Saturday, August 27, 2016

തീവണ്ടിയില്‍ ഒരു വെളുപ്പാന്‍ കാലത്ത് (BASED ON A TRUE INCIDENT)

"എന്താ കൊച്ചിന് പ്രശ്നം? "

 ചോദ്യം കേട്ട് അവള്‍ തല ഉയര്‍ത്തി .അവള്‍ എന്ന് പറയുമ്പോള്‍  മുപ്പതിന്റെ മുകളില്‍ പ്രായം കാണും,കൊച്ചിന് ഇരുപതിനടുത്തും.ഒരു മനുഷ്യനു മൂന്ന് തരം വയസ്സുണ്ട് എന്നാണ് ഒരു സുഹൃത്ത്‌ പറഞ്ഞു തന്നത്.ഒന്ന് ഒറിജിനല്‍ ,രണ്ടു  കാണുന്നവര്‍ക്ക് തോന്നുന്നത് ,മൂന്നു മനസ്സില്‍ സ്വയം തോന്നുന്നത്.ഇപ്പോള്‍ ഞാന്‍ കാണുന്നവനാണ് അത് കൊണ്ടുള്ള ഒരു കണക്കുകൂട്ടല്‍ .

അവര്‍ എന്റെ മുഖത്തേക്ക് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.പാളത്തില്‍ വെച്ച് പരിചയപെട്ട, ഒപ്പമിരുന്ന പെണ്‍കുട്ടിക്കും ആകാംഷയായി.പറയണമോവേണ്ടയോ എന്ന് അവര്‍ ശങ്കിച്ച് നിന്ന്.രണ്ടുപേരെയും മാറി മാറി  നോക്കി.പൊടുന്നനെ അവന്‍ വീണ്ടും ബഹളം വെച്ചുകൊണ്ടിരുന്നു.ഒപ്പമുള്ള യാത്രകാര്‍ വളരെ ബുദ്ധി മുട്ടുന്നു എന്നവര്‍ക്ക് മനസ്സിലായി.അവരോടൊപ്പം ഒരു യുവാവും ഒരു പ്രായം  ചെന്ന ആളും ഉണ്ട് .യുവാവാണെങ്കില്‍ ഒന്നും ശ്രദ്ധിക്കുന്നു കൂടിയില്ല ..യുവാവാണെങ്കില്‍ ഫോണില്‍  എന്തൊക്കെയോ കുത്തി കളിക്കുന്നു..പ്രായമുള്ളയാള്‍ അവനെ പലതും പറഞ്ഞു ആശ്വസിപ്പിക്കുണ്ട് .പക്ഷെ ആര് കേള്‍ക്കാന്‍ .മടുത്തുപോയ പ്രായം ചെന്നയാള്‍ അസഹ്യതയോടെ  എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്.അവന്‍ ഓരോ കാര്യത്തിലും വാശി കാണിക്കുന്നു, നിര്‍ബന്ധമായി ഓരോന്ന് ആവശ്യപെടുന്നു .അത് കിട്ടില്ലെന്ന്  വരുമ്പോള്‍ ശബ്ദം ഉണ്ടാക്കുന്നു,അയാളുടെ ഷര്‍ട്ടില്‍ പിടിച്ചു വലിക്കുന്നു ,മുഖത്തു മാന്തുന്നു ..അങ്ങിനെ പലതരത്തിലും അവരെ ഉപദ്രവിച്ചുകൊണ്ടേയിരിക്കുന്നു.

പെട്ടെന്ന് അവന്‍ എഴുനേറ്റു തീവണ്ടിയുടെ വാതിലിനരുകിലേക്കോടി..പ്രായമുള്ള മനുഷ്യനു അവനെ  പിന്തുടരുക ബുദ്ധിമുട്ടായിരുന്നു ,യുവാവ് ആണെങ്കില്‍ അത് ശ്രദ്ധിച്ചു കൂടിയില്ല.അതിനും അവള്‍ക്കു തന്നെ പോകേണ്ടി വന്നു.അവള്‍ ആ ഡോര്‍ അടച്ചു കുറ്റിയിട്ടപ്പോള്‍ അവന്‍ ആ തറയില്‍ ഇരുന്നു ..വൃത്തികേടായ ആ തറയില്‍ അവനിരിക്കുന്നതില്‍ അവര്‍ക്ക് വലിയ വിഷമം ഉണ്ടെന്നു ആ മുഖം കണ്ടപ്പോള്‍ തോന്നി.അവര്‍ എത്ര പറഞ്ഞിട്ടും അവന്‍ ഒച്ച ഉണ്ടാക്കുന്നു ,അവരെ ഉപദ്രവിക്കുന്നു എന്നല്ലാതെ  അവിടുന്ന് അനങ്ങിയില്ല.അവര്‍ നിര്ബന്ധിക്കുമ്പോള്‍ അവന്‍ അവിടെ നിലത്തു കിടക്കും.അവര്‍ എല്ലാം സഹിച്ചു സഹികെട്ട് നിന്ന്.എന്തോ ആലോചിച്ചത്  പോലെ അവര്‍ വൃദ്ധനെ വിളിച്ചു

വൃദ്ധന്‍ അവിടെ  വാതിലിനരുകില്‍ എത്തിയപ്പോള്‍ അവര്‍ സീറ്റിലേക്ക് വന്നു .പെണ്‍കുട്ടി ഭയപ്പാടോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.അവള്‍ക്കു എന്തൊക്കെയോ സംഭവിചേക്കുമെന്ന ഭയമുണ്ടായിരിക്കും.സ്ത്രീ വന്നു അവളുടെ തൊട്ടരുകില്‍ സീറ്റിലിരുന്നു

"സാര്‍ ഒരു ഉപകാരം ചെയ്യുമോ ?"
"പറയൂ "
"അവനു പോലിസിനെ ഭയങ്കര പേടിയാണ് ..ഒന്ന് പോലീസ് ആയി അഭിനയിക്കുമോ ?"

എന്റെ മറുപടിക്ക്  നില്‍കാതെ  പ്രതീക്ഷയോടെ  അവര്‍ എഴുനേറ്റു ഡോറിനരുകിലേക്ക് നടന്നു .പെണ്‍ കുട്ടി കണ്ണുകള്‍ കൊണ്ട് പോയികൂടെയെന്നു യാചിച്ചു .അത്കണ്ടാവണം പിന്നാലെ ഞാനും ...അവിടെയെത്തിയ അവര്‍ എന്തൊക്കെയോ അവനോടു പറയുന്നുണ്ടായിരുന്നു .പെട്ടെന്ന് അവന്‍ എഴുനേറ്റു നിന്ന് ഭയത്തോടെ എന്നെ നോക്കി കൊണ്ടിരുന്നു.പോലീസ് വരുന്നുണ്ടെന്നു അവര്‍ അവനോടു പറഞ്ഞിരിക്കാം.

"എന്താ അവിടെ നില്‍ക്കുന്നത് ?" ഗൌരവത്തില്‍ എന്റെ ചോദ്യം വീണപ്പോള്‍ അവന്‍ കിടുങ്ങിയോ ?

'ഒന്നുമില്ല ..വെറുതെ "

" ഡോറിന്റെ അടുക്കല്‍ നിന്ന് യാത്ര ചെയ്യരുതെന്നറിയില്ലേ ...പോയി സീറ്റില്‍ ഇരിക്കൂ ":

അവന്‍ അനുസരണയോടെ സീറ്റിലേക്ക് നടന്നു  ..നന്ദി സൂചകമായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളും.പോകാനൊരുങ്ങിയ വൃദ്ധന്‍ എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു.നിങ്ങള്‍ ചോദിച്ചത് ഞാന്‍ കേട്ട്.അവള്‍ക്കു പറയാന്‍ ബുദ്ധിമുട്ടായിരിക്കും അത്കൊണ്ടാ പറയാത്തത് .ഞാന്‍ പറയാം.

