Friday, December 31, 2021

സുന്ദരി

 



സുന്ദരി പാവം നാട്ടുപുറത്ത് കാരിയായിരുന്നൂ..ആരോടും പെട്ടെന്ന് കൂട്ടുകൂടാതെ  ആരോടും പരിഭവം ഇല്ലാതെ നാട്ടിൻ്റെ വിശുദ്ധി മാത്രം കൈമുതൽ ആയുള്ള പാവം പെണ്ണ്.അവളുടെ ചുറ്റുപാടുകൾ മാത്രം അറിയാവുന്ന അവിടെ മാത്രം ജീവിച്ചു വളർന്ന പെണ്ണ്.






നഗരത്തിൽ നിന്നും ഒരു കല്യാണത്തിന് ഗ്രാമത്തിൽ വന്ന പയ്യന് ഒറ്റ നോട്ടത്തിൽ തന്നെ അവളെ ഇഷ്ടപ്പെടുന്നു. പിന്നെ പെട്ടെന്ന് തന്നെ  കല്യാണം അവിടുന്ന്  നഗരത്തിലേക്കുള്ള പാലായനം..നഗരത്തിലെ തിരക്കും രീതികളും അവളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു എങ്കിലും അയാളുടെ സ്നേഹത്തിന് മുന്നിൽ എല്ലാം അവൾക്ക് ചെറുതായി തോന്നുന്നു.അടിച്ചു പൊളിച്ചു ഒരു മാസം കഴിഞ്ഞപ്പോൾ അവരുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാവുകയും അത്  വഷളായി വലിയ ദുരന്തത്തിലേക്ക് കലാശിക്കുകയും ചെയ്യുന്നു.





പതിവ് തെലുഗു ബഹളങ്ങൾ ഇല്ലാത്ത ഒരു കുഞ്ഞു ചിത്രമാണ് ഇത്.ഷംന കാസിം എന്ന മലയാള നടിയാണ് ടൈറ്റിൽ വേഷം ചെയ്തിരിക്കുന്നത്..സുന്ദരിയെ മികച്ചതാക്കാൻ ശ്രമിക്കുന്നുണ്ട്.പലപ്പോഴും പാളിപോകുന്നൂ എങ്കിലും പതിവ് തെലുഗു നടികളെക്കാൽ മെച്ചമാണ്.





ജാതകത്തിൽ നമുക്കുള്ള വിശ്വാസവും അന്ധവിശ്വാസവും അതിൻ്റെ മുതലെടുപ്പും ഒക്കെ വ്യക്തമായി പറയുന്നുണ്ട്.അത് പലരുടെയും ജീവിതത്തിൽ എത്രമാത്രം സ്വാധീനിക്കുന്ന് എന്നത് വ്യക്തമായി അറിയുന്നവർ തന്നെയാണ് രചന നടത്തിയിരിക്കുന്നത്.






ഒരു പെണ്ണ് കല്യാണം കഴിഞ്ഞു പോയാൽ ബാധ്യതയുള്ള ഒരു കുടുംബത്തിന് അവള് തിരിച്ചു വരുമ്പോൾ ഉണ്ടാകുന്ന നിസ്സഹായാവസ്ഥ കൂടി പറഞ്ഞു വെക്കുന്നുണ്ട്.മാതാപിതാക്കളുടെ ഉപദേശം അവരുടെ നിസ്സഹായാവസ്ഥ ആണെന്ന് തിരിച്ചറിഞ്ഞു തിരിച്ചു പോയ പല പെണ്കുട്ടികൾ സ്ത്രീധനത്തിൻ്റെ പേരിൽ കൊല്ലപ്പെടുന്ന നമ്മുടെ നാട്ടിൽ മകളുടെ പ്രശ്നങ്ങൾ ശരിക്കും പഠിച്ചു അവളെ ചേർത്ത് പിടിച്ചു ഉള്ളത് കൊണ്ട് സന്തോഷിച്ചാൽ   കുറെ ദുരന്തങ്ങൾ ഒഴിവാക്കാം എന്ന്  ചിന്തിക്കാൻ കൂടി നമ്മൾ തയ്യാറാകുന്നില്ല..അന്നേരം നമുക്ക് മുന്നിൽ വെക്കുവാനുള്ളത്  നമ്മുടെ അഭിമാനം ആകുമ്പോൾ ചിതയിലെരിയുന്നത് നമ്മുടെ പെണ്കുട്ടികൾ ആണ്.


