ബ്രിട്ടീഷ് രാജ് കാലത്തെ കഥയാണ് യോഗിബാബുവിനെ നായകനാക്കി ചിമ്പുദേവൻ രചനയും സംവിധാനവും ചെയ്തു ഒരുക്കിയിരിക്കുന്നത്.
ഒരു പാശ്ചാത്യ കഥയിൽ നിന്നും ഇൻസ്പയർ ആയിട്ടാണ് ഇതിൻ്റെ രചന നടത്തിയത് എന്ന് തുടക്കത്തിൽ പറയുന്നുണ്ട്.മുൻപ് കേട്ട ഒരു റേഡിയോ നാടകത്തിലും ഇതേ ആശയം കടംകൊണ്ടത് ശ്രദ്ധയിൽപെട്ടിരുന്നു.ഏതാണ്ട് അതെപോലെ തന്നെയാണ് ചിത്രത്തിൻ്റെ പ്രയാണവും.
ബ്രിട്ടീഷ് ഭരണകാലത്ത് ചെന്നൈയില് ഉണ്ടായ ജപ്പാൻ്റെ ബോംബ് വർഷം ജനങ്ങളെ പേടിപ്പിക്കുന്ന അവസ്ഥയിൽ എത്തിയപ്പോൾ കരയിൽ നിന്നും പെങ്ങളുടെ കല്യാണത്തിന് പോകുന്ന മുരുകൻ്റെയും അമ്മയുടെയും ബോട്ടിൽ കുറെയേറെ പേർ ഓടി കയറുന്നു.
കടലിൽ വെച്ച് തകർന്ന് ബോട്ടിൽ ഉണ്ടായിരുന്ന വെള്ളക്കാരൻ കൂടി കയറുമ്പോൾ അമിതഭാരം മൂലം ബോട്ടിന് സഞ്ചരിക്കുവാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുന്നു. അതിൽ ഒരു തീവ്രവാദി കൂടി കയറി പറ്റിയിട്ടുണ്ട് എന്ന സന്ദേശം വെള്ളക്കാരൻ മറ്റുള്ളവരുമായി പങ്കുവെക്കുന്നു.
തീവ്രവാദിയെ പിടികൂടാൻ ബോട്ടിൽ ഉള്ള സിഐഡി സഹായിക്കാം എന്ന് പറയുമ്പോൾ പ്രതികൂലമായ പല പ്രശ്നങ്ങൾ കൊണ്ട് ബോട്ട്ട്ടിന് മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കുന്നു.
ഏതെങ്കിലും മൂന്നു പേര് കടലിൽ ചാടിയാൽ മാത്രം ബോട്ട് മുന്നോട്ട് പോകും എന്ന അവസ്ഥ ഉണ്ടായപ്പോൾ അവർക്കിടയിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നു.അവരുടെ ബോട്ടിനെ ചുറ്റിപറ്റി സ്രാവ് വന്നതോടെ മറ്റൊരു പ്രതിസന്ധി കൂടി നേരിടുന്നു.
മരണത്തിൻ്റെ മുഖാമുഖത്തിൽ പോലും ജാതിയും മതവും സ്വാർഥതയും മനുഷ്യൻ്റെ ഉള്ളിൽ നിന്ന് വിട്ടു പോകില്ല എന്നൊരു പരമമായ സത്യം ചിത്രം വിളിച്ചു പറയുന്നുണ്ട്.
അധികാരം കയ്യിൽ വെക്കുന്ന ആൾ എപ്പോഴും ഏതോരു അവസ്ഥയിൽ പോലും അധികാരിയായി തുടരുവാൻ ആഗ്രഹിക്കുന്നു എന്നത് കൂടി ചിത്രം ചൂണ്ടി കാണികുന്നുണ്ട്.ഒറ്റയ്ക്ക് ആയിരുന്നാൽ പോലും മറ്റുള്ളവർ വിഘടിച്ച് നിൽക്കുന്നത് കൊണ്ടാണ് അയാൾക്ക് അധികാരിയായി ഇരിക്കുവാൻ കഴിയുന്നത് എന്ന സത്യം മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയാത്തതും പറഞ്ഞു വെക്കുന്നുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment