Sunday, July 28, 2024

സീക്രട്ട്

 



കുറെ സൂപ്പർ താര ചിത്രങ്ങളിലൂടെ നമ്മളെ കോരിതരിപ്പിച്ച തിരക്കഥകാരൻ എസ് എൻ സ്വാമി ആദ്യമായി സംവിധായകൻ ആവുമ്പോൾ ഒരു കിടുക്കച്ചി ഐറ്റം നമ്മൾ പ്രതീക്ഷിക്കും. ഏതെങ്കിലും ഒരു ക്രൈം ത്രില്ലർ..പക്ഷേ അദ്ദേഹം വഴിമാറി സഞ്ചരിച്ച് കഥയാണ് ഇത്.എങ്കിലും ത്രില്ലർ തന്നെ...



സൂപ്പർ താരങ്ങൾ അദ്ദേഹത്തിന് അവൈലബിൽ ആയിട്ടും അദ്ദേഹം നായകനായി തിരഞ്ഞെടുത്തത് "ലിവിംഗ് ഹാൾ" സൂപ്പർ സ്റ്റാർ ധ്യാൻ ശ്രീനിവാസനെയാണ്. മറ്റൊരു മാറ്റം അദ്ദേഹത്തിൻ്റെ  മുൻ സിനിമയിൽ ഒന്നും പാട്ടുകൾ ഇല്ലെങ്കിലും ഇതിൽ ആവശ്യത്തിന് പാട്ടുകളും ഉണ്ട്.വ്യക്തമായ ഒരു കുടുംബ കഥ കൂടി പറയാൻ ശ്രമിച്ചിട്ടുണ്ട്.



നിങൾ ജ്യോതിഷത്തിൽ അല്ലെങ്കിൽ നാഡി പ്രവചനങ്ങളിൽ വിശ്വസിക്കുന്ന വിശ്വാസിയോ അല്ലെങ്കിൽ വിശ്വസിക്കാത്ത അന്ധ വിശ്വാസി ആയി കൊള്ളട്ടെ..അതുമായി ബന്ധപ്പെട്ട്  ആരെയും പിണക്കാൻ മിനക്കെടാതെ പരിഹസിക്കാതെ ബുദ്ധിപൂർവം  ഉപയോഗിച്ച തിരക്കഥ തന്നെയാണ് ചിത്രത്തിന്...ഇതിനെ കുറിച്ച് ചില മുൻ ചിത്രങ്ങളിൽ സൂചന നൽകിയിട്ടുണ്ട് എങ്കിൽ പോലും അത് പൂർണമായും ഉപയോഗപ്പെടുത്തുന്നത് ഈ സിനിമയിൽ ആണ്.



തമിഴു നാട്ടിൽ കല്യാണത്തിന് പോകുന്ന സുഹൃത്തുകൾ അവിചാരിതമായി  ബെസ്റ്റീയുടെ   നിർബന്ധത്തിന് വഴങ്ങി  വിശ്വാസം ഇല്ലാത്ത. മിഥുൻ  നാഡി പ്രവാചകനെ കാണുന്നതും പിന്നീട് അയാളുടെ പ്രവചനം അയാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് ചിത്രം പറയുന്നത്. ചില കാര്യങ്ങളിൽ നമുക്ക് തീർത്തും യോജിക്കാൻ പ്രയാസം ഉണ്ടെങ്കിലും അതൊക്കെ എങ്ങിനെ ഉണ്ടാകും എന്നത് ബുദ്ധിപൂർവം അദ്ദേഹം തിരക്കഥ കൊണ്ട് മറികടക്കുന്നുണ്ട്.



എസ് എൻ സ്വാമിയുടെ ചിത്രങ്ങൾ പോലെ. പ്രതീക്ഷിച്ച  ത്രില്ലർ സ്വഭാവം ഇല്ലെങ്കിൽ കൂടി പല സംഭവവികാസങ്ങൾ കൊണ്ട് നമ്മൾക്ക് രസകരമായി അനുഭവപ്പെടും.


