Monday, October 27, 2014

പിശുക്കനായ "അച്ഛന്‍ "



“അങ്കിളേ ..അങ്കിളിനെ പോലെയല്ല അച്ഛന്‍ ...മഹാ പിശുക്കനാ ..അങ്കിളും അച്ഛനും ജോലി ചെയ്യുന്നത് ഒരേ ഓഫീസില്‍ ..അച്ഛന്‍ ആണെങ്കില്‍  അങ്കിളിന്‍റെ ബോസ്.. എന്നിട്ടും അച്ഛന്‍  ഇപ്പോഴും ഉപയോഗിക്കുന്നത്  പഴയ മാരുതി800 കാര്‍ , ഫോണ്‍  ആണെങ്കില്‍  ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്  ,ബ്രാന്‍ഡ്‌  സാധനങ്ങള്‍  ഉപയോഗിക്കുകയേ ഇല്ല. ഡ്രസ്സ്‌  പോലും  മെറ്റീരിയല്‍ വാങ്ങി സ്റ്റിച്ച് ചെയ്യും  അതും പഴയ സ്റ്റൈലില്‍ ...ലഞ്ച്  ആണെങ്കില്‍  ഇവിടുന്നു പാക്ക്  ചെയ്തു   കൊണ്ടും പോകും.. എന്തിനു പറയുന്നു  ഞങ്ങളെയൊക്കെ പുറത്തു കൊണ്ടുപോയി ഹോട്ടെലില്‍   നിന്ന് ഒരു നേരം ഭക്ഷണം കൂടി വാങ്ങി തരില്ല ..അത്രക്ക്  പിശുക്കനാ ”


ഞാന്‍ വന്ന ഹ്യുണ്ടായി കാറും ,ഉപയോഗിക്കുന്ന സ്മാര്‍ട്ട്  ഫോണും ,ഇട്ടിരിക്കുന്ന ബ്രാന്‍ഡ്‌ ഐറ്റം വസ്ത്രങ്ങളും കണ്ടിട്ടാണ് അവന്‍റെ വിമര്‍ശനം...ഞാന്‍ ഒന്നും മിണ്ടിയില്ല .ചര്‍ച്ച വഴി തിരിച്ചു വിട്ടു .ബോസിനെ കുറിച്ച്  അവരുടെ മോനോട്  അഭിപ്രായം പറയുന്നത്  ശരിയല്ലല്ലോ .

“മോന്‍റെ പഠിത്തം  എന്ന് കഴിയും ?’

“ഇത്  ലാസ്റ്റ്‌ ഇയറാ “

“അപ്പൊ അടുത്ത കൊല്ലം ഈ വീട്ടില്‍ ഒരു ഡോക്ടര്‍  ഉണ്ടാകും എന്നര്‍ത്ഥം “

അവന്‍  ഗമയോടെ ചിരിച്ചു കൊണ്ട്  തലയാട്ടി .

“എങ്ങിനെയാണ് കോളേജില്‍  പോകുന്നത് ?”ബസ്സിലാ ..?”

“അല്ല  ബൈക്കിലാ ..അങ്കിള്‍  കണ്ടില്ലേ  പുറത്തു ഒരു പള്‍സര്‍ ..അത് എന്‍റെതാ ..ഈ ബസ്സില്‍ ഒക്കെ പോയി  അവിടെയെത്തലും തിരികെ വരവും  ഒക്കെ  ഒരു ചടങ്ങാ ...അത് കൊണ്ട്  രണ്ടാമത്തെ വര്‍ഷംതന്നെ അച്ഛന്‍ ഒരു ബൈക്ക് വാങ്ങി തന്നു.”

“ഭക്ഷണമൊക്കെ കൊണ്ട് പോകുമോ ..”

“ ഹേയി ..ഇല്ല ..കാന്‍റീന്‍ ഉണ്ട്  അവിടുന്ന്  കഴിക്കും ..ബൈക്ക്  ഉള്ളത് കൊണ്ട്  അധികവും പുറത്തു നല്ല  ഫുഡ്‌  തേടി പോകും .”

പെട്ടെന്ന് അവന്‍റെ ഫോണ്‍ റിങ്ങ് ചെയ്തു ..സംസാരിച്ചു തീര്‍ന്നപ്പോള്‍  ചോദിച്ചു 

“മോന്‍റെ ഫോണ്‍  ഏതാ ..ഇതൊരു  കിടിലന്‍  ആണല്ലോ ?’

‘ഇത് ഗാലക്സി   ഫോര്‍ ...കഴിഞ്ഞ ബര്‍ത്ത്ഡേ ക്ക്  അച്ഛന്‍റെ ഗിഫ്റ്റ്  .”


അച്ഛന്‍റെ  ആഗമനം കണ്ടോ എന്തോ അവന്‍  സംസാരം നിര്‍ത്തി  അകത്തേക്ക്  പോയി.

ഈ കുടുംബത്തെ വളരെകാലമായി  അറിയാം .വീട്ടമ്മയായ ഭാര്യയും  ,രണ്ടു കുട്ടികളും..ഇരുവരും   ഉന്നത വിദ്യാഭ്യാസം നേടുന്നു .എന്നിട്ടും എനിക്ക് മനസ്സിലായില്ല ഇത്രയൊക്കെ അവനു ചെയ്തു കൊടുത്തിട്ടും അവന്‍റെ അച്ഛന്‍ എങ്ങിനെ അവനു “പിശുക്കന്‍ “ ആയി എന്ന് ..

