Sunday, May 26, 2024

മന്ദാകിനി

 



ഒരു കല്യാണവും ആ ഒരു ദിവസത്തെ സംഭവങ്ങളും കോർത്തിണക്കി നർമത്തിൽ ചാലിച്ച് അൽതാഫ് ,അനാർക്കലി നായിക നായകന്മാർ ആയി വിനോദ് ലീല അണിയിച്ചൊരുക്കിയ കൊച്ചു ചിത്രം.




 പഠന സമയത്ത്  ഗ്ലമറില്ലത്ത കൊണ്ട് ആരും പ്രേമിക്കാൻ മിനക്കെടാതെ ഒഴിവാക്കിയ  ഒരാൾ  തനിക്ക് കിട്ടിയ വധു സുന്ദരിയാണ് എന്നറിയുമ്പോൾ അന്നത്തെ ഒഴിവാക്കലിനും തഴയലിനും ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ട് തുടങ്ങുന്ന സിനിമ കല്യാണ ദിവസവും അന്ന് രാത്രിയും നടക്കുന്ന സംഭവങ്ങൾ പറയുകയാണ് നർമ്മത്തിൽ ചാലിച്ച്...




നമ്മുടെ നാട്ടിൽ വാറ്റ് നിയമം മൂലം നിരോധിച്ചു എങ്കിലും മലയാളി ബ്രിട്ടനിലും കാനഡയിലും പോയി വാറ്റി അവിടെ ഉള്ളവരെ കുടിപ്പിച്ചു  ഒരു ബ്രാൻഡ് തന്നെ ഉണ്ടാക്കിയ " മന്ദാകിനി"    സംഭവം തന്നെയാണ് ഈ ചിത്രത്തിന് പ്രചോദനം..




മദ്യം ആരോഗ്യത്തിന് ഹാനികരം ആണെങ്കിലും ചില സമയത്ത് ഗുണങ്ങൾ കൂടി ചെയ്തു വെക്കുന്നുണ്ട്.ഇപ്പൊൾ മലയാള സിനിമയിൽ മദ്യം ഒഴിച്ച് കൂടുവാനാകാത്ത തരത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ട്..ഇപ്പൊൾ സിനിമയിൽ നായികമാർ ഇല്ലെങ്കിലും മദ്യം എന്തായാലും ഉണ്ടാകുന്നുണ്ട്..


കേരളത്തിൽ ലഹരി ജീവിതത്തിൽ എത്രത്തോളം ഇടപെടുന്നു എന്നത് ഇപ്പൊൾ ഉള്ള മലയാള സിനിമകൾ കണ്ടാൽ മനസ്സിലാക്കാവുന്നതാണ്.

പക്ഷേ ഈ ചിത്രത്തിന് മറ്റുള്ള ചിത്രങ്ങളിൽ ഉള്ള പോലെ മദ്യ ത്തെ തിരുകി കയറ്റിയത് അല്ല അത് സിനിമക്ക് അത്യന്തം ആവശ്യം തന്നെയായിരുന്നു.




അല്പം ചിരിയും ചിന്തയും നൽകുന്ന ചിത്രം  ടർബോ സൂപ്പർ താര തല്ലും   നല്ല അഭിപ്രായം കൊണ്ട് കാണികളെ നിറ ക്കുന്ന ബിജു ആസിഫ് ചിത്രം തലവൻ ഒക്കെ ഉള്ളത് കൊണ്ട് തിയേറ്ററിൽ വിജയം നേടുമോ എന്ന് സംശയമാണ്..കുടുംബ പ്രേക്ഷകർ മറ്റു രണ്ടു ചിത്രങ്ങളെ കൈവിട്ടാൽ മാത്രം വിജയ  പ്രതീക്ഷ നൽകുന്നു. കാരണം ഒരു കാമ്പും ഇല്ലാത്ത സൂപ്പർ താര 

ചിത്രങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന അനേകം നല്ല ചിത്രങ്ങൾ ഉണ്ട്.


പ്ര.മോ.ദി.സം

തലവൻ

 



ഒരേ സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥൻമാർ ഈഗോ കൊണ്ട് പരസ്പരം ഏറ്റുമുട്ടുന്നത് ആണ് തുടക്കം പറയുന്നത് എങ്കിലും പിന്നീട് ഒരു കൊലപാതകത്തിൽ കൂടി കഥ വേറൊരു തലത്തിലേക്ക് പോകുകയാണ് .





നമ്മൾ ചെയ്യാത്ത തെറ്റുകൾ നമ്മുടെ തലയിലെക്ക് വരുമ്പോൾ നമ്മൾ പകച്ചു പോകും..അതിനു പിന്നിൽ വലിയൊരു സംഘം ഉണ്ടാകും എന്ന തിരിച്ചറിവിൽ നമ്മൾ അതിൽ നിന്ന് എങ്ങിനെയെങ്കിലും ഊരി പോരുവാൻ ശ്രമിക്കുമ്പോൾ ചുറ്റും ഉളളവർ വല മുറുക്കി കൊണ്ടിരിക്കും. അതിൽ കൂടെ നിന്നവരും കാണും കൂട്ടുകാരും കാണും എന്നത് നമ്മെ തകർത്തു കളയും.




ജിസ് ജോയി എന്ന നമ്മളെ ഒരിക്കലും 

നിരാശാപെടുത്താത്ത സംവിധായകൻ ഇത്തവണ ആസിഫലിക്ക് പുറമെ ബിജുമേനോനെ കൂടി കൂട്ടിയാണ് കഥ പറയുന്നത്.ഇത്തരം സിനിമകളിൽ വരുന്ന ട്ടി സ്റ്റുകൾ തന്നെയാണ് സിനിമയെ ആകർഷകം ആക്കുന്നത്.




നല്ലൊരു പോലീസ് ത്രില്ലർ കാണണം എന്നുണ്ടെങ്കിൽ ധൈര്യമായി തീയേറ്ററിലേക്ക് പോകാം. മാസ്സ് പ്രതീക്ഷിച്ചു പോകരുത് എന്ന് മാത്രം.


പ്ര.മോ.ദി.സം

Thursday, May 23, 2024

ടർബോ

 

വിജയ്,അജിത്ത്,രജനി ഒക്കെ മാസ്സ് കാണിച്ചു കേരളത്തിൽ നിന്നും കോടികൾ കൊണ്ട് പോകുമ്പോൾ അതുപോലെ ഒന്ന് ഇവിടെയും ഉണ്ടാക്കണം എന്ന് മലയാളീസ്  സംവിധായകർ ,നടന്മാർ ,ടെക്നീഷ്യൻസു് ഒക്കെ ആഗ്രഹിക്കും.ചിലരൊക്കെ മുൻപ് പരീക്ഷിച്ചു എങ്കിലും പ്രേക്ഷകർ മലയാളം നടന്മാർ ഈ ഗണത്തിൽ പെടുന്നതൂ അംഗീകരിച്ചില്ല. നമ്മുടെ ഇടി പടങ്ങളിൽ പോലും അവർക്ക്  ലോജിക് നോക്കുന്ന പരിപാടി  ഉണ്ടായിരുന്നു..

 വർഷങ്ങളായി ഇത് പോലെ പലരും മലയാളത്തിൽ ഉണ്ടാകണം എന്നു മനസ്സിൽ   കൊണ്ട് നടന്ന ആഗ്രഹ സഫലീകരണം മാത്രമാണ് ഈ സിനിമ.മുൻപ് അജയ് വാസുദേവ് എന്ന സംവിധായകൻ മമ്മൂക്കയെ വെച്ച് ഇത്തരം സിനിമകൾ ശ്രമിച്ചു കൈ ചെറുതായി പൊള്ളി എങ്കിലും ഇതൊക്കെ ഇവിടെ നടക്കും എന്നു വൈശാഖ് അടക്കം  ചിലർ മുന്നേ സൂചന തന്നതാണ്.

