കുറെയേറെ സിനിമകൾ കണ്ട് ഇഷ്ട്ടപെട്ടു എങ്കിലും എല്ലാം എഴുതുവാൻ നിർവാഹം ഇല്ലാത്തത് കൊണ്ട് ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് ചിലത് പറയാം..അതിൽ എന്നെ സ്വാധീനിച്ചത് സൂപ്പർ താരങ്ങളും സംവിധായകരും ഒന്നുമല്ലെന്ന് ഓർമ്മിപ്പിക്കുന്നു.എന്നെ രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ആശ്ചര്യ പ്പെടുത്തിയതും ഒക്കെ ആയിരിക്കും..
വിജയസേതുപതീ വീണ്ടും അഭിനയം കൊണ്ട് നിറഞ്ഞാടിയ മഹാരാജ എന്നെ അതിൻ്റെ മെയ്കിങ് കൊണ്ട് പിടിച്ചിരുത്തിയ സിനിമയാണ്.ഒരു കാണാതായ കുപ്പത്തൊട്ടിക്കു വേണ്ടി പോലീസിൽ പരാതി കൊടുക്കുകയും അതിനു ഏഴ് ലക്ഷം വരെ കൈക്കൂലി തരാം എന്ന് പറഞ്ഞു പോലീസുകാരെ അന്വേഷണത്തിലേക്ക് കൊണ്ട് വരുന്നതുമായ ചിത്രം പിന്നെ പോകുന്നത് അതിനു പിന്നിലെ നിഗൂഢതകളിലേക്ക് ആയിരുന്നു. കുറെയേറെ സിനിമകളുമായി സാമ്യം ഉണ്ടായിട്ടും അത് നമ്മളെ ആസ്വദിപ്പിക്കുന്നതിൽ വിജയിച്ചു.
പ്രേക്ഷകരുടെ പൾസ് അറിഞ്ഞ് സിനിമ എടുക്കുന്നതിൽ ഇപ്പൊൾ മികച്ചു നിൽക്കുന്ന സംവിധായകൻ എന്ന് പറയുന്നത് വിനീത് ശ്രീനിവാസനാണ്.പറഞ്ഞു മടുത്ത പ്രണയകഥ ആണെങ്കിലും സൗഹൃദ കഥ ആനെങ്കിൽ പോലും അദ്ദേഹം കഥ പറയുന്ന രീതി ആളുകളെ ആകർഷിക്കുന്നു എന്നതിൻ്റെ മികച്ച ഉദാഹരണമാണ് വർഷങ്ങൾക്ക് ശേഷം.
ഉച്ചക്ക് മൂന്ന് മണിക്ക് സൂര്യൻ അസ്തമിക്കുകയും പിന്നീടുള്ള ഇരുട്ടിൻ്റെ മറവിൽ നടക്കുന്ന നിഗൂഢതകൾ വെളിവാക്കുന്ന സംഭവങ്ങൾ കള്ളങ്ങൾ ചെയ്യുന്ന ഒരു പോസ്റ്റുമാൻ്റെ പേരിൽ ഫാൻ്റസിയും ചേർത്ത് പറഞ്ഞ "ക" എന്ന തെലുങ്ക് മൊഴിമാറ്റ ചിത്രവും അവതരണം കൊണ്ടാണ് ഈ പട്ടികയിലേക്ക് വന്നത്.
കണ്ടം ക്രിക്കറ്റിൻ്റെ കഥ രണ്ടു പ്രണയകഥകൾ ചേർത്ത് കൊണ്ട് പറഞ്ഞ ലബർ പന്ത് എന്നെ കൂട്ട് കൊണ്ട് പോയത് ചെറുപ്പകാലത്തെ എൻ്റെ വയൽ ക്രിക്കറ്റ് കളിയിലെക്കു തന്നെ ആയിരുന്നു.
തമിഴു നാട്ടിലെ ബാലവേല കഥയുടെ കയ്പ്നീർ കഥ പറഞ്ഞ വാഴൈ എന്ന തമിഴുചിത്രം പഠിക്കാൻ ആശയുണ്ടായിട്ടും കളിക്കാൻ മോഹം ഉണ്ടായിട്ടും പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കുടുംബത്തിലേക്ക് എന്തെങ്കിലും സംബാദി ക്കുവാൻ തള്ളിവിടുന്ന ബാല്യത്തെ കുറിച്ച് പറഞ്ഞത് ഇഷ്ട്ടപെട്ടു.
നമ്മൾ എന്തു പഠിക്കണം എന്ത് ചെയ്യണം എന്ന് നമുക്ക് തീരുമാനികുവാൻ അനുവാദം തരാതെ നമ്മുടെ പാരൻ്റ്സ് എടുക്കുന്ന തീരുമാനങ്ങൾക്ക് അടിമപ്പെട്ടു പോകേണ്ട അവസ്ഥയിലേക്ക് എത്തിനിൽക്കുന്ന നമ്മുടെ നാടിൻ്റെ കഥ പറഞ്ഞ മലയാളം വാഴയും എൻ്റെ ലിസ്റ്റിൽ ഉണ്ട്.
ഒരു സിനിമകണ്ട് ഈ വർഷം ആദ്യമായി ഉള്ളൂലച്ചത് ഉള്ളൊഴുക്ക് കണ്ടപ്പോൾ ആണ്.. മൂടിവെക്കപ്പെടേണ്ട ചില സത്യങ്ങൾ ഉള്ളുലച്ചു അംഗീകരിക്കപ്പെടേണ്ടി വരുമ്പോൾ ഉണ്ടാകുന്ന വ്യഥകൾ ഉർവ്വശി മനോഹരമാക്കി.ഇഷ്ടമില്ലാത്ത ബന്ധങ്ങളിലേക്ക് വീട്ടുകാർ പറഞ്ഞയക്കുമ്പോൾ ഇഷ്ടപെട്ട ബന്ധം തുടരേണ്ടി വരുന്നവളുടെ പ്രശ്നങ്ങളും മനസ്സിൽ തട്ടി.
ഗോളം,അന്വേഷിപ്പിന് കണ്ടെത്തും ,തലവൻ എന്നിവ കഴിഞ്ഞ വർഷം വന്ന മികച്ച അന്വേഷണ കഥകൾ തന്നെയാണ്.ഗോളം പരസ്യത്തിൻ്റെ അഭാവം കൊണ്ട് കൂടുതൽ ശ്രദ്ധിക്കപ്പെടാതെ പോയപ്പോൾ ക്ലാഷ് വന്നതുകൊണ്ട് അന്വേഷിപ്പിൻ കണ്ടെത്തും ചലനം ഉണ്ടാക്കിയില്ല പക്ഷേ തലവൻ പ്രേക്ഷകർ ഏറ്റെടുത്തു.
മൂന്നു സുഹൃത്തുക്കളുടെ കഥപറഞ്ഞ് തമിഴു ഗരുഡൻ ചർച്ച ചെയ്തത് ജാതിയും മതവും അധികാരവും പണവും ഒക്കെ തന്നെയായിരുന്നു.അത് സുഹൃത്ത് ബന്ധങ്ങളിൽ വരുത്തുന്ന വിള്ളലുകളും.. ഉണ്ണി മുകുന്ദനും കൂടി അഭിനയിച്ച് കസറിയ ഈ തമിഴു ചിത്രം സൂറിയുടെ പ്രകടനം കൊണ്ടും മികച്ചതായി.
ആഗ്രഹം കൊണ്ട് എത്തിചേരുന്ന സ്ഥലത്തെ ഭാഷ വശ്മില്ലാത്തത് കൊണ്ടും ഇംഗ്ലീഷിൽ വട്ടപൂജ്യം ആയതു കൊണ്ടും മനസ്സിലെ ആഗ്രഹം നടക്കാതെ പോകും എന്ന് തോന്നിയപ്പോൾ ,ജീവിതം നഷ്ടപ്പെടും എന്ന് മനസ്സിലായപ്പോൾ ജീവിതത്തിൽ വിജയിക്കാതെ പോകുമെന്നു ചുറ്റുമുള്ളവർ വിധിയെഴുതിയ ഒരാള് സ്വയം പരിശ്രമം കൊണ്ട് ഉന്നതസ്ഥനത്ത് എത്തിയതിൻ്റെ സംഭവ കഥ ട്വൽത്ത് ഫെയിൽ പലർക്കും പ്രചോദനം ആകുന്ന സിനിമയാണ്.
