Friday, December 28, 2012

പുതുവത്സരാശംസകള്‍

വീണ്ടും ഒരു പുതുവര്‍ഷം കൂടി വരുന്നു.എല്ലാ പുതുവര്‍ഷം വരുമ്പോളും നമ്മള്‍ ആ വര്‍ഷം പുതുതായി എന്തെങ്കിലും ഒക്കെ ചെയ്യണമെന്നു വിചാരിക്കും.സിഗരറ്റ് ഉപയോഗിക്കുന്നവന്‍ അത് ഉപേക്ഷിക്കണം എന്നും മദ്യപാനി കുടി നിര്‍ത്തണം എന്നും തുടങ്ങി പുതിയ വീടോ വാഹനമോ വാങ്ങണം എന്നുവരെ ചിന്തിക്കും .ചിലര്‍ക്ക് ആ വര്ഷം മുതല്‍ സമ്പാദ്യം തുടങ്ങാന്‍ ആഗ്രഹിക്കും.ചിലര്‍ ആ വര്‍ഷം മുതല്‍ മര്യാദരാമന്‍മാര്‍ ആയിമാറുവാന്‍ ചിന്തിക്കും .പക്ഷെ പലതും പലര്‍ക്കും നടക്കാറില്ല എന്നതാണ് സത്യം.ഈ പുതു വര്‍ഷത്തിലും അങ്ങിനെ എന്തെങ്കിലും ആക്കാം എന്ന് വിചാരിച്ചു നടക്കുകയാണ് നമ്മളില്‍ പലരും.എത്ര പേര്‍ക്ക് അത് നടത്തുവാന്‍ കഴിയുമെന്നു കണ്ടറിയണം.

മുന്‍പ് കേട്ട ഒരു കഥ പറയാം.കണ്ണന്‍ എന്ന ബാലന് ഒരു കളിപ്പാട്ടത്തോട് അതിയായ ഭ്രമം തോന്നി .എങ്ങിനെയെങ്കിലും അത് വാങ്ങണം എന്ന മോഹം.വീട്ടിലെ സ്ഥിതി അനുസരിച്ച് അവനു അത് വാങ്ങികൊടുക്കുവാന്‍ തരമില്ല.നൂറു രൂപയോളം വേണം.കളിപ്പാട്ടത്തിനു അത്രയും ചിലവാക്കുവാന്‍ അവന്റെ അച്ഛന്‍ മുതിരില്ല.അവന്‍ തന്നെ  എന്തെങ്കിലും ജോലിചെയ്തു അത്രയും ഉണ്ടാക്കുവാന്‍ തീരുമാനിച്ചു.ആദ്യം അവന്‍ ഒരുചായകടയില്‍ ചെന്ന് അന്യേഷിച്ചു .അവിടെ കൂട്ടിയിട്ടിരിക്കുന്ന ഗ്ലാസും പ്ലേറ്റുമൊക്കെ കഴുകി കൊടുത്താല്‍ ഇരുപതുരൂപ കൊടുക്കാം എന്ന് പറഞ്ഞു.അവനു സമ്മതം ആയില്ല.അവനു നൂറു രൂപ കിട്ടുന്ന ജോലി വേണം.പിന്നെ പച്ചക്കറികടയിലെചേട്ടന്‍  പച്ചക്കറികള്‍ വേര്‍തിരിച്ചുവെച്ചാല്‍ അമ്പതു രൂപ കൊടുക്കാമെന്നു പറഞ്ഞു അതും അവനു സമ്മതമായില്ല .അന്ന് മുഴുവന്‍ അലഞ്ഞിട്ടും അവനു നൂറു രൂപയുടെ പണി കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.വളരെ വിഷമത്തോടെ വരുന്ന അവനോട് അവന്റെ മുത്തശ്ശി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു .അവനെ മറുപടി കേട്ട അവര്‍ ചിരിച്ചു .പിന്നെ കുററപെടുത്തി കൊണ്ട് അവനോടു ചോദിച്ചു .
"നീ ഓരോ പണിയും ഒന്നൊന്നായി വേഗം വേഗം തീര്‍ത്തിരുന്നുവെങ്കില്‍ ഇപ്പോള്‍ നിനക്ക് ആ കളിപ്പാട്ടം കൊണ്ട് കളിക്കാമായിരുനില്ലെ ?"
അവനു അപ്പോളാണ് അവന്‍ ചെയ്ത മണ്ടത്തരം ഓര്‍ത്തത്‌.വെറുതെ നൂറുരൂപയുടെ ജോലി തേടി അലയുന്ന സമയത്ത് കിട്ടിയ ജോലി ചെയ്തിരുന്നുവെങ്കില്‍ ?പിറ്റേന്ന് തന്നെ അവന്‍ അവന്റെ ആഗ്രഹം സഫലീകരിച്ചു.

