Wednesday, January 29, 2014

വീണ്ടും ഒരു പ്രണയകഥ

കാമ്പസിലെ ഒരു വൈകുന്നേരം ..
----------------------------------------
"രൂപേഷ് , എന്റെ കല്യാണം ഉറപ്പിക്കുവാൻ പോകുന്നു.ചടങ്ങ് ഈ വരുന്ന സണ്‍‌ഡേ ആണ്.കല്യാണം ആറുമാസം കഴിഞ്ഞു മാത്രം.ചെറുക്കൻ എയർ ഫോർസിൽ  ആണ്.നല്ല ജോലി ,നല്ല ശമ്പളം ..പോരാഞ്ഞു  നല്ല പേരുകേട്ട കുടുംബവും .ഞാൻ കുറെയേറെ ആലോചിച്ചു എടുത്ത തീരുമാനമാണ്.വഞ്ചിച്ചു എന്ന് തോന്നരുത്.അത് കൊണ്ട് തന്നെ രൂപെഷിനോട് പറയാതിരിക്കുവാൻ  കഴിയില്ല .ഞാൻ ആഗ്രഹിച്ചതായിരുന്നു നിന്റെ കൂടെയുള്ള ഒരു ജീവിതം ..പക്ഷെ രൂപേഷിന്റെ പഠിത്തം കഴിഞ്ഞു ജോലിയൊക്കെ കിട്ടി സെറ്റിൽ  ആയി വരുന്നതുവരെ കാത്തിരിക്കുവാൻ വീട്ടുകാർ ഒരു കാരണവശാലും എന്നെ അനുവദിക്കില്ല.നിനക്ക് വേണ്ടി പല കാരണങ്ങൾ പറഞ്ഞു പല ആലോചനകളും ഞാൻ ഒഴിഞ്ഞിരുന്നു.പക്ഷെ ഈ ആലോചന വന്നപ്പോൾ എനിക്കും താല്പര്യം തോന്നി.കാരണം കുറെ ദിവസമായി ഞാൻ എന്റെ ഭാവിയെപറ്റി ചിന്തിക്കുകയായിരുന്നു. ... അത് കൊണ്ട് തന്നെ  ഇത്രയും നല്ല ഒരു ബന്ധം വേണ്ടെന്നു വെയ്ക്കുവാൻ  എനിക്ക് തോന്നിയില്ല .അത് കൊണ്ട് സമ്മതിക്കേണ്ടി വന്നു ...എനിക്ക് വിഷമമുണ്ട് ...."

ജീന അവന്റെ മുഖത്തേക്ക് നോക്കി.ഇതുവരെ അവനെ നോക്കാതെ ഇത്രയും പറഞ്ഞൊപ്പിക്കുകയായിരുന്നു.അവന്റെ മുഖത്തു ഒരു ഭാവഭേദവും കണ്ടില്ല.അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു .

"ആശംസകൾ ജീന ...നല്ല തീരുമാനം.ജീന പറഞ്ഞതാണ് ശരി ..ഞാൻ ഈ കൊളെജോക്കെ വിട്ടു  ജോലിയൊക്കെ  കണ്ടുപിടിച്ചു എപ്പോൾ വരുവാനാണ്‌...?ഒരു നിശ്ചയവുമില്ല ...ഇങ്ങിനെ ഒരു വിടപറയൽ ഞാൻ ഭയന്നതായിരുന്നു ...പക്ഷെ ഇത്ര പെട്ടെന്ന് ഉണ്ടാവുമെന്ന്  കരുതിയില്ല...അത് കൊണ്ട് ചെറിയ വിഷമമുണ്ട് ....സാരൊല്യ ...ഞാൻ എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി കൊള്ളാം .കുറച്ചു ദിവസം കൊണ്ട് എല്ലാം ശരിയാകും ."