പ്ര .മോ .ദി .സം

Thursday, December 30, 2021

കുഞ്ഞെൽദോ

 



സമയവും കാലവും തെറ്റി വരുന്ന സിനിമകൾ ഉണ്ട്..അരവിന്ദൻ്റെ അതിഥികൾ ഒക്കെ അങ്ങിനെ വന്ന സിനിമ ആയിരുന്നു എങ്കിലും അതൊക്കെ ഇരുകയ്യും നീട്ടി സ്വീകരിക്കുവാൻ പ്രേക്ഷകർക്ക്  മടിയും ഉണ്ടായിരുന്നില്ല .വിനീത് ശ്രീനിവാസൻ്റെ ഉജ്ജ്വല പ്രകടനവും ഷാൻ റഹ്മാൻ്റെ നല്ല പാട്ടുകളും കൂടിയായപ്പോൾ കുടുംബങ്ങള്ക്ക് അതങ്ങ് കാലഭേദ്യമെന്നെ ഇഷ്ട്ടപെട്ടു .ഇപ്പോഴും ടിവിയിൽ വന്നാൽ  പലരും ബോറടീക്കാതെകണ്ടു കൊണ്ടിരിക്കും



വിനീത്, ഷാൻ എന്നിവർ അവരുടെ കഴിവിൻ്റെ പരമാവധി നൽകി കൊണ്ട് പിന്നണിയിൽ ഉണ്ടായിട്ടും മാത്തുകുട്ടി എഴുതി സംവിധാനം ചെയ്ത ഈ ചിത്രം കഥ നടക്കുന്ന  രണ്ടായിരത്തിൽ തുടക്കത്തിൽ മറ്റോ റിലീസ് ചെയ്തിരുന്നു എങ്കിൽ ഹിറ്റ് ആയേനെ .കാരണം ഇത് പോലത്തെ കുറെ ചിത്രങ്ങൾ വന്നു കഴിഞ്ഞു....



സ്കൂൾ,പ്ലസ് ടൂ, ആർട്സ് കേളേജ്,പ്രേമം,കുട്ടി കളി, ദുർബല നിമിഷത്തിൽ ഒന്നാകുക,ഗർഭം ധരിക്കുക, മാനം രക്ഷിക്കാൻ വീട്ടിൽ നിന്നും പുറത്താക്കുക, കോംപ്ലക്സ്, വീടുകൾ തേടി അലയുക, ദൈവ പുത്രനെ പോലെ ആരെങ്കിലും അഭയം കൊടുക്കുക,പ്രസവം,  അതിൻ്റെ സെൻ്റി,വീണ്ടും കുടുംബവുമായി ഒന്നിക്കുക



ഇത് പ്രമേയമായി എത്ര സിനിമകൾ നമ്മൾ കണ്ടു കഴിഞ്ഞു..പഴയ വീഞ്ഞ് കുപ്പികൾ മാറ്റിയത് കൊണ്ട്  മാത്രം ഹൃദ്യം ആകണം എന്നില്ല.അത് ഇപ്പൊൾ ഉള്ളവർക്ക് രസിക്കുവാൻ വേണ്ട ചേരുവകൾ കൂടി  അല്പം ചേർക്കണം.


അടുത്തകാലത്തായി അടുത്തടുത്ത് നല്ല സിനിമകൾ ചെയ്തു കൊണ്ട് നല്ല ഇമേജിൽ നിൽക്കുകയായിരുന്ന ആസിഫ് അലിയും ഈ സിനിമ തിരഞ്ഞെടുക്കരുത് ആയിരുന്നു..വലിയ ഉയരങ്ങളിൽ നില്ക്കുമ്പോൾ തുടരെ പടങ്ങൾ ചെയ്തു കൂപ്പു കുത്തി താഴേക്ക് പോയ ഭൂതകാലം എങ്കിലും ഓർക്കണമായിരുന്നു.



നല്ല കുറെ  നവ സിനിമകൾ ആഴ്‌ചകൾ തോറും ഇറങ്ങുന്ന ഈ സമയത്ത് ഇത് പോലെയുള്ള പഴയ പ്രമേയവുമായി വന്നു  തീയേറ്ററിലേക്ക്  വിളിച്ച്  വരുത്തി വെറുതെ ആൾക്കാരെ മിനകെടുത്തരുത്.


