Thursday, April 10, 2014

സോറി ഫോർ ദി "ആത്മഹത്യ "

ഈ ഒരു മാസം കൊണ്ട് എത്ര കളവുകൾ കേട്ടിരിക്കുന്നു ..എത്ര കള്ളന്മാരെ കണ്ടിരിക്കുന്നു ..ഇനി വരും ഒരു ദിവസം കൂടുതൽ കള്ളം പറഞ്ഞു  ജനങ്ങളെ വിശ്വസിപ്പിച്ചു ജയിച്ചു കയറിയവൻ ,കയ്യും കൂപ്പികൊണ്ട് നന്ദി പറയുവാൻ .. ..പിന്നെ അയാളെ മഷിയിട്ട് നോക്കിയാൽ  കാണില്ല  അടുത്ത തിരഞ്ഞെടുപ്പ് വരെ ...അഥവാ കണ്ടാൽ അത് ജനങ്ങളുടെ ഭാഗ്യം ..തിരഞ്ഞെടുപ്പ്  സമയത്ത്  പാലം പണിതു റോഡ്‌  താര്‍ ചെയ്തു പുതിയ റോഡ്‌ പണിതു  എന്നൊക്കെ പറഞ്ഞു വരും ..അവന്റെയൊക്കെ  പറച്ചില്‍ കേട്ടാല്‍ തോന്നും അവന്റെ ഒക്കെ  വീട്ടില്‍ നിന്നാണ്  പണം എടുത്തു  പണി  നടത്തിയതെന്ന് .ഒക്കെ നമ്മുടെ നികുതിപണം  തന്നെ..കുറെ പുട്ടടിക്കും  കുറെ ചിലവാക്കും..ഇവനൊക്കെ നമ്മുടെ ഒരു  ഇടനിലകാരൻ ...ഗവർമെന്റും ജനങ്ങളും തമ്മിൽ കൂട്ടി യോജിക്കാനുള്ള  ഒരു ഇടനിലകാരൻ ..

തിരഞ്ഞെടുപ്പ്  റിസൾട്ട് വരുവാൻ ഇനിയും ഒരു മാസത്തിൽ കൂടുതലുണ്ട് ..അതുവരെ കാത്തിരിക്കുവാൻ എന്നെ കൊണ്ട് പറ്റില്ല .ജീവിച്ചിരിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും സമ്മതിക്കില്ല പലരും .അപമാനിതനായി തലതാഴ്ത്തി  സമൂഹത്തിനുമുന്നിൽ ജീവിക്കുന്നതിലും ഭേദം മരണം തന്നെയാണ് ..അതുറപ്പിച്ചതാണ് ..എന്തായാലും ജീവിതത്തിലെ അവസാനത്തെ വോട്ടും ചെയ്തു .വോട്ട് കൊടുത്ത  ആൾ ജയിച്ചാലും തോറ്റാലും ഞാനറിയാൻ പോകുനില്ല.എങ്ങിനെ അറിയാൻ ?

ഹിന്ദുക്കളെ തീയിട്ടു കൊല്ലണം
മുസ്ലിമുകളെ  മുക്കി കൊല്ലണം
ക്രിസ്ത്യാനികളെ തലവെട്ടി കൊല്ലണം
ബാക്കിയുള്ള മതക്കാരെയൊക്കെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചും കൊല്ലണം
ജാതിയും മതവും ഇല്ലാത്ത മനുഷ്യർ മാത്രം ഭൂമുഖത്തു ബാക്കിയാവണം ...

ജോലിയുടെ പേരിൽ  ന്യുനപക്ഷവും  പ്രേമിച്ചതിന്റെ പേരിൽ  ജാതിയുംമതവും വഴിമുടക്കിയപ്പോൾ മനസ്സിൽ തോന്നിയതാണ്.അത് കൊണ്ട് തന്നെ ജോലിയും കല്യാണവും വന്നത് വളരെ  വൈകിയാണ്.നല്ല കാലത്ത് ജീവിതം ആസ്വദിക്കുവാൻ  കഴിഞ്ഞതുമില്ല .
.
സർകാരിൽ നിന്നും കിട്ടുന്നത് കൊണ്ട്  ഓണം പോലെ കഴിഞ്ഞിരുന്നതാണ് .പക്ഷെ നഗരത്തിലേക്കുള്ള സ്ഥലംമാറ്റം കുടുംബത്തെ ആകെ മാറ്റി മറിച്ചു .ജീവിതം മാറിമറിഞ്ഞു .നഗരത്തിനൊത്ത പരിഷ്കാരികൾ ആകുവാൻ ഭാര്യയും മക്കളും മത്സരിച്ചു.അതിലേക്കു എന്നെയും വലിച്ചിഴച്ചു കൊണ്ടുപോയി..ആ വഴിയിലേക്ക് പോകാതിരിക്കുവാനും കഴിഞ്ഞില്ല.പക്ഷെ കുറെ ദൂരംതാണ്ടിയപ്പോഴാണ്  അപകടം മനസ്സിലാക്കിയത് .

വാടകവീട് എന്നത്  സ്ത്രീ സമാജത്തിൽ ചർച്ചകൾ ആയപ്പോൾ ഭാര്യക്ക്  അവിടെ ചെറുതായത്  പോലെ ..മറ്റു മഹിളകളുടെ വാക്കുകളെററ്  ഭാര്യക്ക് നൊന്തു ..സ്വന്തമായി ഈ നഗരത്തിൽ വീടുണ്ടാകുന്നതാണ്  അവിടുത്തെ സ്റ്റാറ്റസ് സിംബൽ എന്നതും വലിയ വിഷയമായി .അങ്ങിനെയാണ് കഷ്ട്ടപെട്ടാനെങ്കിലും നഗരത്തിലെ പോഷ് ഏരിയയിൽ തന്നെ ഫ്ലാറ്റ് തരപ്പെടുത്തിയത്.തുടക്കത്തിൽ കൊടുക്കുവാൻ വേണ്ട ഭാരിച്ച തുക അവളുടെ അച്ഛൻ വാഗ്ദാനം ചെയ്തതിനാൽ പെട്ടെന്ന് ഇറങ്ങി പുറപ്പെട്ടതാണ്.പക്ഷെ ഫ്ലാറ്റ് നിറക്കുവാൻ വേണ്ട സാധനങ്ങൾ വാങ്ങുവാൻ ഞാൻ ഒത്തിരി പണിപ്പെട്ടു.മാസാമാസം അടവിന് വലിയ ഒരു സംഖ്യ വേണ്ടി വന്നു എങ്കിലും അതെന്നെ ആദ്യം വിഷമിപ്പിച്ചില്ല . കാരണം ഭാര്യ വളരെ സന്തോഷവതിയായിരുന്നു .അവൾക്കു അവരുടെ സമാജത്തിൽ തലയെടുപ്പുണ്ടായി .അത് കൊണ്ട്  മറ്റു ചിന്തകൾക്ക് എന്നിൽ സ്ഥാനമുണ്ടായില്ല.


ഈ ഫ്ലാറ്റിൽ നമുക്ക് മാത്രമാണ് സ്വന്തമായി വാഹനമില്ലാത്തത്  എന്ന കുട്ടികളുടെ കൂട്ടുകാരുടെ കണ്ടുപിടിത്തം വാഹനം വാങ്ങുന്നതിലെക്കുംനയിച്ചു .അതും സാധാരണ വണ്ടികൾ ഒന്നും വേണ്ടായിരുന്നു  ... പുതുതായി ഇറങ്ങിയ എസ്  .യു .വി  തന്നെ വേണമായിരുന്നു അവര്ക്ക്  കൂട്ടുകാർക്കിടയിൽ ഗമ കാട്ടുവാൻ..ധാരാളിത്തത്തിലേക്ക് കൂപ്പു കുത്തിയ ഞാനും അതിനെഎതിർത്തില്ല.വരവിലധികം ചിലവുണ്ടാകുകയായിരുന്നു.

മാസാമാസം ഇതിൻറെയൊക്കെ  ഇ .എം .ഐ  എങ്ങിനെ ആണ് അടച്ചു തീര്ക്കുന്നത്  എന്ന് അവർ ആരും അന്വേഷിച്ചില്ല.കടം വാങ്ങിയ  പണം കൊടുത്ത് തീര്ക്കുന്നതിനെ കുറിച്ചും ..പക്ഷെ ഒരാൾ മാത്രം അത് മരന്നതെയില്ല..പലിശകാരാൻ  മാർവാഡി  അത് മാസാമാസം  ഓർമിപ്പിച്ചു പലിശ കൃത്യമായി വാങ്ങികൊണ്ടുപോയിരുന്നു.കൊടുത്ത മുതൽ തിരികെ വരുവാൻ കുറച്ചു വിഷമമാണ് എന്ന് മനസ്സിലാക്കിയ മാർവാഡി മുതലിന്റെ ഒരുഭാഗത്തിനു  ഒരു മാസം അവധി തന്നപ്പോൾ വലിയൊരു ചുഴിയിൽ പെട്ടുപോയി.അങ്ങിനെയാണ് സർക്കാർ മുതലിൽ കൈ വെച്ചത്....പക്ഷെ അത് പിടിക്കപെട്ടു .അതും ഒന്നര വർഷം കഴിഞ്ഞ്   ...അന്വേഷണം ഒക്കെ പൂർത്തിയായ സ്ഥിതിക്ക് അടുത്ത ആഴ്ച മിക്കവാറും സസ്പെൻഷൻ  ഉണ്ടാകും...ചിലപ്പോൽ  ....വേണ്ട ഓർക്കേണ്ട ..

സർക്കാർ ജോലി കൊണ്ട് മാത്രം ഇവിടെ ജീവിതം നടക്കില്ല എന്ന കൂട്ടുകാരുടെ ഉപദേശം കിട്ടിയപ്പോൾ അവരുടെ ഒപ്പം ബിസിനസ്സിനു ഇറങ്ങി.നാട്ടിൽ  നല്ല രീതിയിൽ കൃഷി നടന്നിരുന്ന സ്വത്തുക്കൾ അതിനു വേണ്ടി വിറ്റു .പലരുടെയും എതിർപ്പുകൾ  ചെവിയിൽ കയറിയതുമില്ല .വേറൊരു  വരുമാനം നിയമ വിരുദ്ധമായതിനാൽ ഞാൻ സൈലന്റ് പാർട്ണർ ആയിരുന്നു .പക്ഷെ അവസാനം അവർ എന്നെ സൈലെന്റ് ആക്കി കളഞ്ഞു .വലിയൊരു സംഖ്യ അങ്ങിനെയും പോയികിട്ടി...നാട്ടിലെ സ്വത്തും .

മാർവാഡി വലിയൊരു  സംഖ്യ വാങ്ങി കൊണ്ട് പോയപ്പോൾ   മാസങ്ങളായി ഇ .എം .ഐ മുടങ്ങി.അതോടെ കാറും വീടും ബാങ്ക് നോട്ടമിട്ടു.അതും ഉടനെ അവർ കൊണ്ടുപോകും.അതുവരെ ഒന്നും കാത്തിരിക്കുവാൻ വയ്യ ...മറ്റുള്ളവരുടെ മുന്നിൽ തൊലിയുരിഞ്ഞു നില്ക്കാൻ വയ്യ ....

