Saturday, December 29, 2012

രാജ്യത്തെ സ്നേഹിക്കൂ ....

എല്ലാവരും രാജ്യത്തെ സ്നേഹിക്കുന്നതിലും കൂടുതല്‍ ഇപ്പോള്‍ മതത്തെ സ്നേഹിക്കുന്നു.അത് തന്നെയാണ് ലോകം മുഴുവന്‍ പടരുന്ന തീവ്രവാദത്തിനു കാരണം.അതുകൊണ്ട് തന്നെ കാഷ്മീരിലെയും ഗാസയിലെയും മറ്റും പ്രശ്നങ്ങള്‍ ഒരിക്കലും അവസാനിക്കുനില്ല.ഇത് മുതലെടുത്തു തമ്മില്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാന്‍ പലരും ഓണ്‍ലൈനില്‍ കൂടി ശ്രമിക്കുന്നു. 
 
ഇന്ത്യയിലായാലും ഈജിയ്പ്തില്‍ ആയാലും പാകിസ്ഥാനില്‍ ആയാലും മരണം നഷ്ടം തന്നെയാണ് ..ഒരിക്കലും നികത്തുവാന്‍ ആകാത്ത നഷ്ടം .അതൊക്കെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിച്ചു കാണാതെ മനുഷ്യനാണ് മരിച്ചതെന്ന് എന്നാണ് നമ്മള്‍ക്ക് തോന്നിതുടങ്ങുക.ഗാസയില്‍ മരിച്ചു വീഴുന്നത് ചിലര്‍ ഓണ്‍ ലൈനില്‍ കൂടി വിളംബരം ചെയ്തപ്പോള്‍ (ആഘോഷിച്ചപ്പോള്‍) നമ്മുടെ നാട്ടിലും തൊട്ടു കിടക്കുന്ന രാജ്യത്തും മരിച്ചുവരെ കണ്ടില്ല.ഗാസക്ക് വേണ്ടി ദിനവും ഉപവാസവും ആച്ചരിച്ചവര്‍ ബോംബെ തീവ്രവാദികള്‍ ആക്രമിച്ചതിന്റെ വാര്‍ഷികത്തിന് അതില്‍ മരണമാടഞ്ഞവരെ ഓര്‍ത്തില്ല ..അവര്‍ക്കുവേണ്ടി ഒരു വരിപോലും എഴുതിയില്ല.ഇത് ഇങ്ങിനെ തുടരുന്ന കാലത്തോളം ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കും...ഒരിടത്തു അല്ലെങ്കില്‍ മറ്റൊരിടത്ത് ...രാജ്യമാണ് മതത്തെക്കാളും വലുതെന്നു ഓരോരുത്തരും തിരിച്ചരിയുന്നതുവരെ ......

Friday, December 28, 2012

പുതുവത്സരാശംസകള്‍

വീണ്ടും ഒരു പുതുവര്‍ഷം കൂടി വരുന്നു.എല്ലാ പുതുവര്‍ഷം വരുമ്പോളും നമ്മള്‍ ആ വര്‍ഷം പുതുതായി എന്തെങ്കിലും ഒക്കെ ചെയ്യണമെന്നു വിചാരിക്കും.സിഗരറ്റ് ഉപയോഗിക്കുന്നവന്‍ അത് ഉപേക്ഷിക്കണം എന്നും മദ്യപാനി കുടി നിര്‍ത്തണം എന്നും തുടങ്ങി പുതിയ വീടോ വാഹനമോ വാങ്ങണം എന്നുവരെ ചിന്തിക്കും .ചിലര്‍ക്ക് ആ വര്ഷം മുതല്‍ സമ്പാദ്യം തുടങ്ങാന്‍ ആഗ്രഹിക്കും.ചിലര്‍ ആ വര്‍ഷം മുതല്‍ മര്യാദരാമന്‍മാര്‍ ആയിമാറുവാന്‍ ചിന്തിക്കും .പക്ഷെ പലതും പലര്‍ക്കും നടക്കാറില്ല എന്നതാണ് സത്യം.ഈ പുതു വര്‍ഷത്തിലും അങ്ങിനെ എന്തെങ്കിലും ആക്കാം എന്ന് വിചാരിച്ചു നടക്കുകയാണ് നമ്മളില്‍ പലരും.എത്ര പേര്‍ക്ക് അത് നടത്തുവാന്‍ കഴിയുമെന്നു കണ്ടറിയണം.

മുന്‍പ് കേട്ട ഒരു കഥ പറയാം.കണ്ണന്‍ എന്ന ബാലന് ഒരു കളിപ്പാട്ടത്തോട് അതിയായ ഭ്രമം തോന്നി .എങ്ങിനെയെങ്കിലും അത് വാങ്ങണം എന്ന മോഹം.വീട്ടിലെ സ്ഥിതി അനുസരിച്ച് അവനു അത് വാങ്ങികൊടുക്കുവാന്‍ തരമില്ല.നൂറു രൂപയോളം വേണം.കളിപ്പാട്ടത്തിനു അത്രയും ചിലവാക്കുവാന്‍ അവന്റെ അച്ഛന്‍ മുതിരില്ല.അവന്‍ തന്നെ  എന്തെങ്കിലും ജോലിചെയ്തു അത്രയും ഉണ്ടാക്കുവാന്‍ തീരുമാനിച്ചു.ആദ്യം അവന്‍ ഒരുചായകടയില്‍ ചെന്ന് അന്യേഷിച്ചു .അവിടെ കൂട്ടിയിട്ടിരിക്കുന്ന ഗ്ലാസും പ്ലേറ്റുമൊക്കെ കഴുകി കൊടുത്താല്‍ ഇരുപതുരൂപ കൊടുക്കാം എന്ന് പറഞ്ഞു.അവനു സമ്മതം ആയില്ല.അവനു നൂറു രൂപ കിട്ടുന്ന ജോലി വേണം.പിന്നെ പച്ചക്കറികടയിലെചേട്ടന്‍  പച്ചക്കറികള്‍ വേര്‍തിരിച്ചുവെച്ചാല്‍ അമ്പതു രൂപ കൊടുക്കാമെന്നു പറഞ്ഞു അതും അവനു സമ്മതമായില്ല .അന്ന് മുഴുവന്‍ അലഞ്ഞിട്ടും അവനു നൂറു രൂപയുടെ പണി കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.വളരെ വിഷമത്തോടെ വരുന്ന അവനോട് അവന്റെ മുത്തശ്ശി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു .അവനെ മറുപടി കേട്ട അവര്‍ ചിരിച്ചു .പിന്നെ കുററപെടുത്തി കൊണ്ട് അവനോടു ചോദിച്ചു .
"നീ ഓരോ പണിയും ഒന്നൊന്നായി വേഗം വേഗം തീര്‍ത്തിരുന്നുവെങ്കില്‍ ഇപ്പോള്‍ നിനക്ക് ആ കളിപ്പാട്ടം കൊണ്ട് കളിക്കാമായിരുനില്ലെ ?"
അവനു അപ്പോളാണ് അവന്‍ ചെയ്ത മണ്ടത്തരം ഓര്‍ത്തത്‌.വെറുതെ നൂറുരൂപയുടെ ജോലി തേടി അലയുന്ന സമയത്ത് കിട്ടിയ ജോലി ചെയ്തിരുന്നുവെങ്കില്‍ ?പിറ്റേന്ന് തന്നെ അവന്‍ അവന്റെ ആഗ്രഹം സഫലീകരിച്ചു.

നമ്മള്‍ പലരും ആ കുട്ടിയെ പോലെയാണ് .എല്ലാം ഒന്നിച്ചു വരുവാന്‍ മാത്രം പരിശ്രമിക്കും.അതാണെങ്കില്‍ ഒരിക്കലും വരികയുമില്ല .പലതുള്ളി പെരുവെള്ളം എന്ന് മനസ്സില്‍ പോലും ഉണ്ടാകില്ല .സിഗരറ്റു  വലിക്കുന്നവന് ഒരു സുപ്രഭാതത്തില്‍ അത് പൂര്‍ണമായി നിറുത്തുവാന്‍ പറ്റില്ല.നിര്‍ത്തിയാല്‍ തന്നെ വീണ്ടും തുടങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.അത് കൊണ്ട് വലിക്കുന്നതിന്റെ എണ്ണം കുറച്ചു കുറച്ചു കൊണ്ടുവരിക.ക്രമേണ നിര്‍ത്തുക. മദ്യപാനിയും ഈ ശൈലി തന്നെയാണ് സ്വീകരിക്കേണ്ടത് .അല്ലാതെ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് മദ്യത്തെ ബഹിഷ്കരിച്ചതുകൊണ്ട് കാര്യം ഉണ്ടെന്നു തോന്നുനില്ല.ഏതു അവസരത്തിലും അവന്‍ വീണ്ടും അതില്‍ തന്നെ തിരിച്ചു പോയേക്കാം.ഒരു കാര്യം ചെയ്യുന്നുവെങ്കില്‍ അത് ആദ്യം മനസ്സില്‍ ഉറപ്പിക്കണം.അത് എന്തായാലും നടത്തും എന്ന് ...എന്നാല്‍ മാത്രമേ വിജയകരമായി നടപ്പിലാക്കുവാന്‍ കഴിയൂ.

നമ്മള്‍ എല്ലാം ഒറ്റയടിക്ക് കിട്ടുവാനും നടപ്പിലാക്കുവാനും ശ്രമിക്കുന്നത് കൊണ്ടാണ് പല കാര്യങ്ങളും നടക്കാതെ പോകുന്നത്.എല്ലാം കുറച്ചില്‍ നിന്നും തുടങ്ങിയാല്‍ ഒടുക്കം രക്ഷപെടാം.മദ്യം സിഗരറ്റ് ,മയക്കുമരുന്ന്  എന്നിവ കുറച്ചില്‍ നിന്നും തുടങ്ങിയാല്‍ കഥ മാറും

.ഓരോ ദിവസവും മണിക്കൂറും എന്തിനു നിമിഷം പോലും വിലപെട്ടതാണ് .അത് നമ്മള്‍ ആരും മനസ്സിലാക്കുനില്ല.അത് കൊണ്ട് ഒരിക്കലും സമയം നഷ്ട്ടപെടുതരുത്.എല്ലാ നിമിഷവും ആവും വിധം പ്രയോജനപെടുത്തണം.ഒരു കാര്യത്തിനും  പുതുവത്സരം ആരംഭിക്കുംവരെ വരെ കാത്തുനില്‍ക്കരുത്.ഇന്ന് ചെയ്യേണ്ടത് ഇന്ന് തന്നെ ചെയ്യണം.അത് മാറ്റി വെക്കുമ്പോള്‍ ആണ് എല്ലാം കീഴ്മേല്‍ മറിയുന്നത്.എല്ലാറ്റിനും എല്ലാ കാര്യത്തിനും ഒരു പ്ലാനിംഗ് വേണം .അത് നമ്മള്‍ക്ക് കഴിയുന്നതിനു അനുസരിച്ചു വേണം അത് ഉണ്ടാക്കുവാന്‍.അത് അനുസരിച്ച് കാര്യങ്ങള്‍ ചെയ്‌താല്‍ ജീവിതം കൂടുതല്‍ സന്തോഷകരമാക്കം.ടെന്‍ഷന്‍ നമ്മളില്‍ നിന്നും അകലുന്നത് നല്ലതാണു ...അല്ലെങ്കില്‍ അകറ്റുന്നത് .

നമ്മള്‍ എത്രകാലം ജീവിക്കുന്നു എന്നല്ല നമ്മുടെ ജീവിതം എത്രപേര്‍ക്ക് പ്രയോജനപ്പെടും എന്നതാണ് നമ്മള്‍ ചിന്തിക്കേണ്ടത് .എല്ലാ മനുഷ്യന്റെ ഉള്ളിലും ഒരു മൃഗം ഉണ്ടെന്നാണ് പറയപ്പെടുന്നത്‌.അവ പലപ്പോഴും നമ്മള്‍ തന്നെ തളച്ചിടുകയാണ്‌ .പക്ഷെ  ഇപ്പോള്‍ കൂടുതല്‍ മൃഗങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു.അവ യഥേഷ്ടം നമ്മള്‍ക്കിടയില്‍ വിലസുന്നുമുണ്ട്.അത് കൊണ്ട് തന്നെയാണ് ഇവിടെ ദിനംപ്രതി മോശപെട്ട വാര്‍ത്തകള്‍ നമ്മള്‍ക്ക് കേള്‍ക്കേണ്ടി വരുന്നത്.  ഇവരെയൊക്കെ തളക്കുവാന്‍ നമ്മള്‍ ഒരാള്‍ക്ക് മാത്രംപൂര്‍ണമായും  കഴിയണമെന്നില്ല..കഴിയണമെങ്കില്‍ അവനവന്‍ തന്നെ മനസ്സ് വെക്കണം.അവന്റെ ഉള്ളിലെ മൃഗത്തെ ഒരിക്കലും പുറത്തേക്കു വിടരുത്.അല്ലെങ്കില്‍ നമ്മള്‍ കൂട്ടമായി ചേര്‍ന്നാല്‍ മാത്രമേ ഇവറ്റകളെ പിടിച്ചുകെട്ടുവാന്‍ കഴിയൂ.

ഇതൊക്കെയും എല്ലാ കാലത്തും നമ്മളില്‍ പലരും പറഞ്ഞു കൊണ്ടിരിക്കുന്നതാണ്.പക്ഷെ നമ്മള്‍ ഇതൊക്കെ ഒരിക്കലും നടപ്പാക്കാന്‍ മുതിരുനില്ല.ഒന്നാമത് ആര്‍ക്കും സമയമില്ല എന്നാണ് പറയുന്നത്.ശരിയായ ദിശയില്‍ പോയാല്‍ എല്ലാറ്റിനും സമയം ഉണ്ടാകും.ആ സമയമാണ് നല്ല നാളെ ഉണ്ടാക്കുവാന്‍ നമ്മള്‍ വിനിയോഗിക്കേണ്ടത്.അല്ലെങ്കില്‍ ഒരിക്കലും സൈര്യം തരാത്ത ഒരു സമൂഹത്തില്‍ നമ്മള്‍ മരിച്ചു ജീവിക്കേണ്ടി വരും.

അതിനിടവരുത്താതെ ശാന്തിയുടെ ലോകത്തിലേക്ക്‌ വെളിച്ചം പകരുവാന്‍ നമ്മള്‍ക്ക് ഒരു ദീപം തെളിക്കാം.എല്ലാവരും ദീപം തെളിക്കുമ്പോള്‍ ഇവിടെ എപ്പോഴും സന്തോഷവും സമാധാനവും നന്മയും നിലനില്‍ക്കും .
.

പുതുവത്സരാശംസകള്‍ 

Wednesday, December 26, 2012

ഇങ്ങിനെ ഒരാള്‍

ക്രിസ്തുമസ്സിന്റെ തലേദിവസം .കേരളത്തിന്റെ തലസ്ഥാനത്തു നിന്ന് കര്‍ണാടകയുടെ തലസ്ഥാനത്ത് എത്തിച്ചേരുവാന്‍ ഐലണ്ടിന്റെ വരവും കാത്തിരിക്കുന്നു.പ്ലാറ്റ്‌ഫോറം നിറഞ്ഞു നില്‍ക്കുന്ന ജനങ്ങള്‍ .എല്ലാവരും ഈ വണ്ടിക്കു തന്നെയാണെങ്കില്‍ തെണ്ടിപോകും .റിസര്‍വ് ചെയ്തത് കൊണ്ട് എന്റെ സീറ്റ്‌ ഉണ്ടാകുമെന്ന് ഉറപ്പാണ്‌.എന്നാലും ഒരു പേടി .ഈ തിരക്കില്‍ കയറുവാന്‍ പറ്റുമോ ?പകല്‍ സിറ്റിംഗ് റിസര്‍വ് കൊടുക്കുന്നതിനാല്‍ പലരും റിസേര്‍വ് ചെയ്താണ് വരിക.ഒന്ന് രണ്ടു പ്രാവശ്യം ഈ കാരണം പറഞു ചിലരോട് കയര്‍ക്കേണ്ടി വന്നിട്ടുമുണ്ട്.

വണ്ടി കൃത്യസമയത്ത് തന്നെ വന്നു.ഒരുവിധം കയറിപറ്റി.എന്റെ സീറ്റും നോക്കി നടന്നു.ഭാഗ്യം ആരും എന്റെ സീറ്റ്‌ കയ്യേറിയിട്ടില്ല..ബാഗുകള്‍ ഒക്കെ വെച്ച് സീറ്റിലിരുന്നു.അടുത്ത് തന്നെ കുറച്ചു പ്രായം തോന്നുന്ന ഒരാള്‍ ഇരിക്കുന്നു.അയാള്‍ ഒഴിച്ച് മട്ടിള്ളവര്‍ ഒക്കെ ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകിഇരിക്കുന്നു.ആരും ആരെയും ശ്രദ്ധിക്കുനില്ല.പാട്ട് ആസ്വദിക്കുന്നു.പണ്ടൊക്കെ ആള്‍ക്കാര്‍ കൂടുതല്‍ പരിചയപ്പെടുന്നതും വിശേഷങ്ങള്‍ പങ്കു വെക്കുന്നതും ട്രെയിനില്‍ ആണെന്ന് കേട്ടിട്ടുണ്ട്.ഇപ്പോള്‍ ആകെ മാറി .ആര്‍ക്കും ആരെയും പരിച്ചയപെടുവാന്‍ താല്പര്യം ഇല്ല .എല്ലാവരും സ്വന്തം കാര്യത്തില്‍ മാത്രം ശ്രദ്ധിക്കുന്നു..ഇങ്ങിനത്തെ പരിചയപ്പെടല്‍ പലതരം അപകടങ്ങളും റെയില്‍വേ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്‌.അത് കൊണ്ട് തന്നെയാവണം എല്ലാവരും തന്നിലേക്ക് മാത്രം  ഒതുങ്ങുന്നു.ഞാനും സമയം കളയുവാന്‍ പാട്ടുകേള്‍ക്കുകയാണ് നല്ലതെന്ന് തോന്നി.ബാഗില്‍ നിന്നും ഇയര്‍ഫോണ്‍ തപ്പുമ്പോള്‍ വെറുതെ പ്രായം കൂടിയ ആളെ നോക്കി.

അയാള്‍ ചിരിച്ചു .ഞാനും ചിരിച്ചു
"എവിടെക്കാണ്‌ ?"
"ബാംഗ്ലൂര്ക്ക് "
"ഞാനും ബംഗ്ലൂര്‍ക്കാണ് ...എന്റെ മകനും കുടുംബവും അവിടെയാണ്.കൊച്ചുമകന് ബെസ്റ്റ് സ്റ്റുഡന്റ്റ് അവാര്‍ഡ്‌ കിട്ടി.അവരെ കാണുവാന്‍ പോകുന്നു  "
ഇനി എതായാലും അയാളോട് കത്തി വെക്കാം .വിരസത അകറ്റുകയുമാവം.
അയാള്‍ പറഞ്ഞു തുടങ്ങി .
"കാലം വല്ലാതെ മാറിപോയി.ആര്‍ക്കും സംസാരിക്കാന്‍ സമയമില്ല.പരിചയപെടുവാന്‍ പോലും ....അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ആളുകള്‍ കൂടുതല്‍ ഡോക്ടറെ കാണുന്നത് എന്തിനാനെന്നു പറയാമോ ?"
"കാന്‍സര്‍ ?"
"അതിപ്പോഴേ കൂടുതല്‍ അല്ലെ ?'
"പിന്നെ ?"
"കേള്‍വി കുറവിന് ..ഓരോരുത്തന്‍ ദിവസവും എട്ടും പത്തും മണിക്കൂര്‍ ആണ് ഇത് ചെവിയില്‍ തിരുകി പാട്ട് കേള്‍ക്കുന്നത് .ഇവന്റെ ഒക്കെ ചെവി എപ്പോഴാണ് അടിച്ചുപോകുക എന്നെ നോക്കേണ്ടൂ "
ഞാന്‍ ചിരിക്കുക മാത്രം ചെയ്തു .ഒന്നും പറഞ്ഞില്ല  കാരണം ഞാനും ആ കൂട്ടത്തിലാണ്.

വണ്ടി സ്ലോ ആയി.അടുത്ത സ്റ്റേഷന്‍ എത്തിയിരിക്കുന്നു.കുറേപേര്‍ നമ്മളുടെ ബോഗിയിലേക്കു കയറി.കൂടുതലും യുവാക്കള്‍ .എല്ലാവരും ഇപ്പോഴത്തെ ഫാഷന്‍ പടയില്‍ പെട്ടത്.നമ്മളുടെ കഥാപാത്രം അവരെയൊക്കെ വല്ലാത്തൊരു നോട്ടം നോക്കി.ഒരുതരം പുഛഭാവത്തില്‍ ..ഇഷ്ടപെടാത്തത് പോലെ ..
എന്നിട്ട് പറഞ്ഞു
 "കുറെയെണ്ണം ഇറങ്ങിയിരിക്കുന്നു മീശവടിച്ചു താടി മാത്രം വെച്ച് ...ഇവരുടെ മതത്തിന്റെ  സ്റ്റൈല്‍ ആണ് പോലും .ഇവരൊക്കെ ഇവിടെയാണ്‌ ജീവിക്കുന്നത് എന്നാ ബോധം വേണ്ടേ ?"
"ഹേയി അങ്ങിനെ ഒന്നും ഇല്ല ,ഇപ്പോള്‍ എല്ലാവരും അങ്ങിനെ ചെയ്യാറുണ്ട് .ഇപ്പോഴത്തെ ട്രെന്റ് ആണ്.അതില്‍ മതമോ ജാതിയോ ഒന്നും ഇല്ല.എല്ലാ മതക്കാരും ചെയ്യാറുണ്ട് "

ട്രെയിന്‍ ഓടിക്കൊണ്ടിരുന്നു ,സ്റ്റേഷന്‍ പലതും മാറി മറിഞ്ഞു ,ആള്‍ക്കാരും യാത്രക്കാരും.അയാള്‍ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു .ഇപ്പോഴത്തെ പരിഷ്കാരങ്ങളും  മറ്റു പലതും  അയാള്‍ക്ക്‌  അത്ര ദഹിക്കുനില്ല.പലതിലും  കുറ്റം മാത്രം പറഞ്ഞു കൊണ്ടിരിക്കുന്നു.ചിലത് നല്ല കാര്യങ്ങളും പറയുന്നുണ്ട് .ഞാന്‍ കേള്‍വിക്കാരന്‍ മാത്രം ആയി.

ഇരുട്ട് പറന്നു തുടങ്ങി.എല്ലായിടത്തും നക്ഷത്രവിളക്കുകള്‍ കത്തികൊണ്ടിരിക്കുന്നു.ചിലയിടത്ത് കുറച്ചു അധികം തോരണവും ഒക്കെ ..അയാള്‍ ഒക്കെ വീക്ഷിക്കുന്നുണ്ട് .പിന്നെ പറഞ്ഞു.
"ഇവറ്റകള്‍ക്ക് വേറെ പണി ഒന്നും ഇല്ലേ ?ഈ കറണ്ട് കട്ട് ഒളള  സമയത്ത് വെറുതെ ഇത്രയധികം കറണ്ട് വെറുതെ കളയാന്‍ .ഇതൊക്കെ നമ്മളാണ് അനുഭവിക്കേണ്ടത് .ഇനി ഇതിന്റെ പേരില്‍ കറന്റ് കട്ട്‌ രണ്ടു മണിക്കൂര്‍ ആക്കും .സ്റ്റാര്‍ തൂക്കി കത്തിച്ചില്ലെങ്കില്‍ ക്രിസ്തുമസ്സ് ആഘോഷം ആകില്ലേ ?നമ്മുടെ മന്ത്രി പറഞ്ഞതൊന്നും ഇവറ്റകള്‍ കേള്‍ക്കില്ലേ ?അയാള്‍ പറഞ്ഞു കൊണ്ടിരുന്നു.

ഈ മതങ്ങള്‍ ഒക്കെ പ്രശ്നം ആണ്.ഒരൊറ്റ മതം മാത്രം മതി.എങ്കില്‍ ഇവിടെ സമാധാനം ഉണ്ടാകു മായിരുന്നു.ഇപ്പോള്‍ എവിടെ നോക്കിയാലും മതഭ്രാന്തു പിടിച്ചു നടക്കുകയല്ലേ മനുഷ്യര്‍.ചിലര്‍ക്ക് അവര്‍ മാത്രം മതി ലോകത്തില്‍ എന്നാണ് ചിന്ത,ചിലര്‍ക്ക് അവരുടെ എണ്ണം കൂട്ടണം.

ഇതുവരെ അയാള്‍ ആരെന്നു മനസ്സിലായില്ല.എല്ലാവരെയും കുറ്റം പറയുന്നുണ്ട് .പെട്ടെന്ന് കൂട്ടത്തില്‍ യാത്ര ചെയ്യുന്ന ഒരാള്‍  ചോദിച്ചു
"സാറിന്റെ പേര് ?'അപ്പോഴാണ്‌ ഞാനും പേര് ചോദിചില്ലല്ലോ എന്നോര്‍ത്തത് .
"ഞാന്‍ ബി.കെ .നായര്‍"
"എവിടേക്കാണ്  പോകുന്നത് ?'
"ബംഗ്ലോരില്‍ ചെറുമകന് അവാര്‍ഡ് കിട്ടി ..........."
"മകന്റെ പേര് ?"
"അനില്‍ കെ .നായര്‍ "
"ചെറു മകന്‍ ?"
"ഷൈന്‍ നായര്‍ "

"നിങ്ങളാണോ ഒരൊറ്റ മതം മതിഎന്ന് പറയുന്നത്.നിങ്ങള്‍ നിങ്ങളുടെ സ്വന്തമായ പേരുപോലും പറയുന്നില്ല.പറയുന്നത് ബി കെ നായര്‍.ഇതില്‍ പേര് എവിടെ ?മുഴച്ച്  നില്‍ക്കുന്നത്  ജാതി മാത്രം.ഹിന്ദു മതത്തെ അപ്പാടെ വിഭചിച്ച നിങ്ങള്‍ക്ക് ഒരൊറ്റ മതം എന്ന് പറയാന്‍ എന്ത് അര്‍ഹത?കൂടാതെ രണ്ടു തലമുറക്ക് കൂടി നിങ്ങള്‍ ജാതിപേര് ചാര്‍ത്തിയിരിക്കുന്നു. പറയുവാന്‍ എല്ലാവര്ക്കും കഴിയും ,പ്രവര്‍ത്തിക്കുവാന്‍ ആണ് പ്രയാസം .മതവും ജാതിയും ഒക്കെ വേണം.അത് മനസ്സില്‍ മാത്രം കൊണ്ടുനടക്കുന്നവരാകണം.അല്ലാതെ അതിനുവേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കുന്ന സമൂഹമാകരുത്.നമ്മള്‍ നമ്മളില്‍ നിന്നും നന്മ ശീലിച്ചു തുടങ്ങണം.എന്നാലെ  നമ്മുടെ തലമുറകള്‍ക്ക് അതിന്റെ പ്രയോജനം കിട്ടൂ ......."

