Monday, July 30, 2012

കഥാകാരന്‍

ചെറുപ്പത്തിലെ എഴുതുവാന്‍ അവനു പ്രത്യേക കഴിവുണ്ടായിരുന്നു.ജീവിതാനുഭവങ്ങള്‍ അയാളെ നല്ല ഒരു കഥാകാരനാക്കി.മാസികകളിലും മറ്റും കൂടി അയാള്‍ തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരുന്നു.പേര് കിട്ടിയപ്പോള്‍ പുസ്തക കമ്പനികള്‍ അയാള്‍ക്ക്‌ വേണ്ടി ക്യു നിന്നു.നാട്ടിലെ പ്രശസ്തന്‍ ആയപ്പോള്‍ അയാള്‍ക്ക്‌ കൂടുതല്‍ കൂടുതല്‍ കഥാപാത്രങ്ങള്‍ സൃഷ്ടിക്കേണ്ടി വന്നു.കഥാപാത്രങ്ങള്‍ക്ക് ക്ഷാമം വന്നപ്പോള്‍ അയാള്‍ കഥാപാത്രങ്ങളെ തേടിയിറങ്ങി .പച്ചയായ കുറെ കഥകള്‍ സൃഷ്ടിക്കപെട്ടു. ഇരുളിലും വെളിച്ചത്തിലുമായി അനേകം പുതിയ കഥാപാത്രങ്ങള്‍ രൂപപെട്ടു.അങ്ങിനെ അയാളുടെ കഥാപാത്രങ്ങള്‍ തന്നെ അയാള്‍ക്ക് ഭീഷണിയായി തുടങ്ങി.പലപ്പോളായി അയാള്‍ ആക്രമിക്കപെട്ടു.എന്നിട്ടും അയാള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി അലഞ്ഞു.അയാളുടെ മനസ്സ് നിറയെ പുതിയ കഥകള്‍ക്കുവേണ്ടി ഉള്ള അലകള്‍ ആയിരുന്നു.

            ഒരിക്കല്‍ അയാളുടെ കഥാപാത്രങ്ങള്‍ തന്നെ അയാളുടെ ചിരകരിഞ്ഞു .കഥകഴിഞ്ഞു  കഥയോഴിഞ അയാളുടെ ദേഹം ടൌണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വെച്ചു.കഥയറിയാതെ അനേകം ആരാധകര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനെത്തി.നിലച്ചുപോയ കഥകള്‍ പലരെയും പ്രശ്നത്തിലാക്കി.എന്നിട്ടും പഴയവ തിരഞ്ഞുപിടിച്ച് പുസ്തകങ്ങള്‍ ആക്കി അവര്‍ ലാഭം കൊയ്തു .ജനമനസ്സില്‍ കഥാകാരനും മരണമില്ലാതെ ഒഴുകി നടന്നു.അതെ ഇപ്പോഴും ......


കഥ; പ്രമോദ് കുമാര്‍.കെ.പി 

Thursday, July 26, 2012

നെയ്യുന്നവന്‍


അവന്‍ വല നെയ്തുകൊണ്ടിരുന്നു.അവനു വേണ്ടി മാത്രമാണ് അവന്‍ നെയ്യുന്നത്.അവനു അന്നന്ന് ശാപ്പിടാന്‍ വേണ്ടി മാത്രം.പറക്കമുറ്റിയപ്പോള്‍ മക്കള്‍ എല്ലാവരും വേറെ വഴിക്ക് പോയി.അവരുടെ താല്പര്യം അയാള്‍  അനുകൂലിച്ചു .നല്ലവണ്ണം നെയ്താലെ  എന്തെങ്കിലും  വലയില്‍ വന്നു വീഴുകയുള്ളൂ..അവന്‍ വളരെ ശ്രദ്ധിച്ചു നെയ്തു കൊണ്ടിരുന്നു.വായിലെ വെള്ളം വറ്റി വരണ്ടപ്പോള്‍ അവന്‍ നെയ്തു നിര്‍ത്തി.ഇനി എന്തെങ്കിലും കഴിക്കണം.ഇന്നലെയും വളരെ കഷ്ട്ടപെട്ടു വല ഉണ്ടാക്കിയതാണ്.അതിലാണെങ്കില്‍ ഒന്നും വന്നു കയറിയതുമില്ല ,ഒന്നും കിട്ടിയതുമില്ല ,ചിലപ്പോള്‍ വന്നിരിക്കാം .പക്ഷെ മയക്കം വിട്ടു ഉണര്‍ന്നപ്പോള്‍ ആരോ അത് നശിപ്പിച്ചിരിക്കുന്നു.അതില്‍ കുടുങ്ങിയത് രക്ഷപെട്ടിരിക്കാം.വേലക്കാരി ആയിരിക്കണം.ഇവിടുത്തെ കൊച്ചമ്മ പറയുന്നത് എന്തും അനുസരിക്കും.പലപ്പോളും എന്നെ പോലുള്ളവരെയാണ് അത് ബാധിക്കുന്നത്.എതിര്‍ക്കാന്‍ ശക്തി ഇല്ലാത്തതിനാല്‍ എല്ലാം സഹിക്കുന്നു.ഒന്നും കിട്ടാത്തതിനാല്‍ വിശന്നു കൊണ്ട് തന്നെ അവന്‍ മയങ്ങി പോയി .എന്തോ ശബ്ദം കേട്ടാണ് ഞെട്ടി ഉണര്‍ന്നത് .വേലക്കാരി ചൂല് കൊണ്ട് എന്റെ വലയൊക്കെ വീണ്ടും നശിപ്പിചിരിക്കുന്നു.എന്നെയും കൊല്ലുവാന്‍ ശ്രമിക്കുകയാണ്,കൂട്ടത്തില്‍ പുലമ്പികൊണ്ട് എന്റെ പിന്നാലെ ഓടുകയാണ്.
"ഇന്നലെയും  ക്ലീന്‍ ചെയ്തതാണ് ,പിന്നെയും വന്നു വല കെട്ടിയിരിക്കുന്നു നശിച്ച ചിലന്തികള്‍ ,ഒന്നിനെയും ഞാന്‍ വെറുതെ വിടില്ല "

പ്രാണരക്ഷാര്‍ത്ഥം അത് ഓടി ഒളിച്ചു.

കഥ ; പ്രമോദ് കുമാര്‍.കെ.പി 

Wednesday, July 25, 2012

മുസ്ലിംങള്‍ മാത്രമാണോ തീവ്രവാദികള്‍ ?

മുന്‍പൊരിക്കല്‍ രാവിലത്തെ ചായയും മോന്തികൊണ്ട് ന്യൂസ്‌ ചാനലില്‍ തീവ്രവാദി ആക്രമണത്തിന്റെ വിഷല്‍സ് കണ്ടുകൊണ്ടിരിക്കുമ്പോള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ ഒരു സംശയം ചോദിച്ചു  "അച്ഛാ ..ഈ മുസ്ലിംകള്‍ ഒക്കെ ടെറരിസ്റ്റുകള്‍ ആണോ ?".ഞാന്‍ ഒന്ന് ഞെട്ടി.പത്തു വയസ്സ് എത്താത്ത കുരുന്നു ചോദിക്കുന്നു വലിയ ഒരു സംശയം.ഞാന്‍ അവന്റെ സംശയത്തിന്റെ കാരണം തിരക്കി.അവന്‍ കാണുന്ന സിനിമയില്‍ ഒക്കെയും തീവ്രവാദികള്‍ ആ സമുദായത്തില്‍ പെട്ടവര്‍ ആണ്.അവന്‍ കാണുന്ന ടി.വി. ന്യൂസ്‌ പറയുന്നതും ആ സമുദായത്തില്‍ പെട്ട പേരുകള്‍ മാത്രമാണ് .എന്തിനു അവനു അടുത്തിടെ വാങ്ങി കൊടുത്ത ഗെയിമിലെ  വില്ലനും അങ്ങിനത്തെ പേര് കാരനാണ്.കൂടാതെ സ്കൂളില്‍ അവന്റെ ഫ്രണ്ട് നവാസിന് ചോകെലറ്റ് കൊടുക്കുമ്പോള്‍ മറ്റൊരു ഫ്രണ്ട് പറഞ്ഞു പോലും

 'അവന്‍ മുസ്ലിം ആണ് ,അവനു ചോകെലറ്റ് കൊടുക്കേണ്ട ",

കൂടാതെ ഫ്രണ്ട് ഷിപ്പ് വിട്ടു കളയാന്‍ പോലും ഉപദേശിച്ചു  പോലും.
ഞാന്‍ യദാര്‍ത്ഥ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു കൊടുത്തു .അവന്‍ വിശ്വസിച്ചിരിക്കുന്ന അബദ്ധങ്ങള്‍ തിരുത്തി കൊടുത്തു .കൂടാതെ അവന്റെ ടീച്ചറെ വിളിച്ചും ഈ കാര്യങ്ങള്‍ പറഞ്ഞു .അവര്‍ അത് നല്ല നിലയില്‍ കൈകാര്യം ചെയ്യാമെന്നും പറഞ്ഞു. ഈ വര്ഷം അവര്‍ മൂന്നും നല്ല ഫ്രണ്ട്സ് ആണ്.അവര്‍ക്കിടയിലെ സംശയങ്ങള്‍ ആ നല്ല ടീച്ചര്‍ മാറ്റികൊടുത്തു .പക്ഷെ നമ്മുടെ സമൂഹത്തില്‍ ഉള്ള സംശയങ്ങള്‍ ആര് തീര്‍ക്കും ?

