Wednesday, July 12, 2023

നന്മയുടെ രുചിയുള്ള പൊതിച്ചോറ്...




ഒരാളോട് സുഖമാണോ എന്നല്ല ചോദിക്കേണ്ടത് എന്തെങ്കിലും കഴിച്ചോ എന്നാണ്...മനുഷ്യന് വിശപ്പാണ്  ഏറ്റവും കുഴക്കുന്ന വികാരം.അതാണ് അവനിൽ നിന്നും  അകറ്റെണ്ടത് അത് കൊണ്ട് തന്നെ സുഖമാണോ എന്ന് അന്വേഷിക്കുന്നതിന് മുൻപ് വല്ലതും കഴിച്ചോ എന്ന് അന്വേഷിക്കണം.

രാഷ്ട്രീയപരമായി പലപ്പോഴും വിയോജിപ്പ് ഉള്ളത് കൊണ്ടും തുടർന്ന് പോകുന്ന നിലപാടുകളോട് യോജിപ്പ് ഇല്ലാത്തത് കൊണ്ടും കൂടുതൽ വിമർശിക്കാൻ അവസരം തന്ന സംഘടനയാണ് ഡിവൈഎഫ്ഐ..

കുടുംബത്തിലെ പലരും സംഘടന സ്ഥാപിച്ചത് മുതൽ തന്നെ അംഗങ്ങൾ ആയിരുന്നു എങ്കിലും പിന്നെ പിന്നെ പലരും അവരോട് അവരുടെ പ്രവർത്തന ശൈലി മൂലം വിയോജിക്കുകയാണ് ഉണ്ടായത്...പാർട്ടി ഭരിക്കുമ്പോൾ അണ്ണാക്ക്ൽ പഴം തിരുകുന്ന സംഘടന എന്ന പേരുദോഷം കൂടി വരുത്തി വെക്കുകയും ചെയ്തു.

പക്ഷേ അവർ കുറച്ചു കാലമായി ചെയ്യുന്ന ഒരു നിശബ്ദ വിപ്ലവം ഉണ്ട്...എത്രപേർ അത് നമ്മുടെ നാട്ടിൽ വാർത്തയാക്കി എന്ന് അറിയില്ല .പക്ഷേ അത് വിദേശത്തെ പത്രങ്ങളിൽ വലിയ പേജ് വാർത്ത തന്നെ ആയിരുന്നു.അത് പോലും പലരും പങ്ക് വെക്കുന്നതിൽ വിമുഖത കാട്ടി.

ഇത് വരെ ആശുപത്രികളിൽ അവർ ആറു കോടിയിൽ പരം "പൊതിച്ചോറ്" നൽകി കഴിഞ്ഞു...ദിനം പ്രതീ അത് കൂടി കൂടി വരികയാണ്.രോഗികൾക്കും കൂട്ടിരുപ്പുകാർക്കും വേണ്ടി അവരുടെ പ്രവർത്തകർ പലയിടങ്ങളിൽ നിന്നും ദിനംപ്രതി സംഭരിച്ച് നൽകുന്നതാണ് അത്.


സംഭരിക്കുന്നത്  എതിരാളി രാഷ്ട്രീയക്കാരിൽ നിന്നും പല വിമർശനങ്ങളും വരുത്തി വെച്ചിട്ടുണ്ട്...സ്വാഭാവികം...അസൂയക്കും കഷണ്ടിക്കും മരുന്ന് ഇല്ലല്ലോ...അത് കൊണ്ട് തന്നെ അതൊക്കെ നിസ്സാരമായി തള്ളി കളയണം ..കാരണം ലോകത്ത് ഒരു സംഘടനക്കും കഴിയാത്ത കാര്യമാണ് നമ്മുടെ കൊച്ചു കേരളത്തിലെ ഒരു രാഷ്ട്രീയ യുവജന സംഘടന കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്... അതും തുടർച്ചയായി....വർഷങ്ങളായി ഒരു ദിവസം പോലും മുടങ്ങാതെ...

നല്ലത് അംഗീകരിക്കുവാൻ അതിനെ പ്രശംസിക്കുവാൻ അത് പ്രസിദ്ധപെടുത്തുവാൻ രാഷ്ട്രീയം ഒരിക്കലും വിലങ്ങുതടിയായി മാറരുത്..ഇവർ ചെയ്യുന്നത് വലിയൊരു നന്മയാണ്..ഭക്ഷണം എ ല്ലിനിടയിൽ കിടന്നു കുത്തുന്നവർക്ക് അത് മനസ്സിലായി എന്ന് വരില്ല..

ആശംസകൾ ഡിവൈഎഫ്ഐ
തുടരുക ഈ നന്മകൾ

പ്ര.മോ.ദി.സം

No comments:

Post a Comment