Thursday, October 31, 2013

"കാക്കന്മാര്‍ ചന്ദനകുറി തൊട്ടതു പോലെ......"

"നീ എന്തുവാടെ ഈ കാണിച്ച് വെച്ചിരിക്കുന്നത് ?കാക്കന്മാര്‍ ചന്ദനകുറി തൊട്ടതു പോലെ......"

"മനസ്സിലായില്ല "

"എടാ ഒരു മാച്ചിംഗ് ഇല്ലല്ലോ ...അത്ര തന്നെ ...'

"അതിനു ഇതാനോടാ ഉദാഹരണം ......? വേറെ എന്തൊക്കെ ഉണ്ട് ."

"പറയുമ്പോള്‍ ഒരു പഞ്ച് ഒക്കെ വേണ്ടേ ..അതുകൊണ്ടാ ..." അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു .

എന്റെ  എഴുത്തുകള്‍ ഒക്കെയും നീളം കൂടുതല്‍ ഉണ്ടെന്ന ചില വായനകാരുടെ നിര്‍ദേശം പരിഗണിച്ചു കൊണ്ട് എന്റെ കൂട്ടുകാരനായ  ഒരു ആസ്വാദകനെ കൊണ്ട് ഞാന്‍  പുതുതായി എഴുതിയ കഥ എഡിറ്റു ചെയ്യിക്കാന്‍ തീരുമാനിച്ചു. .ഞാന്‍ കൊടുത്ത കഥ വായിച്ചപ്പോള്‍ അവന്റെ പ്രതികരണം ആയിരുന്നു അത്.അവന്‍   ഒരു മുസ്ലിം ആയതിനാല്‍ അതത്ര നന്നായിട്ടുള്ള ഒരു ഉദാഹരണം ആയി തോന്നിയില്ല.കാരണം ഇവനും  ഞാന്‍ മുന്‍പ് ചന്ദനകുറി തൊട്ടു കൊടുത്തതാണ്.അന്നേരം അവനില്‍ മാറ്റമൊന്നും കണ്ടില്ല...മാച്ചിംഗ് ഇല്ലാതെയും തോന്നിയില്ല

പക്ഷെ എനിക്ക് എന്നല്ല ഇന്നുവരെ പലര്‍ക്കും അവര്‍(മുസ്ലിമുകള്‍) ചന്ദനകുറി തൊട്ടപ്പോള്‍ മാച്ചിംഗ് ഇല്ലാത്തതായി തോന്നിയിട്ടില്ല.ഞാന്‍ തന്നെ അഹിന്ദുക്കള്‍ ആയ എത്ര പേര്‍ക്ക് ചന്ദനം തൊട്ടു കൊടുത്തിരിക്കുന്നു.ചെറുപ്പത്തില്‍ എന്റെ കൂട്ടുകാരില്‍ അധികവും മുസ്ലിംവിഭാഗത്തില്‍ നിന്നും ഉള്ളവര്‍ ആയിരുന്നു.പഠിത്തം,കളി ,യാത്ര ,സിനിമ എന്നുവേണ്ട എല്ലാറ്റിലും നമ്മള്‍ ഒന്നിച്ചു പോയിരുന്നു.പക്ഷെ നമ്മുടെ ആരാധാലയങ്ങളില്‍ അവര്‍ക്കും അവരുടെതില്‍ നമ്മള്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല.അത് കൊണ്ട് തന്നെ പലപ്പോഴും അവിടങ്ങളില്‍ ആരാധനക്ക് പോകുമ്പോള്‍ മാത്രം നമ്മള്‍ ഒന്നിച്ചു പോകാറില്ല .മുതിര്‍ന്നവര്‍ തന്നെ അത് പ്രോല്സാഹിപ്പിച്ചുമില്ല .എന്ത് കൊണ്ട്  അമ്പലത്തില്‍ മാത്രം അവരെ കൂടെ കൊണ്ട് പോകുവാന്‍ കൂട്ടുനില്‍ക്കുനില്ല എന്ന സംശയം മനസ്സില്‍ കിടന്നു ,കാരണം എന്ത് എന്ന് ചോദിച്ചപ്പോള്‍ മുതിര്‍ന്നവര്‍ കൃത്യമായ   ഉത്തരം പറഞ്ഞും തന്നില്ല.അവര്‍ നമ്മുടെ മതകാരല്ല അത് കൊണ്ട് നമ്മുടെ അമ്പലത്തില്‍ കൊണ്ടുപോകാന്‍ പാടില്ല എന്നത് മാത്രമായിരുന്നു കിട്ടിയ ഉത്തരം.അതാണെങ്കില്‍ പൂര്‍ണമായും നമ്മള്‍ക്ക് മനസ്സിലായതുമില്ല.പക്ഷെ അമ്പലത്തില്‍ നിന്നും കിട്ടുന്ന പ്രസാദവും പള്ളിയില്‍ നിന്നും കിട്ടുന്ന പലഹാരങ്ങളും പങ്കുവെക്കുന്നതില്‍ ആരും എതിര്‍ത്തുമില്ല അനിഷ്ടം കാണിച്ചുമില്ല.