പ്ര .മോ .ദി .സം

Wednesday, December 29, 2021

അജഗജാന്തരം

 



ചില ചിത്രങ്ങൾ ഉള്ള് പൊള്ള ആണെങ്കിൽ കൂടി  അതിൻ്റെ അവതരണം കൊണ്ട് നല്ലൊരു ദൃശ്യവിരുന്നായി  മനസ്സിനെ ഹരം കൊള്ളിച്ചു കാണുവാൻ നമുക്ക് കഴിയും.അങ്ങിനെ ഉള്ള ഒരു സിനിമയാണ് ടിനു പാപ്പച്ചൻ ,ആൻ്റണി വർഗീസ്,അർജുൻ അശോകൻ, ആന എന്നിവരെ വെച്ച് ഒരുക്കിയ അജഗജാന്തരം.



ചുരുക്കി പറഞ്ഞാല് ഒരു ദിവസം പകലും രാത്രിയുമായി  ഒരു ഉത്സവത്തിനിടെ നടക്കുന്ന സംഭവങ്ങൾ. നമ്മളെ ബോറടിപ്പിക്കാതെ രണ്ടു മണിക്കൂർ പിടിച്ചിരുത്താൻ ചിത്രത്തിന് കഴിയുന്നു എങ്കിൽ അങ്ങിനെ ഉള്ള ചിത്രങ്ങൾ എടുക്കുന്ന അണിയറക്കാർ തീർച്ചയായും പ്രേക്ഷകരുടെ പൾസ് അറിയുന്നവർ തന്നെയായിരിക്കും.



ഉത്സവത്തിനിടെ അല്ലറ ചില്ലറ ഉരസലുകൾ പതിവാണ്.. എല്ലാ സ്ഥലത്തും "ഏണി"പിടിക്കുന്നവർ നമ്മുടെ സൗഹൃദ കൂട്ടായ്മയിൽ കാണും.അങ്ങിനെ രക്ത തിളപ്പുള്ള "നാട്ടു"കാരുമായി കോർത്ത ആനകാരനെ "ഒരു പണി" കൊടുക്കുവാൻ വേണ്ടി നാട്ടിലെ തെമ്മാടി കൂട്ടം ഒരുംബെടുന്നതിനെ കുറിച്ചാണ് കഥ.പ്രാണ രക്ഷാർത്വം ഉള്ള അവരുടെ പ്രയാണം നമ്മളെ ത്രില്ലടിപ്പിക്കും.പ്രത്യേകിച്ച് ആനയെ വെച്ചുള്ള കളി അടിപൊളി.



സകല തെണ്ടിത്തരം  ചെയ്തു പൂരം വരെ മുടക്കി നാട്ടുകാരുടെ സകല പ്രാക്കും കിട്ടിയവരെ  ഒരു പോറൽ പോലും പറ്റാതെ നാട്ടുകാരെ പഞ്ഞിക്കിട്ട് രക്ഷപ്പെടുവാൻ അനുവദിക്കുന്നത്  ഒരു പോരായ്മയായി തോന്നി.കയ്യൂക്ക് ഉള്ളവന് കാര്യം കാണാം എന്ന സിദ്ധാന്തം ആയിരിക്കും എഴിതിയവൻ്റെ മനസ്സിൽ...


പ്ര. മോ .ദി. സം

Tuesday, December 28, 2021

മുതലാളി...നീ എന്ത് തേങ്ങയാ ഈ പറെന്നെ..

 



കിഴക്കമ്പലം കിറ്റക്‌സിൽ ,"അതിഥി" തൊഴിലാളികൾ തമ്മിൽ കടിപിടി കൂടി നിയന്ത്രിക്കുവാൻ വന്ന പോലീസിനെ വരെ പഞ്ഞിക്കിട്ട സംഭവത്തിൽ മുതലാളിയുടെ ചില ഡയലോഗ് കേൾ



ക്കുമ്പോൾ എനിക്ക് തോന്നിയ കാര്യമാണ് ഹെഡിംഗ്.കാര്യം പറയാം..വാക്കുകൾ അതേപോലെ പകർത്താൻ കിട്ടിയില്ല.


*തൊഴിലാളികൾ ബോണറ്റ് പൊക്കി പൈപ്പ് ഊരി പെട്രോൾ എടുത്ത്   ജീപ്പിൻ്റെ സീറ്റിൽ ഒഴുക്കി ചെറുതായി ഒന്ന് കത്തിച്ചു..സിമ്പിൾ പ്രവർത്തി...അല്ലാതെ അവർ ഭയങ്കരമായി ഒന്നും ചെയ്തില്ല.


