Wednesday, February 1, 2023

മഞ്ഞ് കൊള്ളുന്ന മക്കളും തേരാ പാര നടക്കുന്ന മാതാപിതാക്കളും.."

 "



രാഘവനെ അറിയാമോ..നമ്മുടെ വിജയരാഘവനെ അറിയാമോ? അത്രക്ക് "പ്രശസ്തൻ "ഒന്നുമല്ല..എം. പി ഒക്കെ ആയ ആൾ ആണ് ..ഇപ്പൊ ഇടതു പക്ഷ കൺവീണർ  അങ്ങിനെ  എന്തൊക്കെയോ ആണ്...


എന്നാലോ വായിൽ നിന്നും വീണ് പോയ കാര്യങ്ങളിൽ കുപ്രസിദ്ധി ധാരാളം ഉണ്ടു താനും..മുൻപ് കോടിയേരി സഖാവ്  പാർട്ടിയിൽ നിന്നും ലീവ് എടുത്തപ്പോൾ കുറച്ചു കാലം സിക്രട്ടറി കസേരയിൽ "കയറി" ഇരുന്നിരുന്നു. നല്ല നിലയിൽ ഇരുന്നിരുന്നു എങ്കിൽ ഗോവിന്ദൻ സഖാവ് ഇന്നവിടെ ഇരിക്കേണ്ടി വരില്ലായിരുന്നു.


അപ്രത്യക്ഷനായി കൊണ്ടിരിക്കുന്ന മുഖം ആയതിനാൽ  "ലൈം ലൈറ്റ് ൽ" നിന്നും മാഞ്ഞു പോകാതിരിക്കാൻ  അല്ലേൽ വീട്ടീന്ന് പറഞ്ഞത് കൊണ്ട് ഇന്ന് അങ്ങേരു ഒരു ഡയലോഗ് കാചിയിട്ടുണ്ട്.


 ആറു മാസം മഞ്ഞ് വീഴുന്ന നാട്ടിലേക്ക് കുട്ടികളെ അയച്ചിട്ട് മാതാപിതാക്കൾ  ഇവിടെ തേര പാര നടക്കുകയാണ് എന്ന്...കാനഡയിലും മറ്റും കുട്ടികളെ അയച്ചു ഇവിടുത്തെ മാതാപിതാക്കൾ അവരെ അവിടെ തന്നെ സെറ്റിൽ ചെയ്യിക്കുകയും ഒരിക്കലും തിരിച്ചു വരാത്തവരും ആക്കി തീർക്കുകയാണ് എന്ന്...


സത്യാണ് സഖാവേ...ഉന്നത വിദ്യാഭ്യാസം നേടിയാൽ കൊടുക്കാൻ ഇവിടെ  എന്തേലും ജോലി ഉണ്ടോ? ഉള്ളത് മുഴുവൻ പിൻ വാതിലിൽ കൂടി വേണ്ടപ്പെട്ടവർ ക്കു കൊടുത്താൽ നമ്മുടെ മക്കൾ ഒക്കെ എന്തോന്ന് ചെയ്യും? ഭാര്യയെ വരെ ജയിപ്പിച്ചു "ഉന്നത" വിദ്യാഭ്യാസ മന്ത്രി  ( ഈ ഉന്നതവും മറ്റും അടുത്ത കാലത്ത് ഉണ്ടായത് അല്ലെ....അല്ല ഉണ്ടാക്കിയത് അല്ലെ..) ആക്കിയില്ലെ...നമ്മളെ കൊണ്ട് അതൊക്കെ പറ്റോ...


അതിലും മുൻപ്  മഞ്ഞ് കൊള്ളുന്ന പിള്ളേരുടെ മാതാപിതാക്കൾ വെയില് കൊള്ളുവാൻ എന്തിന് അന്യ സംസ്ഥാനങ്ങളിലും  മരുഭൂമിയുടെ നാട്ടിലും പോയി എന്ന് കൂടി ഉറക്കെ വിളിച്ചു  പറയണം...ഇവിടെ  കേരളത്തിൽ മാത്രം രാഷ്ട്രീയം കളിച്ചു തൊഴിലിടങ്ങളിൽ ഇല്ലാതായത് കൊണ്ടാണ് എന്നും...അത് കൊണ്ട് ആയ കാലത്ത് കേരളത്തിന് പുറത്ത് പോയി ഉണ്ടാക്കിയ "പണം" ഉപയോഗിച്ച് അല്ലെങ്കിൽ വീടും പറമ്പും ബാങ്കിലും മറ്റും പണയപ്പെടുത്തി പലരും മക്കളെ മഞ്ഞ്  വീഴുന്ന നാട്ടിലേക്ക് അയക്കുന്നത്  വെറുതെ പൈസ ചിലവഴിക്കാൻ വേണ്ടിയുള്ള അത്യാഗ്രഹം കൊണ്ട് അല്ല...അവൻ്റെ നല്ല ഭാവിക്ക് വേണ്ടിയുള്ള മുൻകരുതൽ കൊണ്ടാണ്.


