Sunday, November 27, 2022

ഫുഡ്ബോൾ "ലഹരി"

 



ചരിത്രത്തിൽ ഖത്തർ അത്ര വല്യ "മര്യാദ "ഉള്ള രാജ്യം ഒന്നുമല്ല .മനുഷ്യാവകാശ ലംഘനത്തിൻ്റെ പേരിൽ, ഭീകരവാദികൾക്കു സഹായം ചെയ്തതിൻ്റെ പേരിൽ (അങ്ങിനെ ഒന്നുമില്ല എന്നു് ഖത്തർ അന്നും ഇന്നും വാദിക്കുന്നുണ്ട് ) അറബ് രാജ്യങ്ങൾ പോലും ഒറ്റപ്പെടുത്തി ഭ്രഷ്ട് കൽപ്പിച്ച് അകറ്റി നിർത്തിയ രാജ്യമാണ്.പണം ധാരാളം ഉള്ളത് കൊണ്ടു ഒരു പരിധിവരെ എല്ലാം മറി കടന്നു വന്നു എന്ന് തന്നെ പറയാം..പണത്തിന് മീതെ പരുന്തും പറക്കില്ല എന്നതാണ് യാഥാർഥ്യം 



മതത്തിൻ്റെ  പേരിലുള്ള "നീരാളി "പിടുത്തങ്ങൾ, (നമ്മുടെ രാജ്യത്ത് ഒരളവുവരെ ഇത് സാധ്യമാകുന്നത് കൊണ്ടാണ് മതത്തിൻ്റെ പേരിൽ രാഷ്ട്രീയക്കാർ അധികാരങ്ങൾ കയ്യാളുന്നത്) അല്ലെങ്കിൽ ധാരാളം നിയന്ത്രണങ്ങൾ  ഉള്ള ഒരു രാജ്യത്ത് ഫുഡ്ബോൾ ലോകകപ്പ് പോലുള്ള മാമാങ്കങ്ങൾ അനുവദിക്കുമ്പോൾ പലതിലും നിയന്ത്രണങ്ങൾ ഉണ്ടാകും എന്നു് അനുവദിച്ചു കൊടുക്കുന്നതിന് മുൻപേ ഫിഫ എന്ന സംഘടന മനസ്സിലാക്കേണ്ടതാണ്. അനുവദിച്ചു കൊടുത്തതിനു ശേഷം പിന്നെ  പലരും  ഒളിഞ്ഞും തെളിഞ്ഞും അവരെ പഴിപറയുന്നതിന് കാര്യമില്ല..അവർ അതിനെ ഘട്ടം ഘട്ടമായി മുതലെടുത്ത് എന്നത് ഇപ്പൊൾ സത്യവും...


അനുവദിക്കുമ്പോൾ അന്ന് തലപ്പത്തുണ്ടായവർ ഇപ്പൊൾ അത് തെറ്റായ തീരുമാനം ആയിപൊയി എന്ന് വിലപിക്കുന്നതിലും അർത്ഥമില്ല.ചിലരൊക്കെ സംഘടനയുടെ തലപ്പത്ത് നിന്ന് എങ്ങിനെ പുറത്തായി എന്നതും കൂടി കൂട്ടി വായിക്കണം.


എന്നാലും മനുഷ്യാവകാശ ലംഘനങ്ങൾക്കു എതിരെ പ്രതികരിക്കുവാൻ ഓരോ കളിക്കാരനും അവകാശം ഉണ്ട്. ആം ബാൻഡ് ധരിച്ച് പ്രതിക്ഷേധം രേഖപ്പെടുത്തുവാൻ തീരുമാനിച്ച യൂറോപ്യൻ രാജ്യങ്ങൾ ഫിഫ കണ്ണുരുട്ടി കാണിച്ചപ്പോൾ വേണ്ടെന്ന് വെച്ച് എങ്കിലും വായപൊത്തി ഫോട്ടോക്കു പോസ് ചെയ്തു ജർമൻ ടീം തങ്ങളുടെ നിലപാട് ലോകത്തെ അറിയിച്ചു.


രാജ്യത്തെ ഹിജാബ് അടിച്ചേൽപ്പിക്കുന്നതിന് എതിരെ സമരം ചെയ്യുന്നവരെ സപ്പോർട്ട് ചെയ്തു ദേശീയ ഗാനം "ബഹിഷ്കരിച്ചു" കളിക്കാൻ ഇറങ്ങിയ ഇറാൻ അത് കൊണ്ട് തന്നെ  കൂട്ടത്തിൽ നിർഭയരായി .തിരിച്ചു സ്വന്തം രാജ്യത്തേക്ക്  തന്നെ പോകേണ്ടവർ ആണ് അവർ.