.ചെറിയ വായില്‍ വരുന്ന വലിയ വര്‍ത്തമാനങ്ങള്‍ ?ആരാണ് ഇതിനൊക്കെ ഉത്തരവാദികള്‍ ?നമ്മള്‍ തന്നെ .ചെറിയ ഒരു ശതമാനം ചെയ്യുന്ന തെണ്ടിത്തരങ്ങള്‍ക്ക് വലിയൊരു സമൂഹമാണ് വില കൊടുക്കേണ്ടി വരുന്നത്.ആ സമുദായാതിന്റെ ഉന്നമനത്തിനു എന്ന് പറഞ്ഞു ചെറിയ ഒരു വിഭാഗം ചെയ്യുന്ന കാര്യങ്ങള്‍ അവരെ മൊത്തത്തില്‍ പലരിലും വെറുക്കപെട്ടവര്‍ ആക്കിയിരിക്കുന്നു.  അതിനു വളം വെച്ച് കൊടുക്കുന്നതില്‍ നമ്മുടെ മീഡിയക്ക് നല്ല പങ്കുണ്ട് .ഒരു ഇന്ത്യ -പാക്‌ ക്രിക്കറ്റ്‌ മത്സരം അവര്‍ പൊലിപ്പിക്കുന്നത് ഇന്ത്യ -പാക്‌ യുദ്ധം എന്ന നിലയിലാണ് .പാകിസ്താന്‍ പല വേണ്ടതീനങ്ങളും നമ്മളോട് ചെയ്യുന്നുണ്ട് ,നമ്മെ നശിപ്പിക്കാന്‍ പല കെണിയും ഒരുക്കുന്നുമുണ്ട് ,പക്ഷെ അത് ചെയ്യുന്നതും അതിന്റെ പിന്നിലെ തലയും ചെറിയൊരു ശതമാനം മാത്രം വരുന്ന ഭരണാധികാരികള്‍ എന്ന് പറയുന്ന വിഷം തുപ്പുന്ന വര്‍ഗം മാത്രം ആണ്. അവിടുത്തെ ഭൂരിഭാഗം ജനങ്ങളും ഇതിനു എതിരും ആണ്.പക്ഷെ നമ്മള്‍ മൊത്തത്തില്‍ പാകിസ്ഥാനെ വെറുക്കുന്നു.അല്ലെങ്കില്‍ പല മീഡിയകള്‍ നമ്മളിലും അവരെ എതിര്‍ക്കുവാന്‍ വേണ്ടുന്ന പ്രേരണകള്‍ കുത്തിവെക്കുന്നു.ഇന്ത്യയെയും പാകിസ്താനെയും തമ്മില്‍ അടിപ്പിക്കുവാന്‍ സാധിച്ചാല്‍ മാത്രമേ പല രാജ്യങ്ങള്‍ക്കും അവരുടെ ആശ്രിതര്‍ക്കും അവരുടെ ആയുധങ്ങള്‍ ചിലവിടാന്‍ പറ്റുകയുള്ളൂ.


 തെന്‍ഇന്ത്യ യിലെ  ഒരു ഡയരക്ടര്‍ എടുക്കുന്ന സിനിമയില്‍ എല്ലാം അവസാനം എത്തിപെടുന്നതു തീവ്രവാദത്തില്‍ ആണ് .വില്ലന്‍ എല്ലയ്പ്പോളും മുസ്ലിം തീവ്രവാദികളും ആയിരിക്കും .ലവ് സ്റ്റോറി ആയാലും ഫാമിലി ഡ്രാമ ആയാലും ഫ്രണ്ട്ഷിപ്‌ കഥ ആണെങ്കിലും ഒക്കെ വില്ലന്മാര്‍ ഈ പറഞ്ഞവര്‍ ആയിരിക്കും.ആദ്യമൊക്കെ നല്ല വിജയം കൊയ്ത ഈ തീം പിന്നെ പിന്നെ മടുപ്പ് ഉളവാക്കി.പക്ഷെ മുസ്ലിംകള്‍ മാത്രം ആണ് തീവ്രവാദികള്‍ എന്ന  വിഷം കുത്തിവെക്കാന്‍ ഈ പരട്ട സിനിമകള്‍ക്ക്‌ കഴിഞ്ഞു .അത് അനുകരിച്ചു ഇപ്പോള്‍ ആര് സിനിമ എടുത്താലും തീവ്രവാദമാണ് തീം എങ്കില്‍ വില്ലന്‍ ഷുവര്‍ ആയും മുസ്ലിം ആണ്.അങ്ങിനെ പലരുടെയും മനസ്സില്‍ ഈ വികാരം കെട്ടി കിടക്കുകയാണ്.

കേരളത്തില്‍ മുന്‍പ് ജീവിച്ചിരുന്ന രാഷ്ടീയ നേതാവായിരുന്ന ഒരു  മുസ്ലിം മതപണ്ഡിതന്‍ എല്ലാ മതങ്ങളെയും സ്നേഹിച്ചിരുന്നു ,എല്ലാവരെയും ഒന്നായി കാണുവാനും മതങ്ങള്ക്കിടയിലെ സ്പര്‍ധ ഇല്ലാതാക്കുവാനും പരമാവധി ശ്രമിച്ചിരുന്നു.പക്ഷെ അദ്ദേഹത്തിന്റെ മരണ ശേഷം അതെ പാര്‍ട്ടിക്ക് അത് പോലെ എല്ലാവരെയും ഒന്നായി കൊണ്ടുപോകുവാന്‍ സാധിച്ചില്ല .അവര്‍ക്കിടയിലെ ചില നേതാക്കളുടെ,മന്ത്രിമാരുടെ  പ്രവര്‍ത്തികള്‍ മറ്റു സമുദായങ്ങള്‍ക്ക്  ചില അലോസരങ്ങള്‍ ഉണ്ടാക്കി.അത് അവര്‍ മാക്സിമം പ്രയോജനപെടുത്തി ലീഗുകാരെ കടുത്ത വര്‍ഗീയ കാരും ആക്കി.അപ്പോളും വിമര്‍ശിക്കപെട്ടത്‌ ഒരു സമൂഹമാണ്.ഒരു സമുദായത്തിന്റെ ഉന്നമനത്തിനു ഉണ്ടാക്കിയ പാര്‍ട്ടി തന്നെ അവര്‍ക്ക് വിനയാകുന്നു.അത് എരിതീയില്‍ എണ്ണ ഒഴിച്ചതുപോലെ എതിരാളികള്‍ ഉപയോഗപെടുത്തുന്നു.

നമ്മള്‍ പണ്ട് പറഞ്ഞു വിശ്വസിച്ച എല്ലാ ഭാരതീയരും നമ്മളുടെ സഹോദരി സഹോദരന്മാര്‍ ആണെന്ന് നമ്മള്‍ കരുതണം .അവരെ അങ്ങിനെ കാണണം.ചെറിയ ഒരു വിഭാഗം ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഒരു സമൂഹത്തെ മൊത്തത്തില്‍ ക്രുശിക്കുവാന്‍ പാടില്ല.എല്ലാ മതസ്ഥരിലും തീവ്രവാദം ഉണ്ട് .എല്ലാവരിലും അത്യാര്‍ത്തി പിടിച്ചവര്‍ ഉണ്ട് .അതൊക്കെ ഇല്ലാതാവണം ,അതിനു മീഡിയകളും ശ്രമിക്കണം.വേണ്ടാത്ത കാര്യങ്ങള്‍ പൊലിപ്പിച്ചു കാട്ടരുത് .മതങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കരുത് എല്ലാവരെയും മനുഷ്യരായി കാണുവാന്‍ നമ്മള്‍ തന്നെ നമ്മളുടെ മക്കളെ പഠിപ്പിക്കണം.അവര്‍ക്കിടയില്‍ ഹിന്ദു ,മുസല്‍മാന്‍,ക്രിസ്ത്യന്‍ വിഭാഗീയത ഉണ്ടാവരുത്.എല്ലാവരെയും ബഹുമാനിക്കുന്ന ,ആദരിക്കുന്ന ,സ്നേഹിക്കുന്ന ഒരു സമൂഹമായി അവരെ വളര്‍ത്തണം.എങ്കില്‍  മാത്രമേ നല്ല ഒരു ലോകം നമുക്ക് സ്വപനം  എങ്കിലും കാണാന്‍
സാധിക്കൂ.

Tuesday, July 24, 2012

ന്യൂ ജനറേഷന്‍ സിനിമാക്കാര്‍ മോഷ്ടക്കളാണോ ?

മുന്‍പ്   ന്യൂ  ജനറേഷന്‍ സിനിമയെ കുറിച്ച് ചോദിച്ചപ്പോള്‍ നടന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു .
"സിനിമയില്‍ പുതു തരംഗം ഉണ്ടാവുന്നു എന്ന് പറയുന്നവര്‍ അത് അവര്‍ക്ക്  എവിടുന്നു കിട്ടുന്നു എന്ന് കൂടി തിരക്കണം."ആ സമയത്ത് അത് എല്ലാവരും ശ്രീനി അസൂയ കൊണ്ട് പറയുന്നതാണ് എന്ന് കരുതി.കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്  ശേഷം കുറെക്കാലമായി ഒരു ശ്രീനി തരംഗം ഇല്ലല്ലോ .അത് കൊണ്ട് ശ്രീനി പറഞ്ഞത് ആരും അത്ര സീരിയസ് ആയി കണ്ടില്ല .എവിടെയോ ഈ പ്രസ്താവന  വായിച്ച ഞാനും അങ്ങിനെ തന്നെ കരുതി.

പക്ഷെ ഇപ്പോള്‍ പുതു തലമുറ സ്ക്രീനില്‍ കാണിക്കുന്ന പലതും അന്യ ദേശങ്ങളില്‍ നിന്നും കടം കൊണ്ടതാണെന്ന് തെളിഞ്ഞു വരുന്നു.ഇപ്പോള്‍ സിനിമക്കാര്‍ തിരയുന്നതിലും കാണുന്നതിലും കൂടുതല്‍ പൊതുജനങ്ങള്‍ അന്യ രാജ്യ ചിത്രങ്ങള്‍ കാണുന്നുണ്ട്.അത് കൊണ്ട് ചിത്രം ഇറങ്ങി മൂന്നു നാല് ദിവസങ്ങള്‍ക്കകം വിവരങ്ങള്‍ പുറത്തു വരുന്നു.എന്നാലും ജനങ്ങള്‍ നമ്മുടെ ഭാഷയിലേക്ക് മാറ്റപെട്ട സിനിമ വിജയിപ്പിക്കുന്നുമുണ്ട് .അതൊക്കെകൊണ്ട് തന്നെ ഇപ്പോള്‍ കൂടുതല്‍ പുതിയവര്‍ ഈ മാര്‍ഗം തന്നെ സ്വീകരിക്കുന്നു.അങ്ങിനെ ചാപ്പ കുരിശ് ,22 എഫ് .എം കോട്ടയം ,ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങി പുതുതായി "പഴയവ  "വരുന്നു.

ഈ കഴിഞ്ഞ അവാര്‍ഡ്‌ പലതും വിളിച്ചു പറയിച്ചു.ബ്ലെസി എന്ന നല്ല സിനിമ മാത്രം എടുത്ത സംവിധായകന്റെ കാഴ്ച ,പളുങ്ക്,പ്രണയം ഒക്കെ കോപ്പിയടിയാണ് പോലും .പദ്മരാജന്‍ ,ഭരതന്‍,ലോഹിതദാസ് എന്നിവര്‍ക്ക് ശേഷം ഉണ്ടായ പ്രതിഭ എന്ന് കേട്ടിഘോഷിച്ച ബ്ലെസിയില്‍ നിന്നും ഇത്തരം ഒന്ന് മലയാളലോകം പ്രതീഷിച്ചില്ല.ഏതോ ചാനലില്‍ ഇതേ കുറിച്ച് വന്ന ഇന്റര്‍വ്യൂ വില്‍ ബ്ലെസി ഇത് നിഷേധിച്ചു കൊണ്ട് പറഞ്ഞു.വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ മനസ്സില്‍ ഉണ്ടായ കഥകള്‍ ആണ് ഇതൊക്കെ എന്ന്.ഇന്നലെ സലിം കുമാര്‍ അതിനു കൃത്യമായി രസകരമായി  മറുപടി പറഞ്ഞു." ഇപ്രാവശ്യം ഓസ്കാര്‍ കിട്ടിയത് എന്റെ മനസ്സിലെ കഥക്കായിരുന്നു എന്ന് "

 മുന്‍പ് പ്രിയദര്‍ശന്‍  ചിത്രങ്ങള്‍ മുഴുവന്‍ കോപ്പിയടിയായിരുന്നു .പക്ഷെ അത് നമ്മള്‍ കണ്ടുപിടിച്ചു വരുമ്പോളേക്കും വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.എന്നാലും വളരെ മനോഹരമായിയാണ് അദ്ദേഹം ഓരോ ചിത്രവും ഉണ്ടാക്കിയത്.ഹാസ്യവും ,സെന്റിയും ഒക്കെ കൂട്ടി കലര്‍ത്തി ജനത്തെ പിടിച്ചിരുത്തി.ഇപ്പോള്‍ ആള്‍ക്കാര്‍ക്ക് കാര്യം അറിയാവുന്നതുകൊണ്ട്‌  പ്രിയന്‍ ചിത്രങ്ങള്‍ മലയാളത്തില്‍ അത്ര പച്ച പിടിക്കുന്നില്ല.എന്നാലും ഇപ്പഴും  പലപ്പോളായി അദ്ദേഹം അതിനു ശ്രമിക്കുന്നുമുണ്ട്.പക്ഷെ അദ്ദേഹം ഒരിക്കലും കോപ്പിയടി  അല്ല എന്ന് പറഞ്ഞില്ല .അതെ സാധനം അദ്ദേഹം മറ്റു ഇന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍ ഹിററുമാക്കി.

ഇക്കിളി ചിത്രങ്ങള്‍ മാത്രം പുനര്‍അവതരിച്ചു പണം ഉണ്ടാക്കുന്ന സുരേഷ് കുമാറും ഒരു അര്‍ത്ഥത്തില്‍ മോഷ്ടാവ് തന്നെയല്ലേ .(പണം കൊടുത്താണ് പുനര്‍ സൃഷ്ടി  എങ്കിലും പഴയവയില്‍ നിന്നും പലതും അടിച്ചു മാറ്റുനില്ലേ ,അവരുടെ ഭാഷയില്‍ അതിനു inspiration എന്നാണ്  പറയുക മോഷണം എന്ന് പറയില്ല.)പഴയ നല്ല ചിത്രങ്ങള്‍ പുതുതല മുറക്ക് കാണിക്കണം എന്ന വ്യാജേനയാണ് അദ്ദേഹം ഇക്കിളി ചിത്രങ്ങള്‍ റീ മയ്കിംഗ് നടത്തുന്നത് .എത്രയോ ഇതിലും നല്ല ചിത്രങ്ങള്‍ ഉണ്ട് എങ്കിലും പുതു തലമുറയെ അതൊന്നും കാണിക്കാന്‍ അദ്ദേഹത്തിന് താല്പര്യം ഇല്ല.കാരണം അതില്‍ ഇക്കിളി രംഗങ്ങള്‍ക്ക് സാധ്യത ഇല്ല എന്നതു  കൊണ്ട് തന്നെ.

ഏതൊക്കെ എവിടുന്നൊക്കെ കടം എടുത്താലും അത് ഭംഗിയായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ ഇവിടുത്തെ പ്രേക്ഷകര്‍ അത് രണ്ടു കയ്യും നീട്ടി സ്വീകരിക്കും .അതില്‍ അവര്‍ക്ക് രസിക്കുവാന്‍ പറ്റിയ കാര്യങ്ങള്‍ ഉണ്ടാവണം എന്ന് മാത്രം.എല്ലാവര്ക്കും എല്ലാ  ഭാഷയും മനസ്സിലാക്കുവാന്‍ കഴിയില്ലല്ലോ.ലോകത്താകമാനം ഒരു ഭാഷയിലാണ് സിനിമ എങ്കില്‍ നമ്മുടെ പുതു തലമുറ കഷ്ട്ടപെട്ടു പോകും .അതൊരിക്കലും ഉണ്ടാവാത്തത് കൊണ്ട് നമ്മുടെ മോഷ്ടാക്കളായ സിനിമാക്കാര്‍ക്ക് എപ്പോളും കഞ്ഞികുടിച്ചു പോകാം.

പക്ഷെ സലിംകുമാര്‍ പറഞ്ഞ ഒരു കാര്യം എന്തായാലും നടപ്പിലാക്കണം .കട്ടിട്ട് ആളാകുന്നവര്‍ക്ക് അവാര്‍ഡ്‌ കൊടുക്കുവാന്‍ പാടില്ല.ഇങ്ങിനത്തെ സംസ്കാരം ഒരിക്കലും പ്രോത്സാഹിപ്പിക്കരുത് .
 

Friday, July 20, 2012

എന്റെ അച്ഛന്‍

ബൈക്ക് സ്റ്റാന്‍ഡില്‍ ഇട്ടു ,ദേഹം വല്ലാത്ത വേദന ..അവിടിവിടെ മുറിഞ്ഞിട്ടുണ്ട്‌ .വരാന്തയിലേക്ക്‌ കയറുമ്പോള്‍ പരിചിതരും അല്ലാത്തതുമായ കുറെ മുഖങ്ങള്‍ പൂമുഖത്തു കണ്ടു .എല്ലാവരുടെയും മുഖത്ത് കാര്‍മേഘം കെട്ടികിടന്നിരുന്നു.ഏതു നിമിഷവും മിന്നലും ഇടിയും ഉണ്ടാകാം .എല്ലാം നേരിടണം ,ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ .അങ്ങിനെ സംഭവിച്ചു പോയി എന്ന് ആശ്വസിച്ചു .


              നാട്ടിലെ പ്രമുഖര്‍ ആയ  സമുദായ നേതാക്കള്‍ എന്ന് നാട്ടുകാര്‍ പട്ടം കൊടുത്തവര്‍ ആണ് വരാന്തയില്‍  .അപകടം മണത്തുവെങ്കിലും എല്ലാവരോടും ചിരിച്ചു എന്ന് വരുത്തി അകത്തേക്ക് കയറി ,ആരും ഒന്നും ചോദിച്ചുമില്ല തിരിച്ചു ചിരിച്ചുമില്ല .അകത്തു കുടുംബക്കാര്‍ ആയിരുന്നു. മാമന്‍ മാരും മറ്റും കൂട്ടത്തിലുണ്ട്  .ഒരു മൂലയില്‍ അമ്മയും പെങ്ങളും ..അമ്മ കരഞ്ഞിട്ടുണ്ട് ,മുഖം കണ്ടാല്‍ അറിയാം .മഴവെള്ളം പോലെ കണ്ണില്‍ കണ്ണുനീര്‍ കെട്ടി കിടക്കുന്നു .പെങ്ങളുടെ മുഖവും വാടിയിട്ട്ണ്ട് .
   എന്നെ കണ്ടപ്പോള്‍ അമ്മ  എന്റെ അടുത്ത് വരുവാന്‍ നോക്കിയെങ്കിലും മാമന്മാര്‍ തടഞ്ഞു.

    "വേണ്ട .ഒന്നും ചോദിക്കേണ്ട ,രാമകൃഷ്ണന്‍ വരട്ടെ ,ഉമ്മച്ചി പെണ്ണിനെ കൊണ്ട് നാടുച്ചുറ്റുന്ന അലവലാതി ".

അച്ഛന്‍ വരട്ടെ എന്നാണ് പറയുന്നത് .കാര്യം അത്ര സീരിയസ് ഒന്നുമല്ല ,പക്ഷെ ഇവരൊക്കെ സീരിയസ് ആയി കാണുന്നു .പെങ്ങളുടെ സ്നേഹിതയെ ,റസിയയെ ബൈക്കില്‍ കയറ്റി വരുന്ന വഴി കുറേപേര്‍ തടഞ്ഞു ,വാക്കേറ്റമായി ,അടിയായി ,പോലീസ്  സ്റ്റേഷന്‍ വരെ എത്തി. ബസ്‌ സ്റ്റോപ്പില്‍ പൂവാലന്മാര്‍ ഉപദ്രവിച്ചു കൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ രക്ഷ്പ്പെടുത്തിയതാണ് .പോലീസുകാര്‍ക്ക് കാര്യം മനസ്സിലായി  അവര്‍ കാര്യങ്ങള്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്തു ,ഉപദ്രവിച്ചവരെ പിടിച്ചു എന്നാണ് അറിഞ്ഞത് .കുറെ സദാചാര വാദികള്‍ .പക്ഷെ ഒക്കെയും മിന്നല്‍ വേഗത്തില്‍ നാട്ടില്‍ പടര്‍ന്നു .ഞാനും റസിയും കമിതാക്കള്‍ എന്ന് വരെ പറഞ്ഞു പരത്തി.

