Sunday, March 19, 2023

വിലപേശൽ അനിവാര്യം

 



'നിങ്ങളുടെ പാര്‍ട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങള്‍ നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കാം, നിങ്ങള്‍ വില 300 രൂപയായി പ്രഖ്യാപിച്ച് കര്‍ഷകരില്‍ നിന്ന് റബ്ബര്‍ എടുക്കുക'


തലശ്ശേരി ബിഷപ് മലയോര കർഷക റാലിയിൽ പ്രസംഗിച്ചത് ആണ്..വർഷങ്ങളായി റബ്ബർ കൃഷി ചെയ്തു കൊണ്ടിരിക്കുന്ന മലയോര കർഷകർ ഇപ്പൊൾ വല്ലാത്ത ഒരു അവസ്ഥയിൽ ആണ് ..അവരുടെ സ്വപ്നങ്ങൾക്ക്  ഇപ്പൊൾ നിറമുള്ള അവസ്ഥയിൽ അല്ല...റബ്ബർ പാലെടുത്ത് കഷ്ടപ്പെട്ട് ഷീറ്റ് ആക്കി വിറ്റാൽ മുൻപത്തെ പോലെ വല്ലതും കയ്യിലേക്ക് വരുന്നുമില്ല.അവർ ആകെ പ്രതിസന്ധിയിൽ തന്നെയാണ്.


അത് കൊണ്ട് തന്നെ ആയിരിക്കണം തങ്ങളുടെ സങ്കടങ്ങൾ ബിഷപ്പിന് മുന്നിൽ കർഷകർ സംസാരിച്ചപ്പോൾ ബിഷപ്പിന് ഇങ്ങിനെ പ്രസംഗം നടത്തേണ്ടി വന്നത്.അത് ബിഷപ്പിൻ്റെ മാത്രം തീരുമാനം എന്ന് കരുതുന്നു എങ്കിൽ തെറ്റി...അത് ബാധിക്കപെട്ട കർഷകരുടെ വികാരമാണ് വിലാപമാണ്.


കൃത്യമായും പറയേണ്ടത് തന്നെയാണ്..ഇതിന് പിന്നിൽ പോയി രാഷ്ട്രീയം ചികഞ്ഞു നോക്കേണ്ട ആവശ്യം ഇല്ല..ഇടതു വലതു പാർട്ടികൾ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെങ്കിൽ മാത്രമേ അവരോട് പറഞ്ഞിട്ട് കാര്യമുള്ളൂ ..അത് ഇപ്പോളത്തെ അവസ്ഥയിൽ അവർക്ക് പോലും വിദൂര സ്വപ്നം മാത്രം ആണ്.


കേന്ദ്രത്തിൽ നിലവിൽ ഭരിക്കുന്ന പാർട്ടി ആണെങ്കിൽ പോലും കേരളത്തിൽ ഒരു എം പി ഇല്ലാതെ വിഷമിക്കുന്ന ബി ജെ പി ക്കു  തങ്ങളുടെ ആവശ്യം സാധിപ്പിച്ചാൽ എം പി സ്ഥാനം ഉണ്ടാക്കി തരാം എന്ന് പറയുമ്പോൾ അത് ബുദ്ധിപൂർവം ഉള്ള ഒരു വെല്ലുവിളി തന്നെയാണ്.


ഇടതു വലതു  ഭരിച്ചു കർഷകർക്ക് വേണ്ടി  ഒന്നും ചെയ്യുവാൻ സാധിച്ചില്ല എന്ന് വിശ്വസിക്കുന്ന മലയോര കർഷകർ തങ്ങളുടെ ആവശ്യം പരിഗണിച്ച് നടപ്പാക്കിയാൽ ആ പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്യും എന്ന പ്രഖ്യാപനം മാത്രമാണ് ആ പ്രസംഗത്തിൽ കൂടി പുറത്ത് വന്നിരിക്കുന്നത്.അല്ലാതെ അവർക്ക് തന്നെ വോട്ട് എന്നൊന്നും പറഞ്ഞിട്ടില്ല..ആര് ചെയ്താലും അവരെ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങും എന്നത് ബുദ്ധിപൂർവം ഉള്ള അനിവാര്യമായ വിലപേശൽ തന്നെയാണ്.


രാഷ്ട്രീയക്കാരോട് ഈ വെല്ലുവിളി അത്യാവശ്യവും ആണ്..കാരണം ജയിച്ചു കഴിഞ്ഞു മൂടിലെ പൊടിയും തട്ടി പോകുന്ന ജനപ്രതിനിധികൾ സ്വന്തം സ്ഥാനവും മാ നവും സംരക്ഷിക്കുവാൻ മാത്രം മിനക്കെടുമ്പോൾ മറന്നുപോകുന്ന വോട്ടർമാർ ഇനി ഉണ്ടാകാൻ പാടില്ല..നമ്മുടെ കാര്യങ്ങൾക്ക് കൂട്ട് നിൽ ക്കാത്ത ഒരു ജനപ്രതിനിധി ഞങ്ങൾക്ക് വേണ്ട എന്ന് ഓരോ വോട്ടർമാരും വിചാരിച്ചാൽ രാഷ്ട്രീയക്കാർ അങ് നന്നായി കൊള്ളും..


മലയോര മേഖലയിൽ ഉള്ള കർഷകർക്ക് മാത്രമല്ല പ്രതിസന്ധി...പലയിടത്തും ഇതുപോലെ മൂടി വെക്കപെട്ട പലവിധ പ്രശ്നങ്ങളും ക്ലേശങ്ങളും ഉണ്ടു്..ബിഷപ്പിലൂടെ ഈ കാര്യം പുറത്ത് വന്നത് പോലെ സമീപത്ത് ഇനിയും പല വിലപേശൽ  ഉണ്ടാകും..ഉണ്ടാകണം..എങ്കിൽ മാത്രമേ ജനപ്രതിനിധികൾ സത്യസന്ധരും ആർജവം ഉള്ളവരും ആകൂ..ജനങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തി അവരുടെ  ആവശ്യങ്ങൾ അംഗീകരിക്കാൻ മുന്നിട്ടിറങ്ങി പ്രവർത്തിക്കൂ...


ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ നമ്മളെ സംരക്ഷിക്കും എന്ന് ബോധ്യമുള്ളവരെ  മാത്രം  തിരഞ്ഞെടുപ്പുകളിൽ  വിജയിപ്പിക്കുക. അല്ലാത്തവർ പോയി തറ രാഷ്ട്രീയം മാത്രം കളി ക്കട്ടെ..


വാൽകഷ്ണം:പള്ളിക്കാരും ജാതിമത നേതാക്കളും പറഞ്ഞാല് ഒരു ചുക്കും 

 സംഭവിക്കില്ല എന്ന് ഇപ്പൊൾ  രാഷ്ട്രീയക്കാർ വലിയ വായിൽ പ്രസ്താവന ഇറക്കുമെങ്കിലും തിരഞ്ഞെടുപ്പ് വരുമ്പോൾ അവരുടെയൊക്കെ തിണ്ണ നിരങ്ങേണ്ടി വരുന്നത് അവര് വിചാരിച്ചാൽ പലതും നടക്കും എന്നു ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ്.


പ്ര .മോ. ദി .സം

No comments:

Post a Comment