മനസ്സിനകത്ത്  ആർത്തിരമ്പുന്ന ഒരു കടലിനെയും ,പെയ്യാൻ തയ്യാറായ പെരുമഴയെയും അവൻ പിടിച്ചുനിർത്തികൊണ്ട്‌  പറഞ്ഞു.

ജീന   പോയപ്പോൾ കോളേജ് മതിലിനരുകിലെ തണൽ മരത്തിനടിയിൽ രൂപേഷ് തളർന്നിരുന്നു .
ഒരിക്കലും കേൾക്കുവാൻ ആഗ്രഹികാത്ത കാര്യങ്ങളാണ് ജീന പറഞ്ഞിട്ട് പോയത്..ജീവിതകാലം മുഴുവൻ തന്റോടൊപ്പം ഉണ്ടാവുമെന്ന് വിശ്വസിച്ച പെണ്ണ് ...അവൾ എന്നിൽ നിന്നും മനസ്സിൽ  നിന്നും പടിയിറങ്ങുന്നു..അടുത്ത ആഴ്ച അവളുടെ  കല്യാണം നിശ്ചയിക്കുന്നു ..അതായത് അവൾ വേറെ ഒരാളുടെ കൂടെ ജീവിക്കുവാൻ പോകുന്നു.അവൾക്കു എങ്ങിനെ തോന്നി അങ്ങിനെ ചിന്തിക്കുവാൻ ?അല്ലെങ്കിൽ എന്നെ മറന്നു മറ്റൊരു ആളുടെ കൂടെ ജീവിക്കുവാൻ ?അത്രക്ക്  ഇഷ്ട്ടമായിരുന്നു  പരസ്പരം ....ഇപ്പോൾ  അവൾ  സ്വന്തം ഭാവിക്കുവേണ്ടി സ്വാർത്ഥയായോ ?രൂപെഷിനു ഉത്തരം കിട്ടിയില്ല.

എങ്ങിനെ അവളുമായി അടുത്തു എന്നറിയില്ല ..വിപ്ലവപാർട്ടിയിലൂടെയുള്ള കർമനിരതനായി നേർ വഴിക്കുള്ള സഞ്ചാരം  കോളേജ് മുഴുവൻ കൂട്ടുകാരെയുണ്ടാക്കി .കലാപരിപാടികളിലൂടെ ആരാധകരെയും ...  അങ്ങിനെ എപ്പോഴോ ജീന ആരാധികയായി ....പിന്നെ  പയ്യെ പയ്യെ മനസ്സിലേക്ക് കടന്നുവന്നു.പിന്നെ അവൾ അവിടെതന്നെ  കുടിയേറി.കോളേജ് അറിയാത്ത രഹസ്യ പ്രണയമായിരുന്നു .അവളുടെ കൂട്ടുകാരി സ്മിതയ്ക്ക് മാത്രം അറിയാം ...പിന്നെ തന്റെ ഒന്ന് രണ്ടു  കൂട്ടുകാർക്കും അതവർ രഹസ്യമാക്കി വെച്ചു .

അവൾ പറഞ്ഞതിന് ന്യായമുണ്ടായിരുന്നു.അത് കൊണ്ട് തന്നെ അവളെ കുറ്റപെടുത്തുവാൻ കഴിഞ്ഞില്ല.അതുകൊണ്ടാണ്  ആശംസ പറഞ്ഞു തിരിച്ചയച്ചത്.സമയം വൈകി എന്ന തോന്നലുണ്ടായപ്പോൾ  ബൈക്കെടുത്തു അയാൾ  കാമ്പസ് വിട്ടു റോഡിലേക്കിറങ്ങി ..കോളേജിലെ കുട്ടികൾ കുറേപേർ റോഡിലുണ്ടായിരുന്നു .അത് കൊണ്ടുതന്നെ മനസ്സിലെ വിഷമം പുറത്തുകാണിക്കാതെ അയാൾ ചിരിച്ചു കൊണ്ട് യാത്രയായി.