ഓ ..അതൊരിക്കൽ ഉണ്ടായിട്ടുണ്ട് അതോടെ ആണല്ലോ ഭാര്യയും മക്കളും വീട് വിട്ടു പോയത് .ആരും വീട്ടിലില്ലാത്ത സമയത്താണ് അപ്പുറത്തെ ഫ്ലാറ്റിലെ ഹിന്ദികാരി ഭാര്യയെ അന്വേഷിച്ചു എന്റെ  ഫ്ലാറ്റിലേക്ക് വന്നത് ..ഭാര്യ ഇല്ലെന്നു പറഞ്ഞിട്ടും അവർ അകത്തേക്ക് കയറി.ഭാര്യയെ പോലെ ഹിന്ദി അത്ര അറിയാത്തതുകൊണ്ട് അവരുടെ വരവിന്റെ ലക്‌ഷ്യം പെട്ടെന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞില്ല..അവരുടെ ഉദ്യേശ്യം പിടികിട്ടിയപ്പോൾ  സഹകരിക്കാതിരിക്കുവാനും കഴിഞ്ഞില്ല.ഞാൻ അത്രക്ക് "പോങ്ങൻ " ആണെന്ന്  അവർ വിചാരിച്ചാലോ .. അത് കണ്ടു കൊണ്ടായിരുന്നു ഭാര്യയുടെ വരവ് ...അതോടെ അതിനൊരു തീരുമാനമായി.മക്കളെയും വിളിച്ചുകൊണ്ടു അവൾ ഇറങ്ങി പോയി.

ഇത്രയുമാണ്  മരണത്തിനു മുൻപ് എനിക്ക് പറയുവാനുള്ളത് .ആത്മഹത്യ ചെയ്യുമ്പോൾ പലരും ചെയ്യുന്നതുപോലെ സകലരെയും കുറ്റം പറഞ്ഞു സ്വയം ന്യായീകരിക്കുക .അത്രയെ ഞാനും ചെയ്യുന്നുള്ളൂ ..എന്റെ  മരണം നിഗൂഡമാകരുതെന്നു എനിക്ക് തോന്നി .അത് കൊണ്ടാണ് ഇത്രയും പറഞ്ഞത് ...സോറി ഫോർ  ദി  ആത്മഹത്യ.

കഥ :പ്രമോദ് കുമാർ .കെ.പി
ചിത്രങ്ങൾ : ആർട്ട്  ഇൻ ദി വേൾഡ് (ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ )

Saturday, April 5, 2014

പറയാതെ വയ്യ

ഇപ്പോള്‍  ഫെമിനിസം (അത് തന്നെയാണോ  അതിന്  പേര് ?) തമ്മില്‍ അടി തുടങ്ങിയിരിക്കുകയാണ്  ഫേസ് ബുക്കില്‍.. പ്രതീക്ഷിച്ചതാണ് അത് എന്നെങ്കിലും ...പക്ഷെ ഇത്ര തറ നിലവാരത്തിലേക്ക്  പോകുമെന്ന്  പ്രതീക്ഷിച്ചില്ല.

ഈ ഫെമിനിസം കണ്ടാല്‍ എങ്ങിനിരിക്കും ?അഹങ്കാരിയാണോ ...കയ്യും കാലും തലയുമുണ്ടോ ...അത് നമ്മളെ കടിക്കുമോ ?..ആ ...ആര്‍ക്കറിയാം .. .അതൊരു ഭീകരജീവി തന്നെയാണ് ..അത് സത്യം ..കുറച്ചു ദിവസമായി ഫേസ് ബുക്കില്‍ കാണുന്നതും വായിക്കുന്നതും ഒക്കെ വെച്ച് നോക്കുമ്പോള്‍ ...

എതെങ്കിലും ഒരു ഫീ മെയില്‍  "ഞാന്‍ ഇന്ന്   തൂറി  "എന്ന് പോസ്റ്റ്‌ ചെയ്‌താൽ ആ വിസർജനം ചുമക്കാൻ ആളുകൾ ഓടി കൂടും ..കമന്റ്  ലൈക്‌  എന്നിവ അഞ്ഞൂറ് കവിയും..(അസൂയയുണ്ട് ....സമ്മതിക്കുന്നു.).മുൻപ് കുറച്ചു പേര് മാത്രം ഉണ്ടായിരുന്ന ഫീമയിലുകൾ  ഈ പ്രവണത നന്നായി രുചിച്ചു പോന്നു.മെയിൽ പോസ്റ്റുകൾക്ക്‌ അത് എത്ര നല്ലതായാലും  അറിവു പകരുന്നത് ആയാലും വലിയ പ്രചാരമോന്നും   കിട്ടിയതുമില്ല .ഇന്നും കിട്ടുന്നുമില്ല വെറുതെ വലിയ പ്രതീക്ഷയോടെ പലരും എഴുതി കൂട്ടിയത്  അടിയിലോട്ട്  മുങ്ങിപോയി....മലയ്ഷ്യന്‍ വിമാനം പോലെ കണ്ടുപിടിക്കുവാന്‍ പറ്റാത്തത്ര ആഴത്തില്‍ ..

