Friday, March 31, 2023

മറിയം വന്നു വിളക്കൂതി

 



ചെറുപ്പം തൊട്ടു ഒന്നിച്ചുണ്ടായിരുന്ന സുഹൃത്തുക്കൾ  ഒരേ കമ്പനിയിൽ ഒന്നിച്ചു ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ വർഷങ്ങൾക്കു മുൻപ് അവരെ വിട്ട് മറ്റൊരിടത്തേക്ക് പോയ ബാല്യകാല സുഹൃത്ത് കൂടി അവിടെ എത്തുന്നു.




കമ്പനിയിലെ അവരുടെ പുതിയ സുഹൃത്തിൻ്റെ ജന്മദിനത്തിൽ അവൻ്റെ വീട്ടിൽ  വൈകിട്ട് അവർ ഒന്നിച്ചു കൂടുവാൻ തീരുമാനിക്കുന്നു.




മദ്യവും മന്ദാകിനി എന്ന മയക്കുമരുന്നും കൊണ്ട് ജന്മദിനം ആഘോഷിക്കുന്ന അവർ ആ രാത്രിയിൽ   പലതരം  പ്രശ്നങ്ങളിൽ പെട്ട് പോകുന്നു.അതിൽ നിന്നും സമർത്ഥമായി ഊരി പൊരുവാൻ അവർ പല കളിയും കളിക്കുന്നു.




കഞ്ചാവ് അടിച്ചാണോ സിനിമ ഉണ്ടാക്കിയത് എന്ന് തോന്നും വിധമുള്ള സംഭാഷണങ്ങളും ദൃശ്യങ്ങളും കൊണ്ട് സിനിമ മുന്നോട്ട് പോകുമ്പോൾ കരയണോ ചിരിക്കണോ എന്ന കൺഫ്യൂഷൻ കൊണ്ട് നമ്മളും അവരുടെ പുകകുള്ളിൽ പെട്ട് പോകുന്നു.



തിയേറ്ററിൽ വന്ന ചിത്രം ആണോ എന്ന് പോലും സംശയം ആണ്.. വന്നിട്ടുണ്ടെങ്കിൽ തന്നെ രണ്ടു ദിവസം പോലും പൂർത്തിയാക്കി കാണില്ല.സിനിമയുടെ പേര് കണ്ടു ആകാംഷയോടെ കാണാൻ ഇരുന്നതാണ്.പക്ഷേ നാലഞ്ചു ദിവസം വേണ്ടി വന്നു കണ്ടു പൂർത്തി ആക്കുവാൻ..


പ്ര .മോ .ദി .സം

Thursday, March 30, 2023

ശ്രീ ധന്യ കാറ്ററിംഗ് സർവീസ്

 


നമുക്ക് നാട്ടിൽ ഒരുപാട് കൂട്ടുകാർ ഉണ്ടാകും.നാട്ടിൻ പുറം ആണെങ്കിൽ ഓരോ ആഘോഷങ്ങൾക്കും നാട്ടുകാരും കൂട്ടുകാരും ഒന്നിച്ചു കൂടി  സൗഹൃദങ്ങൾ  പങ്ക് വെച്ചു  ഫുഡ് വെച്ചും മറ്റു കാര്യങ്ങളിൽ സഹായിച്ചും ഒന്നിച്ചു തന്നെ ഉണ്ടാകും.




അവിടെ വിളിക്കണം എന്നൊന്നും ഇല്ല കൂട്ടുകാരും അവരുടെ കൂട്ടുകാരും ഒക്കെ ചേർന്ന് എല്ലാ കാര്യങ്ങളിലും കൈ കടത്തി നല്ല രീതിയിൽ ചടങ്ങുകൾ ഗംഭീരമാക്കി തരും. ഓരോരോ കാര്യത്തിലും അവരുടെ സഹായം ഉണ്ടാകും.