പ്ര.മോ.ദി.സം

ലെവൽ ക്രോസ്

 



ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം അദ്ദേഹത്തിൻ്റെ ശിഷ്യൻ അർഫാസ് അയൂബ് സംവിധാനം ചെയ്യുമ്പോൾ നമ്മുടെ പ്രതീക്ഷ ജിത്തു ജേണർ ചിത്രം ആയിരിക്കും.





എന്നാല് ഇത് ജിത്തു ജോസഫ് ചെയ്യുന്നത് പോലെ ഉള്ള ചിത്രമല്ല എന്ന് മാത്രമല്ല ഒരു ഓഫ് ബീറ്റ് ചിത്രമാണ് എങ്കിൽ പോലും നമുക്ക് മടുപ്പ് ഉണ്ടാകില്ല..ആകെ കഥാപാത്രങ്ങളുടെ ക്യരക്ടർ കുഴഞ്ഞു മറിഞ്ഞ് കിടക്കുന്നത് നമ്മിൽ കൺഫ്യൂഷൻ ഉണ്ടാക്കി പിടിച്ചിരുത്തി കളയും.






ഇതിൽ അധികം കഥാപാത്രങ്ങൾ ഇല്ല.."താഴ്‌വാരം" എന്ന ഭരതൻ ചിത്രം ആയിരുന്നു ഇത്രയും കുറച്ചു അഭിനേതാക്കളെ കൊണ്ട് നമ്മളെ പിടിച്ചിരുത്തി കളഞ്ഞത്.






ഇതിൽ മൂന്നേ മൂന്നു പേര് മാത്രമേ ഉള്ളൂ..ആസിഫലി,ഷറഫുദ്ദീൻ,പിന്നെ അമല പോൾ....ഒരു ട്രെയിൻ ലെവൽ ക്രോസ് പിന്നെ അവിടെ അവിചാരിതമായി എത്തിപ്പെടുന്ന രണ്ടുപേർ...അവരുടെ പിന്നിലെ ദുരൂഹതകൾ അതാണ് സിനിമ പറയുന്നത്. നല്ല രീതിയിൽ നല്ലപോലെ  ഒരു തുടക്കക്കാരൻ ചെയ്തു വെച്ചിട്ടുണ്ട്..


പ്ര.മോ.ദി.സം

Friday, July 26, 2024

DNA

 



ഒരു മഹാമാരി ദിവസം.വീട്ടിൽ കറി വെക്കുവാൻ കാര്യമായി ഒന്നുമില്ല..മഴ ആയതു കൊണ്ട് പുറത്ത് പോയി മീനോ ഇറച്ചിയോ  മലക്കറിയോ വാങ്ങി വരാനും പറ്റില്ല..എന്തായാലും മോരും ചമ്മന്തിയും കൂട്ടി ഉണ്ണാൻ തയ്യാറെടുത്ത് നിന്ന എൻ്റെ മുന്നിലേക്ക് അത്യുഗ്രൻ "കറിയും" കൊണ്ട് അവള് എന്നെ ഞെട്ടിച്ചു.





ഇതൊക്കെ എവിടെ നിന്ന് കിട്ടി എന്ന് ചോദിച്ചപ്പോൾ ഫ്രിഡ്ജിൽ ശ്രദ്ധിക്കപ്പെടാതെ ബാക്കി  വന്ന ഒന്നോ രണ്ടോ ഐറ്റംസ് വെച്ച്  ഉണ്ടായിരുന്ന എല്ലാ പച്ചക്കറികളും കൊണ്ട് ഒരു ഒന്നാന്തരം അവിയൽ....അതാണ്  കഴിവ്.....മയ്കിങ് ബ്രില്ലയൻഡ് എന്ന് വേണേൽ പറയാം...നമുക്ക് ആവശ്യമില്ല എന്ന് കരുതി ഉപേക്ഷിച്ചത് പോലെ കിടക്കുന്നത് എടുത്തു ഒരു പരീക്ഷണം..അതിൽ വിശ്വാസം ഉള്ളത് കൊണ്ട് മാത്രം.



