Tuesday, January 29, 2013

സ്പീഡ്

സമയം അഞ്ചു മണി കഴിഞ്ഞിരിക്കും.സുഹൃത്തുമൊത്ത് ബസ്‌ സ്റ്റാന്‍ഡില്‍ പോകുകയാണ്.അത്യാവശ്യമായി കോഴിക്കോട് എത്തേണ്ടതുണ്ട്.പ്രധാന റോഡ്‌ വിട്ടു ബസ്‌ സ്റ്റാന്‍ഡില്‍ കയറുന്ന റോഡില്‍  ഒരാള്‍ കൂട്ടം .ദൈവമേ വല്ല ആക്സിഡന്റോ മറ്റോ ആണോ? .അപകടം എന്നും പേടിയാണ്.അത് കാണുന്നത് അതിലും .....മിടിക്കുന്ന ഹൃദയത്തോടെ ബൈക്ക് സൈഡില്‍  നിറുത്തി.നടന്നു വരുന്ന അപരിചിതനോട് കാര്യം തിരക്കി.

"ഏതോ ചാനല്‍കാരാണ്.ഇതിലെ പോകുന്ന ബസ്സിനു സ്പീഡ് കൂടുതല്‍ ആണ് പോലും."

കൌതുകത്തോടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ നോക്കി .അവതാരകന്‍ കസറുകയാണ്.ക്യാമറ അയാളെ പിന്തുടരുന്നുണ്ട്.ആ സീനില്‍ വരുവാന്‍ ശ്രമിക്കുന്ന പൊതു ജനങ്ങളും .ബഹള മയം.

"ഇപ്പോള്‍ സമയം അഞ്ചു മുപ്പതു....സ്റ്റാന്‍ഡില്‍ നല്ല തിരക്കുള്ള സമയം .ഇവിടെ ബസ്സുകള്‍ ചീറി പാഞ്ഞാണ് വരിക.കാല്നടക്കാരുടെ ജീവനും സ്റ്റാന്‍ഡില്‍ പോകുന്ന യാത്രകാരുടെ ജീവനും യാതൊരു വിലയുമില്ല.പലപ്പോഴും അപകടങ്ങള്‍ ഉണ്ടാവുന്നു.അധികാരികള്‍ ഇത് കണ്ടില്ല എന്ന് നടിക്കുകയാണ്.ഹൈവയില്‍ പോലും ഇവര്‍ നിര്‍ബന്ധിത സ്പീഡ് ഫോളോ ചെയ്യാറില്ല.അത് കൊണ്ട് തന്നെ പല  അപകടങ്ങള്‍ ഉണ്ടാവുന്നു...എത്ര ജീവനുകള്‍ ആണ് കഴിഞ്ഞവര്‍ഷം പൊലിഞ്ഞത് ........"അയാള്‍ തുടര്‍ന്ന് കൊണ്ടിരുന്നു.

കൂടുതല്‍ സമയം നില്ക്കാന്‍ പറ്റാത്തതിനാല്‍ കോഴിക്കോട് ബസ്‌ നോക്കി ഞാന്‍ സ്റ്റാന്‍ഡില്‍ കടന്നു.സീറ്റ്‌ കാലിയുള്ള ബസ്‌ കിട്ടുവാന്‍ പത്തു മിനിട്ട് നില്‍ക്കേണ്ടി വന്നു .ബസ്സില്‍ കയറിയപാടെ നല്ല ഒരു ഇരിപ്പിടം കരസ്ഥമാക്കി.ടിക്കറ്റ്‌ എടുത്ത ശേഷം ഒന്ന് മയങ്ങി.

മുന്നിലത്തെ സീറ്റില്‍ നിന്നും പിറുപിറുക്കുകള്‍ കേട്ടാണ് ഞെട്ടിയത്.സമയം നോക്കി എട്ടു കഴിഞ്ഞു .കോഴിക്കോട് എത്തിയിട്ടില്ല .കൊയിലാണ്ടി കഴിഞ്ഞതെ ഉള്ളൂ.ഇത്ര സമയം കഴിഞ്ഞു ഇവിടെ വരെയേ എത്തിയിട്ടേ ഉള്ളൂ.അതിന്റെ അമര്‍ഷം ആണ് മുന്നില്‍ നിന്നും വരുന്നത്.