നമ്മൾ അങ്ങിനെ ആയി പോയില്ലേ...സ്വന്തമായി ജീവിക്കാതെ അടുത്ത തലമുറക്ക് വേണ്ടി മരണം വരെ അധ്വാനിക്കും.നമ്മുടെ പാരമ്പര്യം അങ്ങിനെ ആയിപോയി...സാമൂഹ്യ സേവനം എന്ന നിലയിൽ താങ്കളും സമ്പാദിക്കുന്നത് അടുത്ത തലമുറക്ക് വേണ്ടി തന്നെയല്ലേ...?


പിന്നെ എല്ലാവരും ഉന്നത വിദ്യാഭാസത്തിനു പുറത്തേക്ക് പോകുന്നത് ഇവിടെ ഉള്ള വിദ്യാഭ്യാസം കൊള്ളില്ല എന്ന് വ്യാഖ്യാനി്ക്കപ്പെടും എന്നത് സത്യം തന്നെയാണ്...ഈ അടുത്ത കാലത്ത്  ഉന്നത വിദ്യാഭ്യാസ രംഗത്ത് നല്ല പേരും സമ്പാദിച്ചു വെച്ചിട്ടുണ്ട്. 


ഇന്ത്യയിൽ നമ്മുടെ നാട് തന്നെയാണ്  കണക്കുകളിൽ വിദ്യാഭ്യാസത്തിൽ മുന്നിൽ..ആരോഗ്യത്തിലും...അത് അംഗീകരിക്കപെട്ട സത്യം തന്നെയാണ്..  പിന്നെ സഖാക്കളും അവരുടെ  മക്കളും ഇത് രണ്ടിനും വേണ്ടി കടൽ കടന്നു നമ്മൾ ഇതിൽ രണ്ടിലും പോരാ എന്ന് ലോകത്തെ മുഴുവൻ വിളിച്ച് അറിയിക്കുമ്പോൾ സാധാരണക്കാർ ആയ നമുക്ക് നിങ്ങളെ കണ്ടു പഠിക്കാൻ അല്ലെ പറ്റൂ...എത്ര രാഷ്ട്രീയക്കാരുടെ മക്കൾ കേരളത്തിൽ പഠിക്കുന്നുണ്ട്?


പിന്നെ ഭാര്യ ഉന്നത വിദ്യാഭാസ മന്ത്രി ആയത് കൊണ്ടാണ് ഈ ഉൾവിളി എങ്കിൽ നമ്മുടെ നാട്ടിലേക്ക് , നമ്മുടെ  വിദ്യാഭാസ രംഗത്തേക്ക് "തള്ളിയ" പോലെ ലോകത്തിലെ പ്രഗൽഭ സർവകലാശാലകൾ വരണം... അങ്ങിനെ എങ്കിൽ കുട്ടികൾ ഇവിടെ തന്നെ പഠിക്കും.. വലിയ ഡിഗ്രികൾ കരസ്ഥമാക്കും...അത് വലിയ ഉറപ്പ് ഇല്ലല്ലോ സഖാവ്വേ .. കാരണം ഈ ആശയം പറഞ്ഞ ആളെ  പോലും വഴിയിൽ കുട്ടി സഖാക്കൾ മർദ്ദിച്ചു അപമാനിച്ചത് മറക്കുന്നില്ല.


രാഷ്ട്രീയക്കാർ അരങ്ങ് വാഴുന്ന ഇവിടെ മക്കളെ നിർത്തുവാൻ അതുകൊണ്ട്  തന്നെ മാതാപിതാക്കൾക്ക് പേടിയാണ് സഖാവേ. ..മക്കളുടെ ഭാവി രാഷ്ട്രീയ കേരളത്തിൽ കളയാൻ അവർ ഒരിക്കലും  ആഗ്രഹിക്കുന്നില്ല...


അതുകൊണ്ട് എനിക്ക് എൻ്റെ  മകനെ മഞ്ഞ് കൊള്ളുവാൻ വിടണം എന്നിട്ട് വേണം എനിക്കും ഭാര്യക്കും തേര പാര നടക്കാൻ...


വാൽകഷ്ണം: ആദ്യം കുടുംബത്തിൽ ഉള്ളവരെ നന്നാക്ക്...എന്നിട്ട് സഖാവ് നാട്ടിലേക്ക് ഇറങ്ങിയ മതി...പാർട്ടി ഒരു കുടുംബം ആണല്ലോ..അവിടെ ഉള്ള എത്രപേർ ഇവിടെ പഠിക്കുന്നു എന്നും  എത്രപേർ മഞ്ഞ് കൊള്ളുവാൻ പോയിട്ടുണ്ട് എന്നും ഒരു ഹിതപരിശോധന നടത്തുക.


പ്ര .മോ. ദി .സം

1 comment: