Thursday, February 27, 2025

ഡ്രാഗൺ

 

കോമാളി,ലൗ ടുഡേ എന്നീ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്യുകയും ക്യാമറയ്ക്ക് മുന്നിൽ വരികയും ചെയ്ത പ്രദീപ് രംഗനാഥൻ എന്ന യുവനടൻ/ സംവിധായകൻ മറ്റൊരു സംവിധായകനായ അശ്വന്ത് മാരിമുത്തുവിൻ്റെ സംവിധാനത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ഡ്രാഗൺ.



കോമാളി എന്ന ജയം രവി ചിത്രത്തിലൂടെ സംവിധായകൻ ആയി ശ്രദ്ധിക്കപ്പെട്ട അദ്ദേഹം അതിൽ ചെറിയ റോളും ചെയ്തിരുന്നു.എന്നാല് രണ്ടാമത്തെ സംവിധാന ചിത്രം ബ്ലോക്ക് ബസ്റ്റർ ആയി എന്ന് മാത്രമല്ല അതിലെ നായകൻ കൂടി അദ്ദേഹം ആയിരുന്നു.



നല്ലവണ്ണം പഠിച്ചു കോളേജിൽ ഫസ്റ്റ് ആയി അവാർഡ് വാങ്ങി പുറത്തിറങ്ങുന്ന കുട്ടികളെക്കാൾ പെൺകുട്ടികൾക്ക് ഇഷ്ട്ടം അല്പസ്വല്പം വശപിശകും റൗഡി തരവും ആണെന്ന് സ്വന്തം അനുഭവത്തിൽ നിന്നും മനസ്സിലാക്കുന്ന രാഘവ് എൻജിനീയറിങിന് അടിച്ചു കളിച്ചു പ്രേമിച്ചു നടന്നു കോളേജിലെ ഏറ്റവും റൗഡി ആയ കുട്ടിയായി നാല്പത്തിയാറു പേപ്പർ സപ്ലി വരൂത്തി വെക്കുന്നു.


കൂട്ടുകാരുടെ സഹായത്തോടെ വീട്ടുകാരെ പറ്റിച്ചു ജീവിക്കുന്നതിനിടയിൽ ഒരു കാര്യത്തിലും മുന്നേറ്റം ഇല്ലാത്ത  രാഗവിനെ കാമുകി കല്യാണം കഴിച്ചു  വിട്ടു  പോകുമ്പോൾ  അവളുടെ ഭർത്താവിനെക്കാൾ ശമ്പളം ഉള്ള ജോലി വാങ്ങണം എന്ന വാശി തെറ്റായ മാർഗത്തിലൂടെ ജീവിക്കുവാൻ അയാളെ പ്രേരിപ്പിക്കുന്നു.


അയാള് ഉണ്ടാക്കിയെടുത്ത ജോലി, കാറ്, കൊട്ടാരം,ബന്ധങ്ങൾ ,സ്റ്റാറ്റസ് ഒരു ദിവസം തകർന്നു തരിപണം ആകാൻ പോകുന്നു എന്ന തിരിച്ചറിവിൽ അത് ഇല്ലാതാക്കുവാൻ ഡ്രാഗൻ്റെ പരിശ്രമങ്ങൾ ആണ് ചിത്രം പറയുന്നത്.


എസ്.ജെ സൂര്യയെ പോലെ ചെറിയ അവസത്തിൽ തുടങ്ങി അഭിനയത്തിലേക്ക് കടന്നു വിജയം വരിക്കുന്ന നടനായി ഇദ്ദേഹം മാറിയിരിക്കുന്നു.ചില സീനുകളിൽ ധനുഷിനെ ഓർമ്മിപ്പിക്കുന്നു എങ്കിലും തൻ്റേതായ ശൈലി കൊണ്ടുവരാൻ ഇദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്.


പ്ര.മോ.ദി.സം



No comments:

Post a Comment