മുൻപ് മലയാളം നടന്മാർ ഇങ്ങിനെയുള്ള സിനിമ ചെയ്താൽ സ്വീകരിക്കാൻ മലയാളീസ് തൽപര്യപെടില്ല.അതറിഞ്ഞു കൊണ്ട് പലരും ഇത്തരം ചിത്രങ്ങൾ കുടുംബ കഥയുമായി കൂട്ടി കുഴച്ച് ഉണ്ടാക്കി സ്ത്രീ പ്രേക്ഷകരെ കൂടി ആകർഷിച്ചു....ചിലതൊക്കെ കുടുംബ പ്രേക്ഷകരെ ആകർഷിക്കാനുള്ള പരുവത്തിൽ കൂടി ഉണ്ടാക്കിയത് ആയിരുന്നു.

എന്നാലും മലയാളം ആയതുകൊണ്ട്  ലോജിക്കും കഥയും ഒക്കെ പറഞ്ഞു അവർ പലപ്പോഴും ഇത്തരം ചിത്രത്തെ തള്ളി മാറ്റും.എന്നാലോ തമിഴു തെലുഗു ലോജിക് ഇല്ലാത്ത സിനിമകൾ സൂപ്പർ ഹിറ്റ് അടിപ്പിക്കും. മലയാളത്തിൽ മാത്രം ഒരു പ്രത്യേകതരം ഭ്രഷ്ട്.

 അഞ്ചു മാസത്തിനുള്ളിൽ ആയിരം കോടി എന്ന റിക്കാർഡ് കളക്ഷനും കൊണ്ട് ഭാരതത്തിൽ മലയാള സിനിമ മുന്നേറുമ്പോൾ ഈ സിനിമക്ക് ഇന്ത്യയിൽ മുഴുവൻ നല്ല കളക്ഷനും കിട്ടിയേക്കും. അത് കൊണ്ട് കൂടിയാണ് നല്ല ചിലവിൽ ഈ ചിത്രം ഒരുക്കിയത്. കാരണം ഇന്ന്  പ്രേക്ഷകർ മാറി..ലോജിക് ഒന്നും അവനു ഇപ്പൊൾ ആവശ്യമില്ല...അവനു തിയേറ്ററിൽ പോയി രസിക്കണം. അർമധിക്കണം...



കോടികൾ  മുടക്ക് മുതൽ ഉള്ള ഈ സിനിമ മലയാളത്തിൽ ഉണ്ടായത് സിനിമ തിരിച്ചു കിട്ടും എന്നുള്ള ഉറപ്പ് കൊണ്ട് തന്നെയാണ്...പറഞ്ഞു പഴകിയ കഥാതന്തു ആണെങ്കിൽ കൂടി അതൊന്നും ചിന്തിപ്പിക്കാൻ പ്രേക്ഷകന് സമയം കൊടുക്കാതെ അവനെ മിനക്കെടുത്താതെ രണ്ടര മണിക്കൂർ (കൂടുതൽ) മാസ്സ് ആയി മിഥുൻ മാനുവൽ വൈശാഖ് ടീം ചിത്രം  ഒരുക്കിയിട്ടുണ്ട്.

മമ്മൂട്ടിയുടെ ഈ  എഴുപത് കഴിഞ്ഞ വയസ്സിൽ   പ്രതീക്ഷിക്കാത്ത മാസും രാജ് ബി ഷെട്ടിയുടെ വില്ലൻ  ക്ലാസ്സും കൊണ്ട് നിബിഡമായ സിനിമയിൽ അഭിനയം കൊണ്ട് തകർത്തത് ബിന്ദു പണിക്കർ ആണ്.കൂടെ സിനിമക്ക് ഇണങ്ങിയ മ്യൂസിക്ക് കൂടി ആകുമ്പോൾ മരണ മാസ്സ്.

സേതുപതിയെ ശബ്ദം കൊണ്ട് രണ്ടാം ഭാഗം ഉണ്ടാകും എന്നു കൂടി സിനിമയുടെ അവസാന ഭാഗത്തിൽ പറയിപ്പിക്കുന്നുണ്ട്. ഈ സിനിമയുടെ വിജയം പോലെ ആയിരിക്കും അനന്തര നടപടികൾ.