ചില "മുഖമില്ലാത്ത" എഴുതുവാൻ അറിയുന്ന "ഫീമെയിലുകൾ" എരിവും പുളിയും കൂടുതൽ പകർന്നു പുരുഷുകളെ രസം പിടിച്ചപ്പോൾ അവരുടെ ഐഡാന്റിറ്റിയിൽ  പലർക്കും സംശയം വന്നു ...പിന്നെ പുരുഷുകൾ   അവരെ  കുറിച്ച്  അന്വേഷണമായി ..സി .ബി ഐ  ഡയറി കുറിപ്പ്  മൂന്നു നാല് ഭാഗം കണ്ട മല്ലൂസിനു ഇതിനു പിന്നിൽ  ഫയിക് ഐ ഡി ആണെന്ന് കണ്ടെത്തുവാൻ  വലിയ കാലമൊന്നും വേണ്ടി വന്നില്ല...അതോടെ ഫേസ് ബുക്കിൽ  വിലസിയ മുഖമില്ലാത്ത മങ്കമാർ പലരും തിരസ്കരിക്കപെട്ടു.മുഖമുള്ള മങ്കമാർക്ക് വലിയ ഡിമാണ്ടും വന്നു...നല്ലതും ശരിയായതുമായ പോസ്റ്റുകൾ അവരിലൂടെ വന്നപ്പോൾ അവര്ക്ക് നല്ല സൌഹൃദ കൂട്ടം ഉണ്ടായി.കൂടുതലും ആണുങ്ങൾ തന്നെ ...അത് നമ്മുടെ ആണുങ്ങളുടെ ഒരു ബാലഹീനതയായി  പോയില്ലേ ...ആളുകള്  കൂടിയപ്പോൾ  അവർക്കിടയിൽ വിഷയ ദാരിദ്രം ഉടലെടുത്തു .അതോടെ അവർ ചളിയിലെക്കിറങ്ങി .ആ  ചളികൾ കഴുകി കളയാൻ വലിയൊരു കൂട്ടം പിന്നിലുണ്ടെന്ന് അവർ മനസ്സിലാക്കി.ചളി പോസ്റ്റുകളുടെ എണ്ണം കൂടി കൂടി വന്നു.കഴുകുന്നവരും ...

അതോടെ  മങ്കമാർ  ഉഷാറായി .അവരുടെ പോസ്റ്റുകൾ തമ്മിൽ ഒരു മത്സരം ഉടലെടുത്തു.പലര്ക്കും ലൈക്ക് ,കമണ്ട് അടിച്ചു പുളകം കൊണ്ട് മെയിൽ മുഖങ്ങളും..അതോടെ  എഴുതുന്ന മുഖമുള്ള മങ്കമാർ കൂടി കൂടി  വന്നു  വിഷയങ്ങളും...ശ്രധിക്കപെടാതെ വിസ്മ്രിതിയിലേക്ക്  പോയ മുഖമില്ലാത്ത മങ്കകൾ  ഒന്ന് രണ്ടു ദിവസം സ്വന്തം മുഖത്തോടെ പ്രത്യക്ഷപെട്ടു മുഖം വെക്കാത്ത കാരണം ദയനീയതയോടെ വെളിപ്പെടുത്തി  ,പിന്നെയും മുഖമില്ലാതെ പോയപ്പോൾ അവരെ ആണുങ്ങൾ കൈവിടാതെ മുറുകെ തന്നെ പിടിച്ചു.

പത്തു തലകൾ ഒന്നിച്ചു ചേർന്നാലും നാല് മുലകൾ ഒന്നിക്കില്ല എന്നത് സത്യമായി ഭവിച്ചു.മങ്കമാരുടെ പോസ്റ്റുകൾ തമ്മിൽ കിടമത്സരം തുടങ്ങി .ദന്തഗോപുരത്തിൽ വസിച്ചു ബാത്ത് ടബ്ബിൽ കുളിക്കുന്നവരൊക്കെ അതിനെ കുറിച്ചായി പോസ്റ്റ്‌ ..അത് നമ്മുടെ നാട്ടിൽ നടക്കില്ല എന്ന് പറഞ്ഞപ്പോൾ  ഫേസ് ബുക്കിൽ  വരുന്നവരൊക്കെ  പണകാർ  ആണെന്നും അങ്ങിനെ കുളിച്ചാൽ മതിയെന്നുമായി .പാവപെട്ടവർ ഒരിക്കലും ഈ പോസ്റ്റ്‌ ഫേസ് ബുക്ക്‌ കാണില്ല എന്നുംഅതിനെ എതിര്ക്കുവാൻ  മങ്കമാർ തന്നെ ഇറങ്ങി .ഇതിനെതിരായി പോസ്റ്റുകൾ വന്നു .മറ്റേ പോസ്റ്റിനെ ചീന്തിയെറിഞ്ഞു . ..വെള്ളമില്ലാതെ കഷ്ട്ടപെടുന്ന സാധാരണ ജനത്തിന്റെ അവസ്ഥ ഒരിക്കലും അവര്ക്ക്  മനസ്സിലാകില്ലെന്ന്  വരുത്തി തീർത്തു .പാവപെട്ടവന്റെ ദുരിതവും യാതനയുമാണ്‌ ഇവിടെ കൂടുതൽ ചിലവാകുക എന്ന് മനസ്സിലാക്കിയ മങ്കമാർ വിജയിച്ചു.

പ്രണയം എന്നാൽ എല്ലാവരും വീഴുന്ന വികാരമാണെന്ന്  അറിയുന്ന അവർ പ്രണയ പോസ്റ്റുകൾ ഓരോന്നായി ഇറക്കി തുടങ്ങി ...സ്വതം പോസ്റ്റിനു  വേണ്ടി പരസ്പരം കടിപിടി കൂടി ..വിവാഹത്തിന് ശേഷവും പ്രണയത്തെ കുറിച്ച് എഴുതുന്നവരൊക്കെ  സ്വന്തം കിടക്കയിൽ ഭർത്താവിനെ കൊണ്ട് സുഖം കിട്ടാത്തവരാനെന്നു പോലും  പറഞ്ഞു കളഞ്ഞു ചില ആധുനിക  മങ്കമാർ .തമ്മിൽ തമ്മിൽ  പോസ്റ്റുകൾ  കൊണ്ട് പൊരിഞ്ഞ അടി തുടങ്ങി.ചോര കുടിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും കുറെ ശിഖണ്ടികളും ...അങ്ങിനെ അത് ഫേസ് ബുക്കിൽ പരസ്യമായ വിഴുപലക്കിലെക്കും ആരോഗ്യപരമായി നല്ലത്  അല്ലാത്ത ചില പ്രശ്നം ഉണ്ടാക്കുവാൻ തുടങ്ങി.അഭിപ്രായം പറഞ്ഞവരുടെ ഒന്ന് മറിയാത്ത കുട്ടികളിലേക്കും കുടുംബത്തിലേക്കും ഒക്കെ വാക് ശരങ്ങൾ പോയി തുടങ്ങി ..അത് തുടർന്ന് കൊണ്ടിരിക്കുന്നു മൂന്നു നാല് ദിവസമായി ...


