Thursday, October 31, 2013

"കാക്കന്മാര്‍ ചന്ദനകുറി തൊട്ടതു പോലെ......"

"നീ എന്തുവാടെ ഈ കാണിച്ച് വെച്ചിരിക്കുന്നത് ?കാക്കന്മാര്‍ ചന്ദനകുറി തൊട്ടതു പോലെ......"

"മനസ്സിലായില്ല "

"എടാ ഒരു മാച്ചിംഗ് ഇല്ലല്ലോ ...അത്ര തന്നെ ...'

"അതിനു ഇതാനോടാ ഉദാഹരണം ......? വേറെ എന്തൊക്കെ ഉണ്ട് ."

"പറയുമ്പോള്‍ ഒരു പഞ്ച് ഒക്കെ വേണ്ടേ ..അതുകൊണ്ടാ ..." അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു .

എന്റെ  എഴുത്തുകള്‍ ഒക്കെയും നീളം കൂടുതല്‍ ഉണ്ടെന്ന ചില വായനകാരുടെ നിര്‍ദേശം പരിഗണിച്ചു കൊണ്ട് എന്റെ കൂട്ടുകാരനായ  ഒരു ആസ്വാദകനെ കൊണ്ട് ഞാന്‍  പുതുതായി എഴുതിയ കഥ എഡിറ്റു ചെയ്യിക്കാന്‍ തീരുമാനിച്ചു. .ഞാന്‍ കൊടുത്ത കഥ വായിച്ചപ്പോള്‍ അവന്റെ പ്രതികരണം ആയിരുന്നു അത്.അവന്‍   ഒരു മുസ്ലിം ആയതിനാല്‍ അതത്ര നന്നായിട്ടുള്ള ഒരു ഉദാഹരണം ആയി തോന്നിയില്ല.കാരണം ഇവനും  ഞാന്‍ മുന്‍പ് ചന്ദനകുറി തൊട്ടു കൊടുത്തതാണ്.അന്നേരം അവനില്‍ മാറ്റമൊന്നും കണ്ടില്ല...മാച്ചിംഗ് ഇല്ലാതെയും തോന്നിയില്ല

പക്ഷെ എനിക്ക് എന്നല്ല ഇന്നുവരെ പലര്‍ക്കും അവര്‍(മുസ്ലിമുകള്‍) ചന്ദനകുറി തൊട്ടപ്പോള്‍ മാച്ചിംഗ് ഇല്ലാത്തതായി തോന്നിയിട്ടില്ല.ഞാന്‍ തന്നെ അഹിന്ദുക്കള്‍ ആയ എത്ര പേര്‍ക്ക് ചന്ദനം തൊട്ടു കൊടുത്തിരിക്കുന്നു.ചെറുപ്പത്തില്‍ എന്റെ കൂട്ടുകാരില്‍ അധികവും മുസ്ലിംവിഭാഗത്തില്‍ നിന്നും ഉള്ളവര്‍ ആയിരുന്നു.പഠിത്തം,കളി ,യാത്ര ,സിനിമ എന്നുവേണ്ട എല്ലാറ്റിലും നമ്മള്‍ ഒന്നിച്ചു പോയിരുന്നു.പക്ഷെ നമ്മുടെ ആരാധാലയങ്ങളില്‍ അവര്‍ക്കും അവരുടെതില്‍ നമ്മള്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല.അത് കൊണ്ട് തന്നെ പലപ്പോഴും അവിടങ്ങളില്‍ ആരാധനക്ക് പോകുമ്പോള്‍ മാത്രം നമ്മള്‍ ഒന്നിച്ചു പോകാറില്ല .മുതിര്‍ന്നവര്‍ തന്നെ അത് പ്രോല്സാഹിപ്പിച്ചുമില്ല .എന്ത് കൊണ്ട്  അമ്പലത്തില്‍ മാത്രം അവരെ കൂടെ കൊണ്ട് പോകുവാന്‍ കൂട്ടുനില്‍ക്കുനില്ല എന്ന സംശയം മനസ്സില്‍ കിടന്നു ,കാരണം എന്ത് എന്ന് ചോദിച്ചപ്പോള്‍ മുതിര്‍ന്നവര്‍ കൃത്യമായ   ഉത്തരം പറഞ്ഞും തന്നില്ല.അവര്‍ നമ്മുടെ മതകാരല്ല അത് കൊണ്ട് നമ്മുടെ അമ്പലത്തില്‍ കൊണ്ടുപോകാന്‍ പാടില്ല എന്നത് മാത്രമായിരുന്നു കിട്ടിയ ഉത്തരം.അതാണെങ്കില്‍ പൂര്‍ണമായും നമ്മള്‍ക്ക് മനസ്സിലായതുമില്ല.പക്ഷെ അമ്പലത്തില്‍ നിന്നും കിട്ടുന്ന പ്രസാദവും പള്ളിയില്‍ നിന്നും കിട്ടുന്ന പലഹാരങ്ങളും പങ്കുവെക്കുന്നതില്‍ ആരും എതിര്‍ത്തുമില്ല അനിഷ്ടം കാണിച്ചുമില്ല.

പക്ഷെ നമ്മള്‍ വിട്ടില്ല.നാട്ടിലുള്ള ക്ഷേത്രത്തില്‍ ഒഴിച്ച് മറ്റു കുറച്ചു ദൂരെയുള്ള എല്ലാ ക്ഷേത്രത്തിലും ഉത്സവം കൂടാന്‍ നമ്മള്‍ കൂട്ടുകാര്‍ ജാതിമാതഭേദ്യമെന്യേ ഒന്നിച്ചു പോകും. ചന്ദനകുറി തൊടും.പ്രാര്‍ഥിക്കും .അമ്പലത്തിനു ചുറ്റുമുള്ള പൂഴിയില്‍ കളിച്ചു രസിക്കും ..കുത്തി മറിയും . .വായനോക്കും ..ഗാനമേളയും നാടകങ്ങളും മറ്റും കാണും ...കരിമരുന്നുപ്രയോഗം കണ്ടു കയ്യടിക്കും.

അങ്ങിനെ തലശ്ശേരിയിലെ പ്രധാനപെട്ട ഒരു അമ്പലത്തില്‍ ഉത്സവ കാലത്ത് നമ്മള്‍ സൊ റയൊക്കെ പറഞ്ഞു കൊണ്ട് ആള്‍ കൂട്ടത്തിലൂടെ നടക്കുകയാണ്.പെട്ടെന്ന് മൂന്നാല് കാവിക്കാര്‍  മുന്നില്‍ നിന്നു നമ്മളെ തടഞ്ഞു നിര്‍ത്തി.ചിലര്‍ പിന്നിലൂടെ വന്നു നമ്മളെ പുറത്തു പിടിച്ചു ഞെക്കി.ഷര്‍ട്ടും മാംസവും കൂടി ഞെക്കി പിടിച്ചു വേദനിപ്പിച്ചപ്പോള്‍ പലരും "അമ്മെ ...."എന്ന് വിളിച്ചു പോയി.പക്ഷെ രണ്ടു മൂന്നു നിലവിളികള്‍ "അള്ളോ.."എന്നായിരുന്നു.കാവിയുടുത്ത അവര്‍ നമ്മളെ കുറച്ചു അകലത്തെക്ക് കൂട്ടി കൊണ്ടുപോയി.പേടിച്ചു വിറച്ചു നമ്മളും.അന്നേരം ഈ കാവിക്കാര്‍ ഭയങ്കരന്‍മാര്‍ എന്നാണ് കേട്ടിരുന്നത്.

"എന്താടാ നിന്റെ പേര് ...?'ഓരോരുത്തരെയായി വിളിച്ചു ചോദിച്ചു.നമ്മള്‍ സത്യം പറഞ്ഞു .അവര്‍ അഹിന്ദുക്കള്‍ ആയവരെ ഒരു സൈഡില്‍ മാറ്റി നിര്‍ത്തി.

"നിങ്ങള്‍ ആ ബോര്‍ഡ്‌ കണ്ടോ ?..അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല എന്ന ബോര്‍ഡ്‌ ചൂണ്ടി ഒരുത്തന്‍ അവരോടു ചോദിച്ചു.ആരും ഒന്നും മിണ്ടിയില്ല .മുഖം കുനിച്ചു .

"നിങ്ങളുടെ പള്ളിയില്‍ ഇവരെ കൂടെ കൂട്ടുമോ ?'

അതിനും ഉത്തരം ഉണ്ടായില്ല .

"അത് കൊണ്ടാണ്  പറയുന്നത് ഓരോരുത്തര്‍ പോകാന്‍ പറ്റുന്ന സ്ഥലത്ത് മാത്രം പോകുക ..ഇനി ഇവിടെങ്ങാനും കണ്ടാല്‍ കൊന്നുകളയും ..നിന്നെയൊക്കെ വേദനിപ്പിച്ചാല്‍ അമ്മെ എന്നല്ല അള്ളോ എന്നാണ്  ആദ്യം വിളിക്കുക ..സംശയം തോന്നുവരെ കണ്ടു പിടിക്കാന്‍ നമ്മുടെ കയ്യിലുള്ള നമ്പര്‍ ആണിത്. ."

നമ്മള്‍ ശരിക്കും പേടിച്ചു.അടി പോലും ഭയക്കുന്ന കാലം പിന്നെയല്ലേ കൊല .അവര്‍ വിടുന്നതിനു മുന്‍പേ ഹിന്ദുക്കളായ നമ്മള്‍ മൂന്നുപേര്‍ക്ക്‌ മാത്രം വീണ്ടും രണ്ടുമൂന്നു അടി കിട്ടി.എന്നിട്ട് ഭീഷണി സ്വരത്തില്‍ അവര്‍ പറഞ്ഞു

"ഇതെന്തിനാണ് എന്നറിയോ ..?അവരെ ഇവിടെ കൂട്ടി കൊണ്ട് വന്നതിനു ....ഇനി ഇത് ആവര്‍ത്തിച്ചാല്‍ കളി വേറെയാ ..ഇപ്പൊ പോയിക്കോ "

ഭയന്ന് പോയ നമ്മള്‍ അതോടെ അവരെയും കൂട്ടിയുള്ള ക്ഷേത്രദര്‍ശനം മതിയാക്കി.അവര്‍ക്ക് വരുവാനും ഭയമായിരുന്നു.എല്ലാ മതവും ഒന്നാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ മഹാന്‍ പ്രതിഷ്ട നടത്തിയ അമ്പലത്തിലും ഇത്തരം മതഭ്രാന്തന്‍മാര്‍ ചില സമയങ്ങളില്‍ പ്രശ്നം ഉണ്ടാക്കിയിരുന്നു.അത് കൊണ്ട് തന്നെ നമ്മള്‍ പിന്നെ അമ്പലതിനുള്ളില്‍ കയറാറില്ല .പുറത്തു ചന്തയിലും മറ്റു കാഴ്ചകളും കണ്ടു ഉത്സവത്തിന്‌ കൂടും...കൂട്ടുകാര്‍ക്ക് അനുമതി ഇല്ലാത്ത സ്ഥലത്ത് അവര്‍ കൂടെ ഉള്ളപ്പോള്‍ നമ്മളും  പോകില്ല അത്ര തന്നെ.അവര്‍ക്കില്ലത്തത് നമുക്കും വേണ്ട .

