Saturday, December 15, 2012

തിരിച്ചറിവുകള്‍

തലശ്ശേരി നഗരത്തിലെ ഇടുങ്ങിയ വഴിയിലൂടെ അവരുടെ ഇന്നോവ മുന്നോട്ടേക്ക് നീങ്ങി.ആറേഴു പേരുണ്ട്.എല്ലാം യുവാക്കള്‍ .കൂട്ടത്തില്‍ ഒരുത്തന് ജോലി കിട്ടി.അത് ആഘോഷിക്കുവാന്‍ പോകുകയാണ്.ഇപ്പോഴത്തെ യുവത്വത്തിന്റെ ആഘോഷങ്ങളിലെ മുഖ്യ മായ മദ്യപാനം കൊണ്ട് തന്നെ എല്ലാവരുടെയും ആഘോഷം. മാഹി അല്ലെങ്കില്‍ പന്തക്കല്‍ ആണ് ലക്‌ഷ്യം.പോണ്ടിച്ചേരിയില്‍ പെട്ടതായതിനാല്‍ രണ്ടിടത്തും മദ്യത്തിനു വിലകുറവാണ് .അത് കൊണ്ട് തന്നെ പലരുടെയും ആഘോഷങ്ങള്‍ ഇവിടെ നടക്കുന്നു.ഇവിടെ കിട്ടുന്നത് പലതും ഡ്യൂപ്ലിക്കേറ്റ്‌ ആണെന്ന് പറഞ്ഞാല്‍ അവര്‍ ചോദിക്കും
"കഴിക്കുന്നത്‌ അമൃത് ഒന്ന്മല്ലല്ലോ.വിഷം തന്നെയല്ലേ ,പിന്നെ അതില്‍ കുറച്ചുകൂടി വിഷം  മിക്സ്‌ ആയാല്‍ .എന്തുപറ്റുവാന്‍ ...... "
എല്ലാവര്ക്കും അറിയാം കുടിക്കുന്നത് വിഷം ആണെന്ന് പക്ഷെ ആരും കുടിക്കാതിരിക്കുന്നില്ല.

സൈഡ് റോഡില്‍ നിന്നും വളരെ സ്പീഡില്‍ വന്ന  ഒരു ബസ്‌ വലിയ ശബ്ദത്തോടെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ അവര്‍ക്ക് മുന്നില്‍ ബ്രേക്ക്‌  ചവിട്ടി.എല്ലാം ഇടിച്ചു തകര്‍ന്നു  എന്നാണവര്‍ കരുതിയത്‌.ഒന്നും സംഭവിച്ചില്ല എന്ന് മനസ്സിലായതോടെ കിട്ടിയ ഊര്‍ജത്തിന് എല്ലാവരും പുറത്തിറങ്ങി.
"എന്താടാ .....നിനക്ക് ചെറിയ വണ്ടി കാണുമ്പോള്‍ ഒതുക്കാന്‍ തോന്നുന്നു അല്ലെ.നീ മാത്രം പോയാല്‍ മതിയോ .എന്ത് സ്പീടിലാട ഈ ഇടുങ്ങിയ റോഡില്‍ കൂടി  ?"ബസ്‌ ഡ്രൈവര്‍ക്ക് നേരെ അവര്‍ ചീറി .
"എടൊ ..ഒന്നും സംഭവിചില്ലല്ലോ ...ഇതൊക്കെ എന്നും നടക്കുന്നതാണ് ...ഈ സ്പീഡില്‍ പോയാലെ അനുവദിച്ച സമയത്ത് ട്രിപ്പ്‌ നടക്കൂ ..അല്ലെങ്കില്‍ പലരോടും ഉത്തരം പറയണം. പിന്നെ വലിയവണ്ടികള്‍ ചെറിയ വണ്ടികളെ ഒതുക്കുന്ന കാര്യം.അത് ഈ വളയം പിടിക്കുന്ന എല്ലാവര്ക്കും തോന്നുനതാണ് ..നിങ്ങള്‍ ഓട്ടോറിക്ഷകളെ ഒതുക്കും ഓട്ടോ ആണെങ്കില്‍  ടു വീലറുകളെ ഒതുക്കും ...അവരാണെങ്കില്‍ കാല്നടക്കാരുടെ മുതുകത്തും കയറും."

പിന്നെ വാക്പോരട്ടങ്ങള്‍ ...വഴി ബ്ലോക്ക്‌ ആയി ആള്‍ക്കാര്‍ കൂടി ഹോണുകളുടെ നിലക്കാത്ത നിലവിളി...പോലീസ് വരുമെന്ന് ഉറപ്പായപ്പോള്‍ അവിടുന്ന് മുങ്ങാമെന്നു അവര്‍ക്ക് തോന്നി.കാരണം ഒന്നും സംഭവിച്ചിട്ടില്ല.പോലിസ് വന്നാല്‍ പിന്നെ പണി പാളും .കാര്യങ്ങള്‍ നടക്കില്ല.അനോന്യം തെറി വിളിച്ചു അവര്‍ പിരിഞ്ഞു.

വണ്ടിയില്‍ പല അഭിപ്രായങ്ങളും വന്നു.അവനെ വിടരുതായിരുന്നു,ഇനിയും കിട്ടും എന്നൊക്കെ.പക്ഷെ ഈ കൂട്ടത്തില്‍ സരോഷ് മൌനിയായി .കാരണം എല്ലാവര്ക്കും അറിയാം .അവനും ബസ്‌ ഡ്രൈവര്‍ ആണ്.പക്ഷെ ബാംഗ്ലൂര്‍ -തലശ്ശേരി  ബസ്സില്‍.ഇന്ന് രാത്രിയും ഓട്ടം ഉണ്ട്.ഇന്ന് രാവിലെയാണ്  വന്നത് .ഉറക്ക ക്ഷീണം ഉണ്ട് .പക്ഷെ കൂട്ടുകാര്‍ പാര്‍ട്ടിക്ക് വിളിച്ചാല്‍ എങ്ങിനെ വരാതിരിക്കും.

മാഹിയിലെ ബാറില്‍ കുപ്പികള്‍ ഒഴിഞ്ഞു കൊണ്ടിരുന്നു.സരോഷും നല്ല ഫോമിലായി.അവന്റെ ക്ഷീണവും ഉറക്കവും ഒക്കെ പമ്പകടന്നു.
"എടാ ഇനി സരോഷിനു കൊടുക്കേണ്ട..അവനു ഇന്ന് രാത്രി ബസ്‌ ഓടിക്കെണ്ടതാണ് "
"പോടാ നീ ...ഇതില്‍ കൂടുതല്‍ സേവിച്ചിട്ടു പുഷ്പം പോലെ ബസ്‌ ബാംഗ്ലൂരില്‍ എത്തിച്ചിട്ടുണ്ട്.പിന്നെയാ ഇത് .." അവന്‍ കുടിച്ചു കൊണ്ടേയിരുന്നു.
"നീ കുടിക്കെടാ ....."സജീവ്‌ അവനെ പ്രോത്സാഹിപ്പിച്ചു .

വൈകുന്നെരതോടെ എല്ലാവരും പിരിഞ്ഞു .സരോഷ് വീട്ടിലേക്കു പോയി.മറ്റുള്ളവര്‍ കടപ്പുറത്തും ബീചിലുമൊക്കെയായി വീണ്ടും രസച്ചരടുകള്‍ പൊട്ടിച്ചു.

പിറ്റേന്ന് അതിരാവിലെ വെപ്രാളത്തോടെ കരഞ്ഞുകൊണ്ട്‌ ജാനമ്മ വിളിച്ചപ്പോളാനു കൂട്ടത്തിലുണ്ടായിരുന്ന സജീവ്‌ എഴുനേറ്റതു.

"എടാ സജി ബാംഗ്ലൂര്‍ക്ക്  പോയ ബസ്‌ കൊക്കയിലേക്ക് മറിഞ്ഞു ."...ടി.വി.യില്‍ ഫ്ലാഷ് ന്യൂസ്‌ വരുന്നു ."ഇന്നലെ രമിയും മോളും പോയിട്ടുണ്ട്.അവളുടെ എന്തോ അഡ്മിഷന്റെ കാര്യത്തിനു .വൈകുന്നേരം നിന്നെ തിരക്കി വന്നിരുന്നു.നീ പോകുമോ എന്നറിയാന്‍.നിന്നെ വിളിച്ചു കിട്ടാത്തപ്പോള്‍ അവള്‍ കൂട്ട് പോയതാണ് ...അവര്‍ കരഞ്ഞു കൊണ്ടിരുന്നു.