“പലപ്പോഴും തിരിച്ചറിയപ്പെടാത്ത ,കൊട്ടിഘോഷിക്കപെടാത്ത നിശബ്ദസ്നേഹമാണ്  അച്ഛന്‍..ആ സ്നേഹം  മനസ്സില്‍ കിടന്നങ്ങിനെ  വിങ്ങും ..പലപ്പോഴും  പുറത്തുവരാതെ ... “

ആരോ പറഞ്ഞത്  എത്ര ശരിയാണെന്ന്  തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ ..

കഥ : പ്രമോദ്‌ കുമാര്‍.കെ.പി 

ചിത്രങ്ങള്‍  :കേരള വാട്ടര്‍ കളര്‍ സോസെറ്റി

Friday, October 24, 2014

നനഞ്ഞ പടക്കങ്ങള്‍

നാട്  മുഴുവന്‍  ദീപാവലി ആഘോഷത്തില്‍  ആണ് .സൈഡ് സീറ്റ്‌  ആയത് കൊണ്ട്  ആകാശത്തു വിടരുന്ന വര്‍ണ്ണവും ഭൂമിയില്‍  കത്തുന്നതും പൊട്ടി തെറിക്കുന്നതുമൊക്കെ  അയാള്‍ കണ്ടുകൊണ്ടിരുന്നു.  ഏതോ  പട്ടണം അടുത്തിരിക്കാം . ബസ്സിന്റെ  സ്പീഡ്‌  കുറഞ്ഞു .. പടക്കങ്ങളുടെ ഒച്ചയും അതിന്‍റെ രൂക്ഷഗന്ധവും   ബസ്സിനുള്ളിലേക്കും കടന്നു  വന്നു തുടങ്ങി.മറ്റു പലര്‍ക്കും അത്  ഉറക്കത്തിനു അസ്വസ്ഥത  ഉണ്ടാക്കിയെങ്കിലും അയാള്‍ക്കതു  പ്രതേകിച്ചു വലിയ പ്രശ്നമൊന്നും ഉണ്ടാക്കിയില്ല  വിഷമവും തോന്നിച്ചില്ല ....എല്ലാവരെയും പോലെ ബസ്സില്‍  അയാള്‍ക്ക്‌ ഉറങ്ങുവാന്‍ പറ്റിയില്ല ..ഉറക്കം മുന്‍പേ തന്നെ അയാളെ  കൈവിട്ടിരുന്നു.എങ്ങിനെ എങ്കിലും വീട്ടില്‍  എത്തിച്ചേര്‍ന്നാല്‍ മതിയായിരുന്നു അയാള്‍ക്ക്‌...കയ്യിലെ പൊതി അയാള്‍  നെഞ്ചോടു ചേര്‍ത്തു പിടിച്ചു .


എല്ലാ ദീപാവലിക്കും അയാളുടെ  അവസ്ഥ ഇങ്ങിനാണ് ...ദീപാവലിയുടെ  തലേദിവസം അര്‍ദ്ധരാത്രി വരെ പിടിപ്പതു ജോലിയായിരിക്കും ..അത് കൊണ്ട് തന്നെ ഒരിക്കലും ദീപാവലി ദിവസമല്ലാതെ  വീട്ടില്‍ എത്തുവാന്‍ കഴിയാറില്ല ...മുതലാളിയെ പറഞ്ഞിട്ടും കാര്യമില്ല ..ആണ്ടില്‍  കിട്ടുന്ന ഈ കച്ചവടമാണ്  അയാളുടെ  സ്ഥാപനത്തെ  തന്നെ നിലനിര്‍ത്തുന്നത് ..ഇനി കുറച്ചുകാലം  വലിയ തിരക്ക് കാണില്ല   പണിയും .  ..കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍  വീണ്ടും പഴയപടി 

...ഈ ഉത്സവ സീസണിലാണ് ആണ്  എല്ലാവരും പണം വാരുന്നത്..മുതലാളിയായാലും തൊഴിലാളിയായാലും .അതുകൊണ്ട് തന്നെ ബോണസ്‌ ആയും അലവന്‍സ് ആയും ഓവര്‍ ടൈം ആയുമൊക്കെ കുറെയേറെ പണം കയ്യില്‍ വരും ...അത് കൊണ്ട് തന്നെ എന്തും സഹിച്ചു  എല്ലാവരും അവിടെ തന്നെ തങ്ങും.


അയാള്‍ വാച്ചിലേക്ക് നോക്കി ...സമയം മൂന്നുമണി  ..ഇനിയുമുണ്ട്  രണ്ടുരണ്ടര മണികൂര്‍ യാത്ര ..നാടും വീടും വിട്ടു  ചെറുപ്പത്തിലെ പോന്നതാണ്  ഈ നാട്ടില്‍ ..അതോടെ ഓണവും വിഷുവും മറന്നു .ദീപാവലിയും  പൊങ്കലും   ജീവിതത്തില്‍  ഇടം നേടി .കഴിയാവുന്ന പല ജോലികളും ചെയ്തു .. സ്വന്തമായി കുറച്ചു ഭൂമിയും വീടും ഉണ്ടാക്കി. സ്വയം പ്രയത്നത്തില്‍  അത്രയൊക്കെ ആയപ്പോള്‍ തനിക്ക്  പെണ്ണ് തരുവാനും  ഈ നാട്ടില്‍ ആളുണ്ടായി...ഓരോരോ സന്ദര്‍ഭങ്ങളില്‍  ജോലി മാറി മാറി വന്നു ..ഇപ്പോള്‍ കുറച്ചായി  വീട്ടില്‍  നിന്നും അകലെയുള്ള സ്ഥലത്താണ് പണി..ആഴ്ച്ചക്കോ രണ്ടാഴ്ച കൂടുമ്പോഴോ ചെല്ലും ...പക്ഷെ സീസണില്‍ അത്  മാസങ്ങള്‍ ആകും.എപ്പോള്‍ മൂന്നുമാസം കഴിഞ്ഞുള്ള യാത്രയാണ് .

തണുത്ത കാറ്റ്  തഴുകിയപ്പോള്‍  അയാളുടെ കണ്ണുകള്‍ അടഞ്ഞു ..ഭാര്യയു ടെയും മക്കളുടെയും   ദീപാവലി ആഘോഷം അയാള്‍ സ്വപ്നത്തില്‍  കണ്ടു.താന്‍  വാങ്ങി കൊണ്ട്ചെന്ന പുത്തന്‍ ഉടുപ്പുകളിട്ടു  പടക്കങ്ങള്‍ പൊട്ടിച്ചും ,കത്തിച്ചും കുട്ടികള്‍ സന്തോഷിക്കുന്നു..,.പെട്ടെന്ന്  സീന്‍  മാറി മറിഞ്ഞു .എന്തോ ഭീകരമായ ഒരു ശബ്ദം ...കുറച്ചു സമയത്തേക്ക്  ചുറ്റിലും ഇരുട്ടും പുകയും മാത്രം .എന്തോ ദേഹത്ത് വന്നു  പതിച്ചിരിക്കുന്നു ..ആ ഭാഗത്ത്‌ വല്ലാത്ത ഒരു ചൂട് അനുഭവപ്പെട്ടു .ശരീരത്തിലൂടെ  എന്തോ ഒഴുകി പോയി .അയാള്‍  ശബ്ദം കേട്ട   സ്ഥലത്തേക്ക് ഓടി ...പിറകെ കുറെയാളുകളും അവിടെ  അവര്‍ കണ്ടത് ഭീകരമായ  ദൃശ്യങ്ങള്‍ .   ചിന്നി  തെറിക്കുന്ന  മാംസകഷ്ണങ്ങള്‍ ...അട്ടഹാസങ്ങള്‍ ...  ദീനരോദനങ്ങള്‍  ...ജീവനുവേണ്ടിയുള്ള ആര്‍ത്തനാദങ്ങള്‍ ..പാതി കത്തുന്ന ദേഹവുമായി  ജീവനുവേണ്ടി  മല്ലിടുന്ന  കുറേപേര്‍ .....രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആളുകള്‍ ഓടി കൂടുന്നു ......വാഹനങ്ങള്‍  ചീറി പാഞ്ഞു ..പെട്ടെന്ന് ഒരു തീനാളം അയാളിലേക്ക് പതിച്ചു 

‘അമ്മേ ..’ എന്ന് വിളിച്ചു അയാള്‍ ഞെട്ടി ഉണര്‍ന്നു ....ബസ്സിലെ പലരും ശബ്ദം  കേട്ട് ഞെട്ടി  ഉണര്‍ന്നു...ഉറക്കം നഷ്ട്ടപെടുത്തിയവനെ   രൂക്ഷമായി നോക്കി  അവര്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതി..

വീട്ടിലേക്കു കയറി ചെല്ലുമ്പോള്‍  നേരം വെളുത്തിരുന്നു.കണ്ടപാടെ ഭാര്യ വന്നു പൊട്ടി കരഞ്ഞുകൊണ്ട് കെട്ടി പിടിച്ചു..ശരീരത്തിലെ ഓരോ സ്ഥലവും അവള്‍ പരിശോധിച്ച്  കൊണ്ടിരുന്നു.തനിക്കൊന്നും പറ്റിയിട്ടില്ല എന്ന്  പലതവണ ഉരുവിട്ടിട്ടും അവളതു ചെവികൊണ്ടില്ല .എല്ലാം പരിശോധിച്ച് ഉറപ്പു വരുത്തുകയായിരുന്നു അവള്‍ ..അമ്മയുടെ കരച്ചില്‍ കേട്ടതുകൊണ്ടാവും   മക്കളും എഴുനേറ്റു..അവരും വന്നു അയാളെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടിരുന്നു.

താന്‍ കൊണ്ടുവന്ന പൊതി അയാള്‍ മക്കളെ ഏല്‍പ്പിച്ചു. പുതു വസ്ത്രങ്ങളും മധുര പലഹാരങ്ങളും എടുത്തു കട്ടിലില്‍  വെച്ച്  കവര്‍ മടക്കി  അവര്‍ പുറത്തേക്ക് നടന്നു ..പടക്കം  പൊട്ടിക്കുവാന്‍  പോയതാവും .താന്‍  വന്നാലെ അവര്‍ക്ക് പടക്കം  കിട്ടൂ ..കുറെയായി  അതാണല്ലോ  പതിവ്.പക്ഷെ പുറത്തു  നിന്നും ശബ്ദം ഒന്നും കേട്ടില്ല .  എഴുനേറ്റു പുറത്തുപോയി നോക്കുമ്പോള്‍  രണ്ടുപേരും  തിരിച്ചു കയറുന്നു

“എന്താ മക്കളെ പടക്കം പൊട്ടിച്ചില്ലേ ? ...”

രണ്ടുപേരും വലിയ വായില്‍  കരഞ്ഞുകൊണ്ട് പറഞ്ഞു ..

”അപ്പയുടെ   ജീവന്‍ പണയപ്പെടുത്തി ഉണ്ടാക്കുന്ന പടക്കം പൊട്ടിച്ചു  നമ്മള്‍ എങ്ങിനെയാ സന്തോഷിക്കുക ..”

അയാള്‍ അവരെ ചേര്‍ത്തു പിടിച്ചു.



അയാളുടെ മനസ്സില്‍ രണ്ടു  ദിവസം  മുന്‍പ് കണ്ട  ഭീകര ദൃശ്യം മായാതെ കിടന്നു..തൊട്ടപ്പുറത്തെ പടക്കനിര്‍മാണ ശാലയാണ്  കത്തിയമര്‍ന്നത്...രണ്ടു മൂന്നു പേര്   അപ്പോള്‍ തന്നെ പോയി...പത്തു പതിനഞ്ചു പേര്‍    ഇപ്പോഴും ആശുപത്രിയിലുണ്ട് ...പകല്‍ സമയം ആയിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം  പെട്ടെന്ന് തുടങ്ങി .അത് കൊണ്ട് തന്നെ  മരണസംഖ്യ കുറഞ്ഞു  .വേഗം തീ അണക്കുവാന്‍  കഴിഞ്ഞത് കൊണ്ട്  അടുത്തുള്ള മറ്റു പടക്ക നിര്‍മാണ സ്ഥാപനങ്ങള്‍ക്ക്  തീ പിടിച്ചില്ല ..അഥവാ ത്തെ പടര്‍ന്നുവെങ്കില്‍  ..?അയാള്‍ ഭയത്തോടെ കണ്ണുകളടച്ചു..

തമ്മില്‍ ദിവസവും കാണുന്നവരാണ് കത്തിയമര്‍ന്നത്‌ ..അന്നത്തെ  ഒരു ദിവസത്തിനു  ശേഷം എല്ലാം പഴയപടി..പണത്തിനു മുന്നില്‍ നിയമവും ബന്ധുക്കളും ഒക്കെ കീഴടങ്ങുന്നത് അയാള്‍ കണ്ടു .സീസണ്‍ കച്ചവടം പോകാതിരിക്കുവാന്‍  എല്ലാ മുതലാളിമാരും ഒത്തുചേര്‍ന്നു..ജീവന്‍ പണയം വെച്ചുകൊണ്ട് കുറേപേര്‍  വീണ്ടും പണി തുടങ്ങി...മണിക്കൂറുകള്‍  കൊണ്ട് എല്ലാവരും എല്ലാം  മറന്നു തുടങ്ങിയിരുന്നു.ആര്‍ക്കും ആരോടും ബാധ്യതയില്ല  സഹതാപം മാത്രം ചിലപ്പോള്‍ ഉണര്‍ന്നു  ..പണം എന്നും മുന്നില്‍ തന്നെ  നില്‍ക്കുന്നു മനുഷ്യന്‍റെ  ജീവനേക്കാള്‍  തലയുയര്‍ത്തി.....

എന്നിട്ടും പുറത്തു  കെട്ടികിടന്ന ചളി വെള്ളത്തില്‍  മക്കള്‍   ഉപേക്ഷിച്ച പടക്കം കണ്ടപ്പോള്‍ അയാള്‍ക്ക്‌ മനം നൊന്തു .ഞാനടക്കം പലരും ജീവന് പണയം വെച്ചുണ്ടാക്കിയത് തന്റെ മക്കള്‍  നശിപ്പിചിരിക്കുന്നു  ..കുറെയേറെപേരുടെ പ്രയത്നം അതിന്‍റെ  കര്‍മ്മം  നിര്‍വഹിക്കുവാന്‍   വിടാതെ  അവര്‍ നശിപ്പിച്ചു   കളഞ്ഞു  . .. അപ്പോഴും അയാള്‍  തന്‍റെ തൊഴിലിലെ  മഹത്വം  മാത്രം കാണുകയായിരുന്നു ..അതിലെ   നഷ്ട്ടങ്ങള്‍ മാത്രം വിലയിരുത്തുകയായിരുന്നു..

ആയിരം പേര്‍  പൊട്ടി ചിതറി  മരിച്ചാലും വീണ്ടു വീണ്ടും പടക്കത്തിന്‍റെ  ശബ്ദങ്ങളും വര്‍ണങ്ങളും  കൂടുതല്‍ കൂടുതല്‍ വേണമെന്ന് വാശിപിടിക്കുന്ന സമൂഹം ...അവരാണല്ലോ ഈ തൊഴിലിന്‍റെ  അനുഗ്രഹവും ശാപവും .എന്തൊക്കെയോ  ആലോചിച്ചു അയാള്‍  നെടുവീര്‍പ്പിട്ടു ...പുറത്തു അപ്പോഴും പടക്കങ്ങള്‍  വലിയ ശബ്ദത്തോടെ  പൊട്ടിചിതറിക്കൊണ്ടിരുന്നു