പാക്കിസ്ഥാനോട്‌  കളിക്കുമ്പോള്‍  അസഹരുദീന്‍ സെഞ്ചറി അടിക്കണം ഇന്ത്യ തോല്‍ക്കണം എന്ന് മനസ്സിലിരിപ്പുള്ള കുറെ കൂട്ടുകാരും നമുക്ക് ഉണ്ടായിരുന്നു.അവരുടെ മനസ്സിലോക്കെ പലരും മതം ,ജാതി  എന്നിവ കുത്തിവെച്ചു  കൊടുത്തതായിരുന്നു.അവര്‍ ഇങ്ങിനത്തെ പരിപാടിക്കൊന്നും കൂടാറില്ല .അവര്‍ക്ക്  നിസ്കാരവും പള്ളികാര്യവും കഴിഞ്ഞു മറ്റു പലതിനും സമയം ഇല്ലായിരുന്നു.നമ്മുടെ കൂടെ നടക്കുന്നവരെ മാറി നടക്കാനും ഉപദേശിച്ചിരുന്നു.പക്ഷെ അവര്‍ അതൊന്നും കാര്യമാക്കിയില്ല."പള്ളീലെ കാര്യം അള്ളോക്കറിയാം വെളിയിലെ കാര്യം  പിള്ളാർക്കും "എന്ന് പറഞ്ഞു അവർ അവരെ മൈൻഡ് ചെയ്തില്ല.

മതസൌഹാര്‍ദം ഇന്ന് പലരുടെയും മനസ്സില്‍ മാത്രമാണ് ഉള്ളത്.കാര്യത്തിലേക്ക് കടക്കുമ്പോള്‍ അവിടെ ജാതിയും ,മതവും ഒക്കെ കടന്നു വരുന്നു.അത് മനുഷ്യ മനസ്സുകളില്‍ വേണ്ടാത്ത ചിന്തകള്‍ ഉണ്ടാക്കുന്നുണ്ട്.അത് കൊണ്ട് തന്നെയാണ് ഇവിടെ ആരാധനാലയങ്ങള്‍ പെരുകുന്നതും പലതിനും പല അവകാശികള്‍ ഉണ്ടാകുന്നതും.,,വഴക്കും മറ്റും നമ്മുടെ രാജ്യത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്നതും.നമുക്ക് എല്ലാവര്‍ക്കും പോകുവാനും പ്രാര്‍ത്ഥന നടത്തുവാനുമുള്ള ചുരുക്കം ചില അമ്പലവും പള്ളികളും ഉണ്ട്.അത്തരത്തിലുള്ള ആരാധാനലയങ്ങള്‍ ആണ് ഇനി ഉണ്ടാകേണ്ടത്.എന്നാല്‍ മാത്രമേ ഇവിടെ ഐക്യം ഉണ്ടാകൂ.ഇന്ന് പലരും ആരാധനാലയങ്ങള്‍ തീര്‍ക്കുന്നത് അവരുടെ പോക്കറ്റുകള്‍ നിറയ്ക്കുവാന്‍ കൂടി വേണ്ടിയാണ്.ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളത് വേറെ കാര്യം..പരസ്പരം കൊലയും കൊള്ളയും നടത്തുവാനും അന്യ മതസ്ഥരെ ഉപദ്രവിക്കുവാനും അവരെ നശിപ്പിക്കുവാനും ഒരു ദൈവവും പറഞ്ഞിട്ടില്ല....നമ്മുടെ ഓരോ ആളുടെ മനസ്സിലുമാണ് ദൈവം ഉണ്ടാകേണ്ടത്...നമ്മള്‍ ചെയ്യുന്ന നന്മകളും മറ്റുമാണ്  മറ്റുള്ളവര്‍ക്ക് വരമാകേണ്ടത്...

ഇവിടെ അമ്പലത്തില്‍ മുസ്ലിം കയറിയാലോ മറിച്ചായാലോ അവിടെ ഉണ്ടെന്നു പറയുന്ന് ദൈവം ഓടിപോകുകയില്ല .പക്ഷെ നമ്മളുടെ പല മനസ്സുകളിലും അങ്ങിനത്തെ ഒരു വിശ്വാസം ആരൊക്കെയോ അടിചേൽപ്പിചിരിക്കുന്നു ...തലമുറകളായി അത് നമ്മൾ കൈമാറുകയും ചെയ്യുന്നു.ഇപ്പോള്‍  ജാതിക്കും  മതത്തിനും  ഇപ്പോള്‍ സമൂഹത്തില്‍ വലിയൊരു സ്ഥാനമുണ്ട്.അത് വേണ്ടതാണ് പക്ഷെ പലരും അതുപയോഗിക്കുന്നത് പല സ്ഥാനങ്ങളിലും കയറി പറ്റുവാന്‍ വേണ്ടി മാത്രമാണ്...അങ്ങിനെ ചിലര്‍ ഇത് ദുര്യുപയോഗം ചെയ്യുന്നത് കൊണ്ട് നടക്കുന്നത് മതങ്ങള്‍ തമ്മിലുള്ള രസക്കേടും സ്പര്ധകളുമാണ് .

നന്മകള്‍ എ .കെ .ജി സെന്‍ട്രലില്‍ നിന്നായാലും ,ഇന്ദിര ഭവനില്‍ നിന്നായാലും ,അമ്രുതാപുരിയില്‍ നിന്നായാലും ആലഞ്ചേരിയില്‍ നിന്നായാലും പാണക്കാട് നിന്നായാലും നമ്മള്‍ അത് ജാതി മത  രാഷ്ട്രീയ ഭേദ്യമെന്യേ അന്ഗീകരിക്കണം പ്രോത്സാഹിപ്പിക്കണം.പക്ഷെ നമ്മള്‍ അതൊക്കെ മറച്ചുവെച്ചു തിന്മകള്‍ മാത്രം മാന്തിഎടുക്കുന്നത് കൊണ്ടാണ് പലതരം പ്രശ്നങ്ങളും ഉണ്ടാകുന്നത്.ഇപ്പോള്‍ ജാതിക്കും മതത്തിനും ഒക്കെ പാര്‍ട്ടികളുണ്ട് ..അതൊക്കെ ഉണ്ടായത് ജന നന്മകള്‍ക്ക് വേണ്ടിയല്ല വിലപേശുവാനും കീശകള്‍ വീര്‍പ്പിക്കുവാനും മാത്രം...നമ്മള്‍ക്ക് ഇതൊക്കെ അറിയാമെങ്കിലും ആരും എതിരായി പ്രതികരിക്കുനില്ല ...ചെയ്യുന്നത് നമ്മളുടെ ജാതിയും മതവും ഉള്ള പാര്‍ട്ടിക്ക് ഒരനുകൂല ചായിവ്  കൊടുക്കുക മാത്രമാണ്.മതം കൊണ്ട് കളിക്കുന്ന രാഷ്ട്രീയകാരുടെയും ലക്‌ഷ്യം അത് തന്നെയാണ് ...ഇങ്ങിനെ പോയാല്‍ ഇനി ഇവിടെ മനുഷ്യന്മാര്‍ കാണില്ല കുറെ ഹിന്ദുക്കളെയും മുസ്ലിമിനെയും ക്രിസ്ടാനികളെയും കാണാം ...അവരുടെ നീചമായ ചെയ്തികളെയും .....


വാല്‍കഷ്ണം :ഇത് എഴുതിയത് ഒരു രാഷ്ട്രീയകാരനായോ മതഭ്രാന്തനായോ അല്ല ചുറ്റുപാടും വീക്ഷിച്ചു കൊണ്ടിരിക്കുന്ന  ഒരു മനുഷ്യനായാണ് ..

-പ്രമോദ്‌ കുമാര്‍.കെ.പി 


Thursday, October 24, 2013

നവീനിന്റെ അച്ഛന്‍ ,ഹേമന്തിന്റെ അച്ഛന്‍

സ്കൂൾ  ഗേറ്റ്  കടക്കുമ്പോഴുംഹേമന്തിന്റെ   ചിന്ത അത് തന്നെ ആയിരുന്നു.ഇന്നലെ വൈകുന്നേരം മുതൽ മനസ്സിൽ കയറി കൂടിയ  അതെ വിഷയം. ഇന്നലെ  മോന്റെ ക്ലാസ് ടീച്ചർ ലീന  ഫോണ്‍ ചെയ്തത് മുതൽ മനസ്സിൽ ഒരേ ചിന്തയാണ് .എന്തിനായിരിക്കും ക്ലാസ്സ് ടീച്ചർ ഉടന്‍ തന്നെ വന്നു  ഹെഡ് മിസ്ട്രെസ്സിനെ കാണണം എന്ന് പറഞ്ഞിരിക്കുക.നവീന്‍ അറിയാതെ വരണം എന്നും ...അതും അത്ര നൈസ് ആയ ഒരു സംസാരം അല്ലായിരുന്നു.കുട്ടി അറിയാതെ അച്ഛന്‍ സ്കൂളില്‍ വരണം എന്നാണ് പറഞ്ഞിരിക്കുന്നത്.അത് കൊണ്ടാണ് പല സംശയങ്ങളും മനസ്സിലേക്ക് കയറിയത്.അല്ലെങ്കില്‍ തന്നെ കഴിഞ്ഞ ആഴ്ച പാരെന്റ്സ്‌ മീറ്റിംഗില്‍ മകനെ കുറിച്ച് എല്ലാ ടീച്ചര്‍മാരും നല്ലത് മാത്രം സംസാരിച്ചതുമാണ്.മോന്‍ നവീന്‍ ആണെങ്കില്‍ ക്ലാസ്സില്‍ നല്ലവണ്ണം പഠിക്കുന്ന കുട്ടികളില്‍ പെട്ടതുമാണ്. .സ്പോര്‍ട്സിലും മറ്റു ആക്റ്റിവിറ്റികളിലും അവന്‍ പലപ്പോഴും ഒന്നാമത് തന്നെയാണ്.അങ്ങിനെ എല്ലാ കാര്യത്തിലും അവന്‍ മുന്നില്‍ തന്നെയുണ്ട്.നവീനിനെ  കണ്ടു പഠിക്കണം എന്ന് പോലും ഹെഡ് മിസ്ട്രസ് കഴിഞ്ഞ ആഴ്ച മറ്റു കുട്ടികളോട് പറഞ്ഞതുമാണ്.അവനെ കുറിച്ച് പറയുവാന്‍ ടീച്ചര്‍മാര്‍ക്ക്  ഒക്കെ നൂറു നാവായിരുന്നു.അത് കേട്ട് ഹേമന്ത്‌ എന്ന ഈ  അച്ഛനും സ്നേഹ എന്ന അവന്റെ  അമ്മയും കോരിതരിച്ചതുമാണ്.പക്ഷെ ഇപ്പോള്‍ ...?പല ചിന്തകളും മനസ്സില്‍ കയറിയതിനാല്‍ ഇന്നലത്തെ ഉറക്കവും പ്രശ്നമായി.സ്നേഹയോടു ഈ കാര്യം പറഞ്ഞപ്പോള്‍ "സുന്ദര പുരുഷനെ കാണുവാന്‍ വിളിക്കുന്നതായിരിക്കും " എന്ന് പറഞ്ഞു അവള്‍ ചിരിച്ചു തള്ളി.മുന്‍പ് തന്റെ ലൂക്കിനെ  കുറിച്ച് ഹെഡ് മിസ്ട്രെസ്സ് പ്രകീര്‍ത്തിച്ചപ്പോള്‍ മുതല്‍ അവള്‍ അങ്ങിനെയാണ് കളിയായി പറയാറുള്ളത്.

