Tuesday, May 21, 2013

സൌഹൃദം

പാര്‍ട്ടി കഴിഞ്ഞപ്പോള്‍ കുറെ വൈകി.കുറെ എന്ന് പറഞ്ഞാല്‍ പാതിരാത്രി ആയി കാണും.അല്പം ഫിറ്റ് ആണ് .കാലുകള്‍ ശരിയായി നിലത്തുറക്കുനില്ല.ഇനി വീട്ടിലേക്കു ബൈക്ക് ഒടിച്ചു പോകുക അല്പം വിഷമം  തന്നെ ..എന്നാലും വേണ്ടില്ല പോകണം .അല്ലെങ്കില്‍ പരിചയമില്ലാത്ത ഇവിടെ എവിടെ ബൈക്ക് സൂക്ഷിക്കും ?വീടെന്ന് പറഞ്ഞാല്‍ കൂട്ടുകാര്‍ ഒക്കെ ഒന്നിച്ചു താമസിക്കുന്ന ഹോസ്റ്റല്‍.നമ്മുടെ പല കളികള്‍ക്കും കോളേജ്‌ ഹോസ്റ്റല്‍ വിലക്ക് കല്പ്പിച്ചപ്പോള്‍ സമാനചിന്താഗതിക്കാര്‍ ഒന്നിച്ചു കൂടി എടുത്ത തന്ത്രം.കളവു പറഞ്ഞു വീട്ടുകാരെ ഹോസ്റ്റല്‍ എന്നത് മാന്യമായി കഴിയുവാനുള്ള ഇടമല്ല എന്ന് വരുത്തി തീര്‍ത്തു.ഇവിടെ പൂര്‍ണ സുഖം ..ഒന്നിനും ഒരു നിയന്ത്രണം എന്ന മതില്‍കെട്ടുകള്‍ ഇല്ല.അത് കൊണ്ട് തന്നെ ഈ സുഖം അനുഭവിക്കുന്നു.

നവീന്‍ ഒന്ന് രണ്ടു തവണ വിളിച്ചു ..വൈകിയിട്ടും കാണാത്തത് കൊണ്ടാവാം.അവന്‍ അങ്ങിനെയാണ്.എല്ലാറ്റിനും പേടി ..കൂട്ടത്തില്‍ അവനുമായാണ് കൂടുതല്‍ അടുപ്പവും ആത്മബന്ധവും.അത് കൊണ്ട് തന്നെയാണ് അവനെയും ഹോസ്റ്റല്‍ നിന്നും ഒപ്പം കൂട്ടിയതും.പക്ഷെ അവനു ഈ മാതിരി വെള്ളമടിയോ പാതിരാകറക്കമോ ഒന്നുമില്ല.ഇഷ്ട്ടവുമല്ല.അങ്ങിനത്തെ കാര്യത്തില്‍ അവനു എതിരുമാണ് .ഒരു പാവം ചെക്കന്‍..കപടതകള്‍ ഒന്നുമില്ലാത്ത സമൂഹത്തില്‍ വളരെണ്ടവന്‍ ..പക്ഷെ എന്നോടൊപ്പ മായിപോയി .എനിക്ക് നല്ല രീതിയില്‍ രാഷ്ട്രീയവും പ്രവര്‍ത്തനവും ഒക്കെ ഉള്ളതിനാല്‍ കാമ്പസില്‍ എതിരാളികളായി കുറെ പേര്‍ ഉണ്ട്.അത് അവനെ ഭയപ്പെടുത്താരുണ്ട് പലപ്പോഴും.കുറച്ചു സമയം കാണാതിരുന്നാല്‍ ,വരാന്‍ വൈകിയാല്‍ ഒക്കെ അവന്റെ വിളി വരും.കഴിഞ്ഞ ദിവസവും കോളേജില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായി.അതായിരിക്കാം അവന്റെ ഇന്നത്തെ പേടിയുടെ കാരണം.


.പെണ്‍കുട്ടികള്‍ ..അത് മാത്രം അവനു വീക്ക്‌ നെസ്  ആണ് ..അവരുടെ ഒരു ചിരി ,സംസാരം അവനെ വീഴ്ത്തും.അത് മതിയവന് ഒരു ദിവസം മുഴുവന്‍ സന്തോഷിക്കുവാന്‍...അല്ലാതെ മറ്റു പരിപാടികള്‍ ഒന്നുമില്ല.കോളേജില്‍ വന്നന്നു മുതല്‍ പല പിള്ളേരെയും വളയ്ക്കാന്‍ അവന്റെ മനസ്സ് ശ്രമിച്ചു നോക്കി ..ഒന്നും സംഭവിച്ചില്ല .കാരണം പെണ്‍ പിള്ളേരെ കാണുമ്പോള്‍ അവന്‍  ആവിയായി പോകും.മനസ്സില്‍ പറയാന്‍ വെച്ചതൊക്കെ മറന്നു  പോകും.പിന്നെ ചിരിയിലോ മറ്റു ചെറു സംഭാഷണങ്ങളിലോ ആ കൂടിച്ചേരല്‍ അവസാനിക്കും..ഇപ്പോള്‍ അവന്‍ മനസ്സ് ഒന്നിന്റെ പിറകെയാണ്  .നിമിഷ ...പക്ഷെ അത് ഞാന്‍ നോക്കിവച്ചതും .ഞങ്ങള്‍ തമ്മില്‍ നല്ല ഒരു സൌഹൃദം ഇപ്പോള്‍  ഉണ്ട് ..കാര്യങ്ങള്‍ ഒക്കെ തുറന്നു പറയും രണ്ടുപേരും..പക്ഷെ എനിക്ക് അവളോട്‌ പ്രേമം ഒന്നും ഇല്ല..ഒരു ടൈം പാസ്  ആണ് മനസ്സില്‍ .. .അത് കൊണ്ട് തന്നെ അവന്‍ അവളോട്‌  എപ്പോള്‍ ഇഷ്ടം പറയുന്നോ അന്നേരം ഒഴിയാന്‍ നില്‍ക്കുന്നു..വേണമെങ്കില്‍ സൌഹൃദം പോലും..പക്ഷെ അവന്‍ ഭയങ്കര നാണം കുണുങ്ങിയാണ്.ചെറിയ ക്ലാസ്സ്‌ മുതല്‍ ബോയ്സ് സ്കൂളില്‍ പഠിച്ചതു കൊണ്ട് പലര്‍ക്കും കിട്ടുന്ന ഒരു തരംനാണം.

അങ്ങിനത്തെ ചിലര്‍ക്ക് പെണ്‍കുട്ടികളെ കാണുമ്പോള്‍ അത് ആക്രാന്തം ആകും മറ്റു ചിലര്‍ക്ക് അത് ഒരു തരം വിറയലും.രണ്ടാമത്തേതാണ് നവീനിന്റെത് ..അത് മാറ്റാന്‍ കൂടിയാണ് ഞാന്‍ കാത്തിരിക്കുന്നതും.പലപ്പോഴും അവര്‍ സംസാരിക്കാറുണ്ട് ..പക്ഷെ അവന്‍ മനസ്സിലെ കാര്യം മാത്രം പറയാറില്ല. കാരണം ഞാന്‍ ആവാം ..എന്നോട് അവള്‍ക്കു ഒരു ഇഷ്ടം ഉണ്ടെന്നു അവന്‍ കരുതുന്നു..ഞാനും അത് തിരുത്തുവാന്‍ പോയില്ല .അവന്റെ കാര്യങ്ങള്‍ നിമിഷ ഇടയ്ക്കു പറയാറുമുണ്ട്...കൂടുതലും അവന്റെ  നാണത്തെ പറ്റി തന്നെ..ഇന്നലെ നമ്മള്‍ കൂടുതല്‍ സമയം ഒന്നിച്ചു ചിലവഴിച്ചു .അവന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..ഇന്ന് കാലത്ത് അവന്‍ അത് ചോദിക്കുകയുമുണ്ടായി.

"പ്രേമിന്  നിമിഷയുമായി എന്തെങ്കിലും ?'
"എന്തിനാ അറിഞ്ഞിട്ടു ..നീ അവളോട്‌ ചോദിക്കൂ ..എന്തെങ്കിലും ഉണ്ടെങ്കില്‍ അവള്‍ പറയും " ഉള്ളില്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

അത് കേട്ടപ്പോള്‍ അവന്റെ മുഖം മങ്ങിയത് ശ്രദ്ധിച്ച് എങ്കിലും ഉള്ളില്‍ ചിരിച്ചു.അങ്ങിനെ എങ്കിലും അവന്‍ അവന്റെ ഇഷ്ടം പറയട്ടെ...അവന്‍ ചോദിച്ചു കാണുമോ എന്തോ ?ചോദിച്ചുവെങ്കില്‍ അവന്‍ മണ്ടന്‍ ...എന്തായാലും അവനോടു ഇന്ന് തന്നെ സത്യം പറയണം..അവന്റെ രാവിലത്തെ മുഖഭാവം മനസ്സില്‍ നീററ്ലുണ്ടാക്കുന്നു. എന്തായാലും അവനു അവളെ ഒന്ന് കാര്യമായി മുട്ടിച്ചു കൊടുക്കണം .പിന്നെ അവന്റെ കഴിവ് പോലെ യോഗം പോലെ നടക്കും.

കഷ്ട്ടപെട്ടു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു ..റോഡിലേക്കിറങ്ങി ..പോലീസുകാര്‍ ഉണ്ടാവുമോ ?പാതിരാത്രിയായി ..അവരൊക്കെ വിശ്രമിക്കാന്‍ പോയികാണും എന്ന് വിശ്വസിക്കാം..ഒരു മൂളിപ്പാട്ടുമായി വണ്ടി എടുത്തു.അര മണിക്കൂര്‍ പോയിക്കാണും.വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിയും മുന്‍പേ ഒരു ബൈക്ക് വന്നു ഇടിച്ചത് ഓര്‍മയുണ്ട് ...ദൈവമേ ചതിച്ചോ ?പിന്നെ ഒക്കെ മറയുന്ന മനസ്സിലെ വ്യെക്തമാകാത്ത ചില അപൂര്‍ണ ചിത്രങ്ങള്‍.


പോലീസുകാര്‍ മൊഴിയെടുത്തു പുറത്തേക്ക് ഇറങ്ങുമ്പോള്‍ നവീന്‍ അകത്തേക്ക് കയറി.
"ഇന്നലെ കുറച്ചു ഓവര്‍ ആയിപോയി ..അതാ പറ്റിയത് .."
"ഇന്നലെയോ ?'
"പിന്നെ ?'
'നീ ഒരാഴ്ചയായി പൂര്‍ണ ബോധമില്ലാതെ ഇവിടെ കിടക്കുകയാണ് .കയ്യ്ക്കും കാലിനും ഒടിവുണ്ട്..തലയ്ക്കു ചെറിയ ഒരു മുറിവും .ചതവും ..പേടിക്കേണ്ട എന്നാണ് ഡോക്ടര്‍ പറഞ്ഞത് ."
"ഒരാഴ്ചയോ ?"
"അതെ ഒരാഴ്ച ...ചില സമയത്ത്  ഉണരും പിന്നെ ബോധം മായും...ഇന്നലെ വൈകിയാ ശരിക്കും ബോധം വന്നത് ..."

അവരുടെ സംഭാഷണത്തെ മുറിച്ചു കൊണ്ട് നിമിഷയും വേറെ ഒരാളും ആ മുറിയിലേക്ക് പ്രവേശിച്ചു ."എങ്ങിനുണ്ട് പ്രേം ?"
'കാണുന്നില്ലേ ..അത്ര തന്നെ നിമിഷ "
"ഞാന്‍ എത്ര തവണ പറഞ്ഞു ..ഈ രാഷ്ട്രീയം കളയാന്‍...എന്നിട്ടും നീ കൂടെ കൊണ്ട് നടന്നു ..പോരാഞ്ഞ് അവരോടു കശപിശക്കും പോയി ......"
"സാരമില്ല വരേണ്ടത് വഴിയില്‍ തങ്ങില്ല ....ഇത്രയല്ലേ സംഭവിച്ചുള്ളൂ ..."

"ഓ സോറി ഞാന്‍ വിജയിയെ പരിചയപ്പെടുത്താന്‍ മറന്നു ...ഇതു എന്റെ വുഡ് ബീ വിജയ്‌.ദുബായില്‍ ആണ് .അടുത്ത പതിനെട്ടിന് വിവാഹം.പടിപ്പു കഴിഞ്ഞു അടുത്ത വര്‍ഷത്തേക്ക് വെച്ചതായിരുന്നു.പക്ഷെ ജര്‍മനിയിലേക്ക് ഒരു ഓഫര്‍ ..അത് കൊണ്ട് നേരത്തെയാക്കി.ഞാന്‍ ക്ഷണിക്കാന്‍ വരും ...അപ്പോഴേക്കും സുഖമാകട്ടെ.'

അവര്‍ പുറത്തിറങ്ങിയതും പ്രേം ആയാസപെട്ടു പൊട്ടി പൊട്ടി ചിരിച്ചു ..നവീനിനെ ആക്കിയ ഒരു ചിരി.പക്ഷെ ആ സമയത്ത് അവന്റെ കാലുകളില്‍ കെട്ടിപിടിച്ചു നവീന്‍ കരയുക ആയിരുന്നു.അവന്‍ മുഖമുയര്‍ത്തി പ്രേമിനെ നോക്കി ..കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ...ഏങ്ങി കൊണ്ടിരിക്കുന്നു ..കരഞ്ഞു കൊണ്ട് അവന്‍ പറഞ്ഞു

"ക്ഷമിക്കൂ പ്രേം ...ഞാന്‍ ആണ് നിന്നെ ഈ ഗതിയില്‍ ആക്കിയത് ...അതും ഇവളെ നഷ്ട്ടപെടാതി രിക്കാന്‍ വേണ്ടി മാത്രം.പക്ഷെ .ഞാന്‍ സത്യം പറയാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു ,,അന്ന് മുതല്‍ . ."

"എനിക്കറിയാം "
നവീന്‍ ഞെട്ടി മുഖമുയര്‍ത്തി
"കള്ളപണി ചെയ്യുംപോഴെങ്കിലും നിനക്ക് നിന്റെ ബൈക്ക് എടുക്കാതിരുന്നൂടെ ..?ഞാന്‍ നിന്റെ ബൈക്ക് ശ്രദ്ധിച്ചതാ ...ഹെല്‍മറ്റ്‌ ഇട്ടിട്ടും നിന്നെ തിരിച്ചറിഞ്ഞതാ ...എല്ലാം ചെയ്തിട്ടും  നീ തന്നെയല്ലേ എന്നെ ആശുപത്രിയിലും എത്തിച്ചത് ..മായുന്ന ബോധത്തിലും നിന്റെ കരച്ചിലും വെപ്രാളവും ക്ഷമപറച്ചിലും വാഹനത്തിനു വേണ്ടിയുള്ള ഓട്ടവും ഒക്കെ ചെറിയ ഒരു ഓര്‍മയില്‍ ഉണ്ട് .."

