Thursday, October 25, 2012

ഫേസ്ബുക്ക്‌

"ഓ ..ഈ ട്രാഫിക്‌ കൊണ്ട് തോറ്റു ..ഇന്നും വൈകും ,എല്ലാ ദിവസവും ഇത് തന്നെ സ്ഥിതി ..മെട്രോ വന്നാല്‍ ഇതിനൊരു അറുതി വരും എന്ന് തോന്നുന്നു.പക്ഷെ ചര്‍ച്ചകള്‍ നടക്കുന്നതല്ലാതെ ഇനിയും തീരുമാനമൊന്നും ആയില്ല.രാഷ്ട്രീയക്കാര്‍ തമ്മില്‍ വിലപേശി നീട്ടി നീട്ടി കൊണ്ട് പോവുകയല്ലാതെ ആരും പെട്ടെന്ന് ഉണ്ടാക്കുവാന്‍ പരിശ്രമിക്കുന്നില്ല.ഭരണപക്ഷം പ്രതിപക്ഷത്തെ കുറ്റപെടുത്തും അവര്‍ തിരിച്ചും ...ഒരിക്കലും നമ്മളുടെ നാട് നന്നാവില്ല .നന്നാവണന്മെങ്കില്‍ രാക്ഷ്ട്രീയകാരെ അടിച്ചു കൊല്ലണം ...വേറെ ഒരു സംസ്ഥാനത്തും ഇത് പോലെ ആയില്ല ,അവര്‍ പണി പറഞ്ഞ സമയത്ത് തന്നെ തുടങ്ങി ..ചിലയിടത്ത്  പൂര്‍ത്തി ആയത്തില്‍ കൂടി ട്രെയിന്‍ ഓടിയും തുടങ്ങി ." അരവി മനസ്സില്‍ ഓര്‍ത്തു.

അഞ്ഞെട്ടു വര്‍ഷമായി അയാള്‍  ഇതില്‍ കൂടി തന്നെയാണ് പോകുന്നതും വരുന്നതും ..വാഹനത്തിന്റെ എണ്ണം കൂടുന്നതിനു  അനുസരിച്ച്  റോഡിന്റെ വികസനം നടക്കുന്നില്ല.എവിടെ വികസിപ്പിക്കാന്‍ ?നഗരം സ്ഥലം ഇല്ലാത്തതു കൊണ്ട് വീര്‍പ്പു മുട്ടുകയല്ലേ ?അത് കൊണ്ടാണ് മെട്രോ എന്ന ആശയം വന്നത് .വരും മുന്‍പേ അതിന്റെ കമ്മീഷ്ന്‍ കീശയില്‍ ആക്കുവാനാണ് പലരും നോക്കുന്നത്.

മുന്നിലത്തെ വാഹനം പതുക്കെ നീങ്ങി തുടങ്ങി .അയാളും വണ്ടി മുന്നോട്ട് എടുത്തു .വീട്ടിലെത്തുമ്പോള്‍ എട്ടു മണി കഴിഞ്ഞു .കുളിച്ചു പാര്‍സല്‍ വാങ്ങിയ ഭക്ഷണം കഴിച്ചു കമ്പ്യൂട്ടറിന്റെ മുന്നിലേക്ക്‌.ഇനി നാല് അഞ്ചു മണിക്കൂര്‍  ഫേസ് ബുക്കില്‍ .അവരുടെ ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ കൂടായ്മ വളരെ ദ്രിഡമാണ് .സമയം കിട്ടുമ്പോള്‍ പുറത്തു പല സ്ഥലത്തും അവര്‍ ഒന്നിക്കും ..കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും ,ടൂര്‍ പോകും.അല്ലെങ്കില്‍ ഫേസ് ബുക്ക്‌ വഴി എല്ലായ്പോഴും ബന്ധപെട്ടു പലതും ചര്‍ച്ച ചെയ്യും .അത് അയാള്‍ക്ക്‌ ഈ നഗരത്തില്‍ ഒറ്റപെടലിന്റെ വേദന ഇല്ലാതാക്കി.ചാറ്റിങ് കഴിഞ്ഞാല്‍ കിട്ടുന്ന ചുരുങ്ങിയ സമയം മാത്രം ഉറക്കം. പിന്നെ രാവിലെ എഴുനേറ്റു വീണ്ടും ഓഫീസില്‍ .വൈകുന്നേരം വന്നാല്‍ പിന്നെ ഫേസ് ബുക്കില്‍.അടുത്ത വീട്ടില്‍ ആരാണോ എന്താണോ എന്നൊന്നും അയാള്‍ക്ക് നിശ്ചയമില്ല .ചില ഞായര്‍ ദിവസം അവരെ കാണാരുണ്ട് ..പക്ഷെ മൈന്‍ഡ് ചെയ്യാറില്ല ..ഒന്ന് രണ്ടു തവണ അവര്‍ പരിച്ചയപെടുവാന്‍ ശ്രമിച്ചുവെങ്കിലും കൂടുതല്‍ അടുക്കുന്നത് അയാള്‍ നിരുല്‍സാഹപെടുത്തി.ഫേസ് ബുക്കില്‍ നാലായിരത്തില്‍ പരം സുഹൃത്തുക്കള്‍ ഉള്ള എനിക്ക് എന്തിനു അയല്‍വാസിയുടെ സൌഹൃദം...അയാള്‍ അങ്ങിനെ കരുതി.അത്കൊണ്ട് തന്നെ അവരോടു എപ്പോഴും അകലം പാലിച്ചു.

പതിവുപോലെ അന്നും അയാള്‍ ഫേസ് ബുക്കില്‍ സൌഹൃദവല കൊഴുപ്പിക്കുകയായിരുന്നു.അടുത്ത ആഴ്ച പോകേണ്ട പിക്നിക് ഡിസ്കഷന്‍ നീണ്ടു.രാത്രി പതിനൊന്നു മണി ആയി കാണും .അയാള്‍ക്ക് എന്തോ വിമ്മിഷ്ട്ടം തോന്നി.പിന്നെ നെഞ്ചില്‍ വേദനയും തുടങ്ങി .അത് അയാള്‍ ചാറ്റ് ചെയ്തവരെ ഒക്കെ അറിയിച്ചു.പലരും പല നിര്‍ദേശങ്ങളും നല്‍കി ..ചിലര്‍ പ്രതികരിച്ചില്ല .

"ഹെലോ ഞാന്‍ ദൂരെയാണ് .ഐ  ആം ഹെല്പ് ലെസ്സ് ..അടുത്തുള്ളവരെ അറിയിക്കൂ .."ചിലര്‍ എഴുതി.അയാള്‍ പുളഞ്ഞു കൊണ്ടിരുന്നു.എന്നിട്ടും അവസാന കൈ എന്നതുപോലെ
അയാള്‍ അടുത്തുള്ളവരെ പരതി ..ആരും ഓണ്‍ ലൈനില്‍ ഇല്ല ..അയ്യോ നബരും ഓര്‍മ്മിക്കാന്‍ പറ്റുനില്ല .വേദന കൂടി കൂടി വന്നു .അയാള്‍ നെഞ്ച് പൊത്തിപിടിച്ചു.
അയാള്‍ പതുക്കെ എഴുനേറ്റു ..കാറിന്റെ കീ എടുത്തു .എത്രയും പെട്ടെന്ന് ഏതെങ്കിലും ഹോസ്പിറ്റലില്‍ എത്തണം..മുന്‍വാതില്‍ കഷ്ട്ടപെട്ടു തുറന്നു ..ഒന്നോ രണ്ടോ അടി വെച്ചിരിക്കണം . പിന്നെ അയാള്‍ക്ക് ഒന്ന് ഓര്‍മയില്ല.

ഉണരുമ്പോള്‍ ആശുപത്രിയിലാണ്.ഒന്ന് രണ്ടു നേഴ്സ്മാരുണ്ട് .അവരുടെ അടുത്ത് കണ്ട മുഖം ഓര്‍മിച്ചു ..പക്ഷെ മനസ്സില്‍ വരുനില്ല ..അയാള്‍ അടുത്ത് വന്നു പറഞ്ഞു .