'ചെറുപ്പം നല്ലവണ്ണം പഠിക്കുന്ന കുട്ടിയായിരുന്നു .അത് കൊണ്ട് തന്നെ നല്ല ഒരു മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടി ..പക്ഷെ അത് അവന്റെ നാശത്തിനായിരുന്നു എന്ന്  തോന്നുന്നു.സീനിയര്‍ കുട്ടികള്‍ റാഗ് ചെയ്തതാണ് ..അത് ഒരു പരിധിയില്‍ കൂടുതല്‍ ആയപ്പോള്‍ ഇവന്‍ പ്രതികരിച്ചു തുടങ്ങി.അതിനു അവര്‍ ഇവനെ ശാരീരികമായി ഉപദ്രവിച്ചു.മാനസികമായി തകര്‍ത്തു.ലഹരി സാധനങ്ങള്‍ നിര്‍ബ്ബന്ധപൂര്‍വ്വം ഉപോയോഗിപ്പിച്ചു ...കുറേകാലം ഹോസ്പിറ്റലില്‍ ആയിരുന്നു ..കേസായി ,ബഹളമായി , സസ്പെന്‍ഷന്‍  ആയി  ..എന്ത് പ്രയോജനം ..അവസാനം ഇവനെ ഇങ്ങിനെയാണ്‌ കിട്ടിയത്.എന്തിനും ഏതിനും വാശി ..ചില സമയത്ത് ആക്രമിക്കും.എന്റെ മോള് സഹിക്കുകയാ ..അവളെയാണ് ഇവന്‍ കൂടുതല്‍ വിഷമിപ്പിക്കുന്നത് ,ഉപദ്രവിക്കുന്നത് .അവളുടെ ദേഹമാകെ ഇവന്‍ മാന്തി കീറിയിരിക്കുകയാ .എന്തെങ്കിലും ആവശ്യപെട്ടു കൊടുത്തില്ലെങ്കില്‍ ഇവന്‍ അവളെ  ഉപദ്രവിക്കും..മുടി പിടിച്ചു വലിക്കും ,മാന്തി കീറും . .എന്ത് ചെയ്യാം അമ്മയായിപോയില്ലേ ...സഹിക്കുകയാണ് അവള്‍ ..സമാധാനത്തോടെ അവള്‍ ഉറങ്ങിയിട്ട് മാസങ്ങളായി എന്തിനു സന്തോഷിച്ചിട്ട് തന്നെ ...ഇപ്പൊ അവനെ ട്രീറ്റ്‌ മെന്റിന്  കൊണ്ട് പോകുകയാ ." നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ അയാള്‍ പറഞ്ഞു നിര്‍ത്തി

"അവന്റെ അച്ഛന്‍ ..?"


അയാള്‍ പറഞ്ഞു തുടങ്ങുപോഴെക്കും  ബഹളവും  കരച്ചിലും കേട്ടു..അവരുടെ സീറ്റില്‍ നിന്നാണ്.പല സീറ്റില്‍  നിന്നും ആള്‍കാര്‍ അവിടേക്ക് ഓടി കൂടുകയാണ്.എന്തെന്നറിയാതെ ഞാനും വൃദ്ധനും അങ്ങോട്ട്‌ കുതിച്ചു.ചെല്ലുമ്പോള്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു ..ആ യുവതിയുടെ കഴുത്തില്‍ രണ്ടു കൈകൊണ്ടും ഞെക്കി പിടിചിരിക്കുകയാനവന്‍..അവരുടെ കണ്ണ് തുറിച്ചു പുറത്തേക്ക് വരുന്നമാതിരി ..അവര്‍ ജീവന് വേണ്ടി പിടക്കുന്നുണ്ട് . ,പെണ്‍ കുട്ടി ഭയന്ന്പ വിറച്ചു  എഴുനേറ്റു നില്‍പ്പുണ്ട്.ആള്‍കാര്‍ അവന്റെ പിടി വിടുവാന്‍ ശ്രമിക്കുന്നുണ്ട് അവന്‍ വഴങ്ങുന്നില്ല അവനെ പിന്തിരിപ്പിക്കുവാനോ ,പിടിച്ചു മാറ്റുവാനോ അവരെ കൊണ്ടൊന്നും കഴിയുനില്ല.ഞങ്ങളും ശ്രമിച്ചു ..ഒരു ഫലവുമുണ്ടായില്ല..ചിലര്‍ അവനെ ഇടിക്കുന്നുണ്ട്‌ ..അതൊക്കെ അവന് ഒരു മാറ്റവും ഉണ്ടാക്കിയില്ല  ഇനിയും അവന്‍ അങ്ങിനെ തുടര്‍ന്നാല്‍ ഒരു മരണത്തിനു സാക്ഷി പറയേണ്ടി വരുമെന്ന് പലര്‍ക്കും തോന്നി തുടങ്ങി.പേടിച്ചു വിറച്ച പെണ്‍ കുട്ടി വിങ്ങി പൊട്ടി കരയുവാന്‍ തുടങ്ങി .അത് ഇനി നിലവിളിയായെക്കുമെന്നു ഭയന്ന ഞാന്‍ അവളെ കൂട്ടി തൊട്ടപ്പുറത്തുള്ള  സീറ്റില്‍ കൊണ്ട് പോയിരുത്തി...പേടിക്കേണ്ട  ഒന്നും സംഭവിക്കില്ലെന്നു പറഞ്ഞു ആശ്വസിപ്പിച്ചു.

