Sunday, April 29, 2012

അയാള്‍

വെള്ളിയാഴ്ച ഒരിക്കലും സമയം പോവില്ല,എത്ര നേരമായി ആറുമണിക്ക് വേണ്ടി  പ്രതീക്ഷിക്കുന്നു ,ക്ലോക്ക് നടക്കുന്നില്ലേ ?എനിക്ക്  സംശയമായി.മലഷ്യയിലെ തലസ്ഥാനത്ത് ഒരു ജപ്പാന്‍ കമ്പനിയില്‍ നല്ല ഒരു ജോലി ഉണ്ട്..ശനി ഞായര്‍ ദിവസങ്ങളില്‍ കമ്പനി ലീവ് ആണ് .മുസ്ലിം രാഷ്ട്രമായതിനാല്‍ വെള്ളി ലഞ്ച് ബ്രേക്ക്‌ ഒന്നര മണിക്കൂര്‍ കൂടുതലാണ് .ആ മത വിശ്വാസികള്‍ക്ക് പള്ളിയില്‍ പോകാന്‍ വേണ്ടി ,പക്ഷെ ആ ഒരുമണിക്കൂര്‍ കൂടുതല്‍ ഉച്ചക്ക് ശേഷം ചെയ്യണം .അഞ്ചിനു പകരം വെള്ളി ആറുവരെ ജോലി.അത് കൊണ്ട് എല്ലാ വെള്ളിയും ഉച്ച കഴിഞ്ഞു സമയം പോകാന്‍ ഭയങ്കര പാടാണ് .ഉച്ചയ്ക്ക് രണ്ടര മണികൂര്‍ ബ്രേക്ക്‌ ആയതിനാല്‍ ഉറങ്ങി വന്നപ്പോളുള്ള അലസതയും എപ്പോഴും  കൂടെ ഉണ്ടാവും.

എല്ലാ വെള്ളിയും ശനിയും വൈകുന്നേരം അടുത്തുള്ള മലയാളി ഫാമിലി ഒക്കെ ഒന്നിച്ചു ചേരും.പെണ്ണുങ്ങള്‍ ഗോസിപ്പ് പങ്കു വെക്കുന്നത് അപ്പോഴാണ് ,നമ്മള്‍ ബീറോ മറ്റു മദ്യം  രുചിച്ചോ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും ..അതും ഗോസിപ്പ് തന്നെ .ഈ ദിവസമാണ് പല കുടുംബങ്ങളിലെയും പലകാര്യങ്ങളും പരസ്പരം അറിയുക,പങ്കുവെക്കുക .പിന്നെ ശനി ചെറിയ ഒരു ഔട്ടിംഗ്  .അത് ഈ ദിവസം തീരുമാനം ആകും.ഒന്നുമില്ലെങ്കിൽ  അടുത്തു തന്നെ ഉള്ള ഷോപ്പിംഗ്‌ കോമ്പ്ലെക്സില്‍ പോകും, ഒരു ആഴ്ചക്ക് വേണ്ട സാമാനങ്ങള്‍ വാങ്ങും. .ഞായര്‍ പൂര്‍ണ വിശ്രമം .ഇതാണ് കുറെയായി നമ്മുടെ ജീവിതം.പക്ഷെ ഈ ആഴ്ച പരമ ബോര്‍ ആവും .ഞാന്‍ ഒഴിച്ച് അടുത്തുള്ള എല്ലാ കൂട്ട്കാരും നാട്ടിലാണ് .അതുകൊണ്ട് ഇന്നത്തെ അന്തിവെള്ളമടിക്ക് കൂട്ടില്ല .പിന്നെയുള്ള  കൂട്ടുകാര്‍ പത്തു നാല്പതു മൈല്‍ അകലെയാണ് ..അവിടെവരെ അരമണിക്കൂര്‍ ഡ്രൈവ് ഉണ്ട്, പക്ഷെ ട്രാഫിക്‌ ചതിച്ചാല്‍ രണ്ടു വരെ പോകും ,അതൊരു റിസ്ക്‌ ആണ് .ഇന്ന് എന്ത് ചെയ്യും ?ഏതെങ്കിലും ചാനലുമായി മല്ലിടാം .ഇവിടെ ആണെങ്ങില്‍ മലയാളം ചാനല്‍ നാട്ടിലെ പോലെ എല്ലാം ഇല്ല താനും   .ഉള്ളതിലാണെങ്കിൽ അറുബോറന്‍  പരിപാടികൾ മാത്രം ..നെറ്റ് തന്നെ ശരണം .അന്ന് കമ്പനി വിട്ടു വന്നു വെറുതെ കുത്തിയിരുന്നു .ഒന്നും ചെയ്യാൻ ഇല്ലാത്തതിനാൽ വേഗം ഭക്ഷണം കഴിച്ചു ഉറങ്ങി


