Thursday, August 30, 2012

അവിഹിതം

"ഹലോ ചന്ദ്രനല്ലേ "

"അതെ "..സ്ത്രീ ശബ്ദം ആണ് .നമ്പര്‍ അത്ര പരിചയം തോന്നുനില്ല ,ഇവിടുത്തെ നമ്പര്‍ ആണ്.അതും ലോക്കല്‍ കാള്‍ .ചന്ദ്രശേഖര്‍ എന്ന അയാളെ  ചന്ദ്രന്‍ എന്ന് വിളിക്കുന്നവര്‍ കുറവ്.അതും അടുപ്പം ഉള്ളവര്‍ മാത്രം.അതും നാട്ടിലെ ആള്‍ക്കാര്‍ മാത്രം .ഈ അന്യ നാട്ടില്‍ ഇത് ആരാണ്?

"എന്നെ മനസ്സിലായോ'?

"അത്രക്കങ്ങു പിടികിട്ടിയില്ല ,ഓര്‍മയില്ല "

"നിങ്ങള്ക്ക് എന്നെ മറക്കുവാന്‍ കഴിയുമോ?"

വീണ്ടും ചോദ്യം ആണ് .ആരായിരിക്കും ?ഒരു പിടിയും കിട്ടുനില്ല.ആലോചിച്ചു കൊണ്ടിരുന്നു.
മറു തലക്കല്‍ കുറച്ചു നേരം നിശബ്ദത ..പിന്നെ പറഞ്ഞു

"ഞാന്‍ ശോഭ ആണ് .എന്നെ മറന്നോ ?"

പെട്ടെന്ന് മനസ്സില്‍ ഒരാളല്‍ .മനസ്സ് പിന്നിലേക്ക്‌ ഓടി.ശോഭ ..എതാണ്ട് നിശ്ചയം  വരെ എത്തിയ ആറേഴു കൊല്ലാതെ പ്രേമം ..പക്ഷെ അവസാനം എന്തോ ഒരു ചെറിയ കുടുംബ പ്രശ്നം ..അതിന്റെ ഗതി മാറ്റി.പെണ്ണ് കൊടുക്കില്ലെന്ന് അവര്‍ ..ആര്‍ക്കു വേണം എന്ന് അയാളുടെ വീട്ടുകാര്‍.പരസ്പരം തകര്‍ന്ന ഹൃദയവുമായി അവര്‍  ..പിരിയാന്‍ തന്നെ ഉഗ്രമായ നിര്‍ദേശം .നാട്ടില്‍ നില്‍ക്കുവാന്‍ തോന്നിയില്ല .ഇവിടുതേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിച്ചു.പിന്നെ ഒളിച്ചോട്ടമായിരുന്നു നാട്ടില്‍ നിന്നും.ഇവിടെ എല്ലാം മറന്നു ജോലി ചെയ്തു ജീവിച്ചു.പിന്നാലെ കല്യാണവും കുടുംബവും ആയി.മനസ്സില്‍ എവിടെയോ ഒരറ്റത്ത് ചെറിയ നൊമ്പരമായി ശോഭ ഒതുങ്ങി.പിന്നെ പിന്നെ അവള്‍ മാഞ്ഞു തുടങ്ങി.അവള്‍ കല്യാണം ഒക്കെ കഴിഞു വിദേശത്തു  പോയി എന്ന് പിന്നെ അറിഞ്ഞു.

ഇരുപത്തി അഞ്ചു  വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ കാള്‍ ..എന്തിനായിരിക്കും ?

"ഹലോ ,ചന്ദ്രന്‍ ..മനസ്സിലായില്ലേ ?"

"മനസ്സിലായി.നീ ഇവിടെ "?

"ഞാന്‍ കുറച്ചായി ഇവിടുണ്ട് ..ഫേസ് ബുക്കില്‍ നിന്നാണ് നിങ്ങളെ കിട്ടിയത് "
ഇപ്പോള്‍ എല്ലാവരെയും തിരയാന്‍ എളുപ്പമാണ് ..ഇത്തരം സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ ഉള്ളതിനാല്‍.

"സുഖമാണോ"?

"സുഖം "

പിന്നെ കുറെ സംസാരിച്ചു. പക്ഷെ പഴയ ബന്ധം ,അതിന്റെ വിഷയങ്ങള്‍ ഒരിക്കലും കടന്നു വന്നില്ല.രണ്ടു പേരും വളരെ ശ്രദ്ധിചിരിക്കാം.അന്ന് സംഭാഷണം എപ്പോഴോ മുറിഞ്ഞു.പിന്നെ കൂടുതലും ഫേസ് ബുക്ക്‌ വഴിയായിരുന്നു അന്വേഷണങ്ങള്‍ ,വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഒരു ദിവസം അവളുടെ വീട്ടിനരുകില്‍ ഒരാവശ്യ ത്തിനു പോയപ്പോള്‍  ഒന്ന് കയറി കാണാമെന്നു വിചാരിച്ചു.മുന്നേ അറിയിക്കാതെ സസ്പെന്‍സ് കൊടുക്കാം എന്ന് വിചാരിച്ചു.പരിചിതമായ സ്ഥലം ആയിരുന്നു ,പരിചിതമായ ഫ്ലാറ്റും.മുന്നേ ഇവിടെ വന്നിരുന്നു.കൂട്ടത്തിലെ ചില ഓഫീസര്‍ മാര്‍  ഇവിടെയായിരുന്നു താമസിച്ചിരുന്നത്.സെക്യൂരിറ്റികാരനെ കണ്ടു നമ്പര്‍ കണ്ടു പിടിച്ചു.റൂമിന് മുന്നിലെത്തി ബെല്ലടിച്ചു.

വാതില്‍ തുറന്ന സ്ത്രീയെ കണ്ടു അമ്പരുന്നു.ആള്‍ വല്ലാതെ മാറിയിരിക്കുന്നു.പ്രായം ശരീരത്തെ വല്ലാതെ പിടികൂടിയിരിക്കുന്നു. പണ്ട് ഇല്ലാത്ത കണ്ണട മുഖത്തിന്റെ ഭംഗി കുറക്കുന്നു.
അവളും അമ്പരന്നു.എന്നാലും ചെറു ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു.

"ചന്ദ്രന് ഒരു മാറ്റവും ഇല്ല ..കുറച്ചു നര വന്നു അല്ലാതെ."

അവള്‍ ക്ഷീണിതായായി തോന്നി.ചുമക്കുന്നുമുണ്ട് .വര്‍ത്തമാനം പറയാന്‍ ബുദ്ധിമുട്ടുന്നതുപോലെ ...
'എന്താണ് ശോഭെ ..വല്ലതായിരിക്കുന്നുവല്ലോ ..'
'എന്ത് പറയാനാ ചന്ദ്ര ,പനി  പിടിച്ചു രണ്ടു ദിവസം ആയി ,ആര്‍ക്കും എന്നെ ഡോക്ടറെ കാണിക്കുവാന്‍ സമയം ഇല്ല .പഴയ ഗുളിക കൊണ്ട് പിടിച്ചു നില്‍ക്കുന്നു. "

കണ്ടപ്പോള്‍ വിഷമം തോന്നി.എങ്ങിനെ ചോദിക്കും ?എന്നാലും ചോദിച്ചു
"ഞാന്‍ കൂടെ വരാം ..ഡോക്ടറെ കാണുവാന്‍ ".
വിശ്വസിക്കനവാത്തതുപോലെ  അവള്‍ അയാളെ  നോക്കി .സമ്മതമാണ് എന്നര്‍ത്ഥത്തില്‍ അയാള്‍ കണ്ണടച്ച് കാണിച്ചു.

'ഓ.കെ ..ഞാന്‍ മകനെ വിളിച്ചു പറയട്ടെ "

അവള്‍ അകത്തുപോയി കുറച്ചുസമയം കഴിഞ്ഞു തിരിച്ചു വന്നു .സാരി മാറിയിരുന്നു.
കാറില്‍ പിന്നില്‍ കയറാനൊരുങ്ങിയ അവളെ നിര്‍ബന്ധിച്ചു മുന്‍പില്‍ കയറ്റി.പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കില്‍ ഇത് പോലെ ജീവിതം മുഴുവന്‍ യാത്ര ചെയ്യേണ്ടവാളായിരുന്നു.എന്ത് ചെയ്യാം വിധി കളിച്ചു.യാത്രയില്‍ ഓരോരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു.അവള്‍ കൂടുതല്‍ ഉന്മേഷവാതിയയതുപോലെ തോന്നിച്ചു.ഞാനും സന്തോഷവാനായിരുന്നു.