ഇതൊക്കെ കണ്ട് "പേടിച്ച"  നമ്മുടെ നാട്ടിലെ ചില "അരസികർക്ക് "  ഫുട് ബോളിനോട് പുച്ഛം. ഉറക്കം ഒഴിച്ച് കളി കാണരുത് പടച്ചവനെ മറന്ന് ആരാധനാലയങ്ങളെ  ഉപേക്ഷിച്ച്  കളിയെ സ്നേഹിക്കുന്നത് നിർത്തണം എന്നും  ഇതൊക്കെ ദുർവ്യയം ആണെന്നും ചില രാജ്യങ്ങൾ നമുക്ക് എതിരാണ് അവരെ സപ്പോർട്ട് ചെയ്യരുത് എന്നൊക്കെ ഗീർവാണം തുടങ്ങി..ആരും അറിയാത്ത ഒരു സംഘടനയെ ഫുഡ്ബോൾ മാമാങ്കത്തിൻ്റെ പേരിൽ പരസ്യപ്പെടുത്തി ആൾക്കാരെ അറിയിക്കാൻ ഉള്ള വെപ്രാളം.


നമ്മുടെ നാടിനെക്കാളും മത തീവ്രത കൂടിയ പുണ്യഭൂമി ഉള്ള സൗദി പോലും വലിയൊരു വിജയത്തിൻ്റെ പേരിൽ രാജ്യത്ത് പൊതു അവധി കൊടുക്കുമ്പോൾ , കളികാർക്ക് സമ്മാനങ്ങൾ കൊടുത്ത് പ്രോത്സാഹിപ്പിക്കുബോൾ  ആണ് അധികം ആരും അറിയാത്ത ഒരു കൂട്ടം വലിയൊരു മാമാങ്കത്തിന് മതത്തിൻ്റെ പേരിൽ  ഭ്രഷ്ട് കൽപ്പിക്കുന്നത്.


കോവിട് കാലത്ത് ആരാധനാ ലയങ്ങളും മറ്റും ഉപേക്ഷിച്ച് വീട്ടിൽ തന്നെ  ഇരുന്നു നല്ലത് പോലെ പ്രാർത്ഥിച്ച ആൾക്കാരാണ് നമ്മൾ.

പ്രാർത്ഥനക്ക് നമ്മൾ ആരാധനാലയങ്ങളിൽ പോകണം എന്ന് ഒരു നിർബന്ധവും ഇല്ല...മനസ്സ് നല്ലതാണെങ്കിൽ എവിടെ ആണെങ്കിൽ പോലും പ്രാർത്ഥിക്കാം.ഈ പറയുന്ന ആൾകാർ റോഡിൽ പോലും പായ വിരിച്ച് പ്രാർത്ഥന നടത്തിയിട്ടുണ്ട്.


നമ്മൾ ഒക്കെ ഒത്ത് ചേർന്ന് സമൂഹത്തിന് വേണ്ടി നല്ല കാര്യങ്ങളിൽ ഇടപെടാൻ അവസരം ഉണ്ടാക്കുകയായിരുന്നു ആരാധനാലയത്തിൻ്റെ ലക്ഷ്യമായി  മുൻപുള്ളവർ കണ്ടിരുന്നത്.. ഇന്നത് ഒരു പരിധിവരെ മറ്റു അനധികൃത കാര്യങ്ങൾക്ക് കൂടി ചെയ്യുവാൻ  സാമൂഹിക വിരുദ്ധരായവർ മറയായി ഉപയോഗപ്പെടുത്തുന്നു. അത് കൊണ്ട് തന്നെയാണ് ഒരു ആരാധനാലയം ഇല്ലാതായാൽ നാട്ടിൽ അത്രയും സമാധാനം ഉണ്ടാകും എന്ന് പറഞ്ഞതിനോട് യോജിക്കേണ്ടി വരുന്നത്.


അതുകൊണ്ട് നമ്മൾ എതിർക്കേണ്ടത് കായികത്തി നോടുള്ള മനുഷ്യരുടെ  ലഹരിയല്ല..മദ്യം,മയക്കുമരുന്ന്,പണം,അന്യസ്ത്രീകൾ എന്നിവയൊ ടുള്ള മനുഷ്യൻ്റെ ആർത്തിയെയും ലഹരിയെയുമാണ്. അതില്ലാതാക്കുവാൻ കൂടി നമ്മുടെ ആരാധനാലയങ്ങൾ ഉപയോഗപ്പെടുത്തണം.നമ്മുടെ ആൾകാർ ഒന്നും വഴി പിഴച്ചു പോകുന്നില്ല എന്നുറപ്പിക്കുവാൻ ആരാധനാലയങ്ങൾക്കു കഴിയണം..ഇങ്ങിനെയുള്ള അവസരങ്ങളിൽ *പബ്ലിസിറ്റി സ്റ്റണ്ട് * നാടകം കളുക്കുന്നവർ ഈ കാര്യത്തിലും മുൻകൈ എടുക്കണം.


പ്ര .മോ. ദി .സം

No comments:

Post a Comment