അങ്ങിനെ കോട്ടയത്തെ ഒരു ഗ്രാമത്തിൽ ഒരു കൊച്ചിൻ്റെ ജന്മദിനത്തിൽ ബന്ധുക്കൾക്കും കൂട്ടുകാർക്കും ബിരിയാണി കൊടുക്കണം എന്ന് അൽപ സ്വൽപം കാറ്ററിംഗ് ജോലി ചെയ്യുന്ന അച്ഛന് ആഗ്രഹം ഉണ്ടാകുന്നു.




അച്ഛനും അച്ഛൻ്റെ കൂട്ടുകാരും ചേർന്ന് കള്ള് അടിച്ചും കഥ പറഞ്ഞും ആടി പാടി ബിരിയാണി ഉണ്ടാക്കുവാൻ തുടങ്ങുകയാണ്. ഓരോ ഘട്ടത്തിൽ  നാട്ടിൻ പുറത്തെ ഓരോരോ  ആൾകാർ വന്നു ഒപ്പം കൂടുകയാണ്..അങ്ങിനെ ഒരു രാത്രിയിൽ ഉള്ള കൂട്ടുകാരുടെ ആഘോഷത്തിൻ്റെ അതിൽ ഉണ്ടാകുന്ന ചില സംഭവങ്ങൾ പറയുകയാണ് ജിയോ ബേബി ഈ ചിത്രത്തിൽ കൂടി.





ചില സാമൂഹിക വിഷയങ്ങൾ കൂടി കൈകാര്യം ചെയ്യുന്ന ചിത്രം  അധികം പരിചയം ഇല്ലാത്ത പുതിയ മുഖങ്ങൾ കൊണ്ട് സമ്പന്നമാണ്.


പ്ര .മോ .ദി .സം

Wednesday, March 29, 2023

അപേക്ഷയാണ് പ്ലീസ്..

 


ഒരു പ്രദേശത്തെ വർഷങ്ങളായി വിറപ്പിച്ച് കൊണ്ടിരിക്കുന്ന, അവരുടെ ജീവനും സ്വത്തും കവർന്നെടു ത്തു മുന്നോട്ടുള്ള ജീവിതം മുൾമുനയിൽ നിർത്തുന്ന ആനയെ പിടിച്ചുകെട്ടി മെരുക്കിയെടുക്കുവാൻ കോടതി "വിസമ്മതിച്ചു " എന്നത് കൊണ്ട് ആ പ്രദേശത്തെ പഞ്ചായത്തുകൾ മുഴുവൻ നാളെ ഹർത്താൽ ആചരിക്കും.കാരണം അവർക്ക് പ്രതിക്ഷേധം കാണിക്കുവാൻ മറ്റു വഴികൾ ഇല്ല..അതവരുടെ ജീവന്മരണ പോരാട്ടം തന്നെ ആയിരിക്കും.


ഭൂമിയിൽ എല്ലാവർക്കും ജീവിക്കുവാൻ അവകാശം ഉണ്ട്...അത് മനുഷ്യൻ ആയി കൊള്ളട്ടെ ..മൃഗം ആയി കൊള്ളട്ടെ.. വൃക്ഷങ്ങൾ ആയി കൊള്ളട്ടെ...മറ്റു സകല  ജീവജാലങ്ങളാവട്ടെ...ഇവയൊക്കെ ഉണ്ടെങ്കിൽ മാത്രമേ പ്രകൃതി നിലനിൽക്കൂ എന്നതും വാസ്തവം തന്നെയാണ്..



സമ്മതിച്ചു...പക്ഷേ  മനുഷ്യരിൽ ഒരു വിഭാഗത്തിന് മാത്രം ജീവിച്ചാൽ മതിയൊ? മലയോര മേഖലയിൽ, വനമേഖലയുടെ 

അതിർത്തിയിൽ  ഉളളവർ പലപ്പോഴും മൃഗങ്ങളുടെ ആക്രമണങ്ങളിൽ ജീവനും സ്വത്തും നഷ്ടപ്പെടുന്നവരാണ്.ആന,പുലി, കാട്ടു പോത്ത്, പന്നി, കുരങ്ങ് എന്നുവേണ്ട മുഴുവനും അവരുടെ ജീവനും കൃഷിയും മറ്റു സ്വത്തുക്കളും നശിപ്പിക്കുകയാണ്.