"തലശ്ശേരിയില്‍ നിന്നും ഇവിടെ എത്തുവാന്‍ രണ്ടു മണിക്കൂറില്‍ കൂടുതല്‍ ..കയറിയത് മുതല്‍ ഇവന്‍  ആക്സിലറ്റൊര്‌  ഒന്ന് അമര്‍ത്തി ചവിട്ടിയിട്ടില്ല..ഇവനൊക്കെ കാള വണ്ടി ഓടിക്കുന്നതാണ് നല്ലത്...."അയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു.ചിലപ്പോള്‍ ചില അസഭ്യ വാക്കുകളും ഉപയോഗിച്ച്. കൊണ്ടിരുന്നു.ആരെങ്കിലും എതിര്‍ക്കുമ്പോള്‍ വാക്കുകള്‍ മാറ്റും .അത് വെസ്റ്റ് ഹില്ലും കഴിഞ്ഞു തുടരുകയാണ്.പക്ഷെ അയാള്‍ പറയുന്ന മാതിരി സ്ലോയിലൊന്നും അല്ല ബസ്‌ പോയി കൊണ്ടിരിക്കുന്നത്.ട്രാഫിക് ഡ്രൈവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു എന്ന് മാത്രം.

പിന്നില്‍ നിന്നും ക്ലീനര്‍ വന്നു ഡ്രൈവരോടും കണ്‍ടക്ടരോടും എന്തോ പറഞ്ഞു.കണ്‍ടക്ടര്‍ ടിക്കെറ്റും ബാഗും സൈഡ് സ്റ്റാന്‍ഡില്‍ വെച്ച് ക്ലീനരുടെ കൂടെ എന്റെ മുന്നിലത്തെ സീറ്റിനരുകില്‍ എത്തി.പിന്നെ നടന്നതൊക്കെ പെട്ടെന്നായിരുന്നു.രണ്ടു പേരും കൂടി പിറുപിറുത്തു കൊണ്ടിരുന്നവനെ വലിച്ചിട്ടു തല്ലി ..എല്ലാം പെട്ടെന്ന് കഴിഞ്ഞു.

"നമ്മള്‍ സ്പീഡില്‍ പോയാലും കുറ്റം ..സ്ലോവില്‍ പോയാലും കുറ്റം ... നീ എന്ത് വിചാരിച്ചു ..ചെറ്റേ "..പിന്നെ പറഞ്ഞത് ഇവിടെ എഴുതുവാന്‍ കൊള്ളില്ല.

 എതിര്‍ക്കുവാണോ പിടിച്ചു മാറ്റുവാനോ ആരും പോയില്ല.അവരൊക്കെ അയാളെ കൊണ്ട് യാത്രക്കിടയില്‍ അത്രക്ക് സഹിച്ചിരിക്കണം.ഞാന്‍ കണ്ടിടത്തോളം ഡ്രൈവറെ കുറ്റം പറയാന്‍ പറ്റില്ല .അയാള്‍ പരമാവധി ശ്രമിക്കുന്നു പക്ഷെ വാഹനപ്രളയം  കാരണം വണ്ടിക്കു സ്പീഡ് എടുക്കുവാന്‍ സാധിക്കുനില്ല.

ക്ലീനെര്‍ നിലത്തു കിടക്കുന്ന അയാളെ വീണ്ടും ഉപദ്രവിക്കുവാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ എതിര്‍ത്തു.
അടിക്കുന്നവരെ തടയാന്‍ കൂട്ടത്തില്‍ ഞാനും കൂടി.അവരെ പിടിച്ചു മാറ്റുവാന്‍ സഹായിച്ചു..വെറുതെ അത്ര സമയം അടികൊണ്ട ആ ഹതഭാഗ്യന്റെ മുഖത്തേക്ക് നോക്കി.പിന്നെ എനിക്ക് മനസ്സിലായി എന്ത് കൊണ്ട് ആരും അയാളെ സഹായിച്ചില്ലെന്നു.

ഹോട്ടല്‍ മുറിയില്‍ രാത്രിയില്‍ ന്യൂസ്‌ കാണുമ്പോള്‍ അടിയില്‍ ഫ്ലാഷ്  ന്യൂസ്‌ ആയി "ബസ്‌ തൊഴിലാളികള്‍ ന്യൂസ്‌ റിപ്പോര്‍ട്ടറെ  മര്‍ദ്ദിച്ച സംഭവം വന്നു കൊണ്ടിരുന്നു.ഓവര്‍ സ്പീഡ് റിപ്പോര്‍ട്ട്‌ ചെയ്തതാണ് കാരണം എന്നും ....."

മാധ്യമങ്ങള്‍ ആടിനെ എങ്ങിനെ പട്ടിയാക്കുന്നു എന്ന് കൂടി അപ്പോള്‍ എനിക്ക് ബോധ്യപെട്ടു.


Sunday, January 27, 2013

വിവാഹ വാര്‍ഷികം

ജനുവരി ഇരുപത്തിആറിനു എന്റെ പതിമൂന്നാം വിവാഹ വാര്‍ഷികം ആയിരുന്നു.പലപ്പോഴും ഈ ദിനത്തില്‍ ഒന്നിച്ചുണ്ടാവാറില്ല .ഒന്നിച്ചുള്ള അവസരങ്ങളില്‍ ഒരു കേയ്ക്ക് മുറിച്ചു ആഘോഷിക്കുകയാണ് പതിവ്.കേയിക്ക് കഴിഞ്ഞ മൂന്നു വര്‍ഷമായി മകന്‍ ഷരന്‍ ആണ് സ്പോണ്‍സര്‍ ചെയ്തിരുന്നത്.അവനു നാട്ടില്‍ നിന്നും അച്ചാച്ചനും അപ്പൂപ്പനും ഒക്കെ കൊടുക്കുന്ന പണം കൊണ്ടാണ് ഇത് ചെയ്തിരുന്നത്.നമ്മള്‍ മൂന്നുപേര്‍ മാത്രം ഉള്ള ആഘോഷം.ചിലപ്പോള്‍ അപ്രതീക്ഷിതമായി വന്നു ചേരുന്നവരും ഉണ്ടാവും.ഈ പ്രാവശ്യം അവന്‍ പറഞ്ഞു നമൂക്കു ഇത്  വണ്ടര്‍ല  ബാംഗ്ലൂര്‍ വെച്ച് ആഘോഷിക്കാം എന്ന്.അങ്ങിനെ നമ്മള്‍ ഇന്നലെ വണ്ടര്‍ല സന്ദര്‍ശിച്ചു .അതിലെ ചില ഫോട്ടോസ് ഇവിടെ ചേര്‍ക്കട്ടെ.നമ്മള്‍ ഭാഗ്യവാന്മാര്‍ ആണ് ..ഒന്ന് മില്ലെങ്കിലും രാജ്യം മുഴുവന്‍ ആഘോഷിക്കുകയല്ലേ ഈ ദിനം.
Friday, January 25, 2013

അമ്മ

"പെട്ടെന്ന് ഈ  മരുന്ന് വാങ്ങി വരണം .ഇവിടെ കിട്ടിയില്ലെങ്കില്‍ പുറത്തു നിന്നും വാങ്ങി കൊണ്ട് വരണം ."

 നേഴ്സ് ശീട്ട് നീട്ടികൊണ്ട് പറഞ്ഞു.അയാള്‍ അതും കൈപറ്റി കൊണ്ട് താഴേക്കു ഓടി .ഇത് എത്ര ദിവസമായി ഈ ഓട്ടം തുടങ്ങിയിട്ട് ..ഇനി എത്ര നാള്‍ ഓടണം.ആര്‍ക്കും ശരിയായി ഒരു അഭിപ്രായം ഇല്ല.അമ്മയെ ഇവിടെ ആക്കിയിട്ടു രണ്ടു ആഴ്ചകള്‍ ആയി.അതിനു മുന്‍പ് വേറെ ആശുപത്രിയില്‍ ആയിരുന്നു.അവിടുന്നാണ് ഇവിടേയ്ക്ക് ആക്കുവാന്‍ പറഞ്ഞത്.പ്രായം ഉണ്ട് ..ഒരു എഴുപതുവരും.പ്രായത്തിന്റെ എല്ലാ അസുഖങ്ങളുംഒന്നിച്ചു തന്നെ  ഉണ്ട്.അതിനിടയിലാണ് മുറ്റത്തു വീണത്‌.അതോടെ എല്ലാ അസുഖങ്ങളും ഒന്നിച്ചു ആക്രമിച്ചു.ഇപ്പോള്‍ തീരെ വയ്യ.ഒന്നും പറയാന്‍ പറ്റില്ല എന്നാണ് വന്ന അന്ന് ഇവിടുന്നു പറഞ്ഞു കൊണ്ടിരുന്നത്.അത് തന്നെ ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു.

മക്കളുടെ അഭിപ്രായത്തില്‍ അമ്മ കുറച്ചു കാലം ആയി എല്ലാവരെയും വിഷമിപ്പിക്കുകയാണ്. രോഗവും ആശുപത്രിവാസവും തന്നെ കാരണം.ഇപ്പോള്‍ ഇത് കുറെ പ്രാവശ്യമായി.ആശുപത്രിയും വീടുമായി.അത് കൊണ്ട് തന്നെ എല്ലാവര്ക്കും അമ്മയെ മടുത്തു. വെറുത്തും  തുടങ്ങിയോ?

ആറ് മക്കള്‍ ഉണ്ട് എന്ന് പറഞ്ഞിട്ടെന്തു കാര്യം.സ്വത്തുകള്‍ ഒക്കെ വീതിച്ചു കഴിഞ്ഞപ്പോള്‍ അമ്മയെ ആര്‍ക്കും വേണ്ടാതായി.അത് മാത്രമല്ല കാര്യം .അമ്മ എപ്പോഴും സ്വന്തം കാര്യങ്ങള്‍ക്കാണ് പ്രാധ്യാനം കൊടുത്തിട്ടുള്ളത്.അങ്ങിനത്തെ ഒരു കുടുംബത്തില്‍ ജനിച്ചതിനാല്‍ ആ തറവാടിത്തം നിലനിര്‍ത്തുവാന്‍  ജീവിതവും അങ്ങിനെ ആയിരുന്നു.മക്കള്‍ക്ക്‌ അച്ഛനോടായിരുന്നു അതുകൊണ്ടുതന്നെ താല്പര്യം കൂടുതല്‍.അച്ഛന്‍ പലപ്പോഴും അമ്മക്ക് മുന്നില്‍ ഒതുങ്ങി കൂടുവാനാണ് ആഗ്രഹിച്ചതും.അച്ഛന്‍ പോയപ്പോള്‍ അമ്മ ഒന്ന് ഒതുങ്ങി എന്ന് പറയാം.

നാല് പെണ്മക്കള്‍ ഉണ്ട് .പക്ഷെ അവരവരുടെ തിരക്കിട്ട ജീവിതത്തിനിടയില്‍ അമ്മയെ നോക്കാന്‍ ആര്‍ക്കും സമയം ഇല്ല.ആദ്യം ഒക്കെ ചേച്ചിമാര്‍ വന്നു നിന്നിരുന്നു.ആശുപത്രി വാസം നീണ്ടപ്പോള്‍ അവര്‍ക്കും മടുത്തു.മരുമക്കള്‍ ആരും വരില്ല കാരണം അമ്മ അവരെ മക്കളായി ഒരിക്കലും കണ്ടിരുനില്ല മരുമക്കള്‍ ആയി മാത്രമേ കണ്ടുള്ളൂ.അതിന്റെ ഒരു ദേഷ്യം എല്ലാവര്ക്കും ഉണ്ട്.ഭാര്യയോട് ഒന്ന് രണ്ടു ദിവസം നില്ക്കാന്‍ പറഞ്ഞപ്പോള്‍ അവള്‍ ഈ കാര്യം സൂചിപ്പിച്ചു.പിന്നെ നിര്‍ബന്ധിച്ചുമില്ല.എല്ലാവര്ക്കും അമ്മ മരിക്കുന്നതായിരുന്നു താല്പര്യം.ബുദ്ധിമുട്ടണ്ടല്ലോ .ചില അവസരങ്ങളില്‍ ഞാനും അങ്ങിനെ ആഗ്രഹിച്ചു പോയോ ?എന്തിനു ഇങ്ങിനെ മറ്റുള്ളവരെ കഷ്ട്ടപെടുതുന്നു എന്ന്.

ചേട്ടന്മാര്‍ ഒക്കെ വല്ലപ്പോഴും വരും.അവരുടെ തിരക്കുകളും പരാധീനതകളും പറഞ്ഞു തിരിച്ചു പോകും.സഹികെട്ടപ്പോള്‍ ഒരിക്കല്‍ പറഞ്ഞു പോയി.

"എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാം .നിങ്ങള്‍ ഇങ്ങിനെ ഇവിടെ വന്നു കഷ്ട്ടപെടെണ്ട "

അത് അവര്‍ക്കും ഒരു ആശ്വാസം ആയി കാണും.പിന്നെ ഇപ്പോള്‍ വരാറെയില്ല .എല്ലാറ്റിനും ഞാന്‍ മാത്രം.അങ്ങിനെയാണല്ലോ പലപ്പോഴും.അമ്മയോട് എനിക്കെന്നും സ്നേഹമായിരുന്നു.അമ്മയില്‍ നിന്നും വേണ്ടത്ര സ്നേഹം കിട്ടിയില്ലെങ്കില്‍ കൂടി എനിക്ക് മാത്രം എങ്ങിനെ അമ്മയെ സ്നേഹിക്കുവാന്‍ പറ്റുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .പലരും ചോദിചിട്ടുമുണ്ട്..അതുകൊണ്ട് എനിക്ക് വിഷമം ഒന്നും തോന്നിയില്ല.എന്റെ അമ്മയെ ഞാനല്ലേ നോക്കേണ്ടത് എന്ന് കരുതി. ജോലി ചെയ്യുന്ന സ്ഥലത്തെ മുതലാളി കാര്യം പറഞ്ഞപ്പോള്‍ വേണ്ടത്ര ലീവ് അനുവദിച്ചത് കൊണ്ട് അത്തരം ഒരു ടെന്‍ഷന്‍ ഇല്ല.എന്നാലും അവര്‍ ഇനി എത്ര നാള്‍ ഇതുപോലെ എന്നെ കാണും ?പ്രൈവറ്റ് ആയതിനാല്‍ അവരുടെ ചിന്തകള്‍ എപ്പോള്‍ വേണമെങ്കിലും മാറാം.

ഒന്ന് രണ്ടു മെഡിക്കല്‍ ഷോപ്പ് കയറേണ്ടി വന്നു.അതുമായി ഓടി പിടിച്ചു എത്തിയപ്പോഴേക്കും കുറച്ചു വൈകിയിരുന്നു.താമസിച്ചാല്‍ എപ്പോഴും വഴക്ക് പറയുമായിരുന്ന നേഴ്സ് ഒന്നും പറഞ്ഞില്ല . അവര്‍ ശാന്തമായി പറഞ്ഞു

"ഇനി ഇതിന്റെ ആവശ്യം ഇല്ല .അവര്‍ പോയി."

എവിടെയോ ഒരു ആളല്‍.എന്റെ അമ്മ പോയി.ഈ ലോകത്തുനിന്നും...ഇനി ആരും ബുദ്ധിമുട്ടേണ്ട .ഇനി അമ്മ ആര്‍ക്കും ഒരു ഉപദ്രവം ആകില്ല.

വീട്ടില്‍ എല്ലാവരും ഉണ്ടായിരുന്നു.മരുമക്കളും മക്കളും ഒക്കെ നാട്ടുകാര്‍ക്ക് മുന്നില്‍  നന്നായി  അഭിനയിച്ചു.അവര്‍ അമ്മയെ പുകഴ്ത്തി പാടി.ചേട്ടന്മാര്‍ ഒക്കെ എല്ലാറ്റിനും ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു.നാട്ടുകാര്‍ക്ക് മുന്‍പില്‍ അവര്‍ നല്ല മക്കള്‍ ആയി.ഞാന്‍ മാത്രം ഒതുങ്ങികൂടി.

ശവമടക്കു കഴിഞ്ഞു.നാട്ടുകാര്‍ ഒക്കെയും പിരിഞ്ഞുപോയി.വീട്ടുകാര്‍ മാത്രം ആയി.പിന്നെ പിന്നെ അവരും കുറഞ്ഞു തുടങ്ങി.എല്ലാവര്ക്കും പോകുവാന്‍ ഓരോരോ കാരണങ്ങള്‍ .ആരും ആരെയും തടഞ്ഞില്ല.കാരണം അവരും  ഇന്നലെങ്കില്‍ നാളെ ഇതേപോലെ പോകേണ്ടവര്‍ ആയിരുന്നു. അകലങ്ങളില്‍ ഉള്ളവര്‍ മാത്രം അവിടെ തങ്ങി.അന്ന് പോകുവാന്‍ പറ്റാത്തവര്‍ മാത്രം

മനസ്സില്‍ എല്ലാവരാലും വെറുക്കപെട്ട അമ്മയുടെ മുഖം വന്നു.ഞാനും ആഗ്രഹിച്ചു പോയി അമ്മെ ....അമ്മയുടെ മരണത്തിനു ....എന്നോട് ക്ഷമിക്കൂ അമ്മെ  ....ഉറക്കം വരാതെ തിരിഞ്ഞുമറിഞ്ഞു കിടക്കുന്നതിനിടയില്‍ പ്രാര്‍ഥിച്ചു

"ദൈവമേ ആരെയും വിഷമിപ്പിക്കാതെ എന്നെ ജീവിക്കുവാന്‍ അനുവദിക്കണം.ആര്‍ക്കെങ്കിലും ഭാരം ആവും എന്ന് തോന്നിയാല്‍ എന്നെ അങ്ങോട്ട്‌ വിളിക്കണമേ ......"

കഥ ;പ്രമോദ് കുമാര്‍.കെ.പി 

Friday, January 11, 2013

സമരം തുടരട്ടെ ...

സര്‍ക്കാര്‍ ജീവനക്കാര്‍ സമരം തുടരുകയാണ്.നല്ലത് എന്ന് എനിക്ക് തോന്നുന്നു.അവര്‍ എന്തിനു സമരം ചെയ്യുന്നുവെന്നോ ന്യായമാണോ എന്നൊന്നും ഞാന്‍ ശ്രദ്ധിക്കുനില്ല.എത്ര കിട്ടിയാലും മതിവരാത്ത കുറച്ചാളുകള്‍ ഉള്ള കാലത്തോളം ഇങ്ങിനത്തെ സമരം നടന്നു കൊണ്ടിരിക്കും അതിനു ആരെയും പഴിച്ചിട്ട് കാര്യം ഇല്ല..രാഷ്ട്രീയമായി നേടുവാന്‍ ഇരുകൂട്ടരും ശ്രമിക്കുമ്പോള്‍ അതങ്ങിനെ നീളും.പക്ഷെ എന്ത്  കാരണം ആയാലും അത് കൊണ്ട് എനിക്ക് ഗുണം കിട്ടി എന്ന് പറയാം.നാട്ടില്‍ പോകുമ്പോള്‍ പലതവണ ശ്രമിച്ചിട്ടും കിട്ടാത്ത മകന്റെ ജനന സര്‍ടിഫികറ്റ്‌ ഈ സമര കാലത്ത് അത്ര ഒന്നും "പെടാപാട് " ഇല്ലാതെ എനിക്ക് കിട്ടി.നാട്ടില്‍ തങ്ങുന്ന കുറച്ചു ദിവസം ആദ്യമൊക്കെ ഇതിനു വേണ്ടി ശ്രമിച്ചിരുന്നു.ആര്‍ക്കും രേഖകള്‍ കൃത്യമാണോ എന്ന്  പരിശോധിച്ചു നല്‍കാവുന്ന ഇതിനു ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ഓഫീസര്‍ മടക്കി കൊണ്ടിരുന്നു.ചില ദിവസങ്ങള്‍ അയാള്‍ വന്നിട്ടുണ്ടാവില്ല ,ചില ദിവസങ്ങളില്‍ പറഞ്ഞത് സീല്‍ ചെയ്യുന്ന ആള്‍ വന്നില്ല എന്നാണ്.ആദ്യം ഒക്കെ കയര്‍ത്തപ്പോള്‍ അയാള്‍ അത് നീട്ടി വെപ്പിച്ചു.ഒരുതരം പകയോടെ.. .ഒരിക്കല്‍, ഇയാള്‍ പലദിവസങ്ങളിലും വൈകി വന്നത് ചോദ്യം ചെയ്തതാണ് കാരണം എന്ന് എനിക്ക് തോന്നുന്നു.അന്ന് കുറേപേര്‍ എന്നോടൊപ്പം കൂടി.പക്ഷെ അന്നും അയാള്‍ തിരിച്ചയച്ചു.പക്ഷെ ആ സര്‍ടിഫിക്കറ്റ് കൊണ്ട് അത്ര വലിയ കാര്യം ഒന്ന് എനിക്കില്ല എന്റെ മകനും ഇല്ല എന്ന് തോന്നിയതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു.ആരോടും പരാതിക്കും പോയില്ല.കാര്യങ്ങള്‍ ഒക്കെ അവന്റെ പാസ്പോര്‍ട്ടിന്റെ ആദ്യ പേജിലൂടെ നടത്തി കൊണ്ടിരുന്നു.


ഈ സമരത്തിന്റെ രണ്ടാം ദിവസം നാട്ടിലായിരുന്നു.പഞ്ചായത്ത് ഓഫീസിനരുകില്‍ കൂടി പോയപ്പോള്‍ വെറുതെ ഒന്ന് കൂടി ശ്രമിച്ചു.കാര്യം റെഡി.ഞാന്‍ തന്നെ അത്ഭുതപെട്ടു.കാര്യം തിരക്കിയപ്പോള്‍  ഓഫീസര്‍ പറഞ്ഞു ഇപ്പോള്‍ പിന്തിരിപ്പന്‍മാര്‍ കുറവായതിനാല്‍ കാര്യങ്ങള്‍ ഒക്കെ വേഗം നടക്കും.ഗവര്‍മെന്റിനും അതാണ്‌ പോലും വേണ്ടത്.സമരം ചെയ്യുന്നവര്‍ ഇല്ലെങ്കിലും കാര്യങ്ങള്‍ നടക്കുന്നു എന്ന് ജനങ്ങള്‍ക്ക്‌ തോന്നണം .അത് കൊണ്ട് ഒക്കെയും സ്പീഡില്‍ ചെയ്യുന്നു.മുന്‍പ് കൂടുതല്‍ പേരുള്ളപ്പോള്‍ പല തിരക്ക് പറഞ്ഞു മടക്കി അയച്ച ഓഫീസില്‍ നിന്ന് തന്നെ ആള്‍ക്കാര്‍ കുറഞ്ഞ സമരകാലത്ത് നിമിഷങ്ങള്‍ക്കകം കാര്യം നടന്നു.

പക്ഷെ ഒരു ചോദ്യം മനസ്സില്‍ നിറഞ്ഞു നിന്നു.ഇപ്പോള്‍ ഓഫീസില്‍ വരാത്ത  പലരും  സമരം ചെയ്തു വിജയിപ്പിച്ചു  കിട്ടുന്ന ആനുകൂല്യങ്ങള്‍ ഇപ്പോള്‍ സമരത്തില്‍ പങ്കെടുക്കാതെ ജോലി ചെയ്യുന്ന ഇവരൊക്കെ വേണ്ടെന്നു വെക്കുമോ ?