പ്ര.മോ.ദി.സം

Saturday, May 18, 2024

ഹൃദയഹാരിയായ പ്രണയകഥ

 



ഇപ്പൊൾ സിനിമകളുടെ തുടർച്ചകൾ വരുന്നതാണ് ട്രെൻഡ്..ന്നാ താൻ കേസുകൊട് എന്ന ചിത്രത്തിലെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു കമിതാക്കൾ സുരേഷും സുമലതയും...



അവരുടെ പ്രേമവും സിനിമ പോലെ ഹിറ്റായപ്പോൾ അവരിൽ കൂടി പുതിയ പരീക്ഷണം നടത്തുകയാണ് സംവിധായകൻ രതീഷ് പൊതുവാൾ. രാജേഷ് ,ചിത്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹൃദയഹാരിയായ ഒരു പ്രേമ കഥ ഒരുക്കിയിരിക്കുന്നു.



വടക്കേ മലബാറിലെ പ്രത്യേകിച്ച് പയ്യന്നൂരിലെ നാടക പ്രേമവും  കൂട്ടി ചേർത്ത് മൂന്നു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്.ശരിക്കും രാജേഷിൻ്റെ അഴിഞ്ഞാട്ടം തന്നെയാണ് ചിത്രം.




വെറും പ്രേമ കഥ മാത്രമാക്കി ഒതുക്കാതെ സാമൂഹിക വിഷയങ്ങളിൽ കൂടി കൈകടത്തി ആക്ഷേപ ഹാസ്യത്തിൽ കൂടിയാണ് സിനിമ പോകുന്നതും..എല്ലാവർക്കും അതിൻ്റെ കാര്യ കാരണങ്ങൾ അധികം ദഹിക്കില്ല എങ്കിൽ കൂടിയും പറയേണ്ടത് വ്യക്തമായി പറഞ്ഞിട്ടുണ്ട്..




എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം സുധീഷിൻ്റെ ചിത്രയുടെ അച്ഛനായ നാടക കാരൻ്റെതാണ്..സുധീഷ് ചില സമയങ്ങളിൽ ലെവൽ മാറി തകർത്തു ആടുന്നുണ്ട്..




സംഗീതവും നൃത്തവും ക്യമറയും അഭിനേതാക്കളും തങ്ങളുടെ ഭാഗം നന്നായി ചെയ്തപ്പോൾ അതിൻ്റെ  ഒക്കെ ഔട്ട് പുട്ട് കൂടി മികച്ചതായി.


പ്ര.മോ.ദി. സം

Friday, May 17, 2024

ഗുരുവായൂർ അമ്പലനടയിൽ




വിപിൻ ദാസ് അത്യാവശ്യം നല്ല സംവിധായകൻ ആണ്..ഒന്നിനൊന്നു വ്യത്യസ്തത നിറഞ്ഞ ചിത്രങ്ങൾ കുറഞ്ഞ കാലത്തിനുളളിൽ നമുക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.




ബേസിൽ ജോസഫ് എന്ന സംവിധായകൻ നടനായി നമ്മെ വളരെ അധികം രസിപ്പിച്ചിട്ടുണ്ട്.ഇവർ രണ്ടുപേരും ഒത്ത് ചേർന്ന് ജയജയ ജയഹെ എന്നൊരു മികച്ച ചിത്രം നമുക്ക് തന്നിട്ടുണ്ട്.



പ്രിത്വിരാജ് ആണെങ്കിൽ മലയാളത്തിലെ പാൻ ഇന്ത്യൻ സ്റ്റാർ.. എല്ലാ മേഖലയിലും കൈവെച്ച് കഴിവ് തെളിയിച്ച ആൾ..വിപിൻദാസ് പോലെ ഒരു സംവിധായകൻ്റെ സിനിമയിൽ നിർമിച്ചു അഭിനയിക്കുമ്പോൾ എന്തെങ്കിലും കാണാതിരിക്കില്ല

എന്നു നമ്മളെ കൊണ്ട് തോന്നിപ്പിച്ചു.



പക്ഷേ അൽഫോൺസ് പുത്രനെ വിശ്വസിച്ചു ഗോൾഡ് ചെയ്തത് പോലെ വിപിനെ വിശ്വസിച്ചു ചെയ്ത കോമഡി അത്രക്ക് ഗംഭീരമായില്ല എങ്കിലും മോശമാക്കിയില്ല.നമ്മൾ പാൻ ഇന്ത്യൻ ആകുന്നതിന് മുൻപുള്ള "നടനെ " ഈ ചിത്രത്തിൽ കാണാൻ പറ്റും.