അയാളുടെ മുഖം കടന്നല്‍  കുത്ത് കൊണ്ടതു പോലെ  ചുവന്നു.അയാള്‍ ഒരക്ഷരം മിണ്ടിയില്ല.അയാളുടെ ദയനീയ ഭാവം കണ്ടോ എന്തോ അപരിചിതനും നിര്‍ത്തി.

പെട്ടെന്ന് അയാള്‍ എഴുനേറ്റു ബാഗില്‍ നിന്നും ഇയര്‍ഫോണ്‍ എടുത്തു ചെവിയില്‍ വെച്ച് പാട്ട് കേട്ട് തുടങ്ങി.ചെവി അടിച്ചുപോകുന്ന കാര്യത്തെ  പറ്റി അയാളോട് എന്തോ പറയണം എന്ന് തോന്നിയെങ്കിലും അയാളുടെ ദയനീയ ഭാവം എന്നെയും  അതില്‍ നിന്നും വിലക്കി .



Saturday, December 22, 2012

ഇരിക്കട്ടെ എന്റെയും വക ചിലത് .....

നമ്മള്‍ എല്ലാ കാര്യത്തിലും അങ്ങിനെയാണ് ..എന്തെങ്കിലും പ്രശ്നം വന്നാല്‍ കുറച്ചുകാലം പ്രതികരിക്കും.ഫേസ് ബുക്കും മറ്റു സോഷ്യല്‍നെറ്റ് വര്‍ക്കിലും എല്ലാവരും അതിനെ കുറിച്ച് വാ തോരാതെ സംസാരിക്കും .ഈ ഞാന്‍ അടക്കം.പിന്നെ പിന്നെ എല്ലാവര്ക്കും മടുക്കും.ഇനി അടുത്ത പ്രശ്നം വരുന്നതുവരെ അടങ്ങിയിരുന്നു എന്തെങ്കിലും പുതിയതു വരുന്നതുവരെ കാത്തു കിടക്കും.ഇപ്പോള്‍ ദല്‍ഹി സംഭവത്തോടെ ഇതൊക്കെ വീണ്ടും ചര്‍ച്ചകള്‍ക്ക് വരുന്നു.പക്ഷെ എത്ര കാലം?

സൗമ്യ എന്ന സഹോദരിയെ (പലരും അവരെ അങ്ങിനെ വിളിച്ചു തുടങ്ങി )ഗോവിന്ധചാമി എന്ന കാട്ടാളന്‍ പീഡിപ്പിച്ചു കൊന്നപ്പോള്‍ കോടിക്കണക്കിനു നാവുകള്‍ പ്രതികരിച്ചു.ഭരണവര്‍ഗവും പോലീസും ഒക്കെ ജാഗരൂഗരായി.അനേകം അഭിപ്രായങ്ങള്‍ വന്നു .പലതും നടത്തികളയും എന്ന് പലരും വീമ്പു പറഞ്ഞു..ഒന്നും നടന്നില്ലെങ്കിലും പീഡനങ്ങള്‍ മുറക്ക് നടന്നു.പലതും ഇപ്പോള്‍ മറനീക്കി പുറത്തു വരുന്നു.

പത്തു വര്ഷം ആയി പീഡിക്കപെട്ടവര്‍ ആറേഴു മാസമായി പീഡിതരായവര്‍...ഒക്കെയും ..ഇവ പുറത്തു വരാത്തതിനു പല കാരണങ്ങള്‍ ഉണ്ടാവാം .പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായം ചെന്നവര്‍ പോലും ഇരകള്‍ ആയിട്ടുണ്ട്‌.പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പേടി കാണും ,അല്ലെങ്കില്‍ പറയരുതെന്ന് ഭീക്ഷണിപെടുത്തിയിരിക്കും.പക്ഷെ വലിയ കുട്ടികള്‍ ..അവര്‍ എന്തെ ആരോടും പറഞ്ഞില്ല ?സഹോദരനാലും കൂട്ടുകാരാലും  രണ്ടു വര്‍ഷമായി പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കപെട്ട യുവതി പിടിക്കപെട്ടപ്പോള്‍ മാത്രം വാ തുറന്നത് എന്തുകൊണ്ട് ?അഞ്ചും ആരും വര്‍ഷമായി ഉപദ്രവം നേരിടുന്ന വീട്ടമ്മ അവസാനം കൊലപാതകത്തില്‍ കലാശിച്ചപ്പോള്‍ മാത്രം രഹസ്യങ്ങള്‍ പുറത്ത് വിട്ടതെന്തുകൊണ്ട് ? ഇതിനൊക്കെ നൂറു നൂറു ന്യായമായ കാരണങ്ങള്‍ ഉണ്ടാവാം.അത് അവര്‍ പിടിക്കപെട്ടപ്പോള്‍ ഉണ്ടാക്കുന്ന ന്യായങ്ങള്‍ ആവാം .സ്വന്തം വീട്ടിലും നാട്ടിലും പോലും സ്ത്രീകള്‍ക്ക് രക്ഷ ഇല്ലാത്ത ഒരു രാജ്യത്താണ് നാം ഇപ്പോള്‍ .അത് കൊണ്ട് അതിന്റെ ഒക്കെ കാരണങ്ങള്‍ ചികഞ്ഞാല്‍ എവിടെയും എത്തുകയില്ല.ഇപ്പോള്‍ പിടിക്കപെട്ട എല്ലാ കേസിന് പിന്നിലും വില്ലത്തിയായി സ്ത്രീ കൂടി ഉണ്ടെന്നതാണ് രസകരം.

ഒരു ആണും പെണ്ണും പരസ്പരം അറിഞ്ഞു മനസ്സിലാക്കി ചെയ്യേണ്ട കാര്യമാണ് ഒരാളുടെ ആഗ്രഹമില്ലാതെ മറ്റൊരാള്‍ ബലമായി കീഴ്പെടുത്തി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.അത് ഇന്ത്യയുടെ തലസ്ഥാനത്ത് ആണ്  പോലും ഏറ്റവും കൂടുതല്‍ ചെയ്യപ്പെടുന്നത്.എല്ലാ മെട്രോ നഗരങ്ങള്‍ക്കും ഇതില്‍ നല്ല ആവറെജൂണ്ട് .എന്ത് കൊണ്ട് വലിയ നഗരങ്ങളില്‍ മാത്രം ഇതിന്റെ ശതമാനം കൂടുതല്‍ ?ഇതൊക്കെ ആണ് നമ്മള്‍ കൂടുതല്‍ ചിന്തിക്കേണ്ടത്.ഇതിനൊക്കെ ആണ് പരിഹാരം കാണുവാന്‍ ശ്രമിക്കേണ്ടത്.ഇപ്പോള്‍ ഇന്ത്യയിലെ നിലവിലെ നിയമപ്രകാരം അത്ര വലിയ ഭയക്കേണ്ടുന്ന ശിക്ഷ ഇല്ല.ഊരി പോരുവാനും പല പഴുതുകളും ഉണ്ട് ..അത് പലരും വിനിയോഗിക്കുന്നുമുണ്ട്.

ഒരു സ്ത്രീക്ക് സ്പര്ശനം എങ്കിലും മിനിമം വേണം ....പക്ഷെ ഒരു പുരുഷന് വികാരം വരുവാന്‍ കാഴ്ചകള്‍  മാത്രം മതി എന്നാണ് വായിച്ചറിഞ്ഞത്.അത് കൊണ്ട് ഇതിലൊക്കെ പുരുഷനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല .പലയിടത്തും സ്ത്രീയും തെറ്റുകാര്‍ ആണ് .ഇപ്പോഴത്തെ വസ്ത്രങ്ങളും ഫാഷനും ഒക്കെ ഇതില്‍ നല്ല പങ്കുണ്ട് .അടച്ചു വെക്കേണ്ടത് മര്യാദക്ക് അടച്ചുവെച്ചില്ലെങ്കില്‍ അതില്‍ പൂച്ചയും എലിയും നായയും ഒക്കെ കയറി നിരങ്ങും.പിന്നെ അതിനെയൊക്കെ തൂക്കികൊല്ലണം എന്ന് നിലവിച്ചിട്ടു കാര്യം ഇല്ല.

ഇപ്പോള്‍ സമൂഹത്തില്‍ സ്ത്രീ ഉപഭോഗ വസ്തുവാണ്.എന്തിനും ഏതിനും ഉപയോഗിക്കപെടുന്നത് അവളുടെ ശരീരം ആണ്.പരസ്യമായാലും സിനിമയായാലും ഒക്കെ കാശുണ്ടാക്കുന്നത് അവരുടെ ശരീരം വെച്ചാണ്.ഇതിനും ഒരു പരിധിവരെ കടിഞ്ഞാല്‍ ഇടണം

മയക്കുമരുന്നും മദ്യവും ആണ് വേറെ ഒരു വില്ലന്‍ .ഇതിന്റെ ഉപയോഗം ഇപ്പോള്‍ വളരെ കൂടുതലും ആണ്.ഇതിന്റെയൊക്കെ സ്വാധീനം ആണ് പലരെയും ഈ വിഷയത്തിലെങ്കിലും മാസ്റ്റര്‍ ആക്കുന്നത്,പലതിനും തുനിഞ്ഞിറങ്ങാന്‍ അവനെ പ്രേരിപ്പിക്കുന്നതും.ഇതൊന്നും ഇല്ലാതാക്കാനല്ല കൂടുതല്‍ ഉണ്ടാക്കാനാണ് ഭരണ വര്‍ഗം തീരുമാനിക്കുന്നത്.തിന്നുന്നവരെ മാത്രം ഇഞ്ച് ഇഞ്ചായി കൊല്ലുന്ന ഹാന്‍സ് ,ഗുട്ക പാക്കറ്റുകള്‍ നിരോധിച്ചു പക്ഷെ വലിക്കുന്നവനും അത് അറിയാതെ വലിച്ചുകേറ്റപെടുന്നവനും ദോഷം ചെയ്യുന്ന പുകവലി നിരോധിക്കുവാന്‍ സര്‍ക്കാരിനു കഴിയുന്നില്ല.

നമ്മള്‍ കുറച്ചാളുകള്‍ മാത്രം തെരുവിലിറങ്ങിയത് കൊണ്ട് കാര്യം ഇല്ല.അടുത്ത പ്രശ്നം വരുമ്പോള്‍ നമ്മള്‍ അതിലേക്കു ഓടും.അത് കൊണ്ട് ഈ വിഷയത്തില്‍ എങ്കിലും സമൂഹത്തിനു മൊത്തം മനസ്സിലാകുന്ന തരത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം.ബോധവല്കരണങ്ങള്‍ നടത്തണം.മനുഷ്യനെ കൊല്ലുന്നത്‌ എന്തായാലും അത് കൂടുതല്‍ നികുതി പണം തന്നാല്‍ പോലും അത് നിരോധിക്കണം.ഇതുപോലെ ഉള്ളപീഡനങ്ങള്‍ക്ക് നല്ല ശിക്ഷ കൊടുക്കണം.അമ്മയെയും മകളെയും  പെങ്ങള്മാരെയും തിരിച്ചറിയുന്ന ഒരു സമൂഹം ഉണ്ടാക്കി കൊണ്ടുവരണം.എന്നാല്‍ മാത്രമേ ഇവിടെ ശാന്തി വരൂ...പെണ്ണുങ്ങള്‍ക്ക്‌ സ്വന്തം വീട്ടിലെങ്കിലും മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയൂ..അത് കൊണ്ട് വീട്ടില്‍ നിന്ന് തന്നെ നന്നായി തുടങ്ങാം ...എന്നാല്‍ മാത്രമേ സമൂഹം നന്നാകൂ


Tuesday, December 18, 2012

കൃഷ്ണന്റെ കഥ

"നമ്മുടെ നടക്കലെ കൃഷ്ണന്‍  മെമ്പര്‍ സുധാകരനെ കുത്തി അയാളെ ആശുപത്രിയിലാക്കി. .രക്ഷ പെടുന്ന കാര്യം സംശയമാണ്..കൃഷ്ണന്‍  പോലീസില്‍ കീഴടങ്ങി പോലും ..."..

വാര്‍ത്ത കാട്ട്തീപോലെ പടര്‍ന്നു.കേട്ടവര്‍ കേട്ടവര്‍ സംഭവം നടന്ന സ്ഥലത്തേക്ക് കുതിച്ചു.ആര്‍ക്കും വിശ്വസിക്കാനായില്ല.നാട്ടിലെ അറിയപെടുന്ന പാവത്താനാണ് കൃഷ്ണദാസ് എന്ന കൃഷ്ണന്‍..അവിവാഹിതന്‍.പുഴയുടെ തീരത്ത്  ഇപ്പോള്‍ പുതുതായി പണിയുന്ന മാളികക്കരുകില്‍ ഉള്ള ചെറിയ വീട്ടില്‍ ഒറ്റയ്ക്ക് താമസം.അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചു പോയി .അമ്മ ഈ അടുത്ത കാലത്തും.അതിനു ശേഷം താമസം ഒറ്റയ്ക്കാണ്.ആ നാട്ടില്‍ തന്നെയുള്ള ദാസന്‍ അവന്റെ ചങ്ങാതിയാണ്.പട്ടണത്തിലെ ഏതോ കമ്പനിയില്‍ ആണ് രണ്ടുപേര്‍ക്കും ജോലി.ഞായറാഴ്ചയും മറ്റു അവധി ദിവസങ്ങളിലും  മാത്രമേ പുള്ളിയെ കാണാന്‍ കിട്ടൂ.അതിരാവിലെ പോയാല്‍ എന്നും വൈകിയേ എത്താറുള്ളൂ.അവധി ദിവസങ്ങളില്‍ മുഴുവന്‍ സമയവും വീട്ടിലും നാട്ടിലും പരിസരത്തുമായി ഉണ്ടാകും.അല്ലെങ്കില്‍ ദാസനോപ്പം അവന്റെ വീട്ടില്‍ .ആര്‍ക്കും ഒരു ഉപദ്രവുമില്ലാത്തവന്‍.അവധി ദിവസങ്ങളിലാനെങ്കില്‍ എന്ത് കാര്യത്തിനും ആരെയും സഹായിക്കുന്ന  പരോപകാരി.നാട്ടിലെ കല്യാണമായാലും മറ്റു വിശേഷങ്ങള്‍ ആയാലും ,മരണമായാലും എന്തിനും ആള്‍ വീട്ടിലുണ്ടെങ്കില്‍ എത്തിയിരിക്കും.അതിനു വേണ്ട കാര്യങ്ങള്‍ ഒക്കെ ചെയ്തിരിക്കും.ആരുമായും എതിര്‍പ്പുള്ളതായോ വഴക്കടിച്ചതായോ ഒന്നും നാട്ടുകാര്‍ക്കറിയില്ല.അങ്ങിനത്തെ ഒരുവനാണ് മെമ്പറെ കുത്തി കൊന്നിരിക്കുന്നത്.

കുറച്ചു ദിവസമായി കൃഷ്ണന്‍ വീട്ടില്‍ തന്നെയുണ്ട്‌.ജോലിക്ക് പോകാറില്ല.ഇടയ്ക്കു കാണുന്നവരോട് സുഖമില്ല ,റസ്റ്റ്‌ ആണ് എന്നൊക്കെ പറഞ്ഞു.ഈ സമയങ്ങളില്‍ മെമ്പര്‍ കൃഷ്ണന്റെ വീട്ടിലെത്താറുണ്ട്.അവര്‍ തമ്മില്‍ എന്തൊക്കെയോ സംസാരിക്കാറുമുണ്ട്.ഒരു ദിവസം വായനശാലയിലും അവര്‍ എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നതു കണ്ടവരുണ്ട്.ആ സമയത്ത് കുറച്ചു ഉറക്കെ സംസാരിച്ച കൃഷ്ണനെ മെമ്പര്‍ നമുക്ക് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു തടഞ്ഞതും ചിലര്‍ ഓര്‍ത്തു.ഇന്നലെ രാത്രി കൃഷ്ണന്റെ വീട്ടില്‍ നിന്നും ഉച്ചത്തില്‍ സംസാരം നടന്നതായും അന്യേഷിച്ചുവന്നവരോട് കാര്യമൊന്നുമില്ലെന്ന് പറഞ്ഞു കൃഷ്ണന്‍ തന്നെ മടക്കി അയച്ചതായും ജനസംസാരം വന്നു.പിന്നെ മെമ്പറും മറ്റൊരാളും ഇറങ്ങി പോകുന്നതും ചിലര്‍ കണ്ടു.

കൃഷ്ണന്റെ വീട്ടിനരുകില്‍ ജനങ്ങള്‍ തടിച്ചുകൂടി.കുറച്ചു പോലീസ്കാര്‍ അവിടുണ്ട്.അവര്‍ എന്തൊക്കെയോ ചെയ്യുന്നുണ്ട്.മുറ്റത്തും വരാന്തയിലും ഒക്കെ ചോര കാണുന്നുണ്ട്.ആരെയും പോലീസുകാര്‍ അവിടുത്തേക്ക്‌ അടുപ്പിക്കുനില്ല.ആര്‍ക്കും കാര്യങ്ങള്‍ അത്രക്ക് പിടികിട്ടുന്നുമില്ല.രാഷ്ട്രീയ നേതാവിനെയാണ് കുത്തിയിരിക്കുന്നത്.ഇനി എന്തെല്ലാം പുകിലാണാവോ ഉണ്ടാവുക.ദാസന്‍ ആണെങ്കില്‍ ജോലിക്ക് പോയിരിക്കുകയാണ്.എന്തായാലും കാരണം എന്താണ് എന്ന് കുറച്ചെങ്കിലും  അവനു അറിയാമായിരിക്കും.പക്ഷെ ഫോണ്‍ വിളിച്ചിട്ട് അവനെ കിട്ടുന്നുമില്ല.

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മെമ്പര്‍ മരിച്ചവാര്‍ത്ത വന്നു. ഹര്‍ത്താല്‍ ....ചെറിയ സംഘര്‍ഷങ്ങള്‍ ...അന്നേ ദിവസം പകല്‍ അങ്ങിനെ കടന്നു പോയി.രാത്രിയാണ്  കൃഷ്ണന്റെ സുഹൃത്തായ ദാസന്‍ പറഞ്ഞത് വഴി നാട്ടുകാര്‍ക്ക് യഥാര്‍ത്ഥ ചിത്രം കിട്ടുന്നത്.

കൃഷ്ണന്റെ വീടിനപ്പുറത്തു മാളിക പണിയുന്നവന് കൃഷ്ണന്റെ ഭൂമി കൂടി വേണം.എന്നാല്‍ മാത്രമേ അതിനൊരു ലുക്ക്‌ വരികയുള്ളു പോലും.ആദ്യം നേരില്‍ കൃഷ്ണനുമായി സംസാരിച്ചു.തന്റെ മാതാപിതാക്കള്‍ അന്തിയുറങ്ങുന്ന ഭൂമി എന്തുവില തന്നാലും വിട്ടു തരില്ലെന്ന് കൃഷ്ണന്‍ പറഞ്ഞു.പിന്നെ മെമ്പറെ കൂട്ടുപിടിച്ചു  സംസാരിച്ചു.കൃഷ്ണന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.പലരും ചെയ്യുന്നതുപോലെ പണം കൂടുതല്‍ കിട്ടിയാല്‍ അപ്പനമ്മമാരെ വില്‍ക്കുവാന്‍ താന്‍ തയ്യാറല്ല എന്നും കൂടാതെ പുതിയ ഭൂമി കണ്ടെത്തി അവിടെ വീട് പണിയുക ഒറ്റയ്ക്കുള്ള എന്നെ സംബന്ധിച്ചു വളരെ ബുദ്ധിമുട്ടാണെന്നും അവന്‍ ഉണര്‍ത്തിച്ചു.കൂടാതെ വീട് പുതുക്കി പണിതിട്ട് അധികം നാളുമായിട്ടില്ല.മുറികള്‍ ഒക്കെ കുറച്ചു വലിപ്പം വരുത്തി.അത്ര മാത്രം.പണം കൊണ്ട് എന്തും നേടാം എന്ന് വിശ്വസിച്ചവര്‍ക്ക്  അതോരടിയായി.പിന്നെ അവര്‍ വളഞ്ഞ വഴി നോക്കി.കള്ള രേഖകള്‍ ഉണ്ടാക്കി അത് വരുതിയില്‍ വരുത്തുവാന്‍ നോക്കി.അത് അത്രക്ക് വിജയം കാണാതെ ആയപ്പോള്‍ കൃഷ്ണന്‍ ജോലി ചെയ്യുന്ന കമ്പനി മുതലാളിയെ സ്വാധീനിച്ചും പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് ഭീഷണിപെടുത്തിയും കൃഷ്ണന്റെ പണി തെറുപ്പിച്ചു .അതിലും കൃഷ്ണന് കൂസലില്ല എന്ന് വന്നപ്പോള്‍ ഇത് ഗവര്‍ന്മെന്റ് ഭൂമി എന്ന് വരുത്തിവെച്ചു.അയാള്‍ക്ക് കിട്ടിയില്ലെങ്കില്‍ ആര്‍ക്കും കിട്ടരുതെന്ന വാശിയോടെ...കൃഷ്ണനെ ഒരു പാഠം പഠിപ്പിക്കണം എന്ന കുരുട്ടു ബുദ്ധിയോടെ ....സഹായിക്കുവാനും പണം കണ്ടാല്‍ കണ്ണ് തള്ളുന്ന കുറെ ഉദ്യോഗസ്ഥര്‍ ഉണ്ടായി.എന്ത് വന്നാലും ഒഴിയേണ്ടി വരും എന്ന നിലയിലായി കാര്യങ്ങള്‍.കൃഷ്ണന്റെ  പാവത്താന്‍ മനസ്സ് എന്ത് ചെയ്യണം എന്നറിയാതെ വലഞ്ഞു. ജോലി നക്ഷ്ട്ടപെട്ടു  ഇപ്പോള്‍ കിടപ്പാടവും...ഇത് രണ്ടും ഇല്ലാതായാല്‍ പെരുവഴിയിലാകും.മഞ്ഞും മഴയും കാറ്റും വെയിലും കൊണ്ട് പട്ടിണി കിടക്കണം ഒരു പുതിയ ജോലി കിട്ടുന്നതുവരെയെങ്കിലും..ഇതൊന്നുമില്ലാതെ തന്നെ എനിക്ക് ജീവിക്കണം.അതും എന്നെ ഈ വിധത്തിലാക്കിയവനെ ഇല്ലതാക്കിയിട്ടു ...അവന്‍ മാത്രം സുഖിച്ചു ജീവിക്കരുത്.ജനങ്ങള്‍ക്ക്‌ നല്ലത് ചെയ്യേണ്ട ജനപ്രതിനിധി ഇനി ഒരിക്കലും ഒരാള്‍ക്കും തിന്മ ചെയ്യരുത്.പണം കണ്ടു കണ്ണ് മഞ്ഞളിക്കരുത് .

അവന്റെ തീരുമാനം ഉറച്ചതായിരുന്നു.അവന്‍ മനസ്സിലുറപ്പിച്ചത് തന്നെ ചെയ്തു.അവന്‍ ഇപ്പോള്‍ ഒരു കൂരക്കു കീഴില്‍  ആണ്...മഴയും വെയിലും മഞ്ഞും കാറ്റും ഒന്നും അവനെ ശല്യം ചെയ്യുനില്ല ...ഭക്ഷണവും കൃത്യ മായി കിട്ടുന്നുണ്ട്‌.ആദ്യം കുറച്ചു ദേഹോപദ്രവം ഉണ്ടായി എങ്കിലും പിന്നെ ഒക്കെ നിന്നു.കൊലപാതകത്തിന് ശിക്ഷയായി അവനു അനുവദിച്ചു കിട്ടിയ തടങ്കല്‍ വര്‍ഷങ്ങളില്‍  അവന്‍ സുരക്ഷിതനാണ് ...അന്തിയുറങ്ങാനും വിശപ്പ് മാറ്റുവാനും ...അതിനുശേഷം അല്ലെ അതപ്പോള്‍ നോക്കാം....


കഥ:
പ്രമോദ് കുമാര്‍.കെ.പി


Monday, December 17, 2012

ലോക്കല്‍ ഷിബു

വര്‍ഷങ്ങള്‍ക്കു മുന്‍പാണ് 

കൊച്ചിയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനി അവരുടെ പ്രസിഡന്റിനെ വരവേല്‍ക്കുവാന്‍ തകൃതിയായി ഒരുങ്ങുന്നു.പ്രസിഡണ്ട്‌ മലയാളി ആണെങ്കിലും ജനിച്ചതും വളര്‍ന്നതും ഒക്കെ പുറം രാജ്യത്താണ്.എങ്കിലും മലയാളം നന്നായി സംസാരിക്കും.കൊച്ചിയില്‍ വന്നാല്‍ മലയാളികള്‍ ആയ എല്ലാവരോടും സംസാരിക്കുക  മലയാളത്തില്‍. സിങ്കപ്പൂര്‍ ഹെഡ്ഓഫീസില്‍ ആണ് എപ്പോഴും ഉണ്ടാവുക..വര്‍ഷത്തിലോ രണ്ടു വര്ഷം കൂടുമ്പോഴോ മറ്റോ ഒരു വിസിറ്റ് കൊച്ചിയില്‍ .പത്തിരുപത് രാജ്യങ്ങളിലായി മുപ്പത്തോളം കമ്പനിയുണ്ട്.
കൊച്ചിയില്‍ മാത്രം നൂറോളം സ്റ്റാഫ്‌ ഉണ്ട്.അതും പല നാട്ടില്‍   നിന്നുള്ളവര്‍.കൂടുതലും മലയാളികള്‍ ആണ്.അതും കൊച്ചിക്കാര്‍ കുറവ്.അത് കൊണ്ട് ഡ്രൈവര്‍,സ്ലീപ്പേര്‍ ,തോട്ടക്കാരന്‍ എന്നിവയില്‍ ആ നാട്ടുകാരന് കൂടുതല്‍.അതില്‍ ക്ലീനിംഗ് ജോലി ചെയ്യുന്നയാളാണ്‌ ഷിബു.അത്ര പഠിപ്പൊന്നും ഇല്ലെങ്കിലും നല്ല കാര്യ ഗൌരവം ഉണ്ട്.നല്ല അദ്ധ്വാനിയാണ്.പാവവും  ആണ് ഒരു കമ്പനിക്ക് എന്തുവേണം എന്തുവേണ്ട എന്നൊക്കെ അവനു നിശ്ചയം ഉണ്ട് താനും.അവന്‍ ക്ലീന്‍ ചെയ്തു കഴിഞ്ഞാല്‍ ഒരു പൊടി പോലുമുണ്ടാവില്ല കണ്ടു പിടിക്കാന്‍.തറയും പരിസരവും അത്രക്ക് ക്ലീന്‍ ആയിരിക്കും.അവന്‍ എല്ലാവരോടും നല്ല ചങ്ങാത്തവും ആണ്.മറുനാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് ഫ്ലാറ്റ് ,വീട് എന്ന് വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കും.അത് കൊണ്ട് തന്നെ എല്ലാവര്ക്കും അവനെ വലിയ കാര്യമാണ്.പ്രസിഡണ്ട്‌ അവന്‍ ജോയിന്‍ ചെയ്തതിനു ശേഷം ആദ്യമായാണ് വരുന്നത്.നമ്മളുടെ വര്‍ണനയൊക്കെ കേട്ട് കക്ഷി അയാളെ പരിചയപെടണം എന്നാ വാശിയിലാണ്.അത് കൊണ്ട് പുതിയ ആള്‍ക്കാരോപ്പം നില്‍ക്കുവാന്‍ മാനേജര്‍ അവസരം കൊടുത്തു.
പ്രസിഡന്റിനു ഊഷ്മളമായ സ്വീകരണം കൊടുത്തു.എല്ലാറ്റിനും മുന്നില്‍ ഷിബു ഉണ്ടായിരുന്നു.അതിഥി പഴയ മുഖങ്ങളോട് വിശേഷങ്ങള്‍ തിരക്കി പുതു മുഖങ്ങള്‍ക്കു സമീപം എത്തി.മാനേജര്‍ ഓരോരുത്തരെ പരിചയപെടുത്തുന്നു.

"ഇത് ..മി.സാംസന്‍ ,ഫ്രം കൊട്ടാരക്കരയാണ് .."
"ഇത്  മിസ്സ് .ജാനുവല ,ഫ്രം കോഴിക്കോട് "
"ഇത്  മി.നജീബ് ,ഫ്രം ത്രിശൂര്‍
----------
----------
-------------
അങ്ങിനെ ഷിബുവിന്റെ ഊഴം എത്തി.
"ഇത് മി.ഷിബു ..ലോക്കല്‍ ആണ് ."

അതുവരെ നിറഞ്ഞ ചിരിയുമായി നിന്ന ഷിബുവിന്റെ മുഖം മങ്ങി.കണ്ണുകള്‍ നിറഞ്ഞു.ആരോടും ഒന്നും പറയാതെ അവന്‍ സ്ഥലം വിട്ടു.ആര്‍ക്കും ഒന്നും മനസ്സിലായില്ല.തിരക്കിനിടയില്‍ ആരും കൂടുതല്‍ ശ്രദ്ധിച്ചുമില്ല.പ്രസിഡണ്ട്‌ വിടവാങ്ങിയപ്പോള്‍ ആരും ഇതുവരെ കാണാത്ത ഭാവവുമായി ഷിബു മാനേജരുടെ കാബിനില്‍ കയറി.
"ഷിബു നീ എന്താണ് പെട്ടെന്ന് പോയികളഞ്ഞത് ?"
"സാര്‍ ഒന്നും പറയേണ്ട ..നിങ്ങള്‍ ഒക്കെ വലിയവര്‍ അല്ലെ ?നമ്മള്‍ ക്ലീന്‍ ചെയ്യുന്നത് കൊണ്ട് നമ്മള്‍ ഒക്കെ ....എന്നാലും എന്നോട് വേണ്ടായിരുന്നു .അവന്‍ കരഞ്ഞു തുടങ്ങി.
"കരയാതെ കാര്യം പറയൂ ഷിബു .."
"നമ്മള്‍ മാത്രം  ലോക്കല്‍ അല്ലെ  സാര്‍ ...നിങ്ങള്‍ പ്രസിഡന്റിനോട്  എന്നെ പറ്റി അങ്ങിനെ പറയരുതായിരുന്നു.സാറിനറിയോ  ഞാന്‍ ഇതുവരെ ലോക്കല്‍ പണി ഒന്നും എടുത്തിട്ടില്ല.ഞാനും ഡീസന്റ് ആണ് സാര്‍.....സാറിനോട് ഞാന്‍ എന്തെങ്കിലും ......"

മാനേജര്‍ക്ക് കാര്യം പിടികിട്ടി ..ലോക്കല്‍ എന്നാ വാക്കിന്റെ അര്‍ഥം ഷിബു തെറ്റായി ധരിച്ചു വെച്ചിരിക്കുന്നു.അയാള്‍ ഷിബുവിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.ഷിബു തനിക്കു പറ്റിയ മണ്ടത്തരം ഓര്‍ത്തു ശിരസ്സു കുനിച്ചു.

പക്ഷെ പിറ്റേന്ന് മുതല്‍ ഷിബുവിന് ലോക്കല്‍ എന്ന വട്ട പേര് വന്നു.വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു.പഴയവര്‍ ഒക്കെ മലാഷ്യ ,സിങ്കപ്പൂര്‍ ,ഓസ്ട്രേലിയ ,കാനഡ  എന്നിവിടങ്ങളില്‍  ചേക്കേറി .ഇപ്പോഴും  ആ കമ്പനിയില്‍ ജോലി തുടരുന്ന അവനെ  ലോക്കല്‍ ഷിബു എന്ന് പറഞ്ഞാലേ  ആളുകള്‍ക്കറിയൂ .അത് കൊണ്ട് തന്നെ ആ സംഭവം ഇത്ര വര്‍ഷമായിട്ടും മറക്കുവാന്‍ ഷിബുവിന് കഴിയുനില്ല.

Saturday, December 15, 2012

തിരിച്ചറിവുകള്‍

തലശ്ശേരി നഗരത്തിലെ ഇടുങ്ങിയ വഴിയിലൂടെ അവരുടെ ഇന്നോവ മുന്നോട്ടേക്ക് നീങ്ങി.ആറേഴു പേരുണ്ട്.എല്ലാം യുവാക്കള്‍ .കൂട്ടത്തില്‍ ഒരുത്തന് ജോലി കിട്ടി.അത് ആഘോഷിക്കുവാന്‍ പോകുകയാണ്.ഇപ്പോഴത്തെ യുവത്വത്തിന്റെ ആഘോഷങ്ങളിലെ മുഖ്യ മായ മദ്യപാനം കൊണ്ട് തന്നെ എല്ലാവരുടെയും ആഘോഷം. മാഹി അല്ലെങ്കില്‍ പന്തക്കല്‍ ആണ് ലക്‌ഷ്യം.പോണ്ടിച്ചേരിയില്‍ പെട്ടതായതിനാല്‍ രണ്ടിടത്തും മദ്യത്തിനു വിലകുറവാണ് .അത് കൊണ്ട് തന്നെ പലരുടെയും ആഘോഷങ്ങള്‍ ഇവിടെ നടക്കുന്നു.ഇവിടെ കിട്ടുന്നത് പലതും ഡ്യൂപ്ലിക്കേറ്റ്‌ ആണെന്ന് പറഞ്ഞാല്‍ അവര്‍ ചോദിക്കും
"കഴിക്കുന്നത്‌ അമൃത് ഒന്ന്മല്ലല്ലോ.വിഷം തന്നെയല്ലേ ,പിന്നെ അതില്‍ കുറച്ചുകൂടി വിഷം  മിക്സ്‌ ആയാല്‍ .എന്തുപറ്റുവാന്‍ ...... "
എല്ലാവര്ക്കും അറിയാം കുടിക്കുന്നത് വിഷം ആണെന്ന് പക്ഷെ ആരും കുടിക്കാതിരിക്കുന്നില്ല.

സൈഡ് റോഡില്‍ നിന്നും വളരെ സ്പീഡില്‍ വന്ന  ഒരു ബസ്‌ വലിയ ശബ്ദത്തോടെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ അവര്‍ക്ക് മുന്നില്‍ ബ്രേക്ക്‌  ചവിട്ടി.എല്ലാം ഇടിച്ചു തകര്‍ന്നു  എന്നാണവര്‍ കരുതിയത്‌.ഒന്നും സംഭവിച്ചില്ല എന്ന് മനസ്സിലായതോടെ കിട്ടിയ ഊര്‍ജത്തിന് എല്ലാവരും പുറത്തിറങ്ങി.
"എന്താടാ .....നിനക്ക് ചെറിയ വണ്ടി കാണുമ്പോള്‍ ഒതുക്കാന്‍ തോന്നുന്നു അല്ലെ.നീ മാത്രം പോയാല്‍ മതിയോ .എന്ത് സ്പീടിലാട ഈ ഇടുങ്ങിയ റോഡില്‍ കൂടി  ?"ബസ്‌ ഡ്രൈവര്‍ക്ക് നേരെ അവര്‍ ചീറി .
"എടൊ ..ഒന്നും സംഭവിചില്ലല്ലോ ...ഇതൊക്കെ എന്നും നടക്കുന്നതാണ് ...ഈ സ്പീഡില്‍ പോയാലെ അനുവദിച്ച സമയത്ത് ട്രിപ്പ്‌ നടക്കൂ ..അല്ലെങ്കില്‍ പലരോടും ഉത്തരം പറയണം. പിന്നെ വലിയവണ്ടികള്‍ ചെറിയ വണ്ടികളെ ഒതുക്കുന്ന കാര്യം.അത് ഈ വളയം പിടിക്കുന്ന എല്ലാവര്ക്കും തോന്നുനതാണ് ..നിങ്ങള്‍ ഓട്ടോറിക്ഷകളെ ഒതുക്കും ഓട്ടോ ആണെങ്കില്‍  ടു വീലറുകളെ ഒതുക്കും ...അവരാണെങ്കില്‍ കാല്നടക്കാരുടെ മുതുകത്തും കയറും."

പിന്നെ വാക്പോരട്ടങ്ങള്‍ ...വഴി ബ്ലോക്ക്‌ ആയി ആള്‍ക്കാര്‍ കൂടി ഹോണുകളുടെ നിലക്കാത്ത നിലവിളി...പോലീസ് വരുമെന്ന് ഉറപ്പായപ്പോള്‍ അവിടുന്ന് മുങ്ങാമെന്നു അവര്‍ക്ക് തോന്നി.കാരണം ഒന്നും സംഭവിച്ചിട്ടില്ല.പോലിസ് വന്നാല്‍ പിന്നെ പണി പാളും .കാര്യങ്ങള്‍ നടക്കില്ല.അനോന്യം തെറി വിളിച്ചു അവര്‍ പിരിഞ്ഞു.

വണ്ടിയില്‍ പല അഭിപ്രായങ്ങളും വന്നു.അവനെ വിടരുതായിരുന്നു,ഇനിയും കിട്ടും എന്നൊക്കെ.പക്ഷെ ഈ കൂട്ടത്തില്‍ സരോഷ് മൌനിയായി .കാരണം എല്ലാവര്ക്കും അറിയാം .അവനും ബസ്‌ ഡ്രൈവര്‍ ആണ്.പക്ഷെ ബാംഗ്ലൂര്‍ -തലശ്ശേരി  ബസ്സില്‍.ഇന്ന് രാത്രിയും ഓട്ടം ഉണ്ട്.ഇന്ന് രാവിലെയാണ്  വന്നത് .ഉറക്ക ക്ഷീണം ഉണ്ട് .പക്ഷെ കൂട്ടുകാര്‍ പാര്‍ട്ടിക്ക് വിളിച്ചാല്‍ എങ്ങിനെ വരാതിരിക്കും.

മാഹിയിലെ ബാറില്‍ കുപ്പികള്‍ ഒഴിഞ്ഞു കൊണ്ടിരുന്നു.സരോഷും നല്ല ഫോമിലായി.അവന്റെ ക്ഷീണവും ഉറക്കവും ഒക്കെ പമ്പകടന്നു.
"എടാ ഇനി സരോഷിനു കൊടുക്കേണ്ട..അവനു ഇന്ന് രാത്രി ബസ്‌ ഓടിക്കെണ്ടതാണ് "
"പോടാ നീ ...ഇതില്‍ കൂടുതല്‍ സേവിച്ചിട്ടു പുഷ്പം പോലെ ബസ്‌ ബാംഗ്ലൂരില്‍ എത്തിച്ചിട്ടുണ്ട്.പിന്നെയാ ഇത് .." അവന്‍ കുടിച്ചു കൊണ്ടേയിരുന്നു.
"നീ കുടിക്കെടാ ....."സജീവ്‌ അവനെ പ്രോത്സാഹിപ്പിച്ചു .

വൈകുന്നെരതോടെ എല്ലാവരും പിരിഞ്ഞു .സരോഷ് വീട്ടിലേക്കു പോയി.മറ്റുള്ളവര്‍ കടപ്പുറത്തും ബീചിലുമൊക്കെയായി വീണ്ടും രസച്ചരടുകള്‍ പൊട്ടിച്ചു.

പിറ്റേന്ന് അതിരാവിലെ വെപ്രാളത്തോടെ കരഞ്ഞുകൊണ്ട്‌ ജാനമ്മ വിളിച്ചപ്പോളാനു കൂട്ടത്തിലുണ്ടായിരുന്ന സജീവ്‌ എഴുനേറ്റതു.

"എടാ സജി ബാംഗ്ലൂര്‍ക്ക്  പോയ ബസ്‌ കൊക്കയിലേക്ക് മറിഞ്ഞു ."...ടി.വി.യില്‍ ഫ്ലാഷ് ന്യൂസ്‌ വരുന്നു ."ഇന്നലെ രമിയും മോളും പോയിട്ടുണ്ട്.അവളുടെ എന്തോ അഡ്മിഷന്റെ കാര്യത്തിനു .വൈകുന്നേരം നിന്നെ തിരക്കി വന്നിരുന്നു.നീ പോകുമോ എന്നറിയാന്‍.നിന്നെ വിളിച്ചു കിട്ടാത്തപ്പോള്‍ അവള്‍ കൂട്ട് പോയതാണ് ...അവര്‍ കരഞ്ഞു കൊണ്ടിരുന്നു.

"അവര്‍ പോയ കൃഷ്ണബസ്‌ ആണ് അപകടത്തില്‍ പെട്ടത്.നീ വേഗം എഴുനെറ്റ് പോയി കാര്യങ്ങള്‍ തിരക്കു...സരോഷാനു  ആ ബസ്‌ ഡ്രൈവര്‍ ...അവന്റെ വീട് വരെ യെങ്കിലും ..... ."അവന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി ..സരോഷ് ആണ് അതിന്റെ ഡ്രൈവര്‍ .അവനെ കുടിപ്പിച്ചു വിട്ടത് നമ്മളാണ്...കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് ഞാനും....

ടി.വി യില്‍ ഫ്ലാഷ് വന്നു കൊണ്ടിരുന്നു...പക്ഷെ കാണിച്ചത് തന്നെ വീണ്ടും വീണ്ടും ..അവര്‍ക്കും കൊക്കയിലേക്ക് പോയി എന്നാ ന്യൂസ്‌ മാത്രം .വേറെ ഒന്നും കിട്ടിയില്ല.അവന്‍ വേഷം മാറുമ്പോള്‍ ന്യൂസ്‌ മാറി.ഇപ്പോള്‍ ലൈവ് സീനുകള്‍ കാണിച്ചു തുടങ്ങി .

"ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.......കൊക്കയിലേക്ക് മറിഞ്ഞ  ബസ്സിന്റെ ഡ്രൈവര്‍ മരിച്ചു ...മുപ്പതോളം പേര്‍ക്ക് പരിക്ക്.ആരുടേയും പരിക്ക് ഗുരുതരമല്ല.എല്ലാവരെയും വിവിധ ആശുപത്രികളില്‍ പ്രവേശിചിരിക്കുന്നു.തലയ്ക്കു ശക്തമായ അടിയേറ്റതാനു ഡ്രൈവറുടെ മരണ കാരണം.ബസ്‌ മരത്തില്‍ കുടുങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി...............ഹെല്പ് ലൈന്‍ നബര്‍ .................."

അവന്‍ ഞെട്ടി ,തറയിലേക്കു ഊര്‍ന്നു വീണു  ...അതെ ഇന്നലെയും കൂടി  ഒന്നിച്ചു ആഘോഷിച്ച തന്റെ വര്‍ഷങ്ങളായി കൂടെയുള്ള കൂട്ടുകാരനാണ്.അടുത്ത് തന്നെയാണ് വീട് .അവന്‍ പോയി....നമ്മള്‍ ഒഴിച്ച് കൊടുത്ത മദ്യം ആയിരിക്കും അവനെ കൊന്നത് ....കുറ്റബോധത്താല്‍ അവന്‍ തേങ്ങി.എന്തോ തീരുമാനിച്ചതുപോലെ അവന്‍ പുറത്തേക്കിറങ്ങി.കൂട്ടുകാരെ വിളിച്ചിട്ട് ഒരുത്തനും ഫോണ്‍ എടുക്കുനില്ല.എല്ലാവരും ഹാങ്ങ്‌ ഓവറില്‍ ആയിരിക്കും.എന്തായാലും അപകടം നടന്ന സ്ഥലത്തു പോകണം.ആദ്യം സരോഷിന്റെ വീട്ടിലെ സ്ഥിതി അറിയണം.

സരോഷിന്റെ വീടിനകിലൂടെയാണ് പോകേണ്ടത്.ദൂരെ നിന്നുതന്നെ ചെറിയ ആള്‍കൂട്ടം കണ്ടു.വീടിനടുത്തെത്തും തോറും കൈ കാലുകള്‍ വിറച്ചു തുടങ്ങി. ചുണ്ടുകള്‍ വിതുമ്പി തുടങ്ങി .അവിടുന്നിറങ്ങി വന്ന ആള്‍ക്കാരുടെ  നോട്ടം നേരിടുവാനാവാതെ മുഖം തിരിച്ചു.പക്ഷെ അതില്‍ ഒരാള്‍  ചുമലില്‍ കൈവെച്ചു പറഞ്ഞു

"നിന്റെ ചങ്ങാതിക്ക് ഇന്നലെ പോകാന്‍ പറ്റാത്തത് കൊണ്ട് രക്ഷപെട്ടു അല്ലെ ?.അവനു ബദലായി പോയ ആളാനു മരിച്ചത്.പാവം ആ കുടുംബം എവിടെയാണാവോ ?വാര്‍ത്ത കണ്ടു വന്നതാണ് .ഈശ്വരന്‍ രക്ഷിച്ചു .

അവന്‍ വിശ്വസിക്കാനാവാതെ അയാളെ നോക്കി ...പിന്നെ സന്തോഷത്തോടെ ആ വീട്ടിലേക്കോടി .വരാന്തയിലെ കസേരയില്‍ തല കുനിച്ചു സരോഷ് ഇരിപ്പുണ്ട്.വന്നവര്‍ ഒക്കെയും ആശ്വാസത്തോടെ പിന്‍വാങ്ങുന്നു.സജീവ്‌ ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു .അവന്റെ മുഖം ചുവന്നു തുടുത്തിരിക്കുന്നു.കണ്ണുകള്‍ കലങ്ങിയിരിക്കുന്നു.
കരഞ്ഞു കൊണ്ട് അവന്‍ പറഞ്ഞു
"ഞാന്‍ ആണെടാ അവനെ കൊന്നത് ...എനിക്ക് വയ്യെന്ന് പറഞ്ഞതുകൊണ്ടാണ് അവന്‍ പോയത് ...ഞാന്‍ അവനെ കൊലക്കു കൊടുത്തു.ഈൗ മുടിഞ്ഞ കുടിയാണ് എല്ലാറ്റിനും കാരണം."

ഞാന്‍ അവനെ പലതും പറഞ്ഞു ആശ്വസിപ്പിച്ചു.പക്ഷെ അവന്‍ ഓരോന്ന് പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു.പിന്നെ എന്തോ തീരുമാനിച്ചതുപോലെ അവന്‍ അകത്തു പോയി വേഷം മാറി വന്നു .നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ ബന്ധപെട്ടവര്‍ക്കൊപ്പം സംഭവം നടന്ന സ്ഥലതു പോയി  എല്ലാ കാര്യങ്ങളും ചെയ്തതും അവന്റെ കൂട്ടുകാരന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും സരോഷ് ആയിരുന്നു.

ഇന്നുമവന്‍ ആ കൂട്ടുകാരന്റെ വീട്ടില്‍ താങ്ങും തണലുമായി ഉണ്ട് ..ഒരു ചേട്ടനെ പോലെ ,ഒരു മകനെ പോലെ .....എന്നും ആ കുടുംബത്തിന് സംരക്ഷകനായി.

ആ സംഭവത്തോടെ സരോഷ് മദ്യപാനം നിര്‍ത്തി.അവനു അത്രക്ക് കുറ്റബോധം ഉണ്ടായിരുന്നു. അവന്‍ മദ്യത്തിന്റെ ദൂഷ്യ ഫലങ്ങള്‍ അനുഭവിച്ചരിഞ്ഞു .അതിനെ ഉപേക്ഷിച്ചു.പക്ഷെ ഇപ്പോഴും  അതൊന്നും കാര്യമാക്കാതെ ഈ നമ്മള്‍ ........എല്ലാം അറിഞ്ഞിട്ടും നശിക്കുവാന്‍ തന്നെ തീരുമാനിച്ചുറപ്പിച്ച അനേകം പേരില്‍ ഒരാളായി ......

(ഇത് ഒരു കഥയല്ല )
 :പ്രമോദ് കുമാര്‍.കെ.പി











Wednesday, December 5, 2012

ആരാണ് മണ്ടന്‍ ?

എല്ലാ നാട്ടിലും ഒരു വിഡ്ഢി കഥാപാത്രം ഉണ്ടാകും.പക്ഷെ എന്റെ ഈ കൂട്ടുകാരന്റെ പേര് ഞാന്‍ പറയില്ല.പക്ഷെ നമ്മൾ വിളിക്കുന്ന പേര് പറയാം .ഷംസു ...പക്ഷെ ഞാന്‍ പരിച്ചയപെടുത്തുന്ന ഇവന്‍ വിഡ്ഢിയൊന്നുമല്ല.അങ്ങിനെയെങ്കില്‍ പത്താം ക്ലാസ്സ്‌ പരീക്ഷ നല്ല മാര്‍ക്കില്‍ പാസ് ആകുമോ ?അവന്‍ പിന്നെയും പഠിച്ചു ...ഡിഗ്രി മുഴുമിച്ചില്ല .അവനു ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അവന്റെ ഉപ്പയ്ക്ക് അവനെ ഗള്‍ഫില്‍ വരുത്തുവാനായിരുന്നു താല്പര്യം.അവിടെ കോഫീ ഷോപ്പ് നടത്തിയിരുന്ന ഉപ്പാക്ക് ആ സമയത്ത്  അവന്റെ സഹായം അത്യാവശ്യമായിരുന്നു.അവന്റെ ചില സമയത്തെ പ്രവര്‍ത്തികള്‍ കണ്ടാല്‍ ,സംഭാഷണം കേട്ടാല്‍ അവന്‍ വിഡ്ഢി ആണെന്ന് തോന്നിപോകും.

ചെറുപ്പത്തില്‍ നമ്മള്‍ ഒക്കെ അടുത്തുള്ള കുളത്തില്‍ കുളിക്കുവാന്‍ പോകുമായിരുന്നു.നീന്താന്‍ അറിയാത്ത ഞങ്ങളെ അവിടുത്തെ മുതിര്‍ന്നവര്‍ നീന്തല്‍ പഠിപ്പിച്ചിരുന്നു.അങ്ങിനെ ഒരു മഴകാലം.കുളത്തിന് അടുത്തുള്ള വയലില്‍ ഒക്കെ നല്ലവണ്ണം വെള്ളം കയറിയിട്ടുണ്ട്.പോകുന്ന വഴിയില്‍ കാല്‍ സ്ലിപ് ആയി അവന്‍ തോട്ടിലേക്ക് വീണു.ആഴകൂടുതല്‍  ഒന്നും ഇല്ലെങ്കിലും വീഴ്ചയില്‍ അവന്‍ മുങ്ങിപോയി.ഇത് കണ്ടു ഒന്നിച്ചു വന്ന ചിലര്‍ അതിലേക്കു ചാടി അവനെ പുറത്തെടുത്തു.കരയില്‍ ഇരുന്നു അവന്‍ പറഞ്ഞത് എല്ലാവരെയും ചിരിപ്പിച്ചു.

"ഈ തോട്ടില്‍ എങ്ങാനും മുങ്ങി മരിച്ചിരുന്നെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല."

അവന്റെ വിഡ്ഢിത്തം കേട്ട് നമ്മള്‍ കളിയാക്കിയാണ് ചിരിക്കുന്നതെന്ന് അവനു മനസ്സിലായില്ല.വളിച്ച ചിരിയോടെ അവനും അതില്‍ പങ്കുചേര്‍ന്നു.