നിസ്സഹായതയോടെ ഞങ്ങള്‍ നിന്ന് ...സമയം പോകുംതോറും ആ യുവതി അപകടത്തിലേക്ക് പോകുകയാണ് ആള്‍കാര്‍ പല അഭിപ്രായവും പറയുന്നുണ്ട് .പൊടുന്നനെ ആ സ്ത്രീ എവിടെ നിന്നോ കിട്ടിയ  ശക്തിയില്‍ കയ്യുയര്‍ത്തി ഒരടിയായിരുന്നു ..അവന്റെ തലയ്ക്കു തന്നെ കിട്ടി ...ആ അടിയില്‍ അവന് അവരുടെ കഴുത്തിലെ പിടി വിട്ടുപോയി..നല്ല ഒരടി കിട്ടിയിട്ടും വേദന പുറത്തു കാട്ടാതെ അവന്‍ അവിശ്വസനീയതയോടെ അവരെ തന്നെ നോക്കി നിന്ന്.ഒരിക്കലും പ്രതീക്ഷിക്കാത്ത ആളില്‍ നിന്നും അവനു ശിക്ഷ കിട്ടിയിരിക്കുന്നു.....അവനതു ഒരു ഷോക്ക്‌  ആയിട്ടുണ്ടാവും .അവന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി അത് പുറത്തേക്ക് ഒഴുകി കൊണ്ടിരുന്നു..ഒന്നും മിണ്ടാതെ  അനുസരണയോടെ  ശാന്തനായി  അവനവിടെ അവരുടെ അടുത്തു തന്നെ ഇരുന്നു
.
അവരപ്പോള്‍ കരഞ്ഞു കൊണ്ട്ചുമക്കുകയായിരുന്നു ,ചുമച്ചു കൊണ്ടെയിരിക്കുകയായിരുന്നു ..അപ്പോഴും അവര്‍ അവന്റെ തലയില്‍  ഒരു കൈ കൊണ്ട്  തഴുകി കൊണ്ടിരുന്നു  ...അവനു അടി കൊണ്ട മറ്റു സ്ഥലത്തും  തടവി കൊടുക്കുകയായിരുന്നു..അത്രക്ക് ശക്തിയായിട്ടാണ്  അവനെ പലരും  അടിച്ചതെന്ന് അവര്‍ക്ക് ബോധമുണ്ടായിരുന്നു. .അപ്പോഴേക്കും വീണ്ടും എല്ലാം സഹിക്കുന്ന ഒരമ്മയായി മാറിയിരുന്നു അവര്‍ ..അവരവനെ ചേര്‍ത്ത്  പിടിച്ചു .ഒരു കൈ അപ്പോഴും ശിരസ്സില്‍ തഴുകുന്നുണ്ടായിരുന്നു ..തന്റെ അടി അവനെ എത്രമാത്രം വേദനിപ്പിച്ചുണ്ടാകും എന്ന് ഓര്‍ത്തോ  എന്തോ അവരുടെ കണ്ണുകള്‍ ഒലിച്ചിറങ്ങി..ഇത് കണ്ടു നിന്ന പെണ്‍ കുട്ടിയും കരച്ചിലടക്കുവാന്‍ പാടുപെട്ടു.എത്ര  ഉപദ്രവിച്ചിട്ടും  അതില്‍ പരിഭവമില്ലാതെ  മകനെ സ്നേഹിച്ചു  തലോടുന്ന  ഒരമ്മയെ  അവള്‍ അവിടെ കണ്ടു.ഒരമ്മയുടെ വാത്സല്യം എന്തെന്ന് നേരിട്ട് കണ്ട അവള്‍ സ്വന്തം അമ്മയുടെ വാത്സല്യവും പരിരക്ഷയും  തിരിച്ചറിയാഞ്ഞിട്ടോ മനസ്സിലാക്കാത്തതുകൊണ്ടോ എന്തോ ഏങ്ങിഏങ്ങി കരഞ്ഞു കൊണ്ടിരുന്നു ..പുറത്തു ഒന്നും മിണ്ടാതെ ഓടി മറയുന്ന ജീവജാലങ്ങളെയും  നോക്കി ഞാനിരുന്നു.

കഥ :പ്രമോദ് കുമാര്‍,കെ,പി
ചിത്രങ്ങള്‍ :കേരള വാട്ടര്‍ കളര്‍ സോസെട്ടി ,ഗൂഗിള്‍
Saturday, August 13, 2016

തീവണ്ടി പാതയില്‍ ഒരു വെളുപ്പാന്‍ കാലത്ത് (BASED ON A TRUE INCIDENT)

നേരം വെളുത്തു വരുന്നതെ ഉള്ളൂ ..ഇന്നും വൈകി ...നേത്രാവതി കിട്ടുമോ ആവോ ? അയാള്‍ ധ്രിതി പിടിച്ചു കൊണ്ട് സ്റ്റേഷന്‍ ലകഷ്യമാക്കി നടന്നു.ചാറ്റല്‍ മഴ  നടത്തത്തിന്റെ വേഗത കുറക്കുന്നുണ്ട്‌.ആ വണ്ടിയിലാണെങ്കില്‍ വേഗമെത്താം.. സ്റ്റോപ്പ്‌ കുറവായതിനാല്‍ യാത്ര സുഖമാണ്. തിരക്കുണ്ടാകും അത് ഒന്ന് രണ്ടു സ്റ്റോപ്പ്‌  കഴിഞ്ഞാല്‍ മാത്രം .അപ്പോഴേക്കും സീറ്റ്‌ ഒക്കെ കിട്ടിയിരിക്കും .. മിക്കപോഴും ആ വണ്ടി പിടിക്കാന്‍  ശ്രമിക്കും ..അതിനു വേണ്ടി എന്നും നേരത്തെ ഇറങ്ങണം എന്ന് വിചാരിക്കും ..പക്ഷെ പലപ്പോഴും ഇത് തന്നെ ഗതി.എഴുനേറ്റു ഒരുങ്ങി വരുമ്പോഴേക്കും സമയം അതിന്‍റെ പാട്ടിനങ്ങു പോകും.പിന്നെ ഒരു ഓട്ടമാണ് .അത് കഴിഞ്ഞു പത്തു  മിനിട്ട് കഴിഞ്ഞാല്‍ ഒരു വണ്ടി കൂടി ഉണ്ട് ..ഉള്ള സ്റ്റോപ്പില്‍ ഒക്കെ നിര്‍ത്തി നിര്‍ത്തി ...അതങ്ങ് എത്തുമ്പോഴേക്കും മനുഷ്യന്‍ വലഞ്ഞുപോകും..ഭയങ്കര തിരക്കുമായിരിക്കും .

എല്ലാവര്ക്കും യാത്ര ചെയ്യണം.അത് കൊണ്ട് ആ വണ്ടി എല്ലാ സ്റൊപ്പിലും നിര്‍ത്തും ..പ്രധാന പട്ടണങ്ങളില്‍ മാത്രമല്ലല്ലോ ജനങ്ങള്‍ക്ക്‌ പോകേണ്ടത് .വണ്ടിയില്‍ കയറുന്നവന് എപ്പോഴും പെട്ടെന്ന് എത്തണം.അവനു കയറുന്ന സ്റ്റേഷനിലും  ഇറങ്ങുന്ന സ്റ്റേഷനിലുംമാത്രം നിര്‍ത്തിയാല്‍ വളരെ സന്തോഷം.അതിനിടയിലുള്ള യാത്രകാര്‍ എങ്ങിനെ പോയാലും അവനു കുഴപ്പമില്ല .അവനു മാത്രം വേഗം എത്തണം .മനുഷ്യര്‍ കൂടുതല്‍  സ്വാര്തന്മാരായി മാറുകയാണ്.അയാള്‍ ഓരോന്ന് ചിന്തിച്ചു വലിച്ചു നടന്നു..

റെയിലില്‍ കൂടി നടന്നാല്‍ വേഗം പ്ലാറ്റ് ഫോര്‍മില്‍ എത്താം..അയാള്‍ റോഡില്‍ നിന്നും റയിലിലേക്ക് കയറി..ഇതിലൂടെ നടക്കുവാന്‍ പാടില്ല എന്നറിയാം എന്നാലും വേറെ മാര്‍ഗമില്ല..കുറച്ചു ദൂരം നടന്നിരിക്കും..മുന്‍പില്‍ എന്തോ അനക്കം കേട്ട്  അയാള്‍ പെട്ടെന്ന് നിന്നു.ആ കുറ്റിചെടിക്കിടയില്‍ ആരോ ഉണ്ട് ..ദൈവമേ വല്ല പിടിച്ചു പറികാരും? ദേഹത്ത് ചെറിയൊരു വിറയല്‍ അനുഭവപെട്ടു.മനസ്സില്‍ ഭയവും .മുന്നോട്ടേക്ക്കു പോകുവാനാകാതെ അയാള്‍ അവിടെ തന്നെ നിന്നു.ഒരു വെളിച്ചത്തിനു  വേണ്ടി  പോക്കെറ്റില്‍   നിന്ന്  മൊബൈല്‍  എടുത്തു ...വേണ്ട ..കള്ളന്മാര്‍ ആണെങ്കില്‍  അതിനായിരിക്കും ആദ്യ ഉന്നം


. ദൂരെ ട്രെയിനിന്റെ ചൂളം വിളി കേട്ടു.നേത്രാവതി വരികയാണ് .ദൈവമേ ഇന്നും ആ  ട്രെയിന്‍ മിസ്സ്‌ ആകും.ഒന്ന് ഓടിയാല്‍ ചിലപ്പോള്‍ കിട്ടും.പക്ഷെ ഇരുട്ടത്ത്‌ നില്‍ക്കുന്നത് ആര് എന്നറിയില്ല .അയ്യാള്‍ ചിലപ്പോള്‍ അപായപെടുതിയേക്കാം.അതുകൊണ്ട് മുന്നോട്ടു പോകുവാനും അറച്ചു..ട്രെയിന്‍ അടുത്തു വന്നു കൊണ്ടിരുന്നു.