ചിലപ്പോൾ ഇവർ ഒറ്റയ്ക്കും കാര്യസാധ്യത്തിനു വേണ്ടി കൂട്ടായും ഇപ്പോൾ  ചേരികളായി
 തിരിഞ്ഞു പൊരുതി. കളിക്കുന്നു.പാവം തകര്ക്കപെടുന്നത് ഇവരൊക്കെ കാത്തു സൂക്ഷിച്ച സംസ്കാരമാനെന്നു മനസ്സിലാക്കുനില്ല ..

നല്ല കുറെ പേരുണ്ട്  ..അവർ കഥയും കവിതയും ഒക്കെയാണ്  എഴുതി പോസ്റ്റ്‌ ചെയ്യുന്നത്.അവർ ഈ മാതിരി ചന്തക്കാരി പെണ്ണുങ്ങളുടെ പണി ചെയ്യുനില്ല.അവര്ക്ക് അറിയാം അവരുടെ പോസ്റ്റുകൾ എത്രമാത്രം മറ്റുള്ളവർ ആസ്വതിക്കപെടുന്നുണ്ട് എന്നത് ..അവര്ക്ക് അതാണ്‌ സന്തോഷം നല്കുന്നതും .ഈ അടിപട  കൂട്ടത്തിൽ തന്നെ പലരും നല്ല എഴുത്തുകാരാണ് നല്ല ഭാവനയുല്ലാവരും ...എന്നാൽ അവരുടെ കഴിവ് നല്ല രീതിയിൽ ഉപയോഗപെടുത്താൻ മിനക്കെടാതെ കുടുംബത്തെ മുഴുവൻ പറയിപ്പിച്ചു മുന്നോട്ടു പോകുവാനുള്ള താല്പര്യം കാണുമ്പോൾ അവരെ പുച്ചത്തോടെ  വീക്ഷിക്കുന്നതാണ് നല്ലത് ....നന്നാകുമെങ്കിൽ  മനസ്സുണ്ടെങ്കിൽ കാര്യങ്ങൾ മനസ്സിലാക്കി നേർവഴിക്കുപോകണം ...പ്രാർഥിക്കാം ....നേരായ വഴി കാണിച്ചു കൊടുക്കുവാൻ....

വാൽകഷ്ണം : ഞാൻ പറയുവാനുള്ളത് പറഞ്ഞു .ഇത് വായിച്ചു ആര്കെങ്കിലും കുരു പോട്ടുന്നുവെങ്കിൽ ചൊറിച്ചൽ ഉണ്ടാകുന്നുവെങ്കിൽ സ്വയം ഇരുന്നു മാന്തുക .എനിക്കിട്ടു മാന്തരുത് ..ആ സമയം ചിന്തിക്കുക ഇങ്ങിനെ മാന്തി പൊട്ടിക്കണമോയെന്നും .... ഈ പോസ്റ്റ്‌ കൊണ്ട് എല്ലാവരും ഒറ്റകെട്ടായി എനിക്കെതിരെ തിരിഞ്ഞാൽ സന്തോഷം ....അങ്ങിനെ എങ്കിലും ഒന്നാകുമെങ്കിൽ ...

-പ്രമോദ് കുമാർ .കെ.പി 
ചിത്രങ്ങള്‍  :ആർട്ട്  ഇൻ ദി വേൾഡ് (ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ )

Wednesday, April 2, 2014

കലാലയ നൊമ്പരങ്ങള്‍

ഒരിക്കലും മറക്കുവാന്‍ പറ്റാത്ത കലാലയ കാലം .സ്കൂള്‍ പഠിപ്പും മറ്റും കഴിഞ്ഞു അന്യ നാട്ടിലെ കലാലയ ജീവിതം..മിക്സഡ്‌ സ്കൂളില്‍ പഠിക്കാത്തത് കൊണ്ട് ആദ്യകാലങ്ങളില്‍ പെണ്‍കുട്ടികളുടെ ചിരി തന്നെ അസഹ്യമായ സമയം..ഒരു നാണം കുണുങ്ങി പയ്യനായി കാമ്പസിൽ ഒതുങ്ങി നടന്നു.പഠിത്തത്തില്‍ മാത്രം ശ്രദ്ധ...പെണ്‍കുട്ടികളെ കണ്ടാൽ ഒഴിഞ്ഞു മാറുവാനും ..പക്ഷെ ഒരു വര്‍ഷംകൊണ്ട് മനസ്സിലായി ഇത് നമുക്ക് പറ്റിയ പണിയല്ല അതോടെ ഉള്ള ധൈര്യം വെച്ച്  അവരോടു സംസാരം തുടങ്ങി. .കൂട്ടുകാരും സഹായിച്ചു ..അവിടുന്ന് ഇറങ്ങുമ്പോൾ നല്ല ഒരു പഞ്ചാരകുട്ടനായിരുന്നു.