ഒരാഴ്ച കഴിഞ്ഞു  ഒരു  പകൽ ..
---------------------------------
ജീനയുടെ ഉറ്റ സുഹൃത്ത്  സ്മിത ഓടി വരുന്നത് കണ്ടു രൂപേഷ്  ബൈക്ക് നിർത്തി അവിടെ  തന്നെ നിന്നു .
"എന്താ സ്മിതെ ...ഇത്ര ധൃതിയിൽ  എവിടെക്കാ ..?

"ഞാൻ രൂപെക്ഷിനെ കാണുവാൻ തന്നെ വന്നതാ "

"എന്താ വിശേഷിച്ചു .."

"കഴിഞ്ഞ സണ്ടെ  ആയിരുന്നു ജീനയുടെ നിശ്ചയം .."

 "അവൾ എന്നോട്  പറഞ്ഞിരുന്നു "

"എന്നാൽ അത്  നടനില്ല ...അവർ വേണ്ടെന്നു വെച്ചു .."

"കാരണം ..?"

"കാരണം കുറേയുണ്ട് ...അയാള് അവളെ വന്നു കണ്ടത് മുതൽ ആ കുടുംബത്തിനു ഓരോരോ പ്രശ്നങ്ങൾ പോലും . അങ്ങിനത്തെ കാര്യങ്ങളിലൊന്നും വിശ്വാസമില്ലാത്ത അവർ അത് കാര്യമാക്കിയില്ല .ജാതകം പോലും ജീനയുടെ വീട്ടുകാർ നിർബന്ധിച്ചത്  കൊണ്ടാണ് പോലും കൊടുത്തത്.പക്ഷെ ഇന്നലെ അവർ വരുന്ന വഴിക്ക് അപകടമുണ്ടായി  അയാള്  കയ്യും കാലുമൊടിഞ്ഞു ആശുപത്രിയിലായി .തലമുതിർന്നവർ പോയി ജോത്സ്യനെ കണ്ടപ്പോൾ ഈ കല്യാണം നടന്നാൽ അയാൾക്ക്‌ അപകടമുണ്ടാകുമെന്നു പറഞ്ഞു ...അയാൾക്ക്‌ മാത്രമല്ല അവളെ ആര് കെട്ടിയാലും ...ഈ പറഞ്ഞത് നുണ ആയിരിക്കാം ..അല്ലെ ..."


"പിന്നല്ലാതെ ..ഈ നൂറ്റാണ്ടിൽ ആരെങ്കിലും ഈ കാര്യം വിശ്വസിക്കുമോ ?വെറും അന്ധ വിശ്വാസം .അത്ര തന്നെ ..'

"രൂപെക്ഷിനു അവളോട്‌ വെറുപ്പുണ്ടോ ?"

"എന്തിനു ..സ്മിത ..അവളൊരു പാവം കുട്ടിയല്ലേ ..അവളുടെ നല്ല ഭാവിക്കുവേണ്ടി അവളൊരു നല്ല തീരുമാനമെടുത്തു ..അത്രയെ ഞാൻ കരുതുന്നുള്ളൂ   .."

"അതല്ല ..അവൾ നാളെമുതൽ കോളേജിൽ വരുന്നുണ്ട് ...അതോണ്ടാ ..."

"നല്ലത് ...അത് തന്നെയാണ്  നല്ലത്...വെറുതെ എന്തിനു പഠിത്തം കളയണം .."

രൂപെക്ഷ്  അതും പറഞ്ഞുകൊണ്ട് ബൈക്ക്  സ്റ്റാര്‍ട്ട്‌ ചെയ്തു .


പിറ്റേന്ന് ..
-----------
ജീന കോളേജിൽ മുഴുവനും രൂപെക്ഷിനെ തിരഞ്ഞെങ്കിലും കണ്ടു പിടിക്കുവാനായില്ല.അവൻ രാവിലെ തന്നെ  കോളേജിൽ വന്നിട്ടുണ്ടെന്ന് സ്മിതയിൽ നിന്നും അറിഞ്ഞു.ഞാൻ വരുന്നുണ്ട്  എന്ന് സ്മിത രൂപെഷിനോട് സൂചിപ്പിച്ചത് കൊണ്ട്  എന്തായാലും കാണാൻ വരുമെന്ന് കരുതി..പക്ഷെ എവിടെ...?എന്നിൽ നിന്നും മറഞ്ഞു നില്ക്കുകയാണോ ? എന്നെ വെറുത്തിരിക്കും...അതാ  സത്യം ..ഞാൻ സ്വാർഥയല്ലെ  ....നല്ല ഒരു ബന്ധം വന്നപ്പോൾ  അവനെ മറക്കാൻ  കഴിഞ്ഞു..പല സംശയങ്ങളും അവളുടെ മനസ്സിനെ പിടിച്ചുലച്ചു കൊണ്ടിരുന്നു.

അന്ന് ക്ലാസിൽ പഠിപ്പിക്കുന്നതിലോന്നും  ശ്രദ്ധിക്കുവാൻ  അവൾക്കായില്ല .എങ്ങിനെയൊക്കെയോ  സമയം തള്ളി നീക്കി.സ്മിത അവളെ ആശ്വസിപ്പിച്ചു .വളരെ മൂകയായിട്ടാണ് അന്ന് ജീന വീട്ടിലേക്കു മടങ്ങിയത്.


ഒന്ന് രണ്ടു ദിവസങ്ങൾക്കു ശേഷം ....
-------------------------------------------------------
ഇനിയും രൂപെക്ഷിനെ കാണാൻ പറ്റിയില്ലല്ലോ എന്ന് ചിന്തിച്ചു ക്ലാസിൽ നിന്നും വരുമ്പോൾ അതാ മുന്നിൽ  രൂപെക്ഷ് .ജീനയെ കണ്ട അവൻ  ചിരിച്ചു.പിന്നെ നടന്നു നീങ്ങി .

"രൂപേഷ് ...." ജീന വിളിച്ചു.അയാൾ  അവിടെ തന്നെ നിന്നത് കണ്ടു ജീന അവിടേക്ക് ഓടിചെന്നു  .

"എന്നോട് വെറുപ്പാണോ ..?"

"എന്തിനു വെറുക്കണം .?'

"പിന്നെന്താ  ഭയമാണോ ..?"

"എന്തിനു ജീന ..നീ എന്തൊക്കെയാ പറയുന്നത് ?"

"പിന്നെന്താ ഞാൻ വന്നതറിഞ്ഞിട്ടും കാണാൻ ശ്രമിക്കാത്തത് ..ഇപ്പോൾ കണ്ടിട്ടും സംസാരിക്കാത്തത് ?.എന്നോട്  കൂട്ട് കൂടുന്നവരൊക്കെയും അപകടത്തിൽ പെടുമെന്ന പേടിയാണോ ?"

"ജീന ഞാൻ പറയുന്നത് കേൾക്കൂ ...വരുന്ന കോളേജ് മീറ്റ് നന്നായി കൊണ്ടാടുവാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ .അത് കൊണ്ട് തന്നെ ഒന്ന് രണ്ടു ദിവസമായി അതിന്റെ തിരക്കിലാണ്.പരീക്ഷയും അടുത്തു വരുന്നു.പഠിപ്പും അത് കഴിഞ്ഞു ഉള്ള സമയത്ത്  മീറ്റിങ്ങും മറ്റുമായി....നീ വന്നു എന്നറിയാം ..മുൻപായിരുന്നുവെങ്കിൽ എങ്ങിനെയെങ്കിലും സമയം കണ്ടെത്തി കാണുവാൻ ഓടി വന്നേനെ.പക്ഷെ ഇപ്പോൾ എന്തിനു വരണം ..?നീ ഇപ്പോൾ എന്റെ   ആരാണ് ?ആരുമല്ല ....എനിക്ക് പഠിക്കണം നല്ല ഒരു ജോലി നേടിയെടുക്കണം ..എന്നാൽ മാത്രമേ ഇനി പ്രതീക്ഷക്ക്  വകയുള്ളൂ  ..മനസ്സിലുള്ള ആഗ്രഹങ്ങൾ നേടുവാൻ  കഴിയൂ...സ്വപ്‌നങ്ങൾ  യാഥാർത്ഥമാക്കുവാൻ  പറ്റുകയുള്ളൂ .നാളെ എതെങ്കിലും എയർഫോഴ്സ് കാരനോ ഫയർഫോർസ് കാരനോ  വന്നാൽ എന്റെ സ്വപ്‌നങ്ങൾ തകരാൻ  പാടില്ല.അന്ന് നീ പറഞ്ഞ അതെ കാരണങ്ങൾ പറഞ്ഞു കൊണ്ട് ഇനി ആരും എന്നെ വിട്ടുപോകരുത്....ഇപ്പോൾ ഈ ലോകത്ത്  ഓരോരുത്തർക്കും അവരവരുടെ കാര്യങ്ങൾ ആണ് വലുത് ..അത് നേടിയെടുക്കാൻ  എന്തും ഉപേക്ഷിക്കും. ഇനിയുള്ള എന്റെ സ്വപ്നങ്ങൾ ഒരിക്കലും കുഴിച്ചു മൂടപെടരുത് ...അത് കൊണ്ട് അതിന്റെ പരിശ്രമത്തിലാണ് ഞാൻ....എനിക്ക് ആരെങ്കിലുമൊക്കെ ആകണം .

പിന്നെ ഞാൻ വിശ്വസിക്കുന്ന എന്റെ പാർട്ടിക്ക്  അന്ധ വിശ്വാസമോ ദൈവമോ ഒന്നുമില്ല.അത് കൊണ്ട് തന്നെ നിന്റെ ജീവിതത്തിൽ സംഭവിച്ചത് ജാതകദോഷമാണെന്ന വിശ്വാസവുമില്ല . അവർ ശ്രദ്ധയില്ലാതെ വണ്ടി ഓടിച്ചു കാണും.അതുകൊണ്ട്  അങ്ങിനെ സംഭവിച്ചു .അപകടം നടന്നത്  കൊണ്ട് അത് വിശ്വാസവുമായി കൂട്ടി കുഴച്ചു .അപ്പോൾ അവർക്ക്  ഈ ബന്ധത്തിൽ നിന്നും ഒഴിയണം എന്ന് തോന്നി കാണും.അതുകൊണ്ട് ഒരു കാരണം കണ്ടു വെച്ചതാ ....ഇത്ര കടുപ്പിച്ചു പറഞ്ഞില്ലെങ്കിൽ എല്ലാവരെയും വിളിച്ചുവരുത്തിയ ഒരു ചടങ്ങ്  മുടക്കുമ്പോൾ നാട്ടുകാര് കൈവെക്കും എന്നുറപ്പല്ലേ ......"

"എനിക്ക് ജീനയെ  മുൻപത്തെ പോലെ കാണുവാൻ കഴിയില്ല ..സുഹൃത്താകാനും പറ്റില്ല .ഈ കോളേജിലെ ഒരു വിദ്യാർത്ഥി ആയി മാത്രം കാണും.നീ അന്ന് ഒരു തീരുമാനം എടുത്തപ്പോൾ അന്ന് നിന്നെ ആശംസകൾ  പറഞ്ഞു മനസ്സിൽ  നിന്നും പടിയിറക്കി.ഇനി വേണ്ട നമ്മൾ തമ്മിൽ ഒരു കൂട്ടും ....എന്നെ മനസ്സിലാക്കുക ."

നിറഞ്ഞു തുളുമ്പിയ മിഴികൾ തുടച്ചു തുടച്ചു ജീന മുന്നോട്ടേക്ക് നടന്നു.രൂപെക്ഷ്  ഉള്ളിൽ  ചിരിക്കുകയായിരുന്നു.