നമ്മള്‍ പലരും ആ കുട്ടിയെ പോലെയാണ് .എല്ലാം ഒന്നിച്ചു വരുവാന്‍ മാത്രം പരിശ്രമിക്കും.അതാണെങ്കില്‍ ഒരിക്കലും വരികയുമില്ല .പലതുള്ളി പെരുവെള്ളം എന്ന് മനസ്സില്‍ പോലും ഉണ്ടാകില്ല .സിഗരറ്റു  വലിക്കുന്നവന് ഒരു സുപ്രഭാതത്തില്‍ അത് പൂര്‍ണമായി നിറുത്തുവാന്‍ പറ്റില്ല.നിര്‍ത്തിയാല്‍ തന്നെ വീണ്ടും തുടങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.അത് കൊണ്ട് വലിക്കുന്നതിന്റെ എണ്ണം കുറച്ചു കുറച്ചു കൊണ്ടുവരിക.ക്രമേണ നിര്‍ത്തുക. മദ്യപാനിയും ഈ ശൈലി തന്നെയാണ് സ്വീകരിക്കേണ്ടത് .അല്ലാതെ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് മദ്യത്തെ ബഹിഷ്കരിച്ചതുകൊണ്ട് കാര്യം ഉണ്ടെന്നു തോന്നുനില്ല.ഏതു അവസരത്തിലും അവന്‍ വീണ്ടും അതില്‍ തന്നെ തിരിച്ചു പോയേക്കാം.ഒരു കാര്യം ചെയ്യുന്നുവെങ്കില്‍ അത് ആദ്യം മനസ്സില്‍ ഉറപ്പിക്കണം.അത് എന്തായാലും നടത്തും എന്ന് ...എന്നാല്‍ മാത്രമേ വിജയകരമായി നടപ്പിലാക്കുവാന്‍ കഴിയൂ.

നമ്മള്‍ എല്ലാം ഒറ്റയടിക്ക് കിട്ടുവാനും നടപ്പിലാക്കുവാനും ശ്രമിക്കുന്നത് കൊണ്ടാണ് പല കാര്യങ്ങളും നടക്കാതെ പോകുന്നത്.എല്ലാം കുറച്ചില്‍ നിന്നും തുടങ്ങിയാല്‍ ഒടുക്കം രക്ഷപെടാം.മദ്യം സിഗരറ്റ് ,മയക്കുമരുന്ന്  എന്നിവ കുറച്ചില്‍ നിന്നും തുടങ്ങിയാല്‍ കഥ മാറും

.ഓരോ ദിവസവും മണിക്കൂറും എന്തിനു നിമിഷം പോലും വിലപെട്ടതാണ് .അത് നമ്മള്‍ ആരും മനസ്സിലാക്കുനില്ല.അത് കൊണ്ട് ഒരിക്കലും സമയം നഷ്ട്ടപെടുതരുത്.എല്ലാ നിമിഷവും ആവും വിധം പ്രയോജനപെടുത്തണം.ഒരു കാര്യത്തിനും  പുതുവത്സരം ആരംഭിക്കുംവരെ വരെ കാത്തുനില്‍ക്കരുത്.ഇന്ന് ചെയ്യേണ്ടത് ഇന്ന് തന്നെ ചെയ്യണം.അത് മാറ്റി വെക്കുമ്പോള്‍ ആണ് എല്ലാം കീഴ്മേല്‍ മറിയുന്നത്.എല്ലാറ്റിനും എല്ലാ കാര്യത്തിനും ഒരു പ്ലാനിംഗ് വേണം .അത് നമ്മള്‍ക്ക് കഴിയുന്നതിനു അനുസരിച്ചു വേണം അത് ഉണ്ടാക്കുവാന്‍.അത് അനുസരിച്ച് കാര്യങ്ങള്‍ ചെയ്‌താല്‍ ജീവിതം കൂടുതല്‍ സന്തോഷകരമാക്കം.ടെന്‍ഷന്‍ നമ്മളില്‍ നിന്നും അകലുന്നത് നല്ലതാണു ...അല്ലെങ്കില്‍ അകറ്റുന്നത് .