.പിന്നെ നമ്മുടെ കണ്ണൂര്‍ ഐ റ്റി ഐ  കാമ്പസിൽ .വനിതാ ഐ ടി ഐ  കൂടിയുള്ള അവിടെ എനിക്ക് ചാകര ആയിരുന്നു..അത് കൊണ്ട് കാമ്പസിൽ കാണുന്ന പിള്ളേരെ ഒക്കെ പഞ്ചാര അടിച്ചു .കൂട്ടിനു പ്രദീപനും യൂസഫും ബോണിയും മധുവും   ഒക്കെ .എസ് .എഫ് ഐ യുടെ കുത്തകയായിരുന്നു അവിടം.അന്നേരം എനിക്ക് വ്യക്തമായ രാഷ്ട്രീയം ഇല്ല.നമ്മുടെ ക്ലാസ്സിൽ ഉള്ള കൂട്ടുകാർ ഒക്കെ ആ കൊടിക്ക് കീഴിലും.യൂസഫ്‌ ആണെങ്കിൽ അവിടുത്തെ  എസ് .എഫ് ഐ യുടെ നേതാവും കൂടാതെ എന്നെ പോലെ പഞ്ചാര പ്രിയനും..നമ്മൾ തമ്മിൽ എന്തോ ഒരു ആത്മബന്ധം ഉടലെടുത്തു. അങ്ങിനെ ഞാനും യൂസഫും ചക്കയും ഈച്ചയും പോലെ കഴിയുന്ന കാലം.അവൻ ചെയർമാൻ  ആയി മത്സരിക്കുന്നു.അവനു വേണ്ടി രാഷ്ട്രീയം നോക്കാതെ നമ്മുടെ ട്രേഡ്  മുഴുവൻ പ്രവർത്തിച്ചു ..അത് കൊണ്ട് ആ കാമ്പസിലെ പല വമ്പന്മാരെയും വബത്തികളെയും  പരിചയപെട്ടു,അവരെയൊക്കെ കൂട്ടുകാരാക്കി.അവരുടെ കീഴിൽ പിച്ചവെച്ച ഞാനും  കാമ്പസിൽ പരിചിത മുഖമായി.പക്ഷെ നമ്മൾ ചിലർ പ്രവർത്തനത്തെകാൾ  പെണ് പിള്ളേരുമായി  സംസാരിക്കുവാനാണ്  കൂടുതൽ സമയം കണ്ടെത്തിയത്.പഞ്ചാര കിട്ടാത്ത അവസരങ്ങള്‍ നല്ലപോലെ പ്രവര്‍ത്തിച്ചു.അതൊക്കെ കൊണ്ടാവാം വമ്പിച്ച ഭൂരിപക്ഷത്തിൽ അവൻ വിജയിച്ചു.യൂസഫ്‌  എന്ന നേതാവിലൂടെ ഞാനും കൂടി കാമ്പസിൽ അറിയപെട്ടു .നിഴലായി അവനോടൊപ്പം ഞാനും ...ചെയർമാന്റെ അടുത്ത കൂട്ടുകാരൻ എന്നത് കൊണ്ട്  എല്ലാവരില്‍ നിന്നും നല്ല പരിഗണനയും കിട്ടി.


തിരഞ്ഞെടുപ്പിന്  ശേഷം   കൊടിയുടെ നിറം നോക്കാതെയുള്ള സൌഹൃദങ്ങൾ .നമ്മൾ കുറച്ചു കൂട്ടുകാരികളും കൂട്ടുകാരും "ബൈപ്രംസ് " എന്ന പേരിൽ അറിയപെട്ടു.എല്ലാവരുടെയും ആദ്യാക്ഷരങ്ങൾ ചേർന്ന് ഒരു കൂട്ടുകാരി ഉണ്ടാക്കിയ പേര്.സിനിമ കണ്ടുംകൂൾബാറിൽ പോയും ടൂറുകൾ പോയും ഉത്സവം പങ്കുകൊണ്ടും പഞ്ചാരയടിച്ചും പരസ്പരം വീടുകൾ  സന്ദർശിച്ചും ഇണങ്ങിയും പിണങ്ങിയും നമ്മൾ കലാലയ ജീവിതം മനോഹരമാക്കി.അതിനിടയിൽ ചില പ്രേമങ്ങൾ ഒക്കെ ഉടലെടുത്തു.അതൊക്കെ  കാമ്പസിലെ മറ്റുള്ളവർ അറിയാതെ കൊണ്ടുപോയി.പക്ഷെ "ബൈ പ്രംസ് " അറിയാതെ ഒന്നും നടന്നില്ല.ഒഴിവു ദിനങ്ങള്‍ വേണ്ട എന്നുപോലും തോന്നിപോയ കാലം.


അങ്ങിനെ ഒരു ദിവസം തലശ്ശേരി അമ്പലത്തിലെ ഉത്സവം.എല്ലാവരും പോകുവാൻ പ്ലാൻ ചെയ്ത ദിവസം രാവിലെ ബോണി വന്നു പറഞ്ഞു

" ഇന്നലെ വൈകുന്നേരം ബസ്സിലെ കിളി  കയറാൻ വിട്ടില്ല എന്ന് മാത്രമല്ല തള്ളി താഴെയും ഇട്ടു"

.നമ്മുടെ വിദ്യാര്‍ഥികളുടെ രക്തം ചൂടുപിടിച്ചു.ബസുകാര്‍ എന്നും കുട്ടികള്‍ക്കൊരു  വീക്നെസ്  ആയിരുന്നു.അവരുമായി കൊര്‍ക്കുവാനുള്ള ഒരു സന്ദര്‍ഭവും പാഴാക്കാറില്ല.നമ്മൾ ഒന്നടക്കം ആ ബസ്‌ വരുന്നതും കാത്തു റോഡിലേക്കിറങ്ങി .ബസ്സിനെ കണ്ട നമ്മൾ കുറേപേര്‍  റോഡിൽ കയറി നിന്നു .സ്പീഡിൽ വന്ന ബസ്‌ റോഡിൽ കുട്ടികളെ കണ്ടാൽ നിൽക്കുമെന്ന നമ്മുടെ ധാരണ തിരുത്തി അത് മുന്നോട്ട്‌ കുതിച്ചു .പലരും ചെറിയ വ്യതാസത്തില്‍ തെന്നി മാറി പക്ഷെ യൂസഫിന് മാറാൻ പറ്റിയില്ല ..അപ്പോഴേക്കും അവനെ ബസ്‌ ഇടിച്ചു തെറിപ്പിച്ചിരുന്നു . ചോരയിൽ കുളിച്ച അവൻ റോഡിൽ കിടന്നു പിടഞ്ഞു.ഐ ടി ഐ യിലെ തന്നെ വണ്ടിയിൽ കണ്ണൂര് കൊയിലി ഹൊസ്പിറ്റലിൽ എത്തിച്ചു എങ്കിലും സീരിയസ്  ആയതിനാൽ മെഡിക്കൽ കോളേജിൽ കൊണ്ട് പോകുവാൻ പറഞ്ഞു.അന്ന് കുട്ടികള്‍ അതുവഴി വന്ന ബസ്സുകളൊക്കെ തടഞ്ഞു...ചിലതിനെ തകര്‍ത്തു .നേതാക്കള്‍ ഇടപെട്ടാണ് അവരെയൊക്കെ സമാധാനിപ്പിച്ചത് .

