Monday, March 11, 2024

ഒരു ഭാരത ഉത്പന്നം

 



അടുത്ത കാലത്ത് കണ്ട ഒരു ക്ലീൻ ഫാമിലി എൻ്റർടൈനർ ആണ് സര്ക്കാര് ഉത്പന്നം..താരങ്ങൾ ഇല്ലാത്തത് കൊണ്ടോ തള്ളി തളളി 

മറിക്കാൻ ഫാൻസ് ഇല്ലാത്തത് കൊണ്ടോ എന്തോ ഈ ചിത്രത്തിന് ഇനി മൗത്ത് പബ്ലിസിറ്റി മാത്രമാണ് രക്ഷ.മറ്റു ചിത്രങ്ങളുടെ തള്ളൽ കൊണ്ട് ഈ ചിത്രം കാണികളിൽ നിന്നും ഒറ്റപ്പെട്ടു പോവാൻ പാടില്ല. കുടുംബ സമേതം ആസ്വദിക്കുവാൻ പറ്റിയ സിനിമ തന്നെയാണ്.




ആശ വർക്കർമാരുടെ ദൈനദിന ജീവിതം ആദ്യമായി കാണുകയാണ് പലരും ഈ സിനിമയിലൂടെ...ആരോഗ്യ മേഖലയിൽ ജോലി ചെയ്ത ആൾ എഴുതിയ ചിത്രം എന്ന നിലയിൽ ആശ വർക്കർമാരുടെ ജീവിതം എങ്ങിനെ എന്ന് മനസ്സിലാക്കുവാൻ കൂടി നമുക്ക് കഴിയുന്നുണ്ട്. വലിയ വലിയ കാര്യങൾ ഈ പാവങ്ങളുടെ തലയിലിട്ട് തങ്ങളുടെ പ്രമോഷനും അംഗീകാരങ്ങളും നേടിയെടുക്കുന്ന ആരോഗ്യ മേഖലയിൽ ഉള്ളവരെ ചിത്രം കാട്ടിത്തരുന്നു,വിമർശിക്കുന്നു..


പുരുഷ വന്ധീകരണം പ്രമേയമായിട്ടുള്ള  ഈ സിനിമ ഓരോ സീനിലും നമുക്ക് വേണ്ട ചിരിയോ ചിന്തയോ അതുമല്ലെങ്കിൽ നോവോ ഒക്കെ കരുതി വെച്ചിട്ടുണ്ട്..ഇതിൻ്റെ കാസ്റ്റിംഗ് തന്നെയാണ് ഈ ചിത്രത്തിൻ്റെ  ഫ്രഷ്ന്നെസ് കൊണ്ട് വരുന്നത്..അധികം സിനിമയിൽ കാണാത്ത മുഖങ്ങൾകൊപ്പം കണ്ട മുഖങ്ങൾ പോലും വളരെ സൂക്ഷ്മമായി തങ്ങളുടെ റോളുകൾ കൈകാര്യം ചെയ്തിരിക്കുന്നു.സുഭിഷ്,ഷെല്ലി,അജു വർഗീസ്,ഗൗരി വിനീത്,ജാഫർ ഇടുക്കി എന്നിവരാണ് നമ്മളെ രസിപിച്ചും ചിന്തിപ്പിച്ചു കൊണ്ടും നോവിച്ചു കൊണ്ടും മുന്നോട്ട് കൊണ്ട് പോകുന്നത്.




സർകാർ കുറെയേറെ പരിപാടികൾ കൊണ്ടുവരുന്നുണ്ട് എങ്കിൽ പോലും ഉദ്യോഗസ്ഥന്മാരുടെ താൽപര്യം ഇല്ലായ്മ കാരണം അല്ലെങ്കിൽ അവരുടെ അനാസ്ഥ കൊണ്ട് പലതും ജനങ്ങളിലേക്ക് എത്തുന്നില്ല..ജനസംഖ്യ കുറയ്ക്കുവാൻ സര്ക്കാര് ആവിഷ്കരിച്ച പരിപാടികൾ വർഷങ്ങളായി സ്ത്രീകൾ മാത്രം ചെയ്തു വരുമ്പോൾ തീരെ വേദനയില്ലാത്തതും യാതൊരു റിസ്ക് ഇല്ലാത്തതും അല്പം പോലും റെസ്റ്റ് വേണ്ടാത്തതുമായ പരിപാടി പുരുഷന്മാർക്ക് ഉണ്ടെന്ന് എത്ര പേർക്കറിയാം?




ഇത് മാത്രമല്ല ഇതുപോലത്തെ പല കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കാത്ത കൊണ്ട് പല കാര്യത്തിലും നമ്മൾ അജ്ഞരാണ്...ചില കേന്ദ്ര പദ്ധതികൾ സര്ക്കാര് പോലും അവഗണിച്ചത് നമ്മൾ കണ്ടതാണ്.




അന്ധതയുള്ള വിശ്വാസത്തെ കുറിച്ച് കാര്യമായി തന്നെ നമ്മളോട്  പറയുന്ന സിനിമ

എൻഡോസൾഫാൻ ദുരിതത്തെ കുറിച്ച് ഒരു സീൻ ആണെങ്കിൽ പോലും ശക്തമായി  പ്രതികരിക്കുന്നു. അങ്ങിനെ നമ്മുടെ ഇന്നിൻ്റെ കഥപറയുന്ന ചിത്രത്തിൻ്റെ തിരക്കഥാകാരൻ തിയേറ്ററിൽ കയ്യടി നേടുന്നത് കാണാൻ ഇപ്പൊൾ ഇല്ല എന്നത് വേദനിപ്പിക്കുന്നു.ചിത്രത്തിൻ്റെ റിലീസിന് ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം ഈ ലോകത്തെ വിട്ടു പിരിഞ്ഞത്.





ടി.വി.രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൻ്റെ കഥ തിരക്കഥ എഴുതിയത് നിഷാം ആണ്.


പ്ര.മോ.ദി.സം 

No comments:

Post a Comment