"ഞാന്‍ സേതു ..നിങ്ങളുടെ അയല്‍വാസിയാണ് ..ഒന്ന് രണ്ടു തവണ നമ്മള്‍ കണ്ടിട്ടുണ്ട് .ഇന്നലെ വീട്ടിലേക്കു വരുമ്പോള്‍ നിങ്ങള്‍ കുഴഞ്ഞു വീഴുന്നത് കണ്ടു ..അങ്ങിനെ ഇവിടെ എത്തിച്ചതാണ് .നിങ്ങളെ ഇവിടെ ഒബ്സര്‍ ചെയ്തു കൊണ്ടിരിക്കുകയാണ് "

അരവിക്ക്  എന്ത് പറയണം  എന്ന സംശയം ഉണ്ടായി ..ഒന്നും പറയാതെ അയാള്‍ കൈ കൂപ്പുക മാത്രം ചെയ്തു.അയാള്‍ അടുത്ത് വന്നു കൈ പിടിച്ചു.

പിന്നെ മനസ്സിലോര്‍ത്തു ഫേസ് ബുക്കില്‍ നാലോഅഞ്ചോ ആയിരം സുഹൃത്തുക്കള്‍ ഉണ്ടായിട്ടു കാര്യം ഇല്ല ,അവര്‍ ഉണ്ടെന്ന വിശ്വാസത്തില്‍ അടുത്തു ഉള്ളവനെ തഴയാനും പാടില്ല ..അവസാനം അവന്‍ തന്നെ വേണ്ടി വന്നു മരണത്തില്‍ നിന്നും കോരിയെടുക്കുവാന്‍....

അരവി ഒന്ന് പറയാതെ അയാളുടെ മുഖത്ത് നോക്കി കൊണ്ടിരുന്നു.ഫേസ്ബുക്കിനു പുറത്തു അയാള്‍ക്ക് ആദ്യമായി ഒരു സുഹൃത്തു ഉണ്ടാവുകയായിരുന്നു .

കഥ ;പ്രമോദ് കുമാര്‍ .കെ.പി


Friday, October 19, 2012

വൃദ്ധസദനം

കഴിഞ്ഞ ഒരാഴ്ചയായി വൃദ്ധസദനം വൃത്തിയാക്കുകയാണ് ..ചായം പൂശിയും പുല്ലുകള്‍ പറിച്ചും എന്ന് വേണ്ട ഏതെല്ലാം  രീതിയില്‍ മുഖം മിനുക്കുവാന്‍ പറ്റും അതൊക്കെ ചെയ്യുനുണ്ട് .ഇതുവരെ ഇവിടങ്ങളിൽ കാണാത്ത ഭാരഭാഹികളും മറ്റും സ്ഥിരം സന്ദര്‍ശനം നടത്തുന്നുമുണ്ട് ,അവരുടെതായ അഭിപ്രായങ്ങളില്‍ മുഖചായയിൽ ചില മാറ്റങ്ങള്‍ വരുത്തുന്നുമുണ്ട് .അന്തേവാസികള്‍ക്ക് കാര്യങ്ങള്‍ അത്രക്ക് പിടികിട്ടിയിട്ടില്ല.എന്തിനാണ് ഈ ഒരുക്കങ്ങള്‍ എന്നോ ഒന്നും അവര്‍ക്കറിയില്ല.മക്കള്‍ ഇവിടെ തള്ളിയ ഭൂരിഭാഗം പേര്‍ക്കും അതറിയാന്‍ താല്‍പര്യവും ഇല്ല.ഇവിടെ ഒരുകണക്കിന് സുഖം തന്നെ ..ആരെയും ബുദ്ധിമുട്ടിക്കാതെ കഴിയാമല്ലോ .അത്ര തന്നെ.എങ്കിലും പലരുടെയും ഉള്ളില്‍ വിങ്ങലാണ് ..പോറ്റി വളര്‍ത്തിയ മക്കള്‍ തന്നെ ഇങ്ങിനെ ചെയ്തല്ലോ എന്ന്.

