Saturday, March 30, 2024

ആട് ജീവിതം


വളരെ പോപ്പുലർ ആയ ഒരു കഥ സിനിമയാകുമ്പോൾ പലവിധത്തിലുള്ള വൈതരണികൾ മുന്നിൽ ഉണ്ടാകും...അത് കൊണ്ട് തന്നെ കഥയുമായി നൂറു ശതമാനം നീതി പുലർത്തി സിനിമ എടുക്കുവാൻ കഴിയില്ല..സിനിമക്ക് അത്യാവശ്യം ഉള്ളത് എടുത്തു അത് സിനിമാറ്റിക്കു ആയി മാറ്റേണ്ടത് സംവിധായകൻ്റെ കരവിരുത് ആണ്..അതിൽ ബ്ലെസ്സി പൂർണമായും വിജയിച്ചിട്ടില്ല..


വിഷ്വൽ ട്രീറ്റ് കൊണ്ടായിരിക്കും നമ്മെ കഥയുമായി കൂടുതൽ അടുപ്പിക്കുന്ന മനസ്സിനെ സ്പർശിക്കുന്ന രംഗങ്ങൾ ഉണ്ടാകുക എന്ന് കരുതിയത് തെറ്റി..കഥ വായിച്ചു ഹൃദയം നുറുങ്ങിയവന് ചെറിയൊരു നെഞ്ച് വേദന വരുത്തുവാൻ കൂടി സിനിമക്ക് കഴിഞ്ഞിട്ടില്ല.

നാട്ടിൽ പൂഴി മണലിൻ്റെ സ്നേഹം അനുഭവിച്ചവന് മരുഭൂമിയിലെ പൂഴി മണൽ വരുത്തി വെക്കുന്ന ദുരന്തങ്ങൾ അത് തീവ്രമായി അവതരിപ്പിച്ചിട്ടുണ്ട്.അത് വായിച്ചു മനസ്സിലാക്കിയവർ കണ്ട് നോമ്പരപ്പെടും എന്ന് തോന്നുന്നില്ല. 



ആട് ജീവിതം വായിക്കാത്തവർക്ക് ഇതൊരു അതുഗ്രൻ സിനിമ ആയിരിക്കും.അങ്ങിനെ അണിയറക്കാർ അഭിനയം, ക്യാമറ,സംഗീതം കൊണ്ട് നമ്മെ പിടിച്ചിരുത്തുന്ന സിനിമ തന്നെയാണ്..പ്രിത്വി,ഗോകുൽ,ആഫ്രിക്കൻ ആയി അഭിനയിച്ച നടൻ ഒക്കെ അവരുടെ കരിയർ ബെസ്റ്റ് തന്നെയാണ് ചെയ്തു വെച്ചിരിക്കുന്നത്.


പ്രിത്വിയുടെ സിനിമയോടുള്ള അർപ്പണം,അഭിനയത്തോട് ഉള്ള ആത്മാർഥത ഒക്കെയാണ് എഴുനേറ്റു നിന്ന് കയ്യടിക്കാൻ പ്രേക്ഷകനെ നിർബന്ധിതമാക്കുന്നത് അയാളുടെ 

ട്രാൻസ്ഫോമാഷ്ൻ കൊണ്ട് മാത്രമല്ല അത്രക്ക് നജീബായി സ്വയം മാറിയത് കൊണ്ട് കൂടിയാണ്. തുടക്കത്തിൽ പൃഥ്വിയെ അല്ല നജീബിനെ കാണിക്കുന്ന രംഗത്തിൽ തൊട്ടു പ്രേക്ഷകർ ഞെട്ടുകയാണ്..നാട്ടിലെ ഒഴിച്ച് മരുഭൂമിയിലെ രംഗത്തിൽ ഒന്നും അദ്ദേഹത്തെ കാണാൻ കഴിയില്ല...കാണുന്നത് നജീബിനെ മാത്രം. 

മരുഭൂമിയിൽ ഉള്ള നജീബ് അല്ല മരുഭൂമിയിൽ നിന്നും രക്ഷപെട്ടു കുളിച്ചതിന് ശേഷമുള്ള നജീബ്.. ബ്ലെസ്സി ക്കു അവിടെ പിഴച്ചു പോയി. അത്രയും ദിവസം പട്ടിണി കൊണ്ട് അർധപ്രാണൻ ആയ നജീബ് തടി വെച്ച് പഴയപോലെ ആയി മാറി.



തനിക്ക് ഇഷ്ടമുള്ളവരുടെ പേര് നൽകി ആടുകളെ സ്നേഹിക്കുന്ന നജീബിനെ സിനിമയിൽ കാണിക്കാത്തത് ന്യൂനത തന്നെയായി പറയാം.താനകപെട്ട നരകം ആടുകളോടുള്ള ആത്മബന്ധം കൊണ്ട് മരുഭുഭിയിലെ  ചെറിയൊരു മരുപച്ചയാക്കാൻ നജീബ് ശ്രമിച്ചിരുന്നു.അതൊന്നും ബ്ലെസ്സി പറയുന്നില്ല...അത് കൊണ്ട് തന്നെ പുസ്തകവുമായി സംവദിച്ചവർക്ക് പോരായ്മയായി തോന്നാം.



ഗൾഫ് എന്ന മായിക ലോകത്ത്  നേട്ടങ്ങളും സന്തോഷവും മാത്രമല്ല ഇതുപോലെയുള്ള ദുരിതങ്ങളും നമ്മളെ കാത്തിരിക്കുന്നുണ്ട് എന്ന് വളരെ വ്യക്തമായി പറയുന്നുണ്ട്. സിനിമക്ക് വേണ്ടിയുള്ള നോവലിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് കാണാൻ ശ്രമിച്ചാൽ എല്ലാവർക്കും ഇഷ്ട്ടപെട്ട സിനിമയായി ആട് ജീവിതം മാറും


പ്ര.മോ.ദി.സം


No comments:

Post a Comment