  അബോധാവസ്ഥയിലുള്ള അവനെ കണ്ടു കൊണ്ടാണ് അന്ന് കോഴികോട് മെഡിക്കൽ കോളേജ് വിട്ടത്.മനസ്സ് മുഴുവൻ പ്രാർത്ഥനയുമായിരുന്നു.അവൻ തിരിച്ചുവന്നാൽ മുത്തപ്പസന്നിധിയിൽ എത്തിക്കാമെന്നും നേർച്ച നടത്തി.അത്  ഒരാളോട് മാത്രം പറഞ്ഞു യൂസഫിനെ ഇഷ്ടപെട്ട പെണ്‍ കുട്ടിയോട് മാത്രം..അവളുടെ ദയനീയ മുഖം കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു .

"അവനു ഒന്നുമില്ല മുത്തപ്പന്‍ സഹായിച്ചു അവന്‍ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചു വരും ..ഞാന്‍ നേർന്നിട്ടുണ്ട് .അവനെയും കൊണ്ട്  ഞാൻ പറശിനിയിൽ പോകും ... "

പിന്നീടു രണ്ടു തവണ കൂടി അവനെ കാണുവാൻ പോയെങ്കിലും അവിടുത്തെ കുറെ നിബന്ധനകൾ കൊണ്ട് കാണാൻ അനുവാദം കിട്ടിയില്ല.അന്നെരമോക്കെ അവൻ അബോധാവസ്ഥയിലും ...സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ് അവന്റെ കിടപ്പ്  എന്നറിഞ്ഞപ്പോൾ കാണുവാനുള്ള ആഗ്രഹം ഉപേക്ഷിച്ചു.കണ്ണൂരിൽ നിന്നും കോഴികൊടിലെക്കുള്ള  ദൂരം ,യാത്രക്കുള്ള പണം ,അത്രയും യാത്ര പോകുവാൻ വീട്ടിൽ നിന്നും ലഭിക്കേണ്ട അനുവാദം ഒക്കെ ആ കാലത്ത് വലിയ ഒരു കടബയും ആയിരുന്നു.

അതിനിടയിൽ എല്ലാവരും ചേർന്ന് അവനു നല്ല ചികിത്സക്കുള്ള പണം കണ്ടെത്തുവാൻ മാർഗം ആരംഭിച്ചു.ഒരു ടീം ഉണ്ടാക്കി.എന്നെ ആ ടീമിൽ പ്രധാന മെമ്പർ ആക്കി.അങ്ങിനെ ദിവസം മുഴുവൻ  അലഞ്ഞു അവനുള്ള ചികിത്സക്ക് വേണ്ടിയുള്ള ഫണ്ട്‌ പിരിവിൽ മുഴുകി.ഇന്നത്തെ കാലം പോലെ മൊബൈൽ ഇല്ലാത്തതിനാൽ നമ്മൾ തമ്മിലുള്ള സംസാരവും നടനില്ല. .പാർട്ടികാർ മാറി മാറി അവിടെ പോയി അവനെയും കുടുംബത്തെയും സഹായിച്ചു .കിട്ടുന്ന പണം നമ്മൾ അവർ വശം കൊടുത്തയച്ചു..അവർ അവന്റെ  ആരോഗ്യനിലയെ  കുറിച്ചുള്ള കൃത്യമായ വിവരങ്ങളും കൊണ്ടുവന്നു.കുറെ ദിവസത്തെ ആശുപത്രി വാസവും വീട്ടിലെ റെസ്റ്റും ഒക്കെ കഴിഞ്ഞു അവൻ ഒരു ദിവസം കാമ്പസിൽ എത്തി.

എന്നെ കണ്ട അവൻ ആദ്യം മൈൻഡ് ചെയ്തില്ല ,എനിക്ക് വല്ലാതെയായി.കരഞ്ഞു പോകും എന്ന് വരെ തോന്നി.കുറച്ചു കഴിഞ്ഞു അവൻ അടുത്തു വന്നു പറഞ്ഞു

"ഞാൻ ചത്തിട്ടില്ല .....കെട്ടഡാ  മോനെ .. .."

എനിക്കൊന്നും മനസ്സിലായില്ല ..."നീ എന്താ യൂസഫെ പറയുന്നത് ?"

"ഞാൻ ചാവും എന്ന് കരുതിയാവും  നീ എന്നെ കാണുവാൻ വരാത്തത് അല്ലെ ?"

അതോടെ എൻറെ കണ്ണുകൾ നിറഞ്ഞു .ഒന്നും പറയുവാൻ തോന്നിയില്ല ഞാൻ പതുക്കെ അവിടുന്ന് മാറി.ഒരിക്കലും മനസ്സിൽ പോലും കരുതാത്ത കാര്യം.

.
.ഇവനെന്ത് പറ്റി ?

