Thursday, April 18, 2013

ഒരു യാത്രയുടെ അവസാനം

ഒരേ സീറ്റില്‍ ആണെങ്കിലും അകലം പാലിച്ചാണ് ഇരുന്നിരുന്നത്.കുറച്ചു നാളുകള്‍ക്കുള്ളില്‍ മനസ്സില്‍ കടന്നു കൂടിയ വിടവ് തന്നെ കാരണം.കുറെ നാളുകള്‍ക്കു  ശേഷമുള്ള ഒരുമിച്ചുള്ള യാത്രയാണ്.അതും വളരെ കഷ്ട്ടപെട്ടു നിര്‍ബന്ധിച്ചു കൂട്ടി കൊണ്ടുവന്നത്. ഭര്‍ത്താവും ഭാര്യയും ആണെന്ന് പറഞ്ഞിട്ടെന്താണ് കാര്യം.കുറച്ചായി താമസം വേറെ വേറെയാണ്.കാണുന്നത് തന്നെ വിരളം.കുട്ടികള്‍ രണ്ടിടത്തുമായി നില്‍ക്കുന്നു.അവരുടെ ആഗ്രഹത്തിനനുസരിച്ചു .. രണ്ടും പെണ്‍ കുട്ടികള്‍ ആണ് .അത് കൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധിക്കണം .രണ്ടു വീട്ടിലും അവര്‍ സുരക്ഷിതര്‍ തന്നെ.അവരില്‍ നിന്നും വിശേഷം പരസ്പരം അറിയുന്നു എന്ന് മാത്രം.കഴിഞ്ഞ ദിവസം പിരിയുവാനുള്ള ആവശ്യം കാണിച്ചു വക്കീലിന്റെ കത്ത് കിട്ടിയപ്പോള്‍ അവസാനമായി ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി.ഈ പിണക്കം ഒക്കെ കുറച്ചു നാള്‍ കൂടി കഴിഞ്ഞാല്‍ തീരും എന്ന് കരുതിയതാണ്.പക്ഷെ ലെറ്റര്‍ വന്നപ്പോള്‍ അവള്‍ അകലാന്‍ തന്നെയാണ് തീരുമാനിച്ചത് എന്ന് മനസ്സിലായി.അതൊരു ഷോക്ക്‌ ആയിരുന്നു.അതിനാണ് യാത്രക്ക് വിളിച്ചത്.അവസാനമായി ഒരു ശ്രമം.ആദ്യം കുറെ എതിര്‍ത്തുവെങ്കിലും മക്കള്‍ സമ്മതിപ്പിക്കുകയായിരുന്നു അവളെ..സ്വന്തം ഇഷ്ട പ്രകാരമല്ല യാത്ര എന്നത് കൊണ്ട് തന്നെ ഒരു തരം മൌനം തുടക്കം മുതല്‍ അവളെ പിടി കൂടിയിരുന്നു.ഞാന്‍  ചോദിക്കുന്ന കാര്യങ്ങളില്‍ ഉത്തരം മൂളലില്‍ ഒതുക്കി അവള്‍ ഇരുന്നു.അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കിടയിലെ  മൌനം തുടര്‍ന്ന് കൊണ്ടിരുന്നു.

പുറത്തു  നല്ല നല്ല കാഴ്ചകള്‍ ഉണ്ടായിരുന്നിട്ടു കൂടി അത് ആസ്വദിക്കുവാന്‍ കഴിയാതെ ആ യാത്ര തുടര്‍ന്ന് കൊണ്ടിരുന്നു.

രണ്ടു പേര്‍ക്കും പരിചയം ഇല്ലാത്ത ദൂരെ ഒരു സ്ഥലംആണ് തിരഞ്ഞെടുത്തത്.കാരണം പറയുവാനുള്ളത് പറയാന്‍ കേള്‍ക്കുവാന്‍ ഉള്ളത് കേള്‍ക്കുവാന്‍ ഇത്തരം സ്ഥലം ആണ് നല്ലത്.ഇന്ന് അവിടെ ചെന്നാല്‍ സന്ധ്യ കഴിഞ്ഞാല്‍ പിന്നെ തിരിച്ചു വരാന്‍ പറ്റില്ല.നാളെ രാവിലെ മാത്രമേ മടക്കം നടക്കൂ.അത് കൊണ്ട് ഇന്ന് പറയുവാന്‍ ഉള്ളത് പറഞ്ഞാല്‍ തന്നെ കേള്‍ക്കുവാന്‍  ഇഷ്ടമല്ലാത്തത് ആണെങ്കില്‍ പോലും മനസ്സിന് തീരുമാനം എടുക്കാന്‍ സമയം ഉണ്ട്.കേള്‍വിക്കിടയില്‍ ഒരു ഒളിച്ചോട്ടം അസാധ്യമാണ്.അവരുടെ പല തര്‍ക്കങ്ങളും പാതിവഴിക്ക് അവസാനിക്കുക ഇത്തരം ഒളിചോട്ടത്തില്‍ കൂടിയായിരുന്നു.പരസ്പരം പറയുവാനുള്ളത് കേള്‍ക്കാതെ ഞാന്‍ ചെയ്തതാണ് ശരി എന്നു ഭാവിച്ചുള്ള പിന്തിരിയാല്‍.പലപ്പോഴും പരസ്പരം മനസ്സിലാക്കുവാന്‍ സാധിക്കാത്തതും അത് കൊണ്ട് തന്നെ.


  ആ ഹില്‍ സ്റ്റേഷനില്‍ ഒരു സുഹൃത്ത്‌ ഉണ്ട്.താമസവും മറ്റു സൌകര്യങ്ങളും  അവന്‍ ഒരുക്കും.ഇന്ന് ഒരു രാത്രിയും നാളെ ഒരു പകലും മാത്രമാണ് ഉള്ളത്.അതിനുള്ളില്‍ പറയുവാന്‍ ഉള്ളത് പറയണം.വീണ്ടും ഒന്നിക്കുവാന്‍ ഒരു അവസാന ശ്രമം ഞാന്‍ നടത്തും.എന്റെ തെറ്റ് കുറ്റങ്ങള്‍ സമ്മതിക്കാം .മാപ്പ് പറയാം.ബസ്‌ അവസാന സ്റ്റോപ്പില്‍ എത്തിയപ്പോള്‍ സന്ധ്യയായി.സ്റ്റാന്‍ഡില്‍ തന്നെ സുഹൃത്ത്‌ ഉണ്ടായിരുന്നു.

അവന്‍ ഒരുക്കിയ താമസസ്ഥലം ഗംഭീരം ആയിരുന്നു.അവനു അന്ന് രാത്രി ജോലി ആയതിനാല്‍ രാവിലെ കാണാം എന്ന് പറഞ്ഞു പിരിഞ്ഞു.അവിടെ ഒരു ജോലിക്കാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ ..ആ വീട് വൃത്തിയാക്കിയിടുവാന്‍ നമ്മള്‍ക്ക് ഭക്ഷണവും ഒക്കെ പാകം ചെയ്യുവാന്‍ അവന്‍ അവിടുന്ന് തന്നെ തരപെടുത്തിയതാവാം.വന്നത് മുതല്‍ ഭാര്യ അവളുമായി വര്‍ത്തമാനം ആണ്.അവര്‍ എന്തൊക്കെയോ പറഞ്ഞു പൊട്ടിചിരിക്കുന്നു.യാത്രയുടെ ക്ഷീണം കൊണ്ട് കണ്ണുകളില്‍ ഉറക്കം തളം കെട്ടിനിന്നു.പാടില്ല ഇന്ന് ഒരു ദിവസം ആണ് എന്റെ ഭാവി തീരുമാനിക്കുക.ഇന്ന് പറയുവാന്‍ ഉള്ളതൊക്കെ പറയണം.ക്ഷീണം അകറ്റുവാന്‍ കുളി തന്നെ ശരണം ...ഞാന്‍ കുളിമുറിയിലേക്ക് കയറി.