പക്ഷെ നമ്മള്‍ വിട്ടില്ല.നാട്ടിലുള്ള ക്ഷേത്രത്തില്‍ ഒഴിച്ച് മറ്റു കുറച്ചു ദൂരെയുള്ള എല്ലാ ക്ഷേത്രത്തിലും ഉത്സവം കൂടാന്‍ നമ്മള്‍ കൂട്ടുകാര്‍ ജാതിമാതഭേദ്യമെന്യേ ഒന്നിച്ചു പോകും. ചന്ദനകുറി തൊടും.പ്രാര്‍ഥിക്കും .അമ്പലത്തിനു ചുറ്റുമുള്ള പൂഴിയില്‍ കളിച്ചു രസിക്കും ..കുത്തി മറിയും . .വായനോക്കും ..ഗാനമേളയും നാടകങ്ങളും മറ്റും കാണും ...കരിമരുന്നുപ്രയോഗം കണ്ടു കയ്യടിക്കും.

അങ്ങിനെ തലശ്ശേരിയിലെ പ്രധാനപെട്ട ഒരു അമ്പലത്തില്‍ ഉത്സവ കാലത്ത് നമ്മള്‍ സൊ റയൊക്കെ പറഞ്ഞു കൊണ്ട് ആള്‍ കൂട്ടത്തിലൂടെ നടക്കുകയാണ്.പെട്ടെന്ന് മൂന്നാല് കാവിക്കാര്‍  മുന്നില്‍ നിന്നു നമ്മളെ തടഞ്ഞു നിര്‍ത്തി.ചിലര്‍ പിന്നിലൂടെ വന്നു നമ്മളെ പുറത്തു പിടിച്ചു ഞെക്കി.ഷര്‍ട്ടും മാംസവും കൂടി ഞെക്കി പിടിച്ചു വേദനിപ്പിച്ചപ്പോള്‍ പലരും "അമ്മെ ...."എന്ന് വിളിച്ചു പോയി.പക്ഷെ രണ്ടു മൂന്നു നിലവിളികള്‍ "അള്ളോ.."എന്നായിരുന്നു.കാവിയുടുത്ത അവര്‍ നമ്മളെ കുറച്ചു അകലത്തെക്ക് കൂട്ടി കൊണ്ടുപോയി.പേടിച്ചു വിറച്ചു നമ്മളും.അന്നേരം ഈ കാവിക്കാര്‍ ഭയങ്കരന്‍മാര്‍ എന്നാണ് കേട്ടിരുന്നത്.

"എന്താടാ നിന്റെ പേര് ...?'ഓരോരുത്തരെയായി വിളിച്ചു ചോദിച്ചു.നമ്മള്‍ സത്യം പറഞ്ഞു .അവര്‍ അഹിന്ദുക്കള്‍ ആയവരെ ഒരു സൈഡില്‍ മാറ്റി നിര്‍ത്തി.

"നിങ്ങള്‍ ആ ബോര്‍ഡ്‌ കണ്ടോ ?..അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല എന്ന ബോര്‍ഡ്‌ ചൂണ്ടി ഒരുത്തന്‍ അവരോടു ചോദിച്ചു.ആരും ഒന്നും മിണ്ടിയില്ല .മുഖം കുനിച്ചു .

"നിങ്ങളുടെ പള്ളിയില്‍ ഇവരെ കൂടെ കൂട്ടുമോ ?'

അതിനും ഉത്തരം ഉണ്ടായില്ല .