"ആരോടും ഞാന്‍ സത്യം പറയില്ല ..ഒരു രാഷ്ട്രീയ ശത്രുതയായി എല്ലാവരും കരുതട്ടെ ...എന്നാലും നീ എന്നെ സംശയിചില്ലേ തെണ്ടി ...നിമിഷ എനിക്ക് കൂട്ടുകാരി മാത്രമായിരുന്നു.നീ അവളോട്‌ ആഗ്രഹം പറയാന്‍ ഞാന്‍ കാത്തു നിന്നതാ...ഇനി വേണ്ടല്ലോ ......" അയാള്‍ അവനെ തഴുകി.

പൊട്ടികരഞ്ഞു കൊണ്ട് അവന്‍ പ്രേമിനെ കെട്ടി പിടിച്ചു ..അറിഞ്ഞോ അറിയാതെയോ അവര്‍ക്കിടയിലെ സൌഹൃദത്തിലുണ്ടായ മുറിവുകള്‍  ഉണങ്ങുകയായിരുന്നു.

കഥ :പ്രമോദ്‌ കുമാര്‍ .കെ.പി 

(ഇത് നിങ്ങള്ക്ക് അറിയുന്ന കഥയായിരിക്കാം .,നിങ്ങള്‍ അറിയുന്ന കഥാപാത്രങ്ങള്‍ ആവാം .എന്നാലും എഴുതാതെ വയ്യ )


Sunday, May 19, 2013

സന്ദര്‍ശനം

ഇന്ന് ടി വി തുറന്നപ്പോള്‍ ആദ്യം കേട്ട ന്യൂസ്‌

"ചൈനീസ് പ്രധാനമന്ത്രി ഇന്ന് ഇന്ത്യ സന്ദര്‍ശിക്കുന്നു...."

അപ്പോള്‍ ഭാര്യയുടെ കമന്റ്

"സ്ഥലം നോക്കുവാന്‍ വരുന്നതായിരിക്കും ..അടുത്തത്‌ എവിടെയാണ് കയറേണ്ടത് എന്നറിയണമല്ലോ "

Saturday, May 18, 2013

അനാഥര്‍

എങ്ങിനെ ഈ യാചക തെരുവില്‍ എത്തി എന്നറിയില്ല .ഓര്‍മ്മകള്‍ ഉള്ളപ്പോള്‍ മുതല്‍ ഇവിടെയാണ്‌ .അച്ഛന്‍ ആരാണെന്നോ അമ്മ ആരാണെന്നോ അറിയാത്ത ബാല്യം.ഒരു കയ്യും ഒരു കാലും സ്വാധീനം കുറവാണ്.അത് കൊണ്ട് ഉപേക്ഷിക്കപെട്ടതാണെന്നും ഒരു ശ്രുതിയുണ്ട്.അതൊന്നും അയാള്‍ ചെവികൊണ്ടില്ല.ഒരു മഴകാലത്ത് ഓടയില്‍ കണ്ട അയാളെ ഈ തെരുവിലെ ആള്‍ക്കാര്‍ എടുത്തു വളര്‍ത്തി.തെരുവിലെ എവിടെയെങ്കിലും കിടക്കും.മഴ കാലത്ത് പീടിക വരാന്തയിലും .പിന്നെ അതിരാവിലെ തന്നെ ഇറങ്ങുകയായി.എല്ലാവരെയും പോലെ തെണ്ടി വയറ്റുപിഴക്ക്‌ ഉണ്ടാക്കാന്‍ ...ആദ്യം അമ്പലം ....പിന്നെ ടൌണില്‍ ..വികലാംഗന്‍ ആയത് കൊണ്ട് വലിയ ജോലികള്‍ ഒന്നും വയ്യ..

മുന്‍പൊക്കെ അമ്പലം കഴിഞ്ഞാല്‍ പിന്നെ ഗ്രാമത്തിലേക്കാണ് പോകാറു...പട്ടണത്തിനു ചുറ്റുമുള്ള പല ഗ്രാമത്തിലേക്ക് ..അത് ഒരു സുഖം ഉള്ള ഏര്‍പ്പടുമായിരുന്നു ..വീടുകളില്‍ നിന്നും തന്നെ ഭക്ഷണവും കിട്ടികൊണ്ടിരുന്നു.കൂടാതെ എല്ലായിടത്തുനിന്നും ഒരു പിടി അരിയും...പക്ഷെ അത് അധിക കാലം നില നിന്നില്ല.കുട്ടികളെ തട്ടികൊണ്ടുപോകുക,രാത്രി മോഷണം എന്നിവ അവിടങ്ങളില്‍ ഉണ്ടായപ്പോള്‍ ആരും വീട്ടില്‍ കയറ്റാതെയായി.നമ്മള്‍ക്കിടയിലെ ചിലരാണ് അതിനു പിന്നിലെന്ന് അവര്‍ മനസ്സിലാക്കിയപ്പോള്‍ അവര്‍ എല്ലാവരെയും സംശയിച്ചു.അതോടെ ആ പരിപാടി നിലച്ചു.അതോടെ പല ദിവസവും പട്ടിണിയും കൂട്ടിനു വന്നു.

ഈ ചെറിയ ടൌണില്‍ നിന്നും കിട്ടുന്നത് കുറവാണ്.പണ്ടത്തെപോലെ യാചകരോട് പലര്‍ക്കും സഹതാപം ഇല്ല.വലിയ പട്ടണങ്ങളില്‍ ഇത് ഒരു കച്ചവടം ആണ് പോലും ..കുട്ടികളെ തട്ടി കൊണ്ടുപോയി കയ്യും കാലും ഒടിച്ചു യാചകരാക്കുന്ന വലിയൊരു കൂട്ടം ഉണ്ട് പോലും.അവര്‍ ചെറിയ കുട്ടികളെ മയക്കുമരുന്നും മദ്യവും കൊടുത്തു കൊണ്ട് തോളിലിട്ടു വാടക അമ്മമാരെ കൊണ്ട് തെണ്ടിക്കും...അത് കൊണ്ട് തന്നെ കഴിഞ്ഞ ദിവസം കുറെ പോലീസുകാര്‍ പരിശോധന എന്ന പേരില്‍ തെരുവില്‍  കയറി എന്തൊക്കെയോ വിക്രിയകള്‍ ഒപ്പിച്ചു.എതിര്‍ത്തവരെയൊക്കെ അടിച്ചു ഒടിച്ചു.ആരോട് പരാതി പറയാന്‍ ?ആരും ഇല്ലാത്ത നമ്മളെ ആര് തുണക്കാന്‍?അത് കൊണ്ട് തന്നെ ഇവിടെ നിന്നും പലരും പോയി.ഞാന്‍ എവിടെ പോകാന്‍ ?ഇതാണ്  എന്റെ ലോകം.ജീവിതം  ഒടുങ്ങുന്നത് വരെ ഇവിടെ തന്നെ .

പാവം ആര്യ ..അവനു മുന്‍പ് തെരുവോരത്തുനിന്നൊക്കെ എന്തെങ്കിലും കിട്ടുമായിരുന്നു.അവന്‍ തന്നെ അത് തേടി പിടിക്കും .രാത്രി ഞാന്‍ വന്നാല്‍ പിന്നെ അത്താഴം ഒരുമിച്ചു.പക്ഷെ ഇപ്പോള്‍ അവനു വയ്യാതായി.സ്വന്തമായി ഭക്ഷണം തേടുവാന്‍ പോലും വയ്യാത്ത അവസ്ഥയാണ് ഇപ്പോള്‍ അവന്റേതു.ഭക്ഷണം ഇപ്പോള്‍ അവന്റെ മുന്നില്‍ കൊണ്ട് ഇട്ടു കൊടുക്കണം .എന്നെ പോലെ അവനും കാലിനാണ് പരിക്ക്.കഴിഞ്ഞ മാസം  കുറെ പിള്ളേര്‍ ആക്രമിക്കുക കൂടി ചെയ്തപ്പോള്‍ അവന്‍ കിടപ്പിലായി...പകലുകളില്‍ പട്ടിണിയും.പാവത്തിനെയും ഒരു മഴയില്‍ കിട്ടിയതാണ് ..ഏതോ വണ്ടിയിടിച്ചു വഴിയില്‍ കിടന്ന അവനെ ഞാന്‍ എടുത്തു കൊണ്ട് വന്നു.മുറിവുകള്‍ മരുന്ന് വെച്ച് കെട്ടി.പക്ഷെ മുറിവ് മാറിയപ്പോള്‍ അവനു നടക്കാന്‍ എന്നെ പോലെ ബുദ്ധിമുട്ട് കണ്ടു.

അവന്റെയും എന്റെയും നടപ്പ് കണ്ടു പലരും കളിയാക്കി "നിങ്ങള്‍ ഇരട്ട പെറ്റ്താണോ?"
ഞാന്‍ കാര്യമാക്കിയില്ല ..മൃഗമാണെങ്കിലും അവന്‍ മനുഷ്യനെക്കാള്‍ കൂടുതല്‍ എന്നെ സ്നേഹിച്ചു.മുന്‍പൊക്കെ പലതരം പേടിയോടു കൂടിയാണ് തെരുവില്‍ ഉറങ്ങിയത് ..ആര്യ വന്നതോടുകൂടി മുന്‍പെങ്ങുമില്ലാത്ത സുരക്ഷയോടെ ആ തെരുവ് ഉറങ്ങി.അവിടുത്തെ കച്ചവടക്കാര്‍ വീട്ടിലും ...ആ തെരുവില്‍ ഒരു അജ്ഞാത കാലടി പതിഞ്ഞാല്‍ അവന്‍ പ്രതികരിക്കും.മുന്‍പ് ആ തെരുവില്‍ നടന്ന മോക്ഷണങ്ങള്‍ക്ക് പലപ്പോഴും പോലീസുകാരില്‍ നിന്ന് നല്ല അടി കിട്ടിയിട്ടുണ്ട് ..അവസാനം കട്ടവനെ കിട്ടുമ്പോള്‍ ക്ഷമ പറഞ്ഞു പോലീസുകാര്‍ വിടും,കിട്ടിയ അടി മടക്കി കൊടുക്കാന്‍ കഴിയില്ലല്ലോ ..

.ആര്യ വന്നതില്‍ പിന്നെ മോഷണം ഇല്ലാതായി.തെരുവിലെ  ബിസിനെസ്സ്‌കാര്‍ക്കും അത് അനുഗ്രഹമായി .അത് കൊണ്ട് തന്നെ പകല്‍ അവനു അവര്‍ എന്തെങ്കിലുമൊക്കെ കൊടുക്കും.പക്ഷെ ഇപ്പോള്‍ അവന്‍ ....?ആരും തേടിച്ചെന്നു കൊടുക്കില്ലല്ലോ ?അന്തിയോളം വേദനയോടെ വിശപ്പ്‌ ,ദാഹം സഹിച്ചു എന്നെ പ്രതീക്ഷിച്ചു കഴിയുന്നു.രാവിലെ വരുമ്പോള്‍ ഒരു പാട്ടയില്‍ വെള്ളം വെച്ച് കൊടുക്കും ...അതും പലപ്പോഴും അവനു കിട്ടാറില്ല ..ഇന്ന് വരുമ്പോള്‍ അവന്‍ നന്നേ ക്ഷീണിതന്‍ ആയിരുന്നു.രാവിലെ കൊടുത്തത് അവന്റെ അരികില്‍ തന്നെ ഉണ്ട് .ഒന്നും കഴിച്ചിട്ടില്ല .

പകല്‍ മുഴുവന്‍ തെണ്ടിയിട്ടും കാര്യമായി ഒന്നും തടഞ്ഞില്ല.മടങ്ങാന്‍ തുനിഞ്ഞതാണ് ..ആര്യക്ക്  എന്തെങ്കിലും വാങ്ങി വേഗം പോകണം.പക്ഷെ വൈകുനേരത്തോടെ ടൌണില്‍ നല്ല ആള്‍ക്കൂട്ടം.ഓ ഇന്ന് കുശാല്‍ തന്നെ .കുറച്ചു കൂടി കഴിഞ്ഞു പോകാം..പക്ഷെ വരുന്നവര്‍ വരുന്നവര്‍ എല്ലാവരും റോഡ്‌ സൈഡില്‍ പോയി നിരന്നു നില്‍ക്കുന്നു.പിന്നെ കൈകള്‍ തമ്മില്‍ കൂട്ടി പിടിക്കുന്നു.ആരോ പറയുന്നത് കേട്ടാണ് കാര്യം മനസ്സിലായത്‌.ഇന്ന്  മനുഷ്യ ചങ്ങലയാ പോലും ഭരണത്തിനെതിരെ ...ഇനി ഇതൊക്കെ കഴിയുമ്പോള്‍ വൈകും ...അല്ലെങ്കില്‍ കൈകള്‍ കൂടി പിടിച്ച ഇവരോട് എങ്ങിനെയാ ഇപ്പോള്‍ യാചിക്കുക.പണം എടുത്തു തരാന്‍ അവരുടെ കൈകള്‍ ഫ്രീ അല്ലല്ലോ ...കൈകള്‍ ഒക്കെ മറ്റുള്ളവരുടെ കയ്യിലല്ലേ ?

ആര്യക്ക്‌ വേണ്ട സാധനങ്ങള്‍ വാങ്ങി തെരുവില്‍ എത്തുമ്പോള്‍ കടക്കാരന്‍ വല്‍സന്‍ ചേട്ടന്‍ പ്രതീക്ഷിച്ച മാതിരി നില്‍ക്കുന്നു.

"നീ എവിടായിരുന്നെടാ "
'എന്താ കാര്യം "
"നിന്റെ പട്ടി അവിടെ കിടന്നു ചത്തു ...കൊണ്ടുപോയി എവിടെയെങ്കിലും  കുഴിചിടൂ ..അല്ലെങ്കില്‍ അവിടെ കിടന്നു പുഴുത്തു ഈ തെരുവ് നാറും .."

അയാള്‍ ആര്യയുടെ അടുക്കലെക്കോടി ...വായ പിളര്‍ന്നു കിടക്കുന്നു.ഉറുമ്പുകളും ഈച്ചകളും ആക്രമണം തുടങ്ങിയിട്ടുണ്ട് .അയാളുടെ കണ്ണുകള്‍ നിറഞ്ഞു ..ജീവിതത്തില്‍ നിന്ന് എന്തോ പറിച്ചെടുത്ത് കൊണ്ടുപോയതുപോലെ ...അവനെ കുഴിച്ചിടാന്‍  ആരുംസ്ഥലം തന്നില്ല .പലരോടും ചോദിച്ചുവെങ്കിലും അവരൊക്കെ കൈമലര്‍ത്തി. അവസാനം നിസ്സഹായനായി നിന്നപ്പോള്‍ അവര്‍ ഒത്തുകൂടി ..അവസാനം അവര്‍ ചൂണ്ടി കാട്ടിയ  പുറംബോക്കില്‍ അയാള്‍ കുഴിവെട്ടി അവനെ അടക്കി.കൂട്ടത്തില്‍ ആരൊക്കെയോ സഹായിച്ചു ..അയാളുടെ ഉള്ളില്‍ നിന്നും എന്ത് കൊണ്ടോ ഒരു വിങ്ങല്‍ പുറത്തേക്ക് ചാടി.ജീവിതത്തില്‍ മറയില്ലാതെ സ്നേഹിച്ച ഒരേഒരു ജീവി. അവനെ അടക്കാനും യാചിക്കേണ്ടി വന്നു .