കഥ :പ്രമോദ്‌ കുമാര്‍ .കെ.പി
ചിത്രങ്ങള്‍ : കേരള വാട്ടര്‍കളര്‍ സോസെറ്റി



Tuesday, October 21, 2014

കരളില്‍ കയ്യൊപ്പിട്ട കഥാപാത്രം


ഇതുവരെ വായിച്ചതില്‍ നിന്നും കരളില്‍ തൊട്ടു എന്ന് പറയാവുന്ന  ഒരു കഥാപാത്രത്തെ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ് .കാരണം അനേകം കഥാപാത്രങ്ങള്‍ ഓരോരോ സമയത്ത് വന്നു കരളില്‍ തൊട്ടു പോയി.ചിലര്‍ ചിരിപ്പിച്ചു ,ചിലര്‍ കരയിച്ചു ,ചിലര്‍ ചിന്തിപ്പിച്ചു ..ചിലര്‍ കുറേസമയം സന്തോഷിപ്പിച്ചു പിന്നെ ബോറടിപ്പിച്ചു..വായന തുടങ്ങിയപ്പോള്‍ മായാവിയും ,ശിക്കാരി ശംഭുവും ,കപീഷും ,ഡിങ്കനും ഒക്കെ പലതവണ ഹൃദയത്തില്‍ കൂട് കെട്ടിയതാണ് .പിന്നെ അവിടെ രാമനും,ഹനുമാനും ,ബാലിയും ,കൃഷ്ണനും ,അര്‍ജുനനും ,കുന്തിയും ഖടോല്‍കച്ചനും അഭിമാന്യുവുമൊക്കെ വന്നുപോയി.ഓരോരോ വായനയില്‍ ഓരോരുത്തര്‍ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. പഠിപ്പിക്കാന്‍ അറിയുന്ന അധ്യാപകനിലൂടെ ഹക്കില്‍ബരി ഫിന്നും ടോം സായരും ഒക്ക കടന്നു വന്നു.

മയ്യഴിപുഴയിലൂടെ ദാസനും ,രണ്ടാമൂഴത്തിലൂടെ ഭീമനും,എന്‍റെ കഥയിലൂടെ  എഴുത്തുകാരിയും  ,ദൈവത്തിനെ വികൃതികളിലൂടെ ജാലവിദ്യകാരനായ സായിപ്പും തുടങ്ങി ഇപ്പോള്‍ പേര്‍ ഓര്‍മയില്‍ ഇല്ലാത്ത അനേകം പേരെ കുറച്ചുനാള്‍ ഹൃദയത്തില്‍ കൊണ്ട് നടന്നു. ഓരോ വായനയിലും പലരും വന്നും പോയും കൊണ്ടിരുന്നു.ഇതിഹാസങ്ങളിലെ കഥാപാത്രങ്ങള്‍ ഒഴിച്ച് മറ്റുള്ളവര്‍ ആരും മനസ്സില്‍ കൂടുകെട്ടിയില്ല .അവരില്‍ പലരും നമ്മുടെ ആരാധനമൂര്‍ത്തികള്‍ ആയതു കൊണ്ടുമാകാം .

പിന്നെ പിന്നെ വായന വലിയ പുസ്തകത്തില്‍ നിന്നും ചെറിയ പുസ്ത കങ്ങളിലേക്ക് പോയി.നോവലുകളെ തഴഞ്ഞു കഥകളോട് മമത പുലര്ത്തി . പിന്നെ വാങ്ങുന്നതും വായിക്കുന്നതും എഴുതുന്നതും കഥകള്‍ മാത്രം..സോഷ്യല്‍ മീഡിയകള്‍ വലിയ വായനകളൊക്കെ അപഹരിച്ചു എന്ന് പറയാം .ഇപ്പോള്‍ കൂടുതല്‍ വായനകള്‍ ഇവിടെ തന്നെ ..പല നവമുകുളങ്ങളും കാണുന്നുണ്ട് .പക്ഷെ പ്രോല്സാഹനത്തിന്റെ ഒരു കുറവു പലയിടത്തും കാണപ്പെടുന്നു.അതവരുടെ എഴുത്തിനെ വല്ലാതെ ബാധിക്കുന്നുമുണ്ട് .


ഈ അടുത്ത കാലത്താണ് പ്രശസ്തനായ ഡോക്ടര്‍ വി.പി.  ഗംഗാധരന്‍ അനുഭവങ്ങള്‍  പങ്കുവെച്ച “ജീവിതമെന്ന അത്ഭുതം “ എന്ന പുസ്തകം വായിച്ചത്.അതിലെ ഓരോ കഥാപാത്രവും ഡോക്ടറും ഇപ്പോഴും ഹൃദയത്തിലുണ്ട് .വളരെ പ്രാക്ടിസ് കുറഞ്ഞ ഒരു ഡോക്ടര്ക്ക്ക്യാന്‍സര്‍ വന്നപ്പോള്‍ അയാള്‍ അതിനെ ഒരുവിധം തരണം ചെയ്യുന്നതും ആറ്റുനോറ്റുണ്ടായ മകനെ അമ്മയും അച്ഛനും ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സിക്കുന്നതും  ആ നന്ദി ആ മകനില്ലാതെ പോകുന്നതും , അരി വണ്ടി വരുമ്പോള്‍ മാത്രം ചികില്‍സക്ക് വരുന്ന ഇക്കയും,കല്യാണം കഴിഞ്ഞു അധികമായിലെങ്കിലും  ക്യാന്‍സര്‍ വന്നപ്പോള്‍ ഉപേക്ഷിക്കുവാന്‍ പല കോണില്‍ നിന്നും സമ്മര്‍ദം ഉണ്ടായിട്ടും ഉള്ള നല്ല ജോലി കളഞ്ഞു ഭാര്യയെ ചികില്‍സിക്കുന്ന സ്നേഹമതിയായ ഭര്‍ത്താവും ,അന്ധവിശ്വാസം കൊണ്ട് നാട്ടുകാരാല്‍ ജീവിതം നഷട്ടപെടുത്തിയ ചെരുപ്പകാരനും ,മോളുടെ അസുഖം നേരിടാനാവാതെ ഹൃദയം നിലച്ചുപോയ അച്ഛനും ,ഭിക്ഷാടനം നടത്തി ഭര്‍ത്താവിനെ ചികില്‍സിക്കുന്ന ഭാര്യയും കുട്ടികളും  ,കുട്ടികളുടെ വാര്‍ഡ്‌ ഉത്സവ പറമ്പ് ആക്കുന്ന സിസ്റര്‍ ഐടയും അവിടുത്തെ കണ്ണിലുണ്ണി മോളും ഒക്കെ ഇപ്പോഴും ഹൃദയത്തിലുണ്ട് ..കൂട്ടത്തില്‍ ചികിത്സയുടെ പേരില്‍ പലരും മുതലെടുക്കുന്നതും ഡോക്ടര്‍ വിവരിക്കുന്നുണ്ട് ..പണമായും പെണ്ണായും