ആ വെളിച്ചത്തില്‍ അയാള്‍ കണ്ടു ,ഒരു പെണ്‍കുട്ടി പാളത്തിലേക്ക് കയറി പോകുന്നു.ശരീരമാസകലം ഒരു വിറയല്‍ അനുഭവപെട്ടു ..ഒരു മരണം കണ്മുന്നില്‍ നടക്കുവാന്‍ പോകുന്നു..വണ്ടി വേഗം കുറച്ചു അടുത്തു കൊണ്ടിരുന്നു,എവിടുന്നോ കിട്ടിയ ഒരു ശക്തി കൊണ്ട് അയാള്‍  മുന്നോട്ടേക്ക് കുതിച്ചു ..വണ്ടി കടന്നു പോകും മുന്‍പ് ആ പെണ്‍കുട്ടിയെ പാളത്തില്‍ നിന്ന് വലിച്ചു പുറത്തേക്കിട്ടു.കുതറിമാരുവാന്‍ ശ്രമിച്ച അവളെ വണ്ടി കടന്നു പോകുന്നതുവരെ കൈപ്പിടിയിലൊതുക്കി.ആ പരാക്രമത്തിനിടയില്‍ അവളുടെ കയ്യിലെ ബാഗ് തെറിച്ചു വീണു.അതിനുള്ളില്‍ നിന്നും ബുക്കും ചോറ്റു പാത്രമെല്ലാം പുറത്തേക്കു ചാടി.

വണ്ടി പോയതും യാന്ത്രികമായി അവളുടെ കയ്യിലെ പിടുത്തം വിട്ടു.അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു

" മരിക്കാനും വിടില്ലല്ലോ ആരും "

"എന്താണ് കൊച്ചെ ..അതിനു എന്താണുണ്ടായത് ?"

അവള്‍ ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ടിരുന്നു.തെറിച്ചു വീണ ബുക്കും പാത്രവുമെല്ലാം തിരികെ ബാഗില്‍ കയറ്റി അയാള്‍ അവള്‍ക്കു നേരെ നീട്ടി.ചോറ്റുപാത്രം തുറന്നു അത് മുഴുവന്‍ നിലത്തേക്കു  പോയിരുന്നു.രാവിലത്തെ വണ്ടിക്കു ഇവിടുന്നു ഏതോ നഗരത്തിലേക്ക് പഠിക്കുവാന്‍ പോകുന്ന കുട്ടിയായിരിക്കും..കാഴ്ചയ്ക്ക് അങ്ങിനെയാണ് തോന്നുന്നത് .യൂണിഫോറമാണ് ധരിച്ചിരിക്കുന്നത്‌ ..അതില്‍ തുന്നി പിടിപ്പിച്ച കോളേജിന്റെ പേര് ഇരുട്ടില്‍ അവ്യക്തമാണ്.

"ഞാന്‍ പരീക്ഷയില്‍ തോറ്റ് പോയി ....വീട്ടില്‍ അറിഞ്ഞാല്‍ അച്ഛന്‍ പ്രശ്നം ഉണ്ടാക്കും...വളരെ കഷ്ട്ടപെട്ടാണ് ഓട്ടോ ഡ്രൈവറായ  അച്ഛന്‍ എന്നെ നഗരത്തില്‍ പഠിക്കുവാന്‍ അയക്കുന്നത്.അതും പലയിടത്തുനിന്നും കടം വാങ്ങി....എന്നില്‍ അത്രയ്ക്ക് പ്രതീക്ഷയായിരുന്നു.പക്ഷെ ഒരു വിഷയത്തില്‍ തോറ്റുപോയി ..നല്ലവണ്ണം എഴുതിയതാ ...ജയിക്കുമെന്ന് ഉറപ്പായിരുന്നു ..പക്ഷെ റിസള്‍ട്ട് വന്നപ്പോള്‍ ....ഇതുവരെ വീട്ടില്‍ പറഞ്ഞിട്ടില്ല ..പറയുവാന്‍ പേടിയാ ..അതുകൊണ്ടാ ' അവള്‍ വീണ്ടും കരയുവാന്‍ തുടങ്ങി...

"കൊച്ചെ...രാവിലെ എഴുനേറ്റു അമ്മ പഠിക്കുവാന്‍  പോകുന്ന തനിക്കു വേണ്ടി കഷ്ട്ടപെട്ടുണ്ടാക്കിയ ഭക്ഷണമാണ് അവിടെ റെയിലില്‍ കിടക്കുന്നത്.അതിരാവിലെ എഴുനേറ്റു പഠിക്കുവാന്‍ പോകുന്ന മകള്‍ക്ക് വേണ്ടി അവര്‍ അവരുടെ ഉറക്കം നഷ്ട്ടപെടുത്തി പാചകം ചെയ്തത് ...പകലന്തിയോളം ഓട്ടോ  ഓടിച്ചു നടുവൊടിച്ചു അച്ഛന്‍ കഷ്ട്ടപെട്ടുണ്ടാകിയ പണം കൊണ്ടാണ് നീ പഠിക്കുന്നത് ,നീ വളരുന്നത്‌ ..ഒരു പരീക്ഷ പൊട്ടിയതിന്റെ പേരില്‍ നീ ജീവിതമാവസാനിപ്പിച്ചാല്‍  അവര്‍ ഇതുവരെ കഷ്ട്ടപെട്ടത്‌ ആര്‍ക്കു വേണ്ടിയാണു ...ഒരു നിമിഷം നീ അവരെ കുറിച്ച് ചിന്തിച്ചുവോ ?പരീക്ഷ ഇനിയും എഴുതി പാസ്സാവാം ..പക്ഷെ ജീവന്‍  പോയാല്‍ അത് തിരിച്ചു കിട്ടില്ല ..അത് നഷ്ട്ടപെടുത്തിയാല്‍ നിനക്ക് നിന്റെ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാം പക്ഷെ അതും പേറി ജീവിക്കുന്ന ഒരു കുടുംബമുണ്ടാവും ഒരിക്കലും തോരാത്ത കണ്ണീരോടെ ...അവര്‍ ഒരിക്കലും നിനക്ക് മാപ്പ് തരില്ല. അവരുടെ ശാപമായി പോകും നീ "

അവള്‍ നിലത്തു കുത്തിയിരുന്നു അയാളുടെ കാലുകളില്‍ പിടിച്ചുകരഞ്ഞു.എന്തോ ഓര്‍ത്തതുപോലെ പെട്ടെന്നവള്‍ പോക്കെറ്റില്‍ നിന്നും മൊബൈല്‍ എടുത്തു ഓണ്‍ ചെയ്തു ...അപ്പോള്‍ തന്നെ ബെല്ല്അടിച്ചു..

"അമ്മേ..ഇപ്പൊ എത്തിയതെ ഉള്ളൂ .വണ്ടി വന്നില്ല .ഓ ..അത് സ്വിച്ച് ഓഫ്‌ ആയി പോയതായിരുന്നു ശ്രദ്ധിച്ചില്ല "..

സംസാരത്തില്‍ നിന്നും അയാള്‍ ഊഹിച്ചു വീട്ടില്‍ നിന്നാണ് .മകള്‍ക്ക് വണ്ടികിട്ടിയോ എന്നറിയാന്‍ വിളിച്ചതാവം.