അവന്‍ സ്കൂളില്‍ വല്ല പ്രശ്നവും ഉണ്ടാക്കിയോ ?പക്ഷെ അവന്റെ പെരുമാറ്റത്തില്‍ അങ്ങിനെയൊന്നും തോന്നിയതുമില്ല.ഇന്നലെ എല്ലാ ദിവസവും പോലെ തന്നെ നല്ല ഉത്സാഹത്തിലുമായിരുന്നു.ഇന്ന് സ്കൂളില്‍ പോകുവാനും വിമുഖത ഒന്നും കാട്ടിയില്ല.എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നുവെങ്കില്‍ സ്കൂളില്‍ പോകാന്‍ മടി കാണിക്കുമായിരുന്നു.അതും ഉണ്ടായില്ല.ഹെഡ് മിസ്ട്രെസ്സിന്റെ റൂമില്‍ കടക്കുമ്പോള്‍ അവര്‍ അയാളെ  നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തി,പിന്നെ മുന്നിലുള്ള കസേരയില്‍ ഇരിക്കുവാന്‍ ആഗ്യം കാട്ടി. പിന്നെ ആര്‍ക്കോ ഫോണ്‍ ചെയ്തു അവിടേക്ക് വരുവാന്‍ പറഞ്ഞു.

ലീന ടീച്ചര്‍ കടന്നുവരും വരെ ആരും ഒന്നും മിണ്ടിയില്ല.അത് സാധാരണ പതിവുള്ളതല്ല.അവര്‍ എന്തെങ്കിലുമൊക്കെ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുമായിരുന്നു.കൊടുത്തതും കൊടുക്കുവാൻ പോകുന്നതുമായ സംഭാവനകളുടെ നന്ദി...പക്ഷെ ഇന്ന് അവർ ഒന്നും സംസാരിച്ചില്ല.അവര്‍ മുന്‍പിലുള്ള ബുക്കില്‍ എന്തോ തിരക്കിട്ട് കുത്തികുറിക്കുകയായിരുന്നു.കാര്യമായ എന്തോ പ്രശ്നം നടന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയ ഹേമന്ത്  ഹൃദയമിടിപ്പോടെ ഇരുന്നു.ലീന ടീച്ചറും അടുത്തുള്ള കസേരയില്‍ ഇരുന്നപ്പോള്‍ ഹെഡ് മിസ്ട്രെസ്സ്  സംസാരിച്ചു തുടങ്ങി.

"ലുക്ക്‌ മിസ്റ്റർ ഹേമന്ത് ...ഞാൻ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ച്  കേൾക്കണം ...അതിനു ഒരു പരിഹാരവും ഉണ്ടാക്കണം.ഇനി ഒരിക്കലും അത് ഈ സ്കൂളില്‍ സംഭവിക്കുകയും അരുത് ..."

ഒന്നും മനസ്സിലാവാതെ ഹേമന്ത് രണ്ടുപേരെയും മാറി മാറി നോക്കി .അത് കണ്ടു ലീന ടീച്ചര്‍ തുടര്‍ന്നു.

"സാര്‍ ..കുറച്ചു ദിവസങ്ങളായി ക്ലാസ്സിലെ കുട്ടികളുടെ ഓരോരോ സാധനങ്ങള്‍ മിസ്സ്‌ ആകുന്നു.പേന ,റബ്ബര്‍ ,പെന്‍സില്‍ അങ്ങിനെ പലതും....ചെറിയ ചെറിയ സാധനങ്ങള്‍ ആയിരുന്നു ആദ്യം..അതൊന്നും ആദ്യം നമ്മള്‍ അത്ര കാര്യമാക്കിയില്ല.കുട്ടികള്‍ അല്ലെ വീട്ടില്‍ മറന്നു വെച്ചതാകുമെന്നു കരുതി.പിന്നെ പിന്നെ പെന്‍സില്‍ ബോക്സ്‌ ,പുസ്തകങ്ങള്‍ ,പണം എന്നിവ കാണാതായപ്പോള്‍ നമ്മള്‍ അന്വേഷണം തുടങ്ങി... .ഒരു പിടിയും കിട്ടിയില്ല.എന്നാലും ക്ലാസ്സ്‌ ടീച്ചര്‍ എന്ന നിലയില്‍ നിരീക്ഷണം തുടര്‍ന്ന് കൊണ്ടിരുന്നു...അങ്ങിനെ രണ്ടു ദിവസം മുന്‍പ് ആളെ കിട്ടി.നവീന്‍ ആയിരുന്നു അത് ..പക്ഷെ അത് പറഞ്ഞറിഞ്ഞ  അറിവുകള്‍ മാത്രമായിരുന്നു..ഇന്നലെ നവീന്‍ അവന്റെ കൂട്ടുകാരന്റെ തന്നെ പണം ലഞ്ച് സമയത്ത് മോഷ്ട്ടിക്കുവാന്‍ ശ്രമിക്കുന്നത് ഞാന്‍ നേരിട്ട് കണ്ടു.പക്ഷെ എന്നെ കണ്ടിട്ടോ എന്തോ അവന്‍ ആ ശ്രമം ഉപേക്ഷിച്ചു.ഞാനും കാണാത്തത് പോലെ അഭിനയിച്ചു.പക്ഷെ പിന്നെ എപ്പോഴോ അവന്‍ അത് കൈക്കലാക്കി.വൈകുന്നേരം ആ കുട്ടി കമ്പ്ലൈന്റ്റ്‌ തന്നപ്പോഴാണ് അറിയുന്നത്.നവീന്‍ കാന്റീനില്‍ നിന്നും പലതും വാങ്ങിയതായും ആ കുട്ടി പറഞ്ഞു.പലപ്പോഴും നവീന്‍ അവനു  പലതും വാങ്ങി കൊടുക്കാരുണ്ടെന്നും..."

"നമ്മുടെ അടുത്ത് ഇപ്പോള്‍ തെളിവുകള്‍ ഒന്നും ഇല്ല അത് കൊണ്ട് ഈ വിഷയത്തില്‍ നവീനിനോട്  സംസാരിക്കുവാനും കഴിയില്ല ...പിന്നെ മറ്റു കുട്ടികളുടെ മുന്‍പില്‍ ഒരാളെ  ശിക്ഷിക്കുവാനും നമ്മള്‍ക്ക് കഴിയില്ല.അത് അവന്റെ മനസ്സിനെ മുറിവേല്പ്പിക്കും.നിങ്ങള്‍ ആരും വീട്ടില്‍ നിന്നും പണം കൊടുത്ത് വിട്ടില്ലെങ്കില്‍ അവനു പലതും വാങ്ങുവാന്‍ പണം എങ്ങിനെ കിട്ടുന്നു എന്ന് അന്വേഷിക്കണം.നിങ്ങള്‍ വാങ്ങി കൊടുക്കാത്ത സാധനങ്ങള്‍ എങ്ങിനെ അവനു കിട്ടുന്നു എന്നും...അതും നല്ല രീതിയില്‍ കൈകാര്യം ചെയ്യണം...ഇനി ഈ സ്കൂളില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുവാന്‍ പാടില്ല.ഈ കാര്യത്തിനു ഞങ്ങള്‍ നിങളെ വിളിപ്പിക്കാനും "

തന്റെ തൊലി  ഉരിഞ്ഞു പോയതുപോലെ ഹേമന്തിന് തോന്നി.ടീച്ചര്‍മാരോട് സോറി പറഞ്ഞു അയാള്‍ ഇറങ്ങി.ഓഫീസില്‍ പോയപ്പോള്‍ ഒന്നിലും ശ്രദ്ധ വെക്കുവാന്‍ കഴിഞ്ഞില്ല.എങ്ങിനെയൊക്കെയോ സമയം കൊന്നു .നാലുമണി കഴിഞ്ഞപ്പോള്‍ അയാള്‍ വീട്ടിലെത്തി.നവീന്‍ വന്നിട്ടുണ്ടായിരുന്നു.അവനെ അടുത്തുവിളിച്ചു കൊണ്ട് ചോദിച്ചു.

"നിനക്ക്  ആരെടാ കാന്റീനില്‍ നിന്നും മിട്ടായി ഒക്കെ വാങ്ങുവാന്‍ പണം തരുന്നത് .....?'
ചോദ്യം കേട്ട് നവീന്‍ ഞെട്ടി.പിടിക്കപെട്ടിരിക്കുന്നു എന്നവനു ബോധ്യമായി.

അത്...അത്....അത്.......അവനു ഉത്തരം ഇല്ലാതായി.