നീന്തല്‍ പഠിപ്പിക്കുന്നവര്‍ നമ്മളെ കുളത്തിന്റെ നടുക്ക് കൊണ്ടുപോയി വിടും.നമ്മള്‍ നീന്തി തിരിച്ചു കയറണം .പലപ്പോഴും നമ്മള്‍ കുറെ വെള്ളം കുടിക്കും .ശ്വാസം കിട്ടാതെ പിടയും..അപ്പോള്‍ ആരെങ്കിലും വന്നു സഹായിക്കും.ഒരിക്കല്‍ മുങ്ങി താണ് ശ്വാസം കിട്ടാതെ പിടഞ്ഞ ഇവനെ നമ്മളുടെ കൂട്ടത്തിലുള്ള  ആരൊക്കെയോ കുളത്തിന്റെ നടുക്ക് നിന്ന് എടുത്തു കരയില്‍ കൊണ്ട് എത്തിച്ചു.കുടിച്ച വെള്ളമൊക്കെ പുറത്തേക്കു കളഞ്ഞപ്പോള്‍ ആള്‍ ഉഷാറായി.പിന്നെ എല്ലാവരോടുമായി പറഞ്ഞു

"ഈ മീനുകളെ ഒക്കെ സമ്മതിക്കണം.എത്ര സമയമാണ് വെള്ളത്തില്‍ മുങ്ങി കിടക്കുന്നത് "

ഒരു ബന്ദ്‌  ദിവസം നമ്മളുടെ സുഹൃത്തിനു കലശലായ വയറു വേദനയും വയറിളക്കവും.സുലൈമാനി (കട്ടന്‍ ചായയില്‍ നാരങ്ങ ചേര്‍ത്ത് ഉണ്ടാക്കുന്ന പാനീയം ) കുടിച്ചാല്‍ പോകുമെന്ന മുതിര്‍ന്നവരുടെ ഉപദേശം .പക്ഷെ ചെറുനാരങ്ങ ഇല്ല.ബന്ദ്‌ ദിവസം എവിടെ കിട്ടാന്‍ ?അവന്‍ പെട്ടെന്ന് വീട്ടിലേക്കോടി  ഒരു പൊതിയുമായി തിരിച്ചുവന്നു.

"എന്താടാ ഇത്?"

"ഇത് കുറച്ചു വീല്‍ പൌഡര്‍ (വാഷിംഗ്‌ പൌഡര്‍ )ആണ്.ഇതില്‍ നാരങ്ങ അടങ്ങിയിട്ടുണ്ട് .സത്യം ഇതിന്റെ  പാക്കറ്റിനു  പുറത്തു നാരങ്ങയുടെ ചിത്രം ഉണ്ട്.വേണമെങ്കില്‍ ഞാന്‍ കവർ എടുത്തു കൊണ്ട് വരാം."

എന്താണ് അവനോടു  പറയേണ്ടത് ചെയ്യേണ്ടത് എന്നറിയാതെ നമ്മള്‍ ......നമ്മളുടെ തീക്ഷണ മായ നോട്ടം കണ്ട് അവന്‍ വാ പൊളിച്ചിരുന്നു .

ഒരിക്കല്‍ ഊട്ടിയിലേക്ക് നമ്മള്‍ ട്രിപ്പ്‌  പ്ലാന്‍ ചെയ്തു.പിറ്റേന്ന് രാവിലെ അഞ്ചു മണിക്ക് വണ്ടി വരും .അതില്‍ പോകുവാനായിരുന്നു പ്ലാന്‍.അത് കൊണ്ട് എല്ലാവരും ഒരു ചങ്ങാതിയുടെ വീട്ടിലായിരുന്നു അന്നത്തെ അന്തിയുറക്കം.കുറെ വീട്ടുകാരെ രാവിലെ ബുദ്ധിമുട്ടിക്കുന്നതിലും നല്ലത് ഒരു വീട്ടുകാര്‍ മാത്രം സഹിച്ചാല്‍ മതിയല്ലോ.രാത്രി പത്തു മണിയായപ്പോള്‍ എല്ലാവരും കിടന്നു.അതിരാവിലെ എഴുനേല്‍ക്കണം എന്ന് എല്ലാവരോടുമായി പറഞ്ഞു.പെട്ടെന്ന് കാര്യങ്ങള്‍ ഒക്കെ ചെയ്യണമെന്നും.കുറച്ചു കഴിഞ്ഞു എന്തോ ശബ്ദം കേട്ട് നോക്കുബോള്‍ നമ്മുടെ കഥാ പാത്രം മുറിയിലേക്ക് കടന്നു വരുന്നു.

"നീ എവിടെ പോയതാണ് "

"ചിലപ്പോള്‍ രാവിലെ എഴുനേല്‍ക്കാന്‍ വൈകിയാലോ ?അത് കൊണ്ട് ഞാന്‍ പല്ല് തേച്ചു ..പിന്നെ കക്കൂസിലും പോയി.ഇനി രാവിലെ അതിന്റെ ആവശ്യം വേണ്ടല്ലോ ".

ഊട്ടിയില്‍ അടിച്ചു പൊളിച്ചു ..അതിന്റെ ഫലമായി അവിടുത്തെ വേറെ ആള്‍ക്കാരുമായി ചെറിയ ഉരസല്‍ ഉണ്ടായി.എല്ലാവരെയും പോലിസ് പിടിച്ചു ....ചോദ്യം ചെയ്തു.നമ്മള്‍ ഒക്കെ പേടിച്ചു നില്‍ക്കുകയാണ്.അവിടെ കൂടിയ ചില തമിഴന്മാര്‍ എസ് .ഐ  വന്നാല്‍ നിങ്ങളെ ഇപ്പോള്‍ ജയിലിലടക്കും എന്ന് പറഞ്ഞു പേടിപ്പിച്ചപ്പോള്‍ നമ്മള്‍ വിറക്കാന്‍ തുടങ്ങി.
അപ്പോള്‍ നമ്മുടെ കഥാപാത്രം എന്നെ നോക്കി പറഞ്ഞു

"കണ്ണൂര്‍ ജയിലിലാനെങ്കില്‍ കുഴപ്പമില്ലായിരുന്നു ...അടുത്തായത്  കൊണ്ട് എപ്പോഴും വീട്ടില്‍ പോയി വരാമല്ലോ ?"

നിന്നുരുകി നിന്ന ആ സമയത്തും എന്നോട് ചിരിച്ചുപോയി.കുറെ കഴിഞ്ഞു  എസ് .ഐ . വന്നു . പരിചയത്തിലുള്ള ഒരു അങ്കിളും കുറച്ചു പണവും ചെന്നപ്പോള്‍ നമ്മള്‍ തെറ്റുകാര്‍ അല്ലെന്നു അവര്‍ മനസ്സിലാക്കി പോകുവാന്‍ അനുവദിച്ചു.

പക്ഷെ ഇതൊന്നുമല്ല വലിയ തമാശ ..അവന്‍ ഇന്ന് ഗള്‍ഫില്‍ ഒരു മള്‍ട്ടി നാഷനല്‍  കമ്പനിയുടെ ഉയര്‍ന്ന പോസ്റ്റില്‍  ആണുള്ളത്.വര്‍ഷങ്ങളായി അവിടെ തന്നെ ജീവിക്കുന്നു.നാട്ടില്‍ ബിസിനെസ്സ് ,ധാരാളം വാടക കിട്ടുന്ന കെട്ടിടങ്ങള്‍,കോടിക്കണക്കിന് വിലവരുന്ന ഭൂമി ....ഇതെങ്ങിനെ സാധിച്ചു എന്ന് ഞാന്‍ ഒരിക്കല്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു.

"ആ കമ്പനിയില്‍ എല്ലാം എന്നേക്കാള്‍ മണ്ടന്‍മാരാണ് ". അതും പറഞ്ഞു അവന്‍ ആര്‍ത്തു ചിരിച്ചു.എന്നെ എപ്പോഴും മണ്ടന്‍ ആയി കണ്ട  എന്നേക്കാള്‍ മണ്ടന്‍ നീയല്ലേ എന്നര്‍ത്ഥത്തില്‍ ... അതോ എനിക്ക് തോന്നിയതാവുമോ ? അവന്‍ പറഞ്ഞത് അല്ലെ ശരി .അവനെ മണ്ടന്‍ എന്ന് കരുതിയ നാട്ടുകാരും ഞാനും അല്ലെ യദാര്‍ത്ഥത്തില്‍ മണ്ടശ്ശിരോമാണികള്‍ ? മണ്ടന്‍ എന്ന് നമ്മള്‍ കരുതിയ അവന്‍ നേടെണ്ടതൊക്കെ നേടി എടുത്തിരിക്കുന്നു ...നമ്മള്‍ ഇപ്പോഴും നേട്ടത്തിന് വേണ്ടി ചക്രശ്വാസം വലിക്കുന്നു
.

-പ്രമോദ്  കുമാർ .കെ.പി




Sunday, November 11, 2012

നമ്മളുടെ പറശ്ശിനികടവ് മുത്തപ്പന്‍


മുത്തപ്പന്റെ കഥ 
അയ്യങ്കര ഇല്ലത്ത് വാഴുന്നവർ എന്ന നാടുവാഴിക്ക് കുട്ടികൾ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ പത്നിയായ പാടിക്കുറ്റി അന്തർജ്ജനം ശിവഭക്തയായിരുന്നു. ശിവന് ബലിയായി അവർ പലതും അർപ്പിച്ചു. ഒരുദിവസം സ്വപ്നത്തിൽ അന്തർജ്ജനം ശിവനെ കണ്ടു. പിറ്റേദിവസം അടുത്തുള്ള ഒരു അരുവിയിൽ കുളിച്ച് കയറി വരവേ അവർ ഒരു കുഞ്ഞ് പൂമെത്തയിൽ കിടക്കുന്നതു കണ്ടു. കുട്ടിയെ എടുത്ത് വീട്ടിലേക്കു കൊണ്ടുവന്ന് അവർ സ്വന്തം മകനെപ്പോലെ വളർത്തിത്തുടങ്ങി. ഈ കുട്ടി ഇവരുടെ മനയ്ക്ക് അടുത്തുള്ള കാട്ടിൽ അമ്പും വില്ലുമെടുത്ത് വേട്ടയ്ക്കു പോകുന്നത് പതിവായിരുന്നു. താഴ്ന്ന ജാതിക്കാരുമൊത്ത് ഈ കുട്ടി ഭക്ഷണം കഴിക്കുമായിരുന്നു. ഇതു രണ്ടും നമ്പൂ‍തിരി ആചാരങ്ങൾക്ക് എതിരായതിനാൽ മാതാപിതാക്കൾ കുട്ടിയോട് ഇവ നിറുത്തുവാൻ അഭ്യർത്ഥിച്ചു. പക്ഷേ ഈ അഭ്യർത്ഥന കുട്ടി ചെവിക്കൊണ്ടില്ല. അയ്യങ്കര വാഴുന്നവർ ഇതിൽ വളരെ നിരാ‍ശനായി. ഒരു ദിവസം കുട്ടി അവന്റെ മാതാപിതാക്കളുടെ അടുത്തെത്തി അമ്പും വില്ലുമെടുത്ത് തീക്കണ്ണുകളോടെ തന്റെ വിശ്വരൂപം കാണിച്ചു. മാതാപിതാക്കൾക്ക് ഇത് ഒരു സാധാരണ കുട്ടി അല്ലെന്നും ദൈവമാണെന്നും മനസ്സിലായി. അവർ അവന്റെ മുൻപിൽ സാഷ്ടാംഗം നമസ്കരിച്ചു. കുട്ടി അവരെ അനുഗ്രഹിച്ചു. ഇതിനു ശേഷം ദൈവം അയ്യങ്കരയിലേക്ക് യാത്രയായി. പക്ഷേ കുന്നത്തൂരിന്റെ പ്രകൃതി സൗന്ദര്യം കണ്ട് ദൈവം അവിടെ തങ്ങുവാൻ തീരുമാനിച്ചു. പനമരങ്ങളിലെ കള്ള് കണ്ട് ദൈവം ആകൃഷ്ടനായി.
നിരക്ഷരനായ ചന്ദൻ എന്ന കള്ള് ചെത്തുകാരൻ തന്റെ പനമരങ്ങളിൽ നിന്ന് എന്നും രാത്രി കള്ള് മോഷണം പോവുന്നതായി കണ്ടുപിടിച്ചു. അങ്ങനെ പനകൾക്ക് കാവൽ കിടക്കുവാൻ ചന്ദൻ തീരുമാനിച്ചു. അങ്ങനെ കാവൽ കിടക്കവേ ഒരു വൃദ്ധൻ പനയിൽ നിന്ന് തന്റെ കള്ള് മോഷ്ടിക്കുന്നതായി ചന്ദൻ കണ്ടുപിടിച്ചു. തന്റെ അമ്പും വില്ലുമെടുത്ത് ഈ വൃദ്ധനെ പനമരത്തിൽ നിന്ന് എയ്തിടാൻ ചന്ദൻ തീരുമാനിച്ചു. അമ്പു തൊടുക്കവേ ചന്ദൻ ബോധരഹിതനായി നിലത്തുവീണു. ഭർത്താവിനെ തിരക്കി വന്ന ചന്ദന്റെ ഭാര്യ അദ്ദേഹം ബോധരഹിതനായി നിലത്തു കിടക്കുന്നതു കണ്ട് നിലവിളിച്ചു. മുകളിലേക്കു നോക്കിയ അവർ മരത്തിനു മുകളിൽ ഒരു വൃദ്ധനെ കണ്ട് ഒരു അപ്പൂപ്പനെ എന്ന പോലെ മുത്തപ്പാ എന്ന് വിളിച്ചു. ദൈവത്തോട് തന്റെ ഭർത്താവിനെ രക്ഷിക്കാൻ അവർ പ്രാർത്ഥിച്ചു. പിന്നാലെ അവരുടെ ഭർത്താവിന് ബോധം തിരിച്ചുവന്നു.
അവർ മുത്തപ്പന് പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും ചുട്ട മീനും കള്ളും നൈവേദ്യമായി അർപ്പിച്ചു. മുത്തപ്പന്റെ അനുഗ്രഹം അവർ അഭ്യർത്ഥിച്ചു. ചന്ദന്റെ ആഗ്രഹം അനുസരിച്ച് മുത്തപ്പൻ കുന്നത്തൂർ തന്റെ ഭവനമായി തിരഞ്ഞെടുത്തു. ഇതാണ് പ്രശസ്തമായ കുന്നത്തൂർ പാടി. ഇന്നും മുത്തപ്പൻ ക്ഷേത്രങ്ങളിൽ വിശ്വാസികൾ പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും നൈവേദ്യമായി അർപ്പിക്കുന്നു. കുന്നത്തൂരിൽ ഏതാനും വർഷങ്ങൾ താമസിച്ചതിനു ശേഷം മുത്തപ്പൻ തന്റെ അവതാരത്തിന്റെ ലക്ഷ്യ പൂർത്തീകരണത്തിനായി കൂടുതൽ അനുയോജ്യമായ ഒരിടത്തേക്കു മാറുവാൻ തീരുമാനിച്ചു. കുന്നത്തൂ പാടിയിൽ നിന്ന് ആകാശത്തേക്ക് മുത്തപ്പൻ ഒരു അമ്പ് തൊടുത്തുവിട്ടു. ഈ അമ്പ് പറശ്ശിനിക്കടവിൽ വന്നു വീണു. ഇവിടെയാണ് പ്രശസ്റ്റമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനടുത്തുള്ള തീർത്ഥത്തിൽ നിന്ന് പ്രകാശം ചൊരിഞ്ഞ ഈ അമ്പ് ഇന്ന് പറശ്ശിനിക്കാവ് ക്ഷേത്രത്തിലെ ഒരു അൾത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതിനുശേഷം മുത്തപ്പൻ പറശ്ശിനിക്കടവിൽ വസിക്കുന്നു എന്നാണ് വിശ്വാസം.


"കൂടെ തന്നെ നിന്ന് എല്ലാ ദുഖങ്ങളും മുത്തപ്പന്‍ തീര്‍ത്തു തന്നിട്ടില്ലേ? മേലിലും
 അങ്ങിനെ ചെയ്തു തരുന്നുണ്ട്" എന്ന വാക്കുകള്‍ ആശ്വാസത്തിന്റെ കുളിര്‍മഴയായി ഭക്തരുടെ മനസ്സില്‍ പെയ്തിറങ്ങുന്നു. ദീനതകള്‍ക്ക് ഇടയിലെ സാന്ത്വനമായ്, സ്നിഗ്ധ ഘട്ടങ്ങളിലെ മാര്‍ഗ ദര്ഷിയായി മനുഷ്യ ജീവിതതിലെങ്ങും ശ്രീ മുത്തപ്പന്‍ നിറഞ്ഞു നില്‍ക്കുന്നു

ഒരു തുടം കളും ഒരു കഷണം മീനുമായി മുന്‍പിലെത്തി "എന്റെ മുത്തപ്പാ" എന്ന് വിളിച്ചാല്‍ വിളിപ്പുരതോടിയെതുന്ന ചൈതന്യ വിശേഷം മറ്റെവിടെ ഉണ്ട്?

ശ്രീ മുത്തപ്പന്‍ രക്ഷയ്ക്കുണ്ട്.

മുത്തപ്പനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ താഴെ ക്ലിക്ക്  ചെയ്യുക ...

https://www.facebook.com/pages/%E0%B4%AA%E0%B4%B1%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8%E0%B5%8D/399596636780749?ref=nf


Thursday, October 25, 2012

ഫേസ്ബുക്ക്‌

"ഓ ..ഈ ട്രാഫിക്‌ കൊണ്ട് തോറ്റു ..ഇന്നും വൈകും ,എല്ലാ ദിവസവും ഇത് തന്നെ സ്ഥിതി ..മെട്രോ വന്നാല്‍ ഇതിനൊരു അറുതി വരും എന്ന് തോന്നുന്നു.പക്ഷെ ചര്‍ച്ചകള്‍ നടക്കുന്നതല്ലാതെ ഇനിയും തീരുമാനമൊന്നും ആയില്ല.രാഷ്ട്രീയക്കാര്‍ തമ്മില്‍ വിലപേശി നീട്ടി നീട്ടി കൊണ്ട് പോവുകയല്ലാതെ ആരും പെട്ടെന്ന് ഉണ്ടാക്കുവാന്‍ പരിശ്രമിക്കുന്നില്ല.ഭരണപക്ഷം പ്രതിപക്ഷത്തെ കുറ്റപെടുത്തും അവര്‍ തിരിച്ചും ...ഒരിക്കലും നമ്മളുടെ നാട് നന്നാവില്ല .നന്നാവണന്മെങ്കില്‍ രാക്ഷ്ട്രീയകാരെ അടിച്ചു കൊല്ലണം ...വേറെ ഒരു സംസ്ഥാനത്തും ഇത് പോലെ ആയില്ല ,അവര്‍ പണി പറഞ്ഞ സമയത്ത് തന്നെ തുടങ്ങി ..ചിലയിടത്ത്  പൂര്‍ത്തി ആയത്തില്‍ കൂടി ട്രെയിന്‍ ഓടിയും തുടങ്ങി ." അരവി മനസ്സില്‍ ഓര്‍ത്തു.

അഞ്ഞെട്ടു വര്‍ഷമായി അയാള്‍  ഇതില്‍ കൂടി തന്നെയാണ് പോകുന്നതും വരുന്നതും ..വാഹനത്തിന്റെ എണ്ണം കൂടുന്നതിനു  അനുസരിച്ച്  റോഡിന്റെ വികസനം നടക്കുന്നില്ല.എവിടെ വികസിപ്പിക്കാന്‍ ?നഗരം സ്ഥലം ഇല്ലാത്തതു കൊണ്ട് വീര്‍പ്പു മുട്ടുകയല്ലേ ?അത് കൊണ്ടാണ് മെട്രോ എന്ന ആശയം വന്നത് .വരും മുന്‍പേ അതിന്റെ കമ്മീഷ്ന്‍ കീശയില്‍ ആക്കുവാനാണ് പലരും നോക്കുന്നത്.

മുന്നിലത്തെ വാഹനം പതുക്കെ നീങ്ങി തുടങ്ങി .അയാളും വണ്ടി മുന്നോട്ട് എടുത്തു .വീട്ടിലെത്തുമ്പോള്‍ എട്ടു മണി കഴിഞ്ഞു .കുളിച്ചു പാര്‍സല്‍ വാങ്ങിയ ഭക്ഷണം കഴിച്ചു കമ്പ്യൂട്ടറിന്റെ മുന്നിലേക്ക്‌.ഇനി നാല് അഞ്ചു മണിക്കൂര്‍  ഫേസ് ബുക്കില്‍ .അവരുടെ ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ കൂടായ്മ വളരെ ദ്രിഡമാണ് .സമയം കിട്ടുമ്പോള്‍ പുറത്തു പല സ്ഥലത്തും അവര്‍ ഒന്നിക്കും ..കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും ,ടൂര്‍ പോകും.അല്ലെങ്കില്‍ ഫേസ് ബുക്ക്‌ വഴി എല്ലായ്പോഴും ബന്ധപെട്ടു പലതും ചര്‍ച്ച ചെയ്യും .അത് അയാള്‍ക്ക്‌ ഈ നഗരത്തില്‍ ഒറ്റപെടലിന്റെ വേദന ഇല്ലാതാക്കി.ചാറ്റിങ് കഴിഞ്ഞാല്‍ കിട്ടുന്ന ചുരുങ്ങിയ സമയം മാത്രം ഉറക്കം. പിന്നെ രാവിലെ എഴുനേറ്റു വീണ്ടും ഓഫീസില്‍ .വൈകുന്നേരം വന്നാല്‍ പിന്നെ ഫേസ് ബുക്കില്‍.അടുത്ത വീട്ടില്‍ ആരാണോ എന്താണോ എന്നൊന്നും അയാള്‍ക്ക് നിശ്ചയമില്ല .ചില ഞായര്‍ ദിവസം അവരെ കാണാരുണ്ട് ..പക്ഷെ മൈന്‍ഡ് ചെയ്യാറില്ല ..ഒന്ന് രണ്ടു തവണ അവര്‍ പരിച്ചയപെടുവാന്‍ ശ്രമിച്ചുവെങ്കിലും കൂടുതല്‍ അടുക്കുന്നത് അയാള്‍ നിരുല്‍സാഹപെടുത്തി.ഫേസ് ബുക്കില്‍ നാലായിരത്തില്‍ പരം സുഹൃത്തുക്കള്‍ ഉള്ള എനിക്ക് എന്തിനു അയല്‍വാസിയുടെ സൌഹൃദം...അയാള്‍ അങ്ങിനെ കരുതി.അത്കൊണ്ട് തന്നെ അവരോടു എപ്പോഴും അകലം പാലിച്ചു.

പതിവുപോലെ അന്നും അയാള്‍ ഫേസ് ബുക്കില്‍ സൌഹൃദവല കൊഴുപ്പിക്കുകയായിരുന്നു.അടുത്ത ആഴ്ച പോകേണ്ട പിക്നിക് ഡിസ്കഷന്‍ നീണ്ടു.രാത്രി പതിനൊന്നു മണി ആയി കാണും .അയാള്‍ക്ക് എന്തോ വിമ്മിഷ്ട്ടം തോന്നി.പിന്നെ നെഞ്ചില്‍ വേദനയും തുടങ്ങി .അത് അയാള്‍ ചാറ്റ് ചെയ്തവരെ ഒക്കെ അറിയിച്ചു.പലരും പല നിര്‍ദേശങ്ങളും നല്‍കി ..ചിലര്‍ പ്രതികരിച്ചില്ല .

"ഹെലോ ഞാന്‍ ദൂരെയാണ് .ഐ  ആം ഹെല്പ് ലെസ്സ് ..അടുത്തുള്ളവരെ അറിയിക്കൂ .."ചിലര്‍ എഴുതി.അയാള്‍ പുളഞ്ഞു കൊണ്ടിരുന്നു.എന്നിട്ടും അവസാന കൈ എന്നതുപോലെ
അയാള്‍ അടുത്തുള്ളവരെ പരതി ..ആരും ഓണ്‍ ലൈനില്‍ ഇല്ല ..അയ്യോ നബരും ഓര്‍മ്മിക്കാന്‍ പറ്റുനില്ല .വേദന കൂടി കൂടി വന്നു .അയാള്‍ നെഞ്ച് പൊത്തിപിടിച്ചു.
അയാള്‍ പതുക്കെ എഴുനേറ്റു ..കാറിന്റെ കീ എടുത്തു .എത്രയും പെട്ടെന്ന് ഏതെങ്കിലും ഹോസ്പിറ്റലില്‍ എത്തണം..മുന്‍വാതില്‍ കഷ്ട്ടപെട്ടു തുറന്നു ..ഒന്നോ രണ്ടോ അടി വെച്ചിരിക്കണം . പിന്നെ അയാള്‍ക്ക് ഒന്ന് ഓര്‍മയില്ല.

ഉണരുമ്പോള്‍ ആശുപത്രിയിലാണ്.ഒന്ന് രണ്ടു നേഴ്സ്മാരുണ്ട് .അവരുടെ അടുത്ത് കണ്ട മുഖം ഓര്‍മിച്ചു ..പക്ഷെ മനസ്സില്‍ വരുനില്ല ..അയാള്‍ അടുത്ത് വന്നു പറഞ്ഞു .

"ഞാന്‍ സേതു ..നിങ്ങളുടെ അയല്‍വാസിയാണ് ..ഒന്ന് രണ്ടു തവണ നമ്മള്‍ കണ്ടിട്ടുണ്ട് .ഇന്നലെ വീട്ടിലേക്കു വരുമ്പോള്‍ നിങ്ങള്‍ കുഴഞ്ഞു വീഴുന്നത് കണ്ടു ..അങ്ങിനെ ഇവിടെ എത്തിച്ചതാണ് .നിങ്ങളെ ഇവിടെ ഒബ്സര്‍ ചെയ്തു കൊണ്ടിരിക്കുകയാണ് "

അരവിക്ക്  എന്ത് പറയണം  എന്ന സംശയം ഉണ്ടായി ..ഒന്നും പറയാതെ അയാള്‍ കൈ കൂപ്പുക മാത്രം ചെയ്തു.അയാള്‍ അടുത്ത് വന്നു കൈ പിടിച്ചു.