വാർത്തകൾ കേൾക്കുമ്പോൾ നമ്മൾ പറയും കാടും മേടും കയ്യേറി മൃഗങ്ങളുടെ സ്ഥലം അടിച്ചു മാറ്റിയത് കൊണ്ടല്ലേ എന്ന്...ശരിക്കും പറഞ്ഞാല് ആരാണ് അടിച്ചു മാററാത്തത്? കാട് നിരത്തി തന്നെയല്ലേ ഇന്ന് കാണുന്ന നാടും നഗരവും മറ്റും ഉണ്ടായത്?  അവർ അങ്ങിനെ "കയ്യേറി" ഉണ്ടാക്കിയ പലതും തന്നെയല്ലേ നമ്മുടെ 

ഭക്ഷണം ആയി മാറുന്നതും...  അത് കൊണ്ട് അങ്ങിനെ പറയുന്നതിനോട് പൂർണമായും യോജിക്കുന്നില്ല..


അവർക്ക് ഭീഷണിയായ അരികൊമ്പനെ വെടിവെച്ചു കൊല്ലുവാൻ പോലും അല്ല അഭ്യർത്ഥിക്കുന്നത്..ഉദ്യോഗസ്ഥർ  ശ്രമിക്കുന്നത്..അതിനെ പിടിച്ചു കെട്ടി നേർവഴിക്ക് നയിക്കുവാൻ ആണ്..


ബഹുമാന്യനായ മന്ത്രിയും വകുപ്പും ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി എല്ലാ ഒരുക്കങ്ങളും നടത്തിയതാണ്..അന്നേരമാണ് ഇടിത്തീ പോലെ കോടതി ഓർഡർ വന്നത്.


ഒരു മൃഗത്തെ പിടിക്കുമ്പോൾ ഉള്ള "ക്രൂരത" മാത്രമാണ് കോടതി കണ്ടത് എങ്കിൽ ഉത്സവങ്ങൾക്കും മറ്റു ആഘോഷങ്ങൾക്കും ആനകൾ എത്രമാത്രം ക്രൂരതക്ക് ഇരയാകുന്നു എന്നത് കൂടി  കണ്ണ് തുറന്നു കാണണം.


കാട്ടിൽ വസിക്കേണ്ട ജീവികളെ പിടിച്ചു മെരുക്കി അഭ്യാസങ്ങൾ കാണിക്കുന്നത് "കാണാതെ" കൊലയാളിയായി മാറി ഒരു പ്രദേശത്തെ ജനങ്ങളെ വിറപ്പിക്കുന്ന ഒരു ആനക്ക് മാത്രം നീതി കൊടുക്കുന്നത് അത്ര നല്ലതായി തോന്നുന്നില്ല. അങ്ങിനെയെങ്കിൽ കേരളത്തിൽ ഉള്ള സകല ആനകളെയും കാട്ടിലേക്ക് അയക്ക്കുവാൻ കൂടി ഉത്തരവ് ഇറക്കണം.അല്ലാതെ മനുഷ്യരെ രസിപ്പിക്കുവാൻ മാത്രം ഇനി മുതൽ ആനയെ എന്നല്ല ഒരു ജീവിയേയും വേദനിപ്പിക്കരുത്.


 കോടതിയിൽ അപ്പീൽ കൊടുത്തവനും സ്റ്റേ ചെയ്ത ന്യായാധിപനും കുറച്ചു ദിവസം അവിടെ വന്നു താമസിക്കുവാൻ വെല്ലുവിളിക്കുന്നതും അത്രക്ക് സഹികെട്ടത് കൊണ്ട് മാത്രമാണ്.