ആകെ തകർന്നുപോയ ഞാൻ അന്നത്തെ ക്ലാസ് ഉപേക്ഷിച്ചു റോഡിലേക്കിറങ്ങി .വെറുതെ ബസ്‌ ഷെൽട്ടറിൽ ഇരുന്നു.അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന വാഹനങ്ങൾ നോക്കിയിരുന്നു.എത്ര സമയം എന്നറിഞ്ഞില്ല ആരൊക്കെയോ വന്നു യൂസഫ്‌ വന്നതിനെ കുറിച്ചും മറ്റുമായി എന്തൊക്കെയോ ചോദിച്ചു പലതിനും മറുപടിയും പറഞ്ഞു എന്ന് തോന്നുന്നു.ചിലർ എന്തോ തൃപ്തരായില്ല ...ആള്‍കൂട്ടത്തില്‍ ഒറ്റപെട്ടവനായി ഞാനിരുന്നു...എന്റെയും യൂസഫിന്റെയും കുറെ നല്ല നിമിഷങ്ങള്‍  മനസ്സിലൂടെ കടന്നുപോയി.

കുറച്ചു   കഴിഞ്ഞു യൂസഫ്‌ ഓടി കിതച്ചു വന്നു ...ചിരിയോടെ കെട്ടിപിടിച്ചു  കൊണ്ട് ചോദിച്ചു

"എപ്പോഴാണ്  പറസ്സിനികടവ് മുത്തപ്പനെ  കാണുവാൻ പോകേണ്ടത് ?'

ഞാൻ സംശയത്തോടെ അവനെ നോക്കി .

"അവൾ എല്ലാം പറഞ്ഞു ..ആ ദിവസം തീ തിന്നു കൊണ്ടുള്ള നിന്നെ പറ്റിയും എനിക്കുവേണ്ടി പണം കണ്ടെത്തുവാനുള്ള നിങ്ങളുടെയൊക്കെ തത്രപാടിനെ കുറിച്ചും ....മാപ്പ് ....നിന്നെകുറിച്ച് അങ്ങിനെ ചിന്തിച്ചതിനും പറഞ്ഞതിനും ........ഒരു മണിക്കൂർ ആയി നിന്നെ കാമ്പസ് മുഴുവൻ തപ്പുകയാ ..നീ പിണങ്ങി പോയെന്നു കരുതി....അപ്പോൾ  ദിനേശൻ പറഞ്ഞു പിച്ചും പേയും പറഞ്ഞു നീ ഇവിടിരുപ്പുണ്ട് എന്ന് ....."

"എന്നാലും നീ അങ്ങിനെ എന്നെ പറ്റി പറഞ്ഞല്ലോ ....അതാ ...നിന്റെ ഉപ്പയെ പേടിച്ചാ വീട്ടിലും വരാഞ്ഞത് ...അവിടെ ചെന്നവരെയൊക്കെ  നിന്റെ ഉപ്പ....."

അവൻ എന്തൊക്കെയോ പറഞ്ഞു എന്നെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.ഞാൻ കരച്ചിൽ പിടിച്ചു നിർത്തി .നമ്മൾക്കിടയിലേക്ക് കടന്നു വന്ന "അവൾ " ചോദിച്ചത് കേട്ട് നമുക്ക് ചിരി പൊട്ടി.

"ഇതെന്താ ഇവിടെ ലവ് സീനോ ?..."

പത്തിരുപത്തിഅഞ്ചു വർഷം ആയിട്ടും തെറ്റിധരിക്കപെട്ട ആ നിമിഷം മനസ്സിൽ നിന്നും പോകുനില്ല.ഞാൻ എന്റെ ആ നേർച്ച "അവളോട്‌ " പറഞ്ഞില്ലയിരുന്നുവെങ്കിൽ ....എനിക്ക് ആലോചിക്കുവാൻ കൂടി കഴിയുനില്ല...ആ കൊല്ലത്തോടെ "ബൈപ്രംസ്‌ " ചിന്നഭിന്നമായെങ്കിലും എഴുത്തുകളിലൂടെ കുറച്ചുനാൾ പരസ്പരം അറിഞ്ഞു .എല്ലാവരും ജീവിതം കെട്ടിപടുക്കാനുള്ള ഓട്ടത്തി ലായിരുന്നു. പിന്നെ കാലപഴക്കത്തിൽ പരസ്പരമുള്ള എഴുത്തും  നിലച്ചു പോയി.ജീവിതയാത്രയിൽ പിന്നീടു  പലപ്പോഴായി  പലസ്ഥലത്തു വെച്ച് പലരെയും ആകസ്മികമായി കണ്ടു മുട്ടി.
.അപ്പോഴേക്കും അവരൊക്കെ  ഒരു ചിരിയോ ഷേക്ക്‌ ഹാണ്ടോ തന്നു യാത്ര പറയുവാൻ പറ്റുന്നത്ര പരസ്പരം അകന്നു പോയിരുന്നു. യൂസഫ്‌ സ്നേഹിച്ച "അവളെ " മാത്രം ഒരിക്കലും കണ്ടില്ല ..ഒരിക്കൽ പോലും എഴുത്തുകൾക്ക്  മറുപടിയും വന്നില്ല

  
ഇന്നും ആ വഴി പോകുമ്പോൾ യൂസഫും "അവളും "അവിടിരുന്നു സോള്ളുന്നത് പോലെ എനിക്ക് തോന്നും. നമ്മുടെ നാട്ടിലെ ജാതിയും മതവും അവർക്ക് ഒരിക്കലും ഒരുമിക്കുവാൻ അവസരം കൊടുക്കുമായിരുനില്ല. ..എല്ലാം മനസ്സിലാക്കിയ അവർ അതിനു തുനിഞ്ഞില്ല എന്ന് പറയുന്നതാണ് സത്യം .അത് കൊണ്ട് തന്നെയാവും അവൾ മറഞ്ഞിരിക്കുന്നതും .....

-പ്രമോദ്‌ കുമാര്‍.കെ.പി
ചിത്രങ്ങള്‍  :ഇന്റര്‍നാഷണല്‍ വാട്ടര്‍ കളര്‍ സോസെറ്റി

("വാസ്തവം " ഗ്രൂപ്പിലെ മത്സരത്തിന് വേണ്ടി എഴുതിയത് )