ഇത് എന്തിന് പറഞ്ഞു എന്ന് വെച്ചാൽ മലയാള സിനിമയിൽ വർഷങ്ങളായി വലിയ "പണി" ഒന്നും ഇല്ലാതിരുന്ന കലാകാരന്മാരെ ഒക്കെ കൂട്ടി ഇണക്കി കൊണ്ട് അത്യുഗ്രൻ സിനിമ അതാണ് DNA..നമ്മൾക്ക് തുടക്കം മുതൽ ഒടുക്കം വരെ ത്രിൽ അടുപ്പിക്കുന്ന ഒന്നാംതരം ക്രൈം ത്രില്ലർ. അത് എങ്ങിനെ അവതരിപ്പിച്ചു എന്നതാണ് ചിത്രത്തിൻ്റെ വിജയം..



നായികയും നായകനും ഒഴിച്ച് (അവർ നായകൻ തന്നെയാണോ നായിക തന്നെ ആണോ എന്നും പറയാൻ പറ്റില്ല അതുകൊണ്ട് പ്രധാന താരങ്ങൾ )ബാക്കി ഉളളവർ ഒക്കെ കുറെ കാലമായി മലയാളത്തിൽ ഉണ്ടെങ്കിൽ കൂടി അത്ര അവസരമില്ല. അവർക്കൊക്കെ കൃത്യമായ സ്പയിസ് നൽകിയാണ് കുറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ചെയ്ത ടി എസ് സുരേഷ് ബാബു എന്ന സംവിധായകൻ്റെ  വർഷങ്ങൾക്ക് ശേഷം ഉള്ള തിരിച്ചു വരവ്.അത് കിടിലൻ തിരിച്ചു വരവ് തന്നെയാണ്...ഇനി അങ്ങോട്ട് വലിയ താരങ്ങളുടെ സിനിമ സുരേഷ്ബാബു ചെയ്യുന്നത് കാണാൻ കഴിയും.



ഒരു  ക്രൈം സിനിമയിൽ വേണ്ടതെല്ലാം കൃത്യമായ അളവിൽ ചേർത്ത് പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ കൂട്ടിച്ചേർത്തു തന്നെയാണ് സിനിമ എടുത്തത് എങ്കിലും ക്ലൈമാക്സ് അടുക്കുമ്പോൾ കറിയിൽ ഉണ്ടായിരുന്ന പച്ചമുളക് ഒന്ന് കടിച്ചു പോയി എന്നൊരു സംശയം തോന്നാം. അത് പുറത്തെടുത്ത് മാറ്റി വെച്ചാൽ വീണ്ടും സ്വാദ് നാവിൽ ബാക്കിയുണ്ടാകും...മലയാള സിനിമയിലെ അടുത്തകാലത്ത് വന്ന മികച്ച ത്രില്ലർ..


പ്ര.മോ.ദി.സം

Thursday, July 25, 2024

കിൽ

 



എല്ലാവരും ഈ ചിത്രം കാണരുത് ,ഇന്ത്യൻ സിനിമയിൽ ഇത്ര അധികം വയലൻസ് നിറഞ്ഞ സിനിമ എന്ന് പരസ്യം കണ്ടപ്പോൾ സാധാരണ സിനിമക്കാർ പറയുന്നത് പോലെ അണിയറക്കാർ തള്ളിയതായിരിക്കും എന്നാണ് കരുതിയത്.എന്നാല് ഒരു സീൻ പോലും അനാവശ്യം അല്ലാതെ ഓരോരോ ഇടിക്കും കിൻ്റൽ കണക്കിന് ചോരയും മാംസവും തെറിക്കുന്ന ഇടി...ഇത് കാണുമ്പോൾ നമുക്ക് ഉണ്ടാകുന്നത് അറപ്പോ വെറുപ്പോ പേടിയോ അല്ല... കൊല്ലുന്നത് ആണെങ്കിൽ അങ്ങേയറ്റം പൈശാചികമായ അവസ്ഥയിലും...എന്നാലും ഏതോ ഒരു  ഇമോഷൻ ആണ് നമ്മുടെ ചുറ്റിലും പടർന്നു കൊണ്ടിരിക്കുക.ഇങ്ങിനെ ഒന്നും പോരാ ഇവറ്റകളുടെ മരണം എന്ന് മനസ്സുപറയും.



