Friday, August 29, 2014

കാലം മാറി കഥമാറി


അമ്പലത്തില്‍ നിന്നുമൊഴുകിവരുന്ന ഭക്തിഗാനം ഈ പുലര്ച്ച ക്ക് എന്തോ ഒരു ഊര്‍ജം തന്നിലേക്ക് നിറക്കുന്നു . ആരെയും ഉണര്‍ത്താതെ വാതില്‍ ചാരി പതിവുപോലെ മാധവന്‍ പ്രഭാതസവാരിക്കിറങ്ങി. റോഡിലേക്ക് ഇറങ്ങിയപ്പോള്‍ പത്രകാരന്‍ മനു സൈക്കിളില്‍ കുതിച്ചുപായുകയാണ് .ഇന്നെന്തോ വൈകി അതാണ്‌ ഈ പാച്ചില്‍ ...തണുപ്പല്ലേ ..പാവം ഉറങ്ങിപോയതാവും. സാധാരണ പോലെ ജാനുവേച്ചിയുടെ ചായകട തുറന്നിട്ടുണ്ട് പാൽകാരന്‍ കുഞ്ഞിരാമന്‍ പാല്‍ പാത്രവും തൂക്കി അവിടെ നിന്നും ചായ കുടിക്കുന്നുണ്ട്...അതിരാവിലെ ചായ അത്യാവശ്യമുള്ളവര്‍ ഒക്കെ കടക്കകത്തുണ്ട് .വഴിയില്‍ കണ്ടവരോടൊക്കെ കുശലം പറഞ്ഞു അയാള്‍ മുന്നോട്ടു നടന്നു.
 
അമ്പലകുളത്തില്‍ നിറയെ ആൾകാരായിരുന്നു.തന്നെ കണ്ട അബ്ദുൾ ഖാദർ വിശേഷങ്ങള്‍ ഒക്കെ ചോദിച്ചു .സ്ഥിരമായിട്ടുള്ള ചോദ്യങ്ങള്‍ തന്നെ ..ഉത്തരം മാത്രം ചിലത് മാറിമറിഞ്ഞിരിക്കും.മാത്യുവും പണിക്കരും രമേശനുമൊക്കെ ലോഗ്യം പറഞ്ഞു.ആ ഗ്രാമത്തിലെ പലരും അതിരാവിലെ അവിടെ കണ്ടുമുട്ടുക പതിവായി..പൊതുവായ പലകാര്യങ്ങളുടെയും ചർച്ച  അവിടെ നിന്ന് ആരംഭിക്കുന്നു.. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ അയല്കാരി സുബൈദ അടുക്കള വാതിലില്‍ കൂടി പുറത്തേക്കു പോകുന്നു.എന്തോ സാധനം വാങ്ങുവാന്‍ വന്നതായിരിക്കും.ഇവളും ഇവിടില്ലാത്തത് അവിടെ പോയി വാങ്ങാറുണ്ട് .നല്ല അയൽകാര്‍ ..പരസ്പര സഹകരണവും .ഓണവും പെരുന്നാളും ഒന്നിച്ചു ആഘോഷിക്കുന്നവര്‍... .

എത്ര പെട്ടെന്നാണ് വർഷങ്ങള്‍ കൊഴിഞ്ഞത്..അയാള്‍ കിടക്കയില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും നേരം വെളുപ്പിച്ചു.റിട്ടയര്‍മെന്റിനു ശേഷം ഉറക്കം തീരെ കുറഞ്ഞു.വർഷങ്ങളായി ഉള്ള  പ്രഭാതസവാരി ഇന്നും തുടരുന്നുണ്ട്.അതുകൊണ്ടാവാം ശരീരം ഇതുവരെ കാര്യമായി ബുധിമുട്ടിച്ചില്ല.സമയം വൈകിപോയി എന്ന് തോന്നിയപ്പോള്‍ അയാള്‍ പതുക്കെ കിടക്ക വിട്ടു എഴുനേറ്റു .മുൻപ്  അമ്പലത്തിലെ ഭക്തിഗാനം കേൾക്കു  മ്പോള്‍ സമയം മനസ്സിലാക്കാമായിരുന്നു..ഇപ്പൊ അതും നിന്നുപോയി ..അല്ല ചിലർ  നിർത്തിച്ചു .

“എടീ ..എഴുനേൽക്കൂ ....ആ വാതിലൊന്നു  അടക്കൂ ..ഞാന്‍ നടക്കാന്‍ പോകുകയാ “

മുൻപത്തെ  പോലെയല്ല ..വാതില്‍ചാരി പുറത്തേക്ക് ഇറങ്ങാന്‍ പറ്റില്ല.മനുഷ്യ മനസ്സുകളില്‍ പിശാചുക്കള്‍ താമസം തുടങ്ങിയ കാലമാണ്. എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് ഭാര്യ എഴുനേറ്റു.

“ഇന്ന് പോണോ ? കൊല്ലും കൊലയുമൊക്കെ നടക്കുന്ന കാലമല്ലേ ...?”

“അതൊന്നും   നമ്മുടെ സ്ഥലത്തല്ലല്ലോ ...അല്ലെങ്കിലും ഒരു പാർട്ടിയിലുമില്ലാത്ത ഞാനെന്തിനാടി പേടിക്കുന്നത് ?”

റോഡിലേക്ക് ഇറങ്ങിയെങ്കിലും ആരെയും കാണുവാനില്ല. പലരും പുറത്തിറങ്ങാൻ  മടിക്കുന്നു.രാഷ്ട്രീയകൊലപാതകം ,തമ്മില്‍ തമ്മില്‍ നിലനില്ക്കുന്ന സ്പർദ്ധ .. അതിന്റെ പരിണിതഫലങ്ങള്‍ പലരുടെയും വ്യായാമം വീട്ടിനുള്ളില്‍ തന്നെതളച്ചിടപ്പെട്ടു.അയാള്‍ മുന്നോട്ടേക്കു നടന്നു.ജാനുവേച്ചിക്ക് വയ്യെങ്കിലും പണ്ടത്തെപോലെ കച്ചവടം ഇല്ലെങ്കിലും ഇപ്പോഴും   കട തുറക്കാറുണ്ട്. മോന്‍ സഹായതിനുള്ളത്    കൊണ്ടാവും  .പതിവുപോലെയുള്ള “ബെഡ് കോഫി “ആൾകൂട്ടവും അവിടെ കണ്ടില്ല.

നടന്നു നടന്നു അമ്പലകുളത്തിനരുകിലെത്തി.പരിസരമൊ ക്കെ കാട് പിടിച്ചു കിടക്കുന്നു.ആൾ പെരുമാറ്റം കുറഞ്ഞത്‌  കൊണ്ടായിരിക്കും.കുളികാര്‍ ആരുമില്ല .അഹിന്ദുക്കള്ക്ക് പ്രവേശനമില്ല എന്ന ബോർഡ്‌  വന്നപ്പോള്‍ അന്യമതകാര്‍ വന്നു കുളിക്കാതെയായി...വീട്ടില്‍ സൌകര്യങ്ങള്‍ കൂടിയപ്പോള്‍ മറ്റുള്ളവരും. ആരുമില്ലാത്ത അമ്പലകുലത്തില്‍ കുളിക്കുന്നത് അയാൾക്കും ഇഷ്ട്ടമാല്ലതായി.പതിവായി ആരും കുളിക്കാത്തത് കൊണ്ടാവാം വെള്ളതിനൊക്കെ വല്ലാത്തൊരു കളര്‍.....പൂപ്പു പിടിച്ച  കുളപടികളും ..

എന്ത് രമ്യതയോടെ കഴിഞ്ഞിരുന്ന നാട്ടുകാരായിരുന്നു.അമ്പലത്തിലെ പുലർ ച്ചെയുള്ള ഭക്തിഗാനം കൊണ്ട്  കുട്ടികൾക്ക്   പഠനത്തില്‍ ശ്രദ്ധിക്കുവാന്‍ കഴിയുനില്ല എന്ന പരാതി വന്നതായിരുന്നു തുടക്കം.പരാതിപെട്ടത് അന്യ മതത്തില്‍പെട്ടവര്‍ ആയത്കൊണ്ട്  അതിനു  മറ്റൊരർഥം  കണ്ടു .അത് നാട്ടുകാർക്കിടയിൽ വലിയൊരു പ്രശ്നമായി ആളികത്തി.അതിനുശേഷമാണ് അമ്പലകുളത്തില്‍ ഇങ്ങിനത്തെ ബോര്‍ഡ്‌ വന്നതും.പിന്നെ പിന്നെ മത്സരമായിരുന്നു മനുഷ്യര്‍ തമ്മിലല്ല മതങ്ങള്‍ തമ്മില്‍ ..അത് പിന്നെ ചില പാർട്ടികളും ഏറ്റെടുത്തു .അയലത്തെ സുബൈദ കണ്ടാല്‍ ചിരിക്കുകയല്ലാതെ വീട്ടിലേക്കു വരാതെയായി.ഇരുവീടിന്റെയും  അതിരുകൾക്കിടയില്‍ വേർ പെടുത്തുവാനെന്നപോലെ മതിലുകള്‍ ഉയർന്നു . അതോടെ ഉച്ചസമയത്തെ അടുക്കളവര്‍ത്തമാനം നിലച്ചു..ഊഷ്മളബന്ധങ്ങളും ..സീരിയലില്‍ അഭയം തേടിയത് കൊണ്ട് അവൾക്കു നേരം പോയി കിട്ടി.

നടന്നു നടന്നു അയാള്‍ വീട്ടില്‍ തിരിച്ചെത്തി.നേരം ഇനിയും പുലർനിരുന്നില്ല .എന്നാലും അടുക്കളയില്‍ ശബ്ദം കേൾക്കുന്നുണ്ട് .അവൾ  പിന്നെ ഉറങ്ങി കാണില്ല .അയാള്‍ വരാന്തയിലെ  ചാരുകസേരയില്‍ കിടന്നു

ഈ ലോകത്ത് മനുഷ്യര്‍ ഇല്ലാതായിരിക്കുന്നു..സ്വന്തം സുഖത്തിനുവേണ്ടി സഹോദരങ്ങളെവരെ തിരിച്ചറിയാത്ത പിശാചുക്കള്‍ ആയി ഓരോരുത്തരും മാറിയിരിക്കുന്നു..ജാതിയും മതവും രാഷ്ട്രീയവും കാര്യങ്ങള്‍ തീരുമാനിക്കുന്നു..അവരുടെ കൂടെ കൂട്ട് കൂടിയത് കൊണ്ട് സമൂഹത്തിനു അന്ധത ബാധിച്ചിരിക്കുന്നു..കേൾവിശക്തി  നഷ്ട്ടമായിരിക്കുന്നു.കൈകാലുകൾ ബന്ധിക്കപെട്ടിരിക്കുന്നു.  . ഒന്നിനും കൊള്ളാത്ത മനുഷ്യപിണ്ടങ്ങൾ മാത്രം വസിക്കുന്ന നാടായി മാറിയിരിക്കുന്നു .ഇനി  കൂടുതൽ  നാളുകളില്ല ..നാശം തുടങ്ങുകയാണ്.കൂടുതലൊന്നും ആലോചിക്കുവാനിഷ്ട്ടപെടാതെ അയാള്‍ കണ്ണുകള്‍ ഇറുകിയടച്ചു.


പെട്ടെന്ന് റോഡില്‍ എന്തോ വലിയ ശബ്ദം കേട്ടു ...ആരുടെയോക്കെയോ കരച്ചിലും ...അൽസമയത്തിനു ശേഷം തന്റെ  തൊടിയിലൂടെ കുറച്ചുപേര്‍ പലവഴിക്ക് ഓടിപോകുന്നതും കണ്ടു..എന്തെന്ന് പോലും തിരക്കാന്‍ നിൽ ക്കാതെ സ്വാർഥതയോടെ യോടെ അയാള്‍ അടുക്കള വഴി അകത്തു കയറി വാതിലടച്ചു .ഭാര്യയോട് വിവരം പറഞ്ഞു കത്തിനിൽക്കുതന്ന ലൈറ്റ് ഒക്കെ ഓഫ്‌ ചെയ്തു .അനങ്ങാതെ അവിടെ തന്നെ ..അയാൾ എന്തുകൊണ്ടോ  ഭയന്ന് വിറക്കുന്നുണ്ടായിരുന്നു . അശാന്തിയുടെ ദിനങ്ങള്‍ അവസാനിക്കുന്നില്ലെന്നു അയാൾക്ക് ‌ മനസ്സിലായി. ഭയം കൊണ്ട് അയാളുടെ ചുണ്ടുകളുരുവിടുന്ന
പ്രാര്‍ഥനാശകലങ്ങള്‍ അവിടങ്ങളില്‍ നിറഞ്ഞുനിന്നു.

കഥ :പ്രമോദ്‌ കുമാര്‍.കെ.പി
ചിത്രങ്ങൾ :കേരള വാട്ടർകളർ സോസെററി

Saturday, August 23, 2014

കൊടുത്തു ...വാങ്ങി



ക്ലാസ്സിലേക്ക്  കയറുമ്പോള്‍ തന്നെ മനം കുളിര്‍ത്തു.നിറയെ പെണ്‍ കുട്ടികള്‍  ഇല്ലെങ്കിലും ഉള്ളതൊക്കെ സുന്ദരികള്‍ .ഇവിടെ നിന്ന് പഠിച്ചു പാസായി ഇവറ്റകള്‍  ഒക്കെ ഈ ഫീല്‍ഡില്‍  എന്തോന്ന് ചെയ്യാന്‍ ?എന്തായാലും പഠിപ്പിനിടയില്‍  ആണ്‍പിള്ളേരുടെ ബോറടി മാറ്റുവാനെന്കിലും ഉപകരിക്കും.ഇപ്പോള്‍ പഠിപ്പൊക്കെ പലര്‍ക്കും ഒരു ഫാഷന്‍ ആണ് ..പേരിന്റെ ഒപ്പം കൂട്ടിയെഴുതുവാന്‍ കുറെ ഡിഗ്രികള്‍  സമ്പാദിക്കുന്നവരാ ഇപ്പോള്‍ കൂടുതല്‍ .അല്ലെങ്കില്‍ ഈ കോഴ്സുകലൊക്കെ പഠിചിറങ്ങുന്ന പെമ്പിള്ളേര്‍ എവിടെ പോയി മറയുന്നു.?എന്തിനു പെമ്പിള്ളേര്‍.. ആണ്‍ പിള്ളേര്‍ തന്നെ എവിടെ ? അത്രയധികം പേര്‍  പഠിച്ചു പാസ്സായി പുറത്തിറങ്ങിയിട്ടുണ്ട് ..പക്ഷെ അത്രത്തോളം  ഒഴിവുകള്‍  ഈ മേഖലയില്‍  ഇപ്പോള്‍ ഉണ്ടോ ? .ചിലര്‍ക്ക് പഠിത്തം ഒരു ഹോബിയാണ് ..അവര്‍ എത്ര ഉന്നതിയിലെത്തിയാലും പഠിച്ചു കൊണ്ടേയിരിക്കും ..അവര്‍ക്ക് അത് ഒരു ഹരമാണ് ..പലതരം അറിവുകള്‍  നേടുവാനുള്ള  ഒരു ഹരം.പഠിച്ചതുമായി ബന്ധപെട്ട ജോലി ചെയ്യുന്നവര്‍  ഇന്ന് ചുരുക്കം.കിട്ടുന്ന ജോലിയിലേക്ക് പോകുകയാണ് പലരും .


പട്ടണത്തിലെ  തന്നെ മികച്ച കോളേജ്‌ ആണ്.നല്ല റിക്കാര്‍ഡും ഉണ്ട് .അത് കൊണ്ട് തന്നെയാണ്  അഡ്മിഷന് കുറച്ചു പണിപെട്ടത്.ലക്ചര്‍  ക്ലാസ്സില്‍ കയറുന്നതുവരെ രാഹുലിന് പലതരം ചിന്തയായിരുന്നു.അടുത്തിരിക്കുന്നവരൊക്കെ മസില്  പിടിചിരുന്നതിനാല്‍  അവരെ പരിച്ചയപെടുവാനോന്നും മിനകെട്ടില്ല ..ഇന്ന് തുടക്കമല്ലേ വഴിയെ എല്ലാവരിലെക്കുമിറങ്ങി ചെല്ലാം.



ആദ്യത്തെ മണിക്കൂറുകള്‍  വെറും ബോര്‍ ആയിരുന്നു.ഈ കോഴ്സിനെപറ്റിയും കോളേജിനെ പറ്റിയും ഇവിടെ  പഠിച്ചു ഈ കോഴ്സ്  ചെയ്യുന്നത് കൊണ്ടുള്ള ഗുണത്തെ പറ്റിയും വാചാലരാകുവാനാണ് വന്നവര്‍ ശ്രമിച്ചത്‌. കോളേജിനെ പുകഴ്ത്തി  പുകഴ്ത്തി  ലക്ച്ചര്മാര്‍  കിട്ടുന്ന പണത്തിന്റെ നന്ദി അറിയിച്ചുകൊണ്ടിരുന്നു. പിന്നെ വന്നവരും അത് തുടര്‍ന്നപ്പോള്‍  രാഹുലിന് സഹികെട്ടു .ഇവനിട്ടു ഒരു പണി കൊടുക്കണം അവന്‍ മനസ്സിലോര്‍ത്തു .സുമുഖനായ ലക്ചര്‍  പുകഴ്ത്തല്‍  പരിപാടി തുടരുകയാണ്.