.ക്യാന്‍സര്‍ എന്നാ മഹാവിപത്തിനെ  ഭയക്കാത്തവര്‍ സ്വന്തം നാട്ടുകാരെ ഭയക്കേണ്ടി വന്ന സംഭവവും നമ്മളെ ചിന്തിപ്പിക്കും...ആശുപത്രിയില്‍ മരിച്ചുപോയ രോഗിയുടെ കുടുംബത്തിന് നല്‍കുന്ന സഹായങ്ങളും ആസ്പത്രിയില്‍ നിശ്ചയിച്ച ദിവസം വരുവാന്‍ കഴിയാത്തവരെ വരെ അന്വേഷിച്ചുപോയി ചികില്സിക്കുന്നതും ഈ കാലത്ത് നന്മകള്‍ ബാക്കിയുണ്ട് എന്ന് നമ്മെ മനസ്സിലാക്കിപ്പിക്കുന്നു.മയക്കുമരുന്ന് ഉപയോഗം രോഗാവസ്തയിലാക്കിയെന്കിലും തനിക്ക് രോഗമില്ല എന്ന് സ്വയം വിധിച്ചു ചികില്‍സ നേടുന്നയാള്‍ ഡോക്ടര്ക്കും ആശുപത്രിക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ഡോക്റ്റര്‍ കണ്ടുപിടിച്ചതൊക്കെ വെറും നിഗമനങ്ങള്‍ മാത്രമാണെന്ന വാദവും ഒരു ഡോക്റ്ററെ എന്തുമാത്രം ബുദ്ധിമുട്ടിക്കുമെന്നും നമുക്ക് പറഞ്ഞുതരുന്നു.

ഡോക്റ്ററുടെ ജീവിതം മറ്റൊരാള്‍ പകര്‍ത്തിയ ചെറിയ ആ പുസ്തകത്തിലെ പല പേജുകളും പല പ്രാവശ്യം എന്റെ കണ്ണുകളെ ഈറനണിയിച്ചു.ക്യാന്‍സര്‍ എന്ന മഹാമാരിയെ കുറിച്ച് ഇന്നും കൂടുതല്‍ ശതമാനം പേര്‍ക്കും അജ്ഞതയാണ് .ക്യാന്‍സര്‍ പിടിച്ചാല്‍ എല്ലാവരും മരിച്ചു പോകും എന്നൊരു മിഥ്യധാരണയും നിലവിലുണ്ട്. ക്യാന്‍സര്‍ ദൈവകോപം കൊണ്ടുണ്ടാകുന്നതാണ് എന്ന് പോലും പലരും വിശ്വസിച്ച കാലമുണ്ടായിരുന്നു. അങ്ങിനെ ദുരിതത്തിലായ പെണ്‍ കുട്ടിയെ പറ്റിയും പറയുന്നുണ്ട് ..ഇതിനെയൊക്കെ കുറിച്ച് ചില തെറ്റിധാരണകള്‍ എനിക്കുമുണ്ടായിരുന്നു.ഒരു വര്ഷം മുന്‍പേ ചെറിയ ഒരു സര്‍ജറി ചെയ്തപ്പോള്‍ “ ബയോപ്സി “എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എനിക്ക് ക്യാന്‍സര്‍ വന്നു  എന്ന് മനസ്സില്‍ വിധിയെഴുതിയവനാണ് ഞാന്‍ ..അങ്ങിനെ പലര്‍ക്കും ഈ രോഗത്തെക്കുറിച്ച് അത്രവലിയ പിടിയൊന്നുമില്ല ..കൂടുതല്‍ ഒന്നുമില്ലെന്കിലും ആ പുസ്തകത്തില്‍ നിന്നും കുറെയേറെ കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കുവാനുണ്ട്..അത്യാവശ്യം നമ്മള്‍ക്ക് ഈ രോഗത്തെ കുറിച്ച് അറിയാന്‍ കഴിയും .അതിന്റെ പല നിലയെകുറിച്ചും അതിലെ അപകടങ്ങളെ കുറിച്ചും ഡോക്ടര്‍ പറഞ്ഞു തരുന്നുണ്ട് .
ഡോക്റ്ററുടെ ആദ്യകാല ജീവിതവും ,പലപ്പോഴും ഉണ്ടായ വൈതരണികളും,സഹപ്രവര്‍ത്തകരുടെ അടുപ്പവും അകല്‍ച്ചയും രോഗികളുടെ സഹകരണവും നിസ്സഹരണവും ഒക്കെ നന്നായി പറഞ്ഞിരിക്കുന്നു..

പലരും കൈ ഒഴിഞ്ഞു അവസാനം ഡോക്റ്ററെ വന്നു കണ്ട ചില രോഗികള്‍ ഇപ്പോള്‍ രോഗമോക്കെ മാറി നല്ല നിലയില്‍ ജീവിക്കുന്നുണ്ട് ..ഡോക്റ്റര്‍ക്ക്‌ രക്ഷപെടുത്തുവാന്‍ പറ്റാതെ പോയ ചിലരുടെ ജീവിതവും നമ്മുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നുണ്ട് ...ഇപ്പോള്‍ നിലവില്‍ എന്റെ കരളില്‍ തൊട്ട കഥാപാത്രം ഡോക്റ്റര്‍ തന്നെയാണ് .അത്ര ഹൃദ്യമായാണ് കെ എസ് അനിയനെന്ന ഗ്രന്ഥകര്ത്താ വ് ഡോക്റ്ററെ പരിചയപ്പെടുത്തിയിരിക്കുന്നത് .അവരിലൂടെയാണല്ലോ മറ്റുള്ളവര്‍ നമ്മില്‍ വന്നു നിറയുന്നതും നമ്മില്‍ പലവിധം നോവുകള്‍ സൃഷ്ട്ടിക്കുന്നതും .