ഇന്ന് എല്ലാവരോടും നന്നായി ഒരുങ്ങാന്‍ പറഞ്ഞിരിക്കുന്നു,എന്തിനാണെന്ന് തിരിച്ചു ചോദിച്ചുമില്ല അവര്‍ പറഞ്ഞുമില്ല.പതിനൊന്നു മണിയായികാണും.ഗേറ്റ് കടന്നു വരുന്നവരെ കണ്ടു ആനന്ദന്‍ നോക്കി ..ചാനല്‍കാര്‍ ആണെന്ന് തോന്നുന്നു.അയാള്‍ ഭാര്യ സുമതിയെ വിളിച്ചു കാണിച്ചു.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവര്‍ ഇവിടെയാണ്‌ ,മക്കള്‍ രണ്ടുപേരും ഇപ്പോള്‍ നല്ല നിലയില്‍. പക്ഷെ അവര്‍ക്ക് ഇവരെ നോക്കുവാന്‍ സമയമില്ല .അവര്‍ അവരുടെതായ തിരക്കില്‍ വിദേശത്തില്‍ ആണ് കുടുംബ സമേതം.മൂന്നോ നാലോ വര്‍ഷത്തില്‍ ഒരിക്കല്‍ വരും ,കാണാനല്ല അവിടുത്തെ ഇല്ലാത്ത പ്രാരാബ്ധങ്ങള്‍ പറയുവാന്‍.മുന്‍പ് ഒരിക്കല്‍ രണ്ടുപേരും വന്നു ഇത്തരം കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ ഇവിടെ എത്തിപെട്ടത്.പങ്കു കച്ചവടം ചെയ്ത അവര്‍ക്കുണ്ടായ ബാധ്യതകള്‍ തീര്‍ക്കുവാന്‍ വേണ്ടി വീട് പണയം വെച്ച്  പണം കൊടുത്തു.അവരുടെ പ്രാരാബ്ദങ്ങള്‍ക്ക് അറുതി വരാത്തതുകൊണ്ട് അത് വില്‍ക്കേണ്ടി വന്നു.ആദ്യം വാടക വീട്ടില്‍ ..പിന്നെ ഇവിടെ ..ഇവിടെ ആക്കിയപ്പോള്‍ അവര്‍ക്ക് വലിയ സ്നേഹം ഇല്ലാതെയായി .

അവര്‍ നല്ല നിലയില്‍ ആണെന്ന് അറിയാം .പക്ഷെ ഭാരം താങ്ങുവാന്‍ വയ്യാത്തതുകൊണ്ട് പ്രാരാബ്ദകാരായി അഭിനയിക്കുന്നു.പല പ്രാവശ്യം പറഞ്ഞതാണ് ആ വീടെങ്കിലും ഒന്ന് തിരികെ എടുത്തു തരുവാന്‍ ..അടുത്ത പ്രാവശ്യം ആകട്ടെ എന്ന് പറഞ്ഞു.. ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു.പിന്നെ ചോദ്യം നിര്‍ത്തി.സുമതി ഇതും പറഞ്ഞു കരയാത്ത ദിവസങ്ങള്‍ ഇല്ല .പലപ്പോഴും ശപിക്കുന്നതും കേട്ടിട്ടുണ്ട് .ഒരു തവണ മക്കളെ കാണുവാന്‍ പോലും കൂട്ടാക്കിയില്ല.ഒരു അമ്മ ഇത്രയും സഹിക്കുമോ എന്നുപോലും തോന്നിപോയിട്ടുണ്ട് .ഇപ്പോള്‍ ഇതാണ് നമ്മളുടെ വീട് ,കുറെ കാലമായി .കുറവുകള്‍ അനവധി ഉണ്ടെങ്കിലും പോരുത്തപെട്ടു കഴിഞ്ഞു .എന്തോ ശബ്ദം അയാള്‍ ഓര്‍മകളില്‍ നിന്നും ഞെട്ടി;പിന്നെ സുമതിയെയും കൂട്ടി പുറത്തേക്കു നടന്നു.