എൻ്റെ ആത്മഗതം: 


മുതലാളി ഇതാണോ സിമ്പിൾ പ്രവർത്തി?ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി അല്ലെ?


** നമ്മുടെ കേരളീയര്  കൂടുതലായി മറ്റു പല സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.ഇവിടെ പത്തോളം സംസ്ഥാനത്ത് ഉള്ളവരെയാണ് നിങൾ വെറുതെ ജയിലിൽ അടച്ചിരിക്കുന്നു...ഇത് സംസ്ഥാനങ്ങൾ തമ്മിലുള്ള യുദ്ധത്തിന് കാരണമാകും.


എൻ്റെ...മറ്റെഗതം...ഗുദം അല്ല


ഇവിടുത്തെ പോലീസുകാർ ആധാർകാർഡ് റേഷൻകാർഡ് നോക്കിയല്ല ആക്രമികളെ പിടിച്ച് ജയിലിലിടുന്നത്..തെറ്റ് ചെയ്തു എന്ന് ബോധ്യമുള്ളവരെ പിടിച്ചു..പിന്നെ സംസ്ഥാനങ്ങൾ തമ്മിലുള്ള യുദ്ധം അത് കുഴപ്പമില്ല. മുല്ലപെരിയാർ , കോവിഡ് സമയങ്ങളിൽ ഒക്കെ ചെറിയ ഉരസൽ പതിവാ...നമ്മുടെ സംസ്ഥാനങ്ങളുടെ കയ്യിൽ ആറ്റം ബോംബ് ഒന്നുമില്ലാത്തതുകൊണ്ട്  പ്രശ്നം ഇല്ല...വെറുതെ കുത്തിത്തിരുപ്പു ഉണ്ടാകാതെ ഇരുന്നാൽ മതി.


*** എന്നെയാണ് ലക്ഷ്യം..എന്നെ കിട്ടാത്തത് കൊണ്ട്  സർകാർ പട്ടിണി പാവങ്ങളെയാണ് ജയിലിൽ അടച്ചിരിക്കുന്നത്..


എൻ്റെ ആത്മഗതം...


മൈക്രോസോഫ്റ്റ് നിലവാരത്തിലുള്ള മുതലാളിയുടെ കമ്പനിയിൽ പട്ടിണി പാവങ്ങളോ? എവിടെയോ എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ മുതലാളി....അപ്പൊ പറഞ്ഞത് "നിലവാരം "മുഴുവൻ തള്ളു ആയിരുന്നോ?അപ്പൊ അവിടെ അതിഥികൾ വരെ അപ്പ്രൻ്റീസ് ആണല്ലേ മുതലാളി...


**** ഈ കിറ്റേക്സും ട്വൻ്ടീ ട്വൻ്റി യും ഒക്കെ വന്നതിനു ശേഷം എനിക്ക് ഭാര്യയുടെ ഒപ്പം ഉറങ്ങാൻ പറ്റുന്നില്ല.. കുട്ടികൾക്കു ഒപ്പം ചിലവഴിക്കാൻ സമയമില്ല.


വീണ്ടും എൻ്റെ മനസ്സിൻ്റെ കമൻ്റ്..


അതൊക്കെ മുന്നേ തന്നെ ആലോചിക്കണം.. നമുക്ക് സമയം ഉണ്ടാക്കേണ്ടത് നമ്മൾ തന്നെയാണ്..ആക്രാന്തം കൊണ്ട് പലതിലും എടുത്ത് ചാടിയിട്ടു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.


സമയം അത് ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല.മുതലാളി എന്ന് വിളിച്ച നാവുകൊണ്ട് മറ്റൊന്നും വിളിപ്പിക്കരുത്


പ്ര. മോ .ദി .സം

അത്തരൻഗീരെ(atrangi re)

 



ഇന്ത്യ കണ്ട മികച്ച നടന്മാരിൽ ധനുഷ് മുൻപന്തിയിൽ തന്നെയാണ്.കഴിവിൻ്റെ പ്രതിഫലനം തന്നെയാണ് ദേശീയ അവാർഡുകൾ.ചില ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ട് എങ്കിലും മിക്ക ചിത്രങ്ങളും അദ്ദേഹത്തിൻ്റെ പ്രകടനം കൊണ്ടു ശ്രദ്ധിക്കപ്പെട്ടു.






"അത് രംഗീരെ"  എന്ന ഈ ഹിന്ദി ചിത്രത്തിൽ സാറാ അലിഖാൻ അക്ഷൈകുമാർ  ,സീമ ബിശ്വാസ്, എന്നിവർക്കൊപ്പം ധനുഷിൻ്റെ നല്ലൊരു പ്രകടനം കൊണ്ടു നല്ലൊരു ചിത്രം സമ്മാനിച്ചിരിക്കുന്നു .






ഡൽഹിയിൽ നിന്നും ബീഹാറിൽ എത്തുന്ന മെഡിക്കൽ വിദ്യാർത്ഥി ധനുഷിനെ വിവാഹ നിശ്ചയം നടക്കേണ്ട മുൻപത്തെ ആഴ്‌ച്ച അവിടെയുള്ള കുടുംബത്തിൽ നിന്ന്  എപ്പൊഴും കാമുകനെ തേടി ഓടി പോകുന്ന ഒരു പരിചയവും ഇല്ലാത്ത പെണ്ണിനെ കൊണ്ട് കെട്ടിക്കുന്നൂ..അതും തട്ടിക്കൊണ്ടു പോയി ഗുണ്ടായിസം കൊണ്ട്...






പരസ്പരം ഇഷ്ടം ഇല്ലാത്ത അവർ ഡൽഹിയിൽ വെച്ച് അവളുടെ അന്യമതസ്ഥനായ കാമുകൻ മജീഷ്യൻ സജാദ് വന്നാൽ പോയി കൊള്ളാം എന്ന ധാരണയിൽ അവർ നല്ല ഫ്രണ്ട്സ് ആയി ഡൽഹിക്ക് യാത്ര തുടരുന്നു.


നാട്ടിലെ വിവാഹ നിശ്ചയം ഈ പെണ്ണിനെ കൊണ്ട് മുടങ്ങുമ്പോൾ വീണ്ടും  അവരോന്നിച്ച്  ഡൽഹിക്ക് വരികയും കാമുകനെ കണ്ടു മുട്ടുകയും  നിയമപരമായ വേർപിരിയലിന് വേണ്ടി കാത്തിരിക്കുന്നു. ആ കാലയളവിൽ ഡോക്ടറെയും കാമുകനെയും   ഒരേപോലെ ഇഷ്ടപ്പെടുന്ന നായികക്ക് ആരെ ഉപേക്ഷിക്കണം ആരെ  സ്വീകരിക്കണം എന്ന വയ്യാത്ത അവസ്ഥയിൽ എത്തിപ്പെടുന്നൂ.







അതിനിടയിൽ നായകനും സുഹൃത്തും  നായികയുടെ ചില രഹസ്യങ്ങൾ കണ്ടു പിടിക്കുന്നത് ചിത്രത്തിൻ്റെ ഗതി മാറ്റുന്നു. ആ രഹസ്യമാണ് ചിത്രത്തിൻ്റെ മുന്നോട്ടുള്ള പ്രയാണം ആകർഷകം ആക്കുന്നത്...


AR റഹ്മാൻ സംഗീതം നൽകിയ ഗാനങ്ങൾ കേൾക്കുവാൻ രസം ഉണ്ടെങ്കിലും അത്  തൻ്റെ തന്നെ ചിത്രങ്ങളിൽ നിന്നും  അവിടുന്നും ഇവിടുന്നു ഒക്കെ എടുത്ത് കൂട്ടി ചേർക്കേണ്ടി വന്നതാണെന്ന് മനസ്സിലാകും.ഉറവ വറ്റിയ റഹ്മാൻ അയൽപക്കത്തെ "മോഷണം" ഒഴിവാക്കി ഇപ്പൊൾ നാട്ടിലെ തന്നെ മറ്റുള്ളവരുടെ സംഗീതം കൊണ്ട് ഇൻസ്പയർ ആകുന്ന പ്രതീതി ചില ഗാനങ്ങളിൽ കാണിക്കുന്നുണ്ട്.


ധനുഷിനെ അക്ഷൈകുമാരിനെ ഇഷ്ടപ്പെടുന്നവർക്ക് മാത്രമല്ല പതിവ് ബഹളങ്ങൾ ഇല്ലാത്ത  ഹിന്ദി സിനിമ കാണുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു തവണ കാണുവാൻ ഉള്ള വക ആനന്ദ് എൽ റായ് ഒരുക്കിയിട്ടുണ്ട്.