അയാളുടെ ശബ്ദം ഉച്ചത്തിലായി ...ഉപദേശം കൊടുക്കുന്നതിനും മുന്‍പേ ശിക്ഷയാണ് നല്ലതെന്നു അയാള്‍ക്ക് തോന്നി.കയ്യില്‍ കിട്ടിയതെന്തോ എടുത്തു അയാള്‍ അവനെ അടിച്ചു.പിന്നെ പൊതിരെ പൊതിരെ തല്ലി..ആദ്യമായാണ് അവന്‍ തല്ലു വാങ്ങുന്നത്.അവന്‍ വലിയ വായില്‍ കരഞ്ഞു തുടങ്ങി.

.ശബ്ദം കേട്ട് ഹേമന്തിന്റെ അച്ഛനും സ്നേഹയും എത്തി.കാര്യം അറിയാതെ സ്തംഭിച്ചു നിന്ന അവര്‍ക്ക് തല്ലുന്നതിനിടയില്‍ അയാള്‍ കാര്യം വിശദീകരിച്ചു കൊടുത്തു കൊണ്ടിരുന്നു.പെട്ടെന്ന് അച്ഛന്‍ അയാളെ തടുത്തു നിര്‍ത്തി കൊണ്ട് പറഞ്ഞു

"മോഷണമാണ് അവന്‍ ചെയ്തെതെങ്കില്‍ അവനെ തല്ലാന്‍ നിനക്ക് അവകാശമില്ല.ഞാന്‍ നിന്നെയാണ് തല്ലി നേരെയാക്കേണ്ടത്.നീ പാലം പണി ,റോഡ്‌ പണി എന്നൊക്കെ പറഞ്ഞു നാട്ടുകാരുടെ എത്ര  പണമാണ് അടിച്ചു മാറ്റുന്നത്..എത്രയാ കള്ളകണക്കുകള്‍ ഉണ്ടാക്കി നീയും കൂട്ടുകാരും എത്ര പണമാണ് വിഴുങ്ങുന്നത് ..?കുറെ കുട്ടികളെ പഠിപ്പിച്ചു നല്ല വഴിയിലും നല്ല നിലയിലുമാക്കിയവനാണ്  ഞാന്‍ ....പക്ഷെ എന്റെ കുട്ടിയായ  നീ വഴി തെറ്റി നടന്നു ....പലപ്പോഴും നിന്നെ തിരുത്തുവാന്‍ നോക്കി ..പക്ഷെ നീ വഴിമാറി നടനില്ല....പിന്നെ നിനക്ക് എന്ത് അവകാശം എന്റെ കൊച്ചുമോനെ തല്ലാന്‍ ..?നിന്റെ സ്വഭാവം അവനില്‍ വന്നതാവും....ആദ്യം തന്ത നന്നാവൂ പിന്നെ ആകട്ടെ കൊച്ചു ....'

അയാള്‍ നവീനിനെയും ചേര്‍ത്തുപിടിച്ചു മുന്നോട്ടേക്കു നടന്നു.അയാള്‍ അവനു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നുണ്ടായിരുന്നു.അവന്‍ ചെയ്ത തെറ്റുകള്‍,അത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒക്കെ  പറഞ്ഞു മനസ്സിലാക്കി കൊടുത്തു .ഇനി ഒരിക്കലും അന്യരുടെ ഒന്നും കവരരുതെന്നും പറഞ്ഞു കൊടുത്തു.എന്ത് വേണമെങ്കിലും അച്ചച്ചനോട്  ചോദിക്കുവാനും..മനസ്സിലായതുപോലെ നവീന്‍ തലയാട്ടി കൊണ്ടിരുന്നു....അപ്പോഴൊക്കെ അടിയേറ്റ പാടുകളില്‍ അയാള്‍ മൃദുലമായി തഴുകുന്നുണ്ടായിരുന്നു.

ഹേമന്ദ്‌  ഒക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.അച്ഛന്റെ ആ ഉപദേശം മാത്രം മതി നവീന്‍ നന്നാകുവാന്‍ എന്ന് അയാള്‍ക്ക്‌ തോന്നി.തന്റെ മകന്‍ കള്ളന്‍ ആണെന്നറിഞ്ഞപ്പോള്‍ തന്റെ നിയന്ത്രണം വിട്ടു.പക്ഷെ കാലാകാലമായി തന്നെ കുറിച്ച് കേട്ട് കൊണ്ടിരിക്കുന്ന അച്ഛന് അതെല്പ്പിച്ച ആഘാതം എത്ര വലുതായിരിക്കും.ഒരു അവസരത്തിന് വേണ്ടി അച്ഛന്‍ കാത്തു നില്‍ക്കുകയായിരുന്നോ ?ഞാനും അതായിരുന്നു ചെയ്യേണ്ടിയിരുന്നത്..ഉപദേശിക്കുക ...പക്ഷെ മോന്‍ കള്ളന്‍ എന്ന് തോന്നിയപ്പോള്‍ നിലവിട്ടു പെരുമാറി.അച്ഛന്‍ പറഞ്ഞത് പോലെ ഞാന്‍


അല്ലെ വലിയ കള്ളന്‍ ?എത്ര എത്ര അഴിമതികള്‍ നടത്തി...ചെറിയ ചെറിയ കാര്യങ്ങളില്‍  തുടങ്ങി ഇപ്പോള്‍ വലിയ വലിയ വെട്ടിപ്പ് ..പണം ഉണ്ടെങ്കില്‍ മാത്രമേ തന്റെ മുന്നില്‍ നിന്നും ഫയല്‍ നീങ്ങുകയുള്ളൂ .അത് പലര്‍ക്കും അറിയാവുന്ന സത്യം...മതി ഇനി വേണ്ട ..കിട്ടുന്ന ശമ്പളം മാത്രം മതി അന്തസ്സായി ജീവിക്കുവാന്‍ .പക്ഷെ പണത്തോടുള്ള ആര്‍ത്തി തന്നെ വഴിവിട്ടു നടക്കുവാന്‍ പ്രേരിപ്പിച്ചു...മകന്റെ കാര്യത്തിലൂടെ ആണെങ്കിലും അച്ഛന്‍ തന്റെ തെറ്റു മനസ്സിലാക്കി തന്നു ...രണ്ടു മനസ്സുകള്‍ നന്നായാല്‍ മതിയാരുന്നു.ഈ അച്ഛനും മകനും ഒരിക്കലും തെറ്റിലേക്ക് പോകരുതെന്ന് ആഗ്രഹിക്കുന്ന മനസ്സ് ഉണ്ടാക്കി തരണമേ എന്റെ ദൈവമേ .....അയാള്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു.

കുനിഞ്ഞ ശിരസ്സോടെ അച്ഛന്റെയും മകന്റെയും മുന്നിലൂടെ അയാള്‍ അകത്തേക്ക് നടന്നു.സ്നേഹയുടെ അര്‍ഥം വെച്ചുള്ള ചിരി അയാള്‍ക്ക്  ആ സമയത്ത് അവഗണിക്കേണ്ടി വന്നു .

കഥ :പ്രമോദ്‌ കുമാര്‍.കെ.പി

ചിത്രങ്ങള്‍ :ദീപ ,ഗുല്‍ഷന്‍,സധുആയിയൂര്‍  ,ഫ്രഫുള്ള 
(കേരള വാട്ടര്‍ കളര്‍ സോസെറ്റി കൂട്ടുകാര്‍ )Friday, October 11, 2013

അനീതി

ഹാഷിമും സുലൈലയും കടന്നു വരുമ്പോള്‍ മൊയ്തീന്‍ ഹാജി വരാന്തയില്‍ തന്നെ ഉണ്ടായിരുന്നു.ഇവരെ കണ്ടത് കൊണ്ടോ എന്തോ ഹാജിയാര്‍  കൂടുതല്‍ ഗൌരവം പൂണ്ടു.ഭവ്യതയോടെ ഹാഷിമും സുലൈലയും ഹാജികരുകിലെത്തി.ഹാജി നീട്ടി ഒരു വിളി ആയിരുന്നു.

"മറിയുമ്മാ....."
അകത്തുനിന്നും മറിയുമ്മ വരാന്തയിലെക്കെത്തി.കണ്ണുകള്‍ സംസാരിചിരിക്കണം.മറിയുമ്മ സുലൈലയെ അകത്തേക്ക് കൊണ്ടുപോയി.ഹാജിയും ഹാഷിമും സംസാരിക്കുന്നത് സുലൈല കേള്‍ക്കരുതെന്നു ഹാജിക്ക് തോന്നിയിരിക്കാം.പിന്നെ കുറച്ചു സമയം ഹാജിയും ഹാഷിമും എന്തൊക്കെയോ സംസാരിച്ചു.ചില സമയത്ത് ഹാജിയുടെ ഒച്ച ഉയര്‍ന്നുവെങ്കിലും ആരും വരാന്തയിലേക്ക് വന്നില്ല.എന്താണ് സംസാരിക്കുന്നതെന്നും എന്തിനാണ് സംസാരം എന്നും വീട്ടിലുള്ളവര്‍ക്ക് അറിയാമായിരുന്നു.

സുലൈല വീടിന്റെ അകത്തു കയറിയിട്ടു കുറെ സമയം കഴിഞ്ഞും  മകള്‍ മുറിവിട്ടു പുറത്തുവന്നില്ല.അവള്‍ തന്നെ കണ്ടിരുന്നു എന്ന്  സുലൈല മനസ്സിലാക്കിയിരുന്നു.വരുമ്പോള്‍ ജനലരുകില്‍ അവള്‍ നില്‍ക്കുന്നത് കണ്ടതുമാണ്.എന്റെ  റബ്ബേ ..എന്റെ  കുട്ടി എന്നെ ഇത്രക്ക് വെറുത്തു പോയോ ?സുലൈലയുടെ മനസ്സില്‍ ആധി കയറി.അത് മനസ്സിലാക്കിയെന്നവണ്ണം മറിയുമ്മ മകളുടെ  മുറിയിലേക്ക്  സുലൈലയെ കയറ്റി വിട്ടു.ഉമ്മയെ കണ്ടിട്ടും സുഹാന വലിയ സന്തോഷമൊന്നും പ്രകടിപ്പിച്ചില്ല.ഒന്ന് ചിരിച്ചു.വരണ്ട ആ ചിരി സുലൈലയെ വീണ്ടും വിഷമത്തിലാക്കി.മകള്‍ക്കായി കൊണ്ട് വന്ന സാധനങ്ങള്‍ അവര്‍ മേശപുരത്തു വെച്ച് മകളുടെ അടുത്തെത്തി.

"എന്താ മോളെ ഇത് ..?"

"ഉപ്പയും ഇക്കയും  എല്ലാം എന്നെ പറ്റിക്കുകയായിരുന്നു അല്ലെ ?"