"സോറി അങ്കിള്‍ സോറി ...വീട്ടില്‍ ഉണ്ടാകുന്ന ഭൂകമ്പം ആലോചിച്ചപ്പോള്‍ മരിച്ചു കളയാനാണ് തോന്നിയത് ..ഇന്നലെ ഇത് എങ്ങിനെ പറയും എന്നുള്ള ടെന്‍ഷന്‍ കാരണം ഉറങ്ങിയതേയില്ല ..ഉറക്കമൊഴിഞ്ഞപ്പോള്‍ വന്ന മോശപെട്ട ചിന്തയാണ് അങ്കിള്‍ അത് ....ഞാന്‍ അച്ഛനെയും അമ്മയെയും എന്തിനു ആരെകുറിച്ചും ചിന്തിച്ചില്ല ..ഞാന്‍ ചിന്തിച്ചത് എന്നെ കുറിച്ച് മാത്രം എന്റെ പ്രശ്നങ്ങള്‍ ഇല്ലാതാക്കുവാന്‍ മാത്രം ..."

" നീ ആരെ കുറിച്ചും ചിന്തിച്ചില്ല ..പക്ഷെ നിന്റെ അമ്മ ഓരോ അണുവിലും നിന്നെ കുറിച്ച് ഓര്‍ക്കുന്നു ..മകള്‍ ഇവിടെ എത്തിയോ വണ്ടി കിട്ടിയോ എന്നൊക്കെ ...അത്രക്ക് വേവലാധിയാണ് ഓരോ അമ്മയ്ക്കും കുഞ്ഞുങ്ങളെ കുറിച്ച് ...നീ അത് ഓര്‍ത്തത്‌ പോലുമില്ലല്ലോ കുട്ടി "
'സാരമില്ല കുട്ടി..ചെയ്യാന്‍ പോയത് തെറ്റാണെന്ന് മനസ്സിലായല്ലോ...ഒരിക്കലും ജീവിതത്തില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും ഒളിചോടരുത് ..പ്രശ്നങ്ങള്‍ ഇല്ലതാകി സധൈര്യം വെല്ലുവിളികളെ നേരിട്ട് ജീവിക്കണം .തോറ്റുപോയ  വിഷയം ജയിക്കുമെന്ന്ന ഉറപ്പുണ്ടെങ്കില്‍   റീ വാല്യുവേഷന്  അയക്കുക അല്ലെങ്കില്‍  നന്നായി പഠിച്ചു പോയ വിഷയം എഴുതിയെടുക്കുക ..ഒരു പരീക്ഷയില്‍ തോറ്റെന്നു കരുതി അവസാനിപ്പിക്കേണ്ടതല്ല ജീവിതം..അനേകം പരീക്ഷണങ്ങളില്‍ കൂടി കടന്നു പോകുന്നതാണ് അത് .എല്ലാം പാസ്സാകണം എന്നില്ല പക്ഷെ ജീവിതത്തില്‍ തോറ്റുപോകരുത്‌   .വീട്ടില്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയുക ,അവര്‍ക്ക് കാര്യം മനസ്സിലാകും..അവര്‍ പ്രതീക്ഷിക്കാത്തത് കാണുമ്പോള്‍ വഴക്ക് പറയും  ചിലപ്പോള്‍ അടിക്കും ..അവരുടെ മകളാണ് നീ അവര്‍ക്ക് രക്ഷിക്കുന്നതുപോലെ ശിക്ഷിക്കുവാനും അധികാരമുണ്ട്‌ ..അവര്‍ ചെയ്യുന്നതെന്തും നിന്നോടുള്ള സ്നേഹം കൊണ്ടാണ്  "


അവള്‍ എല്ലാം കേട്ട് കൊണ്ടിരുന്നു..ഒരു നിമിഷത്തെ ബലഹീനതയില്‍ ചെയ്യാന്‍ പോയതിനെ കുറിച്ച് ,അതിന്റെ ഭവിഷ്യത്തുകള്‍ ഒക്കെ അവള്‍ മനസ്സിലാക്കിയിട്ടുണ്ടാകാം..പാവം കുട്ടികള്‍ ,അവര്‍ക്ക് സഹിക്കുവാന്‍ പറ്റുന്നതിലും കൂടുതല്‍ ഭാരം പേറേണ്ടി വരുന്നു .

"വരൂ അടുത്ത വണ്ടി വരാറായി ....നമുക്ക് അതിലെങ്കിലും പോകേണ്ടേ ?..." അയാളുടെ ചോദ്യം കേട്ട്
കരഞ്ഞു തുടുത്ത അവളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിയുന്നതയാള്‍ കണ്ടു

                    (ഒരു സംഭവം കൂടിയുണ്ട്  ഇതേ ദിവസം തന്നെ ..അതു ഒരിക്കല്‍  പറയാം )

കഥ :പ്രമോദ് കുമാര്‍ .കെ.പി
ചിത്രങ്ങള്‍ :കേരള വാട്ടര്‍ കളര്‍ സോസെറ്റി

Wednesday, June 22, 2016

രാത്രിയാത്രയില്‍ ഉറങ്ങാത്തവര്‍

മഴതുള്ളികള്‍ വന്നു ദേഹത്ത് പതിച്ചപ്പോള്‍ ഞെട്ടി എഴുനേറ്റു ...ഇനി ഉറക്കം കടന്നു വരുവാന്‍ വൈകും..മഴയില്‍ നിന്നും രക്ഷനേടാന്‍ ബസ്സിന്‍റെ ചില്ലടക്കുവാന്‍ തന്നെ  തീരുമാനിച്ചു.രാത്രിയാത്രയില്‍ അല്പം ചില്ല് തുറന്നു വെക്കുന്നതാണ് ശീലം.അടച്ചുപൂട്ടിയ ബസ്സിനുള്ളിലെ യാത്രയില്‍   പലപ്പോഴും വിമ്മിഷ്ട്ടം തോന്നാറുണ്ട്.അന്‍പതിനടുത്ത ആള്‍കാരുടെ ശ്വാസം പുറത്തേക്കൊന്നും പോകാതെ അവിടെ തന്നെ ചുറ്റി കളിക്കും.കൂടാതെ  അടച്ചുപൂട്ടിയ മുറിയില്‍ പെട്ടതുപോലെയുള്ള അസ്വസ്ഥത..ചില്ല് തുറന്നിട്ടാല്‍ അല്പം കാറ്റ് അകത്തേക്ക് കയറും .നല്ല ഉറക്കത്തിനു  അത് ആവശ്യമാണ്‌ രാത്രിയാത്രയില്‍ അതൊരു സുഖവുമാണ് .ചില്ല് വലിച്ചിട്ടു വീണ്ടും ഉറങ്ങാന്‍ വട്ടം കൂട്ടുമ്പോള്‍ അടുത്തിരിക്കുന്ന ആള്‍ തുറിച്ചു നോക്കുന്നു...


"" എന്താ സാറേ ഉറങ്ങുനില്ലേ ..."

'' ആയില്ല "

സംശയത്തോടെ വാച്ചിലേക്ക് നോക്കികൊണ്ട് പറഞ്ഞു "സാറേ രണ്ടു മണി കഴിഞ്ഞു.."

"എനിക്ക് രാത്രി യാത്രയില്‍ ഉറങ്ങാന്‍ കഴിയാറില്ല..."

" അപ്പൊ ഇനിയും നാലഞ്ചു  മണികൂര്‍ ഉറങ്ങാതെ ഇങ്ങിനെ ഇരിക്കുമോ ?"