....ഡോക്റ്റരുടെ നേട്ടങ്ങള്‍ മാത്രമല്ല അബദ്ധങ്ങളും പറഞ്ഞു വെക്കുന്നുണ്ട് .കുറെ സങ്കീര്‍ണതകള്‍  മനസ്സിനെ നോവിക്കുമ്പോള്‍ ഇത് നമ്മളില്‍ ഒരു റിലീഫുണ്ടാക്കുവാന്‍  സഹായിക്കുന്നുണ്ട്.എഴുത്തുകാരനും പ്രതീക്ഷിക്കുന്നത് ഇതുതന്നെ ആവാം .  ഈ പുസ്തകം വായിച്ചവര്‍ക്ക് ഒരിക്കലും മറക്കുവാന്‍ കഴിയില്ല  ഡോക്ട്ടരെയും   മറ്റുള്ള  പലരെയും .....സത്യം ..പലരും കൂട്ടത്തോടെ വന്നു നമ്മുടെ  കരളില്‍ തൊടുകയാണ് ..

-പ്രമോദ്‌ കുമാര്‍ .കെ.പി

Friday, October 17, 2014

ഒരു "അനുഭവം "

ബംഗ്ലൂരിലെ തിരക്കേറിയ ഒരു സായാഹ്നം  ...പതിവില്ലാതെ അന്ന് ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ കയറേണ്ടി വന്നു .ബസ്സിലാണെങ്കില്‍  തിരക്കോട് തിരക്ക് ..ഒരു കാലിലായിരുന്നു  കുറെ ദൂരം യാത്ര ..ഒന്ന് രണ്ടു സ്റ്റോപ്പ്‌ കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു ദുര്‍ഗന്ധം അവിടെയൊക്കെ വ്യാപിച്ചു ..ചിലര്‍ മൂക്ക് പൊത്തുന്നു ചിലര്‍ മൂക്ക് ശരീരത്തില്‍ പൂഴ്ത്തുന്നു ..എല്ലാവര്ക്കും ഒരു  തരം അസ്വസ്ഥത ..ആ സ്മെല്‍  എനിക്കും കിട്ടിയപ്പോള്‍ ഞാനും വല്ലാതെയായി..ബസ്‌ നിര്‍ത്തിയപ്പോള്‍  ആളുകള്‍ ഇറങ്ങേണ്ട സ്ഥലം അല്ലാഞ്ഞിട്ടു കൂടി ഇറങി തുടങ്ങി ..സ്റ്റോപ്പില്‍ നിന്നും ആരും ബസ്സിലേക്ക് കയറാതെയുമായി .കയറിയവര്‍ തിരിച്ചിറങ്ങി ..ഓരോ  സ്റ്റോപ്പ്‌  എത്തുമ്പോഴും  ആളുകള്‍  കൊഴിഞ്ഞു ..ബസ്‌ കാലിയായി തുടങ്ങി ..അപ്പോഴാണ് ശ്രദ്ധിച്ചത് ..വിയര്‍ത്തു കുളിച്ചു മുഷിഞ്ഞ വേഷം ധരിച്ച ഒരാളില്‍ നിന്നാണ് സഹിക്കാന്‍ പറ്റാത്ത ആ മണംവരുന്നത്...കഴുകാതെയും കുളിക്കാതെയും ഒക്കെ ഉള്ള വാടയാണോ അതോ പകല്‍ മുഴുവന്‍ അദ്ധ്വാനിച്ചതു കൊണ്ടോ ..എന്തോ  ..ഒന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല . എന്തായാലും അയാള്‍ യാചകനല്ല...ബംഗ്ലൂരില്‍  കൂടുതല്‍ പേരും ഒന്നിച്ചു  കൂട്ടുന്ന  ലഞ്ച് കിറ്റ് കയ്യിലുണ്ട് 

ഇനിയും സഹിക്കാന്‍ പറ്റാത്തത് കൊണ്ട് ഞാനും വേറെ ചിലരും കൂടി  ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ കണ്ടക്ടര്‍ വന്നു തടഞ്ഞു ...പിന്നെ അയാളോട്  അവിടെ ഇറങ്ങാന്‍ പറഞ്ഞു ...

ഞാന്‍ ടിക്കെറ്റ് സിറ്റിക്ക്  ആണ് എടുത്തത് ..ഇവിടെ ഇറങ്ങാന്‍ പറ്റില്ല '.

"നിങ്ങളെ കൊണ്ട്ഈ ട്രിപ്പിന്റെ  കളക്ഷന്‍ പോയി ..അതറിയോ "

"അതെന്റെ കുറ്റമല്ല ..പണം തന്നാല്‍ യാത്ര ചെയ്യാം ..ഞാന്‍ പണം തന്നു "

"വല്ല ഓട്ടോ പിടിച്ചു പോ ...എന്നാല്‍ ഒരാള്‍ക്കല്ലേ നിങ്ങളെ സഹിക്കണ്ടൂ .."