നമ്മള്‍ എത്രകാലം ജീവിക്കുന്നു എന്നല്ല നമ്മുടെ ജീവിതം എത്രപേര്‍ക്ക് പ്രയോജനപ്പെടും എന്നതാണ് നമ്മള്‍ ചിന്തിക്കേണ്ടത് .എല്ലാ മനുഷ്യന്റെ ഉള്ളിലും ഒരു മൃഗം ഉണ്ടെന്നാണ് പറയപ്പെടുന്നത്‌.അവ പലപ്പോഴും നമ്മള്‍ തന്നെ തളച്ചിടുകയാണ്‌ .പക്ഷെ  ഇപ്പോള്‍ കൂടുതല്‍ മൃഗങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു.അവ യഥേഷ്ടം നമ്മള്‍ക്കിടയില്‍ വിലസുന്നുമുണ്ട്.അത് കൊണ്ട് തന്നെയാണ് ഇവിടെ ദിനംപ്രതി മോശപെട്ട വാര്‍ത്തകള്‍ നമ്മള്‍ക്ക് കേള്‍ക്കേണ്ടി വരുന്നത്.  ഇവരെയൊക്കെ തളക്കുവാന്‍ നമ്മള്‍ ഒരാള്‍ക്ക് മാത്രംപൂര്‍ണമായും  കഴിയണമെന്നില്ല..കഴിയണമെങ്കില്‍ അവനവന്‍ തന്നെ മനസ്സ് വെക്കണം.അവന്റെ ഉള്ളിലെ മൃഗത്തെ ഒരിക്കലും പുറത്തേക്കു വിടരുത്.അല്ലെങ്കില്‍ നമ്മള്‍ കൂട്ടമായി ചേര്‍ന്നാല്‍ മാത്രമേ ഇവറ്റകളെ പിടിച്ചുകെട്ടുവാന്‍ കഴിയൂ.

ഇതൊക്കെയും എല്ലാ കാലത്തും നമ്മളില്‍ പലരും പറഞ്ഞു കൊണ്ടിരിക്കുന്നതാണ്.പക്ഷെ നമ്മള്‍ ഇതൊക്കെ ഒരിക്കലും നടപ്പാക്കാന്‍ മുതിരുനില്ല.ഒന്നാമത് ആര്‍ക്കും സമയമില്ല എന്നാണ് പറയുന്നത്.ശരിയായ ദിശയില്‍ പോയാല്‍ എല്ലാറ്റിനും സമയം ഉണ്ടാകും.ആ സമയമാണ് നല്ല നാളെ ഉണ്ടാക്കുവാന്‍ നമ്മള്‍ വിനിയോഗിക്കേണ്ടത്.അല്ലെങ്കില്‍ ഒരിക്കലും സൈര്യം തരാത്ത ഒരു സമൂഹത്തില്‍ നമ്മള്‍ മരിച്ചു ജീവിക്കേണ്ടി വരും.

അതിനിടവരുത്താതെ ശാന്തിയുടെ ലോകത്തിലേക്ക്‌ വെളിച്ചം പകരുവാന്‍ നമ്മള്‍ക്ക് ഒരു ദീപം തെളിക്കാം.എല്ലാവരും ദീപം തെളിക്കുമ്പോള്‍ ഇവിടെ എപ്പോഴും സന്തോഷവും സമാധാനവും നന്മയും നിലനില്‍ക്കും .
.

പുതുവത്സരാശംസകള്‍ 

1 comment:

  1. സമയം തക്കത്തില്‍ വിനിയോഗിക്കാം

    പുതുവര്‍ഷാശംസകള്‍

    ReplyDelete