"ഇരിക്കേണ്ടി വരും ...ഉറങ്ങാന്‍ ആഗ്രഹം ഇല്ലാത്തത് കൊണ്ടല്ല ..എനിക്ക് ഉറങ്ങാന്‍ പറ്റാറില്ല "

"കാരണം "?

"ഞാന്‍ ഷിഫ്റ്റില്‍  ജോലി ചെയ്യുന്ന ആളാണ്‌ ..പക്ഷെ നൈറ്റ്‌ ഷിഫ്റ്റ്‌ വന്നാല്‍ എന്നോട് ഉറങ്ങി പോകും ...എത്ര ശ്രമിച്ചാലും എനിക്ക് ഉറക്കം പിടിച്ചു വെക്കുവാന്‍ കഴിയാറില്ല "

"അപ്പൊ ഇപ്പോള്‍ പിടിച്ചു വെക്കുന്നതോ ?"

" ഇപ്പോള്‍ പിടിച്ചു വെക്കുന്നതല്ല ....പേടിച്ചിട്ടാണ് ...എന്നെ പോലെ ഈ ബസ്സിന്റെ ഡ്രൈവര്‍ ജോലി സമയത്ത് ഉറങ്ങിപോയാല്‍ ?"

ഞാനൊന്ന് ഞെട്ടി ..എങ്കിലും അത് പുറത്തു കാണിക്കാതെ പറഞ്ഞു

"ഹേയി ..അങ്ങിനെ സംഭവിക്കില്ല ..അയാള്‍ക്ക്‌ നമ്മള്‍ യാത്രകാരെ കുറിച്ച്  ഉത്തമബോധ്യമുണ്ടാകും  ഇത്രയും ആള്‍കാര്‍ അയാളെ വിശ്വസിച്ചാണ് യാത്ര  ചെയ്യുന്നതെന്ന് ....അത് കൊണ്ട് തന്നെ അയാള്‍ ഉറങ്ങാന്‍ ഇടയില്ല .ഈ റോഡില്‍  പത്തു നൂറു ബസ്സുകള്‍  അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു ..ഏതെങ്കിലും ഡ്രൈവര്‍  ഉറങ്ങി പോകുമോ ?...എന്നാലും ഇത്തരത്തിലുള്ള   അപകടങ്ങള്‍ സംഭവിക്കുന്നത്‌ വല്ലപ്പോഴും മാത്രം ..നിങ്ങള്‍ ധൈര്യമായി ഉറങ്ങികോളൂ ...ഈ ബസ്സ്‌ മുഴുവന്‍ ഉറങ്ങുകയല്ലേ...ആര്‍ക്കും ഇല്ലാത്ത പേടി താങ്കള്‍ക്കു മാത്രമെന്തിനാണ് ?

"എന്നാലും ....ട്രെയിന്‍ ആണെങ്കില്‍ പേടിക്കേണ്ടായിരുന്നു  ...പക്ഷെ ബസ്സ്‌ ....അത് പോകുന്ന  പാതയില്കൂടി അങ്ങോട്ടും ഇങ്ങോട്ടും താങ്കള്‍ പറഞ്ഞതുപോലെ നൂറുകണക്കിന് വണ്ടികള്‍ ചീറി പാഞ്ഞു പോകുന്നുണ്ട്...ഏതെങ്കിലും ഡ്രൈവര്‍ ഒരു നിമിഷം ഉറങ്ങി പോയാല്‍ മതി....ഈ ബസ്സിന്റെ  ഡ്രൈവര്‍ ആകണം എന്നില്ല ...ഈ റോഡിലൂടെ പോകുന്ന ഏതെങ്കിലും വണ്ടിയുടെ ഡ്രൈവര്‍ ആയാലും മതി .."

ഞാന്‍ അല്പം പേടിയോടെ കേട്ടിരുന്നു.

.ഞാന്‍ ഡ്രൈവറില്‍ കാണുന്നത് എന്നെ തന്നെയാണ് ...ഞാനും ജോലി കൃത്യമായി ചെയ്യണം ഉറങ്ങില്ല എന്നൊക്കെ തീരുമാനിച്ചാണ് ഓരോ രാത്രിയും ജോലിക്ക് കയറുക ..പക്ഷെ എനിക്ക് ഉറങ്ങാതിരിക്കാന്‍ കഴിയാറില്ല."

""ഓക്കേ ..ചേട്ടന്‍ എന്നാല്‍ ഡ്രൈവര്‍ക്ക് കമ്പനികൊടുത്തു ഉറങ്ങാതിരിക്കൂ ..എനിക്ക് ഉറക്കം വരുന്നു.''

ഞാന്‍ സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നു.പക്ഷെ കണ്ണുകള്‍ അടച്ചിട്ടും സമയം കടന്നു  പോയിട്ടും ഉറക്കം വന്നില്ല ..ഈ ബസ്സിന്റെ ഡ്രൈവര്‍ അല്ലെങ്കില്‍ ഈ റോഡിലൂടെ പോകുന്ന ഏതെങ്കിലും വാഹനത്തിന്റെ ഡ്രൈവര്‍ ഉറങ്ങിപോയാല്‍ ഉണ്ടാകുന്ന അപകടത്തെ കുറിച്ചോര്‍ത്തു എനിക്കും ഉറക്കം നഷ്ട്ടപെട്ടു.

ഇറങ്ങുന്ന സ്ഥലം എത്തുന്നതുവരെ വെറുതെ കണ്ണടച്ച് കിടന്നു ...ഉറക്കക്ഷീണം നനായിട്ടുണ്ടായിരുന്നു .ഇനി ഇന്ന് നടത്തേണ്ടുന്ന  കാര്യങ്ങള്‍ ഒക്കെ അവതാളത്തിലുമാകും . വെറുതെയാണ്  അയാളുമായി  സൌഹൃദ സംഭാഷണം  നടത്തിയത് .അയാളെ പ്രാകികൊണ്ട്‌ ഞാന്‍ എന്റെ  ടൌണില്‍ ഇറങ്ങി..അപ്പോഴും അയാള്‍ ഉറങ്ങാതെ അവിടെത്തന്നെ മിഴിചിരിക്കുന്നുണ്ടായിരുന്നു


കഥ :പ്രമോദ് കുമാര്‍.കെ.പി
ചിത്രങ്ങള്‍ :കേരള വാട്ടര്‍ സോസെറ്റി


Saturday, June 11, 2016

ഇനി തനിയെ

ഇനി ഈ വയസ്സുകാലത്ത് ഒറ്റയ്യ്ക്ക് ...ജീവിതത്തില്‍ എല്ലാം നേടി എന്നുള്ള അഹങ്കാരമായിരുന്നു ഇതുവരെ ..എത്ര പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്.സ്നേഹമയിയായ ഭാര്യ ,മകന്‍,മരുമകള്‍ ,ചെറുമകള്‍ എല്ലാവരും തന്നെ ഇവിടെ നിര്‍ത്തി കടന്നു കളഞ്ഞു.ഒരു വാക്ക് പോലും പറയാതെ.അവര്‍ ഉപേക്ഷിച്ചു പോകാന്‍ മാത്രം താന്‍ എന്ത് തെറ്റാണ്  ചെയ്തിരിക്കുക?അവര്‍ പോകുബോള്‍ തന്നെയും വിളിക്കാമായിരുന്നു ..പക്ഷെ വിളിച്ചില്ല .ഈ വയസ്സനെ കൊണ്ട് പോയിട്ട് എന്ത് പ്രയോജനം എന്ന് കരുതികാണും.