കുളി  കഴിഞ്ഞു വെറുതെ അവരുടെ അടുക്കലേക്ക് പോയി.ആ സംസാരത്തില്‍ പങ്കു ചേര്‍ന്നു.വേലക്കാരി ഭവ്യതയോടെ പറഞ്ഞു.
"സാറേ വിശക്കുന്നുണ്ടോ ?ഇപ്പോള്‍ തയ്യാറാകും .. ഭാര്യ പറഞ്ഞു നിങ്ങള്‍ നേരത്തെ തിന്നുന്ന കൂട്ടത്തിലാനെന്നും വേഗം ഉറങ്ങുന്ന ആള്‍ ആണെന്നും ... "
അവിശ്വസനീയതയോടെ ഞാന്‍ അവളെ നോക്കി.പക്ഷെ അവള്‍ മുഖം തിരിച്ചു കളഞ്ഞു.എങ്കിലും മനസ്സില്‍ ഒരു കുളിര്‍ മഴ പെയ്തതുപോലെ ....

"ചേച്ചിയുടെ പേര് എന്താ ?"ഞാന്‍ ചോദിച്ചു
"രേണുക .."
"ആരൊക്കെയുണ്ട് വീട്ടില്‍ ?"

"രണ്ടു പെണ്‍മക്കളും ഞാനും .... പിന്നെ ഭര്‍ത്താവും ..അയാളെ കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം.എപ്പോഴും കുടിയാണ് സാറേ .കൂടാതെ ഉപദ്രവവും . സഹിക്കാന്‍ പറ്റാതായപ്പോള്‍ കുറെ മുന്‍പ് ഞാന്‍ ഇറക്കി വിട്ടു.കുറേകാലം വേറെ ആയിരുന്നു.പക്ഷെ മോള്‍ക്ക്‌ ആലോചന വന്നു തുടങ്ങിയപ്പോള്‍ വരുന്നവര്‍ ഒക്കെ അച്ഛനെ കുറിച്ച്  അറിയണം അവര്‍ കാരണം അന്വേഷിക്കുവാന്‍ തുടങ്ങി.സത്യം പറഞ്ഞിട്ടും എല്ലാവരും എന്റെ കുറ്റമായി അതിനെ വിലയിരുത്തി..വീട്ടിലെ പെണ്ണിന്റെ കുഴപ്പം കൊണ്ട് ആണ് പോലും ആണുങ്ങള്‍ മോശം ആകുന്നതും മദ്യത്തിന് പിറകെ പോകുന്നതും അവര്‍ അവിടെ വാഴാത്തതും .കൂടാതെ എന്റെ കുട്ടികളുടെ അച്ഛന്‍ പോലും അയാള്‍ അല്ല എന്ന് വരെ കഥകള്‍ ഇറങ്ങി.അവസാനം അയാളെ വിളിച്ചു കൊണ്ട് വന്നു .ഇപ്പോഴും കുടി പണ്ടത്തെ പോലെ തന്നെ ഉണ്ട്  ഉപദ്രവം മാത്രം ഇല്ല..ചിലവിനും തരുന്നുണ്ട്. പക്ഷെ ഒന്നുണ്ട് സാറേ .. മുന്പത്തെ പോലെ പാതിരാത്രി വീടിനു മുട്ടലില്ല.അത് കൊണ്ട് തന്നെ ഇപ്പോള്‍ ഞാന്‍ തലയണക്കിടയില്‍ അരിവാളും സൂക്ഷിക്കാറില്ല... വീട്ടില്‍ ഒരു ആണ്‍ തരിവേണം സാറേ.അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ല.. പ്ര ത്യേകിച്ചും പെണ്‍ മക്കള്‍ ഉള്ള വീടുകളില്‍ . നമ്മളുടെ നാട്ടില്‍ പെണ്ണുങ്ങള്‍ എത്ര പുരോഗമിച്ചു എങ്കിലും ആണ്‍ പിന്തുണ ഇല്ലാതെ അവര്‍ക്ക് രക്ഷയില്ല.... അതാണ്‌ സത്യം... "

എനിക്കൊന്നും പറയുവാന്‍ തോന്നിയില്ല.അവളും ഒന്നും രേണുകയോട് ചോദിച്ചുമില്ല.ഭക്ഷണം കഴിഞ്ഞു .. പാത്രങ്ങള്‍ ഒക്കെ കഴുകി വൃത്തിയാക്കി രേണുക പോയി.നമ്മള്‍ രണ്ടുപേര്‍ മാത്രം ആയി.എങ്ങിനെ തുടങ്ങണം എന്നറിയാതെ ഞാന്‍ ഉരുകി നിന്നു. അവള്‍ എന്റെ അടുക്കല്‍ വന്നു എന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

"നിങ്ങള്‍ ഇന്ന് രാത്രി മുഴുവന്‍ പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിക്കുന്ന കാര്യം രേണുക പത്തു മിനിട്ട് കൊണ്ട് എനിക്ക് മനസ്സിലാക്കി തന്നു.നമ്മള്‍ രണ്ടു പേരും തെറ്റുകള്‍ ചെയ്തു.പരസ്പരം മനസ്സിലാക്കാതെ ജോലി ,പണം എന്നിവയുടെ പിറകെ ജീവിതം മറന്നു ഓടിക്കൊണ്ടിരുന്നു.നമ്മളുടെ മനസ്സില്‍ ഉണ്ടായിരുന്ന അഹംഭാവം നമ്മളെ തമ്മില്‍ തിരിച്ചറിയുന്നതില്‍ നിന്നും വിലക്കി.ഇനി അതുണ്ടാവാന്‍ പാടില്ല.അത്രക്ക് ഉപദ്രവിചിട്ടു രേണുകക്ക് അവളുടെ ഭര്‍ത്താവിനെ സഹിക്കാമെങ്കില്‍ ഇതൊന്നും എന്നോട് ചെയ്യാത്ത നിങ്ങളെ ഞാന്‍ എങ്ങിനെ ഉപേക്ഷിക്കും.?...നമ്മള്ടെ ഇഗോ മാത്രം പറിച്ചു കളഞ്ഞാല്‍ മതി . "

ഒരു തണുത്ത കാറ്റ് ഞങ്ങളെ തഴുകി കൊണ്ട് കടന്നു പോയി.പുതിയ ഒരു ജീവിതത്തിനു അവിടെ തുടക്കം കുറി ക്കപെടുകയായിരുന്നു.... വീടിനുള്ളിലേക്ക് കടന്നു വന്ന കുളിര്‍ നമ്മളുടെ മനസ്സിലേക്കും പടര്‍ന്നു.



കഥ :പ്രമോദ്‌ കുമാര്‍.കെ.പി

Tuesday, April 16, 2013

ലൈക്‌ ,കമന്‍ഡ്‌ എങ്ങിനെ കൂട്ടാം ?