പിന്നെ മനസ്സിലോര്‍ത്തു ഫേസ് ബുക്കില്‍ നാലോഅഞ്ചോ ആയിരം സുഹൃത്തുക്കള്‍ ഉണ്ടായിട്ടു കാര്യം ഇല്ല ,അവര്‍ ഉണ്ടെന്ന വിശ്വാസത്തില്‍ അടുത്തു ഉള്ളവനെ തഴയാനും പാടില്ല ..അവസാനം അവന്‍ തന്നെ വേണ്ടി വന്നു മരണത്തില്‍ നിന്നും കോരിയെടുക്കുവാന്‍....

അരവി ഒന്ന് പറയാതെ അയാളുടെ മുഖത്ത് നോക്കി കൊണ്ടിരുന്നു.ഫേസ്ബുക്കിനു പുറത്തു അയാള്‍ക്ക് ആദ്യമായി ഒരു സുഹൃത്തു ഉണ്ടാവുകയായിരുന്നു .

കഥ ;പ്രമോദ് കുമാര്‍ .കെ.പി


Friday, October 19, 2012

വൃദ്ധസദനം

കഴിഞ്ഞ ഒരാഴ്ചയായി വൃദ്ധസദനം വൃത്തിയാക്കുകയാണ് ..ചായം പൂശിയും പുല്ലുകള്‍ പറിച്ചും എന്ന് വേണ്ട ഏതെല്ലാം  രീതിയില്‍ മുഖം മിനുക്കുവാന്‍ പറ്റും അതൊക്കെ ചെയ്യുനുണ്ട് .ഇതുവരെ ഇവിടങ്ങളിൽ കാണാത്ത ഭാരഭാഹികളും മറ്റും സ്ഥിരം സന്ദര്‍ശനം നടത്തുന്നുമുണ്ട് ,അവരുടെതായ അഭിപ്രായങ്ങളില്‍ മുഖചായയിൽ ചില മാറ്റങ്ങള്‍ വരുത്തുന്നുമുണ്ട് .അന്തേവാസികള്‍ക്ക് കാര്യങ്ങള്‍ അത്രക്ക് പിടികിട്ടിയിട്ടില്ല.എന്തിനാണ് ഈ ഒരുക്കങ്ങള്‍ എന്നോ ഒന്നും അവര്‍ക്കറിയില്ല.മക്കള്‍ ഇവിടെ തള്ളിയ ഭൂരിഭാഗം പേര്‍ക്കും അതറിയാന്‍ താല്‍പര്യവും ഇല്ല.ഇവിടെ ഒരുകണക്കിന് സുഖം തന്നെ ..ആരെയും ബുദ്ധിമുട്ടിക്കാതെ കഴിയാമല്ലോ .അത്ര തന്നെ.എങ്കിലും പലരുടെയും ഉള്ളില്‍ വിങ്ങലാണ് ..പോറ്റി വളര്‍ത്തിയ മക്കള്‍ തന്നെ ഇങ്ങിനെ ചെയ്തല്ലോ എന്ന്.

ഇന്ന് എല്ലാവരോടും നന്നായി ഒരുങ്ങാന്‍ പറഞ്ഞിരിക്കുന്നു,എന്തിനാണെന്ന് തിരിച്ചു ചോദിച്ചുമില്ല അവര്‍ പറഞ്ഞുമില്ല.പതിനൊന്നു മണിയായികാണും.ഗേറ്റ് കടന്നു വരുന്നവരെ കണ്ടു ആനന്ദന്‍ നോക്കി ..ചാനല്‍കാര്‍ ആണെന്ന് തോന്നുന്നു.അയാള്‍ ഭാര്യ സുമതിയെ വിളിച്ചു കാണിച്ചു.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവര്‍ ഇവിടെയാണ്‌ ,മക്കള്‍ രണ്ടുപേരും ഇപ്പോള്‍ നല്ല നിലയില്‍. പക്ഷെ അവര്‍ക്ക് ഇവരെ നോക്കുവാന്‍ സമയമില്ല .അവര്‍ അവരുടെതായ തിരക്കില്‍ വിദേശത്തില്‍ ആണ് കുടുംബ സമേതം.മൂന്നോ നാലോ വര്‍ഷത്തില്‍ ഒരിക്കല്‍ വരും ,കാണാനല്ല അവിടുത്തെ ഇല്ലാത്ത പ്രാരാബ്ധങ്ങള്‍ പറയുവാന്‍.മുന്‍പ് ഒരിക്കല്‍ രണ്ടുപേരും വന്നു ഇത്തരം കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ ഇവിടെ എത്തിപെട്ടത്.പങ്കു കച്ചവടം ചെയ്ത അവര്‍ക്കുണ്ടായ ബാധ്യതകള്‍ തീര്‍ക്കുവാന്‍ വേണ്ടി വീട് പണയം വെച്ച്  പണം കൊടുത്തു.അവരുടെ പ്രാരാബ്ദങ്ങള്‍ക്ക് അറുതി വരാത്തതുകൊണ്ട് അത് വില്‍ക്കേണ്ടി വന്നു.ആദ്യം വാടക വീട്ടില്‍ ..പിന്നെ ഇവിടെ ..ഇവിടെ ആക്കിയപ്പോള്‍ അവര്‍ക്ക് വലിയ സ്നേഹം ഇല്ലാതെയായി .

അവര്‍ നല്ല നിലയില്‍ ആണെന്ന് അറിയാം .പക്ഷെ ഭാരം താങ്ങുവാന്‍ വയ്യാത്തതുകൊണ്ട് പ്രാരാബ്ദകാരായി അഭിനയിക്കുന്നു.പല പ്രാവശ്യം പറഞ്ഞതാണ് ആ വീടെങ്കിലും ഒന്ന് തിരികെ എടുത്തു തരുവാന്‍ ..അടുത്ത പ്രാവശ്യം ആകട്ടെ എന്ന് പറഞ്ഞു.. ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു.പിന്നെ ചോദ്യം നിര്‍ത്തി.സുമതി ഇതും പറഞ്ഞു കരയാത്ത ദിവസങ്ങള്‍ ഇല്ല .പലപ്പോഴും ശപിക്കുന്നതും കേട്ടിട്ടുണ്ട് .ഒരു തവണ മക്കളെ കാണുവാന്‍ പോലും കൂട്ടാക്കിയില്ല.ഒരു അമ്മ ഇത്രയും സഹിക്കുമോ എന്നുപോലും തോന്നിപോയിട്ടുണ്ട് .ഇപ്പോള്‍ ഇതാണ് നമ്മളുടെ വീട് ,കുറെ കാലമായി .കുറവുകള്‍ അനവധി ഉണ്ടെങ്കിലും പോരുത്തപെട്ടു കഴിഞ്ഞു .എന്തോ ശബ്ദം അയാള്‍ ഓര്‍മകളില്‍ നിന്നും ഞെട്ടി;പിന്നെ സുമതിയെയും കൂട്ടി പുറത്തേക്കു നടന്നു.


ചാനലുകാര്‍ അവരുടെ പണി ആരംഭിച്ചിരിക്കണം.കരച്ചിലും കുറ്റം പറച്ചിലും ഒക്കെ കേള്‍ക്കുന്നുണ്ട്. അവതാരകയും കേമറമാനും എല്ലാം നന്നായി ചിത്രീകരിക്കുന്നുമുണ്ട് .എല്ലാവരും അവരുടെ മനസ്സിനുള്ളില്‍ അണയാതെ കൊണ്ട് നടന്ന തീയും കനലും പുറത്തേക്കു വിടുകയാണ്.ഇത്തരം മക്കളെ പ്രസവിച്ചതിനു സ്വയം പഴിക്കുന്നവരും ...അവരെ കുറ്റം പറയുന്നവരും.ചാനലുകാര്‍ക്ക് പായസം കുടിച്ച ഭാവം .ഇത് ഒരു മൂന്നു നാല് ഭാഗമാക്കി കാണിച്ചാല്‍ റെറ്റിംഗ് കൂടും...അങ്ങിനെ അവരുടെ മനസ്സില് പല ബിസിനെസ്സ് ചിന്തകള്‍ ..

അവതാരക സുമതിയുടെ മുന്നിലെത്തി .മൈക്ക് മുന്നിലേക്ക്‌ നീട്ടി ചോദിച്ചു

"അമ്മ എങ്ങിനെ ഇവിടെ എത്തി ?"

"ഞാന്‍ മാത്രമല്ല ,എന്റെ ഭര്‍ത്താവും ഇവിടെയാണ് ..എത്തി പെട്ടതോന്നുമല്ല ,നമ്മള്‍ സ്വയം വന്നതാണ്.വയസ്സുകാലത്ത് ഒറ്റയ്ക്ക് കഴിയുന്നതിലും ഭേദം ഇവിടെ കുറെ പേര്‍കൊപ്പം ഒരു കുടുംബം പോലെ കഴിയുന്നതാണ് എന്ന് തോന്നി .മക്കള്‍ ഒക്കെ വിദേശത്തിലാണ് ..അവര്‍ പല പ്രാവശ്യം കൊണ്ട് പോകുവാന്‍ വന്നതാണ് ..അറിയാത്ത ഒരു നാട്ടില്‍ പോയി വേറെ ഒരു സമൂഹത്തില്‍ കിടക്കുന്നതിനേക്കാള്‍ നല്ലത് നമ്മള്‍ അറിയുന്ന നമ്മളെ അറിയുന്നവര്‍കിടയില്‍ കഴിയുന്നതാണെന്ന് തോന്നി "...പിന്നെയും അവര്‍  എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.കൂടുതലും മക്കളെ പുകഴ്ത്തി കൊണ്ട് ...കേട്ടതൊന്നും വിശ്വാസം വരാതെ ആനന്ദന്‍ മിഴിച്ചിരുന്നു ..പിന്നെ സാവധാനം മുറിയിലേക്ക് നടന്നു.

കുറച്ചു സമയം കഴിഞ്ഞു കാണും ..വിങ്ങി വിങ്ങി കരഞ്ഞു കൊണ്ട് സുമതി മുറിയിലേക്ക് വന്നു .വന്നപാടെ അയാളുടെ മേലിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു .

"എനിക്ക് എന്റെ മക്കളെ കുറിച്ച് അന്യരോട് മോശം  പറയാന്‍ തോന്നിയില്ല ..അവര്‍ മറ്റുള്ളവരുടെ മുന്നില്‍ നാണം കേടുവാന്‍ പാടില്ലല്ലോ ...എന്തായാലും അവര്‍ നമ്മളുടെ മക്കളല്ലേ ..അവര്‍ എന്ത് തെറ്റ് ചെയ്താലും നമ്മളല്ലേ ക്ഷമിക്കേണ്ടത്‌ ..."

അയാള്‍ ഒരമ്മയുടെ വലിപ്പം വീണ്ടും അനുഭവിച്ചറിഞ്ഞു ..അവരെ ഒന്നുകൂടി അമര്‍ത്തി ആലിംഗനം ചെയ്തു.നിനക്ക് എപ്പോഴും ഞാന്‍ ഉണ്ട് എന്നര്‍ത്ഥത്തില്‍ ....

കഥ :പ്രമോദ് കുമാര്‍. കെ.പി.

Thursday, September 27, 2012

പ്രണയം

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്
------------------------------


"ബസ്സ്‌ വരാന്‍ എന്താണ് ഇത്ര വൈകുന്നത് ? ഇന്ന് എതായാലും ഹെഡ് മാഷെ കാണാതെ ക്ലാസ്സില്‍ കയറുവാന്‍ പറ്റുമെന്ന് തോന്നുനില്ല "

ഞാൻ  മനസ്സില്‍ ഓര്‍ത്തു .വൈകിയാല്‍ ഹെഡ് മാസ്റ്റര്‍ ഡയറിയില്‍ സൈന്‍ ചെയ്യണം ,എന്നാല്‍ മാത്രമേ ക്ലാസ്സിലെ ടീച്ചര്‍ ഉള്ളിലേക്ക് കടത്തി വിടുകയുള്ളൂ.സ്റ്റോപ്പില്‍ വേറെ ഒരു വിദ്യാര്‍ത്ഥിനി കൂടി ഉണ്ട്.പിന്നെ കുറച്ചു പേരും.അവള്‍ സ്ഥിരം ഈ ബസ്സില്‍ എന്നോടൊപ്പം ഉള്ളതാണ് .നേരിട്ട് പരിചയപെട്ടിലെങ്കിലും അവളുടെ വീടും വീട്ടു കാരെയും ഒക്കെ അറിയാം.എന്റെ സ്കൂളിന്റെ എതിര്‍ വശത്തു ഉള്ള ഗേള്‍സ്‌ സ്കൂളില്‍ ആണ് അവള്‍ പഠിക്കുന്നതെന്നും .പക്ഷെ ബസ്‌ വൈകുന്നതിന്റെ യാതൊരു പരിഭ്രമവും അവളില്‍ കണ്ടില്ല.ഞാന്‍ ആകെ അസ്വസ്ഥനായി നില്‍കുകയാണ്‌ .ഏതായാലും നടക്കുവാന്‍ തീരുമാനിച്ചു ,ഒന്നൊന്നര കിലോമീറ്റര്‍ നടന്നാല്‍ ജംഗ്ഷന്‍ എത്തും ,അവിടുന്ന് വേറെ ബസ്‌ കിട്ടും.ഞാന്‍ പുറപെട്ടു അത് കണ്ടിട്ടാവണം അവളും എന്നോടൊപ്പം നടന്നു തുടങ്ങി .ഞാന്‍ വളരെ വേഗത്തിലാണ് നടന്നു കൊണ്ടിരുന്നത് അവളും അതെ സ്പീഡില്‍ വന്നു എന്നോടൊപ്പം കൂടി.

"ഒന്ന് മെല്ലെ നടക്കൂന്നെ ...ഞാനും ഉണ്ട്.."

"ആദ്യം കിട്ടുന്ന ബസ്സില്‍ തന്നെ പോണം ,അല്ലെങ്കില്‍ വഴക്ക് കിട്ടും "

"ഇനി പത്തു മണിക്കേ അവിടുന്നും ബസ്‌ ഉള്ളൂ ..അപ്പോഴേക്കും എത്തിയാല്‍ മതി "

"നിനക്ക് വേവലാതി ഒന്നും കാണുനില്ല ,ലേറ്റ് ആയാല്‍ പ്രശ്നം ഇല്ലേ ?'

"ഞാന്‍ ലേറ്റ് ആകാനാണ് പ്രാര്‍ത്ഥിച്ചത്‌ ..ഇന്ന് ഫസ്റ്റ് അവര്‍ മാക്സ് പരീക്ഷയാണ് ..ഇന്ന് എന്തായാലും അതില്‍ നിന്നും രക്ഷപെടാം."

ഞാന്‍ ഒച്ചത്തില്‍ ചിരിച്ചു ,അവളും ..അത് ഒരു സൌഹൃദത്തിന്റെ തുടക്കം ആയിരുന്നു .പിന്നീട് അത് പ്രണയം ആയി മാറിയോ  എന്നൊന്നും അറിയില്ല.അവളെ കാണാത്ത ദിവസങ്ങളില്‍ എന്തോ ഒരു നീറ്റല്‍ മനസ്സില്‍ അനുഭവപെട്ടു.അവളെ തേടി അവളുടെ വീട്ടിനരുകില്‍ ചുറ്റി കറങ്ങി.പക്ഷെ സ്കൂള്‍ അവധികാലം എല്ലാം തകിടം മറിച്ചു .മാമന്റെ വീട്ടില്‍ അവധികാലം ആഘോഷിക്കാന്‍ പോയ അവളെ ഒരുപാട് മിസ്സ്‌ ചെയ്തു. അടുത്ത വര്‍ഷത്തെ (എസ് .എസ് .എല്‍ .സി )പഠനത്തിന്റെ കോച്ചിംഗ് ഒക്കെ നേരത്തെ ആരംഭിച്ചു ..അതില്‍ മുഴുകുംപോഴും മനസ്സ് പലപ്പോഴും അവളെ കാണുവാന്‍ ആഗ്രഹിച്ചു.ചിലപ്പോള്‍ ഒക്കെ അവളുടെ വീട്ടിനരുകില്‍ കറങ്ങി ..പക്ഷെ ഫലം ഉണ്ടായില്ല.അവൾ തിരിച്ചു വന്നിട്ടില്ലായിരുന്നു.

കാത്തു കാത്തു ജൂണ്‍ ഒന്നാം തിയതി വന്നു .പക്ഷെ അന്ന് അവള്‍ ബസ്‌ സ്റ്റോപ്പില്‍ ഉണ്ടായിരുനില്ല.മനസ്സ് വേദനിച്ചു ..പിന്നെയും ദിവസങ്ങള്‍ ....അവള്‍ മാത്രം വന്നില്ല.പിന്നെ എപ്പോഴോ അറിഞ്ഞു അവളുടെ അച്ഛന്‍ ട്രാന്‍സ്ഫെര്‍ ആയി പോയപ്പോള്‍ അവളുടെ പഠിത്തവും അങ്ങോട്ടേക്ക് നീങ്ങിയെന്ന്  ..പിന്നെ അവളെ കണ്ടതേയില്ല .പത്താം ക്ലാസ്സിലെ പ്രധാനപെട്ട പരീക്ഷക്കുവേണ്ടി ഒരുങ്ങുമ്പോള്‍ വല്ലപ്പോഴും അവള്‍ മനസ്സിലെക്കൊടിവന്നു ...പിന്നെ പിന്നെ അവളുടെ മുഖം മനസ്സില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരുന്നു .

നാല്  വര്‍ഷങ്ങള്‍ക്കു ശേഷം 
-------------------------------
 രണ്ടാം വര്‍ഷമാണ്  ഈ എഞ്ചിനീയറിംഗ് കോളേജില്‍ .ഈ കൊല്ലം മുതല്‍ അടിച്ചു പൊളിക്കണം .കഴിഞ്ഞ വര്‍ഷം മിണ്ടാപ്രാണിയായി ഒതുങ്ങികൂടാനെ കഴിഞ്ഞുളൂ.കാരണം തുടക്കം തന്നെ സീനിയര്‍മാരുടെ റാഗിംഗ് ..ഒന്നാം വര്‍ഷകാരന്‍ ഒന്നുകില്‍ രാഷ്ട്രീയക്കാരന്‍ ആയിരിക്കണം അല്ലെങ്കില്‍ കലാകാരന്‍ ആയിരിക്കണം ,അല്ലെങ്കില്‍ പത്തി നിവര്‍ത്താന്‍ സീനിയര്‍മാര്‍ വിടില്ല ,എന്തെങ്കിലും പണി തരും .അത് കൊണ്ട് ഒതുങ്ങികൂടുകയായിരുന്നു.പത്താം ക്ലാസ്സ്‌ കഴിഞ്ഞു പഠിച്ച കോളേജില്‍ നമ്മളെ വലിയ കാര്യം ആയിരുന്നു .ഈ എഞ്ചിനീയറിംഗ് കോളേജ് എന്തോ ,തുടക്കകാരനെ അംഗീകരിക്കില്ല .മിനിമം ഒരു കൊല്ലം സീനിയരുടെ  നിഴലില്‍ മാത്രം .എങ്ങിനെയോ ഒരു കൊല്ലം കഴിഞ്ഞുപോയി

 ഈ കൊല്ലം അത് കൊണ്ട് തന്നെ നല്ല ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കി അതിന്റെ മറവില്‍ ആയി പ്രവര്‍ത്തനങ്ങള്‍ .വീണ്ടും അവിടെ വെച്ച് അവളെ കണ്ടുമുട്ടി .അവള്‍ ഒന്നാം വര്‍ഷം ജോയിന്‍ ചെയ്തിരിക്കുന്നു.മനസ്സ് വീണ്ടും പാടിത്തുടങ്ങി ,അസ്സല്‍ ഒരു പ്രണയഗാനം .അവളും എന്നെ തിരിച്ചറിഞ്ഞു .സൌഹൃദം പുതുക്കി.

റാഗിംഗ് ,രാഷ്ട്രീയം തുടങ്ങി കോളേജില്‍ ശ്രദ്ധിക്കപെടുന്ന എല്ലാ വേഷത്തിലും പയറ്റി. അതിനിടയില്‍ എങ്ങിനെയോ നമ്മള്‍ തമ്മില്‍ പ്രണയം വന്നുചേര്‍ന്നു. ...പലപ്പോഴും പല സന്ദര്‍ഭങ്ങളിലായി  അവളെ സംരക്ഷിച്ചു .റാഗിങ്ങില്‍ നിന്നും ....കാമ്പസിലും ബസ്സിലും നഗരത്തിലും ഒക്കെയായി ..അതായിരുന്നുവോ പ്രണയം ..അറിയില്ല ..ഏകദേശം ഒന്നര വര്‍ഷം വീണ്ടും  പ്രണയിച്ചിരിക്കാം ..ഒഴിഞ്ഞ ക്ലാസ്സ്‌ മുറികളില്‍,കാമ്പസില്‍ തണല്‍ നല്‍കിയ വൃക്ഷത്തിന്‍ കീഴെ ...ബസ്‌ സ്റ്റോപ്പില്‍ ...പക്ഷെ പറഞ്ഞതൊന്നും പ്രണയത്തെ കുറിച്ചായിരുനില്ല .പലതരം വിഷയങ്ങള്‍ ..പക്ഷെ രണ്ടു പേരും പരസ്പരം ഇഷ് ട്ടപെട്ടിരുന്നു.

      ഒരിക്കല്‍ അത്യാവശ്യം പറയാന്‍  ഉണ്ടെന്നു പറഞ്ഞു  ഒരു കൂള്‍ ബാറില്‍  അവള്‍ എന്നെ വിളിച്ചു കയറ്റി.

"പ്രേം എന്റെ കല്യാണം ഉറപ്പിക്കാന്‍ പോകുന്നു ..നിങ്ങള്‍ ഉറപ്പു പറയുവാണെങ്കില്‍ ഞാന്‍ വെയിറ്റ് ചെയ്യാം ..അച്ഛന്‍ ഞാന്‍ പറഞ്ഞാല്‍ അനുസരിക്കും "

ചെറിയൊരു സൂചന അവളുടെ കൂട്ടുകാരികളില്‍ നിന്നും കിട്ടിയതിനാല്‍ ഞെട്ടിയില്ല.ചിരിച്ചു കൊണ്ട് പറഞ്ഞു

"ഈ എഞ്ചിനീയറിംഗ് കഴിയുന്ന ആണ്‍കുട്ടികളും പുര നിറഞ്ഞുനില്‍ക്കുന്ന പെണ്‍കുട്ടികളും ഒരുപോലെയാണ് ..എപ്പോഴും അവസരത്തിന് വേണ്ടി കാത്തു നില്‍ക്കണം.അത് കൊണ്ട് എനിക്ക് ഒരു ഉറപ്പു തരാന്‍ വയ്യ.ഞാന്‍ ജയിച്ചാല്‍ തന്നെ പെട്ടെന്ന്  ജോലി കിട്ടുമോ എന്നൊന്നും ഉറപ്പില്ല .അത് കൊണ്ട് നിനക്ക് വന്നത് നല്ല ആലോചന ആണെങ്കില്‍ അത് മുന്നോട്ടു പോകട്ടെ ."ഞാന്‍ വേദനയോടെയെങ്കിലും ചിരിച്ചുകൊണ്ട് പറഞ്ഞു .

അവള്‍ ദയനീയമായി എന്നെ നോക്കി ..ഞാന്‍ മുഖം തിരിച്ചു .പിന്നെ പറഞ്ഞു

"നമ്മള്‍ യുവാക്കള്‍ ഒരിക്കലും നന്നായി ചിന്തിക്കുന്നില്ല.എല്ലാവരും പ്രേമിക്കുന്നത് ഒരേ പ്രായക്കാരെ അല്ലെങ്കില്‍ ഒരു വയസ്സിനു അല്ലെങ്കില്‍ രണ്ടു വയസ്സിനു ഇളപ്പം ഉള്ളവരെ മാത്രം.പെണ്ണിന്റെ വയസ്സ് എപ്പോഴും പ്രശ്നം തന്നെ ആണ് .കൃത്യ സമയത്ത് കെട്ടിച്ചു വിട്ടിലെങ്കില്‍ പ്രശ്നം ആകും .അത് കൊണ്ടാണ് അധിക പ്രേമവും തകരുന്നത് .മിനിമം അഞ്ചോ ആറൊ വയസ്സ്  ഇളയതായ പെണ്‍പിള്ളേരെ  സ്നേഹിക്കണം .എന്നാല്‍ നമ്മള്‍ ഒന്ന് കരക്കണയുംപോള്‍ അവള്‍ പാകപെട്ടിരിക്കും .പിന്നെ ഈസിയായി  പ്രേമം കല്യാണത്തില്‍ എത്തിക്കാം."

അവള്‍ ഒന്നും മിണ്ടിയില്ല .തല കുനിച്ചിരുന്നു .കുറച്ചു സമയം ആരും സംസാരിച്ചില്ല .പിന്നെ ഞാന്‍ തന്നെ പറഞ്ഞു

"എനിക്ക് വിഷമം ഒന്നും ഇല്ല ..ഞാന്‍ നാളെ  സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റിലെ ഏതെങ്കിലും ഒന്‍പതാം ക്ലാസ്സ്‌കാരിയെ  വലവീശി പിടിച്ചോളാം. അതാവുമ്പോള്‍ ജോലികിട്ടുമ്പോള്‍ കറക്റ്റ് സമയം ആയിരിക്കും."

അവള്‍ പൊട്ടിചിരിച്ചു.അന്ന് നമ്മള്‍ അവിടെ നിന്നും പിരിഞ്ഞു...പ്രണയത്തിൽ നിന്നും ..