"അല്ല മോളെ ..ഇങ്ങിനെ സംഭവിച്ചു പോയി....അല്ലാതെ ..."

"അല്ല എനിക്കറിയാം ..എല്ലാവരും മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാ ....അതോണ്ടാ ...എന്റെ സ്വപ്നങ്ങളും മോഹങ്ങളും തീര്‍ന്നു.അല്ല നിങ്ങളൊക്കെ ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി .."സുലൈലക്ക് ഉത്തരം മുട്ടി.

കുട്ടികളുടെ ഭാവി ആലോചിച്ചു ചെയ്തതാണ് .അവരും എല്ലാ കാര്യവും സമ്മതിച്ചതും ആണ്.പക്ഷെ ഇങ്ങിനാകുമെന്നു കരുതിയില്ല.എല്ലാം പടച്ചോന്റെ കളിയല്ലേ ...ഇവള്‍ക്ക് കീഴില്‍ ഇനി രണ്ടെണ്ണം കൂടി ഉണ്ട് ...അത് കൊണ്ട് കൂടുതല്‍ ഒന്നും ആലോചിച്ചുമില്ല.അവര്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കും എന്ന് തോന്നി.നല്ല ആലോചന ആയതിനാല്‍  മകളെ നിര്‍ബന്ധിച്ചു കെട്ടിക്കുകയായിരുന്നു.

ഉപ്പ ഹാഷിം മുറിയിലേക്ക്  കയറിവരുന്നത് കണ്ടു സുഹാന മൌനം പൂണ്ടു.അയാളുടെ മുഖം ചുവന്നു തുടുത്തിരുന്നു.മൊയ്തീന്‍ ഉപൂപ്പയില്‍ നിന്നും കണക്കിന് കിട്ടിയിട്ടുണ്ട്.ഭാവം കണ്ടാല്‍ മനസിലാക്കാം.വന്നപാടെ അയാള്‍ മകള്‍ക്ക് നേരെ പൊട്ടിതെറിച്ചു.

"മര്യാദക്ക് അടങ്ങി ഒതുങ്ങി ഇവിടെ കഴിഞ്ഞുകൊള്ളണം.നിന്റെ തോന്ന്യവാസം കാണിക്കുവാനുള്ള സ്ഥലമല്ല ഇത്.നല്ല നിലയിലാണെങ്കില്‍ നിനക്ക് എന്റെ വീട്ടില്‍ എന്നുമുള്ള സ്ഥാനം ഉണ്ട് .അല്ലെങ്കില്‍ ഇങ്ങിനെ ഒരു മകള്‍ ഇല്ല എന്ന് കരുതേണ്ടി വരും.പഠിച്ചില്ലെങ്കില്‍ എന്താടി കുഴപ്പം..നീ പഠിച്ചു ജോലി വാങ്ങി വേണോ ഇവിടുത്തെ കുടുംബങ്ങള്‍ കഴിയാന്‍ .."

"എന്നാലും ഉപ്പ ....എനിക്ക് പഠിക്കണം...പഠിക്കുന്നതില്‍ എന്താ പ്രശ്നം ?"

"നിന്റെ  ഇവിടുത്തെ ഈ അവസ്ഥയില്‍ എങ്ങിനാണ് മോളെ ....അതിനു കഴിയില്ല " അയാള്‍ ശാന്തമായി പറഞ്ഞു.

"ബുക്സ്‌ ഒക്കെ ഇവിടെ വരുത്തി പഠിക്കാമല്ലോ ?പരീക്ഷയൊക്കെ പിന്നെ എഴുതിയാല്‍ മതി...ക്ലാസ്സില്‍ പോകണം എന്നൊന്നുമില്ല. ആഴ്ചയില്‍ ഒരു ദിവസമോ മറ്റോ കൂട്ടുകാരികളുടെ വീട്ടില്‍ പോയാലും മതി.അല്ലെങ്കില്‍ അവര്‍ ഇവിടെ വരും.ബാക്കി കാര്യങ്ങള്‍ ഒക്കെ പ്രൊഫസ്സര്‍ അനന്തു സാര്‍ സഹായിക്കാമെന്നും പറഞ്ഞിട്ടുണ്ട് ...അവരുടെ കോളേജിന്റെ പ്രതീക്ഷയാ ഞാന്‍ ....ഉപ്പക്കും ഇല്ലേ മോളുടെ നേട്ടം കാണാനുള്ള കൊതി...."

"പറ്റില്ല ..നിന്റെ പഠിപ്പൊക്കെ അവസാനിച്ചു എന്ന് കരുതിയാല്‍ മതി.നിന്നെ പഠിപ്പിക്കാന്‍ ഇവിടുള്ളവര്‍ക്ക് താല്പര്യമില്ല.പിന്നെ എങ്ങിനെ ....?" അയാള്‍ക്ക് വീണ്ടും ദേഷ്യം വന്നു.

 "കല്യാണത്തിനു മുന്‍പ്  ഉപ്പയല്ലേ ........."

കൂടുതല്‍ എന്തെങ്കിലും സുഹാന പറയുന്നതുകൊണ്ട് ഹാഷിം കയ്യുയര്‍ത്തി തടഞ്ഞു .അവള്‍ പറയുന്നത് സത്യമാണ്.അവളോട്‌ പറഞ്ഞു നില്ക്കാന്‍ തന്റെ പക്കല്‍ ന്യായം ഇല്ല.അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .അത് സുഹാനയില്‍ നിന്നും മറക്കണമെന്ന് അയാള്‍ക്ക്‌ തോന്നിയിരിക്കാം  അത് കൊണ്ട്  പെട്ടെന്ന് തന്നെ സുലൈലയെയും വിളിച്ചു കൊണ്ട് പുറത്തേക്കിറങ്ങി

"നമ്മള്  പോവ്വാ " സുഹാന ഒന്നും പറഞ്ഞില്ല .അവര്‍ പോകുന്നത് ശ്രദ്ധിച്ചു പോലുമില്ല.

ഞാന്‍ അകപെട്ടിരിക്കുന്നത് വലിയൊരു ചതിയിലാണ് എന്നവല്ല് തോന്നി .എന്തൊക്കെയായിരുന്നു വിവാഹത്തിനു മുന്‍പ് ഉപ്പയും ഇക്കയും വീട്ടുകാരും സമ്മതിച്ചിരുന്നത്.കല്യാണം കഴിഞ്ഞാലും പഠിക്കാന്‍ വിടും .ആഗ്രഹമുള്ള അത്രയും പഠിപ്പിക്കാം എന്നൊക്കെ ..എല്ലാ ക്ലാസ്സിലും ഒന്നാമതായി തന്നെയാണ് ഇവിടം വരെ എത്തിയതും.സ്കൂളില്‍ നിന്നും ഇറങ്ങുമ്പോള്‍ അഭിമാനമായി റാങ്കും ഉണ്ടായിരുന്നു..കോളേജിലും അത് പലരും പ്രതീക്ഷിക്കുന്നുമുണ്ട്.

എന്നിട്ട് വിവാഹം കഴിഞ്ഞപ്പോള്‍ സല്കാരവും ബന്ധുവീട് സന്ദര്‍ശനവും ഒക്കെയായി കുറെ ദിവസങ്ങള്‍ പോയികിട്ടി.അതിനൊക്കെ അല്പം ശമനം ഉണ്ടായപ്പോള്‍ "ഇനി പുയ്യാപ്ല പോയിട്ട് കോളേജില്‍ പോയാല്‍ മതിയെന്ന്  "മൊയ്തീന്‍ ഹാജി എന്നാ ഉപ്പൂപ്പയില്‍ നിന്നും നിര്‍ദേശം വന്നപ്പോള്‍ ആരും അതിനെ എതിര്‍ക്കുവാന്‍ പോയില്ല.അദ്ദേഹം ആയിരുന്നു അവിടുത്തെ അവസാന വാക്ക്. ഇവിടുന്നു ഇതുവരെ പെണ്‍കുട്ടികള്‍ വിയര്‍പ്പൊഴുക്കി കുടുംബം പോറ്റിയിട്ടില്ല എന്ന് ഇടയ്ക്കിടയ്ക്ക് പറയുന്നതു തന്നെ  ഉദ്യെശിച്ചാണ്  എന്നത് മനസ്സിലായതുമില്ല.ഇക്കയില്‍ നിന്നും പഠനത്തെ കാര്യത്തെകുറിച്ച് നല്ല ഒരു സൂചനയും ഉണ്ടായതുമില്ല.ആ കാര്യം പറയുമ്പോള്‍ ഒക്കെ അയാള്‍ ഓരോരോ ഒഴിവുകഴിവുകള്‍ നിരത്തും.അയാള്‍ക്ക്‌ വേണ്ടത് നല്ല ഒരു കൂട്ടായിരുനില്ല ,നല്ല ഭാര്യ ആയിരുനില്ല അയാളുടെ കാമം തീര്‍ക്കുവാനുള്ള ഒരു പെണ്‍ശരീരം അത് മാത്രമായിരുന്നുവോ താന്‍.? പല രാത്രികളിലും അങ്ങിനെ തോന്നിയിട്ടുണ്ട്.ആവശ്യം കഴിഞ്ഞാല്‍ പിന്നെ അയാളുടെ കൂര്‍ക്കം വലി കേള്‍ക്കാം.ഉറക്കം വരാതെ എത്ര രാത്രികള്‍.ലീവും കഴിഞ്ഞു അയാള്‍ പോയി.ഇനി പഠിക്കാന്‍ പോകണം എന്നുറച്ചു ..,,,പക്ഷെ ഭാര്യക്ക് അയാളിലും കൂടുതല്‍ വിദ്യാഭ്യാസം ഉണ്ടാകുന്നത് അയാള്‍ ഇഷ്ടപെട്ടില്ല.മുടക്കുകള്‍ ഒക്കെ അയാളാണ് ഉണ്ടാക്കുന്നതെന്ന് പിന്നെ അറിഞ്ഞു.എന്നാലും കോളേജില്‍ പോകുവാന്‍ തന്നെ തുനിഞ്ഞു ...പക്ഷെ ഒരു ദിവസം എല്ലാം തകിടം മറിയുകയായിരുന്നു.തന്റെ സ്വപ്‌നങ്ങള്‍ ഒക്കെ പാഴാവുകയായിരുന്നു.