"ഇന്നത്തെ പോസ്റ്റിനും ഇവിടെ ലൈക്‌ ,കമന്‍ഡ്‌ ഒക്കെ കുറവ് ..ഇങ്ങിനെ പോയാല്‍ ഈ ഗ്രൂപ്പില്‍ എനിക്ക് നിലനില്പില്ല .ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നതിലും മോശം പോസ്റ്റുകള്‍ക്കും കഥകള്‍ക്കും കവിതകള്‍ക്കും ഒക്കെ നല്ല പ്രതികരണം കിട്ടുന്നുണ്ട്‌.ചിലരുടെ രചനക്ക് അഡ്മിന്‍ അടക്കം പലരും നല്ല സപ്പോര്‍ട്ട് കൊടുക്കുന്നുണ്ട്.കൂടാതെ സംഘടിതരായ കുറേപേര്‍ അതിനെ ഒക്കെ പുകഴ്ത്തി എഴുതുന്നും ഉണ്ട് .ഒരു തരം കൂലി എഴുത്ത് കാരെപോലെ....ഇന്നത്തോടെ ഇവരുമായുള്ള സഹവാസം അവസാനിപ്പിക്കണം.എന്നെയും എന്റെ പോസ്റ്റുകളെയും അവഗണിക്കുന്നവര്കൊപ്പം   ഞാന്‍ ഇല്ല. .. അയാള്‍ തീരുമാനിച്ചു.അയാള്‍ ആ ഗ്രൂപ്പില്‍ നിന്നും ലീവ് ചെയ്തു.അയാള്‍ മറ്റു ഗ്രൂപ്പില്‍ കയറി നോക്കി ,അവിടെയും ഇത് തന്നെ സ്ഥിതി.ഈ ഫേസ് ബുക്കില്‍ ഒരു സംഘടിത വര്‍ഗം ഉണ്ട് ഓരോ ഗ്രൂപ്പിലും എന്നാണ് തോന്നുന്നത്.... അവര്‍ അവരുടെ ഇഷ്ടകാരെ മാത്രം താങ്ങുന്നു. അവരുടെ രചനകള്‍ മാത്രം പരിഗണിക്കുന്നു.എന്നിട്ട് മഹാകാവ്യം എഴുതിയതുപോലത്തെ അഭിപ്രായങ്ങളും .... ....

അയാള്‍ക്ക്‌ വലിയ വിഷമം ആയി . ഓരോ ഗ്രൂപ്പിലും കുറഞ്ഞത്  ആയിരം  പേര്‍ എങ്കിലും  ഉണ്ട് . അതില്‍ എന്റെ പോസ്റ്റുകള്‍ പത്തു പേര്‍ പോലും ലൈക്‌ ചെയ്യുനില്ല. കമന്‍ഡ്‌  ആകട്ടെ ചിലപ്പോള്‍ കിട്ടും പലപ്പോഴും ഇല്ല..  പെണ്‍പ്രൊഫൈല്‍  ആണെങ്കില്‍ ലൈക്‌, കമാന്‍ഡ്‌  എന്നിവയുടെ ഒഴുക്കാണ്.അങ്ങിനത്തെ കുറെ ഞരമ്പ്‌ രോഗികളുടെ താവളം ആണിപ്പോള്‍ ഫേസ് ബുക്ക്‌...ഇത് ഇനി അനുവദിച്ചു കൂടാ ... സ്വന്തമായി ഒരു ഗ്രൂപ്പ്‌ തുടങ്ങുക. ഇപ്പോള്‍ നല്ല കമാന്‍ഡ്‌ കിട്ടുന്നവരെ അതില്‍ ചേര്‍ക്കുക.കൂട്ടത്തില്‍ ഒരു കൂലി എഴുത്തുകാരെയും കണ്ടെത്താം.മനസ്സ് മരവിച്ച "എഴുത്തുകാരനായ "അയാള്‍ക്ക്‌ അതാണ്‌ ബുദ്ധിയില്‍ ഉദിച്ചത് . പല ഗ്രൂപുകളും ഉണ്ടാവുന്നത് എങ്ങിനെയെന്ന് അയാള്‍ മനസ്സിലാക്കി.

പുതിയ ഗ്രൂപ്പ്‌ കൊണ്ടും അതിന്റെ മുതലാളി ആയത് കൊണ്ടും വലിയ പ്രയോജനം ഒന്നും ഇല്ല എന്ന് അയാള്‍ താമസിയാതെ മനസ്സിലാക്കി.പെണ്ണുങ്ങളുടെ പേരില്‍ പ്രൊഫൈല്‍ തുടങ്ങിയാലോ ?അത് വേണ്ട നപുംസകങ്ങള്‍ കുറെയേറെ ഇപ്പോള്‍ തന്നെ ഉണ്ട് ..അതില്‍ ഒന്ന് കൂടി കൂട്ടുന്നതിലൊന്നും അയാള്‍ താല്പര്യം പ്രകടിപ്പിച്ചില്ല. സ്വന്തം പേരില്‍ നിന്ന് കൊണ്ട് ആള്‍ക്കാരെ ആകര്ഷിക്കണം.അതാണ്‌ വേണ്ടത്.ജനങ്ങളുടെ താല്പര്യമുള്ള വിഷയം കണ്ടുപിടിക്കണം ... പിന്നെ അത് വെച്ച് പോസ്റ്റ്‌ ഇടണം.എന്താണ് ഫേസ് ബുക്കിലെ ഇഷ്ട വിഷയം എന്ന് അയാള്‍ തിരക്കി.മാസങ്ങളുടെ നിരീഷണത്തില്‍ അയാള്‍ കാര്യം മനസ്സിലാക്കി.ഫേസ് ബുക്കില്‍ ഏറ്റവും കൂടുതല്‍ ചിലവാകുക മതവും രാഷ്ട്രീയവും ആണ്.കൂടുതല്‍ ചിലവഴിക്കപെടുന്ന മതവും രാഷ്ട്രീയവും അയാള്‍ തിരഞ്ഞു പിടിച്ചു.വര്‍ഗീയതയില്‍ കൈ വെക്കുന്നത് ആണ് കൂടുതല്‍ നല്ലതെന്നു അയാള്‍ മനസ്സിലാക്കി.

പിന്നെ അയാളുടെ എഴുത്ത് അതിലേക്കു തിരിഞ്ഞു വര്‍ഗീയമായ പോസ്റ്റുകള്‍ക്ക്‌ ലൈക്‌ ,കമാന്‍ഡ്‌  പ്രളയം ആയി.രാഷ്ട്രീയമായതിനും നല്ല വരവേല്‍പ്‌ ലഭിച്ചു.അയാള്‍ ഫേസ് ബുക്കില്‍ "പോപ്പുലര്‍ "ആയി .മതവും രാഷ്ട്രീയവും  ഇല്ല എന്ന് നൂരാവര്‍ത്തി പറഞ്ഞു നടക്കുന്നവരും മറ്റും അവരുടെ മനസ്സിലിരുപ്പ് അവരുടെ അഭിപ്രായങ്ങളില്‍ വ്യക്തമാക്കി തുടങ്ങി.അയാള്ക്ക് അത് പ്രചോദനമായി കൊണ്ടിരുന്നു. കൂടുതല്‍ വര്‍ഗീയമായി തുടങ്ങിയപ്പോള്‍ പ്രോത്സാഹിപ്പിക്കുവാന്‍ കുറെ പേരും...ഇതൊക്കെ നേരത്തെ മനസ്സില്‍ വരാത്തതിനെ  അയാള്‍ സ്വയം പഴിച്ചു.മാസങ്ങള്‍ കഴിഞ്ഞു പോയി അയാളുടെ വാക്കുകള്‍ക്കു മൂര്‍ച്ച കൂടി വന്നു ... ശത്രുക്കളെ സ്വയം ഉണ്ടാക്കികൊണ്ടിരുന്നു..ഫേസ് ബുക്കില്‍ അയാളുടെ എതിരായി നിന്നവരെയൊക്കെ വാക്കുകള്‍ കൊണ്ട് തുരത്തി.