       കുറച്ചു മണിക്കൂര്‍ ആകാംഷയോടെ ,പേടിയോടെ അച്ഛന്റെ വരവും കാത്തിരുന്നു .പുറത്തു തകൃതിയായി എന്തൊക്കെയോ ചര്‍ച്ചകള്‍ നടക്കുന്നു .ആരും എന്റെ അടുക്കല്‍ വന്നില്ല ,അവര്‍ പറയുന്നത് കേള്‍ക്കുവാന്‍ താല്‍പര്യവും ഇല്ലായിരുന്നു. അച്ഛന്റെ ബൈക്കിന്റെ ഒച്ച അടുത്തടുത്ത്‌ വന്നു കൊണ്ടിരുന്നു ,എന്റെ നെഞ്ചിടിപ്പും കൂടി കൂടി വന്നു .അച്ഛന്‍ അകത്തേക്ക് വരും മുന്‍പേ അവര്‍ തമ്മില്‍ എന്തൊക്കെയോ പറയുന്നു .ഒന്നും ക്ലിയര്‍ ആയി കേള്‍ക്കുന്നില്ല.

    അച്ഛന്‍  മുറിയിലേക്ക് കയറി ,കൂടെ മറ്റു ചിലരും അമ്മയും,ഞാന്‍ ഭയത്തോടെ എഴുനേറ്റു ..കൈകാലുകള്‍ വിറച്ചു തുടങ്ങി ,എന്തായാലും നല്ല വാര്‍ത്തകള്‍ അല്ലല്ലോ കേട്ടിരിക്കുക .ഒരടി പ്രതീഷിച്ചു ഞാന്‍ നിന്നു.അച്ഛന്‍ എന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി ,പിന്നെ മൊത്തത്തിലും .ഞാന്‍ ഒന്ന് കൂടി ചൂളി.പെട്ടെന്ന് എല്ലാവരെയും അമ്പരപ്പിച്ചു എന്നെ കെട്ടി പിടിച്ചു കൊണ്ട് ചോദിച്ചു

"അവര്‍ കുറെ തല്ലിയോ മോനെ ?വേദനയുണ്ടോട ?സാരമില്ല മോന്‍ അരുതാത്തതൊന്നും ചെയ്തില്ലല്ലോ "

പിന്നെ എന്റെ ദേഹത്ത് സ്നേഹത്തോടെ തലോടാന്‍ തുടങ്ങി .ചോര ഒലിക്കുന്ന മുറിവുകള്‍ തുടക്കാന്‍ തുടങ്ങി എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി .കണ്ടു നിന്നവര്‍ അന്ധാളിപ്പോടെ പരസ്പരം നോക്കി.എന്തോ പറയാന്‍ വന്ന മാമനെ അച്ഛന്‍ കൈകൊണ്ടു തടഞ്ഞു ,

   "എന്തെങ്കിലും കേട്ടാല്‍ ചാടി തുള്ളി വാളെടുക്കുകയല്ല വേണ്ടത് ,അത് അന്യേഷിക്കണം .ഞാന്‍ കാര്യങ്ങള്‍ വരുന്ന വഴിക്കു അറിഞ്ഞു .അതുകൊണ്ട് തന്നെ ചങ്ങാതിയായ പോലീസുകാരന്‍ ശശിയെയും കൂട്ടി അബൂബക്കര്‍ ഹാജിയെയും  കണ്ടിട്ടാണ് വരുന്നത് .മകള്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട്‌ ,അയാള്‍ക്ക്‌ വിശ്വാസവും ആയി .നിങ്ങളെ പോലെ കുറെയെണ്ണം അവിടെയും കൂടിയിട്ടുണ്ട്.സമുദായത്തില്‍ സ്പര്‍ധ ഉണ്ടാക്കുവാന്‍ .ഒരു ഹിന്ദു ചെക്കന്റെ കൂടെ തട്ടം ഇട്ട പെണ്ണ് ബൈക്കില്‍ കയറിയാല്‍ നമ്മുടെ മതവും ജാതിയും നശിക്കുമെങ്കില്‍ അതങ്ങ് നശിക്കട്ടെ .ആകാശം ഇടിഞ്ഞു വീഴുമെങ്കില്‍ അതും ആയികൊള്ളട്ടെ .ആദ്യം നമ്മള്‍ മനുഷ്യര്‍ എന്ന് മനസ്സിലാക്കണം .അവിടെ ജാതിയോ മതമോ ഒന്നും കടന്നു വരരുത് ,എപ്പോളും മനുഷ്യനായി ജീവിച്ചാല്‍ തന്നെ ഈ ലോകത്തെ അക്രമങ്ങള്‍ ഇല്ലാതാവും ..പക്ഷെ കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട് ഹിന്ദുവെന്നും മുസല്‍മാന്‍  എന്നും ഒക്കെ പറഞ്ഞു മനുഷ്യന്മാരെ വേര്‍തിരിക്കാന്‍ .അവരുടെ ലക്‌ഷ്യം വേറെയാണ് അതൊന്നും ഞാന്‍ പറയുന്നില്ല ."

വീട്ടിലേക്കു വന്നവര്‍ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ഇറങ്ങിപോയി .അവര്‍ അച്ഛനെ പ്രാകിയതാവം ,കുറ്റപെടുതിയതാവം .ഞാന്‍ ആദ്യം കാണുന്നത് പോലെ അച്ഛനെ സൂക്ഷിച്ചു നോക്കി .എന്നെയും ചേര്‍ത്ത് പിടിച്ചുകൊണ്ടു അച്ഛന്‍ മുറിയുടെ പുറത്തേക്കിറങ്ങി ,അമ്മയുടെ തേങ്ങല്‍ പുറത്തേക്കു ചാടി .ഞാനും അച്ഛനെ വട്ടം ചുറ്റിപിടിച്ചു ,ആ കൈകള്‍ക്കുള്ളില്‍ ഞാന്‍ പൂര്‍ണസുരക്ഷിതന്‍ ആണെന്ന ബോധം എന്റെ എല്ലാ വിഷമങ്ങളും അകറ്റി.

കഥ:പ്രമോദ്‌ കുമാര്‍ .കെ.പി

Thursday, July 19, 2012

ഷവര്‍മ ശവമാക്കും ....പേരയ്ക്ക പേഷിയന്റും

       നമ്മള്‍ പണ്ടൊക്കെ ഹോട്ടല്‍ ഭക്ഷണത്തിന് വാശി പിടിക്കുമ്പോള്‍ അമ്മ നമ്മളോട് പറയുമായിരുന്നു ,ഹോട്ടല്‍ തീറ്റ നല്ലതിനല്ല ,അവിടുത്തെ അടുക്കള കണ്ടാല്‍ നീയൊന്നും പിന്നെ ജീവിതത്തില്‍ അവിടെ കയറില്ല .ഇന്നലെ ന്യൂസ്‌ കാണുന്നതുവരെ ഹോട്ടല്‍ അടുക്കള കണ്ടതുമില്ല അതിന്റെ അര്‍ഥം അത്ര പിടികിട്ടിയുമില്ല .പക്ഷെ ഇന്നലെ അയ്യോ ഞെട്ടി പോയി ,വിസര്‍ജ്യ വസ്തുക്കള്‍ക്ക് നടുവില്‍ ഒരു ഹോട്ടല്‍ അടുക്കള .അവിടെ ദുര്‍ഗ്ന്ദം സഹിച്ചു മാലോകര്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്ന തൊഴിലാളികള്‍.എന്തൊക്കെ നമ്മുടെ ഭക്ഷണത്തില്‍ കയറിയിരിക്കും ?


സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആണ് നമ്മുടെ കൊച്ചു കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് .കഴിഞ്ഞ ദിവസം തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച ഒരു യുവാവ് മരണപെട്ടു ,പലരും ആശുപത്രിയിലും ആയി.ആശുപത്രിയില്‍ ആയ  ഷോബി തിലകന്‍ എന്ന  നടന്‍ തിലകന്റെ മകന്‍ അടുത്ത് വളരെ സീരിയസ് ആയി കിടന്ന പയ്യന് എന്ത് സംഭവിച്ചു എന്ന് തിരക്കിയപ്പോളാണ് കാര്യം പിടികിട്ടിയത്.പയ്യനും അതെ ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചിരുന്നു .അപ്പോള്‍ തന്നെ കംപ്ലൈന്റ്റ്‌ കൊടുത്തതിനാല്‍ മറ്റേതോ വഴിക്ക് മാറി മറിഞ്ഞു പോകേണ്ടിയിരുന്ന യുവാവിന്റെ മരണകാരണം പിടികിട്ടി.യുവാവ് ബാംഗളൂര്‍ക്ക് പോകുമ്പോള്‍ രാത്രി കഴിക്കാന്‍ ഷവര്‍മ പാര്സല്‍ വാങ്ങിയിരുന്നു ,ബസില്‍ നിന്ന് അത് കഴിച്ച യുവാവിനു രാത്രിതന്നെ  അസ്വസ്ഥത അനുഭവപെട്ടിരുന്നു,പിറ്റേന്ന് ബാംഗ്ലൂര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .തക്ക സമയത്ത് ചികിത്സ ലഭിച്ചവര്‍ സുഖം പ്രാപിച്ചു വരുന്നു.ഇതിന്റെ വേറെ ഒരു രസം ആറു മാസം മുന്‍പ് ഇതേ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു ,അതു അറിയാവുന്നവര്‍ തന്നെ വീണ്ടും അവിടുന്ന് കഴിച്ചു കൊണ്ടേയിരുന്നു ,ഇന്നലെ ഷോബി  തിലകന്‍ തന്റെ അനുഭവം ഒരു ചാനലില്‍ വെളിപെടുതിയതാണ് .

  ഭൂരിഭാഗത്തിന്റെ  അന്യ നാട്ടിലെ ജീവിതവും ഇന്റെര്‍നെറ്റിന്റെ വ്യാപക പുബ്ലിസിറ്റിയും നമ്മള്‍ മലയാളികള്‍ വേണ്ടുന്നതും വേണ്ടാത്തതും ഒക്കെ അനുകരിച്ചു ഇവിടുത്തെ ഭക്ഷണ സംസ്കാരം തന്നെ മാറ്റിമറിച്ചിരിക്കുന്നു.കെ.എഫ് .സി ,മാക്‌ ഡോണല്‍ഡ ,കൊകേകോള ,പെപ്സി  എന്നിവയൊക്കെ നമ്മള്‍ അങ്ങിനെ ജനപ്രിയമാക്കിയതാണ് .തിന്നുന്ന കുടിക്കുന്ന ഓരോ ആള്‍ക്കും അറിയാം അത് നമുക്ക് പ്രോബ്ലും ഉണ്ടാക്കുന്നതാനെന്നു ,പക്ഷെ നമ്മള്‍ ഇതിനെതിരായി ബര്‍ഗര്‍ ചവച്ചു പെപ്സി കുടിച്ചാണ് ഫേസ് ബൂക്കില്‍ കമന്റ്‌ ഇടുക.അതാണ്‌ മലയാളി.അവന്‍ അവരുടെ മക്കളെയും ഇതൊക്കെ തിന്നുവാന്‍ പ്രെരിപ്പിക്കുന്നു .അങ്ങിനെ കുറെ രോഗികള്‍ ഇവിടെ ഉണ്ടാക്കപെടുന്നു.

   അങ്ങിനെ ഗള്‍ഫില്‍ നിന്ന് നമ്മള്‍ കടം കൊണ്ടതാണ് ഷവര്‍മ ,ഗള്‍ഫിലെ ഷവര്‍മ അല്ല ഇവിടുത്തെതെന്നും നമ്മള്‍ക്ക് അറിയാം ,പക്ഷെ നമ്മള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നു . ഷവര്‍മ ചൂടോടെ കഴിക്കണമെന്നും അല്ലെങ്കില്‍ അതില്‍ ചേര്‍ക്കുന്ന പച്ച മുട്ടയില്‍ അണുവികിരണം ഉണ്ടാവുമെന്നും അതാണ് ഇതിനൊക്കെ കാരണം എന്നും റസ്റൊരന്റ്റ്  അസോസിയേഷന്റെ പ്രമുഖന്‍ ഇന്നലെ പ്രസ്താവിച്ചു ,ഇതൊക്കെ അറിയുന്നവര്‍ പിന്നെ എന്തിനു പാര്‍സല്‍ കൊടുക്കുന്നു .ഷവര്‍മ പാര്‍സല്‍ കൊടുക്കില്ല എന്ന് പറയരുതോ ?അപ്പോള്‍ ബിസിനെസ്സ് കുറയും ,അത് കൊണ്ട് അറിയാവുന്ന കാര്യം മറച്ചു പിടിച്ചു നാട്ടുകാര്‍ ചത്താലും സാരമില്ല  പണം ഉണ്ടാക്കുക തന്നെ ലക്ഷ്യം.പപ്സ് ,മീറ്റ്‌ റോള്‍,ബര്‍ഗര്‍ എന്നിവയുടെ ആയുസ്സ് വെറും ആറു  മണിക്കൂര്‍ മാത്രം ആണ് പോലും .വില്‍ക്കുന്നവനു അത് അറിയാം പക്ഷെ നമ്മളോടു  പറയില്ല.

          ഇതു ഹോട്ടലിലെ മാത്രം കാര്യമല്ല ,നമ്മള്‍ മലയാളികള്‍ ഹര്‍ത്താലും രാഷ്ട്രീയ പാര്‍ട്ടികളും കൊലയുമല്ലാതെ മറ്റൊന്നും സ്വന്തമായി ഉണ്ടാക്കുന്നില്ല .എല്ലാം അന്യരില്‍ നിന്നും വാങ്ങുന്നതാണ് .അവര്‍ക്ക് അത് കേരളത്തില്‍ കേടു കൂടാതെ വില്‍ക്കണമെങ്കില്‍ അതില്‍ ചില കൃത്രിമ പണികള്‍ ചെയ്യണം ,അത് നമ്മള്‍ക്ക് കേടു വരുന്നതാണോ ,നമ്മെ കൊല്ലുന്നതാണോ എന്നൊന്നും അവര്‍ക്ക് പ്രശ്നമല്ല.അവര്‍ക്ക് ലാഭം കിട്ടണം.അത് കൊണ്ടാണ് വിഷം കലര്‍ന്ന് എന്ന്  ബോധ്യം ഉള്ള പച്ചകറികള്‍ നമ്മള്‍ വാങ്ങുന്നത്‌ .ഇപ്പോള്‍ ഫ്രൂട്ട് കടകളില്‍ ഈച്ചകള്‍ കാണാറില്ല ,കാരണവും വിഷം തന്നെ .ഇപ്പോള്‍ പഴവര്‍ഗങ്ങളില്‍ കളര്‍ അടിച്ചു ജനത്തെ ആകര്ഷിച്ചാണ് വില്പന ,ഇന്നലെ കോഴികോടില്‍ നിന്നും ഒരാള്‍ വാങ്ങിയ പേരയ്ക്ക തൊലി കളഞ്ഞു ഏതോ കളര്‍ വിഷത്തില്‍ മുക്കി വെച്ചതായിരുന്നു ,പരിശോധിച്ചവര്‍ പറഞ്ഞത് കാന്‍സര്‍ ഉണ്ടാക്കാവുന്ന വിഷ മാണ്  അതെന്നാണ്‌.അതും തായ്‌ലാന്‍ഡ്‌ ഇറക്കുമതി ,ഒരു ചെക്കിങ്ങും ഇല്ലാതെ വിഷം നമ്മളെ തീറ്റിക്കുന്നു.കളറിലും പുതുമയിലും അടിമപെട്ട് നമ്മള്‍ വലിയ വില കൊടുത്തു അത് വാങ്ങുന്നു .

                 ഇപ്പോള്‍ തകൃതിയായി ഹോട്ടലില്‍  പരിശോധനകള്‍ നടക്കുന്നു ,പഴകിയവ പിടിക്കുന്നു ,ചില ഹോട്ടലുകള്‍ പൂട്ടിക്കുന്നു .ഷവര്‍മ നിരോധിക്കുന്നു .ഇതു എത്ര കാലം ?ഇതിന്റെ ചൂടൊക്കെ ആറും  വരെ മാത്രം .പിന്നെയും ഇതേ ഹോട്ടല്‍ തുറക്കും ,നമ്മള്‍ വീണ്ടും അവിടെ തന്നെ പോയി വിഷം വാങ്ങി കഴിക്കും ,പ്രശ്നം ഉണ്ടാവുന്നത് വരെ ആരും ഇടപെടുകയും ഇല്ല .നമ്മള്‍ മലയാളീസ് ആയി പോയില്ലേ .എല്ലാറ്റിനും എടുത്തു ചാട്ടം മാത്രം പിന്നെ ആ വഴിക്ക് കാണില്ല.

                    നമ്മള്‍ ഇത് പോലത്തെ ഫാസ്റ്റ് ഫുഡ്‌ സംസ്കാരം ഉപേഷിച്ചാല്‍ അല്ലെങ്ങില്‍ കുറച്ചാല്‍ മാത്രം ഇതിനു ഒരു അറുതി വരും .അല്ലെങ്ങില്‍ പലപ്പോഴായി ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകും .അധികാരികള്‍ ഇപ്പോള്‍ ജാഗരൂഗരാനു താനും .ചാനലുകളും പിന്നാലെ ഉണ്ട് .അവര്‍ക്ക് ഇതിലും നല്ലതൊന്നു കിട്ടിയാല്‍ അവര്‍ ഇതും വേണ്ടെന്നു വെക്കും.
                 
                        കഴിഞ്ഞ ദിവസം ഒരു ചങ്ങാതി തമാശയായി എങ്കിലും ഒരു കാര്യം പറഞ്ഞു .ആലപുഴയില്‍ ഒരു വിദ്യാര്‍ഥി കൊല്ലപെട്ടിട്ടു ചാനലുകളും  രാഷ്ട്രീയക്കാരും എന്തെ കാര്യമായി  പ്രതികരിച്ചില്ല ?ഉത്തരവും അവന്‍ തന്നെ പറഞ്ഞു "ഒന്നാമത് അടുത്തൊന്നും തിരഞ്ഞെടുപ്പ് ഇല്ല മുഖ്യമായി അതിനു പിന്നില്‍ സി .പി.എം  അല്ല എന്നും എല്ലാവര്ക്കും അറിയാം "

വാല്‍കഷ്ണം : ദേശിയ മൃഗമായ കടുവയേയും പക്ഷിയായ മയിലിനെയും പിന്നെ മാനിനേയും ഉപദ്രവിച്ചാല്‍ കൊടുക്കുന്ന അതെ ശിക്ഷ ദേശിയ ഫലമായ മാങ്ങയില്‍ വിഷം ചേര്‍ക്കുന്നവനും മാങ്ങക്ക് കല്ലെരിയുന്നവനും കൊടുക്കേണ്ടേ ?




Tuesday, July 17, 2012

വീണ്ടും കേരളത്തില്‍ ഒരു പാര്‍ട്ടി കൂടി ?

ഇപ്പോള്‍ പാര്‍ട്ടി ഉണ്ടാക്കുന്നത്‌ അധികാരത്തിനു വേണ്ടിയാണ് .എപ്പോളെങ്കിലും അതിന്റെ സ്വാദ് അറിഞ്ഞവര്‍ അതില്‍ തന്നെ മുറുക്കെ പിടിക്കുവാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്നു .അത് കൊണ്ടാണ് നമ്മുടെ ദേശത്തില്‍ ഇത്രയധികം പാര്‍ട്ടികള്‍ ഉണ്ടായിരിക്കുന്നത് .അങ്ങിനെ മാര്‍ക്സിസ്റ്റ്‌ ,കൊണ്ഗ്രെസ്സ് ,ജനത  ഒക്കെ പിളര്‍ന്നു .ചിലത് വീണ്ടും ഒന്നായി ,ചിലത് മറുകണ്ടം ചാടി,ചിലത് വീണ്ടും പിളര്‍ന്നു  .കേരള കോണ്‍ഗ്രസ്‌ തന്നെ പിളര്‍ന്നു എ  മുതല്‍ ഇസെഡ്  വരെയായി .ആര്‍ക്കെങ്കിലും മന്ത്രി പണിയോ സ്ഥാനമാനങ്ങളോ കിട്ടാതെ വരുമ്പോള്‍ അവന്‍ അവന്റെ പേരില്‍ പാര്‍ട്ടി തുടങ്ങുകയാണ് .അതിനു ഒരു തത്വമോ ഒന്നും ഉണ്ടാവില്ല.അങ്ങിനത്തെ കുറെ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ വലിയ കക്ഷികളെ വിറപ്പിച്ചു നിര്‍ത്തി ആളാകുന്നു . ജനങ്ങളെ സേവിക്കണം എന്ന് വിചാരിച്ചു രാഷ്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ വിരളമാണ് .എല്ലാവര്ക്കും നോട്ടം സ്വന്തം കീശയും കുടുംബത്തിന്റെ ആസ്തിയും വര്‍ധിപ്പിക്കല്‍ ആണ്.

         മുസ്ലിം ഉന്നമനത്തിനു ഉണ്ടായ ലീഗ് ആദ്യ കാലത്ത് അതിന്റെ കര്‍ത്തവ്യം നന്നായി ചെയ്തു എന്ന് വേണമെങ്കില്‍ പറയാം ,പഴയ നേതാക്കള്‍ ,അവര്‍ സ്വന്തം ആള്‍ക്കാരെ പൊതുധാരയില്‍ എത്തിക്കാന്‍  നന്നായി പ്രയത്നിച്ചു ,എന്നും അവര്‍ക്കിടയില്‍ അടിച്ചമര്‍ത്ത് പെട്ടിരുന്ന വിദ്യാഭാസം ,പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ഇടയില്‍ അതിന്റെ ആവശ്യങ്ങള്‍,ഗുണങ്ങള്‍  നിരത്തി ഓരോ പൌരനും നേടേണ്ട ആവശ്യം വിവരിച്ചു .അതിന്റെ ഫലമായി അവര്‍ പഠിച്ചു .ഇന്ന് കേരളത്തിലെ മുസ്ലിംകള്‍ നല്ല നിലയില്‍ എത്തിയതിനു കാരണം പഴയ നേതാക്കന്മാരുടെ ഈ നിര്‍ബന്ധ ബു ദ്ധി തന്നെയാണ്  ,മറ്റു സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങളില്‍ ഭൂരിപക്ഷവും ഇപ്പോളും വളരെ പരിതാപകമായ നിലയിലാണ് .അവരെ സഹായിക്കാന്‍ ഒരു സംഘടന ഇല്ലാത്തതു കൊണ്ടാണ് അത്.പണ്ട്  കൂടുതല്‍ പേരും സമൂഹത്തിനു വേണ്ടിയാണ് രാഷ്ട്രീയം ഉപയോഗിച്ചത്.ഇന്നത്തെ ലീഗ് നേതാക്കളുടെ കാര്യം എല്ലാവര്ക്കും അറിയാം.
   
     ജന്മികളും,മുതലാളിമാറും ഊറ്റുന്ന തൊഴിലാളികളെ സംരക്ഷിക്കാനും പാര്‍ട്ടി ഉണ്ടായി ,അവരാണ് ഇന്ന് ഇന്ത്യയിലെ മുതലാളി പാര്‍ട്ടി.ഗാന്ധിജി ആദര്‍ശങ്ങള്‍ പൊലിപ്പിച്ചു കാട്ടി വോട്ട് നേടിയവരും ഇന്ന് പൊതു ജനങ്ങളെ മറന്നു.എല്ലാവര്ക്കും അധികാരം എന്ന അപ്പകഷ്ണം മതി.അപ്പോള്‍ ചിലര്‍ മാത്രം അപ്പം തിന്നാല്‍ മതിയോ ?ഒന്ന് രണ്ടു സമുദായ നേതാക്കള്‍ക്ക് അത് സഹിച്ചില്ല ,നമ്മള്‍ ഭൂരിപക്ഷം അവഗണിക്കപെടുന്നു എന്ന് അവര്‍ ചാനലില്‍ കൂടി കരഞ്ഞു പറഞ്ഞു ,ഭരണ ,പ്രതിപക്ഷ പാര്‍ട്ടിക്കെതിരെ ഭീഷണി വരെ ഉണ്ടായി ,ശരിദൂരം ,സമദൂരം എന്നിങ്ങനെ കുറെ ദൂരമുണ്ടാക്കി രണ്ടു പ്രമുഖ പാര്‍ട്ടികളെ പേടിപ്പിക്കാന്‍ നോക്കി. ആരും മൈന്‍ഡ് ചെയ്തില്ല.അങ്ങിനെ അവരുടെ മനസ്സില്‍ പുത്തന്‍ ആശയം വന്നു ,അവര്‍ക്ക് പണി കൊടുക്കുക .അതിനു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുക .

    അങ്ങിനെ ഒരു നേതാവ് മുന്നിട്ടെറങ്ങി ..അയാള്‍  ഇന്ന് പറയും ഇതാ പാര്‍ട്ടി വന്നു .പിറ്റേന്ന് പറയും ഇല്ല നമുക്ക് അതില്‍ താല്പര്യം ഇല്ല .എന്നാലും അണികള്‍ നിര്‍ബന്ധിക്കുന്നു അത് കൊണ്ട് ആലോചിച്ചു  കുറച്ചു സമയം കഴിയും രൂപപ്പെടാന്‍ എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു. അങ്ങിനെ കഴിഞ്ഞ ദിവസം പെട്ടെന്ന് തീരുമാനിക്കുന്നു ,രണ്ടു മാസത്തിനുള്ളില്‍ പാര്‍ട്ടി ഉണ്ടാക്കും,അതില്‍ ഇത് പോലെ അപ്പകഷ്ണത്തിന് വേണ്ടി ദാഹിക്കുന്ന എല്ലാ മതസ്ഥരെയും,ജാതികളെയും  ഉള്‍കൊള്ളിക്കും എന്നൊക്കെ.

എന്തായാലും പാര്‍ട്ടി വരട്ടെ ,അടിച്ചമര്‍ത്ത പെട്ട ഭൂരിപക്ഷം തല പൊക്കട്ടെ ,ന്യുനപക്ഷം വീണ്ടും അടിയിലേക്ക് പോകട്ടെ .പിന്നെ അവര്‍ വേറെ പാര്‍ട്ടി ഉണ്ടാക്കി വീണ്ടും മുകളില്‍ എത്തട്ടെ .അങ്ങിനെ നമ്മള്‍ പൊതുജനം എന്ന കഴുതകള്‍ എപ്പോളും വോട്ട് നല്‍കി ഇവരുടെ തോന്നിയവാസങ്ങള്‍ക്ക്  പ്രോത്സാഹിപ്പിച്ചു  കൊണ്ടെയിരിക്കട്ടെ .എന്നാല്‍ മാത്രമേ ആര്‍ക്കെങ്കിലുംഒക്കെ  നമ്മുടെ നികുതി പണം ചിലവാക്കുവാന്‍ കഴിയൂ .അല്ലെങ്കില്‍ അത് ലാപ്സ് ആയി പോകും .



Sunday, July 15, 2012

വോഡഫോണ്‍ കോമഡി കരയിക്കുന്നോ ?


                      നശിക്കേണ്ടത്  നശിക്കുകതന്നെ ചെയ്യണം ,അല്ലെങ്കില്‍ നശിപ്പിക്കണം.ഏഷ്യാനെറ്റ്‌ പ്രേക്ഷകരുടെ പള്‍സ്‌ നോക്കി കാല കാലങ്ങളില്‍ പരിപാടികളില്‍ ,ചാനലിന്റെ ഉള്ളടക്കത്തില്‍ ഒക്കെ വേണ്ടതായ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്,അത് കൊണ്ട് തന്നെയാണ് ഇന്നും മറ്റു ചാനലുകള്‍ രണ്ടാം സ്ഥാനത്തിനു വേണ്ടി മാത്രം മത്സരിക്കേണ്ടി വരുന്നത്.അത് കൊണ്ട് തന്നെ പ്രേക്ഷകര്‍ കുറയുന്ന പരിപാടികളെ ഏഷ്യാനെറ്റ്‌ ഇഞ്ച്‌ ഇഞ്ച്‌  ആയി കൊല്ലാരുമുണ്ട് ,അങ്ങിനെ പല സീരിയലും ഷോകളും ആയുസ്സ്‌ എത്താതെ കൊല്ലപെട്ടിട്ടുണ്ട് .വര്‍ഷങ്ങള്‍ രസിച്ചു പിന്നെ രസച്ചരട് മുറിഞ്ഞു ബോറന്‍ പരിപാടിയായി മാറിയ ഐഡിയ സ്റ്റാര്‍ സിംഗെര്‍  ആഴ്ചയില്‍ രണ്ടു ദിവസമാക്കിയതും ഇതേ കാരണത്തില്‍ തന്നെ ആവാം .പക്ഷെ ഇപ്പോളും ചില  പരിപാടികളില്‍  ഒരേ തരത്തിലുള്ള കാര്യങ്ങള്‍ തന്നെ ഏഷ്യാനെറ്റ്‌ ആവര്‍ത്തിക്കുന്നത് കാണുമ്പോള്‍ അതിനു പിന്നിലെ അജണ്ട എന്തെന്ന് മനസ്സിലാകുനില്ല .

                                ജഗദീഷ്  എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മുഖ്യ ജഡ്ജ് ആയി വരുന്ന കോമഡി സ്റ്റാര്‍സ് ഒരു വര്‍ഷത്തിലേറെയായി കാണികള്‍ രസിക്കുന്ന പരിപാടിയായിരുന്നു ,ഓരോ ശനിയും ഞായറും രാത്രി പ്രേക്ഷകര്‍ കോമഡി നക്ഷത്രങ്ങളെ കാണുവാന്‍ ,അവരുടെ പുതിയ പുതിയ ഐറ്റംസ് കാണുവാന്‍ കാത്തിരുന്നു .അങ്ങിനെ എലിമിനെഷനും മറ്റു ചടങ്ങും ഒക്കെ കഴിഞ്ഞു കാലം പോയികൊണ്ടിരുന്നു .ഇരുപത്തി അഞ്ചുലക്ഷത്തിന്റെ ഫ്ലാറ്റിനു വേണ്ടി ഇപ്പോള്‍  അങ്കം വെട്ടുന്നവര്‍ക്ക് പഴയ പെര്‍ഫോര്‍മന്‍സ് ഇല്ല ,അവരെ പറഞ്ഞിട്ട് കാര്യമില്ല ,കാരണം അവരുടെ കൈകളിലെ സ്റ്റോക്ക്‌ തീര്‍ന്നു ,ഇപ്പോള്‍ എങ്ങിനെ എങ്കിലും നീട്ടി വലിച്ചു കൊണ്ട് പോകുന്ന മാതിരിയാണ് കാര്യങ്ങളുടെ പോക്ക്.അത് കൊണ്ട് തന്നെ ഇപ്പോളത്തെ ഓരോ എപിസോഡ് കാണുമ്പോള്‍ ചിരിക്കു പകരം കരച്ചില്‍ ആണ് വരുന്നത് .
                                   സഹ ജഡ്ജ് മാരുടെ മുഖഭാവം കണ്ടാല്‍ അറിയാം ഇപ്പോളത്തെ നിലവാരം .എപ്പോളും ചിരിച്ച മുഖം ഉള്ള ജഡ്ജ് മാരൊക്കെ ഇപ്പോള്‍ പുളി ഇഞ്ചി  കടിച്ചമാതിരി വക്രിച്ചു  ഇരിക്കുന്നു. പ്രേക്ഷകര്‍ ചാനല്‍ മാറ്റുകയാണ് ,അവധി ദിവസം ഒന്‍പതു മണിക്ക് മുന്‍പൊക്കെ ഏഷ്യാനെറ്റില്‍ ചത്തുകിടന്നവര്‍ ഇപ്പോള്‍ ഏഷ്യാനെറ്റിനെ വിട്ടു.കാര്യങ്ങള്‍ മനസ്സിലാക്കി ഒന്നുകില്‍ പരിപാടി നിര്‍ത്തുക അല്ലെങ്കില്‍ അതിന്റെ നിലവാരം കൂട്ടുക .അല്ലെങ്കില്‍ ഇതില്‍ കൂടി സ്റ്റാര്‍ ആയവര്‍ (നിര്‍മാതാവ്  അടക്കം )നാളെ ജനങ്ങളുടെ വെറുപ്പ്‌ എന്നാ അവാര്‍ഡ്‌ സ്വീകരിക്കാന്‍ നിര്‍ബന്ധിതന്‍  ആയേക്കും .അത് നിങ്ങളുടെ ബിഗ്സ്ക്രീന്‍ പ്രവേശനത്തെ പോലും ബാധിചെന്ന് വരാം ..ജാഗ്രതൈ ....

Wednesday, July 11, 2012

സിനിമ നിരൂപകരെ ...നിങ്ങള്‍ അറിയാന്‍


                     സോഷ്യല്‍മീഡിയ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു ,അത് കൊണ്ട് കുറെയേറെ  ഉപയോഗം ഉണ്ട് .അതുപോലെ തന്നെ ഭവിഷ്യത്തും.നമ്മള്‍ പലതിന്റെയും നല്ലതും മോശവും ഇതില്‍ കൂടി അറിയുന്നു.എല്ലാവര്ക്കും എപ്പോള്‍ വേണമെങ്കിലും കയരിപറ്റുവാന്‍ എളുപ്പവും ആണ് ,അതുകൊണ്ട് തന്നെയാണ് ഞാനും ഇതു എഴുതുന്നത് .അതില്‍ ഇപ്പോള്‍ കുറെ ഫാന്‍സ്‌കാര്‍ കൂടി കയറി പറ്റിയിരിക്കുന്നു .ഫേസ് ബുക്ക്‌ ,ബൂലോകം തുടങ്ങി എല്ലാറ്റിലും ഇവന്മാര്‍ അവരുടെ ഇഷ്ട അനിഷ്ടങ്ങള്‍ നമ്മളില്‍ അടിച്ചേല്‍പ്പിക്കുന്നു .,അല്ലെങ്കില്‍  അതിനു ശ്രമിക്കുന്നു

  ഈ അടുത്ത കാലത്തായി കുറെയേറെ പേര്‍ സിനിമ നിരൂപണം എഴുതാന്‍ തുടങ്ങിയിരിക്കുന്നു ,അതില്‍ പലതും ഇഷ്ടകാരന്റെ  പ്രചാരണത്തിന് മാത്രമായി ഉപയോഗിക്കപെടുന്നു .സ്പിരിറ്റ്‌ എന്നത് നല്ല ഒരു സിനിമയാണ് എന്നത് ജനം തെളിയിച്ചതാണ് .പക്ഷെ കഴിഞ്ഞ ദിവസം ഒരു മീഡിയയില്‍ ഒരുത്തന്‍ അതിനെപറ്റി വളരെ മോശമായി എഴുതിയിരിക്കുന്നു ,അതില്‍ കള്ളുകുടി കൂടുതലാണ് ,പല തരത്തിലുള്ള മദ്യപാന മിക്സിംഗ് ശീലിക്കാന്‍ പറ്റും ,ലാല്‍ മദ്യപിച്ചാണ് അഭിനയിച്ചത് എന്നൊക്കെ ..അതുകൊണ്ട് ഫാമിലി കാണാന്‍ പാടില്ല എന്നൊക്കെ..പക്ഷെ സിനിമ കണ്ടവന് എഴുതിയവന്റെ ചെകിടക്ക് അടിക്കാന്‍ തോന്നും .ഏതോ മമൂക്ക ഫാന്‍ എഴുതിയതാണെന്ന് വായിച്ചാല്‍ മനസ്സിലാക്കാം.

                           ഉസ്താദ് ഹോട്ടല്‍ ,തട്ടത്തില്‍ മറയത്തു  എന്നിവയും ആളെ കൂട്ടുനുണ്ട് .ഇവയെ പറ്റിയും പലരും നെഗറ്റീവ് പബ്ലിസിറ്റി കൊടുത്തിരിക്കുന്നു. സിനിമ എന്നത് വിനോദമാണ് .അത് ആള്‍കാരെ കൂട്ടുന്നുവെങ്കില്‍ ജനങള്‍ക്ക് അത് വിനോദം നല്കുന്നു എന്നാണ് .ചോട്ടാ മുംബൈ,രാജമാനിക്ക്യം എന്നി തട്ടുപൊളിപ്പന്‍ സിനിമകള്‍ എടുത്ത അന്‍വര്‍റഷീദ്  കുറച്ചു വിഷയം  മാറി പടം എടുത്തപ്പോള്‍ അതിലെ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ കുറേപേര്‍ തൂലിക ചലിപ്പിച്ചു.അതിലെ രസകൂട്ടുകള്‍ വിളബാന്‍ പലരും ശ്രമിച്ചില്ല ,പലര്‍ക്കും ദുല്‍ക്കരിന്റെ അഭിനയത്തെ കുറ്റം പറയാനാണ് രസമായി തോന്നിയത് .നായകന്‍ മമൂട്ടിയുടെ മകന്‍ ആയതുകൊണ്ട് ഈ സിനിമയും നെഗറ്റീവ് പബ്ലിസിറ്റി കൂടുതല്‍ തരണം ചെയ്യേണ്ടിവന്നു.ഒരു വാരം പിന്നിടുമ്പോള്‍ കോടികള്‍ കളക്ഷന്‍ നേടി ഇത്തരകാരുടെ വായ അടച്ചിരിക്കുകയാണ് ചിത്രം.
               

                         കണ്ടവര്‍ ഒക്കെ നല്ല അഭിപ്രായം പറഞ്ഞ തട്ടത്തില്‍ മറയത്ത് ഇതേപോലെ പലരില്‍ നിന്നും കൊഞ്ഞനംകുത്തല്‍ നേരിടുന്നു.നാല് ഷോ ഉള്ളത് അഞ്ചു ഷോ ആയും ,നിറഞ്ഞ സദസ്സില്‍ കൈ അടികളോടെ ഗംഭീര വിജയത്തില്‍  പോകുന്ന സിനിമയെ വിനീതിന്റെ പേരിലാണ് ക്രുശിക്കുന്നത്. പ്രണയം അറിയില്ല,നായികപോര,തലശ്ശേരി ഉമ്മച്ചി ഇങ്ങിനെ ആണോ എന്നൊക്കെ പറയുന്നു.നല്ല ഒരു പ്രണയ കഥയാണ്‌ ഇത് എന്ന് എല്ലാവരും സമ്മതിക്കുന്നു.പോരായ്മ ഉണ്ടാവും.അതൊന്നും ജനങ്ങള്‍ക്ക്‌ പ്രശ്നം ഇല്ലെങ്കില്‍ എന്തിനു വെറുതെ മിനക്കെടണം.പ്രണയം മനസ്സില്‍ ഇല്ലാത്ത വിനീതു  ഈ സിനിമ എടുക്കാന്‍ പാടില്ല എന്ന് വരെ എഴുതികളഞ്ഞു .നമ്മള്‍ ചന്ദ്രനില്‍ പോയില്ലെങ്കിലും ചന്ദ്രനിലെ കാര്യങ്ങള്‍ അറിയാം ,അത് പാഠങ്ങള്‍ പഠിച്ചതിന്റെ ഗുണം ആണ്.നമ്മള്‍ ഓരോ കാര്യവും മനസ്സിലാക്കുന്നതും വായനയിലൂടെയും അനുഭവത്തിലൂടെയും ആണ് .
       ഒന്നാമത് സ്പിരിറ്റ്‌ ,ഉസ്താദ് ഹോട്ടല്‍ എന്നിവയുടെ കളക്ഷന്‍ വിനീതിന്റെ ചിത്രം തട്ടിയെടുത്തു ,രണ്ടാമത് സൂപ്പര്‍ നക്ഷത്രങ്ങളുടെ വിമര്‍ശകന്‍റെ  മകന്‍.ഇവയൊക്കെയാണ് വിനീതിന് എതിരായി തിരിയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.
     മലയാള സിനിമയില്‍ എല്ലാം പുതിയവരെ കൊണ്ടുവന്നു തിയേറ്റര്‍ നിറച്ച വിനീതു വീണ്ടും അത്ഭുതം കാണിച്ചിരിക്കുകയാണ് ,സൂപ്പര്‍സ്റ്റാര്‍ വരെ കഷ്ട്ടിച്ചു ആള്‍കാരെ തിയേറ്ററിലേക്ക് ആകര്‍ഷിക്കുമ്പോള്‍ പുതിയവരെ കൊണ്ട് വിനീതിന് അത് സാധിക്കുന്നുവെങ്കില്‍ നമ്മള്‍ അംഗീകരിക്കണം.അല്ലാതെ കുറ്റങ്ങള്‍ മാത്രം കണ്ടു പിടിച്ചു ഒരാളെ ,അയാളുടെ സിനിമയെ അവഹേളിക്കരുത് .വിനീത് മികച്ചവന്‍ എന്ന് പറയണം ,പറയിക്കണം എനിക്ക് താല്പര്യം ഇല്ല.പക്ഷെ അയാള്‍ ചെയ്തത് ജനം മനസ്സിലാക്കുന്നുവെങ്കില്‍ കൈ അടിക്കുന്നുവെങ്കില് അയാള്‍ എന്തോ ച്യ്തിട്ടുണ്ട് ..അത് നമ്മള്‍ അംഗീകരിക്കണം.അല്ലാതെ അപ്പോള്‍ അവന്റെ അപ്പന്‍  ഇങ്ങിനെ ചെയ്തു അതുകൊണ്ട് മകനെ വെറുതെ വിടരുത് എന്ന് ചിന്തിക്കരുത് .