ഒരു മുത്തശി കഥപോലെ സുന്ദരമായി പറഞ്ഞ അജയൻ്റെ രണ്ടാം മോഷണം ടോവിനോയുടെ മൂന്നു വ്യത്യസ്ത കഥാപാത്രങ്ങൾ നൽകുന്ന അഭിനയം കൊണ്ട് സമ്പന്നമാണ്. മൂന്നു മണിക്കൂറിന് അടുത്ത് ബോറടിപ്പിക്കാതെ നല്ലൊരു എൻ്റർടെയിനർ തന്നെയായിരുന്നു ചിത്രം.
ധാരാളം പോരായ്മകൾ ഉണ്ടെങ്കിലും വർണ്ണാഭമായ ഓരോരോ രംഗങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു മലൈ കോട്ടൈ വാലിബൻ.ക്യാമറയിലെ ദൃശ്യങ്ങൾ അത്രക്ക് ഹൃദ്യമായിരുന്നു.ലാലേട്ടൻ്റെ ഗംഭീര പ്രകടനങ്ങൾ ഉണ്ടായിരുന്നു എങ്കിലും എഡിറ്റിംഗ് ടേബിളിൽ ഉണ്ടായ പോരായ്മകൾ ചിത്രത്തിൽ മുഴച്ചു നിൽക്കുന്നുണ്ട്.
ആത്മാർത്ഥയുള്ള കൂട്ടുകാർ ഉണ്ടെങ്കിൽ ഏതു പ്രതിസന്ധിയിൽ നിന്നും കരകയറാൻ കഴിയും എന്നും മരണം പോലും മാറിനിൽക്കും എന്നും തെളിയിച്ച മഞ്ഞുമ്മൽ ബോയിസ് എന്ന സംഭവകഥ മികച്ച അനുഭവം തന്നെയായിരുന്നു.
പരീക്ഷണ ചിത്രം കൊണ്ട് മലയാളത്തിൻ്റെ പേര് അടയാളപ്പെടുത്തിയ ഗഗ നാചാരി തിയേറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ല എങ്കിൽ കൂടി ഓട്ടിട്ടിയിൽ വന്നപ്പോൾ പലരെയും രസിപ്പിച്ച ചിത്രമാണ്.ആക്ഷേപ ഹാസ്യം കൊണ്ട് സമ്പന്നമായ ചിത്രം പറഞ്ഞത് രണ്ടായിരത്തി നാൽപത്ൽ കേരളത്തിൽ നടക്കുന്ന സംഭവം ആണ്.ഇത്തരം ചിത്രങ്ങൾ ആദ്യം അംഗീകരിക്കാത്ത പ്രേക്ഷകർ പിന്നീട് കൊണ്ടാടും എന്നത് നമുക്ക് മുന്നിലുള്ള കാഴ്ചകൾ ആണ്.
കിഷ്കിന്ധകാണ്ഡം ശരിക്കും അമ്പരിപ്പിച്ച് കണ്ട സിനിമയാണ്.മനുഷ്യ മനസ്സുകളുടെ നിഗൂഢതകൾ നന്നായി അവതരിപ്പിച്ചു കൊണ്ട് തിയേറ്ററിൽ നിന്ന് ഇറങ്ങിയാലും കഥാപാത്രങ്ങൾ ഒന്നിച്ചു വരുമെന്ന് തോന്നിക്കുന്ന അവതരണത്തിലൂടെ ശരിക്കും ആസ്വദിച്ചു.