അതിര് കവിഞ്ഞൊഴുകിയ കൌമാരം തടുത്തു നിര്‍ത്തിയത് അവളായിരുന്നു.അവള്‍ ജീവിതത്തിലേക്ക് വന്നതില്‍ പിന്നെ അതിനു  അടുക്കും ചിട്ടയുമായി .കപ്പലോടിക്കുന്ന നാവികനെ പോലെ കാറ്റും കോളുംനിറഞ്ഞു ആടിയുലഞ്ഞ ജീവിതമെന്ന കപ്പലിനെ നേരെ വഴിക്ക് നയിക്കുവാന്‍ അവളും ഒപ്പമുണ്ടായിരുന്നു.എനിക്ക് വേണ്ടി അവളുടെ പല സ്വഭാവങ്ങളും ശീലങ്ങളും മാറ്റി .പലതും സഹിച്ചു.പക്ഷെ ഞാന്‍ പലപ്പോഴും തന്റെ ശീലങ്ങളിലും തന്നിഷ്ടങ്ങളിലും  ഉറച്ചു തന്നെ നിന്നപ്പോള്‍ അവള്‍ എതിര്‍ത്തുമില്ല ...അതിനു ചേരുന്ന വിധത്തില്‍ ഒപ്പം കൂടി.മുന്‍കോപകാരനായിരുന്ന എന്റെ കോപം പോലും അവള്‍ വളരെ ശാന്തമായി കണ്ടു പ്രതികരിച്ചു  .ഒരിക്കല്‍ പോലും വേണ്ടാത്ത കാര്യങ്ങളില്‍  പിണങ്ങി നിന്നത് കണ്ടില്ല ..എല്ലാം എനിക്ക് വേണ്ടി സഹിക്കുകയും പൊറുക്കുകയും ചെയ്തു...അവളാണ് ഇന്ന് തന്നെ ഉപേക്ഷിച്ചു പോയിരിക്കുന്നത്.

വാസവന്‍ ജനിച്ചതില്‍ പിന്നെയാണ് തനിക്കു നന്നാവണം എന്നൊരു തോന്നലുണ്ടായത്‌.അവന്റെ കളി ചിരികളില്‍ താന്‍ വീണു പോയി എന്ന് പ റയുന്നതായിരിക്കും ഉത്തമം .ചീത്ത കൂട്ടില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും പതിയെ പിന്നോട്ടടിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ അവന്‍ ജീവിതത്തിലേക്ക് വന്നത്.അവന്റെ ചിരികള്‍ ഒരിക്കലും മാഞ്ഞു പോകരുത് എന്ന് കരുതിയ ഞാന്‍ പിന്നെ വഴിപിഴച്ചു പോയില്ല .നല്ല ഭര്‍ത്താവും അച്ഛനുമായി മാറുകയായിരുന്നു. അച്ഛനും മകനും നല്ല കൂട്ടുകാരായിരുന്നു.എന്തിനു ഏതിനും പരസ്പരം കാര്യങ്ങള്‍ അന്വേഷിച്ചു ചര്‍ച്ചചെയ്തു തീരുമാനമെടുത്തു.പക്ഷെ അവനും ഇങ്ങിനെ ഒരു ചതി എന്നോട് ചെയ്യുമെന്ന്   കരുതിയില്ല...എന്നാലും ഒന്നും പറയാതെ  അവനും  ...

അനു  തനിക്കു മരുമകള്‍ ആയിരുനില്ല മകള്‍ തന്നെയായിരുന്നു.അവള്‍ സ്വന്തം അച്ഛനെപോലെ തന്നെയാണ് തന്നെ കണ്ടതും സ്നേഹിച്ചതും പരിപാലിച്ചതും ..അച്ഛനില്ലാതെ വളര്‍ന്ന കുട്ടിയായതുകൊണ്ടാവാം അവള്‍ക്കു താന്‍ സ്വന്തം അച്ഛനായിരുന്നു.അച്ചനെകൊണ്ടുള്ള  ആവശ്യങ്ങള്‍ ഒക്കെ ഞാന്‍ ഭംഗിയായി നടത്തികൊടുക്കുകയും ചെയ്തിരുന്നു എന്നിട്ടും അവള്‍ക്കു എങ്ങിനെ  തോന്നി ഈ വൃദ്ധനെ ഉപേക്ഷിക്കുവാന്‍ ?ഒരു അച്ഛനെ വേണ്ടെന്നു പറഞ്ഞു പോയികളയുവാന്‍

മിയയിലായിരുന്നു താന്‍ എന്റെ വാര്‍ധക്യം ആസ്വദിച്ചുപോന്നത്.അവളുടെ കളിചിരികളില്‍ താന്‍ തന്റെ പ്രായം പോലും മറന്നു.അച്ചാച്ച  എന്ന് വിളിച്ചു അവള്‍ എപ്പോഴും തന്റെ ചുറ്റിലും കൂടി.അവള്‍ക്കൊപ്പം മണ്ണപ്പം ചുട്ടും ഒളിച്ചു കളിച്ചും താന്‍ അവളെ പോലെ കൊച്ചുകുട്ടിയായി.പ്രായത്തിന്റെ അവശതകള്‍ അവള്കൊപ്പം കളിക്കുമ്പോള്‍ അറിഞ്ഞിരുനില്ല.അത് ഒരിക്കല്‍പോലും ശരീരത്തില്‍  പ്രശ്നവുമുണ്ടാക്കിയില്ല ..അവളോടോപ്പമുള്ള നിമിഷങ്ങള്‍ തന്നില്‍ ഊര്‍ജം നിറക്കുകയുമായിരുന്നു.ഇനിയും കുറേകാലം കൂടി  ജീവിക്കുവാനുള്ള  ഊര്‍ജം....എന്നും രാവിലെ എഴുനേറ്റു അവള്‍ ആദ്യം അന്വേഷിക്കുന്നതും തന്നെയായിരുന്നു.എന്നിട്ടും അവള്‍ അച്ചച്ചനോട് ഒരു വാക്ക് പറയാതെ പോയികളഞ്ഞു ...അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ..അച്ഛനും അമ്മയും വിളിക്കുബോള്‍ കൊച്ചു കുഞ്ഞു എന്ത് ചെയ്യാന്‍ ?

""മാഷേ ഇനി ആരെങ്കിലും വരുവാനുണ്ടോ ?"  ഓര്‍മകളില്‍ നിന്നും ഞെട്ടി ...ചോദ്യം മനസ്സിലാകാത്തപോലെ അയാളുടെ മുഖത്തേക്ക് നോക്കിയിരുന്നു...

" മാഷേ എന്നാല്‍ ബോഡിയൊക്കെ   എടുക്കുകയല്ലേ ....".യാഥാര്‍ത്ഥ്യത്തിലേക്ക് മനസ്സ് തിരിച്ചു വന്നു ..പരിസരബോധമുണ്ടായി..അടക്കി പിടിച്ച തേങ്ങലുകള്‍ കാതില്‍ വന്നു പതിച്ചു.താഴെ വെള്ളത്തുണിയില്‍ മൂടികെട്ടിയ നാല് ദേഹങ്ങള്‍ നോക്കുവാനാകാതെ മുഖം തിരിച്ചു.

ആരൊക്കെയോ നിര്‍ദേശങ്ങള്‍ നല്‍കുന്നത് കണ്ടും കേട്ടുമിരിന്നു.ഒരു ജീവചവം പോലെ .താന്‍ ഇനി എന്ത് പറയുവാന്‍....ദേഹങ്ങള്‍ ഓരോന്നായി പുറത്തേക്കു കൊണ്ടുപോയി...അകമ്പടിയായി  നിലവിളികളും.... .ചാരുകസേരയില്‍ നിന്നും മറിഞ്ഞു വീഴുമെന്നായപ്പോള്‍ മുറുക്കെ പിടിച്ചുകൊണ്ടു പിന്നിലേക്ക്‌ ചാരി കിടന്നു..

