Tuesday, September 26, 2023

സഹകരണം" അത്യാവശ്യം

 



സഹകരണബാങ്ക് കൊള്ളയും ഭരണസമിതി വീഴ്ചകളും ഈഡി റെയ്ഡും ഒക്കെയാണ് ഇപ്പോഴത്തെ  പ്രധാനപെട്ട വിഷയങ്ങൾ.


പ്രതികരണങ്ങൾ ഈ വിഷയത്തിൽ വേണ്ടത് തന്നെ...അത്ര വലിയ കൊള്ളയും   തട്ടിപ്പും നടത്തി നിക്ഷേപർക്ക്   അത്യാവശ്യചികിത്സക്ക് വേണ്ടി പോലും പണം കിട്ടാത്ത അവസ്ഥയായി .പലരുടെയും ജീവിതം തന്നെ ഇപ്പൊൾ വഴിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ്.


പക്ഷേ ചില സഹകരണകാരുടെ പിടിപ്പുകേട് കൊണ്ടും ആർത്തികൊണ്ടും ചില ബാങ്കുകളിൽ പണം  കൊള്ളയടിച്ചു നഷ്ട്ടപ്പെട്ടു എന്ന് കരുതി കേരളത്തിലെ മുഴുവൻ സഹകരണ സംഘങളും കൊള്ളക്കാർ എന്ന് പ്രചരിപ്പിക്കുന്നത് നല്ലതല്ല.



നല്ല രീതിയിൽ പ്രവർത്തിക്കുന്ന അനേകം സഹകരണ പ്രസ്ഥാനങ്ങൾ  നമ്മുടെ ചുറ്റിലും ഉണ്ട്. ആവശ്യമുള്ള കാലം മുതൽ ഞാൻ വ്യക്തിപരമായി ആശ്രയിക്കുന്ന നാടിൻ്റെ പേരുള്ള സഹകരണ ബാങ്ക് ഇതുവരെ എന്നെ  നല്ലനിലയിൽ സഹായിച്ചു എന്ന് മാത്രമല്ല ആരെയും പറ്റിച്ചത് കേട്ട് കേൾവി പോലുമില്ല.


പലർക്കും ഉപകാരപ്രദമായി ഇന്നും കുറെ ബ്രാഞ്ചുകളുമായി  ജില്ലയിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്നുണ്ട്..അതുപോലെ പലനാട്ടിൽ പല സഹകരണ പ്രസ്ഥാനങ്ങൾ തല ഉയർത്തി നിക്കുനുണ്ടാവും..


പല വലിയ ബാങ്കുകളും ധാർഷ്ട്യം കാണിച്ചു സാധാരണക്കാരെ  അകററിയപ്പോൾ ഒരുകാലത്ത് അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുവാനും അവരുടെ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ചു. പറക്കുവാനും സഹകരണ പ്രസ്ഥാനങ്ങൾ തന്നെയാണ് മുന്നിൽ നിന്നത്. കേരളത്തിൻ്റെ വീടുകളിൽ  സഹകരണ പ്രസ്ഥാനങ്ങൾ "സഹായിക്കാത്ത"  വീടുകൾ കുറവായിരിക്കും.


അനേകായിരം ആളുകൾ ചോര നീരാക്കി ഭാവിയിലേക്ക് നീക്കിയിരുപ്പുവെച്ച പണം ആരു എടുത്തു കൊണ്ട് പോയാലും അത് കൊള്ള തന്നെയാണ്.അതിനെ 

ഏതൊക്കെ രീതിയിൽ മുഖ്യ മന്ത്രിയും മന്ത്രിയും പാർട്ടി സെക്രട്ടറിയും നേരിട്ടാൽ പോലും നിക്ഷേപകർക്ക് പണം തിരിച്ചു നൽകുന്നതിൽ കവിഞ്ഞു മറ്റൊരു മാർഗം ഇല്ല.