നിരീക്ഷിക്കപെടുയാണെന്ന്  അയാള്‍ അറിഞ്ഞില്ല . കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ അയാളുടെ പോസ്റ്റുകള്‍ വരാതെയായി.ആദ്യം കുറച്ചുപേര്‍ അന്വേഷിച്ചു പിന്നെ പിന്നെ ആരും അയാളെ അന്വേഷിച്ചില്ല.  നൂറായിരം പുതു പോസ്റ്റുകള്‍  വരുന്ന സ്ഥലത്ത് ഒന്ന് രണ്ടു ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ അയാള്‍ വിസ്മൃതിയില്‍ ആയി.

പിന്നെപ്പോഴോ  ആരോ പോസ്റ്റ്‌ ചെയ്ത അജ്ഞാതജഡത്തിന്റെ ചിത്രത്തിന് അയാളുടെ മുഖമായിരുന്നോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു.ആ ചിത്രം ഫേസ് ബുക്കിലെ പല ഗ്രൂപ്പിലും കറങ്ങി നടന്നു.അയാള്‍ക്ക്‌ അതുവരെ ഒരു പോസ്റ്റിനും കിട്ടാതത്ര ലൈക്കും കമന്ടും ആ ഒരൊറ്റ ചിത്രത്തിന് ലഭിച്ചു കൊണ്ടിരുന്നു....

കഥ :പ്രമോദ്‌ കുമാര്‍.കെ.പി.


കടപ്പാട് :ഇപ്പോള്‍ ഈ ഗ്രൂപ്പില്‍ കാണാറില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ "ഈ ഗ്രൂപ്പില്‍ കമന്‍ഡുകള്‍ കുറവ് മാത്രമേ കിട്ടുന്നുള്ളൂ അത് കൊണ്ട് വരാറില്ല എന്ന് വിലപിച്ച സുഹൃത്തിനു....

Monday, April 15, 2013

പ്രയാണം

"മാഷെ  മാഷേ.... പോകണ്ടേ .... ? ."
"ആ പോകണം ... "
"എന്നാല്‍ പെട്ടെന്ന്  എഴുനെല്‍ക്കൂ ... "
"അതിനു സമയം ആയോ ?... "
 "ഇപ്പോള്‍ വെളുപ്പിന് നാലര ആയി .."
"അതല്ല ചോദിച്ചത് ഇന്ന് തന്നെ പോകണമോ ?'"
"ഇന്നാണ് അവസാന ദിവസം ... അത് കൊണ്ട് വെളുപ്പിനെ വിളിക്കാമെന്ന് കരുതി . വേണമെങ്കില്‍ കുറച്ചു കൂടി ഉറങ്ങിക്കോളൂ ... ഞാന്‍ രാവിലെ വന്നു വിളിക്കാം .അടുത്തുള്ള ഒന്ന് രണ്ടു പേരെ കൂടി കൂട്ടുവാനുണ്ട് "
"വേണ്ട ഇപ്പോള്‍ തന്നെ പോകാം . അല്ലെങ്കില്‍ ഭാര്യയും മക്കളും ഒക്കെ അറിയും അവരെ വിഷമിപ്പിക്കേണ്ട .."
"അവരെ അറിയിക്കേണ്ടെ ?"
"വേണ്ട പോയി കഴിഞ്ഞു  അറിഞ്ഞാല്‍ മതി വെറുതെ എന്തിനു അവരുടെ ഉറക്കം കളയണം.. എനിക്കുവേണ്ടി മാസങ്ങളോളം ആശുപത്രിയില്‍ ഉറക്കം നഷ്ട്ടപ്പെടുത്തിയവര്‍ ആണ് . ഇന്നെങ്കിലും സുഖമായി ഉറങ്ങട്ടെ.ഇനി എന്നെ കൊണ്ട് അവര്‍ വിഷമിക്കരുത്."
"എല്ലാം മാഷിന്റെ ഇഷ്ട്ടം . എന്നാല്‍ വേഗം വാ ആരും അറിയേണ്ട ... "


നേരം പുലര്‍ന്നു .. അയാളുടെ ഭാര്യയുടെ  വലിയ വായിലെ നിലവിളി കേട്ട് ആ വീടുണര്‍ന്നു.പിന്നെ നിലവിളിയുടെ കാരണം അറിഞ്ഞു നാട്ടുകാര്‍ ഒന്നൊന്നായി വന്നു തുടങ്ങി.

"കുറച്ചുകാലം ആശുപത്രിയില്‍ ആയിരുന്നു.കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു വന്നതാണ് ഉറക്കത്തില്‍ മരണം സംഭവിച്ചു ... അത്ര തന്നെ ... "ആരോ വിശദീകരിച്ചു

ആ വീട്ടിലേക്കു ആള്‍കാര്‍ ഒഴുകിയെത്തി.തങ്ങളുടെ പ്രിയപ്പെട്ട മാഷിനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ ...


കഥ :പ്രമോദ്‌ കുമാര്‍.കെ.പി.

. .

Saturday, April 6, 2013

സവാരി

"ഇന്നത്തെ കണി വളരെ മോശം തന്നെ ..രാവിലെ ആരെയാണ് ആവോ കണ്ടത് ..ഭക്ഷണം കഴിഞ്ഞു സ്റ്റാന്‍ഡില്‍ വന്നിട്ട് ഒരു മണികൂര്‍ ആയി ,ഇത് വരെ ഒരു ഓട്ടം കിട്ടിയിട്ടില്ല..രാവിലെയും വളരെ മോശം ആയിരുന്നു. ഒന്ന് രണ്ടു ചെറിയ ഓട്ടം മാത്രം.വിഷു അടുത്ത് വരുന്നു .കാര്യമായി ഒന്നും ഇല്ല കയ്യില്‍ ,വണ്ടിയുടെ അടവും മറ്റും കഴിഞ്ഞാല്‍ പിന്നെ എന്തുണ്ടാവാന്‍ ?മക്കള്‍ക്കും അവള്‍ക്കും എന്തെങ്കിലുമൊക്കെ വാങ്ങി കൊടുക്കണം ,അതാണ്‌ വിഷുവിനു പതിവ്.പക്ഷെ ഈ പ്രാവശ്യം വളരെ പോക്കാണ്.എല്ലാറ്റിന്റെയും വിലകൂടി ജനത്തിന്റെ നടുവ് ഓടിഞ്ഞിരിക്കുന്നു ..ഓട്ടോവില്‍ യാത്ര ചെയ്യുന്നവര്‍ ഒക്കെ ഒന്നുകില്‍ ബസ്സില്‍ അല്ലെങ്കില്‍ നടത്തം ..എന്റെ മാത്രം അല്ല പലരുടെയും ഇപ്രാവശ്യത്തെ വിഷു ഗോവിന്ദ ..."

അയാള്‍ കോട്ടുവായിട്ടു ...ഉറക്കം കണ്ണുകളെ ചിമ്മിപ്പിക്കുന്നു.പതിവില്ലാത്തതാണ് ..വേരുതെയിരിക്കുന്നത് കൊണ്ടാവാം .ഏതായാലും പിന്നില്‍ കിടന്നു ഒന്ന് മയങ്ങാം ,ആരെങ്കിലും വന്നാല്‍ വിളിക്കും.അയാള്‍ പിന്‍ സീറ്റിലേക്ക് കയറിയിരുന്നു.പിന്നെ മെല്ലെ സീറ്റിലേക്ക് ചാഞ്ഞു .പെട്ടെന്ന് എന്തോ കാലുകളില്‍ തട്ടിയത് പോലെ തോന്നി .അയാള്‍ എഴുനേറ്റു നോക്കി.തടിച്ചു വീര്‍ത്ത ഒരു പേഴ്സ് കിടക്കുന്നു.വിറയ്ക്കുന്ന കൈകളോടെ അയാള്‍ അതെടുത്ത്  തുറന്നു.ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അടുക്കി വെച്ചിരിക്കുന്നു.പത്തു പതിനഞ്ചു ആയിരം എങ്കിലും കാണും...