ഒന്നാമത് ധർമ പ്രൊഡക്ഷൻ നിർമിച്ചു എന്നതൊഴിച്ച് സംവിധായകനോ നായകനോ നായികയൊ ഒന്നും പോപ്പുലർ അല്ല. നിഖിൽ നാഗേഷ് ഭട്ട് എന്ന സംവിധായകനെ അറിയില്ല.ലക്ഷ്യ, രാഘവ് എന്ന നടന്മാരെ കുറിച്ച് കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല.തന്യ എന്ന നടിയെ കുറിച്ചും..ഇവരൊക്കെ കുറെയായി  സിനിമ ടിവി ഇൻഡസ്രിയിൽ ഉളളവർ ആണ്.രാഘവ് ആണെങ്കിൽ പെർഫോർമർ ആണ്. ചില സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട് എന്ന് പോലും ഈ ചിത്രം കണ്ടതിനു ശേഷമായിരുന്നു മനസ്സിലാക്കിയത്.

ഈ സിനിമയാണെങ്കിൽ കുറെ ഇൻ്റർനാഷണൽ അവാർഡ് വാങ്ങിയിട്ടുണ്ട് എന്ന് ചെറിയ അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ...കഴിഞ്ഞ വർഷം അവാർഡ് കിട്ടിയിട്ടും സിനിമ ഈ ജൂലായ് മാത്രമാണ് തിയേറ്ററിൽ എത്തിയത്..തിയേറ്ററിൽ തരംഗം ആയപ്പോൾ ആണ് കാണുവാൻ ശ്രമിച്ചത്. അതാണെങ്കിൽ ഒരിക്കലും നിരാശ നൽകിയതുമില്ല.



ചിത്രത്തിൻ്റെ തൊണ്ണൂറ് ശതമാനവും ട്രെയിനിൽ ചിത്രീകരിച്ച സിനിമ ആദ്യാവസാനം നമ്മളെ കോരിത്തരിപ്പിക്കുന്ന രംഗങ്ങൾ കൊണ്ട് സമൃദ്ധമാണ്.രണ്ടു ആർമിക്കാർ ട്രെയിനിൽ കടന്നുകൂടിയ ഒരു കൂട്ടം ആക്രണകാരികളുമായി ഉണ്ടാകുന്ന സംഘടനങ്ങൾ ആണ് സിനിമ..ഇവർ ഇത്രക്ക് എന്തിന് പരാക്രമം കാണിക്കേണ്ട വരുന്നു എന്നത് സിനിമയുടെ ആദ്യഭാഗത്ത് മനസ്സിലാക്കും.



കൊലപാതകങ്ങളുടെ "പരമ്പരയിൽ "നമുക്ക് കാണാനാവുന്നത് അങ്ങേയറ്റം ഭീവത്സമായ രംഗങ്ങൾ ആണ്..അതൊക്കെ കാണുമ്പോൾ ശരിക്കും ഞെട്ടും..അണിയറക്കാർ പറഞ്ഞത് പോലെ എല്ലാവരെയും കൊണ്ട് ഈ ചിത്രം കണ്ട് തീർക്കുവാൻ കഴിയില്ല..പ്രത്യേകിച്ചും കുട്ടികൾക്കും സ്ത്രീകൾക്കും വയലൻസ് രംഗങ്ങൾ ചിലപ്പോൾ പ്രശ്നം സൃഷ്ടിച്ചേക്കാം.