മൊത്തത്തിൽ പറഞാൽ തൊണ്ണൂറുകളിൽ പ്രിയദർശൻ നടത്തിയ ചുറ്റികളി തമാശകൾ ഇപ്പൊൾ വീണ്ടും പറഞ്ഞിരിക്കുന്നു എന്ന് മാത്രം .അത് കൊണ്ട് തന്നെ പ്രിയൻ ചിത്രങ്ങൾ കണ്ടിരിക്കുന്നത് പോലെ അങ്ങ് രസിച്ചു കണ്ടിരിക്കാം.



ഒരു കല്യാണവും അതിനു പിന്നിലെ ഗുലുമാലുകളും  മറ്റും തന്നെയാണ് കഥ..അത് ഗുരുവായൂരിൽ വെച്ച് നടക്കാനും നടക്കാതിരിക്കുവാനും ഉള്ള രണ്ടു വിഭാഗങ്ങളുടെ മൽസരമാണ് ചിത്രം..ചില തമാശകൾ ചിരി ഉണർത്തുന്നു എങ്കിലും ചിലത് നനഞ്ഞ പടക്കം ആയി പോകുന്നുണ്ട്..




പല സിനിമകളുടെയും പാട്ടുകളുടെയും റഫറൻസ് എടുത്ത ചിത്രം  ഇവരുടെ ഒക്കെ ബ്രാൻഡ് നെയിം ഉള്ളത് കൊണ്ട് തള്ളി തള്ളി ആണെങ്കിലും സിനിമ ഒരു കര പറ്റും.


പ്ര.മോ.ദി.സം.

Wednesday, May 15, 2024

ആരോ

 



ചില സിനിമകൾ കാലം തെറ്റി ഇറങ്ങാറുണ്ട്. അത് ചിത്രീകരണത്തിന്  നിർമാതാവിന് ഫണ്ട് ഇല്ലാത്തത് കൊണ്ടോ അല്ലെങ്കിൽ സെൻസറിലെ  നൂലാമാലകൾ കൊണ്ടോ ആയിരിക്കും.




 ചിലത് സംവിധായകൻ്റെ ,അല്ലെങ്കിൽ അപ്ഡേറ്റ് ആവാത്ത എഴുത്തുകാരൻ്റെ ശ്രമഫലമായി കാലഹരണപ്പെട്ട വിഷയം നമ്മിലേക്ക് 

ഇൻജക്റ്റു ചെയ്യാൻ ശ്രമിക്കും..




ഇതിൽ ഏതായാലും ജോജു പോലത്തെ  അപാരകഴിവുകൾ ഉള്ള ഒരു നടൻ തലവെച്ച് കൊടുക്കുന്നത് എന്തിനാണ് എന്നാണ് മനസ്സിലാകാത്തത്..പോലീസ് ഉദ്യോഗസ്ഥൻ ആയി നിരവധി തവണ അഭിനയം കൊണ്ട് നമ്മെ വിസ്മയിച്ചു കൊണ്ടിരുന്ന നടൻ ഇതിൽ  വെറുതെ വന്നു പോകുന്ന ഒരു പോലീസുകാരൻ മാത്രമായി പ്രത്യക്ഷപ്പെടുന്നു.





തൃശൂർ നഗരവും അതിനു ചുറ്റിലും ഉള്ളവരെ ഒക്കെ കഥപറയുന്ന ചിത്രം നൂറു ആവർത്തീ പറഞ്ഞു പഴകിയ വിഷയം തന്നെയാണ് അവതരിപ്പിക്കുന്നത്.ക്ലൈമാക്സ് പോലും പുതിയത് അല്ല..തുടക്കത്തിൽ ചില സസ്പെൻസ് ഒക്കെ നടത്തി എങ്കിലും പിന്നിട് അങ്ങോട്ട് തഥൈവ..


പ്ര.മോ.ദി.സം