"ഹലോ ചേട്ടാ ..പി.എം താജ് റോഡില്‍ പോകുമോ ?"

അയാള്‍ ഞെട്ടി ,ആരോ സവാരിക്ക് വന്നതാണ്.അയാള്‍ പുറത്തിറങ്ങി ,മറുപടിക്ക് മുന്‍പേ ആഗതന്‍ ഓട്ടോക്കുള്ളില്‍ കയറിയിരുന്നു.ഓട്ടോ ഡ്രൈവര്‍  പേഴ്സ് പോക്കറ്റില്‍ തിരുകി.പിന്നെ വണ്ടിഎടുത്തു.

"ആരുടേതായിരിക്കും ഈ പേഴ്സ് ?രാവിലെ ഒരാള്‍ റെയില്‍വേ സ്റ്റേഷനില്‍ പോകാന്‍ കയറിയിരുന്നു.പിന്നെ അവിടുന്ന് ഒരു കുടുംബത്തെ കല്ലായിയില്‍ എത്തിച്ചു...ഇവരില്‍ ആരുടെതും ആവാം.വേറെ ആരും കയറിയിട്ടില്ല.കല്ലായികാരുടെത്  ആവാനാണ് സാധ്യത.അല്ലെങ്കില്‍ അവര്‍ ഈ പേഴ്സ് കാണേണ്ടതല്ലേ ?"

'ഹലോ സര്‍ എനിക്ക് പി.എം .താജ് റോഡില്‍ ആണ് പോകേണ്ടത് ..കല്ലായി ഭാഗം അല്ല."
'സോറി ഞാന്‍ വേറെ എന്തോ ആലോചിച്ചു "
'നിങ്ങള്‍ ഓട്ടോ ഓടിക്കുമ്പോള്‍ അതും ഇതും ആലോചിച്ചു നമ്മളെ കുഴപ്പത്തില്‍ ആക്കരുത് .."അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

അയാളെ ഇറക്കി.ഇനി വീട്ടിലേക്കു പോയാലോ ?കയ്യില്‍ നല്ല ഒരു സംഖ്യ ഉണ്ട്.അത് തിരിച്ചു കൊടുക്കണമോ ?വേണ്ടയോ ?എന്റെ കഷ്ട്ടപാട്  കണ്ടു ദൈവം തന്നതെന്ന് വിശ്വസിക്കം.അയാള്‍ വിയര്‍ത്തു.മനസ്സ്  ഒരു തീരുമാനം എടുക്കുനില്ല.ഇതുവരെ ഇങ്ങിനത്തെ ഒരു അവസ്ഥയില്‍ പെട്ടിട്ടില്ല..മുന്‍പ് കിട്ടിയ കുട ,കമ്മല്‍  ,പണം ഒക്കെ തിരിച്ചു നല്‍കി മാതൃക കാട്ടി.പക്ഷെ ഇന്ന്  നട്ടം തിരിയുന്ന ഒരു അവസ്ഥയില്‍ ഒന്നും തീരുമാനിക്കുവാന്‍ കഴിയുനില്ല.പാന്റിന്റെ പോക്കറ്റിലെ പേഴ്സ് അവിടെ കിടന്നു തിളക്കുന്നു.ആ ചൂട് ദേഹതൊക്കെ പടരുന്നത് മാതിരി...ഒരു തരാം അസ്വസ്ഥത ...


"എവിടെ നോക്കിയാ വണ്ടി ഓടിക്കുന്നത് "...തൊട്ടു തൊട്ടില്ല എന്ന നിലയില്‍ ഒരു ബൈക്ക് ...അയാള്‍ എന്തൊക്കെയോ പുലമ്പി ..മനസ്സ്  പോക്കറ്റിലെ പേഴ്സ് കൊണ്ടുപോയി ..അത് കൊണ്ട് തന്നെ ഒന്നും ശരിയായി വരുനില്ല ..എന്ത് ചെയ്യണം ?എല്ലാം യാന്ത്രികമായി സംഭവിക്കുകയാണ് ."

പിന്നെയും  ഒന്ന് രണ്ടു സവാരികള്‍ കിട്ടി .താല്പര്യം ഇല്ലായിരുന്നു ..പക്ഷെ അടുത്ത് പോലീസ് ഉണ്ടായതിനാല്‍ പോകില്ല എന്ന് പറയുവാനും പറ്റിയില്ല.അതൊക്കെയും യാത്രകാരുടെയും മറ്റു ഡ്രൈവര്‍മാരുടെയും തെറികള്‍ കേള്പ്പിക്കുവാന്‍ ഇടയാക്കി.ഒരു തീരുമാനത്തില്‍ എത്തണം അല്ലെങ്കില്‍ ഞാന്‍ നീറി നീറി മരിക്കും.ഉച്ചക്ക് തുടങ്ങിയ നീറ്റലാണ് അത് ഇപ്പോള്‍ സന്ധ്യക്കും തുടരുന്നു.ഇനിയും തുടര്‍ന്നാല്‍ ടെന്‍ഷന്‍ കാരണം ഞാന്‍ മരിച്ചുപോകും.മനസ്സിനെ എന്തെങ്കിലും ഒന്ന് പറഞ്ഞു പഠിപ്പിക്കണം.മനസ്സ് ഒന്ന് തണുപ്പിക്കണം .ഏതായാലും തീരുമാനിച്ചു .

പിന്നെ കിട്ടിയ സവാരികള്‍ വേണ്ടെന്നു വെച്ച് അയാള്‍ വീട്ടിലേക്കു പുറപ്പെട്ടു.ഭാര്യ അറിഞ്ഞാല്‍ വഴക്ക് പറയും ,അത് കൊണ്ട് അവളെ അറിയിക്കേണ്ട.പെട്ടെന്ന് കണ്ണില്‍ ഒരു ബോര്‍ഡ്‌ ഉടക്കി.വണ്ടി തിരിച്ചു അവിടേക്ക് വിട്ടു..

അവിടെ നിന്നും ഇറങ്ങുമ്പോള്‍ വലിയ ഒരു ഭാരം ശരീരത്തില്‍ നിന്നും ഇറങ്ങിയതുപോലെ തോന്നി.മനസ്സും ശരീരവും ഒക്കെ ശുദ്ധമായതുപോലെ ...മണിക്കൂറുകള്‍ അനുഭവിച്ച ടെന്‍ഷന്‍ വെറും കാല്‍മണി നേരം കൊണ്ട് ഇല്ലാതായി.എവിടെ നിന്നോ പുതു ശ്വാസം വന്നത് പോലെ .ആദ്യമായല്ല പോലീസ് സ്റ്റേഷനില്‍ കയറുന്നത് ..എന്നിട്ടും ഭയമായിരുന്നു അയാള്‍ക്ക്‌ ..അപരാധിയല്ലെങ്കില്‍ പോലും  ഓരോ തവണയും അതയാള്‍ അനുഭവിച്ചു കൊണ്ടിരുന്നു..

അയാള്‍ ഓട്ടോ സ്റ്റാര്‍ട്ട്‌ ചെയ്തു വീട്ടിലേക്കു വണ്ടി വിട്ടു.ഒരു മൂളി പാട്ട് അയാളുടെ സഞ്ചാരത്തെ അനുഗമിച്ചു കൊണ്ടിരുന്നു.എന്ത് പ്രശ്നം ഉണ്ടായാലും അന്യരുടെ മുതല്‍ ആഗ്രഹിക്കരുതെന്ന സത്യം അയാളില്‍ ഇപ്പോഴും  നിലകൊണ്ടിരുന്നു,

കഥ ;  പ്രമോദ്‌ കുമാര്‍.കെ.പി

Friday, April 5, 2013

"അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല "

" മോനെ  ബഷീരെ ,നമുക്കൊന്ന് പുറത്തിറങ്ങി കറങ്ങി വന്നാലോ ?"