പ്ര .മോ. ദി .സം

Monday, December 27, 2021

"ഒറ്റപ്പെട്ട" സംഭവത്തിൽ നിന്നും നമ്മൾ പാഠം പഠിക്കേണ്ടതുണ്ട്

 



കിഴക്കമ്പലം നടന്നത് "ഒറ്റപ്പെട്ട" സംഭവം ആണെന്നും അതിൻ്റെ ഉത്തരവാദി ഇന്നേ ആൾ ആണെന്നും ഒക്കെ രാഷ്ട്രീയക്കാർ വിധി എഴുതി കഴിഞ്ഞു.സ്വാഭാവികം.. കാലിനടിയിൽ ഉള്ള മണ്ണ് ചോർന്ന് ഒലിച്ചു പോകുമ്പോൾ ആരുടെയെങ്കിലും തലയിൽ കെട്ടി വെച്ച് രക്ഷപ്പെടുക എന്നത് നമ്മുടെ സ്ഥിരം പരിപാടിയാണ് .ചെയ്യേണ്ടത് സമയത്ത് ചെയ്യാതെ ഗീർവാണം വിടും ..


ഒന്നാമത് ട്വൻ്റി ട്വൻറി എന്ന പാർട്ടി രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി മാറിയിട്ട് കാലം കുറെയായി .വൺ ടൈം വണ്ടർ എന്ന് കരുതി പ്രതീക്ഷയോടെ അടുത്ത തവണ കാത്തിരുന്ന അവർക്ക് വെള്ളിടി ആയി അവർ വളർന്നു പന്തലിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.ഒരു പാർട്ടി വളരണം എങ്കിൽ നന്മ മാത്രം ചെയ്താൽ മതിയാകില്ല തിന്മയും ഉണ്ടാകും. ആ തിന്മകൾക്ക് വേണ്ടി  പലരെയും  അണിയറയിൽ ഊട്ടി വളർത്തി നിർത്തിയിരിക്കും.ഇത് പാർട്ടികൾക്ക് നന്നായി അറിയാമായിരിക്കും.അവർ അത് കാലകാലങ്ങൾ ആയിട്ട് ചെയ്തു കൊണ്ടിരിക്കുന്നത് ആയിരിക്കും.അതുകൊണ്ട് തന്നെ അവർക്ക് ഉറപ്പിച്ചു പറയാം.


അവിടെയാണ് നമ്മുടെ പോലീസിൻ്റെ പരാജയം.അടി വാങ്ങിയപ്പോൾ അവിടെ ഇടക്കിടക്ക് പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്ന പോലീസ് ഇതുവരെ അതിനുള്ളിലെ ക്രിമിനലുകളെ കാണാതെ പോയത് എന്ത് കൊണ്ട്?ഇപ്പൊൾ ആരോപിക്കുന്ന ലഹരികൾ സുലഭമായി കിട്ടുന്ന സ്ഥലം റെയ്ഡ് ചെയ്യുന്നതിൽ 

 മുൻപ് പരാജയപ്പെട്ടു എങ്കിലും പിന്നെ കൂടുതൽ ഫോഴ്സുമായി പോയി പിടിച്ചെടുത്ത് നിയമം കാത്തില്ല? കമ്പനി വളർത്തുന്നു എന്ന് പറഞ്ഞ ക്രിമിനലുകളെ എന്ത് കൊണ്ട് പോലീസ് ബുദ്ധിയിൽ മുൻപേ  മനസ്സിലാക്കിയില്ല.


അന്യസംസ്ഥാന അതിഥികൾ മുഴുവൻ പ്രശ്‌നകാർ ആയിരിക്കില്ല..പക്ഷേ ഇനിയും നമ്മൾ അടുത്ത ദുരന്തം വരെ കാത്തു നിൽക്കുന്നത് അപകടമാണെന്ന് തിരിച്ചറിയണം.ഓരോ പോലീസ് സ്റ്റേഷൻ്റെ കീഴിലും ഉള്ളവരുടെ വ്യക്തമായ കണക്കുകൾ വേണം മേൽവിലാസം വാങ്ങണം.അവർ ഒളിച്ചോടി വന്ന ക്രിമിനലുകൾ അല്ലെന്ന് ഉറപ്പ് വരുത്തണം.