ഇന്ത്യൻ ടൂ വിനോക്കെ ബി ജി എം ചെയ്തു കുളമാക്കിയ അനിരുദ്ധ് ഒക്കെ ഈ സിനിമ ഒന്ന് കണ്ടൂ പഠിക്കുന്നത് നല്ലതാണ്. ഇത്തരം സിനിമകൾക്ക് സംഗീതത്തിലൂടെ  എങ്ങിനെയാണ് പ്രേക്ഷകനെ ഇരുത്തുവാൻ പറ്റുന്നത് എന്ന്...ആദ്യാവസാനം ബാക് ഗ്രൗണ്ട് മ്യൂസിക് തന്നെയാണ് നമ്മളെ കൂടുതല് ചിത്രത്തിലേക്ക് പിടിച്ചിരുത്തുന്ന ഘടകം.


പ്ര.മോ.ദി.സം

നാഗേന്ദ്രൻസ് ഹണിമൂൺസ്

 



പൊതുവേ മടിയനായ ജോലിക്ക് ഒന്നും പോവാതെ കൂടുതൽ സമയം ഉറക്കത്തിലൂടെ സമയം 

കൊല്ലുന്ന പ്രായമായ അമ്മ ജോലിക്ക് പോകുന്നത് കൊണ്ട് മാത്രം ചിലവുകൾ കഴിഞ്ഞ് പോകുന്ന നാഗേന്ദ്രൻ ജീവിതത്തെ കുറിച്ച് ഭാവിയെ കുറിച്ച് കൂടുതലൊന്നും ചിന്തിക്കാറില്ല.



സുഹൃത്തിന് ഒപ്പം ഓസിനു കള്ളും കപ്പയും മീനും മൊന്താൻ സമയം കണ്ടെത്തുന്നു. ഉറ്റ സുഹൃത്ത് ഗൾഫിൽ നിന്നും വന്നു പോഷ് കാണിച്ചതിലൂടെ ഗൾഫിൽ പോകാനുള്ള മോഹം ഉദിക്കുക യാണ്.




അതിനുള്ള പണം കണ്ടെത്താനുള്ള വഴിയായി സുഹൃത്ത് ഉപദേശിച്ചു കൊടുക്കുന്ന സ്തീധനം കിട്ടുന്ന  "കല്യാണം " എന്ന പരിപാടി അഞ്ചു വരെ നീണ്ടു പോകുകയാണ്...അങ്ങിനെ ഓരോ കല്യണവുമായി ബന്ധപ്പെട്ട കഥയാണ് രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.





എൺപതുകളിലെ കഥ പറയുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്തത് നിതിൻ രഞ്ജി പണിക്കർ ആണ് . 


പ്ര.മോ.ദി.സം

Wednesday, July 24, 2024

ഇടിയൻ ചന്തു

 


ഒരാളുടെ ചെറുപ്പത്തിലേ അനുഭവങ്ങൾ ആയിരിക്കും അവൻ്റെ സ്വഭാവ രൂപീകരണത്തിന് കാരണമാവുകയും പിന്നീട് അവനിൽ ജീവിതത്തിൽ ഉടനീളം കൊണ്ടുനടക്കേണ്ടി വരികയും ചെയ്യുക.

അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നത് കണ്ട് കൊണ്ടുള്ള ചെറുപ്പകാലം അവൻ്റെ മനസ്സിൽ ഏൽപിച്ച മുറിവ് ഭയങ്കരം ആയിരുന്നു.അത് കൊണ്ട് തന്നെ എല്ലാറ്റിനും പെട്ടെന്ന് പ്രതികരിക്കുന്ന  വഴക്കാളി, ദേഷ്യകാരനായ ചന്തുവിനു നാട്ടിലെ എല്ലാ സ്കൂളിലും "പഠിക്കേണ്ടി" വന്നു.