 പലരും  എഴുതുന്നത് നല്ലതിന് വേണ്ടിയല്ല .ഇവരുടെ താല്പര്യം അടിചെല്പ്പിക്കുകയാണ്
നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ ആണ്  ഇതൊക്കെ ചെയ്യുന്നുവെങ്കില്‍ കഴിഞ്ഞമാസം വന്ന ഒന്നുരണ്ടു നല്ല സിനിമകള്‍  എന്തുകൊണ്ട് ഇവര്‍ പെട്ടെന്ന് പായ്ക്ക് അപ്പ്‌ ചെയ്യിപ്പിച്ചു .ഇവര്‍ കണ്ടു സത്യം എഴുതിയെങ്കില്‍ അതൊക്കെ ഇന്നും തിയേറ്ററില്‍ കാണുമായിരുന്നു.

നല്ല സിനിമകള്‍ ജനങളുടെ അടുക്കല്‍ എത്തിക്കുവാന്‍ നല്ല ഒരു ഫ്ലാറ്ഫോം ആണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് .അത് കൊണ്ട് കാണാം എന്നുള്ളവരെ പിന്തിരിപ്പിക്കാന്‍ മാത്രം ഇത്തരം പേജുകള്‍ ഉപയോഗിക്കരുത് . നശിച്ചു കൊണ്ടിരിക്കുന്ന മലയാളത്തിനു സ്പിരിറ്റ് ,ഡയമണ്ട് നെക്ളാസ്‌ ,ഉസ്താദ് ഹോട്ടല്‍ ,മായമോഹിനി  എന്നിവ ഊര്‍ജം നല്‍കുന്നുവെങ്കില്‍ അത് നമ്മള്‍ വേണ്ടാത്ത കാരണങ്ങള്‍ നിരത്തി ഇല്ലാതെ ആക്കരുത് .

സിനിമ സിനിമആയും ജീവിതം ജീവിതമായും കാണുക.അല്ലാതെ അതില്‍ നിന്നും മതവും ,ജാതിയും ,വര്ഗവും ഒക്കെ വേര്‍തിരിക്കുവാന്‍ ശ്രമിച്ചാല്‍ അതൊരിക്കലും നല്ലതിനാവില്ല.നമ്മളിലെ സ്പര്‍ധ വര്‍ദ്ധിക്കുവാനും അതൊക്കെ നാശത്തിന്റെ വഴിയിലേക്ക് നടക്കുവാനും മാത്രം പ്രേരിപ്പിക്കും .
    

Sunday, July 8, 2012

തലശ്ശേരി ..ചില കാഴ്ചകള്‍






കലാപരമായും പൈതൃകമായും കൂടുതല്‍ വിഭവങ്ങള്‍ കരുതിവെച്ച നാട് .
രാഷ്ട്രീയത്തിന്റെ അതിപ്രസരങ്ങള്‍ ലോകര്‍ക്ക് മുന്‍പില്‍ നമ്മളുടെ നാടിന്റെ പേര് കെടുത്തിയെങ്കിലും അതില്‍ നമ്മള്‍ ചിലപ്പോളൊക്കെ പഴികെട്ടുവെങ്കിലും ഇപ്പോഴുംഎപ്പോളും  നന്മകള്‍ മാത്രം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ വസിക്കുന്ന സ്ഥാലം എന്നും കേരളം പറയുന്ന നാട് .
 








































തലശ്ശേരികാര്‍ക്ക്  നാടിനോടുള്ള കൂറ് അധികമാനെന്നു ഒരു വര്‍ത്തമാനം ഉണ്ട് ..നാടിനെക്കുറിച്ച് അവര്‍ എല്ലാം നല്ലതെ പറയൂ എന്നും .എന്നാല്‍ അത് വെറുതെ പറയുന്നതല്ല .തലശ്ശേരിയില്‍ വന്നവര്‍ അതിനെ പററി  അറിഞ്ഞവര്‍ ഇത് വെറും വാക്കല്ല എന്ന് മനസ്സിലാക്കുന്നു .







തലശ്ശേരി മാഹാത്മ്യം..!
....................................
സിംഗപ്പൂരിലെ മൂന്നാമത്തെ രാഷ്ട്രപതിയായ സി.വി. ദേവൻ നായർ തലശ്ശേരിക്കാരനായിരുന്നു.
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ രചിച്ച ഒ. ചന്തു മേനോൻ തലശ്ശേരിക്കാരനായിരുന്നു.
കേരളത്തിലെ പ്രശസ്ത ആക്ഷേപഹാസ്യ സാഹിത്യകാരനയിരുന്ന സഞ്ജയൻ തലശ്ശേരിക്കാരനായിരുന്നു.
മലയാളത്തിലെ ആദ്യത്തെ ചെറുകഥ എഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ തലശ്ശേരിക്കാരനായിരുന്നു.
ഇന്ത്യൻ സർക്കസിന്റെ പിതാവായി അറിയപ്പെടുന്ന കീലേരി കുഞ്ഞിക്കണ്ണൻ തലശ്ശേരിക്കാരനായിരുന്നു.
കേരളത്തിൽ ആദ്യമായി ക്രിസ്മസ് കേക്ക് ഉണ്ടാക്കിയ മാമ്പള്ളി ബാപ്പു തലശ്ശേരിക്കാരനായിരുന്നു.
വാൽ നക്ഷത്രം കണ്ടുപിടിച്ച മണലി കല്ലാട്ട് വൈനു (വേണു) ബാപ്പു തലശ്ശേരിക്കാരനായിരുന്നു
ലോകസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി. തലശ്ശേരിക്കാരനായിരുന്നു.
കേയീ കുടുംബത്തിലെ പ്രശസ്തനായ ചെറിയ മമ്മുക്കേയീ സാഹിബ് തലശ്ശേരിക്കാരനായിരുന്നു.
ഇന്ത്യൻ വ്യോമസേനയിലെ ആദ്യത്തെ മലയാളി വൈമാനികൻ മൂർക്കോത്ത് രാമുണ്ണി തലശ്ശേരിക്കാരനായിരുന്നു
പ്രശസ്ത ക്രിക്കറ്റ് കളിക്കാരനായ സിക്സർ കുഞ്ഞിപ്പക്കി തലശ്ശേരിക്കാരനായിരുന്നു
മലയാളത്തിലെ ആദ്യ ദിനപത്രം രാജ്യസമാചാരം പ്രസിദ്ധീകരിച്ചത് തലശ്ശേരിയിൽ നിന്നാണ്.
ആദ്യത്തെ ഇംഗ്ളീഷ് മലയാളം നിഘണ്ടു രൂപം കൊണ്ടത് തലശ്ശേരിയിൽനിന്നാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് തലശ്ശേരിയിലാണ്.
ഇന്ത്യൻ ക്രിക്കറ്റിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്നത് തലശ്ശേരിയാണ്
ഇന്ത്യൻ സർക്കസിന്റെ ജൻമദേശം എന്നറിയപ്പെടുന്നതും തലശ്ശെരിയാണ്







































നമ്മളുടെ നാടിന്‍റെ യശസ്സ്‌  ഉയര്‍ത്തിയ കലാകാരന്മാര്‍ ,കായികതാരങ്ങള്‍ ,മറ്റു മേഖല യിലെ അനേകായിരങ്ങള്‍ എല്ലാവര്ക്കും തലശ്ശേരിക്കാരന്‍ എന്ന നിലയില്‍ നന്ദി രേഖപെടുത്തട്ടെ.

തലശ്ശേരിയിലെ ചില കാഴ്ചകള്‍ ഞാന്‍ നിങ്ങള്ക്ക് മുന്‍പില്‍ തുറക്കുന്നു ,ഈ ഫോട്ടോസ് ഒന്നുപോലും ഞാന്‍ എടുത്തതല്ല ,തലശ്ശേരിയിലെ വിവിധ ആള്‍ക്കാര്‍ എടുത്തത്‌ ഞാന്‍ സംഭരിച്ചു നിങ്ങളെ കാണിക്കുന്നു എന്ന് മാത്രം .ഇതില്‍ പുതിയവ കിട്ടുമ്പോള്‍ വീണ്ടും വീണ്ടും അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും .ഒരിക്കലും തലശ്ശേരി കാഴ്ചകള്‍ അവസാനിക്കുന്നില്ല .
നമ്മുടെ തലശ്ശേരി,,എന്റെ തലശ്ശേരി ,അഷറഫ്  വലിയവീട്ടില്‍ ,നമ്മുടെ തിരുവങ്ങാട് പേരറിയാത്ത മറ്റു ഒരു പാടുപേര്‍ക്ക് ഞാന്‍ നന്ദി പറയട്ടെ ...
 































































































































































































സ്നേഹത്തോടെ ,
പ്രമോദ്കുമാര്‍ .കെ.പി