അയാള്‍ ബഷീറിനെ വിളിച്ചു.ഇപ്പോള്‍ അയാള്‍ക്ക് എന്തിനും ഏതിനും ബഷീര്‍ വേണം . പത്തു പതിനഞ്ചു കൊല്ലമായി കൂടെ നില്‍ക്കുന്നു.ഡ്രൈവര്‍ ആയും വേലക്കാരന്‍ ആയും അടുക്കളകാരന്‍ ആയുംസുഹൃത്ത്‌ ആയും  ഒക്കെ.അയാള്‍ക്ക് ഇപ്പോള്‍ ബഷീര്‍ മതി.അത് കൊണ്ട് തന്നെ ഒറ്റ തടിയായ അവന്‍ അയാള്‍ക്കൊപ്പം തന്നെ താമസവും.അയാളുടെ ഭാര്യ നേരത്തെ മരിച്ചു പോയി ,നല്ല പഠിപ്പ് കിട്ടിയ മക്കള്‍ ഒക്കെ നല്ല ജോലി കിട്ടി പുറം നാട്ടില്‍ .അപ്പോള്‍ ഒറ്റയ്ക്ക് താമസിക്കുന്ന അയാള്കൊപ്പം ബഷീര്‍ അവിടെ തങ്ങുന്നത് തന്നെയാണ് അയാള്‍ക്കും മക്കള്‍ക്കും ഇഷ്ടം.

ബഷീര്‍ വിളികേട്ട് അകത്തു നിന്നും വന്നു.കാരണവര്‍ വരാന്തയില്‍ ഉലാത്തുകയാണ്.ബഷീറിനെ കണ്ടു അയാള്‍ നടത്തം നിര്‍ത്തി.
"എവിടേക്ക സാറേ  പോകേണ്ടത് ?"
"വെറുതെ ഒന്ന് പുറത്തേക്കു  .."
 "ഈ രാത്രിയിലോ .."
"അതൊന്നും സാരമില്ല നീ വേഗം ഒരുങ്ങി വാ .."
ബഷീര്‍ അകത്തു പോയി പെട്ടെന്ന് തന്നെ വസ്ത്രം മാറി വന്നു . അയാള്‍ ബഷീറിനെ നോക്കി പറഞ്ഞു
"നീ പാന്റ്സ് ഇട്ടു വാ മുണ്ട് വേണ്ട .."
"അതെന്താ സാറേ  .. മുണ്ടിന് കുഴപ്പം ?
'അതൊക്കെ നിനക്ക് വഴിയെ മനസ്സിലാകും .. ഇപ്പോള്‍ നീ മാറി വാ .."

യാത്ര എവിടേക്ക് എന്നൊന്നും അയാള്‍ പറഞ്ഞില്ല.കാറിലെ സംഗീതത്തില്‍ ലയിച്ചു അയാള്‍ താളം പിടിക്കുന്നു . ,വണ്ടി ഓടികൊണ്ടിരുന്നു .  കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ അയാള്‍ ഇടത്തേക്ക് തിരിക്കാന്‍ പറഞ്ഞു .
"ഓ ഇത്  അബലത്തിലെക്കുള്ള വഴിയാണല്ലോ ... അമ്പലത്തിലെക്കാണോ ?.."
"അതെ ബഷീര്‍ .. ഇന്ന് ഉത്സവം തുടങ്ങുകയല്ലേ കൊടിയേറ്റം കാണണം .... "
"ഉം  .. ബഷീര്‍ മൂളി .."

തിരക്ക് കൂടുതലായിരുന്നു.അത് കൊണ്ട് തന്നെ കാര്‍ കുറച്ചു അകലെ പാര്‍ക്ക്‌ ചെയ്യേണ്ടി വന്നു.കാറില്‍ നിന്നും ഇറങ്ങി അയാളുടെ കയ്യും പിടിച്ചു അമ്പലത്തിന്റെ വഴിയെ നടന്നു.കവാടം എത്തിയപ്പോള്‍ ബഷീര്‍ അയാളുടെ കൈ വിടുവിച്ചു 
"എന്താ ബഷീര്‍ ..?"
"ഞാന്‍ ഇവിടെ വരെയേ ഉള്ളൂ .. അയാള്‍ ബോര്‍ഡ്‌ ചൂണ്ടി കാണിച്ചു .."
"അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല "

'അതൊന്നും പ്രശ്നം ഇല്ല ,ആരും അറിയാന്‍ പോകുനില്ല ,അത് കൊണ്ടല്ലേ ഇടത്തു  മുണ്ട് ഉടുത്തിരുന്ന നിന്നെ അത് മാറ്റി പാന്റ്സ് ഇടുവിച്ചത് .."
വേണ്ട ചേട്ടാ .. ചെറുപ്പത്തില്‍ ഉത്സവം കാണുവാന്‍ ഉള്ള ആവേശത്തില്‍ കൂട്ടുകാരോടൊത്തു ഇതിനകത്ത് കയറിയപ്പോള്‍ കിട്ടിയതിന്റെ വേദന ഇപ്പോഴും ഉണങ്ങാതെ മനസ്സില്‍ ഉണ്ട്.,എന്തിനാ സാറേ വെറുതെ ആള്‍ക്കാരെ കൊണ്ട് പണി ഉണ്ടാപ്പിക്കണം .."

"എന്നാല്‍ വേണ്ട ഞാനും കയരുനില്ല നമുക്ക് രണ്ടു പേര്‍ക്കും പുറത്തു ഇരിക്കാം കൊടിമരം ഉയരത്തില്‍ ആയതുകൊണ്ട് എവിടെ ഇരുന്നാലും കൊടിയേറ്റം കാണാം. അത് തന്നെ ഭാഗ്യം "

അവര്‍  പുറത്തെ മതിലില്‍ ഇരുന്നു നേരമ്പോക്കുകള്‍ തുടങ്ങി.അയാള്‍ ചെരുപ്പത്തില്‍ ഉത്സവത്തിന്‌ വന്നതും ,ആനയെ തൊടുവാന്‍ ശ്രമിച്ചതും ആനയുടെ വാല് കൊണ്ട് അടി കിട്ടിയതും ഒക്കെ പറഞ്ഞു . കാലം പോകും തോറും മനുഷ്യന്റെ ഉള്ളില്‍ മതം എന്ന വേലിക്കെട്ടുണ്ടാവുന്നതും അത് അവരെ പരസ്പരം വൈരികള്‍ ആക്കുന്നതും ഒക്കെ ...... ബഷീര്‍ എല്ലാം കേട്ട് നിന്നു.അയാള്‍ക്ക് ഉത്സവം സമ്മാനിച്ചത് നൊമ്പരം ആയത് കൊണ്ട് ഒന്നും പറയുവാന്‍ ഇല്ലായിരുന്നു

"ക്രിസ്ത്യാനികള്‍ ഒഴിച്ച് ആരും അന്യ മതസ്ഥരെ അവരുടെ ദേവാലയങ്ങളില്‍ അടുപ്പിക്കില്ല ,എന്നാല്‍ അവരിലെ ചിലര്‍ മറ്റുള്ള മതസ്ഥരെ  അവരിലേക്ക് ആകര്‍ഷിച്ചു മതം മാറ്റുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു...അങ്ങിനത്തെ ഒരു വര്‍ഗം. ഇപ്പോള്‍ ഇവിടെ തന്നെ ഒരാപത്തു വന്നാല്‍ മതവും ജാതിയും നോക്കി ആള്‍കാരെ രക്ഷക്ക് എര്പെടുത്തുവാന്‍ പറ്റുമോ ?അല്ലെങ്കില്‍ ഈ ദേവാലയങ്ങളില്‍ ഒക്കെ എന്തെങ്കിലും റിപ്പയര്‍ ചെയ്യാന്‍ അതെ മതക്കാരെ തപ്പി നടക്കേണ്ട ഗതികേടും ... ഈ ദേവാലയങ്ങള്‍ ഒക്കെ പണിതതും സ്വന്തം മതക്കാര്‍ തന്നെ എന്നുള്ളതിനു എന്താണ് ഉറപ്പു ള്ളത് ..?അയാള്‍ ചെറുതായി ഒരു സിനിമാപാട്ട് മൂളി

ഈശ്വരന്‍ ഹിന്ദു അല്ല
ഇസ്ലാം  അല്ല
ക്രിസ്ത്യാനി അല്ല
ഇന്ദ്രനും ചന്ദ്രനും അല്ല ....
.