ആവേശവും പണിയും കൊണ്ടലും മാർക്കോവും അത്യാവശ്യം തൃപ്തിപ്പെടുത്തി എന്ന് പറയാം..ആവേശം നല്ലൊരു എൻ്റർടെയിനർ ആയിരുന്നു എങ്കിലും പണി സിനിമയുടെ സ്പീഡ് കൊണ്ട് ഇഷ്ടപെടുത്തി.കൊണ്ടൽ സമുദ്രത്തിന് നടുവിൽ ഉള്ള ചിത്രീകരണം കൊണ്ട് വിസ്മയപ്പെടുത്തി. കൊണ്ടലിൻ്റെ അതെ തീം കൊണ്ട് അടിത്തട്ട് എന്നൊരു സിനിമ പിന്നീട് കണ്ട് എങ്കിലും നിലവാരത്തിൽ ഏറെ പിന്നിലായിരുന്നു.
മാർക്കോ വയലൻസ് കൊണ്ട് അബരിപ്പിച്ചപ്പോൾ മൊത്തത്തിലുള്ള അതിൻ്റെ അവതരണവും മറ്റും കൊണ്ട് നന്നായി എടുത്തിട്ടുണ്ട്.ഇത്തരം വയലൻസുകൾ ആളുകൾക്ക് ഇഷ്ഠമാകുന്നത് ഉള്ളിൽ ഭയം സൃഷ്ടിക്കുന്നു എങ്കിലും സിനിമ സിനിമയായി മാത്രം കണ്ടാൽ പ്രശ്നം ഇല്ലെന്നുള്ളത് ആശ്വാസം നൽകുന്നു.
എന്തുകൊണ്ട് ഭ്രമയുഗം,ആടുജീവിതം,മെയ്യഴകൻ ലിസ്റ്റ്ൽ ഇല്ല എന്നതിന് വ്യക്തമായ കാരണങ്ങൾ ഉണ്ട്.
ഭ്രമയുഗത്തിൽ മമ്മൂക്കയുടെ,അർജുൻ,സിദ്ധാർത്ഥ് എന്നിവരുടെ അഭിനയം അല്ലാതെ ഒന്നും ഇഷ്ടപ്പെട്ടില്ല .ബ്ലാക് ആൻഡ് വൈറ്റ് ആയതു കൊണ്ട് തന്നെ തുടക്കം മുതൽ നിർജീവമായി കണ്ട സിനിമയാണ്..പച്ചപ്പുല്ല് വൈക്കോൽ ആയും ചോരയുടെ നിറം ടോണിക്ക് നിറമായും ആസ്വദിക്കാൻ എന്നെ കൊണ്ട് പറ്റില്ല.
ആട്ജീവിതം പുസ്തകം വായിച്ചു മനസ്സ് തകർന്നവൻ ഒരിക്കലും അംഗീകരിക്കാത്ത സിനിമാറ്റിക് ഡ്രാമ മാത്രമായിരുന്നു ബ്ലെസ്സിയുടെ സിനിമ.മരുഭൂമിയുടെ നീണ്ട ബോറൻ കാഴ്ചകൾ വേറെയും..
മെയ്അഴകൻ നല്ലൊരു സിനിമ ആണെങ്കിലും അതിലെ സംഭാഷണങ്ങൾ പിടിച്ചെടുക്കുന്നതിൽ കുറച്ചു പ്രയാസം നേരിട്ടത് കൊണ്ട് തന്നെ ആസ്വാദന സുഖം കിട്ടിയില്ല.ചിത്രത്തിൻ്റെ നീള കൂടുതലും അനാവശ്യ രംഗങ്ങളും ഇഷ്ടമായില്ല.
ഇത് എൻ്റെ ആസ്വാദനം മാത്രമാണ്.
നിങ്ങളുടെ ഇഷ്ടങ്ങൾ അഭിപ്രായങ്ങൾ വേറെ ആയിരിക്കും..അത് നിങ്ങളും പരസ്യപ്പെടുത്തുക.
പ്ര.മോ.ദി.സം
No comments:
Post a Comment