ഇതൊക്കെ രാഷ്ട്രീയ കളികള്‍ ആണ് .ഇത് തിരിച്ചും മറിച്ചും സംഭവിക്കും.പക്ഷെ ഇതിലൊന്നും പെടാതെ നിഷ്പക്ഷചിന്താഗതിക്കാര്‍ ഉണ്ടാകും അവരുടെ കാര്യമാണ് കഷ്ട്ടം.അവര്‍ ഏതു  ഭാഗത്ത്‌ നില്‍ക്കും.സമരം ചെയ്യുമ്പോള്‍ എല്ലാവരും ചെയ്യണം കാരണം അതില്‍ നിന്നും കിട്ടുന്ന പ്രയോജനം എല്ലാവര്ക്കും കിട്ടും.നമ്മള്‍ സമരക്കാര്‍ ആരായാലും ആദ്യം ചെയ്യുന്നത് പൊതു മുതല്‍ നശിപ്പിക്കുക എന്നതാണ് .ഇത്രയും മണ്ടന്‍മാര്‍ ആണ് നമ്മള്‍ .അവനവന്‍ കൊടുക്കുന്ന നികുതി പണം കൊണ്ടാണ് അതൊക്കെ ഉണ്ടാവുന്നത് എന്ന് ചിന്തിക്കുന്ന ഒരു നേതാവും അണികളും ഇല്ലാത്ത നാടാണ് നമ്മളുടെത്.ഇതൊക്കെ നശിപ്പിച്ചാല്‍ ഭരണവര്‍ഗത്തിന് ഒന്നും സംഭവിക്കില്ല .അവരുടെ കുടുംബ വകകള്‍ ഒന്നുമല്ലല്ലോ നമ്മള്‍ തീയിടുന്നതും കുത്തികീറുന്നതും.നഷ്ടം നമ്മള്‍ക്ക് മാത്രം എന്നൂ നമ്മളുടെ ഉള്ളില്‍ ഒരു ചിന്ത ഉണ്ടാവണം.പക്ഷെ ആര് ചിന്തിക്കുന്നു.

പൊതുജനം എപ്പോഴും  സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരാണ്.കാരണം അവന്‍ ബന്ധപെടുന്ന സ്ഥലതൊക്കെ അവനു കിട്ടുന്നത് അവരില്‍ നിന്നും അവഗണനകള്‍ ആണ്.പക്ഷെ കുറച്ചു ശതമാനം മാത്രമേ  പൊതു ജനങ്ങളുമായി നേരിട്ട് ഇടപെടുന്നുള്ളൂ എന്നൊന്നും ആരും മനസ്സിലാക്കുനില്ല.നല്ലവരായ കൂടുതല്‍ പേര്‍ ഉണ്ട് അവര്‍ക്കിടയില്‍ അതൊന്നും നമ്മള്‍ പറയില്ല നമ്മള്‍ക്ക് കിട്ടുന്ന വിഷമങ്ങള്‍ ആണ് നമ്മള്‍ കൂടുതല്‍ പങ്കുവെക്കുക.അത് കൊണ്ട് തന്നെ കൂടുതല്‍ പേരും ഈ സമരത്തിന്‌ എതിരായിരിക്കും .അത് കൊണ്ട്  സമരം കഴിഞ്ഞാല്‍ നിങ്ങള്‍ കഴിയുന്നത്‌ ഞൊട്ടു ലോടുക്കകള്‍ പറയാതെ ജനങ്ങള്‍ക്ക്‌ ചെയ്തു കൊടുക്കണം .അല്ലെങ്കില്‍ എന്ത് കൊണ്ട് ചെയ്യാന്‍  കഴിയുനില്ല എന്ന് അവനെ പറഞ്ഞു മനസ്സിലാക്കണം അവരില്‍ ഒരാള്‍ ആണ് നിങ്ങള്‍ ഒക്കെ എന്ന ചിന്ത അവന്റെ  മനസ്സില്‍ കയറ്റണം.

അത് കൊണ്ട് പ്രിയപ്പെട്ട സമരക്കാരെ ന്യായമാണെങ്കില്‍ നിങ്ങള്‍ സമരം ചെയ്യുക ആവശ്യങ്ങള്‍ നേടിയെടുക്കുംവരെ ..അത് പൊളിക്കുവാന്‍ പലരെയും രംഗത്തിറക്കും അത് കണ്ടു പ്രകോപിതരായി നിങ്ങള്‍ പൊതുമുതല്‍ നശിപ്പിക്കരുത് അത് നിങ്ങളുടെ കൂടി സ്വത്താണ് അത് എപ്പോഴും മനസ്സില്‍ ഉണ്ടാവണം അല്ലെങ്കില്‍ നമ്മള്‍ മനുഷ്യര്‍ എന്ന് പറയുന്നതില്‍ എന്ത് അര്‍ഥം.

അഭിവാദ്യങ്ങള്‍