മടിയന്മാരായ നമ്മൾ മലയാളികൾക്ക് അധ്വാനിക്കുന്ന ജനങ്ങളുടെ സേവനം ആവശ്യമുണ്ട് .അത് കൊണ്ട് തന്നെ അവരെ മുഴുവൻ ഈ "ഒറ്റപ്പെട്ട" സംഭവത്തിൻ്റെ പേരിൽ കുരിശിൽ തറക്കരുത്. അവർക്കുള്ളിലെ ക്രിമിനലുകളെ കണ്ടു പിടിച്ചു എന്തായാലും തിരിച്ചു അയക്കണം.ഇവിടെ ഉള്ളവരുടെ രേഖകൾ സുതാര്യമാണ് എന്ന് ഉറപ്പാക്കണം.അന്നേരം കുറെ എണ്ണം പൗരത്വ  നിയമങ്ങളും മറ്റും പറഞ്ഞു വരും തീർച്ച...അത് കൂടി മനസ്സിൽ കണ്ട് കാര്യങ്ങൽ നല്ല രീതിയിൽ തീർക്കണം.


ഈ സംഭവം വർഗീയ വൽക്കരിക്കുവാൻ ചില ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്..അത് നേരായാലും അല്ലെങ്കിലും അത് മുതലെടുക്കാൻ ആരെയും അനുവദിക്കരുത്.ചിലരൊക്കെ മതം ജാതി ദേശം ഒക്കെ  ഉയർത്തി കൊണ്ട് മാത്രം വളർന്നു വരുവാൻ ആഗ്രഹിക്കുന്നവരാണ്.അവരുടെ ലക്ഷ്യം വേറെയാണ്.


ഇനി ഈ "ഒറ്റപ്പെട്ട" സംഭവങ്ങൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം സംഭവിക്കാതെ നോക്കണം..അന്യ സംസ്ഥാന "അതിഥികൾ" വന്നതിനു ശേഷം ക്രൈം റേറ്റ് അല്പം കൂടിയിട്ടുണ്ട്.ലഹരി മരുന്നുകളും മറ്റും അവർക്കിടയിൽ സുലഭമായി കിട്ടും എന്നു പലർക്കും അറിയാം.അത് കൂടി പരിഗണിച്ച് അതുവരുന്ന മാർഗങ്ങൾക്ക് കൂടി തടയിടാൻ പറ്റണം..


അല്ലെങ്കിൽ വീണ്ടും നമ്മുടെ മാനം കളഞ്ഞു പോലീസുകാർക്ക് ഓടി ഒളിക്കേണ്ടി വരും..അതുകൊണ്ട് ഇപ്പോളത്തെ ചെറിയ വിഷമങ്ങൾ സഹിച്ചു യുക്തമായ വലിയ കാര്യങ്ങൽ ചെയ്യുക.


അതിഥികൾ അതിഥികൾ ആയി തന്നെ തുടരട്ടെ ..എന്നാല് അവൻ തീൻമേശയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ കൈകെട്ടി നോക്കി നിൽക്കരുത്...വീട് വിട്ട് ഓടി പോകുകയും അരുത്.


വാൽകഷ്ണം: ഇപ്പൊൾ എതിരാളികൾ സോഷ്യൽ മീഡിയയിൽ പുതിയ അഭ്യന്തര മന്ത്രിക്കു വേണ്ടി "ഇൻ്റർവ്യൂ" ആരംഭിച്ചിട്ടുണ്ട്..മുതലാളി തന്നെ അവിടെയിരിക്കുന്നത് കൊണ്ട് ആർക്കും വലിയ പ്രതീക്ഷ വേണ്ട.


പ്ര .മോ .ദി. സം

Sunday, December 26, 2021

മാനാട്

 



തമിഴിലെ സകല കല വല്ലഭനായ ഒരാൾ  അവസരങ്ങൾ തുടർച്ചയായി ലഭിച്ചിട്ടും അതൊന്നും സ്വീകരിക്കാൻ നിൽക്കാതെ  കുറേകാലം ,ഏകദേശം മൂന്നു വർഷം ഒരു സിനിമയിലും സഹകരിക്കാതെ മാറി നിൽക്കുക എന്നിട്ട് പത്രപ്രവർത്തക ഔട്ടായി അല്ലെ എന്ന്  ചോദിച്ചപ്പോൾ " നല്ല തീമുകൾ ഒന്നും ഇല്ലാത്തതിനാൽ ബോറടിച്ചു അത് കൊണ്ടാ,എന്തായാലും നല്ലൊരു തീം കിട്ടിയാൽ തിരിച്ചു വരും "എന്ന് പറയുക. (ഇതൊക്കെ ഈ ചിത്രം ഹിറ്റ് ആയതിനു ശേഷം ഉള്ള വായനയിൽ നിന്നും കിട്ടിയത്)