മുഖ്യമന്ത്രി പറഞ്ഞത് മനസ്സിലാക്കുമ്പോൾ സര്ക്കാര് അതിനു ഗ്യാരണ്ടി നിൽക്കും എന്നാണ് തോന്നുന്നത്...അത് ഒരിക്കലും ജനങ്ങളുടെ നികുതിപ്പണം എടുത്തു കൊടുത്തു കൊണ്ട് ഒരു സെറ്റിൽമെൻ്റ് ആകരുത്.അങ്ങിനെ ചെയ്താൽ ഭാവിയിൽ ഇത്തരം കൊള്ളകൾ ചെയ്യുന്നവർക്ക് ഒരു പ്രചോദനം ആകും..അവർ കക്കുന്നത്  നമ്മളൊക്കെ ചേർന്ന് കൊടുക്കേണ്ടി വരും.



മറിച്ച് ഇതിൽ ഉൾപ്പെട്ട കൊള്ള ക്കാർ ആയ ആൾക്കാരുടെ സ്വത്തും പണവും ജപ്തി ചെയ്തു കൊണ്ടായിരിക്കണം നിക്ഷേപകരെ സഹായിക്കേണ്ടത്. അല്ലാതെ ഈ ഡി വരുമ്പോൾ പാർട്ടിക്കാരെ ഇറക്കി അവരെ തുരത്താൻ നോക്കരുത്..കള്ളന്മാർക്ക് പാർട്ടി ഒത്താശയും  സഹായവും  ഒരിക്കലും ചെയ്തു കൊടുക്കരുത്.


ഒരു സഹകരണ സ്ഥാപനം "പൊട്ടി "എന്ന് പ്രചരിക്കുംപോൾ വീണുപോകുന്നത്  അനേകം സഹകരണ സ്ഥാപനങ്ങളുടെ ബിസിനെസ്സ് ആണ്. അത് നമ്മുടെ നാടിൻ്റെ സാമ്പത്തിക  സ്ഥിതിയെ തകർക്കും...ന്യൂജൻ ബാങ്കുകളും കൊള്ള പലിശക്ക് കൊടുക്കുന്നവരും കയറി നമ്മുടെ നാട്ടിൽ നിരങ്ങും.


അതുകൊണ്ട് തന്നെ സർക്കാരും  പാർട്ടിയിലെ ചില വ്യക്തികൾക്ക്  വേണ്ടി മാത്രം  പ്രതിരോധത്തിലേക്ക്  പോവാതെ ശരിയായ പാതയിലൂടെ സഞ്ചരിച്ചു നിയമപരമായി തന്നെ മുൻപോട്ടു പോകണം. 


കേരളത്തിൽ കൂടുതൽ കൊള്ള പലിശക്ക് പണം കൊടുക്കുന്ന സ്ഥാപനങ്ങൾ ഉള്ള ജില്ലയിൽ തന്നെ ഇങ്ങിനെ ഒരു സംഭവം ഉണ്ടായതും  അത്  ഉടനീളം വ്യാപിച്ചു ഇത്ര പ്രചാരം നൽകി സഹകരണ പ്രസ്ഥാനങ്ങൾ മുരടിപ്പിക്കുവാൻ  ശ്രമിക്കുന്നവർ ആരാണെന്ന് കൂടി മനസ്സിലാക്കാൻ പാഴൂർ പടിപ്പുരവരെ ഒന്നും പോകേണ്ടതില്ല.


പാർട്ടിയും സർക്കാരും ഇതിന് കൂട്ട്  നിൽക്കരുത് എന്ന് മാത്രമല്ല  ഉന്നത സ്ഥാനങ്ങളിൽ ഇരുന്നു കൊള്ളക്കും തട്ടിപ്പിന് കൂട്ട് നിന്നു കൊണ്ടുള്ള  അനുകൂല  പ്രസ്താവനകളും ഇറക്കരുത്. സഹകരണ പ്രസ്ഥാനങ്ങൾ നിലനിൽക്കേണ്ടത് നമ്മുടെ ആവശ്യം തന്നെയാണ്


പ്ര.മോ.ദി.സം

No comments:

Post a Comment