“നിങ്ങള്‍ ഈ കോഴ്സ്  പൂര്‍ത്തിയാക്കി പുറത്തിറങ്ങിയാല്‍ നിങ്ങളെ ഓരോരുത്തരെയും കാത്തിരിക്കുന്നത്  പുതിയൊരു ലോകമാണ് ..അനന്തമായ സാധ്ദ്യതകള്‍  ഉള്ള  വലിയൊരു ലോകം. സൗഭാഗ്യത്തിന്റെ പെരുമഴയാണ് പിന്നെ  ജീവിതത്തിലുടനീളം  അനുഭവപെടുക..ഇവിടുന്നു ഇറങ്ങേണ്ട താമസം  കമ്പനികള്‍  വന്നു നിങ്ങളെ കൊത്തികൊണ്ട് പോകും.നിങ്ങള്‍ പറയുന്ന  സാലറി  തരും. നിങ്ങൾ ആവശ്യപെടുന്ന മറ്റു സൌകര്യങ്ങള്‍ തരും.ഇപ്പോള്‍  തന്നെ ഈ ഫീല്‍ഡില്‍  ഹൈ സാലറിയാണ്..എന്നെ പോലെ വായിലെ വെള്ളം വറ്റിച്ചു ജീവിക്കേണ്ട ഗതികേട്  നിങ്ങള്‍ക്കുണ്ടാവില്ല “

രാഹുലിന്റെ മനസ്സിലൊരു ലഡു പൊട്ടി.പെട്ടെന്ന് അവന്‍ ചോദിച്ചു.

“ഇത്രേം അവസരവും സാലറിയും കിട്ടുമെങ്കില്‍  നല്ല വിവരമുള്ള സാറെന്താ ഈ കോഴ്സ് പാസ്സായി ഭാവി ശോഭാനമാക്കാതെ  വായിലെ വെള്ളം വറ്റിച്ചു കൊണ്ട് ഇവിടെത്തന്നെയായി പോയത്.?”

ക്ലാസ്സില്‍  കൂട്ടച്ചിരി ഉയര്‍ന്നു..അപ്രതീക്ഷിത ചോദ്യം മാഷെയും വിഷമിപ്പിച്ചു.പക്ഷെ പെട്ടെന്ന്  അയാള്‍  മറുപടികൊടുത്തു .

“മൈല്‍കുറ്റിക്ക് അതിന്മേല്‍  എഴുതിയ സ്ഥലത്തേക്ക്  പോകുവാന്‍  കഴിയില്ല വഴികാട്ടികൊടുക്കുവാനെ  കഴിയൂ 

ഇപ്പോള്‍ ക്ലാസ്സിലുയര്‍ന്ന കൂട്ടചിരിക്കിടക്ക്  തല താഴ്ന്നുപോയത്  രാഹുലിന്റെതായിരുന്നു

കഥ : പ്രമോദ്‌കുമാര്‍ .കെ.പി 
ചിത്രങ്ങൾ : കേരള വാട്ടർ സോസെറ്റി 

Thursday, August 21, 2014

പാപ്പാത്തി



ഇപ്പോള്‍  കുട്ടിയുടെ നില അതീവഗുരുതരമാണ് .നമുക്ക് ചെയ്യുവാന്‍ പറ്റുന്നത് മാക്സിമം ചെയ്യുന്നുണ്ട്.പക്ഷെ വലിയ ഒരു മാറ്റം ഒന്നും കാണാനില്ല .ശരീരം ചികിത്സയോട് ശരിയായി പ്രതികരിക്കുനില്ല .ഇനി എല്ലാം ദൈവത്തിന്റെ തീരുമാനം പോലെയായിരിക്കും..:” ഡോക്റ്ററുടെ  വാക്ക് കേട്ട് നയന നടുങ്ങി .തനിക്ക് ആകെയുള്ളത്  ഇവന്‍ മാത്രമാണ് .ബന്ധുക്കള്‍  എന്ന് പറയുന്നവരൊക്കെ ഒളിച്ചോടിയ കല്യാണത്തോടെ നഷ്ട്ടപെട്ടു. പണം വാരുവാനുള്ള  “ജോലി തിരക്ക് “കൊണ്ട്  ഭര്‍ത്താവിനും തന്നെ മടുത്തു.അല്ലെങ്കില്‍  അയാള്‍ ......ഭൂതകാലം ഒന്നും ഓര്‍ക്കുവാന്‍ നയന ഇഷ്ട്ടപെട്ടില്ല.

“കുട്ടി ബോധം വരുമ്പോള്‍ ആരുടെയോ പേര് പറയുന്നുണ്ട് ..പക്ഷെ വ്യക്തമാകുനില്ല ..അത് ആരാണ്  എന്ന് ആദ്യം  മനസ്സിലാക്കണം . അവരുടെ സാന്നിധ്യം ചിലപ്പോള്‍ കുട്ടിയുടെ നില മെച്ചപെടുത്തിയേക്കും.അസുഖം തുടങ്ങിയ നാളില്‍ അവനു വേണ്ടുന്ന പരിചരണം കിട്ടിയില്ല.ഒറ്റപെട്ടു എന്ന തോന്നല്‍  കുട്ടിയുടെ മനസ്സില്‍ കടന്നു കൂടിയത് പിഞ്ചുമനസ്സിന് വലിയ ആഘാതമായി.  അത് കൊണ്ടാണ് കാര്യം ഇത്ര വഷളായത്..കുട്ടിയുടെ  മനസ്സ് ശാന്തമായാലെ ചികില്‍സ ഫലപ്രദമാകൂ ...  പ്രാര്‍ഥിക്കുക”

“ആരുടെ പേരാണ് ഡോക്ടര്‍  മോന്‍  പറയുന്നത്  ?”

“കുട്ടി നിങ്ങളെ എന്താണ് വിളിക്കുന്നത്‌ ?”ഡോക്ടര്‍ മറുചോദ്യം ചോദിച്ചു .

നയന പരുങ്ങി.എന്താണ് അവന്‍ തന്നെ വിളിച്ചിരുന്നത്‌ .?എന്തെങ്കിലും വിളിക്കാറുണ്ടോ ?ജോലിയുടെ തിരക്കില്‍  അവനെ ശ്രദ്ധിക്കാറില്ല..രാവിലെ പോകുമ്പോള്‍ അവന്‍ ഉറങ്ങുകയായിരിക്കും . വൈകി എത്തുബോഴും അങ്ങിനെ തന്നെ .ഒഴിവു ദിവസവും പലപ്പോഴും ലാപ്പിനു കീഴില്‍   ജോലിയിലാകുന്ന ഞാന്‍  അവനെ  അങ്ങിനെ  ശ്രദ്ധിക്കാരുമില്ല വല്ല്പോഴും ഇടയ്ക്കു ലാളിക്കും .പക്ഷെ അവന്‍ പിടി തരില്ല ...ചിലപ്പോള്‍  ചിനുങ്ങും ..അവനു താന്‍ അന്യയാണല്ലോ .അച്ഛന്റെ  കൂടെ കൂട്ടുണ്ട് .അധികവും കാണുന്നത് കൊണ്ടാവാം ..ഈ കാര്യത്തിനു അയാള്‍ പലപ്പോഴും തന്നെ വഴക്കും പറഞ്ഞിട്ടുണ്ട്  ഉപദേശിച്ചിട്ടുണ്ട് ..നീ ഒരു അമ്മയാണോ എന്ന്  കുറ്റപെടുത്തി ചോദിച്ചിട്ടുണ്ട് ..ആര് കേള്‍ക്കാന്‍  .ആര്‍ത്തിയായിരുനില്ലേ  ജോലിയോട്  അല്ല പണത്തോട് ...പലപ്പോഴും  വാക്കുകള്‍ കൊണ്ട്  പരസ്പരം യുദ്ധം ചെയ്തു ..പിന്നെ അത് ശാരീരികമായി...പക്ഷെ താന്‍  നന്നായില്ല .വിട്ടുകൊടുത്തുമില്ല . ഞങ്ങള്‍  ഒരുമിച്ചപ്പോള്‍  അകന്നുപോയത്  രണ്ടുപേരുടെയും  കുടുംബമായിരുന്നു...തന്റെ പെരുമാറ്റം അയാള്‍ക്ക്  സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.അത് കൊണ്ടുണ്ടായ  നഷ്ട്ടങ്ങളും വേദനകളും അതിലേറെയും  .അത് കൊണ്ടാണല്ലോ അയാള്‍ ......

  പിന്നെ വാശിയായിരുന്നു. അയാള്‍ ഇല്ലാതെയും ഇവിടെത്തന്നെ ജീവിക്കണം ആഗ്രഹിച്ചതൊക്കെ നേടണം എന്നുള്ള വാശി.പിന്നെ  തന്നെ തനിച്ചാക്കി പോയികളഞ്ഞ  അയാളോടുള്ള  വെറുപ്പും ..അത് മോനിലെക്കും പടര്‍ന്നിരിക്കണം. പലപ്പോഴും മോനെ ശ്രദ്ധിക്കാരായി .എല്ലാം ജോലികാരെ ഏല്പിച്ചു. .അങ്ങിനെ അവന്‍ തന്നില്‍ നിന്നും കൂടുതല്‍  അകലുകയായിരുന്നു,അല്ല അകറ്റുകയായിരുന്നു. കമ്പനിയിലെ ഒന്നാമന്‍  ആകുവാനുള്ള ഓട്ടത്തിനിടയില്‍  അങ്ങിനെ അകന്നുപോയത്  പലതുമായിരുന്നു...സംരക്ഷിക്കപെടെണ്ടതും സൂക്ഷിക്കേണ്ടതുമായ  പലതും


.അവനു ഒരു വയസ്സ് ആകുന്നതിനു മുന്‍പ് തന്നെ അവന്‍ എന്നില്‍ നിന്നും പൂര്‍ണമായും  അകന്നിരുന്നു.അമ്മിഞ്ഞപാലിന്റെ ബന്ധം കൂടിയില്ലതിരുന്ന എന്നെ അവന്‍ എന്ത് വിളിക്കുവാന്‍.? ആയ ആയിരുന്നു അവന്റെ എല്ലാം..അവര്‍ കാര്യങ്ങള്‍  നല്ലരീതിയില്‍ നോക്കിയതും തനിക്ക് തുണയായി.പണത്തിനും അന്ഗീകാരത്തിനും പിന്നാലെ ആയിരുന്നു മനസ്സും ശ്രദ്ധയും ..അതിനുവേണ്ടി എപ്പോഴും ഓടി കൊണ്ടിരുന്നു...അതെ ഇപ്പോഴും ഓടുന്നു.പക്ഷെ അവനു അസുഖം വന്നു ഈ അവസ്ഥയില്‍  ആയപ്പോള്‍ ...എന്തോ ഒരു കുറ്റബോധം...

“നയന ഒന്നും പറഞ്ഞില്ല.”അവളുടെ പരുങ്ങലില്‍ ഡോക്ടര്‍ക്ക് കാര്യം മനസ്സിലായി.അയാള്‍ ഉള്ളില്‍ ചിരിച്ചു.

“നിങ്ങളെ പോലുള്ള മാതാപിതാക്കളാണ് കുട്ടികളുടെ ശാപം..എന്തിനു വേണ്ടിയാണ് നിങ്ങള്‍ മത്സരിച്ചു ഓടുന്നത് ?പണം വാരുന്നത് ? ആര്‍ക്കുവേണ്ടിയാണ് ?ഒരിക്കലെങ്കിലും അത് ആലോചിച്ചിട്ടുണ്ടോ ?ഇവിടെ തന്നെ നിങ്ങളെ ഒന്ന് കണ്ടു കിട്ടുവാന്‍  ഞാന്‍ തന്നെ എത്ര ശ്രമിച്ചു ?കാര്യത്തിന്റെ ഗൌരവം മുന്‍പേ നിങ്ങളെ പറഞ്ഞു മനസ്സിലാക്കെണ്ടതായിരുന്നു.പക്ഷെ നിങ്ങള്ക്ക് സമയമില്ല  നിങ്ങള്‍ ഒരു ചടങ്ങ് പോലെ ഇവിടെ വരും പോകും.അതുംഒരിക്കലും ഡോക്റ്ററെ കാണുവാന്‍  പോലും കാത്തുനില്‍ക്കാതെ ..... ഇവിടെ പണം അടച്ചാല്‍  എല്ലാമായി  എന്ന്  നിങ്ങളെ പോലുള്ളവര്‍ വിദ്യാഭ്യാസമുള്ളവര്‍ വിചാരിക്കരുത്..അവനവന്റെ  ഉത്തരവാധിത്വം മറ്റുള്ളവര്‍ ചെയ്യില്ല .നീങ്ങളില്‍ നിന്നും ഈ പ്രായത്തില്‍  കുട്ടികള്‍ക്ക്    വേണ്ടത്  സ്നേഹവും സംരക്ഷണവുമാണ്....അത് കിട്ടിയില്ലെങ്കില്‍ അവര്‍ നിങ്ങളില്‍ നിന്നും അകലും..അവര്‍ക്ക് ഈ പ്രായത്തില്‍ വേണ്ടത്  നിങ്ങളുടെ കൂട്ടാണ് .....അല്ലാതെ  പണമല്ല.പണം വേണം നമ്മുടെ ആവശ്യത്തിന് മാത്രം..അല്ലാതെ അതിന്റെ മാത്രം പിന്നാലെയോടി ജീവിതം നശിപ്പിക്കരുത്.നിങ്ങളുടെതു മാത്രമല്ല  കുട്ടിയുടെയും ..”


“ലീവ് ദാറ്റ്‌  ...കുട്ടി എന്താണ്  അച്ഛനെ വിളിക്കുന്നത്‌ ?”

“അവനു വിളിക്കേണ്ട പ്രായമായപ്പോഴെക്കും അവര്‍ പോയി ഡോക്റ്റര്‍ “

“സോറി അറിഞ്ഞിരുനില്ല ....അവന്‍  പാതി  ബോധത്തില്‍  “പപ്പാ “എന്നോ “അപ്പ “എന്നോ ആണ് പറയുന്നത് .ഒരു കാര്യം ചെയ്യുക .നിങ്ങള്‍ കുറച്ചു സമയം അവനടുത്തിരിക്കുക ..എന്താണ് പറയുന്നത് എന്ന് ഊഹിചെടുക്കുക .അതോ ബിസി എന്നു പറഞ്ഞു ഇന്നും മുങ്ങുമോ ?”

“ഇല്ല ഡോക്ടര്‍ ...ഇനി ഞാന്‍ ഇവിടെ തന്നെ ഉണ്ട് ..കാര്യത്തിന്റെ ഗൌരവം ഞാന്‍ മനസ്സിലാക്കുന്നു.”

പെട്ടെന്ന് ഡോര്‍ തള്ളി തുറന്നു നേഴ്സ്  അകത്തേക്ക് വന്നു.
“സാര്‍  കുട്ടിക്ക്  ബോധം വന്നു  അവന്‍  പറയുന്നത്  “പാപ്പാത്തി ““പാപ്പാത്തി “ എന്നാണ്.ഡോക്ടര്‍  സംശയത്തോടെ നയനയെ നോക്കി.
 
“ആരാണ് ഈ പാപ്പാത്തി ?”

“അത് ..അത്  മോന്റെ മുന്‍പത്തെ ആയയാണ്..അവര്‍ ഇവന്റെ ജീവനാണ്.അവരോടോപ്പമായിരുന്നു അവന്‍  ജനിച്ചപ്പോ തൊട്ടു കഴിഞ്ഞ മാസം വരെ.ഇവന്‍  അവരെ അങ്ങിനാ വിളിക്കുന്നത്‌..പാപ്പാത്തി എന്ന്
 
“ഇപ്പൊ അവര് ?’

“കഴിഞ്ഞ  മാസം കല്യാണം കഴിഞ്ഞു ഇപ്പൊ അവര്‍ അവരുടെ  നാട്ടിലാ ..അങ്ങ് തമിഴുനാട്ടിലെവിടെയോ ആണ്  നാട് .മുന്‍പ് പറഞ്ഞത് ഓര്‍മയുണ്ട് .”

‘ഗുഡ് ..നമുക്ക് ഇനി ഒരേ ഒരു വഴിയെ ഉള്ളൂ ..അവരെ എത്രയും പെട്ടെന്ന് ഇവിടെ എത്തിക്കുക  .ആ ഒരു പരീക്ഷണം മാത്രമാണ് ഇനി  നമ്മുടെ മുന്നിലുള്ളത് “

“സാര്‍  അവര്‍  ഇപ്പോള്‍ എവിടെയാണ്  എന്ന്  കൃത്യമായി  അറിയില്ല .അത്  അന്വേഷിച്ചു കണ്ടുപിടിക്കാം .എന്നാലും ഈ അടുത്തു കല്യാണം കഴിഞ്ഞ അവരെ ...എങ്ങിനെ കൊണ്ടുവരും  ?.. എനിക്ക് കല്യാണമേ വേണ്ട എന്നും ഇവിടെ ഞങ്ങള്കൊപ്പം  ജീവിക്കാമെന്നും കരഞ്ഞു പറഞ്ഞതാ അവള്‍ ..പക്ഷെ പിന്നീടുണ്ടാകുന്ന ബാധ്യതയോര്‍ത്തു  ഞാന്‍ തന്നെയാണ്  അവളെ ഇറക്കിവിട്ടതു...?”


‘നോ എസ്ക്യുസ് ...എങ്ങിനെയെങ്കിലും അവരെ കൊണ്ട് വരിക.കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കികൊടുക്കുക  ...നിങ്ങളുടെ എല്ലാ കഴിവും അതിനുവേണ്ടി ഉപയോഗപെടുത്തുക .അത് മാത്രമേ ഇനി  നേരിയതാനെന്കില്‍  പോലും  ഈ കാര്യത്തില്‍ ഒരു പ്രതീക്ഷക്ക് വകയുള്ളൂ  

തമിഴുനാട്ടിലെ അറിയപ്പെടാത്ത ഏതോ ഗ്രാമത്തിലേക്ക് കേട്ടറിവ് വെച്ച്  പാപ്പാത്തിയെയും തേടി യാത്രയാവുമ്പോള്‍  അവളിലുണ്ടായിരുന്നത് പ്രതീക്ഷമാത്രമായിരുന്നു...അവളെ കണ്ടുപിടിക്കാം എന്നും താന്‍  വിളിച്ചാല്‍  പാപ്പാത്തി തിരിച്ചുവരുമെന്ന ഒരു പ്രതീക്ഷ ..അവള്‍ക്കു തന്റെ അപേക്ഷ കേള്‍ക്കാതിരിക്കുവാനാകില്ല എന്ന നേരിയ പ്രതീക്ഷ .
കിട്ടിയ വിവരമനുസരിച്ചുള്ള പലസ്ഥലത്തും അന്വേഷിച്ചെങ്കിലും അങ്ങിനെ ഒരാളെയോ വീടോ കണ്ടുപിടിക്കുവാന്‍  നയനക്ക് കഴിഞ്ഞില്ല.എന്നിട്ടും നയന  പ്രതീക്ഷയോടെ അന്വേഷിച്ചു  കൊണ്ടിരുന്നു


 രണ്ടു ദിവസത്തിനുശേഷം   വെറുംകയ്യോടെ ഹോസ്പിറ്റലില്‍  തിരിച്ചെത്തിയ നയന വിതുമ്പുകയായിരുന്നു.നഷ്ട്ടബോധത്തോടെ മകന്റെ വാര്‍ഡ്‌ ലക്ഷ്യമായി നടന്ന അവളുടെ ചുമലില്‍ ആരോ തട്ടി..ഞെട്ടി തിരിഞ്ഞ  അവള്‍ക്കു മുന്‍പില്‍  ഡോക്ടര്‍ ..
പൊട്ടികരഞ്ഞു കൊണ്ട്  അവള്‍ പറഞ്ഞു ..

“പറ്റിയില്ല ഡോക്റ്റര്‍  അവളെ കണ്ടുപിടിക്കാന്‍ പറ്റിയില്ല ...എന്നാലാവും വിധമൊക്കെ  തിരക്കി ”

ഡോക്റ്റര്‍  ഒന്നും പറഞ്ഞില്ല വരൂ എന്ന് ആഗ്യം കാണിച്ചു ഡോക്റ്റര്‍  മുന്നോട്ടേക്കു നടന്നു.പിന്നാലെ ഭീതിയോടെ നയനയും .മുഴുവനും  മറച്ച മോന്റെ മുറിയുടെ  കാണാവുന്ന ഭാഗത്ത്‌ കൂടി  അകത്തേക്ക് നോക്കിയ അവള്‍  ദൈവത്തെ സ്തുതിച്ചു . മകനോടൊപ്പം  പൊട്ടിച്ചിരിച്ചു കളിക്കുന്ന പാപ്പാത്തി അവള്‍ക്കു വിസ്മയമായി. ഒരു അമ്മയെക്കാളും  ആയക്ക് വലിപ്പമുണ്ടാകുന്നത് നയന അറിഞ്ഞു.പ്രസവിച്ചാല്‍ മാത്രം അമ്മയാവില്ലെന്ന  വലിയൊരു സത്യവും അവള്‍ക്കു ബോധ്യപെട്ടു.അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .


“നയന ഇനിയെങ്കിലും മോനെ സ്നേഹിക്കുക ...പാപ്പാത്തി  സ്നേഹിക്കുന്നതിലും കൂടുതല്‍  നയന അവനെ സ്നേഹിക്കുമ്പോള്‍  അവനെ നയനക്ക്  തന്നെ തിരിച്ചു കിട്ടും.ഗോഡ്‌  ഈസ്‌  ഗ്രേറ്റ്‌  .ദൈവഹിതമോ എന്തോ എന്നറിയില്ല എന്തോ ആവശ്യത്തിന് അടുത്ത പട്ടണത്തില്‍ വന്ന അവര്‍  നിങ്ങളുടെ മോനെകൂടി കാണണം എന്ന് തീരുമാനിച്ചതുകൊണ്ട്  ഇവിടെ എത്തപെട്ടു.. മോന്‍  ഇപ്പോള്‍ നല്ല ഉഷാര്‍  ആയി... ഇനി  ചികില്‍സ വേഗം ഫലിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഞാന്‍ അവരുടെ ഹസ്ബണ്ടിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട് .അവര്‍ സഹകരിക്കും .കുറച്ചു നാളത്തേക്ക് ..നിങ്ങള്‍ മോന്റെ ശരിയായ “അമ്മ”യാവുന്നതുവരെയെങ്കിലും ..അവരെ ഒപ്പം പിടിച്ചു നിര്‍ത്തുക  .....”നയന ഡോക്ടര്‍ക്ക്‌  മുന്നില്‍ കൈകൂപ്പി. 


നയന നല്ല ഒരു അമ്മ ആകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു..തന്റെ കണ്മുന്നില്‍ മൂന്ന് വര്ഷം ഉണ്ടായിട്ടും നല്‍കാനാവാതെ പോയ സ്നേഹവാല്‍സല്യം പകര്‍ന്നു നല്‍കുവാന്‍ വെമ്പുന്ന ഹൃദയത്തോടെ അവള്‍ മുറിയിലേക്ക് കടന്നു .അപ്പോഴും മുറിയില്‍ കളിയും ചിരിയും തുടരുകയായിരുന്നു...ഇപ്പോള്‍ അവള്‍ക്കു അതിന്റെ ശബ്ദം കൂടി കേള്‍ക്കുവാന്‍ കഴിഞ്ഞു..

കഥ :പ്രമോദ്‌ കുമാര്‍.കെ.പി 
ചിത്രങ്ങള്‍ :കേരള വാട്ടര്‍കളര്‍ സോസെറ്റി

Wednesday, August 20, 2014

രക്ഷാബന്ധന്‍


കഴിഞകൊല്ലം രക്ഷാബന്ധന്‍ കെട്ടികൊടുത്തവള്‍ക്ക് ഈ കൊല്ലം അവന്‍ കെട്ടികൊടുത്തത് താലിമാലയായിരുന്നു

കഥ :പ്രമോദ് കുമാര്‍.കെ .പി

ചരിത്രം


'അച്ഛാ ..ഈ ഹിസ്റ്ററി ഒക്കെ പഠിച്ചിട്ടു എന്താ ഗുണം ?'

മോനെ അത് പഠിക്കാതെ എങ്ങിനെയാ നമുക്ക് പഴയ കാലത്തെ കുറിച്ച് മനസ്സിലാവുക ...

അതൊക്കെ ശരി തന്നെ ....പക്ഷെ ഈ ബാബറും അക്ബറും ടിപ്പുവും ഒക്കെ ജനിച്ചകൊല്ലവും മരിച്ചകൊല്ലവും ഒക്കെ അറിഞ്ഞിട്ട് എന്ത് കിട്ടാനാ ....

പണ്ട് ഞാന്‍ പലരോടും ചോദിച്ചിട്ട് ഉത്തരം കിട്ടാത്തത് കൊണ്ട് എനിക്കും അതിനു ഉത്തരമില്ലായിരുന്നു

കഥ ; പ്രമോദ് കുമാര്‍ .കെ.പി

Saturday, August 16, 2014

“കമ്പിവേലി .....8943267130”



സത്യം പറഞ്ഞാല്‍  തടികേടാകാതെ  രക്ഷപെടും ..അല്ലെങ്കില്‍  നീ ജീവനോടെ ഇവിടുന്നു പുറത്തേക്ക്  പോകില്ല “ പോലീസുകാരന്‍  മുരണ്ടു .

“സത്യമായിട്ടും എനിക്ക് ഒന്നുമറിയില്ല സാര്‍ “ അയാള്‍ കെഞ്ചി 

“പിടിക്കപെട്ടാല്‍  എല്ലാവരും ഇങ്ങിനെ തന്നെയാ പറയുന്നത്  ...ശരീരം വേദനിക്കുമ്പോള്‍ കാര്യങ്ങള്‍  എല്ലാം താനേ പുറത്തു വരും ...അത് വേണോ ?സത്യം പറ “

“എനിക്ക്കൊന്നുമറിയില്ല  സാര്‍ ...ഒന്നും ....”

“പിന്നെ നീ എന്തിനാ അവിടെ ആ കൊലയാളികള്‍ക്ക്  പണം കൊടുത്തത് ...?”

“സാറേ എനിക്കറിയില്ലായിരുന്നു അവര്‍ കൊലയാളികള്‍ ആണെന്ന് ....”

“പിന്നെ എന്തിനാട മുന്‍പരിചയമില്ലാത്ത ആള്‍ക്ക്  നീ ഇത്രയും പണം കൊടുത്തത് ...”

“അത് കമ്പിവേലി കെട്ടുവാന്‍ വേണ്ടിയാ ..അതിനു വേണ്ടിയാ ആ നമ്പരില്‍  വിളിച്ചതും ..അവര്‍ പറഞ്ഞതുപോലെ  ആ കടയില്‍  പണം കൊടുത്തതും   ..”


പൊടുന്നനെ കിട്ടിയ അടിക്കു  പൊന്നീച്ച പറന്നു.പോലീസുകാര്‍  അയാള്‍ പറയുന്നതൊന്നും  വിശ്വസിക്കുന്നില്ല .അയാളും കൊലയാളി കൂട്ടത്തിലെ  കണ്ണിയാണ് എന്നാണ്  അവരുടെ വിചാരം അല്ലെങ്കില്‍  അവര്‍ക്ക് എങ്ങിനെയെങ്കിലും അയാളെ കൂടി ഇതില്‍ ഉള്‍പ്പെടുത്തണം എന്നതുപോലെയായിരുന്നു പെരുമാറ്റം  ...അറിയാവുന്ന കാര്യങ്ങള്‍ ഒക്കെയും  അയാള്‍ പറഞ്ഞു നോക്കി.ഒരു രക്ഷയുമില്ല .അവര്‍  അതൊക്കെ  അയാളുടെ  രക്ഷപെടുവാനുള്ള നമ്പരായി  കണക്കാക്കുന്നു.ഇതൊക്കെ നമ്മള്‍ എത്ര കണ്ടതാണെന്ന  ഭാവവും. പുതിയ അഭ്യന്തരമന്ത്രി വന്നത് മുതല്‍ നാട് ക്ലീന്‍  ആക്കുവാന്‍ തുടങ്ങിയതാണ്.കൊള്ളപലിശകാരെയും കൊലയാളികളെയും മറ്റു ക്രിമിനലുകലെയുമൊക്കെ അകത്താക്കി കൊണ്ടിരിക്കുന്നു.അതിന്റെ ഭാഗമാണ് ഇതും...


അകത്തേക്ക് കടന്നു വന്ന പോലീസുകാരനൊന്നും ചോദിച്ചില്ല .വന്ന ഉടനെ തന്നെ  അയാളെ എടുത്തിട്ടു പെരുമാരുകയായിരുന്നു.കുറെ കഴിഞ്ഞപ്പോഴാണ്  ചോദ്യങ്ങള്‍ ആരംഭിച്ചത് തന്നെ.പക്ഷെ അയാള്‍ക്ക്‌  പറയുവാന്‍ ഒരേ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ..അത് കൊണ്ട് തന്നെ സത്യം  അറിയുവാന്‍  വേണ്ടി പലരും  അയാളില്‍ കൈതരിപ്പ് തീര്‍ത്തു .ഇനിയും എന്തെങ്കിലും ചെയ്‌താല്‍ അയാള്‍ ചത്തുപോകുമെന്നു പേടിച്ചിട്ടോ  എന്തോ പിന്നെ പോലീസുകാര്‍ അയാളുടെ മേല്‍ ദേഹോപദ്രവം ഒന്ന്മുണ്ടായില്ല..അവശനായി അയാള്‍ ഒരു  മൂലയ്ക്ക് ചുരുണ്ട് കൂടി .അയാളുടെ മനസ്സ് പിന്നിലേക്ക്‌  ഓടിപോയി .

ജീവിതത്തിലെ വലിയ ഒരാഗ്രഹമായിരുന്നു സ്വന്തമായി കുറച്ചു ഭൂമി എന്നത്‌.അത് കഴിഞ്ഞ മാസം സാക്ഷാത്കരിക്കപെട്ടിരിക്കുന്നു .പലരെയുംപോലെ “ആറടി മണ്ണിന്റെ “ജന്മിയായി മാത്രം ജീവിച്ചു മണ്ണിലേക്ക്  മടങ്ങുമെന്ന്  പലപ്പോഴും പേടിചിരുന്നതാണ് .ഓര്മ വെച്ച കാലം മുതല്‍  വാടകവീട്ടിലാണ്.ഒന്നില്‍  നിന്നും മറ്റൊന്നിലേക്ക് അങ്ങിനെ മാറി മാറി ..

എപ്പോഴും മദ്യത്തിന്  അടിമപെട്ടു   കണ്ണുചുവന്നു  കാലിടറി നടക്കുന്ന അച്ഛനും കണ്ണുനീര്‍ ഒരിക്കലും വറ്റാത്ത അമ്മയും ബാല്യത്തിന്റെ  അവകാശങ്ങള്‍  നിഷേധിക്കപെട്ട  ഞാനും മാത്രമുള്ള വീട് ..അച്ഛന്റെ ഈ സ്വഭാവം കൊണ്ട്  പലപ്പോഴും ജോലിയില്‍ നിന്നും സസ്പെന്‍ഷനും  ട്രാന്‍സ്ഫറും ഒക്കെ മുറ പോലെ കിട്ടി കൊണ്ടിരുന്നു.അത് കൊണ്ട് തന്നെ ഒരു വീട്ടിലും അധികം താമസിക്കേണ്ടിവന്നില്ല.ഒരു സ്കൂളിലും അധികം പഠിക്കേണ്ടിയും വന്നില്ല ...പലപ്പോഴും പകുതിക്ക് വെച്ച്  മുറിയുന്ന  ക്ലാസുകള്‍ പള്ളികൂടങ്ങള്‍ . ഒരു തരത്തില്‍ പറഞ്ഞാല്‍  അച്ഛനോടൊപ്പം അമ്മയെയും കൂട്ടി ഊരുചുറ്റല്‍ ....


 അച്ഛനും അമ്മയും പ്രണയിച്ചു കല്യാണം കഴിച്ചവരായിരുന്നു.പക്ഷെ അമ്മയെ വീട്ടുകാര്‍ തള്ളി പറഞ്ഞപ്പോള്‍  അനാഥനായിരുന്ന അച്ഛന്റെ കണക്ക്കൂട്ടലുകള്‍  പിഴച്ചുപോയി.അന്ന് തുടങ്ങിയതാണ്  അമ്മയോടുള്ള വിരോധവും കള്ളുകുടിയും.കുടിച്ചു കുടിച്ചു അച്ഛന്‍ തന്നോട് തന്നെ പ്രതികാരം ചെയ്തു.കരള്‍ നശിച്ച അച്ഛന്‍  ഒരു ദിവസമങ്ങു  പോയി.അച്ഛന്റെ ജോലി കിട്ടിയെങ്കിലും  കുറെ ബ്ലാക്ക്‌ മാര്‍ക്ക്‌  സര്‍വിസ് ബുക്കില്‍  ഉണ്ടായിരുന്നതിനാല്‍  അതിന്റെയൊക്കെ പ്രശ്നങ്ങള്‍  കിട്ടിയ പോസിഷനെയും ബാധിച്ചു.അമ്മയുടെ വറ്റാതെ ഒഴുകി കൊണ്ടിരുന്ന കണ്ണുനീര്‍  എന്നെന്നെക്കുമായി തുടച്ചു മാറ്റണമെന്ന് മാത്രമായിരുന്നു പിന്നെ ലക്‌ഷ്യം.അതൊക്കെ മെല്ലെ ലക്‌ഷ്യത്തിലേക്ക്  അടുത്തുകൊണ്ടിരുന്നു .പക്ഷേ ഒരു ദിവസം സഹപ്രവര്‍ത്തകന്റെ  കല്യാണമാഘോഷിച്ചു  രാത്രിയില്‍  കാലിടറി വന്നത്  അമ്മക്ക് ഒരിക്കലും സഹിക്കാന്‍ പറ്റിയില്ല.കുറെ ഉപദേശിച്ചു ..പക്ഷെ  പലപ്പോഴും സഹപ്രവര്‍ത്തകരുടെ  നിര്‍ബന്ധം വീണ്ടുംവീണ്ടും  ആ വഴിയിലൂടെ  നടത്തിച്ചു.അപ്പോഴൊക്കെ അമ്മയുടെ ഉപദേശങ്ങള്‍  മറന്നു.അമ്മയുടെ കണ്ണുനീര്‍ വീണ്ടും കണ്ടു തുടങ്ങി .



അതുപോലെ ഒരു ആഘോഷം കഴിഞു വൈകിയെത്തിയ  എന്നെ സ്വീകരിച്ചത് ഉത്തരത്തില്‍  തൂങ്ങിയാടുന്ന അമ്മയായിരുന്നു.എന്റെ മദ്യപാനം  തന്നെയായിരിക്കും കാരണം അല്ലെങ്കില്‍ മറ്റൊന്നും ആ കാലത്ത് അമ്മയുടെ മനസ്സ് നോവിചിരുനില്ല.മദ്യപാനം എത്രമാത്രം ഒരു കുടുംബത്തെ ഇല്ലാതാക്കുമെന്ന് അനുഭവിച്ചറിഞ്ഞ  അമ്മ ..ഇനി ഒരു ദുരന്തത്തിനു കൂടി സാക്ഷിയാകുവാന്‍  കെല്പില്ലത്തതുകൊണ്ട്   ആരോടും പറയാതെ യാത്രയായി. ഒരിക്കലും മടക്കയാത്ര ഇല്ലാത്ത ലോകത്തിലേക്ക് .സത്യം അതിനുശേഷം ഇന്നുവരെ ജീവിതത്തില്‍  മദ്യം ഉപയോഗിച്ചിട്ടില്ല.അമ്മയുടെ വലിയ ഒരാഗ്രഹമായിരുന്നു സ്വന്തമായുള്ള ഭൂമിയില്‍  അന്തി ഉറങ്ങണം എന്നുള്ളത് ..പക്ഷെ അമ്മയ്ക്കും പൊതു ശ്മശാനത്തില്‍  സംസ്കരിക്കപെടുവാനായിരുന്നു വിധി.കുറെ ഭൂമിയുള്ള കുടുംബത്തിലെ അവകാശിക്ക് വന്ന ദുര്‍ഗതി.


പിന്നെ ഒറ്റയ്ക്കായിരുന്നു ജീവിതം ..അനാഥനായി .ജോലിയും വാടകവീടും ചുരുക്കം ചില സഹപ്രവര്‍ത്തകരും  മാത്രമുള്ള ലോകം..കല്യാണത്തെ കുറിച്ചൊക്കെ  ചിന്തിച്ച കാലവുമുണ്ടായി.പക്ഷെ അനാഥന്‍  എന്ന ലേബല്‍  പലയിടത്തും പരിഹാസനാക്കി.അതോടെ ആ മോഹം അസ്തമിച്ചു.ഏകനായി  ജീവിച്ചു. മരിക്കുമ്പോള്‍  ഒരു തുണ്ട് ഭൂമി പോലുമില്ലത്തവന്‍ എന്ന ദുഷ്പേര്  മായിച്ചു കളയണമെന്ന് തോന്നി.അമ്മയെയും അച്ഛനെയും പോലെ പൊതുശ്മശാനത്തില്‍  ഇടം പിടിക്കരുതെന്നും ഉറപ്പിച്ചു. അങ്ങിനെയാണ് പണം കൂട്ടിവെക്കുവാന്‍  തുടങ്ങിയത്..പക്ഷെ ഒരിക്കലും ഒരു പിടി മണ്ണ് എന്ന സ്വപ്നത്തിലേക്ക് എത്തിയില്ല.ഭൂമാഫിയകള്‍  തന്റെ സ്വപ്നങ്ങള്‍ക്ക്  വില കൂട്ടുകയായിരുന്നു...എത്തിപിടിക്കുന്നതിലും അകലേക്ക്‌ ....പണം കൂട്ടിവെച്ചു മണ്ണ് വാങ്ങുകയെന്നത്  നടപ്പില്ലാത്ത സ്ഥിതിയായത് കൊണ്ടാണ് “ലോണ്‍  “എന്ന മാര്‍ഗത്തിലേക്ക് പോയത്..എന്തായാലും അങ്ങിനെയെങ്കിലും കുറച്ചു ഭൂമിയുടെ ജന്മിയായി.

ഇന്നലെ അവിടെ വെറുതെ ഒന്ന് പോയിനോക്കിയതാണ് .പറമ്പില്‍ ആരൊക്കെയോ കടന്നു കയറി എന്തൊക്കെയോ ചെയ്തു വെച്ചിരിക്കുന്നു.ആകെ കുഴച്ചു മറിച്ചതുപോലെ..കഴിഞ്ഞ ദിവസം കുഴിച്ചിട്ട തെങ്ങിന്‍ തൈകളൊക്കെ നശിപ്പിച്ചിരിക്കുന്നു. അവിടെ കടന്നു കയറി  ആരൊക്കെയോ തേങ്ങയും ഇളനീരും മറ്റും  മോഷ്ട്ടിചിരിക്കുന്നു. കുറെ ഒഴിഞ്ഞ കുപ്പികള്‍ ,ഭക്ഷണത്തിന്റെ അവശിഷ്ട്ടങ്ങള്‍ .പലതിന്റെയും ബാക്കിപത്രം  അവിടിവിടായി കാണുന്നുമുണ്ട്..കന്നുകാലികളൊക്കെ  കടന്നുകയറി ഇഷ്ടം പോലെ മേയുന്നു..പട്ടികൂട്ടങ്ങള്‍ നോക്കി പേടിപ്പിക്കുന്നു.വിളകള്‍  നശിപ്പിക്കുന്നു.കുറെ പിള്ളേര്‍ ക്രികെറ്റ്‌ കളിക്കുന്നു ...തന്നെ കണ്ടപ്പോള്‍  അവര്‍ ഓടി മറഞ്ഞു...പക്ഷെ ഇനിയും വരില്ലെന്ന് എന്താ ഉറപ്പ്..


ശ്രദ്ധിക്കുവാന്‍  ആളില്ല എന്ന് കരുതി  സ്ഥലത്തെ ആള്‍കാരുടെ  പരിപാടിയായിരിക്കും. ..ഇനി അത് വേണ്ട ..എപ്പോഴും  വന്നു  നോക്കുവാന്‍  കഴിഞ്ഞു എന്ന് വരില്ല .അതുകൊണ്ട് അതിനൊരു പ്രോട്ടക്ഷന്‍  കൊടുക്കണം. ചുറ്റിലും മതിലോക്കെ കെട്ടുക എന്നത് ഇപ്പോള്‍ നടക്കുന്ന കാര്യമല്ല.വേറെ എന്തെങ്കിലും ചെയ്യണം.അധികം ചിലവുചെയ്യാതെ .
.
പെട്ടെന്നാണ്  ടെലിഫോണ്‍  പോസ്റ്റിലെ    മഞ്ഞ ബോര്‍ഡ്‌ മനസ്സിലുടക്കിയത്..

“കമ്പിവേലി .....8943267130”

തേടിയവള്ളി കാലില്‍ ചുറ്റിയതുപോലെ ...അതെ കമ്പിവേലി കൊണ്ട് അതിരുകള്‍  ഉണ്ടാക്കാം.കൂടുതല്‍ സുരക്ഷിതമായിരിക്കും.കന്നുകാലികള്‍  പോലും അകത്തു കടക്കില്ല.ഇപ്പോള്‍ തന്നെ വിളിച്ചു പറയാം .ഈ കാലത്ത് ജോലികാരെ കിട്ടുവാനുള്ള വിഷമം വീട്ടുടമസ്ഥന്‍ പറഞ്ഞറിയാം.അത് കൊണ്ടാണല്ലോ പൊട്ടിയ  കക്കൂസിന്റെ വാതില്‍  ഇനിയും ശരിപെടുത്താത്തത്.
 

“ഹെലോ ...കമ്പിവേലി? “

“അതെ “ മറുപുറത്തു പരുക്കന്‍  ശബ്ദം.”

“ഒരു ഓര്‍ഡര്‍  ഉണ്ട് ..”

“സ്ഥലം ..?”

“അതെ സ്ഥലമാണ് ....”

“എവിടെയാന്ന ചോദിച്ചത്  ....?”ശബ്ദം കൂടുതല്‍ പരുക്കനായോ ?

“..കുരുംതോട്  അങ്ങാടിക്കു അടുത്താ “

“മുഴുവനും കെട്ടണമോ അതോ പകുതിയോ ?”

“മുഴുവനും ..ഒന്നും ബാക്കിവെക്കരുത് ...”

“പെട്ടെന്ന്  കഴിയില്ല ..ടൂള്‍സ്‌  ഒക്കെ പുറത്താണ് ..പിള്ളാരും 

“എന്തായാലും ഒരാഴ്ചക്കുള്ളില്‍  ചെയ്യണം ..അത്രക്ക് ഉപദ്രവം ഉണ്ട് ..അതുകൊണ്ടാ “

“ഓക്കേ.. ടൂല്സും പിള്ളാരും വന്നാല്‍  പെട്ടെന്ന്   ഫിനിഷ്‌ ചെയ്തുതരാം ..മുഴുവന്‍ ആണെങ്കില്‍  റിസ്ക്‌ ഇല്ല .പെട്ടെന്ന് തീര്‍ക്കാം .”
“ഒന്ന്  കാര്യമായി ബന്ധവസ്ഥാകണം ...പിന്നെ ഒരു ഉപദ്രവവും ഉണ്ടാകാന്‍ പാടില്ല “

“ഓക്കേ  തീര്‍ച്ചയായും അടുത്ത ആഴ്ചക്കുള്ളില്‍  തീര്‍ത്തു തരാം ... ഒരു കാര്യം ചെയ്യ് ...ഫോട്ടോയും അഡ്വാന്‍സ്‌ ആയി പത്തായിരവും വാഹിദിന്റെ കടയില്‍  ഏല്‍പ്പിക്കുക “

“വാഹിദോ ?അതാര ..?”

“കുരുംതോട്  എന്നല്ലേ പറഞ്ഞത് ...അവിടെ അങ്ങാടിയില്‍ എല്ലാവര്ക്കും അറിയാം ..”

“ഈ ഫോട്ടോ എന്തിനാ ..നേരിട്ട് ഞാന്‍  തന്നെ കാണിച്ച്  തന്നാല്‍ പോരെ ?”

‘നമ്മള്‍  തമ്മില്‍ പരസ്പരം കാണില്ല ...എന്നാലും പറഞ്ഞ സമയത്ത് പണി തീര്‍ത്തിരിക്കും  ...ബാക്കി പണം പണി കഴിഞ്ഞു ..അതും അവിടെ തന്നെ ഏല്പിച്ചാല്‍  മതി .പണി കഴിഞ്ഞാല്‍  ഞാന്‍ വിളിക്കും “

“നമ്മള്‍  പരസ്പരം കാണാതെ .....? പകല്‍ അല്ലെ പണി നടക്കുക ?”
“അതൊന്നും പറയുവാന്‍ പറ്റില്ല ..ചിലപ്പോള്‍ പകല്‍ ചിലപ്പോള്‍ രാത്രി ..അതൊന്നും നിങ്ങള്‍ അന്വേഷിക്കണ്ടാ ...പണി നടത്തിയിരിക്കും..വൃത്തിയായി തന്നെ ” അപ്പുറത്ത് ഫോണ്‍ കട്ടായി.


ഈ പണികാരുടെ ഓരോ കാര്യം .പണി സ്ഥലം വന്നു നോക്കുവാന്‍ പോലും സമയമില്ല.അതിന്റെ ഫോട്ടോ കൊത്തയക്കണം പോലും .ആവാം ..അയാള്‍ തന്റെ മൊബൈലില്‍  സ്ഥലത്തിന്റെ ഫോട്ടോ എടുത്തു .അത്  പ്രിന്റാക്കി  നാളെ കൊടുക്കാം .പണം ഇന്ന് തന്നെ ഏല്‍പ്പിക്കാം അല്ലെങ്കില്‍ അവര്‍  പണി തുടങ്ങാന്‍ വൈകിയാലോ ? എ .റ്റി.എമ്മില്‍  കയറി  പണവും പിന്‍വലിച്ചു വാഹിദിന്റെ കടയും അന്വേഷിച്ചു ചെന്ന്.

പണം  വാഹിദ്‌  എന്ന കടക്കാരനെ ഏല്‍പ്പിച്ചു കൊണ്ട് പറഞ്ഞു 
..
“കമ്പിവേലിയുടെ ഓര്‍ഡര്‍  ആണ് .....ഫോട്ടോ ഇന്ന് കൊണ്ടുവന്നില്ല  നാളെ കൊണ്ടുവന്നു തരാം  .ഇന്ന് അഡ്വാന്‍സ്  പിടിക്കുക .അത്  മാത്രം ലേറ്റ്  ആക്കുനില്ല .ഇവിടെ ഏല്‍പ്പിക്കാന്‍  ഫോണ്‍ വിളിച്ചപ്പോള്‍  മേസ്ത്രി പറഞ്ഞു “

പറഞ്ഞു തീര്നില്ല ..രണ്ടുമൂന്നുപേര്‍ ചുറ്റും വന്നു നിന്നത്  അറിഞ്ഞു.പടക്കം പോട്ടിയതുപോലെ തോന്നിച്ചു മുഖമടച്ചു കിട്ടിയ അടി. പിന്നെ  തൂക്കിപിടിച്ചു  അവിടെ വന്നു  പാര്‍ക്ക്‌ ചെയ്ത ജീപ്പിലെക്കിട്ടു .കൂടെ കടക്കരനെയും.പോലീസ്  ആണെന്ന് മനസ്സിലായത്‌ ജീപ്പിലെ ബോര്‍ഡ്‌  കണ്ടപ്പോഴാണ്
 .
സംഭവം കഴിഞ്ഞു ഇപ്പൊ രണ്ടു ദിവസമായികാണും.കുറച്ചു വെള്ളം ഒഴിച്ച്  ഇതുവരെ കഴിക്കുവാന്‍ മറ്റൊന്നും തന്നതുമില്ല .വിശപ്പുകൊണ്ടും വേദന കൊണ്ടും അയാള്‍  പുളഞ്ഞു.പോലീസ് അടിയുടെ ആധിക്യം കൊണ്ട്  ശരീരം വിറക്കുന്നു..ചിലപ്പോള്‍  ബോധം പോകുന്നു.വാഹിദ് എന്ന കടക്കാരനെ വേറെ ഏതോ സ്ഥലത്തേക്ക്  മാറ്റി.അയാളെയും ചോദ്യം ചെയ്തു വരികയാണെന്ന് അവരുടെ സംസാരത്തില്‍ നിന്നും മനസ്സിലാക്കി...

ബോധം വീണപ്പോള്‍  ആശുപത്രിയില്‍ ആണെന്ന് മനസ്സിലായി.ചുറ്റിലും പോലീസുകാര്‍ ആയിരുനില്ല ഉണ്ടായിരുന്നത് സഹപ്രവര്‍ത്തകര്‍ ..ഒന്നും മനസ്സിലാകാത്തത് പോലെ അയാള്‍ കണ്ണുമിഴിച്ചു. പ്യൂണ്‍ നാസര്‍ വന്നു അടുത്തിരുന്നു കൊണ്ട് പറഞ്ഞു.

“പേടിക്കാനൊന്നുമില്ല ..പോലീസുകാര്‍ക്ക്‌  ആളെ മാറിയതാ ...ഈ "കമ്പിവേലി" എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ക്വട്ടേഷന്‍  ടീമാണ്.അവരുടെ പരസ്യം മാന്യമായി കൊടുക്കാന്‍ പറ്റാത്തതുകൊണ്ട്  അവര്‍ ഇപ്പൊ അങ്ങിനെയാ ഫോണ്‍ നമ്പര്‍  കൊടുക്കുന്നത്... ഇതൊന്നുമറിയാതെ സാര്‍ അവരുമായി കരാര്‍ ഉറപ്പിക്കുന്നത് കണ്ടതുകൊണ്ടാണ്  പോലീസ് പോക്കിയത്.അവര്‍ക്ക് വാഹിദിനെ മുന്‍പുതന്നെ സംശയം ഉണ്ടായിരുന്നു .തെളിവിനുവേണ്ടി അവര്‍ കുറച്ചു ദിവസമായി  ആ അങ്ങാടിയില്‍ കറങ്ങി നടക്കുകയായിരുന്നു,അപ്പോളാണ് സാറ് അവരുടെ തെളിവായത്.ഇവിടെ ഇപ്പൊ രണ്ടു ദിവസമായി .നാളെ ഡിസ്ചാര്‍ജ്  ചെയ്യുമായിരിക്കും .ബോധം തെളിയട്ടെ പറയാമെന്ന ഡോക്ടര്‍  പറഞ്ഞത്.”


അയാള്‍ ഒന്നും മിണ്ടിയില്ല ...അയാള്‍ കണ്ണുകള്‍  ഇറുകെ അടച്ചു...ഡോക്റ്ററെ കണ്ടിട്ട്  വരാം എന്ന് പറഞ്ഞു നാസര്‍  പോയപ്പോള്‍  അയാള്‍ മെല്ലെ കിടക്കവിട്ടഴുനേറ്റു..ശരീരത്തിലെ വേദനകള്‍ അയാള്‍ മറന്നു .പോലീസില്‍  നിന്ന് കിട്ടിയ അപമാനവും .ആരെയും ശ്രദ്ധിക്കാതെ മെല്ലെ പുറത്തേക്കിറങ്ങി.അയാള്‍ യാത്ര അവസാനിപ്പിച്ചത്  മദ്യഷോപ്പിലായിരുന്നു.ജീവിതത്തില്‍ ഒരിക്കലും പോകരുതെന്ന് കരുതിയിടത്തു വീണ്ടും എത്തിചേര്‍ന്നിരിക്കുന്നു. ശരീരത്തിലെയും മനസ്സിലെയും  വേദന  കഴുകി കളയുവാന്‍  മനുഷ്യര്‍  കണ്ടുപിടിച്ച വിഷപാനീയം .സമയമേറെ കഴിഞ്ഞപ്പോള്‍ അനുസരണയില്ലാത്ത കാല്‍ വെപ്പുകളോടെ അയാള്‍ പുറത്തേക്കിറങ്ങി...വേച്ച് വേച്ച്   നടന്ന അയാളുടെ കണ്ണില്‍  ടെലിഫോണ്‍  പോസ്റ്റിലെ "മഞ്ഞ ബോര്‍ഡ്‌" ഉടക്കി. അയാളില്‍ അത്  വല്ലാത്തൊരു  ഭീതിയുണ്ടാക്കി. കണ്ണുകള്‍  ഇറുക്കിയടച്ചുകൊണ്ട്  അയാള്‍ തല താഴ്ത്തി  മുന്നോട്ടേക്കു നടന്നു.. വഴി നിശ്ചയമുണ്ടായിരുനില്ല ..ലക്ഷ്യമില്ലാതെ അയാള്‍ മുന്നോട്ടേക്ക് നടന്നു ...വഴിയരികിലെ  പോസ്റ്റിലെ അനേകം മഞ്ഞബോര്‍ഡുകള്‍  അയാളെ കടന്നുപോയെങ്കിലും അതൊന്നും അയാള്‍ കണ്ടില്ല ..കാലിടറി കടന്നുപോകുമ്പോള്‍  തട്ടിയകറ്റിയവരുടെ പ്രാകലും  അയാള്‍ കേട്ടില്ല ....
അയാള്‍ വേറെയേതോ ലോകത്തായിരുന്നു 


കഥ :പ്രമോദ്‌ കുമാര്‍.കെ.പി 
ചിത്രങ്ങള്‍ :ഇന്റര്‍നാഷണല്‍ വാട്ടര്‍ കളര്‍ഗ്രൂപ്പ്‌
         കേരള വാട്ടര്‍കളര്‍ സോസേറ്റി