ഒരു മാസത്തിനുള്ളില്‍ അവളുടെ കല്യാണം കഴിഞ്ഞു .ഞാനും പോയിരുന്നു .അവശകാമുകന്‍ ആയി മാറി നില്കരുതല്ലോ.എന്റെ പഠിത്തം കഴിയും വരെ അവള്‍ ആ കോളേജില്‍  തന്നെ ഉണ്ടായിരുന്നു.നല്ല ഒരു സുഹൃത്തായി.എന്റെ അവസാന കോളേജ് ദിവസം വിടപറയൽ ചടങ്ങൊക്കെ കഴിഞ്ഞപ്പോൾ അവൾ എന്നെ അടുത്തേക്ക്‌ വിളിച്ചു.കൂട്ടുകാരികൾക്കിടയിൽ നിന്ന
അവള്‍ ആരും കേള്‍ക്കാതെ ചോദിച്ചു

"ഒന്‍പതാം ക്ലാസ്സുകാരിയെ വളച്ചോ ?അതിനെ തന്നെ കെട്ടുമല്ലോ അല്ലെ ?എന്നെയും കല്യാണത്തിന്  വിളിക്കണം .ഞാൻ തീർച്ചയായും വരും "

ഞാന്‍ തമാശ കേട്ടതുപോലെ ചിരിച്ചു  എന്ന് വരുത്തി.പിന്നെ യാത്ര പറഞ്ഞു മുന്നോട്ടേക്ക് നടന്നു.കുറച്ചുദൂരം കഴിഞ്ഞു വെറുതെ ഒന്ന് തിരിഞ്ഞു നോക്കി ..അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നോ ?തോന്നിയതാവണം ..കാരണം എന്റെ കണ്ണുകള്‍ നിറഞ്ഞു കിടക്കുകയയിരുന്നല്ലോ  ...


കഥ :പ്രമോദ് കുമാര്‍.കെ.പി



Friday, September 14, 2012

സോറി

ഇന്നേക്ക് ഉത്സവം തീരും ..കഴിഞ്ഞ ഒരു ആഴ്ച നല്ല കോളായിരുന്നു .നാളെ മുതല്‍ ഭിക്ഷ പാത്രം  കൊണ്ട് വേറെയിടത്തെക്ക് നീങ്ങണം.ഈ സീസണ്‍ അത്രക്ക് മോശമില്ല ,എല്ലായിടത്തും നല്ല ആള്‍ കൂട്ടമായിരുന്നു.അത് കൊണ്ട് തന്നെ പൈസക്കും ബുദ്ധിമുട്ടുണ്ടായില്ല.ഇത്തവണ  എങ്കിലും  പൊളിഞ്ഞ കുടില്‍ ഒന്ന് നന്നാക്കണം .മഴയും വെയിലും കൊണ്ട് കഴിയുന്ന പോണ്ടാട്ടിയെ നല്ല ഒരു താവളത്തില്‍ ആക്കണം.ശരീരം അനങ്ങി അധികം ജോലിയൊന്നും അവള്‍ക്കു ചെയ്യാൻ പറ്റില്ല.ചേരിയിലെ ചുറ്റുമുള്ളവര്‍ സഹായിക്കുന്നതിനാല്‍ അങ്ങിനെ ജീവിച്ചു പോകുന്നു.എനിക്ക് എല്ലാ ദിവസവും അവിടെ എത്താന്‍ പറ്റാറില്ല.ഉത്സവവും പള്ളി പെരുനാളും ഒക്കെ വന്നാല്‍ ആഴ്ചയിൽ  ഒന്നോ രണ്ടോ തവണയാണ് പോകാറുള്ളത്. അടുത്താണെങ്കിൽ മാത്രം.എന്തായാലും നാളെ പോകണം.അതിനു ശേഷം വേറെ സ്ഥലം നോക്കി പോകാം.തന്റെ അരയിലുള്ള പണസഞ്ചി അവിടെ തന്നെ ഉണ്ടോയെന്നു ഒന്ന് കൂടി ഉറപ്പു വരുത്തി.

ഗാനമേള തുടങ്ങി എന്ന് തോന്നുന്നു.അധികം പേര്‍ പുറത്തേക്കു വരുന്നില്ല .അത് കൊണ്ട് തന്നെ ഇനി അധികം ഇവിടെ തങ്ങിയിട്ട് കാര്യമില്ല.റോഡിലെക്കിറങ്ങാം.അവിടെ  ആവുമ്പോൾ  റോഡിൽ നിന്ന് കറങ്ങുന്നവര്‍ വല്ലതും തരും.കുറച്ചു കഴിഞ്ഞു ഇവിടേയ്ക്ക് തന്നെ മടങ്ങി വരാം.അപ്പോഴേക്കും ഗാനമേള കഴിയും.ഞാൻ കഷ്ട്ടപെട്ടു എഴുനേറ്റു മുടന്തി മുടന്തി കൊണ്ട് റോഡിലേക്ക് നടന്നു.

ആനപന്തി വഴി മുറിച്ചുകടന്നാല്‍ വേഗം റോഡിലെക്കെത്താം.ഞാൻ  അതുവഴി നടക്കുമ്പോള്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തിരിഞ്ഞു നോക്കി.ഒരു പെണ്‍കുഞ്ഞു അവിടെ നിന്ന് കരയുകയാണ്.നാലു അല്ലെങ്കില്‍ അഞ്ചു വയസ്സേ കാണൂ.അടുത്തൊന്നും ആരെയും കണ്ടില്ല .ഞാൻ ചിരിച്ചു കൊണ്ട്  അടുത്തേക്ക് ചെന്നു.അപ്പോൾ കുട്ടിയുടെ കരച്ചില്‍ ഉച്ചത്തിലായി.തന്റെ വേഷവും നടപ്പും കണ്ടിട്ടാവും.

 "കരയേണ്ട മോളെ...നീ എന്താണ് ഒറ്റയ്ക്ക് ഇവിടെ..?"

"അമ്മയെയും അച്ഛനെയും കാണുനില്ല " അവള്‍ വിതുമ്പി വിതുമ്പി കൊണ്ട് പറഞ്ഞു.
കൈ വിട്ടു പോയതാണ്..അവര്‍ അന്യേഷിക്കുന്നുണ്ടാവും.കുഞ്ഞിനെ പോലീസ് പോസ്റ്റില്‍ കൊണ്ടുചെല്ലാം .അയാള്‍ മനസ്സില്‍ ഓര്‍ത്തു.

എന്നോടുള്ള കുഞ്ഞിന്റെ ഭയം കുറച്ചു പോയിരുന്നു.ഞാൻ  അച്ഛനെ കാട്ടിതരാം എന്ന് പറഞ്ഞു കുഞ്ഞിന്റെ കയ്യും പിടിച്ചു പോലീസ്‌ പോസ്റ്റിലേക്ക് നടന്നു.നടക്കുമ്പോള്‍ കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചു  മനസ്സിലാക്കി .കുട്ടിയോടും എവിടെക്കാണ്‌ പോകുന്നതെന്ന് പറഞ്ഞു .അവിടെ നിന്ന് പോലീസ് കാര്‍ അച്ഛനെയും അമ്മയെയും  കാണിച്ചുതരും എന്നും പറഞ്ഞു.അവള്‍ക്കു സമ്മതമായി.ഉത്സവം പ്രമാണിച്ച് ഓഫീസിനരുകില്‍ പോലീസുകാര്‍ക്ക് വേണ്ടി ഒരു മുറി കൊടുത്തിട്ടുണ്ട്‌.അവിടേക്ക് പോകാം.

എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല .തലയ്ക്കു ഒരു അടി കിട്ടിയെന്നു തോന്നി.പിന്നെ ബോധം പോയി.ഉണരുമ്പോള്‍ പോലീസ് ഔട്ട്‌ പോസ്റ്റില്‍ ആയിരുന്നു.ദേഹമാകെ അസ്ഥി തറക്കുന്ന മാതിരി വേദന.എല്ലായിടത്തും മുറിഞ്ഞിട്ടുണ്ട്‌ .രക്തം അവിടവിടങ്ങളില്‍ പൊടിയുന്നു.തന്റെ അരയിലെ പണവും നഷ്ട്ടപെട്ടെന്നു തനിക്കു മനസ്സിലായി.ശരീരത്തിലെ വേദനയെക്കാൾ  കൂടുതൽ എനിക്ക് നൊന്തത്‌ പണം നഷ്ട്ടപെട്ടുപോയതിലായിരുന്നു.പുറത്തു എന്തൊക്കെയോ ബഹളം ..കുറേപേര്‍ തന്നെ കാണാന്‍ തിരക്ക് കൂട്ടുന്നു.കുട്ടികളെ മോഷ്ട്ടിക്കുന്നവനെ കാണുവാനുള്ള തിരക്കാണെന്ന് അവരുടെ സംസാരത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും മനസ്സിലായി.കാര്യങ്ങള്‍ പോയ വഴി അതിഭീകരമാണെന്ന് മനസ്സിലായി.
 
ഒരു പോലീസുകാരന്‍ വീണ്ടും എന്നെ തൂക്കിപിടിച്ചു ,രണ്ടു ഇടി കൂടി തന്നു കൊണ്ട് ചോദിച്ചു

"നീയേത്  ഗ്യാങ്ങില്‍ പെട്ടതാട ?",തമിഴോ ഹിന്ദിയോ?പറയെടാ?"

"സര്‍ ,ഞാന്‍ ഈ പെട്ടുതറ ചേരിയിലെതാണ്...കുഞ്ഞു ഒറ്റയ്ക്ക് നിന്ന്  കരഞ്ഞപ്പോള്‍ സഹായിച്ചതാണ് "

മറുപടി പറഞ്ഞു തീരും മുന്‍പേ വീണ്ടും അടി കിട്ടി.പുളഞ്ഞുപോയി.വീണ്ടും കുറെ ചോദ്യങ്ങള്‍ ,അടികള്‍ ..നിസ്സഹായനായി ഞാനും .,കാഴ്ച കണ്ടു രസിച്ചു ജനങ്ങളും.

പെട്ടെന്ന് ഉള്ളില്‍ നിന്ന് ആരോ വന്നു പോലീസുകാരന്റെ കാതില്‍ എന്തോ പറഞ്ഞു.പോലീസുകാരന്‍ എന്നെയും  കൂട്ടി അകത്തെ മുറിയിലേക്ക് ചെന്നു .എസ് .ഐ യോ മറ്റോ ആയിരിക്കാം.എന്റെ  ചുമലില്‍ കൈവെച്ചു പറഞ്ഞു.

"സോറി..നമ്മള്‍ക്ക് തെറ്റ് പറ്റി പോയി.ആ കുഞ്ഞു കാര്യങ്ങള്‍ പറഞ്ഞപ്പോളാണ് സംഗതി പിടി കിട്ടിയത് "

ഞാൻ  എസ് .ഐ .ചൂണ്ടിയ  ദിക്കിലേക്ക് നോക്കി .ആ കുഞ്ഞു അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു

 "താങ്ക്യൂ  അങ്കിള്‍ ..ഞാന്‍ ആദ്യം പറഞ്ഞിട്ടു ഈ മാമന്‍മാര്‍ വിശ്വസിച്ചില്ല..".എന്നിൽ  ഒരു ദീര്‍ഘ നിശ്വാസം ഉയര്‍ന്നു.കണ്ണുകളില്‍ കണ്ണുനീര്‍ തളം കെട്ടി നിന്നു .

"വീണ്ടും സോറി പറയുന്നു...നിങ്ങള്‍ക്ക് പോകാം  "എസ് .ഐ  വീണ്ടും വന്നു പറഞ്ഞു.

കത്തുന്ന കണ്ണുകളോടെ എസ.ഐ യെ നോക്കി കൊണ്ട് ഞാൻ  വിളിച്ചു പറഞ്ഞു.

"നിങ്ങളുടെ ഈ സോറി എനിക്കുണ്ടായ നഷ്ടങ്ങള്‍ തിരിച്ചു തരില്ല ,വേദന അകറ്റുകയും ഇല്ല .കാര്യങ്ങള്‍ മനസ്സിലാകും മുൻപേ  നിങ്ങള്‍ ജനങ്ങളും പോലീസുകാരും വിധികള്‍ നടപ്പിലാക്കരുത്...അതുകൊണ്ട് ഈ സോറി  നിങ്ങളുടെ കൈയ്യില്‍ തന്നെ ഇരിക്കട്ടെ.ഇനിയും പലപ്പോഴും ഉപയോഗിക്കെണ്ടതല്ലേ  "


ഒരു കൊടുംകാറ്റു പോലെ ഞാൻ പുറത്തേക്കു നടന്നു ..കാഴ്ച കാണാനെത്തിയ ജനങ്ങളും ഒന്നൊന്നായി  പിരിഞ്ഞു  പോയി കൊണ്ടിരുന്നു.അവർക്കും ഈ വല്ലാത്ത ക്ലൈമാക്സ്‌ രസം നഷ്ട്ടപെടുത്തിയിരുന്നു .

കഥ; പ്രമോദ് കുമാര്‍.കെ.പി





Thursday, September 13, 2012

ഉത്തരം

ആനവണ്ടി ചുരം കയറുകയാണ് ..രണ്ടു സൈഡിലും  തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ഏതൊക്കെയോ പേരറിയാത്ത മരങ്ങള്‍ ..ഒരു വശത്തു അത് ബസ്സിനെക്കാള്‍ ഉയരത്തില്‍ ആണെങ്കില്‍ മറു വശത്തു അത് കീഴെയാണ്.ചിലയിടത്ത് കുഴികള്‍ കാണാം ..അഗാത ഗര്‍ത്തങ്ങള്‍ ...അവിടങ്ങളില്‍ നോക്കുമ്പോള്‍ പേടിയാവുന്നു ..പിന്നെ അയാള്‍ ഓര്‍ത്തു ഞാന്‍ എന്തിനു പേടിക്കണം .. മരണത്തെയോ ? അല്ലെങ്കില്‍ അപകടമോ ...രണ്ടു സംഭവിച്ചാലും എനിക്ക് ഒന്നുമില്ല .  കാരണം ഞാന്‍ ഇപ്പോള്‍ വല്ലാത്ത  ഒരു അവസ്ഥയിലാണ് .പേടിയും അപകടവും മരണവും ഒക്കെയും ഒരു പോലെ കാണേണ്ട അവസ്ഥയില്‍.


  പിന്നെ പിന്നെ കാടിന് സൌന്ദര്യം വന്നതായി  തോന്നി തുടങ്ങി .പതുക്കെ മഴ പെയ്തു തുടങി .അത് കാടിനെ കൂടുതല്‍ മനോഹരമാക്കി .പലപ്പോഴായി ഒരു അമ്പത് തവണ എങ്കിലും  ഇതിലെ പോയിട്ടുണ്ട് .അപ്പോഴൊന്നും ഇത് ഇത്ര മനോഹരമായി തോന്നിയില്ല .എങ്ങിനെ തോന്നാന്‍ ..മല കയറുന്നതുതന്നെ കൂട്ടുകാരോടൊത്തു അടിച്ചുപൊളിക്കാന്‍ ...എപ്പോഴും മദ്യപിച്ചുകൊണ്ട് ആയിരിക്കും ഈ വഴി കടന്നു പോകുന്നത്.വണ്ടിക്കുള്ളിലെ ആസ്വാദനം അല്ലാതെ മൂത്രമോഴിക്കുവാനോ ഫോട്ടോ എടുക്കുവാനോ മാത്രം ഇവിടങ്ങളില്‍ നിര്ത്തുന്നു .പകുതി ബോധത്തില്‍ എന്ത് പ്രകൃതി ..എന്ത് സൌന്ദര്യം ?  ..പിന്നെ കുറെദിവസം പല റിസോര്‍ട്ടില്‍ അവിടെയും അടിച്ചുപൊളി വെള്ളമടി .പുകച്ചു കളയുന്ന സിഗാറുകള്‍ ....പ്രകൃതിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ എന്ന പേരില്‍ മലകയരുന്നു .വെള്ളമടി മാത്രം ആസ്വദിക്കുന്നു ..കൂട്ടത്തില്‍ കാട്ടിറചിയും .മറ്റു ചിലതും .എല്ലാത്തിനും റിസോര്‍ട്ട്കാര്‍ റെഡി .നമ്മള്‍ പണം മാത്രം എറിഞ്ഞാല്‍ മതി.

ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ മുഖത്ത് പതിച്ചപ്പോള്‍  അയാള്‍ക്ക് രസം തോന്നി.ഇനിയും പതിക്കുവാന്‍ ആഗ്രഹിച്ചു ..എപ്പോഴും മഴയെ കുറ്റം പറയുന്ന ശപിക്കുന്ന അയാള്‍  മഴയെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.എല്ലാ മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ് മഴ എന്ന് ചിലര്‍ പാടിപുകഴ്ത്തിയപ്പോള്‍ പുച്ഛം ആയിരുന്നു മനസ്സില്‍ ..രോഗങ്ങള്‍ ,അപകടങ്ങള്‍ കൊണ്ടുവരുന്ന മഴയെ അയാള്‍ക്ക്‌ എപ്പോഴും വെറുപ്പായിരുന്നു..ചെറുപ്പത്തില്‍ തന്റെ പല കാര്യങ്ങളും തടസ്സപെടുത്തിയത് മഴയായിരുന്നു എന്ന് അയാള്‍ ഓര്‍ത്തു .അത് കൊണ്ട് തന്നെ മഴ വെറുപ്പായിരുന്നു തന്റെ പല സ്വതന്ദ്ര്യത്തിനും ചെറുപ്പത്തില്‍  കടിഞാനിട്ടതും ഇതേ  മഴയായിരുന്നു.

ബസ്‌ മലമുകളിലെ ടൌണില്‍ എത്തി .ഇനി കുറച്ചു സമയം ഇവിടെ ഉണ്ട് ..ഭക്ഷണം കഴിക്കാന്‍ നിറുത്തിയതാണ്.ബസില്‍ നിന്നും പലരും ഇറങ്ങി ..കൂടുതല്‍ പേരും പോയത് അടുത്തുള്ള ബാറിലെക്കായിരുന്നു.വെറുതെ ബസ്സില്‍ ഇരിന്നു എല്ലാം നോക്കി കണ്ടു ..ഒന്നും കഴിക്കുവാന്‍ തോന്നിയില്ല,അത് കൊണ്ട് ബസ്സില്‍ തന്നെ ഇരുന്നു.ചുറ്റുമൊന്നു കണ്ണോടിച്ചു..പട്ടണം ഷോപ്പിംഗ്‌ മാള്‍  കൊണ്ടും മറ്റു നൂതന കെട്ടിടങ്ങള്‍ കൊണ്ടും സുന്ദരിയായിരിക്കുന്നു.ആളുകള്‍ അവരുടെ ആവശ്യ ങ്ങള്‍ക്ക് പരക്കം പായുന്നു  എല്ലാവരുടെയും മുഖത്ത് സന്ദോഷം മാത്രം  ..എല്ലാവരും ചിരിക്കുന്നു .സംസാരിക്കുന്നു .,ആര്‍ക്കും ഒരു വിഷമവും ഇല്ല ..കടകളില്‍ കച്ചവടം നന്നായി നടക്കുന്നു.എനിക്ക് മാത്രം എന്തെ ഇങ്ങിനെ ?

ബസ്‌ പിന്നെയും നീങ്ങി ..പ്രകൃതി കൂടുതല്‍ സുന്ദരിയായത്‌ പോലെ ..നമ്മുടെ നാട് ഇത്ര സുന്ദരമായിരുന്നോ ?എന്നിട്ടാണോ ഞാന്‍ അടക്കം പലരും അവധി ആഘോഷിക്കാന്‍ മറുനാട്ടില്‍ പോയികൊണ്ടിരുന്നത് ..മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ..മറു നാട്ടിലുള്ളതിനെക്കാളും പ്രകൃതി രമണീയത നമ്മളുടെ നാട്ടിന് തന്നെ ..പക്ഷെ  നമ്മള്‍ അതൊന്നും കാണാതെ പണം കൊടുത്തു കൃത്രിമം കാണുവാന്‍ പോകുന്നു.അയാള്‍ ഉള്ളില്‍ ചിരിച്ചു .

എന്തോ ശബ്ദം  കേട്ട് അയാള്‍ ഓര്‍മകളില്‍ നിന്നും ഞെട്ടി.ബസ്സിലുള്ള കൂടുതല്‍ പേരും തിരിഞ്ഞു നോക്കി.പിന്നില്‍ നിന്നും ഒരു കാര്‍ അതിവേഗത്തില്‍ ലൈറ്റ് ഇട്ടു ഹോണ്‍ മുഴക്കി കൊണ്ട്
 വരുന്നുണ്ടായിരുന്നു.ഡ്രൈവര്‍ സ്ലോ ചെയ്തു കൊടുത്തു ..പക്ഷെ കാര്‍ ബസ്സിനെ മറികടന്നു ബസ്സിനു മുന്‍പില്‍ ചവുട്ടി നിറുത്തി. കുറച്ചു പേര്‍ ഇറങ്ങി ബസ്സില്‍ കയറി.കയരിയവരെ കണ്ടു അയാള്‍ ഞെട്ടി.അളിയനും കൂട്ടുകാരും .അവര്‍ അടുത്ത് വന്നു.

"എന്താ സൂരജ് ഇത് ..ഡോക്ടര്‍ പറഞ്ഞില്ലേ റസ്റ്റ്‌ എടുക്കണം എന്ന് ?"
"ഇനിയെന്തിനു റസ്റ്റ്‌ അളിയാ ...മുറിയില്‍ കിടന്നു മരിക്കാന്‍ എനിക്ക് ആഗ്രഹമില്ല ...അത് കൊണ്ടാണ് ആരും കാണാതെ ഇറങ്ങിയത്‌ ."

 ബസ്സിലുള്ളവര്‍ക്ക്  കാര്യങ്ങള്‍ കൂടെ വന്നവര്‍ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു .അത് കൊണ്ട് തന്നെ അയാളുടെ എതിര്‍പ്പുകള്‍ ഒന്നും വിലപോയില്ല .അവര്‍ ബലം പ്രയോഗിച്ചു  പിടിച്ചു വണ്ടിയിലേക്ക് കയറ്റി.

. ...ബസ്സിലെ എല്ലാവരും ദയനീയതയോടെ അയാളെ നോക്കുന്നുണ്ടായിരുന്നു ..അടുത്ത് തന്നെ മരിക്കുവാന്‍ പോകുന്ന ഒരാളെ കണ്ട  ഞെട്ടലോടെ ..

ചുരം ഇറങ്ങുമ്പോള്‍ അയാള്‍ക്ക് പ്രകൃതിയുടെ സൌന്ദര്യം ആസ്വദിക്കുവാനായില്ല ..അളിയന്റെ ബലിഷ്ട്ടമായ കൈകല്‍ക്കുള്ളിളില്‍ ഒരറവുമാടിനെപോലെ ഒതുങ്ങിയിരിക്കുംപോള്‍ അയാള്‍ ചിന്തിച്ചതു മറ്റൊന്നായിരുന്നു .

"എന്റെ ശരീരം കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നത് വര്‍ഷങ്ങളായി  പുകച്ചുതുപ്പിയ സിഗരറ്റുകള്‍ ആണോ അതോ എപ്പൊഴും സേവിച്ചുകൊണ്ടിരുന്ന ആള്‍ക്കഹോളോ  ?".

ഉത്തരം കിട്ടാതെ അയാളുടെ മനസ്സ് പിടഞ്ഞു ..പുറത്തു അപ്പോള്‍ മഴ തിമര്‍ത്തു പെയ്യുകയായിരുന്നു


കഥ: പ്രമോദ് കുമാര്‍.കെ.പി


Thursday, August 30, 2012

അവിഹിതം

"ഹലോ ചന്ദ്രനല്ലേ "

"അതെ "..സ്ത്രീ ശബ്ദം ആണ് .നമ്പര്‍ അത്ര പരിചയം തോന്നുനില്ല ,ഇവിടുത്തെ നമ്പര്‍ ആണ്.അതും ലോക്കല്‍ കാള്‍ .ചന്ദ്രശേഖര്‍ എന്ന അയാളെ  ചന്ദ്രന്‍ എന്ന് വിളിക്കുന്നവര്‍ കുറവ്.അതും അടുപ്പം ഉള്ളവര്‍ മാത്രം.അതും നാട്ടിലെ ആള്‍ക്കാര്‍ മാത്രം .ഈ അന്യ നാട്ടില്‍ ഇത് ആരാണ്?

"എന്നെ മനസ്സിലായോ'?

"അത്രക്കങ്ങു പിടികിട്ടിയില്ല ,ഓര്‍മയില്ല "

"നിങ്ങള്ക്ക് എന്നെ മറക്കുവാന്‍ കഴിയുമോ?"

വീണ്ടും ചോദ്യം ആണ് .ആരായിരിക്കും ?ഒരു പിടിയും കിട്ടുനില്ല.ആലോചിച്ചു കൊണ്ടിരുന്നു.
മറു തലക്കല്‍ കുറച്ചു നേരം നിശബ്ദത ..പിന്നെ പറഞ്ഞു

"ഞാന്‍ ശോഭ ആണ് .എന്നെ മറന്നോ ?"

പെട്ടെന്ന് മനസ്സില്‍ ഒരാളല്‍ .മനസ്സ് പിന്നിലേക്ക്‌ ഓടി.ശോഭ ..എതാണ്ട് നിശ്ചയം  വരെ എത്തിയ ആറേഴു കൊല്ലാതെ പ്രേമം ..പക്ഷെ അവസാനം എന്തോ ഒരു ചെറിയ കുടുംബ പ്രശ്നം ..അതിന്റെ ഗതി മാറ്റി.പെണ്ണ് കൊടുക്കില്ലെന്ന് അവര്‍ ..ആര്‍ക്കു വേണം എന്ന് അയാളുടെ വീട്ടുകാര്‍.പരസ്പരം തകര്‍ന്ന ഹൃദയവുമായി അവര്‍  ..പിരിയാന്‍ തന്നെ ഉഗ്രമായ നിര്‍ദേശം .നാട്ടില്‍ നില്‍ക്കുവാന്‍ തോന്നിയില്ല .ഇവിടുതേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിച്ചു.പിന്നെ ഒളിച്ചോട്ടമായിരുന്നു നാട്ടില്‍ നിന്നും.ഇവിടെ എല്ലാം മറന്നു ജോലി ചെയ്തു ജീവിച്ചു.പിന്നാലെ കല്യാണവും കുടുംബവും ആയി.മനസ്സില്‍ എവിടെയോ ഒരറ്റത്ത് ചെറിയ നൊമ്പരമായി ശോഭ ഒതുങ്ങി.പിന്നെ പിന്നെ അവള്‍ മാഞ്ഞു തുടങ്ങി.അവള്‍ കല്യാണം ഒക്കെ കഴിഞു വിദേശത്തു  പോയി എന്ന് പിന്നെ അറിഞ്ഞു.