എന്താണ് സംഭവിച്ചതെന്നു പെട്ടെന്ന് മനസ്സിലായില്ല.സിഗ്നല്‍ തെറ്റിച്ചു വന്ന ഒരു ലോറി കാര്‍ ഇടിച്ചു തെറുപ്പിച്ച് നിര്‍ത്താതെ പോയി.ആള്‍ക്കാര്‍ ഓടികൂടി ..രണ്ടുപേരും മരിച്ചിരുന്നു.ഒന്നിച്ചു ജീവിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും മരണത്തില്‍ അവര്‍ ഒന്നിച്ചു.അവര്‍ പോലും ആഗ്രഹിക്കാതെ ....

പക്ഷെ അന്ന് മുതല്‍ നാട്ടില്‍ പരന്ന കഥകളില്‍  അവരുടെ ദയനീയ മരണത്തെക്കാള്‍ അവരുടെ അവിഹിതമായിരുന്നു നാട്ടുകാര്‍ കൂടുതല്‍ ഊന്നിപറഞ്ഞത്‌ .മരിച്ചുമണ്ണടിഞ്ഞിട്ടും അവരുടെ അവിഹിതത്തിന്റെ അപവാദ പ്രചാരണങ്ങള്‍ കുറച്ചു കുടുംബങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടേയിരുന്നു.


കഥ;പ്രമോദ് കുമാര്‍.കെ.പി


Saturday, August 25, 2012

അരയിലൊരു കത്തി മനയിലൊരു മുത്തി

       തീവണ്ടി കുതിച്ചു പായുകയാണ് ..മാഹി കഴിഞ്ഞു, വടകരയോടു അടുത്ത് കൊണ്ടിരിക്കുന്നു.ഇനി ശ്രദ്ധിക്കണം .വടകരകാര്‍ അങ്ങിനെയാണ് എവിടെയെങ്കിലും അല്പം ഗ്യാപ്‌ കണ്ടാല്‍ അവിടെ കയറി ഇരുന്നു കളയും.അത് മറ്റുള്ളവന് അസൌകര്യം ഉണ്ടാക്കുമെന്നോ,അവിടെ ഇരിക്കാന്‍ പറ്റുമോ  ,എന്നൊന്നും  നോക്കില്ല .ചോദിക്കുകയുമില്ല.കൂടാതെ കൂടെയുള്ളവനെ വിളിച്ചു  ഗ്യാപ് ഉള്ള സ്ഥാലം കാണിച്ചു കൊടുക്കുകയും ചെയ്യും.ഇത് ട്രെയിന്‍ യാത്ര തുടങ്ങിയത് മുതല്‍ കാണുന്നതാണ്.അതുകൊണ്ട് തന്നെ സഹയാത്രികാര്‍ വടകരകാരെ കാണുമ്പോള്‍ "ആപ്പടിക്കാന്‍ " വരുന്നുണ്ട് എന്നാണ് പറഞ്ഞിരുന്നത്.വടകര എത്തുമ്പോള്‍ ഇതറിയുന്ന യാത്രക്കാര്‍ വിസ്തരിച്ചിരുന്നു ഉറക്കം നടിക്കും .വടകരകാര്‍ ഒക്കെ പലയിടത്തായി "ആപ്പടിച്ചു "കഴിഞ്ഞാല്‍ മാത്രം കണ്ണ് തുറക്കും.ഇങ്ങിനെ പല നാട്ടുകാരെപറ്റി ട്രയിനിലെ ചങ്ങാതിമാര്‍ അയാള്‍ക്ക്‌ പറഞ്ഞു കൊടുത്തിരുന്നു..

തലശ്ശേരിക്കാര്‍ക്ക് സീറ്റ്‌ കിട്ടിയാല്‍ പത്രം വേണം ,അല്ലെങ്കില്‍ എന്തെങ്കിലും വായിക്കാന്‍.അവര്‍ ആകെ ഒന്ന് തിരിഞ്ഞും മറിഞ്ഞു നോക്കി അത് എവിടെ എന്ന് കണ്ടുപിടിക്കും.പിന്നെ ആ യാത്രക്കാരില്‍ നിന്നും അത് കൈക്കലാക്കും.വായിച്ചു കഴിഞ്ഞാല്‍ അവന്‍ തന്നെ അത് പലര്‍ക്കും കൈമാറി തിരിച്ചു ഉടമസ്ഥന് കിട്ടുംപോഴെക്കും ഒരു വിധമായിരിക്കും.മാഹിക്കാരേകൊണ്ട് അത്ര വലിയ ശല്യം ഇല്ല ,അവര്‍ക്ക് സീറ്റ്‌ കിട്ടിയാല്‍ ഉറങ്ങിയിരിക്കും.കൊയിലാണ്ടിക്കാരാണ് ബഹളക്കാര്‍ ..വര്‍ത്തമാനം പറഞ്ഞു ആള്‍ക്കാരെ കൊല്ലും.ഇവിടെയെല്ലാമുള്ള  യുവാക്കളെ കൊണ്ട് ഒരു പ്രശ്നവും ഇല്ല.അവര്‍ എവിടെയെങ്കിലും വായ നോക്കിയിരുന്നു കൊള്ളും .കോഴിക്കോടുവരെയുള്ളവരെയേ യാത്ര ചെയ്തു പരിചയമുള്ളൂ .പിന്നെ ഉള്ളവരുടെ കഥയറിയാന്‍ അതില്‍ കൂടുതല്‍ യാത്ര ചെയ്യണം.അതും പതിവായി.ഇപ്പോള്‍ കോഴിക്കോട് ജോലി കിട്ടിയതിനാല്‍ സീസണ്‍ ടിക്കെറ്റില്‍ പതിവായി അവിടെവരെ യാത്ര ചെയ്യുന്നു.
ഇനി അയാള്‍ പറയും
രാവിലെ എഴുകാലിനാണ് ട്രെയിന്‍.ഞാന്‍ എപ്പോഴും ഓടി കിതച്ചാണ് സ്റ്റേഷനില്‍ എത്തുന്നത് .വീട്ടില്‍ ഞാന്‍ മുത്തി എന്ന് വിളിക്കുന്ന മുത്തശ്ശി മാത്രം ആണുള്ളത് .ഓര്മവെക്കും മുന്‍പേ അച്ഛനും അമ്മയും പോയി.പിന്നെ ടീച്ചര്‍ ആയ മുത്തിയാണ് വളര്‍ത്തിയത്‌.ഉച്ച ഭക്ഷണം മുത്തി തയ്യാറാക്കി തന്നുവിടും.മുത്തി കാലത്ത് എഴുനേറ്റു കഷ്ട്ടപെടെണ്ട എന്ന് പറഞ്ഞാലും കേള്‍ക്കില്ല .ഇപ്പോള്‍ പണ്ടത്തെപോലെ വയ്യെങ്കിലും കഷ്ട്ടപെട്ട് എല്ലാം ഉണ്ടാക്കും.അതാണ്‌ പലപ്പോഴും വൈകിക്കുന്നത്.ഞാന്‍ ലഞ്ച് എടുത്തില്ലെങ്കില്‍ പിണങ്ങും .കുറെയായി കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു.പലതവണ പെണ്ണ് കണ്ടതുമാണ്.പക്ഷെ എങ്ങിനെയൊക്കെയോ കയറിവരുന്ന  ഭൂതകാലം അതിനു തടസ്സം നില്‍ക്കുന്നു.പിന്നെ പിന്നെ അതും നിര്‍ത്തി. ..എല്ലാം ഒളിക്കുവാന്‍ വേണ്ടിയാണ് പിറന്ന നാട് ഉപേക്ഷിച്ചത്.എന്നിട്ടും...?