തെരുവോരത്തെ കട തിണ്ണകളിൽ ഒന്നില്‍ കലങ്ങിയ കണ്ണുകളുമായിരിക്കുംബോള്‍   അയാള്‍ ചിന്തിച്ചത് മറ്റൊന്നായിരുന്നു.വീടും ആശ്രിതരുമില്ലാതെ മരണപെടുന്ന എന്നെ പോലുള്ളവര്‍ക്ക് പുഴുത്തുനാറാതിരിക്കാന്‍ എവിടെ  കുഴിവെട്ടും ..?ഈ തെരുവ് അന്നേരം എന്നെ അന്യനെ പോലെ തന്നെയല്ലേ കരുതുക ....നഗരത്തില്‍ നിന്നും ശവവണ്ടി വരുന്നതുവരെ ഒരു അജ്ഞാത ജഡമായി ഈ തെരുവില്‍ ....ഈച്ചകളും ഉറുമ്പുകളും കയരിഇറങ്ങി ...ഓ ആലോചിക്കാനെ വയ്യ ...ദേഹം തളരുന്നു ..അയാള്‍ പിറകിലേക്ക് മറിഞ്ഞു


കഥ :പ്രമോദ്‌ കുമാര്‍ .കെ.പി



Thursday, May 16, 2013

ഇന്നത്തെ ബാല്യം

ഇപ്പോള്‍ വേനല്‍ അവധി കാലം.ഇവിടെ ഫ്ലാറ്റുകളില്‍ വീര്‍പ്പു മുട്ടുന്ന ബാല്യങ്ങള്‍.അത് കൊണ്ട് തന്നെ മോന് അവധികാലത്ത് നാട്ടില്‍ പോകണം.മിനിമം മൂന്നു ദിവസം കിട്ടിയാല്‍ അവനു നാട്ടില്‍ പോയിരിക്കണം.അവനു അവിടെയാണ് കൂട്ടുകാര്‍ കൂടുതല്‍ ഉള്ളത്.ഇവിടെ നാലോ അഞ്ചോ പേര്‍ മാത്രം.പിന്നെ ഉള്ള കൂട്ടുകാരന്‍  ടി,വി ,സൈക്കിള്‍ , കംബ്യുറ്റര്‍ ഗയിം  എന്നിവ  ആണ് ..അതിനോട്  ഒക്കെ എത്ര സമയം കൂട്ട് കൂടുവാന്‍ പറ്റും.അത് കൊണ്ട് അവന്‍ മുങ്ങും ഇവിടുന്നു ...ആദ്യകാലത്ത് അവന്‍ അനുഭവിച്ച ഒറ്റപെടലില്‍ നിന്നും ഏകാന്തതയില്‍ നിന്നുമുള്ള മോചനത്തിനുവേണ്ടി ....അതു നമുക്കും സ്വീകാര്യമായിരുന്നു..കുട്ടികള്‍ കളിക്കണം.കളിച്ചു വളരണം.

പക്ഷെ ഇന്ന് ...എത്ര കുട്ടികള്‍ കളിക്കുന്നുണ്ട് ..ചുരുക്കം ചിലര്‍ മാത്രം.ഇന്ന് കുട്ടികളെ പുസ്തകപുഴു  ആക്കി വലിയ നിലയില്‍ എത്തിക്കുവാന്‍ മാതാപിതാക്കള്‍ മത്സരിക്കുമ്പോള്‍ അവര്‍ക്ക് നഷ്ട്ടപെടുന്നത് അവരുടെ ബാല്യം ആണ്.ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അറിയാവുന്ന അവരുടെ കുറെ വര്‍ഷങ്ങള്‍..ഇന്ന് കാലത്ത്  എട്ടു മണിക്കുള്ളില്‍ കുട്ടി സ്കൂളില്‍ പോകും നാല് നാലരക്ക് തിരിച്ചു വരും ..പിന്നെ അവനു ട്യുഷന്‍ ...അത് കഴിഞ്ഞു ഹോം വര്‍ക്ക്‌ ..പിന്നെ അന്നത്തെ പഠിത്തം ..പിന്നെ അവനു എവിടെ ഉണ്ട് സമയം കളിക്കാന്‍ ?ഇത് ശനി വരെ തുടരും ..ഉള്ള ഞായര്‍ സ്കൂളില്‍ നിന്നും പൂര്‍ത്തിയാക്കാന്‍ എന്തെങ്കിലും പ്രൊജക്റ്റ്‌ കൊടുത്തിട്ടുണ്ടാവും ..അന്ന് അതിന്റെ പിന്നാലെയും പോകും.. മൊത്തത്തില്‍ അവന്‍ ഒരു പഠിത്തത്തിന്റെ ലോകത്ത് മാത്രം ജീവിക്കുന്നു.ബാക്കി സമയം ഉണ്ടെങ്കില്‍ അവന്‍ പോകുന്നത് കാര്‍ട്ടൂന്‍ ,സിനിമ ചാനലുകള്‍ക്ക് പിന്നാലെ ..പത്രം വായനയോ മറ്റു കഥാപുസ്തക വായനയോ ഒന്നുമില്ല ...എന്തിനു ന്യൂസ്‌ ചാനലുകള്‍ കാണുക കൂടിയില്ല ..അത് കൊണ്ട് തന്നെ അവനു ലോകവിവരം ഇല്ല ഉള്ളത് പുസ്തക വിവരം മാത്രം.അതും മനസ്സിലാക്കി പഠിക്കുകയല്ല ..പരീക്ഷക്ക്‌ പാസ് ആകുവാന്‍ വേണ്ടി മാത്രം.

ഇതൊക്കെ കൊണ്ട് തന്നെ അവന്‍ നല്ല ഒരു പൌരന്‍ ആകുനില്ല നമ്മള്‍ ആക്കുന്നുമില്ല. ചുറ്റും ഉള്ളവരെ കുറിച്ച് അവനു പിടിയില്ല അല്ലെങ്കില്‍ അറിയില്ല .വേദന എന്തെന്നോ പ്രാരാബ്ദം എന്തെന്നോ അവനു നമ്മള്‍ മനസ്സിലാക്കി കൊടുക്കുനില്ല ..മറ്റുള്ളവരോട് എങ്ങിനെ പെരുമാറണം എന്ന് പോലും അറിയാത്ത കുട്ടികള്‍ ധാരാളം.അത് കൊണ്ട് തന്നെ അന്യരുടെ വേദനകള്‍ ആകുലതകള്‍ ഒന്നും അവനറിയുന്നില്ല. അവരെ നമ്മള്‍ സ്വാര്‍ത്ഥ ചിന്താഗതികാരായി വളര്‍ത്തുന്നു.ഇന്നിപ്പോള്‍ ഒന്നും പരസ്പരം പങ്കു വെക്കലില്ല ..എല്ലാം എന്റേത് ....അങ്ങിനെ ഞങ്ങള്‍ എന്നതു ഞാന്‍ എന്നതിലേക്ക് ഒതുങ്ങുന്നു.നമ്മുടെ ഫ്ലാറ്റില്‍ ക്രികെറ്റ്‌ കളിക്കുന്ന കുട്ടികള്‍ക്ക് എല്ലാവര്ക്കും സ്വന്തം ബാറ്റും ബോളും.അവരുടെ ബാറ്റ് അവനവന്‍ ഉപയോഗിക്കുന്നു,മറ്റൊരാള്‍ക്ക് കൊടുക്കില്ല.ബോള്‍ ഒരു ദിവസം ഒരാളുടെത് ..അത് മാറി മറിഞ്ഞു വരും ..അത്ര ഇടുങ്ങിയ ചിന്താഗതികാരായി മാറിപോകുന്ന സമൂഹം.

ഇപ്പോഴത്തെ ന്യുക്ളിയര്‍ കുടുംബങ്ങള്‍ തന്നെ ഇതിനൊക്കെ ഒരു കാരണം.കുട്ടികളെ താലോചിച്ചു വഷളാക്കികൊണ്ടിരിക്കുന്നു നമ്മള്‍.അവന്‍ പറയുന്നത് മുഴുവന്‍ വാങ്ങി കൊടുക്കും.വാങ്ങി കൊടുത്തില്ലെങ്കില്‍ അവന്‍ അവന്റെ സ്വഭാവം പുറത്തെടുക്കും.ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ അഴിഞ്ഞാടുന്നു.കുട്ടികളുടെ ഒളിച്ചോട്ടം വീട്ടില്‍ നിന്നും ജീവിതത്തില്‍ നിന്നും ..അതൊക്കെ ഒഴിവാക്കാന്‍ നമ്മള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നു ..പാടില്ലാത്തതിനുപോലും...


  ഇപ്പോഴത്തെ നമ്മുടെ പഠന രീതി വല്ലാത്ത ഒരു അവസ്ഥയിലേക്ക് മാറിയിരിക്കുന്നു.ഇപ്പോള്‍ സ്കൂളില്‍ കളിയുടെ സമയം പോലും വെട്ടി കുറച്ചിരിക്കുന്നു.പഠനത്തിനു മാത്രം പ്രാധാന്യം കൊടുക്കുന്നു.നമ്മള്‍ ആരും പരാതി പറയുക ഇല്ല കാരണം നമ്മള്‍ക്കും വേണ്ടത് അതാണ്‌ ..പഠിക്കുക അവനെ പഠിപ്പിച്ചു പഠിപ്പിച്ചു നല്ല നിലയില്‍ എത്തിക്കുക.അവനെ നമ്മള്‍ വലിയവനാക്കി എന്ന് സമൂഹത്തിനു കാണിച്ചു കൊടുത്ത്   നമുക്ക് കൈ കഴുകാം.സ്കൂളിന് വേണ്ടതും കൂടുതല്‍പേരെ റാങ്ക്കാരാക്കിയ പേരും പ്രശസ്തിയും...നമുടെ ഗവര്‍മെന്റ് സ്കൂള്‍ വിദ്യാഭാസ സംവിധാനത്തോട്  എന്ന് നമ്മള്‍ മുഖം തിരിച്ചുവോ അന്ന് കയറികൂടിയ ചില ബിസിനെസ്സ്കാരാണ്  ഇന്ന് പഠനത്തെ ഈ നിലയിലെത്തിച്ചത്.അത് ഇനി  തുടര്‍ന്ന് കൊണ്ടേയിരിക്കും ..കാരണം അവര്‍ ഇന്ന് പ്രബലര്‍ ആണ് എല്ലാം കൊണ്ടും ..അവരെ എതിര്‍ക്കുവാണോ ഒഴിവാക്കുവാണോ പറ്റാത്തവിധം അവര്‍ വേര് ബലപ്പെടുത്തികഴിഞ്ഞു .പൊതു ധാരയിലും രാഷ്ട്രീയത്തിലും ...ഇനി പിഴുതു മാറ്റുക എളുപ്പമല്ല.


      നമ്മുടെ ബാല്യം എത്ര മനോഹരമായിരുന്നു ..നിറയെ കൂട്ടുകാര്‍ ..വീടിനു ചുറ്റുമുള്ള കുട്ടികള്‍ ഒക്കെ എവിടെയെങ്കിലും ഒത്തുകൂടും ..പിന്നെ കളികള്‍ തുടങ്ങുകയായി.കൊച്ചു കുട്ടികള്‍ക്ക്  അവര്‍ക്ക് പറ്റിയ കളികള്‍ ..പ്രായത്തിനനുസരിച്ച് കളികളുടെ രൂപവും ഭാവവും മാറി മാറി വരും . അങ്ങിനെ സ്കൂള്‍ അടച്ചാല്‍ കളികളുടെ അനവധി അവസരങ്ങള്‍ ..മടല്‍ കൊണ്ട് ബാറ്റും കടലാസുകൊണ്ട് ബോളും .....അങ്ങിനെ എത്ര എത്ര ക്രിയെഷനുകള്‍ ....ഇന്ന് ഒരു കുട്ടിക്കും എന്തെങ്കിലും ഉണ്ടാക്കുവാന്‍ ചിന്തിച്ചു സമയം കളയണ്ട ..അവനെ മനസ്സിലുള്ളത് വാങ്ങാന്‍ കിട്ടും.

കുസൃതികള്‍ ,കളികള്‍ ,പങ്കു വെക്കലുകള്‍ പിണക്കങ്ങള്‍ ...ഭക്ഷണം കഴിക്കുന്ന സമയം ഒഴിച്ച് പല കൂട്ടുകാരും പല കളികളുമായി പകല്‍ മുഴുവന്‍  ആടി തിമിര്‍ക്കും ..എത്ര ക്ഷീണം വന്നാലും ഓടി പോയി കുറച്ചു വെള്ളം കുടിച്ചു പിന്നെയും കളി തുടരും ..ആകെ ഈ കാലത്ത് തടസ്സപെടുത്തുന്നത് അസുഖങ്ങള്‍ മാത്രം.ചൂട് കാലത്ത് മാത്രം പലരെയും പിടികൂടുന്ന പല അസുഖങ്ങള്‍ ...ചിലവ രണ്ടു ദിവസം കൊണ്ട് പോകും ..ചിക്കന്‍ പോക്സ്  പോലുള്ളത് പിടിപെട്ടാല്‍ മാസങ്ങള്‍ നീളും അവനു വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ ...ആ അവധി കാലം അവനു ഭയങ്കര നഷ്ടവും ആകും..വേദനിപ്പിക്കുന്ന വലിയൊരു നഷ്ട്ടം .എങ്കിലും അവനു പ്രതീക്ഷയുടെ ഒരു അടുത്ത വര്ഷം ഉണ്ട് .

അതൊക്കെ ഇനി ഓര്‍ത്തിരിക്കാം ..അത്ര തന്നെ ..ലോകത്തിന്റെ ഈ ഓട്ടത്തിനിടയില്‍ നമുക്കും ഒന്നിച്ചു പോകണ്ടേ ..അത് കൊണ്ട് തന്നെ ചെയ്യുന്നതൊക്കെ കുട്ടിക്കും സമൂഹത്തിനും ദോഷം ആണെന്ന് മനസ്സിലാക്കികൊണ്ട്  നമ്മളും കൂട്ടത്തില്‍  ഓടുന്നു ....പരാജയപെടാതിരിക്കാന്‍ വേണ്ടി മാത്രം ..


