തെയ്യങ്ങളുടെ നാട്ടിൽ ജനിച്ചു വളർന്നിട്ടും എന്ത് കൊണ്ടോ തെയ്യങ്ങളും തിറകളും മനസ്സിൽ ചെറുപ്പകാലത്ത് കയറിയിരുന്നില്ല..പക്ഷേ കാവുകളിലും പരിസര ങ്ങളിലും ഉള്ള "പലതും" മനസ്സിൽ കയറിയിട്ട്ണ്ട്.കാരണങ്ങൾ പലതുണ്ട്...
ഒന്നാമത് കുഞ്ഞുമനസ്സുകളെ ഭയപ്പെടുത്തുന്ന രൂപവും അ ലർച്ചയും എന്നെപോലെ ഉള്ള കുട്ടികൾക്ക് ഇഷ്ടപെടാതിരിക്കുവാൻ ഉള്ള മുഖ്യകാരണങ്ങൾ ആയിരുന്നു. അതുകൊണ്ട് തന്നെ തെയ്യങ്ങളോട് അടുക്കുവാൻ ഭയമായിരുന്നു.
ഉത്സവങ്ങൾ പോലെ വൈകുന്നേരവും രാത്രിയും മാത്രം അല്ലാതെ പകൾ മുഴുവനുള്ള തെയ്യക്കോലങ്ങൾ ക്കു വേണ്ടി പഠനത്തിന് ഒഴിവ് കൊടുത്ത് സ്കൂളുകളിൽ പോവതിരിക്കുവാൻ വീട്ടുകാരും സമ്മതിച്ച് കാണില്ല.
മുതിർന്നു കഴിഞ്ഞപ്പോൾ അവധി ദിവസങ്ങളിൽ ഉള്ള തെയ്യങ്ങൾക്ക് പോയിരുന്നത് തന്നെ വായ് നോട്ടത്തിനു വേണ്ടിയും കാവിൻ പറമ്പുകളിലെ " ചൂതാട്ടങ്ങളിൽ" നിന്ന് പോക്കറ്റ് മണി ഉണ്ടാക്കുന്നതിനും മാത്രമായിരുന്നു. പലപ്പോഴും പോക്കറ്റ് കാലി ആയി പോയി എന്നതിൽ കവിഞ്ഞു ഗുണം ഒന്നും ഉണ്ടായില്ല എങ്കിൽ പോലും അടുത്ത വർഷങ്ങളിലും കലാപരിപാടി തുടർന്ന് കൊണ്ടിരുന്നു.
അനേകം ആനകൾ പ്രദക്ഷിണം വെക്കുന്ന ശാന്തമായ ഉത്സവങ്ങൾ പോലും മനസ്സിൽ കയറിയിരുന്നത് അവിടുത്തെ ചന്തകളും കുട്ടികളെ ആകർഷിക്കുന്ന മറ്റു കാര്യങ്ങള് കൊണ്ട് മാത്രമായിരുന്നു .ചെറുപ്പകാലത്ത് ഉത്സവങ്ങൾ കാണാതെ അമ്പലപ്പറമ്പിൽ പോയി ചുറ്റിയടിച്ചു തിരിച്ചു വന്ന ദിവസങ്ങൾ ആയിരുന്നു കൂടുതലും.
അക്കാലത്ത് ഉത്സവ സമയത്ത് മാത്രം കണ്ട് വരുന്ന മരണ കിണർ, ജൈൻ്റ് വീൽ,മാജിക്ക് എന്നിവയായിരുന്നു കുഞ്ഞു മനസ്സുകളുടെ ആകർഷണീയത.അമ്പലത്തിനു ചുറ്റും ഇതിനെ കൂടാതെ ഉണ്ടാകുന്ന അനേകം ചന്ത കളും അവിടെ വിൽക്കാൻ വെക്കുന്ന കളികോപ്പുകളും വളകളും മാലകളും മറ്റു മായിരുന്നു പലരുടെയും കണ്ണുകളിൽ..
ഇന്നത്തെ പോലെ മുക്കിനു മുക്കിനു അമ്യൂസിംഗ് പാർക്ക് ഇല്ലാത്തൊരു കാലത്ത് ഉത്സവങ്ങളായിരുന്നു നമുക്ക് ആശ്വാസം.അവിടെ അത്രക്ക് വിനോദോപാധികൾ കുഞ്ഞുമനസ്സുകളെ ആകർഷിച്ചിരുന്നു. പിന്നീട് മുതിർന്നപ്പോൾ പോലും തെയ്യങ്ങൾ മനസ്സിലേക്ക് കയറിയില്ല. ഒരു ഉത്സവകാലം കഴിഞ്ഞു മറ്റൊരു കാലത്തിലേക്കുള്ള കാത്തിരിപ്പിന് ഒരു സുഖം ഉണ്ടായിരുന്നു.
ദീർഘമായ പ്രവാസ ജീവിതം ഉത്സവങ്ങളും തെയ്യങ്ങളും മനസ്സിൽ നിന്നും ചിതലരിച്ചതോടെ അതോടുള്ള പ്രണയവും അകന്നു പോയി.പിന്നെ എപ്പോഴെങ്കിലും നാട്ടിൽ വരുന്ന സമയത്തുള്ള ഉത്സവങ്ങൾക്ക്" കുടുംബ നാഥൻ്റെ" റോളിൽ ഉള്ള സന്ദർശനം മാത്രം.
വർഷങ്ങൾക്കിപ്പുറം കേരളത്തിൽ സെറ്റിൽ ആയപ്പോൾ സഹപ്രവർത്തകനായ മധു ചേട്ടനാണ് പിന്നെയും " തെയ്യം" മനസ്സിൽ നിറക്കുന്നത്.അവരുടെ കുറെയേറെ സംശയങ്ങൾക്ക് പലതിനും എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. തെയ്യത്തിൻ്റെ നാട്ടുകാരൻ ആയിട്ട് കൂടി ഇതൊക്കെ ഇവന് അറിയില്ലേ എന്ന് അദ്ദേഹത്തിന് തോന്നി കാണും.
വടക്കൻ മലബാറിൻ്റെ സ്വകാര്യ അഹങ്കാരമാണ് തെയ്യം എന്നൊക്കെയുള്ള വിശേഷണങ്ങൾ അഭിമാനം ഉയർത്തിയെങ്കിലും ഈ കാര്യത്തിൽ ഞാൻ വട്ടപ്പൂജ്യം അല്ലെന്നു തെളിയിക്കുവാൻ എനിക്ക് തെയ്യത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കേണ്ടി വന്നു.
സുഹൃത്ത് വലയങ്ങൾ ഉണ്ടാക്കുന്നതിൽ അത് നിലനിർത്തുന്നതിൽ മിടുക്കനായ ഞാൻ ഇതിനു വേണ്ടി നാട്ടിലെ സൗഹൃദങ്ങൾ ഉപയോഗിച്ച് ഓരോരോ കാവുകളിലെ തെയ്യങ്ങളെ കുറിച്ച് മനസ്സിലാക്കി.
ഒരു തെയ്യകാലത്ത് മധു ചേട്ടനെയും അളിയനെയും കൂട്ടി സുഹൃത്തുക്കളുടെ സഹായത്തോടെ നാട്ടിൽ തെയ്യം കാണുവാൻ ഏർപ്പാട് ചെയ്തു. സത്യം പറഞാൽ തെയ്യത്തിൻ്റെ നാട്ടുകാരൻ ആയിട്ട് കൂടി അന്ന് മാത്രമാണ് ജീവിതത്തിൽ ആദ്യമായി തെയ്യം മുഴുവൻ കാണുന്നത്..
ഈ നാടിന് എന്തോ ഒരു പ്രത്യേകതയുണ്ട് ...ഒരിക്കൽ വന്നാൽ പിന്നെയും പിന്നെയും നിങ്ങളെ അത് തിരിച്ചു വിളിച്ചു കൊണ്ടേയിരിക്കും എന്ന് പറഞ്ഞതുപോലെ അതിനു ശേഷം ഓരോ തെയ്യകാലത്തും മലബാർ അവരെ മാടി വിളിച്ചു കൊണ്ടിരുന്നു.
അന്ന് തൊട്ട് ഇന്നേവരെ എത്ര തെയ്യകാലം വന്നുവോ അപ്പോളൊക്കെ അവർ തെയ്യം കാണുവാൻ എൻ്റെ നാട്ടിലേക്ക് വന്നു.ഓരോ പ്രാവശ്യവും വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത രൂപങ്ങൾ തിരഞ്ഞു പിടിച്ചു വൈവിധ്യമായ തെയ്യങ്ങൾ കണ്ട് അവർ അതിനെ സ്നേഹിച്ചു തുടങ്ങി കൂട്ടത്തിൽ ഞാനും.
അമ്മ ദൈവങ്ങൾ,യുദ്ധ ദൈവങ്ങൾ,രോഗ ദേവതകൾ, നാഗങ്ങൾ,ഭൂതങ്ങൾ,യക്ഷികൾ,പൂർവികർ,വീരന്മാർ,വീര വനിതകൾ തുടങ്ങിയവരുടെ മന്ത്രം,തന്ത്രം, വൃതം,കർമ്മം എന്നിവ ഉൾപ്പെടുത്തിയുള്ള നൃത്ത രൂപത്തിലുള്ള ആരാധനയാണ് തെയ്യം.
പഴയങ്ങാടി അപ്പുറം കളിയാട്ടം എന്നും ഇപ്പുറം തെയ്യം എന്നും പറയുന്ന കലാരൂപം ഇന്ന് ലോകശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.മുൻപത്തെപോലെ തദ്ദേശവാസികൾ മാത്രം പങ്കെടുക്കുന്ന ആചാരങ്ങളിൽ നിന്നും വളർന്ന് ലക്ഷകണക്കിന് ആളുകൾ പങ്കെടുക്കുന്ന വലിയൊരു "ഉത്സവം" ആയി അത് വളർന്നു പന്തലിച്ചു.
ആരും നോക്കാനില്ലാതെ തെയ്യകാലത്തു ഒഴിച്ച് കാടുപിടിച്ചു കിടന്ന കാവുകൾ ഒക്കെ ഇന്ന് എപ്പോഴും സജീവമായി നിലകൊള്ളുന്നുണ്ട്. എല്ലാ സമയത്തും ആൾക്കാർ ചെല്ലുന്ന ആരാധനാലയമായി പലതും മാറികഴിഞ്ഞു.
ഇപ്പൊൾ തെയ്യം പലർക്കും നല്ലൊരു ബിസിനസ് ആയി മാറിയിട്ടുണ്ട്..തെയ്യം സമയങ്ങളിൽ അന്യ നാട്ടുകാരെ കൊണ്ട് വന്നു താമസിപ്പിച്ചു തെയ്യം കാണുവാനും അതിനെ കുറിച്ച് മനസ്സിലാക്കുവാനും ഉള്ള അനേകം ഏജൻസികൾ ഇപ്പൊൾ നിലവിലുണ്ട്..സർക്കാരും ഇപ്പൊൾ തെയ്യങ്ങളിൽ ശ്രദ്ധകൊടുത്ത് തുടങ്ങിയിട്ടുണ്ട്..അവരുടെ കൂടി പ്രോത്സാഹനം ഈ മേഖലയ്ക്ക് കിട്ടി തുടങ്ങിയിട്ടുണ്ട്.
ഇനിയും തെയ്യം എന്ന കലാരൂപം വളരട്ടെ..വളർന്ന് പന്തലിച്ച് നല്ല രീതിയിൽ അറിയപ്പെടട്ടെ...കലാകാരന്മാരുടെ വറുതിയുടെ നാളുകൾക്കു അസ്തമയം ഉണ്ടാകട്ടെ..
ഭാര്യ പലപ്പോഴും പറയാറുണ്ട്..തെയ്യം കാണുവാൻ വേണ്ടിയാണ് കണ്ണൂർ കാരനായ നിങ്ങളെ കല്യാണം കഴിച്ചതു എന്ന്..പക്ഷേ അവള് ഉദ്ദേശിച്ച തെയ്യം ഇതുവരെ കാണാൻ അവൾക്ക് കഴിഞ്ഞിട്ടില്ല..സിനിമകളിലും നോവലുകളിലും ഒക്കെ കാണിക്കുന്ന തെയ്യം ഒന്നുമല്ല യഥാർത്ഥ തെയ്യം എന്നത് നേരിട്ട് കണ്ടാൽ മാത്രമേ അറിയുവാൻ പറ്റൂ....കേട്ടറിഞ്ഞ് രസിക്കേണ്ടത് അല്ല കണ്ടറിഞ്ഞ് സായൂജ്യം ലഭിക്കേണ്ടതാണ് തെയ്യം.
❤️❤️❤️
ReplyDelete👍
ReplyDelete