Wednesday, January 29, 2014

വീണ്ടും ഒരു പ്രണയകഥ

കാമ്പസിലെ ഒരു വൈകുന്നേരം ..
----------------------------------------
"രൂപേഷ് , എന്റെ കല്യാണം ഉറപ്പിക്കുവാൻ പോകുന്നു.ചടങ്ങ് ഈ വരുന്ന സണ്‍‌ഡേ ആണ്.കല്യാണം ആറുമാസം കഴിഞ്ഞു മാത്രം.ചെറുക്കൻ എയർ ഫോർസിൽ  ആണ്.നല്ല ജോലി ,നല്ല ശമ്പളം ..പോരാഞ്ഞു  നല്ല പേരുകേട്ട കുടുംബവും .ഞാൻ കുറെയേറെ ആലോചിച്ചു എടുത്ത തീരുമാനമാണ്.വഞ്ചിച്ചു എന്ന് തോന്നരുത്.അത് കൊണ്ട് തന്നെ രൂപെഷിനോട് പറയാതിരിക്കുവാൻ  കഴിയില്ല .ഞാൻ ആഗ്രഹിച്ചതായിരുന്നു നിന്റെ കൂടെയുള്ള ഒരു ജീവിതം ..പക്ഷെ രൂപേഷിന്റെ പഠിത്തം കഴിഞ്ഞു ജോലിയൊക്കെ കിട്ടി സെറ്റിൽ  ആയി വരുന്നതുവരെ കാത്തിരിക്കുവാൻ വീട്ടുകാർ ഒരു കാരണവശാലും എന്നെ അനുവദിക്കില്ല.നിനക്ക് വേണ്ടി പല കാരണങ്ങൾ പറഞ്ഞു പല ആലോചനകളും ഞാൻ ഒഴിഞ്ഞിരുന്നു.പക്ഷെ ഈ ആലോചന വന്നപ്പോൾ എനിക്കും താല്പര്യം തോന്നി.കാരണം കുറെ ദിവസമായി ഞാൻ എന്റെ ഭാവിയെപറ്റി ചിന്തിക്കുകയായിരുന്നു. ... അത് കൊണ്ട് തന്നെ  ഇത്രയും നല്ല ഒരു ബന്ധം വേണ്ടെന്നു വെയ്ക്കുവാൻ  എനിക്ക് തോന്നിയില്ല .അത് കൊണ്ട് സമ്മതിക്കേണ്ടി വന്നു ...എനിക്ക് വിഷമമുണ്ട് ...."

ജീന അവന്റെ മുഖത്തേക്ക് നോക്കി.ഇതുവരെ അവനെ നോക്കാതെ ഇത്രയും പറഞ്ഞൊപ്പിക്കുകയായിരുന്നു.അവന്റെ മുഖത്തു ഒരു ഭാവഭേദവും കണ്ടില്ല.അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു .

"ആശംസകൾ ജീന ...നല്ല തീരുമാനം.ജീന പറഞ്ഞതാണ് ശരി ..ഞാൻ ഈ കൊളെജോക്കെ വിട്ടു  ജോലിയൊക്കെ  കണ്ടുപിടിച്ചു എപ്പോൾ വരുവാനാണ്‌...?ഒരു നിശ്ചയവുമില്ല ...ഇങ്ങിനെ ഒരു വിടപറയൽ ഞാൻ ഭയന്നതായിരുന്നു ...പക്ഷെ ഇത്ര പെട്ടെന്ന് ഉണ്ടാവുമെന്ന്  കരുതിയില്ല...അത് കൊണ്ട് ചെറിയ വിഷമമുണ്ട് ....സാരൊല്യ ...ഞാൻ എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി കൊള്ളാം .കുറച്ചു ദിവസം കൊണ്ട് എല്ലാം ശരിയാകും ."


മനസ്സിനകത്ത്  ആർത്തിരമ്പുന്ന ഒരു കടലിനെയും ,പെയ്യാൻ തയ്യാറായ പെരുമഴയെയും അവൻ പിടിച്ചുനിർത്തികൊണ്ട്‌  പറഞ്ഞു.

ജീന   പോയപ്പോൾ കോളേജ് മതിലിനരുകിലെ തണൽ മരത്തിനടിയിൽ രൂപേഷ് തളർന്നിരുന്നു .
ഒരിക്കലും കേൾക്കുവാൻ ആഗ്രഹികാത്ത കാര്യങ്ങളാണ് ജീന പറഞ്ഞിട്ട് പോയത്..ജീവിതകാലം മുഴുവൻ തന്റോടൊപ്പം ഉണ്ടാവുമെന്ന് വിശ്വസിച്ച പെണ്ണ് ...അവൾ എന്നിൽ നിന്നും മനസ്സിൽ  നിന്നും പടിയിറങ്ങുന്നു..അടുത്ത ആഴ്ച അവളുടെ  കല്യാണം നിശ്ചയിക്കുന്നു ..അതായത് അവൾ വേറെ ഒരാളുടെ കൂടെ ജീവിക്കുവാൻ പോകുന്നു.അവൾക്കു എങ്ങിനെ തോന്നി അങ്ങിനെ ചിന്തിക്കുവാൻ ?അല്ലെങ്കിൽ എന്നെ മറന്നു മറ്റൊരു ആളുടെ കൂടെ ജീവിക്കുവാൻ ?അത്രക്ക്  ഇഷ്ട്ടമായിരുന്നു  പരസ്പരം ....ഇപ്പോൾ  അവൾ  സ്വന്തം ഭാവിക്കുവേണ്ടി സ്വാർത്ഥയായോ ?രൂപെഷിനു ഉത്തരം കിട്ടിയില്ല.

എങ്ങിനെ അവളുമായി അടുത്തു എന്നറിയില്ല ..വിപ്ലവപാർട്ടിയിലൂടെയുള്ള കർമനിരതനായി നേർ വഴിക്കുള്ള സഞ്ചാരം  കോളേജ് മുഴുവൻ കൂട്ടുകാരെയുണ്ടാക്കി .കലാപരിപാടികളിലൂടെ ആരാധകരെയും ...  അങ്ങിനെ എപ്പോഴോ ജീന ആരാധികയായി ....പിന്നെ  പയ്യെ പയ്യെ മനസ്സിലേക്ക് കടന്നുവന്നു.പിന്നെ അവൾ അവിടെതന്നെ  കുടിയേറി.കോളേജ് അറിയാത്ത രഹസ്യ പ്രണയമായിരുന്നു .അവളുടെ കൂട്ടുകാരി സ്മിതയ്ക്ക് മാത്രം അറിയാം ...പിന്നെ തന്റെ ഒന്ന് രണ്ടു  കൂട്ടുകാർക്കും അതവർ രഹസ്യമാക്കി വെച്ചു .

അവൾ പറഞ്ഞതിന് ന്യായമുണ്ടായിരുന്നു.അത് കൊണ്ട് തന്നെ അവളെ കുറ്റപെടുത്തുവാൻ കഴിഞ്ഞില്ല.അതുകൊണ്ടാണ്  ആശംസ പറഞ്ഞു തിരിച്ചയച്ചത്.സമയം വൈകി എന്ന തോന്നലുണ്ടായപ്പോൾ  ബൈക്കെടുത്തു അയാൾ  കാമ്പസ് വിട്ടു റോഡിലേക്കിറങ്ങി ..കോളേജിലെ കുട്ടികൾ കുറേപേർ റോഡിലുണ്ടായിരുന്നു .അത് കൊണ്ടുതന്നെ മനസ്സിലെ വിഷമം പുറത്തുകാണിക്കാതെ അയാൾ ചിരിച്ചു കൊണ്ട് യാത്രയായി.

ഒരാഴ്ച കഴിഞ്ഞു  ഒരു  പകൽ ..
---------------------------------
ജീനയുടെ ഉറ്റ സുഹൃത്ത്  സ്മിത ഓടി വരുന്നത് കണ്ടു രൂപേഷ്  ബൈക്ക് നിർത്തി അവിടെ  തന്നെ നിന്നു .
"എന്താ സ്മിതെ ...ഇത്ര ധൃതിയിൽ  എവിടെക്കാ ..?

"ഞാൻ രൂപെക്ഷിനെ കാണുവാൻ തന്നെ വന്നതാ "

"എന്താ വിശേഷിച്ചു .."

"കഴിഞ്ഞ സണ്ടെ  ആയിരുന്നു ജീനയുടെ നിശ്ചയം .."