വാല്‍കഷ്ണം :ഇതൊക്കെ എഴുതിയത് കൊണ്ട് ഞാന്‍ ഈ കാര്യത്തില്‍ മാന്യന്‍ ആണെന്ന് വിചാരിക്കരുത് ...ഈ കൂട്ടയോട്ടത്തില്‍ എനിക്കും പങ്കെടുക്കേണ്ടി വരും ..എന്നെ അച്ഛന്‍ തോല്‍പ്പിച്ചു  എന്ന മകന്റെ  പരാതി ഒഴിവാക്കുവാന്‍ ...അതാണല്ലോ നമ്മുടെ ലോകം നമുക്ക് കാണിച്ചു തരുന്നത്.

Tuesday, May 14, 2013

പുതിയ "ഫീമെയില്‍ "തന്ത്രങ്ങള്‍

ഫേസ് ബുക്കില്‍ നല്ലതും രസം ഉള്ളതുമായ  പല പോസ്റ്റുകളും കാണാറുണ്ട്‌  ..പലതും ഞാൻ വായിക്കാറുമുണ്ട് .അതുപോലെ അതിനടിയിൽ വരുന്ന കമന്റുകൾ ..പലതും നല്ല രസമാണ് ..ചില പോസ്റ്റുകൾ നല്ലതല്ലെങ്കിലും അതിനുവരുന്ന കമന്റുകൾ ആ പോസ്റ്റിനെ പിടിച്ചു നിർത്തും .ചിലരുടെ ഭാവനകൾ ,അനുഭവങ്ങൾ ,നേരം പോക്കുകൾ അങ്ങിനെ കഥയും കവിതയും അടക്കം പറ്റുന്നതൊക്കെ വായിച്ചു പോയപ്പോൾ കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയുടെ രോദനം പോസ്റ്റ്‌ ആയി രൂപപെട്ടത്‌ കണ്ടു.കാര്യം പെണ്‍ കുട്ടിയുടെ ടൈംലൈനിൽ ആരോ അശ്ലീല പോസ്റ്റുകൾ വിതറി കൊടുത്തിരിക്കുന്നു .അപ്പോൾ ആ കുട്ടിക്കുണ്ടായ വേദനയും അരിശവും ഒക്കെയാണ് പോസ്റ്റിന്റെ ഉള്ളടക്കം .പോസ്റ്റ്‌ ചെയ്തു സമയം അധികം ആയതുകൊണ്ടോ ഒരു പെണ്‍കുട്ടിയുടെ പോസ്റ്റ്‌ ആയതു കൊണ്ടോ എന്നറിയില്ല ലൈക്‌ ,കമന്റുകളുടെ കൂമ്പാരം ....ഞാൻ അവിടെ തങ്ങി.

പോസ്റ്റും കമന്റും മനസ്സിരുത്തി വായിച്ചതിൽ നിന്നും ഒരു കാര്യം മനസ്സിലായി ..പലരും നല്ല ഉപദേശങ്ങൾ ,പോംവഴികൾ പറഞ്ഞു കൊടുത്തിട്ടും നമ്മുടെ പെണ്‍കൊച്ചു കാര്യമായി പ്രതികരിക്കുന്നില്ല .അപ്പോൾ അവിടെ കമന്റിട്ട ഒരാൾക്ക്‌ കുട്ടിയുടെ അസുഖം മനസ്സിലായി.കുട്ടിക്ക് കമന്റ് കൂടുവാൻ മാത്രമേ ആഗ്രഹം ഉള്ളൂ .. അല്ലാതെ ഇതൊന്നും വലിയ പ്രശ്നം അല്ല..പരിഹാരവും വേണ്ട .

അയാൾ കാര്യം ചോദിച്ചു .".കമന്റ് കൂട്ടുകയല്ലേ  നിന്റെ ഉദ്ദ്യേശം എന്ന്..".അപ്പോൾ അവൾ കുറെ ലോട്ട് ലൊടുക്കു ന്യായങ്ങൾ വിളബി .അത് വായിക്കുന്ന ആർക്കും സംശയം തോന്നും  അവൾ എല്ലാവരെയും കബളിപ്പിക്കുകയാണോ എന്ന് ..എനിക്കും തോന്നി സത്യം ..
അപ്പോൾ അയാൾ എഴുതി ..കുട്ടിക്ക്  അയച്ച ഫോട്ടോകൾ വേണ്ടെങ്കിൽ എനിക്ക് അയച്ചു താ ..ഞാൻ ആണ്‍കുട്ടി ആയതിനാൽ എനിക്ക് പ്രശ്നം ഇല്ല എന്ന് ...

അപ്പോൾ അവളുടെ മറുപടി വീട്ടിലെ അമ്മയോടും പെങ്ങന്മാരോടും ചോദിക്കുവാൻ ആണ് ..അവര്‍ക്ക് സമയമില്ലെങ്കില്‍ അമ്മൂമ്മയോടോ അമ്മയിയോടോ ഗൂഗിള്‍ തപ്പി എടുത്തുതരാന്‍  പറയാന്‍ ..

അയാള് പിന്നെ ഇട്ട കമന്റുകൾ കുട്ടിയെ അധിക്ഷേപിച്ചുള്ളതായിരുന്നു ..പിന്നെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കുറേപേർ രംഗത്ത് വന്നു ..മുട്ടനാടുകളുടെ അടികൾ കണ്ടു കാണാമറയത്തു രസിച്ചു ഞാനും...പിന്നെ പിന്നെ കൂടുതൽപേർ അവളെയും വീട്ടുകാരെയും ഒക്കെ 
വല്ലാത്ത രീതിയിൽ പറയുന്നത് കണ്ടപ്പോൾ വല്ലായ്മ തോന്നി ..നാട്ടുകാരിയല്ലേ വെറുതെ ഒരു ഉപദേശം കൊടുക്കാമെന്നു തീരുമാനിച്ചു ..നമ്മെ കൊണ്ട് അതല്ലേ കഴിയൂ ..

നല്ല രീതിയിൽ ഞാന്‍ ഒരു കമന്റ് എഴുതി.

"നിങ്ങൾ പറയുന്നത് സത്യമോ കള്ളമോ എന്നെനിക്കറിയില്ല ..പക്ഷെ ഈ കാലത്ത് അമ്രുതമാർ നമ്മളെ പറ്റിക്കുന്നതുകൊണ്ട്, ഇത് സത്യമാണെങ്കിൽ സൈബർ പോലീസിൽ പരാതിപെടുക .അല്ലാതെ ഇങ്ങിനത്തെ പോസ്റ്റ്‌ കൊണ്ട് നാട്ടുകാർ മുഴുവൻ കുട്ടിയുടെ വീട്ടുകാരെപറ്റി  പറയുന്നത്  കുട്ടിക്ക് ദോഷം ചെയ്യും "

പെട്ടെന്ന് മറുപടി വന്നു '"നിങ്ങള്ക്ക് വിശ്വാസം ഇല്ലെങ്കിൽ ഇതിൽ ഇടപെടണ്ട .എന്തുവന്നാലും ഞാൻ ഇത് എല്ലാവരെയും അറിയിക്കും "

അപ്പോൾ എനിക്കും കാര്യം മനസ്സിലായി.വീട്ടുകാർ അപമാനിക്കപെട്ടാലും സാരമില്ല തന്റെ പോസ്റ്റ്‌ ജനകീയമാകണം ..അത് മാത്രമാണ് മനസ്സിലിരുപ്പ്.വെറുതെ അവിടുന്ന് മുങ്ങുന്നതെങ്ങിനെ ..അതും ഒരു പെണ്‍കൊടി  പോടാ പുല്ലേ  നിന്റെ  ഒന്നും സഹായം ആവശ്യം ഇല്ല എന്ന് പറയുക കൂടി ചെയ്തപ്പോൾ ....ഏതായാലും ഒരു കമന്റ് കൂടി ഇട്ടു തല്ക്കാലം അവിടുന്ന് മുങ്ങി 

"നല്ലത് നായക്ക് അറിയില്ല എന്ന പഴമൊഴിയാണ്‌ ഓര്മ വരുന്നത് " അതായിരുന്നു കമന്റ് .

പിന്നെ നമ്മൾ അംഗം ആയിട്ടുള്ള ഗ്രൂപ്പിൽ ഒക്കെ ഒന്ന് കറങ്ങി ..അപ്പോൾ പല സ്ഥലത്തും സമാനമായ പോസ്റ്റുകൾ ..എല്ലാം പെണ്‍കിടാങ്ങളുടെതു തന്നെ .അവര്ക്ക് കിട്ടിയ ഫോട്ടോ നൊമ്പരങ്ങൾ ..അപ്പോൾ ഏതോ വിരുതന്മാർ പെണ്‍കുട്ടികൾക്ക് അശ്ലീല ഫോട്ടോ അയക്കുന്നുണ്ടോ ?എനിക്കും സംശയം തോന്നി.രണ്ടു മൂന്നു ഗ്രൂപ്പിലെ കമന്റുകൾ  മുഴുവൻ വായിച്ചപ്പോൾ പലരിൽ നിന്നും ഒരു കാര്യം മനസ്സിലായി .ഇതൊരു തട്ടിപ്പ് പോസ്റ്റ്‌ ആണ് .കുറച്ചായി പല സ്ഥലത്തും കറങ്ങി തിരിയുന്നുമുണ്ട് .

ഇപ്പോൾ പണ്ടത്തെപോലെ പേരും ഫോട്ടോയും മാത്രം ഇട്ടാൽ ഫിമെയിൽ  ഐഡി ക്ക്  ലൈക്കും കമന്റും കൂടുതൽ കിട്ടുനില്ല .കാരണം നപുംസകങ്ങൾ ഫേസ് ബുക്കിൽ കൂടുതൽ നിറഞ്ഞിരിക്കുന്നു.അത് മനസ്സിലാക്കിയ ഞരബു രോഗികൾ ഇപ്പോൾ പ്രതികരിക്കുന്നത് ഇങ്ങിനത്തെ പോസ്റ്റുകളിൽ ലൈക്കിയും കമന്റടിച്ചുമാണ് .പെണ്ണിന്റെ രോദനം ആണല്ലോ പല കൊബനാനകളെയും മുട്ട് കുത്തിക്കുന്നത്.അത് മനസ്സിലാക്കി ചില പെണ്‍പടകള്‍ പുതിയ മാർഗങ്ങൾ കണ്ടുവെച്ചിരിക്കുന്നു ...അത് കൊണ്ട് ഇത്തരം പോസ്റ്റ്‌ കണ്ടില്ലെന്നു നടിക്കുക ..അല്ലെങ്കില്‍ വെറുതെ അപഹാസ്യരാകും.

ഫേസ്പു ബുക്കിൽ കമന്റ് കൂട്ടുവാൻ പുതിയ പുതിയ തന്ത്രങ്ങൾ വരുന്നു ..അത് എങ്ങിനത്തെ  ആയാലും സാരമില്ല ആരെ നോവിചാലും കുഴപ്പം ഇല്ല .....നമ്മുടെ പോസ്റ്റ്‌ കത്തികയറി നില്ക്കണം ..അത്ര തന്നെ ..കൊള്ളാം.

ഇതൊന്നുമില്ലാതെ എന്ത് ഫേസ് ബുക്ക്‌ അല്ലെ ..പരസ്പരം പറ്റിക്കുക ..അതും കൂട്ടുകാരെ ..തമ്മില്‍ ഒരിക്കലും കണ്ടിട്ടില്ലാതെ കൂട്ടുകാരെ കൊമാളിയാക്കിയാല്‍ ഒരു പ്രശ്നവും ഇല്ല അല്ലെ ..ഇടുങ്ങിയ മനസ്സുകള്‍ കൂട്ടുകാരെ ആഗ്രഹിക്കുനില്ല ..അവര്‍ക്ക്  ഇവിടെ പോപ്പുലര്‍ ആകണം ..അത്രമാത്രം

ചൂടോടെ ഈ കാര്യം പറഞ്ഞു ഒരു കമാന്‍ഡ്‌ കൂടി ഇടാന്‍ പഴയ സ്ഥലത്തേക്ക് പോയ ഞാന്‍ ഞെട്ടി.പോസ്റ്റ്‌  കാണാനില്ല ...എന്നെ അവള്‍ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു.അപ്പോള്‍ എനിക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി.അവള്‍ ബ്ലോക്ക്‌ ചെയ്തത് കൊണ്ട് എനിക്ക് ഒരു ചുക്കും സംഭവിക്കില്ല എന്ന് തിരിച്ചറിയാനുള്ള ബുദ്ധിപോലും അവര്‍ക്കില്ലാതെ പോയി .എങ്ങിനെ ഉണ്ടാവാന്‍ ..ബുദ്ധി ഉണ്ടെങ്കില്‍ അവര്‍ ഈ പരിപാടി നടത്തില്ലല്ലോ ... .നാളെ  അല്ലെങ്കില്‍ മറ്റൊരു ദിവസം പുതിയ മറ്റൊരു തന്ത്രവും പ്രതീക്ഷിച്ചു ഞാന്‍ .....


വാൽകഷ്ണം :ഞാൻ ഒരു പെണ്‍വിരോധി ഒന്നുമല്ല ..അവരെ അങ്ങേയറ്റം ബഹുമാനിക്കുന്നുമുണ്ട് ..പക്ഷെ എന്നോട് കളിച്ചാൽ ഞാനും തിരിച്ചു തരും ..പക്ഷെ നപുംസകങ്ങൾ ..അവരെ എനിക്ക് വെറുപ്പാണ് ..ഫൈക്  ഐഡി വെച്ച് കളിക്കുന്ന അവരോടു മുട്ടാൻ ഞാൻ ഇല്ലേ ....സ്വന്തം മുഖമില്ലത്തവനോട് എന്ത് പറയാന്‍ ..?