സംഗതി സത്യം ആണെങ്കിൽ കാലം ആരെയും കാത്തു നിൽക്കാൻ മിനക്കെടില്ല എന്ന ഉത്തമബോധം ഉണ്ടായിട്ടും ഇങ്ങിനെ ഒരു റിസ്ക് എടുത്ത "ചിമ്പുവിന്" നമ്മൾ ബിഗ് സല്യൂട്ട് കൊടുക്കണം.കാരണം നമ്മുടെ ചില നടന്മാർ നമുക്ക് ബോറടിച്ച് തിരസ്കരിച്ചു കഴിഞ്ഞു എങ്കിലും വീണ്ടും വീണ്ടും നമ്മളെ പരീക്ഷിക്കുന്നു .ഇവിടെ ചിമ്പു പറഞ്ഞത് പോലെ ഗംഭീര പടവുമായി തിരിച്ചു വന്നിരിക്കുന്നു .പിന്നെ പറയേണ്ടത് ചിമ്പുവിന് ഒപ്പം നിറഞ്ഞാടിയ എസ് ജെ സൂര്യയുടെ പ്രകടനവും...






ടൈം ലൂപ് പ്രമേയമായി സിനിമ എടുക്കുക എന്നത് ഞാണിന്മേൽ കളിയാണ്.പ്രേക്ഷകന് അത് മനസ്സിലായില്ലെങ്കിൽ അത് വലിയ പതനം ഉണ്ടാക്കും.അത് എന്തെന്ന്   ഓരോരുത്തർക്കും മനസ്സിലാകുന്ന രീതിയിൽ തന്നെയാണ്  പലരും പരാജയപ്പെട്ട തീമിൽ വെങ്കിട് പ്രഭു ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.





ഒരു കല്യാണത്തിന് വരുന്ന നായകൻ ഫ്ളൈറ്റിൽ വെച്ച് ടൈം ലൂപിൽ അകപ്പെടുകയും അടുത്ത മഹാസമ്മേളനം നടക്കുമ്പോൾ മുഖ്യമന്ത്രി കൊല്ലപെടും എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു .അതേ സമയം മുഖ്യമന്ത്രിയുടെ "സുരക്ഷ "ചുമതല ഉള്ള ഉദ്യോഗസ്ഥനും ടൈം ലൂപ്പിൽ പെട്ട് വരാനിരിക്കുന്ന സംഭവങ്ങൾ മനസ്സിലാക്കുന്നു. അങ്ങിനെ ഇവർ തമ്മിലുള്ള കണ്ടുമുട്ടൽ ആണ് ചിത്രം.






നമ്മുടെ നാട്ടിൽ ഇപ്പൊൾ കണ്ടു വരുന്ന മതത്തിൻ്റെ പേരിൽ ഉള്ള മുൻധാരണയും എന്ത് പ്രശ്നം ഉണ്ടായാലും അവരെ പഴിച്ചാരുന്നതും ഒക്കെ വെങ്കട്ട് കൃത്യമായി പറഞ്ഞു വെക്കുന്നുണ്ട്.അത് അസ്വസ്ഥത സൃഷ്ട്ടിച്ചവർ ഈ ചിത്രം  പ്രദർശിപ്പിക്കുന്നത് മുടക്കാൻ നോക്കി എന്നും  മുഖ്യമന്ത്രി ഇടപെട്ട് അതൊക്കെ മാറ്റി എന്നും വാർത്ത ഉണ്ടായിരുന്നു.




ചിലർക്ക് രാഷ്ട്രീയത്തിലും മതത്തിലും അസ്വസ്ഥത സൃഷ്ടിക്കും എങ്കിലും അതൊക്കെ മറികടന്ന് എന്നാണ് നൂറു കോടി താണ്ടിയ  ചിത്രത്തിൻ്റെ കളക്ഷൻ സൂചിപ്പിക്കുന്നത്.


പ്ര .മോ. ദി .സം