Thursday, July 5, 2012

അമ്പുവും അലസനും

നമ്മുടെ നാട്ടില്‍ കുട്ടികള്‍ എപ്പോളും ഭയപെടുന്ന ഒരാള്‍ ഉണ്ടായിരുന്നു ,അമ്പു എന്ന് നാട്ടുകാര്‍ വിളിക്കുന്ന അംബുജാക്ഷന്‍ .കുട്ടികള്‍ ഭക്ഷണം കഴികാതിരുന്നാല്‍ ,വികൃതി തരങ്ങള്‍  കാട്ടിയാല്‍ ഒക്കെ അമ്മമാര്‍ അവരെ പേടിപ്പിക്കാന്‍ ഈ പേരാണ് ഉപയോഗിച്ചിരുന്നത് .

"മോനെ ചോറ് തിന്നില്ലെങ്കില്‍  അമ്പുവിനോടു  പറയും"
"വെള്ളത്തില്‍ കളിച്ചാല്‍ അമ്പു വരും "
അമ്പുവിനെ അറിയുന്ന കുട്ടികള്‍ ഒക്കെ ഇതു കേട്ട് നല്ലപിള്ള ആവും ,ഇതെപ്പോളും വിജയിക്കുന്നത് കൊണ്ട് അമ്മമാര്‍ കാലാകാലം അമ്പുവിനെ വില്ലന്‍ ആക്കി .കൂടാതെ എന്നും വൈകുന്നേരം ലോകരെ മുഴുവന്‍ ഒച്ചത്തില്‍ തെറിവിളിച്ചു അമ്പു നാലുകാലില്‍ നടന്നുവരും ,അത് ദിവസേന കാണുന്ന നമ്മള്‍ അമ്പു ഭയങ്കരന്‍ എന്ന് വിചാരിച്ചു .കൂലി കിട്ടിയാല്‍ കള്ളു കുടിക്കാന്‍ ഉള്ളത് കഴിച്ചു ബാക്കി ഭാര്യയെ ഏല്പിക്കും ,പിന്നെ അതടിച്ചു കാട്ടുന്ന വിക്രിയകള്‍ മാത്രം ആണ് അമ്പുവിന്റെ വില്ലത്തരം ,ആരെയും ഉപദ്രവിക്കില്ല ,ഒന്നും ചെയ്യില്ല ;ഒച്ചയില്‍ ആരെയൊക്കെയോ തെറി വിളിക്കും .അത്ര മാത്രം പക്ഷെ കുട്ടികള്‍ക്ക് ഇതു അറിയില്ല


അമ്പുജാക്ഷന്‍  എന്ന പേര് പറയാന്‍ ചെറുപ്പകാലത്ത്,എന്തിനു ചെറുപ്പകാലത്ത്  ആക്കുന്നു പ്രായമുള്ളവര്‍ക്കു പോലും ബുദ്ധിമുട്ടായിരുന്നു ,അതാവാം എല്ലാവരും അയാളെ അമ്പു എന്ന് മാത്രം വിളിച്ചു പോന്നു ,തടിച്ചു കറുത്ത് കുറ്റ് മുടിയുമായി ,പേടിപ്പിക്കുന്ന ഒച്ചയുള്ള അതികായകന്‍ .പക്ഷെ രൂപം മാത്രമേ ഉള്ളു ,അമ്പു പാവം ആയിരുന്നു ,നമ്മള്‍ കുട്ടികള്‍ മുതിര്‍ന്നപ്പോള്‍ മാത്രമാണ് ഈ സത്യം മനസ്സിലാക്കുന്നത് .എന്ത് പണിയും ചെയ്യും ,ആര് വിളിച്ചാലും പോകും ,കൃത്യമായി ഭക്ഷണവും കൂലിയും കൊടുക്കണം എന്ന് മാത്രം ,നമ്മളുടെ വീട്ടില്‍ തേങ്ങ പറിക്കുമ്പോള്‍ ,വയലിലെ പണികള്‍ക്ക്  സഹായത്തിനു അമ്പു ഉണ്ടാവും, കുരുത്തോല കൊണ്ടും ,വാഴയില കൊണ്ടും പലതരം കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കിത്തരും ,അവ നമ്മള്‍ക്ക് നേരെ വച്ച് നീട്ടും ,നമ്മള്‍ ആരും വാങ്ങില്ല ..അമ്പുവിനും അത് അറിയാം അത് കൊണ്ട് നമ്മള്‍ കാണുന്ന എവിടെയെങ്കിലും വെച്ചിട്ട് തന്റെ പണി തുടരും .അമ്പു പോകുന്നതുവരെ കൈക്കലാക്കിയ കളിപ്പാട്ടം എവിടെയെങ്കിലും ഒളിപ്പിക്കും ,അമ്പു പോയാല്‍ അതെടുത്തു കളിക്കും .

അമ്പുവിന്റെ ഭക്ഷണം ബഹുരസം ആണ് ,ഒറ്റ ഇരുപ്പില്‍ എത്ര വേണമെങ്കിലും അകത്താക്കും ,അത് കൊണ്ട് വീട്ടില്‍ വന്നാല്‍ ആദ്യമേ ചോദിക്കും
 "യെശോദേച്ചി  എല്ലാവരും കഴിച്ചില്ലേ ?ഇതു എനിക്ക് തന്നെയല്ലേ?"
അമ്മ അതെ എന്ന് പറഞ്ഞാല്‍ പിന്നെ ഇടം വലം നോക്കാതെ അകത്താക്കലാണ് ,ആരെയും ശ്രദ്ദിക്കുക പോലും ഇല്ല നമ്മള്‍ കുട്ടികള്‍ അത് ഒളിഞ്ഞു നോക്കും 


ഒരിക്കല്‍ അമ്മ ചോദിച്ചു  "എന്തിനാ അമ്പു നീ കള്ള് മോന്തി നാട്ടുകാരെ തെറി പറയുന്നത് ?നിനക്ക് ആ തോന്നിയവാസം നിര്‍ത്തരുതോ ?"
"എന്ത് ചെയ്യാം യേശോദേച്ചി  ശീലിച്ചുപോയി ,കള്ളു അടിക്കാതിരിക്കാന്‍ കഴിയുന്നില്ല ,അടിച്ചാല്‍ തെറി പറയണം ,ഇവിടുത്തെ ആരെയും ഞാന്‍ പറയാറില്ല സത്യം  "

അന്ന് എന്തോ കുരുത്തകേടു കാണിച്ചപ്പോള്‍ അമ്മ അമ്പുവിനെ വിളിച്ചു പറഞ്ഞു
അപ്പോള്‍ അമ്പു ദയനീയമായി പറഞ്ഞു "എന്തിനാ യേശോദേച്ചി അതിനെ പേടിപ്പിക്കുന്നത്‌ ,നാട്ടില്‍ ഒരു കുട്ടിപോലും എന്നെ നോക്കി പേടിക്കുകയല്ലാതെ ചിരിക്കുകയില്ല "
മോന്‍ ഇങ്ങു വാ ,അമ്പു മാമന്‍ ആരെയും ഒന്നും ചെയ്യില്ല .ഞാന്‍ ഓടികളഞ്ഞു ,സ്നേഹം കാട്ടിയാണ് ഇത്തരത്തില്‍ ഉള്ളവര്‍  ആകര്‍ഷിക്കുക എന്ന് ചേട്ടന്‍ ഉപദേശിച്ചിരുന്നു.

നമ്മുടെ വീടിന്റെ പരിസരത്ത് പുതുതായി ഒരു നായ വന്നു കൂടി ,എന്തെങ്കിലും കൊടുത്താല്‍ മാത്രം കഴിക്കും ,മറ്റു സമയങ്ങളില്‍ അലസനായി റോഡരുകില്‍ കിടക്കും ,ഞാന്‍ കാണുന്ന അന്ന്  മുതല്‍ അത് അങ്ങിനെയാണ് ,അതിലെ പോകുന്ന കുട്ടികള്‍ അതിനെ കാണുമ്പോള്‍ ഒക്കെയും കല്ലെടുത്തു ഏറിയും  ,അത് കൊണ്ട് തന്നെ എപ്പോഴും അത് മുടന്തിയാണ് നടപ്പ് ,എന്നാലും അവന്‍ പിന്നെയും മടിച്ചു മടിച്ചു അവിടെ തന്നെ വന്നു ഇരിക്കും ,അവന്‍ ഇതുവരെ കുരക്കുന്നത് നാട്ടുകാര്‍ കേട്ടിട്ടില്ല മോങ്ങുന്നതു ധാരാളവും .ഭക്ഷണം പോലും തിരഞ്ഞു കണ്ടുപിടിച്ചു തിന്നില്ല ,ഒന്നും കിട്ടിയില്ലെങ്കില്‍ മാത്രം നമ്മളുടെ വീടിന്റെ അടുക്കള ഭാഗത്ത്‌ പതുങ്ങിയിരിക്കും ,അപ്പോള്‍ അമ്മ എന്തെങ്ങിലും കൊടുക്കും ,അങ്ങിനെ അമ്മ അവനു  "അലസന്‍" എന്ന പേരിട്ടു .അത് നമ്മള്‍ വഴി എല്ലാവരും അവനെ അലസന്‍ എന്ന് വിളിച്ചി തുടങ്ങി ,നാട്ടില്‍ ആര്‍ക്കും പേടിയില്ലാത്ത ഒന്ന് അലസന്‍ മാത്രമായി .

അന്ന് പതിവുപോലെ അമ്പു ഷാപ്പില്‍ നിന്ന് സകലരെയും തെറിവിളിച്ചു വരികയായിരുന്നു ,അന്ന്  ഒച്ചയും തെറിയും സാധാരണയിലും കൂടുതല്‍ ആയിരുന്നു ,വഴിയില്‍ പോകുന്ന ആരെയും വെറുതെ വിട്ടില്ല ,കൂട്ടത്തില്‍ അലസനെയും,അലസന്‍ പരമാവധി  ക്ഷമിച്ചിരിക്കാം ,എന്നാലും അമ്പു വെറുതെ വിട്ടില്ല .കുറച്ചു കഴിഞ്ഞപ്പോള്‍ ചോര ഒലിപ്പിച്ച   കയ്യും കാലുമായി അമ്പു വീട്ടിലേക്ക് ഓടി വന്നു .

"രമേഷേട്ട എന്നെ അലസന്‍ കടിച്ചു പറിച്ചു "
ആര്‍ക്കും വിശ്വാസം ആയില്ല ,പക്ഷെ സത്യം അതായിരുന്നു ,അമ്പുവിന്റെ  കരച്ചില്‍ കേട്ട് റോഡില്‍ നിന്നും ആള്‍ക്കാര്‍ വന്നു കയറി .അച്ഛന്‍  കാര്യം പറഞ്ഞപ്പോള്‍ എല്ലാവര്ക്കും അതിശയമായി..എല്ലാവരും ചേര്‍ന്ന് അമ്പു വിനെ ആശുപത്രിയില്‍ കൊണ്ട് പോയി.അലസന്‍ കുറച്ചു സമയം അപ്രത്യക്ഷനായെങ്ങിലും കുറെ കഴിഞ്ഞു സ്ഥിരം സ്ഥലത്ത് വന്നു കിടന്നു . അപ്പോള്‍ തന്നെ ഞാനും ചേട്ടനും  അമ്മ കാണാതെ മീന്‍ ചട്ടിയില്‍ നിന്നും മീനും ,പത്രത്തില്‍ നിന്ന് ചോറും എടുത്തു അലസന്റെ അടുത്തുപോയി ,പേടിച്ചു പേടിച്ചു ആണ് അവിടെവരെ  പോയെങ്കിലും അലസന്‍ വാല്‍ ആട്ടിയത് കൊണ്ട് പേടി പോയി,നായ വാല്‍ ആട്ടിയാല്‍ ചങ്ങാത്തം എന്നാണെന്ന് ചേട്ടന്‍ പറഞ്ഞു ,എന്നാലും അടുത്ത് പോകാതെ ദൂരെ ചോറും മീനും വെച്ച് കൊടുത്തു .നമ്മള്‍ തിരിച്ചപ്പോള്‍ ആര്‍ത്തിയോടെ അവന്‍ അത് അകത്താക്കി ,നമ്മളുടെ പേടിസ്വപ്നത്തെ വീഴ്ത്തിയതിനു നമ്മള്‍ കൊടുത്ത ഡിന്നര്‍ .

ഒന്ന് രണ്ടു ആഴ്ചക്ക് ശേഷം ആശുപത്രിയില്‍ നിന്ന് അമ്പു വന്നു ,ജോലിക്ക് പോയി തുടങ്ങി .വൈകുന്നേരത്തെ കലാപരിപാടിയും തകൃതിയായി ആരംഭിച്ചു ,പക്ഷെ ഒരു മാറ്റം അലസനെ കണ്ടാല്‍ സ്വിച്ച് ഇട്ടതു ഒച്ച നില്‍ക്കും ,പിന്നെ പത്തു പണ്ട്രണ്ട് മീറ്റര്‍ കഴിഞ്ഞേ ഒച്ച വരൂ .അതും അലസന്‍ ശ്രദ്ധിക്കുനില്ല എന്നുറപ്പ് വരുത്തിയതിനു ശേഷം മാത്രം..പിന്നെ പിന്നെ കള്ളടിച്ചു വരുമ്പോള്‍  ചില പൊതികള്‍ അലസനു അവന്‍ കൊണ്ടുകൊടുക്കുവാന്‍ തുടങ്ങി ,പരിപ്പുവട ,ബിസ്കറ്റ് തുടങ്ങിയവാവം .അലസനു എതിര്‍പ്പൊന്നും ഉണ്ടായില്ല ,അവന്‍ എല്ലാം സ്വീകരിച്ചു ,അവന്റെ അലസത കുറച്ചു  കൂടി എന്ന് മാത്രം .അങ്ങിനെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി ,അലസന്‍ കടിച്ചതിന്റെ പരിണിത ഫലങ്ങള്‍  ,പല അസ്വാസ്ഥ്യങ്ങള്‍ പലപ്പോളും അമ്പുവിനെ വേട്ടയാടി

 ഒരിക്കല്‍ കാല്‍തരിച്ചു തലവേദനയും നെഞ്ഞു വേദനയും  വന്നു ആശുപത്രിയില്‍ കൊണ്ടുപോയ അമ്പു ശവമായാണ് തിരിച്ചു വന്നത്.അലസന്‍ ഒന്ന് രണ്ടു തവണ അമ്പുവിന്റെ വീട്ടില്‍ പോയി  മടങ്ങി ,അവന്റെ സ്വന്തം താവളത്തില്‍ വന്നു കിടന്നു .വൈകുനേരത്തോടെ അമ്പു വിന്റെ ശവസംസ്കാരം കഴിഞ്ഞു ,രാത്രി അമ്മ ചോറും മീനും കൊടുത്തുവെങ്കിലും അലസന്‍ തിരിഞ്ഞു നോക്കിയില്ല .അന്ന് ആ പരിസരത്ത് ആര്‍ക്കും രാത്രി ഒന്ന് രണ്ടു മണിവരെ ശരി ക്ക്  ഉറങ്ങാന്‍ കഴിഞ്ഞില്ല ,അന്ന് ആദ്യമായി അലസന്റെ  കുര കേട്ട് നാട്ടുകാര്‍ നടുങ്ങി,,അത്ര ഒച്ചത്തില്‍ ഉള്ള കുര ആയിരുന്നു .പലതവണ അച്ഛന്‍ ടോര്‍ച് അടിച്ചു നോക്കിയെങ്കിലും അവന്‍ കുരച്ചു കൊണ്ടേയിരുന്നു...പാതിരാവില്‍ എപ്പോഴോ അത് നിലച്ചു ..

പിറ്റേന്ന് അവിശ്വസനീയമായ വാര്‍ത്ത കേട്ടാണ് നാട് ഉണര്‍ന്നത് .
"അമ്പു വിന്റെ ചിതക്ക് അരുകില്‍ അലസന്‍ മരിച്ചു കിടന്നിരിക്കുന്നു ".
മുന്‍ കാല്‍ രണ്ടും കൂപ്പി പിടിച്ചിരിക്കുന്നു .അമ്പു വിനോട് മാപ്പിരക്കുന്നത് പോലെ .. അവനായിരിക്കാം അമ്പു വിനെ പെട്ടെന്ന് തന്നെ മരണത്തെ ഏല്പിച്ചത് എന്ന് അവന്‍ മനസ്സിലാക്കിയതുപോലെ .

കഥ :പ്രമോദ്‌ കുമാര്‍.കെ.പി

3 comments:

  1. നന്നായിട്ടുണ്ട്..ഇനിയും എഴുതുക..

    ReplyDelete
  2. അമ്പുമാര്‍ എല്ലായിടത്തും കാണാം. പക്ഷേ അലസന്‍റെ കാര്യം വേറിട്ടുനില്‍ക്കുന്നു. നന്നായിട്ടുണ്ട്

    ReplyDelete
  3. പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി

    ReplyDelete