"അത് കൊണ്ടാണ്  പറയുന്നത് ഓരോരുത്തര്‍ പോകാന്‍ പറ്റുന്ന സ്ഥലത്ത് മാത്രം പോകുക ..ഇനി ഇവിടെങ്ങാനും കണ്ടാല്‍ കൊന്നുകളയും ..നിന്നെയൊക്കെ വേദനിപ്പിച്ചാല്‍ അമ്മെ എന്നല്ല അള്ളോ എന്നാണ്  ആദ്യം വിളിക്കുക ..സംശയം തോന്നുവരെ കണ്ടു പിടിക്കാന്‍ നമ്മുടെ കയ്യിലുള്ള നമ്പര്‍ ആണിത്. ."

നമ്മള്‍ ശരിക്കും പേടിച്ചു.അടി പോലും ഭയക്കുന്ന കാലം പിന്നെയല്ലേ കൊല .അവര്‍ വിടുന്നതിനു മുന്‍പേ ഹിന്ദുക്കളായ നമ്മള്‍ മൂന്നുപേര്‍ക്ക്‌ മാത്രം വീണ്ടും രണ്ടുമൂന്നു അടി കിട്ടി.എന്നിട്ട് ഭീഷണി സ്വരത്തില്‍ അവര്‍ പറഞ്ഞു

"ഇതെന്തിനാണ് എന്നറിയോ ..?അവരെ ഇവിടെ കൂട്ടി കൊണ്ട് വന്നതിനു ....ഇനി ഇത് ആവര്‍ത്തിച്ചാല്‍ കളി വേറെയാ ..ഇപ്പൊ പോയിക്കോ "

ഭയന്ന് പോയ നമ്മള്‍ അതോടെ അവരെയും കൂട്ടിയുള്ള ക്ഷേത്രദര്‍ശനം മതിയാക്കി.അവര്‍ക്ക് വരുവാനും ഭയമായിരുന്നു.എല്ലാ മതവും ഒന്നാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ മഹാന്‍ പ്രതിഷ്ട നടത്തിയ അമ്പലത്തിലും ഇത്തരം മതഭ്രാന്തന്‍മാര്‍ ചില സമയങ്ങളില്‍ പ്രശ്നം ഉണ്ടാക്കിയിരുന്നു.അത് കൊണ്ട് തന്നെ നമ്മള്‍ പിന്നെ അമ്പലതിനുള്ളില്‍ കയറാറില്ല .പുറത്തു ചന്തയിലും മറ്റു കാഴ്ചകളും കണ്ടു ഉത്സവത്തിന്‌ കൂടും...കൂട്ടുകാര്‍ക്ക് അനുമതി ഇല്ലാത്ത സ്ഥലത്ത് അവര്‍ കൂടെ ഉള്ളപ്പോള്‍ നമ്മളും  പോകില്ല അത്ര തന്നെ.അവര്‍ക്കില്ലത്തത് നമുക്കും വേണ്ട .

പാക്കിസ്ഥാനോട്‌  കളിക്കുമ്പോള്‍  അസഹരുദീന്‍ സെഞ്ചറി അടിക്കണം ഇന്ത്യ തോല്‍ക്കണം എന്ന് മനസ്സിലിരിപ്പുള്ള കുറെ കൂട്ടുകാരും നമുക്ക് ഉണ്ടായിരുന്നു.അവരുടെ മനസ്സിലോക്കെ പലരും മതം ,ജാതി  എന്നിവ കുത്തിവെച്ചു  കൊടുത്തതായിരുന്നു.അവര്‍ ഇങ്ങിനത്തെ പരിപാടിക്കൊന്നും കൂടാറില്ല .അവര്‍ക്ക്  നിസ്കാരവും പള്ളികാര്യവും കഴിഞ്ഞു മറ്റു പലതിനും സമയം ഇല്ലായിരുന്നു.നമ്മുടെ കൂടെ നടക്കുന്നവരെ മാറി നടക്കാനും ഉപദേശിച്ചിരുന്നു.പക്ഷെ അവര്‍ അതൊന്നും കാര്യമാക്കിയില്ല."പള്ളീലെ കാര്യം അള്ളോക്കറിയാം വെളിയിലെ കാര്യം  പിള്ളാർക്കും "എന്ന് പറഞ്ഞു അവർ അവരെ മൈൻഡ് ചെയ്തില്ല.