ചാനലുകാര്‍ അവരുടെ പണി ആരംഭിച്ചിരിക്കണം.കരച്ചിലും കുറ്റം പറച്ചിലും ഒക്കെ കേള്‍ക്കുന്നുണ്ട്. അവതാരകയും കേമറമാനും എല്ലാം നന്നായി ചിത്രീകരിക്കുന്നുമുണ്ട് .എല്ലാവരും അവരുടെ മനസ്സിനുള്ളില്‍ അണയാതെ കൊണ്ട് നടന്ന തീയും കനലും പുറത്തേക്കു വിടുകയാണ്.ഇത്തരം മക്കളെ പ്രസവിച്ചതിനു സ്വയം പഴിക്കുന്നവരും ...അവരെ കുറ്റം പറയുന്നവരും.ചാനലുകാര്‍ക്ക് പായസം കുടിച്ച ഭാവം .ഇത് ഒരു മൂന്നു നാല് ഭാഗമാക്കി കാണിച്ചാല്‍ റെറ്റിംഗ് കൂടും...അങ്ങിനെ അവരുടെ മനസ്സില് പല ബിസിനെസ്സ് ചിന്തകള്‍ ..

അവതാരക സുമതിയുടെ മുന്നിലെത്തി .മൈക്ക് മുന്നിലേക്ക്‌ നീട്ടി ചോദിച്ചു

"അമ്മ എങ്ങിനെ ഇവിടെ എത്തി ?"

"ഞാന്‍ മാത്രമല്ല ,എന്റെ ഭര്‍ത്താവും ഇവിടെയാണ് ..എത്തി പെട്ടതോന്നുമല്ല ,നമ്മള്‍ സ്വയം വന്നതാണ്.വയസ്സുകാലത്ത് ഒറ്റയ്ക്ക് കഴിയുന്നതിലും ഭേദം ഇവിടെ കുറെ പേര്‍കൊപ്പം ഒരു കുടുംബം പോലെ കഴിയുന്നതാണ് എന്ന് തോന്നി .മക്കള്‍ ഒക്കെ വിദേശത്തിലാണ് ..അവര്‍ പല പ്രാവശ്യം കൊണ്ട് പോകുവാന്‍ വന്നതാണ് ..അറിയാത്ത ഒരു നാട്ടില്‍ പോയി വേറെ ഒരു സമൂഹത്തില്‍ കിടക്കുന്നതിനേക്കാള്‍ നല്ലത് നമ്മള്‍ അറിയുന്ന നമ്മളെ അറിയുന്നവര്‍കിടയില്‍ കഴിയുന്നതാണെന്ന് തോന്നി "...പിന്നെയും അവര്‍  എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.കൂടുതലും മക്കളെ പുകഴ്ത്തി കൊണ്ട് ...കേട്ടതൊന്നും വിശ്വാസം വരാതെ ആനന്ദന്‍ മിഴിച്ചിരുന്നു ..പിന്നെ സാവധാനം മുറിയിലേക്ക് നടന്നു.

കുറച്ചു സമയം കഴിഞ്ഞു കാണും ..വിങ്ങി വിങ്ങി കരഞ്ഞു കൊണ്ട് സുമതി മുറിയിലേക്ക് വന്നു .വന്നപാടെ അയാളുടെ മേലിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു .

"എനിക്ക് എന്റെ മക്കളെ കുറിച്ച് അന്യരോട് മോശം  പറയാന്‍ തോന്നിയില്ല ..അവര്‍ മറ്റുള്ളവരുടെ മുന്നില്‍ നാണം കേടുവാന്‍ പാടില്ലല്ലോ ...എന്തായാലും അവര്‍ നമ്മളുടെ മക്കളല്ലേ ..അവര്‍ എന്ത് തെറ്റ് ചെയ്താലും നമ്മളല്ലേ ക്ഷമിക്കേണ്ടത്‌ ..."

അയാള്‍ ഒരമ്മയുടെ വലിപ്പം വീണ്ടും അനുഭവിച്ചറിഞ്ഞു ..അവരെ ഒന്നുകൂടി അമര്‍ത്തി ആലിംഗനം ചെയ്തു.നിനക്ക് എപ്പോഴും ഞാന്‍ ഉണ്ട് എന്നര്‍ത്ഥത്തില്‍ ....

കഥ :പ്രമോദ് കുമാര്‍. കെ.പി.