പ്രകൃതി സ്നേഹികൾ ശ്രദ്ധിക്കുക...പ്രകൃതിയുടെ നിലനിൽപ്പിന് നിങ്ങളെ പോലുള്ള സ്നേഹികൾ അത്യാവശ്യമാണ്...കൂട്ടത്തിൽ അശരണരെ കൂടി സ്നേഹിക്കുക...നമുക്ക് ചുറ്റും പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ പ്രകൃതിയെയും മൃഗങ്ങളെയും ഒക്കെ സ്നേഹിക്കുവാൻ നല്ല രസമായിരിക്കും..മൂടിന് തീ പിടിച്ചു ഓടുമ്പോൾ അതിൻ്റെ വേദന പൊള്ള  ലേറ്റവന് മാത്രേ മനസ്സിലാവുകയുള്ളൂ.


പ്ലീസ് അത് കൊണ്ട് ഒരപേക്ഷയുണ്ട്..അതിര് കടന്ന പ്രകൃതി, മൃഗസ്നേഹം വേണ്ട....പ്ലീസ്


പ്ര .മോ.ദി .സം

മ സി ക ( മ ചു ക)

 



അടിച്ചേൽപ്പിക്കുന്ന വേദന എന്ന ടൈറ്റിൽ വരുന്ന മസിക മലയാളത്തിൽ മ ചു ക ആണ്.



അച്ഛൻ്റെ മൂന്നാറിലെ വീട്ടിൽ എത്തുന്ന ജേർണലിസ്റ്റ് അവർ എയർപോർട്ടിൽ പോയത് കൊണ്ട് അവിടെ തനിച്ചായി പോകുന്നു.സുഹൃത്തിനേ കാണാൻ വന്ന കൂട്ടുകാരനായ അഭിഭാഷകൻ സുഹൃത്ത് ഇല്ലാത്തത് കൊണ്ട് അവിടെ പോസ്റ്റ് ആയി പോകുന്നു.



ഒരു ചെറിയ അപകടം സംഭവിച്ചു ബോധം പോകുന്ന അവളെ പ്രഥമശുശ്രൂഷ ചെയ്തു അവളുമായി ചങ്ങാതത്തിൽ അവള് സുഹൃത്ത് വരുന്നത് വരെ അവിടെ നിൽക്കാനും സർപ്രൈസ് കൊടുക്കുവാനും ആവശ്യപ്പെടുന്നു.



എന്ന് രാത്രി അവിടെ നടക്കുന്ന സംഭവവികാസങ്ങൾ ആണ് ഈ സിനിമ.ഒരു വീടും രണ്ടു കഥാപാത്രങ്ങളും നമ്മെ രണ്ടു മണിക്കൂർ ത്രിൽ അടുപ്പിച്ചു കൊണ്ടുപോകുവാൻ ആഗ്രഹിക്കുന്ന സിനിമ ചില സമയത്ത് പാളി പോകുന്നുണ്ട്..





ഒന്നിലും കൃത്യമായി കടന്നു ചെല്ലാത്ത ക്ലൈമാക്സ് നമ്മളെ അതുവരെ ഉണ്ടാക്കിയ രസം കളയുന്നുമുണ്ട്


പ്ര .മോ .ദി .സം

Tuesday, March 28, 2023

പെർഫ്യൂം

 



അന്യജാതിയിൽ പെട്ടവരെ വിവാഹം കഴിച്ചത് കൊണ്ട് വീടുകളിൽ നിന്നും പുറത്താക്കിയ ദമ്പതികൾ ഒരു ഫ്ളാറ്റിൽ സന്തോഷത്തോടെ കഴിയുന്നു.




പണമെന്നും പ്രശ്നം തന്നെ ആണല്ലോ..ഉദ്ദേശിച്ച ഒരു കാര്യവും നടക്കുന്നില്ല എന്ന് മാത്രമല്ല മറ്റുള്ളവരെ പോലെ ലാവിശ് ആയി നടക്കാൻ പോലും പറ്റാത്ത അയ്യരൂകുട്ടി  പണകാരനായ ഒരാളുടെ പ്രലോഭനത്തിൽ വീണു പോയി സകലതും അയാൾക്ക് അടിയറ വെക്കുന്നു 




പിന്നീട് അങ്ങോട്ട് തീച്ചൂളയിൽ ആയിപോകുന്ന അവൾക്ക് നേരിടേണ്ടി വരുന്ന  കുടുംബപ്രശ്നങ്ങൾ ആണ് ഹരിദാസ് ടിനി ടോം നായകനും കനിക നായികയായ ചിത്രം പറയുന്നത്.





പുതുമയുള്ള ഒന്നും തന്നെ ഇല്ലാത്ത ചിത്രം ക്ലൈമാക്സ് രംഗങ്ങളിലെ അഭിനയവും അതിലെ "തമാശയും " കൊണ്ട് മാത്രം ചിരിക്കാനുള്ള വക നൽകുന്നുണ്ട്.





പ്രേക്ഷകർ ഒക്കെ മാരിപോയത് സംവിധായകൻ ഇനിയും അറിഞ്ഞിട്ടില്ല എന്നത് തന്നെയാണ് വലിയ പോരായ്മ..അത് കൊണ്ട് തന്നെയാണ് ഈ ചിത്രത്തെ കുറിച്ച് ആരും കേൾക്കാത്തത് പോലും...


പ്ര .മോ .ദി. സം


Monday, March 27, 2023

കോഫി വിത്ത് കാതൽ




കല്യാണം കഴിഞ്ഞ് കുട്ടി ആയെങ്കിലും ഭാര്യയൊട് താൽപര്യം കുറഞ്ഞു പോൺ ചിത്രങ്ങളിലും മറ്റു സ്ത്രീയിലും ആശ്രയിക്കുന്ന ആൾ






മൂന്ന് വർഷം ലിവിംഗ് ടുഗദർ ആയി ജീവിച്ചിട്ടും ഒന്നിച്ചു പഠിച്ച സെലിബ്രിറ്റിയെ കണ്ടപ്പോൾ അവള് വിട്ടേച്ച് പോയപ്പോൾ ഒറ്റപ്പെട്ടു പണ്ടാരമടങ്ങി ജോലി രാജിവെച്ച് നാട്ടിലേക്ക് വന്നവൻ.




ഏറെ സ്നേഹിക്കുന്ന കളിക്കൂട്ട്കാരി ഉണ്ടായിട്ടു കൂടി അവളെ മൈൻഡ് ആക്കാതെ ജീവിതം മറ്റു പെൺകുട്ടികൾക്ക് ഒപ്പമാഘോഷിച്ച് നടക്കുന്നവൻ.മടുക്കുമ്പോൾ കൂട്ടുകാരിയെ വിളിച്ചു ലൗ തെറി പ്പിക്കാൻ കൂടി ശ്രമിക്കുന്നവൻ






ഇവർ മൂന്നു പേരും സഹോദരങ്ങൾ ആണെങ്കിൽ?ഒരു വീട്ടിൽ തന്നെ ആണെങ്കിൽ...??ഇവരിൽ ആരെങ്കിലുമായി  ബന്ധമുള്ള സ്ത്രീകൾ പിന്നീട് മറ്റുള്ളവരിലേക്ക്,അവരുടെ ജീവിതത്തിൽ കടന്നു വരുമ്പോൾ എന്ത് സംഭവിക്കും?





ഇവരിൽ രണ്ടു പേരുടെ കല്യാണം  നിശ്ചയിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുകയും അതിൽ നിന്നും തല ഊരാനുള്ള ശ്രമത്തിനിടയിൽ കുടുംബത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളാണ് കുഷ്ബു നിർമിച്ചു കെട്ടിയോൻ സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത്.




ആട്ടവും പാട്ടും ഗ്ലാമറും ഒക്കെയായി കൊഴുപ്പിച്ചു തന്നെ സിനിമ അവതരിപ്പിച്ചിട്ടുണ്ട്.


പ്ര .മോ .ദി. സം