മതസൌഹാര്‍ദം ഇന്ന് പലരുടെയും മനസ്സില്‍ മാത്രമാണ് ഉള്ളത്.കാര്യത്തിലേക്ക് കടക്കുമ്പോള്‍ അവിടെ ജാതിയും ,മതവും ഒക്കെ കടന്നു വരുന്നു.അത് മനുഷ്യ മനസ്സുകളില്‍ വേണ്ടാത്ത ചിന്തകള്‍ ഉണ്ടാക്കുന്നുണ്ട്.അത് കൊണ്ട് തന്നെയാണ് ഇവിടെ ആരാധനാലയങ്ങള്‍ പെരുകുന്നതും പലതിനും പല അവകാശികള്‍ ഉണ്ടാകുന്നതും.,,വഴക്കും മറ്റും നമ്മുടെ രാജ്യത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്നതും.നമുക്ക് എല്ലാവര്‍ക്കും പോകുവാനും പ്രാര്‍ത്ഥന നടത്തുവാനുമുള്ള ചുരുക്കം ചില അമ്പലവും പള്ളികളും ഉണ്ട്.അത്തരത്തിലുള്ള ആരാധാനലയങ്ങള്‍ ആണ് ഇനി ഉണ്ടാകേണ്ടത്.എന്നാല്‍ മാത്രമേ ഇവിടെ ഐക്യം ഉണ്ടാകൂ.ഇന്ന് പലരും ആരാധനാലയങ്ങള്‍ തീര്‍ക്കുന്നത് അവരുടെ പോക്കറ്റുകള്‍ നിറയ്ക്കുവാന്‍ കൂടി വേണ്ടിയാണ്.ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളത് വേറെ കാര്യം..പരസ്പരം കൊലയും കൊള്ളയും നടത്തുവാനും അന്യ മതസ്ഥരെ ഉപദ്രവിക്കുവാനും അവരെ നശിപ്പിക്കുവാനും ഒരു ദൈവവും പറഞ്ഞിട്ടില്ല....നമ്മുടെ ഓരോ ആളുടെ മനസ്സിലുമാണ് ദൈവം ഉണ്ടാകേണ്ടത്...നമ്മള്‍ ചെയ്യുന്ന നന്മകളും മറ്റുമാണ്  മറ്റുള്ളവര്‍ക്ക് വരമാകേണ്ടത്...

ഇവിടെ അമ്പലത്തില്‍ മുസ്ലിം കയറിയാലോ മറിച്ചായാലോ അവിടെ ഉണ്ടെന്നു പറയുന്ന് ദൈവം ഓടിപോകുകയില്ല .പക്ഷെ നമ്മളുടെ പല മനസ്സുകളിലും അങ്ങിനത്തെ ഒരു വിശ്വാസം ആരൊക്കെയോ അടിചേൽപ്പിചിരിക്കുന്നു ...തലമുറകളായി അത് നമ്മൾ കൈമാറുകയും ചെയ്യുന്നു.ഇപ്പോള്‍  ജാതിക്കും  മതത്തിനും  ഇപ്പോള്‍ സമൂഹത്തില്‍ വലിയൊരു സ്ഥാനമുണ്ട്.അത് വേണ്ടതാണ് പക്ഷെ പലരും അതുപയോഗിക്കുന്നത് പല സ്ഥാനങ്ങളിലും കയറി പറ്റുവാന്‍ വേണ്ടി മാത്രമാണ്...അങ്ങിനെ ചിലര്‍ ഇത് ദുര്യുപയോഗം ചെയ്യുന്നത് കൊണ്ട് നടക്കുന്നത് മതങ്ങള്‍ തമ്മിലുള്ള രസക്കേടും സ്പര്ധകളുമാണ് .

നന്മകള്‍ എ .കെ .ജി സെന്‍ട്രലില്‍ നിന്നായാലും ,ഇന്ദിര ഭവനില്‍ നിന്നായാലും ,അമ്രുതാപുരിയില്‍ നിന്നായാലും ആലഞ്ചേരിയില്‍ നിന്നായാലും പാണക്കാട് നിന്നായാലും നമ്മള്‍ അത് ജാതി മത  രാഷ്ട്രീയ ഭേദ്യമെന്യേ അന്ഗീകരിക്കണം പ്രോത്സാഹിപ്പിക്കണം.പക്ഷെ നമ്മള്‍ അതൊക്കെ മറച്ചുവെച്ചു തിന്മകള്‍ മാത്രം മാന്തിഎടുക്കുന്നത് കൊണ്ടാണ് പലതരം പ്രശ്നങ്ങളും ഉണ്ടാകുന്നത്.ഇപ്പോള്‍ ജാതിക്കും മതത്തിനും ഒക്കെ പാര്‍ട്ടികളുണ്ട് ..അതൊക്കെ ഉണ്ടായത് ജന നന്മകള്‍ക്ക് വേണ്ടിയല്ല വിലപേശുവാനും കീശകള്‍ വീര്‍പ്പിക്കുവാനും മാത്രം...നമ്മള്‍ക്ക് ഇതൊക്കെ അറിയാമെങ്കിലും ആരും എതിരായി പ്രതികരിക്കുനില്ല ...ചെയ്യുന്നത് നമ്മളുടെ ജാതിയും മതവും ഉള്ള പാര്‍ട്ടിക്ക് ഒരനുകൂല ചായിവ്  കൊടുക്കുക മാത്രമാണ്.മതം കൊണ്ട് കളിക്കുന്ന രാഷ്ട്രീയകാരുടെയും ലക്‌ഷ്യം അത് തന്നെയാണ് ...ഇങ്ങിനെ പോയാല്‍ ഇനി ഇവിടെ മനുഷ്യന്മാര്‍ കാണില്ല കുറെ ഹിന്ദുക്കളെയും മുസ്ലിമിനെയും ക്രിസ്ടാനികളെയും കാണാം ...അവരുടെ നീചമായ ചെയ്തികളെയും .....


വാല്‍കഷ്ണം :ഇത് എഴുതിയത് ഒരു രാഷ്ട്രീയകാരനായോ മതഭ്രാന്തനായോ അല്ല ചുറ്റുപാടും വീക്ഷിച്ചു കൊണ്ടിരിക്കുന്ന  ഒരു മനുഷ്യനായാണ് ..

-പ്രമോദ്‌ കുമാര്‍.കെ.പി 


22 comments:

 1. പ്രമോദ്, നല്ല ലേഖനം...കാലികമാണിത്...ഞാൻ ഇത്തരം കാര്യങ്ങൾ മുൻപൊരു കഥയായി പറഞ്ഞിരുന്നു. വാത്മീകം. ഞാനൊരു ഹിന്ദുവാണ് പക്ഷേ അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലാ എന്ന ബോർഡ് കാണുമ്പോൾ,ഞാൻ പണ്ട് ആരും കാണാതെ അത് എടുത്ത് മാറ്റിയിട്ടുണ്ട്...മതം ഇപ്പോൾ മനുഷ്യർക്കല്ലാ പ്രശ്നമായിരിക്കുന്നത്,രാഷ്രീയക്കാർക്കാണ്.അവർക്ക് അത് വോട്ട് ബാങ്ക് ആണ്....ഇതിനെക്കുറിച്ച് എനിക്ക് ഒരുപാട് പറയാനുണ്ട്.ആദ്യ കമന്റുകാരനായ്തുകൊണ്ട്,ഇത്രയും,ബാക്കി പിന്നാലെ......ആശംസകൾ

  ReplyDelete
  Replies
  1. ചന്തുജി ..നമ്മുടെ അമ്പലങ്ങള്‍ മുസ്ലിമിന്റെ പണം ഉപയോഗിച്ച് വെടിക്കെട്ട്‌ നടത്തും ക്രിസ്തുവിന്റെ ആള്‍ക്കാരുടെ ആനകളെ കൊണ്ട് ഉത്സവം പൊടിപൊടിക്കും ..പക്ഷെ അവരെ അമ്പലത്തില്‍ കയറ്റില്ല .ഇതിനെ പരിഹസിച്ചു ഞാന്‍ "അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല "എന്നാ എന്റെ കഥ ഈ ബ്ലോഗില്‍ തന്നെയുണ്ട്.പക്ഷെ ആരു നന്നാവാന്‍ ?ലേഖനവും കഥയും ഒക്കെ വായിച്ചു കൊണ്ട്....നിങ്ങള്‍ പറഞ്ഞതുപോലെ വോട്ടിലും അധികാരത്തിലുമാണ് കഴുകന്‍ കണ്ണുകള്‍

   Delete
 2. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി

  ReplyDelete
  Replies
  1. നന്നായാല്‍ മതിയായിരുന്നു ...പക്ഷെ എവിടെ ?വീതം വെപ്പ് നടക്കാതെ അധികാര കസേരകള്‍ കിട്ടുമോ ?

   Delete
 3. അധികാരസ്ഥാനങ്ങളിലേയ്ക്കുള്ള കുതിപ്പ്............
  ആശംസകള്‍

  ReplyDelete
  Replies
  1. അധികാരം പിടിച്ചെടുക്കുവാന്‍ തന്തയില്ലായ്മ ചെയ്യുന്ന രാഷ്ട്രീയകാര്‍

   Delete
 4. :) എന്‍റെ സുഹൃത്തുക്കളെ മതം നോക്കാതെ എന്‍റെ നാട്ടില്‍ ക്ഷേത്രത്തില്‍ ഞാന്‍ കൊണ്ട് പോയിരുന്നു -ഉത്സവത്തിനു പ്രത്യേകിച്ചും! ഒന്നും സംഭവിച്ചില്ല എന്‍റെ അമ്പലത്തിനു - എന്നോട് സൌകാര്യമായി ദൈവം സ്നേഹം കൂടുതല്‍ തന്നു, ദൈവം ഒന്നെന്നു തിരിച്ചറിയുന്ന ചിലരെ കൊണ്ട് വന്നതിനു ;) . നല്ല ലേഖനം മാഷെ :)

  ReplyDelete
  Replies
  1. തിരിച്ചറിവ് ദൈവത്തെക്കാളും മനുഷ്യര്‍ക്ക്‌ ഉണ്ട് .അത് കൊണ്ടാണ് അവര്‍ മതം വെച്ച് ചൂതാടുന്നത്.നിരപരാധികളെ മതവും ജാതിയും കൊണ്ട് വേര്‍തിരിച്ചു പരസ്പരം അടിപ്പിക്കുക .അധികാരം പിടിച്ചെടുക്കുക

   Delete
 5. ഒരു കാലത്ത് അവർണ്ണരായ ഹിന്ദുക്കൾക്ക് തന്നെ
  പ്രവേശനമില്ലാത്ത ഇടമായിരുന്നു ആ പൊന്നമ്പലങ്ങൾ ...!

  ReplyDelete
  Replies
  1. അവിടം മുതല്‍ തുടങ്ങുന്നു വര്‍ണവും ജാതിയും മതവും തിരിച്ചുള്ള വിവേചനം ....അത് ഇന്നും തുടരുന്നു.ജാതിയും മതവും ആയി എന്ന് മാത്രം

   Delete
 6. ആനുകാലികം ..ലളിതം ..സുന്ദരം

  ReplyDelete
  Replies
  1. നമ്മള്‍ കുറെയേറെ കാര്യങ്ങള്‍ പറയും .ചിലര്‍ക്ക് മനസ്സിലാകും .ചിലര്‍ മനസ്സിലാക്കും ....അത്രതന്നെ .ആരും നന്നാകണം എന്ന് മനസ്സുകൊണ്ട് തീരുമാനിക്കില്ല

   Delete
 7. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി..ആശംസകള്‍....

  ReplyDelete
  Replies
  1. അതുണ്ടാവട്ടെ ...മതങ്ങള്‍ മനുഷ്യനെ നിയന്ത്രിക്കാത്ത കാലം

   Delete
 8. ഹൊ ഇതൊരുമാതിരി പഞ്ചായിപ്പോയി :)

  ReplyDelete
  Replies
  1. അത് കൊണ്ടാണ് ഈ പോസ്റ്റ്‌ പിറന്നത്.ചന്ദന കുറി തൊട്ടാല്‍ മംമ്മൂക്കയെക്കാള്‍ ആര്‍ക്കു ചേരും ?

   Delete
 9. ഈ ലേഖനം ജാതീയതയോട് ഒരു പോരാട്ടമാകട്ടെ. ജനിച്ച മതമേതോ അതില്‍ മനുഷ്യന്‍ തുടര്‍ന്നു പോകുന്നു. അവിടെ ശരിയും തെറ്റും ചികഞ്ഞ് നോക്കുന്നില്ല. ചിന്തിക്കാന്‍ തുടങ്ങുമ്പോഴേക്ക് പുരാണങ്ങളും വിശ്വാസങ്ങളും വേരുകള്‍ പാകിക്കഴിഞ്ഞിരിക്കും. എല്ലാ മതങ്ങളും ശാന്തിയിലേക്കും സമാധാനത്തിലേക്കുമാണ് ആഹ്വാനം ചെയ്യുന്നത്. അതിന്റെ മാര്‍ഗ്ഗങ്ങള്‍ പൌരോഹിത്യം സ്വന്തം നിലനില്‍പ്പിന് വേണ്ടി വളച്ചൊടിച്ച് വെച്ചിരിക്കുന്നു. കോളേജില്‍ വെച്ച് തൊട്ടടുത്ത് അമ്പലത്തില്‍ പോയി വന്നിരുന്ന ക്ര്യസ്ത്യന്‍ സഹപാഠി ചന്ദനം നെറ്റിയില്‍ തൊടുവിച്ചിട്ടുണ്ട്. ഹിന്ദു ചന്ദനവും, കൃസ്ത്യന്‍ വിരലും, മുസ്ലിം നെറ്റിയുമൊന്നും പടച്ചവന് മുന്നില്‍ പ്രശ്നങ്ങളല്ല.മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു.