അനുകമ്പയുടെയും സഹതാപത്തിന്റെയും  അനേകം കണ്ണുകള്‍ തന്റെ നേര്‍ക്ക്‌ വരുന്നത് കണ്ടു അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു .അപ്പോള്‍ കാതുകളില്‍ പതിഞ്ഞത്  അപകടത്തില്‍ പെട്ടവരുടെ ആര്‍ത്തനാദവും നിലവിളിയും ഞരക്കവുമായിരുന്നു

കഥ :പ്രമോദ് കുമാര്‍. കെ.പി
ചിത്രങ്ങള്‍ : കേരള വാട്ടര്‍ കളര്‍ സോസെറ്റി \ഇന്റര്‍നാഷനല്‍  വാട്ടര്‍ കളര്‍


Saturday, March 5, 2016

ലിഫ്ററ്


ഒരു വെെകുന്നേരം...ടു വീലറിൽ നാടിൻെറ സൗന്ദര്യം നുകർന്ന് കൊണ്ട് വീട്ടിലേക്ക്....കുറച്ചു ദൂരം ചെന്ന് കാണും..റോഡ് കയ്യടക്കി ഒരു ''ചങാതികൂട്ടം''..സ്കൂൾ വിട്ട് വരികയാണ്...കുറെ സമയം ഹോൺ മുഴക്കിയപ്പോൾ അവർ സെെഡിലേക്ക് മാറി.കൂട്ടത്തിലൊരുവൻ ലിഫ്ററിനു വേണ്ടി സിഗ്നൽ കാണിച്ചതു കൊണ്ട് അവനെയും കൂടെ കൂട്ടി...


വിശേഷങൾ പങ്കുവെക്കുന്നതിനിടയിൽ ചോദിച്ചു
''നിങൾ അഞ്ചുപേർ ഒന്നിച്ചു വന്നിട്ട് അവരെ വിട്ട് നീ മാത്രം കയറി വന്നത് മോശമായി പോയി ''

''എന്നാൽ ചേട്ടനൊരു കാരൃം ചെയ്യ്...നാളെ ഇതേ സമയത്ത് കാറുമെടുത്ത് വാ....നമ്മൾ അഞ്ചുപേരും ഒന്നിച്ചുകയറാം...''
പെട്ടെന്നായിരുന്നു മറുപടി...ഉരുകിയൊലിച്ച ഞാൻ ഒന്നും മിണ്ടാതെ വണ്ടിയോടിച്ചു കൊണ്ടിരുന്നു

Saturday, February 20, 2016

കണക്ക് ടീച്ചർ


തിരക്കേറിയ  അബല നടയിൽ പ്രതീക്ഷിക്കാത്ത ഒരു പരിചിത മുഖം കണ്ടു..
അമ്മു ടീച്ചർ ...മറക്കാൻ പററാത്ത മുഖം...കണക്ക് എന്ന തീരെ ഇഷ്ടമില്ലാത്ത വിഷയം മനസ്സിലേക്ക് കുത്തിതിരുകാൻ ശ്രമിച്ച് പരീക്ഷകളിൽ എന്നെ നിതൃം പരാജയപ്പെടുത്തി അടി തരാറുള്ള ടീച്ചറെ എങിനെ മറക്കും...
ധനാഡൃയാണെന്ന് പറഞു കേട്ടിട്ടുണ്ട്..അതു കൊണ്ടാവാം കൂട്ടായി അഹങ്കാരവും അഹന്തയും..
കുട്ടികളടക്കം പലരേയും മററുള്ളവരുടെ മുന്നിൽ വെച്ച് അപമാനിക്കലും ഹോബിയായി കണ്ടു.


ക്ളാസിൽ നിന്നും കിട്ടിയതിൻെറ ബാക്കി വീട്ടിൽ നിന്നും ''വാങാനുള്ളത്'' ഉത്തര കടലാസിൽ ചേർത്തിട്ടുമുണ്ടാകും...അത് കൊണ്ട് തന്നെ ടീച്ചറോട് ആ കാലത്ത് എന്നും വെറുപ്പായിരുന്നു.കണക്ക് എന്ന വിഷയത്തിലെ മാത്രം തോൽവി പലപ്പോഴും പ്രാേഗ്രസ്സ് കാർഡിൽ എത്തിക്കുന്നത് അവസാന സ്ഥാനത്തായിരിക്കും..
ജീവിത യാത്രകളിൽ പിന്നെ ടീച്ചറുടെ റോളില്ലാതായപ്പോൾ എപ്പോഴോ ടീച്ചറെ മറന്നു.
പിന്നെ കാണുന്നതിപ്പോഴാണ്‌.എന്തായാലും സംസാരിക്കണമെന്ന് തോന്നി..

''അമ്മു ടീച്ചറല്ലേ?''
''അതേ...'' സംസാരത്തിൽ ഇപ്പോഴും പഴയ ഗൗരവം
''ഞാൻ പ്രേം...ടീച്ചർ ഏഴിൽ എന്നെ പഠിപ്പിച്ചിട്ടുണ്ട്..''
''എങിനെ ഓർക്കാനാ മോനെ..എത്ര പേരെ പഠിപ്പിച്ചതാ...'' സംസാരത്തിൽ ഒരു വാത്സലൃമുണ്ടായതു പോലെ...
''മോനോട് ഒരു കാരൃം ചോദിക്കട്ടെ...മോനെപ്പോഴെങ്കിലും ഈ ടീച്ചറെ ശപിച്ചിട്ടുണ്ടോ? ''

ഞാൻ ഞെട്ടി...ഒരു തവണയല്ല ഒരാണ്ട് മുഴുവൻ ഞാൻ ശപിച്ചിട്ടുണ്ട്...അതെങിനെ പറയും?ഞാൻ തല താഴ്ത്തി നിന്നു.
''എനിക്കറിയാം മോനെ...ഞാൻ കുട്ടികളുടെ നല്ല ടീച്ചറൊന്നുമല്ലായിരുന്നെന്ന്...വർഷങൾ പഠിപ്പി്ച്ചിട്ടും കുട്ടികളെ ആരേയും സ്നേഹിച്ചിട്ടില്ല...ഉപദ്രവിച്ചതോ ധാരാളം.ഒരു ജോലി മാത്രമായി ഞാനതിനെ കണ്ടു..അത് കൊണ്ടു തന്നെ എന്നെ ശപിച്ചവരാ കൂടുതലും...അതൊക്കെയാവും ഇപ്പോൾ അനുഭവിക്കുന്നത്..ഒരായുസ്സ് കുട്ടികളെ കണക്ക് പഠിപ്പിച്ച എൻെറ കണക്കുകൂട്ടലുകൾ ഒക്കെയും തെറ്റി പോയി.

''ഞാൻ പോകട്ടെ മോനെ...വെെകിയാൽ പിന്നെ അവരുടെ വായിലുള്ളതും കേൾക്കണം...'' ടീച്ചർ വലിച്ചു നടന്നു.
എന്തോ ഒരു ഉൾവിളി പോലെ ടീച്ചർ അറിയാതെ അവരെ പിൻതുടർന്നു...ടീച്ചർ കയറിപോയ പടികളവസാനിക്കുന്നിടത്തുള്ള ഗെയിററിലെ ''വൃദ്ധസമാജം'' എന്ന ബോർഡ് കണ്ണിലുടക്കിയപ്പോൾ തിരിച്ചു നടന്നു...
കണക്ക് ടീച്ചറുടെ കണക്കുകൂട്ടലുകളിൽ വലിയ തെററുകൾ തന്നെ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായി
pictures:delish,international watercolor ,facebook group