 രാവിലെ എഴുനേറ്റു എന്ത് ചെയ്യണം എന്നറിയാതെ കുറെ സമയം കുത്തിയിരുന്നു ..ഇവിടെ ഇങ്ങിനെ ഇരുന്നാല്‍ ബോറടിച്ചു ചാവും .എന്തായാലും കറങ്ങാന്‍ പോകാം കൂട്ടത്തില്‍ വായനോട്ടവും നടക്കും . കാലത്തെ ക്രിയകള്‍ ഒക്കെ കഴിച്ചു ഞാന്‍  ഇറങ്ങി.ഇനി ടാക്സി പിടിച്ചു റെയില്‍വേ സ്റ്റേഷനില്‍ അവിടുന്ന് ക്വലലുംപൂരിലേക്ക് ,അതാണ് മലേഷ്യ യുടെ തലസ്ഥാനം .കഷ്ടിച്ച് ഇരുപതു മിനിട്ട്  ട്രെയിനിൽ പോയാൽ  മതി.

വെറുതെ പെട്രോണാസ്‌  ടവര്‍ ഉള്ള സ്ഥലത്തേക്ക്  പോയി ,അവിടെയാണ് കൂടുതല്‍ പേര്‍ വരിക .രാജ്യ ത്തിന്റെ അഭിമാനമായി നിൽക്കുന്ന ട്വിന്‍ ടവര്‍ ,അത് കാണാന്‍ നിരവധിപേര്‍ പല സ്ഥലത്ത് നിന്നും പല രാജ്യത്തില്‍ നിന്നും എത്തിച്ചേരും. എപ്പോഴും  ഒരു ഉത്സവകാലം പോലെ ,ലീവ് ഉള്ള ദിവസം  ആണെങ്കില്‍ അവിടം ജനസമുദ്രം .അതിനുള്ളിലെ ഷോപ്പിംഗ്‌ സെന്റര്‍ ,വാട്ടര്‍ വേള്‍ഡ്  എല്ലാം  വളരെ പ്രസിദ്ധം .പക്ഷെ ഒന്ന്  ഉണ്ട് ,ലോകത്തിലെ എവിടുത്തെയും പോലെ മലയാളികള്‍ അവിടെയും പരസ്പരം കണ്ടാല്‍ മൈന്‍ഡ് ചെയ്യില്ല ,ഒരുതരം ജാഡ ,മലയാളി എന്നറിഞ്ഞാലും പരിചയപ്പെടില്ല , ഒരുതരം വാശി . അവര്‍ വന്നു പരിചയപെടട്ടെ  എന്ന തോന്നല്‍ ..എന്നിട്ട് കൂടുകാരോട് ചൂണ്ടി കൊണ്ട് പറയും "അവര്‍ മലയാളീസ്‌ ആണ് "

ഷോപ്പിംഗ്‌  കോംപ്ലെക്സില്‍  കൂടി വെറുതെ അങ്ങോട്ടും ഇങ്ങോട്ടും കവാത്ത്‌  അടിച്ചു ,മലയ ,ചൈനീസ്‌ പിള്ളേരുടെ വായനോക്കി നടന്നു, ചീനത്തികളുടെ അര്‍ദ്ധ നഗ്നതയും നോക്കി വെള്ളമിറക്കി. ,പെട്ടെന്ന് പിന്നില്‍ നിന്ന് ആരോ വിളിച്ചു

"ചേട്ടാ മലയാളിയാണോ ?"

ഞാന്‍ ഒന്ന് സംശയിച്ചു ,അവന്റെ രൂപം കണ്ടപ്പോള്‍ പണം ചോദിക്കുവാന്‍ ആണെന്ന് മനസ്സിലുറപ്പിച്ചു ,മലയാളി ആണെന്ന് പറയണോ ?പറയാം എന്തായാലും പണം കൊടുക്കാതെ ഊരിയാല്‍മാതിയല്ലോ ..മനസ്സ് അങ്ങിനെയാണ് ചിന്തിച്ചത് .

"അതെ "

"ഒന്ന് സഹായിക്കാമോ  ?"

ഞാന്‍ അപകടം മണത്തു ,  എന്തെങ്കിലും പറയും മുന്‍പേ പോക്കറ്റില്‍ നിന്ന് കുറെ രൂപ അവന്‍ വലിച്ചെടുത്തു എന്റെ കയ്യില്‍ തന്നു പറഞ്ഞു

"ചേട്ടന്‍ ഇതൊന്നു നാട്ടിലീക്ക് അയക്കണം ,ഈ വിലാസത്തില്‍ "

"അത് നിനക്ക് അയച്ചാല്‍ പോരെ ?"

അവന്റെ കണ്ണുകള്‍ നിറഞ്ഞു ,എന്റെ കയ്യില്‍ പാസ്പോര്‍ട്ട്‌ ,വിസ എന്തിനു ഇവിടെ തങ്ങാനുള്ള ഒരു രേഖയുമില്ല ,ഇപ്പോള്‍ പോലീസിനെ പേടിച്ചു ഒരു കമ്പനിയില്‍ രാത്രി മാത്രം പണി ചെയ്യും ,അതും എപ്പോഴും ജാഗരൂകനായി. .പകല്‍ എവിടെയെങ്കിലും ഒളിച്ചിരിക്കും .ചതിയില്‍പെട്ടതാണ് ,പലരെയും കണ്ടു ,രക്ഷപ്പെടുത്തുവാന്‍ ..എല്ലാവരും കൈ മലര്‍ത്തി..ഇവിടെ നമ്മുടെ ഒരു സംഘടന ഉണ്ട് പോലും ഭാരവാഹികള്‍ പരസ്പരം കാലുവാരി കളിച്ചു ഇപ്പോള്‍ അതില്ല ,എല്ലാവര്ക്കും  തലപ്പത്ത് വരാനുള്ള മത്സരമുണ്ടായപ്പോള്‍  ഗ്രൂപ്പുകള്‍ ഉണ്ടായി.അങ്ങിനെ ജാഡ, അസൂയ,കുശുമ്പ് ഒക്കെ കൊണ്ട് ഇപ്പോള്‍ അതില്ല എങ്കിലും ഇപ്പോള്‍ മറ്റു ചിലര്‍ സഹായിക്കാമെന്ന് പറഞ്ഞു,അതിനു കാത്തിരിക്കുന്നു.എന്റെ നില അറിയുന്നതിനാല്‍ ശമ്പളം കൃത്യമായി  തരില്ല..കുറെ മാസത്തെത് ഇന്നലെ തന്നു .അതും മുഴുവന്‍ ഇല്ല .എന്തായാലും ഇത് നാട്ടില്‍ അയക്കണം 

"എന്നാല്‍ വാ നമുക്ക് പണം അയക്കാന്‍ പോകാം "

"വേണ്ട ചേട്ടാ ,ഇപ്പോള്‍ തന്നെ പേടിച്ചാണ് വന്നത് ,പോലിസ്‌  പിടിച്ചാല്‍ ഈ പണം അവര്‍ കൊണ്ടുപോകും "

"ഞാന്‍ അയക്കും എന്ന് എന്താണ് നിങ്ങള്ക്ക് ഇത്ര ഉറപ്പ് ?എനിക്കും നിങ്ങളെ ചതിച്ചൂടെ ?"

"ചേട്ടന്‍ അറിയുമോ ?ഞാന്‍ കുറെ കാലം ഗള്‍ഫില്‍ ആയിരുന്നു ,ആ പണം കൊണ്ട് അടുത്ത ഫ്രണ്ട് മായി ചേര്‍ന്ന് നാട്ടിൽ കമ്പനി തുടങ്ങി .അവന്‍ നന്നായി ,ഒന്നും തരാതെ അവന്‍ എന്നെ പറ്റിച്ചു .രാവും പകലും കഷ്ടപ്പെട്ട് സംഭരിച്ച വലിയ തുക നഷ്ടമായി .പോരാത്തതിന് കടവും .അങ്ങിനെ നാട്ടില്‍ നില്ക്കാന്‍ പറ്റിയില്ല ,ഗതികെട്ട് ഇവിടെ വന്നതാണ് .അത്ര അടുത്ത സുഹൃത്തായ അവന്‍ കുറെ  കൊണ്ടുപോയെങ്കില്‍ തമ്മില്‍ അറിയുകപോലുമില്ലത്ത നിങ്ങള്‍ കുറച്ചു കൊണ്ടുപോയാല്‍ കുഴപ്പം ഇല്ല ,വേറെ ഒന്നുണ്ട്.,അവനെ ദൈവം കൈവിട്ടു ,ഇപ്പോള്‍ അവന്‍ കരള്‍ പോയി ആശുപത്രി കയറിയിറങ്ങുന്നു ,കൂടാതെ മകനും എന്തൊക്കെയോ പ്രശ്നങ്ങള്‍ ,എല്ലാം നശിച്ചു .പണ്ടേ ജാതകം നോക്കിയ ജോത്സ്യന്‍  പറയാറുണ്ട്‌ എന്നെ പറ്റിച്ചാല്‍ ചതിച്ചവന്‍ നശിക്കും ,കുളം മുടിയും എന്ന് '

"ഞാന്‍ പണം അയക്കാം എന്നെ പേടിപ്പിക്കുകയോന്നും വേണ്ട "

"അല്ല ചേട്ടാ സത്യം പറഞ്ഞതാണ് ,ചേട്ടന്‍ പണം അയച്ചാല്‍ ഈ നമ്പരില്‍ വിളിച്ചു പറയണം "

 "നിങ്ങളെ വിളിക്കാന്‍ ?"