 ടീച്ചര്‍ മുത്തി നല്ല നിലയില്‍ പഠിപ്പിച്ചു.നല്ല മാര്‍ക്ക്‌ വാങ്ങി ജയിച്ചു .പഠിച്ച ഉടനെ ജോലി കിട്ടും എന്നായിരുന്നു വിശ്വാസം . വിശ്വാസം നഷ്ട്ടപെട്ടപ്പോള്‍ മനസ്സ് മുരടിച്ചു.പിന്നെ ചെന്നെത്തിയത് ക്വട്ടെഷന്‍ ഗാങ്ങില്‍ ആയിരുന്നു.അവരോടൊപ്പം ഒന്ന് രണ്ടു വര്ഷം.എപ്പോഴും  അരയില്‍ കത്തിയുമായി നടന്നു,തനിക്ക് വേണ്ടി ജീവിക്കുന്ന മനയിലെ മുത്തിയെ ഓര്‍ക്കാതെ പലതും ചെയ്തു ,കൊലപാതകം ഒഴികെ.ആരും മരിച്ചില്ല എന്നതാണ് സത്യം.പോലീസിന്റെ പിടിയില്‍ നിന്നും പലപ്പോഴും കഷ്ട്ടിച്ചു രക്ഷപെട്ടു ,അത് കൊണ്ട് തന്നെ പുറംലോകം അധികം എന്റെ വിവരം അറിഞ്ഞില്ല.പക്ഷെ എങ്ങിനെയൊക്കെയോ പോലീസ് ഹിറ്റ്‌ ലിസ്റ്റില്‍ പേര് കയറിയിരുന്നു.അതുകൊണ്ട് നാട്ടിലെ പ്രമാണിമാര്‍ക്ക് വിവരങ്ങള്‍ അറിയാമായിരുന്നു.മുത്തിയുടെ കാതിലും വിവരം എത്തി.കുറെ ഉപദേശിച്ചു.കണ്ണുനീര്‍ ആയി .അങ്ങിനെ മുത്തിയുടെ കൂടെ പിറന്ന നാടുപേഷിച്ചു, അങ്ങിനെ പല നാടുകള്‍ താണ്ടി ..അല്ല മാറേണ്ടി വന്നു..അവിടെയും ഭൂതകാലം വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ ഉള്ളതെല്ലാം വിററു  പെറുക്കി മലയിറങ്ങി.മുത്തിയുടെ പഴയ ശിഷ്യന്‍ മുഖേന അത്രയൊന്നും വളരാത്ത നാട്ടില്‍ സ്ഥിര താമസം ആക്കുവാന്‍ തീരുമാനിച്ചു.
വീടും പറമ്പും എളുപ്പത്തില്‍ കിട്ടി.അയാള്‍ മുഖേന കോഴിക്കോട്ടു നല്ല ഒരു ജോലിയും കൂടി കിട്ടി.ഇപ്പോള്‍ കുറച്ചു വര്‍ഷമായി എവിടെയാണ് ..ഈ സുന്ദരമായ നാട്ടില്‍ .അതുകൊണ്ട് തന്നെ
കുറച്ചു വര്‍ഷമായി സമാധാനം ഉണ്ട്.മുത്തിയും ഹാപ്പി ആണ്.

വണ്ടിയിറങ്ങി ആള്‍കൂട്ടത്തിനിടയിലൂടെ ജോലി ചെയ്യുന്നിടത്തെക്ക് നടക്കുകയായിരുന്നു.പിറകില്‍ നിന്നും ആരോ പേര് വിളിച്ചതുകേട്ട് നിന്നു .ആള്‍കൂട്ടത്തില്‍ നിന്നും ഒരാള്‍ അടുത്തേക്ക് വന്നു

"എന്നെ മനസ്സിലായോ."

"ഇല്ല "

"ഞാന്‍ വര്‍ക്കിയുടെ മകനാണ് ?"

"ഏത് വര്‍ക്കിയുടെ ?"

"നിനക്കറിയില്ല അല്ലെ ?നീയും കൂട്ടരും പള്ളക്ക് കത്തി കയറ്റിയ മാമരം വര്‍ക്കിയെ?അപ്പന്‍ അന്ന് മുതല്‍ കിടപ്പിലാണ് ,അതും നരകിച്ചു .....നീ നാട് വിട്ടാല്‍ പിന്നെ നിന്നെ കണ്ടു പിടിക്കില്ലെന്ന് കരുതി അല്ലേട ?നിന്റെ കൂട്ടുകാര്‍ക്ക് എല്ലാവര്ക്കും പണി കൊടുത്തു ..നീ മാത്രം ബാക്കിയായി ."

 
എന്റെ മനസ്സില്‍ വര്‍ക്കിയുടെ രൂപം കയറിവന്നു.സണ്ണി മുതലാളിക്ക് വേണ്ടി ചെയ്തതാണ്.കൊല്ലേണ്ട എന്ന് പറഞ്ഞിരുന്നു.കുറച്ചുകാലം കിടത്തിയാല്‍ മതിയെന്നും ..ഏതോ  ലേലം പിടിക്കുവാനായിരുന്നു.ഞാന്‍ പണി കൊടുക്കുന്നവരെയൊക്കെപറ്റി മനസ്സിലാക്കി വെക്കാറുണ്ടായിരുന്നു.അത് കൊണ്ട് മാമരം വര്‍ക്കി പെട്ടെന്ന് മനസ്സില്‍ ഓടിയെത്തി.

ഞാന്‍ ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി ,ആര് ശ്രദ്ധിക്കാന്‍ ?നഗരത്തിന്റെ തിരക്കിലും സ്വന്തം തിരക്കിലും ഒന്നും ശ്രദ്ധിക്കാതെ ജനങ്ങള്‍ ഒഴുകി കൊണ്ടിരുന്നു.നമ്മള്‍ തിരക്കില്‍ നിന്ന് വര്‍ത്തമാനം പറയുന്നത് പലര്‍ക്കും അസൌകര്യമായി..പക്ഷെ ആരും ഒന്ന് പറഞ്ഞില്ല.
അവന്‍ പോക്കറ്റില്‍ കയ്യിട്ടു  എന്തോ എടുത്തു കൊണ്ട് പറഞ്ഞു

 "..നിന്നെ ഇവിടെ വച്ച് തീര്‍ത്തു ഞാന്‍ ജനസാഗരത്തില്‍ അലിയും ,ആരും ഒന്നും അറിയില്ല .എന്റെ അപ്പനോട് ചെയ്തതിനു നീയും അനുഭവിക്കണം "


പെട്ടെന്ന് വന്ന എന്തോ ശക്തിയില്‍ അവനെ തള്ളി മാറ്റി ഞാന്‍ ജനകൂട്ടത്തിനിടയിലൂടെ ഓടി...തിരിഞ്ഞു  നോക്കാതെ ..കുറെ ദൂരം ഓടി തിരിഞ്ഞു  നോക്കുമ്പോള്‍ ജനകൂട്ടം മാത്രം ..വര്‍ക്കിയുടെ മോന്റെ രൂപം അക്കൂട്ടത്തില്‍ ഇല്ലായിരുന്നു.ഓട്ടോ പിടിച്ചു ബസ്‌ സ്റ്റാന്‍ഡില്‍ ചെന്നു ..ബസ്സില്‍ ഇരിക്കുമ്പോഴും കണ്ണുകള്‍ അവനെ പരതി കൊണ്ടിരുന്നു.

വീട്ടില്‍ എത്തുമ്പോള്‍ ഉച്ചയായിരുന്നു.മയക്കത്തിലായിരുന്ന മുത്തി എന്നെ കണ്ടു അമ്പരുന്നു

."എന്താ മോനെ ?നേരത്തെ ,സുഖമില്ലേ ?".

"അത്രക്കൊന്നുമില്ല  മുത്തി ..ഒരു തലവേദന  "

"നീ ചോറ് തിന്നോ "

"ഇല്ല ..ഇപ്പോള്‍ വേണ്ട ഞാന്‍ ഒന്ന് കിടക്കട്ടെ ".

പിന്നെ മുത്തി ഒന്നും പറഞ്ഞില്ല.ഞാന്‍ റൂമില്‍ കയറി വാതിലടച്ചു.പിന്നെ അവിടെയൊക്കെ പരതുവാന്‍ തുടങ്ങി.എങ്ങും കാണുനില്ല ..നിരാശ തോന്നി.എല്ലാം മാഞ്ഞു പോയി എന്ന് കരുതിയതാണ് ..പക്ഷെ വീണ്ടും തെളിഞ്ഞു വരുന്നു.എല്ലാ മറയും നീക്കി.എന്റെ ജീവന് നേരെ ..

പെട്ടെന്ന് അവന്റെ കണ്ണുകള്‍ തിളങ്ങി .തിരഞ്ഞു കൊണ്ടിരുന്ന അവന്റെ കത്തി അലമാരക്കടിയില്‍ കണ്ടു. കിട്ടിയിരിക്കുന്നു എന്റെ പഴയ തോഴനെ.അവിടുന്ന് വരുമ്പോള്‍  ഉപേക്ഷിച്ചതാണ് .പിന്നെ വെറുതെ എടുത്തു സാധനങ്ങല്‍ക്കൊപ്പം വെച്ചതാണ്. .അവന്‍ അതെടുത്തു ഭദ്രമായി അരയില്‍ തിരുകി.എവിടെ നിന്നോ ഒരു പുത്തന്‍ ഉന്മേഷം അവനില്‍ ഉണ്ടായതുപോലെ ..എന്തോ ഒരു ധൈര്യം കൈവന്നതുപോലെ ...ഇനി എന്ത് വന്നാലും നേരിടാനുള്ള ചങ്കുറപ്പ് കിട്ടിയതുപോലെ...ഇനി ഇവിടെ നിന്നും  പാലായനം ഇല്ല ..ഒളിച്ചോട്ടവും ഇല്ല ...എല്ലാം വരുന്നിടത്ത് വെച്ച് നേരിടുകതന്നെ ..ശത്രു എവിടെയോ ഉണ്ട് ..കൈ അകലത്തില്‍ തന്നെ ...എന്റെ ജീവനെടുക്കാന്‍ തക്കം പാര്‍ത്തു കൊണ്ട് ..തോല്‍ക്കാതെ നോക്കണം .മുത്തിയുടെ കാലം കഴിയുന്നതുവരെയെങ്കിലും ....ഈ വയസ്സുകാലത്ത് ആ പാവം ഇനിയും വേദനിക്കുവാന്‍ പാടില്ല.

എപ്പോഴത്തെയും പോലെ പിറ്റേന്നും  അവന്‍ ട്രെയിനിനു വേണ്ടി സ്റ്റേഷനിലെക്കോടി ... ഓടുന്നതിനിടയില്‍ അവന്റെ കൈ അരയില്‍ തിരഞ്ഞു കൊണ്ടിരുന്നു... അവന്റെ പഴയ തോഴന്‍ അവിടെ തന്നെ ഉണ്ടോ എന്ന് ഉറപ്പു വരുത്തുവാന്‍....ഇപ്പോഴും അവന്റെ സംരക്ഷകന്‍ ആ കത്തി തന്നെ ...ഒരിക്കലും ഉപേക്ഷിക്കുവാനാകാതെ കൂടെ തന്നെ കൂട്ടുന്നു.


കഥ; പ്രമോദ് കുമാര്‍.കെ.പി




Friday, August 24, 2012

ഓണം - എന്റെ ചെറിയ (വലിയ ) നൊമ്പരങ്ങള്‍

            നാളെയാണ് ഓണം .ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓണത്തിന് നാട്ടിലേക്ക് വരുന്നത്.എപ്പോഴും ഓണത്തിന് നാട്ടില്‍ വരണമെന്നും കേരളത്തില്‍ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കണമെന്നും എന്നും വിചാരിക്കും .അതിനുവേണ്ടി തയ്യാറാവുകയും ചെയ്യും ,പക്ഷെ ഓരോരോ കാരണത്താല്‍ ആഗ്രഹ സഫലീകരണത്തിന് ഇരുപതു വര്ഷം കാത്തിരിക്കേണ്ടി വന്നു.അത് കൊണ്ട് തന്നെ എപ്പോഴും ആഘോഷം കടലുകല്‍ക്കപ്പുറത്തു മാത്രം ആയി.ഓരോ പ്രവാസിയുടെയും പോലെ പെട്ടെന്ന് തലയില്‍ വന്നു വീഴുന്ന ഓരോരോ കുരുക്കുകള്‍. ഈ പ്രാവശ്യം ഒരു പ്രശ്നവും ഉണ്ടായില്ല ,ആഗ്രഹിച്ചതുപോലെ എല്ലാം എളുപ്പത്തില്‍ നടന്നു.നാട്ടുകാരെ പിഴിയാന്‍ വിമാനകമ്പനികള്‍ ചാര്‍ജ് കുത്തനെ കൂട്ടിയിട്ടും വരുവാന്‍ തന്നെ തീരുമാനിച്ചു.ഓണമായിരുന്നു മനസ്സ് നിറയെ ..നഷ്ട്ടപെട്ട കുറെ ഓണഘോഷങ്ങളും ..

ഫ്ലൈറ്റ് ഇറങ്ങുമ്പോള്‍ നാടിന്‍റെ പച്ചപ്പ്‌ കണ്ണിനു കുളിരായി.പ്രവാസ ജീവിതത്തിന്റെ ആവലാതികളില്‍ നിന്നും രക്ഷപെടാന്‍ കൊതിച്ച മനസ്സില്‍ ഒരു കുളിര്‍കാറ്റു തഴുകിയതുപോലെ ..ഇപ്രാവശ്യം മഴ കുറവാണെന്നും  പലയിടത്തും വെള്ളത്തിനു പ്രശ്നം ആണെന്നും അമ്മ അറിയിച്ചിരുന്നു.നമ്മുടെ വീടൊക്കെ വയല്‍ക്കരയിലായതിനാല്‍ ആവക പ്രശ്നങ്ങള്‍ ഒന്നും അലട്ടുനില്ലെന്നും.ഇനിയും മഴ പെയ്തിലെങ്കില്‍ നമ്മള്‍ക്കും പ്രശ്നം ആവുമെന്നും .

അനിയന്‍ മാത്രമായിരുന്നു എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നത്..മുന്‍പൊക്കെ എല്ലാവരും വരുമായിരുന്നു ,പറഞ്ഞാല്‍ ഒരു കുടുംബം മുഴുവനും..പിന്നെ പിന്നെ ആളുകള്‍ കുറഞ്ഞു തുടങ്ങി.അധികവും ഒരേ പോലെയുള്ള സീനുകള്‍ ആയതിനാല്‍ ബോറടിച്ചു തുടങ്ങിയിട്ടുണ്ടാവം.അവസാനമായി കൂടുതല്‍പേര്‍ യാത്ര അയക്കുവാന്‍ വന്നത് കല്യാണശേഷം പോകുബോള്‍ ആണെന്ന് തോന്നുന്നു.കൂട്ടത്തില്‍ ഭാര്യ കൂടി ഉള്ളതിനാല്‍ അവളുടെ ആള്‍ക്കാരായിരുന്നു കൂടുതലും .അവളും മോളും പ്രവാസജീവിതം വിട്ടു നാട്ടില്‍ വന്നതിനുശേഷം യാത്ര അയക്കുവാന്‍ ഒന്നുകില്‍ അച്ഛന്‍ അല്ലെങ്കില്‍ അനിയന്‍ ..തിരിച്ചു വരുമ്പോള്‍ സ്വീകരിക്കാനും ഇവരില്‍ ആരെങ്കിലും .ഞാന്‍ ഒറ്റയ്ക്ക് വരാമെന്ന് പറഞ്ഞാലും ഇവരില്‍ ആരെങ്കിലും കാണും.

ഒന്നര വര്ഷം മുന്‍പ്  വന്നതിനേക്കാള്‍ നാടൊക്കെ മാറിയിരിക്കുന്നു.കേരളം അങ്ങിനെയാണല്ലോ ,ദിവസം മാറ്റങ്ങള്‍ ആണല്ലോ.ഗ്രാമം പെട്ടെന്ന് നഗരം ആവുന്ന ഇന്ത്യയിലെ സംസ്ഥാനമാണല്ലോ നമ്മളുടെത്.വഴിയില്‍ ,കടകളില്‍ ഒക്കെയും ഓണത്തിന്റെ  തിരക്കുകള്‍ കാണുന്നുണ്ട് .പലരും ഓണം ബിസിനെസ്സ് ആക്കി കീശ വീര്‍പ്പിക്കുന്നു.സര്‍കാരും അതുതന്നെയല്ലേ കാലാകാലമായി ചെയ്യുന്നത്.എന്തെങ്കിലും ആകട്ടെ.എത്രയോ കാലം കൂടിയുള്ള ചില ഓണകാഴ്ചകള്‍ .രസം തോന്നി.കാഴ്ചകള്‍ അവസാനിക്കുനില്ല ,എങ്ങിനെ തീരുവാന്‍ ?നാട്  മുഴുവന്‍ പട്ടണമല്ലേ ?

"എടാ പൂവ് ഒക്കെ ഉണ്ടോ വീട്ടില്‍ ?ഇന്ന് എന്താണ് പൂക്കളം?ഇല്ലെങ്കില്‍ വാങ്ങേണ്ടേ ,നാളെ പൂവിടാന്‍ ?".അനിയന്‍ ഫലിതം കേട്ടപോലെ ചിരിച്ചു..
ഇപ്പോള്‍ "ആരിടുന്നു പൂവൊക്കെ ദിവസവും  ,തിരുവോണത്തിന് ചിലര്‍ ഇടും "
അപ്പോള്‍ നമ്മളുടെ വീട്ടില്‍ പൂവിട്ടില്ലേ ?

"ആര്‍ക്കാണ് സമയം ?ചേട്ടന് ആഗ്രഹമുണ്ടെങ്കില്‍ നാളെ ഒരു ദിവസം പൂക്കളം ഒരുക്കാം ." .

മനസ്സ് പിന്നിലേക്ക് പോയി..ചെറുപ്പത്തില്‍ എന്ത് ഉത്സാഹം ആയിരുന്നു ഇവന് പൂവിടാന്‍ ,എന്നെ നിബന്ധിച്ചു കൊണ്ടുപോയി കിട്ടാവുന്ന പൂവോക്കെ ശേഖരിക്കും .അധികവും പലവീട്ടില്‍ നിന്നും മോഷണം ആയിരിക്കും.അതിനു രാത്രിയും പുലര്‍ച്ചെയും എന്നെ ഇവന്‍ എത്ര നിര്‍ബന്ധിച്ചു കൊണ്ടുപോയിരിക്കുന്നു.എത്ര പേരുടെ വഴക്ക് കേട്ടിരിക്കുന്നു.ഇപ്പോള്‍ അവന്‍ പറയുന്നു ചേട്ടന് വേണമെങ്കില്‍ പൂക്കളം ഒരുക്കാമെന്ന് ..

വീട്ടില്‍ എല്ലാവരും ഉണ്ടായിരുന്നു.ഭാര്യ വീട്ടില്‍ നിന്നും ...എല്ലാവരോടും കുശലം ഒക്കെ ചോദിച്ചു , എല്ലാവര്ക്കും വരുന്നതിനു മുന്‍പേ എപ്പോള്‍ തിരിച്ചു പോകുന്നു എന്നറിയണം .കാലാകാലമായി കേള്‍ക്കുന്നതിനാല്‍ വിഷമം തോന്നിയില്ല.യാത്ര ക്ഷീണം ഉണ്ടായിരുന്നെങ്കിലും അത് വകവെച്ചില്ല .കുളിച്ചതിനു ശേഷം ഭക്ഷണം കഴിച്ചു,പിന്നെ കൊണ്ടുവന്ന സാധനങ്ങള്‍  ഒക്കെ കൊടുത്തു ..കൂട്ടത്തില്‍ എല്ലാവര്‍ക്കും ഓണകോടിയും ഉണ്ടായിരുന്നു.ഒന്ന് രണ്ടാഴ്ച കഷ്ട്ടപെട്ടു സെലക്ട്‌ ചെയ്തത്.

"നീ എന്തിനാണ് ഇതൊക്കെ അവിടുന്ന് കെട്ടിയെടുത്തത് ?ഒന്നും കൊള്ളില്ല..ഇവിടെ ഇമ്മാനുവലില്‍  ഒക്കെ എന്തോരം സെലക്റ്റ് ഉണ്ടെന്നു അറിയുമോ നിനക്ക് ? ,വെറുതെ അവിടുന്ന് താങ്ങി വന്നിരിക്കുന്നു." തുണി കണ്ട അമ്മയുടെ കുറ്റപെടുത്തല്‍.അമ്മ മാത്രമേ പറഞ്ഞുള്ളൂ .പക്ഷെ ആര്‍ക്കും ഞാന്‍ കൊണ്ടുവന്നത്  രസിച്ചില്ല എന്ന് അവരുടെ മുഖം പറയുന്നുണ്ടായിരുന്നു.
പണ്ടൊക്കെ ഫോറിനില്‍ നിന്നും എന്ത് കൊണ്ട് വന്നാലും ഇവര്‍ക്ക് അത് സ്വര്‍ഗം കിട്ടിയ പോലെ ആയിരുന്നു.അതുമിട്ട് ആള്‍ക്കാരെ കാണിക്കാന്‍ വലിയ ഗമയില്‍ പോകുമായിരുന്നു.ഇപ്പോള്‍ അവിടുത്തെകാളും ഫാഷന്‍ ഇവിടെയാണ്‌. അതിന്റെ പ്രശ്നം ആണ് .
മോളും വന്നു സങ്കടം പറഞ്ഞു ."പപ്പാ ഇത് ഓള്‍ഡ്‌ ഫാഷന്‍ ആണ്."
"പോട്ടെ മോളെ ..നമുക്ക് വേറെ പുതിയ ഫാഷന്‍ ഉള്ളത് വാങ്ങാം "അവള്‍ക്കു സമാധാനമായി .

"ഇന്ന് ഇനി വേണ്ട ..ഓണം കഴിഞ്ഞു മതി "ഭാര്യ അവള്‍ക്കു മുന്നറിയിപ്പ് കൊടുത്തു.

ഉച്ച കഴിഞു ബന്ധു വീട്ടില്‍ ഒക്കെയും കറങ്ങാന്‍ ആര്‍ക്കും താല്പര്യം ഉണ്ടായില്ല .നിര്‍ബന്ധിച്ചു  ഭാര്യയെയും അനിയനെയും കൂട്ടി.അവന്‍ ഡ്രസ്സ്‌ ചെയ്തിറങ്ങി .
"എടാ ഇത് നാളെ ഓണദിവസം ഇടാന്‍ വാങ്ങിയതല്ലേ ?"
"ഒന്ന് പോ ചേട്ടാ ..നാളെ വീട്ടില്‍ ഇരിക്കുമ്പോള്‍ എന്തിനു പുതിയത്?ഇപ്പോള്‍ കറങ്ങുമ്പോള്‍ ഇടാമല്ലോ ".ഓണത്തിന് പുത്തന്‍ ഉടുപ്പില്ലെങ്കില്‍ കരഞ്ഞു വിളിക്കുന്ന അവന്റെ ബാല്യം ഓര്മ വന്നു.ഭാര്യയും മകളും കൂടി ഓണത്തിന് ഇടുവാന്‍ വാങ്ങിയ ഡ്രസ്സ്‌ തന്നെ ഇട്ടു വന്നപ്പോള്‍ ഒന്നും മിണ്ടാന്‍ പറ്റാതെയായി .

എല്ലാവരും മാറിയിരിക്കുന്നു ..പണ്ട് എന്തുകൊടുത്താലും സംതൃപ്തി അടയുന്ന അമ്മ പോലും വളരെ മാറിപോയി.എല്ലാറ്റിനും അമ്മക്ക് ഇപ്പോള്‍ അളവും തൂക്കങ്ങളും ഉണ്ട് .കുടുംബ വീട്ടില്‍ ഇപ്പോള്‍ പ്രവാസികള്‍ക്ക് പണ്ടത്തെ മാര്‍ക്കറ്റ്‌ ഇല്ല .അതിലും പണക്കാര്‍ ഇവിടെ തന്നെ സൃഷ്ട്ടിക്കപെടുന്നു.അതാവാം കാരണം .ഒരു ആയുസ്സ് മുഴുവന്‍ കുടുംബത്തിനുവേണ്ടി ഹോമിച്ചവര്‍ തിരിച്ചുവന്നാല്‍ കറിവേപ്പില പോലെ ആയിടുന്നു.കറിവേപ്പിലക്കുപോലും ഇപ്പോള്‍ നല്ല വിലയുണ്ട്‌.

 എല്ലാവരെയും കണ്ടു വരുന്ന വഴി പഴയ ചങ്ങാ തിമാരെയും കണ്ടു .എല്ലാവര്ക്കും ഒരു "മാഹി" യുടെ മണം.ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ മിനുങ്ങാത്ത കേരളീയര്‍ ഇല്ലെന്നും വായിച്ചിരുന്നു.കേരളം ഇപ്പോള്‍ "മദ്യ പ്രദേശ്"ആണെന്നും. അവര്‍ക്കും പഴയ ഉത്സാഹം ഒന്നും ചങ്ങാതിയെ കണ്ടപ്പോള്‍ തോന്നിയില്ല ,ഒരു ഉപചാരം പോലെ ചില ചോദ്യങ്ങള്‍ .കുറച്ചു വിശേഷങ്ങള്‍..എല്ലാം  പങ്കു വെച്ച് തിരിച്ചു വീട്ടിലെത്തിയപ്പോള്‍ രാത്രിയായി.

പിറ്റേന്ന് രാവിലെ അമ്പലത്തിലേക്ക് വരാന്‍ ആര്‍ക്കും ഉത്സാഹം ഉണ്ടായില്ല.അത് കൊണ്ട് തനിയെ പോകേണ്ടി വന്നു.അമ്പലവാസിയായിരുന്ന ഭാര്യയുടെ മാറ്റം അത്ഭുതപെടുത്തി.മകള്‍ 'അച്ഛന്‍ ഉപദ്രവിക്കാതെ പോകുന്നുണ്ടോ' എന്ന് ചോദിച്ചപ്പോള്‍ പിന്‍വാങ്ങി.പോയി വന്നു വേണം പൂക്കളം ഒരുക്കുവാന്‍ .അനിയനെ പൂവിന്റെയും പൂക്കളത്തി ന്റെയും കാര്യം ഒന്ന് കൂടി ഓര്‍മിപ്പിച്ചു.അവന്‍ പാതിമയക്കത്തില്‍ ഓ.കെ പറഞ്ഞു.

തിരിച്ചു വന്നപ്പോള്‍ അപരിചിതരായ കുറെ പേര്‍ പൂക്കളം  ഒരുക്കുന്നു.അനിയന്‍ നിര്‍ദേശങ്ങള്‍ കൊടുക്കുനുണ്ട്. എന്നെ കണ്ടപ്പോള്‍ അവന്‍ ചോദിച്ചു.
"എങ്ങിനുണ്ട്  ചേട്ടാ പൂക്കളം.ഇവര്‍ക്ക് ഈ സീസണില്‍ ഇതാണ് ജോലി.നമ്മള്‍ ഒന്നും നോക്കേണ്ട ..എല്ലാം റെഡി ..സദ്യ യുടെ കാര്യവും ഇവര്‍ക്ക് തന്നെ "

ഒന്നും മനസ്സിലാകാത്തത് പോലെ വീട്ടിലേക്കു കയറി.എത്തിയത് അമ്മയുടെ മുന്നില്‍ ..
"എടാ വേഗം പ്രാതല്‍ കഴിക്കൂ ..ലാലിന്റെ പുതിയ സിനിമ ഇപ്പോള്‍ തുടങ്ങും ,അത് തീരുമ്പോഴേക്കും സദ്യ എത്തും ."
"അപ്പോള്‍ ഇവിടെ ഒന്നും ഒരുക്കുനില്ലേ "
"എന്തിനാട നല്ല ഒരു ദിവസം അടുക്കളയില്‍ കളയുന്നത് ?ഒന്ന് കറക്കിയാല്‍ സാധനം ഇങ്ങെത്തും ,പിന്നെ അതൊക്കെ നല്ല ടേസ്റ്റ് ഉള്ളതുമാണ്,നമ്മള്‍ ഒക്കെ വെച്ച് തീരുംപോഴേക്കും വൈകുന്നേരം ആകും.എല്ലാ ദിവസവും വെക്കുന്നതല്ലേ ഇന്ന് ഒരു ദിവസം റസ്റ്റ്‌ ."

മുന്‍പൊരിക്കല്‍ ഓണത്തിന് കൂട്ടുകാരന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിനു ഒരു ദിവസം മുഴുവന്‍ പിണങ്ങി നടന്ന അമ്മയാണ് പറയുന്നത്.

പ്രാതല്‍ കഴിച്ചു എന്ന് വരുത്തി എഴുനേറ്റു. ടി .വി ക്ക് മുന്‍പില്‍ ചെറിയ കശപിശ ..ചാനല്‍ പ്രശ്നം ആണ് .വെറുതെ പുറത്തേക്കിറങ്ങി ..ഒരു വരാന്തയിലും എന്തിനു റോഡില്‍ പോലും ആരും ഇല്ല.എല്ലാവരും ലാലിന്റെയും മമ്മൂക്കയുടെയും സിനിമകള്‍ക്ക്‌ മുന്പിലായിരിക്കാം.വായനശാലയില്‍ വായിക്കുവാന്‍ വേണ്ടി ആരും ഇല്ല ,സിനിമ കാണാന്‍ കുറെ പേര്‍ ഉണ്ട്.വെറുതെ കറങ്ങി വീണ്ടും വീട്ടില്‍ തന്നെ എത്തി.എവിടെ പോയാലും ഓണത്തിന് ടി.വിയില്‍ വന്ന പുതിയ സിനിമ കാണുന്നവരുടെ ഉത്സാഹം ആണ് .അത് കൊണ്ട് ആരെയും കാണുവാനും പോയില്ല .വീട്ടിലും എല്ലാവരും അതിനു മുന്നില്‍ തന്നെ.

പത്രം വായിച്ചു വരാന്തയില്‍ ഇരുന്നു.മയങ്ങിയിരിക്കണം ,അമ്മ വിളിച്ചപ്പോളാണ്  ഞെട്ടി ഉണര്‍ന്നത് ."എടാ വേഗം സദ്യ കഴിക്കു ..അടുത്ത പടം തുടങ്ങാറായി."
സദ്യ എപ്പോള്‍ വന്നു ആര് കൊണ്ടുവന്നു ഒന്നും അറിഞ്ഞില്ല .എല്ലാവര്‍ക്കൊപ്പം ഇരുന്നു കഴിച്ചു എന്ന് വരുത്തി.എല്ലാവരും വിഴുങ്ങുകയായിരുന്നു കഴിക്കുകയല്ലയിരുന്നു.അല്ലെങ്കില്‍ പടം തുടക്കം മിസ്സ്‌ ആകും .ഞാനും വേഗത്തില്‍ അവര്‍ക്കുവേണ്ടി കഴിച്ചു.

അവര്‍ ടി.വി ക്ക് മുന്‍പിലേക്കും ഞാന്‍ ഉച്ച മയക്കതിനും പോയി.മയക്കം വിട്ടപ്പോഴും മമൂക്ക സിനിമ തീര്‍നിരുനില്ല .ബീച്ചിലേക്ക് വിളിച്ചിട്ട് ആര്‍ക്കും താല്‍പര്യവും കണ്ടില്ല.എല്ലാവരും സിനിമയില്‍ മുഴുകിയിരുന്നു.പതിയെ വീട്ടില്‍ നിന്നും  ഇറങ്ങി .

ബീച്ചില്‍ നല്ല തിരക്കായിരുന്നു.കൂടുതലും യുവാക്കള്‍. ഒരു ഫാമിലിയെ പോലും അവിടെ കണ്ടില്ല .ലഹരിയില്‍  പലരും  വേച്ച് വേച്ചു  നടക്കുന്നു.എന്തൊക്കയോ പുലമ്പുന്നു .എവിടെയും ഒരുതരം അസ്വസ്ഥത തങ്ങി നിന്നു .മനസ്സില്‍ ചെരുപ്പ കാലത്തിലെ ഓണമായിരുന്നു.കൂട്ടുകാരും കുടുംബവും ഒക്കെ ചേര്‍ന്ന് ശരിയായ ഒരു ആഘോഷം.സദ്യക്ക് ശേഷം ടൌണില്‍ ഒരു കറക്കം ,പിന്നെ ബീച്ചില്‍ ...ഇപ്പോള്‍ ആര്‍ക്കും സമയമില്ല ,ഓണ സദ്യപോലും വാങ്ങി കഴിക്കുന്നു.

ഇതിലും നന്നായി മറുനാട്ടില്‍ ഓണം ആഘോഷിക്കുന്നു.അതെ ദിവസം അല്ലെങ്കില്‍ കൂടി എല്ലാവര്ക്കും സൌകര്യപെട്ട ഒരു ദിവസം സദ്യയൊക്കെ എല്ലാവരും ചേര്‍ന്ന് തന്നെ ഒരുക്കുന്നു.എത്ര ഹൃദ്യമായി ...പക്ഷെ ഒരിക്കലും അത് ആസ്വദിക്കാന്‍ പറ്റിയില്ല ..മനസ്സ് എപ്പോഴും നാട്ടിലായിരുന്നു.നാടൊക്കെ മാറിയത് മനസ്സിലാക്കിയില്ല ..അതെന്റെ തെറ്റ് ...വലിയ പ്രതീക്ഷയാണ് തകര്‍ന്നു പോയത്..ഒരു സാധാരണ കേരളീയന്റെ മനസ്സിലെ ഓണം എന്ന വലിയ പ്രതീക്ഷ.ബീച്ചിലൂടെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.എന്തൊക്കെയോ ആലോചിച്ചു കൊണ്ട് ..

പെട്ടെന്ന് കുറെ പേര്‍ ഒരേ സ്ഥാലം ലക്ഷ്യമാക്കി ഓടുന്നു.ദൂരെ വലിയ ഒരാള്‍ കൂട്ടം.അവിടുത്തേക്ക്‌ ഞാനും വെച്ചുപിടിച്ചു.ആള്‍കൂട്ടത്തെ തിക്കി മാറ്റി നോക്കി.ഒരുത്തന്‍ കടലില്‍ വീണിരിക്കുന്നു.കൂടി നിന്ന ആര്‍ക്കും കടലില്‍ ഇറങ്ങാന്‍ ധൈര്യം ഇല്ല.കൂട്ടുകാര്‍ അലമുറയിടുന്നു.ആര്‍ക്കും രക്ഷിക്കാന്‍ പറ്റുനില്ല ..അവന്‍ മുങ്ങിതാണ് കൊണ്ടിരിക്കുന്നു.തിര അവനെ വലിച്ചു കൊണ്ടുപോകുന്നു ,തിരികെ കൊണ്ടുവരുന്നു.കുറെ മുക്കുവര്‍ വിവരം അറിഞ്ഞു ഓടി വന്നു ..അവര്‍ ഇറങ്ങി  ..എല്ലാവരും ഭീതിയോടെ നോക്കി നിന്നു.കുറച്ചു സമയത്തെ ശ്രമത്തിനു ശേഷം അവനെ രക്ഷിച്ചു കൊണ്ട് വന്നു.ബോധം പോയിരുന്നു.അവര്‍തന്നെ പ്രഥമശുശ്രുഷകള്‍ നല്‍കികൊണ്ടിരുന്നു.അപ്പോള്‍ കൂട്ടത്തില്‍ ഒരു മുക്കുവന്‍ ചോദിച്ചു .

"ആരോക്കയാണ് ഇവനൊപ്പം ഉള്ളത് ? "

ജനകൂട്ടത്തിനിടയില്‍ നിന്ന് മൂന്നാലുപേര്‍ മുന്നോട്ടേക്ക് വന്നു .പെട്ടെന്ന് പട പടാ എന്ന ശബ്ദം കേട്ടു . പിന്നെ കണ്ടത് അവര്‍ മുഖം തടവുന്നതാണ്
"എന്താടാ വെള്ളമടിച്ച് ആണോട കടലിനോടു  കളിക്കുന്നത് .എല്ലാവരോടും കൂടി പറയുകയാണ്‌ ,നമുക്ക് പണി ഉണ്ടാക്കാതെ കടല്‍കാറ്റ്  കൊണ്ടോളണം  ..."

പിന്നെ അവര്‍ തന്നെ  അവനെ ഹോസ്പിറ്റലില്‍ കൊണ്ട് പോയി.കൂടെ കൂട്ടുകാരും .

ഒരു ഓണദിവസം നശിച്ചു പോയതിന്റെ വിങ്ങലിലായിരുന്നു ഞാന്‍..കൂടുതല്‍ പ്രതീക്ഷിച്ചതാണ് കുഴപ്പം ആയിരിക്കുന്നത്.ഒന്നും പ്രതീക്ഷിക്കാതെ വരണമായിരുന്നു.ഓണം ഒക്കെ കേരളത്തിലെ എല്ലാവരുടെയും മനസ്സില്‍ നിന്ന് പോയിക്കൊണ്ടിരിക്കുന്നു.കേരളത്തില്‍ ബിസിനെസ്സ് കൊഴുപ്പിക്കുന്ന ഒരു മാതിരി  ജാടയായി അത് തരം താണിരിക്കുന്നു.ഇതിലും എത്രയോ നല്ലവണ്ണം കടലുകള്‍ക്കപ്പുറത്തു മലയാളികള്‍ ആഘോഷിക്കുന്നു .അതാണ്‌ ഓണം ..എപ്പഴും കൂട്ടായ്മയോടെ ചെയ്യുന്ന ഒരു ആഘോഷം. പലരും തമ്മില്‍ കാണുന്നത് തന്നെ ആദ്യമായിരിക്കും അവിടെ വെച്ച് പുതിയ സൌഹൃദങ്ങള്‍ ഉണ്ടാകുന്നു.നാട്ടില്‍ നിന്നും വിട്ടുനില്‍ക്കുന്ന വേദനകള്‍ പങ്കുവെക്കുന്നു...അതല്ലേ ഇതിലും സുന്ദരം .ഇവിടെ സ്വന്തക്കാര്‍ക്കുപോലും ഒന്നിച്ചു ഇരുന്നു  ആഘോഷിക്കുവാന്‍ സമയമില്ല .എല്ലാവര്ക്കും അവരുടെതായ പുതിയ പുതിയ ലോകങ്ങള്‍ .അവര്‍ക്ക് അതാണ്‌ വലുത് ..മറ്റെന്തിനെക്കാളും .ഇനി ഒരിക്കലും ആഘോഷകാലത്ത് നാട്ടിലേക്കില്ല...സത്യം ..അവന്‍ മനസ്സിനെ പഠിപ്പിച്ചു കൊണ്ടിരുന്നു.

കടല്‍ തീരത്ത് ഇരുള്‍  പറക്കുവാന്‍ തുടങ്ങി ..എല്ലാവരും പതിയെ പതിയെ  സ്ഥാലം കാലിയാക്കുവാന്‍ തുടങ്ങി ..അവനും .......തിരിക്കും മുന്‍പേ ആര്‍ത്തിയോടെ വീണ്ടും അവന്‍ കടലിന്റെ സൌന്ദര്യം നോക്കി ..ഒന്നുമറിയാതെ കടല്‍ ആര്‍ത്തിരമ്പി കൊണ്ടിരുന്നു.

കഥ :പ്രമോദ് കുമാര്‍ .കെ.പി











Wednesday, August 1, 2012

നമ്മള്‍ക്ക് എത്ര മന്ത്രിമാര്‍ ഉണ്ട് ?

"നമ്മളുടെ മന്ത്രിമാര്‍ ഒക്കെയും പേര്‍സണല്‍ സ്റ്റാഫ്‌ പറയുന്നത് മാത്രമേ ചെയ്യുന്നുളൂ ,ഇരുപതില്‍ പലരും അവരുടെ നിഴലുകള്‍ ആണ് ,പലര്‍ക്കും ഭരിക്കാന്‍ തന്നെ അറിയില്ല "ഇത് പറഞ്ഞത് സി.പി.എം അല്ല ബി .ജെ .പി യും അല്ല  മറ്റു പ്രതിപക്ഷക്കാരും അല്ല .അവരാണെങ്കില്‍ എതിര്പക്ഷത്തിന്റെ വിമര്‍ശനം എന്ന് പറഞ്ഞു കൈ കഴുകമായിരുന്നു.മുരളിധരനോ ,ടി.എം .പ്രതാപനോ മറ്റു കോണ്‍ഗ്രസ്‌ എം.എല്‍.എ മാര്‍  ആണെങ്കില്‍ മന്ത്രി ആക്കാത്തതിന്റെ  നൈരാശ്യം കൊണ്ടാനെന്നും പറയാം .എം.എം .ഹസ്സന്‍ ആണെങ്കില്‍ സീറ്റ്‌ കൊടുക്കാത്തതിന്റെ വിഷമത്തില്‍ ആണെന്നും വ്യാഖ്യാനിക്കാം.പക്ഷെ പറഞ്ഞത്  വി.എം .സുധീരന്‍ ആണ് ,ലോകസഭയിലും ,നിയമസഭയിലും സീറ്റ്‌ കൊടുക്കാമെന്നു പറഞ്ഞിട്ടും വേണ്ട എന്ന് പറഞ്ഞ ആള്‍ (ഒരു ആദര്‍ശ നേതാവു പ്രസംഗിച്ചു കേട്ടതാണ് ).അപ്പോള്‍ എന്തോ സംഗതി ഉണ്ടാവും.ഞാനും ആലോചിച്ചു ,നമ്മള്‍ക്ക് എത്ര മന്ത്രിമാര്‍ ഉണ്ട് ?ഇരുപതു ഉണ്ടോ ?എത്ര കൂട്ടിയിട്ടും ഒട്ടു വരുനില്ല .ഇതേ ചോദ്യം പലര്‍ക്കും ഉണ്ടാവും ,നമ്മുടെ മന്ത്രിമാരുടെ ഭരണ നൈപുണ്യം കൊണ്ട് പലരെയും നമ്മള്‍ക്ക് അറിയില്ല .സുധീരന്‍ പറഞ്ഞതുപോലെ കാര്യമായ ഭരണം ഒന്നും പലയിടത്തും നടക്കുനില്ല(ആര് ഭരിച്ചാലും ഇതു തന്നെ സ്ഥിതി ,പക്ഷെ അത് സ്വന്തക്കാര്‍ പറയാറില്ല ) ,അത് സത്യം തന്നെയാണ്.ഒരു മുഖ്യമന്ത്രി ഇരുപത്തിനാല് മണിക്കൂര്‍ ഓടിയാല്‍ ഭരണം ആകില്ല .മറ്റുള്ളവരും ഓടണം എന്ന് പരയുന്നില്ല ,നടക്കുക എങ്കിലും ചെയ്യണം.

     മുല്ലപെരിയാര്‍ എന്ന ബോംബ്‌ കാണിച്ചു കേരളത്തെ പേടിപ്പിച്ചു നിര്‍ത്തിയത് കൊണ്ട് പി.ജെ.ജോസഫ്‌ എന്ന മന്ത്രി പരിചിതനാണ് .തിരഞ്ഞെടുപ്പും മറ്റും കഴിഞ്ഞതിനാല്‍ രാഷ്ട്രീയക്കാര്‍ക്ക് ആര്‍ക്കും ഇപ്പോള്‍ മുല്ലയും വേണ്ട പെരിയാറും വേണ്ട .ടി.പി.വധവും ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഒക്കെയായി തിരുവഞ്ഞൂരും മാധ്യമങ്ങളില്‍ കൂടി സുപരിചിതനാണ് ,മുന്‍പേ റവന്യു മന്ത്രി ആയിരിക്കുമ്പോള്‍ വെട്ടിപിടിക്കാനും ശ്രമം നടത്തിയിരുന്നു.നല്ല കാര്യങ്ങള്‍ ചെയ്തിട്ട് പേര് കിട്ടാതെ നിലവിളക്കിലും ഭൂമി കേസിലും "പച്ച "യിലും കുടുങ്ങി പ്രശശ്തനായ  അബ്ദുല്‍ റബ്ബിനെയും മറക്കില്ല.ഭരണത്തെക്കാള്‍  ഉപരി ഐസ്ക്രീം കൊണ്ട് കളിച്ചു പേരുനേടിയ കുഞ്ഞാലി സാഹിബും മനസ്സില്‍ ഉണ്ട് .അഞ്ചാം മന്ത്രി വിവാദം കോണ്ട് അലിയും അതിന്റെ രക്തസാക്ഷി ആകും എന്ന് കരുതിയ മുനീറും ,ബജറ്റ് ഉള്ളതുകൊണ്ട് മാണിയും ഇപ്പോള്‍ അടുത്ത് പലതും വിളിച്ചു പറഞ്ഞ ,കൂടാതെ നിരക്ക് കൂട്ടി ഇരുട്ടടി തന്ന ആര്യടനെയും മറക്കില്ല.മാധ്യമങ്ങളില്‍ ലൈവ് ആയി പുഴു അരിക്കുന്നത് കാണിച്ചിട്ടും അത് നിഷേധിച്ച അനൂപിനെ ആര് മറക്കാന്‍ ?കൂടാതെ ചുളുവില്‍ എം.എല്‍.എ യും മന്ത്രിയും ആയ ആളുമാണ്.നേഴ്സ് മാരുടെ സമരവും മറ്റു തൊഴില്‍ പ്രശ്നങ്ങളും നന്നായി കൈകാര്യം ചെയ്ത ഷിബു നല്ല ഒരു മന്ത്രി തന്നെയാണ്.പണ്ടത്തെ പ്രാഗത്ഭ്യം ഇല്ലെങ്കിലും ഗണേഷും മന്ത്രി എന്ന് വിളിപ്പിക്കുന്നുണ്ട് .ഇനി ആരൊക്കെ ഉണ്ട് ?ഇത്രയും പേരെ കുറച്ചു ആള്‍ക്കാര്‍ക്ക് അറിയാം.

സോറി ..മദ്യ നയത്തിലൂടെ കുടിയന്മാരുടെ കൈയ്യടി നേടിയ(നേടിയോ?) ബാബുവിനെയും വേറെ പെണ്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ മാരില്ല എന്നത് കൊണ്ട് മന്ത്രി പദവി കിട്ടിയ ജയലക്ഷിമിയും ഓര്‍മയില്‍ വരുന്നുണ്ട്.മുന്‍പ് കോളേജ് പ്രവേശന വിവാദം കൊണ്ട് അടൂര്‍ പ്രകാശും ,നിയമസഭയില്‍ സര്കസ്സ് കാണിച്ച  മോഹനും പത്രതാളുകളില്‍ കയറിയിറങ്ങിയതും മറക്കുനില്ല .ബാക്കി യുള്ളവരെ എത്ര ചിന്തിച്ചിട്ടും ഓര്‍ക്കാന്‍ പറ്റുനില്ല .അടുത്ത കാലത്ത് വലിയ ഭരണം ഒന്നും കാഴ്ച വെച്ചിട്ടുണ്ടാവില്ല . എന്ന് സമാധാനിച്ചു പിന്നെ സുഹൃത്ത് വലയത്തില്‍ തിരഞ്ഞപ്പോള്‍ ശിവകുമാര്‍ ,അനില്‍ കുമാര്‍ ,കെ.സി .ജോസഫ്‌ ,സി.എന്‍.ബാലകൃഷ്ണന്‍ ,ഇബ്രാഹിം കുട്ടി എന്നിവര്‍ കൂടി ഉള്ളത് അറിഞ്ഞു.പലരുടെയും പേര് കേട്ടത് ഒരു വര്ഷം മുന്‍പായിരുന്നു ,അധികാരത്തില്‍ വരുന്ന സമയത്ത്,ഇവരൊക്കെയാണ് മന്ത്രിമാര്‍ എന്ന് വിളംബരം ചെയ്തപ്പോള്‍ .ഇപ്പോള്‍ സുധീരന്‍ പറഞ്ഞത് കൊണ്ട് മാത്രം വീണ്ടും തിരഞ്ഞു ..ഭാഗ്യം അങ്ങിനെ പറഞ്ഞില്ലെങ്കില്‍ അടുത്ത നാല് വര്ഷം കഴിയുമ്പോള്‍ പോലും ഞാന്‍ ഇവരെ തിരക്കില്ലായിരുന്നു.ആര്‍ എപ്പോള്‍ വന്നു എപ്പോള്‍ പോയി എന്ന് അറിയില്ലായിരുന്നു ഇപ്പോള്‍ മന്ത്രിമാരുടെ പേര്‍ ഒക്കെ മനസ്സിലാക്കി ,ഇനി വകുപ്പുകള്‍ എങ്ങിനെ മനസ്സിലാക്കും ?ഇന്റര്‍നെറ്റ്‌ എന്ന വലയത്തിലേക്ക് പോകാം അല്ലെ?അല്ലെങ്കില്‍ അവരുടെ കൂട്ടത്തില്‍ തന്നെ ആരെങ്കിലും നമ്മളെ അറിയിക്കുമായിരിക്കും .

വാല്‍കഷ്ണം :നമ്മുടെ ഭരണം കൊണ്ട് ആര്‍ക്കെങ്കിലും എന്തെകിലും ഗുണമുണ്ടോ ?എന്ന ചോദ്യത്തിന് കേളപ്പന്‍ ചേട്ടന്‍ പറഞ്ഞു "പിന്നെ ഭരിക്കുന്നവര്‍ക്ക് എപ്പൊളും നല്ല ഗുണമുണ്ട് "