  ReplyDelete
 10. മതം മനുഷ്യനെ വിഴുങ്ങുമ്പോള്‍ അവിടെ സ്പര്‍ദ ഉണ്ടാകുന്നു.ഇത് ചെയ്യുന്ന ഓരോരുത്തന്റെയും ഉള്ളില്‍ വിഷം കുത്തിവേക്കപെടുന്നത് കൊണ്ടാണ് ഇവിടെ മനുഷ്യനെ മുസ്ലിമും ക്രിസ്ടിയനും മുസ്ലിമും ഒക്കെയായി വേര്‍തിരിക്കപെടുന്നത്.ഒരു പുണ്യ പുസ്തകത്തിലും മറ്റു മതങ്ങളെ ദ്രോഹിക്കാന്‍ പറഞ്ഞിട്ടില്ല ..പക്ഷെ ഓരോരുത്തരുടെ ചില താല്പര്യങ്ങള്‍ സംരക്ഷിക്കപെടാന്‍ ഇവിടെ തമ്മിലടിപ്പിക്കുന്നു.നയങ്ങള്‍ ന്യായങ്ങള്‍ പലതും പറഞ്ഞു അവര്‍ തീവ്രമായി അടിമപ്പെടുകയാണ് .

  ReplyDelete
 11. വളരെ...വളരെ...വളരെ നല്ലൊരു ലേഖനം....
  പലരും പറയാൻ മടിക്കുന്നത് താങ്കൾ ഉറക്കെ വിളിച്ചു പറഞ്ഞു...അഭിനന്ദനങ്ങൾ....

  ReplyDelete
  Replies
  1. നമ്മള്‍ പറയേണ്ടത് പരയാതതുകൊണ്ടും ചെയ്യേണ്ടത് ചെയ്യാത്തത് കൊണ്ടും മാത്രമാണ് നമ്മുടെ സമൂഹത്തില്‍ ഇത്ര അധികം തിന്മകള്‍ ഉണ്ടാവുന്നത്.നമുടെ മൌനം പലപ്പോഴും മതങ്ങള്‍ മുതലെടുക്കുന്നു\

   Delete
 12. ഇപ്പോള്‍ ജാതിക്കും മതത്തിനും ഒക്കെ പാര്‍ട്ടികളുണ്ട് ..അതൊക്കെ ഉണ്ടായത് ജന നന്മകള്‍ക്ക് വേണ്ടിയല്ല വിലപേശുവാനും കീശകള്‍ വീര്‍പ്പിക്കുവാനും മാത്രം...നമ്മള്‍ക്ക് ഇതൊക്കെ അറിയാമെങ്കിലും ആരും എതിരായി പ്രതികരിക്കുനില്ല ..

  പ്രതികരിച്ച്ട്ടു ആര് നന്നാകാനാ ? രാഷ്ട്രീയക്കാരോ അതോ മതം കൊണ്ട് ജീവിക്കുന്നവരോ?

  ReplyDelete
  Replies
  1. ഇങ്ങിനെ നമ്മള്‍ ചിന്തിക്കരുത്.ഒരാള്‍ എങ്കിലും നന്മകള്‍ കൊണ്ട് വര്രന്‍ ശ്രമിക്കണം.അത് പിന്നെ പടര്‍ന്നു പന്തലിക്കും...സമൂഹമാകെ ........ഒതുക്കെണ്ടാവരെ ഒതുക്കി നിര്‍ത്തണം പിന്നെ ഒരിക്കലും ഒരുങ്ങി ഇറങ്ങാത്ത വിധം

   Delete