Sunday, May 12, 2013

മടക്കയാത്ര

വിമാനത്തിനുള്ളില്‍ കയറിയപ്പോഴേ ശ്രദ്ധിക്കുന്നു ..ആരുടേയും മുഖം പ്രസന്നമല്ല.സാധാരണ നാട്ടിലേക്കുള്ള  വിമാനത്തില്‍ എല്ലാവരും നല്ല ജോളിയില്‍ ആണ് കാണാറ് എന്നാണ് പലരും പറഞ്ഞതു .നാട്ടില്‍ പോകുന്നതിന്റെ ത്രില്‍ .നാട്ടുകാരെയും വീട്ടുകാരെയും പറ്റിയുള്ള ആകാംഷ... ..ഉന്മേഷം ..ഇവിടെ ഈ  നാട്ടില്‍ മൂടികെട്ടിയിരിക്കുന്നവനും വിമാനത്തിനുള്ളില്‍ സരസനാകും പോലും...പക്ഷെ ഇപ്പോള്‍ ?...ഓ ..അത് മറന്നുപോയി ..പുതിയ തൊഴില്‍ നിയമം വന്നതില്‍ പിന്നെ നാട്ടിലേക്ക് ചെറിയ ഒരു ഒഴുക്കുണ്ട്.വലിയ സ്വപ്‌നങ്ങള്‍ ഒക്കെ കുഴിച്ചുമൂടി ഒരു മടക്ക യാത്ര.അത് പലരുടെയും മുഖത്ത് കാണാനുണ്ട്.ഭാവി എന്തെന്ന് ചിന്തിച്ചു കൊണ്ടുള്ള ഒരു ദയനീയ ഭാവം.പലരും ഒരു കൃത്രിമ ചിരി മുഖത്തു വരുത്തുവാന്‍ ശ്രമിക്കുന്നുവെങ്കിലും പറ്റുന്നില്ല.ഉള്ളിലെ നീറ്റൽ അതിനനുവദിക്കുന്നില്ല

കയ്യില്‍ പ്ലാസ്റ്റര്‍ ഇട്ടതിനാല്‍ സഹായിക്കാന്‍ എയര്‍ഹോസ്റ്റെസ് കൂടെയുണ്ട് .എന്റെ സീറ്റിനുമുകളില്‍ ബാഗും മറ്റും വെച്ച് എന്റെ വക ഒരു താങ്ക്സ്  വാങ്ങി അവര്‍ പോയി.ഞാൻ എന്റെ സീറ്റിൽ ഇരുന്നു.അടുത്ത് ഒരു യുവാവും ഒരു പ്രായം കൂടിയ ആളും.ഞാൻ ചിരിച്ചു കൊണ്ട് രണ്ടു പേരോടും ഹലോ പറഞ്ഞു .അവരും. .അല്‍പ സമയം കഴിഞ്ഞപ്പോള്‍  അനൌന്‍സ്‌ മെന്റ്  വന്നു ..
വിമാനം ഉയര്‍ന്നു പൊങ്ങി 

പ്രായം ചെന്ന ആൾ ചോദിച്ചു

"നാട്ടിൽ  എവിടെയാ ?"

"തലശ്ശേരി "

"നിങ്ങളോ ?"

"ഞാൻ കൊയിലാണ്ടി "

"കയ്യിലെന്തു പറ്റി ?"

"മരണം വരുന്നോ എന്നു ചോദിച്ചു അടുത്ത് വന്നതാ ..വരില്ലെന്ന് പറഞ്ഞപ്പോൾ ചെറിയ ഒരു പോറൽ ഏല്പ്പിച്ചു കടന്നു പോയി .."

അയാള് ചിരിച്ചു കൊണ്ട് ചോദിച്ചു "ആക്സിഡന്റ്റ് ആയിരുന്നോ  ?'

"അതെ ..വണ്ടി ഇടിച്ചതാ ..കുറച്ചു ദിവസം ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു...ഇത് കൊണ്ട് നാട്ടില്‍ പോകാൻ കഴിയുന്നു.ലീവ് കിട്ടി..അല്ലെങ്കിൽ ഒരു രണ്ടു കൊല്ലം കൂടി  ഇവിടെ കിടന്നേനെ ."

പിന്നെ അയാള് ഒന്നും ചോദിച്ചില്ല .എനിക്ക് നാട്ടിലേക്ക് പോകാനുള്ള ഉന്മേഷം ..അയാൾ ചിലപ്പോൾ ജോലി നഷ്ട്ടപെട്ടു പോകുന്ന ആള്‍ ആവാം.

"ചേട്ടന്റെ പേര് പറഞ്ഞില്ല ?'
"അബൂബക്കര്‍ "
"എപ്പോഴാ മടക്കം .."വെറുതെ ഒരു കൊളുത്തിട്ടു .

"ഇനി ഇല്ല ..പത്തു മുപ്പതു കൊല്ലമായി ഇവിടെ ഗള്‍ഫില്‍ ..പല സ്ഥലത്ത് നിന്നും മാറി മാറി ഇവിടെ വന്നു ..ഇനി വയ്യ ഇവിടെ ...എത്ര കാലം എന്ന് വെച്ച് ഇവിടെ തന്നെ ...ഇനി എന്തെങ്കിലും ജോലി നാട്ടില്‍ നോക്കണം.കൂലി പണി എടുത്തെങ്കിലും കുടുംബം നോക്കണം."

"അപ്പോള്‍ ഒന്നും ഉണ്ടാക്കിയില്ലേ മുപ്പതു കൊല്ലം കൊണ്ട് ?"

"ഇവിടെ വന്നത് കൊണ്ട് മൂന്നു കുട്ടികളെ കെട്ടിച്ചു വിട്ടു.ചെറുതെങ്കിലും ഒരു വീട് ഉണ്ടാക്കി.അത്ര മാത്രം.ഇവിടെ കൊയ്യാന്‍ വന്നതാ ..പക്ഷെ എന്റെ അരിവാളിന് മൂര്‍ച്ച ഇല്ലായിരുന്നു.ഓരോരോ ആള്‍ക്കാരുടെ തലവര "

"നാട്ടില്‍ എന്ത് നോക്കാന ...അവിടെ മുഴുവന്‍ അന്യ ദേശക്കാര ..അവരാ ഇപ്പോള്‍ എല്ലാ പണിയും ചെയ്യുന്നത്..നമുക്ക് പണി കിട്ടില്ല "

"നമ്മളും ചെയ്തതു അത് തന്നെയല്ലേ ?നമ്മുടെ നാട്ടില്‍ നിന്നും നമുക്ക് ചെയ്യാന്‍ പറ്റുന്ന പണി ഒന്നും ചെയ്യാതെ ഇങ്ങോട്ടേക്ക് പോന്നു.എന്നിട്ടിവിടെ നരകിച്ചു പണിയെടുത്തു ജീവിതം നശിപ്പിക്കും ..എന്റെ മക്കളുടെ വളര്‍ച്ച ഞാന്‍ കണ്ടിട്ടില്ല..നാടിന്റെ ,നാട്ടുകാരുടെ  കാര്യം ഒന്നും അറിഞ്ഞില്ല.എല്ലാം കണ്ടത്  കേട്ടത് ഭാര്യ മാത്രം ..അവള്‍ അവിടെ ഒറ്റയ്ക്ക് ..എല്ലാം ഒറ്റയ്ക്ക് ചെയ്ത്ജീവിതം ഹോമിച്ചു ....എന്നെ പോലെയുള്ള പ്രവാസികളുടെ എത്ര എത്ര ജീവിതസഖിമാര്‍ നമ്മുടെ നാട്ടില്‍ ഒരു പരിഭവവുമില്ലാതെ ജീവിക്കുന്നു എന്നറിയാമോ ? .

പിന്നെ നിര്‍ത്തി അയാള്‍ പറഞ്ഞു

..അവസാനം പലരും എന്നെ പോലെ കയ്യില്‍ ഒന്നും ഇല്ലാതെ മടങ്ങും ...പക്ഷെ നാട്ടുകാര്‍ വിചാരിക്കും ഗള്‍ഫ്‌ എന്നാല്‍ സ്വര്‍ഗം ആണെന്ന്.നമ്മള്‍ അവിടെ പണം കൊയ്യുകയായിരിക്കും എന്ന്...അവരെ പറഞ്ഞിട്ടും കാര്യമില്ല.നമ്മള്‍ നാട്ടിലെത്തിയാല്‍ നാട്ടുകാരെ കാണിക്കാന്‍ വിലസും ..പണം എറിയും ..പക്ഷെ പിന്നെ ഇവിടെ വന്നു ഒന്ന് മുതലേ തുടങ്ങും.ഒരിക്കലും കൂട്ടിയാല്‍ തികയില്ല...ഞാന്‍ ശരിക്കും ജീവിച്ചത് നാട്ടില്‍ പോയപ്പോള്‍ മാത്രമാണ് ...എന്റെ ഭാര്യ..... അവളുടെ ജീവിതവും ഞാന്‍ കാരണം പോയി. അത്യഗ്രഹമില്ലാതെ എനിക്ക് നാട്ടില്‍ ഉള്ളത് കൊണ്ട് ജീവിച്ചിരുന്നുവെങ്കില്‍ ......"

അയാളുടെ കണ്ണില്‍നിന്നും കണ്ണീര്‍ ഒഴുകുവാന്‍ തുടങ്ങി ...അയാള്‍ പെട്ടെന്ന്  തന്നെ തുടച്ചു മാറ്റി 
പിന്നീട് പറഞ്ഞു.

"നല്ല നിലയില്‍ ഒരു കച്ചവടം നാട്ടില്‍ നടത്തികൊണ്ടിരുന്നവന്‍ ആണ് ഞാന്‍.അല്ലലില്ലാതെ ജീവിച്ചും പോന്നു.പക്ഷെ അറബി പൊന്ന് മനസ്സില്‍ കയറിയപ്പോള്‍ കടയും ഉള്ള പണ്ടവും കൊടുത്ത് വന്നവനാ ഞാന്‍.ആദ്യം കൊടുത്ത പണം തിരിച്ചു പിടിക്കാന്‍ പാടുപെട്ടു.പിന്നെ പിന്നെ ജീവിക്കുവാന്‍ വേണ്ടിയും ...എല്ലാവരും ഇങ്ങിനെ അല്ല ..പക്ഷെ കൂടുതല്‍ പേരും എന്നെപോലെ വന്നവര്‍ ആണ്. അനിയന് എന്താണ് ജോലി എന്ന് അറിയില്ല ..എന്നാലും പറയാം ..നമ്മളുടെ നാട്ടില്‍ കിട്ടുന്ന ജോലിയാണെങ്കില്‍ അത് അവിടുന്ന് തന്നെ ചെയ്യുക.ഇന്ന് അല്ലെങ്കില്‍ മറ്റൊരിക്കല്‍ ഇവിടുന്നു എല്ലാവരും പാലായനം ചെയ്യേണ്ടി വരും .അത് കൊണ്ട് പണം കിട്ടുന്നത് അല്പം കുറവാണെങ്കിലും നമ്മുടെ നാട് തന്നെയാണ് സ്വര്‍ഗം.കുടുംബത്തോടൊപ്പം ഉള്ള സന്തോഷം അത് വിലമതിക്കാനാവാത്തതാണ്...ഗള്‍ഫിനു ഒരു മായിക ശക്തി ഉണ്ട് ..ഒരിക്കല്‍ വന്നാല്‍ വീണ്ടും വീണ്ടും വരുത്തും ...ഇവിടെ  എത്ര അനുഭവിച്ചാലും അത് വീണ്ടും  തിരിച്ചുവിളിക്കുപോല്‍ വന്നുപോകുന്ന  ഒരു മായിക ശക്തി...ഞാന്‍ തന്നെ എത്ര തവണ തിരിച്ചു വരുനില്ല എന്ന് വിചാരിച്ചതാനെന്നു അറിയാമോ ..പക്ഷെ പിന്നെയും പിന്നെയും വരേണ്ടി വന്നു ..അനിയന്‍ ആ കാന്തിക വലയത്തില്‍ ആകര്ഷിക്കപെട്ടു പോകരുത് ...മതിയാക്കിയാല്‍ പിന്നെ വരരുത് ..എന്ത് പ്രലോഭനം ഉണ്ടായാലും .."

ഞാനും ചിന്തിച്ചു ..അതെ കുടുംബത്തെ കണ്ടിട്ട് രണ്ടു വര്‍ഷമായി.ബംഗ്ലൂരിലെ നല്ല ജോലി കളഞ്ഞു വന്നതാണ്.ബംഗ്ലൂരില്‍ നിന്നും എന്നെ മാറ്റുവാന്‍ വീട്ടുകാര്‍ ശ്രമിച്ചു.അവിടെ ഒരു ആഭാസന്‍ ലേബല്‍ ആയിരുന്നല്ലോ. എന്തൊരു ലൈഫ് ആയിരുന്നു അവിടെ ..കൂട്ടുകാര്‍ ...മാറി മാറി ഗേള്‍ ഫ്രണ്ട് .അടിച്ചുപൊളി .എല്ലാം മറന്നൊരു ജീവിതം.. പക്ഷെ മനസ്സില്‍ ഒരു നീറ്റലുണ്ട് ..ലക്ഷ്മി എന്ന നീറ്റല്‍..ബംഗ്ലൂര്‍ ജീവിതം നഷ്ട്ടപെടുത്തിയത് അവളെയാണ്.എന്നെ കുറിച്ചുള്ള ചില കഥകള്‍ നാട്ടില്‍ പാട്ടയപ്പോള്‍ എന്നെ വെറുത്ത എന്റെ ലക്ഷ്മി...ആ ഒരു അകല്‍ച്ച തന്നെയായിരുന്നു കടല്‍ കടക്കുവാനും പ്രചോദനം ആയത്...പക്ഷെ  ഇവിടെ അടിമയെ പോലെ ...എങ്കിലും നല്ല പണം കിട്ടുന്നുണ്ട്‌ ..പക്ഷെ ലൈഫ് ...അബൂക്ക പറഞ്ഞത് ശരിയാണ്.ചിന്തിക്കണം ഒരു മടക്ക യാത്ര വേണോ എന്ന് ..ഇനിയും ബംഗ്ലൂരില്‍ ജോലി കിട്ടും .പക്ഷെ വീട്ടുകാര്‍ സമ്മതിക്കില്ല...വേറെ സ്ഥലം ഉണ്ട് ..ഡല്‍ഹി ..ഹൈദരാബാദ്‌ .. .ജീവിതവും തിരിച്ചു പിടിക്കാം ..പക്ഷെ ..പണം ഇത്ര കിട്ടില്ല .എന്നാലും സ്വസ്ഥത കിട്ടും.അതെ ഇനി മടക്കമില്ല .അങ്ങിനെ തീരുമാനിക്കാം ..അതോ മടങ്ങി പോകണമോ ?