അവര്‍ക്ക് മുന്നിലൂടെലക്ഷണം ഒത്ത ഒരു കൊമ്പന്‍ നടന്നു പോയി.അവരുടെ അടുത്തിരുന്ന ആരോ പറഞ്ഞു
"ഇത് നമ്മുടെ പീറ്ററിന്റെ ആനയ .... ഇവനെ പോലെ തലയെടുപ്പുള്ള ഒരാനയും ഇന്ന് ഈ പ്രദേശത്തില്‍ ഇല്ല വര്‍ഷങ്ങള്‍ ആയി ഇവന്‍ ആണ് സ്വാമിയെ എഴുനള്ളിക്കുന്നത് ...അത് പോലെ ഇന്നത്തെ കരിമരുന്നു പ്രയോഗം അത് അബൂക്കയുടെ  അവകാശം ആണ്  ..... അയ്യാള്‍ ചിലവാക്കുന്നത് പോലെ വേറെ ആരും കൊടിയേറ്റ ദിവസം പടക്കത്തിന്  ചിലവാക്കുകയില്ല . "

ബഷീറിനും  അയാള്‍ക്കും ചിരി പൊട്ടി.അവര്‍ക്ക് ഒരു കാര്യം മനസ്സിലായി പണത്തിനും മൃഗത്തിനും ജാതിയും മതവും ഒന്നും ഇല്ല .അവയ്ക്ക് എവിടെയും കയറാം.. അത് ജാഡ കാണിക്കുവാനും കാണിപ്പിക്കുവാനും, അമ്പലം ,പള്ളി എന്നിവക്കുള്ളില്‍ കയറും ,അല്ലെങ്കില്‍ കയറ്റും.പക്ഷെ അതിന്റെ പിന്നിലെ മനുഷ്യന് അവിടങ്ങളില്‍ ഒക്കെ പ്രവേശനം ഇല്ല. മനുഷ്യനെ മാത്രമേ മതത്തിന്റെ വേലി കെട്ടി വേര്‍തിരിചിട്ടുള്ളൂ ..
അപ്പോള്‍ അയാളുടെ മനസ്സില്‍   ഇരമ്പി  വന്നത് വേറെ ഒരു സിനിമ ഗാനം ആയിരുന്നു ..

മനുഷ്യന്‍ മതങ്ങളെ സൃഷ്ട്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ട്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്ന്
മണ്ണ് പങ്കുവെച്ചു മനസ്സ് പങ്കുവെച്ചു


കഥ  :പ്രമോദ്‌ കുമാര്‍. കെ.പി

.



Wednesday, April 3, 2013

വ്യഭിചരിക്കുന്ന മാധ്യമങ്ങള്‍

 നമ്മുടെ മാധ്യമങ്ങള്ക്ക് എന്ത് പറ്റി ?ചോദ്യം എന്റേത് മാത്രമല്ല കുറച്ചു ദിവസങ്ങളായി ഫേസ്ബുക്ക്‌ പോലുള്ള കൂട്ടായ്മകളില്‍ സുഹൃത്തുക്കള്‍ പരസ്പരം ചോദിച്ചു തുടങ്ങിയിരിക്കുന്നു.പത്രം കൈകൊണ്ടു തൊടുവാന്‍ തന്നെ അറപ്പ് ആകുന്നു എന്നുവരെ ഫേസ് ബുക്കില്‍ പോസ്റ്റ്‌ വന്നു തുടങ്ങി .സത്യം തന്നെയാണ് . പത്രങ്ങള്‍ പത്രധര്‍മം മറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു.

ഇപ്പോള്‍  എല്ലാ പത്രങ്ങളും സ്വന്തം ചാനല്‍ തുടങ്ങിയിരിക്കുന്നു.അത് കൊണ്ട് തന്നെ ആ മേഖലയില്‍ നല്ല ഒരു മത്സരം നടക്കുകയാണ്.മത്സരം നടന്നാല്‍ നമ്മള്‍ക്ക് കിട്ടേണ്ടത് ആരോഗ്യകരമായ നല്ല ഒരു റിസള്‍ട്ട് ആണ് പക്ഷെ പലരും ചെയ്യുന്നത് അതിനു അപവാദം ആയിട്ടാണ്.പലരും വാര്‍ത്ത പറയുന്നത് തന്നെ നമ്മള്‍ക്ക് ആണ് ഈ ദ്രിശ്യങ്ങളും വാര്‍ത്തയും ആദ്യം കിട്ടിയത് എന്ന മുഖവുര യോടെയാണ് . ആര്‍ക്കു കിട്ടിയാല്‍ എന്താ നമുക്ക് വാര്‍ത്ത അറിഞ്ഞാല്‍ മതിയല്ലോ എന്നാണ് പലരും തിരിച്ചു ചോദിച്ചു കൊണ്ടിരിക്കുന്നത്.

 ഇന്ന് ഒരു പത്രത്തില്‍ ,ചാനലില്‍ വരുന്ന വാര്‍ത്ത ശരിതന്നെ ആണെന്ന് അറിയണം എങ്കില്‍ മറ്റു രണ്ടെണ്ണം കൂടി നോകേണ്ട ഗതികേടിലാണ് പൊതു ജനം.അങ്ങിനെ ഇവിടെ ആര്യയും അമൃതയും ഒക്കെ സൃഷ്ട്ടിക്കപെടുമ്പോള്‍ അവര്‍ക്ക് ജയ് വിളിച്ച പലരും പിന്നെ അപമാനിതര്‍ ആകുന്നു.ഇവരൊക്കെ മാധ്യമ സൃഷ്ട്ടികള്‍ മാത്രം ആണെന്ന് അറിയാന്‍ നമ്മള്‍ വൈകി പോകുന്നു.ഇവിടെ മത്സരം മുറുകും തോറും വാര്‍ത്തകള്‍ സൃഷ്ട്ടിക്കപെടുകയാണ് . ഇങ്ങിനത്തെ പോക്ക് ഉണ്ടാകുമ്പോള്‍ നമ്മള്‍ അറിയേണ്ട പല വാര്‍ത്തയും അറിയാതെ പോകുന്നു,അല്ലെങ്കില്‍ പ്രാധ്യനം കിട്ടാതെ തഴയപെടുന്നു.കഴിഞ്ഞ ദിവസം മരുന്ന് വിഷയത്തില്‍ ഉണ്ടായ സുപ്രധാനമായ സുപ്രിംകോടതി വിധി ബി ബി സി എന്ന മാധ്യമ ഭീകരന്‍ കവര്‍ സ്റ്റോറി ആയി ചര്‍ച്ച ചെയ്തപ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ മന്ത്രിയുടെ അനാശാസ്യത്തിന്റെ പിറകെ ആയിരുന്നു.

