Thursday, March 7, 2024

തലശ്ശേരി കാർണിവൽ

 



കേരളത്തിലെ പൈതൃക നഗരം എന്ന വിശേഷണമുള്ള തലശ്ശേരിയിൽ വീണ്ടും ഒരു കാർണിവൽ കൂടി നടന്നു വരികയാണ്.. ചെറിയൊരു ശതമാനത്തിൻ്റെ അരാഷ്ട്രീയ മനസ്സുകൾ കൊണ്ട് ഉണ്ടാകുന്ന രാഷ്ട്രീയ ഉരസലുകൾ കൊണ്ട് കുപ്രസിദ്ധി നേടിയ നാടിനെ അതിൻ്റെ പേരിൽ കേരളത്തിൽ നെഗറ്റീവ് പ്രതിച്ഛായ ഉണ്ടാക്കി പർവതീകരിക്കപെടുമ്പോൾ അവിടുത്തെ ഭൂരിപക്ഷം സാധാരണക്കാരുടെ നന്മകൾ പുറംലോകം അറിയപ്പെടാതെ പോകുന്നുണ്ട്.





തലശ്ശേരിക്കാരുടെ നന്മയും സ്നേഹവും കരുതലും പരിഗണനയും ആതിഥ്യ സൽക്കരങ്ങളും 

നിലപാടുകളും ലോക പ്രശ്സ്തമാണ്..സ്നേഹിച്ചാൽ ചങ്ക് പറിച്ചു നൽകുന്ന നാട്ടിൽ ചതിച്ചാൽ ജീവനെടുക്കുന്നവർ ഉണ്ടാകുക സ്വാഭാവികം.ഇതൊരു 

ന്യായീകരണം ആകുന്നില്ല എങ്കിൽ കൂടി  പലരുടെയും രക്തത്തിൽ അലിഞ്ഞു ചേർന്ന രാഷ്ട്രീയം ചോര ചിന്തുന്നത് അസഹനീയം.അത് നാടിൻ്റെ പേര് കളഞ്ഞു തുടങ്ങിയിട്ട് കാലമേറെയായി..





രാഷ്ട്രീയത്തിൽ ചിന്തകൾക്ക് സ്ഥാനം കൊടുക്കുന്ന പുതുതലമുറ ഇപ്പൊൾ നമ്മുടെ നാടിൻ്റെ ഒത്തൊരുമ തന്നെയാണ് നാടിൻ്റെ വികസനത്തിന് ആവശ്യമെന്ന് കരുതുന്നു. ജാതിയും മതവും രാഷ്ട്രീയവും കൊണ്ടുള്ള വേർതിരിവുകൾ ഇല്ലതാക്കേണ്ടത് സമൂഹത്തിൽ പ്രധാനമാണെന്ന്  ഈ കാർണിവൽ കാണുന്ന ഓരോരുത്തരും  അടിവരയിടുന്നു.അത്രക്ക് ജന പങ്കാളിത്തം കൊണ്ട് കൂടി ശ്രദ്ധേയമാവുകയാണ് ഈ ആഘോഷം.





സ്റ്റേജിൻ്റെ പേരിലും ആസൂത്രണത്തിൻ്റെ പേരിലും ചില കോണുകളിൽ നിന്ന് ചെറിയ കല്ലുകടി ഉണ്ടായി കോടതിയിൽ വരെ എത്തി എങ്കിലും ഇത്ര വലിയ ഒരു പരിപാടി സംഘടിപ്പിക്കുന്ന അവസരത്തിൽ ഇതൊക്കെ സ്വാഭാവികം എന്ന് കരുതി ആശ്വസിക്കാം.ഇനി ഒരു പരിപാടി സംഘടിപ്പിക്കുന്ന അവസരത്തിൽ ഇത് ഒരു റഫറൻസ് ആയി എടുക്കുകയും ചെയ്യാം.


സിനിമ അടക്കം പല മേഖലകളിൽ കഴിവ് തെളിയിച്ച തലശ്ശേരിയിലെ കലാകാരന്മാരുടെ ഒരു "കുറവ്" അനുഭവപ്പെടുന്നുണ്ട്..തിരക്ക് പിടിച്ച ജീവിതത്തിലൂടെ കടന്നു പോകുന്ന അവരിൽ ചിലരുടെയെങ്കിലും സമയങ്ങൾ കൂടി ക്രമീകരിച്ചു കൊണ്ടാവണം അടുത്ത കാർണിവൽ സംഘടിപ്പിക്കേണ്ടത്.




1983 ൽ അന്നത്തെ സബ് കളക്ടർ അമിതാബ് കാന്തിൻ്റെ   മനസ്സിൽ വിരിഞ്ഞ ആശയം ആയിരുന്നു ജനങ്ങളെ ഒന്നിപ്പിച്ച് നിർത്തുവാൻ ഉള്ള ഈ ആഘോഷം.അദ്ദേഹത്തിൻ്റെ  ആഗ്രഹം പോലെ തന്നെ ജാതിമത രാഷ്ട്രീയ

 ഭേധ്യമെന്നെ ജനങ്ങൾ ഒത്തൊരുമിച്ച് അത് ആഘോഷിച്ചു..പിന്നീട് തുടർച്ചായും ഇടക്കിടക്ക് ഒക്കെ കാർണിവൽ ഉണ്ടായി എങ്കിലും വീണ്ടും അതിൻ്റെ പ്രൗഡ ഗംഭീരതയിൽ വന്നു നിൽക്കുന്നത് ഈ പ്രാവശ്യമാണ്.







നാദിർഷ,വിധു പ്രതാപ്,അമൃത സുരേഷ്,സ്റ്റീഫൻ ദേവസി,ആര്യ ദയാൽ തുടങ്ങി പ്രഗത്ഭർ അണിനിരക്കുന്ന കലാപരിപാടികൾ മാത്രമല്ല ഗ്രോ എക്സ്പോ,നിയമസഭാ ചരിത്ര മ്യുസിയം,വ്യവസായ സെമിനാർ, മൾട്ടി മീഡിയ ആർട്ട് പ്രദർശനം,ചരിത്ര സെമിനാർ,വയോജന സംഗമം,മാധ്യമ സംഗമം,വനിതാ സമ്മേളനം  അങ്ങിനെ സമൂഹത്തിൻ്റെ നാനാ തുറകളിൽ ഉള്ളവരെ ഉൾപ്പെടുത്തിയ വിവിധ  പരിപാടികൾ ഒരാഴ്ച നീണ്ടുനിന്ന കാർണിവല്ലിൻ്റെ മുതൽക്കൂട്ട് തന്നെയാണ്.






തലശ്ശേരിയുടെ വിവിധതരം രുചികൾ ആസ്വദിക്കുവാൻ കടൽപാലത്തിന് സമീപം ഒരുക്കിയ ഫുഡ് കോർട്ട് എടുത്തു പറയേണ്ടതാണ്..ഓരോ ദിവസവും അവിടെ എത്തി നിരവധിപേരാണ് തലശ്ശേരി രുചിയും ആതിഥ്യവും ഹൃദയത്തില് കൊണ്ട് പോയിട്ടുള്ളത്.





തലശ്ശേരിയുടെ സംഗീതം രാഘവൻ മാസ്റ്ററുടെ ഓർമകുടീരം സന്ദർശിക്കുമ്പോൾ അദ്ദേഹത്തിൻ്റെ നിത്യഹരിത ഗാനങ്ങൾ നമുക്ക് ആസ്വദിക്കാൻ പറ്റും.മഹാനായ അബ്ദുൽ കലാമിൻ്റെ പ്രതിമ ക്കു സമീപത്ത് നിന്നാൽ അദ്ദേഹത്തിൻ്റെ പ്രചോദനം നൽകുന്ന ശബ്ദം നമുക്ക് കേൾക്കാം.






തലശ്ശേരികാർക്ക് രണ്ടു മാസമായി ഒന്നിന് പിറകെ ഒന്നായി വിവിധതരം പരിപാടികൾ ആണ്.അത് ജാതിമത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി എല്ലാവരും ആസ്വദിക്കുന്നുണ്ട് എന്നത് തന്നെയാണ് വലിയൊരു കാര്യം.


കോടിയേരി സഖാവിൽ കൂടി തുടങ്ങിയ  ഹെറിറ്റേജ് ടൂറിസം  പരിപാടി ഇപ്പോഴത്തെ സമാജികൻ ഷംസീരിൽ കൂടി തുടർന്ന് പോകുന്നത് തലശ്ശേരിയുടെ വികസന സ്വപ്നങ്ങൾക്ക് മുതൽക്കൂട്ടാണ്.ഇതിൻ്റെ ഭാഗമായി ചരിത്ര സ്മാരകങ്ങൾ കൂട്ടിയിണക്കി ഹെറിറ്റേജ് ടൂറിസം പ്രമോഷൻ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.




ഈ കാർണിവൽ വലിയ വിജയം ആകുന്നതിന് മുൻകൈ എടുത്ത നഗരസഭ ക്കും അവരുടെ സ്വപ്നങ്ങൾക്ക് നിറം കൊടുക്കുവാൻ യത്നിച്ച അനേകം സംഘടനകൾക്കും  ചില  നഷ്ട്ടങ്ങൾ സഹിച്ചു നാടിൻ്റെ ആവശ്യങ്ങൾക്ക് കൂടെ നിൽക്കുന്ന ഓട്ടോ ഡ്രൈവർമാർ,വ്യാപാരികൾ  തുടങ്ങി പല തുറകളിൽപെട്ട അനേകായിരം പേർക്ക് തലശ്ശേരിയുടെ മക്കളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..


പ്ര.മോ.ദി.സം

No comments:

Post a Comment