നാട്ടിൽ സ്കൂളുകൾ ബാക്കി ഇല്ലാത്തത് കൊണ്ട് തന്നെ സ്വദേശത്ത്

 നിന്നും അകലെ കോതമംഗലത്ത്  സ്കൂളിൽ പ്ലസ് ടൂ "പാസാവാൻ "വേണ്ടി ചേരുന്നു.  അച്ഛൻ മരിച്ചത് കൊണ്ടുള്ള ആശ്രിത പോലീസ് ജോലി കിട്ടുവാനുള്ള് അവസാന ചാൻസ് ഫലപ്രദമായി ഉപയോഗിക്കാൻ അവൻ സ്കൂളിൽ എല്ലാം ക്ഷമയോടെ അനുസരിക്കുന്ന  "നല്ലവനായ " ചന്തു ആകേണ്ടി വരുന്നു.





പുതിയ സ്കൂളിലും ചില പ്രശ്നങ്ങളിൽ മനസ വാച ഇടപെട്ട്   പ്രതികരിക്കേണ്ട  അവസ്ഥ ഉണ്ടാകുമ്പോൾ ചന്തുവിനു  പല കാര്യങ്ങളും കീഴ്‌മെൽ മാറുകയാണ്. മുൻപത്തെ പകയുള്ള സഹപാഠിയും അവിടുത്തെ ഗ്യാങ്ങും ഒക്കെ അവനു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പിന്നീട് സ്കൂളിൽ കയറിയ ലഹരി മാഫിയയുമായി കൊമ്പ് കോർത്തത്തോടെ എല്ലാം തല കീഴായി മറിയുന്നു.







സ്കൂളിലെ ലഹരി ഉപയോഗവും അതിൻ്റെ പിന്നിലെ മാഫിയ സംഘങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ചിത്രം ചന്തുവിൻ്റെ ഇടി മാത്രം പ്രതിപാദിക്കുന്ന സിനിമയല്ല..ചില കുടുംബ  പ്രശ്നങ്ങളിൽ  കൂടി സഞ്ചരിക്കുന്നു.




പീറ്റർ ഹൈൻ സംഘടനം നിർവഹിക്കുന്ന ചിത്രത്തിന് പേര് പോലെ ഇടിയൻ ആകുവാൻ സാധിച്ചിട്ടില്ല എങ്കിലും ഇടി യുണ്ട്..അണിയറ തള്ളി മറിച്ചിൽ കേട്ട് പുലിമുരുകൻ സ്റ്റൈൽ, ആർ ഡി എക്സ് ടൈപ്പ്  ഒക്കെ കാണുവാൻ പോയാൽ നിരാശ്യായിരിക്കും ഫലം.



പ്ലസ് ടു അടി എന്നൊക്കെ പരസ്യത്തിൽ ഉണ്ടെങ്കിലും അടി ശരിക്കും കുട്ടികളുടെ മാത്രം അല്ല എന്നതും നിരാശരാക്കും.നല്ലരീതിയിൽ കഥ പറഞ്ഞു പോകുന്ന ചിത്രം തല്ലിൻ്റെ അമിത ഭാരം ഇല്ലാതെ വെറും തള്ളി ഭാരമായി നമുക്ക് അനുഭവപ്പെടും.


പ്ര.മോ.ദി.സം 

വിശേഷം

 



കല്യാണം കഴിഞ്ഞ് രണ്ടോ മൂന്നോ മാസം കഴിഞ്ഞാൽ വീട്ടുകാരും നാട്ടുകാരും ചോദിക്കാൻ തുടങ്ങും "വിശേഷം" ഒന്നും ആയില്ലേ എന്ന്..പുതുദമ്പതികൾക്കു ഏറ്റവും കൂടുതൽ മനസ്സ് മടുക്കുന്നത് ഈ ചോദ്യം കേൾക്കുമ്പോൾ ആണ്.

പ്രസവിക്കാൻ വേണ്ടി മാത്രമാണ് കല്യാണം കഴിക്കുന്നത് എന്നൊരു ധാരണ ഉണ്ടായ നമ്മുടെ  സമൂഹത്തിന് ഇപ്പൊൾ വലിയ മാറ്റം വന്നിട്ടുണ്ട്. എങ്കിലും കുട്ടികൾ ഉണ്ടാവണം പാരമ്പര്യം നിലനിർത്തണം എന്നൊക്കെ ഉള്ള കാര്യങ്ങളിൽ സമൂഹത്തിന് ഉള്ള നിർബന്ധ ബുദ്ധിതള്ളി കളയാൻ പലർക്കും പറ്റുകയുമില്ല. അവർ ഈ ചോദ്യം കേട്ട് കൊണ്ടേയിരിക്കും.




കല്യാണം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികൾ ഉണ്ടവാതായപ്പോൾ മിക്ക ദമ്പതികൾ ആശ്രയിക്കുന്നത് ഡോക്ടർമാരെയാണ്. ഒരു കുഴപ്പവും ഇല്ലെങ്കിൽ പോലും നാട്ടരുടെ ചോദ്യങ്ങൾ ഭയന്ന് അവർ ഡോക്റ്ററെ സമീപിക്കും.




നൂതന മെഡിക്കൽ സംവിധാനങ്ങൾ തങ്ങൾക്ക് കുഞ്ഞികാൽ കാണുവാൻ അവസരം ഉണ്ടാക്കിതരും എന്നൊരു വിശ്വാസം ഉള്ളവരെ മുതലെടുക്കുന്ന ഒട്ടേറെ ക്ലിനിക്കുകൾ ഇപ്പൊൾ നമ്മുടെ നാട്ടിൽ ഉണ്ട്. അത്തരത്തിൽ ഉള്ള ഉടായിപ്പ് ഈ ചിത്രം തുറന്നു കാട്ടുന്നുണ്ട്..കുറെയേറെ പൈസ പിണുങ്ങി കൈമലർത്തി കാണിക്കുന്ന സ്ഥാപനങ്ങൾ.



കുട്ടികൾ ഉണ്ടാക്കുവാൻ പല സംവിധാനങ്ങളും ഇപ്പൊൾ നിലവിൽ ഉണ്ടെങ്കിലും സ്വന്തം കുഞ്ഞുങ്ങൾ തന്നെ വേണം എന്ന് നിർബന്ധബുദ്ധിയുള്ള കുറെ "അച്ഛനമ്മമാർ" ഉണ്ടാകും..അവർ കാത്തിരിക്കും സ്വന്തം കുഞ്ഞിന് വേണ്ടി..ചിലരുടെ കാര്യങ്ങളൊക്കെ നല്ലരീതിയിൽ വരും ചിലത് ഒന്നും സംഭവിക്കാതെ പോകും....



നല്ലൊരു കുടുംബ കഥ പറയുന്ന ചിത്രത്തിൽ ഉള്ള ചില സംഭാഷണങ്ങൾ ശരിക്കും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ നിന്നും കടം കൊണ്ടിട്ടുള്ളതാണ്. പല അവസരങ്ങളിലും നമ്മളിൽ പലരും കടന്നു പോയ നിമിഷങ്ങളും അനുഭവപ്പെട്ടേക്കാം.


പുതിയ നായകൻ ആനന്ദ് മധുസൂദനൻ ചിന്നു എന്ന നായികക്ക് ഒപ്പം മികച്ചരീതിയിൽ ചെയ്ത ചിത്രത്തിന് രചനക്ക് ഒപ്പം സംഗീതം ഉൾപ്പെടെ പല കാര്യങ്ങൾക്ക് കൂടി കൈവെച്ച്ട്ടുണ്ട്.ഒന്നും മോശമാക്കിയില്ല.സൂരജ് ടോം സംവിധാനംചെയ്ത ചിത്രം ഫാമിലി ഓടിയൻസിനെ ലക്ഷ്യം വെച്ചിട്ടുള്ളതാണ്.


പ്ര.മോ.ദി.സം