിക്കും .പിന്നെ തിരിച്ചു കൊടുക്കും ഒരു ആഴ്ച  കഴിഞ്ഞു കാണും അവന്‍ എന്നെയും കൂട്ടി സുകുവേട്ടന്റെ വീട്ടില്‍  ചെന്ന് കാള്‍ ചെയ്യാന്‍ ഫോണ്‍ ആവശ്യപെട്ടു.

"ഇതില്‍ പൈസ ഉണ്ടല്ലോ സുകുവേട്ട ..അല്ലെ .മൈസൂരിലെ വലിയാപ്പനെയാ ?"

"ഉണ്ട് ഇന്നലെ കയറ്റിയതാ  .നീ വിളിച്ചോട .മൈസൂര്ക്കോ കോയമ്പത്തൂര്‍ക്കോ ..."

അവന്‍ നമ്പര്‍ ഞെക്കി കൊണ്ട് പുറത്തെക്കിറങ്ങി ...പിന്നെ സംസാരിച്ചു കൊണ്ട് കോണിയിറങ്ങി നടന്നു.എനിക്ക് കാര്യം മനസ്സിലായില്ല..സുകുവേട്ടനും ..  പിറകെ ഞാനും വെച്ചു പിടിച്ചു ....ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ സുകുവേട്ടന്‍ അന്തിച്ചു നില്‍ക്കുകയാണ്..ഫോണ്‍ അവന്റെതാണ് തിരിച്ചു ചോദിക്കുവാനും വയ്യ...പിറകെയോടി ഞാന്‍ അവനോടു ചോദിച്ചു 



"എടാ ഫോണ്‍ തിരിച്ചു കൊടുക്കേണ്ടേ ..?"

"എന്തിനു ?എന്റെ ഫോണ്‍ അല്ലെ ?അയാള്‍ പലതവണ ഫോണ്‍ വിളിച്ചു എന്നെ കുറെ മുതലാക്കിയിട്ടുണ്ട് ...അത് തിരിച്ചു പിടിച്ചതല്ലേ .ഓരോ തവണ ഞാന്‍ ഫോണ്‍ ചെയ്യാന്‍ എന്ന വ്യാജേന വാങ്ങുമ്പോഴും ബാലന്‍സ് ചെക്ക്‌ ചെയ്യും .അപ്പോള്‍ മുപ്പതോ നാല്‍പ്പതോ കാണും .അത് കൊണ്ട് തിരിച്ചു കൊടുക്കും .ഇന്ന് നോക്കുമ്പോള്‍ അഞ്ഞൂറിനടുത്തുണ്ട് ..ഫോണ്‍ സ്വന്തം ആയി എന്ന് തോന്നിയാല്‍ അതില്‍ കൂടുതല്‍ കറന്‍സി നിറക്കുമെന്നു എനിക്കുറപ്പായിരുന്നു .അത് ഇന്ന് ഒത്തുവന്നു .അത് കൊണ്ട് എടുത്തുകൊണ്ട് വന്നു.അയാള്‍ ഇനി ചോദിക്കില്ല ..ആ ചീത്ത മുതലെടുപ്പ് സ്വഭാവവും ഇന്നത്തോടെ അയാളില്‍ നിന്നും പോയിരിക്കും.ഞാന്‍ തെറ്റ് ചെയ്തോ ?

എനിക്ക് ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല .എന്റെ ഉത്തരം മുട്ടി പോയിരുന്നു.അവനോടൊപ്പം വീട്ടിലേക്കു തിരിച്ചു നടക്കുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു .

ആരാണ് മണ്ടന്‍ ? ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്ന വലിയ ഒരു ചോദ്യം .

കഥ :പ്രമോദ്‌ കുമാര്‍ .കെ.പി 

മണ്ടന്റെ കുറച്ചു കൂടി വിശേഷങ്ങളുമായി വീണ്ടും വരാം ..ഇയാളെ പരിചയം ഇല്ലാത്തവര്‍ക്ക് ആദ്യ ഭാഗം വായിക്കുവാന്‍ 
http://promodkp.blogspot.in/2012/12/blog-post.html


Tuesday, July 2, 2013

"ചാനലുകളും ബീഡി കമ്പനി ആയോ ?"


"ചാനലുകളും ബീഡി കമ്പനി ആയോ ?"