ഇരുപത്തി അഞ്ചു  വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ കാള്‍ ..എന്തിനായിരിക്കും ?

"ഹലോ ,ചന്ദ്രന്‍ ..മനസ്സിലായില്ലേ ?"

"മനസ്സിലായി.നീ ഇവിടെ "?

"ഞാന്‍ കുറച്ചായി ഇവിടുണ്ട് ..ഫേസ് ബുക്കില്‍ നിന്നാണ് നിങ്ങളെ കിട്ടിയത് "
ഇപ്പോള്‍ എല്ലാവരെയും തിരയാന്‍ എളുപ്പമാണ് ..ഇത്തരം സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ ഉള്ളതിനാല്‍.

"സുഖമാണോ"?

"സുഖം "

പിന്നെ കുറെ സംസാരിച്ചു. പക്ഷെ പഴയ ബന്ധം ,അതിന്റെ വിഷയങ്ങള്‍ ഒരിക്കലും കടന്നു വന്നില്ല.രണ്ടു പേരും വളരെ ശ്രദ്ധിചിരിക്കാം.അന്ന് സംഭാഷണം എപ്പോഴോ മുറിഞ്ഞു.പിന്നെ കൂടുതലും ഫേസ് ബുക്ക്‌ വഴിയായിരുന്നു അന്വേഷണങ്ങള്‍ ,വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഒരു ദിവസം അവളുടെ വീട്ടിനരുകില്‍ ഒരാവശ്യ ത്തിനു പോയപ്പോള്‍  ഒന്ന് കയറി കാണാമെന്നു വിചാരിച്ചു.മുന്നേ അറിയിക്കാതെ സസ്പെന്‍സ് കൊടുക്കാം എന്ന് വിചാരിച്ചു.പരിചിതമായ സ്ഥലം ആയിരുന്നു ,പരിചിതമായ ഫ്ലാറ്റും.മുന്നേ ഇവിടെ വന്നിരുന്നു.കൂട്ടത്തിലെ ചില ഓഫീസര്‍ മാര്‍  ഇവിടെയായിരുന്നു താമസിച്ചിരുന്നത്.സെക്യൂരിറ്റികാരനെ കണ്ടു നമ്പര്‍ കണ്ടു പിടിച്ചു.റൂമിന് മുന്നിലെത്തി ബെല്ലടിച്ചു.

വാതില്‍ തുറന്ന സ്ത്രീയെ കണ്ടു അമ്പരുന്നു.ആള്‍ വല്ലാതെ മാറിയിരിക്കുന്നു.പ്രായം ശരീരത്തെ വല്ലാതെ പിടികൂടിയിരിക്കുന്നു. പണ്ട് ഇല്ലാത്ത കണ്ണട മുഖത്തിന്റെ ഭംഗി കുറക്കുന്നു.
അവളും അമ്പരന്നു.എന്നാലും ചെറു ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു.

"ചന്ദ്രന് ഒരു മാറ്റവും ഇല്ല ..കുറച്ചു നര വന്നു അല്ലാതെ."

അവള്‍ ക്ഷീണിതായായി തോന്നി.ചുമക്കുന്നുമുണ്ട് .വര്‍ത്തമാനം പറയാന്‍ ബുദ്ധിമുട്ടുന്നതുപോലെ ...
'എന്താണ് ശോഭെ ..വല്ലതായിരിക്കുന്നുവല്ലോ ..'
'എന്ത് പറയാനാ ചന്ദ്ര ,പനി  പിടിച്ചു രണ്ടു ദിവസം ആയി ,ആര്‍ക്കും എന്നെ ഡോക്ടറെ കാണിക്കുവാന്‍ സമയം ഇല്ല .പഴയ ഗുളിക കൊണ്ട് പിടിച്ചു നില്‍ക്കുന്നു. "

കണ്ടപ്പോള്‍ വിഷമം തോന്നി.എങ്ങിനെ ചോദിക്കും ?എന്നാലും ചോദിച്ചു
"ഞാന്‍ കൂടെ വരാം ..ഡോക്ടറെ കാണുവാന്‍ ".
വിശ്വസിക്കനവാത്തതുപോലെ  അവള്‍ അയാളെ  നോക്കി .സമ്മതമാണ് എന്നര്‍ത്ഥത്തില്‍ അയാള്‍ കണ്ണടച്ച് കാണിച്ചു.

'ഓ.കെ ..ഞാന്‍ മകനെ വിളിച്ചു പറയട്ടെ "

അവള്‍ അകത്തുപോയി കുറച്ചുസമയം കഴിഞ്ഞു തിരിച്ചു വന്നു .സാരി മാറിയിരുന്നു.
കാറില്‍ പിന്നില്‍ കയറാനൊരുങ്ങിയ അവളെ നിര്‍ബന്ധിച്ചു മുന്‍പില്‍ കയറ്റി.പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കില്‍ ഇത് പോലെ ജീവിതം മുഴുവന്‍ യാത്ര ചെയ്യേണ്ടവാളായിരുന്നു.എന്ത് ചെയ്യാം വിധി കളിച്ചു.യാത്രയില്‍ ഓരോരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു.അവള്‍ കൂടുതല്‍ ഉന്മേഷവാതിയയതുപോലെ തോന്നിച്ചു.ഞാനും സന്തോഷവാനായിരുന്നു.

എന്താണ് സംഭവിച്ചതെന്നു പെട്ടെന്ന് മനസ്സിലായില്ല.സിഗ്നല്‍ തെറ്റിച്ചു വന്ന ഒരു ലോറി കാര്‍ ഇടിച്ചു തെറുപ്പിച്ച് നിര്‍ത്താതെ പോയി.ആള്‍ക്കാര്‍ ഓടികൂടി ..രണ്ടുപേരും മരിച്ചിരുന്നു.ഒന്നിച്ചു ജീവിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും മരണത്തില്‍ അവര്‍ ഒന്നിച്ചു.അവര്‍ പോലും ആഗ്രഹിക്കാതെ ....

പക്ഷെ അന്ന് മുതല്‍ നാട്ടില്‍ പരന്ന കഥകളില്‍  അവരുടെ ദയനീയ മരണത്തെക്കാള്‍ അവരുടെ അവിഹിതമായിരുന്നു നാട്ടുകാര്‍ കൂടുതല്‍ ഊന്നിപറഞ്ഞത്‌ .മരിച്ചുമണ്ണടിഞ്ഞിട്ടും അവരുടെ അവിഹിതത്തിന്റെ അപവാദ പ്രചാരണങ്ങള്‍ കുറച്ചു കുടുംബങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടേയിരുന്നു.


കഥ;പ്രമോദ് കുമാര്‍.കെ.പി


Saturday, August 25, 2012

അരയിലൊരു കത്തി മനയിലൊരു മുത്തി

       തീവണ്ടി കുതിച്ചു പായുകയാണ് ..മാഹി കഴിഞ്ഞു, വടകരയോടു അടുത്ത് കൊണ്ടിരിക്കുന്നു.ഇനി ശ്രദ്ധിക്കണം .വടകരകാര്‍ അങ്ങിനെയാണ് എവിടെയെങ്കിലും അല്പം ഗ്യാപ്‌ കണ്ടാല്‍ അവിടെ കയറി ഇരുന്നു കളയും.അത് മറ്റുള്ളവന് അസൌകര്യം ഉണ്ടാക്കുമെന്നോ,അവിടെ ഇരിക്കാന്‍ പറ്റുമോ  ,എന്നൊന്നും  നോക്കില്ല .ചോദിക്കുകയുമില്ല.കൂടാതെ കൂടെയുള്ളവനെ വിളിച്ചു  ഗ്യാപ് ഉള്ള സ്ഥാലം കാണിച്ചു കൊടുക്കുകയും ചെയ്യും.ഇത് ട്രെയിന്‍ യാത്ര തുടങ്ങിയത് മുതല്‍ കാണുന്നതാണ്.അതുകൊണ്ട് തന്നെ സഹയാത്രികാര്‍ വടകരകാരെ കാണുമ്പോള്‍ "ആപ്പടിക്കാന്‍ " വരുന്നുണ്ട് എന്നാണ് പറഞ്ഞിരുന്നത്.വടകര എത്തുമ്പോള്‍ ഇതറിയുന്ന യാത്രക്കാര്‍ വിസ്തരിച്ചിരുന്നു ഉറക്കം നടിക്കും .വടകരകാര്‍ ഒക്കെ പലയിടത്തായി "ആപ്പടിച്ചു "കഴിഞ്ഞാല്‍ മാത്രം കണ്ണ് തുറക്കും.ഇങ്ങിനെ പല നാട്ടുകാരെപറ്റി ട്രയിനിലെ ചങ്ങാതിമാര്‍ അയാള്‍ക്ക്‌ പറഞ്ഞു കൊടുത്തിരുന്നു..

തലശ്ശേരിക്കാര്‍ക്ക് സീറ്റ്‌ കിട്ടിയാല്‍ പത്രം വേണം ,അല്ലെങ്കില്‍ എന്തെങ്കിലും വായിക്കാന്‍.അവര്‍ ആകെ ഒന്ന് തിരിഞ്ഞും മറിഞ്ഞു നോക്കി അത് എവിടെ എന്ന് കണ്ടുപിടിക്കും.പിന്നെ ആ യാത്രക്കാരില്‍ നിന്നും അത് കൈക്കലാക്കും.വായിച്ചു കഴിഞ്ഞാല്‍ അവന്‍ തന്നെ അത് പലര്‍ക്കും കൈമാറി തിരിച്ചു ഉടമസ്ഥന് കിട്ടുംപോഴെക്കും ഒരു വിധമായിരിക്കും.മാഹിക്കാരേകൊണ്ട് അത്ര വലിയ ശല്യം ഇല്ല ,അവര്‍ക്ക് സീറ്റ്‌ കിട്ടിയാല്‍ ഉറങ്ങിയിരിക്കും.കൊയിലാണ്ടിക്കാരാണ് ബഹളക്കാര്‍ ..വര്‍ത്തമാനം പറഞ്ഞു ആള്‍ക്കാരെ കൊല്ലും.ഇവിടെയെല്ലാമുള്ള  യുവാക്കളെ കൊണ്ട് ഒരു പ്രശ്നവും ഇല്ല.അവര്‍ എവിടെയെങ്കിലും വായ നോക്കിയിരുന്നു കൊള്ളും .കോഴിക്കോടുവരെയുള്ളവരെയേ യാത്ര ചെയ്തു പരിചയമുള്ളൂ .പിന്നെ ഉള്ളവരുടെ കഥയറിയാന്‍ അതില്‍ കൂടുതല്‍ യാത്ര ചെയ്യണം.അതും പതിവായി.ഇപ്പോള്‍ കോഴിക്കോട് ജോലി കിട്ടിയതിനാല്‍ സീസണ്‍ ടിക്കെറ്റില്‍ പതിവായി അവിടെവരെ യാത്ര ചെയ്യുന്നു.
ഇനി അയാള്‍ പറയും
രാവിലെ എഴുകാലിനാണ് ട്രെയിന്‍.ഞാന്‍ എപ്പോഴും ഓടി കിതച്ചാണ് സ്റ്റേഷനില്‍ എത്തുന്നത് .വീട്ടില്‍ ഞാന്‍ മുത്തി എന്ന് വിളിക്കുന്ന മുത്തശ്ശി മാത്രം ആണുള്ളത് .ഓര്മവെക്കും മുന്‍പേ അച്ഛനും അമ്മയും പോയി.പിന്നെ ടീച്ചര്‍ ആയ മുത്തിയാണ് വളര്‍ത്തിയത്‌.ഉച്ച ഭക്ഷണം മുത്തി തയ്യാറാക്കി തന്നുവിടും.മുത്തി കാലത്ത് എഴുനേറ്റു കഷ്ട്ടപെടെണ്ട എന്ന് പറഞ്ഞാലും കേള്‍ക്കില്ല .ഇപ്പോള്‍ പണ്ടത്തെപോലെ വയ്യെങ്കിലും കഷ്ട്ടപെട്ട് എല്ലാം ഉണ്ടാക്കും.അതാണ്‌ പലപ്പോഴും വൈകിക്കുന്നത്.ഞാന്‍ ലഞ്ച് എടുത്തില്ലെങ്കില്‍ പിണങ്ങും .കുറെയായി കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു.പലതവണ പെണ്ണ് കണ്ടതുമാണ്.പക്ഷെ എങ്ങിനെയൊക്കെയോ കയറിവരുന്ന  ഭൂതകാലം അതിനു തടസ്സം നില്‍ക്കുന്നു.പിന്നെ പിന്നെ അതും നിര്‍ത്തി. ..എല്ലാം ഒളിക്കുവാന്‍ വേണ്ടിയാണ് പിറന്ന നാട് ഉപേക്ഷിച്ചത്.എന്നിട്ടും...?

 ടീച്ചര്‍ മുത്തി നല്ല നിലയില്‍ പഠിപ്പിച്ചു.നല്ല മാര്‍ക്ക്‌ വാങ്ങി ജയിച്ചു .പഠിച്ച ഉടനെ ജോലി കിട്ടും എന്നായിരുന്നു വിശ്വാസം . വിശ്വാസം നഷ്ട്ടപെട്ടപ്പോള്‍ മനസ്സ് മുരടിച്ചു.പിന്നെ ചെന്നെത്തിയത് ക്വട്ടെഷന്‍ ഗാങ്ങില്‍ ആയിരുന്നു.അവരോടൊപ്പം ഒന്ന് രണ്ടു വര്ഷം.എപ്പോഴും  അരയില്‍ കത്തിയുമായി നടന്നു,തനിക്ക് വേണ്ടി ജീവിക്കുന്ന മനയിലെ മുത്തിയെ ഓര്‍ക്കാതെ പലതും ചെയ്തു ,കൊലപാതകം ഒഴികെ.ആരും മരിച്ചില്ല എന്നതാണ് സത്യം.പോലീസിന്റെ പിടിയില്‍ നിന്നും പലപ്പോഴും കഷ്ട്ടിച്ചു രക്ഷപെട്ടു ,അത് കൊണ്ട് തന്നെ പുറംലോകം അധികം എന്റെ വിവരം അറിഞ്ഞില്ല.പക്ഷെ എങ്ങിനെയൊക്കെയോ പോലീസ് ഹിറ്റ്‌ ലിസ്റ്റില്‍ പേര് കയറിയിരുന്നു.അതുകൊണ്ട് നാട്ടിലെ പ്രമാണിമാര്‍ക്ക് വിവരങ്ങള്‍ അറിയാമായിരുന്നു.മുത്തിയുടെ കാതിലും വിവരം എത്തി.കുറെ ഉപദേശിച്ചു.കണ്ണുനീര്‍ ആയി .അങ്ങിനെ മുത്തിയുടെ കൂടെ പിറന്ന നാടുപേഷിച്ചു, അങ്ങിനെ പല നാടുകള്‍ താണ്ടി ..അല്ല മാറേണ്ടി വന്നു..അവിടെയും ഭൂതകാലം വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ ഉള്ളതെല്ലാം വിററു  പെറുക്കി മലയിറങ്ങി.മുത്തിയുടെ പഴയ ശിഷ്യന്‍ മുഖേന അത്രയൊന്നും വളരാത്ത നാട്ടില്‍ സ്ഥിര താമസം ആക്കുവാന്‍ തീരുമാനിച്ചു.
വീടും പറമ്പും എളുപ്പത്തില്‍ കിട്ടി.അയാള്‍ മുഖേന കോഴിക്കോട്ടു നല്ല ഒരു ജോലിയും കൂടി കിട്ടി.ഇപ്പോള്‍ കുറച്ചു വര്‍ഷമായി എവിടെയാണ് ..ഈ സുന്ദരമായ നാട്ടില്‍ .അതുകൊണ്ട് തന്നെ
കുറച്ചു വര്‍ഷമായി സമാധാനം ഉണ്ട്.മുത്തിയും ഹാപ്പി ആണ്.

വണ്ടിയിറങ്ങി ആള്‍കൂട്ടത്തിനിടയിലൂടെ ജോലി ചെയ്യുന്നിടത്തെക്ക് നടക്കുകയായിരുന്നു.പിറകില്‍ നിന്നും ആരോ പേര് വിളിച്ചതുകേട്ട് നിന്നു .ആള്‍കൂട്ടത്തില്‍ നിന്നും ഒരാള്‍ അടുത്തേക്ക് വന്നു

"എന്നെ മനസ്സിലായോ."

"ഇല്ല "

"ഞാന്‍ വര്‍ക്കിയുടെ മകനാണ് ?"

"ഏത് വര്‍ക്കിയുടെ ?"

"നിനക്കറിയില്ല അല്ലെ ?നീയും കൂട്ടരും പള്ളക്ക് കത്തി കയറ്റിയ മാമരം വര്‍ക്കിയെ?അപ്പന്‍ അന്ന് മുതല്‍ കിടപ്പിലാണ് ,അതും നരകിച്ചു .....നീ നാട് വിട്ടാല്‍ പിന്നെ നിന്നെ കണ്ടു പിടിക്കില്ലെന്ന് കരുതി അല്ലേട ?നിന്റെ കൂട്ടുകാര്‍ക്ക് എല്ലാവര്ക്കും പണി കൊടുത്തു ..നീ മാത്രം ബാക്കിയായി ."

 
എന്റെ മനസ്സില്‍ വര്‍ക്കിയുടെ രൂപം കയറിവന്നു.സണ്ണി മുതലാളിക്ക് വേണ്ടി ചെയ്തതാണ്.കൊല്ലേണ്ട എന്ന് പറഞ്ഞിരുന്നു.കുറച്ചുകാലം കിടത്തിയാല്‍ മതിയെന്നും ..ഏതോ  ലേലം പിടിക്കുവാനായിരുന്നു.ഞാന്‍ പണി കൊടുക്കുന്നവരെയൊക്കെപറ്റി മനസ്സിലാക്കി വെക്കാറുണ്ടായിരുന്നു.അത് കൊണ്ട് മാമരം വര്‍ക്കി പെട്ടെന്ന് മനസ്സില്‍ ഓടിയെത്തി.

ഞാന്‍ ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി ,ആര് ശ്രദ്ധിക്കാന്‍ ?നഗരത്തിന്റെ തിരക്കിലും സ്വന്തം തിരക്കിലും ഒന്നും ശ്രദ്ധിക്കാതെ ജനങ്ങള്‍ ഒഴുകി കൊണ്ടിരുന്നു.നമ്മള്‍ തിരക്കില്‍ നിന്ന് വര്‍ത്തമാനം പറയുന്നത് പലര്‍ക്കും അസൌകര്യമായി..പക്ഷെ ആരും ഒന്ന് പറഞ്ഞില്ല.
അവന്‍ പോക്കറ്റില്‍ കയ്യിട്ടു  എന്തോ എടുത്തു കൊണ്ട് പറഞ്ഞു

 "..നിന്നെ ഇവിടെ വച്ച് തീര്‍ത്തു ഞാന്‍ ജനസാഗരത്തില്‍ അലിയും ,ആരും ഒന്നും അറിയില്ല .എന്റെ അപ്പനോട് ചെയ്തതിനു നീയും അനുഭവിക്കണം "


പെട്ടെന്ന് വന്ന എന്തോ ശക്തിയില്‍ അവനെ തള്ളി മാറ്റി ഞാന്‍ ജനകൂട്ടത്തിനിടയിലൂടെ ഓടി...തിരിഞ്ഞു  നോക്കാതെ ..കുറെ ദൂരം ഓടി തിരിഞ്ഞു  നോക്കുമ്പോള്‍ ജനകൂട്ടം മാത്രം ..വര്‍ക്കിയുടെ മോന്റെ രൂപം അക്കൂട്ടത്തില്‍ ഇല്ലായിരുന്നു.ഓട്ടോ പിടിച്ചു ബസ്‌ സ്റ്റാന്‍ഡില്‍ ചെന്നു ..ബസ്സില്‍ ഇരിക്കുമ്പോഴും കണ്ണുകള്‍ അവനെ പരതി കൊണ്ടിരുന്നു.

വീട്ടില്‍ എത്തുമ്പോള്‍ ഉച്ചയായിരുന്നു.മയക്കത്തിലായിരുന്ന മുത്തി എന്നെ കണ്ടു അമ്പരുന്നു

."എന്താ മോനെ ?നേരത്തെ ,സുഖമില്ലേ ?".

"അത്രക്കൊന്നുമില്ല  മുത്തി ..ഒരു തലവേദന  "

"നീ ചോറ് തിന്നോ "

"ഇല്ല ..ഇപ്പോള്‍ വേണ്ട ഞാന്‍ ഒന്ന് കിടക്കട്ടെ ".

പിന്നെ മുത്തി ഒന്നും പറഞ്ഞില്ല.ഞാന്‍ റൂമില്‍ കയറി വാതിലടച്ചു.പിന്നെ അവിടെയൊക്കെ പരതുവാന്‍ തുടങ്ങി.എങ്ങും കാണുനില്ല ..നിരാശ തോന്നി.എല്ലാം മാഞ്ഞു പോയി എന്ന് കരുതിയതാണ് ..പക്ഷെ വീണ്ടും തെളിഞ്ഞു വരുന്നു.എല്ലാ മറയും നീക്കി.എന്റെ ജീവന് നേരെ ..

പെട്ടെന്ന് അവന്റെ കണ്ണുകള്‍ തിളങ്ങി .തിരഞ്ഞു കൊണ്ടിരുന്ന അവന്റെ കത്തി അലമാരക്കടിയില്‍ കണ്ടു. കിട്ടിയിരിക്കുന്നു എന്റെ പഴയ തോഴനെ.അവിടുന്ന് വരുമ്പോള്‍  ഉപേക്ഷിച്ചതാണ് .പിന്നെ വെറുതെ എടുത്തു സാധനങ്ങല്‍ക്കൊപ്പം വെച്ചതാണ്. .അവന്‍ അതെടുത്തു ഭദ്രമായി അരയില്‍ തിരുകി.എവിടെ നിന്നോ ഒരു പുത്തന്‍ ഉന്മേഷം അവനില്‍ ഉണ്ടായതുപോലെ ..എന്തോ ഒരു ധൈര്യം കൈവന്നതുപോലെ ...ഇനി എന്ത് വന്നാലും നേരിടാനുള്ള ചങ്കുറപ്പ് കിട്ടിയതുപോലെ...ഇനി ഇവിടെ നിന്നും  പാലായനം ഇല്ല ..ഒളിച്ചോട്ടവും ഇല്ല ...എല്ലാം വരുന്നിടത്ത് വെച്ച് നേരിടുകതന്നെ ..ശത്രു എവിടെയോ ഉണ്ട് ..കൈ അകലത്തില്‍ തന്നെ ...എന്റെ ജീവനെടുക്കാന്‍ തക്കം പാര്‍ത്തു കൊണ്ട് ..തോല്‍ക്കാതെ നോക്കണം .മുത്തിയുടെ കാലം കഴിയുന്നതുവരെയെങ്കിലും ....ഈ വയസ്സുകാലത്ത് ആ പാവം ഇനിയും വേദനിക്കുവാന്‍ പാടില്ല.

എപ്പോഴത്തെയും പോലെ പിറ്റേന്നും  അവന്‍ ട്രെയിനിനു വേണ്ടി സ്റ്റേഷനിലെക്കോടി ... ഓടുന്നതിനിടയില്‍ അവന്റെ കൈ അരയില്‍ തിരഞ്ഞു കൊണ്ടിരുന്നു... അവന്റെ പഴയ തോഴന്‍ അവിടെ തന്നെ ഉണ്ടോ എന്ന് ഉറപ്പു വരുത്തുവാന്‍....ഇപ്പോഴും അവന്റെ സംരക്ഷകന്‍ ആ കത്തി തന്നെ ...ഒരിക്കലും ഉപേക്ഷിക്കുവാനാകാതെ കൂടെ തന്നെ കൂട്ടുന്നു.


കഥ; പ്രമോദ് കുമാര്‍.കെ.പി




Friday, August 24, 2012

ഓണം - എന്റെ ചെറിയ (വലിയ ) നൊമ്പരങ്ങള്‍

            നാളെയാണ് ഓണം .ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓണത്തിന് നാട്ടിലേക്ക് വരുന്നത്.എപ്പോഴും ഓണത്തിന് നാട്ടില്‍ വരണമെന്നും കേരളത്തില്‍ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കണമെന്നും എന്നും വിചാരിക്കും .അതിനുവേണ്ടി തയ്യാറാവുകയും ചെയ്യും ,പക്ഷെ ഓരോരോ കാരണത്താല്‍ ആഗ്രഹ സഫലീകരണത്തിന് ഇരുപതു വര്ഷം കാത്തിരിക്കേണ്ടി വന്നു.അത് കൊണ്ട് തന്നെ എപ്പോഴും ആഘോഷം കടലുകല്‍ക്കപ്പുറത്തു മാത്രം ആയി.ഓരോ പ്രവാസിയുടെയും പോലെ പെട്ടെന്ന് തലയില്‍ വന്നു വീഴുന്ന ഓരോരോ കുരുക്കുകള്‍. ഈ പ്രാവശ്യം ഒരു പ്രശ്നവും ഉണ്ടായില്ല ,ആഗ്രഹിച്ചതുപോലെ എല്ലാം എളുപ്പത്തില്‍ നടന്നു.നാട്ടുകാരെ പിഴിയാന്‍ വിമാനകമ്പനികള്‍ ചാര്‍ജ് കുത്തനെ കൂട്ടിയിട്ടും വരുവാന്‍ തന്നെ തീരുമാനിച്ചു.ഓണമായിരുന്നു മനസ്സ് നിറയെ ..നഷ്ട്ടപെട്ട കുറെ ഓണഘോഷങ്ങളും ..