"ഒളിച്ചു കഴിയുന്ന ഞാന്‍ മൊബൈല്‍ ഉപയോഗിക്കില്ല ,അവസരം കിട്ടുമ്പോള്‍ ചേട്ടനെ വിളിക്കാം ,നമ്പര്‍ തന്നാല്‍ മതി "

ഞാന്‍ നമ്പര്‍ കൊടുത്തു ,അയാള്‍ പുഞ്ചിരിയോടെ  നന്ദി പറഞ്ഞു നടന്നു ,പിന്നെ ആള്‍കൂട്ടത്തില്‍ ലയിച്ചു ,അന്ന് തന്നെ പണം അയച്ചു ,അയാളുടെ ദയനീയമായ മുഖം പെട്ടെന്ന് അത് ചെയ്യാന്‍ എന്നെ പ്രേരിപിച്ചു ,പിന്നെ ചെറിയ ഒരു ഭയവും ഉണ്ടായിരുന്നു..അയാളുടെ സുഹൃത്തിനു പറ്റിയത് പോലെ എനിക്ക് ഉണ്ടാവരുതല്ലോ . പക്ഷെ അന്ന് അയാള്‍ വിളിച്ചില്ല ..

ദിവസങ്ങള്‍ കഴിഞ്ഞു ,അയാളെ കുറിച്ച് മറന്നു ,അയാള്‍ പിന്നെ ഒരിക്കലും എന്നെ  വിളിച്ചതുമില്ല  ,അവസരം കിട്ടി കാണില്ല .ഒളിവില്‍ താമസിക്കുകയല്ലേ പാവം.അല്ലെങ്കില്‍ ആരെങ്കിലും സഹായിച്ചു  നാട്ടില്‍ പോയിരിക്കും എന്ന് കരുതി..ആരോ സഹായിക്കും എന്നല്ലേ അന്ന് പറഞ്ഞത് 

പിന്നെയും ഒരു അവധി ദിവസം ..പിന്നെയും കുറെ വായനോട്ട ദിവസങ്ങള്‍ ,അലച്ചിലുകൾ ..പെട്രോണാസിന്റെ  മുന്നിലെ പൂന്തോട്ടത്തില്‍ വലിയൊരു ആള്‍കൂട്ടം ,എന്താണ് എന്നറിയാന്‍ അവിടേക്ക് നടന്നു ,അവിടെ കണ്ടു ..ശരിയായ രേഖയില്ലാത്ത കുറേപേരെ എമിഗറെഷൻ  പോലിസ് പിടിച്ചു വണ്ടിയില്‍ കയറ്റുന്നു ..കൂട്ടത്തില്‍ പരിചിത മുഖം ,അതെ അയാള്‍ തന്നെ ,അയാള്‍ ഇനിയും നാട്ടിലേക്ക് രക്ഷപെട്ടില്ലായിരുന്നോ ? .അയാള്‍ എന്നെ നോക്കി പുഞ്ചിരിച്ചു ,നിസ്സഹായനായി ഞാൻ തിരിച്ചും  ..പിന്നെയും പണം അയപ്പിക്കാന്‍ വേണ്ടി ആരെയെങ്കിലും തിരഞ്ഞു അയാള്‍  അവിടെ വന്നതായിരിക്കാം ,കഷ്ടകാലത്തിനു പോലിസ് പൊക്കിയിരിക്കാം .അവരുടെ വണ്ടി അയാളെയും കൊണ്ട് അകന്നകന്നു പോയി.

പിന്നെ കുറേകാലം അയാള്‍ ആയിരുന്നു മനസ്സില്‍  അയാളുടെ ദീനമായ മുഖം പലപ്പോഴും എന്നെയും  എന്റെ ചിന്തകളെയും  അസ്വസ്ഥനാക്കി ,അയാളെ നാട്ടില്‍ വെച്ചു ചതിച്ച സുഹൃത്തിനോടും  ഇവിടെ കൊണ്ടുവന്നു പറ്റിച്ചവരോടും പക തോന്നി . പിന്നെ ഒരു സാധാരണ മലയാളിയായി എല്ലാം മറന്നു ,സ്വന്തം കാര്യം മാത്രം നോക്കി ഞാന്‍ ഇന്നും ഇവിടെ തന്നെ ഉണ്ട് .ഒരു ശരാശരി മലയാളി ആയിത്തന്നെ ..അന്യന്റെ വേദനകൾ കണ്ടിട്ടും കാണാതെ നടിച്ചു കൊണ്ട് ഒരു "മല്ലു "ജീവിതവുമായി....


കഥ :പ്രമോദ് കുമാര്‍ .കെ.പി




 

No comments:

Post a Comment