സൌദിയില്‍ ഭയങ്കര പ്രശ്നമാണ് അവിടെ ആള്‍കാര്‍ ചെക്കിംഗ് ഭയന്ന് ഒളിച്ചിരിക്കുകയാണ് എന്നൊക്കെയാണ് ഒരു പുതിയ ചാനല്‍ അടിച്ചു വിട്ടത്.അവര്‍ പറഞ്ഞ സ്ഥലത്തുള്ള നമ്മളുടെ ഫേസ് ബുക്ക്‌ സുഹൃത്ത്‌ ഉസ്മാനിക്ക പിറ്റേന്ന് ഈ വിഷയം വെച്ച് ഒരു പോസ്റ്റ്‌ ഇട്ടപ്പോള്‍ ആണ് അവര്‍ വെറുതെ നാട്ടില്‍ ഉള്ളവരെ പേടിപ്പിക്കുകയാണെന്ന് മനസ്സിലാക്കിയത്.കൂടാതെ അവിടെയുള്ള പലരും മാധ്യമങ്ങളോട് അപേക്ഷിച്ചു "നിങ്ങള്‍ സഹായിക്കണം എന്നില്ല വേണ്ടാത്തത് പറഞ്ഞു ഉപദ്രവിക്കരുതേ എന്ന് ".

 സൌദിയില്‍ നിന്നും പാലായനം ഉണ്ട് എന്നത് സത്യം .ശരിയായ വിസയില്‍ പോയി അവിടുത്തെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ഒരു പ്രശ്നവും ഇല്ല എന്നാണ് അവിടെ ഉള്ളവര്‍ പറയുന്നത്.അങ്ങിനെ ഇല്ലാത്തവര്‍ മടങ്ങി വരുവാന്‍ ശ്രമിക്കുന്നു.അത് കൂടുതല്‍ പേര്‍ ഉള്ളത് കൊണ്ട് അതിനനുസരിച്ച തിക്കും തിരക്കും ഉണ്ടാവാം.പക്ഷെ ഇവിടുത്തെ മൈ മാധ്യമാകാര്‍ പറയുന്നതുപോലെ ഉള്ള പ്രശ്നങ്ങള്‍ ഒന്നും അവിടെ ഇല്ല എന്നാണ് അവിടെ ഉള്ള സുഹൃത്തുക്കള്‍ പറയുന്നത്.അവിടുത്തെ കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞു നമ്മളെ ഗവര്‍മെന്റിന് എതിര്‍ ആക്കരുതെന്നും അപേക്ഷിക്കുന്നു.ഒന്ന് രണ്ടു ദിവസം പൊടിപ്പും തൊങ്ങലും ചര്‍ച്ചകളും മറ്റും കൊണ്ട് വായിട്ടടിച്ച മാധ്യമങ്ങള്‍ ഇപ്പോള്‍ അതും വിട്ടു . ഇപ്പോള്‍ മന്ത്രിയുടെ രാജിയും കിടപ്പറ രഹസ്യങ്ങളും ആണ് അവര്‍ക്ക്  ഹരം.

അങ്ങിനെ വാര്‍ത്തകള്‍ ഓരോന്ന് അവര്‍ സൃഷ്ട്ടിക്കുകയാണ് ,നമ്മളെ പറ്റിച്ചു കൊണ്ട് ... .. സീരിയലുകള്‍ ഇതുപോലെ ആവര്‍ത്തന വിരസത ഉണ്ടാക്കിയപ്പോള്‍ കണ്ണൂരിലെ  എഴുപതില്‍ പരം കുടുംബം അത് ബഹിഷ്കരിച്ചു ,സീരിയല്‍ കാണില്ല എന്ന് അവര്‍ കൂട്ടമായി തീരുമാനിച്ചു.അതുപോലെ ഇനി മലയാളം പത്രങ്ങളും വാര്‍ത്തകളും വേണ്ട എന്ന നിലയിലേക്ക് കാര്യങ്ങള്‍ അവര്‍ കൊണ്ട് പോകുകയാണ്.

പത്ര മുത്തശ്ശി കാലാകാലമായി ഒളിസേവ ചെയ്യുന്നത്  ആര്കൊക്കെ വേണ്ടിയാണെന്നു പകല്‍ പോലെ എല്ലാവര്ക്കും അറിയുന്നതാണ്.അതില്‍ ആര്‍ക്കും പരാതിയും ഇല്ല . കാരണം എന്നെ തല്ലേണ്ട ഞാന്‍ നന്നാവൂല എന്ന് പണ്ടേ തെളിയിച്ചതാണ്.സഖാക്കന്മാര്‍ക്ക് എതിരെ എന്ത് കിട്ടിയാലും അത് വലിയ വാര്‍ത്ത ആക്കുവാനും അവര്‍ക്ക് നല്ല മിടുക്കുണ്ട്. കേസരി(ഇപ്പോള്‍ ഉണ്ടോ ആവോ )ദേശാഭിമാനി ,ചന്ദ്രിക പോലുള്ളത് പാര്‍ട്ടിയുടെ പത്രമാണ് ,അവര്‍ അതില്‍ എന്ത് എഴുതുന്നു എന്നത് നമ്മള്‍ക്ക് പ്രശ്നം അല്ല പക്ഷെ ആരുടെ പക്ഷത്തും ഇല്ല എന്ന നിലപാടുള്ളവര്‍ പോലും ഇപ്പോള്‍ പണത്തിനു വേണ്ടി വ്യഭിചരിച്ചു തുടങ്ങിയിരിക്കുന്നു.ഇല്ലാത്ത വാര്‍ത്തകളൊക്കെ സൃഷ്ട്ടിക്കപെടുന്നു.

ഈ വ്യഭിചാരം എത്രനാള്‍ അവര്‍ക്ക് കൊണ്ട് പോകാന്‍ പറ്റും ,ഒന്നുകില്‍ സൌന്ദര്യം നശിക്കുന്നതുവരെ അല്ലെങ്കില്‍ മാരകരോഗം കൊണ്ട് ആള്‍കാര്‍ അടുക്കാതിരിക്കുന്നതുവരെ ,അതുമല്ലെങ്കില്‍ ആരെങ്കിലും തല്ലികൊള്ളുന്നതുവരെ ... ആദ്യത്തെ രണ്ടിലും ഏകദേശം എത്തിയിരിക്കുന്നു ..ഇനി ആരെങ്കിലും കൈവെക്കുവാന്‍ നോക്കി യിരിക്കുകയാണോ ?

വാല്‍കഷ്ണം :
ഇന്നലെ നല്ല രസിപ്പിക്കുന്ന ഒരു പോസ്റ്റ്‌ ഉണ്ടായിരുന്നു ഫേസ് ബുക്കില്‍ .. സ്ഥിരമായി സീരിയല്‍ കണ്ടുകൊണ്ടിരുന്ന അമ്മക്ക് മകന്‍ വാര്‍ത്ത ചാനല്‍ ഓണ്‍ ചെയ്തുകൊടുത്തു . അതില്‍ മന്ത്രിയുടെ അടുക്കള രഹസ്യം കണ്ട അമ്മ എന്തുകൊണ്ട് മുന്‍പേ ഇവിടെ വരാന്‍  തോന്നിയില്ല എന്ന് പരിഭവിച്ചു പോലും.സീരിയലിനെ മുട്ടുകുത്തിക്കുന്ന എരിവും പുളിയും അല്ലെ ഇപ്പോള്‍ കാണിച്ചു കൊടുത്തു കൊണ്ടിരിക്കുന്നത് .

പ്രമോദ്‌ കുമാര്‍ കെ.പി.