 "അവൾ എന്നോട്  പറഞ്ഞിരുന്നു "

"എന്നാൽ അത്  നടനില്ല ...അവർ വേണ്ടെന്നു വെച്ചു .."

"കാരണം ..?"

"കാരണം കുറേയുണ്ട് ...അയാള് അവളെ വന്നു കണ്ടത് മുതൽ ആ കുടുംബത്തിനു ഓരോരോ പ്രശ്നങ്ങൾ പോലും . അങ്ങിനത്തെ കാര്യങ്ങളിലൊന്നും വിശ്വാസമില്ലാത്ത അവർ അത് കാര്യമാക്കിയില്ല .ജാതകം പോലും ജീനയുടെ വീട്ടുകാർ നിർബന്ധിച്ചത്  കൊണ്ടാണ് പോലും കൊടുത്തത്.പക്ഷെ ഇന്നലെ അവർ വരുന്ന വഴിക്ക് അപകടമുണ്ടായി  അയാള്  കയ്യും കാലുമൊടിഞ്ഞു ആശുപത്രിയിലായി .തലമുതിർന്നവർ പോയി ജോത്സ്യനെ കണ്ടപ്പോൾ ഈ കല്യാണം നടന്നാൽ അയാൾക്ക്‌ അപകടമുണ്ടാകുമെന്നു പറഞ്ഞു ...അയാൾക്ക്‌ മാത്രമല്ല അവളെ ആര് കെട്ടിയാലും ...ഈ പറഞ്ഞത് നുണ ആയിരിക്കാം ..അല്ലെ ..."


"പിന്നല്ലാതെ ..ഈ നൂറ്റാണ്ടിൽ ആരെങ്കിലും ഈ കാര്യം വിശ്വസിക്കുമോ ?വെറും അന്ധ വിശ്വാസം .അത്ര തന്നെ ..'

"രൂപെക്ഷിനു അവളോട്‌ വെറുപ്പുണ്ടോ ?"

"എന്തിനു ..സ്മിത ..അവളൊരു പാവം കുട്ടിയല്ലേ ..അവളുടെ നല്ല ഭാവിക്കുവേണ്ടി അവളൊരു നല്ല തീരുമാനമെടുത്തു ..അത്രയെ ഞാൻ കരുതുന്നുള്ളൂ   .."

"അതല്ല ..അവൾ നാളെമുതൽ കോളേജിൽ വരുന്നുണ്ട് ...അതോണ്ടാ ..."

"നല്ലത് ...അത് തന്നെയാണ്  നല്ലത്...വെറുതെ എന്തിനു പഠിത്തം കളയണം .."

രൂപെക്ഷ്  അതും പറഞ്ഞുകൊണ്ട് ബൈക്ക്  സ്റ്റാര്‍ട്ട്‌ ചെയ്തു .


പിറ്റേന്ന് ..
-----------
ജീന കോളേജിൽ മുഴുവനും രൂപെക്ഷിനെ തിരഞ്ഞെങ്കിലും കണ്ടു പിടിക്കുവാനായില്ല.അവൻ രാവിലെ തന്നെ  കോളേജിൽ വന്നിട്ടുണ്ടെന്ന് സ്മിതയിൽ നിന്നും അറിഞ്ഞു.ഞാൻ വരുന്നുണ്ട്  എന്ന് സ്മിത രൂപെഷിനോട് സൂചിപ്പിച്ചത് കൊണ്ട്  എന്തായാലും കാണാൻ വരുമെന്ന് കരുതി..പക്ഷെ എവിടെ...?എന്നിൽ നിന്നും മറഞ്ഞു നില്ക്കുകയാണോ ? എന്നെ വെറുത്തിരിക്കും...അതാ  സത്യം ..ഞാൻ സ്വാർഥയല്ലെ  ....നല്ല ഒരു ബന്ധം വന്നപ്പോൾ  അവനെ മറക്കാൻ  കഴിഞ്ഞു..പല സംശയങ്ങളും അവളുടെ മനസ്സിനെ പിടിച്ചുലച്ചു കൊണ്ടിരുന്നു.

അന്ന് ക്ലാസിൽ പഠിപ്പിക്കുന്നതിലോന്നും  ശ്രദ്ധിക്കുവാൻ  അവൾക്കായില്ല .എങ്ങിനെയൊക്കെയോ  സമയം തള്ളി നീക്കി.സ്മിത അവളെ ആശ്വസിപ്പിച്ചു .വളരെ മൂകയായിട്ടാണ് അന്ന് ജീന വീട്ടിലേക്കു മടങ്ങിയത്.


ഒന്ന് രണ്ടു ദിവസങ്ങൾക്കു ശേഷം ....
-------------------------------------------------------
ഇനിയും രൂപെക്ഷിനെ കാണാൻ പറ്റിയില്ലല്ലോ എന്ന് ചിന്തിച്ചു ക്ലാസിൽ നിന്നും വരുമ്പോൾ അതാ മുന്നിൽ  രൂപെക്ഷ് .ജീനയെ കണ്ട അവൻ  ചിരിച്ചു.പിന്നെ നടന്നു നീങ്ങി .

"രൂപേഷ് ...." ജീന വിളിച്ചു.അയാൾ  അവിടെ തന്നെ നിന്നത് കണ്ടു ജീന അവിടേക്ക് ഓടിചെന്നു  .

"എന്നോട് വെറുപ്പാണോ ..?"

"എന്തിനു വെറുക്കണം .?'

"പിന്നെന്താ  ഭയമാണോ ..?"

"എന്തിനു ജീന ..നീ എന്തൊക്കെയാ പറയുന്നത് ?"

"പിന്നെന്താ ഞാൻ വന്നതറിഞ്ഞിട്ടും കാണാൻ ശ്രമിക്കാത്തത് ..ഇപ്പോൾ കണ്ടിട്ടും സംസാരിക്കാത്തത് ?.എന്നോട്  കൂട്ട് കൂടുന്നവരൊക്കെയും അപകടത്തിൽ പെടുമെന്ന പേടിയാണോ ?"

"ജീന ഞാൻ പറയുന്നത് കേൾക്കൂ ...വരുന്ന കോളേജ് മീറ്റ് നന്നായി കൊണ്ടാടുവാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ .അത് കൊണ്ട് തന്നെ ഒന്ന് രണ്ടു ദിവസമായി അതിന്റെ തിരക്കിലാണ്.പരീക്ഷയും അടുത്തു വരുന്നു.പഠിപ്പും അത് കഴിഞ്ഞു ഉള്ള സമയത്ത്  മീറ്റിങ്ങും മറ്റുമായി....നീ വന്നു എന്നറിയാം ..മുൻപായിരുന്നുവെങ്കിൽ എങ്ങിനെയെങ്കിലും സമയം കണ്ടെത്തി കാണുവാൻ ഓടി വന്നേനെ.പക്ഷെ ഇപ്പോൾ എന്തിനു വരണം ..?നീ ഇപ്പോൾ എന്റെ   ആരാണ് ?ആരുമല്ല ....എനിക്ക് പഠിക്കണം നല്ല ഒരു ജോലി നേടിയെടുക്കണം ..എന്നാൽ മാത്രമേ ഇനി പ്രതീക്ഷക്ക്  വകയുള്ളൂ  ..മനസ്സിലുള്ള ആഗ്രഹങ്ങൾ നേടുവാൻ  കഴിയൂ...സ്വപ്‌നങ്ങൾ  യാഥാർത്ഥമാക്കുവാൻ  പറ്റുകയുള്ളൂ .നാളെ എതെങ്കിലും എയർഫോഴ്സ് കാരനോ ഫയർഫോർസ് കാരനോ  വന്നാൽ എന്റെ സ്വപ്‌നങ്ങൾ തകരാൻ  പാടില്ല.അന്ന് നീ പറഞ്ഞ അതെ കാരണങ്ങൾ പറഞ്ഞു കൊണ്ട് ഇനി ആരും എന്നെ വിട്ടുപോകരുത്....ഇപ്പോൾ ഈ ലോകത്ത്  ഓരോരുത്തർക്കും അവരവരുടെ കാര്യങ്ങൾ ആണ് വലുത് ..അത് നേടിയെടുക്കാൻ  എന്തും ഉപേക്ഷിക്കും. ഇനിയുള്ള എന്റെ സ്വപ്നങ്ങൾ ഒരിക്കലും കുഴിച്ചു മൂടപെടരുത് ...അത് കൊണ്ട് അതിന്റെ പരിശ്രമത്തിലാണ് ഞാൻ....എനിക്ക് ആരെങ്കിലുമൊക്കെ ആകണം .

പിന്നെ ഞാൻ വിശ്വസിക്കുന്ന എന്റെ പാർട്ടിക്ക്  അന്ധ വിശ്വാസമോ ദൈവമോ ഒന്നുമില്ല.അത് കൊണ്ട് തന്നെ നിന്റെ ജീവിതത്തിൽ സംഭവിച്ചത് ജാതകദോഷമാണെന്ന വിശ്വാസവുമില്ല . അവർ ശ്രദ്ധയില്ലാതെ വണ്ടി ഓടിച്ചു കാണും.അതുകൊണ്ട്  അങ്ങിനെ സംഭവിച്ചു .അപകടം നടന്നത്  കൊണ്ട് അത് വിശ്വാസവുമായി കൂട്ടി കുഴച്ചു .അപ്പോൾ അവർക്ക്  ഈ ബന്ധത്തിൽ നിന്നും ഒഴിയണം എന്ന് തോന്നി കാണും.അതുകൊണ്ട് ഒരു കാരണം കണ്ടു വെച്ചതാ ....ഇത്ര കടുപ്പിച്ചു പറഞ്ഞില്ലെങ്കിൽ എല്ലാവരെയും വിളിച്ചുവരുത്തിയ ഒരു ചടങ്ങ്  മുടക്കുമ്പോൾ നാട്ടുകാര് കൈവെക്കും എന്നുറപ്പല്ലേ ......"

"എനിക്ക് ജീനയെ  മുൻപത്തെ പോലെ കാണുവാൻ കഴിയില്ല ..സുഹൃത്താകാനും പറ്റില്ല .ഈ കോളേജിലെ ഒരു വിദ്യാർത്ഥി ആയി മാത്രം കാണും.നീ അന്ന് ഒരു തീരുമാനം എടുത്തപ്പോൾ അന്ന് നിന്നെ ആശംസകൾ  പറഞ്ഞു മനസ്സിൽ  നിന്നും പടിയിറക്കി.ഇനി വേണ്ട നമ്മൾ തമ്മിൽ ഒരു കൂട്ടും ....എന്നെ മനസ്സിലാക്കുക ."

നിറഞ്ഞു തുളുമ്പിയ മിഴികൾ തുടച്ചു തുടച്ചു ജീന മുന്നോട്ടേക്ക് നടന്നു.രൂപെക്ഷ്  ഉള്ളിൽ  ചിരിക്കുകയായിരുന്നു.

"എടി പെണ്ണെ ...കാലം അനുവദിക്കുകയാണെങ്കിൽ ഞാൻ വരും ഒരു ദിവസം ..നിന്നെ പെണ്ണ് ചോദിച്ചു കൊണ്ട് നിന്റെ വീട്ടിലേക്കു ....എനിക്ക് നല്ല ഒരു ജോലി കിട്ടി ഒരു കുടുംബം പോറ്റുവാൻ കഴിയും എന്ന്  എനിക്ക് തോന്നുമ്പോൾ . ...അപ്പോഴേക്കും നീ ആരുടേയും ഭാര്യ ആയില്ലെങ്കിൽ  മാത്രം ..അതുവരെ വയ്യ ...നീ അകന്നുതന്നെ നില്ക്കണം ..ഇനിയും ഒരു വിടപറയലിനു എനിക്ക് വയ്യ ..അത്രക്ക് നിന്നെ ഞാൻ  ഇപ്പോഴും സ്നേഹിക്കുന്നു ജീന .....അത്രയ്ക്ക്  നിന്നെ സ്നേഹിക്കുന്നു ......മൂന്നു വർഷങ്ങൾക്കു ശേഷം .....
---------------------------------------------
എയർ പോർട്ടിൽ തന്നെ സ്വീകരിക്കുവാൻ എത്തിയവരെ ആൾ കൂട്ടത്തിനിടയിൽ കണ്ണുകൾകൊണ്ട്  തിരയുകയായിരുന്നു രൂപേഷ്..ആദ്യമായാണ് നാട്ടിലേക്ക് വരുന്നത്.അച്ഛനും അമ്മയും ഒക്കെ വരുമെന്ന് പറഞ്ഞിരുന്നു.ആരെയും കാണുനില്ല.പെട്ടെന്ന് അപ്പുറത്ത് ബഹളം കേട്ട്  അങ്ങോട്ടേക്ക് നോക്കി.ബഹളം വെച്ചുകൊണ്ടിരിക്കുന്ന സ്ത്രീയുടെ മുഖം കണ്ണിലുടക്കി.അവന്റെ  ഉള്ളൊന്നു കാളി....ജീനയല്ലേ  അത്...? അവൻ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.അതെ ജീന തന്നെ ..അവരെ ആരൊക്കെയോ ചേർന്ന്  ബലമായി കാറിലേക്ക് കയറ്റുന്നു.തൊട്ടപ്പുറത്തു  ഉള്ള ആംബുലൻസിലെക്കു കയറാനുള്ള അവരുടെ ശ്രമം വിഫലമാക്കികൊണ്ട് ......അവനു ഒന്നും മനസ്സിലായില്ല .

ആരോ വന്നു കൈപിടിച്ചപ്പോൾ രൂപേഷ്  ഞെട്ടി തിരിഞ്ഞു നോക്കി .

.അനിയൻ ...അവൻ ചിരിച്ചു.

.ദൂരെ നിന്നും അമ്മയും ചേച്ചിയും  അനിയത്തിയും ഒക്കെ നടന്നു വരുന്നത് കണ്ടു.വർഷങ്ങൾ കഴിഞ്ഞു കണ്ടിട്ടും അവനു ഒരു പ്രതികരണവുമുണ്ടായില്ല .ഇപ്പോൾ കണ്ട പൊരുളറിയാത്ത കാഴ്ച്ചയുടെ നടുക്കത്തിലായിരുന്നു അവൻ .

അമ്മ വന്നു കെട്ടിപിടിച്ചു.എന്തൊക്കെയോ പറഞ്ഞു ..ചിലതിനൊക്കെ മറുപടിയും കൊടുത്തു .

അച്ഛൻ  വന്നില്ലേ ?അവൻ ചോദിച്ചു .

വന്നിരുന്നു .. ഇപ്പൊ അങ്ങോട്ടേക്ക് പോയതാ..രൂപെക്ഷ് നോക്കുമ്പോൾ ആംബുലൻസിനരുകിൽ നിന്നും അച്ഛൻ നടന്നു വരുന്നു.വന്നപാടെ രൂപെക്ഷിനെ കെട്ടിപിടിച്ചു.

"എന്തായിരുന്നു അച്ഛാ  അവിടെ ?'ആകാംഷയോടെ അവൻ ചോദിച്ചു

"നിനക്കറിയില്ലേ സഖാവ് കുഞ്ഞപ്പനെ ...അവന്റെ മോനാ ...ഗൾഫിൽ നിന്നും അപകടത്തിൽ മരിച്ചു.ശവം ഇന്നാ  കൊണ്ട് വന്നത്.കരഞ്ഞു ബഹളം വെച്ചത് അവന്റെ ഭാര്യയ ...പാവം ..കഴിഞ്ഞ ആഴ്ചയാ അവന്റെ അടുത്തേക്ക്‌ പോയത് ...കല്യാണം കഴിഞ്ഞു അധികമായതുമില്ല ..ഓരോരോ  വിധി ...

ഇപ്പോൾ രൂപേഷ് ശരിക്കും ഞെട്ടി ..ഈ ജോൽസ്യന്മാർ ജാതകം നോക്കി പറയുന്നത് സത്യം തന്നെയാണോ ?ജാതകത്തിൽ  വിശ്വസിക്കണമോ ?ഇത്തരം കാര്യത്തിൽ വിശ്വാസം ഇല്ലാത്ത  ഞാൻ ഇതെങ്ങിനെ അവിശ്വസിക്കും.അവന്റെ മനസ്സിനുള്ളിൽ വിശ്വാസവും അവിശ്വാസവും തമ്മിൽ പോര് തുടങ്ങി...


കഥ :പ്രമോദ് കുമാർ .കെ.പി 
 ചിത്രങ്ങള്‍ :കേരള വാട്ടര്‍ കളര്‍ സോസെറ്റി ,ഇന്റര്‍നാഷണല്‍ വാട്ടര്‍ കളര്‍ ഗ്രൂപ്പ്‌ 
(പരാഗ് ,സധു,സര്‍ക്കോ ,പ്രദീപ്‌ ,ഭാവേഷ്‌ )
                      Friday, January 24, 2014

കിളികൂട്ടില്‍ നിന്നും വന്ന സമ്മാനങ്ങള്‍ ....(.Nest Kerala(കിളിക്കൂട്-കേരളം)

ഫേസ് ബുക്കില്‍ ഒരു നൂറായിരം ഗ്രൂപ്പുകള്‍ എങ്കിലും കാണും.അതില്‍ മലയാളത്തില്‍ നിന്ന് തന്നെ അനവധിയുണ്ട് .പലതിന്റെയും ലക്‌ഷ്യം നമ്മുടെ സമൂഹത്തിലുള്ള എഴുത്തുകാരെ മുന്‍നിരയിലേക്ക്‌ കൊണ്ടുവരിക ,അവരെ മറ്റുള്ളവര്‍ക്ക് പരിച്ചയപെടുത്തുക എന്നതുമാണ്.അത് ഭൂരിഭാഗം ഗ്രൂപുകളും നന്നായി നിര്‍വഹിക്കുന്നുമുണ്ട്.പലരും എഴുതുന്നത്‌ മികച്ചത് ആകണം എന്നൊന്നുമില്ല .എങ്കിലും കൂടുതല്‍പേര്‍  ആസ്വദി ക്കുനുണ്ട്.ഒരു എഴുത്തുകാരന് കിട്ടിയിരിക്കുന്ന നല്ല ഒരു അവസരം തന്നെയാണിത്.അത് പലരും നന്നയി മുതലെടുക്കുന്നുമുണ്ട് .അത് കൊണ്ട് തന്നെ പലതരം കഥകളും കവിതകളും മറ്റു പംക്തികളും ദിവസേന ഉണ്ടാകുന്നു.നമുക്ക് കുറെ കഥകളും കവിതകളും ലേഖനങ്ങളും വായിക്കുവാനും വിലയിരുത്തുവാനും കഴിയുന്നു.അകന്നു നിന്നുപോയ നമ്മുടെ വായന തിരികെ വിളിക്കുവാനും ഇത്തരം ഗ്രൂപ്പുകള്‍ നമ്മളില്‍ പലരെയും സഹായിച്ചിട്ടുണ്ട് .അങ്ങിനെ കുറച്ചുപേര്‍ ചേര്‍ന്ന് ഒരു കൊല്ലം  മുന്‍പ് തുടങ്ങിയ നല്ല ഒരു ഗ്രൂപ്പ്‌ ആണ് Nest Kerala(കിളിക്കൂട്-കേരളം) എന്ന ഗ്രൂപ്പ്.എന്നെ ആരോ അവിടെ മെമ്പര്‍ ആക്കി.ഞാന്‍ എന്റെ സൃഷ്ട്ടികള്‍  കൂട്ടുകാരുമായും പങ്കുവെച്ചു.അങ്ങിനെ അവര്‍ ഒരിക്കല്‍ നടത്തിയ ഒരു മത്സരത്തില്‍ പങ്കെടുത്തതിന് എനിക്ക് സമ്മാനമായി ഒരു പുസ്തകം അയച്ചു തന്നു,അതെനിക്ക് നല്ല ഒരു പ്രോത്സാഹനമായി.എം .മുകുന്ദന്‍  എഴുതിയ പ്രശസ്തമായ "മയ്യഴി പുഴയുടെ തീരങ്ങളില്‍ "അവരുടെ ഒന്നാം വാര്‍ഷികത്തിന് കഥ അയച്ചതിന്റെ പേരില്‍ എനിക്ക് അവര്‍ പ്രോത്സാഹനമായി നല്‍കിയത് ഒന്നിനൊന്നു മെച്ചപെട്ട മൂന്നു പുസ്തകങ്ങള്‍ ആണ്.ഇത്തരം പ്രോത്സാഹനങ്ങള്‍ എന്നെ പോലുള്ളവര്‍ക്ക് അമൂല്യമാണ് .ഇനിയുള്ള എഴുത്തുകള്‍ക്ക് വലിയ പ്രചോദനം ആകുമെന്നും  ഉറപ്പാണ്.നെസ്റ്റ് ഗ്രൂപ്പിന്റെ അണിയറയില്‍ ഉള്ളവര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ  നന്ദി. 

 Nest Kerala(കിളിക്കൂട്-കേരളം)  കിളികൂട്ടിലേക്ക്  പോകണമെങ്കില്‍  താഴെയുള്ള അഡ്രസ്‌  വഴി പോകാം.
https://www.facebook.com/groups/nestkeralam/


Thursday, January 23, 2014

വിശ്വാസം അതല്ലേ എല്ലാം..

ദൈവം ഉണ്ടോ ?അതോ  ഇല്ലേ ?ഇല്ലെങ്കില്‍ പിന്നെ എന്തിനു ദൈവത്തിന്റെ പേരും പറഞ്ഞു ആരാധനാലയങ്ങളില്‍ പോകുന്നു.ഉണ്ടെങ്കില്‍ എന്തുകൊണ്ട്  ദൈവം സമൂഹത്തിലെ അനീതികള്‍ കാണുനില്ല.എന്ത് കൊണ്ട് ഇവിടെ പിഞ്ചു കുഞ്ഞുങ്ങള്‍ കൊല്ലപെടുന്നു ?...നിരപരാധികള്‍ ശിഷിക്കപെടുന്നു ? ,പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നു.?.ദൈവം ഉണ്ടെങ്കില്‍ ഇതൊക്കെ ഇല്ലതാവേണ്ടാതല്ലേ ?.പലപ്പോഴായി പലരും ചോദിച്ചു മടുത്ത ചോദ്യങ്ങളാണ് ..ഈ ചോദ്യങ്ങള്‍ക്ക് ഒന്നിനും എനിക്ക്  എന്നല്ല  പലര്‍ക്കും ഉത്തരമില്ല .ദൈവം ഉണ്ടെന്നു പറയുന്നവര്‍ക്ക് അതില്‍ വിശ്വസിക്കാം ഇല്ലെന്നു വാദിക്കുന്നവര്‍ക്ക്  അതിലും.എന്ന് കരുതി പരസ്പരം പഴിചാരി നിന്ദിക്കരുത്.ഓരോരുത്തരുടെ വിശ്വാസമാണ് അവര്‍ക്ക് പ്രധാനം.

ദൈവം എന്ന് പറയുന്നത് ഒരു വിശ്വാസമാണ് .തന്നെ തിന്മകളില്‍ നിന്നും ആപത്തുകളില്‍ നിന്നും രക്ഷിക്കുവാനും നല്ല രീതിയില്‍ എപ്പോഴും മുന്നോട്ടേക്കു നയിക്കുവാനും തന്റെ ആഗ്രഹങ്ങള്‍ ഒക്കെ സഫലീകരിക്കുവാന്‍ എന്തോ ഒരു ശക്തി ഉണ്ടെന്നു മനസ്സില്‍ തറച്ച് പോയ ഒരു വിശ്വാസം.നമ്മുടെ പ്രാര്‍ഥനകള്‍ ഫലം കാണുമ്പോള്‍ ദൈവം ഉണ്ടെന്നു നമ്മള്‍ ചിലര്‍ വിശ്വസിക്കുന്നു.ചില പ്രാര്‍ത്ഥനകള്‍ക്ക്  ഫലം കിട്ടാതാകുബോള്‍ ചിലര്‍ നിരീശ്വരവാദികള്‍ ആയിപോകുന്നു.ചിലര്‍ ജന്മം കൊണ്ടേ നിരീശ്വരവാദികള്‍ ആയിരിക്കും.

എപ്പോഴും ദൈവത്തില്‍  വിശ്വസിച്ചിരുന്ന ഒരു പ്രഗല്‍ഭ ഗായിക ജീവിതത്തില്‍ ഒരാപത്തുണ്ടായപ്പോള്‍ "ഇനി എനിക്ക് ദൈവത്തില്‍ വിശ്വാസമില്ല ഇനി ഞാന്‍ എന്തിനു  ദൈവത്തോട് പ്രാര്‍ഥിക്കണം" എന്ന് വിലപിച്ചതും  അത് കൊണ്ട് തന്നെ."നമ്മുടെ എല്ലാ കാര്യങ്ങളും ദൈവങ്ങള്‍ നടത്തിത്തരും എന്ന് വിശ്വസിക്കരുത്  നമ്മള്‍ കൂടി പ്രയത്നിക്കണം "എന്നാണ് ആരോ അതിനു പറഞ്ഞ മറുപടി.

പലരും പറഞ്ഞു കേട്ടിട്ടുണ്ട് ..രാവിലെ തന്നെ അമ്പലത്തില്‍ പോയാല്‍ മനസ്സിന് എന്തോ ഒരു ശക്തി വന്നതുപോലെ തോന്നും  ..കലുക്ഷമായ മനസ്സുകള്‍ക്ക്  സമാധാനം ഉണ്ടാകുന്നു ..കുളിര്‍മ വരുന്നു.അന്നത്തെ ദിവസം മൊത്തം നല്ലതായിട്ടുണ്ട്  എന്നൊക്കെ...സത്യമായിരിക്കാം .വിഗ്രഹങ്ങളുടെ ആകര്‍ഷണവും ശാന്തമായ മൌനമായ അന്തരീക്ഷവും ഒക്കെ പലരുടെയും മനസ്സിനെ സ്വാധീനിചിരിക്കാം.പക്ഷെ തിരക്ക് പിടിച്ചു ഭക്തര്‍ അലമുറയിടുന്ന അമ്പലത്തില്‍ പോയാല്‍ നമ്മുടെ മനസ്സാണ് മടുക്കുന്നത്.അവിടുന്ന് എനിക്കൊരിക്കലും മനസ്സിന്  കുളിര്‍മയോ ശാന്തിയോ  കിട്ടില്ല.വിഗ്രഹത്തിനു മുന്നില്‍  അഞ്ചു സെക്കന്റ്‌  പോലും നില്‍ക്കാനും അനുവാദം ഉണ്ടാകാറില്ല. അത് കൊണ്ട് തന്നെ ഞാന്‍ പോകുന്നത് അധികവും തിരക്കില്ലാത്ത അമ്പലങ്ങളിലാണ്.വിഗ്രഹത്തിനു മുന്നില്‍ നിന്നുകൊണ്ട്  പ്രാര്‍ത്ഥന വേണം എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍. ദൈവം തൂണിലും തുരുമ്പിലും ഒക്കെ ഉണ്ടെങ്കില്‍ ഗുരുവായൂരും ശബരിമലയും ഒന്നും പോകേണ്ട എന്ന് എനിക്ക് തോന്നുന്നു.എന്നാലും ജീവിതത്തില്‍  എന്തെങ്കിലും പ്രതിസന്ധി  ഉണ്ടാകുമ്പോള്‍ ഞാനും നേര്‍ച്ചകള്‍ ,വഴിപാടുകള്‍ ഈ പറഞ്ഞ അമ്പലത്തിലെക്കും നേരുന്നു .അവിടേക്ക് പോകുന്നു.അത് ഒരു വിശ്വാസം ..പലര്‍ക്കും പണ്ടുമുതലേ ഉണ്ടായിപോയ ഒരു വിശ്വാസം.അതില്‍ ഞാനും വിശ്വസിക്കുന്നു.അതെങ്ങിനെ ആ വിശ്വാസം ഉണ്ടാകുന്നു എന്ന് ചോദിച്ചാല്‍ അതിനു എനിക്കും ഉത്തരമില്ല.

ദൈവത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാര്‍ ആണെങ്കിലും പല ആരാധനാലയത്തിലും  മറ്റു മതസ്ഥര്‍ക്ക്  പ്രവേശനം ഇല്ല .ഇപ്പോള്‍ അടുത്തകാലത്ത്  ജാതിയില്‍ പിന്നോക്കം ആയവരെ അമ്പലത്തില്‍ പ്രവേശിപ്പിക്കാതെയും ചില അമ്പല മേലാളന്മാര്‍ ദൈവത്തെ പഴി കേള്‍പ്പിച്ചു.അമ്പലത്തിലെ വാദ്യങ്ങളും പൂജകളും ഒക്കെ ഉയര്‍ന്ന ജാതിക്കാര്‍ ചെയ്താലേ ദൈവത്തിനു തൃപ്തി വരികയുള്ളൂ എന്ന് ചിന്തിചിരിക്കുന്ന ഇത്തരം ശിഖണ്ടികള്‍ തന്നെയാണ് ഇന്ന് പലതരം ആരാധനലയത്തിന്റെയും ശാപം.ഇവനൊക്കെ കമ്മിറ്റികളില്‍ കയറികൂടുന്നതുംആ സ്ഥാപനം "സേവിക്കുന്നതും " ദൈവസ്നേഹം കൊണ്ടോ ദൈവഭയം കൊണ്ടോ അല്ല അതില്‍ നിന്നും കിട്ടുന്ന അല്ലെങ്കില്‍ അടിച്ചെടുക്കാന്‍ പറ്റുന്ന നിധികള്‍ മനസ്സില്‍ കണ്ടു കൊണ്ടാണ്.വഴിപാടുകളും സംഭാവനകളും ഉയര്‍ന്ന ജാതികാരുടെത് മാത്രം മതിയെന്ന്  ഒരുത്തനും പറയുകയുമില്ല....ഇതുവരെ പറഞ്ഞു കേട്ടതുമില്ല.

വലിയ ആരാധനാലയങ്ങളില്‍  നടവരവുകള്‍ കോടാനുകോടികള്‍ ആണ് ..അതിന്റെ തലപത്തിരിക്കുവാന്‍ മത്സരം ഉണ്ടാകുന്നതും  വരാന്‍ പോകുന്ന സൌഭാഗ്യം   മുന്നില്‍  കണ്ടത് കൊണ്ട് തന്നെ .അതുകൊണ്ട്  തന്നെയാണ് ദൈവം ഇല്ലെന്നു പറയുന്നുവനും ആരാധനാലയകമ്മിറ്റിയുടെ തലപ്പത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നത്  .അതിനുവേണ്ടി  മത്സരിക്കുന്നത്.ദ്രവിച്ചു നാശത്തിലേക്ക് പോയികൊണ്ടിരിക്കുന്ന അനേകം ആരാധനാലയങ്ങള്‍ ഇവര്‍ക്ക് കണ്ണില്‍ പിടിക്കില്ല .കാരണം അതില്‍ നിന്നും വരുമാനം ഉണ്ടാകില്ലല്ലോ ?

ഒരു മനുഷ്യന്റെ ഉള്ളില്‍ ദൈവവും പിശാചുക്കളും ഉണ്ട് .ചില നേരത്ത് അവന്‍ ദൈവവും മറ്റുചിലപ്പോള്‍  അവന്‍ ചെകുത്താനുമാകും.അവന്റെ കഴിവാണ് അതില്‍ ആരെ പുറത്തേക്ക് വിടണം ആരെ അകത്തുതന്നെയിരുത്തണ്ണം എന്നത് .. .ദൈവത്തെ കണ്ടു എന്നും അതിന്റെ  അവതാരമാണെന്ന്  അവകാശപെടുന്നതുമായ കുറേപേര്‍ ഇന്ന് നമുക്ക്  ചുറ്റിലും  ഉണ്ട്.അവരൊക്കെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍  പലരെയും കബളിപ്പി ക്കുന്നുമുണ്ട്.ചിലര്‍ക്ക് ഇന്നും അവര്‍ ദൈവമായി തന്നെയുമുണ്ട് .

ഇന്നുവരെ ദൈവത്തെ ആരും നേരിട്ട് കണ്ടിട്ടില്ല.എങ്കിലും പലര്‍ക്കും വിശ്വാസമുണ്ട് ..ദൈവം എന്നത്  നമ്മള്‍ കൂടിയാണ് നമ്മുടെ നന്മകള്‍ ആണ് പ്രവര്‍ത്തികളാണ്.ചിലരുടെ നന്മകളില്‍ നമ്മള്‍ ദൈവത്തെ കാണുന്നു.ആപത്തുകളില്‍ നിന്നും  ചില അദൃശ്യ ശക്തികള്‍ നമ്മളെ പലപ്പോഴും രക്ഷിക്കാറുണ്ട്.പലപ്പോഴും അങ്ങിനത്തെ അനുഭവം എനിക്കുണ്ടായിട്ടുണ്ട്.

അര്‍ദ്ധരാത്രി ബ്രേക്ക്‌ പോയി എന്ന് കരുതിയ  കാറില്‍ വലിയൊരു അപകടം മുന്നില്‍ കണ്ടു പതറിയ ഞങ്ങളെ ഒരു തരിവെളിച്ചത്തിന്റെ സഹായത്തില്‍ ബ്രേക്കിനടിയില്‍ കുടുങ്ങിയ പെപ്സി ബോട്ടില്‍ കാണിച്ചു തന്നത് ദൈവമല്ല എന്ന് വിശ്വസിക്കാന്‍ കഴിയുമോ ?കാറ്റും മഴയും തകര്‍ത്താടിയപ്പോള്‍ പെട്ടെന്ന്  വീട്ടിലെക്കെത്തുവാന്‍ ഓടിയപ്പോള്‍ ,കാല്‍ ഉളുക്കി റോഡില്‍ ഇരുന്നതുകൊണ്ട് മാത്രം പൊട്ടിയ വൈദ്യുതി കമ്പിയില്‍ നിന്നും രക്ഷപെടുത്തിയത്  ദൈവമായിരിക്കില്ലേ ? ബൈക്കില്‍ നിന്നും റോഡിലേക്ക് വീണ എന്നെ ലോറിക്കടിയില്‍പെടാതെ  സൈഡിലേക്ക്  വലിച്ചു മാറ്റിയ അജ്ഞാതനായ  വഴിപോക്കന്‍  എനിക്ക് ദൈവമല്ലേ ?


എന്നെ പഠിപ്പിച്ചു വലുതാക്കിയ മാതാപിതാക്കള്‍ ദൈവമല്ലേ?എനിക്ക് അറിവുകള്‍ പകര്‍ന്നു നല്‍കിയ ഗുരുക്കന്മാര്‍ ,എന്നെ സഹിക്കുന്ന നിങ്ങള്‍ ,എന്റെ കുടുംബം ,എനിക്ക് ജോലിയും ശമ്പളവും തന്ന  മുതലാളികള്‍ ,നമുക്ക് ജീവിക്കുവാന്‍ സാഹചര്യം ഒരുക്കുന്നവര്‍ ഒക്കെ നമുക്ക് ദൈവമല്ലേ ?  അങ്ങിനെ ഞാനും നിങ്ങളും ഒക്കെ ദൈവങ്ങള്‍ തന്നെയാണ്.ഒരാള്‍ക്ക്‌ അല്ലെങ്കില്‍ മറ്റൊരാള്‍ക്ക്...നമ്മുടെ നന്മകള്‍ പ്രവര്‍ത്തികള്‍ അതില്‍ നിന്നാണ് ദൈവം ഉണ്ടാകുന്നത്...അങ്ങിനെ വിശ്വസിക്കാം വിശ്വാസം അതല്ലേ എല്ലാം...


(ഈ പോസ്റ്റ്‌ ആരുടേയും വിശ്വാസം ഇല്ലാതാക്കുവാനോ ഉണ്ടാക്കിയെടുക്കുവാന്‍ വേണ്ടിയോ അല്ല )

-പ്രമോദ്‌  കുമാര്‍ .കെ.പി  
Wednesday, January 22, 2014

അമ്പലനടയില്‍ ......

അമ്പലത്തില്‍ നല്ല തിരക്കായിരുന്നു .ഇപ്പോള്‍ അങ്ങിനെയാണല്ലോ.എല്ലാവരും ദൈവത്തില്‍ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു.പണ്ട് ദൈവമില്ല എന്ന് പറഞ്ഞവരൊക്കെ ഇന്ന് ദൈവത്തിന്റെ അനുഗ്രഹത്തിനുവേണ്ടി പരക്കം പായുന്നു.ഒളിഞ്ഞും മറഞ്ഞും ദൈവത്തെ കണ്ടിരുന്ന ഞാനടക്കമുള്ള "നിരീശ്വരവാദികള്‍ " ഇന്ന് എല്ലാവരും കാണ്‍കെ അമ്പലത്തില്‍ പോകുന്നു.പോകേണ്ടി വരുന്നു .അത്രക്ക്  മനസ്സില്‍ ഭാരം അടിഞ്ഞുകൂടിയിരിക്കുന്നു .എല്ലാം ഇറക്കി വെക്കണം..അതിനു മനുഷ്യന്‍ കണ്ടു പിടിച്ച വഴിയാണ് ആരാധനാലയങ്ങള്‍.നമ്മുടെ പ്രശ്നങ്ങള്‍ ആരോടോ പറഞ്ഞു എന്നൊരു തോന്നല്‍..ദൈവം അത് ഇല്ലാതാക്കും എന്നൊരു വിശ്വാസവും.   ഇപ്പോള്‍ മനുഷ്യന്  മനകട്ടിയെ  ഇല്ലാതായിരിക്കുന്നു ,എല്ലാം ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ട്  മാത്രമായി ദിവസങ്ങള്‍ ..ഇപ്പോള്‍ ആരും  സ്വന്തമായി തീരുമാനം പോലുമെടുക്കുനില്ല അത് ജോല്സ്യനും മറ്റും വിട്ടു കൊടുത്തിരിക്കുന്നു.. ..അയാളുടെ കണ്ണുകള്‍ ആള്‍ കൂ ട്ടതിനിടയിലൂടെ ആരെയോ തേടി കൊണ്ടിരുന്നു...

"കാര്ന്നോരെ  മുന്നോട്ടു നടക്കൂ ദിവാസ്വപ്നം കണ്ടു നില്‍ക്കാതെ ...."

 പിന്നില്‍ നിന്നുള്ള ശബ്ദം അയാളെ ആലോചനകളില്‍ നിന്നും ഉണര്‍ത്തി.തിരക്കില്‍ വളരെ കഷ്ട്ടപെട്ടു അമ്പലത്തിന്റെ  ഉള്ളിലെക്കെത്തി .പ്രായമായവര്‍ക്ക് പ്രത്യേക ക്യു ഒക്കെ ഉണ്ട് പക്ഷെ പ്രായമായില്ല എന്ന തോന്നലാവാം അവിടെ പോവാതിരിക്കാനുള്ള കാരണം.പ്രായമായി എന്ന് ഈ അടുത്തകാലംവരെ ഒരിക്കലും തോന്നിയിരുന്നില്ല .പെന്‍ഷന്‍ പറ്റി വീട്ടിലെ ഏകാന്തതയില്‍ ബോറടിച്ചു ദിനങ്ങള്‍ തള്ളി നീക്കുമ്പോള്‍ ആണ് പ്രായം മനസ്സില്‍ വരുന്നത്.ഭാര്യ നേരത്തെതന്നെ  പോയതിനാല്‍ ആ കൂട്ടും നഷ്ട്ടപെട്ടിരുന്നു.മൂന്നു ആണ്മക്കളും ഭാര്യമാരും രാവിലെതന്നെ ജോലിക്ക് പോകും.കുട്ടികള്‍ സ്കൂളിലും ...വന്നാല്‍ തന്നെ അവര്‍ക്ക് അച്ഛനെ കാണുവാനോ സംസാരിക്കുവാനോ സമയമില്ല ...കുട്ടികള്‍ക്കും അവരുടെതായ പഠിത്തത്തിന്റെ തിരക്കുകള്‍.

ഒഴിവുദിനങ്ങളില്‍ പോലും പലപ്പോഴും അവര്‍ വീട്ടില്‍ കാണില്ല .അവരുടെ ബന്ധുക്കള്‍ ,സുഹൃത്തുക്കള്‍  തുടങ്ങിയവയുടെ പിടിയിലാകും.തികച്ചും ഒറ്റപെട്ട ജീവിതം .അവര്‍ക്ക് ഞാന്‍ ഒരു ഭാരമാണെന്ന് മനസ്സിലാക്കിയത് ഈ അടുത്തകാലത്താണ്.വായനശാലയില്‍ പോയി വരുന്ന വഴി അടിതെറ്റി വീണു .കാലിനു ഉളുക്കുണ്ടായി.ഒരാഴ്ച കട്ടിലിലും കസേരയിലുമായിരുന്നു ..പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ .എന്നിട്ടും മക്കള്‍ക്കും മരുമക്കള്‍ക്കും അച്ഛനുവേണ്ടി  "അമൂല്യമായ" ലീവ് കളയുവാന്‍ വയ്യ.ഒന്ന് രണ്ടു ദിവസം മാറി മാറി അവര്‍ നിന്നു.പിന്നെ പിന്നെ പിറ്പിറ്ക്കലുകള്‍ തുടങ്ങി ...പലതും ഹൃദയത്തിനെ കീറി മുറിച്ചു കൊണ്ടിരുന്നു. .പ്രായമായാല്‍ വീടിന്റെ ഒരു മൂലയില്‍ ഒതുങ്ങുകയല്ലേ വേണ്ടതെന്ന്  ഉപദേശവും..കേട്ടില്ല കണ്ടില്ല എന്ന് ഭാവിച്ചു.ഭര്‍ത്താവ് ജീവിച്ചിരിക്കെ ഭാര്യ മരിച്ചുപോയാലുള്ള അവസ്ഥ ഭീകരമാണെന്ന്  അന്നുമുതല്‍ മനസ്സിലായി.അന്ന് തോന്നിയതാണ് അവര്‍ക്ക്  ഒരിക്കലും താന്‍ ഭാരമാകരുതെന്നു....അതുകൊണ്ടാണ് ഇന്ന് ആരോടും പറയാതെ വീടുവിട്ടിറങ്ങിയത്.എല്ലാം ശാപമായിരിക്കാം അമ്മയുടെ ശാപം...പെറ്റമ്മയുടെ  ശാപം.അമ്മയോട് ഇത്രക്ക് അപരാധം ചെയ്യുവാന്‍ എങ്ങിനെ തോന്നി തനിക്ക് ?

പണം പണ്ടുമുതലേ അയാള്‍ക്ക്‌ അന്യനായിരുന്നു.ഒരിക്കലും ഒന്നിച്ചു നിന്നില്ല.സര്‍ക്കാര്‍ ജോലി ഉണ്ടായിട്ടും പലപ്പോഴും ഒന്നിനും തികഞ്ഞില്ല.ചെറിയ നിലയില്‍ നിന്നും അവിടംവരെ എത്തുവാന്‍ തന്നെ വളരെ കഷ്ട്ടപെട്ടു.മക്കളിലായിരുന്നു പ്രതീക്ഷ മുഴുവനും. മൂന്നു ആണ്‍ മക്കളുടെ പഠിത്തം ..വീടിന്റെ ലോണ്‍ ,ഭാര്യയുടെ ആഡബര ജീവിതം ,അമ്മയുടെ അസുഖം ഒക്കെ തന്നെ പലപ്പോഴും കടക്കാരനാക്കി .വന്ന അന്ന് മുതല്‍ ഭാര്യയും അമ്മയും തമ്മില്‍ ഒത്തു പോകില്ലായിരുന്നു.രണ്ടു പേരിലുമുള്ള ഈഗോ പ്രശ്നങ്ങള്‍ പലപ്പോഴും വീട്ടില്‍ കലാപമുണ്ടാക്കി.പ്രായം കൂടുംതോറും അമ്മക്ക് വാശിയും കൂടി.പലപ്പോഴും ഭാര്യയുടെ ഭാഗത്താണ് ശരി എന്ന് തോന്നിതുടങ്ങിയപ്പോള്‍ അമ്മ ഒരു ഭാരമായി.അല്ലെങ്കില്‍ അങ്ങിനെ വിശ്വസിപ്പിച്ചു.പിന്നെ ആരും ചെയ്യാത്ത പ്രവര്‍ത്തിയായിരുന്നു ചെയ്തത്.ഒരു മകന്‍ ഒരിക്കലും ചെയ്യരുതാത്ത പ്രവര്‍ത്തി.

അയാള്‍ പ്രദക്ഷിണം കഴിഞ്ഞു അമ്പലത്തിനുള്ളില്‍ കഴിച്ചുകൂട്ടി .വരുന്നവരെയും പോകുന്നവരേയും ഒക്കെ വീക്ഷിച്ചു കൊണ്ടിരുന്നു.നിന്നു തളര്‍ന്നപ്പോള്‍ പ്രസാദകൌണ്ടറിനു താഴെയുള്ള പടിയില്‍ പോയിരുന്നു.ഇവിടെ അമ്മയെ ഇരുത്തി പ്രസാദം വാങ്ങിക്കട്ടെ എന്ന് പറഞ്ഞു മുങ്ങിയതാണ് .ഈ അമ്പലത്തില്‍  അമ്മയെ ഉപേക്ഷിച്ചു കളഞ്ഞു .ഒരു ദാക്ഷിണ്യവുമില്ലാതെ...ഇപ്പോള്‍ ഇരുപതു കൊല്ലം കഴിഞ്ഞിരിക്കും...ഇപ്പോഴും അമ്മ ജീവിചിരിക്കുന്നുണ്ടാവുമോ ?അയാളുടെ കണ്ണുകള്‍ അമ്മയെ തിരഞ്ഞു കൊണ്ടിരുന്നു.

"ഡാ കൊല്ലം ഇത്ര കഴിഞ്ഞിട്ടും നിനക്കിനിയും പ്രസാദം കിട്ടിയില്ലേ ചെക്കാ ..."

അമ്മയുടെ ശബ്ദം കേട്ട് അയാള്‍ ഞെട്ടി.തൊട്ടു മുന്നില്‍ അമ്മ .താന്‍ ഉപേക്ഷിച്ചു പോയ തന്റെ അമ്മ.പ്രായം അമ്മയെ ബാധിച്ചതേയില്ല .അന്ന് ഉപേക്ഷിക്കുമ്പോള്‍ എങ്ങിനെയിരുന്നു അങ്ങിനെ തന്നെ....എന്ത് പറയണമെന്നറിയാതെ അയാള്‍ കുഴങ്ങി.

"അമ്മ എന്നോട് ക്ഷമിക്കണം " വിക്കി വിക്കി അയാള്‍ പറഞ്ഞൊപ്പിച്ചു .കണ്ണടച്ച് കൈകൂപ്പി അയാള്‍ നിന്നു.

"നിന്നോട് ഞാന്‍ എന്തിനാനെടാ ക്ഷമിക്കേണ്ടത് ....."

പരിചിതമല്ലാത്ത ശബ്ധം കേട്ട് ഞെട്ടി നോക്കുമ്പോള്‍  മുന്നില്‍ അമ്മയല്ല .വേറെ ഏതോ സ്ത്രീ ....അമ്മയെവിടെ പോയി.?അയാള്‍ ചുറ്റിലും നോക്കി.തിരക്കിലൂടെ അകന്നകന്നു പോകുന്ന ആ സ്ത്രീ രൂപം തന്റെ അമ്മയല്ലേ ?അയാള്‍ ആ തിരക്കിലൂടെ ആ രൂപത്തിന്റെ പിന്നാലെ ഓടി .ഓടുന്നതിനിടയില്‍ പലരെയും തള്ളിമാറ്റി കൊണ്ടിരുന്നു.ഭക്തരില്‍ നിന്നും നീരസമുണ്ടായെങ്കിലും അയാള്‍ അതൊന്നും വകവെച്ചില്ല.പെട്ടെന്ന് ആ രൂപം മറഞ്ഞു ....അയാള്‍ അവിടൊക്കെ തിരഞ്ഞെങ്കിലും കണ്ടുപിടിക്കുവാനായില്ല.

"എന്റെ കൃഷ്ണാ ...പരീക്ഷിക്കരുതെ ....ആദ്യമായി ആയാല്‍ മനമുരുകി ദൈവത്തിനെ വിളിച്ചു.അന്ന് മുഴുവന്‍ അയാള്‍ അവിടെയും പരിസരത്തിലുമൊക്കെ  അമ്മയെ തിരഞ്ഞു കൊണ്ടിരുന്നു.റോഡുകളിലും ഇടവഴികളിലും  അയാള്‍ കുറെയേറെ വൃദ്ധജനങ്ങളെ കണ്ടുവെങ്കിലും അമ്മയെ മാത്രം കണ്ടില്ല.അയാള്‍ കണ്ടത്  ഇപ്പോള്‍ ആരോരുമില്ലത്തവരെ ...യാചിച്ചും വെറും നിലത്ത് കിടന്നുറങ്ങിയും ജീവിതം തള്ളി നീക്കുന്നവരെ ....ഒരു ലക്ഷ്യവുമില്ലാതെ ദിനരാത്രങ്ങളെ ശപിച്ചുകൊണ്ട് മുന്നോട്ടു പോകുന്നവരെ ...അപ്പോള്‍ ഒരു കാര്യം മാത്രം അയാള്‍ക്ക്‌ മനസ്സിലായി ..ഇന്ന് മുതല്‍ ഞാനും ഇവരില്‍ ഒരാളാണ് ..മക്കളും മരുമക്കളും ഒക്കെ ഉണ്ടായിട്ടും ആര്‍ക്കും വേണ്ടാത്ത ജന്മമായി , ഈ നടയില്‍ മരണംവരെ ഞാനുമുണ്ടാകും ....അനാഥനായി ....ഭഗവാന്റെ കാരുണ്യം മാത്രം പ്രതീക്ഷിച്ചുകൊണ്ട് ....

മക്കള്‍ ഉപേക്ഷിക്കും മുന്‍പേ ഞാന്‍  സ്വയം എത്തി കൃഷ്ണാ നിന്റെ കാരുണ്യത്തിനായി നിന്റെ സന്നിധാനത്തില്‍ ...ഈ പാപിയെ നീ സംരക്ഷിക്കണമെ എന്റെ കൃഷ്ണാ .......ഒഴുകിയിറങ്ങിയ കണ്ണുനീര്‍ അയാളുടെ വസ്ത്രം നനച്ചുകൊണ്ടിരുന്നു.


കഥ :പ്രമോദ്‌ കുമാര്‍.കെ.പി 
ചിത്രങ്ങള്‍ : കേരള വാട്ടര്‍ കളര്‍ സോസെറ്റി

Monday, January 13, 2014

ഇപ്പോള്‍ മനസ്സിലായി .....

നാട്ടിലെ വലിയ ജന്മി തറവാടിലെ അംഗമായ  ദേവി ചേച്ചിയെ കല്യാണം കഴിച്ചയച്ചത് ആ ഗ്രാമിത്തിനടുത്തുള്ള നഗരത്തിലെക്കായിരുന്നു.വേറെ വേറെ സംസ്ഥാനം ആയിരുന്നിട്ടും ആ ഗ്രാമവും നഗരവും പണ്ട് മുതലേ നല്ല ബന്ധത്തിലുമായിരുന്നു.നഗരത്തിന്റെ പിന്തുണ ആ ഗ്രാമത്തിന് അത്യാവശ്യവുമായിരുന്നു.നഗരവാസിയായ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒന്നിച്ചു കുറെയായി ദേവി ചേച്ചി നഗരത്തില്‍ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്.

ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ ഗ്രാമത്തിലെ പാവപെട്ട കുടുംബത്തിലെ സുനിതചേച്ചിയെ വീട്ടു ജോലിക്ക് കൂടെ കൂട്ടി.ദിവസം എട്ടു മണികൂര്‍ ജോലിക്ക് നാലായിരം രൂപയും താമസവും ഭക്ഷണവും ആയിരുന്നു ഓഫര്‍.ആദ്യമൊക്കെ ഇത് കൃത്യമായി നടന്നുവന്നു.പിന്നെ പിന്നെ ജോലിയുടെ സമയം  കൂടി കൊണ്ടിരുന്നു എന്നാല്‍ ശമ്പളം പറഞ്ഞതിലും കുറവും കൊടുത്തു കൊണ്ടിരുന്നു.ഇത് പല മാസം തുടര്‍ന്നപ്പോള്‍ സുനിതചെച്ചി നഗരത്തിലെ പോലീസ് കാരനായ ബന്ധുവിനോട് പരാതി പറഞ്ഞു.ബന്ധു ഒന്ന് രണ്ടു തവണ ദേവി ചേച്ചിയോട് എഗ്രിമെന്റ് പ്രകാരം കാര്യങ്ങള്‍ ചെയ്യണം എന്ന് അപേക്ഷിച്ചു വെങ്കിലും രക്തത്തില്‍ ഉണ്ടായിരുന്ന അഹങ്കാരത്തിന്റെ അംശം കൊണ്ട് അവര്‍ അത് ചെവികൊണ്ടില്ല.വാശി കയറിയ ബന്ധു സുനിതചേച്ചിയില്‍ നിന്നും എഗ്രിമെന്റ് ബ്രേക്ക്‌ ചെയ്തതായി പരാതി എഴുതി വാങ്ങി അവരെ അറസ്റ്റ്‌ ചെയ്യിച്ചത് വലിയ വാര്‍ത്തയായി.ജാമ്യവും നിഷേധിക്കപെട്ടു .നഗരസഭ പ്രശ്നം ഏറ്റെടുത്തു 

പണം മുഴുവന്‍ കൊടുത്തുതീര്‍ക്കാതെ നഗരം വിടാന്‍ സമ്മതിക്കില്ല എന്ന് അവര്‍ ആണയിട്ടു പറഞ്ഞു. ഈ പ്രശ്നം മൂലം ആ നഗരത്തിലെയും ഗ്രാമത്തിലെയും ചില ആളുകള്‍ പരസ്പരം കോര്‍ത്തു..മുന്‍പേ തന്നെ നഗരം പലതവണ ഗ്രാമത്തെ പല വിധത്തില്‍ ദ്രോഹിച്ചുവെങ്കിലും അവിടുത്തെ ഗ്രാമതലവന്മാരെ ,കലാകാരന്മാരെ  അപമാനിച്ചുവെങ്കിലും  നിലനില്‍പ്പ് ഭയന്ന് ഗ്രാമം മിണ്ടാതെയിരുന്നു.പക്ഷെ ഇത്തവണ ഗ്രാമം പ്രതികരിച്ചു.കാരണം ദേവി ചേച്ചി ജന്മി കുടുംബമായിരുന്നു.ഗ്രാമവാസികള്‍ക്ക് മുന്‍പ് ദേവിചേച്ചി പല സഹായവും ചെയ്തു കൊടുത്തതിനാല്‍,അവര്‍ അവിടുത്തെ ജന്മി ആയതിനാല്‍ ,ഭാവി ഭയന്ന്  സുനിതചേച്ചിയോട് ഗ്രാമവാസികളും ഗ്രാമസഭകളും കൂറ് കാണിച്ചില്ല.അവിടെ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ജന്മി കുടുംബത്തിന്റെ സഹായമില്ലാതെ ഒന്നും നടക്കില്ല എന്നും അവര്‍ക്കറിയാമായിരുന്നു.അത് കൊണ്ട് അവരൊക്കെ ദേവി ചേച്ചിയുടെ പിന്നില്‍ അണിനിരന്നു.പാവപെട്ട സുനിത ചേച്ചിയെ സപ്പോര്‍ട്ട് ചെതത് കൊണ്ട് ഒരു കാര്യവുമില്ല  എന്നും  അവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു.......അവര്‍ നഗരത്തിന്റെ ചാരനാണ് എന്ന് വരെ ഗ്രാമവാസികളില്‍ ചിലര്‍ പറഞ്ഞു പരത്തി.അവരെ ഗ്രാമത്തില്‍ കാലുകുത്തിയാല്‍  കൊല്ലുമെന്നുവരെ ഭീഷണിയുണ്ടായി.ഗ്രാമത്തില്‍ പോകാന്‍ കഴിയാത്ത സുനിതചേച്ചിക്ക് നഗര ഭരണകൂടം ഒരു ഫ്ലാറ്റു തരപെടുത്തികൊടുത്തു.അവരുടെ ഭര്‍ത്താവിനെയും കുട്ടികളെയും കൂടി അങ്ങോട്ടേക്ക് എത്തിക്കുവാനുള്ള  സൌകര്യവും നഗരസഭ ചെയ്തു കൊടുത്തു .അവിടെ നഗരവാസിയായി തുടരുവാന്‍ അനുമതിയും കൊടുത്തു.അവിടെയും തീരുനില്ല  ഇനി ഇങ്ങോട്ട് വരരുത് എന്ന് പറഞ്ഞു ദേവി ചേച്ചിയെ നഗരസഭ ഗ്രാമത്തിലേക്കും തിരിച്ചയച്ചു.പക്ഷെ നഗരവാസിയായ ഭര്‍ത്താവിനും കുട്ടികള്‍ക്കും അവരോടൊപ്പം പോകുവാന്‍ കഴിഞ്ഞില്ല.കാരണം അവര്‍ നഗരത്തിന്റെ സന്തതികള്‍ ആയിരുന്നു.

നഗരത്തിന്റെ അഹന്തയ്ക്ക് ചുട്ടമറുപടി കൊടുക്കുമെന്ന് ഗ്രാമം പറയുന്നുവെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല ...ഇനി സംഭവിക്കുമോ ആവോ ?


(ഇന്ത്യയും അമേരിക്കയും കൊമ്പ് കോര്‍ക്കുന്ന "ദേവയാനി പ്രശ്നം " എന്താണ് എന്ന് മുഴുവനായും മനസ്സിലാകാതെയിരുന്ന എനിക്ക് രസികനായ സുഹൃത്ത്‌ പറഞ്ഞുതന്നത് )

കടപ്പാട് :ഷീജ ജയരാജ്‌ (ഈ പോസ്റ്റ്‌ മാറ്റങ്ങള്‍ വരുത്തുവാന്‍ ഐഡിയ തന്നതിന് ),കേരള വാട്ടര്‍ കളര്‍ സോസെറ്റി