ഫ്ലൈറ്റ് ഇറങ്ങുമ്പോള്‍ നാടിന്‍റെ പച്ചപ്പ്‌ കണ്ണിനു കുളിരായി.പ്രവാസ ജീവിതത്തിന്റെ ആവലാതികളില്‍ നിന്നും രക്ഷപെടാന്‍ കൊതിച്ച മനസ്സില്‍ ഒരു കുളിര്‍കാറ്റു തഴുകിയതുപോലെ ..ഇപ്രാവശ്യം മഴ കുറവാണെന്നും  പലയിടത്തും വെള്ളത്തിനു പ്രശ്നം ആണെന്നും അമ്മ അറിയിച്ചിരുന്നു.നമ്മുടെ വീടൊക്കെ വയല്‍ക്കരയിലായതിനാല്‍ ആവക പ്രശ്നങ്ങള്‍ ഒന്നും അലട്ടുനില്ലെന്നും.ഇനിയും മഴ പെയ്തിലെങ്കില്‍ നമ്മള്‍ക്കും പ്രശ്നം ആവുമെന്നും .

അനിയന്‍ മാത്രമായിരുന്നു എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നത്..മുന്‍പൊക്കെ എല്ലാവരും വരുമായിരുന്നു ,പറഞ്ഞാല്‍ ഒരു കുടുംബം മുഴുവനും..പിന്നെ പിന്നെ ആളുകള്‍ കുറഞ്ഞു തുടങ്ങി.അധികവും ഒരേ പോലെയുള്ള സീനുകള്‍ ആയതിനാല്‍ ബോറടിച്ചു തുടങ്ങിയിട്ടുണ്ടാവം.അവസാനമായി കൂടുതല്‍പേര്‍ യാത്ര അയക്കുവാന്‍ വന്നത് കല്യാണശേഷം പോകുബോള്‍ ആണെന്ന് തോന്നുന്നു.കൂട്ടത്തില്‍ ഭാര്യ കൂടി ഉള്ളതിനാല്‍ അവളുടെ ആള്‍ക്കാരായിരുന്നു കൂടുതലും .അവളും മോളും പ്രവാസജീവിതം വിട്ടു നാട്ടില്‍ വന്നതിനുശേഷം യാത്ര അയക്കുവാന്‍ ഒന്നുകില്‍ അച്ഛന്‍ അല്ലെങ്കില്‍ അനിയന്‍ ..തിരിച്ചു വരുമ്പോള്‍ സ്വീകരിക്കാനും ഇവരില്‍ ആരെങ്കിലും .ഞാന്‍ ഒറ്റയ്ക്ക് വരാമെന്ന് പറഞ്ഞാലും ഇവരില്‍ ആരെങ്കിലും കാണും.

ഒന്നര വര്ഷം മുന്‍പ്  വന്നതിനേക്കാള്‍ നാടൊക്കെ മാറിയിരിക്കുന്നു.കേരളം അങ്ങിനെയാണല്ലോ ,ദിവസം മാറ്റങ്ങള്‍ ആണല്ലോ.ഗ്രാമം പെട്ടെന്ന് നഗരം ആവുന്ന ഇന്ത്യയിലെ സംസ്ഥാനമാണല്ലോ നമ്മളുടെത്.വഴിയില്‍ ,കടകളില്‍ ഒക്കെയും ഓണത്തിന്റെ  തിരക്കുകള്‍ കാണുന്നുണ്ട് .പലരും ഓണം ബിസിനെസ്സ് ആക്കി കീശ വീര്‍പ്പിക്കുന്നു.സര്‍കാരും അതുതന്നെയല്ലേ കാലാകാലമായി ചെയ്യുന്നത്.എന്തെങ്കിലും ആകട്ടെ.എത്രയോ കാലം കൂടിയുള്ള ചില ഓണകാഴ്ചകള്‍ .രസം തോന്നി.കാഴ്ചകള്‍ അവസാനിക്കുനില്ല ,എങ്ങിനെ തീരുവാന്‍ ?നാട്  മുഴുവന്‍ പട്ടണമല്ലേ ?

"എടാ പൂവ് ഒക്കെ ഉണ്ടോ വീട്ടില്‍ ?ഇന്ന് എന്താണ് പൂക്കളം?ഇല്ലെങ്കില്‍ വാങ്ങേണ്ടേ ,നാളെ പൂവിടാന്‍ ?".അനിയന്‍ ഫലിതം കേട്ടപോലെ ചിരിച്ചു..
ഇപ്പോള്‍ "ആരിടുന്നു പൂവൊക്കെ ദിവസവും  ,തിരുവോണത്തിന് ചിലര്‍ ഇടും "
അപ്പോള്‍ നമ്മളുടെ വീട്ടില്‍ പൂവിട്ടില്ലേ ?

"ആര്‍ക്കാണ് സമയം ?ചേട്ടന് ആഗ്രഹമുണ്ടെങ്കില്‍ നാളെ ഒരു ദിവസം പൂക്കളം ഒരുക്കാം ." .

മനസ്സ് പിന്നിലേക്ക് പോയി..ചെറുപ്പത്തില്‍ എന്ത് ഉത്സാഹം ആയിരുന്നു ഇവന് പൂവിടാന്‍ ,എന്നെ നിബന്ധിച്ചു കൊണ്ടുപോയി കിട്ടാവുന്ന പൂവോക്കെ ശേഖരിക്കും .അധികവും പലവീട്ടില്‍ നിന്നും മോഷണം ആയിരിക്കും.അതിനു രാത്രിയും പുലര്‍ച്ചെയും എന്നെ ഇവന്‍ എത്ര നിര്‍ബന്ധിച്ചു കൊണ്ടുപോയിരിക്കുന്നു.എത്ര പേരുടെ വഴക്ക് കേട്ടിരിക്കുന്നു.ഇപ്പോള്‍ അവന്‍ പറയുന്നു ചേട്ടന് വേണമെങ്കില്‍ പൂക്കളം ഒരുക്കാമെന്ന് ..

വീട്ടില്‍ എല്ലാവരും ഉണ്ടായിരുന്നു.ഭാര്യ വീട്ടില്‍ നിന്നും ...എല്ലാവരോടും കുശലം ഒക്കെ ചോദിച്ചു , എല്ലാവര്ക്കും വരുന്നതിനു മുന്‍പേ എപ്പോള്‍ തിരിച്ചു പോകുന്നു എന്നറിയണം .കാലാകാലമായി കേള്‍ക്കുന്നതിനാല്‍ വിഷമം തോന്നിയില്ല.യാത്ര ക്ഷീണം ഉണ്ടായിരുന്നെങ്കിലും അത് വകവെച്ചില്ല .കുളിച്ചതിനു ശേഷം ഭക്ഷണം കഴിച്ചു,പിന്നെ കൊണ്ടുവന്ന സാധനങ്ങള്‍  ഒക്കെ കൊടുത്തു ..കൂട്ടത്തില്‍ എല്ലാവര്‍ക്കും ഓണകോടിയും ഉണ്ടായിരുന്നു.ഒന്ന് രണ്ടാഴ്ച കഷ്ട്ടപെട്ടു സെലക്ട്‌ ചെയ്തത്.

"നീ എന്തിനാണ് ഇതൊക്കെ അവിടുന്ന് കെട്ടിയെടുത്തത് ?ഒന്നും കൊള്ളില്ല..ഇവിടെ ഇമ്മാനുവലില്‍  ഒക്കെ എന്തോരം സെലക്റ്റ് ഉണ്ടെന്നു അറിയുമോ നിനക്ക് ? ,വെറുതെ അവിടുന്ന് താങ്ങി വന്നിരിക്കുന്നു." തുണി കണ്ട അമ്മയുടെ കുറ്റപെടുത്തല്‍.അമ്മ മാത്രമേ പറഞ്ഞുള്ളൂ .പക്ഷെ ആര്‍ക്കും ഞാന്‍ കൊണ്ടുവന്നത്  രസിച്ചില്ല എന്ന് അവരുടെ മുഖം പറയുന്നുണ്ടായിരുന്നു.
പണ്ടൊക്കെ ഫോറിനില്‍ നിന്നും എന്ത് കൊണ്ട് വന്നാലും ഇവര്‍ക്ക് അത് സ്വര്‍ഗം കിട്ടിയ പോലെ ആയിരുന്നു.അതുമിട്ട് ആള്‍ക്കാരെ കാണിക്കാന്‍ വലിയ ഗമയില്‍ പോകുമായിരുന്നു.ഇപ്പോള്‍ അവിടുത്തെകാളും ഫാഷന്‍ ഇവിടെയാണ്‌. അതിന്റെ പ്രശ്നം ആണ് .
മോളും വന്നു സങ്കടം പറഞ്ഞു ."പപ്പാ ഇത് ഓള്‍ഡ്‌ ഫാഷന്‍ ആണ്."
"പോട്ടെ മോളെ ..നമുക്ക് വേറെ പുതിയ ഫാഷന്‍ ഉള്ളത് വാങ്ങാം "അവള്‍ക്കു സമാധാനമായി .

"ഇന്ന് ഇനി വേണ്ട ..ഓണം കഴിഞ്ഞു മതി "ഭാര്യ അവള്‍ക്കു മുന്നറിയിപ്പ് കൊടുത്തു.

ഉച്ച കഴിഞു ബന്ധു വീട്ടില്‍ ഒക്കെയും കറങ്ങാന്‍ ആര്‍ക്കും താല്പര്യം ഉണ്ടായില്ല .നിര്‍ബന്ധിച്ചു  ഭാര്യയെയും അനിയനെയും കൂട്ടി.അവന്‍ ഡ്രസ്സ്‌ ചെയ്തിറങ്ങി .
"എടാ ഇത് നാളെ ഓണദിവസം ഇടാന്‍ വാങ്ങിയതല്ലേ ?"
"ഒന്ന് പോ ചേട്ടാ ..നാളെ വീട്ടില്‍ ഇരിക്കുമ്പോള്‍ എന്തിനു പുതിയത്?ഇപ്പോള്‍ കറങ്ങുമ്പോള്‍ ഇടാമല്ലോ ".ഓണത്തിന് പുത്തന്‍ ഉടുപ്പില്ലെങ്കില്‍ കരഞ്ഞു വിളിക്കുന്ന അവന്റെ ബാല്യം ഓര്മ വന്നു.ഭാര്യയും മകളും കൂടി ഓണത്തിന് ഇടുവാന്‍ വാങ്ങിയ ഡ്രസ്സ്‌ തന്നെ ഇട്ടു വന്നപ്പോള്‍ ഒന്നും മിണ്ടാന്‍ പറ്റാതെയായി .

എല്ലാവരും മാറിയിരിക്കുന്നു ..പണ്ട് എന്തുകൊടുത്താലും സംതൃപ്തി അടയുന്ന അമ്മ പോലും വളരെ മാറിപോയി.എല്ലാറ്റിനും അമ്മക്ക് ഇപ്പോള്‍ അളവും തൂക്കങ്ങളും ഉണ്ട് .കുടുംബ വീട്ടില്‍ ഇപ്പോള്‍ പ്രവാസികള്‍ക്ക് പണ്ടത്തെ മാര്‍ക്കറ്റ്‌ ഇല്ല .അതിലും പണക്കാര്‍ ഇവിടെ തന്നെ സൃഷ്ട്ടിക്കപെടുന്നു.അതാവാം കാരണം .ഒരു ആയുസ്സ് മുഴുവന്‍ കുടുംബത്തിനുവേണ്ടി ഹോമിച്ചവര്‍ തിരിച്ചുവന്നാല്‍ കറിവേപ്പില പോലെ ആയിടുന്നു.കറിവേപ്പിലക്കുപോലും ഇപ്പോള്‍ നല്ല വിലയുണ്ട്‌.

 എല്ലാവരെയും കണ്ടു വരുന്ന വഴി പഴയ ചങ്ങാ തിമാരെയും കണ്ടു .എല്ലാവര്ക്കും ഒരു "മാഹി" യുടെ മണം.ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ മിനുങ്ങാത്ത കേരളീയര്‍ ഇല്ലെന്നും വായിച്ചിരുന്നു.കേരളം ഇപ്പോള്‍ "മദ്യ പ്രദേശ്"ആണെന്നും. അവര്‍ക്കും പഴയ ഉത്സാഹം ഒന്നും ചങ്ങാതിയെ കണ്ടപ്പോള്‍ തോന്നിയില്ല ,ഒരു ഉപചാരം പോലെ ചില ചോദ്യങ്ങള്‍ .കുറച്ചു വിശേഷങ്ങള്‍..എല്ലാം  പങ്കു വെച്ച് തിരിച്ചു വീട്ടിലെത്തിയപ്പോള്‍ രാത്രിയായി.

പിറ്റേന്ന് രാവിലെ അമ്പലത്തിലേക്ക് വരാന്‍ ആര്‍ക്കും ഉത്സാഹം ഉണ്ടായില്ല.അത് കൊണ്ട് തനിയെ പോകേണ്ടി വന്നു.അമ്പലവാസിയായിരുന്ന ഭാര്യയുടെ മാറ്റം അത്ഭുതപെടുത്തി.മകള്‍ 'അച്ഛന്‍ ഉപദ്രവിക്കാതെ പോകുന്നുണ്ടോ' എന്ന് ചോദിച്ചപ്പോള്‍ പിന്‍വാങ്ങി.പോയി വന്നു വേണം പൂക്കളം ഒരുക്കുവാന്‍ .അനിയനെ പൂവിന്റെയും പൂക്കളത്തി ന്റെയും കാര്യം ഒന്ന് കൂടി ഓര്‍മിപ്പിച്ചു.അവന്‍ പാതിമയക്കത്തില്‍ ഓ.കെ പറഞ്ഞു.

തിരിച്ചു വന്നപ്പോള്‍ അപരിചിതരായ കുറെ പേര്‍ പൂക്കളം  ഒരുക്കുന്നു.അനിയന്‍ നിര്‍ദേശങ്ങള്‍ കൊടുക്കുനുണ്ട്. എന്നെ കണ്ടപ്പോള്‍ അവന്‍ ചോദിച്ചു.
"എങ്ങിനുണ്ട്  ചേട്ടാ പൂക്കളം.ഇവര്‍ക്ക് ഈ സീസണില്‍ ഇതാണ് ജോലി.നമ്മള്‍ ഒന്നും നോക്കേണ്ട ..എല്ലാം റെഡി ..സദ്യ യുടെ കാര്യവും ഇവര്‍ക്ക് തന്നെ "

ഒന്നും മനസ്സിലാകാത്തത് പോലെ വീട്ടിലേക്കു കയറി.എത്തിയത് അമ്മയുടെ മുന്നില്‍ ..
"എടാ വേഗം പ്രാതല്‍ കഴിക്കൂ ..ലാലിന്റെ പുതിയ സിനിമ ഇപ്പോള്‍ തുടങ്ങും ,അത് തീരുമ്പോഴേക്കും സദ്യ എത്തും ."
"അപ്പോള്‍ ഇവിടെ ഒന്നും ഒരുക്കുനില്ലേ "
"എന്തിനാട നല്ല ഒരു ദിവസം അടുക്കളയില്‍ കളയുന്നത് ?ഒന്ന് കറക്കിയാല്‍ സാധനം ഇങ്ങെത്തും ,പിന്നെ അതൊക്കെ നല്ല ടേസ്റ്റ് ഉള്ളതുമാണ്,നമ്മള്‍ ഒക്കെ വെച്ച് തീരുംപോഴേക്കും വൈകുന്നേരം ആകും.എല്ലാ ദിവസവും വെക്കുന്നതല്ലേ ഇന്ന് ഒരു ദിവസം റസ്റ്റ്‌ ."

മുന്‍പൊരിക്കല്‍ ഓണത്തിന് കൂട്ടുകാരന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിനു ഒരു ദിവസം മുഴുവന്‍ പിണങ്ങി നടന്ന അമ്മയാണ് പറയുന്നത്.

പ്രാതല്‍ കഴിച്ചു എന്ന് വരുത്തി എഴുനേറ്റു. ടി .വി ക്ക് മുന്‍പില്‍ ചെറിയ കശപിശ ..ചാനല്‍ പ്രശ്നം ആണ് .വെറുതെ പുറത്തേക്കിറങ്ങി ..ഒരു വരാന്തയിലും എന്തിനു റോഡില്‍ പോലും ആരും ഇല്ല.എല്ലാവരും ലാലിന്റെയും മമ്മൂക്കയുടെയും സിനിമകള്‍ക്ക്‌ മുന്പിലായിരിക്കാം.വായനശാലയില്‍ വായിക്കുവാന്‍ വേണ്ടി ആരും ഇല്ല ,സിനിമ കാണാന്‍ കുറെ പേര്‍ ഉണ്ട്.വെറുതെ കറങ്ങി വീണ്ടും വീട്ടില്‍ തന്നെ എത്തി.എവിടെ പോയാലും ഓണത്തിന് ടി.വിയില്‍ വന്ന പുതിയ സിനിമ കാണുന്നവരുടെ ഉത്സാഹം ആണ് .അത് കൊണ്ട് ആരെയും കാണുവാനും പോയില്ല .വീട്ടിലും എല്ലാവരും അതിനു മുന്നില്‍ തന്നെ.

പത്രം വായിച്ചു വരാന്തയില്‍ ഇരുന്നു.മയങ്ങിയിരിക്കണം ,അമ്മ വിളിച്ചപ്പോളാണ്  ഞെട്ടി ഉണര്‍ന്നത് ."എടാ വേഗം സദ്യ കഴിക്കു ..അടുത്ത പടം തുടങ്ങാറായി."
സദ്യ എപ്പോള്‍ വന്നു ആര് കൊണ്ടുവന്നു ഒന്നും അറിഞ്ഞില്ല .എല്ലാവര്‍ക്കൊപ്പം ഇരുന്നു കഴിച്ചു എന്ന് വരുത്തി.എല്ലാവരും വിഴുങ്ങുകയായിരുന്നു കഴിക്കുകയല്ലയിരുന്നു.അല്ലെങ്കില്‍ പടം തുടക്കം മിസ്സ്‌ ആകും .ഞാനും വേഗത്തില്‍ അവര്‍ക്കുവേണ്ടി കഴിച്ചു.

അവര്‍ ടി.വി ക്ക് മുന്‍പിലേക്കും ഞാന്‍ ഉച്ച മയക്കതിനും പോയി.മയക്കം വിട്ടപ്പോഴും മമൂക്ക സിനിമ തീര്‍നിരുനില്ല .ബീച്ചിലേക്ക് വിളിച്ചിട്ട് ആര്‍ക്കും താല്‍പര്യവും കണ്ടില്ല.എല്ലാവരും സിനിമയില്‍ മുഴുകിയിരുന്നു.പതിയെ വീട്ടില്‍ നിന്നും  ഇറങ്ങി .

ബീച്ചില്‍ നല്ല തിരക്കായിരുന്നു.കൂടുതലും യുവാക്കള്‍. ഒരു ഫാമിലിയെ പോലും അവിടെ കണ്ടില്ല .ലഹരിയില്‍  പലരും  വേച്ച് വേച്ചു  നടക്കുന്നു.എന്തൊക്കയോ പുലമ്പുന്നു .എവിടെയും ഒരുതരം അസ്വസ്ഥത തങ്ങി നിന്നു .മനസ്സില്‍ ചെരുപ്പ കാലത്തിലെ ഓണമായിരുന്നു.കൂട്ടുകാരും കുടുംബവും ഒക്കെ ചേര്‍ന്ന് ശരിയായ ഒരു ആഘോഷം.സദ്യക്ക് ശേഷം ടൌണില്‍ ഒരു കറക്കം ,പിന്നെ ബീച്ചില്‍ ...ഇപ്പോള്‍ ആര്‍ക്കും സമയമില്ല ,ഓണ സദ്യപോലും വാങ്ങി കഴിക്കുന്നു.

ഇതിലും നന്നായി മറുനാട്ടില്‍ ഓണം ആഘോഷിക്കുന്നു.അതെ ദിവസം അല്ലെങ്കില്‍ കൂടി എല്ലാവര്ക്കും സൌകര്യപെട്ട ഒരു ദിവസം സദ്യയൊക്കെ എല്ലാവരും ചേര്‍ന്ന് തന്നെ ഒരുക്കുന്നു.എത്ര ഹൃദ്യമായി ...പക്ഷെ ഒരിക്കലും അത് ആസ്വദിക്കാന്‍ പറ്റിയില്ല ..മനസ്സ് എപ്പോഴും നാട്ടിലായിരുന്നു.നാടൊക്കെ മാറിയത് മനസ്സിലാക്കിയില്ല ..അതെന്റെ തെറ്റ് ...വലിയ പ്രതീക്ഷയാണ് തകര്‍ന്നു പോയത്..ഒരു സാധാരണ കേരളീയന്റെ മനസ്സിലെ ഓണം എന്ന വലിയ പ്രതീക്ഷ.ബീച്ചിലൂടെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.എന്തൊക്കെയോ ആലോചിച്ചു കൊണ്ട് ..

പെട്ടെന്ന് കുറെ പേര്‍ ഒരേ സ്ഥാലം ലക്ഷ്യമാക്കി ഓടുന്നു.ദൂരെ വലിയ ഒരാള്‍ കൂട്ടം.അവിടുത്തേക്ക്‌ ഞാനും വെച്ചുപിടിച്ചു.ആള്‍കൂട്ടത്തെ തിക്കി മാറ്റി നോക്കി.ഒരുത്തന്‍ കടലില്‍ വീണിരിക്കുന്നു.കൂടി നിന്ന ആര്‍ക്കും കടലില്‍ ഇറങ്ങാന്‍ ധൈര്യം ഇല്ല.കൂട്ടുകാര്‍ അലമുറയിടുന്നു.ആര്‍ക്കും രക്ഷിക്കാന്‍ പറ്റുനില്ല ..അവന്‍ മുങ്ങിതാണ് കൊണ്ടിരിക്കുന്നു.തിര അവനെ വലിച്ചു കൊണ്ടുപോകുന്നു ,തിരികെ കൊണ്ടുവരുന്നു.കുറെ മുക്കുവര്‍ വിവരം അറിഞ്ഞു ഓടി വന്നു ..അവര്‍ ഇറങ്ങി  ..എല്ലാവരും ഭീതിയോടെ നോക്കി നിന്നു.കുറച്ചു സമയത്തെ ശ്രമത്തിനു ശേഷം അവനെ രക്ഷിച്ചു കൊണ്ട് വന്നു.ബോധം പോയിരുന്നു.അവര്‍തന്നെ പ്രഥമശുശ്രുഷകള്‍ നല്‍കികൊണ്ടിരുന്നു.അപ്പോള്‍ കൂട്ടത്തില്‍ ഒരു മുക്കുവന്‍ ചോദിച്ചു .

"ആരോക്കയാണ് ഇവനൊപ്പം ഉള്ളത് ? "

ജനകൂട്ടത്തിനിടയില്‍ നിന്ന് മൂന്നാലുപേര്‍ മുന്നോട്ടേക്ക് വന്നു .പെട്ടെന്ന് പട പടാ എന്ന ശബ്ദം കേട്ടു . പിന്നെ കണ്ടത് അവര്‍ മുഖം തടവുന്നതാണ്
"എന്താടാ വെള്ളമടിച്ച് ആണോട കടലിനോടു  കളിക്കുന്നത് .എല്ലാവരോടും കൂടി പറയുകയാണ്‌ ,നമുക്ക് പണി ഉണ്ടാക്കാതെ കടല്‍കാറ്റ്  കൊണ്ടോളണം  ..."

പിന്നെ അവര്‍ തന്നെ  അവനെ ഹോസ്പിറ്റലില്‍ കൊണ്ട് പോയി.കൂടെ കൂട്ടുകാരും .

ഒരു ഓണദിവസം നശിച്ചു പോയതിന്റെ വിങ്ങലിലായിരുന്നു ഞാന്‍..കൂടുതല്‍ പ്രതീക്ഷിച്ചതാണ് കുഴപ്പം ആയിരിക്കുന്നത്.ഒന്നും പ്രതീക്ഷിക്കാതെ വരണമായിരുന്നു.ഓണം ഒക്കെ കേരളത്തിലെ എല്ലാവരുടെയും മനസ്സില്‍ നിന്ന് പോയിക്കൊണ്ടിരിക്കുന്നു.കേരളത്തില്‍ ബിസിനെസ്സ് കൊഴുപ്പിക്കുന്ന ഒരു മാതിരി  ജാടയായി അത് തരം താണിരിക്കുന്നു.ഇതിലും എത്രയോ നല്ലവണ്ണം കടലുകള്‍ക്കപ്പുറത്തു മലയാളികള്‍ ആഘോഷിക്കുന്നു .അതാണ്‌ ഓണം ..എപ്പഴും കൂട്ടായ്മയോടെ ചെയ്യുന്ന ഒരു ആഘോഷം. പലരും തമ്മില്‍ കാണുന്നത് തന്നെ ആദ്യമായിരിക്കും അവിടെ വെച്ച് പുതിയ സൌഹൃദങ്ങള്‍ ഉണ്ടാകുന്നു.നാട്ടില്‍ നിന്നും വിട്ടുനില്‍ക്കുന്ന വേദനകള്‍ പങ്കുവെക്കുന്നു...അതല്ലേ ഇതിലും സുന്ദരം .ഇവിടെ സ്വന്തക്കാര്‍ക്കുപോലും ഒന്നിച്ചു ഇരുന്നു  ആഘോഷിക്കുവാന്‍ സമയമില്ല .എല്ലാവര്ക്കും അവരുടെതായ പുതിയ പുതിയ ലോകങ്ങള്‍ .അവര്‍ക്ക് അതാണ്‌ വലുത് ..മറ്റെന്തിനെക്കാളും .ഇനി ഒരിക്കലും ആഘോഷകാലത്ത് നാട്ടിലേക്കില്ല...സത്യം ..അവന്‍ മനസ്സിനെ പഠിപ്പിച്ചു കൊണ്ടിരുന്നു.

കടല്‍ തീരത്ത് ഇരുള്‍  പറക്കുവാന്‍ തുടങ്ങി ..എല്ലാവരും പതിയെ പതിയെ  സ്ഥാലം കാലിയാക്കുവാന്‍ തുടങ്ങി ..അവനും .......തിരിക്കും മുന്‍പേ ആര്‍ത്തിയോടെ വീണ്ടും അവന്‍ കടലിന്റെ സൌന്ദര്യം നോക്കി ..ഒന്നുമറിയാതെ കടല്‍ ആര്‍ത്തിരമ്പി കൊണ്ടിരുന്നു.

കഥ :പ്രമോദ് കുമാര്‍ .കെ.പി