"എടി പെണ്ണെ ...കാലം അനുവദിക്കുകയാണെങ്കിൽ ഞാൻ വരും ഒരു ദിവസം ..നിന്നെ പെണ്ണ് ചോദിച്ചു കൊണ്ട് നിന്റെ വീട്ടിലേക്കു ....എനിക്ക് നല്ല ഒരു ജോലി കിട്ടി ഒരു കുടുംബം പോറ്റുവാൻ കഴിയും എന്ന്  എനിക്ക് തോന്നുമ്പോൾ . ...അപ്പോഴേക്കും നീ ആരുടേയും ഭാര്യ ആയില്ലെങ്കിൽ  മാത്രം ..അതുവരെ വയ്യ ...നീ അകന്നുതന്നെ നില്ക്കണം ..ഇനിയും ഒരു വിടപറയലിനു എനിക്ക് വയ്യ ..അത്രക്ക് നിന്നെ ഞാൻ  ഇപ്പോഴും സ്നേഹിക്കുന്നു ജീന .....അത്രയ്ക്ക്  നിന്നെ സ്നേഹിക്കുന്നു ......മൂന്നു വർഷങ്ങൾക്കു ശേഷം .....
---------------------------------------------
എയർ പോർട്ടിൽ തന്നെ സ്വീകരിക്കുവാൻ എത്തിയവരെ ആൾ കൂട്ടത്തിനിടയിൽ കണ്ണുകൾകൊണ്ട്  തിരയുകയായിരുന്നു രൂപേഷ്..ആദ്യമായാണ് നാട്ടിലേക്ക് വരുന്നത്.അച്ഛനും അമ്മയും ഒക്കെ വരുമെന്ന് പറഞ്ഞിരുന്നു.ആരെയും കാണുനില്ല.പെട്ടെന്ന് അപ്പുറത്ത് ബഹളം കേട്ട്  അങ്ങോട്ടേക്ക് നോക്കി.ബഹളം വെച്ചുകൊണ്ടിരിക്കുന്ന സ്ത്രീയുടെ മുഖം കണ്ണിലുടക്കി.അവന്റെ  ഉള്ളൊന്നു കാളി....ജീനയല്ലേ  അത്...? അവൻ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.അതെ ജീന തന്നെ ..അവരെ ആരൊക്കെയോ ചേർന്ന്  ബലമായി കാറിലേക്ക് കയറ്റുന്നു.തൊട്ടപ്പുറത്തു  ഉള്ള ആംബുലൻസിലെക്കു കയറാനുള്ള അവരുടെ ശ്രമം വിഫലമാക്കികൊണ്ട് ......അവനു ഒന്നും മനസ്സിലായില്ല .

ആരോ വന്നു കൈപിടിച്ചപ്പോൾ രൂപേഷ്  ഞെട്ടി തിരിഞ്ഞു നോക്കി .

.അനിയൻ ...അവൻ ചിരിച്ചു.

.ദൂരെ നിന്നും അമ്മയും ചേച്ചിയും  അനിയത്തിയും ഒക്കെ നടന്നു വരുന്നത് കണ്ടു.വർഷങ്ങൾ കഴിഞ്ഞു കണ്ടിട്ടും അവനു ഒരു പ്രതികരണവുമുണ്ടായില്ല .ഇപ്പോൾ കണ്ട പൊരുളറിയാത്ത കാഴ്ച്ചയുടെ നടുക്കത്തിലായിരുന്നു അവൻ .

അമ്മ വന്നു കെട്ടിപിടിച്ചു.എന്തൊക്കെയോ പറഞ്ഞു ..ചിലതിനൊക്കെ മറുപടിയും കൊടുത്തു .

അച്ഛൻ  വന്നില്ലേ ?അവൻ ചോദിച്ചു .

വന്നിരുന്നു .. ഇപ്പൊ അങ്ങോട്ടേക്ക് പോയതാ..രൂപെക്ഷ് നോക്കുമ്പോൾ ആംബുലൻസിനരുകിൽ നിന്നും അച്ഛൻ നടന്നു വരുന്നു.വന്നപാടെ രൂപെക്ഷിനെ കെട്ടിപിടിച്ചു.

"എന്തായിരുന്നു അച്ഛാ  അവിടെ ?'ആകാംഷയോടെ അവൻ ചോദിച്ചു

"നിനക്കറിയില്ലേ സഖാവ് കുഞ്ഞപ്പനെ ...അവന്റെ മോനാ ...ഗൾഫിൽ നിന്നും അപകടത്തിൽ മരിച്ചു.ശവം ഇന്നാ  കൊണ്ട് വന്നത്.കരഞ്ഞു ബഹളം വെച്ചത് അവന്റെ ഭാര്യയ ...പാവം ..കഴിഞ്ഞ ആഴ്ചയാ അവന്റെ അടുത്തേക്ക്‌ പോയത് ...കല്യാണം കഴിഞ്ഞു അധികമായതുമില്ല ..ഓരോരോ  വിധി ...

ഇപ്പോൾ രൂപേഷ് ശരിക്കും ഞെട്ടി ..ഈ ജോൽസ്യന്മാർ ജാതകം നോക്കി പറയുന്നത് സത്യം തന്നെയാണോ ?ജാതകത്തിൽ  വിശ്വസിക്കണമോ ?ഇത്തരം കാര്യത്തിൽ വിശ്വാസം ഇല്ലാത്ത  ഞാൻ ഇതെങ്ങിനെ അവിശ്വസിക്കും.അവന്റെ മനസ്സിനുള്ളിൽ വിശ്വാസവും അവിശ്വാസവും തമ്മിൽ പോര് തുടങ്ങി...


കഥ :പ്രമോദ് കുമാർ .കെ.പി 
 ചിത്രങ്ങള്‍ :കേരള വാട്ടര്‍ കളര്‍ സോസെറ്റി ,ഇന്റര്‍നാഷണല്‍ വാട്ടര്‍ കളര്‍ ഗ്രൂപ്പ്‌ 
(പരാഗ് ,സധു,സര്‍ക്കോ ,പ്രദീപ്‌ ,ഭാവേഷ്‌ )
                      13 comments:

 1. കഥ കൊള്ളാം
  'മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം' എന്ന ഭാഗം ഉള്‍പ്പെടുത്തിയപ്പോള്‍ കഥയുടെ ഗതിയാകെ മാറിപ്പോയി.
  അതില്ലെങ്കിലും വേറൊരു കാഴ്ചപ്പാടിലും കഥ നന്നാകുമായിരുന്നു എന്നാണ് എന്‍റെ അഭിപ്രായം...
  ആശംസകള്‍

  ReplyDelete
  Replies
  1. എഴുതി തീര്‍ന്നപ്പോള്‍ 'മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം' എന്നാ ഭാഗം ഇല്ലായിരുന്നു.വായിക്കുവാന്‍ കൊടുത്ത ചങ്ങാതി പറഞ്ഞു പൈങ്കിളി ആയി നിര്‍ത്തരുത് എന്ന് അത് കൊണ്ട് കൂട്ടി ചേര്‍ത്തതാണ് .ഇങ്ങിനെ ഒരു അവസാനമായിരിക്കും നല്ലതെന്നു എനിക്കും തോന്നി...നന്ദി

   Delete
 2. This comment has been removed by the author.

  ReplyDelete
 3. എന്നിട്ടെന്ത് തീരുമാനിച്ചു! വിശ്വാസമോ അവിശ്വാസമോ?
  ചില സമയത്ത് നമ്മള്‍ ആകെ കണ്‍ഫ്യൂഷനിലാകും അല്ലേ?

  ReplyDelete
  Replies
  1. അടുപ്പിച്ചു രണ്ടുമൂന്നു പോസ്റ്റുകളില്‍ ഈ വിശ്വാസവും അവിശ്വാസവും എന്നെ പിന്തുടരുന്നു.ഞാന്‍ ആകെ കണ്ഫുഷന്‍ തന്നെയാണ് ...അജിത്തെട്ടന്‍

   Delete
 4. എടി പെണ്ണെ ...കാലം അനുവദിക്കുകയാണെങ്കിൽ ഞാൻ വരും ഒരു ദിവസം ..നിന്നെ പെണ്ണ് ചോദിച്ചു കൊണ്ട് നിന്റെ വീട്ടിലേക്കു ....എനിക്ക് നല്ല ഒരു ജോലി കിട്ടി ഒരു കുടുംബം പോറ്റുവാൻ കഴിയും എന്ന് എനിക്ക് തോന്നുമ്പോൾ . ...അപ്പോഴേക്കും നീ ആരുടേയും ഭാര്യ ആയില്ലെങ്കിൽ മാത്രം ..അതുവരെ വയ്യ ...നീ അകന്നുതന്നെ നില്ക്കണം ..ഇനിയും ഒരു വിടപറയലിനു എനിക്ക് വയ്യ ..അത്രക്ക് നിന്നെ ഞാൻ ഇപ്പോഴും സ്നേഹിക്കുന്നു ജീന .....അത്രയ്ക്ക് നിന്നെ സ്നേഹിക്കുന്നു ......

  ഈ ജോൽസ്യന്മാർ ജാതകം നോക്കി പറയുന്നത് സത്യം തന്നെയാണോ ?ജാതകത്തിൽ വിശ്വസിക്കണമോ ?ഇത്തരം കാര്യത്തിൽ വിശ്വാസം ഇല്ലാത്ത ഞാൻ ഇതെങ്ങിനെ അവിശ്വസിക്കും.അവന്റെ മനസ്സിനുള്ളിൽ വിശ്വാസവും അവിശ്വാസവും തമ്മിൽ പോര് തുടങ്ങി...

  ReplyDelete
  Replies
  1. ഷാഹിദജി ഇതൊക്കെ ഞാന്‍ എഴുതിയത് തന്നെയല്ലേ ?

   Delete
 5. കഥ നന്നായിരിക്കുന്നു,ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി സാജന്‍ ഭായ് ..വന്നതിനും അഭിപ്രായം പറഞ്ഞതിനും

   Delete
 6. വളരെ യാന്ത്രികമായി തോന്നിയ കഥ. സംഭവങ്ങൾ വിവരിച്ച് പോവുകയല്ലാതെ, കഥാപാത്രങ്ങളെ വ്യക്തമായി കാണിക്കാൻ സാധിച്ചില്ല.

  ReplyDelete
  Replies
  1. കഥയുടെ ചട്ടകൂടുകള്‍ എനിക്കറിയില്ല ..ഉണ്ടെങ്കില്‍ തന്നെ അതില്‍ നിന്നും മാറി എന്റേതായ രീതിയില്‍ എഴുതുവാന്‍ ശ്രമിക്കുന്നു.കുറെ സാഹിത്യം വാരിവലിച്ചു ഉള്‍പ്പെടുത്താതെ ഒരു വിവരണം ആണ് എന്റെ ശൈലി ...വന്നതിനും അഭിപ്രായത്തിനും നന്ദി ഭായ് ..ഇനിയും വരണം ...ചിലപ്പോള്‍ ഞാന്‍ എഴുതി എഴുതി നന്നായി എന്നിരിക്കും

   Delete
 7. കഥാന്ത്യങ്ങളില്‍ 'കണ്ഫ്യൂഷന്‍' നല്ലതാ.. എങ്കിലേ അത് മനസ്സിനെ പിന്നെ മധിക്കൂ ..നല്ല കഥ

  ReplyDelete
  Replies
  1. നന്ദി അന്‍വര്‍ ഭായ്...ചില തിരുത്തലുകള്‍ വേണ്ടിവന്നു അല്ലെങ്കില്‍ പൈങ്കിളി ആയിപോയീനെ

   Delete