Wednesday, March 29, 2023

അപേക്ഷയാണ് പ്ലീസ്..

 


ഒരു പ്രദേശത്തെ വർഷങ്ങളായി വിറപ്പിച്ച് കൊണ്ടിരിക്കുന്ന, അവരുടെ ജീവനും സ്വത്തും കവർന്നെടു ത്തു മുന്നോട്ടുള്ള ജീവിതം മുൾമുനയിൽ നിർത്തുന്ന ആനയെ പിടിച്ചുകെട്ടി മെരുക്കിയെടുക്കുവാൻ കോടതി "വിസമ്മതിച്ചു " എന്നത് കൊണ്ട് ആ പ്രദേശത്തെ പഞ്ചായത്തുകൾ മുഴുവൻ നാളെ ഹർത്താൽ ആചരിക്കും.കാരണം അവർക്ക് പ്രതിക്ഷേധം കാണിക്കുവാൻ മറ്റു വഴികൾ ഇല്ല..അതവരുടെ ജീവന്മരണ പോരാട്ടം തന്നെ ആയിരിക്കും.


ഭൂമിയിൽ എല്ലാവർക്കും ജീവിക്കുവാൻ അവകാശം ഉണ്ട്...അത് മനുഷ്യൻ ആയി കൊള്ളട്ടെ ..മൃഗം ആയി കൊള്ളട്ടെ.. വൃക്ഷങ്ങൾ ആയി കൊള്ളട്ടെ...മറ്റു സകല  ജീവജാലങ്ങളാവട്ടെ...ഇവയൊക്കെ ഉണ്ടെങ്കിൽ മാത്രമേ പ്രകൃതി നിലനിൽക്കൂ എന്നതും വാസ്തവം തന്നെയാണ്..



സമ്മതിച്ചു...പക്ഷേ  മനുഷ്യരിൽ ഒരു വിഭാഗത്തിന് മാത്രം ജീവിച്ചാൽ മതിയൊ? മലയോര മേഖലയിൽ, വനമേഖലയുടെ 

അതിർത്തിയിൽ  ഉളളവർ പലപ്പോഴും മൃഗങ്ങളുടെ ആക്രമണങ്ങളിൽ ജീവനും സ്വത്തും നഷ്ടപ്പെടുന്നവരാണ്.ആന,പുലി, കാട്ടു പോത്ത്, പന്നി, കുരങ്ങ് എന്നുവേണ്ട മുഴുവനും അവരുടെ ജീവനും കൃഷിയും മറ്റു സ്വത്തുക്കളും നശിപ്പിക്കുകയാണ്.


വാർത്തകൾ കേൾക്കുമ്പോൾ നമ്മൾ പറയും കാടും മേടും കയ്യേറി മൃഗങ്ങളുടെ സ്ഥലം അടിച്ചു മാറ്റിയത് കൊണ്ടല്ലേ എന്ന്...ശരിക്കും പറഞ്ഞാല് ആരാണ് അടിച്ചു മാററാത്തത്? കാട് നിരത്തി തന്നെയല്ലേ ഇന്ന് കാണുന്ന നാടും നഗരവും മറ്റും ഉണ്ടായത്?  അവർ അങ്ങിനെ "കയ്യേറി" ഉണ്ടാക്കിയ പലതും തന്നെയല്ലേ നമ്മുടെ 

ഭക്ഷണം ആയി മാറുന്നതും...  അത് കൊണ്ട് അങ്ങിനെ പറയുന്നതിനോട് പൂർണമായും യോജിക്കുന്നില്ല..


അവർക്ക് ഭീഷണിയായ അരികൊമ്പനെ വെടിവെച്ചു കൊല്ലുവാൻ പോലും അല്ല അഭ്യർത്ഥിക്കുന്നത്..ഉദ്യോഗസ്ഥർ  ശ്രമിക്കുന്നത്..അതിനെ പിടിച്ചു കെട്ടി നേർവഴിക്ക് നയിക്കുവാൻ ആണ്..


ബഹുമാന്യനായ മന്ത്രിയും വകുപ്പും ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി എല്ലാ ഒരുക്കങ്ങളും നടത്തിയതാണ്..അന്നേരമാണ് ഇടിത്തീ പോലെ കോടതി ഓർഡർ വന്നത്.


ഒരു മൃഗത്തെ പിടിക്കുമ്പോൾ ഉള്ള "ക്രൂരത" മാത്രമാണ് കോടതി കണ്ടത് എങ്കിൽ ഉത്സവങ്ങൾക്കും മറ്റു ആഘോഷങ്ങൾക്കും ആനകൾ എത്രമാത്രം ക്രൂരതക്ക് ഇരയാകുന്നു എന്നത് കൂടി  കണ്ണ് തുറന്നു കാണണം.


കാട്ടിൽ വസിക്കേണ്ട ജീവികളെ പിടിച്ചു മെരുക്കി അഭ്യാസങ്ങൾ കാണിക്കുന്നത് "കാണാതെ" കൊലയാളിയായി മാറി ഒരു പ്രദേശത്തെ ജനങ്ങളെ വിറപ്പിക്കുന്ന ഒരു ആനക്ക് മാത്രം നീതി കൊടുക്കുന്നത് അത്ര നല്ലതായി തോന്നുന്നില്ല. അങ്ങിനെയെങ്കിൽ കേരളത്തിൽ ഉള്ള സകല ആനകളെയും കാട്ടിലേക്ക് അയക്ക്കുവാൻ കൂടി ഉത്തരവ് ഇറക്കണം.അല്ലാതെ മനുഷ്യരെ രസിപ്പിക്കുവാൻ മാത്രം ഇനി മുതൽ ആനയെ എന്നല്ല ഒരു ജീവിയേയും വേദനിപ്പിക്കരുത്.


 കോടതിയിൽ അപ്പീൽ കൊടുത്തവനും സ്റ്റേ ചെയ്ത ന്യായാധിപനും കുറച്ചു ദിവസം അവിടെ വന്നു താമസിക്കുവാൻ വെല്ലുവിളിക്കുന്നതും അത്രക്ക് സഹികെട്ടത് കൊണ്ട് മാത്രമാണ്.


പ്രകൃതി സ്നേഹികൾ ശ്രദ്ധിക്കുക...പ്രകൃതിയുടെ നിലനിൽപ്പിന് നിങ്ങളെ പോലുള്ള സ്നേഹികൾ അത്യാവശ്യമാണ്...കൂട്ടത്തിൽ അശരണരെ കൂടി സ്നേഹിക്കുക...നമുക്ക് ചുറ്റും പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ പ്രകൃതിയെയും മൃഗങ്ങളെയും ഒക്കെ സ്നേഹിക്കുവാൻ നല്ല രസമായിരിക്കും..മൂടിന് തീ പിടിച്ചു ഓടുമ്പോൾ അതിൻ്റെ വേദന പൊള്ള  ലേറ്റവന് മാത്രേ മനസ്സിലാവുകയുള്ളൂ.


പ്ലീസ് അത് കൊണ്ട് ഒരപേക്ഷയുണ്ട്..അതിര് കടന്ന പ്രകൃതി, മൃഗസ്നേഹം വേണ്ട....പ്ലീസ്


പ്ര .മോ.ദി .സം

No comments:

Post a Comment