എന്ന് പറഞ്ഞു അയാളുടെ പണം തിരികെ നല്‍കി കണ്ടക്ടര്‍ അയാളെ തള്ളി പുറത്തിറക്കി .കുറെ ശാപവാക്കുകള്‍ പറഞ്ഞു അയാള്‍ ആള്‍കൂട്ടത്തില്‍ ലയിച്ചു.

യാത്ര തുടര്‍ന്നു  ....പക്ഷെ കുറെ ചോദ്യങ്ങള്‍  എന്നില്‍ അവശേഷിച്ചു ...

ഒരു പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ടില്‍ യാത ചെയ്യുമ്പോള്‍ നമ്മളെ  കൊണ്ട് മറ്റുള്ളവര്‍ക്ക്  ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി  ഒഴിവാക്കുന്നതല്ലേ   ശരിയായ  നടപടി  ?...അതുകൊണ്ട് ഇങ്ങിനെ ഉള്ള അവസരത്തില്‍ കൂടുതല്‍പേര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കാതെ ഓട്ടോയോ മറ്റോ പിടിച്ചല്ലേ പോകേണ്ടത് ?

ചിലപ്പോള്‍ അയാള്‍ അന്നന്ന് അധ്വാനിച്ചു  കഴിയുന്നവന്‍ ആണെങ്കില്‍ ഓട്ടോക്ക് അത്രയും ദൂരം പോകാന്‍ സാമ്പത്തികം   അനുവദിക്കില്ല   എന്നതും നമ്മള്‍ ചിന്തിക്കണം...
അങ്ങിനെ എങ്കില്‍ അയാള്‍ക്ക്‌ ജോലിസ്ഥലത്ത് നിന്ന് തന്നെ ശരീരം കഴുകി വൃത്തിയായി വന്നുകൂടെ ...?ജോലി സമയത്ത്  ഇടുവാന്‍   മറ്റൊരു  വസ്ത്രം  കൂടി കരുതികൂടെ ?

ഒരാളില്‍ നിന്നും വരുന്ന ദുര്‍ഗന്ധം അയാള്‍ക്ക്‌  സ്വയം മനസ്സിലാക്കുവാന്‍ കഴിയില്ല എന്നതും നമ്മള്‍ ചിന്തിക്കേണ്ടതല്ലേ ?അത് മറ്റുള്ളവര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ട്ടിക്കുക എന്നതും നാം മനസ്സിലാക്കണ്ടേ ?

എല്ലാവര്ക്കും  പലതരത്തിലുള്ള പരിമിതികള്‍ ഉണ്ടാകും ..അതിന്‍റെ ഭവിഷ്യത്തുകള്‍ മറ്റുള്ളവര്‍ കൂടി അനുഭവിക്കണമോ ?

ടികെറ്റ്‌ എടുത്ത ഒരു യാത്രകാരനെ കണ്ടക്ടര്‍  ഇറക്കിവിട്ടത് ശരിയായ നടപടിയാണോ ?ടിക്കെറ്റ് എടുത്ത മറ്റു യാത്രകാര്‍ ഇറങ്ങി പോയത് കൊണ്ട്  അയാള്‍ ചെയ്തതു ന്യായീകരിക്കവുന്നതല്ലേ ?

ഒരാളെ കൊണ്ട് ബുദ്ധിമുട്ട് ഉണ്ടായി എങ്കിലും ഒന്നും പ്രതികരികാതെ കുറെപേര്‍   ഇറങ്ങി പോയത് ഈ കാലത്ത്  ആരും ഒന്നിച്ചു നില്‍ക്കുവാന്‍ താല്പര്യപെടുനില്ല എന്നതിന്‍റെ തെളിവല്ലേ ?

ബസ്സിറങ്ങുന്നതുവരെ ശരിയായി ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ മാത്രം എന്നില്‍ അവശേഷിച്ചു .എങ്കിലും ഫേസ് ബുക്കില്‍  കണ്ട ഒരു പോസ്റ്റ്‌  കുറെയേറെ ഉത്തരങ്ങള്‍ എനിക്ക്  തന്നു .

"ചിലര്‍ അങ്ങിനെയാണ് സ്വന്തം കാര്യം മാത്രം നോക്കും .അവര്‍ക്ക് വേണ്ടിമാത്രം  ജീവിക്കും ..അവരെ കൊണ്ട് അന്യര്‍ക്കുണ്ടാകുന്ന  ബുദ്ധിമുട്ടുകള്‍ കണ്ടെന്നു നടിക്കില്ല ..അതിന്റെ  പ്രതിവിധിയും ചിന്തിക്കില്ല.. അത് ഇല്ലാതാക്കുവാനും  ശ്രമിക്കില്ല ..നമ്മളെ മറ്റുള്ളവര്‍  സഹിക്കട്ടെ  എന്ന്  ചിന്തിക്കും .....
നമുക്ക് ചുറ്റും കുറച്ചു ആളുകള്‍ കൂടി ഉണ്ടെന്നു നമുക്ക് എപ്പോഴും  ഒരു ചിന്ത വേണം ..നമ്മള്‍ മൂലം അവര്‍ക്ക് വിഷമം ഉണ്ടാവാതെ  നോക്കണം .അവരെ  ആവുന്നതും ബുദ്ധിമുട്ടിക്കാതെ നമ്മള്‍ ജീവിക്കണം..... അവരാണ് യദാര്‍ത്ഥ മനുഷ്യര്‍ ..അല്ലെങ്കില്‍ മനുഷ്യരും മൃഗവും തമ്മില്‍ സ്പെല്ലിങ്ങില്‍ മാത്രമേ വ്യത്യാസം കാണൂ "

-പ്രമോദ്‌ കുമാര്‍ .കെ.പി