Friday, August 23, 2024

രായൻ

 



ധനുഷ് തൻ്റെ അമ്പതാമത്തെ ചിത്രം അഭിനയത്തിന് പുറമെ എഴുത്ത് കൂടി നടത്തി സംവിധാനം ചെയ്തിരിക്കുന്നു.എഴുത്തിൽ അതിൻ്റെ കഥയിൽ പുതുമ ഒന്നും അവകാശപ്പെടുവാൻ ഇല്ലെങ്കിൽ പോലും മേക്കിംഗ് കൊണ്ട് എല്ലാവരെയും പിടിച്ചിരുത്തുന്ന തരത്തിൽ നന്നായി തന്നെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.





നാല് മക്കളെ മാതാപിതാക്കൾ "ഉപേക്ഷിച്ച്" പോയത് കൊണ്ട് മാത്രം കുടുംബത്തിൻ്റെ ബാധ്യത ഏറ്റെടുത്ത മൂത്തവൻ രായൻ ഫാസ്റ്റ് ഫുഡ് ഷോപ്പ് നടത്തി  ജീവിതം മുന്നോട്ടു ക്കൊണ്ട് പോകുന്നു.  പലതരം പ്രശ്നങ്ങളിൽ പെട്ട് ഉഴലുന്ന ആൾ എന്ന് കാണിക്കുവാൻ  സ്വതവേ ഗൗരവകരമായ ഒരു അവസ്ഥ അഭിനയത്തിൽ ധനുഷ് ഒട്ടിച്ചു വെക്കുന്നുണ്ട്.





സഹോദരർ ഒരുത്തൻ റൗഡിയായി സകല ഉഡായിപ്പിലും പെട്ട് രായന് തലവേദന ആകുന്നു എങ്കിലും എല്ലായിടത്തും അവനെ രായൻ സംരക്ഷിക്കുന്നു. കോളേജിൽ പോകുന്ന ഇളയവന് സ്വാതന്ത്രം കൂടുതൽ കൊടുത്തിട്ട് ഉണ്ടെങ്കിൽ കൂടി  അവനെയും പരിധിക്ക് അപ്പുറത്ത് വിടാത്തത് കൊണ്ട് പേടിയോടെ രായനെ അനുസരിച്ച് തന്നെ മുന്നോട്ടു പോകുന്നു.





കൂട്ടത്തിൽ ഇളയവൾ കുഞ്ഞിപെങ്ങൾ ദുർഗ്ഗാ യുമായിട്ടാണ് ഗൗരവം വിട്ടു റായൻ സംസാരിക്കുന്നത്.പെങ്ങൾക്ക് വേണ്ടി എന്തും ചെയ്യുന്ന അനിയത്തിയും ചേട്ടന് വേണ്ടി എന്തും ചെയ്യുന്ന പെങ്ങളും തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. അണ്ണൻ തങ്കച്ചി പാശം തമിഴു സിനിമയുടെ മുഖ്യ  ഘടകം ആയതു കൊണ്ട് തന്നെ ഇതിനെ ചുറ്റിപറ്റി തന്നെയാണ് കഥ വികസിക്കുന്നത്.





നഗരത്തിലെ ദാദാക്കളുമായി ഉണ്ടാകുന്ന പ്രശ്നം വളർന്നു വലുതായി ഇവരുടെ കുടുംബ ജീവിതത്തിൽ കറുത്ത പാടുകൾ സൃഷ്ടിക്കുമ്പോൾ ആണ് സിനിമ കൂടുതൽ ഉഷാർ ആകുന്നത്. അത് കുടുംബത്തിൽ ഉണ്ടാക്കുന്ന നഷ്ടങ്ങൾ കുറയ്ക്കുവാൻ രായനും സഹോദരങ്ങളും പൊരുതുമ്പോൾ ഇടക്ക് വെച്ച് കളി കൈവിട്ടു പോകുന്നു.





സംഭവങ്ങൾ ഒക്കെ കൃത്യമായി പറയുന്നുണ്ട് എങ്കിൽ കൂടി എവിടെയൊക്കെയോ നമ്മളെ അത് വിശ്വസനീയമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കുവാൻ ധനുഷിൻ്റെ എഴുത്തിന് കഴിയുന്നില്ല..എങ്കിൽ കൂടി അവതരണത്തിൽ കൂടിയും അഭിനയത്തിൽ കൂടിയും അതിനെ കവച്ചു വെക്കുവാൻ ധനുഷിന് കഴിഞ്ഞിട്ടുണ്ട്.






സംഗീതത്തിൽ എ ആറ്.റഹ്മാന് മുൻപുള്ള മായാജാലം നഷ്ടപ്പെട്ടു എന്ന് തോന്നുന്നു.കാളിദാസ്,ദുശാര,എസ്.ജെ സൂര്യ, സുന്തീപ്,അപർണ, സെൽവ രാഘവൻ, പ്രകാശ് രാജ് എന്നിവർ ധനുഷിന് മികച്ച പിന്തുണ നൽകുന്നുണ്ട്.


പ്ര.മോ.ദി.സം 

No comments:

Post a Comment