"അവര്‍ പോയ കൃഷ്ണബസ്‌ ആണ് അപകടത്തില്‍ പെട്ടത്.നീ വേഗം എഴുനെറ്റ് പോയി കാര്യങ്ങള്‍ തിരക്കു...സരോഷാനു  ആ ബസ്‌ ഡ്രൈവര്‍ ...അവന്റെ വീട് വരെ യെങ്കിലും ..... ."അവന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി ..സരോഷ് ആണ് അതിന്റെ ഡ്രൈവര്‍ .അവനെ കുടിപ്പിച്ചു വിട്ടത് നമ്മളാണ്...കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് ഞാനും....

ടി.വി യില്‍ ഫ്ലാഷ് വന്നു കൊണ്ടിരുന്നു...പക്ഷെ കാണിച്ചത് തന്നെ വീണ്ടും വീണ്ടും ..അവര്‍ക്കും കൊക്കയിലേക്ക് പോയി എന്നാ ന്യൂസ്‌ മാത്രം .വേറെ ഒന്നും കിട്ടിയില്ല.അവന്‍ വേഷം മാറുമ്പോള്‍ ന്യൂസ്‌ മാറി.ഇപ്പോള്‍ ലൈവ് സീനുകള്‍ കാണിച്ചു തുടങ്ങി .

"ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.......കൊക്കയിലേക്ക് മറിഞ്ഞ  ബസ്സിന്റെ ഡ്രൈവര്‍ മരിച്ചു ...മുപ്പതോളം പേര്‍ക്ക് പരിക്ക്.ആരുടേയും പരിക്ക് ഗുരുതരമല്ല.എല്ലാവരെയും വിവിധ ആശുപത്രികളില്‍ പ്രവേശിചിരിക്കുന്നു.തലയ്ക്കു ശക്തമായ അടിയേറ്റതാനു ഡ്രൈവറുടെ മരണ കാരണം.ബസ്‌ മരത്തില്‍ കുടുങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി...............ഹെല്പ് ലൈന്‍ നബര്‍ .................."

അവന്‍ ഞെട്ടി ,തറയിലേക്കു ഊര്‍ന്നു വീണു  ...അതെ ഇന്നലെയും കൂടി  ഒന്നിച്ചു ആഘോഷിച്ച തന്റെ വര്‍ഷങ്ങളായി കൂടെയുള്ള കൂട്ടുകാരനാണ്.അടുത്ത് തന്നെയാണ് വീട് .അവന്‍ പോയി....നമ്മള്‍ ഒഴിച്ച് കൊടുത്ത മദ്യം ആയിരിക്കും അവനെ കൊന്നത് ....കുറ്റബോധത്താല്‍ അവന്‍ തേങ്ങി.എന്തോ തീരുമാനിച്ചതുപോലെ അവന്‍ പുറത്തേക്കിറങ്ങി.കൂട്ടുകാരെ വിളിച്ചിട്ട് ഒരുത്തനും ഫോണ്‍ എടുക്കുനില്ല.എല്ലാവരും ഹാങ്ങ്‌ ഓവറില്‍ ആയിരിക്കും.എന്തായാലും അപകടം നടന്ന സ്ഥലത്തു പോകണം.ആദ്യം സരോഷിന്റെ വീട്ടിലെ സ്ഥിതി അറിയണം.

സരോഷിന്റെ വീടിനകിലൂടെയാണ് പോകേണ്ടത്.ദൂരെ നിന്നുതന്നെ ചെറിയ ആള്‍കൂട്ടം കണ്ടു.വീടിനടുത്തെത്തും തോറും കൈ കാലുകള്‍ വിറച്ചു തുടങ്ങി. ചുണ്ടുകള്‍ വിതുമ്പി തുടങ്ങി .അവിടുന്നിറങ്ങി വന്ന ആള്‍ക്കാരുടെ  നോട്ടം നേരിടുവാനാവാതെ മുഖം തിരിച്ചു.പക്ഷെ അതില്‍ ഒരാള്‍  ചുമലില്‍ കൈവെച്ചു പറഞ്ഞു

"നിന്റെ ചങ്ങാതിക്ക് ഇന്നലെ പോകാന്‍ പറ്റാത്തത് കൊണ്ട് രക്ഷപെട്ടു അല്ലെ ?.അവനു ബദലായി പോയ ആളാനു മരിച്ചത്.പാവം ആ കുടുംബം എവിടെയാണാവോ ?വാര്‍ത്ത കണ്ടു വന്നതാണ് .ഈശ്വരന്‍ രക്ഷിച്ചു .

അവന്‍ വിശ്വസിക്കാനാവാതെ അയാളെ നോക്കി ...പിന്നെ സന്തോഷത്തോടെ ആ വീട്ടിലേക്കോടി .വരാന്തയിലെ കസേരയില്‍ തല കുനിച്ചു സരോഷ് ഇരിപ്പുണ്ട്.വന്നവര്‍ ഒക്കെയും ആശ്വാസത്തോടെ പിന്‍വാങ്ങുന്നു.സജീവ്‌ ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു .അവന്റെ മുഖം ചുവന്നു തുടുത്തിരിക്കുന്നു.കണ്ണുകള്‍ കലങ്ങിയിരിക്കുന്നു.
കരഞ്ഞു കൊണ്ട് അവന്‍ പറഞ്ഞു
"ഞാന്‍ ആണെടാ അവനെ കൊന്നത് ...എനിക്ക് വയ്യെന്ന് പറഞ്ഞതുകൊണ്ടാണ് അവന്‍ പോയത് ...ഞാന്‍ അവനെ കൊലക്കു കൊടുത്തു.ഈൗ മുടിഞ്ഞ കുടിയാണ് എല്ലാറ്റിനും കാരണം."

ഞാന്‍ അവനെ പലതും പറഞ്ഞു ആശ്വസിപ്പിച്ചു.പക്ഷെ അവന്‍ ഓരോന്ന് പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു.പിന്നെ എന്തോ തീരുമാനിച്ചതുപോലെ അവന്‍ അകത്തു പോയി വേഷം മാറി വന്നു .നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ ബന്ധപെട്ടവര്‍ക്കൊപ്പം സംഭവം നടന്ന സ്ഥലതു പോയി  എല്ലാ കാര്യങ്ങളും ചെയ്തതും അവന്റെ കൂട്ടുകാരന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും സരോഷ് ആയിരുന്നു.

ഇന്നുമവന്‍ ആ കൂട്ടുകാരന്റെ വീട്ടില്‍ താങ്ങും തണലുമായി ഉണ്ട് ..ഒരു ചേട്ടനെ പോലെ ,ഒരു മകനെ പോലെ .....എന്നും ആ കുടുംബത്തിന് സംരക്ഷകനായി.

ആ സംഭവത്തോടെ സരോഷ് മദ്യപാനം നിര്‍ത്തി.അവനു അത്രക്ക് കുറ്റബോധം ഉണ്ടായിരുന്നു. അവന്‍ മദ്യത്തിന്റെ ദൂഷ്യ ഫലങ്ങള്‍ അനുഭവിച്ചരിഞ്ഞു .അതിനെ ഉപേക്ഷിച്ചു.പക്ഷെ ഇപ്പോഴും  അതൊന്നും കാര്യമാക്കാതെ ഈ നമ്മള്‍ ........എല്ലാം അറിഞ്ഞിട്ടും നശിക്കുവാന്‍ തന്നെ തീരുമാനിച്ചുറപ്പിച്ച അനേകം പേരില്‍ ഒരാളായി ......

(ഇത് ഒരു കഥയല്ല )
 :പ്രമോദ് കുമാര്‍.കെ.പി4 comments:

 1. എന്തിനാണ് ഈ മയക്കു വെള്ളം കുടിക്കുന്നത്, മനുഷ്യനെ മൊത്തം കേടാക്കുന്നത്, ഒരു സമൂഹം തന്നെ നശിക്കുന്നുണ്ട് ഇതിനാൽ

  ReplyDelete
 2. "ആ സംഭവത്തോടെ സരോഷ് മദ്യപാനം നിര്‍ത്തി." ഇനി വൈകിക്കണ്ട, നമുക്കും നിര്‍ത്താം എന്താ.... ഞാന്‍ തുടങ്ങീട്ടില്ല്യ, എന്നാലും നിര്ത്തുന്നു ഇങ്ങളും നിര്‍ത്തണം ട്ടോ...

  നന്നായിരിക്കുന്നു, ആശംസകള്

  ReplyDelete
 3. മരിച്ചാലും ജനിച്ചാലും കല്ല്യാണം കഴിഞ്ഞാലും പെണ്ണ് കിട്ടിയില്ലെങ്കിലും കുടി തന്നെ. 
  എന്റെ കുറച്ച് കാലത്തെ തലശ്ശേരി ഹോസ്റ്റൽ ജീവിതത്തിനിടെ ഒരുപാട് കണ്ടതാണ് ഈ മാഹിമാനിയ! 

  ReplyDelete
 4. പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി.

  ReplyDelete