വിമാനം നിലത്തിറങ്ങുന്നത് വരെ എന്തുവേണം എന്നൊരു തീരുമാനത്തില്‍ എത്തുവാന്‍ കഴിഞ്ഞില്ല.വീട്ടുകാരോട് എന്ത് പറയും ?ബാഗേജും കലക്റ്റ്‌ ചെയ്ത് എയര്‍പോര്‍ട്ടിന് വെളിയില്‍ വരുമ്പോള്‍ എല്ലാവരും ഉണ്ടായിരുന്നു.അച്ഛന്‍ ,അമ്മ ,അളിയന്‍ ,കൂട്ടുകാര്‍ ഒക്കെ ....എല്ലാവരെയും ആശ്ലേഷിച്ചു കാറില്‍ കയറി.അളിയന്‍ ചോദിച്ചു 

"എത്ര കാലം ഉണ്ട് ലീവ് "  എല്ലാവരും ആദ്യം നേരിടുന്ന ചോദ്യം 
"രണ്ടു ആഴ്ച "
"അപ്പോള്‍ അതങ്ങു നടത്തിയാലോ അമ്മെ ?"
"ഏതു?"
"ഞങ്ങള്‍ നിനക്കൊരു കുട്ടിയെ കണ്ടിട്ടുണ്ട്.നീ ഗള്‍ഫില്‍ എഞ്ചിനീയര്‍ ആണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് ഓക്കേ.നാട്ടിലെ നിന്റെ ജോലിയുള്ള യുവാക്കള്‍ ഒക്കെ തരികിട ആണ് പോലും ..പുറംരാജ്യതാണ് പോലും നല്ലവര്‍ ഉള്ളത്. .പ്രത്യേകിച്ച്  നിന്റെ രാജ്യത്തു .അവിടെ എല്ലാറ്റിനും ഒരു ചട്ടം ഉണ്ട് പോലും ..ഇനി നിങ്ങള്‍ തമ്മില്‍ കണ്ടാല്‍ മതി .നിങ്ങള്‍ മുന്‍പേ നാട്ടില്‍ വെച്ച് കണ്ടിരിക്കും ..എന്നാലും ആ ചടങ്ങ് വേണ്ടതല്ലേ ?ഓക്കേ ആണെങ്കില്‍  പോകുന്നതിനു മുന്‍പ് ഉറപ്പിക്കാം...കല്യാണം പിന്നെ "

ചട്ടം പോലും .നമ്മുടെ നാട്ടുകാര്‍ അല്ലെ അവിടെ കൂടുതല്‍ ..അവര്‍ ചട്ടം പൊളിച്ചെഴുതും ..നിയമം ലംഘിക്കും.അനുവദനീയമല്ലാത്ത മദ്യവും മദിരാക്ഷിയും വരെ അവര്‍ എത്തിക്കും നിയമത്തിന്റെ കണ്ണും വെട്ടിച്ചു കൊണ്ട് ....പക്ഷെ പുറത്തു മാന്യര്‍ ..ആളും രാജ്യവും ഒക്കെ പുറമേ നല്ലത് തന്നെ. ..മനസ്സിലോര്‍ത്തു..എങ്കിലും പുറത്തു പറഞ്ഞില്ല.

"ആരാ കക്ഷി ?"

"നിന്നെ അറിയുന്ന ആള്‍ക്കാര്‍ തന്നെ ..ഹരീന്ദ്രന്‍ എഞ്ചിനീയരുടെ മകള്‍ ശ്രീലക്ഷ്മി "
"മനസ്സില്‍ ഒരു കുളിര്‍മഴ പെയ്തു പോലെ ...നഷ്ട്ടപെട്ടു എന്ന് കരുതിയ അവള്‍ വീണ്ടും ജീ വിതത്തിലേക്ക് ...പ്രതീക്ഷിക്കാത്ത ഒന്ന് ."

"എന്താ ഒന്നും മിണ്ടാത്തത് ?നീ ഗള്‍ഫില്‍ തുടരുകയാണെങ്കില്‍ മാത്രമേ അവര്‍ക്ക് താല്പര്യം ഉള്ളൂ..കാരണം നിന്നെ കുറിച്ച് അവര്‍ അവിടെ ഉള്ള അവരുടെ കസിന്സിനോട്  അന്വേഷിച്ചു...നല്ല അഭിപ്രായമാണ് ..നീയും നിന്റെ ജോലിയും അവര്‍ക്ക് നന്നേ പിടിച്ചു ..."


മനസ്സില്‍ എടുത്ത തീരുമാനങ്ങള്‍ ഒക്കെ വെറുതെയാവുന്നു..പോകുനില്ല എന്ന് പറഞ്ഞാല്‍ ലക്ഷ്മി വീണ്ടും നഷ്ട്ടമാകും .ഇവിടെ നിന്ന് കൊണ്ട് വീണ്ടും ഞാന്‍ ആഭാസന്‍ ആകാന്‍ പോകുകയാണോ എന്ന് ചിന്തിക്കും.എന്തായാലും മടങ്ങിപോകുക തന്നെ ....ഇഷ്ടം ഇല്ലാതെ പലരും വീണ്ടും വീണ്ടും അവിടെക്കുതന്നെ തിരിച്ചു പോകുന്നത്  ഇങ്ങിനത്തെ  കാരണങ്ങള്‍ ഒക്കെ കൊണ്ട് തന്നെയാവും ..അല്ലെ ?സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റാത്ത ചില അവസ്ഥകള്‍ ..എല്ലാം ചുറ്റുമുള്ളവര്‍ അങ്ങ് തീരുമാനിക്കും ..അവരെ പിണക്കാതിരിക്കാന്‍ നമ്മള്‍ അനുസരിക്കുന്നു ഒരു യന്ത്രത്തെ പോലെ ..അല്ലെങ്കില്‍ നമ്മുടെ സ്വകാര്യ താല്പര്യം സംരക്ഷിക്കുവാന്‍ നമ്മള്‍ തന്നെ ഇഷ്ടമില്ലാതെ  തീരുമാനിക്കും.

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം മടക്കയാത്രക്ക് വേണ്ടി എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുമ്പോള്‍ വലിയ ഒന്ന് രണ്ടു ലഗാജുമായി വരുന്ന ആളെ കണ്ടു ഞെട്ടി.  അബൂക്ക ...ഇനി ഒരു മടക്കയാത്ര ഇല്ല എന്ന് പറഞ്ഞ ആള്‍. ...എന്നോട് നാട്ടില്‍ ജോലി തേടാന്‍ ഉപദേശിച്ച ആള്‍...എഴുനേറ്റു ചെന്ന് പുറത്തു തട്ടി.അബൂക്ക ഞെട്ടി തിരിഞ്ഞു ..അമ്പരപ്പ് മാറി ...എന്നെ കണ്ടപ്പാടെ ഒന്ന് ചിരിച്ചു .

"എന്താ അബൂക്ക ഇത് ..?നിങ്ങളല്ലേ പറഞ്ഞത് ഒരു മടക്കയാത്ര ഇല്ല ..കുടുബതോടൊപ്പം ഇവിടെ തങ്ങും എന്ന് ..എന്നിട്ട് ?"

"ഞാന്‍ പറഞ്ഞില്ലേ മോനെ ..ഈ ഗള്‍ഫിനു ഒരു മായിക ശക്തി ഉണ്ട് ..അതെപ്പോഴും തിരിച്ചു വിളിച്ചു കൊണ്ടേയിരിക്കും ..."അത് പറഞ്ഞു അബൂക്ക പൊട്ടി പൊട്ടി ചിരിച്ചു.പിന്നെ പറഞ്ഞു

"പക്ഷെ പോകുന്നത് ഞാനല്ല ...എന്റെ മോള്‍ റസിയയ ...ഇവളുടെ ഉമ്മയുടെ അനുഭവം ഇവള്‍ക്ക് ഉണ്ടാകരുത് ..അത് കൊണ്ട് ഇവളുടെ പുയ്യാപ്ല അവിടെ കഴിയുന്നകാലത്തോളം ഇവളെയും അവിടെ നിര്‍ത്തുവാന്‍ ഞാന്‍ ഏര്‍പ്പാടാക്കി .പടചോന്‍ സഹായിച്ചു എല്ലാം വേഗം നടന്നു ...."

അബൂക്ക അത് പറയുമ്പോള്‍ ആ മുഖത്തെ സന്തോഷം എനിക്ക് കാണാന്‍ പറ്റുന്നുണ്ടായിരുന്നു.ഒരു ആയുസ്സിന്റെ കുറെഭാഗം അന്യരാജത്തു  ഹോമിക്കപെട്ടുപോയ ആ മനുഷ്യന്‍ തന്റെയും ഭാര്യുയു ടെയും അനുഭവം മക്കള്‍ക്ക് ഉണ്ടാവരുതെന്നു തീരുമാനിക്കുന്നു...അവര്‍ക്കുവേണ്ടി അവരുടെ സന്തോഷത്തിന് വേണ്ടി മാത്രമായിപോയ നഷ്ട്ടപെടുത്തിയ  ജീവിതങ്ങള്‍ ..അങ്ങിനെ എത്ര എത്ര അബൂക്കമാര്‍ .......



കഥ:പ്രമോദ്‌ കുമാര്‍.കെ.പി 



Thursday, May 9, 2013

വിശ്വന്‍മാഷിന്റെ കണക്ക്

"ഇതെന്താ എല്ലാവരും കടകള്‍ ഒക്കെ അടക്കുന്നത് ..?ഹര്‍ത്താല്‍ ആണോ ?"
"ഇത് ഹര്‍ത്താല്‍ ഒന്നുമല്ല ..ആദരസൂചകമായീട്ടാണ് ..നമ്മുടെ  വിശ്വേട്ടന്‍.മരിച്ചു പോയി ..."
" ഏത്‌  വിശ്വേട്ടന്‍..?"
"നമ്മുടെ കരിക്കുലം വിശ്വന്‍ മാഷ്‌ ..."
"എന്താ പറ്റിയത് ?രാവിലെയും ഞാന്‍ മാഷേ കണ്ടതാണല്ലോ ?"
"മനുഷ്യന്റെ ആയുസ്സിനോക്കെ പോകാന്‍  ഇപ്പോള്‍ നേരമോ കാലമോ ഉണ്ടോ ..?ചോറ് കഴിച്ചു കിടന്നതാണ് പോലും .ഉറക്കത്തില്‍  സുഖമരണം.."
ഈ മരണത്തിനും സുഖമുണ്ടോ ...സംശയം തോന്നിയെങ്കിലും അയാള്‍ ചോദിച്ചില്ല.അയാള്‍ വിശ്വന്‍ മാഷുടെ വീട് ലക്ഷ്യമാക്കി നടന്നു.നിറയെ ആളുകളായിരുന്നു. ..വീടിനു അകത്തും പുറത്തും..മക്കള്‍ ഒരാള്‍ ഒഴികെ ബാക്കിയുള്ളവര്‍ വേറെ നാടുകളില്‍ ആണ്.അത് കൊണ്ട് തന്നെ ശവമടക്ക് നാളയെ നടക്കുള്ളൂ.ഇവിടെ ഉള്ളവന്‍ ചന്ദ്രന്‍ നാട്ടിലെ വലിയ ബിസിനെസ്സ്‌കാരനാണ്.കൂടാതെ വ്യാപാരികളുടെ ഈ നാട്ടിലെ സെക്രട്ടരിയും.അത് കൂടി  കൊണ്ടാവാം കടകള്‍ ഒക്കെ അടച്ചു ആദരം അറിയിക്കുന്നത്.

വിശ്വേട്ടന് മറ്റൊരു ബിസിനെസ്സ്‌ ഉണ്ട്.ബിസിനെസ്സ്‌ എന്ന് പറയാന്‍ പാടില്ല.ഒരു സഹായം.പണം കടം കൊടുക്കല്‍.പക്ഷെ  കൊള്ള പലിശ ഒന്നും ഇല്ല ..ബാങ്കിന്റെ അത്ര മാത്രം..വെറുതെ കൊടുക്കുമ്പോള്‍  വാങ്ങുവാന്‍ ആള്‍കാര്‍ കൂടും.അത് കൊണ്ട് ബാങ്കിന്റെ അത്ര മാത്രം പലിശയില്‍ കച്ചവടകാര്‍ക്ക് മാഷ്‌ പണം കൊടുക്കും.കൃത്യമായി തിരിച്ചു നല്‍കുന്നവന് മാത്രം അടുത്ത തവണ.അത് കച്ചവടക്കാര്‍ക്ക് നല്ല ഒരു അനുഗ്രഹം കൂടി ആയിരുന്നു. പണ്ട്  കാലം തൊട്ടേ ഉള്ളതാണ്.കുടുംബത്തില്‍ നല്ല സ്വത്തുണ്ട്.അത് കൊണ്ട് തന്നെ പലരെയും സഹായിക്കാന്‍ മാഷിന്റെ കുടുബം മുന്‍പ് തന്നെ മുന്‍കൈ എടുക്കുമായിരുന്നു.മാഷിന്റെ അച്ഛനും ഇതുപോലെ പലരെയും സഹായിക്കുമായിരുന്നു.പലിശ ഒന്നും വാങ്ങാതെ..പക്ഷെ പലരും തിരിച്ചു കൊടുത്തില്ല.അത് കൊണ്ട് മാഷ്‌ കുറച്ചുകൂടി കണിശക്കാരനായി. മാഷിന്റെ കണക്ക് ഒക്കെയും മനസ്സിലായിരുന്നു.എഴുതി വെക്കുന്നതോന്നും ആരും കണ്ടിട്ടില്ല.പക്ഷെ മാഷ്‌ കൃത്യ ദിവസം വന്നു ശരിയായ കണക്ക് പറയും.പക്ഷെ മാഷക്ക് ഒരു സ്വഭാവം ഉണ്ട് ..കടം വാങ്ങുന്ന കച്ചവടക്കാരന്റെ കടയില്‍ നിന്നും അന്ന് എന്തെങ്കിലും വാങ്ങിയിരിക്കും.അതിന്റെ പണം കടക്കാരന്‍ വാങ്ങിയ പണം തിരിച്ചു കൊടുക്കുമ്പോള്‍ അതില്‍ നിന്നും കുറയ്ക്കും. പതിവായി പണം കൊടുക്കുന്നത് കൊണ്ട്  കച്ചവടകാര്‍ക്ക് മാഷേ വലിയ കാര്യമായിരുന്നു.

മാഷ്‌ മരിച്ചു രണ്ടു മാസത്തോളമായി.അടിയന്തിര കര്‍മ്മങ്ങള്‍ ഒക്കെ കഴിഞ്ഞപ്പോള്‍ മക്കള്‍ അവരുടെ ലാവണത്തിലേക്ക് പോയി.ഒരു ദിവസം ചന്ദ്രന്‍ കുറെ കച്ചവടക്കാരെ വീട്ടിലേക്കു വിളിപ്പിച്ചു.വ്യാപാരി വ്യവസായികളുടെ കാര്യമോ മറ്റോ ആയിരിക്കും.എല്ലാവരും അവിടെ കൂടി.
എല്ലാവരെയും സ്വീകരിച്ചു കൊണ്ട് ചന്ദ്രന്‍ പറഞ്ഞു.

അച്ഛന്‍ പലരുമായി ഇടപാടുകള്‍ ഉണ്ടായിരുന്നു.അവരൊക്കെ പണം തിരിച്ചു കൊണ്ട് തന്നു.പക്ഷെ കൊടുക്കുവാനുള്ളത് ഇപ്പോഴാണ് ഓര്‍ത്തത്.ഞാന്‍ വായിക്കാം

അബൂക്കക്ക്  അമ്പതു കിലോ അരി ,സോളമന്  അഞ്ചു  കിലോ പഞ്ചസാര ,ബഷീറിന് ഇരുപത്തയഞ്ചു കിലോ പിണ്ണാക്കു, ശിവന്‍ ചേട്ടന്  ഒരു കിലോ പഴം ...........അങ്ങിനെ കുറെ പേരുകള്‍ വാങ്ങിയ സാധനം അടക്കം ചന്ദ്രന്‍ പറഞ്ഞു.

"നിങ്ങള്‍ ഇത് വാങ്ങാന്‍ വരുമെന്ന്  കരുതി കാത്തിരുന്നു ..പക്ഷെ കാണാത്തത് കൊണ്ട് ഞാന്‍ ഇത് തരാന്‍ വേണ്ടി വിളിപ്പിച്ചതാണ്."

'അത് ഇവിടുത്തുകാര്‍ക്ക് അറിയില്ലെങ്കില്‍ എന്ന് വിചാരിച്ച് വരാതിരുന്നതാണ് ...തെളിവോന്നുമില്ലാതെ .."

'എന്നാലും പണം അല്ലെ ?അത് കൃത്യത പാലിക്കണ്ടേ ?.."

"അതും ശരിയാ .."

ചന്ദ്രന്‍ എല്ലാവര്‍ക്കും പണം നല്‍കി.എല്ലാവരും സന്തോഷത്തോടെ പണം വാങ്ങി നന്ദി പറഞ്ഞു. .എല്ലാവരും എഴുനേറ്റു പോകാന്‍ തുടങ്ങിയപ്പോള്‍ ചന്ദ്രന്‍ ചോദിച്ചു.

"അപ്പോള്‍ അച്ഛന് കൊടുക്കാനുള്ള പണം എന്ന് കൊണ്ട് വന്നു തരും ?'
എല്ലാവരും ഞെട്ടി.അവര്‍ പരസ്പരം നോക്കി ..പിന്നെ മുഖം കുനിച്ചു നിന്നു .ചന്ദ്രൻ പറഞ്ഞു തുടങ്ങി.

"നിങ്ങൾ നിങ്ങള്ക്ക് കിട്ടുവാനുള്ളത് കയ്യും നീട്ടി വാങ്ങിച്ചു.എന്നിട്ട് പോലും കൊടുക്കാൻ ഉള്ളതിനെ കുറിച്ച് പറഞ്ഞില്ല .അച്ഛന് കണക്കു സൂക്ഷിക്കുന്ന പതിവ് ഇല്ല എന്ന് കരുതികാണും അല്ലെ ?അബൂക്കയുടെ കടയിൽ  നിന്നും അമ്പതു കിലോ അരി വാങ്ങിയെങ്കിൽ അമ്പതിനായിരം അബൂക്ക വാങ്ങിയിട്ടുണ്ട് ..ശിവേട്ടനിൽ നിന്നും ഒരു കിലോ പഴം ആണെങ്കിൽ ആയിരം ശിവേട്ടാൻ തരാനുമുണ്ട് ..അച്ഛന്റെ കണക്കു അങ്ങിനെയാണ് ..ഒരു കിലോ എങ്കിൽ ആയിരം രൂപ എന്ന കണക്ക് .കാരണം വാങ്ങിയത് എപ്പൊഴും എല്ലാവര്ക്കും ഓര്മ കാണും .പക്ഷെ കൊടുക്കുവാനുള്ളത്  തപ്പി കളിക്കും.അത് കൊണ്ട് വാങ്ങിയതിലൂടെ നിങ്ങളെ ഓര്‍മിപ്പിക്കും.വേറെ ഒന്നുണ്ട് ഇതൊന്നും അച്ഛന്‍ എഴുതി വച്ചതല്ല  .അന്നന്ന് അമ്മയോട് പറയുന്നതാണ്.അമ്മ എല്ലാം  എഴുതി വെച്ചു ..അച്ഛന് എല്ലാ കണക്കും മനസ്സിലാണ് ..പണം വാങ്ങാൻ വരുമ്പോഴും എത്രകിലോയുടെ പണം ഞാൻ തരാനുള്ളത്‌ എന്നാണ് അച്ഛൻ ചോദിക്കുക അല്ലെ ? അപ്പോൾ അച്ഛന് കിട്ടാനുള്ള പണം മനസ്സില്  വരും. പലപ്പോഴും ഞാനും ഇത് കേട്ടിട്ടുണ്ട് ..പക്ഷെ കാര്യം മനസ്സിലായിരുനില്ല..അടുത്ത് തന്നെ ഇതൊക്കെ കിട്ടുന്ന എന്റെ കടയും വെച്ച് എന്തിനാണ് അച്ഛൻ നിങ്ങളുടെ അടുത്ത് നിന്നും വാങ്ങുന്നത് എന്ന് ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട് ..അപ്പോൾ അച്ഛൻ പറയാറ് അവിടെ നിന്നും വല്ലതും വാങ്ങേണ്ടേ എന്നാണ്....നിങ്ങളെ സഹായിച്ച അച്ഛനെ നിങ്ങൾ ചതിച്ചു ..ഇനി ഈ കുടുംബത്തിൽ നിന്നും ഇങ്ങിനെ ഒരു ഇടപാട് ഇല്ല...ആദ്യം പലരും അചാച്ചനെ പറ്റിച്ചു ..എന്നിട്ടുപോലും അച്ഛന്‍ പലരെയും സഹായിച്ചു ..പക്ഷെ ഇപ്പോള്‍ നിങ്ങളും ആ പാത പിന്തുടരുന്നു.....അത് കൊണ്ട് വേണ്ട ..ആരും ഇനി ഇവിടെ സഹായത്തിനു വരരുത്."

കുനിഞ ശിരസ്സോടെ അവര്‍ അവിടുന്നിറങ്ങി.ആപത്തുകാലത്ത് സഹായിക്കുന്ന വലിയ മനസ്സുകളെയാണ് അവര്‍ക്ക് നഷ്ട്ടപെട്ടിരിക്കുന്നത് എന്ന ബോധം അവരെ വല്ലാതെ ഉലച്ചു .പണമാണ് മനുഷ്യ മനസ്സിനെ ദുഷിച്ചതാക്കുന്നതെന്നും അവര്‍ക്ക് ബോധ്യപെട്ടു.

കഥ :പ്രമോദ്‌ കുമാര്‍.കെ.പി


ഫോട്ടോ കടപ്പാട് :നമ്മുടെ തലശ്ശേരി  

Wednesday, May 8, 2013

ഡല്‍ഹി രോദനം

ക്രിക്കറ്റ്‌ എന്നും ഹരമായിരുന്നു.1983 ല്‍  കപില്‍ ദേവിന്റെ ഇന്ത്യ എല്ലാവരെയും കടത്തി വെട്ടി കറുത്തകുതിരകള്‍ ആയി ലോകകപ്പ്‌ വാങ്ങിയപ്പോള്‍ തുടങ്ങിയ ഇഷ്ടം.അന്ന് ടി.വി ഒന്നും വീട്ടിലോ അയല്പക്കത്തോ ഉണ്ടായിരുനില്ല.പത്രങ്ങളില്‍ കൂടി വിവരങ്ങള്‍ അറിയും ..ഇംഗ്ലീഷ് മനസ്സിലാക്കുവാനുള്ള പ്രായം ആകാത്തത് കൊണ്ട് കമന്ററി  കേട്ടിട്ടും കാര്യം ഉണ്ടായില്ല.അങ്ങിനെ മനസ്സില്‍ കപില്‍ദേവ്‌ വീരപുരുഷന്‍ ആയി.



 വര്‍ഷങ്ങള്‍ കഴിഞ്ഞു...ഇന്ത്യയില്‍  ടിവി ക്രിക്കറ്റ് വളര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചു.ആവേശം കൊണ്ട് ടിവിയില്‍ വരുന്ന കളികള്‍ ഒന്നും വിടാതെ കണ്ടു തുടങ്ങി.അങ്ങിനെ കുറെ വീര പുരുഷന്മാര്‍ മനസ്സില്‍ ഇടം പിടിച്ചു. രവിശാസ്ത്രി,ശ്രീകാന്ത്‌ ,മനീന്ദര്‍ അസ്സര്‍ ,സിദ്ധു ,ടെണ്ടുല്‍ക്കര്‍ ,കാംബ്ലി,അജയ്‌ ജടെജ,ഗംഗുലി ,ദ്രാവിഡ്‌,ലക്ഷ്മണ്‍,കുംബ്ലെ  തുടങ്ങി സെവാഗ് എത്തിയപ്പോള്‍ കളിയോടുള്ള കമ്പം കുറഞ്ഞു വന്നു...




സെവാഗ് കഴിഞ്ഞു പിന്നെ ഒരു താരത്തെ ഇഷ്ടപെടാന്‍ കഴിഞ്ഞില്ല.ധോണിയും റായ്നയും കൊഹിളിയും ഒക്കെ  നിറഞ്ഞു കളിച്ചിട്ടും ആരോടും ഒരു ഇഷ്ടം തോന്നിയില്ല.സെവാഗ് എന്ന കളിക്കാരന്‍ അത്രക്ക് മനസ്സില്‍ നിറഞ്ഞിരുന്നു.ഇന്ത്യയില്‍ വ്യക്തിഗത സ്കോര്‍ ടെസ്റ്റിലും ഏകദിനത്തിലും സെവാഗ് സ്വന്തം പേരില്‍ കുറിച്ചപ്പോള്‍ ഇഷ്ടം കൂടി.അത് കൊണ്ട് തന്നെ ഐ.പി.എല്‍ മത്സരത്തില്‍ സെവാഗിന്റെ ഡല്‍ഹി ഇഷ്ട ടീം ആയി.

മുന്‍പ് സെവാഗ് ഇല്ലാത്ത ഇന്ത്യന്‍ ടീം ഉണ്ടാകുമായിരുനില്ല.ധോണി വന്നതില്‍ പിന്നെ ഇടയ്ക്കിടയ്ക്ക് സെവാഗ് സൈഡ് ബെഞ്ചില്‍ ഇരിക്കാന്‍ തുടങ്ങി.സീനിയര്‍ കളിക്കാരായ ദ്രാവിഡ്‌,കുംബ്ലെ,ഹര്‍ഭജന്‍,സച്ചിന്‍,ലക്ഷ്മണ്‍,യുവരാജ്‌,സഹീര്‍ എന്നിവരെ വെറുപ്പിച്ച ധോനിക്ക് സീനിയര്‍ കളിക്കാര്‍ എന്നും തലവേദന ആയിരുന്നു.കളിയുടെ മികവിനനുസരിച്ചു ടീം ഉണ്ടാക്കാന്‍ ധോനിക്ക്  സിലക്ഷന്‍ കമ്മിറ്റി പൂര്‍ണ സ്വാതന്ത്രം നല്‍കിയപ്പോള്‍ പലരെയും തഴയാന്‍ ധോണി ധീരത കാണിച്ചു.സ്വന്തം ഇഷ്ടകാരെകൊണ്ട് പ്രതേകിച്ചു ചെന്നൈ ടീംകാരെ പരിഗണിച്ചു കൊണ്ട് ഇന്ത്യന്‍ ടീം ഉണ്ടാക്കി.പലതിലും വിജയം കണ്ടു.ധോണി എന്ന നായകന്‍ അംഗീകരിക്കപെട്ടു..അത് ഇന്നും തുടരുന്നു.അത് എത്രകാലം തുടരുന്നുവോ അത്രയും കാലം ധോനിക്ക് ഇനി ഇന്ത്യയെ നയിക്കാം.ആരും തടസ്സം നില്‍ക്കില്ല.ധോണിയെ തള്ളി പറഞ്ഞ മഹാന്മാര്‍ ഇന്ന് ധോണിയുടെ പിറകില്‍ മൊഴിമാറ്റി നില്‍ക്കുന്നു.

ഐ പി എല്‍ തുടങ്ങിയത് മുതല്‍ പലപ്പോഴും നേരിയ വ്യത്യാസത്തില്‍ ഡല്‍ഹി പുറത്തു പോകുന്നത് കണ്ടു .അടുത്ത വര്ഷം വരും എന്ന് ആശ്വസിച്ചു.പക്ഷെ ഇത്തവണ ഡല്‍ഹിയുടെ കളി കണ്ടപ്പോള്‍ അവര്‍ വേഗം തന്നെ പുറത്തേക്ക് പോയപ്പോള്‍ സെവാഗ് എന്ന ഇഷ്ടം നിലത്ത് വീണുടഞ്ഞു...എന്തിനു കളി കാണുന്നത് തന്നെ നിര്‍ത്തി...ഇന്ത്യയിലെ എല്ലാ ഫോര്‍മാറ്റ്‌ മത്സരങ്ങളില്‍ നിന്നും ടീമില്‍ നിന്നും പുറത്തായ സെവാഗിന് ഇനി ഒരു തിരിച്ചുവരവ്‌ അസാധ്യം എന്ന് മാധ്യമങ്ങള്‍  വിളിച്ചു പറഞ്ഞപ്പോള്‍ അതിനെ ഒക്കെ കൂസാതെ നടന്ന സെവാഗ് ഐ പി എല്‍ മത്സരങ്ങളില്‍ തന്റെ കഴിവ് കാട്ടി അവരുടെ വായ അടപ്പിക്കുമെന്നു കരുതിയതാണ്.പക്ഷെ ഒരു കളിയില്‍ നന്നായത് ഒഴിച്ചാല്‍ പിന്നെ തീര്‍ത്തും നിരാശയാണ് തന്നത്.പലപ്പോഴും വിക്കെറ്റ്‌ കളഞ്ഞു കുളിക്കുകയാണ്.

അങ്ങിനെ ക്രിക്കെറ്റിനോട് തന്നെ ഒരു തരം വിരക്തി വന്നു തുടങ്ങി.മറ്റു ടീമുകള്‍ നന്നായി കളിച്ചു രസം തരുന്നു എങ്കിലും ഡല്‍ഹി പോയതോടെ എല്ലാം വിട്ടു.ഡല്‍ഹി തെരുവുകളില്‍ സ്ത്രീകളോട് ചെയ്യുന്നതുപോലെയാണ്  ഐ പി എല്‍ മത്സരങ്ങളില്‍ മറ്റു ടീമുകള്‍ ഡല്‍ഹിയെ മാനഭംഗം ചെയ്യുന്ന്ത്.എല്ലാ ടീമുകളും നല്ല നിലയില്‍ തന്നെയാണ് ഡല്‍ഹി ചെകുത്താന്‍മാരെ തോല്‍പ്പിച്ചു വിടുന്നത്.അവര്‍ക്ക് ഇന്ന് മാനം പോലും ഇല്ല രക്ഷിക്കാന്‍ ....അത്രക്ക് നിലംപരിശാക്കിയിരിക്കുന്നു അവരെ മറ്റുള്ളവര്‍..ഇനി ബാക്കി മത്സരങ്ങള്‍ ഒരു ചടങ്ങ് പോലെ കളിച്ചു തീര്‍ക്കാന്‍ മാത്രം ഒരു ടീം ....അതുമാത്രമാണ്  ഇന്ന് ഡല്‍ഹി ചെകുത്താന്മാര്‍

വാല്‍കഷ്ണം :കുറച്ച്കാലമായി  ഒരു ടീമിലും ക്യാപ്റ്റനും വൈസ്‌ ക്യാപ്റ്റനും തമ്മില്‍ നല്ല ഒരു കൂട്ടുകെട്ട് ഉണ്ടാകാറില്ലത്രേ.അപ്പോള്‍ അടുത്ത് തന്നെ ഒരു ധോണി -കൊഹിളി അങ്കം പ്രതീക്ഷിക്കാം.കാരണം അതിനു മുന്‍പുണ്ടായിരുന്ന സെവാഗ്,സച്ചിന്‍,ഗംഭീര്‍ എന്നിവരുടെ അനുഭവം നമ്മുടെ മുന്‍പില്‍ ഉണ്ട് 

Tuesday, May 7, 2013

പ്രവാസി

ആരാണ് പ്രവാസി ?