           മൂന്നു പെണ്‍മക്കള്‍ മാത്രമുള്ള ഉമ്മക്കും ഉപ്പക്കും മനസ്സില്‍ തീയായിരുന്നു.കോളേജില്‍ പോയി തുടങ്ങിയപ്പോള്‍  തന്നെ ആലോചനകള്‍ മൂത്തകുട്ടിയായ തനിക്ക് വന്നു കൊണ്ടിരുന്നു.പക്ഷെ പഠനം കഴിഞ്ഞു മാത്രമേ താന്‍  വിവാഹം ചെയ്യൂ എന്ന് തീര്‍ത്തു പറഞ്ഞപ്പോള്‍ കാളിയത് ഉപ്പയുടെയും ഉമ്മയുടെയും  മനസ്സായിരുന്നു.ഓരോരോ കുട്ടികളെ പറഞ്ഞയച്ചു കൊണ്ട് തന്റെ ബാധ്യതകള്‍ തീര്‍ക്കാനായിരുന്നു സാധാരണകാരനായ ഉപ്പയുടെ തീരുമാനം.പക്ഷെ ഞാന്‍ കടുംപിടുത്തം പിടിച്ചപ്പോള്‍ ഉപ്പയും  കൂടി ചേര്‍ന്ന് തന്നെ ചതിക്കുകയായിരുന്നോ ?ഇവര്‍ ഇനി എന്നെ പഠിക്കാന്‍ അയക്കില്ല എന്ന് ഉറപ്പായി കഴിഞ്ഞു.അല്ലെങ്കില്‍ തന്നെ എനിക്ക് എങ്ങിനെ പോകുവാന്‍ കഴിയും.ഇനി എന്റെ കാര്യം മാത്രം നോക്കിയാല്‍ പോരല്ലോ അവള്‍ വീര്‍ത്തു വരുന്ന തന്റെ വയര്‍ തടവി.ഇപ്പോള്‍ കുഞ്ഞുങ്ങള്‍ വേണ്ടെന്നു ആയിരം തവണ പറഞ്ഞതാണ് ..അതിനൊക്കെ പ്രതിവിധി താന്‍ എടുത്തിട്ടുണ്ടെന്ന് ഇക്ക പറഞ്ഞപ്പോള്‍ വിശ്വസിച്ചു.അറിയാത്ത ഒരു മേഖലയായത് കൊണ്ട് എന്താണെന്ന് ചോദിച്ചുമില്ല.  ഇപ്പോള്‍ എന്നെ പഠിക്കാന്‍ വിടാതിരിക്കുവാന്‍ ഇവരുടെ മുന്നില്‍ നൂറായിരം കാരണങ്ങള്‍ ഉണ്ട്.ഡോക്ടര്‍ പറഞ്ഞ ബെഡ് റസ്റ്റില്‍ തുടങ്ങുന്നു തടസ്സങ്ങള്‍ ,ഇനി അത് പോലെ ഒന്നോന്നായി വരും പല കാരണങ്ങള്‍ ,പ്രസവം വരെ.അത് കഴിഞ്ഞാല്‍ പിന്നെയും വരാന്‍ നില്‍ക്കുകയല്ലേ പല കാരണങ്ങള്‍.അത് കൊണ്ട് തന്റെ  വിദ്യാഭാസം തീര്‍ന്നു എന്ന് തീരുമാനിക്കാം.ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്ന കുടുംബം ആയിരുന്നെങ്കില്‍ ചെറിയൊരു പ്രതീക്ഷ ഉണ്ടാകുമായിരുന്നു.ഇവിടെ നിന്നും അതുണ്ടാകില്ല .,തീര്‍ച്ച

ഉപ്പയായിരുന്നു തന്നെ പഠിക്കുവാനും പഠിപ്പിക്കുവാനും കൂടുതല്‍ പ്രോല്സാഹിപ്പിചിരുന്നത്.ഇപ്പോള്‍ ഉപ്പയും തന്നെ കൈവിട്ടു.ഈ കുടുംബത്തെ എതിര്‍ത്താല്‍, തന്നെ സപ്പോര്‍ട്ട് ചെയ്‌താല്‍ ഇല്ലാതാകുന്നത് മകളുടെ ഈ ജീവിതമാണെന്ന് ഉപ്പക്കു നല്ലവണ്ണം അറിയാം.ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപെട്ടു ഗര്‍ഭിണിയായ മകളെ വീട്ടില്‍ കൊണ്ട് നിര്‍ത്തിയാല്‍ ഇല്ലാതാകുന്നത് ചിലപ്പോള്‍ മറ്റു രണ്ടു പെണ്‍കുട്ടികളുടെയും ജീവിതമാകും.  മക്കള്‍ക്ക്‌ നല്ലത് വരണം എന്ന് മാത്രം ചിന്തിക്കുന്ന ഉപ്പക്കു ഇത് മാത്രമേ ചെയ്യുവാന്‍ കഴിയൂ.പുറമേ ശാന്തത  ആണെങ്കിലും ആ മനസ്സില്‍ വലിയൊരു കടല്‍ ആര്‍ത്തിരബുന്നുണ്ട് ...അന്നേരം മനസ്സിലാക്കാന്‍ പറ്റാതെ പോയി.നിസ്സഹായതയുടെ
വല്ലാത്ത ഒരു അവസ്ഥ. ഉപ്പ നല്ലവണ്ണം വേദനിച്ചു ..അതല്ലേ കരഞ്ഞത് ..അല്ല ഞാന്‍ വേദനിപ്പിച്ചു..കരയിച്ചു

അവള്‍ ഫോണ്‍ എടുത്തു ഞെക്കി.മറുതലക്കല്‍ ഉപ്പയുടെ ആകാംഷ നിറഞ്ഞ സ്വരം..

"എന്താ മോളെ ...."

"ഉപ്പ ...ഉപ്പ എന്നെ ഓര്‍ത്തു മനസ്സ് വിഷമിക്കരുത് ....എല്ലാവരെയും വെറുപ്പിച്ചു എനിക്ക് പഠിക്കണ്ട ഉപ്പ....പഠിക്കണ്ട.....എനിക്ക് അത് വിധിച്ചിട്ടില്ല ....."

അവിടുന്ന് മറുപടി ഒന്നും ഉണ്ടായില്ല.എങ്കിലുംമകളെ കുറിച്ചുള്ള മോഹങ്ങള്‍ ,സ്വപ്‌നങ്ങള്‍ എല്ലാം തകര്‍ന്ന നിസ്സഹായനായ മനുഷ്യന്റെ തേങ്ങല്‍ കാതില്‍ വന്നഞ്ഞപ്പോള്‍ എങ്ങലോടെ സുഹാന ഫോണ്‍ കട്ട്‌ ചെയ്ത് കട്ടിലിലേക്ക് മറിഞ്ഞു .പ്രതീക്ഷകള്‍ നഷ്ട്ടപെട്ട അവള്‍ ഏങ്ങി ഏങ്ങി കരഞ്ഞു..സമൂഹത്തില്‍ വിദ്യാഭ്യാസം എല്ലാവര്ക്കും ഉണ്ടാകണം എന്ന് എല്ലാവരും ഒരു പോലെ ചിന്തിക്കാത്ത കാലത്തോളം അനേകം സുഹാനകള്‍ ഈ ലോകത്തില്‍ ഇനിയുമുണ്ടാകുമെന്നു അവള്‍ക്കു തോന്നി.ഒരിക്കലും പുറത്തു വരില്ലെന്ന്  സ്വയം തീരുമാനിച്ചു മതത്തിന്റെ പേരും പറഞ്ഞു ഇത്തരം അസംബന്ധ ചട്ടകൂടുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന ഇടുങ്ങിയ മനോഗതിക്കാരെ അവള്‍ ശപിച്ചു .കഥ -പ്രമോദ്‌ കുമാര്‍ കെ.പി

ചിത്രങ്ങള്‍ :ബഷീര്‍ ഹാര്‍ട്ട്‌ &ലവ്
                   പ്രിന്‍സ് ,തങ്കച്ചന്‍ ,സുനില്‍ ബാബു (കേരള വാട്ടര്‍ കളര്‍ സോസേറ്റി )

Wednesday, October 2, 2013

വഴിത്തിരിവ്

കര്‍ട്ടന്‍  മാറ്റി പതുക്കെ അയാള്‍ ബസ്സിന്റെ ചില്ല് സൈഡിലേക്ക് നീക്കി.തണുത്ത കാറ്റ് ഉള്ളിലേക്ക് കടന്നു വന്നു.അടുത്തിരുന്നവന് അതിഷ്ടപെട്ടിലെങ്കിലും അയാളുടെ രൂപം കണ്ടു ഭയന്നോ എന്തോ ഒന്നും പറയാത്തത് കൊണ്ട് പുറത്തെ കാഴ്ചകള്‍ നോക്കി കണ്ടു. നേരം വെളുത്തു വരുന്നതെയുള്ളൂ ..പ്രഭാത സവാരിക്കാരും പാല്‍ വിതരണകാരും പത്രകാരും ഒക്കെ കടന്നു പോകുന്നു.എല്ലാവരും ജീവിക്കുവാന്‍ വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്  ചിലര്‍ ജീവന്‍ നിലനിര്‍ത്തുവാനും... തന്റെ നാടിനടുത്തെത്തിയിരിക്കുന്നു .അത് തീര്‍ച്ച .ചിലത് അതാണ്‌ സൂചിപ്പിക്കുന്നത്.പഴയ കാലത്തെ ഓര്‍മകള്‍ അണികള്‍ക്കിടയില്‍ മരിക്കാതിരിക്കുവാന്‍ രാഷ്ട്രീയകാര്‍ ഉണ്ടാക്കിയ പാര്‍ട്ടി ഓഫീസും നേതാവിന്റെ പ്രതിമയും  കടന്നു പോയി.അങ്ങിനെയെങ്കില്‍  അടുത്തതാണ്  എന്റെ സ്റ്റോപ്പ്‌.സ്ഥലം ആകെ മാറിയിരിക്കുന്നു .പരിചിതമെങ്കിലും എവിടെയൊക്കെയോ കുറെ കൂടി ചേര്‍ക്കലുകള്‍ .വീടായും റോഡ്‌ ആയും കെട്ടിടങ്ങള്‍ ആയും ..അത് കൊണ്ട് തന്നെ മൊത്തത്തില്‍ കണ്‍ഫ്യുഷന്‍ ഉണ്ടാക്കുന്നു.സംശയനിവാരണത്തിന് അടുത്തുള്ള ആളോട് തിരക്കി.

"സര്‍ ..ഇല്ലിക്കല്‍ എത്തുവാറായോ ?"

"അടുത്ത സ്റ്റോപ്പ്‌ ആണ് ....ഒരഞ്ചു മിനിട്ട് .."

സഹയാത്രകാരന് നന്ദി പറഞ്ഞു കൊണ്ട് അയാള്‍ എഴുനേറ്റു വാതിലിനരുകിലെത്തി.ഇല്ലെങ്കില്‍ സ്ഥലം മാറി പോയേനെ ..ഡ്രൈവര്‍ക്ക് കാര്യം മനസ്സിലായത്‌ കൊണ്ട് കറക്ട് സ്ഥലത്തുതന്നെ അയാളെ ഇറക്കി.ബസ്‌ ഇറങ്ങി അയാള്‍ ചുറ്റും നോക്കി.കുറെ പുതിയ കെട്ടിടങ്ങള്‍ വന്നിട്ടുണ്ട്.ഈ നാട് മൊത്തം മാറി പോയിരിക്കുന്നു.കുറച്ചപ്പുറത്തു ഒരു കടയില്‍ വെളിച്ചം കാണുന്നുണ്ട്.മുന്‍പ് അവിടെ ദാസേട്ടന്റെ ചായ കടയായിരുന്നു.മുന്നോട്ടേക്കു നടന്നു പോകുമ്പോള്‍ കണ്ണില്‍ ബാങ്കിന്റെ കെട്ടിടം ഉടക്കി..ആ മൂന്നുനില കെട്ടിടം അതുപോലെ തന്നെ അവിടെ ഉണ്ട് .വിജനമായിരുന്ന ഇരു സൈഡിലും വേറെ കെട്ടിടങ്ങള്‍ വന്നു എന്ന് മാത്രം.ഒരു കാലത്ത് തന്റെ എല്ലാമെല്ലാമായിരുന്ന ബാങ്ക് .തന്റെ എല്ലാ സ്വപ്നങ്ങള്‍ക്കും വളം വെച്ചുതന്ന ,അത് പൂര്‍ത്തീകരിച്ചു  തന്ന ബാങ്ക്..തന്റെ കുടുബം പോറ്റിയ  സ്ഥാപനം.അതിലെ നല്ല ജോലി .പക്ഷെ അവസാനം ..അയാളില്‍ ആ ഓര്‍മ നൊമ്പരമുണ്ടാക്കി .അയാള്‍ മുന്നോട്ടേക്കു വലിച്ചു നടന്നു.വെളിച്ചം കണ്ട സ്ഥലത്തെത്തി.അതെ ഇപ്പോഴും അത് ചായ കട തന്നെയാണ്.തന്റെ ദാസേട്ടന്റെ കട.ദാസേട്ടന്‍ തന്നെ ആയിരിക്കുമോ അത് ഇപ്പോഴും നടത്തുന്നത്...എന്തായാലും പഴയതില്‍ നിന്നും പുതിയതിലെക്കുള്ള മാറ്റം നന്നായിട്ടുണ്ട്.ആകെ ഒന്ന് മോടി കൂടിയിരിക്കുന്നു.ആള്‍കാരെ ആകര്ഷിക്കുവാനുള്ളത്  നന്നായി ചെയ്തിട്ടുമുണ്ട്.അകത്ത് നിന്നും ഭക്തി ഗാനം പുറത്തെക്കിറങ്ങിവരുന്നു.എന്തായാലും ദാസേട്ടനെ ഒന്ന് കാണണം.വേറെ നാട്ടുകാരെ ആരെ കണ്ടില്ലെങ്കിലും ....

അയാള്‍ ഉള്ളിലേക്ക് കയറി.അധികം ആളുകളില്ല.ഒന്നോ രണ്ടോ പേര്‍ ..കാലി ചായയും മോന്തികൊണ്ട് അവര്‍ പത്രം വായിക്കുന്നു.പത്രത്തിലെ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.ആരെയും പരിചയമില്ല.കുറച്ചു വര്‍ഷങ്ങള്‍  കഴിഞ്ഞില്ലേ ..നാട്ടിലേക്ക് പുതുതായി വന്നവരായിരിക്കും.ചുറ്റും കണ്ണോടിച്ചു അടുത്ത് കണ്ട കസേരയിലിരുന്നു.ആള്‍ വന്നത് കണ്ടിട്ടാവും അകത്തു നിന്നും ഒരു വൃദ്ധന്‍ മേശകരുകിലെത്തി .

"കഴിക്കാന്‍ എന്താനെടുക്കേണ്ടത് ..?" ചോദ്യം വന്നു.അയാളെ സൂക്ഷിച്ചു നോക്കി .കാലം കുറെ മാറ്റം വരുത്തിയെങ്കിലും അയാള്‍ ദാസേട്ടനെ തിരിച്ചറിഞ്ഞു.പക്ഷെ ദാസേട്ടന് അയാളെ മനസ്സിലായില്ല എന്നയാള്‍ക്ക് ബോധ്യമായി.അഞ്ചു പത്തു കൊല്ലം മൂന്നു സമയം ഭക്ഷണം കഴിച്ച അല്ല കഴിപ്പിച്ച സ്ഥലമല്ലേ ഇത്.നല്ല ഒരു ബന്ധവും തമ്മില്‍  ഉണ്ടായിരുന്നു.വീട്ടിലെ ഒരംഗം പോലെ ദാസേട്ടന്‍ തന്നെ കരുതി.ശമ്പളം ഒന്നിനും തികയുന്നില്ലെന്നു പരാതിപെട്ടപ്പോള്‍ എന്റെ ധാരാളിത്തം കുറയ്ക്കുവാന്‍ കുറെ ഉപദേശവും തന്നതാണ്.അതൊക്കെ മറന്നോട്ടെ .നാട്ടില്‍ വലിയ സംസാരം ഉണ്ടാക്കിയ വിഷയത്തിലെ നായകന്‍ എന്ന നിലക്ക് അല്ലെങ്കില്‍ വലിയ ഒരു  വിശേഷം ഇപ്പോഴും കൊണ്ട് നടക്കുന്ന ഒരാള്‍ എന്ന നിലക്ക് ദാസേട്ടന്‍ എന്നോട് നടന്ന എല്ലാ
കാര്യങ്ങളും ചോദി ക്കെണ്ടാതല്ലേ  ?മനസ്സിലായി കാണില്ല.താടിയും മുടിയും ഒക്കെ മുഖത്തെ കൂടുതല്‍ മറക്കുമ്പോള്‍ എങ്ങിനെ മനസ്സിലാക്കാന്‍.?

ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ല.എന്തിനോ അയാള്‍ നെടുവീര്‍പിട്ടു.പോലീസുകാര്‍ കൊണ്ട് പോകുമ്പോള്‍ എല്ലാവരും വെറുപ്പോടെ മാത്രം എന്നെ നോക്കുമ്പോള്‍ ഒരാളുടെ കണ്ണുകള്‍ മാത്രം നിറഞ്ഞത് ശ്രദ്ധിച്ചതുമാണ്.അങ്ങിനെയുള്ള ദാസേട്ടനോട് ഞാന്‍ ആരെന്നുള്ളത് വ്യക്തമാക്കണ്ടേ ?വേണം ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട് അതുകൊണ്ട് എല്ലാവര്ക്കും തന്നോട് വെറുപ്പ്‌ കാണും ,ദാസേട്ടനും കാണും ആ വെറുപ്പ്‌...പക്ഷെ ദാസേട്ടനോട്  ഞാന്‍ ആരെന്നു വെളിപ്പെടുത്തണം .ദാസേട്ടനെ കാണാന്‍ മാത്രമല്ലേ ഞാന്‍ ഇവിടെ കയറിയതും...അല്ലെങ്കില്‍ ഇത്ര രാവിലെ ചായ പതിവില്ലാത്ത താന്‍ .....

"ഒന്നും പറഞ്ഞില്ല ..".ദാസേട്ടന്റെ ചോദ്യം ചിന്തകളില്‍ നിന്നും ഞെട്ടി.ദാസേട്ടന്‍ അവിടെ തന്നെ നില്‍ക്കുകയാണ്.

"ഒരു സ്ട്രോങ്ങ്‌ ചായ ...ദാസേട്ടന്‍ സ്റ്റൈലില്‍ ...."അറിയാതെ പറഞ്ഞു പോയതാണ്.ദാസേട്ടന്‍ ഞെട്ടി കൊണ്ട് അയാളെ തുറിച്ചു നോക്കി.കാഴ്ച മങ്ങിയ കണ്ണുകളില്‍ നിന്നുള്ള ആ നോട്ടം താങ്ങാനാവാതെ അയാള്‍  കുനിഞ്ഞിരുന്നു .ദാസേട്ടനോട് ഒരാള്‍  മാത്രമേ ഇങ്ങിനെ പറയാറുള്ളൂ ...

"നീ ....ജൊസഫ്  അല്ലേടാ ..."

"അതെ '..പറഞ്ഞു തീര്‍ന്നതും ചെകിടത്തു ഒരടിയായിരുന്നു.അയാള്‍ വേദനകൊണ്ട് പുളഞ്ഞു.കടയിലുള്ളവര്‍ ഒന്നും മനസ്സിലാകാത്തത് കൊണ്ട് പരസ്പരം നോക്കി.

"ഇറങ്ങെടാ ..എന്റെ കടയില്‍ നിന്ന് ...കള്ളന്മാര്‍ക്ക് ഇവിടെ സല്കാരമില്ല .പച്ചവെള്ളം പോലും തരില്ല."

അടികിട്ടിയ സ്ഥലം പൊത്തിപിടിച്ചു കൊണ്ട് അയാള്‍ പുറത്തേക്കിറങ്ങി.പ്രതീക്ഷിച്ചത് കടുത്ത വാക്കുകള്‍ ആയിരുന്നു.ഉപദേശം ആയിരുന്നു.പിന്നെ എല്ലാം മറക്കുവാനുള്ള ഒരു തലോടലായിരുന്നു.പക്ഷെ ഒരടിയില്‍ കാര്യം ദാസേട്ടന്‍ തീര്‍ത്തു.അത്ര വെറുപ്പ്‌ കാണും.കടയിലുണ്ടായിരുന്നവരോട് തന്റെ "മഹാത്മ്യം "ദാസേട്ടന്‍ വിവരിക്കുന്നത് അവ്യക്തമായി അയാള്‍ കേട്ടുകൊണ്ടിരുന്നു.മുന്നോട്ടേക്കു നടക്കുംതോറും അത് മാഞ്ഞുപോയി കൊണ്ടിരുന്നു.

വീട്ടിലേക്കുള്ള സ്റ്റെപ്പ് കയറുമ്പോള്‍ തൊട്ടടുത്ത വലിയ വീട് കണ്ണിലുടക്കി.അത് ചുറ്റുമുള്ള ലൈറ്റിന്റെ പ്രഭയില്‍ അത് കൂടുതല്‍ ആകര്‍ഷകമായി അയാള്‍ക്ക്‌ തോന്നി.എന്നെ ഈ നിലയിലാക്കിയത് ഈ വീടും ആ വീട്ടുകാരുമാണ്.വീടും വിലകൂടിയ കാറും ഭാര്യ കണ്ടു മോഹിച്ചപ്പോള്‍ അവരെപോലെ കുറെ പണം വേണമെന്ന മോഹമാണ് തന്നെ "കള്ളന്‍ "ആക്കിയത്.പക്ഷെ പ്രേരിപ്പിച്ചവരും കൂട്ട് നിന്നവരുമൊക്കെ  എന്റെ തലയില്‍ മാത്രം കുറ്റം ചുമത്തി രക്ഷപെട്ടു.വേറെ വഴിയില്ലാത്തത് കൊണ്ട് ഞാനും എല്ലാം സ്വയം ഏറ്റെടുത്തു.അയാള്‍ എല്ലാം  ഓര്‍ത്തു കൊണ്ട് വീടിനു മുന്നിലെത്തി.കൈ അറിയാതെ ബെല്‍ സ്വിചിലേക്ക് നീണ്ടു .പ്രതികരണം എങ്ങിനെ ആയിരിക്കുമെന്നറിയില്ല .
അവളുടെ അച്ഛന്‍ ,ഇപ്പോള്‍ കയ്യിലോന്നുമില്ലെങ്കിലുംനാട്ടിലെ പ്രമാണിയായിരുന്നു...
 പേരുകേട്ട വലിയ കുടുംബത്തിലെതാണ് .അതിനുമപ്പുറം വിരുതനുമാണ് ..അത് കൊണ്ടാണല്ലോ സമര്‍ത്ഥനായ ബാങ്ക് ഓഫീസറെ മറ്റാരും തട്ടിയെടുക്കുന്നതിനു മുന്‍പ് പെട്ടെന്ന് തന്നെ മരുമകനാക്കിയത്, .എന്നാലും തന്റെ ഭാര്യ വീടല്ലേ ഇത് ..അവള്‍ ഇവിടല്ലേ ഉള്ളത്...അവളെ കാണണം..അവള്‍ ക്ഷമിക്കും .അവള്‍ക്കു വേണ്ടിയാണല്ലോ അവളുടെ അതിമോഹത്തിനു വേണ്ടിയാണല്ലോ ഞാനും തെറ്റായ വഴിയില്‍ പോയത്.നാട്ടുകാരുടെ മുന്നില്‍ വരാനുള്ള മടി കൊണ്ടായിരിക്കാം ജയിലില്‍ ഒന്നും അവള്‍ വന്നതേയില്ല ..അല്ലെങ്കില്‍ കനിശകാരനായ അച്ഛന്‍ തടസ്സം നിന്നിരിക്കും.ഇനി അവളെയും കൂട്ടി ദൂരെ എവിടെ എങ്കിലും പോകണം.ആരും അറിയാത്ത സ്ഥലത്തേക്ക് ....ജീവിതം ഇനിയുമുണ്ട് ജീവിച്ചു തീര്‍ക്കുവാന്‍...

ബെല്‍ ശബ്ദം കേട്ടപ്പോള്‍ വാതില്‍ തുറക്കപെട്ടു.കയ്യില്‍ ഒരു കുഞ്ഞുമായി സിസിലി.ജോസഫ്‌ നെറ്റി ചുളിച്ചു.അയാളെ  കണ്ട അവള്‍ ഞെട്ടിയിരിക്കണം.എന്തോ ഒരു ഒച്ച അവളില്‍ നിന്നുമുണ്ടായി. .ആ കുഞ്ഞു ആര് ?ഏതാണ് ?കൂടുതല്‍ ചിന്തകള്‍ക്ക്  അയാള്‍ക്ക്‌ സമയമുണ്ടായിരുനില്ല.അന്തംവിട്ടു നോക്കി നില്‍ക്കവേ അകത്തു ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്  വന്ന ആളെ കണ്ടു ജോസഫ്‌ ഞെട്ടി.

പ്രഭാകരന്‍ സാര്‍ ...തന്റെ മേലുദ്യോഗസ്ഥന്‍...തന്റൊപ്പം പണം അപഹരിക്കുവാന്‍ കൂട്ട് നിന്നവന്‍ ..അതിനു വേണ്ടി രേഖകളില്‍ കൃത്രിമം കാണിച്ചു എല്ലാ സഹായവും ചെയ്തു തന്നവന്‍..അവസാനം പിടിക്കപെട്ടപ്പോള്‍ അയാള്‍ കയ്യൊഴിഞ്ഞു .അയാള്‍ക്കെതിരെ തെളിവുകള്‍ ഒന്നുമില്ലാത്തത് കൊണ്ട് എനിക്കും വായ അടക്കെണ്ടിവന്നു.സിസിലിയുടെ  ധൂര്‍ത്തും അതിമോഹവുമായിരുന്നു എന്നെ വളഞ്ഞ വഴിയിലേക്ക് നയിച്ചിരുന്നത്. പണം ഒരിക്കലും അവള്‍ക്കു തികഞ്ഞില്ല.അവള്‍ക്കു വേണ്ടി ഞാനും പണം ഉണ്ടാക്കാന്‍  പെടാപാടുപെട്ടു.പിന്നെ ബാങ്കില്‍ ചെറിയ കള്ളത്തരങ്ങള്‍ കാണിച്ചു പണം അടിച്ചു മാറ്റി..പ്രഭാകരന്‍ സര്‍ കണ്ടു പിടിച്ചപ്പോള്‍  അയാള്‍ ശിക്ഷിക്കുവാനല്ല കൂടെ കൂട്ടി വലിയ കളവുകള്‍ ചെയ്യുവാനാണ് പ്രേരിപ്പിച്ചത്. കുറേകാലം അത് തുടര്‍ന്ന്.കൊണ്ടിരുന്നു.പക്ഷെ എവിടെയോ അത് പാളി .

സിസിലിയുടെ കയ്യിലുള്ള കുഞ്ഞു "അച്ഛാ"  ..എന്ന്  വിളിച്ചു കരഞ്ഞപ്പോള്‍ പ്രഭാകരന്‍  കുഞ്ഞിനെ വാങ്ങി.പിന്നെ ജോസെഫിനു ഒരു വിവരണവും ആവശ്യമില്ലായിരുന്നു.പലതും മനസ്സിലാക്കുവാന്‍ അയാള്‍ക്ക്‌ അത് ധാരാളമായിരുന്നു.അയാള്‍ വന്ന വഴിയെ തിരിഞ്ഞു നടന്നു.പിന്നില്‍ നിന്നും വന്ന നേരിയ തേങ്ങല്‍ അയാളെ അന്നേരം ആലോരസപെടുത്തിയതുമില്ല.

സ്റെപ്പ് ഇറങ്ങുമ്പോള്‍ പ്രഭാത സവാരി കഴിഞ്ഞു കയറിവരുന്ന സിസിലിയുടെ അച്ഛനെ ജോസഫ്‌ കണ്ടു,അത് കൊണ്ട് തന്നെ സൈഡിലേക്ക് മാറി നിന്ന് കൊടുത്തു..പക്ഷെ പ്രതീക്ഷിച്ചതായിരുനില്ല അയാളില്‍ നിന്നുമുണ്ടായത്.അച്ഛന്‍ ജോസെഫിനെ കെട്ടി പിടിച്ചു ..പൊട്ടികരഞ്ഞു കൊണ്ട് പറഞ്ഞു .

"ക്ഷമിക്കോ മോനെ നീ ഞങ്ങളോട് ...അവന്‍ എന്റെ മോളുടെയും എന്റെയും  ഇപ്പോഴത്തെ രക്ഷകനായി പോയി..അല്ലെങ്കില്‍ അവനെ പണ്ടേ പോലീസില്‍ പിടിപ്പിച്ചെനെ ...ഞാന്‍ എല്ലാം അറിയുമ്പോഴേക്കും നീ കുറ്റവും സമ്മതിച്ചു ജയിലിലായിപോയിരുന്നു..നിന്റെ പപ്പയെ കാണും മുന്‍പ് അവന്‍ അവന്റേതായ തീരുമാനം എടുത്തിരുന്നു....ഞാന്‍ മാത്രം എന്തെങ്കിലും ചെയ്‌താല്‍ അവന്‍ എന്നെയും എന്റെ മോളെയും .......പണ്ടത്തെ പ്രഭാകരന്‍ അല്ല അവനിപ്പോള്‍ ....." അയാള്‍ക്ക്‌ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

ഒന്നും പറയാതെ അയാള്‍ ഇറങ്ങി നടന്നു.എവിടെക്കെന്നോ എങ്ങോട്ട് എന്നോ അയാള്‍ക്ക്‌ നിശ്ചയമുണ്ടായിരുനില്ല.ആരൊക്കെയോ ചേര്‍ന്ന് കൊന്നുകളഞ്ഞ മനസ്സുമായി അയാള്‍ വലിച്ചു നടന്നു.താന്‍ മൂലം മാനഹാനി ഉണ്ടായി ജീവിതം ഹോമിച്ചു കളഞ്ഞ പപ്പയും മമ്മിയുമായിരുന്നു അയാളുടെ മനസ്സില്‍ ...അവരുടെ ശാപം പിന്തുടരുന്ന തന്റെ നശിച്ച ജീവിതം ഇനി എന്തിനു വേണ്ടി

അപ്പോള്‍  നേരം നന്നേ വെളുത്തിരുന്നു.തന്നെ ആളുകള്‍ മനസ്സിലാക്കി തുടങ്ങും മുന്‍പേ അവിടുന്ന് മുങ്ങാനായിരുന്നു അയാള്‍ ആഗ്രഹിച്ചത്..പിറ്റേന്ന് അമ്പലകുളത്തില്‍ പൊങ്ങിയ ശവത്തിനു ചിലര്‍ വര്‍ഗീയ പരിവേഷം കൂടി ചാര്‍ത്തി കൊടുത്തു .മരിച്ചിട്ടും അയാള്‍ക്ക്‌ രക്ഷകിട്ടിയില്ല .

കഥ :പ്രമോദ്‌ കുമാര്‍.കെ.പി

ചിത്രങ്ങള്‍ :kerala watercolor society (facebook group)