രാവിലെ ചാനലില്‍ പത്രപാരായണം ശ്രദ്ധിച്ച് കൊണ്ടിരുന്ന എന്നോടാണ് സുഹൃത്തിന്റെ ചോദ്യം .എനിക്ക് പെട്ടെന്ന് കാര്യം പിടികിട്ടി .മുന്‍പ് നാട്ടില്‍ ബീഡി കമ്പനി ഉണ്ടായിരുന്ന കാലത്ത് എപ്പോഴും രാവിലെ ഉറക്കെ ആരെങ്കിലും പത്രം വായിച്ചു മറ്റുള്ളവരെ കേള്‍പ്പിക്കും.അവരുടെ പണിയും നടക്കും പത്ര വിശേഷങ്ങളും അറിയാം.മറ്റൊന്ന് കൂടിയുണ്ട് വായിക്കുന്ന ആളിന്റെ പണി അത്രയും സമയം മറ്റുള്ളവര്‍ ചെയ്യും.ചില ദിവസത്തില്‍ ആള്‍കാര്‍ മാറി മാറി വരും.നല്ല വണ്ണം വായിക്കുന്നവരെ അവര്‍ തിരഞ്ഞു വെച്ചിട്ടുണ്ടാവും.നല്ല ഈണത്തില്‍ അത് വായിക്കുന്നത് കേള്‍ക്കുവാന്‍ തന്നെ രസമാണ് .ബീഡി കമ്പനിക്ക് പുറത്തേക്കും ആ ശബ്ദം എത്തും.നമ്മുടെ നാട്ടില്‍ ആ കാര്യത്തില്‍ സൂപ്പര്‍ ദാമു ഏട്ടന്‍ ആയിരുന്നു.ആ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ആള്‍കാര്‍ പറയുമായിരുന്നു
"ഓ ഇന്ന് ദാമുവേട്ടന്‍ ആണല്ലോ പത്രം വായിക്കുന്നത് " അത്ര പരിചിതമായിരുന്നു ഞങ്ങള്‍ക്ക് ആ ശബ്ദം.


ഇപ്പോള്‍ പല ചാനലിലും രാവിലെ  നമ്മള്‍ക്ക് പത്രം വായിച്ചു തരുവാന്‍ ചാനല്‍ മുതലാളികള്‍ ആള്‍ക്കാരെ വെച്ചിട്ടുണ്ട്.എല്ലാവരും പ്രഗല്‍ഭര്‍ തന്നെ .വായനയും നല്ലത് തന്നെ .വായന അന്യം നിന്ന് പോകുന്ന നമ്മള്‍ക്ക് വേണ്ടി അത്രയെങ്കിലും അവര്‍ ചെയ്തു തരുന്നുണ്ടല്ലോ അല്ലെ ? കൂടാതെ മടിയന്‍മാരായ നമ്മള്‍ മലയാളികളെ അവര്‍ സ്വന്തമായി പത്രം വായിപ്പിക്കാതെ അത്ര സമയത്തേക്ക് കൂടി മടി കൂട്ടുകയും ചെയ്യുന്നുണ്ട് .വെറുതെ സോഫയില്‍ മലര്‍ന്നു കിടന്നാല്‍ മതി .വാര്‍ത്തകള്‍ ഒക്കെ ചെവിയില്‍ വന്നു നിറയും .അങ്ങിനെ വാര്‍ത്തകള്‍ കേട്ട് നമ്മള്‍ പുളകം കൊള്ളും...ഈ അടുത്ത കാലം മുതലാണ്‌ പുളകം കൊള്ളാന്‍ തുടങ്ങിയത് ..അത് തന്നെ സരിതയും തെറ്റയിലും യാമിനിയുമൊക്കെ വന്നപ്പോള്‍ മുതല്‍ .......ഒക്കെ നമിക്കണം അവരെ ..നമ്മള്‍ക്ക് ഇതൊക്കെ ചൂടോടെ കാതില്‍ എത്തിച്ചു തരുന്ന മുതലാളി മാരെ .......

ഇപ്പോള്‍ ബീഡി കമ്പനികള്‍ ഒരുവിധം ഒക്കെ പൂട്ടിപോയി.ഉള്ളതില്‍ ഇന്ന് വേണ്ടത്ര പണിയുമില്ല വായനയുമില്ല .പണ്ട്  ബീഡി കമ്പനികളില്‍ ബീഡി തെറുത്തു കൊണ്ട് പത്രം വായിച്ച പലരും ഇപ്പോള്‍ ജീവിക്കുവാന്‍ വേറെ വഴികളില്‍ കൂടി നടക്കുന്നുണ്ട് ...അവരെയൊക്കെ കണ്ടു പിടിച്ചു ചാനല്‍ മുതലാളിമാര്‍ക്ക് ഒരു ജീവിതം കൊടുത്തുകൂടെ ?ഇപ്പോള്‍ തന്നെ നല്ല നിലയില്‍ സബാദിക്കുന്നവരെ കൊണ്ട് തന്നെ പത്രപാരായണം നടത്തുന്നതില്‍ എനിക്ക് അമര്‍ഷം ഉണ്ട് ...എനിക്ക് എന്ത്  ഉണ്ടായിട്ടെന്താ കാര്യം അല്ലെ ...നമ്മുടെ നാട്ടിലെ ദാമുവേട്ടന്‍ പത്രം വായിച്ചാല്‍ ആര് കേള്‍ക്കാന്‍ അല്ലെ ?മത്സരം അല്ലെ  മുടിഞ്ഞ മത്സരം ..ആരാണ് മുന്നിലെത്തുക ..അതല്ലേ പ്രധാനം ..കണക്കെടുപ്പില്‍ തന്റെ ചാനല്‍ തന്നെ മുന്നില്‍ വരേണ്ടേ ....

വാല്‍കഷ്ണം :എന്നാണാവോ നമ്മുടെ ജോലിയും കൂടി ചാനല്‍ ചെയ്തു തരിക ?എങ്കില്‍ കുറച്ചുകൂടി സുഖവും സമാധാനവും ആയേനെ ....