കുറേകാലമായി എന്റെ മനസ്സില്‍ ഉയരുന്ന ഒരു ചോദ്യം ആണ്.വര്‍ഷങ്ങളായി  അന്യ നാട്ടിലും രാജ്യത്തും ജോലി ചെയ്യുന്ന ഞാന്‍ പ്രവാസിയല്ലേ ?ആരോട് ചോദിക്കുവാന്‍.?സംശയം വല്ലാതെ മനസ്സിനെ പ്രഹരിച്ചു കൊണ്ടിരുന്നപ്പോള്‍ ഫേസ് ബുക്ക്‌ വഴി അതിനൊരു പരിഹാരം കാണാം എന്ന് വിചാരിച്ചു.ഞാന്‍ അംഗമായ സകല ഗ്രൂപ്പിലും പോസ്റ്റ്‌ ഇട്ടു ..


'ആരാണ് പ്രവാസി ?
എന്താണ് പ്രവാസിയുടെ നിര്‍വചനം?നാടും വീടും വിട്ടു കഴിയുന്ന എല്ലാവരും പ്രവാസികള്‍ ആണോ ,അതോ ഗള്‍ഫില്‍ ഉള്ളവര്‍ മാത്രമോ പ്രവാസികള്‍ ?'

മിനിട്ടുകള്‍ക്കുള്ളില്‍ അഭിപ്രായങ്ങള്‍ ഒഴുകി ഒഴുകി വന്നു.ഭൂരിപക്ഷം പേരും നാടും വീടും വിട്ടു നില്‍ക്കുന്നവര്‍ എല്ലാവരും പ്രവാസികള്‍ ആണെന്ന് പറഞ്ഞു തന്നു.ചിലര്‍ അതിന്റെ ഇംഗ്ലീഷ് വേര്‍ഡ്‌  വരെ പറഞ്ഞു എനിക്ക് എന്ത് കൊണ്ട് ഇത്തരക്കാരെ പ്രവാസികള്‍ എന്ന് പറയുന്നത് എന്ന് കൂടി  നന്നായി വിശദീകരിച്ചു തന്നു.എനിക്ക് മനസ്സിലായി തുടങ്ങി .പ്രവാസി എന്ന് വെച്ചാല്‍ വീടും നാടും ഒക്കെ വേര്‍പിരിഞ്ഞു ജീവിക്കുന്നവന്‍ എന്നാണ് അര്‍ഥം,അല്ലാതെ ഗള്‍ഫില്‍ മാത്രം താമസിക്കുന്നവര്‍ അല്ല എന്ന് .....ഗള്‍ഫില്‍ ആയാലും കാനഡ ആയാലും കോയമ്പത്തൂര്‍ ആയാലും അവന്‍ പ്രവാസി തന്നെ.അതായത് കണ്ണൂര്‍ വിട്ട്‌ കൊല്ലത്ത് താമസിക്കുന്നവനും കേരളം വിട്ടു തമിള്‍നാടില്‍ താമസിക്കുന്നവനും ഇന്ത്യ വിട്ടു അമേരിക്കയില്‍ താമസിക്കുന്നവനും  പ്രവാസി തന്നെ.

എന്നിട്ടും ചിലര്‍ എന്നെ വട്ടം കറക്കി.അവരുടെ ഉള്ളിന്റെ ഉള്ളില്‍ പണ്ടേ ഉണ്ടായിരുന്ന ഉത്തരമാണ് എനിക്ക് വേണ്ടി അവര്‍ പോസ്റ്റ്‌ ചെയ്തത്.അതിനു മുകളിലത്തെ ഉത്തരങ്ങള്‍ അവര്‍ വായിക്കാത്തത് കൊണ്ടോ അതോ മനസ്സില്‍ പതിഞ്ഞതിനെ ഇല്ലായ്മ ചെയ്യാന്‍ വയ്യാത്തത് കൊണ്ടോ എന്നറിയില്ല ...അവരുടെ അഭിപ്രായത്തില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ മാത്രമാണ് പ്രവാസികള്‍.പലരും കാലാകാലമായി അത് വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.പ്രവാസം എന്നാല്‍ ഗള്‍ഫ്‌ മാത്രം ആണെന്നാണ്‌ ഇത്തരക്കാര്‍ പലരും ഇപ്പോഴും  ധരിച്ചും വെച്ചിരിക്കുന്നത്. അവരെ പെട്ടെന്ന് പറഞ്ഞു മനസ്സിലാക്കുവാനും ബുദ്ധിമുട്ടാണ് ..അവര്‍ പതിയെ മനസ്സിലാക്കട്ടെ.

മുന്‍പ് ഞാനും ആദ്യമൊക്കെ അങ്ങിനെയാണ് കരുതിയിരുന്നതും.പ്രവാസികള്‍ക്ക്  പ്രശ്നം ഉണ്ടെന്നു നമ്മളുടെ ജനപ്രതിനിധികള്‍ പറഞ്ഞു വന്നതും അതുകൊണ്ട് അവരുടെ കാര്യം നോക്കാന്‍ അവര്‍ക്ക് ഒരു മന്ത്രി എന്ന് ഉറക്കെ വിളിച്ചു പറഞ്ഞതും ഗള്‍ഫ്‌കാരെ ഉദ്ദേശിച്ചു മാത്രം ആയിരുന്നു.അത് കൊണ്ട് തന്നെ പ്രവാസം എന്നാല്‍ മരുഭൂമിയില്‍ അവര്‍ ഒതുക്കി.അവിടുത്തെ ആള്‍ക്കാരുടെ പ്രശ്നങ്ങളില്‍ മാത്രം നേതാക്കളും ഭരണവും തലയിട്ടു ..അതിനു മറ്റൊരു കാരണം കൂടി യുണ്ടായിരുന്നു ..കൂടുതല്‍ ഉള്ളയിടത്ത് നിന്നല്ലേ അവര്‍ക്കൊക്കെ കയ്യിട്ടു വാരുവാന്‍ പറ്റൂ. പേരിനു മാത്രം പ്രവാസികള്‍ ഉള്ള സ്ഥലത്ത് അവര്‍ പോയില്ല ,അവിടുത്തെ പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടില്ല.അവിടുത്തെ പല പ്രശ്നങ്ങളും അവര്‍ അറിഞ്ഞില്ല അല്ലെങ്കില്‍ കണ്ടില്ല എന്ന് നടിച്ചു.

ഗള്‍ഫ്‌ അന്നന്ന്  ശുഷ്ക്കിച്ചപ്പോള്‍ അവര്‍ക്ക് ബോധം വന്നിട്ടുണ്ടാവണം ..അവര്‍ മറ്റു സ്ഥലത്തും ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നുണ്ട്.മുന്‍പ് വെറും ടൂറിനു വേണ്ടി മാത്രം പോയ സ്ഥലത്തെ പ്രശ്നങ്ങള്‍ അവര്‍ ഇന്ന് മനസ്സിലാക്കുന്നു...ചിലതൊക്കെ ചെയ്യുന്നുമുണ്ട്.അങ്ങിനെ അവര്‍ പ്രവാസം എന്നത് ഗള്‍ഫ്‌ മാത്രം അല്ല എന്ന് നമുക്ക് കൂടി  മനസ്സിലാക്കി തരുന്നു.അങ്ങിനെ ഭൂരിഭാഗം ജനങ്ങളും പ്രവാസികളായ നമ്മുടെ കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും ഭരണത്തിന്റെ ചെറു കിരണങ്ങള്‍ പലപ്പോഴായി  കിട്ടുമെന്ന് പ്രത്യാശിക്കാം.

വാല്‍കഷ്ണം :ഇപ്പോഴും ഗള്‍ഫിലെ ഭൂരിഭാഗം സംഘടനകള്‍ക്കും  പ്രവാസം എന്ന് പറഞ്ഞാല്‍ ഗള്‍ഫ്‌ മാത്രമാണ് ,അവര്‍ " പ്രവാസ മത്സരങ്ങള്‍ "എന്ന തലക്കെട്ട്‌ കൊടുത്തു നടത്തുന്ന മത്സരങ്ങള്‍  ഗള്‍ഫ്‌കാരെ ഉദ്ദേശിച്ചുകൊണ്ട് മാത്രമാണ്.സംഘടനകളുടെ തലപത്തിരിക്കുന്നവന്  പ്രവാസം  എന്തെന്ന് അറിയില്ലെങ്കില്‍ പിന്നെ അവിടെ ആര്‍ക്കു അറിയാന്‍ ?
 

Saturday, May 4, 2013

മുന ഒടിഞ്ഞ എന്റെ അഹങ്കാരം



പണ്ട് ഒരു കാലം ഉണ്ടായിരുന്നു .നാട്ടില്‍ കൈ എഴുത്ത് മാസികയിലൂടെ നല്ല എഴുത്ത് കാരന്‍ എന്ന് പേരെടുത്തു നില്‍ക്കുന്ന സമയം..അതിന്റെ ചെറിയ ഒരു അഹങ്കാരവും ഉണ്ടായിരുന്നു.എന്റെ കഥയ്ക്ക് അച്ചടി മഷി പുരളാന്‍ വേണ്ടിയുള്ളതായി പിന്നത്തെ ആഗ്രഹം. .മനോരമ,മാതൃഭൂമി ,കഥ തുടങ്ങിയവ ഞാന്‍ കൊള്ളില്ല എന്ന് തീരുമാനിച്ചപ്പോള്‍ പിന്നെ കോളജ്‌ മാഗസിന്‍ ആയി നോട്ടം.എഡിറ്റര്‍ ആണെങ്കില്‍ ഉറ്റ ചങ്ങാതി.എങ്ങിനെ എങ്കിലും പിന്‍ വാതിലിലൂടെ കയറി കഥ ചേര്‍ക്കാം.ഉറപ്പുണ്ട് 

എന്റെ കഥ വാങ്ങി അവന്‍ ഡയറിയില്‍ വെച്ചു.പല ദിവസം നോക്കിയപ്പോളും അത് അവന്റെ ഡയറിയില്‍ വിശ്രമിക്കുന്നു.എഡിറ്റോറിയല്‍ ടാബിളില്‍ എത്തിയിട്ടില്ല..എഡിറ്റോറിയല്‍ ബോര്‍ഡ്‌ ഒക്കെ എന്റെ ചങ്ങാതിമാര്‍.എന്നിട്ടും എനിക്ക് ഒരു പരിഗണനയും ഇല്ല .മനസ്സ് മടുത്തു.മാഗസിന്‍ ഇറങ്ങുന്നതിന്റെ തലേ ദിവസം മനോരമയില്‍ എന്റെ കഥ വന്നു."സ്വന്തം ആയാല്‍ എന്ത് ബന്ദ്‌ "എന്നാ പേരില്‍ ...

മനസ്സ് തണുത്തു.ഇനി ആര്‍ക്കു വേണം നിന്റെ കോളേജ്‌ മാഗസിനെന്നു കൂട്ടുകാരനോട് ചോദിക്കണം.അംഗങ്ങളോടും ചോദിക്കണം ..കോളേജില്‍ ഷൈന്‍ ചെയ്യണം.
പിറ്റേന്ന് മനോരമ എടുത്തു അവന്റെ മുന്‍പില്‍ ഷൈന്‍ ചെയ്യാന്‍ പോയ എനിക്ക് കിട്ടിയത് അവന്റെ സമ്മാനമായി കോളേജ്‌ മാഗസിനെ ആയിരുന്നു .അതായത് പ്രകാശ നം ചെയ്യുന്നതിന് മുന്‍പേ അവന്‍ തരുന്ന സമ്മാനം.നെഞ്ചു വിരിച്ചു കൊണ്ട് മനോരമ അവനെയും ഏല്പിച്ചു.മാഗസിന്‍ തുറന്ന ഞാന്‍ ഞെട്ടി. എന്റെ കഥ ആദ്യം...കൂടാതെ മനോഹരമായ ഫോട്ടോയും എന്നെ പറ്റിയുള്ള വിവരണങ്ങളും ..

പുറത്തു തട്ടി കൊണ്ട് അവന്‍ പറഞ്ഞു "ആള്‍ക്കാര്‍ ഉണ്ടെന്നു കരുതി അവസരങ്ങള്‍ ചോദിച്ചു വാങ്ങരുത് ,കഴിവുണ്ടെങ്കില്‍ അത് താനെവരും.നിന്റെ ആക്രാന്തം കണ്ടത് കൊണ്ട് ഞങ്ങള്‍ നിന്നില്‍ നിന്നും കാര്യം ഒളിക്കുക ആയിരുന്നു ..പക്ഷെ നിനക്ക് കഴിവ് ഉണ്ടെന്നു ഇപ്പോള്‍ നമുക്ക് മനസ്സിലായി."

..യൂസഫ്‌ എന്നാ ആ ചങ്ങാതി പറഞ്ഞത് ഇന്നും ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.എന്റെ അഹങ്കാരത്തിന്റെ മുന ഓടിച്ചത് അവനാണ് .പിന്നെ ഞാന്‍ എന്റെ കഥകള്‍ അര്‍ഹത ഉള്ള സ്ഥലത്ത് മാത്രം കൊടുത്തു,.അതിന്റെ ഫലവും ഉണ്ടായി .അങ്ങിനെ ഞാനും നിങ്ങളില്‍ ഒരാളായി.
ഇപ്പോള്‍ എഴുതുന്ന എല്ലാവര്ക്കും പ്രത്യേകിച്ചു യുവാക്കള്‍ക്ക് അവസരങ്ങളുടെ പ്രളയം ആണ് ..എത്ര എത്ര ഗ്രൂപ്പുകള്‍ .എവിടെയും എഴുതാം..മനോരമ വായിക്കുന്നതിലും കൂടുതല്‍ ആള്‍ക്കാര്‍ വായിക്കുന്നു .അഭിപ്രായം പറയുന്നു .. 

ആര്‍ക്കും എന്നെ പോലെ വളഞ്ഞ വഴികള്‍ നോക്കേണ്ടതില്ല ഈ കാലത്ത് ശ്രദ്ധിക്കപെടാന്‍ ....പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ക്ക് നന്ദി



ഫോട്ടോ കടപ്പാട് :നമ്മുടെ തലശ്ശേരി 

Thursday, May 2, 2013

അമ്മ ...രണ്ടാനമ്മ

അമ്മ

സത്യം ആണ് 
സ്നേഹം ആണ് 
കരുണയാണ് 
ദയയാണ് 
ദൈവമാണ് 

അപ്പോള്‍ രണ്ടാനമ്മയ്ക്ക് 
എന്തെങ്കിലും നിര്‍വചനം ഉണ്ടോ ?



-പ്രമോദ്‌ കുമാര്‍.കെ.പി